x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സൗഭാഗ്യത്തിലേക്കുള്ള നമ്മുടെ വിളി

Authored by : Congregation for Doctrine of Faith On 24-Jun-2022

വകുപ്പ്‌ 2 

സൗഭാഗ്യത്തിലേക്കുള്ള നമ്മുടെ വിളി 

I. സുവിശേഷഭാഗ്യങ്ങൾ

സുവിശേഷഭാഗ്യങ്ങൾ യേശുവിൻ്റെ പ്രഘോഷണത്തിൻ്റെ ഹൃദയഭാഗത്താണ്‌. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‌ അബ്രാഹം മുതൽ നൽകപ്പെട്ട വാഗ്ദാനങ്ങൾ അവയിലൂടെ തുടരുന്നു. അവ വാഗ്ദാനങ്ങളെ പൂർത്തിയാക്കുന്നത്‌ ഒരു ഭൂപ്രദേശത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നതു മാത്രം ലക്ഷ്യംവച്ചല്ല, സ്വർഗരാജ്യത്തെ ലക്ഷ്യം വച്ചാണ്‌; 

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ, സ്വർഗരാജ്യം അവരുടേതാണ്‌. 
വിലപിക്കുന്നവർ ഭാഗ്യവാൻമാർ, അവർ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലർ ഭാഗ്യവാൻമാർ, അവർ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ, അവർക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവർ ഭാഗ്യവാൻമാർ, അവർക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ, അവർ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ, അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും.
 നീതിക്കുവേണ്ടി പീഡനമേൽക്കുന്നവർ ഭാഗ്യവാൻമാർ, സ്വർഗരാജ്യം അവരുടേതാണ്‌. 
എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിൻമകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ, നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. 

സുവിശേഷഭാഗ്യങ്ങൾ യേശുക്രിസ്തുവിൻ്റെ മുഖഭാവം ചിത്രീകരിക്കുകയും അവിടുത്തെ സ്നേഹം വർണിക്കുകയും ചെയ്യുന്നു. അവിടുത്തെ പീഡാസഹനത്തിന്റെയും പുനരുത്ഥാനത്തിൻ്റെയും മഹത്ത്വത്തിൽ പങ്കുകാരാകുന്നു. വിശ്വാസികളുടെ വിളിയെ അവ വിശദമാക്കുന്നു. ക്രിസ്തീയ ജീവിതത്തിനു പ്രത്യേകമായ പ്രവൃത്തികളും മനോഭാവങ്ങളും അവ പ്രകാശിപ്പിക്കുന്നു; ഞെരുക്കങ്ങളുടെയിടയിൽ പ്രത്യാശയെ പിടിച്ചുനിർത്തുന്ന വാഗ്ദാനങ്ങൾ വൈരുദ്ധ്യാത്മകങ്ങളാണ്‌; അവ ശിഷ്യൻമാർക്ക്‌ അവ്യക്തമായിട്ടാണെങ്കിലും അനുഗ്രഹങ്ങളെയും പ്രതിഫലങ്ങളെയും പ്രഖ്യാപിക്കുന്നു; കന്യകാമറിയത്തിൻ്റെയും എല്ലാ വിശുദ്ധരുടെയും ജീവിതങ്ങളിൽ അവ ആരംഭം കുറിച്ചിരിക്കുന്നു.

II. സന്തോഷത്തിനുവേണ്ടിയുള്ള ആഗ്രഹം

സുവിശേഷഭാഗ്യങ്ങൾ സന്തോഷത്തിനുവേണ്ടിയുള്ള സ്വാഭാവികമായ ആഗ്രഹത്തോടു പ്രത്യുത്തരിക്കുന്നു. ഈ ആഗ്രഹത്തിനു ദൈവികമായ ഉദ്ഭവമാണുള്ളത്‌; ദൈവം അതു മനുഷ്യഹൃദയത്തിൽ സ്ഥാപിച്ചു, അതു നിറവേറ്റാൻ കഴിയുന്ന ഒരേ ഒരുവൻ്റെയടുക്കലേക്ക്‌ അവനെ വലിച്ചടുപ്പിക്കാനാണത്‌;

