x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആകാശവും ഭൂമിയും

Authored by : Religious teaching of the Catholic Church On 06-May-2023

ഖണ്ഡിക 5. 

ആകാശവും ഭൂമിയും

ദൈവം “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു” എന്ന്‌ അപ്പസ്തോലന്‍‍മാരുടെ വിശ്വാസപ്രമാണത്തില്‍‍ നാം ഏറ്റുപറയുന്നു. “ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും" എന്ന്‌ നിഖ്യാ-കോണ്‍‍സ്റ്റാന്റി‍നോപ്പിള്‍‍ വിശ്വാസപ്രമാണം ഇതിനെ വിശദീകരിക്കുന്നു.

“ആകാശവും ഭുമിയും” എന്ന വിശുദ്ധലിഖിത പ്രയോഗത്തിന്റെ അർ‍ഥം അസ്തിത്വമുള്ള സകലവും, സൃഷ്ട്രപ്രപഞ്ചം മുഴുവനും എന്നാകുന്നു. ആകാശത്തെയും ഭൂമിയെയും യോജിപ്പിക്കുകയും അവയെ തമ്മില്‍‍ വ്യതിരിക്തമാക്കുകയും ചെയ്യുന്ന  സൃഷ്ടികള്‍‍ തമ്മിലുള്ള ബന്ധത്തെയും ഇതു സൂചിപ്പിക്കുന്നു. മനുഷ്യർ‍ വസിക്കുന്ന ലോകമാണു “ഭൂമി”; “ആകാശം അഥവാ ആകാശങ്ങള്‍‍” എന്ന സംജ്ഞയാകട്ടെ, ആകാശവിതാനത്തെയും നമ്മുടെ സ്വർ‍ഗസ്ഥനായ പിതാവായ ദൈവത്തിന്റെ വാസസ്ഥാനത്തെയും ദ്യോതിപ്പിക്കുന്നു. അതിനാല്‍‍ യുഗാന്ത്യമഹത്ത്വമായ “സ്വർ‍ഗ”ത്തെയും ആകാശം എന്ന പദം സൂചിപ്പിക്കുന്നു. കൂടാതെ “സ്വർ‍ഗം” ദൈവസന്നിധിയില്‍‍ വ്യാപരിക്കുന്ന ആത്മീയ സൃഷ്ടികളുടെ- മാലാഖമാരുടെ- സ്ഥാനത്തെയും സൂചിപ്പിക്കുന്നു.

നാലാം ലാറ്ററന്‍‍ കൗണ്‍‍സില്‍‍ (1215) അതിന്റെ വിശ്വാസപ്രഖ്യാപനത്തില്‍‍ ഇങ്ങനെ ഉറപ്പിച്ചുപറയുന്നു: ദൈവം “സമയത്തിന്റെ ആരംഭത്തില്‍‍” ശുന്യതയില്‍‍ നിന്ന്‌ ഒരേസമയത്ത്‌ (Simul) ആത്മീയവും ശാരീരികവുമായ രണ്ടുതരം ജീവികളെ അതായത്‌ മാലാഖമാരെയും ഭൗമിക ജീവികളെയും സൃഷ്ടിച്ചു. പിന്നീട് ആത്മാവും ശരീരവും ചേർ‍ന്ന മനുഷ്യനെയും നിർ‍മിച്ചു.

I. മാലാഖമാർ‍

മാലാഖമാരുടെ അസ്തിത്വം: ഒരു വിശ്വാസസത്യം

“മാലാഖമാർ” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍‍ ഉണ്ടെന്നത്‌ വിശ്വാസത്തിലെ ഒരു സത്യമാണ്‌. ഇക്കാര്യത്തില്‍‍ വിശുദ്ധ ഗ്രന്ഥസാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരുപോലെ വ്യക്തമാണ്‌.

ആരാണവര്‍?

