x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പരിശുദ്ധാത്മാവില്‍‍ ഞാൻ‍‍ വിശ്വസിക്കുന്നു

Authored by : Religious teaching of the Catholic Church On 16-Jun-2023

അധ്യായം മൂന്ന്

വകുപ്പ് 8

“പരിശുദ്ധാത്മാവില്‍‍ ഞാൻ‍‍ വിശ്വസിക്കുന്നു”

“ദൈവിക കാര്യങ്ങള്‍‍ ഗ്രഹിക്കാന്‍‍ ദൈവാത്മാവിനല്ലാതെ മറ്റാര്‍‍ക്കും സാധ്യമല്ല." ദൈവത്തെ വെളിപ്പെടുത്തുന്ന ആത്മാവ്‌, അവിടുത്തെ സജീവവചനമായ ക്രിസ്തുവിനെ നമുക്കു വെളിപ്പെടുത്തുന്നു, എന്നാല്‍‍ തന്നെപ്പറ്റിത്തന്നെ പറയുന്നില്ല. “പ്രവാചകരിലൂടെ സംസാരിച്ച” ആത്മാവ്‌, നമ്മെ പിതാവിന്റെ വചനം കേള്‍‍പ്പിക്കുന്നു. പക്ഷേ, നാം ആത്മാവിനെ കേള്‍‍ക്കുന്നില്ല. അവിടുന്നു നമുക്കു വചനത്തെ വെളിപ്പെടുത്തിത്തരുകയും ആ വചനത്തെ വിശ്വാസത്തില്‍‍ സ്വാഗതംചെയ്യാന്‍‍ നമ്മെ സജ്ജരാക്കുകയും ചെയ്യുന്ന പ്രക്രിയയില്‍‍ മാത്രമേ നാം അവിടുത്തെ അറിയുന്നുള്ളൂ. ക്രിസ്തുവിനെ നമുക്കു “വെളിപ്പെടുത്തിത്തരുന്ന” സത്യത്തിന്റെ ആത്മാവു “സ്വമേധയാ സംസാരിക്കുകയില്ല". യഥാര്‍‍ഥത്തില്‍‍ ദിവ്യമായ ഈ മറഞ്ഞിരിക്കല്‍‍, “അവിടുത്തെ സ്വീകരിക്കാന്‍‍ ലോകത്തിനു കഴിയാത്തത്‌, അത്‌ അവിടുത്തെ കാണുകയോ അറിയുകയോ ചെയ്യാത്തതുകൊണ്ടാണെന്നു” വിശദീകരിക്കുന്നു. അതേസമയം ക്രിസ്തുവില്‍‍ വിശ്വസിക്കുന്നവര്‍‍ അവിടുത്തെ അറിയുന്നു. കാരണം, അവിടുന്ന്‌ അവരില്‍‍ വസിക്കുന്നു.

അപ്പസ്തോലന്‍‍മാരുടെ വിശ്വാസത്തില്‍‍ ജീവിക്കുന്ന കൂട്ടായ്മയും പ്രസ്തുത വിശ്വാസത്തെ പകര്‍‍ന്നുകൊടുക്കുന്നവളുമായ സഭയാണു നമുക്ക്‌ പരിശുദ്ധാത്മാവിനെ അറിയാനുള്ള വേദി;

- അവിടുന്നു പ്രചോദിപ്പിച്ച വിശുദ്ധ ലിഖിതങ്ങളില്‍‍;

- സഭാപിതാക്കന്‍‍മാര്‍‍ യഥാര്‍‍ഥത്തില്‍‍ എന്നും സാക്ഷ്യം വഹിച്ചിട്ടുള്ള പാരമ്പര്യത്തിൽ;

- അവിടുത്തെ സഹായമുള്ള സഭയുടെ പ്രബോധനാധികാരത്തില്‍‍;

-പരിശുദ്ധാത്മാവു നമ്മെ വാക്കുകളിലൂടെയും പ്രതീകങ്ങളിലുടെയും ക്രിസ്തുവുമായുള്ള  ഐക്യത്തിലേക്കുകൊണ്ടുവരുന്ന കൗദാശിക ആരാധനയില്‍‍;

- അവിടുന്നു നമുക്കായി മാധ്യസ്ഥ്യം വഹിക്കുന്ന പ്രാര്‍‍ഥനയില്‍‍;

- സഭയെ പടുത്തുയര്‍‍ത്തുന്ന വരങ്ങള്‍‍, ശുശ്രുഷകള്‍‍ എന്നിവയില്‍;‍

- അപ്പസ്തോലികവും പ്രേഷിതവൃത്തിപരവുമായ ജീവിതത്തിന്റെ അടയാളങ്ങളില്‍‍;

-വിശുദ്ധരുടെ സാക്ഷ്യത്തിൽ- അവിടുന്നു തന്റെ വിശുദ്ധി വെളിപ്പെടുത്തുകയും രക്ഷാകര്‍‍മം തുടരുകയും ചെയ്യുന്ന വിശുദ്ധരുടെ സാക്ഷ്യത്തില്‍‍.                                                         

I. പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്തദൗത്യം

നമ്മുടെ ഹൃദയങ്ങളിലേക്കു പിതാവ്‌ അയച്ച അവിടുത്തെ പുത്രന്റെ ആത്മാവു യഥാര്‍‍ഥത്തിൽ ദൈവമാണ്‌. പിതാവിനോടും പുത്രനോടും ഏകസത്തയായിട്ടുള്ള പരിശുദ്ധാത്മാവ് ത്രിത്വത്തിന്റെ ആന്തരികജീവിതത്തിലും ലോകത്തിനു നല്‍‍കുന്ന അവിടുത്തെ സ്നേഹത്തിന്റെ ദാനത്തിലും അവരില്‍‍ നിന്നുവേര്‍‍പിരിക്കാൻ പാടില്ലാത്തവനാണ്‌. ജീവദായകവും ഏകസത്തയോടുകൂടിയതും അവിഭാജ്യവുമായ പരിശുദ്ധത്രിത്വത്തെ ആരാധിക്കുന്ന സഭയുടെ വിശ്വാസം, ആ വ്യക്തികളുടെ വ്യത്യസ്തതയെ ഏറ്റുപറയുന്നുണ്ട്‌. പിതാവു തന്റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്റെ ആത്മാവിനെക്കുടെ അയയ്ക്കുന്നു. പുത്രനും പരിശുദ്ധാത്മാവും തങ്ങളുടെ രണ്ടുപേരുടെയും സംയുക്തദൗത്യത്തിൽ വൃത്യസ്തരാണ്‌; പക്ഷേ, വേര്‍‍പിരിക്കാനാവാത്തവരുമാണ്‌. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായഛായയായി കാണപ്പെട്ടതാണ്‌ ക്രിസ്തു. പക്ഷേ, ആത്മാവാണ്‌ അവിടുത്തെ വെളിപ്പെടുത്തുന്നത്‌.

യേശുവാണ്‌ ക്രസ്തു-“ അഭിഷിക്തന്‍‍”. എന്തെന്നാല്‍‍, ആത്മാവ്‌ അവിടുത്തെ അഭിഷേകമാണ്‌. മനുഷ്യാവതാരംമുതല്‍‍ സംഭവിക്കുന്നതെല്ലാം ഈ പൂര്‍‍ണതയില്‍‍ നിന്ന്‌ ഉദ്ഭവിക്കുന്നതാണ്‌. ക്രിസ്തു മഹത്ത്വീകൃതനാകുമ്പോള്‍‍ പിതാവിനോടൊപ്പമുള്ള തന്റെ സ്ഥാനത്തുനിന്ന്‌ അവിടുത്തേക്കു പരിശുദ്ധാത്മാവിനെ, തന്നിൽ വിശ്വസിക്കുന്നവരിലേക്ക്‌ അയയ്ക്കുവാൻകഴിയും: അവിടുന്നു തന്റെ മഹത്ത്വത്തെ,അതായത്‌, തന്നെ മഹത്ത്വപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ അവര്‍‍ക്കു പ്രദാനം ചെയ്യുന്നു.” ആ സമയംമുതല്‍‍ ഈ സംയുക്തദൗത്യം പിതാവു തന്റെ പുത്രന്റെ ശരീരത്തില്‍‍ ദത്തെടുത്ത മക്കളില്‍‍ പ്രകടമാകും: ആത്മാവിന്റെ ദത്തെടുക്കല്‍‍ ദൗത്യം അവരെ ക്രിസ്തുവിനോട്‌ ഐക്യപ്പെടുത്താനും അവരെ അവിടുന്നില്‍‍ ജീവിപ്പിക്കാനുമുള്ളതാണ്‌:

പുത്രനും ആത്മാവും തമ്മിൽ അകലമുണ്ടെന്നു വിചാരിക്കേണ്ടതില്ലെന്ന്‌... അഭിഷേകമെന്ന ആശയം സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഉപരിതലത്തിന്റെയും എണ്ണകൊണ്ടുള്ള അഭിഷേകത്തിന്റെയും ഇടയില്‍‍ എന്തെങ്കിലും ഉണ്ടെന്നു യഥാര്‍‍ഥത്തിൽ ബുദ്ധിയോ ഇന്ദ്രിയജ്ഞാനമോ അറിയുന്നില്ല. അതുപോലെ പുത്രന് ആത്മാവിനോടുള്ള സമ്പര്‍‍ക്കം ഇടനിലയില്ലാത്ത ഒന്നാണ്‌. അങ്ങനെ, ആരെങ്കിലും വിശ്വാസംവഴി പുത്രനോടുബന്ധപ്പെടുമ്പോള്‍‍, സമ്പര്‍‍ക്കംവഴി ആദ്യം എണ്ണയുമായി ബന്ധപ്പെടണം. യഥാര്‍‍ഥത്തില്‍‍ പരിശുദ്ധാത്മാവിനാല്‍‍ ആവ‍ൃതമാകാത്ത ഒരു ഭാഗവുമില്ല; അതുകൊണ്ടാണ്‌ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍‍ പുത്രന്റെ കര്‍‍ത്തൃത്വത്തെക്കുറിച്ചുള്ള ഏറ്റുപറച്ചില്‍‍ പരിശുദ്ധാത്മാവില്‍‍ നടത്തുന്നത്‌. വിശ്വാസത്തോടെ പുത്രനെ സമീപിക്കുന്നവരിലേക്ക്‌ ആത്മാവ് എല്ലാവശത്തുനിന്നും വരുന്നു.

