x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

റേരും നൊവാരും : ലെയോ XIII

Authored by : Mar Joseph Pamplany On 27-Jan-2021

1891 മെയ് 15-ന് മഹാനായ ലെയോ 13-ാമന്‍ മാര്‍പാപ്പ ഒപ്പുവച്ച റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്‍റെ പ്രസിദ്ധീകരണം സഭയുടെ ആധുനിക ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമാണ്. തൊഴിലാളികളുടെ അവകാശപത്രിക എന്ന് പിന്നീടറിയപ്പെടാന്‍ തുടങ്ങിയ ഈ രേഖ സഭയുടെ സാമൂഹിക പ്രബോധനത്തിന്‍റെ ഒരു ആമുഖക്കുറിപ്പും അടിസ്ഥാനശിലയുമായിട്ടാണ് പരിഗണിക്കപ്പെടുക. നൂറു വര്‍ഷം പിന്നിട്ടിട്ടും ഇതിന്‍റെ പ്രസക്തിക്കു കുറവു വന്നിട്ടില്ലെന്നു മാത്രമല്ല. ഇന്നതിനു പ്രസക്തി ഏറിയിട്ടുമുണ്ട്.

ഈശ്വര - മതവിശ്വാസങ്ങളെ തള്ളിപ്പറയുകയും, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വേരറുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്‍റെ പാത വഴിമുട്ടുമെന്ന ചാക്രികലേഖനത്തിന്‍റെ പ്രവചനം ഇന്ന് അക്ഷരശ: പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസത്തിന്‍റെ പതനം അതാണല്ലോ കാണിക്കുക. സാമ്പത്തികമേഖല ധാര്‍മ്മിക മൂല്യങ്ങളുടെയും ഗവണ്‍മെന്‍റിന്‍റെയും നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണ്ണമായി സ്വതന്ത്രമായിരിക്കണമെന്നും സ്വാര്‍ത്ഥവികാരങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നുമുള്ള മുതലാളിത്തത്തിന്‍റെ പാത അപകടത്തിലേക്കു നയിക്കുമെന്നുള്ള പ്രവചനവും ഇന്നു വാസ്തവമായി. മുതലാളിത്തം കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ ഗുണപരമായ വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായതുകൊണ്ട് കമ്മ്യൂണിസംപോലെ ഇന്നത് അത്ര അപകടകരമല്ലന്നായിട്ടുണ്ട്. എങ്കിലും, സ്വതന്ത്രകമ്പോള രാജ്യങ്ങള്‍ ഇന്ന് പലതരത്തിലുള്ള മാനുഷികപ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. റേരും നൊവാരും കാഴ്ച വയ്ക്കുന്ന ദര്‍ശനത്തിന്‍റെ യുക്തിഭദ്രതയാണ് ഇതെല്ലാം സൂചിപ്പിക്കുക.

1931-ല്‍ ക്വാദ്രജെസിമോ അന്നേൊ, 1961-ല്‍ മാതാവും ഗുരുനാഥയും 1971-ല്‍ ഒക്തോജേസ്സിമോ അദ് വേനിയെന്‍സ്, 1981 -ല്‍ ലബേരം എക്സര്‍ചെന്‍സ് 1991-ല്‍ ചെന്തസിമൂസ് അന്നൂസ് എന്നീ പ്രമാണരേഖകള്‍ മാര്‍പാപ്പമാര്‍ നല്‍കിയത് ഈ ചാക്രികലേഖനത്തിന്‍റെ 40, 70, 80, 100 വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണെന്ന വസ്തുത ഇതിന്‍റെ പ്രധാന്യത്തിന്‍റെ അടയാളമാണ്.

മനുഷ്യന്‍ നേരിടുന്ന ലൗകീകപ്രശ്നങ്ങളില്‍ ഇടപെട്ട് അവയ്ക്ക് ക്രിസ്തീയമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സഭയ്ക്കു ഗൗരവമുള്ള കടമയുണ്ടെന്ന സത്യം ഈ ചാക്രികലേഖനത്തിന്‍റെ പ്രസിദ്ധീകരണംവഴി അസന്നിഗ്ദ്ധമായി വ്യക്തമാക്കപ്പെട്ടു. ദാരിദ്ര്യം, അനീതി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍വഴി പരിഹാരം തേടുന്ന പരമ്പരാഗത രീതിയുടെ സ്ഥാനത്ത് വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളും ശാസ്ത്രീയപരിഹാരങ്ങളും ചാക്രികലേഖനം നിര്‍ദ്ദേശിക്കുന്നുവെന്നത് ഇതിന്‍റെ പ്രാധാന്യത്തിന് വലിയൊരു കാരണമായി.