വി. അഗസ്തീനോസു പറയുന്നു; “മാലാഖ” എന്നത്‌, അവരുടെ പ്രകൃതിയെയല്ല ധർ‍മത്തെയാണു ധ്വനിപ്പിക്കുന്നത്‌, അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്നു ചോദിച്ചാല്‍‍, “അത്‌ അരൂപി” ആണെന്നു മറുപടി; അവരുടെ ധർ‍മം എന്താണെന്നു ചോദിച്ചാല്‍‍ “അവർ‍ മാലാഖ” ആണെന്നു മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍‍ അരൂപികളും ധർ‍മം പരിഗണിച്ചാല്‍‍ “മാലാഖമാരും” ആണ്‌ അവർ‍.  മാലാഖമാർ‍ അവരുടെ ഉണ്‍‍മയില്‍‍ പൂർ‍ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്‌. “സ്വർ‍ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം അവർ‍ സദാ ദർശിക്കുന്നതിനാൽ”, “അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ചു പ്രവർ‍ത്തിക്കുന്നവരാണവർ‍.”

പൂർ‍ണമായും അശരീരികളായ സൃഷ്ടികള്‍ എന്നനിലയ്ക്കു മാലാഖമാർ‍ ബുദ്ധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്‌: വ്യക്തിത്വമുള്ളവരും അമർ‍ത്ത്യരുമായ സൃഷ്ടികളാണ്‌; അവരുടെ മഹത്ത്വത്തിന്റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നതുപോലെ, ഗുണപൂർ‍ണതയില്‍‍ അവർ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നവരാണ്‌. അവരുടെ മഹത്വത്തിന്റെ പ്രഭ ഇതു സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തു “തന്റെ സർ‍വ മാലാഖമാരുമൊത്ത്‌”

ക്രിസ്തുവാണ്‌ മാലാഖമാരുടെ ലോകത്തിന്റെ കേന്ദ്രം. അവർ‍ അവിടുത്തെ സന്ദേശവാഹകരാണ്‌. “മനുഷ്യപുത്രന്‍‍ എല്ലാ മാലാഖമാരുടെയും അകമ്പടിയോടെ തന്റെ മഹത്ത്വത്തില്‍‍ എഴുന്നള്ളുമ്പോള്‍‍..." അവർ‍ അവിടുത്തേതാണ്‌; കാരണം അവർ‍ സൃഷ്ടിക്കപ്പെട്ടത്, 'അവനിലൂടെയും അവനുവേണ്ടിയും' ആകുന്നു. എന്തെന്നാല്‍‍, സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാം അവനില്‍‍ സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണു സൃഷ്ടിക്കപ്പെട്ടത്‌. അവർ‍ അവിടുത്തേതായിരിക്കാന്‍‍ മറ്റൊരുകാരണവുമുണ്ട്‌: അവിടുന്ന്‌ അവരെ തന്റെ രക്ഷാപദ്ധതിയുടെ ദൗത്യ വാഹകരാക്കി; “രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാന്‍‍ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?”

സൃഷ്ടിമുതല്‍‍ പരിത്രാണ ചരിത്രത്തിലുടനീളം മാലാഖമാരുടെ സാന്നിധ്യം നാം ദർ‍ശിക്കുന്നു. അവർ‍ വിദൂരത്തുനിന്നോ സമീപത്തുനിന്നോ രക്ഷ വിളിച്ചറിയിക്കുകയും ദൈവികപദ്ധതിയുടെ നിർ‍വഹണത്തിനായി സേവനമനുഷ്‌ഠിക്കുകയും ചെയ്യുന്നു. അവർ ഭൗമിക പറുദീസായുടെ വാതില്‍‍ അടച്ചു; ലോത്തിനെ സംരക്ഷിച്ചു; ഹാഗാറിനെയും അവളുടെ കുട്ടിയെയും രക്ഷിച്ചു; അബ്രാഹത്തിന്റെ കരം പിന്‍‍വലിപ്പിച്ചു; തങ്ങളുടെ സേവനത്തിലൂടെ ജനങ്ങളെ നിയമം അറിയിച്ചു; ദൈവജനത്തെ നയിച്ചു; ജനനം, ദൈവികവിളികള്‍‍ ഇവയെ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍‍കി; പ്രവാചകന്‍‍മാരെ സഹായിച്ചു; ഇവ ഏതാനും ഉദാഹരണങ്ങള്‍‍ മാത്രം. അവസാനമായി, ഗബ്രിയേല്‍‍ മാലാഖ, യേശുവിന്റെ മുന്നോടിയായ യോഹന്നാന്റെയും, യേശുവിന്റെതന്നെയും ജനനം മുന്‍‍കൂട്ടി അറിയിച്ചു.

