x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയുടെ യുഗത്തിൽ

Authored by : Congregation for Doctrine of Faith On 23-Jul-2022

വകുപ്പ്‌ 3 

സഭയുടെ യുഗത്തിൽ

പെന്തക്കുസ്താദിനത്തിൽ “ഒരിടത്ത്‌ ഒരുമിച്ചുകൂടിയിരുന്ന” ശിഷ്യൻമാരുടെ മേൽ, വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ആത്മാവ്‌ വർഷിക്കപ്പെട്ടു. ദൈവാത്മാവിന്റെ വരവിനുവേണ്ടി കാത്തിരിക്കവേ എല്ലാവരും “ഏകമനസ്സോടെ പ്രാർഥനയിൽ മുഴുകിക്കഴിയുകയായിരുന്നു." സഭയെ പഠിപ്പിക്കുകയും യേശു പറഞ്ഞതെല്ലാം അവളെ ഓർമിപ്പിക്കുകയും ചെയ്യുന്ന ആത്മാവു തന്നെ പ്രാർഥനാജീവിതത്തിൽ സഭയ്ക്കു പരിശിലനം നൽകുന്നു.

ജറുസലെമിലെ പ്രഥമ സമൂഹത്തിൽ വിശ്വാസികൾ “അപ്പസ്തോലൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ പങ്കുചേർന്നു.” ഈ ക്രമം സഭയുടെ പ്രാർഥനയുടെ സവിശേഷതയാണ്‌. അപ്പസ്തോലൻമാരുടെ വിശ്വാസത്തിൽ അധിഷ്ഠിതവും പരസ്നേഹപ്രവർത്തനങ്ങളിലൂടെ തെളിയിക്കപ്പെടുന്നതും വിശുദ്ധകുർബാനവഴി പരിപോഷിക്കപ്പെടുന്നതുമാണത്‌.

ഒന്നാമതായി വിശ്വാസികൾ കേൾക്കുകയും വി. ഗ്രന്ഥത്തിൽ വായിക്കുകയും ചെയ്യുന്ന പ്രാർഥനകളെ, പ്രത്യേകിച്ച് സങ്കീർത്തനങ്ങളെ, ക്രിസ്തുവിൽ അവ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന കാരണത്താൽ വിശ്വാസികൾ സ്വന്തമാക്കുന്നു സഭയുടെ പ്രാർഥനയിൽ ക്രിസ്തുവിന്റെ ഓർമ സജീവമായി നിലനിർത്തുന്ന പരിശുദ്ധാത്മാവ്‌ അവളെ സത്യത്തിന്റെ പൂർണതയിലേക്ക്‌ നയിക്കുകയും സഭയുടെ ജീവിതത്തിലും കൂദാശകളിലും ദൗത്യനിർവഹണത്തിലും പ്രവർത്തനനിരതനായ ക്രിസ്തുവിന്റെ അമേയരഹസ്യത്തെ ആവിഷ്കരിക്കാൻ പുതിയ പുതിയ വാങ്മയങ്ങൾക്കു പ്രചോദനം നൽകുകയും ചെയ്യുന്നു. മഹത്തായ ആരാധനക്രമപരവും ആധ്യാത്മികവുമായ പാരമ്പര്യങ്ങളിൽ ഇപ്പറഞ്ഞ വാങ്മയങ്ങൾ വിശദീകരിച്ചിട്ടുണ്ട്‌. അപ്പസ്തോലികവും കാനോനികവുമായ വി. ഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ടിട്ടുളള പ്രാർത്ഥനാരൂപങ്ങൾ എന്നും ക്രൈസ്തവപ്രാർഥനയുടെ മൂലമാതൃകകളായി നിലനിൽക്കും.

I. സ്തുതിപ്പും ആരാധനയും

ക്രൈസ്തവ പ്രാർഥനയിലെ അടിസ്ഥാനപരമായ ഒരു ചലനത്തെ സ്തുതിപ്പ്‌ പ്രകാശിപ്പിക്കുന്നു. അത്‌ ദൈവവും മനുഷ്യനും തമ്മിലുള്ള സമാഗമമാണ്‌. അതിൽ ദാതാവായ ദൈവവും ദാനം സ്വീകരിക്കുന്ന മനുഷ്യനും പരസ്പരം ഐക്യപ്പെടുന്നു. ദൈവികദാനങ്ങളോടുളള മനുഷ്യന്റെ പ്രത്യുത്തരമാണ്‌ സ്തുതിപ്പ്‌, ദൈവം അനുഗ്രഹിക്കുന്നതിനാൽ, അതിനുപകരമായി എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവത്തെ വാഴ്ത്തുവാൻ മനുഷ്യഹൃദയത്തിനുകഴിയും.

