x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

കൃപാവരവും നീതീകരണവും

Authored by : Congregation for Doctrine of Faith On 08-Jul-2022

വകുപ്പ്‌ 2

കൃപാവരവും നീതീകരണവും

I. നീതീകരണം

പരിശുദ്ധാത്മാവിൻ്റെ കൃപയ്ക്ക്‌ നമ്മെ നീതിമത്കരിക്കാന്‍, അതായത്‌, നമ്മെ നമ്മുടെ പാപങ്ങളില്‍നിന്നു ശുദ്ധീകരിക്കാനും “യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും” മാമ്മോദീസയിലൂടെയും “ദൈവത്തിൻ്റെ നീതി” നമ്മിലേക്കു പ്രസരിപ്പിക്കാനും കഴിയും.

നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരില്‍നിന്ന്‌ ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവൻ്റെ മേല്‍ ഇനി അധികാരമില്ല. അവന്‍ മരിച്ചു: പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു. അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്‍വിന്‍.

പരിശുദ്ധാത്മാവിൻ്റെ ശക്തിയാല്‍, പാപത്തിനു മരിച്ചുകൊണ്ടു ക്രിസ്തുവിൻ്റെ പീഡാസഹനത്തിലും, പുതിയ ജീവിതത്തിലേക്കു ജനിച്ചുകൊണ്ട്‌ അവിടുത്തെ പുനരുത്ഥാനത്തിലും നാം പങ്കുപറ്റുന്നു; സഭയാകുന്ന അവിടുത്തെ ശരീരത്തിലെ അവയവങ്ങളാണു നമ്മള്‍, അവിടുന്നുതന്നെയാകുന്ന മുന്തിരിച്ചെടിയില്‍ ഒട്ടിച്ചുചേര്‍ക്കപ്പെട്ട ശാഖകളാണു നമ്മള്‍. 

പരിശുദ്ധാത്മാവിലൂടെ നാം ദൈവികതയില്‍ പങ്കാളികളാകുന്നു... പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലൂടെ നാം ദൈവികപ്രകൃതിയുടെ സ്വീകര്‍ത്താക്കളായിത്തീരുന്നു... ഇക്കാരണത്താല്‍ പരിശുദ്ധാത്മാവ്‌ ആരില്‍ വസിക്കുന്നുവോ അവര്‍ ദൈവികരാക്കപ്പെടുന്നു."

പരിശുദ്ധാത്മാവിൻ്റെ കൃപാവരത്തിൻ്റെ പ്രഥമപ്രവൃത്തി മാനസാന്തരമാണ്‌. സുവിശേഷത്തിൻ്റെ ആരംഭത്തില്‍, “മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന യേശുവിൻ്റെ സന്ദേശമനുസരിച്ചുള്ള നീതികരണത്തെ സാക്ഷാത്കരിക്കുന്നതാണ്‌ അത്‌. കൃപാവരത്താല്‍ പ്രചോദിപ്പിക്കപ്പെടുന്ന മനുഷ്യന്‍ ദൈവത്തിലേക്കു തിരിയുകയും പാപത്തിൽനിന്ന്‌ അകലുകയും ചെയ്യുന്നു. അങ്ങനെ ഉന്നതത്തില്‍നിന്നു മാപ്പും നീതീകരണവും സ്വീകരിക്കുന്നു. “നീതീകരണം പാപങ്ങളുടെ പൊറുതി  മാത്രമല്ല, ആന്തരികമനുഷ്യൻ്റെ വിശുദ്ധീകരണവും നവീകരണവും കൂടിയാണ്‌.” 

നീതീകരണം, ദൈവത്തിൻ്റെ സ്നേഹത്തിനു വിരുദ്ധമായിട്ടുള്ള പാപത്തിൽ നിന്ന് മനുഷ്യനെ വിടുവിക്കുന്നു. അവൻ്റെ ഹൃദയത്തെ പാപത്തിൽനിന്ന്‌ ശുദ്ധീകരിക്കുന്നു. ദൈവത്തിൻ്റെ കാരുണ്യം മുന്‍കൈയെടുത്ത്‌ മാപ്പു നല്‍കുന്നു. നീതീകരണം, അതിനെ പിന്‍തുടരുന്നു. അതു മനുഷ്യനെ ദൈവത്തോടു അനുരഞ്ജിപ്പിക്കുകയും പാപത്തിൻ്റെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും; സുഖപ്പെടുത്തുകയും ചെയുന്നു.

നീതീകരണം അതേസമയം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിൻ്റെ നീതിയുടെ സ്വീകരണവുമാണ്‌. നീതി എന്നതിനു ദൈവസ്നേഹത്തിൻ്റെ ആര്‍ജവത്വം എന്നാണ്‌ ഇവിടെ അര്‍ഥം. നീതീകരണത്തോടുകൂടി വിശ്വാസവും ശരണവും സ്നേഹവും നമ്മുടെ ഹൃദയങ്ങളിലേക്കു നിവേശിപ്പിക്കപ്പെടുന്നു. ദൈവഹിതത്തോടുള്ള അനുസരണവും നമുക്കു നല്‍കപ്പെടുന്നു.

സജീവവും വിശുദ്ധവും ദൈവത്തിനു പ്രീതിജനകവുമായ ബലിവസ്തുവായി തന്നെത്തന്നെ കുരിശില്‍ അര്‍പ്പിക്കുകയും തൻ്റെ രക്തം എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിനുള്ള ഉപകരണമാക്കുകയും ചെയ്തു. ആ ക്രിസ്തുവിൻ്റെ പീഡാസഹനത്തിൻ്റെ ഫലമായി നമുക്കു ലഭിച്ചതാണ്‌ നീതീകരണം. വിശ്വാസത്തിൻ്റെ കുദാശയായ മാമ്മോദീസയിലൂടെ നീതീകരണം നല്‍കപ്പെടുന്നു. തൻ്റെ കാരുണ്യത്തിൻ്റെ ശക്തിയാല്‍ നമ്മെ ആന്തരികമായി നീതിയുളളവരാക്കിത്തീര്‍ക്കുന്ന ദൈവത്തിൻ്റെ നീതിയോട്‌ അതു നമ്മെ അനുരൂപപ്പെടുത്തുന്നു. അതിൻ്റെ ലക്ഷ്യം ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും മഹത്ത്വവും നിതൃജീവനാകുന്ന ദാനവുമാണ്‌.