മനുഷ്യാവതാരം മുതല്‍‍ സ്വർ‍ഗാരോഹണംവരെ അവതീർണ വചനത്തിനു മാലാഖമാർ‍ ആരാധനയും സേവനവുംവഴി അകമ്പടി സേവിച്ചു. “സ്വന്തം ഏകജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍‍ ദൈവം പ്രഖ്യാപിച്ചു: “ദൈവത്തിന്റെ ദൂതന്‍‍മാരെല്ലാം അവനെ ആരാധിക്കട്ടെ. "ക്രിസ്തുവിന്റെ ജനനത്തില്‍‍ അവർ‍ ആലപിച്ച “അത്യുന്നതങ്ങളില്‍‍ ദൈവത്തിനു സ്തുതി” എന്ന കീർ‍ത്തനം സഭയുടെ സ്തോത്രങ്ങളില്‍‍ അനവരതം മുഴങ്ങിക്കേള്‍‍ക്കുന്നു. യേശുവിനെ അവിടുത്തെ ബാല്യകാലത്ത്‌ അവർ‍ സംരക്ഷിക്കുന്നു; മരുഭൂമിയില്‍‍ അവിടുത്തേക്കു ശുശ്രൂഷചെയ്യുന്നു; ഗത്സേമന്‍‍ തോട്ടത്തില്‍‍ അവിടുത്തെ യാതനാവേളയില്‍‍ അവിടുത്തേക്ക്‌ ശക്തിപകരുന്നു. ആ സന്ദർ‍ഭത്തില്‍, ചരിത്രത്തിലെ ഇസ്രായേലിന്റെ കാര്യത്തിലെന്നപോലെ അവിടുത്തേക്കു മാലാഖമാർ‍ വഴി ശത്രുകരങ്ങളില്‍‍നിന്നു രക്ഷപ്പെടാന്‍‍ കഴിയുമായിരുന്നു.  ഇവയ്ക്കുപുറമേ, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും, പുനരുത്ഥാനത്തിന്റെയും സദ്വാർത്ത അറിയിക്കുന്നതിലൂടെ മാലാഖമാർ സുവിശേഷം പ്രഘോഷിക്കുന്നു. അവർ‍ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍‍കുകയും അവിടുത്തെ ആഗമനവേളയില്‍‍ അവിടുത്തോടൊത്തു സന്നിഹിതരായിരിക്കുകയും അവിടുത്തെ വിധിനടപ്പിലാക്കുന്നതില്‍‍ പങ്കുവഹിക്കുകയും ചെയ്യും.

മാലാഖമാർ‍ സഭാജീവിതത്തില്‍‍

ഇക്കാലമെല്ലാം മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാജീവിതത്തിനു മുഴുവന്‍‍ പ്രയോജകീഭവിക്കുന്നു.

സഭ അവളുടെ ആരാധനക്രമത്തില്‍‍ ത്രൈശുദ്ധദൈവത്തെ ആരാധിക്കുന്ന മാലാഖമാരോടു ചേരുകയാണ്‌. സഭ മാലാഖമാരുടെ സഹായം അഭ്യർ‍ഥിക്കുന്നു. (മൃതസംസ്കാര ശുശ്രൂഷയില്‍‍ 'മാലാഖമാർ‍ നിന്നെ പറുദീസയിലേക്ക്‌ നയിക്കട്ടെ' എന്ന പ്രാർ‍ഥനയിലും ബൈസന്റയിന്‍‍ ആരാധനക്രമത്തിലെ 'കെറൂബിഗീതത്തിലും' ഇപ്രകാരമുണ്ട്‌) ചില മാലാഖമാരുടെ (മിഖായേല്‍‍, ഗബ്രിയേല്‍‍, റഫായേല്‍‍, കാവല്‍‍ മാലാഖമാർ‍) സ്മരണ സഭ പ്രത്യേകമാംവിധം കൊണ്ടാടുന്നു.