ഈ ചലനത്തിന്‌ അടിസ്ഥാനപരമായ രണ്ടു രൂപങ്ങളുണ്ട്‌. ഒന്ന്‌, നമ്മുടെ പ്രാർഥന പരിശുദ്ധാത്മാവിൽ ക്രിസ്തുവിലൂടെ പിതാവിങ്കലേക്ക്‌ ഉയരുന്നു. (നമ്മെ അനുഗ്രഹിച്ചതിനു പകരമായി നാം അവിടുത്തെ സ്തുതിക്കുന്നു); രണ്ട്‌, അതു പിതാവിൽനിന്നു ക്രിസ്തുവിലൂടെ ഇറങ്ങിവരുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരം യാചിക്കുന്നു. അവിടുന്നു നമ്മെ അനുഗ്രഹിക്കുന്നു.

സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ താൻ ഒരു സൃഷ്ടിയാണെന്ന്‌ അംഗീകരിക്കുന്ന മനുഷ്യന്റെ പ്രാഥമിക മനോഭാവമാണ്‌ ആരാധന. നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മഹത്ത്വത്തെയും തിൻമയിൽനിന്നു നമുക്കു മോചനം നൽകുന്ന രക്ഷകന്റെ സർവശക്തിയെയും അതു പ്രകീർത്തിക്കുന്നു. “മഹത്ത്വത്തിന്റെ രാജാവിന്‌" ആത്മാവ്‌ അർപ്പിക്കുന്ന ആദരവാണ്‌ ആരാധന. മഹാപ്രഭാവവാനായ ദൈവത്തിന്റെ മുന്നിലെ ആദരനിർഭരമായ മൗനം. ത്രൈശുദ്ധനും ഏറ്റം സ്നേഹമയനുമായ ദൈവത്തിനു നൽകുന്ന ആരാധന വിനയവുമായി ചേരുകയും നമ്മുടെ യാചനകൾ ശ്രവിക്കപ്പെടുമെന്ന്‌ ഉറപ്പുനൽകുകയും ചെയ്യുന്നു.

II. യാചനാപ്രാർഥന

പൂതിയ നിയമത്തിൽ യാചനാപദസമുച്ചയത്തിനു സമ്പന്നമായ അർഥവൈവിധ്യമുണ്ട്: ചോദിക്കുക, ആവശ്യപ്പെടുക, അഭ്യർഥിക്കുക, പ്രാർഥിക്കുക, അപേക്ഷിക്കുക, നിലവിളിക്കുക, “പ്രാർഥനയിൽ വാദിക്കുക.” അതിന്റെ ഏറ്റവും സ്വാഭാവികവും സാധാരണവുമായ രൂപം യാചനയാണ്‌. യാചനാരുപത്തിലുള്ള പ്രാർഥനവഴിയാണ്‌ ദൈവവുമായുളള ബന്ധത്തെപ്പറ്റിയുള്ള നമ്മുടെ അവബോധം നാം പ്രകടമാക്കുന്നത്‌. നാം സൃഷ്ടികളാണ്‌, നമ്മുടെ ആരംഭത്തിനു കാരണക്കാർ നാമല്ല, അതു പോലെതന്നെ നാം ജീവിതക്ലേശങ്ങളുടെ നിയന്താക്കളോ നമ്മുടെതന്നെ അന്തിമ ലക്ഷ്യമോ അല്ല. നാം പാപികളാണ്‌, നമ്മുടെ പിതാവിനെ വിട്ടകന്നുപോകുന്ന പാപികളാണു നാമെന്നു ക്രൈസ്തവരായ നമുക്ക്‌ അറിയാം. നമ്മുടെ യാചന ദൈവത്തിങ്കലേക്കുള്ള ഒരുതരം തിരിച്ചുവരവാണ്‌.

