x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ധാര്‍മിക മന:സാക്ഷി

Authored by : Congregation for Doctrine of Faith On 30-Jun-2022

വകുപ്പ്‌ 6 

ധാര്‍മിക മന:സാക്ഷി

“മനുഷ്യന്‍ തൻ്റെ മന:സാക്ഷിയുടെ അഗാധതയില്‍, സ്വയം നിക്ഷേപിക്കാത്തതും എന്നാല്‍ സ്വയം അനുസരിക്കേണ്ടതുമായ ഒരു നിയമം കണ്ടെത്തുന്നു. നന്‍മയെ സ്‌നേഹിക്കാനും പ്രാവര്‍ത്തികമാക്കാനും തിന്‍മയെ ഒഴിവാക്കാനും അവനെ എന്നും പ്രേരിപ്പിക്കുന്ന അതിൻ്റെ സ്വരം, തക്കസമയത്ത്‌ അവൻ്റെ ഹൃദയത്തിൻ്റെ കാതുകളില്‍ മുഴങ്ങുന്നു... എന്തെന്നാല്‍ മനുഷ്യഹൃദയത്തില്‍ ദൈവത്താല്‍ ആലേഖനം ചെയ്യപ്പെട്ട ഒരു നിയമമുണ്ട്‌... മന:സാക്ഷി മനുഷ്യൻ്റെ ഏററവും നിഗൂഢമായ  ഉള്ളറയും വിശുദ്ധസ്ഥലവുമാണ്‌. അവിടെ അവന്‍, തൻ്റെ അഗാധതയില്‍ ആരുടെ സ്വരം പ്രതിധ്വനിക്കുന്നുവോ ആ ദൈവത്തോടുകൂടി ഒറ്റയ്ക്ക്‌ ആയിരിക്കുന്നു."

I. മനഃസാക്ഷിയുടെ വിധിത്തീര്‍പ്പ്‌

വ്യക്തിയുടെ ഹൃദയത്തില്‍ സന്നിഹിതമായിരിക്കുന്ന “ധാര്‍മികമന:സാക്ഷി" നന്മചെയ്യാനും തിന്‍മ ഉപേക്ഷിക്കാനും, തക്കസമയത്ത്‌ അവനോട്‌ കല്പിക്കുന്നു. ഈ ധാര്‍മിക മന:സാക്ഷി നല്ലവയെ അംഗീകരിച്ചുകൊണ്ടും തിന്‍മനിറഞ്ഞവയെ തള്ളിപ്പറഞ്ഞുകൊണ്ടും പ്രത്യേകമായ തിരഞ്ഞെടുപ്പുകളെ വിധിക്കുന്നു.” മനുഷ്യവ്യക്തി ഏതൊരു പരമനന്‍മയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നുവോ ആരുടെ കല്പന സ്വീകരിക്കുന്നുവോ അവിടുത്തോടുള്ള ബന്ധത്തില്‍, സത്യത്തിൻ്റെ ആധികാരികതയ്ക്ക്‌ അതു സാക്ഷ്യം വഹിക്കുന്നു. വിവേകിയായ മനുഷ്യന്‍ തൻ്റെ ധാര്‍മിക മന:സാക്ഷിയെ ശ്രദ്ധിക്കുമ്പോള്‍, ദൈവം സംസാരിക്കുന്നത്‌ അവനു കേള്‍ക്കാൻ കഴിയുന്നു.