ശൈശവംമുതല്‍‍ മരണംവരെ മനുഷ്യർ‍ക്കു മാലാഖമാരുടെ ജാഗ്രതാപൂർ‍വമായ പരിരക്ഷണവും മാധ്യസ്ഥ്യവും ലഭിക്കുന്നു. “ഓരോ വിശ്വാസിയുടെയും സമീപത്ത്‌, അവന്റെ ജീവിതത്തിനു വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട്‌ എന്നത്‌ ആരും നിഷേധിക്കാതിരിക്കട്ടെ.” ദൈവത്തോട്‌ ഐക്യപ്പെട്ടിരിക്കുന്ന മാലാഖമാരുടെയും മനുഷ്യരുടെയും സൗഭാഗ്യസഖിത്വത്തില്‍‍, ഇവിടെ ഭൂമിയില്‍‍വച്ചുതന്നെ വിശ്വാസംവഴി ക്രിസ്തീയജീവിതം പങ്കുചേരുന്നു.

II. ദൃശ്യലോകം

ദൈവം തന്നെയാണ്‌ ലോകത്തെ അതിന്റെ സർ‍വമാഹാത്മ്യത്തോടും വൈവിധ്യത്തോടും ക്രമത്തോടും കൂടെ സൃഷ്ടിച്ചത്‌. തുടർ‍ച്ചയായ ആറുദിവസങ്ങളിലെ ദൈവിക “ജോലിയും” അതിന്റെ പരിസമാപ്തിയില്‍‍ ഏഴാംദിവസത്തെ 'വിശ്രമ'വുമായിട്ടാണു സൃഷ്ടികർമത്തെ വിശുദ്ധഗ്രന്ഥം പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്‌. സൃഷ്ടിയെ സംബന്ധിക്കുന്ന പ്രതിപാദനത്തില്‍‍, നമ്മുടെ രക്ഷയ്ക്കായി ദൈവം വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങളാണു വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നത്‌. “സൃഷ്ടിയുടെ ആന്തരികപ്രകൃതിയും മൂല്യവും എന്തെന്നും, ദൈവസ്തുതിക്കായി അഖിലസൃഷ്ടിയും എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അതുനമ്മെ പഠിപ്പിക്കുന്നു.”

സ്രഷ്ടാവായ ദൈവത്തില്‍നിന്ന്‌ അസ്തിത്വം പ്രാപിക്കാത്തതായി യാതൊന്നും ഇല്ല. ഇല്ലായ്മയില്‍നിന്ന് ദൈവത്തിന്റെ വചനത്താല്‍‍ ഉരുവാക്കപ്പെട്ടപ്പോളാണ്‌ ലോകം ആരംഭിച്ചത്‌. അസ്തിത്വമുള്ള സർ‍വചരാചരങ്ങളും സർ‍വപ്രകൃതിയും സർ‍വമനുഷ്യചരിത്രവും ഈ ആദിമസംഭവത്തിലാണു വേരുറപ്പിച്ചിരിക്കുന്നത്‌. ലോകസംസ്ഥാപനത്തിനും സമയത്തിന്റെ ആരംഭത്തിനും ഹേതുവായ ഉത്പത്തിതന്നെയാണ്‌ ഈ ആദിമസംഭവം.