പഴയനിയമത്തിൽ കൂടെക്കൂടെ പ്രതൃക്ഷപ്പെടുന്ന വിലാപപ്രാർത്ഥനകൾ പുതിയ നിയമത്തിൽ തീരെ കാണാനില്ല. നാം ഇപ്പോഴും കാത്തിരിക്കുകയാണെങ്കിലും ഓരോ ദിവസവും വീണ്ടും മാനസാന്തരപ്പെടേണ്ടതുണ്ടെങ്കിലും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ സഭയുടെ പ്രാർഥന പ്രത്യാശാനിർഭരമാണ്‌. “നെടുവീർപ്പുകൾ” എന്നു വി. പൗലോസ്‌ വിളിക്കുന്ന ക്രൈസ്തവയാചന മറ്റൊരു അഗാധതയിൽനിന്ന്‌ ഉയരുന്നു. അതായത്‌, “പ്രസവവേദനയനുഭവിക്കുന്ന” സൃഷ്ടിയിൽ നിന്നും, “നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പിനായി കാത്തിരിക്കുന്ന നമ്മിൽനിന്നും ഉയരുന്നു. പ്രത്യാശയിലാണു നമുക്കു രക്ഷകൈവന്നത്‌. " പക്ഷേ, ഒടുവിൽ “വാക്കുകൾക്കപ്രാപ്യമായ തേങ്ങലുകളോടെ" പരിശുദ്ധാത്മാവു” “നമ്മുടെ ദൗർബല്യങ്ങളിൽ നമ്മെ സഹായിക്കുന്നു. എന്തെന്നാൽ, വേണ്ടതുപോലെ പ്രാർഥിക്കുന്നതെങ്ങനെയെന്നു നമുക്കറിയില്ല. "

യാചനാരൂപത്തിലുള്ള പ്രാർഥനയുടെ ആദ്യപടി മാപ്പിരക്കലാണ് (ചുങ്കക്കാരനെപോലെ. “ദൈവമേ, പാപിയായ എന്റെ മേൽ കരുണയുണ്ടാകണമേ").  നീതിനിഷ്ഠവും നിർമലവുമായ പ്രാർഥനയുടെ ഒരവശ്യവ്യവസ്ഥയാണിത്‌. വിശ്വാസപൂർവകമായ വിനയം പിതാവും അവിടുത്തെ പുത്രനായ യേശുക്രിസ്തുവും തമ്മിലും നമ്മൾ തമ്മിലുമുളള ഐകൃത്തിന്റെ വെളിച്ചത്തിലേക്കുനമ്മെ നയിക്കുന്നു. ഇതിന്റെ ഫലമായി “നാം ചോദിക്കുന്നതെല്ലാം അവനിൽനിന്നു നമുക്കു ലഭിക്കുന്നു." മാപ്പുചോദിക്കൽ വിശുദ്ധകുർബാനയുടെ ആഘോഷത്തിനും വ്യക്തിഗത പ്രാർഥനയ്ക്കും ആവശ്യമായ വ്യവസ്ഥയാണ്‌.

ക്രിസ്തീയ യാചന യേശുവിന്റെ പ്രബോധനമനുസരിച്ച്‌ വരാനിരിക്കുന്ന ദൈവരാജ്യത്തിനായുളള ആഗ്രഹത്തെയും അന്വേഷണത്തെയും കേന്ദ്രീകരിച്ചുള്ളതാണ്‌.  ഈ യാചനകളിൽ ഒരു മുൻഗണനാക്രമമുണ്ട്‌: ആദ്യം ദൈവരാജ്യത്തിനു വേണ്ടിയും പിന്നെ അതിനെ സ്വാഗതംചെയ്യാനും ആവശ്യമായവയ്ക്കുവേണ്ടിയും തുടർന്ന്‌ അതിന്റെ ആഗമനവുമായി സഹകരിക്കാൻ വേണ്ടിയും. ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ദൗത്യത്തോടുളള ഈ സഹകരണമാണ്‌ സഭയുടെ ഇപ്പോഴത്തെ അപ്പസ്തോലിക സമൂഹപ്രാർഥനയുടെ ലക്ഷ്യം. എല്ലാ സഭകൾക്കുംവേണ്ടിയുള്ള ദൈവിക ഔത്സുക്യം എങ്ങനെ ക്രൈസ്തവപ്രാർഥനയ്ക്കു പ്രചോദനമാവണമെന്ന്‌ അപ്പസ്‌തോലവര്യനായ പൗലോസിന്റെ പ്രാർഥന നമുക്കു വെളിപ്പെടുത്തിത്തരുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയും പ്രാർഥനയിലൂടെ ദൈവരാജ്യത്തിന്റെ വരവിനുവേണ്ടി അദ്ധ്വാനിക്കുന്നു.