II. പരിശുദ്ധാത്മാവിന്റെ പേരും സംജ്ഞകളും പ്രതീകങ്ങളും

പരിശുദ്ധാത്മാവിന്റെ യഥാര്‍‍ഥനാമം:

പിതാവിനോടും പുത്രനോടുമൊപ്പം നാം ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നവന്റെ യഥാര്‍‍ഥ നാമം “പരിശുദ്ധാത്മാവ്‌” എന്നാണ്‌. ഈ പേര് സഭ കര്‍‍ത്താവില്‍‍നിന്നു സ്വീകരിച്ചു. അവളുടെ നവജാതരുടെ മാമ്മോദീസയില്‍‍ അത്‌ ഏറ്റുപറയുകയും ചെയ്യുന്നു.

ഹീബ്രുഭാഷയിലുള്ള റൂവാഹ് (Ruah) എന്ന വാക്കിന്റെ തര്‍‍ജ്ജുമയാണ്‌ ആത്മാവ്‌ എന്ന പദം. ആ വാക്കിന്റെ പ്രഥമാര്‍‍ഥം ശ്വാസം, വായു, കാറ്റ്‌ എന്നിവയാണ്‌. വൃക്തിപരമായി ദൈവത്തിന്റെ ശ്വാസമായിട്ടുള്ള ദൈവികാത്മാവിന്റെ സര്‍‍വാതീതമായ നവീനത്ത്വത്തെ നിക്കേദേമൂസിനോടു സൂചിപ്പിക്കാന്‍‍ യേശു യഥാര്‍‍ഥത്തില്‍‍ ഇന്ദ്രിയസിദ്ധമായ കാറ്റ് എന്ന പ്രതീകം ഉപയോഗിക്കുന്നു. വേറൊരുവിധത്തിൽ “ആത്മാവ്‌ ”, “പരിശുദ്ധന്‍‍ ” എന്നിപദങ്ങള്‍‍ മൂന്നു ദൈവികവ്യക്തികള്‍‍ക്കും പൊതുവായിട്ടുള്ള ദൈവികവിശേഷണങ്ങളാണ്‌. ഈ രണ്ടുവാക്കുകളെയും യോജിപ്പിച്ചുകൊണ്ടു വിശുദ്ധഗ്രന്ഥവും ആരാധനക്രമവും, ദൈവശാസ്ത്രഭാഷയും, പരിശുദ്ധാത്മാവെന്ന അവാച്യനായ വ്യക്തിയെ സൂചിപ്പിക്കുന്നു. “ആത്മാവ്‌”, “പരിശുദ്ധൻ” എന്നീ വാക്കുകളുടെ മറ്റുള്ള പ്രയോഗങ്ങളോടു യാതൊരു സമാനതയുമില്ലാതെയാണ്‌ ഈ പദങ്ങള്‍‍ ഉപയോഗിക്കപ്പെടുന്നത്‌.

പരിശുദ്ധാത്മാവിന്റെ സംജ്ഞകള്‍‍‍

യേശു പരിശുദ്ധാത്മാവിനെപ്പറ്റി പ്രഘോഷിക്കുകയും വാഗ്ദാനം നടത്തുകയും ചെയ്തപ്പോള്‍ “പാറക്ലേത്ത” എന്ന്‌ അവിടുത്തെ വിളിക്കുന്നു. ഇതിന്റെ വാച്യാര്‍‍ഥം ഒരുവന്റെ പക്ഷത്തേക്കു വിളിക്കപ്പെട്ടവൻ‍ (ad-vocatus) എന്നാണ്‌. “പാറക്ലേത്ത"എന്ന വാക്കു സാധാരണയായി “ആശ്വാസദായകന്‍” (Consoler) എന്നാണു തര്‍‍ജ്ജുമചെയ്യുന്നത്‌. യേശുവാണ്‌ ആദ്യത്തെ ആശ്വാസദായകന്‍‍. കര്‍‍ത്താവു പരിശുദ്ധാത്മാവിനെ “സത്യത്തിന്റെ ആത്മാവ്‌” എന്നുവിളിച്ചു.

അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിലും ലേഖനങ്ങളിലും കൂടെക്കൂടെ പ്രയോഗിക്കുന്ന “പരിശുദ്ധാത്മാവ്‌” എന്ന യഥാര്‍‍ഥനാമം കുടാതെ, വി. പൗലോസിന്റെ ലേഖനങ്ങളില്‍‍ വാഗ്ദാനത്തിന്റെ ആത്മാവ്‌, ദത്തെടുപ്പിന്റെ ആത്മാവ്‌, ക്രിസ്തുവിന്റെ ആത്മാവ്, കര്‍‍ത്താവിന്റെ ആത്മാവ്, ദൈവത്തിന്റെ ആത്മാവ്‌ എന്നീ സംജ്ഞകള്‍‍ കാണാം. വി. പത്രോസിന്റെ ലേഖനത്തില്‍‍ മഹത്ത്വത്തിന്റെ ആത്മാവ്‌ എന്നും കാണുന്നു.

പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍‍

ജലം.

ജലത്തിന്റെ പ്രതീകാത്മകത മാമ്മോദീസയില്‍‍ പരിശുദ്ധാത്മാവു നടത്തുന്ന പ്രവര്‍‍ത്തനത്തെ സൂചിപ്പിക്കുന്നു. കാരണം, പരിശുദ്ധാത്മാവിനെ വിളിച്ചുള്ള പ്രാര്‍ഥനയ്ക്കുശേഷം അതു പുതിയ ജനനത്തിന്റെ ഫലപ്രദമായ കൗദാശികാടയാളമായിത്തീരുന്നു. നമ്മുടെ പ്രഥമ ജനനത്തിനുമുൻപു നാം ഗര്‍‍ഭത്തിൽ‍ സംവഹിക്കപ്പെട്ടതു ജലത്തിലായിരുന്നു. അതുപോലെ, ദൈവികജീവനിലേക്കുള്ള നമ്മുടെ ജനനം നമുക്കു പരിശുദ്ധാത്മാവിലാണു നല്‍‍കപ്പെടുന്നതെന്നു മാമ്മോദീസാജലം യഥാർഥത്തില്‍‍ സൂചിപ്പിക്കുന്നു. “നാം എല്ലാവരും ഒരേ ആത്മാവിനാല്‍‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ളതുപോലെ” “ഒരേ ആത്മാവില്‍‍നിന്നു പാനംചെയ്യാന്‍‍ വിളിക്കപ്പെട്ടവരുമാണ്‌”. അങ്ങനെ പരിശുദ്ധാത്മാവ്‌ വ്യക്തിപരമായി, ക്രൂശിതനായ ക്രിസ്തുവാകുന്ന ഉറവിടത്തിൽനിന്നു പുറപ്പെടുകയും, നമ്മില്‍‍ നിത്യജീവനിലേക്ക്‌ ഉദ്ഗമിക്കുകയും ചെയ്യുന്ന സജീവജലംകൂടിയാണ്‌.

അഭിഷേകം.

എണ്ണകൊണ്ടുള്ള അഭിഷേകവും പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്‌. അങ്ങനെ അത്‌ പരിശുദ്ധാത്മാവിന്റെ പര്യായമായിത്തീരുന്നു. ക്രൈസ്തവ ഉപനയനത്തില്‍‍ (Christian initiation), ലേപനം സ്ഥിരീകരണത്തിന്റെ കൗദാശികാടയാളമാണ്‌. സ്ഥിരീകരണത്തെ പൗരസ്ത്യസഭകളില്‍‍ “മുറോന്‍‍ അഭിഷേകം” (Chrismation) എന്നാണു പറയുന്നത്‌. പരിശുദ്ധാത്മാവു നടത്തിയ പ്രാഥമികാഭിഷേകത്തോട്, യേശുവിന്റെ അഭിഷേകത്തോട്, ബന്ധപ്പെടുത്തി മാത്രമേ അതിന്റെ പൂര്‍‍ണമായ ശക്തിഗ്രഹിക്കുവാന്‍‍ കഴിയുകയുള്ളൂ. ക്രിസ്തു (ഹീബ്രുഭാഷയില്‍‍ “മിശിഹാ”) എന്നതിനു ദൈവത്തിന്റെ ആത്മാവാല്‍‍ “അഭിഷേകം ചെയ്യപ്പെട്ടവന്‍‍ ” എന്നാണര്‍‍ഥം. പഴയ ഉടമ്പടിയില്‍‍ കര്‍‍ത്താവിന്റെ അഭിഷിക്തന്‍‍‍മാര്‍‍ പലരുണ്ടായിരുന്നു. അവരില്‍‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണു ദാവിദുരാജാവ്‌. എന്നാല്‍‍, യേശു അതുല്യമായരിതിയില്‍‍ ദൈവത്തിന്റെ അഭിഷിക്തനാണ്: പുത്രന്‍‍ ആദാനംചെയ്ത മനുഷ്യപ്രകൃതി പരിശുദ്‌ധാത്മാവിനാല്‍‍ സമഗ്രമായി അഭിഷേകം ചെയ്യപ്പെട്ടതായിരുന്നു. പരിശുദ്ധാത്മാവ്‌ അവിടുത്തെ “ക്രിസ്തു” ആയി സ്ഥാപിച്ചു. കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍‍ ക്രിസ്തുവിനെ ഗര്‍‍ഭംധരിച്ചു. ഈ പരിശുദ്ധാത്മാവു മാലാഖവഴി യേശുവിന്റെ ജനനത്തില്‍‍ അവിടുത്തെ ക്രിസ്തുവായി പ്രഖ്യാപിച്ചു. ക‍ര്‍‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതിനു ദൈവാലയത്തിലേക്കു വരുവാന്‍‍ ആത്മാവു ശിമയോനെ പ്രേരിപ്പിച്ചു. ക്രിസ്തു ആത്മാവിനാല്‍‍ നിറഞ്ഞവനായിരുന്നു. ആത്മാവിന്റെ ശക്തി അവിടുന്നു നിര്‍‍വഹിച്ച സുഖപ്പെടുത്തലിന്റെയും രക്ഷയുടെയും പ്രവൃത്തികളിലൂടെ, അവിടുന്നില്‍‍ നിന്നു പുറപ്പെട്ടു. അവസാനമായി ആത്മാവാണ്‌ യേശുവിനെ മരിച്ചവരില്‍‍നിന്ന്‌ ഉയിര്‍‍പ്പിച്ചത്‌. അങ്ങനെ തന്റെ മനുഷ്യപ്രകൃതിയില്‍‍ പൂര്‍‍ണമായും “അഭിഷിക്തന്‍ ‍” ആയി സ്ഥാപിക്കപ്പെട്ടു. മരണത്തിൻമേൽ വിജയം കൈവരിച്ച്‌ യേശു പരിശുദ്ധാത്മാവിനെ സമൃദ്ധമായി വര്‍‍ഷിക്കുന്നു. ദൈവപുത്രന്റെ മനുഷ്യപ്രകൃതിയോടുള്ള തങ്ങളുടെ ഐക്യത്തില്‍‍ “വിശുദ്ധര്‍” "ക്രിസ്തുവിന്റെ പൂര്‍‍ണതയുടെ അളവനുസരിച്ച്‌" പൂര്‍‍ണമനുഷ്യനാകുന്നതുവരെ, വി. ആഗസ്തീനോസിന്റെ ശൈലിയില്‍‍ “സംപൂർണ ക്രിസ്തു” ആകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ വര്‍‍ഷിച്ചു കൊണ്ടിരിക്കുന്നു.