നിയമവും പ്രവാചകന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള നിയമത്തിലൂടെയല്ലാതെ ദൈവനീതി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌. എന്തെന്നാല്‍, അവിടെ വ്യത്യാസമൊന്നുമില്ല: എല്ലാവരും പാപംചെയ്തു ദൈവമഹത്ത്വത്തിന്‌ അയോഗ്യരായതിനാല്‍ അവര്‍ അവിടുത്തെ കൃപയാല്‍, യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതിമത്കരിക്കപ്പെടുന്നു. വിശ്വാസംവഴി രക്തം കൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചിരുന്നു. അവിടുന്നു തൻ്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ തൻ്റെ നീതി വെളിപ്പെടുന്നു. അങ്ങനെ താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ്‌ ഇപ്രകാരം ചെയ്തത്‌. 

നീതീകരണം ദൈവത്തിൻ്റെ കൃപാവരവും മനുഷ്യൻ്റെ സ്വാതന്ത്ര്യവും തമ്മില്‍ സഹകരണം ഉറപ്പിക്കുന്നു. മനുഷ്യൻ്റെ ഭാഗത്തുനിന്ന്‌ അവനെ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിൻ്റെ വചനത്തോടുളള സമ്മതംവഴിയും, അവൻ്റെ സമ്മതത്തിനു മുന്‍പേ നിലനില്ക്കുന്നവനും അതിനെ പരിരക്ഷിക്കുന്നവനുമായ പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്തോടുള്ള സ്നേഹത്തിൻ്റെ സഹകരണത്തിലും അതു പ്രകടിപ്പിക്കപ്പെടുന്നു.

ദൈവം പരിശുദ്ധാത്മാവിൻ്റെ പ്രകാശിപ്പിക്കലിലൂടെ മനുഷ്യൻ്റെ ഹൃദയത്തെസ്പര്‍ശിക്കുമ്പോള്‍, മനുഷ്യന്‍ ആ പ്രചോദനം സ്വീകരിക്കുന്നതു നിസ്സംഗനായിട്ടല്ല, കാരണം, അവന്‍ അതു നിരസിക്കാന്‍ കഴിയും. എന്നാലും ദൈവത്തിൻ്റെ കൃപകൂടാതെ, സ്വതന്ത്രമായ സ്വന്തം ഹിതംമൂലം, ദൈവദൃഷ്ടിയിലുള്ള നീതിയിലേക്കു തന്നെത്തന്നെ നയിക്കാനാവുകയില്ല. 

യേശുക്രിസ്തുവില്‍ പ്രകടമാക്കപ്പെട്ടതും പരിശുദ്ധാത്മാവിലൂടെ നല്‍കപ്പെടുന്നതുമായ ദൈവസ്നേഹത്തിൻ്റെ ഏറ്റവും  ശ്രേഷ്ഠമായ പ്രവർത്തിയാണ് നീതീകരണം. “ദുഷ്ടന്‍മാരുടെ നീതീകരണം ആകാശത്തിൻ്റെയും ഭൂമിയുടെയും സൃഷ്ടി കര്‍മത്തെക്കാള്‍ വലിയ പ്രവൃത്തിയാണ്‌.” കാരണം “ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയും നീതീകരണവും... കടന്നുപോവുകയില്ല" എന്നാണു വി. ആഗസ്തീനോസിൻ്റെ അഭിപ്രായം. പാപികളുടെ നീതീകരണം നീതിയിലുള്ള മാലാഖമാരുടെ സൃഷ്ടിയെയും അതിശയിക്കുന്നു, കാരണം അതു കൂടുതല്‍ വലിയ കാരുണ്യത്തിനു സാക്ഷ്യം നല്‍കുന്നു എന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്‌.

പരിശുദ്ധാത്മാവ്‌ ആന്തരിക ഗുരുവാണ്‌. “ആന്തരിക മനുഷ്യനു” ജന്‍മം നല്‍കിക്കൊണ്ടു നീതീകരണം, സമ്പൂര്‍ണ മനുഷ്യൻ്റെ വിശുദ്ധീകരണം ഉള്‍പ്പെടുത്തുന്നു. 

ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ അവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിക്ക്‌ അടിമകളായി സമര്‍പ്പിക്കുവിന്‍... എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിൻ്റെ അവസാനം നിത്യജീവനുമാണ്‌.

II. കൃപാവരം

നമ്മുടെ നീതീകരണം ദൈവത്തിൻ്റെ കൃപയില്‍നിന്നു വരുന്നു. ദൈവമക്കളും ദത്തുപുത്രരും, ദൈവപ്രകൃതിയുടെയും നിത്യജീവൻ്റെയും പങ്കാളികളും ആയിത്തീരാനുള്ള തൻ്റെ വിളിക്ക്‌ പ്രത്യുത്തരം നല്‍കുവാന്‍ ദൈവം നല്‍കുന്ന ആനുകുല്യമാണ്‌, സൗജന്യപരമായ സഹായമാണു കൃപാവരം.

കൃപാവരം ദൈവത്തിൻ്റെ ജീവനിലുള്ള ഒരു ഭാഗഭാഗിത്വമാണ്‌. അതു നമ്മെ ത്രിത്വത്തിൻ്റെ ജീവിതത്തിലെ ഉറ്റബന്ധത്തിലേക്കു പ്രവേശിപ്പിക്കുന്നു. മാമ്മോദീസവഴി ക്രിസ്ത്യാനി ക്രിസ്തുശരീരത്തിൻ്റെ ശിരസ്സായ ക്രിസ്തുവിൻ്റെ കൃപാവരത്തില്‍ പങ്കുപറ്റുന്നു. അപ്പോള്‍മുതല്‍, “ദത്തുപുത്രന്‍” എന്ന നിലയില്‍ അവനു ദൈവത്തെ, അവിടുത്തെ ഏകപുത്രനുമായുള്ള ഐക്യത്തില്‍, “പിതാവേ” എന്നു വിളിക്കാന്‍ കഴിയും. അവനിലേക്കു സ്നേഹം നിശ്വസിക്കുകയും സഭയെ രൂപപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിൻ്റെ ജീവന്‍ അവന്‍ സ്വീകരിക്കുന്നു.