 ആമുഖം

ചാക്രികലേഖനത്തിന്‍റെ ആമുഖത്തില്‍ അക്കാലത്തെ സാമൂഹിക പ്രശ്നങ്ങളും പരിവര്‍ത്തനങ്ങളും അവയുടെ കാരണങ്ങളും മാര്‍പാപ്പ നല്‍കുന്നു. താഴെപ്പറയുന്നവയാണ് അവ:

  • വ്യവസായ സംരംഭങ്ങളുടെ വിപുലമായ വളര്‍ച്ച.
  • ശാസ്ത്രത്തിന്‍റെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍.
  • യജമാനന്‍മാരും തൊഴിലാളികളുമായുള്ള ബന്ധത്തില്‍ ഉണ്ടായ മാറ്റങ്ങള്‍.
  • ചുരുക്കം ചില വ്യക്തികളില്‍മാത്രം കുന്നുകൂടുന്ന സമ്പത്ത്.
  • സാമാന്യജനങ്ങളുടെ കൊടിയ ദാരിദ്ര്യം.
  • ധാര്‍മ്മികാധ:പതനം.

സാമൂഹിക പ്രശ്നങ്ങളുടെ കാരണങ്ങളും ചാക്രികലേഖനം നല്‍കുന്നുണ്ട്.

  • തൊഴിലാളികളുടെ അസംഘടിതാവസ്ഥ.
  • പുരാതന തൊഴിലാളിസംഘങ്ങള്‍ (ഗില്‍ഡുകള്‍) നശിപ്പി ക്കപ്പെടുകയും അവയ്ക്കു പകരം മറ്റൊരു സംരക്ഷണസംഘടന സ്ഥാപിക്കപ്പെടാതിരിക്കുകയും ചെയ്തത്.
  • മതത്തെ മാറ്റി നിര്‍ത്തിയത്.
  • മുതലാളികളുടെ ഹൃദയകാഠിന്യവും അനിയന്ത്രിതമായ മല്‍സരത്തിനുള്ള അതിമോഹവും.
  • വ്യവസായ വ്യാപാരസംരംഭങ്ങള്‍ ചില വ്യക്തികളുടെ      കൈകളില്‍ കേന്ദ്രീകരിച്ചത്.

ഇവയുടെ ഫലമായി ബഹുഭൂരിപക്ഷംവരുന്ന തൊഴിലാളി സമൂഹത്തിന്‍റെമേല്‍ അടിമത്തത്തില്‍നിന്ന് ഒട്ടും ഭിന്നമല്ലാത്ത ഒരു നുകം ചുമത്താന്‍ ന്യൂനപക്ഷമായ അതിസമ്പന്നര്‍ക്ക് കഴിഞ്ഞുവെന്ന മാര്‍പാപ്പയുടെ പ്രസ്താവന ശ്രദ്ധേയമാണ്.

 I.  സോഷ്യലിസ്റ്റ് പ്രതിവിധിയും സ്വകാര്യസ്വത്തും

സോഷ്യലിസ്റ്റ് സങ്കല്‍പമനുസരിച്ച് സ്വകാര്യസ്വത്തു കളവാണ്. അതിന്‍റെ ദേശസാല്‍ക്കരണത്തിലൂടെ മാത്രമേ തൊഴിലാളികളുടെ പ്രശ്നം പരിഹൃതമാകുകയുള്ളൂ. ഇത് അടിസ്ഥാനപരമായി തെറ്റാണെന്നും സ്വകാര്യസ്വത്തവകാശം മൗലീകവും സ്വാഭാവികവും ആണെന്നും തെളിയിക്കുന്നതിനാണ് പ്രധാനമായും ആദ്യഭാഗത്തു ശ്രമിക്കുക.

സ്വകാര്യസ്വത്തവകാശത്തിന്‍റെ നിഷേധം ആത്യന്തിക പരിശോധനയില്‍ തൊഴിലാളികള്‍ക്ക് തീരാനഷ്ടം വരുത്തും. അദ്ധ്വാനം വഴി സ്വന്തമായി സ്വത്തു സ്വരുക്കൂട്ടുകയെന്നത് ഒരു വ്യക്തിയുടെ ദൈവദത്തമായ അവകാശമാണ്. ഈ അവകാശം നിഷേധിക്കുക അനീതിയും എല്ലാവിധത്തിലും കുഴപ്പം സൃഷ്ടിക്കാനുള്ള വഴിതുറക്കലുമാണ് (Nos .3 -4). റഷ്യ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇന്നു നേരിടുന്ന കടുത്ത ദാരിദ്ര്യവും അരാജകത്വവും ഈ പ്രഖ്യാപനത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണതയ്ക്ക് വ്യക്തമായ തെളിവാണ്.