അഗ്നി.

ജലം പരിശുദ്ധാത്മാവില്‍‍ നല്‍‍കപ്പെടുന്ന ജനനത്തെയും ജീവന്റെ ഫലദായകത്വത്തെയും വ്യഞ്ജിപ്പിക്കുമ്പോള്‍, അഗ്നി, പരിശുദ്ധാത്മാവിന്റെ പ്രവര്‍‍ത്തനങ്ങളിലെ രൂപാന്തരം വരുത്തുന്ന ഊര്‍‍ജത്തെ സൂചിപ്പിക്കുന്നു. “അഗ്നിപോലെ ഉയര്‍‍ന്നവനും”, “പന്തംപോലെ ജ്വലിക്കുന്ന വാക്കു” ളളവനുമായ ഏലിയാ പ്രവാചകന്റെ പ്രാര്‍‍ഥന, കര്‍‍മലമലയിലെ ബലിവസ്തുവിന്‍‍മേ‍‍ല്‍‍ സ്വര്‍‍ഗത്തിൽനിന്ന്‌ അഗ്നി ഇറക്കിക്കൊണ്ടുവന്നു. അങ്ങനെ, തൊടുന്നതെല്ലാം രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ അഗ്നിയുടെ ഒരു പ്രതിരൂപമായി ഈ സംഭവം. “ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടി കര്‍‍ത്താവിനു മുന്‍പേ പോകുന്ന സ്നാപക യോഹന്നാന്‍‍ “പരിശുദ്ധാത്മാവിനാലും അഗ്നിയാലും മാമ്മോദീസ നല്‍‍കുന്ന” ഒരുവനായി മിശിഹായെ പ്രഖ്യാപിക്കുന്നു. ആത്മാവിനെപ്പറ്റി യേശു ഇങ്ങനെ പറയും: “ഞാൻ‍ ഭൂമിയില്‍‍ തീയിടാന്‍‍ വന്നു; അത്‌ ഇതിനകം കത്തിയിരുന്നെങ്കില്‍‍ എന്നു ഞാനാഗ്രഹിക്കുന്നു." പന്തക്കുസ്താ ദിവസം രാവിലെ പരിശുദ്ധാത്മാവ്‌ “അഗ്നിയുടേതെന്നപോലെ” യുള്ള നാവുകളുടെ രൂപത്തില്‍‍ ശിഷ്യൻമാരുടെമേല്‍‍ ആവസിക്കുകയും അവരെ തന്നെക്കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. അഗ്നിയുടെ ഈ പ്രതീകാത്മകതയെ ആധ്യാത്മികപാരമ്പര്യം, പരിശുദ്ധാത്മാവിന്റെ പ്രവര്‍‍ത്തനങ്ങളുടെ ഏറ്റവും പ്രകടമായ പ്രതീകങ്ങളില്‍‍ ഒന്നായി കാത്തുസൂക്ഷിച്ചു: "ആത്മാവിനെ കെടുത്തരുത്‌".

മേഘവും പ്രകാശവും.

പരിശുദ്ധാത്മാവിന്റെ വെളിപ്പെടലുകളില്‍‍ ഈ രണ്ടു പ്രതീകങ്ങളും അവിഭാജ്യമാണ്‌. പഴയനിയമത്തില്‍‍ ദൈവത്തിന്റെ പ്രത്യക്ഷീകരണങ്ങളില്‍‍ മേഘം ചിലപ്പോള്‍‍ അവ്യക്തമായും ചിലപ്പോള്‍‍ പ്രകാശപൂർ‍ണമായും സജീവനും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്തുന്നു. അവിടുത്തെ മഹത്ത്വത്തിന്റെ സർ‍വാതിശായിത്വത്തെ മറച്ചുകൊണ്ടാണ്‌ അപ്രകാരം ചെയ്യുന്നത്‌. മോശയോടുകൂടെ സീനായ്‌ മലയില്‍‍വച്ചും സമാഗമകൂടാരത്തിലും മരുഭൂമിയിലെ അലഞ്ഞുതിരിയലിനിടയിലും സോളമനോടുകൂടെ ദൈവാലയ പ്രതിഷ്ഠയുടെ സമയത്തും അപ്രകാരം വെളിപ്പെടുത്തപ്പെട്ടു. പരിശുദ്ധാത്മാവില്‍‍ ക്രിസ്തു ഈ പ്രതിരൂപങ്ങളെ പൂർ‍ത്തീകരിക്കുന്നു. കന്യകാമറിയം യേശുവിനെ ഗർ‍ഭംധരിക്കേണ്ടതിനും പ്രസവിക്കേണ്ടതിനുമായി ആത്മാവ്‌ അവളുടെമേല്‍‍ വരുകയും അവളുടെമേല്‍‍ “നിഴലിക്കുകയും" ചെയ്യുന്നു. രൂപാന്തരീകരണത്തിന്റെ മലയില്‍‍വച്ച്‌, ആത്മാവ്‌ “മേഘത്തില്‍‍ വരുകയും” യേശു, മോശ, ഏലിയാ, പത്രോസ്, യാക്കോബ്, യോഹന്നാന്‍‍ എന്നിവരുടെമേല്‍‍ “നിഴലിക്കുകയും” ചെയ്തു. “മേഘത്തില്‍‍നിന്ന്‌ ഒരു സ്വരം കേട്ടു: 'ഇവന്‍‍ എന്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രന്‍‍; ഇവനെ ശ്രവിക്കുക". അവസാനമായി യേശുവിനെ, അവിടുത്തെ സ്വർ‍ഗാരോഹണദിവസം ശിഷ്യന്‍‍മാരുടെ ദൃഷ്ടിയില്‍‍നിന്നു മേഘം മറച്ചു. അവിടുത്തെ അന്തിമാഗമന ദിവസത്തില്‍‍ മനുഷ്യപുത്രനെ അവിടുത്തെ മഹത്വത്തില്‍‍ അതു വെളിപ്പെടുത്തുകയും ചെയ്യും.

മുദ്ര.

അഭിഷേകത്തിന്റെ പ്രതീകത്തോട്‌ അടുത്ത ബന്ധമുള്ള ഒന്നാണു മുദ്ര എന്ന പ്രതീകം. ക്രിസ്തുവിന്റെമേല്‍‍ “പിതാവായ ദൈവം തന്റെ മുദ്ര വച്ചു.” അവിടുന്നില്‍‍ നമ്മുടെമേലും പിതാവ്‌ മുദ്രവയ്ക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കുദാശകളില്‍‍ പരിശുദ്ധാത്മാവിനാലുള്ള അഭിഷേകത്തിന്റെ മായ്ക്കാനാവാത്ത ഫലത്തെ ഈ മുദ്ര സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ ചില ദൈവശാസ്ത്രപാരമ്പര്യങ്ങളില്‍‍ മുദ്രയുടെ(sphragis) പ്രതീകം, അനാവർ‍ത്തനക്ഷമമായ ഈ മൂന്നു കൂദാശകളും പതിക്കുന്ന മായ്ക്കാനാവാത്ത “സവിശേഷ അടയാളത്തെ” വ്യക്തമാക്കുന്നതാണ്‌.

കരം.

യേശുരോഗികളുടെമേല്‍‍ കരങ്ങള്‍‍വച്ച്‌ അവരെ സുഖപ്പെടുത്തുകയും ശിശുക്കളുടെമേല്‍‍ കരങ്ങള്‍‍വച്ച്‌ അവരെ ആശീർ‍വദിക്കുകയും ചെയ്യുന്നു. അവിടുത്തെ നാമത്തില്‍‍ അപ്പസ്തോലന്‍മാർ‍ അതുതന്നെ ചെയ്യുന്നു. ഇതിലും ശ്രദ്ധേയമായവിധത്തില്‍‍ അപ്പസ്‌തോലന്‍‍മാരുടെ കൈവയ്പുവഴിയാണു പരിശുദ്ധാത്മാവു നല്‍‍കപ്പെടുന്നത്‌. ഹെബ്രായർക്കുള്ളലേഖനം അതിന്റെ പ്രബോധനത്തിന്റെ “മൗലികഘടകങ്ങളില്‍‍” കൈവയ്പ്‌ ഉള്‍‍പ്പെടുത്തുന്നു. സഭ, പരിശുദ്ധാത്മാവിന്റെ സർ‍വശക്തമായ നിർ‍ഗമിപ്പിക്കലിന്റെ ഈ അടയാളത്തെ സഭയുടെ കൂദാശകളിലെ റൂഹാക്ഷണ പ്രാർ‍ഥനകളില്‍‍ (epicleses) കാത്തുസൂക്ഷിച്ചിട്ടുണ്ട്‌.

കൈവിരല്‍.

“ദൈവത്തിന്റെ വിരല്‍‍ കൊണ്ടാണ്‌ [യേശു] പിശാചുക്കളെ പുറത്താക്കിയത്‌. "ദൈവത്തിന്റെ നിയമം “ദൈവത്തിന്റെ വിരല്‍‍കൊണ്ടാണു” കല്‍‍പലകകളില്‍‍ എഴുതപ്പെട്ടതെങ്കില്‍‍, അപ്പസ്തോലൻമാരുടെ സൂക്ഷത്തിന് ഏല്‍പിക്കപ്പെട്ട “ക്രിസ്തുവില്‍‍ നിന്നുള്ള എഴുത്ത്‌” ആലേഖനം ചെയ്യപ്പെട്ടത്‌ "ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനാലാണ്‌; കല്‍‍പലകകളിലല്ല, ഹൃദയത്തിന്റെ മാംസള പലകകളിലാണ്‌ അത്‌ ആലേഖനം ചെയ്യപ്പെട്ടത്‌.” സ്രഷ്ടാവായ ആത്മാവേ എഴുന്നെള്ളി വരണമേ! എന്നു തുടങ്ങുന്ന കീർ‍ത്തനത്തില്‍‍, പരിശുദ്ധാത്മാവിനെ “പിതാവിന്റെ വലത്തുകയ്യിലെ വിരല്‍‍” എന്നാണു വിളിക്കുന്നത്‌.

പ്രാവ്‌.