ഒരു മനുഷ്യവ്യക്തി, ചെയ്യാന്‍ പോകുന്നതോ ചെയ്തുകൊണ്ടിരിക്കുന്നതോ പൂര്‍ത്തിയാക്കിയതോ ആയ വസ്തുനിഷ്ഠമായ ഒരു പ്രവൃത്തിയുടെ ധാര്‍മികഗുണത്തെ തിരിച്ചറിയുന്ന യുക്തിയുടെ വിധിത്തീര്‍പ്പാണ്‌ ധാര്‍മിക മന:സാക്ഷി. മനുഷ്യന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലതിലും നീതിയുക്തവും ന്യായപൂര്‍ണവുമെന്ന്‌ അവര്‍ അറിയുന്നതിനെ വിശ്വസ്തതാപൂര്‍വം അനുഗമിക്കാന്‍ കടപ്പെട്ടിരിക്കുന്നു. മന:സാക്ഷിയുടെ വിധിത്തീര്‍പ്പുവഴിയാണ്‌ മനുഷ്യന്‍ ദൈവിക നിയമത്തിൻ്റെ നിര്‍ദേശങ്ങളെ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത്‌.

മന:സാക്ഷി നമ്മുടെ മനസ്സിൻ്റെ ഒരു നിയമമാണ്‌; എന്നാല്‍ അതിന്‌ അതീതമായി നില്ക്കുന്നു. അതു നമുക്ക്‌ അനുശാസനങ്ങള്‍ നല്‍കുന്നു. ഉത്തരവാദിത്വത്തിൻ്റെയും കടമയുടെയും ഭയത്തിൻ്റെയും പ്രതീക്ഷയുടെയും ആശയം പകര്‍ന്നു തരുന്നു. പ്രകൃതിയുടെ തലത്തിലും കൃപാവരത്തിൻ്റെ തലത്തിലും, ഒരു മറയ്ക്കു പിന്നില്‍നിന്നു നമ്മോടു സംസാരിക്കുകയും നമ്മെ പഠിപ്പിക്കുകയും ഭരിക്കുകയും ചെയ്യുന്നവൻ്റെ സന്ദേശവാഹകനാണ്‌ (അത്‌). ക്രിസ്തുവിൻ്റെ വികാരിമാരില്‍ പ്രഥമനാണു മനസാക്ഷി.

തൻ്റെ മന:സാക്ഷിയുടെ സ്വരംകേള്‍ക്കാനും അതിനെ അനുഗമിക്കാനുംവേണ്ടി തന്നില്‍ത്തന്നെ വേണ്ടവിധത്തില്‍ സന്നിഹിതനായിരിക്കുക എന്നത്‌ ഓരോരുത്തരുടെയും കടമയാണ്‌. ഏതെങ്കിലും പരിചിന്തനത്തില്‍നിന്നും ആത്മപരിശോധനയില്‍ നിന്നും ആന്തരിക നിരീക്ഷണത്തില്‍നിന്നും ജീവിതം മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കുകയാല്‍ ആന്തരികതയുടെ ഈ വ്യവസ്ഥ അത്യന്താപേക്ഷിതമാണ്‌:

നിൻ്റെ മന:സാക്ഷിയിലേക്കു തിരിയുക, അതിനെ ചോദ്യം ചെയ്യുക ... സഹോദരങ്ങളേ, ഉള്ളിലേക്കു തിരിയുകയും നിങ്ങള്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ദൈവത്തെ നിങ്ങളുടെ സാക്ഷിയായി കാണുകയും ചെയ്യുക.

മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ധാർമികമന:സ്ധാക്ഷിയുടെ സത്യസന്ധതയെ അര്‍ഥമാക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. ധാര്‍മികതത്വങ്ങളുടെ സൂക്ഷ്മഗ്രഹണവും വിവിധസാഹചര്യങ്ങളില്‍, അവയുടെ പ്രയോഗവും ധാര്‍മ്മിക മനഃസാക്ഷിയില്‍ ഉള്‍പ്പെടുന്നു. കാരണങ്ങളുടെയും നന്‍മകളുടെയും പ്രായോഗികമായ തിരിച്ചറിവു വഴിയും ചെയ്യാനിരിക്കുന്നതോ ചെയ്തുകഴിഞ്ഞതോ ആയ വസ്തുനിഷ്ഠമായ പ്രവൃത്തികളെക്കുറിച്ചുള്ള വിധിത്തീര്‍പ്പ്‌ വഴിയും ഇതു നടക്കുന്നു. യുക്തിയുടെ നിയമത്തില്‍ പറയപ്പെടുന്ന ധാര്‍മികനന്‍മയെപ്പററിയുള്ള സത്യം മന:സാക്ഷിയുടെ വിവേകപുർണ്ണമായ വിധിതീർപ്പുവഴി പ്രായോഗികമായും വസ്തുനിഷ്ഠമായും അംഗീകരിക്കപ്പെടുന്നു. ഈ വിധിത്തീര്‍പ്പിന്‌ അനുരൂപമായി തിരഞ്ഞെടുപ്പു നടത്തുന്ന മനുഷ്യന്‍ വിവേകി എന്നു വിളിക്കപ്പെടുന്നു.