വിശേഷബുദ്ധിയുള്ള മനുഷ്യന്‍ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി വസ്തുവകകള്‍ സ്ഥിരമായി സൂക്ഷിച്ചുവച്ച് അനുഭവിക്കുവാന്‍ സ്വാഭാവികമായും പ്രേരിതനാകുന്നു. ഭാവികാലത്തെ വര്‍ത്തമാനകാലത്തോടു കൂട്ടിയിണക്കാനുള്ള കഴിവാണ് ഭാവി സുരക്ഷിതത്വത്തിനുവേണ്ടി സമ്പത്തു ശേഖരിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.

ഒരു വ്യക്തി അദ്ധ്വാനംവഴി തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഭൂമി അവന്‍റേതായിത്തീരുകയെന്നതാണ് ദൈവനിയമം. അന്യരുടെ വസ്തുവകകള്‍ ആഗ്രഹിക്കുന്നതുപോലും തെറ്റായിട്ട് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് ഇതുകൊണ്ടാണ് (No .8).

സമൂഹത്തിന്‍റെ അടിസ്ഥാനശിലയായ കുടുംബം രാഷ്ട്രത്തിനു മുന്‍പുള്ളതാണ്. കുടുംബനായകനെന്ന നിലയില്‍ കടമകള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിയുടേതുമാണ്. അതുകൊണ്ടുതന്നെ സ്വന്തമായി സമ്പത്തുണ്ടാക്കാനും സൂക്ഷിച്ചുവയ്ക്കാനും അവന് അധികാരം ലഭിയ്ക്കുന്നു. മക്കള്‍ക്ക് ഭക്ഷണവും മറ്റും നല്‍കുകയെന്നത് പ്രകൃതിയുടെ ഏറ്റവും പവിത്രമായ നിയമമാണ്. അനിശ്ചിതമായ സാഹചര്യങ്ങളുടെ മദ്ധ്യത്തില്‍ ദാരിദ്ര്യവും അരിഷ്ടതയും കൂടാതെ മക്കള്‍ക്ക് മാന്യമായി ജീവിക്കുന്നതിനാവശ്യമായവ സ്വരുക്കൂട്ടാന്‍ ഒരു പിതാവിനു കടമയുണ്ട്. സ്വകാര്യസ്വത്തവകാശത്തിന്‍റെ മൗലികതയ്ക്ക് ഇത് മറ്റൊരു തെളിവാണ്. ഈ കടമ ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്നത് കുടുംബത്തിന്‍റെമേലുള്ള കയ്യേറ്റമാണ്.

രാഷ്ട്രത്തിന്‍റെ അനധികൃതമായ ഇടപെടലിനെതിരേ ലെയോ മാര്‍പാപ്പ നടത്തിയ പ്രവചനസ്വഭാവമുള്ള പ്രസ്താവന വളരെ പ്രസ്ക്തമാണ്.

രാഷ്ട്രത്തിന്‍റെ അനധികൃതമായ ഇടപെടല്‍ അനീതിയാണ;് മാത്രമല്ല, അത് നിശ്ചയമായും എല്ലാ വിഭാഗത്തിലുംപെട്ട പൗരന്മാര്‍ക്ക് ശല്യവും അസ്വസ്ഥതയുമുണ്ടാക്കുകയും, ഗര്‍ഹണീയവും അസഹനീയവുമായ അടിമത്തത്തിന് കാരണമാക്കുകയും ചെയ്യും. അത് അസൂയയ്ക്കും പരദൂഷണത്തിനും കലഹത്തിനും വാതില്‍ തുറക്കും; സമ്പത്തിന്‍റെ ഉറവിടങ്ങള്‍ തന്നെ വറ്റിപ്പോകും; കാരണം, ഒരുവനും തന്‍റെ കഴിവുകള്‍ വിനിയോഗിക്കാനോ ഉത്സാഹപൂര്‍വ്വം അദ്ധ്വാനിക്കാനോ താത്പര്യം ഉണ്ടാകുകയില്ല. സോഷ്യലിസ്റ്റുകള്‍ മധുരസ്വപ്നം കാണുന്ന ആദര്‍ശസമത്വം, യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ഒന്നുപോലെ ദുരിതത്തിന്‍റെയും അപമാനത്തിന്‍റെയും സ്ഥിതിയിലെത്തിക്കുന്ന ഒരുതരം നിരപ്പാക്കലായിത്തീരുന്നു (No.12).