ജലപ്രളയത്തിന്റെ (ഇതിന്റെ പ്രതീകാത്മകത മാമ്മോദീസയോടു ബന്ധപ്പെട്ടതാണ്‌) അവസാനം നോഹ വിട്ടയച്ച പ്രാവ്‌ ഒരു ഒലിവുമരക്കൊമ്പു കൊത്തിക്കൊണ്ടുവന്നു. ഭൂമി വീണ്ടും മനുഷ്യവാസയോഗ്യമായി എന്നതിന്റെ അടയാളമായിരുന്നു അത്‌. യേശു മാമ്മോദീസാ ജലത്തില്‍‍നിന്നു പുറത്തുവരുമ്പോള്‍‍ പരിശുദ്ധാത്മാവ്‌ ഒരു പ്രാവിന്റെ രൂപത്തില്‍‍ അവിടുത്തെമേല്‍‍ ഇറങ്ങിവന്ന് അവിടുന്നില്‍‍ ആവസിക്കുന്നു. മാമ്മോദീസ സ്വീകരിച്ചവരുടെ പവിത്രീകൃതമായ ഹൃദയങ്ങളില്‍‍ ആത്മാവ്‌ ഇറങ്ങിവന്നു വസിക്കുന്നു. ചില പള്ളികളില്‍ ദിവ്യകാരുണ്യം സൂക്ഷിക്കുന്നതു ലോഹംകൊണ്ടു പ്രാവിന്റെ രൂപത്തില്‍‍ നിർ‍മിച്ചിട്ടുള്ളതും (columbarium) അള്‍‍ത്താരയ്ക്കുമുകളില്‍ തൂക്കിയിട്ടുള്ളതുമായ ഒരു പാത്രത്തിലാണ്‌. പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍‍ ക്രൈസതവചിത്രകല പരമ്പരാഗതമായി ഒരു പ്രാവിന്റെ ചിത്രം ഉപയോഗിക്കുന്നു.

III. ദൈവത്തിന്റെ ആത്മാവും വചനവും വാഗ്ദാനങ്ങളുടെ കാലത്ത്‌

ആദിമുതല്‍‍ “സമയത്തിന്റെ തികവ്‌"വരെ പിതാവിന്റെ വചനവും ആത്മാവും ഒന്നിച്ചു നിർ‍വഹിക്കുന്ന ദൗത്യം നിഗൂഢമായി നിലകൊള്ളുന്നു, എങ്കിലും അതു പ്രവർ‍ത്തനനിരതമാണ്‌. ദൈവത്തിന്റെ ആത്മാവു മിശിഹായുടെ കാലത്തിനായുള്ള ഒരുക്കം നടത്തുന്നു. അവരിരുവരും പൂർ‍ണമായി വെളിവാക്കപ്പെട്ടിട്ടില്ല. പക്ഷേ, അവർ‍ക്കായി കാത്തിരിക്കാനും അവരുടെ പ്രത്യക്ഷപ്പെടലില്‍‍ അവരെ സ്വാഗതം ചെയ്യാനുംവേണ്ടി വാഗ്ദാനം ചെയ്യപ്പെട്ടവരാണ്‌ അവർ‍. ഇക്കാരണത്താല്‍‍, സഭ പഴയനിയമം വായിക്കുമ്പോള്‍‍” പ്രവാചകന്‍‍മാർ‍വഴി സംസാരിച്ച” ആത്മാവു ക്രിസ്തുവിനെപ്പറ്റി നമ്മോട്‌ എന്തുപറയാന്‍‍ ആഗ്രഹിക്കുന്നു എന്നാണ്‌ അന്വേഷിക്കുന്നത്‌.

പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്ള എല്ലാ വിശുദ്ധ്രഗന്ഥങ്ങളുടെയും രചനയില്‍‍ പരിശുദ്ധാത്മാവ്‌ പ്രചോദിപ്പിച്ച എല്ലാവരെയുമാണ്‌ “പ്രവാചകർ‍” എന്നതുകൊണ്ടു സഭയുടെ വിശ്വാസം ഇവിടെ അർ‍ഥമാക്കുന്നത്‌. ഒന്നാമതായി, നിയമം (ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍‍ അഥവാ പഞ്ചഗ്രന്ഥം) പിന്നീട്‌ പ്രവാചകർ‍ (നാം ചരിത്രപരമായ ഗ്രന്ഥങ്ങളെന്നും പ്രവാചകപരമായ ഗ്രന്ഥങ്ങളെന്നും വിളിക്കുന്നവ) അവസാനമായി ലിഖിതങ്ങള്‍‍ (പ്രത്യേകിച്ചു വിജഞാനസാഹിത്യം; സങ്കീർ‍ത്തനങ്ങളും) എന്നിങ്ങനെ യഹുദപാരമ്പര്യം അവയെ വേർ‍തിരിക്കുന്നു.

സൃഷ്ടികർ‍മത്തില്‍‍

ദൈവത്തിന്റെ വചനവും അവിടുത്തെ നിശ്വാസവും സർ‍വ സൃഷ്ടികളുടെയും അസ്തിത്വത്തിന്റെയും ജീവന്റെയും ഉദ്ഭവത്തില്‍‍ നിലകൊള്ളുന്നു.

സൃഷ്ടിയെ ഭരിക്കുകയും വിശുദ്ധീകരിക്കുകയും സജീവമാക്കുകയും ചെയ്യുക പരിശുദ്ധാത്മാവിന്റെ ധർ‍മമാണ്‌. കാരണം, അവിടുന്നു പിതാവിനോടും പുത്രനോടും സത്തൈക്യമുള്ള ദൈവമാണ്‌... അവിടുന്നു ദൈവമായിരിക്കുകയാല്‍ അവിടുത്തേക്ക്‌ എല്ലാ സൃഷ്ടികളുടെയുംമേല്‍‍ അധികാരമുണ്ട്‌. പിതാവിലും പുത്രനിലും അവിടുന്ന്‌ അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.

“ദൈവം സ്വന്തം കൈകള്‍‍കൊണ്ട്‌ [അതായത്‌ പുത്രനും, പരിശുദ്ധാത്മാവും] മനുഷ്യനെ രൂപപ്പെടുത്തുകയും ദൃശ്യമായതുപോലും ദൈവികരൂപം ധരിക്കത്തക്കവിധത്തില്‍‍ ആ ശരീരത്തില്‍‍ തന്റെതന്നെ രൂപം പതിക്കുകയും ചെയ്തു.

വാഗ്ദാനത്തിന്റെ ആത്മാവ്‌

പാപത്താലും മരണത്താലും വികൃതനാക്കപ്പെട്ട മനുഷ്യന്‍‍ “ദൈവത്തിന്റെ ഛായയില്‍”, പുത്രന്റെ ഛായയില്‍‍, എന്നാല്‍‍, “ദൈവത്തിന്റെ മഹത്ത്വം", അവിടുത്തെ “സാദൃശ്യം”, നഷ്ടപ്പെട്ടവനായി നിലനില്ക്കുന്നു. അബ്രാഹത്തോടു ചെയ്ത വാഗ്‌ദാനം രക്ഷയുടെ പദ്ധതിയെ ഉദ്ഘാടനം ചെയ്യുന്നു. അതിന്റെ പരിസമാപ്തിയില്‍‍ പുത്രന്‍‍തന്നെ ആ "ഛായയെ” ആദാനം ചെയ്യുകയും പിതാവിന്റെ “സാദൃശ്യത്തില്‍‍”, അതിനു വീണ്ടും അതിന്റെ മഹത്ത്വമായ, “ജീവദാതാവായ” ആത്മാവിനെ നല്‍‍കിക്കൊണ്ട്‌ അതിനെ പുന:സ്ഥാപിക്കുകയും ചെയ്യും.

എല്ലാ മാനുഷികപ്രതീക്ഷകള്‍‍ക്കും വിപരീതമായി ദൈവം അബ്രാഹത്തിന്‌, വിശ്വാസത്തിന്റെയും പരിശുദ്ധാത്മാവിന്റെ ശക്തിയുടെയും ഫലമായിട്ടുള്ള സന്തതികളെ വാഗ്ദാനം ചെയ്യുന്നു. അബ്രാഹത്തിന്റെ സന്തതിയില്‍‍ ഭൂമിയിലെ സർ‍വജനതകളും അനുഗ്രഹിക്കപ്പെടും. ക്രിസ്തുതന്നെയായിരിക്കും ഈ സന്തതി. പരിശുദ്ധാത്മാവിന്റെ പ്രവഹിക്കല്‍‍ “ചിതറിക്കിടക്കുന്ന ദൈവമക്കളെ ശേഖരിച്ച്‌ അവിടുന്നില്‍‍ ഒന്നിപ്പിക്കും." "ദൈവം തന്റെ പ്രിയപുത്രനെയും താന്‍‍ സ്വന്തമാക്കിയ ഇനത്തില്‍‍ രക്ഷ ഒരുക്കുന്ന “വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെയും” നല്‍‍കുമെന്നു ശപഥം ചെയ്തു സ്വയം പ്രതിജ്ഞാബദ്ധനാകുന്നു.

ദൈവത്തിന്റെ പ്രത്യക്ഷീകരണങ്ങളിലും നിയമത്തിലും

ദൈവത്തിന്റെ പ്രത്യക്ഷീകരണങ്ങള്‍‍ (ദൈവത്തിന്റെ പ്രത്യക്ഷപ്പെടലുകള്‍‍) പൂർ‍വപിതാക്കന്‍‍മാർ‍മുതല്‍‍ മോശവരെയും ജോഷ്വമുതല്‍‍ മഹാപ്രവാചകന്‍‍മാരുടെ ദൗത്യം പ്രോദ്ഘാടനം ചെയ്ത ദർ‍ശനങ്ങള്‍‍വരെയും വാഗ്ദാനത്തിന്റെ മാർ‍ഗത്തെ പ്രകാശിപ്പിക്കുന്നു. പരിശുദ്ധാത്മാവാകുന്ന മേഘത്തില്‍‍ വെളിപ്പെടുത്തപ്പെട്ടും അതേസമയം മറഞ്ഞുമിരിക്കുന്ന ദൈവവചനം ഈ പ്രത്യക്ഷീകരണങ്ങളില്‍‍ കാണപ്പെടുന്നതിനും കേള്‍‍ക്കപ്പെടുന്നതിനും സ്വയം അനുവദിച്ചുവെന്നുക്രെെസ്തവപാരമ്പര്യം എന്നും അംഗീകരിച്ചിട്ടുണ്ട്‌.

