x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പ്രാർഥനയുടെ വഴികാട്ടികൾ

Authored by : Congregation for Doctrine of Faith On 27-Jul-2022

വകുപ്പ്‌ 3

പ്രാർഥനയുടെ വഴികാട്ടികൾ

സാക്ഷികളുടെ ഒരു സമൂഹം

നമുക്കു മുൻപേ രാജ്യത്തിൽ പ്രവേശിച്ച സാക്ഷികൾ, പ്രത്യേകിച്ച്‌ സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുളളവർ, ജീവിതമാതൃകവഴിയും പിൻതലമുറക്കാർക്കായി അവർ നൽകിയിട്ടുളള കൃതികൾ, മധ്യസ്ഥ പ്രാർഥന എന്നിവയിലൂടെയും സജീവമായ പ്രാർഥനാപാരമ്പര്യത്തിൽ പങ്കുചേരുന്നുണ്ട്‌. അവർ ദൈവത്തെ ധ്യാനവിഷയമാക്കുകയും പ്രകീർത്തിക്കുകയും ഭൂമിയിൽ അവർ ഉപേക്ഷിച്ചു പോന്നവരെപ്രതി നിതാന്തശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവർ തങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചപ്പോൾ, “പല കാര്യങ്ങളുടെയും മേലുള്ള ചുമതല” അവർക്കു നൽകപ്പെട്ടു. അവരുടെ മധ്യസ്ഥപ്രാർഥന ദൈവികപദ്ധതിക്കുവേണ്ടി അവർ നൽകുന്ന ഏറ്റവും ഉദാത്തമായ സേവനമാണ്‌. നമുക്കും ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ നമുക്ക്‌ അവരോട്‌ അഭ്യർഥിക്കാൻ സാധിക്കും, അഭ്യർത്ഥിക്കണം.

സഭകളുടെ ചരിത്രഗതിയിൽ പുണ്യവാൻമാരുടെ ഐക്യത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന അസംഖ്യം ആധ്യാത്മികതകൾ വികസിച്ചുവന്നിട്ടുണ്ട്‌. ദൈവത്തിന്‌ മനുഷ്യരോടുള്ള സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന ചിലർക്ക്‌, ഏലിയായിൽനിന്ന്‌ ഏലിഷായ്ക്കും പിന്നിട്‌ സ്നാപകയോഹന്നാനും ലഭിച്ച “ചൈതന്യം” പോലുള്ള വൈയക്തികസിദ്ധി കൈമാറാൻ ഇടവന്നിട്ടുണ്ട്‌; അവരുടെ അനുയായികൾ ഈ ചൈതനൃത്തിൽ പങ്കാളികളാവാൻവേണ്ടിയാണത്‌. വിശ്വാസം ഓരോ സവിശേഷ മാനുഷിക പരിതഃസ്ഥിതിയോടും അതിന്റെ ചരിത്രത്തോടും അനുരൂപപ്പെട്ടതിനു സാക്ഷ്യം വഹിച്ചുകൊണ്ട്‌ ആരാധന്രകമപരവും ദൈവശാസ്ത്രപരവുമായ ധാരകളുടെ സംഗമസ്ഥാനത്തുനിന്ന്‌ വ്യതിരിക്തമായി ഒരു ആധ്യാത്മികത ജൻമമെടുത്തിട്ടുണ്ട്‌. ക്രൈസ്തവ ആധ്യാത്മികതയുടെ വിവിധ ധാരകൾ ജീവത്തായ പ്രാർഥനാ പാരമ്പര്യത്തിൽ പങ്കുപറ്റുകയും വിശ്വാസികൾക്ക്‌ ആവശ്യകമായ വഴികാട്ടികളാവുകയും ചെയ്യുന്നു. അവയുടെ ധന്യമായ വൈവിധ്യം പരിശുദ്ധാത്മാവിന്റെ ഒരേ നിർമല പ്രകാശത്തിന്റെ വിഭിന്ന നാളങ്ങളാണ്‌.