നിത്യജീവിതത്തിലേക്കുള്ള ഈ വിളി പ്രകൃത്യതീതമായ ഒന്നാണ്‌. അതു ദൈവത്തിൻ്റെ സൗജന്യപരമായ മുന്‍കൈയെടുക്കലിനെ പൂര്‍ണമായി ആശ്രയിച്ചിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തേക്കു മാത്രമേ തന്നെത്തന്നെ വെളിപ്പെടുത്താനും തന്നെത്തന്നെ നല്‍കാനും കഴിയുകയുള്ളൂ. മാനുഷിക ബുദ്ധിയുടെയും ഇച്ഛയുടെയും അതുപോലെതന്നെ മറ്റ്‌ എല്ലാ ജീവികളുടെയും ബുദ്ധിയുടെയും ഇച്ഛയുടെയും കഴിവുകളെയും ശക്തികളെയും അത്‌ അതിശയിക്കുന്നു.

ക്രിസ്തുവിൻ്റെ കൃപാവരം ദൈവം നമുക്കു നല്‍കുന്ന സൗജന്യ ദാനമാണ്‌. അവിടുത്തെ തന്നെ ജീവൻ്റെ ഈ ദാനം നമ്മുടെ ആത്മാവിനെ പാപത്തില്‍നിന്നു  സുഖപ്പെടുത്താനും അതിനെ വിശുദ്ധീകരിക്കാനുമായി പരിശുദ്ധാത്മാവിലൂടെ നമ്മുടെ ആത്മാവിലേക്കു ചൊരിയപ്പെടുന്നു. അതു മാമ്മോദീസയില്‍ ലഭിക്കുന്ന വിശുദ്ധീകരിക്കുന്ന അഥവാ ദൈവീകമാക്കുന്ന കൃപാവരമാണ്‌. ഇതാണ്‌ നമ്മിലെ വിശുദ്ധീകരണ പ്രവൃത്തിയുടെ സ്രോതസ്‌. 

അതുകൊണ്ട്‌ ആരെങ്കിലും ക്രിസ്തുവിലാണെങ്കില്‍ അവന്‍ ഒരു പുതിയ സൃഷ്ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ പുതിയതു വന്നുകഴിഞ്ഞു. ക്രിസ്തുവിലൂടെ തന്നോടു നമ്മെ രമൃതപ്പെടുത്തിയ ദൈവത്തില്‍നിന്നാണ്‌ ഇവയെല്ലാം.

വിശുദ്ധീകരണ കൃപാവരം സ്ഥായിയായി ലഭിക്കുന്ന ഒരു ദാനമാണ്‌. ദൈവത്തോടൊത്തു ജീവിക്കാനും അവിടുത്തെ സ്നേഹംകൊണ്ടു പ്രവര്‍ത്തിക്കാനും ആത്മാവിനെ ശക്തമാക്കുന്നതിനുവേണ്ടി ആത്മാവിനെ പൂര്‍ണമാക്കുന്ന സ്ഥിരവും പ്രകൃതൃതീതവുമായ ഒരു മനോഭാവം ആണത്‌. ദൈവത്തിൻ്റെ വിളി അനുസരിച്ചു ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്ഥിരമായ മനോഭാവം സ്ഥായിയായ കൃപാവരത്തെ (Habitual grace), മാനസാന്തരത്തിൻ്റെ ആരംഭത്തിലോ വിശുദ്ധീകരണ പ്രവൃത്തിയുടെ ഗതിയിലോ ഉണ്ടാകുന്ന ദൈവത്തിൻ്റെ  ഇടപെടലുകളായ പ്രവര്‍ത്തനാത്മക കൃപാവരങ്ങളില്‍ (Actual graces) നിന്നു വേര്‍തിരിച്ചു കാണണം.

കൃപാവരം സ്വീകരിക്കാന്‍വേണ്ടി മനുഷ്യൻ നടത്തുന്ന തയാറെടുപ്പുതന്നെ കൃപാവരത്തിൻ്റെ പ്രവര്‍ത്തനമാണ്‌. കൃപാവരത്തിൻ്റെ ഈ പ്രവര്‍ത്തനം വിശ്വാസത്തിലൂടെയുള്ള നീതീകരണത്തിലും സ്നേഹത്തിലൂടെയുള്ള വിശുദ്ധീകരണത്തിലും നമ്മുടെ സഹകരണത്തെ ഉണര്‍ത്താനും നിലനിര്‍ത്താനും ആവശ്യമാണ്‌. ദൈവം നമ്മില്‍ തുടങ്ങിയത്‌ അവിടുന്നുതന്നെ പൂര്‍ത്തിയാക്കുന്നു, “എന്തെന്നാല്‍, നമ്മില്‍ ആഗ്രഹം ജനിപ്പിക്കാന്‍ വേണ്ടി അവിടുന്ന്‌ പ്രവര്‍ത്തനം തുടങ്ങുന്നു, നമ്മുടെ ഹിതത്തോടു സഹകരിച്ചുകൊണ്ട്‌ അവിടുന്നു തൻ്റെ  ജോലി പൂര്‍ത്തിയാക്കുന്നു."

നമ്മള്‍ പ്രവര്‍ത്തിക്കുന്നിടത്ത്‌ നാം പ്രവര്‍ത്തനനിരതനായ ദൈവത്തോടു സഹകരിക്കുന്നതേ ഉള്ളൂ. എന്തെന്നാല്‍ അവിടുത്തെ കാരുണ്യം നമുക്കു മുന്‍പേ പോകുന്നു. നാം സുഖപ്പെടുന്നതിന്‌ അതു നമ്മുടെ മുന്‍പേ പോകുന്നു. സുഖപ്പെട്ടു കഴിഞ്ഞാല്‍ നമുക്കു ജീവന്‍ പുഷ്ടിപ്പെടുന്നതിനുവേണ്ടി അതു നമ്മെ പിന്‍തുടരുന്നു. നാം വിളിക്കപ്പെടുന്നതിനുവേണ്ടി അതു നമ്മുടെ മുന്‍പേ പോകുന്നു, നാം മഹത്ത്വീകരിക്കപ്പെടുന്നതിനുവേണ്ടി അതു നമ്മെ പിന്‍തുടരുന്നു. നാം ഭക്തിയോടെ ജീവിക്കുന്നതിനുവേണ്ടി അതു നമ്മുടെ മുന്‍പേ പോകുന്നു, നാം എപ്പോഴും അവിടുത്തോടുകൂടെ ജീവിക്കുന്നതിനുവേണ്ടി അതു നമ്മെ പിന്‍തുടരുന്നു. എന്തെന്നാല്‍ അവിടുത്തെ കൂടാതെ നമുക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