ദൈവികമായ ഈ ബോധനരീതി നിയമത്തിന്റെ ദാനത്തില്‍‍ സവിശേഷമായി പ്രത്യക്ഷമാകുന്നു. ദൈവം തന്റെ ജനത്തെ ക്രിസ്തുവിലേക്കു നയിക്കുന്നതിനുവേണ്ടി ഒരു “പ്രബോധകന്‍‍” ആയി നിയമം നല്‍‍കി. എന്നാല്‍‍ ദൈവിക “സാദൃശ്യം” നഷ്ടപ്പെട്ടവനും നിയമം നല്‍‍കുന്ന വർ‍ധമാനമായ പാപബോധമുള്ളവനുമായ മനുഷ്യനെ രക്ഷിക്കാന്‍‍ നിയമം അശക്തമാണ്‌ എന്ന വസ്തുത പരിശുദ്ധാത്മാവിനുവേണ്ടിയുള്ള ആഗ്രഹത്തെ ഉജ്ജീവിപ്പിക്കുന്നു. സങ്കീർ‍ത്തനങ്ങളിലുള്ള വിലാപങ്ങള്‍‍ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്‌.

രാജ്യത്തിലും വിപ്രവാസത്തിലും

ദൈവത്തിന്റെ വാഗ്ദാനത്തിന്റെയും ഉടമ്പടിയുടെയും അടയാളമായ നിയമം, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ നിന്നുദ്ഭവിച്ച ജനത്തിന്റെ ഹൃദയത്തെയും സ്ഥാപനങ്ങളെയും ഭരിക്കേണ്ടതായിരുന്നു. “നിങ്ങള്‍‍ എന്റെ വാക്കു കേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍‍... നിങ്ങള്‍‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും”. എന്നാല്‍‍ ദാവീദിന്റെ കാലത്തിനുശേഷം, മറ്റു ജനങ്ങളുടേതുപോലുള്ള ഒരു രാജ്യമായിത്തീരാനുള്ള പ്രലോഭനത്തിന്‌ ഇസ്രായേല്‍‍ വശംവദയായി. ദാവീദിനു നല്‍‍കപ്പെട്ട വാഗ്ദാനത്തിന്റെ വിഷയമായ രാജ്യം പരിശുദ്ധാത്മാവിന്റെ പ്രവർ‍ത്തനഫലമായിരിക്കും; ഇത്‌ പരിശുദ്ധാത്മാവിനനുസൃതരായ ദരിദ്രരുടേതായിരിക്കും.

നിയമത്തെ വിസ്മരിക്കലും ഉടമ്പടിയോടുള്ള അവിശ്വസ്തതയും മരണത്തിലേക്കു നയിക്കുന്നു. വാഗ്ദാനങ്ങളുടെ പരാജയം എന്നു തോന്നിപ്പിക്കുന്ന വിപ്രവാസമാണു യഥാർ‍ഥത്തില്‍‍ രക്ഷകനായ ദൈവത്തിന്റെ നിഗൂഢമായ വിശ്വസ്തതയും വാഗ്ദാനം ചെയ്യപ്പെട്ടതും എന്നാല്‍‍ പരിശുദ്ധാത്മാവിന്‌ അനുസൃതവുമായ പുന:സ്ഥാപനത്തിന്റെ തുടക്കവും. ദൈവജനം ഈ ശുദ്ധീകരണത്തിനു വിധേയമാകേണ്ടിയിരുന്നു. ദൈവത്തിന്റെ പദ്ധതിയില്‍‍, വിപ്രവാസം, കുരിശിന്റെ നിഴല്‍‍ വഹിക്കുന്നു. വിപ്രവാസത്തില്‍‍നിന്ന്‌ തിരുച്ചുവന്ന പാവപ്പെട്ടവരില്‍‍ അവശേഷിച്ചവർ‍ സഭയുടെ ഏറ്റവും പ്രശോഭിതമായ പ്രതിരൂപങ്ങളില്‍‍ ഒന്നാണ്‌.

മിശിഹായെക്കുറിച്ചും അവിടുത്തെ ആത്മാവിനെക്കുറിച്ചുമുള്ള പ്രതീക്ഷ

“ഇതാ ഞാന്‍‍ ഒരു പുതിയ കാര്യം ചെയ്യുന്നു." രണ്ടു പ്രവാചകസരണികള്‍‍ വികസിക്കേണ്ടിയിരുന്നു. ഒന്നു മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയിലേക്കു നയിക്കുന്നത്‌. മറ്റൊന്ന്‌, പുതിയ ആത്മാവിനെപ്പറ്റിയുള്ള അറിയിപ്പിനെ സൂചിപ്പിക്കുന്നത്‌. “ഇസ്രായേലിന്റെ ആശ്വാസവും" “ജറുസലെമിന്റെ വീണ്ടെടുപ്പും” പ്രത്യാശയോടെ കാത്തിരിക്കുന്ന പാവപ്പെട്ടവരുടേതായ ചെറിയ അവശിഷ്ടജനത്തില്‍‍ അവ രണ്ടും ഒന്നിക്കുന്നു.

യേശുതന്നെക്കുറിച്ചുള്ള പ്രവചനങ്ങള്‍‍ എങ്ങനെ പൂർ‍ത്തിയാക്കുന്നുവെന്നു നാം നേരത്തെകണ്ടു. മിശിഹായും അവിടുത്തെ ആത്മാവും തമ്മിലുള്ളബന്ധം കുടുതല്‍‍ വ്യക്തമാക്കുന്നവ മാത്രമേ നാമിവിടെ പരാമർ‍ശിക്കുന്നുള്ളൂ.

ജനം കാത്തിരുന്ന മിശിഹായുടെ സവിശേഷതകള്‍‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്‌ “എമ്മാനുവേലിന്റെ പുസ്തകത്തിലാണ്‌” (ഏശയ്യ ക്രിസ്തുവിന്റെ മഹത്ത്വം ദർ‍ശിച്ചപ്പോള്‍), പ്രത്യേകിച്ച്‌ പതിനൊന്നാം അധ്യായം ഒന്നും രണ്ടും വാക്യങ്ങളില്‍‍:

ജസ്സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിർ‍ത്തുവരും;
അവന്റെ വേരില്‍‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിർ‍ക്കും.
കർ‍ത്താവിന്റെ ആത്മാവ്‌ അവന്റെ മേല്‍‍ ആവസിക്കും,
ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ആത്മാവ്‌,
ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്‌,
അറിവിന്റെയും കർ‍ത്തൃഭയത്തിന്റെയും ആത്മാവ്‌.

മിശിഹായുടെ സവിശേഷതകള്‍‍, സർ‍വോപരി “ദാസന്റെ പാട്ടുകളില്‍‍ "വെളിവാക്കപ്പെടുന്നു. ഈ ഗാനങ്ങള്‍‍ യേശുവിന്റെ പീഡാനുഭവത്തിന്റെ അർ‍ഥം പ്രഘോഷിക്കുന്നു. അനേകംപേർ‍ക്കു ജീവന്‍‍ നല്‍‍കാനായി അവിടുന്നു പരിശുദ്ധാത്മാവിനെ എങ്ങനെ വർ‍ഷിക്കുമെന്ന്‌ ഈ ഗാനങ്ങള്‍‍ കാണിച്ചുതരുന്നു. പുറമേനിന്നുള്ള ഒരാളെന്നനിലയിലല്ല, “നമ്മുടേതുപോലെയുള്ള ദാസന്റെരൂപം” പുല്‍‍കിക്കൊണ്ടാണ്‌ അവിടുന്ന്‌ അങ്ങനെ ചെയ്യുന്നത്‌. നമ്മുടെ മരണത്തെ തന്റെമേല്‍‍ത്തന്നെ ഏറ്റെടുത്തുകൊണ്ട്‌, തന്റെ ജീവന്റെ ആത്മാവിനെ നമുക്ക്‌ പകർ‍ന്നുതരാന്‍‍ അവിടുത്തേക്കു കഴിയും.

അതുകൊണ്ടാണ്‌ ഏശയ്യായുടെ താഴെക്കാണുന്ന വാക്കുകള്‍‍ തന്റെതാക്കിക്കൊണ്ടു ക്രിസ്തു സദ്വാർ‍ത്താ പ്രഘോഷണം ഉദ്ഘാടനം ചെയ്യുന്നത്‌.

ദൈവമായ കർ‍ത്താവിന്റെ ആത്മാവ്‌ എന്റെമേല്‍‍ ഉണ്ട്‌.
എന്തെന്നാല്‍‍ പാവപ്പെട്ടവരെ സദ്വാർ‍ത്ത അറിയിക്കുന്നതിന്‌
അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ഹൃദയം തകർ‍ന്നവരെ ആശ്വസിപ്പിക്കാനും
തടവുകാർക്കുമോചനവും ബന്ധിതർ‍ക്കു സ്വാതന്ത്യവും പ്രഖ്യാപിക്കാനും
കർ‍ത്താവിന്റെ കൃപാവത്സരം പ്രഘോഷിക്കാനും
അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു. 
 

പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിനെക്കുറിച്ചു നേരിട്ടു പ്രതിപാദിക്കുന്ന പ്രവാചകവാക്യങ്ങളെല്ലാം വാഗ്ദാനത്തിന്റെ ഭാഷയില്‍‍ തന്റെ ജനത്തിന്റെ ഹൃദയത്തോടു ദൈവം സംസാരിക്കുന്ന “സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും” ഊന്നലോടുകൂടിയ പ്രവചനങ്ങളാണ്‌. ഇവ നിറവേറിയതായി പന്തക്കുസ്തയുടെ പ്രഭാതത്തില്‍‍ വി. പത്രോസു പ്രഖ്യാപിക്കും. ഈ വാഗ്ദാനങ്ങളനുസരിച്ച്‌ “അവസാന നാളുകളില്‍ ” കര്‍‍ത്താവിന്റെ ആത്മാവു മനുഷ്യരുടെ ഹൃദയങ്ങളില്‍‍ ഒരു പുതിയനിയമം ആലേഖനം ചെയ്തുകൊണ്ട്‌ അവയെ നവീകരിക്കും. ചിതറിപ്പോയവരും വിഭജിക്കപ്പെട്ടവരുമായ ജനതകളെ അവിടുന്നുശേഖരിക്കുകയും അനുരഞ്ജിപ്പിക്കുകയും ചെയ്യും. അവിടുന്നു പ്രഥമസൃഷ്ടിയെ രൂപാന്തരപ്പെടുത്തും; ദൈവം അവിടെ സമാധാനത്തില്‍‍ മനുഷ്യരോടൊത്തു വസിക്കുകയും ചെയ്യും.