1891-ല്‍ മാര്‍പാപ്പ നടത്തിയ ഈ പ്രഖ്യാപനം അക്ഷരംപ്രതി ശരിയാണെന്ന് കമ്മ്യൂണിസ്റ്റു രാജ്യങ്ങളുടെ ചരിത്രം തെളിയിക്കുന്നു. തൊഴിലാളികളുടെ പറുദീസാസൃഷ്ടി ലക്ഷ്യംവച്ച് കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ നടത്തിയ പരിശ്രമങ്ങള്‍ വഴിമുട്ടി. ആ രാജ്യങ്ങളിലെ പൗരന്മാര്‍ ക്രൂരമായ അടിച്ചമര്‍ത്തലും അടിമത്തവും അനുഭവിച്ചുവെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. ഇതൊക്കെ വ്യക്തമാക്കുക, ലെയോ മാര്‍പാപ്പയുടെ സാമൂഹിക ദര്‍ശനത്തിന്‍റെ പ്രസക്തിയാണ്.

 II. യഥാര്‍ത്ഥ പ്രതിവിധി

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ സഭ, രാഷ്ട്രം, മുതലാളി - തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്കു തങ്ങളുടേതായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്.

  1. സഭയുടെ ദൗത്യം

മതത്തിന്‍റെയും സഭയുടെയും സഹായം കൂടാതെ യാതൊരുപ്രായോഗിക പരിഹാരവും കണ്ടെത്താനാവില്ലെന്നും സഭ ഈ രംഗത്ത് നിശബ്ദത പാലിച്ചാല്‍ അതൊരു കര്‍ത്തവ്യവിലോപമായിരിക്കുമെന്നും മാര്‍പാപ്പാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, സുവിശേഷങ്ങളെ അടിസ്ഥാനപ്പെടുത്തി മനുഷ്യന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനാവശ്യമായ മൂല്യങ്ങള്‍ ചൂണ്ടികാണിക്കുകയാണ് സഭയ്ക്ക് ഈ രംഗത്ത് നിര്‍വ്വഹിക്കാനുള്ള ദൗത്യം (No.13). ഈ അടിസ്ഥാനത്തില്‍ റേരും നൊവാരും നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങളിതാണ്:

അസമത്വങ്ങള്‍ അനിവാര്യം: സോഷ്യലിസ്റ്റുകള്‍ അവകാശപ്പെടുന്നതുപോലെ സമൂഹത്തെ നിരപ്പാക്കി എല്ലാവരെയും ഒരേ നിലയിലേക്ക് കൊണ്ടുവരിക സാദ്ധ്യമല്ല. കര്‍മ്മശേഷിയിലും ആരോഗ്യത്തിലും കായികശക്തിയിലും സാമര്‍ത്ഥ്യത്തിലും മനുഷ്യര്‍ സ്വഭാവികമായും ഭിന്നരാണ്. ഇപ്രകാരമുള്ള വ്യത്യസ്ത സ്ഥിതിവിശേഷങ്ങളുടെ അവശ്യഫലമാണ് സാമ്പത്തിക സ്ഥിതിയിലുള്ള അസമത്വം.

വര്‍ഗ്ഗസൗഹാര്‍ദ്ദം അനുപേക്ഷണീയം: സാമ്പത്തികാടിസ്ഥാനത്തില്‍ മനുഷ്യര്‍ പ്രകൃത്യാ വര്‍ഗ്ഗശത്രുതയിലാണെന്ന സോഷ്യലിസ്റ്റുകളുടെ, വിശേഷിച്ച് മാര്‍ക്സിസ്റ്റുകളുടെ പ്രസ്താവനയെ മാര്‍പാപ്പ നിഷേധിക്കുന്നു. പ്രകൃതിയുടെ നിശ്ചയം മനുഷ്യര്‍ ഐക്യത്തിലും രമ്യതയിലും കഴിയണമെന്നതാണ്. വര്‍ഗ്ഗങ്ങളുടെ പരസ്പര യോജിപ്പിലാണ് ജീവിതം സുഖകരവും സുന്ദരവുമാവുക. വര്‍ഗ്ഗശത്രുതയും വര്‍ഗ്ഗസംഘട്ടനവും കാടത്തമാണ് (No .15). മാര്‍ക്സിന്‍റെ വര്‍ഗ്ഗസമര സിദ്ധാന്തത്തെ മാര്‍പാപ്പ ഇവിടെ നിഷേധിക്കുന്നു.

