We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 30-Jun-2022
വകുപ്പ് 7
സുകൃതങ്ങള്‍
“സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.”
നന്‍മചെയ്യുന്നത് ശീലമാക്കിയ, സുസ്ഥിരമായ മനോഭാവമാണ് സുകൃതം. അത് ഒരു വ്യക്തിയെ നല്ല പ്രവൃത്തിചെയ്യാന്‍ മാത്രമല്ല, തനിക്ക് സാധിക്കുന്നതിൻ്റെ പരമാവധി ചെയ്യാനും അനുവദിക്കുന്നു. സുകൃതമുള്ള വ്യക്തി തൻ്റെ ബാഹ്യേന്ദ്രിയപരവും ആധ്യാത്മികവുമായ സകലശക്തികളുംകൊണ്ടു നന്‍മയിലേക്കു ചായുന്നു. അവന്‍ നന്‍മയെ പിന്‍തുടരുകയും വസ്തുനിഷ്ഠമായ കര്‍മങ്ങളില്‍ അതിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
I. മാനുഷികസുകൃതങ്ങള്‍
യുക്തിയും വിശ്വാസവുമനുസരിച്ചു നമ്മുടെ പ്രവൃത്തികളെ ഭരിക്കുകയും നമ്മടെ വികാരങ്ങളെ ക്രമീകരിക്കുകയും നമ്മുടെ പെരുമാററത്തെ നയിക്കുകയും ചെയ്യുന്ന ഉറച്ച തഴക്കങ്ങള്‍, ഉറപ്പുള്ള മനോഭാവങ്ങള്‍, ബുദ്ധിശക്തിയുടെയും ഇച്ഛാശക്തിയുടെയും തഴക്കപരമായ പൂര്‍ണതകള്‍ എന്നിവയാണു മാനുഷികസുകൃതങ്ങള്‍. ധാര്‍മികമായ ഒരു നല്ല ജീവിതം നയിക്കുന്നതില്‍ സുഗമതയും ആത്മാധീശത്വവും സന്തോഷവും അവ സാധ്യമാക്കുന്നു. സ്വതന്ത്രമായി നന്‍മ പ്രവര്‍ത്തിക്കുന്നവനാണു സുകൃത സമ്പന്നനായ മനുഷ്യന്‍.
ധാര്‍മികസുകൃതങ്ങള്‍ മാനുഷികരീതിയില്‍ സമ്പാദിക്കാം. അവ ധാര്‍മികമായ നല്ല പ്രവൃത്തികളുടെ ഫലവും വിത്തുമാണ്. അവ മനുഷ്യൻ്റെ സകല ശക്തികളെയും ദൈവികസ്നേഹവുമായുള്ള സംസര്‍ഗത്തിനായി സജ്ജീകരിക്കുന്നു.
മൗലിക സുകൃതങ്ങളുടെ വ്യതിരിക്തത
നാലു സുകൃതങ്ങള്‍ മൗലികധര്‍മം നിര്‍വഹിക്കുന്നു. തദനുസൃതം, അവയെ മൗലികസുകൃതങ്ങള്‍ (Cardinal virtues) എന്നു വിളിക്കുന്നു. മറ്റുള്ളവയെല്ലാം അവയ്ക്കു ചുറ്റും ക്രമീകരിച്ചിരിക്കുന്നു. അവ വിവേകം, നീതി, മനഃസ്ഥൈര്യം, സംയമനം എന്നിവയാണ്. “ഒരുവന്‍ നീതിയെ സ്നേഹിച്ചാല്‍ (അവൻ്റെ) പ്രവര്‍ത്തനങ്ങളുടെ ഫലം സുകൃതങ്ങളായിരിക്കും: എന്തെന്നാല്‍ സംയമനവും വിവേകവും നീതിയും മനഃ സ്ഥൈര്യവും അവള്‍ (ജ്ഞാനം) പരിശീലിപ്പിക്കുന്നു." ഈ സുകൃതങ്ങള്‍ മറ്റു പേരുകളില്‍ വിശുദ്ധലിഖിതത്തിലെ പലഭാഗങ്ങളിലും പ്രശംസിക്കപ്പെട്ടിരിക്കുന്നു.
വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യഥാര്‍ഥ നന്‍മയെ തിരിച്ചറിയാനും അതു പ്രാപിക്കുന്നതിനുവേണ്ടി ശരിയായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗികബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്. “വിവേകിയായ മനുഷ്യന്‍ തൻ്റെ മാര്‍ഗത്തില്‍ ശ്രദ്ധവയ്ക്കുന്നു". “നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍.” “പ്രവർത്തനനിരതമായ, ശരിയായ ബുദ്ധിയാണ്” വിവേകം എന്ന്, അരിസ്റ്റോട്ടലിനെ ഉദ്ധരിച്ചുകൊണ്ട് വി.തോമസ് അക്വീനാസ് എഴുതുന്നു." അത് ഭീരുത്വമോ ഭയമോ ദ്വന്ദഭാവമോ കാപട്യമോ ആയി തെറ്റുദ്ധരിക്കരുത്. അത് സുകൃതങ്ങളുടെ സാരഥി എന്നുവിളിക്കപ്പെടുന്നു. അതു നിയമവും അളവും നിശ്ചയിച്ചു മററു സുകൃതങ്ങളെ നയിക്കുന്നു. വിവേകം മനഃസാക്ഷിയുടെ വിധിത്തീര്‍പ്പിനെ നേരിട്ടു നയിക്കുന്നു. വിവേകമുള്ള മനുഷ്യന്‍ തൻ്റെ പെരുമാറ്റത്തെ ഈ വിധിത്തീര്‍പ്പിന് അനുസൃതമായി നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഈ സുകൃതത്തിൻ്റെ സഹായത്താല്‍ ഒറ്റപ്പെട്ട സംഭവങ്ങളില്‍ ധാര്‍മിക തത്വങ്ങളെ നമ്മള്‍ തെറ്റുകൂടാതെ പ്രയോഗിക്കുകയും നേടാനുള്ള നന്‍മയെയും വര്‍ജ്ജിക്കാനുള്ള തിന്‍മയെയും സംബന്ധിച്ച സംശയങ്ങളെ കീഴടക്കുകയും ചെയ്യുന്നു.
നീതി എന്നത് ദൈവത്തിനും അയല്‍ക്കാരനും അര്‍ഹതപ്പെട്ടതു കൊടുക്കുവാനുള്ള നിരന്തരമായതും ഉറപ്പുള്ളതുമായ ഇച്ഛാശക്തിയില്‍ അടങ്ങിയിരിക്കുന്ന ഒരു ധാര്‍മിക സുകൃതമാണ്. ദൈവത്തോടുള്ള നീതി “മതസുകൃതം” എന്നുവിളിക്കപ്പെടുന്നു. മനുഷ്യരോടുള്ള നീതി ഓരോരുത്തൻ്റെയും അവകാശങ്ങളെ മാനിക്കാനും മനുഷ്യ ബന്ധങ്ങളില്‍ വ്യക്തികളെയും പൊതുനന്‍മയെയും സംബന്ധിച്ച ന്യായദീക്ഷ പോഷിപ്പിക്കുന്ന ഐക്യം സ്ഥാപിക്കാനും ഒരുവനെ സന്നദ്ധനാക്കുന്നു. വിശുദ്ധലിഖിതങ്ങളില്‍ മിക്കപ്പോഴും പരാമര്‍ശിക്കപ്പെടുന്ന നീതിമാനായ മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത്, സത്യസന്ധമായി ചിന്തിക്കുന്ന ശീലത്താലും തൻ്റെ അയല്‍ക്കാരനോടുള്ള സത്യസന്ധമായ പെരുമാറ്റത്താലുമാണ്. “ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പരിഗണനയോ കാണിക്കാതെ, അയല്‍ക്കാരനെ നീതിപൂര്‍വം വിധിക്കണം.” “യജമാനന്‍മാരേ, നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ ഒരു യജമാനന്‍ ഉണ്ടെന്ന് ഓര്‍മിച്ചുകൊണ്ട് നിങ്ങളുടെ അടിമകളോടു നീതിയോടും സമഭാവനയോടുംകൂടി പെരുമാറുവിന്‍."