ദൈവത്തിന്റെ രക്ഷാകരസ്നേഹത്തിൽ നാം പങ്കാളികളാവുമ്പോൾ, എല്ലാ ആവശ്യവും യാചനയുടെ വിഷയമാകാമെന്നു നാം മനസ്സിലാക്കുന്നു. എല്ലാറ്റിനെയും രക്ഷിക്കാൻവേണ്ടി എല്ലാറ്റിനെയും ഉൾക്കൊണ്ട ക്രിസ്തു അവിടുത്തെ നാമത്തിൽ നാം നടത്തുന്ന യാചനകളിലൂടെ മഹത്ത്വീകൃതനാകുന്നു. ഈ ഉറപ്പിലാണ്‌ എല്ലാ അവസരത്തിലും പ്രാർഥിച്ചുകൊണ്ടിരിക്കണമെന്നു യാക്കോബും പൗലോസും നമ്മെ ഉദ്ബോധിപ്പിക്കുന്നത്‌.

III. മധ്യസ്ഥപ്രാർഥന

മധ്യസ്ഥപ്രാർഥന യേശുവിന്റെ പ്രാർഥനയോടു നമ്മേ അനുരുപരാക്കുന്ന യാചനാ പ്രാർഥനയാണ്‌. അവിടുന്നു മാത്രമാണ്‌ എല്ലാ മനുഷ്യർക്കുംവേണ്ടി, വിശിഷ്യ പാപികൾക്കുവേണ്ടി പിതാവിൻ സമക്ഷം മാധ്യസ്ഥ്യം വഹിക്കുന്നവൻ. “തന്നിലൂടെ ദൈവത്തെ സമിപിക്കുന്നവരെ എന്നേക്കും രക്ഷിക്കാൻ അവനു കഴിവുണ്ട്‌, നിത്യം ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു." പരിശുദ്ധാത്മാവു  തന്നെ “നമുക്കുവേണ്ടിയും... ദൈവഹിതമനുസരിച്ച്‌ വിശുദ്ധർക്കു വേണ്ടിയും മാധ്യസ്ഥ്യം വഹിക്കുന്നു.”

അബ്രാഹത്തിന്റെ കാലംമുതൽ മാധ്യസ്ഥ്യം വഹിക്കുക, വേറൊരാൾക്കുവേണ്ടി പ്രാർഥിക്കുക, എന്നത്‌ ദൈവകാരുണ്യത്തോടു സമരസപ്പെട്ടിരിക്കുന്ന ഹൃദയത്തിനു സ്വകീയമാണ്‌. സഭയുടെ യുഗത്തിലാകട്ടെ, ക്രിസ്തീയ മാധ്യസ്ഥ്യം ക്രിസ്തുവിന്റെ മാധ്യസ്ഥ്യത്തിലൂളള പങ്കാളിത്തമാണ്‌: പുണ്യവാൻമാരുടെ ഐകൃത്തിന്റെ ആവിഷ്കരണമാണ്‌ അത്‌. മാധ്യസ്ഥ്യത്തിൽ പ്രാർഥിക്കുന്ന വ്യക്തി “സ്വന്തം താത്പര്യങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ താത്പര്യങ്ങൾകൂടി” കണക്കിലെടുക്കുന്നു. തന്നെ ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്ന നിലവരെ അത്‌ എത്തുന്നു. 