“പാവപ്പെട്ടവരുടേതായ” ജനം, വിനീതരും സൗമ്യശീലരുമായവര്‍‍, തങ്ങളുടെ ദൈവത്തിന്റെ നിഗൂഢപദ്ധതികളെപൂര്‍‍ണമായി ആശ്രയിക്കുന്നവര്‍‍, മനുഷ്യരില്‍‍നിന്ന്‌ നീതികാത്തിരിക്കാതെ മിശിഹായില്‍‍നിന്നു നീതികാത്തിരിക്കുന്നവര്‍‍ - അവസാനം ക്രിസ്തുവിന്റെ വരവിനായി ഒരുക്കുന്ന വാഗ്ദാനങ്ങളുടെ കാലത്തെ പരിശുദ്ധാത്മാവിന്റെ നിഗൂഢപ്രവര്‍‍ത്തനത്തിന്റെ മഹത്തായ ഫലമാണ്‌. പരിശദ്ധാത്മാവിനാല്‍‍ ശുദ്ധീകൃതവും പ്രകാശിതവുമായ ഹൃദയത്തിന്റെ ഈ ഗുണമേന്‍‍മയാണു സങ്കീര്‍‍ത്തനങ്ങളില്‍‍ വിവരിച്ചിരിക്കുന്നത്‌. ഈ പാവങ്ങളില്‍‍, “കര്‍‍ത്താവിനായി പരിപൂര്‍‍ണമായ ഒരുജനത്തെ” പരിശുദ്ധാത്മാവു സജ്ജീകരിക്കുന്നു.

IV. ക്രിസ്തുവിന്റെ ആത്മാവു കാലത്തിന്റെ തികവിൽ

മുന്നോടിയും പ്രവാചകനും സ്നാപകനുമായ യോഹന്നാൻ

"ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. യോഹന്നാൻ എന്നായിരുന്നു അവന്റെ പേര്." യോഹന്നാന്‍‍ “തന്റെ അമ്മയുടെ ഗര്‍‍ഭത്തിലായിരുന്നപ്പോള്‍‍ത്തന്നെ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറഞ്ഞിരുന്നു.” കന്യകാമറിയത്തിൽ പരിശുദ്ധാത്മാവിനാല്‍‍ ഗര്‍‍ഭസ്ഥനായ ക്രിസ്തൂതന്നെയാണ്‌ ഇതിന്‌ ഹേതുവായത്‌. അങ്ങനെ മറിയം എലിസബത്തിനെ സന്ദര്‍‍ശിച്ചത്‌, ദെെവം തൻ്റെ ജനത്തെ സന്ദർശിക്കുന്നതായി ഭവിച്ചു. 

“വരാനിരിക്കുന്ന ഏലിയാ ആണ്‌ യോഹന്നാന്‍‍.” ആത്മാവിന്റെ അഗ്നി അദ്ദേഹത്തില്‍‍ നിവസിക്കുകയും അദ്ദേഹത്തെ സമാഗതനാകുന്ന കര്‍‍ത്താവിന്റെ മുന്നോടിയാക്കുകയും ചെയ്യുന്നു. മുന്നോടിയായ യോഹന്നാനില്‍‍, “കര്‍‍ത്താവിനായി പരിപൂര്‍‍ണമായ ഒരു ജനത്തെ ഒരുക്കുന്ന” ജോലി പരിശുദ്ധാത്മാവു പൂര്‍‍ത്തിയാക്കുന്നു.

യോഹന്നാൻ “പ്രവാചകനെക്കാൾ വലിയവനാണ്." പ്രവാചകരിലൂടെയുള്ള തന്റെ സംഭാഷണത്തെ പരിശുദ്ധാത്മാവു യോഹന്നാനിൽ പൂർത്തിയാക്കുന്നു. ഏലിയായിൽ തുടങ്ങിയ പ്രവാചകരുടെ നിര യോഹന്നാൻ പൂർത്തിയാക്കുന്നു. ഇസ്രായേലിന്റെ ആശ്വാസം സമീപസ്ഥമായിരിക്കുന്നുവെന്ന വസ്തുത അദ്ദേഹം പ്രഘോഷിക്കുന്നു. ആഗതനാകുന്ന ആശ്വാസദായകന്റെ “ശബദ"മാണ് അദ്ദേഹം. സത്യത്തിന്റെ ആത്മാവു ചെയ്യാനിരിക്കുന്നതുപോലെ, യോഹന്നാൻ “പ്രകാശത്തിനു സാക്ഷ്യംവഹിക്കാൻ വന്നു". അങ്ങനെ പ്രവാചകൻമാരുടെ സൂക്ഷ്മതയോടുകൂടിയ അന്വേഷണം യോഹന്നാനിൽ ആത്മാവു പൂർണതയിലേക്കു കൊണ്ടുവരുകയും; മാലാഖമാരുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു. “ആത്മാവ് ഇറങ്ങി ആരുടെ മേൽ വസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവിനെക്കൊണ്ടു മാമ്മോദീസ നൽകുന്നവൻ. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു... ഇതാ, ദൈവത്തിന്റെ കുഞ്ഞാട്.

ഒടുവിൽ യോഹന്നാന്റെ വരവോടെ പരിശുദ്ധാത്മാവു താൻ ക്രിസ്തുവിനോടു കൂടിയും ക്രിസ്തുവിലും യാഥാർത്ഥ്യമാക്കാനിരുന്നതിന്റെ മുൻരൂപമായ ദൈവീക “സാദൃശ്യം" മനുഷ്യനിൽ പുനഃസ്ഥാപിക്കാൻ തുടങ്ങി. യോഹന്നാൻ നൽകിയ മാമ്മോദീസ പശ്ചാത്താപത്തിനുള്ളതായിരുന്നു, ജലത്താലും പരിശുദ്ധാത്മാവിനാലുമുള്ളത്. മാമ്മോദീസ ഒരു പുതിയ ജനനമായിരിക്കും.

"ദൈവകൃപ നിറഞ്ഞവളേ സ്വസ്തി

സർവപരിശുദ്ധയും നിത്യകന്യകയും ദൈവത്തിന്റെ അമ്മയുമായ മറിയം സമയത്തിന്റെ തികവിൽ പുത്രനും പരിശുദ്ധാത്മാവും നിർവഹിക്കുന്ന ദൗത്യത്തിന്റെ ഏറ്റവും ഉത്കൃഷ്ടഫലമാണ്. രക്ഷാപദ്ധതിയിൽ ആദ്യമായി മനുഷ്യരുടെയിടയിൽ തന്റെ പുത്രനും തന്റെ പരിശുദ്ധാത്മാവിനും വസിക്കാനുള്ള ഒരു വാസസ്ഥാനം പിതാവു കണ്ടെത്തി. അവിടുത്തെ ആത്മാവ് അവളെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഈ അർഥത്തിൽ, സഭയുടെ പാരമ്പര്യം മിക്കപ്പോഴും ജ്ഞാനത്തെപ്പറ്റിയുള്ള ഏറ്റവും മനോഹരങ്ങളായ ഗ്രന്ഥഭാഗങ്ങളെ മറിയവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കി. ആരാധനക്രമത്തിൽ മറിയം “ജ്ഞാനത്തിന്റെ ഇരിപ്പിട"മായി സ്തുതിക്കപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.

ആത്മാവു ക്രിസ്തുവിലും സഭയിലും പൂർത്തീകരിക്കാനിരുന്ന "ദൈവത്തിന്റെ അദ്ഭുതകൃത്യങ്ങൾ" അവളിൽ വെളിപ്പെടാൻ തുടങ്ങി:

പരിശുദ്ധാത്മാവു തന്റെ കൃപാവരംകൊണ്ടു മറിയത്തെ സജ്ജീകരിച്ചു. “ദൈവികതയുടെ സമഗ്രപൂർണത ശാരീരികമായി കുടികൊള്ളുന്നവന്റെ" മാതാവു കൃപാ പൂർണയായിരിക്കുക എന്നത് ഉചിതം തന്നെയാണ്. അവൾ സൃഷ്ടികളിൽ ഏറ്റവും വിനീതയായി, സർവശക്തന്റെ അവാച്യമായ സമ്മാനത്തെ സ്വാഗതംചെയ്യാൻ ഏറ്റവും കഴിവുള്ളവളായി ദൈവാനുഗ്രഹം കൊണ്ടുമാത്രം പാപം കൂടാതെ ഗർഭസ്ഥയായി. “സീയോൻ പുത്രി"യായ അവളെ സ്വസ്തി (സന്തോഷിക്കുക) എന്നിങ്ങനെ ഗബ്രിയേൽ മാലാഖ അഭിവാദ്യം ചെയ്തതു തികച്ചും ശരിയാണ്. നിത്യനായ പുത്രനെ തന്നിൽ സംവഹിച്ചുകൊണ്ടു മറിയം പരിശുദ്ധാത്മാവിൽ പിതാവിങ്കലേക്കു തന്റെ സ്തോത്രഗീതത്തിലൂടെ ഉയർത്തുന്നതു മുഴുവൻ ദൈവജനത്തിന്റെയും അങ്ങനെ സഭയുടെയും കൃതജ്ഞതയാണ്.

മറിയത്തിൽ പരിശുദ്ധാത്മാവു പിതാവിന്റെ കൃപാകര പദ്ധതി പൂർത്തിയാക്കുന്നു. പരിശുദ്ധാത്മാവിനാൽ കന്യക ഗർഭംധരിക്കുകയും ദൈവപുത്രനു ജൻമം നൽകുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിമൂലവും അവളുടെ വിശ്വാസം മൂലവും അവളുടെ കന്യാത്വം അനന്യമാംവിധം ഫലപുഷ്ടമായി.

കന്യകയുടെ പുത്രനായിത്തീർന്ന പിതാവിന്റെ പുത്രനെ പരിശുദ്ധാത്മാവു മറിയത്തിൽ വെളിപ്പെടുത്തുന്നു. അവൾ അന്തിമമായ ദൈവിക പ്രത്യക്ഷീകരണത്തിന്റെ ജ്വലിക്കുന്ന മുൾപടർപ്പാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു വചനത്തെ അവിടുത്ത ശരീരത്തിന്റെ താഴ്മയിൽ അവൾ ദൃശ്യനാക്കുകയും ദരിദ്രർക്കും വിജാതിയരുടെ പ്രഥമ പ്രതിനിധികൾക്കും അത് അറിയാൻ ഇടവരുത്തുകയും ചെയ്തു. 

അവസാനമായി മറിയത്തിലൂടെ പരിശുദ്ധാത്മാവു ദൈവത്തിന്റെ കരുണനിറഞ്ഞ സ്നേഹത്തിന്റെ പാത്രങ്ങളായ മനുഷ്യരെ ക്രിസ്തുവിനോടുള്ള ഐക്യത്തിലേക്കു കൊണ്ടുവരുവാൻ തുടങ്ങുന്നു. വിനീതരാണ് എപ്പോഴും അവിടുത്തെ ആദ്യം സ്വീകരിക്കുന്നവർ: ആട്ടിടയൻമാർ, കിഴക്കുനിന്നുള്ള ജ്ഞാനികൾ, ശിമയോനും ഹന്നയും, കാനായിലെ ദമ്പതികൾ, ആദ്യത്തെ ശിഷ്യൻമാർ.