മനഃസ്ഥൈര്യം എന്നത്, പ്രയാസങ്ങളില്‍ ഉറപ്പും നന്‍മ പിന്‍തുടരുന്നതില്‍ സ്ഥിരതയും ഉറപ്പാക്കുന്ന ധാര്‍മികസുകൃതമാണ്. ധാര്‍മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കുവാനും തടസ്സങ്ങളെ കീഴടക്കുവാനുമുള്ള തീരുമാനത്തെ അതു ശക്തിപ്പെടുത്തുന്നു. ഭയത്തെ, മരണഭയത്തെപ്പോലും, കീഴടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃസ്ഥൈര്യമെന്ന സുകൃതം ഒരുവനെ കഴിവുള്ളവനാക്കുന്നു. നീതിപൂര്‍വകമായ ഒരു കാര്യത്തിനുവേണ്ടി തൻ്റെ ജീവനെ ഉപേക്ഷിക്കാന്‍ മാത്രമല്ല ബലിയര്‍പ്പിക്കാന്‍പോലും ഒരുവനെ ഇതു സന്നദ്ധനാക്കുന്നു. “കര്‍ത്തവാണ് എൻ്റെ ബലവും എൻ്റെ ഗാനവും.” “ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു."
സംയമനം എന്നത്, സുഖഭോഗങ്ങളുടെ ആകര്‍ഷണത്തെ മിതപ്പെടുത്തുകയും സൃഷ്ടവസ്തുക്കളുടെ ഉപയോഗത്തില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്ന ധാര്‍മിക സുകൃതമാണ്. അത് വാസനകളുടെമേല്‍ ഇച്ഛാശക്തിയുടെ അധീശത്വത്തെ ശക്തിപ്പെടുത്തുകയും മാന്യതയുടെ പരിധികള്‍ക്കുള്ളില്‍ ആഗ്രഹങ്ങളെ പിടിച്ചുനിറുത്തുകയും ചെയ്യുന്നു. സംയമനമുള്ള വ്യക്തി ഐന്ദ്രിക തൃഷ്ണകളെ നന്‍മയിലേക്കു നയിക്കുകയും ആരോഗ്യകരമായ വിവേചനം പുലര്‍ത്തുകയും തൻ്റെ ഹൃദയത്തിൻ്റെ ദുരാഗ്രഹങ്ങളനുസരിച്ച്, ചരിക്കാന്‍ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്നു.” പഴയനിയമം പലപ്പോഴും സംയമനത്തെ പുകഴ്ത്തുന്നുണ്ട്. “നിങ്ങളുടെ അധമവികാരങ്ങളെ പിന്‍തുടരരുത്, നിങ്ങളുടെ തൃഷ്ണകളെ നിയന്ത്രിക്കുക.” പുതിയനിയമത്തില്‍ അത് “മിതത്വം” എന്നോ “സമചിത്തത” എന്നോ വിളിക്കപ്പെടുന്നു. നാം “ഈ ലോകത്തില്‍ സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടും കൂടെ ജീവിക്കണം.”
നന്നായി ജീവിക്കുക എന്നതിൻ്റെ അര്‍ഥം ഒരുവന്‍ തൻ്റെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ ദൈവത്തെ സ്നേഹിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല... സ്നേഹം സമഗ്രമായും അകലുഷിതമായും സൂക്ഷിക്കപ്പെടുന്നു, ഇതാണ് സംയമനം. ഒരു ദൗര്‍ഭാഗ്യത്തിനും അതിനെ പര്യാകുലമാക്കാന്‍ കഴിയുകയില്ല, ഇതാണു മനഃസ്ഥൈര്യം. അത് മറ്റൊന്നിനെയും സേവിക്കുന്നില്ല, ഇതാണു നീതി. വ്യാജമോ വഞ്ചനയോ സാവധാനം നുഴഞ്ഞുകയറാതിരിക്കാന്‍ സംഗതികളെ വിവേചിച്ചറിയുന്നതില്‍ ശ്രദ്ധിക്കുന്നു. ഇതാണ് വിവേകം.