തൊഴിലാളിയുടെ കടമകള്‍: സ്വന്തം തൊഴിലിനോട് വിശ്വസ്തത പുലര്‍ത്തുക, തൊഴില്‍ സ്ഥാപനത്തിന്‍റെ സ്വത്ത് നശിപ്പിക്കാതിരിക്കുക, അക്രമമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ തൊഴിലുകളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചാക്രികലേഖനം ആഹ്വാനം ചെയ്യുന്നു (No .16).

മുതലുടമയുടെ കടമകള്‍: നീതിപൂര്‍വ്വകമായ വേതനം, ന്യായമായ വിശ്രമം തുടങ്ങിയവ തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഗൗരവമുള്ള കടമയുണ്ടെന്ന ബോദ്ധ്യം 19-ാം നൂറ്റാണ്ടിലെ തൊഴിലുടമകള്‍ക്ക് ഉണ്ടായിരുന്നില്ല. വ്യവസായ-വ്യാപാര മേഖലകളെ നിയന്ത്രിച്ചിരുന്ന സ്വതന്ത്രകമ്പോളവ്യവസ്ഥിതി അത്തരമൊരു ചിന്തയെ അംഗീകരിക്കുന്നില്ലെന്നതാണ് അതിന് കാരണം. അതുകൊണ്ടുതന്നെ മാര്‍പാപ്പായുടെ ഈ രംഗത്തെ പഠനങ്ങള്‍ യുക്തസഹങ്ങളല്ലെന്ന് വാദിച്ച് അവയെ പുച്ഛിച്ചു തള്ളിപ്പറഞ്ഞവര്‍ ചുരുക്കമല്ല. മാര്‍പാപ്പ നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെ സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് എല്ലാവരുംതന്നെ അംഗീകരിക്കുന്നു. അവ സംക്ഷിപ്തമായി താഴെക്കൊടുക്കുന്നു.

  • മനുഷ്യനെന്ന നിലയില്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട ആദരവും ബഹുമാനവും മുതലുടമ നല്‍കണം.                                           
  • അവരെ സമ്പത്തുണ്ടാക്കാനുള്ള ഉപകരണങ്ങളോ വെറും കായിക ശക്തിയോ ആയി പരിഗണിച്ച് ദുരുപയോഗിക്കരുത്. അത്തരം പ്രവര്‍ത്തനം മനുഷ്യത്വത്തിന് നിരക്കാത്തതും ലജ്ജാവഹവുമാണ് (No.16).                                                                                       
  • തൊഴിലാളികളുടെ മതപരവും ആദ്ധ്യാത്മീകവുമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കണം.                          
  • പ്രായം, സ്ത്രീപുരുഷഭേദം തുടങ്ങിയവ കണക്കിലെടുത്തു വേണം ജോലി ചെയ്യിപ്പിക്കുവാന്‍ (No.16).                                                  
  • ന്യായമായ വേതനം നല്‍കുകയെന്നത് മുതലുടമയുടെ സുപ്രധാനമായ കടമയാണ്.

തൊഴിലുടമയുടെ മഹനീയവും സുപ്രധാനവുമായ കര്‍ത്തവ്യം ഓരോരുത്തര്‍ക്കും നീതിപൂര്‍വ്വകമായത് നല്‍കുകയെന്നതാണ്. ന്യായമായ കൂലിയുടെ മാനദണ്ഡം നിശ്ചയിക്കുന്നതിനുമുമ്പ് പല കാര്യങ്ങളും പരിഗണിക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍, ധനവാന്‍മാരും തൊഴിലുടമകളും ഒരുകാര്യം ഓര്‍മ്മിക്കണം. അതായത്, സ്വന്തം ലാഭത്തിനുവേണ്ടി നിര്‍ദ്ധനരുടെയും നിരാലംബരുടെയുംമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും അന്യന്‍റെ അത്യാവശ്യങ്ങള്‍ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നതും മാനുഷികവും ദൈവികവുമായ എല്ലാ നിയമങ്ങളും വിലക്കിയിട്ടുള്ളതാണ്. ആര്‍ക്കാണെങ്കിലും ന്യായമായ കൂലി നിഷേധിക്കുന്നത് സ്വര്‍ഗ്ഗത്തോട് പ്രതികാരത്തിനായി കേഴുന്ന ഒരു പാപമാണ് ((No . 17).