ഓരോ സൃഷ്ടിക്കും തനതായ നന്‍മയും ഗുണപൂർ‍ണതയുമുണ്ട്‌. “ആറുദിവസങ്ങളില്‍‍” സൃഷ്ടിക്കപ്പെട്ട ഓരോ സൃഷ്ടിയെക്കുറിച്ചും ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു; “അതു നല്ലതാണെന്നു ദൈവം കണ്ടു.” “ഭൗതികപദാർ‍ഥത്തിനു സൃഷ്ടിയുടെ പ്രകൃതിയില്‍‍ത്തന്നെ, അതിന്റെതായ ഉറപ്പും സത്യവും വൈശിഷ്ട്യവും അതിന്റെതായ ക്രമവും നിയമങ്ങളുമുണ്ട്". "വ്യത്യസ്ത സൃഷ്ടികളിലോരോന്നും ദൈവഹിതപ്രകാരം നിശ്ചിതസത്തയോടുകൂടി സൃഷ്ടിക്കപ്പെട്ടതാകയാല്‍‍, അവയിലോരോന്നും ദൈവത്തിന്റെ അനന്തജ്ഞാനത്തിന്റെയും അനന്തനന്‍‍മയുടെയും ഒരു രശ്മിയെ അതതിന്റെ രീതിയില്‍‍ പ്രതിഫലിപ്പിക്കുന്നു. അതിനാല്‍‍ സ്രഷ്ടാവിനെ അവഹേളിക്കുകയും, മനുഷ്യർ‍ക്കും അവരുടെ പരിസ്ഥിതിക്കും അപകടകരങ്ങളായ ഫലങ്ങള്‍‍ വരുത്തിവയ്ക്കുകയും ചെയ്യുന്നതരത്തില്‍‍ വസ്തുക്കളെ ക്രമരഹിതമായി ഉപയോഗിക്കുന്നതു തടയാന്‍‍ വേണ്ടി ഓരോ വസ്തുവിന്റെയും പ്രത്യേകനന്‍‍മയെ മനുഷ്യന്‍‍ ആദരിക്കണം.

സൃഷ്ടികളുടെ പരസ്പരാശ്രയത്വം ദൈവനിശ്ചിതമാണ്‌: സൂര്യനും ചന്ദ്രനും കേദാരവൃക്ഷവും ചെറുകുസുമവും കഴുകനും ചെറുകുരുവിയും: എണ്ണമറ്റ ഇവയുടെ വൈവിധ്യത്തിന്റെയും അസമത്വങ്ങളുടെയും ദൃശ്യങ്ങള്‍‍ വ്യക്തമാക്കുന്നത്‌, ഒരു സൃഷ്ടിയും സ്വയം പര്യാപ്തമല്ലെന്നാണ്‌; പരസ്പരാശ്രയത്വമില്ലാതെ സൃഷ്ടികള്‍‍ക്കു നിലനില്‍പില്ല. പരസ്പരമുള്ള സഹായത്തിലൂടെ അവ പൂർ‍ണ്ണതയിലെത്തുന്നു.

പ്രപഞ്ചസൗന്ദര്യം: സൃഷ്ടപ്രപഞ്ചത്തിന്റെ ക്രമവും സമന്വയവും ഉദ്ഭവിക്കുന്നത്‌, ചരാചരങ്ങളുടെ വൈവിധ്യത്തില്‍‍നിന്നും അവയ്ക്കിടയിലുള്ള ബന്ധങ്ങളില്‍‍ നിന്നുമാണ്‌. മനുഷ്യന്‍‍ അവയെ ക്രമാനുഗതമായി പ്രകൃതി നിയമങ്ങളായിട്ടു മനസ്സിലാക്കുന്നു. അവ പണ്‍‍ഡിതരുടെ ആശ്ചര്യ വിഷയമാണ്‌. സൃഷ്ടിയുടെ സൗന്ദര്യം സ്രഷ്ടാവിന്റെ അനന്തസൗന്ദര്യത്തിന്റെ പ്രതിഫലനമാണ്‌. സ്രഷ്ടാവിനോടുള്ള ആദരവും വിധേയത്വവും മനുഷ്യന്റെ ബുദ്ധിയിലും മനസ്സിലും ഉദിപ്പിക്കുവാന്‍‍ അതു പ്രേരകമാകണം.