ആദിമക്രൈസ്തവസമുഹങ്ങൾ ഈ കൂട്ടായ്മ ആഴത്തിൽ അനുഭവിച്ചിരുന്നു. പൗലോസ്‌ അപ്പസ്‌തോലൻ സുവിശേഷം പ്രസംഗിക്കുക എന്ന തന്റെ ദൗത്യത്തിന്റെ നിർവഹണത്തിൽ അവരെയും പങ്കാളികളാക്കി. അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയുംചെയ്തു. ക്രൈസ്തവരുടെ മാധ്യസ്ഥൃത്തിന്‌ അതിരുകളില്ല. “എല്ലാ മനുഷ്യർക്കുംവേണ്ടി, ഉന്നതസ്ഥാനീയരായ എല്ലാവർക്കുംവേണ്ടി,” പീഡകർക്കുവേണ്ടിയും സുവിശേഷം നിരസിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയും അവർ പ്രാർഥിച്ചിരുന്നു.

IV. കൃതജ്ഞതാപ്രകാശന പ്രാർഥന

കൃതജ്ഞതാപ്രകാശനമാണ്‌ സഭയുടെ പ്രാർഥനയുടെ സവിശേഷത; പരിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ അവൾ എന്തായിരിക്കുന്നുവോ അതു വെളിപ്പെടുത്തുകയും പൂർവോപരി അതു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ രക്ഷാകരകർമത്തിലൂടെ ക്രിസ്തു സൃഷ്ടിയെ പാപത്തിൽനിന്നും മരണത്തിൽ നിന്നും മോചിപ്പിക്കുകയും അതിനെ പുനഃപ്രതിഷ്ഠിച്ച്‌ അവിടുത്തെ മഹത്ത്വത്തിനുവേണ്ടി പിതാവിനു തിരിച്ചു നൽകുകയും ചെയ്യുന്നു. ശിരസ്സായ ക്രിസ്തുവിന്റെ കൃതജ്ഞതാപ്രകടനത്തിലുള്ള പങ്കാളിത്തമാണ്‌ അവയവങ്ങളുടെ കൃതജ്ഞതാപ്രകടനം.

യാചനാപ്രാർഥനയിലെന്നപോലെ ഏത്‌ സംഭവവും ഏത്‌ ആവശ്യവും കൃതജ്ഞതാപ്രകടനത്തിനു കാരണമാകാം. വിശുദ്ധപൗലോസിന്റെ ലേഖനങ്ങൾ പലപ്പോഴും ആരംഭിക്കുന്നതും അവസാനിക്കുന്നതും കൃതജ്ഞതാപ്രകടനത്തോടെയാണ്‌. കർത്താവായ യേശു അതിൽ എപ്പോഴും സന്നിഹിതനാണ്‌. “എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ, ഇതാണു യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുളള ദൈവഹിതം.” “കൃതജ്ഞതാഭരിതരായി ഉണർന്നിരുന്നു നിരന്തരം പ്രാർഥിക്കുവിൻ.” 

V. സ്തുതിയുടെ പ്രാർഥന

ദൈവത്തെ ദൈവമായി നേരിട്ട്‌ അംഗീകരിക്കുന്ന പ്രാർഥനാരുപമാണ്‌ സ്തുതിപ്പ്‌. അതു ദൈവത്തെ അവിടുത്തെപ്രതി മാത്രം പ്രകീർത്തിക്കുന്നു. ദൈവം എന്തു ചെയ്യുന്നു എന്നതിനപ്പുറം അവിടുന്ന്‌ ആകുന്നു എന്ന കാരണം മുൻനിറുത്തിയുള്ള പുകഴ്ത്തലാണത്‌. ദൈവത്തെ മഹത്ത്വത്തിൽ ദർശിക്കുന്നതിനുമുൻപ്‌ വിശ്വാസത്തിൽ സ്നേഹിക്കുന്ന നിർമലഹൃദയരുടെ അനുഗൃഹീതമായ സൗഭാഗ്യത്തിൽ അതു പങ്കുചേരുന്നു. അതുവഴി നാം ദൈവമക്കളാണെന്നു സാക്ഷ്യപ്പെടുത്താൻ ദൈവാത്മാവു നമ്മുടെ ആത്മാവിനോടു കൂട്ടുചേരുന്നു. ആരിൽ നാം ദത്തെടുക്കപ്പെടുകയും ആരാൽ നാം പിതാവിനെ മഹത്ത്വീകരിക്കുകയും ചെയ്യുന്നുവോ ആ ഏകജാതനെപ്പറ്റിയുള്ള സാക്ഷ്യമാണത്‌. സ്തുതിപ്പു മറ്റു പ്രാർഥനാരീതികളെയും ആശ്ശേഷിക്കുന്നു. അതിന്റെ ഉറവിടവും ലക്ഷ്യവുമായുളളവനിലേക്ക്‌ അവയെ നയിക്കുകയും ചെയ്യുന്നു: “ആരാണോ സർവവും സൃഷ്ടിച്ചത്‌, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌ ആ ഏക ദൈവമായ പിതാവിലേക്ക്‌." 

വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിൽ പലപ്പോഴും ക്രിസ്തുവിന്റെ അദ്ഭുതകൃത്യങ്ങളെപ്പറ്റി വിസ്മയവും സ്തുതിയും പ്രകടമാക്കുന്നു. അപ്പസ്തോല പ്രവർത്തനങ്ങളിൽ അവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണെന്ന്‌ ഊന്നിപ്പറയുന്നു: ജറുസലെമിലെ സമൂഹം, പത്രോസും യോഹന്നാനും സുഖപ്പെടുത്തിയ രോഗി, അതിന്റെപേരിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിയ ജനക്കൂട്ടം, “സന്തോഷിക്കുകയും ദൈവവചനത്തെ സ്തുതിക്കുകയും ചെയ്ത” പീസിദിയാക്കാരായ വിജാതീയർ.
സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ; ഗാനാലാപങ്ങളാൽ പുർണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ." പുതിയനിയമത്തിലെ ദൈവനിവേശിതരായ എഴുത്തുകാരെപ്പോലെ, ആദിമ ക്രൈസ്തവസമുഹവും സങ്കീർത്തഗ്രന്ഥം പുനർവായിച്ചത്‌ അവയിലൂടെ ക്രിസ്തുവിന്റെ രഹസ്യം ആലപിച്ചുകൊണ്ടാണ്. ദൈവം തന്റെ പുത്രനിലൂടെ നിർവഹിച്ച അഭൂതപൂർവമായ സംഭവങ്ങളുടെ-യേശുവിന്റെ മനുഷ്യാവതാരം, മരണത്തെകീഴടക്കിയ അവിടുത്തെ മരണം, അവിടുത്തെ ഉയിർത്തെഴുന്നേൽപ്‌, പിതാവിന്റെ വലത്തുഭാഗത്തേക്കുള്ള സ്വർഗാരോഹണം-വെളിച്ചത്തിൽ, ആത്മാവിന്റെ നവീനത ഉൾക്കൊണ്ട്‌ അവർ പ്രാർഥനാഗാനങ്ങളും സ്തോത്രഗീതങ്ങളും രചിച്ചു; രക്ഷാകരപ്രക്രിയ മുഴുവന്റെയും ഈ വിസ്മയാവഹമായ പ്രവർത്തനത്തിൽ നിന്നുയരുന്നതത്രേ സ്തുതിഗീതം, ദൈവസ്തുതി.'
“ഉടൻ സംഭവിക്കേണ്ടവയുടെ" വെളിപ്പെടുത്തൽ അഥവാ വെളിപാട്‌ - സ്വർഗീയ ആരാധനയൂടെ ഗാനങ്ങളോടൊപ്പവും “സാക്ഷികളുടെ” (രക്തസാക്ഷികളുടെ) മാധ്യസ്ഥൃത്താലും നിർവഹിക്കപ്പെടുന്നു. പ്രവാചകൻമാരും വിശുദ്ധരും യേശുവിനു സാക്ഷ്യം വഹിച്ചതിനാൽ ഈ ഭുമുഖത്തു വധിക്കപ്പെട്ട എല്ലാവരും, മഹാദുരിതത്തിലൂടെ കടന്ന്‌ നമുക്കു മുൻപേ ദൈവരാജ്യത്തിലേക്കു പ്രവേശിച്ചവരും, സിംഹാസനത്തിൽ ഇരിക്കുന്നവന്റെയും കുഞ്ഞാടിന്റെയും സ്തുതിയും മഹത്ത്വവും പ്രകീർത്തിക്കുന്നു. അവരുമായി ഐക്യപ്പെട്ടു ഭൂമിയിലുള്ള സഭയും പരീക്ഷണങ്ങളുടെ മധ്യേ വിശ്വാസത്തോടെ ഈ ഗീതങ്ങൾ ആലപിക്കുന്നു. യാചനയാലും മാധ്യസ്ഥ്യത്താലും വിശ്വാസം എല്ലാ പ്രത്യാശയ്ക്കുമെതിരേ പ്രത്യാശ പുലർത്തുകയും “എല്ലാ സംപൂർണദാനവും” ആരിൽനിന്നു നിർഗളിക്കുന്നുവോ ആ “പ്രകാശങ്ങളുടെ പിതാവിനു” നന്ദി അർപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വിശ്വാസം സംശുദ്ധമായ സ്തുതിപ്പാണ്‌.