പരിശുദ്ധാത്മാവിന്റെ ഈ ദൗത്യത്തിന്റെ അവസാനത്തിൽ മറിയം, പുതിയ ഹവ്വ, “ജീവിക്കുന്നവരുടെ അമ്മ”, “സംപൂർണനായ ക്രിസ്തുവിന്റെ" അമ്മ ആയ സ്ത്രീയായിത്തീർന്നു. പന്തക്കുസ്തയുടെ പ്രഭാതത്തിൽ സഭയുടെ ആവിർഭാവത്തിൽ, ആത്മാവ് ഉദ്ഘാടനം ചെയ്യാനിരുന്ന "അവസാനകാല"ത്തിന്റെ പുലരിയിൽ, ഒരേ ഹൃദയത്തോടെ പ്രാർഥനയിൽ സമ്മേളിച്ചിരുന്ന പന്ത്രണ്ടുപേരോടൊപ്പം അവളും സന്നിഹിതയായിരുന്നു.

ക്രിസ്തുവായ യേശു

കാലത്തിന്റെ തികവിൽ, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൗത്യം മുഴുവൻ മനുഷ്യാവതാരം മുതൽ പുത്രൻ പിതാവിന്റെ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് എന്നതിൽ അടങ്ങിയിരിക്കുന്നു. യേശു ക്രിസ്തുവാണ്, മിശിഹായാണ്.

ഇതിന്റെ വെളിച്ചത്തിൽ വേണം വിശ്വാസപ്രമാണത്തെ സംബന്ധിച്ച രണ്ടാം അധ്യായത്തിലുള്ളതെല്ലാം മനസ്സിലാക്കാൻ. ക്രിസ്തുവിന്റെ പ്രവൃത്തി മുഴുവനും യഥാർഥത്തിൽ പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്തദൗത്യമാണ്. യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തതിനെയും മഹത്ത്വീകൃതനായ കർത്താവ് അവിടുത്തെ ദാനമായി നൽകിയതിനെയും സംബന്ധിക്കുന്നവ മാത്രം ഇവിടെ സൂചിപ്പിക്കാം.

തന്റെ മരണവും ഉത്ഥാനവുംവഴി താൻ മഹത്ത്വീകൃതനാകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ പൂർണമായി വെളിപ്പെടുത്തുന്നില്ല. എന്നാൽ അവിടുന്നു ജനങ്ങളെ പഠിപ്പിച്ചപ്പോഴും ലോകത്തിന്റെ ജീവനുവേണ്ടിയുള്ള ഭക്ഷണമായിരിക്കും തന്റെ ശരീരമെന്നു വെളിപ്പെടുത്തിയപ്പോഴും അവിടുന്ന് പരിശുദ്ധാത്മാവിനെപ്പറ്റി അല്പാല്പമായി സൂചിപ്പിക്കുന്നു. 'നിക്കദേമൂസിനോടും സമരിയാക്കാരിയായ സ്ത്രീയോടും കൂടാരത്തിരുനാളിൽ പങ്കെടുത്തവരോടും സംസാരിക്കുമ്പോൾ അവിടുന്ന് ആത്മാവിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പ്രാർഥനയോടും ഭാവിയിൽ ശിഷ്യൻമാർ നല്കേണ്ട സാക്ഷ്യത്തോടും ബന്ധപ്പെടുത്തി യേശു അവരോട് ആത്മാവിനെപ്പറ്റി തുറന്നുപറയുന്നുണ്ട്.

തന്റെ മഹത്ത്വീകരണത്തിന്റെ മണിക്കൂർ വന്നപ്പോൾ മാത്രമാണ് യേശു പരിശുദ്ധാത്മാവിന്റെ ആഗമനം വാഗ്ദാനം ചെയ്യുന്നത്. എന്തെന്നാൽ, അവിടുത്തെ മരണവും ഉത്ഥാനവും പിതാക്കൻമാരോടു ചെയ്ത വാഗ്ദാത്തിന്റെ നിറവേറലാണ്. യേശുവിന്റെ അഭ്യർത്ഥനപ്രകാരം മറ്റാെരു ആശ്വാസദായകൻ, സത്യത്തിന്റെ ആത്മാവ് പിതാവിനാൽ നൽകപ്പെടും. അവിടുന്ന് യേശുവിന്റെ നാമത്തിൽ പിതാവിനാൽ അയയ്ക്കപ്പെടും. യേശു പിതാവിൽ നിന്ന് അവിടുത്തെ അയയ്ക്കും. കാരണം, അവിടുന്നു പിതാവിൽ നിന്നു പുറപ്പെടുന്നു. പരിശുദ്ധാത്മാവു വരും, നാം അവിടുത്തെ അറിയും, അവിടുന്ന് എന്നേയ്ക്കും നമ്മോടുകൂടെയായിരിക്കും. അവിടുന്നു നമ്മോടുകൂടെ വസിക്കും. ആത്മാവു നമ്മെ എല്ലാക്കാര്യങ്ങളും പഠിപ്പിക്കുകയും യേശു നമ്മോടു പറഞ്ഞതെല്ലാം നമ്മെ ഓർമിപ്പിക്കുകയും അവിടുത്തേക്കു സാക്ഷ്യം വഹിക്കുകയും ചെയ്യും. പരിശുദ്ധാത്മാവു നമ്മെ സർവസത്യത്തിലേക്കു നയിക്കുകയും ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ചുള്ള, ലോകത്തിന്റെ തെറ്റ് തെളിയിക്കുകയും ചെയ്യും.

അവസാനം യേശുവിന്റെ മണിക്കൂർ എത്തിച്ചേരുന്നു. തന്റെ മരണം വഴി മരണത്തെ കീഴടക്കുന്ന ആ നിമിഷത്തിൽത്തന്നെ, തന്റെ ആത്മാവിനെ അവിടുന്നു പിതാവിന്റെ കൈകളിൽ സമർപ്പിക്കുന്നു. “പിതാവിന്റെ മഹത്ത്വത്താൽ മൃതരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്" തന്റെ ശിഷ്യൻമാരുടെമേൽ “നിശ്വസിച്ചുകൊണ്ട്" ഉടൻ തന്നെ പരിശുദ്ധാത്മാവിനെ അവർക്കു നൽകാൻ വേണ്ടിയാണത്. ഈ മണിക്കൂർ മുതൽ ക്രിസ്തുവിന്റെയും ആത്മാവിന്റെയും ദൗത്യം സഭയുടെ ദൗത്യമായിത്തിരുന്നു: “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു".

V. ആത്മാവും സഭയും അവസാന നാളുകളിൽ

പന്തക്കുസ്താ

പന്തക്കുസ്താദിവസം, (ഉയിർപ്പിന്റെ ഏഴ് ആഴ്ചകൾ അവസാനിച്ചപ്പോൾ), പരിശുദ്ധാത്മാവിനെ വർഷിക്കുന്നതോടെ ക്രിസ്തുവിന്റെ പെസഹാ പൂർത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തി എന്നനിലയിൽ വെളിപ്പെടുത്തുകയും നൽകുകയും പകർന്നുകൊടുക്കുകയും ചെയ്തു. തന്റെ പൂർണതയിൽ നിന്നു കർത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. 

ആ ദിവസം പരിശുദ്ധ ത്രിത്വം പൂർണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരുന്ന രാജ്യം അവിടുന്നിൽ വിശ്വസിക്കുന്നവർക്കായി അന്നുമുതൽ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും അവർ പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തിൽ പങ്കുചേരുന്നു. പരിശുദ്ധാത്മാവ് തന്റെ അവിരാമമായ ആഗമനത്താൽ, “അന്ത്യനാളുകളിലേക്കു" ലോകത്തെ പ്രവേശിപ്പിക്കുന്നു. സഭയുടെ കാലമാണത്, അവകാശമായി ലഭിച്ചതെങ്കിലും ഇനിയും പരിപൂർത്തിയിലെത്താത്ത രാജ്യമാണത്:

നാം സത്യപ്രകാശം കണ്ടു, സ്വർഗീയ ആത്മാവിനെ സ്വീകരിച്ചു, യഥാർഥ വിശ്വാസം കണ്ടെത്തി, അവിഭാജ്യമായ ത്രിത്വത്തെ നാം ആരാധിക്കുന്നു. എന്തെന്നാൽ അവിടുന്നു നമ്മെ രക്ഷിച്ചിരിക്കുന്നു. 

പരിശുദ്ധാത്മാവ് - ദൈവത്തിന്റെ ദാനം

“ദൈവം സ്നേഹമാകുന്നു". സ്നേഹമാണ് അവിടുത്തെ പ്രഥമസമ്മാനം. മറ്റുള്ളതെല്ലാം അതിൽ അടങ്ങിയിരിക്കുന്നു. "നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിലൂടെ ഈ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു വർഷിക്കപ്പെട്ടിരിക്കുന്നു".

പാപത്തിൽ നാം മൃതരാണ്; അല്ലെങ്കിൽ മുറിവേറ്റവരെങ്കിലുമാണ്. അതുകൊണ്ട് സ്നേഹമാകുന്ന ദാനത്തിന്റെ പ്രഥമഫലം നമ്മുടെ പാപങ്ങളുടെ മോചനമാണ്. സഭയിൽ പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് പാപത്തിലൂടെ നഷ്ടമായ ദൈവികസാദൃശ്യത്തെ മാമ്മോദീസ സ്വീകരിച്ചവർക്കു തിരികെ നൽകുന്നു.

എന്നിട്ട്, അവിടുന്നു നമുക്കു നമ്മുടെ അവകാശത്തിന്റെ "അച്ചാരം” അഥവാ “ആദ്യഫലങ്ങൾ" തരുന്നു. പരിശുദ്ധത്രിത്വത്തിന്റെ ജീവിതംതന്നെയാണത്. അതാകട്ടെ “ദൈവം നമ്മെ സ്നേഹിച്ചതു"പോലെ സ്നേഹിക്കുക എന്നതാണ്. ഈ സ്നേഹം (1 കോറി 13-ൽ പറയുന്ന "സ്നേഹം”) ക്രിസ്തുവിലുള്ള പുതിയ ജീവന്റെ ഉറവിടമാണ്. “പരിശുദ്ധാത്മാവിൽ നിന്ന് വരുന്ന ശക്തി" നാം സ്വീകരിച്ചിരിക്കുന്നതിനാലാണ് അതു സാധ്യമായത്.

ആത്മാവിന്റെ ഈ ശക്തികൊണ്ട്, ദൈവമക്കൾക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയും. യഥാർഥ മുന്തിരിച്ചെടിയിൽ നമ്മെ ഒട്ടിച്ചുചേർത്തവൻ “ആത്മാവിന്റെ ഫലമായ ... സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നൻമ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ നമ്മിൽനിന്നു പുറപ്പെടുവിക്കും. "ആത്മാവാണ് നമ്മുടെ ജീവൻ". നാം നമ്മെത്തന്നെ എത്ര കൂടുതലായി പരിത്യജിക്കുന്നുവോ അത്ര കൂടുതലായി “ആത്മാവ് നമ്മെ പ്രവർത്തനോൻമുഖരാക്കും". 