"ആത്മാവ്‌ യഥാർഥത്തിൽ വിശുദ്ധരുടെ സങ്കേതമാണ്‌. അതുപോലെ ആത്മാവിനു സ്വന്തമായ സ്ഥലമത്രേ വിശുദ്ധൻ. ദൈവത്തിനു പാർപ്പിടമായി അവൻ സ്വയം അർപ്പിക്കുന്നു; ദൈവത്തിൻെറ ആലയമായി അറിയപ്പെടുകയും ചെയ്യുന്നു." 

പ്രാർഥനയുടെ ശുശ്രുഷകർ

പ്രാർഥനയിൽ പരിശീലനം നേടാനുള്ള ആദ്യത്തെ വേദിയാണു ക്രൈസ്തവ കുടുംബം. വിവാഹം എന്ന കൂദാശയുടെ അടിസ്ഥാനത്തിൽ ദൈവമക്കൾ “സഭയായി” പ്രാർഥിക്കാനും പ്രാർഥനയിൽ നിലനിൽക്കാനും പഠിക്കുന്ന “ഗാർഹികസഭ”യാണു കുടുംബം. കുഞ്ഞുങ്ങൾക്ക് പ്രത്യേകിച്ച്‌ കുട്ടികൾക്ക്‌, പ്രതിദിന കുടുംബ പ്രാർഥന പരിശുദ്ധാത്മാവിനാൽ ക്ഷമാപൂർവം ഉണർത്തപ്പെട്ട സഭയുടെ സജീവസ്മരണയുടെ പ്രഥമസാക്ഷ്യമാണ്‌.

അഭിഷിക്തരായ ശുശ്രുഷകർ ക്രിസ്തുവിൽ തങ്ങളുടെ സഹോദരീസഹോദരൻമാർക്കു പ്രാർഥനാപരിശീലനം നൽകാൻ ചുമതലപ്പെട്ടവരാണ്‌. നല്ലയിടയന്റെ ദാസൻമാരായ അവർ അഭിഷിക്തരാകുന്നത് പ്രാർഥനയുടെ സജീവ സ്രോതസ്സുകളായ ദൈവവചനം, ആരാധന്രകമം, ദൈവികജീവിതം, സമൂർത്ത സാഹചര്യങ്ങളിലെ ദൈവത്തിന്റെ “ഇന്ന്‌" എന്നിവയിലേക്ക്‌ ദൈവജനത്തെ നയിക്കാൻവേണ്ടിയത്രേ.

അനേകം സന്ന്യാസികൾ സ്വജീവിതം പ്രാർഥനയ്ക്കായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈജിപ്തുമരുഭുമിയിലെ പിതാക്കൻമാരുടെ കാലംമുതൽ താപസരും സന്ന്യാസികളും കന്യാസ്ത്രീകളും ദൈവത്തെ സ്തുതിക്കാനും സ്വജനങ്ങൾക്കായി പ്രാർഥിക്കാനും വേണ്ടി അവരുടെ സമയം നീക്കിവച്ചിട്ടുണ്ട്‌. പ്രാർഥന വഴിയല്ലാതെ സമർപ്പിതജീവിതം നിലനിർത്തുകയോ വ്യാപിപ്പിക്കുകയോ ചെയ്യാനാവില്ല. തിരുസഭയിൽ ധ്യാനയോഗത്തിന്റെയും ആധ്യാത്മികജീവിതത്തിന്റെയും ജീവസ്സുറ്റ ഉറവിടങ്ങളിലൊന്നാണത്‌.

കൂട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നീ വിഭാഗങ്ങളുടെ മതബോധനം ലക്ഷ്യമാക്കുന്നതു വ്യക്തിഗതമായ പ്രാർഥനയിലൂടെയുളള ദൈവവചന ധ്യാനം പരിശീലിപ്പിക്കുക, ആരാധന്രകമപരമായ പ്രാർഥനയിലൂടെ അത്‌ അനുഭവവേധ്യമാക്കുക, പുതിയ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കാൻ വേണ്ടി പ്രാർഥനയെ എപ്പോഴും ആന്തരികമാക്കുക എന്നിവയെയാണ്‌. പൊതുജന ഭക്തമുറകളെ വിവേചിച്ചറിയാനും അവയിൽ പരിശീലനം നൽകാനുമുള്ള സമയമാണ്‌ മതബോധനഘട്ടം. അടിസ്ഥാനപരമായ പ്രാർഥനകൾ ഹൃദിസ്ഥമാക്കുന്നതു പ്രാർഥനാജീവിതത്തിന്‌ ആവശ്യമായ തുണയാണ്‌. പക്ഷേ, അവയുടെ അർഥം ആസ്വദിക്കാൻ സഹായിക്കുകയെന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌.