ദൈവത്തിൻ്റെ സ്വതന്ത്രമായ മുന്‍കൈയെടുക്കല്‍ മനുഷ്യൻ്റെ സ്വത്രന്തമായ പ്രത്യുത്തരം ആവശ്യപ്പെടുന്നു. എന്തെന്നാല്‍, തന്നെ അറിയാനും സ്നേഹിക്കാനുമുളള ശക്തി. സ്വാതന്ത്ര്യ ത്തോടൊപ്പം നല്‍കിക്കൊണ്ട്‌ ദൈവം മനുഷ്യനെ തൻ്റെ ഛായയില്‍ സൃഷ്ടിച്ചു. ആത്മാവു സ്നേഹത്തിൻ്റെ സംസര്‍ഗത്തിലേക്കു സ്വതന്ത്രമായി പ്രവേശിക്കുന്നതേയുള്ളു. ദൈവം അപ്പോള്‍ത്തന്നെ മനുഷ്യൻ്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും നേരിട്ടു ചലിപ്പിക്കുകയും ചെയ്യുന്നു. തനിക്കുമാത്രം തൃപ്തിപ്പെടുത്താനാവുന്ന സത്യത്തിനും നന്മയ്ക്കുംവേണ്ടിയുളള ഒരു അഭിനിവേശം അവിടുന്നു മനുഷ്യനില്‍ നിക്ഷേപിച്ചു. “നിത്യജീവൻ്റെ ” വാഗ്ദാനങ്ങള്‍, സര്‍വപ്രത്യാശയ്ക്കും ഉപരിയായി, ഈ അഭിനിവേശത്തോടു പ്രത്യുത്തരിക്കുന്നു;

അങ്ങയുടെ വളരെ നല്ല പ്രവൃത്തികളുടെ അവസാനം അങ്ങ്‌ ഏഴാംദിവസം വിശ്രമിച്ചത്‌, അങ്ങ്‌ ഞങ്ങള്‍ക്കു തന്നവയാകകൊണ്ട്‌ വളരെ നല്ലവയായ ഞങ്ങളുടെ പ്രവൃത്തികളുടെ അവസാനം, ശാശ്വതജീവിതത്തിൻ്റെ  സാബത്തില്‍, ഞങ്ങളും അങ്ങില്‍ വിശ്രമിക്കണമെന്ന്‌ അങ്ങയുടെ ഗ്രന്ഥത്തിൻ്റെ ശബ്ദംവഴി മുന്‍കൂട്ടി പറയുന്നതിനായിരുന്നു അത്‌. 

കൃപാവരം പ്രഥമവും പ്രധാനവുമായി, നമ്മെ നീതീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്‌. എന്നാല്‍ തൻ്റെ പ്രവര്‍ത്തനത്തോടു നമ്മെ ബന്ധപ്പെടുത്തുന്നതിനും മററുള്ളവരുടെ രക്ഷയ്ക്കായുള്ള അവിടുത്തെ പ്രവൃത്തിയിലും സഭയാകുന്ന ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ  വളര്‍ച്ചയിലും സഹകരിക്കുന്നതിനുംവേണ്ടി പരിശുദ്ധാത്മാവു നമുക്കു നല്‍കുന്ന ദാനങ്ങളെയും കൃപാവരം ഉള്‍ക്കൊള്ളുന്നുണ്ട്‌. ഇവ കുദാശാപരമായ കൃപാവരങ്ങളാണ്‌. വിവിധ കുദാശകള്‍ക്കു സഹജമായുള്ള ദാനങ്ങളാണ്‌. കൂടാതെ സവിശേഷകൃപകളും ഉണ്ട്‌. അവയെ വിശുദ്ധ പൗലോസ്‌ ഉപയോഗിച്ച ഗ്രീക്കുപദമനുസരിച്ച്‌ വരങ്ങള്‍ (charismata ) എന്നുവിളിക്കുന്നു. അതിൻ്റെ അര്‍ഥം, “പ്രത്യേകാനുകൂല്യം”, “സൗജന്യപരമായ ദാനം”, “ഉപകാരം” എന്നിങ്ങനെയാണ്‌. വരങ്ങളുടെ സ്വഭാവം എന്തായിരുന്നാലും അവ, അദ്ഭുതപ്രവര്‍ത്തനവരമോ ഭാഷാവരമോപോലെ അസാധാരണമായിരുന്നാലും, അവ വിശുദ്ധീകരണ കൃപാവരത്തിലേക്കു നയിക്കുന്നവയും സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കുന്നവയുമാണ്‌. അവ സഭയെ പടുത്തുയര്‍ത്തുന്ന ഉപവിയുടെ സേവനത്തിനുള്ളവയാണ്‌.

സവിശേഷ കൃപാവരങ്ങളില്‍ ജീവാവസ്ഥയുടെ കൃപാവരങ്ങളെയും പരിഗണിക്കണം. അവക്രൈസ്തവ ജീവിതത്തിൻ്റെയും സഭയ്ക്കുള്ളിലുള്ള ശുശ്രുഷകളുടെയും ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തോട്‌ ഒത്തുപോകുന്നവയാണ്‌. 

നമുക്കു ലഭിച്ചിരിക്കുന്ന കൃപാവരമനുസരിച്ച്‌ നമുക്കുള്ള ദാനങ്ങളും വൃത്യസ്തങ്ങളാണ്‌. പ്രവചനവരം വിശ്വാസത്തിനു ചേര്‍ന്നവിധം പ്രവചിക്കുന്നതിലും, ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അധ്യാപനവരം അധ്യാപനത്തിലും, ഉപദേശവരം ഉപദേശത്തിലും നമുക്ക്‌ ഉപയോഗിക്കാം. ദാനം ചെയ്യുന്നവന്‍ ഔദാര്യത്തോടെയും നേതൃത്വം നല്‍കുന്നവന്‍ തീക്ഷ്ണതയോടെയും കരുണകാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.