ഒരുവന്‍ ചെയ്ത പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറെറടുക്കാന്‍ മന:സാക്ഷി അവന്  അനുമതി നല്‍കുന്നു. മനുഷ്യന്‍ തിന്‍മചെയ്യുമ്പോള്‍, സാര്‍വത്രിക നന്‍മയുടെ സത്യത്തിനുള്ള സാക്ഷി എന്ന നിലയിലും അതേസമയം അവൻ്റെ  പ്രത്യേക തിരഞ്ഞെടുപ്പിലെ തിന്‍മയുടെ സാക്ഷി എന്ന നിലയിലും അവനില്‍ നിലനില്ക്കാന്‍ മനഃസാക്ഷിയുടെ നീതിയുക്തമായ വിധിത്തീര്‍പ്പിനു കഴിയും. മനഃസാക്ഷിയുടെ വിധിവാചകം പ്രത്യാശയുടെയും കാരുണ്യത്തിൻ്റെയും അച്ചാരമായി സ്ഥിതിചെയ്യു ന്നു. ചെയ്തുപോയ തെററു സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌, ചോദിക്കേണ്ട മാപ്പിനെപ്പററിയും ഇനിയും ചെയ്യേണ്ട നന്‍മയെപ്പററിയും ദൈവകൃപയാല്‍ നിരന്തരം വളര്‍ത്തേണ്ട സുകൃതത്തെപ്പററിയും അത്‌ ഓര്‍മിപ്പിക്കുന്നു:

നമ്മുടെ ഹൃദയം നമ്മെ ശാസിക്കുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാം... എന്തെന്നാല്‍ ദൈവം നമ്മുടെ ഹൃദയങ്ങളെക്കാള്‍ വലിയവനാണ്‌, അവിടുന്ന്‌ എല്ലാം അറിയുകയും ചെയ്യുന്നു. 

വ്യക്തിപരമായി ധാര്‍മികതീരുമാനങ്ങള്‍ എടുക്കുന്നതിന്‌ ഉതകുംവിധം മനഃസാക്ഷിക്കനുസരിച്ചും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ മനുഷ്യന്‌ അവകാശമുണ്ട്‌. “തൻ്റെ മനഃസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവന്‍ നിര്‍ബന്ധിക്കപ്പെടരുത്‌. സ്വന്തം മനഃസാക്ഷിപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍നിന്ന്‌, പ്രത്യേകിച്ചു മതപരമായ കാര്യങ്ങളില്‍, അവനെ തടയുകയുമരുത്‌.