സന്തോഷത്തോടെ ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യവംശം മുഴുവനിലും ഈ പ്രസ്താവനയോട്‌, അതു പൂർണമായി വ്യക്തമാക്കപ്പെടുന്നതിനു മുൻപേതന്നെ, സമ്മതം മൂളാത്തവരാരുമില്ല. 
അപ്പോൾ, കർത്താവേ, ഞാൻ എങ്ങനെ അങ്ങയെ അന്വേഷിക്കുന്നു എൻ്റെ ദൈവമേ, ഞാൻ അങ്ങയെ അന്വേഷിക്കുമ്പോൾ ഞാൻ സന്തോഷകരമായ ഒരു ജീവിതം അന്വേഷിക്കുന്നു.
അതുകൊണ്ട്‌, എൻ്റെ ആത്മാവു ജീവിക്കേണ്ടതിനായി ഞാൻ അങ്ങയെ അന്വേഷിക്കട്ടെ. എന്തെന്നാൽ എൻ്റെ ശരീരം എൻ്റെ ആത്മാവിൽനിന്നു ജീവിക്കുന്നു; എന്റെ ആത്മാവ്‌ അങ്ങിൽനിന്നു ജീവിക്കുന്നു. ദൈവം മാത്രം തൃപ്തിപ്പെടുത്തുന്നു. 

സുവിശേഷഭാഗ്യങ്ങൾ മനുഷ്യാസ്തിത്വത്തിൻ്റെ ലക്ഷ്യം, മാനുഷിക പ്രവൃത്തികളുടെ പരമലക്ഷ്യം വെളിപ്പെടുത്തുന്നു; ദൈവം നമ്മെ തൻ്റെ തന്നെ സൗഭാഗ്യത്തിലേക്ക് വിളിക്കുന്നു. ഈ വിളി ഓരോരുത്തനും വ്യക്തിപരമായി നൽകപ്പെട്ടിരിക്കുന്നു. എന്നാൽ വാഗ്ദാനം സ്വീകരിക്കുകയും അതിൽ വിശ്വസിച്ച്‌ ജീവിക്കുകയും ചെയ്യുന്നവരുടെ പുതിയ ജനമായ സഭയ്ക്കുമുഴുവനുംകൂടി ഈ വിളി നൽകപ്പെട്ടിരിക്കുന്നു.

III. ക്രൈസ്തവ സൗഭാഗ്യം 

ദൈവം മനുഷ്യനെ ഏതു സൗഭാഗ്യത്തിലേക്കു വിളിക്കുന്നുവോ അതിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ പുതിയനിയമം പല പദസമുച്ചയങ്ങൾ ഉപയോഗിക്കുന്നു;

- ദൈവരാജ്യത്തിന്റെ ആഗമനം; 
- ദൈവദർശനം: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; എന്തെന്നാൽ അവർ ദൈവത്തെ കാണും"; 
- കർത്താവിൻ്റെ സന്തോഷത്തിലേക്കു പ്രവേശിക്കൽ; 
- ദൈവത്തിൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കൽ;
അവിടെ നാം വിശ്രമിക്കുകയും കാണുകയും ചെയ്യും; നാം കാണുകയും സ്നേഹിക്കുകയും ചെയ്യും; നാം സ്നേഹിക്കുകയും പുകഴ്ത്തുകയും ചെയ്യും. അന്തമില്ലാത്ത അന്തത്തിൽ എന്തായിരിക്കുമെന്നു കാണുക. എന്തെന്നാൽ അന്തമില്ലാത്ത രാജ്യത്തിൽ എത്തിച്ചേരുക എന്നതല്ലാതെ, മറ്റ് ഏത്‌ അന്ത്യമാണു നമുക്കുള്ളത്‌?

ദൈവം, തന്നെ അറിയുന്നതിനും തന്നെ സ്നേഹിക്കുന്നതിനും തന്നെ ശുശ്രൂഷിക്കുന്നതിനും, അങ്ങനെ പറുദീസയിൽ നാം എത്തുന്നതിനും വേണ്ടി നമ്മെ ഈ ലോകത്തിൽ സ്ഥാപിച്ചു. സൗഭാഗ്യം നമ്മെ “ദൈവിക പ്രകൃതിയുടെയും” നിത്യ ജീവൻ്റെയും  “ഭാഗഭാക്കു”കളാക്കുന്നു. അതുവഴി ക്രിസ്തുവിൻ്റെ മഹത്ത്വത്തിലേക്കും. ത്രിത്വാത്മക ജീവിതത്തിൻ്റെ ആസ്വാദനത്തിലേക്കും മനുഷ്യൻ പ്രവേശിക്കുന്നു.