കൃപാവരം നമ്മുടെ അനുഭവത്തില്‍ ഒതുങ്ങുന്നതല്ല, അതു വിശ്വാസത്തിലൂടെയല്ലാതെ അറിയാനാവില്ല. കാരണം, അതു പ്രകൃത്യതീത ക്രമത്തിൻ്റെതാണ്‌. അതുകൊണ്ട്‌, നാം നിതീകരിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തു എന്ന നിഗമനത്തിലെത്താന്‍ നമ്മുടെ തോന്നലുകളെയോ നമ്മുടെ പ്രവൃത്തികളെയോ ആശ്രയിക്കാന്‍ സാധ്യമല്ല. എന്നിരുന്നാലും, “അങ്ങനെ നിങ്ങള്‍ അവയുടെ ഫലങ്ങള്‍ കൊണ്ട്‌ അവയെ തിരിച്ചറിയും എന്ന കര്‍ത്താവിൻ്റെ വാക്കുകള്‍ അനുസരിച്ച്‌, നമ്മുടെ ജീവിതത്തിലും വിശുദ്ധരുടെ ജീവിതത്തിലുമുള്ള ദൈവാനുഗ്രഹങ്ങളെക്കുറിച്ചുള്ള പരിചിന്തനം, നമ്മില്‍ കൃപാവരം പ്രവര്‍ത്തിക്കുന്നുവെന്നും പൂര്‍വോപരി മഹത്തായ വിശ്വാസത്തിലേക്കും വിശ്വാസപൂര്‍വകമായ ദാരിദ്ര്യത്തിൻ്റെ  മനോഭാവത്തിലേക്കും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നുമുള്ള ഉറപ്പു നമുക്കു നല്‍കുന്നു. 

ഈ മനോഭാവത്തിൻ്റെ മനോജ്ഞമായ ഒരു വിശദീകരണം, ഒരു കെണിയെന്ന പോലുള്ള ചോദ്യം ചോദിച്ച സഭാ ജഡ്‌ജിമാര്‍ക്ക്‌ ആര്‍ക്കിലെ വി. ജോവാന്‍ നല്‍കിയ ഉത്തരത്തില്‍ കാണാം; “അവള്‍ ദൈവത്തിൻ്റെ  കൃപാവരത്തിലാണെന്ന്‌ അറിയാമോ എന്ന്‌ അവളോടു ചോദിച്ചപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: “ഞാന്‍ കൃപാവരത്തിലല്ലെങ്കില്‍ ദൈവം കനിഞ്ഞ്‌ എന്നെ അതില്‍ പ്രവേശിപ്പിക്കട്ടെ; ഞാന്‍ കൃപാവരത്തിലാണെങ്കില്‍ അതില്‍ കാത്തുസൂക്ഷിക്കാന്‍ ദൈവം കനിയട്ടെ."

III. യോഗ്യത

വിശുദ്ധരുടെ സമൂഹത്തില്‍ അങ്ങു മഹത്ത്വീകൃതനാകുന്നു. അവരുടെ യോഗ്യതകള്‍ക്ക്‌ കിരീടമണിയിക്കുമ്പോള്‍ അങ്ങ്‌ അങ്ങയുടെതന്നെ ദാനങ്ങളെ കിരീടമണിയിക്കുന്നു.

ഒരു സമൂഹമോ സംഘടനയോ അതിൻ്റെ  അംഗങ്ങളില്‍ ഒരാളുടെ, നന്മയോ തിന്മയോ ആയ പ്രവൃത്തിക്കു നല്‍കേണ്ട സമ്മാനമോ ശിക്ഷയോ ആയ പ്രതിഫലമാണു “യോഗ്യത” എന്ന വാക്കുകൊണ്ടു പൊതുവേ അര്‍ത്ഥമാക്കുന്നത്‌. സമത്വസിദ്ധാന്തം നിയന്ത്രിക്കുന്ന നീതി എന്ന സുകൃതത്തോട്‌ ബന്ധപ്പെട്ടതാണ്‌ യോഗ്യത.

ദൈവത്തിൻ്റെ മനസ്സില്‍ മനുഷ്യന് നിഷ്കൃഷ്ടാര്‍ഥത്തില്‍ നിയമപരമായ യാതൊരു യോഗ്യതയുമില്ല. ദൈവത്തിനും നമുക്കുമിടയില്‍ അപരിമേയമായ അസമത്വമുണ്ട്‌. എന്തെന്നാല്‍, നമ്മുടെ സ്രഷ്ടാവായ ദൈവത്തില്‍നിന്നാണ്‌ എല്ലാം നാം സ്വീകരിച്ചിരിക്കുന്നത്‌.

ക്രൈസ്തവജീവിതത്തില്‍ ദൈവത്തിൻ്റെ  മുന്‍പിലുള്ള മനുഷ്യൻ്റെ യോഗ്യത എന്നത്‌, ദൈവം തൻ്റെ കൃപാവരത്തിൻ്റെ പ്രവൃത്തിയോടു മനുഷ്യനെ ബന്ധിപ്പിക്കുവാന്‍ സ്വതന്ത്രമായി നിശ്ചയിച്ചു എന്നതില്‍നിന്ന്‌ ഉണ്ടാകുന്നതാണ്‌. ദൈവത്തിൻ്റെ പിതൃസഹജമായ ഒന്നാമത്തെ പ്രവൃത്തി അവിടുത്തെ പ്രചോദനമാണ്‌. അതിനോട്‌ സഹകരിച്ചുകൊണ്ട്‌ മനുഷ്യൻ്റെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ്‌ രണ്ടാമത്തേത്‌. അങ്ങനെ, നന്‍മപ്രവൃത്തികളുടെ യോഗ്യത ആരോപിക്കേണ്ടത്‌ ഒന്നാമതായി ദൈവത്തിൻ്റെ കൃപാവരത്തിനും പിന്നീടു വിശ്വാസികള്‍ക്കുമാണ്‌. കൂടാതെ മനുഷ്യൻ്റെ യോഗൃതതന്നെ ദൈവത്തിൻ്റെതാണ്‌. എന്തെന്നാല്‍ ക്രിസ്തുവിലുള്ള അവൻ്റെ നന്‍മ പ്രവൃത്തികള്‍ പരിശുദ്ധാത്മാവിൻ്റെ പ്രേരണകളില്‍നിന്നും സഹായങ്ങളില്‍നിന്നും പുറപ്പെടുന്നു.