II. മനഃസാക്ഷിയുടെ രൂപപ്പെടുത്തല്‍

മനഃസാക്ഷിയെ ദൃഢതരമാക്കുകയും ധാര്‍മികവിധിത്തീര്‍പ്പിനെ പ്രകാശിപ്പിക്കുകയും ചെയ്യണം. ശരിയായി രൂപീകരിക്കപ്പെട്ട മനഃസാക്ഷി നീതിയുക്തവും സത്യസന്ധവുമായിരിക്കും. അതു യുക്തിയനുസരിച്ച്‌, സ്രഷ്ടാവിൻ്റെ ജ്ഞാനത്താല്‍ നിശ്ചയിക്കപ്പെട്ട യഥാര്‍ഥ നന്‍മയോട്‌ അനുരൂപപ്പെട്ട്‌, തൻ്റെ വിധിത്തീര്‍പ്പുകളെ ക്രോഡീകരിക്കുന്നു. നിഷേധാത്മക സ്വാധീനങ്ങള്‍ക്കു വിധേയരാക്കപ്പെട്ടവരും, തങ്ങളുടെതന്നെ വിധിത്തിര്‍പ്പുകളെ കൂടുതല്‍ ഇഷ്ടപ്പെടാനും ആധികാരിക പ്രബോധനങ്ങളെ തള്ളിക്കളയാനും പാപത്താല്‍ പ്രലോഭിപ്പിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കു മനഃസാക്ഷി പരിശീലനം അനുപേക്ഷണീയമാണ്‌.

മനഃസാക്ഷിപരിശീലനം ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന ഒരു ധര്‍മമാണ്‌. അത്‌ ജീവിതത്തിൻ്റെ ആദ്യവര്‍ഷങ്ങള്‍ മുതല്‍ മനഃസാക്ഷിയില്‍ തിരിച്ചറിയപ്പെട്ട ആന്തരികനിയമത്തിൻ്റെ അറിവിലേക്കും പ്രയോഗത്തിലേക്കും ശിശുവിനെ ഉണര്‍ത്തുന്നു. വിവേകപൂര്‍വകമായ വിദ്യാഭ്യാസം സുകൃതം പഠിപ്പിക്കുന്നു. അതു ഭയം, സ്വാര്‍ഥത, അഹങ്കാരം, കുററത്തില്‍നിന്നുണ്ടാകുന്ന ഈര്‍ഷ്യ, മാനുഷിക ദുര്‍ബലതയില്‍നിന്നും തെററുകളില്‍നിന്നും ജനിക്കുന്ന അലംഭാവത്തിൻ്റെ വികാരങ്ങള്‍ എന്നിവയെ തടയുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നു. മനഃസാക്ഷി പരിശീലനം സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ഹൃദയസമാധാനം ജനിപ്പിക്കുകയും ചെയ്യുന്നു.

മനഃസാക്ഷി രൂപീകരണത്തില്‍ ദൈവവചനം നമ്മുടെ വഴിയിലെ പ്രകാശമാണ്‌. "നാം അതു വിശ്വാസത്തിലും പ്രാര്‍ഥനയിലും സ്വാംശീകരിക്കുകയും പ്രയോഗത്തിലാക്കുകയും വേണം. കര്‍ത്താവിൻ്റെ കുരിശിൻ്റെ മുന്‍പില്‍ നമ്മുടെ മന;സാക്ഷിയെ നാം പരിശോധിക്കുകയും വേണം. മററുള്ളവരുടെ സാക്ഷ്യമോ ഉപദേശമോ വഴി നമ്മെ സഹായിക്കുകയും, സഭയുടെ ഔദ്യോഗിക പ്രബോധനംവഴി നമ്മെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിൻ്റെ ദാനങ്ങള്‍ നമുക്ക്‌ തുണയാകുന്നു. 

III. മനഃസാക്ഷിക്കനുസൃതമായി തിരഞ്ഞെടുക്കുക

ഒരു ധാര്‍മികതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, യുക്തിക്കും ദൈവികനിയമത്തിനും ചേര്‍ന്നവിധത്തില്‍ ശരിയായ ഒരു വിധിത്തീര്‍പ്പു നടത്താനോ നേരേമറിച്ച്‌, അവയില്‍നിന്നു വിട്ടകലുന്ന തെറ്റായ വിധിത്തീര്‍പ്പു നടത്താനോ മനഃസാക്ഷിക്കു കഴിയും.