അത്തരമൊരു സൗഭാഗ്യം മനുഷിക മാത്രമായ ബുദ്ധിശക്തിയെയും കഴിവുകളെയും അതിലംഘിക്കുന്നു. അതു ദൈവത്തിൻ്റെ സൗജന്യ ദാനത്തിൽ നിന്നു വരുന്നു. തൻമൂലം അതു മനുഷ്യനെ ദൈവിക സന്തോഷത്തിനു സജ്ജനാക്കുന്ന കൃപാവരം പോലെ പ്രകൃത്യതീതം എന്നു വിളിക്കപ്പെടുന്നു.

“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ എന്തെന്നാൽ അവർ ദൈവത്തെ കാണും.” ദൈവത്തിൻ്റെ മഹത്ത്വവും അവാച്യമായ പ്രതാപവുംമൂലം “ദൈവത്തെ കാണുന്നവരാരും ജീവിക്കുകയില്ല." എന്നതു സത്യമാണ്‌. എന്തെന്നാൽ പിതാവ്‌ അഗ്രാഹ്യനാണ്‌. എന്നാൽ, അവിടുത്തേക്ക്‌ നമ്മോടുള്ള സ്നേഹവും കരുണയും എല്ലാം ചെയ്യാനുള്ള കഴിവുംമൂലം തന്നെ സ്‌നേഹിക്കുന്നവർക്ക്‌ അവിടുന്ന്‌ ഈ വിശേഷാനുകൂല്യം കൂടി നല്കുന്നു. അതായത്‌ ദൈവത്തെ കാണാനുള്ള ഭാഗ്യം. എന്തെന്നാൽ “മനുഷ്യർക്ക്‌ അസാധ്യമായിട്ടുള്ളവ ദൈവത്തിനു സാധ്യമാണ്‌”.

വാഗ്ദാനം ചെയ്യപ്പെട്ട സൗഭാഗ്യം നമ്മെ നിർണായകങ്ങളായ ധാർമിക തിരഞ്ഞെടുപ്പുകൾക്കു മുന്നിൽ നിറുത്തുന്നു. നമ്മുടെ ഹൃദയത്തെ ദുഷിച്ച പ്രവണതകളിൽ നിന്നു ശുദ്ധീകരിക്കാനും എല്ലാററിലുമുപരി ദൈവസ്‌നേഹം അന്വേഷിക്കാനും അതു നമ്മെ ക്ഷണിക്കുന്നു. യഥാർഥ സന്തോഷം കുടികൊള്ളുന്നതു സമ്പത്തിലോ സുഖസൗകര്യത്തിലോ മാനുഷികപ്രശസ്തിയിലോ അധികാരത്തിലോ, ശാസ്ത്രം, സാങ്കേതികവിദ്യ, കല മുതലായ മാനുഷികനേട്ടങ്ങളിലോ - അവ എത്രതന്നെ ഉപകാരപ്രദമായാലും - അല്ലെന്നും, വാസ്തവത്തിൽ ഒരു സൃഷ്ടിയിലും അല്ലെന്നും, പിന്നെയോ എല്ലാ നന്മയുടെയും എല്ലാ സ്നേഹത്തിന്റെയും സ്രോതസ്സായ ദൈവത്തിൽ മാത്രമാണെന്നും അതു പഠിപ്പിക്കുന്നു: 