ദൈവത്തിൻ്റെ സൗജന്യപരമായ നീതിക്കനുസൃതമായി കൃപാവരത്താല്‍ ദൈവികപ്രകൃതിയില്‍ നമ്മെ പങ്കുകാരാക്കിക്കൊണ്ട്‌ യഥാര്‍ഥമായ യോഗ്യത നമുക്കു നൽകാൻ ദത്തുപുത്രസ്ഥാനത്തിനു കഴിയും. അവിടെ കൃപാവരത്തിലൂടെ നമുക്ക്‌ അവകാശമുണ്ട്‌, സ്നേഹത്തിൻ്റെ പൂര്‍ണമായ അവകാശം. അതു നമ്മെ ക്രിസ്തുവിനോടുകൂടെ “കൂട്ടവകാശികളും” “വാഗ്ദാനംചെയ്യപ്പെട്ട നിത്യജീവൻ്റെ അവകാശം” ലഭിക്കുന്നതിനു യോഗ്യരും ആക്കുന്നു." നമ്മുടെ സത്പ്രവൃത്തികളുടെ യോഗ്യതകള്‍ ദൈവികനന്മയുടെ ദാനങ്ങളാണ്‌. “കൃപാവരം മുന്‍കൂറായി നല്കപ്പെട്ടു; അവകാശപ്പെട്ടത്‌ ഇപ്പോള്‍ മാത്രം നല്‍കപ്പെട്ടിരിക്കുന്നു... നിൻ്റെ യോഗൃതകള്‍ ദൈവത്തിൻ്റെ ദാനങ്ങളാണ്‌.

കൃപാവരത്തിൻ്റെ ക്രമത്തില്‍ മുന്‍കൈയെടുക്കല്‍ ദൈവത്തിൻ്റെതാകയാല്‍ മാനസാന്തരത്തിൻ്റെയും ആരംഭത്തില്‍, പാപമോചനത്തിൻ്റെയും നീതീകരണത്തിൻ്റെയും ആരംഭത്തില്‍, പ്രാഥമിക കൃപയ്ക്ക്‌ അർഹരാകാൻ ആർക്കും കഴിയുകയില്ല. പിന്നീട്‌ പരിശുദ്ധാത്മാവിനാലും ഉപവിയാലും ചലിപ്പിക്കപ്പെട്ട്‌, നമ്മുടെ വിശുദ്ധീകരണത്തിനും കൃപാവരത്തിൻ്റെയും സ്നേഹത്തിൻ്റെയും വര്‍ധനവിനും നിത്യജീവന്‍ പ്രാപിക്കാന്‍ ഉപയുക്തവുമായ കൃപാവരങ്ങള്‍ക്കുള്ള അർഹത നമുക്കും മറ്റുള്ളവര്‍ക്കുംവേണ്ടി നേടാന്‍ നമുക്കു കഴിയും. ആരോഗ്യം, സൗഹൃദം മുതലായ ഭൗതിക നന്മകള്‍ക്കുപോലുമുള്ള അര്‍ഹത ദൈവത്തിൻ്റെ ജ്ഞാനത്തിനനുസൃതമായി നമുക്കു നേടാന്‍ കഴിയും. ഈ കൃപാവരങ്ങളും നന്മകളും ക്രൈസ്‌തവ പ്രാര്‍ഥനയുടെ വിഷയമാണ്‌. യോഗ്യത നേടിത്തരുന്ന പ്രവൃത്തികള്‍ക്കുവേണ്ട കൃപാവരത്തിലാണ്‌ അത്‌ ശ്രദ്ധവയ്ക്കുന്നത്‌.

ദൈവത്തിൻ്റെ മുന്‍പില്‍ നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിൻ്റെ സ്നേഹമാണ്‌. സജീവമായ സ്നേഹത്തില്‍ നമ്മെ ക്രിസ്തുവിനോടു യോജിപ്പിച്ചുകൊണ്ട്‌ കൃപാവരം നമ്മുടെ പ്രവൃത്തികളുടെ അതിസ്വാഭാവികഗുണത്തെയും തത്ഫലമായി ദൈവത്തിൻ്റെയും മനുഷ്യരുടെയും മുന്‍പില്‍ അവയുടെ യോഗ്യതയും ഉറപ്പാക്കുന്നു. തങ്ങളുടെ യോഗ്യതകള്‍ കേവലം കൃപാവരമാണെന്ന സജീവമായ ബോധം വിശുദ്ധര്‍ക്ക്‌ എപ്പോഴും ഉണ്ടായിരുന്നു

ഭൂമിയിലെ വിപ്രവാസത്തിനുശേഷം, പിതൃരാജ്യത്തുചെന്ന്‌ നിന്നെ ആസ്വദിക്കാമെന്നു ഞാന്‍ പ്രത്‌ക്ഷിക്കുന്നു. പക്ഷേ, സ്വര്‍ഗത്തിനുവേണ്ടി യോഗ്യതകള്‍ ശേഖരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നിൻ്റെ സ്നേഹത്തിനു മാത്രം വേണ്ടി അദ്ധ്വാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഈ ജീവിതത്തിൻ്റെ സായാഹ്നത്തില്‍, ഞാന്‍ നിൻ്റെ  മുന്‍പില്‍ ശൂന്യമായ കൈകളോടെ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവേ എൻ്റെ പ്രവൃത്തികളെ പരിഗണിക്കണമെന്നു ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ എല്ലാ നീതിയും നിൻ്റെ കണ്‍മുമ്പില്‍ കളങ്കമുള്ളതാണ്. അതുകൊണ്ട് നിൻ്റെ നീതിയാൽ പൊതിയപ്പെടാനും നിൻ്റെ  സ്നേഹത്താല്‍ നിന്നെത്തന്നെ എന്നേക്കും സ്വന്തമാക്കാനും ഞാന്‍ ആശിക്കുന്നു."

IV. ക്രൈസ്തവവിശുദ്ധി

“ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്‌... അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.... എന്തെന്നാല്‍ അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തൻ്റെ പുത്രൻ്റെ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ചു. ഇതു തൻ്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനുവേണ്ടിയാണ്‌. താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.”

“ഏത്‌ അവസ്ഥയിലും ജീവിതവൃത്തിയിലുമുള്ള എല്ലാ ക്രൈസ്തവരും, ക്രൈസ്തവജീവിതത്തിൻ്റെ പൂര്‍ണതയിലേക്കും സ്നേഹത്തിൻ്റെ പരിപൂര്‍ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു." എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. “നിങ്ങളുടെ സ്വര്‍ഗീയപിതാവു പൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്‍ണരായിരിക്കുവിന്‍."