ധാര്‍മികവിധിത്തീര്‍പ്പുകളെ ഉറപ്പുകുറഞ്ഞവയാക്കുകയും തീരുമാനത്തെ പ്രയാസമുള്ളതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ മനുഷ്യനു ചിലപ്പോള്‍ നേരിടേണ്ടതായി വരുന്നു. പക്ഷേ, അവന്‍ എപ്പോഴും ശരിയും നന്‍മയുമായതിനെ അന്വേഷിക്കുകയും ദൈവികനിയമത്തില്‍ വെളിവാക്കപ്പെട്ടിരിക്കുന്ന ദൈവഹിതത്തെ വിവേചിച്ചറിയുകയും വേണം.

ഈ ലക്ഷ്യത്തിനായി മനുഷ്യന്‍ അനുഭവത്തിൻ്റെ അടിസ്ഥാനവിവരങ്ങളെയും കാലത്തിൻ്റെ അടയാളങ്ങളെയും, വിവേകമെന്ന പുണ്യത്താലും, വിവേകമുള്ള വ്യക്തികളുടെ ഉപദേശത്താലും, പരിശുദ്ധാത്മാവിൻ്റെയും അവിടുത്തെ ദാനങ്ങളുടെയും സഹായത്താലും വ്യാഖ്യാനിക്കാന്‍ പരിശ്രമിക്കുന്നു.

ചില നിയമങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും പ്രയോഗിക്കാവുന്നവയാണ്‌: 

- തിന്‍മയില്‍നിന്നു നന്‍മയുണ്ടാകാന്‍ വേണ്ടി ഒരിക്കലും തിന്‍മ ചെയ്യരുത്‌.

- സുവര്‍ണനിയമം: “മനുഷ്യര്‍ നിങ്ങള്‍ക്കായി എന്തുചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം അവര്‍ക്കു ചെയ്യുക."

- സ്നേഹം എപ്പോഴും ഒരുവൻ്റെ അയല്‍ക്കാരനോടും അവൻ്റെ മനഃസാക്ഷിയോടുമുള്ള ബഹുമാനം ഉള്‍ക്കൊള്ളുന്നു: “നിങ്ങളുടെ സഹോദരങ്ങള്‍ക്കെതിരേ പാപം ചെയ്തും അവരുടെ ദുര്‍ബല മനഃസാക്ഷിയെ വ്രണപ്പെടുത്തിയും നിങ്ങള്‍ ക്രിസ്തുവിനെതിരേ പാപംചെയ്യുന്നു”. “നിൻ്റെ സഹോദരനെ ദ്രോഹിക്കുന്നതോ അവന് ഉതപ്പു നല്കുന്നതോ അവനെ ബലഹീനനാക്കുന്നതോ ആയ ഒന്നും നീ ചെയ്യാതിരിക്കുന്നത് നല്ലതാണ് .

IV. തെറ്റായ വിധിത്തീര്‍പ്പ്‌

മനുഷ്യന്‍ എപ്പോഴും മനഃസാക്ഷിയുടെ സുനിശ്ചിതമായ വിധിത്തീര്‍പ്പ്‌ അനുസരിക്കണം. അതിനു വിപരീതമായി മനഃപൂര്‍വം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‍ തന്നെത്തന്നെ ശിക്ഷിക്കുകയാവും. എന്നാലും ധാര്‍മികമനഃസാക്ഷി അജ്ഞതയില്‍ ആയിരിക്കാനും ചെയ്യാനിരിക്കുന്നതോ ചെയ്തുകഴിഞ്ഞതോ ആയ പ്രവൃത്തികളെക്കുറിച്ചു തെറ്റായ വിധിത്തീര്‍പ്പുകള്‍ നടത്താനും സാധ്യതയുണ്ട്‌.