വിശുദ്ധകുർബാന പ്രാർഥനയുടെ എല്ലാ രൂപങ്ങളും ഉൾക്കൊള്ളുകയും ആവിഷ്കരിക്കുകയും ചെയ്യൂന്നു: ദൈവനാമത്തിന്റെ മഹത്ത്വത്തിനായുളള ക്രിസ്തുവിന്റെ  ശരീരം മുഴുവന്റെയും “സംശുദ്ധമായ സമർപ്പണം” ആണത്‌; പാശ്ചാത്യ പൗരസ്ത്യ പാരമ്പര്യങ്ങളനുസരിച്ച്‌ “സ്തോത്രബലി” ആണത്‌. 

സംഗ്രഹം 

സഭയെ പാഠിപ്പിക്കുകയും യേശു പറഞ്ഞതെല്ലാം അവളെ ഓർമിപ്പിക്കുകയും ചെയ്ത പരിശുദ്ധാത്മാവ്‌ ആരാധന, യാചന, മാധ്യസ്ഥ്യം, കൃതജ്ഞത, സ്തുതിപ്പ് എന്നി അടിസ്ഥാനപരമായ, പ്രാർഥനാരീതികൾക്കു പുതിയ രൂപങ്ങൾ കണ്ടെത്താൻ പ്രചോദനം നൽകുകയും ചെയ്യുന്നു.

ദൈവം മനുഷ്യഹൃദയത്തെ അനുഗ്രഹിക്കുന്നതിനാൽ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ  ദൈവത്തെ പ്രത്യുത്തരമായി വാഴ്ത്താനും മനുഷ്യന് കഴിയും. 

മാപ്പപേക്ഷിക്കൽ, ദൈവരാജ്യത്തിനായുള്ള അന്വേഷണം, യഥാർഥമായ ആവശ്യം - മുതലായവ യാചന പ്രാർഥനയുടെ വിഷയമാണ്‌.

മറ്റുള്ളവർക്കു വേണ്ടിയുള്ള അഭ്യർഥനയാണു മധ്യസ്ഥ പ്രാർഥന. അതിനു പരിധികളൊന്നുമില്ല. ഒരുവന്റെ ശത്രുക്കളിലേക്കും അത് വ്യാപിക്കുന്നു.

ഏതു സന്തോഷവും ഏതു വേദനയും ഏതു സംഭവവും ഏത്‌ ആവശ്യവും കൃതജ്ഞതാപ്രകടനത്തിനുള്ള വിഷയമായിത്തീരാം. ക്രിസ്തുവിന്റെ കൃതജ്ഞതാപ്രകടനത്തോടൊപ്പം അത്‌ ഒരാളുടെ ജീവിതം മുഴുവനെയും നിറയ്ക്കണം. “എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ" (1 Th 5:18). 

സ്തുതിയുടെ പ്രാർഥന ഔദാര്യപൂർണമായി ദൈവത്തിങ്കലേയ്ക്കുയരുന്നു. അവിടുന്ന്‌ എന്തുചെയ്തു എന്നതിനെപ്രതിയല്ല , പിന്നയോ, എന്നതാകുന്നുവോ അതിനെപ്രതി, അവിടുത്തേക്കുവേണ്ടി മാത്രം സ്തുതിയും മഹത്ത്വവും അർപ്പിക്കുന്നു.

സഭയുടെ യുഗത്തിൽ സ്തുതിപ്പും ആരാധനയും യാചനാപ്രാർഥന മധ്യസ്ഥപ്രാർഥന സ്തുതിയുടെ പ്രാർഥന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message