ഈ പൂര്‍ണത പ്രാപിക്കാന്‍ ക്രിസ്തുവിൻ്റെ ദാനങ്ങളാല്‍ പ്രദാനംചെയ്യപ്പെട്ട ശക്തിവിശ്വാസികള്‍ ഉപയോഗിക്കണം... അങ്ങനെ എല്ലാക്കാര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ട്‌ ദൈവമഹത്ത്വത്തിനും അയല്‍ക്കാരുടെ സേവനത്തിനുമായി അവര്‍ തങ്ങളെത്തന്നെ പൂര്‍ണഹൃദയത്തോടെ പ്രതിഷ്ഠിക്കണം. അങ്ങനെ, സഭാചരിത്രത്തിലെ അനേകം വിശുദ്ധരുടെ ജീവിതത്തില്‍ സുവ്യക്തമായി കാണിച്ചിട്ടുള്ളതുപോലെ ദൈവജനത്തിൻ്റെ വിശുദ്ധി സമൃദ്ധമായ ഫലങ്ങള്‍ചൂടി വളരും.

ആധ്യാത്മികപുരോഗതി ക്രിസ്തുവുമായുള്ള പൂര്‍വാധികം ഗാഢമായ ഐക്യത്തിലേക്കു നയിക്കുന്നു. ഈ ഐക്യത്തെ “രഹസ്യാത്മകം” എന്നു വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ “വിശുദ്ധ രഹസ്യങ്ങള്‍” ആകുന്ന കൂദാശകളിലൂടെ ക്രിസ്തുവിൻ്റെ രഹസ്യത്തിലും, ക്രിസ്തുവില്‍ പരിശുദ്ധ ത്രിത്വത്തിൻ്റെ രഹസ്യത്തിലും അതു പങ്കുപറ്റുന്നു. തന്നോടുള്ള ഗാഢമായ ഈ ഐക്യത്തിലേക്ക്‌ ദൈവം നമ്മെ എല്ലാവരെയും വിളിക്കുന്നു. എന്നാല്‍ ഈ രഹസ്യാത്മകജീവിതത്തിൻ്റെ പ്രത്യേക കൃപകള്‍ അഥവാ അസാധാരണ അടയാളങ്ങള്‍ ചിലര്‍ക്കുമാത്രം നല്‍കപ്പെടുന്നു. സകലര്‍ക്കും നല്കപ്പെട്ടിരിക്കുന്ന സൗജന്യപരമായ ദാനം വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ്‌ ഇത്‌.

പരിപൂര്‍ണതയുടെ വഴി കുരിശിലൂടെയാണു കടന്നുപോകുന്നത്‌. പരിത്യാഗവും ആധ്യാത്മികസമരവുമില്ലാതെ വിശുദ്ധിയില്ല. തപശ്ചര്യയും പരിത്യാഗവും ആധ്യാത്മികപുരോഗതിക്ക്‌ ആവശ്യമാണ്‌. അവ ക്രമേണ സുവിശേഷഭാഗ്യങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമുള്ള ജീവിതത്തിലേക്കു നയിക്കുന്നവയാണ്‌:

മുകളിലേക്കു കയറുന്നവന്‍, തുടക്കത്തില്‍നിന്നു തുടങ്ങി അതിനെക്കാള്‍ വലിയവയുടെ തുടക്കം തുടരുന്നു. കയറുന്നവൻ്റെ ആഗ്രഹം ഒരിക്കലും അറിഞ്ഞുകഴിഞ്ഞവയില്‍ അവസാനിക്കുന്നില്ല. 

നമ്മുടെ പരിശുദ്ധ അമ്മയായ സഭയുടെ മക്കള്‍ അന്തിമ സ്‌ഥൈര്യത്തിൻ്റെ കൃപാവരം ലഭിക്കുമെന്നും ദൈവത്തിൻ്റെ നിയമവും കൃപാവരത്തോടെ യേശുവിനോടുള്ള ഐകൃത്തില്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയ സത്പ്രവൃത്തികള്‍ക്കു തങ്ങളുടെ പിതാവായ ദൈവത്തില്‍ നിന്നു പ്രതിഫലം ലഭിക്കുമെന്നും ഉചിതമായി പ്രതീക്ഷിക്കുന്നു. "ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്‌,  ദൈവസന്നിധിയില്‍നിന്ന്‌ ഇറങ്ങിവരുന്ന പുതിയ ജറുസലെമായ വിശുദ്ധനഗരത്തിലേക്ക്‌" ദൈവകാരുണ്യത്താല്‍ ഒരുമിച്ചുകൂട്ടപ്പെട്ടവരുടെ “അനുഗ്രഹീതമായ പ്രത്യാശയില്‍” വിശ്വാസികള്‍ ഒരേ ജീവിതനിയമം പാലിച്ചുകൊണ്ട്‌, പങ്കുചേരുന്നു.

സംഗ്രഹം 

പരിശുദ്ധാത്മാവിൻ്റെ കൃപ നമ്മുടെമേൽ ദൈവത്തിൻ്റെ നീതി ചൊരിയുന്നു. വിശ്വാസത്താലും മാമ്മോദീസയാലും നമ്മെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടും പുനരുത്ഥാനത്തോടും യോജിപ്പിച്ചുകൊണ്ട്‌, പരിശുദ്ധാത്മാവു നമ്മെ അവിടുത്തെ ജീവനിൽ പങ്കാളികളാക്കുന്നു 

മാനസാന്തരത്തിനെന്നപോലെ, നീതികരണത്തിനും രണ്ടു വശങ്ങളുണ്ട്‌. കൃപയാൽ ചലിക്കപ്പെട്ടു മനുഷ്യൻ ദൈവത്തിലേക്കു തിരിയുകയും പാപത്തില്‍ നിന്ന്  അകലുകയും അങ്ങനെ, അത്യന്നതങ്ങളിൽ  നിന്നു മാപ്പും നീതിയും സ്വീകരിക്കുകയും ചെയ്യുന്നു.

നീതീകരണം, പാപങ്ങളുടെ പൊറുതിയും വിശുദ്ധികരണവും ആന്തരിക മനുഷ്യൻ്റെ നവികരണവും ഉൾക്കൊള്ളുന്നു. 