ഈ അജ്ഞതയെ മിക്കപ്പോഴും വ്യക്തിപരമായ ഉത്തരവാദിത്വത്തിന്‍മേല്‍ ആരോപിക്കാവുന്നതാണ്‌. ഒരു മനുഷ്യന്‍ “യഥാര്‍ഥത്തില്‍ സത്യമായിട്ടുള്ളതും നന്‍മയായിട്ടുള്ളതും എന്തെന്നു കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടാതിരിക്കുകയും, പാപം ചെയ്യുന്ന ശീലത്തിലൂടെ മനഃസാക്ഷിയെ പടിപടിയായി മിക്കവാറും അന്ധമാക്കുകയും" ചെയ്യുമ്പോള്‍ ഇതാണു സംഭവിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തി താന്‍ ചെയ്യുന്ന തിന്‍മയുടെ പേരില്‍ കുറ്റക്കാരനാണ്‌.

ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചുളള അജ്ഞത, മറ്റുള്ളവര്‍ കാണിക്കുന്ന ദൂര്‍മാതൃക, സ്വന്തം വികാരങ്ങളോടുള്ള അടിമത്തം, മനഃസാക്ഷി സ്വാതന്ത്രത്തെപ്പററിയുള്ള തെററായ ധാരണ, സഭയുടെ അധികാരത്തിൻ്റെയും പ്രബോധനത്തിൻ്റെയും നിഷേധം മാനസാന്തരത്തിൻ്റെയും സ്നേഹത്തിൻ്റെയും അഭാവം എന്നിവ ധാര്‍മികപെരുമാറ്റത്തെ സംബന്ധിച്ച വിധിത്തീര്‍പ്പുകളില്‍ തെറ്റുകള്‍ക്കു നിദാനമാകാം.

നേരേമറിച്ച്‌, അജ്ഞത പരിഹരിക്കാനാവാത്തതാണെങ്കില്‍ അഥവാ ധാര്‍മിക പ്രവൃത്തിയുടെ കര്‍ത്താവ്‌ അവന്‍ ചെയ്യുന്ന തെറ്റായ വിധിനിര്‍ണയത്തിൻ്റെ ഉത്തരവാദിയല്ലെങ്കില്‍, ആ വ്യക്തി ചെയ്ത തെററ്‌ അവനില്‍ ആരോപിക്കാന്‍ പാടില്ല. അത്‌ ഒരു തിന്‍മ തന്നെയായി, ഒരു കുറവായി, ഒരു ക്രമരാഹിത്യമായി നിലനില്ക്കുന്നു. അതു കൊണ്ട്‌, ധാര്‍മികമനഃസാക്ഷിയുടെ തെറ്റുകള്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്‌.

നല്ലതും നിര്‍മലവുമായ മന:സാക്ഷി യഥാര്‍ഥ വിശ്വാസത്താല്‍ പ്രകാശിപ്പിക്കപ്പെടുന്നു. എന്തെന്നാല്‍, സ്നേഹം ഒരേ സമയത്ത്‌ “നിര്‍മലമായ ഒരു ഹൃദയത്തില്‍ നിന്നും നല്ല മനഃസാക്ഷിയില്‍ നിന്നും ആത്മാര്‍ഥമായ വിശ്വാസത്തില്‍ നിന്നും" പുറപ്പെടുന്നു. ശരിയായ ഒരു മനഃസാക്ഷി എത്ര കൂടുതല്‍ പ്രബലപ്പെടുമോ അത്ര കൂടുതലായി വ്യക്തികളും സമൂഹങ്ങളും അന്ധമായ തിരഞ്ഞെടുപ്പില്‍നിന്നു പിന്‍മാറുകയും ധാര്‍മികപെരുമാറ്റത്തിൻ്റെ വസ്തുനിഷ്ഠങ്ങളായ മാനദണ്‍ഡങ്ങളാല്‍ നയിക്കുപ്പെടുവാന്‍ പരിശ്രമിക്കുകയും ചെയ്യും.