സൃഷ്ടികളുടെ, പ്രാധാന്യാധിഷ്ഠിത ശ്രേണി ഗുണപൂർ‍ണത കുറഞ്ഞവയില്‍‍നിന്നു കൂടിയവയിലേക്കുള്ള വളർ‍ച്ചയായി സൃഷ്ടിയുടെ “ആറു ദിവസങ്ങളുടെ” ക്രമത്തില്‍‍നിന്നു വ്യക്തമാണ്‌. ദൈവം തന്റെ സൃഷ്ടികളെയെല്ലാം സ്നേഹിക്കുകയും ഓരോന്നിനെയും, ചെറുകുരുവിയെപ്പോലും, പരിരക്ഷിക്കുകയും ചെയ്യുന്നു. എന്നാലും യേശു പറഞ്ഞതിങ്ങനെയാണ്‌: “അനവധി കുരുവികളെക്കാള്‍‍ വിലയുള്ളവരല്ലേ നിങ്ങള്‍‍". വീണ്ടും അവിടുന്നു പറഞ്ഞു: “ആടിനെക്കാള്‍‍ എത്രയധികം വിലപ്പെട്ടവനാണു മനുഷ്യന്‍‍!”

സൃഷ്ടികർ‍മത്തിന്റെ മകുടമാണു മനുഷ്യന്‍‍. മനുഷ്യസൃഷ്ടിയെ ഇതരസൃഷ്ടവസ്തുക്കളുടെ സൃഷ്ടിയില്‍‍നിന്നു വ്യക്തമായി വേർ‍തിരിച്ചു കാണിച്ചുകൊണ്ട്‌ ദൈവനിവേശിത വിവരണം ഈ സത്യം വിശദമാക്കുന്നു.

സർ‍വസൃഷ്ടികള്‍‍ക്കും ഒരേ സ്രഷ്ടാവുള്ളതിനാലും സർ‍വവും ദൈവമഹത്ത്വം ലക്ഷ്യമാക്കി ക്രമീകരിക്കപ്പെട്ടവ ആയതിനാലും എല്ലാ സൃഷ്ടികള്‍‍ക്കും പരസ്പരാഭിമുഖ്യമുണ്ട്‌.

എന്റെ കർ‍ത്താവേ, അങ്ങയുടെ സർ‍വസൃഷ്ടികളിലും, പ്രത്യേകിച്ച്‌ പകല്‍‍ സമയം ഞങ്ങള്‍‍ക്കു വെളിച്ചം തരുന്ന സഹോദരന്‍‍ സൂര്യനെ പ്രതി, അങ്ങുവാഴ്ത്തപ്പെടട്ടെ. മഹോന്നതാ, സുന്ദരനും മഹാശോഭചൊരിയുന്നവനുമായ സൂര്യന്‍‍ അങ്ങയുടെതന്നെ പ്രതിബിംബമാണ്‌.
എന്റെ നാഥാ, “അത്യധികം പ്രയോജനപ്രദയും വിനീതയും വിലപ്പെട്ടവളും നിർ‍മലയുമായ... സഹോദരി ജലത്തെപ്രതി അങ്ങു വാഴ്ത്തപ്പെടട്ടെ! ” ഞങ്ങളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും, വിവിധഫലവർ‍ഗങ്ങളെയും വർ‍ണപ്പകിട്ടാർന്ന പൂക്കളെയും പുല്‍‍ച്ചെടികളെയും..... പുറപ്പെടുത്തുകയും ചെയ്യുന്ന ഞങ്ങളുടെ സഹോദരിയായ മാതൃഭൂമിയെപ്രതി, എന്റെ കർ‍ത്താവേ, അങ്ങുവാഴ്ത്തപ്പെടട്ടെ! എന്റെ കർ‍ത്താവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുവിന്‍‍. സവിനയം അവിടുത്തേക്കു കൃതജ്ഞതയർ‍പ്പിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുവിന്‍‍