പ്രാർഥനാസമൂഹങ്ങൾ 

സഭാസമൂഹത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാർഥനാനവീകരണത്തിന്റെ പിന്നിലെ ഒരടയാളവും പ്രേരണാശക്തിയുമാണ്‌ ഇന്നത്തെ പ്രാർഥനാസമൂഹങ്ങൾ. അവയെ നമുക്കു “പ്രാർഥനക്കളരികൾ” എന്നുതന്നെ വിളിക്കാം. ക്രൈസ്തവപ്രാർഥനയുടെ ആധികാരിക ഉറവിടങ്ങളിൽനിന്നു മാത്രം പ്രചോദനം ഉൾക്കൊള്ളുന്നവ ആയിരിക്കണം അവ. സഭയിലെ കൂട്ടായ്മയ്ക്കായുള്ള ഔത്സുക്യം യഥാർഥ പ്രാർഥനയുടെ അടയാളമാണ്‌.

പ്രാർഥനയാകുന്ന പൊതു നൻമയ്ക്കുവേണ്ടി പരിശുദ്ധാത്മാവു ചില വിശ്വാസികൾക്കു ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും വിവേചനത്തിന്റെയും വരങ്ങൾ നൽകുന്നു (ആധ്യാത്മികമാർഗനിർദേശം). അപ്രകാരം ധന്യരാക്കപ്പെട്ട സ്ത്രീകളും പുരുഷൻമാരും, ജീവിക്കുന്ന പ്രാർഥനാപാരമ്പര്യത്തിന്റെ യഥാർഥ ശുശ്രൂഷകരാണ്‌.

കുരിശിന്റെ വി.യോഹന്നാൻ പഠിപ്പിക്കുന്നതുപോലെ, പുണ്യപൂർണതയുടെ പാതയിൽ ചരിക്കാൻ ആഗ്രഹിക്കുന്ന ആൾ “ആരുടെ കരങ്ങളിലേക്കാണ് ഏൽപ്പിക്കപ്പെടുന്നത്‌ എന്ന്‌ ശ്രദ്ധാപൂർവം പരിഗണിക്കണം. കാരണം, ഗുരു എങ്ങനെയോ അങ്ങനെ ശിഷ്യനും; പിതാവ്‌ എങ്ങനെയോ അങ്ങനെ പുത്രനും". “നിയന്താവ്‌ പൺഡിതനും വിവേകിയുമായിരിക്കുന്നതിനു പുറമേ അനുഭവസ്ഥനുമായിരിക്കണം എന്താണ്‌ ശുദ്ധവും ധാന്യവുമായ ആത്മാവെന്ന്‌ അനുഭവജ്ഞാനം ഇല്ലെങ്കിൽ, ആത്മാവിനെ നയിക്കാൻ അയാൾ അജ്ഞനായിരിക്കും. ദൈവം അതു നൽകുന്നില്ലെങ്കിൽ അതു മനസ്സിലാക്കാൻ അവനു സാധിക്കുകയുമില്ല."

പ്രാർഥനയ്ക്കു യോജിച്ച സ്ഥലങ്ങൾ

ഇടവകസമൂഹത്തിന്‌ ആരാധന്രകമപ്രാർഥനയ്ക്കു യോജിച്ച സ്ഥലം ദൈവഭവനമായ പള്ളിയാണ്‌. പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ യഥാർഥ സാന്നിധ്യത്തെ ആരാധിക്കാൻ ഏറ്റവും വിശിഷ്ടമായ സ്ഥലവും പള്ളിതന്നെ. യോജിച്ച സ്ഥലം തിരഞ്ഞെടുക്കുക എന്നതു പ്രാർഥനയുടെ യാഥാർത്ഥ്യത്തിനു നിരക്കാത്തതല്ല.