ധനത്തിന്‍റെ ശരിയായ വിനിയോഗം: സമ്പത്തിന്‍റെ വിനിയോഗം ദൈവനിശ്ചയപ്രകാരമാകണം. പ്രകൃതിവസ്തുക്കള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന തത്ത്വത്തിലധിഷ്ഠിതമാണിത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമ്പത്തിന്‍റെമേലുള്ള ഒരു വ്യക്തിയുടെ അവകാശവും അതിന്‍റെ ഉപയോഗവും നിയന്ത്രിക്കപ്പെടണം. സ്വകാര്യസ്വത്തുടമയ്ക്ക് തന്‍റെ സമ്പത്തിന്‍റെമേല്‍ പരമാധികാരം നല്‍കുന്ന മുതലാളിത്ത സാമ്പത്തികചിന്തയ്ക്ക് കടകവിരുദ്ധമായ ഒരു പഠനമാണ് മാര്‍പാപ്പാ ഇവിടെ നല്‍കുക. സമ്പത്തെല്ലാം ദൈവത്തിന്‍റേതാണെന്നും സ്വത്തുടമ ദൈവത്തിന്‍റെ വെറും കാര്യസ്ഥനാണെന്നുമുള്ള വിശുദ്ധഗ്രന്ഥ പഠനമാണ് മാര്‍പാപ്പ ഇതിന് അടിസ്ഥാനമാക്കുക.

മനുഷ്യന്‍റെ യഥാര്‍ത്ഥ മഹത്ത്വം: മനുഷ്യരെല്ലാവരും പിതാവായ ദൈവത്തിന്‍റെ മക്കളെന്ന നിലയ്ക്ക് തുല്യമഹത്വമുള്ളവരും, സഹോദരങ്ങളും, പരസ്പരം കടപ്പെട്ടവരുമാണ്. മനുഷ്യന്‍റെ യഥാര്‍ത്ഥ മഹത്വവും ശ്രേഷ്ഠതയും അടങ്ങിയിരിക്കുക, അവന്‍റെ ധാര്‍മ്മിക ഗുണങ്ങളില്‍ അതായത്, സുകൃതഭാവത്തിലാണ്. സുകൃതമാകട്ടെ, ഉയര്‍ന്നവര്‍ക്കും താഴ്ന്നവര്‍ക്കും സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ പ്രാപിക്കാവുന്നതാണ് (20-21). ഈ ധാര്‍മ്മികഗുണങ്ങള്‍ സ്വന്തമാക്കുന്നതുവഴിയാണ് പരസ്പരധാരണയും കൂട്ടായ്മയും ശക്തിപ്പെടുക.

സഭയുടെ സാമൂഹികപ്രവര്‍ത്തനം: ആത്മാവിന്‍റെ രക്ഷയില്‍ മാത്രമല്ല സഭ ശ്രദ്ധിക്കുക. മറിച്ച്, മനുഷ്യന്‍റെ ഭൗമികക്ഷേമം കൈവരിക്കുന്ന കാര്യത്തില്‍ സഭ എന്നും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്. സഭയുടെ ആരംഭംതൊട്ട് ഇതിന് ധാരാളം തെളിവുകളുണ്ട്. ശത്രുക്കളുടെ പോലും പ്രശംസ ഈ രംഗത്ത് നേടാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട് (No .16).

ആദിമസഭയുടെ ചരിത്രവും ദരിദ്രരായിത്തീര്‍ന്ന ജറുസലെമിലെ ദൈവജനത്തിനുവേണ്ടി വിശുദ്ധ പൗലോസ് ധര്‍മ്മപ്പരിവ് നടത്തിയതും ചാക്രികലേഖനത്തിന്‍റെ പരാമര്‍ശനവിഷയമാകുന്നു വെന്നത് പ്രസക്തമാണ്.  ഇപ്രകാരം, വിശ്വാസികള്‍ നടത്തിയ ധര്‍മ്മപ്പിരിവിനെ "ഭക്തനിക്ഷേപങ്ങള്" എന്നാണ് തെര്‍ത്തുല്യന്‍ വിളിക്കുന്നത് (No .24).

രോഗംമൂലവും മറ്റും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും സഹായിക്കുന്നതിനായി രൂപപ്പെട്ടിട്ടുള്ള സന്യാസസമൂഹങ്ങളും മറ്റുസംഘടനകളും സഭയുടെ സാമൂഹികതാത്പര്യത്തിന്‍റെ ഉത്തമ നിദര്‍ശനങ്ങളാണ്.

  1. രാഷ്ട്രത്തിന്‍റെ സാമൂഹികപ്രവര്‍ത്തനം

വ്യവസായ - വ്യാപാര മേഖല സര്‍വ്വവിധത്തിലുമുള്ള ഇടപെടലുകളില്‍നിന്നും സ്വതന്ത്രമായിരിക്കണമെന്ന ക്യാപ്പിറ്റലിസ്റ്റ് സങ്കല്പമനുസരിച്ച്, സാമ്പത്തികമേഖലയില്‍ അച്ചടക്കപാലനം നടത്തുക മാത്രമാണ് രാഷ്ട്രീയാധികാരികള്‍ക്ക് ചെയ്യാനുള്ളത്. ഈ പശ്ചാത്തലത്തിലാണ് ലെയോ മാര്‍പാപ്പ ഗവണ്‍മെന്‍റിന്‍റെ കടമകളെപ്പറ്റി നിര്‍ദ്ദേശം നല്‍കുന്നത്.