സാബത്ത്‌ - “ആറു ദിവസങ്ങ"ളിലെ ജോലിയില്‍ നിന്നുള്ള വിരാമം. വിശുദ്ധഗ്രന്ഥത്തില്‍‍ നാം വായിക്കുന്നു: “ദൈവം താന്‍‍ ഏർ‍പ്പെട്ടിരുന്ന ജോലിയില്‍‍നിന്ന്‌ ഏഴാംദിവസം വിരമിച്ചു. അങ്ങനെ “ആകാശവും ഭൂമിയും പൂർ‍ത്തിയായി.” ഏഴാം ദിവസം ദൈവം “വിശ്രമിച്ചു”; ആ ദിനത്തെ ദൈവം ആശീർ‍വദിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.  രക്ഷാകര സന്ദേശങ്ങളാല്‍‍ സമ്പന്നമാണ്‌ ഈ ദൈവനിവേശിത വാക്കുകള്‍‍:

ദൈവം സൃഷ്ടികർമത്തില്‍‍ ഒരു അടിസ്ഥാനം ഇടുകയും സ്ഥായിയായ നിയമങ്ങള്‍‍ നല്‍‍കുകയും ചെയ്തു. ഇവയില്‍‍ വിശ്വാസിക്ക്‌ പ്രത്യാശയോടെ ആശ്രയിക്കാന്‍‍ കഴിയും. കാരണം ഇവ ദൈവിക ഉടമ്പടിയുടെ വിശ്വാസ്യതയുടെ അടയാളവും അച്ചാരവുമാണ്‌. മനുഷ്യന്റെ ഭാഗത്തുനിന്ന്‌ അവന്‍‍ അടിസ്ഥാനത്തോടു വിശ്വസ്തത പുലർ‍ത്തുകയും സ്രഷ്ടാവ്‌ അതില്‍‍ ആലേഖനം ചെയ്തിട്ടുള്ള നിയമങ്ങള്‍‍ അനുസരിക്കുകയും ചെയ്യണം.
സാബത്ത്‌ മുന്നില്‍‍ കണ്ടുകൊണ്ടും അങ്ങനെ ദൈവാരാധനയും സ്തുതിയും ലക്ഷ്യമാക്കിക്കൊണ്ടുമാണ്‌ സൃഷ്ടിക്കു രൂപം നല്‍‍കപ്പെട്ടത്‌. സൃഷ്ടിയുടെ ക്രമത്തില്‍‍ത്തന്നെ ദൈവാരാധന ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.  വിശുദ്ധ ബനഡിക്റ്റിന്റെ നിയമാവലിയില്‍‍ പറയുന്നതുപോലെ, “ദൈവത്തിന്റെ പ്രവൃത്തിയെക്കാള്‍‍ കൂടുതല്‍‍ പ്രാധാന്യം മറ്റുയാതൊന്നിനും നിങ്ങള്‍‍ നല്‍‍കരുത്‌." മാനുഷിക വ്യാപാരങ്ങളുടെ ശരിയായ സംവിധാനമാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.
ഇസ്രായേലിന്റെ നിയമത്തിന്റെ ഹൃദയത്തിലാണ്‌ സാബത്ത്‌. കല്‍‍പനകള്‍‍ പാലിക്കുക എന്നതിന്റെ അർ‍ഥം ദൈവത്തിന്റെ സൃഷ്ടികർ‍മത്തില്‍‍ പ്രകടമാകുന്ന അവിടുത്തെ ജ്ഞാനത്തോടും തിരുവിഷ്ടത്തോടും ഒത്തുപോകുക എന്നാണ്‌.

എട്ടാംദിവസം: എന്നാല്‍ നമ്മെ സംബന്ധിച്ചു പുതിയൊരു ദിനം ഉദയം ചെയ്തിരിക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനദിനം. ഏഴാം ദിവസം ആദിമസൃഷ്ടിയെ പൂർ‍ത്തീകരിക്കുന്നു; എട്ടാം ദിവസം പുതിയ സൃഷടികർ‍മം സമാരംഭിക്കുന്നു. ഇങ്ങനെ സൃഷ്ടികർ‍മം അതിനെക്കാള്‍‍ മഹത്തായ മാനവസമുദ്ധാരണ കർ‍മത്തില്‍‍ മകുടം അണിയുന്നു. പ്രഥമസൃഷ്ടി അതിന്റെ അർ‍ഥവും മകുടവും പ്രാപിക്കുന്നതു ക്രിസ്തുവിലുള്ള പുതിയ സൃഷ്ടിയിലാണ്‌; ഈ നവീനസൃഷ്ടിയുടെ തേജസ്സ്‌ ആദ്യ സൃഷ്‌ടിയുടെ തേജസ്സിനെ അതിശയിക്കുന്നു.