വൃക്തിഗതമായ പ്രാർഥനയ്ക്ക്‌, നമ്മുടെ പിതാവിന്റെ മുൻപിൽ രഹസ്യത്തിൽ നിലകൊള്ളാവുന്നതും, വിശുദ്ധലിഖിതങ്ങളും തിരുസ്വരൂപങ്ങളും വച്ചതുമായ “ഒരു പ്രാർഥനാവേദി” ആയിരിക്കും നല്ലത്‌. ക്രൈസ്തവ കുടുംബങ്ങളിൽ ഇത്തരം പ്രാർഥനാവേദി പൊതുവായ പ്രാർഥനയെ പരിപോഷിപ്പിക്കുന്നു.

- സന്ന്യാസസമുഹങ്ങളുള്ള പ്രദേശങ്ങളിൽ ആ സമൂഹങ്ങളുടെ ദൗത്യം യാമപ്രാർഥനകളുടെ ആരാധനാക്രമത്തിൽ വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും തീക്ഷണകരമായ വ്യക്തിഗതപ്രാർഥനയ്ക്കു വേണ്ട ഏകാന്തത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്‌.

-സ്വർഗോൻമുഖമായ നമ്മുടെ ഭൗമിക യാത്രയെപ്പറ്റിയുള്ള ചിന്ത ഉണർത്തുന്നവയാണു തീർഥാടനങ്ങൾ. പ്രാർഥനയുടെ നവികരണത്തിനുള്ള സവിശേഷ സന്ദർഭങ്ങളാണവ. ജീവന്റെ ജലം തേടുന്ന തീർഥാടകർക്ക്‌ തീർഥാടനകേന്ദ്രങ്ങൾ സഭയെപ്പോലെ ക്രൈസ്തവ പ്രാർഥനയുടെ വിവിധരുപങ്ങൾ ജീവിതത്തിൽ പകർത്താനുള്ള സവിശേഷസ്ഥലങ്ങളത്രേ.

സംഗ്രഹം

പ്രാർഥനയിൽ തിർഥാടക സഭ ആരുടെ മാധ്യസ്ഥ്യം യാചിക്കുന്നുവോ ആ വിശുദ്ധരുടെ പ്രാർഥനയുമായി ബന്ധപ്പെടുന്നു.

ക്രൈസ്തവ ആധ്യാത്മികതയുടെ വിവിധ ധാരകൾ ജീവിക്കുന്ന പ്രാർഥനാ പാരമ്പര്യത്തിൽ പങ്കുപറ്റുന്നു. ആധ്യാത്മികജിവിത്തിലേക്കുള്ള അമുല്യമായ വഴികാട്ടികളുമാണവ.

ക്രൈസ്തവകുടുംബമാണു പ്രാർഥനയുടെ പ്രഥമ പാഠശാല.

അഭിഷിക്തരായ ശുശ്രൂഷകർ, സമർപ്പിതജീവിതം, മതബോധനം, പ്രാർഥനാസമുഹം, “ആധ്യാത്മിക മാർഗനിർദേശം” എന്നിവ സഭയിൽ പ്രാർഥനയുടെ അഭ്യാസനത്തിനു വേണ്ട സഹായം ഉറപ്പുവരുത്തുന്നു.

പ്രാർഥനക്ക് ഏറ്റവും യോജിച്ച സ്ഥലങ്ങൾ വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രാർഥനാവേദികൾ, ആശ്രമങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ  എന്നിവയത്രെ. ഇടവക സമുഹത്തിന്‌ ആരാധനാക്രമപരമായ പ്രാർഥനയ്ക്കും പരിശുദ്ധകുർബാനയുടെ ആരാധനക്കുമുള്ള ഏറ്റവും വിശിഷ്ടമായ സ്ഥലം ദൈവാലയമാണ്‌.

 പ്രാർഥനയുടെ വഴികാട്ടികൾ സാക്ഷികളുടെ ഒരു സമൂഹം പ്രാർഥനയുടെ ശുശ്രുഷകർ സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുളളവർ പ്രാർഥനയുടെ വഴികാട്ടികൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message