ക്രിസ്തുവിൻ്റെ പീഡാസഹനത്തിലൂടെ നമുക്കു നീതികരണത്തിനു യോഗ്യത ലഭിച്ചു. അതു നമുക്കു മമ്മോദീസ്സയിലൂടെ നൽകപ്പെടുന്നു. നമ്മെ നീതീകരിക്കുന്ന ദൈവത്തിൻ്റെ നീതിയോട്‌ അതു നമ്മെ അനുരൂപപ്പെടുത്തുന്നു. അതിൻ്റെ ലക്ഷ്യം ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും മഹത്ത്വവും നിത്യജീവൻ്റെ ദാനവുമാണ്‌. അത്‌ ദൈവത്തിൻ്റെ കാരുണ്യത്തിൻ്റെ ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണ്‌.

തൻ്റെ ദത്തുപുത്രരായിതിക്കാ൯ നമുക്കു നൽകുന്ന വിളിയോടു പ്രത്യുത്തരിക്കുന്നതിനു ദൈവം നൽകുന്ന  സഹായമാണു കൃപാവരം, ത്രിത്വാത്മക ജീവിതത്തിൻ്റെ ഗാഢബന്ധത്തിലേക്ക്‌ അതു നമ്മെ പ്രവേശിപ്പിക്കുന്നു.

കൃപാവരത്തിൻ്റെ പ്രവൃത്തിയില്‍, ദൈവികമുൻകൈയെടുക്കൽ മനുഷ്യൻ്റെ സ്വതന്ത്രമായ പ്രത്യുത്തരത്തിനു മുൻപേ പോകുകയും അതിനെ സജ്ജമാക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നു. കൃപാവരം മനുഷ്യ സ്വാതന്ത്ര്യത്തിൻ്റെ അഗാധമായ ആഗ്രഹങ്ങളോടു പ്രത്യുത്തരിക്കുന്നു. അതിനോടു സഹകരിക്കാല്‍ സ്വാതന്ത്ര്യത്തെ ആഹ്വാനംചെയ്യുകയും അതിനെ പൂർണമാക്കുകയും ചെയ്യുന്നു.

ദൈവം നമുക്കു നൽകുന്ന തൻ്റെ ജീവൻ്റെ സൗജന്യ ദാനമാണു വിശുദ്ധീകരണ കൃപാവരം. ആത്മാവിനെ പാപത്തിതിനിന്നു സുഖപ്പെടുത്താനും വിശുദ്ധീകരിക്കാനും വേണ്ടി ആത്മാവിലേക്കു പരിശുദ്ധാത്മാവു നിവേശിപ്പിക്കുന്നതാണത്‌.

വിശുദ്ധീകരണ കൃപാവരം നമ്മെ “ദൈവത്തിന്‌ ഇഷ്ടപ്പെട്ടവർ ” ആക്കുന്നു. പരിശുദ്ധാത്മാവിൻ്റെ സവിശേഷ കൃപകളായ വരങ്ങൾ വിശുദ്ധീകരണക്യപാവരത്തെ ലക്ഷ്യംവയ്ക്കുന്നവയും സഭയുടെ പൊതുനൻമയെ ഉദ്ദേശിച്ചുള്ളവയുമാണ്‌. ദൈവം അനേകം പ്രവര്‍ത്തനാത്മക കൃപാവരങ്ങളിലൂടെയും പ്രവർത്തിക്കുന്നു. അവയെ, നമ്മിൽ സ്ഥിരമായുള്ള സ്ഥായിയായ ക്യപാവരത്തിൽ നിന്നു വേർതിരിച്ചു കാണണം.

മനുഷ്യനെ തൻ്റെ കൃപയുടെ പ്രവൃത്തിയോടു ബന്ധിപ്പിക്കാനുള്ള ദൈവത്തിൻ്റെ സ്വതന്ത്രമായ പദ്ധതിമൂലം മാത്രമാണു നമുക്കു ദൈവത്തിൻ്റെ മുന്‍പിൽ യോഗ്യതയുണ്ടാകുന്നത്‌. യോഗ്യത ആരോപിക്കേണ്ടത്‌ ഒന്നാമതായി ദൈവത്തിൻ്റെ കൃപയ്ക്കും രണ്ടാമതായി മനുഷ്യൻ്റെ സഹകരണത്തിനുമാണ്‌. മനുഷ്യൻ്റെ യോഗ്യത ദൈവത്തിൻ്റെതാണ്‌.

നമ്മുടെ ദത്തുപുത്രസ്ഥാനംകൊണ്ട്‌, ദൈവത്തിൻ്റെ സൗജന്യപരമായ നീതിക്കു ചേർന്നവിധം നമുക്കു യഥാര്‍ഥ യോഗ്യത നൽകുവാൻ പരിശുദ്ധാത്മാവിൻ്റെ കൃപയ്ക്കു കഴിയും. ദൈവത്തിൻ്റെ മുൻപിൽ, നമ്മിലുള്ള  യോഗ്യതയുടെ മുഖ്യസ്രോതസ് സ്നേഹമാണ്‌.

മാനസാന്തരത്തിൻ്റെ തുടക്കമായ പ്രാരംഭ കൃപാവരംവഴി യോഗ്യരാകുവാൻ ആർക്കും സാധ്യമല്ല. പരിശുദ്ധാത്മാവിനാൽ ചലിപ്പിക്കപ്പെട്ട് , നിത്യജീവൻ പ്രാപിക്കാൻ ഉപയുക്തമായ സകല കൃപാവരങ്ങളും അതുപോലെ ആവശ്യകമായ ഭൗതികനന്മകളും നമുക്കും മറ്റുള്ളവർക്കും വേണ്ടി നേടാന്‍ നമുക്കു കഴിയും.

“എല്ലാ  ക്രൈസ്തവവിശ്വാസികളും ക്രൈസ്തവ ജീവിതത്തിൻ്റെ പൂർത്തീകരണത്തിലേക്കും സ്നേഹത്തിൻ്റെ പൂര്‍ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു."

അപ്പസ്തോലനില്‍ നിന്ന്‌ പഠിച്ചിട്ടുള്ളതുപോലെ ഈ പൂര്‍ണതയുടെ പരിധി അതിന്‌ അതിൽത്തന്നെ പരിധി എന്നുള്ളതാണ്‌. 

“ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗഹിക്കുന്നെങ്കിൽ അവന്‍ തന്നത്തന്നെ പരിത്യജിച്ചു തൻ്റെ  കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ. (മത്താ 16 : 24.)

കൃപാവരവും നീതീകരണവും ക്രൈസ്തവവിശുദ്ധി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message