സംഗ്രഹം

അവിരാമം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന അശരീരികളായ സൃഷ്ടികളാണു മാലാഖമാർ‍; ഇതരസൃഷ്ടികളെ സംബന്ധിച്ചുളള ദൈവത്തിന്റെ രക്‌ഷാപദ്ധതികളുടെ സേവകരായി വർത്തിക്കുകയും ചെയ്യുന്നു. “നാമെല്ലാവരുടെയും നന്‍മയ്ക്കുവേണ്ടി മാലാഖമാർ ഒരുമിച്ചു പ്രവർത്തിക്കുന്നു.” (St. Thomas Aquinas, STh 1, 114, 3 ad 3)

മാലാഖമാർ തങ്ങളുടെ നാഥനായ ക്രിസ്തുവിനുചുറ്റും നില്‍ക്കുന്നു. മാനവരക്ഷാ ദൗത്യത്തിന്റെ നിർവഹണത്തില്‍ അവർ അവിടുത്തെ പ്രത്യേകമായി ശുശ്രൂഷിക്കുന്നു.

സഭയുടെ ഭൗമികതീർഥാടനത്തില്‍ അവളെ സഹായിക്കുന്നവരും ഓരോ മനുഷ്യനെയും സംരകഷിക്കുന്നവരുമായ മാലാഖമാരെ സഭ വണങ്ങുന്നു. 

സൃഷ്ടികളുടെ വൈവിധ്യവും അവയുടെ തനതായ നന്‍മയും അവയുടെ പരസ്പരാശ്രയത്വവും ക്രമവും ദൈവനിശ്ചിതമാണ്‌. അവിടുന്നു ഭൗതികസൃഷ്ടികളെയെല്ലാം മനുഷ്യവർ‍ഗത്തിന്റെ നന്‍മയ്ക്കായി നിയോഗിച്ചു. മനുഷ്യനും, അവനിലൂടെ സർവസൃഷ്ടിയും ദൈവമഹത്ത്വത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.

സൃഷ്ടികളില്‍ അന്തർലിഖിതമായിരിക്കുന്ന നിയമങ്ങളോടും സൃഷ്ടസ്തുക്കളുടെ പ്രകൃതിയില്‍നിന്ന്‌ ഉദ്ഭൂതമാകുന്ന ബന്ധങ്ങളോടുമുള്ള ആദരവ്‌ ജ്ഞാനത്തിന്റെ പ്രഭവവും ധാർ‍മികതയുടെ അടിസ്ഥാനവും ആകുന്നു. 

ആകാശവും ഭൂമിയും മാലാഖമാർ‍ മാലാഖമാരുടെ അസ്തിത്വം: വി. അഗസ്തീനോസ് ക്രിസ്തു “തന്റെ സർ‍വ മാലാഖമാരുമൊത്ത്‌” സൃഷ്ടി മാലാഖമാർ‍ സഭാജീവിതത്തിൽ‍ ദൃശ്യലോകം സൃഷ്ടികളുടെ പരസ്പരാശ്രയത്വം ദൈവനിശ്ചിതമാണ്‌: സൂര്യനും ചന്ദ്രനും പ്രപഞ്ചസൗന്ദര്യം സാബത്ത്‌ - ഏഴാം ദിവസം ദൈവം “വിശ്രമിച്ചു” കൽ‍പനകൾ‍ പാലിക്കുക എന്നതിന്റെ അർ‍ഥം എട്ടാംദിവസം: Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message