പരിശുദ്ധാത്മാവിലൂടെ നാം പറുദീസയിലേക്കു പുനരാനയിക്കപ്പെടുന്നു; സ്വർഗ രാജ്യത്തിലേക്കു കയറി, മക്കളായി ദത്തെടുക്കപ്പെട്ട് ദൈവത്തെ പിതാവ് എന്നുവിളിക്കാനും ക്രിസ്തുവിന്റെ കൃപാവരത്തിൽ പങ്കുചേരാനും പ്രകാശത്തിന്റെ മക്കളെന്നു വിളിക്കപ്പെടാനും നിത്യമഹത്വത്തിൽ പങ്കുപറ്റാനും നമുക്ക് ആത്മധൈര്യം നല്കപ്പെട്ടു.

പരിശുദ്ധാത്മാവും സഭയും

ക്രിസ്തുവിന്റെ ശരീരവും പരിശുദ്ധാത്മാവിന്റെ ആലയവുമായ സഭയിൽ ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ദൗത്യം പൂർണതയിൽ എത്തുന്നു. അപ്പോൾമുതൽ ഈ സംയുക്തദൗത്യം ക്രിസ്തു വിശ്വാസികളെ പരിശുദ്ധാത്മാവിൽ പിതാവിനോടുള്ള അവിടുത്തെ ഐക്യത്തിൽ പങ്കുകാരാക്കുന്നു. മനുഷ്യരെ മിശിഹായിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി ആത്മാവ് അവരെ ഒരുക്കുകയും തന്റെ കൃപാവരവുമായി അവരുടെ അടുക്കലേക്കു പോകുകയും ചെയ്യുന്നു. ആത്മാവ് ഉത്ഥിതനായ കർത്താവിനെ അവർക്കു വെളിപ്പെടുത്തുന്നു. അവിടുത്തെ വചനം അവരെ അനുസ്മരിപ്പിക്കുന്നു, അവിടുത്തെ മരണവും ഉത്ഥാനവും ഗ്രഹിക്കാൻ അവരുടെ മനസ്സു തുറക്കുന്നു. അവിടുന്നു ക്രിസ്തു രഹസ്യം സന്നിഹിതമാക്കുന്നു, പരമമായി കുർബാനയിൽ അവരെ രമ്യപ്പെടുത്തി. അവരെ ദൈവവുമായുള്ള സംസർഗത്തിലേക്കു കൊണ്ടുവരാനും അവർ “ധാരാളം ഫലം പുറപ്പെടുവിക്കാനും" വേണ്ടിയാണ് അത്.

അങ്ങനെ, സഭയുടെ ദൗത്യം ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ദൗത്യത്തോടു കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നല്ല, പിന്നെയോ അതിന്റെ കൂദാശയാണ്. പരിശുദ്ധത്രിത്വത്തിന്റെ ഐക്യം എന്ന രഹസ്യത്തെ പ്രഘോഷിക്കാനും അതിനു സാക്ഷ്യം വഹിക്കാനും അതിനെ സന്നിഹിതമാക്കാനും വ്യാപിപ്പിക്കാനും "സഭ" അതിന്റെ അസ്തിത്വം മുഴുവനിലും അതിന്റെ അംഗങ്ങളിലും അയയ്ക്കപ്പെട്ടിരിക്കുന്നു.

ഒരേ ആത്മാവിനെ, അതായത് പരിശുദ്ധാത്മാവിനെ, സ്വീകരിച്ച നമ്മൾ എല്ലാവരും ഒരർഥത്തിൽ പരസ്പരവും ദൈവത്തോടും ഒന്നുചേർക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ക്രിസ്തു പിതാവിന്റെയും തന്റെതന്നെയും ആത്മാവിനോടൊപ്പം നമ്മിൽ ഓരോരുത്തരിലും വസിക്കുവാൻ വരുന്നുവെങ്കിൽ, നമ്മൾ പലരാണെങ്കിലും ആത്മാവ് ഒന്നാണ്, അവിഭാജ്യവുമാണ്. അവിടുന്നു നമ്മിൽ ഓരോരുത്തരുടെയും ആത്മാക്കളെ പരസ്പരം ബന്ധിക്കുന്നു... എല്ലാവരും അവിടുന്നിൽ ഒന്നായിത്തീരുവാൻ ഇടയാക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുശരീരത്തിൻറ ശക്തി, അത് ഉൾക്കൊള്ളുന്നവരെ ഒറ്റ ശരീരമാക്കിത്തീർക്കുന്നു. അതുപോലെതന്നെ എല്ലാവരിലും വസിക്കുന്ന ഏകവും അവിഭാജ്യവുമായ ദൈവാത്മാവ് എല്ലാവരെയും ആധ്യാത്മികമായ ഐക്യത്തിലേക്കു നയിക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു.

പരിശുദ്ധാത്മാവു ക്രിസ്തുവിന്റെ അഭിഷേകമായതിനാൽ ശരീരത്തിന്റെ ശിരസ്സായ ക്രിസ്തു തന്റെ അവയവങ്ങളിൽ ആത്മാവിനെ വർഷിക്കുന്നു. അവരെ പരിപോഷിപ്പിക്കാനും സുഖപ്പെടുത്താനും അവരുടെ പരസ്പരപ്രവർത്തനങ്ങളെ ക്രമീകരിക്കാനും അവർക്കു ജീവൻ നൽകാനും, സാക്ഷ്യംവഹിക്കാൻ അവരെ അയയ്ക്കാനും പിതാവിനുള്ള തന്റെ ആത്മദാനത്തോടും ലോകംമുഴുവനുംവേണ്ടിയുള്ള തന്റെ മധ്യസ്ഥതയോടും അവരെ കൂട്ടുചേർക്കാനും വേണ്ടിയാണത്. സഭയിലെ കൂദാശകൾ വഴി തന്റെ വിശുദ്ധവും വിശുദ്ധീകരിക്കുന്നതുമായ ആത്മാവിനെ ക്രിസ്തുതന്റെ ശരീരത്തിലെ അവയവങ്ങളിലേക്കു പകർന്നുകൊടുക്കുന്നു. (മതബോധനഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിനുള്ള വിഷയമാണിത്).

വിശ്വാസികൾക്കു സഭയുടെ കൂദാശകളിൽ നൽകപ്പെടുന്ന "ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികൾ" പരിശുദ്ധാത്മാവിനനുസൃതമായി ക്രിസ്തുവിലുള്ള നവജീവിതത്തിൽ അവയുടെ ഫലം പുറപ്പെടുത്തും. (ഇതു മൂന്നാംഭാഗത്തിന്റെ വിഷയമായിരിക്കും).

“നമ്മുടെ ബലഹീനതകളിൽ ആത്മാവു നമ്മെ സഹായിക്കുന്നു. എന്തെന്നാൽ വേണ്ടവിധം പ്രാർഥിക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു." ദൈവത്തിന്റെ പ്രവൃത്തികളുടെ ശില്പിയായ പരിശുദ്ധാത്മാവു പ്രാർഥനയുടെ ഗുരുവാണ്. (ഇതു നാലാംഭാഗത്തിന്റെ വിഷയമായിരിക്കും).

സംഗ്രഹം

"നിങ്ങൾ മക്കളായതുകൊണ്ട് ആബ്ബാ പിതാവേ, എന്നുവിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു" (ഗലാ 4:6).

സമയത്തിന്റെ ആരംഭംമുതൽ അവസാനംവരെ, ദൈവം തന്റെ പുത്രനെ അയയ്ക്കുമ്പോൾ, അവിടുന്ന് എപ്പോഴും തന്റെ ആത്മാവിനെയും അയയ്ക്കുന്നു. അവരുടെ ദൗത്യം സംയുക്തവും, അവിഭാജ്യവുമാണ്.

ദൈവജനത്തിലേക്കുള്ള ക്രിസ്തുവിന്റെ ആഗമനത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും സമയത്തിന്റെ തികവിൽ പരിശുദ്ധാത്മാവു മറിയത്തിൽ പൂർത്തിയാക്കുന്നു. അവളിൽ പരിശുദ്ധാത്മാവു ചെയ്ത പ്രവൃത്തിനിമിത്തം പിതാവ് "എമ്മാനുവേലിനെ" - ദൈവം നമ്മോടുകൂടെ - (മത്താ 1:23) ലോകത്തിനു നൽകുന്നു.

ദൈവത്തിന്റെ പുത്രൻ അവിടുത്തെ മനുഷ്യാവതാരത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകംവഴി ക്രിസ്തു (മിശിഹാ) ആയി പ്രതിഷ്ഠിക്കപ്പെട്ടു (cf. സങ്കീ. 2:6-7).

തന്റെ മരണവും ഉത്ഥാനവുംവഴി യേശു, കർത്താവും ക്രിസ്തുവുമായി മഹത്ത്വത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു (cf. അപ്പ. 2:36). അവിടുന്നു തന്റെ പൂർണതയിൽനിന്ന് പരിശുദ്ധാത്മാവിനെ അപ്പസ്തോലൻമാരുടെമേലും സഭയുടെമേലും വർഷിച്ചു.

ശിരസ്സായ ക്രിസ്തു തന്റെ അംഗങ്ങളിലേക്കു വർഷിക്കുന്ന പരിശുദ്ധാത്മാവ് സഭയെ പണിതുയർത്തുകയും സജീവമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വവും മനുഷ്യരും തമ്മിലുള്ള ഐക്യത്തിന്റെ കൂദാശയാണ് അവൾ.

I believe in the Holy Spirit പരിശുദ്ധാത്മാവില്‍‍ ഞാൻ‍‍ വിശ്വസിക്കുന്നു പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്തദൗത്യം പരിശുദ്ധാത്മാവിന്റെ പേരും സംജ്ഞകളും പ്രതീകങ്ങളും പരിശുദ്ധാത്മാവിന്റെ സംജ്ഞകള്‍‍‍ അഭിഷേകം. പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍‍ ജലം. അഗ്നി. കരം. കൈവിരലല്‍. പ്രാവ്‌. ദൈവത്തിന്റെ ആത്മാവും വചനവും വാഗ്ദാനങ്ങളുടെകാലത്ത്‌ മേഘവും പ്രകാശവും. രാജ്യത്തിലും വിപ്രവാസത്തിലും മിശിഹായെക്കുറിച്ചും അവിടുത്തെ ആത്മാവിനെക്കുറിച്ചുമുള്ള പ്രതീക്ഷ ക്രിസ്തുവിന്റെ ആത്മാവു കാലത്തിന്റെ തികവിൽ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message