സംഗ്രഹം 

“മനസാക്ഷി  മനുഷ്യൻ്റെ ഏറ്റവും നിഗൂഢവുമായ  ഉള്ളറയും, അവൻ്റെ വിശുദ്ധ സ്ഥലവുമാണ്‌. അവൻ  അവിടെ തൻ്റെ  അഗാധതയില്‍ ആരുടെ സ്വരം പ്രതിധ്വനിക്കുന്നുവോ ആ ദൈവത്തോടുകുടി ഒറ്റയ്ക്ക്‌ ആയിരിക്കുന്നു "

മനഃസാക്ഷി  യുക്തിയുടെ വിധിതീർപ്പാണ്. അതുവഴി മനുഷ്യവ്യക്തി വസ്തുനിഷ്ഠമായ ഒരു പ്രവൃത്തിയുടെ ധാര്‍മികഗുണം തിരിച്ചറിയുന്നു.

തിന്മ പ്രവർത്തിച്ച മനുഷ്യന്‌, അവൻ്റെ മനസാക്ഷിയുടെ വിധിവാചകം, മാനസാന്തരത്തിൻ്റെയും പ്രത്യാശയുടെയും അച്ചാരാമായി  നിലകൊള്ളുന്നു.

ശരിയായി രൂപികരിക്കപ്പെട്ട മനഃസാക്ഷി നീതിനിഷ്ഠവും സത്യസന്ധവും ആണ്‌. അത്‌ യുക്ത്യനുസൃതം, സ്രഷ്ടാവിൻ്റെ ജ്ഞാനത്താല്‍ നിശ്ചയിക്കപ്പെട്ട യഥാർത്ഥ നന്മയ്ക്ക്‌ അനുരുപമായി തൻ്റെ വിധി നിർണയങ്ങളെ ക്രോഡീകരിക്കുന്നു. ഓരോരുത്തനും തൻ്റെ മനഃസാക്ഷിയെ രൂപപ്പെടുത്താനുള്ള മാർഗങ്ങള്‍ പ്രയോജനപ്പടുത്തണം.

ഒരു ധാർമിക തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, മനസാക്ഷിക്ക്, ഒന്നുകിൽ യുക്തിക്കും ദൈവികനിയമത്തിനും അനുസ്യതമായ ശരിയായ വിധിത്തീര്‍പ്പുണ്ടാക്കാൻ കഴിയും; അല്ലെങ്കില്‍, നേരേ വിരുദ്ധമായി, അവയിൽനിന്നു വിട്ടകലുന്ന തെറ്റായ വിധിതീർപ്പുണ്ടാക്കാൻ കഴിയും.

മനുഷ്യൻ  എപ്പോഴും തൻ്റെ  മനഃസാക്ഷിയുടെ സുനിശ്ചിതമായ വിധിതീർപ്പിനെ  അനുസരിക്കണം.

മനസാക്ഷിക്ക്  അജ്ഞതയിൽ  ആയിരിക്കാനോ തെറ്റായ  വിധിതീർപ്പുകൾ  നടത്താനോ കഴിയും. അത്തരം അജ്ഞതകളും തെററുകളും എപ്പോഴും കുററവിമുക്തമല്ല.

ദൈവവചനം നമ്മുടെ വഴികളിൽ  പ്രകാശമാണ്‌. നാം അതു വിശ്വാസത്തിലും പ്രാർഥനയിലും സ്വാംശീകരിക്കുകയും പ്രയോഗത്തിലാക്കുകയും വേണം. ഇങ്ങനെയാണു ധാർമിക മനഃസാക്ഷി  രൂപകരിക്കപ്പെടുന്നത്‌.

ധാര്‍മിക മന:സാക്ഷി മനഃസാക്ഷിയുടെ വിധിത്തീര്‍പ്പ്‌ മനഃസാക്ഷിയുടെ രൂപപ്പെടുത്തല്‍ മനഃസാക്ഷിക്കനുസൃതമായി തിരഞ്ഞെടുക്കുക തെറ്റായ വിധിത്തീര്‍പ്പ്‌ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message