  • പൊതുജനക്ഷേമവും വ്യക്തികളുടെ അഭിവൃദ്ധിയും സാധ്യമാക്കുകയാണ് ഒരു രാഷ്ട്രത്തിന്‍റെ പ്രഥമ ധര്‍മ്മം.                                
  • എല്ലാവര്‍ക്കും നീതി തുല്യമായി ലഭ്യമാക്കുവാന്‍ രാഷ്ട്രത്തിന് കടമയുണ്ട്. ഉയര്‍ന്നവരും താഴ്ന്നവരുമെന്ന വ്യത്യാസം ഇവിടെ പാടില്ല. നിസ്സഹായരായ തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.                                                         

തൊഴിലാളികളുടെ ന്യായമായ താത്പര്യങ്ങള്‍ ഗവണ്‍മെന്‍റ് ശ്രദ്ധാപൂര്‍വ്വം സംരക്ഷിക്കണമെന്ന് നീതി ആവശ്യപ്പെടുന്നു. ജനസമൂഹത്തിന്‍റെ ക്ഷേമത്തെ വിപുലമായ തോതില്‍ സഹായിക്കുന്ന തൊഴിലാളികള്‍ക്കുതന്നെ അവര്‍ സൃഷ്ടിക്കുന്ന ഐശ്യര്യത്തില്‍ ഭാഗഭാഗിത്വം ലഭിക്കണം (No .27).                                                                                                                                  

  • രാഷ്ട്രം വ്യക്തിയെയോ കുടുംബത്തെയോ ഗ്രസിക്കാന്‍  പാടില്ല. അവയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം.                                                                                                                                                                                      
  • ഭരണാധികാരം ദൈവത്തിന്‍റെ പരമാധികാരത്തിലുള്ള ഭാഗഭാഗിത്വമാണ്. തന്‍മൂലം ദൈവം തന്‍റെ അധികാരം പ്രയോഗിക്കുന്നതുപോലെയാണ് അതും പ്രയോഗിക്കപ്പെടേണ്ടത്. പൈതൃകമായ ഒരു ഔല്‍സുക്യം ഈ അധികാരവിനിയോഗത്തിലുണ്ടായിരിക്കണമെന്നര്‍ത്ഥം.                                                                                                                          
  • വ്യക്തികളുടെ അവകാശസംരക്ഷണരംഗത്ത് പാവപ്പെട്ടവരും അശരണരുമായവര്‍ സവിശേഷ പരിഗണനയര്‍ഹിക്കുന്നു. കാരണം, സമ്പന്നരെപ്പോലെ ഇവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ഗ്ഗമില്ല.                                                            

വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ പാവപ്പെട്ടവരും അശരണരുമായവര്‍ കൂടിയ പരിഗണനയര്‍ഹിക്കുന്നു. സമ്പന്നവര്‍ഗ്ഗത്തിന് തങ്ങളെത്തന്നെ രക്ഷിക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട് (No.29).

  • നിയമനിര്‍മ്മാണത്തിലൂടെ സ്വകാര്യസ്വത്ത് സംരക്ഷിക്കാന്‍ ഗവണ്‍മെന്‍റിന് കടമയുണ്ട് (No.30).                                                     
  • തൊഴിലാളികളും തൊഴില്‍ദായകരും തമ്മിലുള്ള തര്‍ക്കങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ യഥാസമയം നീക്കംചെയ്യാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം (No.31).                                                                                                
  • തൊഴിലാളികള്‍ക്ക് ആദ്ധ്യാത്മിക ജീവിതത്തിന് അവസരം നല്‍കണം (No .32).                                                                               
  • വിശ്രമം, ഇടവേള, ആരോഗ്യസംരക്ഷണം തുടങ്ങിയവ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം.