ഇക്കാലത്ത്‌ സമ്പത്തിന്‌ ഏറെ ദൈവികത കല്പിക്കപ്പെടുന്നു; ജനക്കൂട്ടം മനുഷ്യസഞ്ചയം മുഴുവൻ, അവയ്ക്ക്‌ സ്വാഭാവികമായി ആദരവർപ്പിക്കുന്നു. അവർ സന്തോഷത്തെ സമ്പത്തുകൊണ്ട്‌ അളക്കുന്നു; സമ്പത്തുകൊണ്ടുതന്നെ അവർ ആദരണീയതയെ അളക്കുന്നു. സമ്പത്തുകൊണ്ട്‌ എല്ലാം സാധ്യമാണ്‌... എന്ന നമ്മുടെ അവബോധത്തിൽ നിന്നുദിക്കുന്നതാണത്‌. ഇന്നത്തെ വിഗ്രഹങ്ങളിൽ ഒന്നാണ്‌ സമ്പത്ത്‌. പ്രസിദ്ധിയാണു മറെറാന്ന്‌... പ്രസിദ്ധി, അഥവാ ലോകത്തിൽ അറിയപ്പെടുകയും പറയപ്പെടുകയും ചെയ്യുക. അത്‌ അതിൽത്തന്നെ ഒരുന്നത നൻമയായും വണക്കത്തിനുള്ള വസ്തുവായും കരുതപ്പെടുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിനെ പത്രപ്രസിദ്ധി എന്നുവിളിക്കാം.

പത്തുപ്രമാണങ്ങളും ഗിരിപ്രഭാഷണവും അപ്പസ്തോലിക വിശ്വാസപരിശീലനവും സ്വർഗരാജ്യത്തിലേക്കു നയിക്കുന്ന മാർഗങ്ങളെ നമുക്കു വിവരിച്ചുതരുന്നു. പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ പോഷിപ്പിക്കപ്പെട്ടു ദൈനംദിനപ്രവൃത്തികൾവഴി, പടിപടിയായി നാം ആ മാർഗങ്ങളിലൂടെ സഞ്ചരിക്കുന്നു. ക്രിസ്തുവിൻ്റെ വചനത്താൽ സംപുഷ്ടമാക്കപ്പെട്ട്‌ ദൈവമഹത്ത്വത്തിനായി സഭയിൽ നാം സാവധാനം ഫലം ചൂടുന്നു.

സംഗ്രഹം 

ദൈവം അബ്രാഹത്തിൻ്റെ കാലം മുതൽ നൽകിയ വാഗ്ദാനങ്ങളെ സുവിശേഷഭാഗ്യങ്ങൾ സ്വാംശീകരിക്കുകയും അവയെ സ്വർഗോന്മുഖമാക്കിക്കൊണ്ട് പൂർത്തിയാക്കുകയും ചെയ്യുന്നു. ദൈവം മനുഷ്യഹൃദയത്തിൽ നിക്ഷേപിച്ച സന്തോഷത്തിനു വേണ്ടിയുള്ള ആഗ്രഹത്തിന്‌ അവ പ്രത്യുത്തരം നല്കുന്നു.

ദൈവം നമ്മെ എങ്ങോട്ടു വിളിക്കുന്നുവോ ആ അന്തിമലക്ഷ്യത്തെപ്പറ്റി സുവിശേഷഭാഗ്യങ്ങൾ പഠിപ്പിക്കുന്നു: ദൈവരാജ്യം, ദൈവദർശനം, ദൈവിക പ്രകൃതിയുള്ള  ഭാഗഭാഗിത്വം, ശാശ്വത ജീവിതം, പുത്രസ്വീകാര്യം, ദൈവത്തിലുള്ള വിശ്രമം. 

സൗഭാഗ്യം ദൈവത്തിൻ്റെ സൗജന്യ ദാനമാണ്. നമ്മെ അതിലേക്ക് നയിക്കുന്ന കൃപാവരം പോലെ അതു പ്രകൃതിക്കതീതമാണ്. 

സുവിശേഷ ഭാഗ്യങ്ങൾ നമ്മെ ഭൗതികവസ്തുക്കളെ സംബന്ധിച്ച നിർണായക തിരഞ്ഞെടുപ്പുകൾക്ക് മുൻപിൽ നിർത്തുന്നു. എല്ലാ വസ്തുക്കുളെയുംകാൾ അധികമായി ദൈവത്തെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നതിന് അവ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. 

ദൈവകല്പനകൾക്കു അനുസൃതമായി ഭൗതിക വസ്തുക്കളെ എങ്ങനെ ഉപയോഗിക്കണമെന്ന് വിവേചിച്ചറിയാൻ സ്വർഗീയ സൗഭാഗ്യം മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു.

സൗഭാഗ്യത്തിലേക്കുള്ള നമ്മുടെ വിളി  സുവിശേഷഭാഗ്യങ്ങൾ ക്രൈസ്തവ സൗഭാഗ്യം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message