മനുഷ്യരെ പണമുണ്ടാക്കാനുള്ള ഉപകരണങ്ങളായി മാത്രം ഉപയോഗിക്കുന്ന അത്യാഗ്രഹികളുടെ നിഷ്ഠൂരതയില്‍നിന്ന് പാവപ്പെട്ട തൊഴിലാളികളെ മോചിപ്പിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. മനസ്സ് മരവിക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്യുന്നവിധം തൊഴിലാളികളെക്കൊണ്ട് അമിതമായി ജോലി ചെയ്യിച്ച് അവരെ ഞെരുക്കുന്നത് നീതിക്ക് നിരക്കുന്നതല്ല; മനുഷ്യോചിതമല്ല. മനുഷ്യന്‍റെ പ്രകൃതിപോലെ അവന്‍റെ കഴിവുകളും പരിമിതമാണ് (No.33).

ന്യായമായകൂലി: ന്യായമായ കൂലി സ്വഭാവിക നീതിയിലധിഷ്ഠിതമായി വേണം നിശ്ചയിക്കാന്‍. ജീവിക്കാനാവശ്യമായത് അദ്ധ്വാനത്തിലൂടെ കണ്ടെത്തുകയെന്നത് സ്വാഭാവികം മാത്രമാണ്. വേതനം ഒരുവന്‍റെ ജീവിതത്തിന് മതിയാകുന്നതും ഭാവിയിലേക്ക് എന്തെങ്കിലും നീക്കിവയ്ക്കുവാന്‍ പര്യാപ്തവുമാകണം. ഇതര്‍ത്ഥമാക്കുന്നത് തൊഴിലാളിയും മുതലാളിയും തമ്മിലുള്ള കരാര്‍ അതില്‍ ത്തന്നെ എപ്പോഴും നീതിയുള്ളതാകണമെന്നില്ല എന്നതാണ്.

മനുഷ്യനും മനുഷ്യനും തമ്മിലുണ്ടാകുന്ന ഏത് ഉടമ്പടിയെയുംകാള്‍ കൂടുതല്‍ പുരാതനവും കൂടുതല്‍ ആജ്ഞാശക്തിയുള്ളതുമായ സ്വാഭാവികനീതിയുടെ ശാസനം ഇതിലെല്ലാം അന്തര്‍ലീനമായി നിലകൊള്ളുന്നുണ്ട്. മിതവ്യയശാലിയും മര്യാദക്കാരനുമായ ഒരു കൂലിക്കാരന്‍റെ ഉപജീവനത്തിന് മതിയാകുന്നതായിരിക്കണം പ്രതിഫലമെന്നതാണ് ആ ശാസനം (No.34).

  • സ്വകാര്യസ്വത്ത് സ്വരുക്കൂട്ടുവാന്‍ തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുകയും അതിനുപയുക്തമായ വേതനം ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യകമാണ് (No.35).

തൊഴില്‍ദായകരുടെയും തൊഴിലാളികളുടെയും ദൗത്യങ്ങള്‍

  • തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്.                      
  • മധ്യശതകങ്ങളില്‍ നിലനിന്നിരുന്ന കരകൗശല ജോലിക്കാരുടെ ഗില്‍ഡുകള്‍ (craft guids) പോലെ ഇരുകൂട്ടരെയും കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കുന്ന പരസ്പരസഹായ സംഘങ്ങള്‍ രൂപീകരിക്കണം.                                                                                       
  • തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനുംവേണ്ടി ട്രേഡ് യൂണിയനുകള്‍ ആരംഭിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം മാത്രമല്ല, കടമകൂടിയുണ്ട്: "തങ്ങളുടെയിടയില്‍ സംഘടനകള്‍ സ്ഥാപിക്കുകയും അങ്ങനെ തങ്ങളുടെ ശക്തി സമാഹരിച്ച് അന്യായവും ദുസ്സഹവുമായ മര്‍ദ്ദനമാകുന്ന നുകം ധൈര്യപൂര്‍വ്വം തട്ടിനീക്കുകയും ചെയ്യുക". ക്രിസ്തീയ തൊഴിലാളികളുടെ കടമയായിട്ടാണ് ചാക്രികലേഖനം ചിത്രീകരിക്കുക.

 ഉപസംഹാരം

വ്യവസായവത്ക്കരണത്തോടനുബന്ധിച്ച് ഉരുത്തിരിഞ്ഞ സാമൂഹികപ്രശ്നങ്ങള്‍ക്ക് ക്രിസ്തീയപരിഹാരങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാവരും ഒത്തുശ്രമിക്കണമെന്ന ആഹ്വനത്തോടെയാണ് മാര്‍പാപ്പ ചാക്രികലേഖനം അവസാനിപ്പിക്കുക. തൊഴിലുടമകളും തൊഴിലാളികളും രാഷ്ട്രതലവന്മാരും സഭാധികാരികളും ഈ രംഗത്തെ തങ്ങളുടെ കടമകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രമം നടത്തണം.

 

Rerum novarum Pope Leo XIII the catholic church Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message