സുകൃതങ്ങളും കൃപാവരവും
വിദ്യാഭ്യാസം ബോധപൂര്‍വകമായ പ്രവൃത്തികള്‍ ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങളിലൂടെ എപ്പോഴും പുതുക്കപ്പെടുന്ന സ്ഥിരോത്സാഹം എന്നിവയിലൂടെ നേടുന്നമാനുഷിക സുകൃതങ്ങള്‍ ദൈവകൃപയാല്‍ ശുദ്ധീകരിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ദൈവത്തിൻ്റെ സഹായത്താല്‍ അവ സ്വഭാവത്തെ രൂപപ്പെടുത്തുകയും നന്‍മയുടെ പരിശീലനത്തില്‍ എളുപ്പമുണ്ടാക്കുകയും ചെയ്യുന്നു. സുകൃത സമ്പന്നനായ മനുഷ്യന്‍ അവ പരിശീലിക്കുന്നതില്‍ സന്തോഷവാനാണ്.
പാപത്താല്‍ പ്രണിതനായ മനുഷ്യനു ധാര്‍മികസന്തുലിതാവസ്ഥ പാലിക്കാന്‍ എളുപ്പമല്ല. ക്രിസ്തുവിലൂടെയുള്ള രക്ഷയാകുന്ന ദാനം സുകൃതങ്ങളെ പിന്‍തുടരുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ അത്യാവശ്യമായ കൃപാവരം നമുക്കു നല്‍കുന്നു. ഓരോരുത്തനും പ്രകാശത്തിൻ്റെയും ശക്തിയുടെയുമായ ഈ കൃപാവരത്തിനുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കുകയും, കൂദാശകള്‍ കൂടെക്കൂടെ സ്വീകരിക്കുകയും, പരിശുദ്ധാത്മാവുമായി സഹകരിക്കുകയും നന്‍മയെ സ്നേഹിക്കാനും തിന്‍മയില്‍നിന്ന് അകന്നിരിക്കാനുമുള്ള അവിടുത്തെ ആഹ്വാനങ്ങളെ അനുസരിക്കുകയും വേണം.
II. ദൈവികസുകൃതങ്ങള്‍
മാനുഷിക സുകൃതങ്ങള്‍ മനുഷ്യൻ്റെ ശക്തികളെ ദൈവികപ്രകൃതിയില്‍ പങ്കുചേരാന്‍ യോജിച്ചവയാക്കുന്ന ദൈവികസുകൃതങ്ങളില്‍, വേരുറച്ചിരിക്കുന്നു. എന്തെന്നാല്‍, ദൈവിക സുകൃതങ്ങള്‍ നേരിട്ടു ദൈവത്തോടു ബന്ധപ്പെടുത്തുന്നു. അവ ക്രൈസ്തവരെ പരിശുദ്ധ ത്രിത്വവുമായുള്ള ബന്ധത്തില്‍ ജീവിക്കാന്‍ സജ്ജീകൃതരാക്കുന്നു. അവയുടെ ഉത്പത്തിയും ലക്ഷ്യവും വിഷയവും ത്രിയേകദൈവമാണ്.
ദൈവികസുകൃതങ്ങള്‍ ക്രൈസ്തവധാര്‍മിക പ്രവര്‍ത്തനത്തിന് അടിസ്ഥാനമിടുകയും അതിനെ സജീവമാക്കുകയും അതിനെ സവിശേഷമാക്കുകയും ചെയ്യുന്നു. അവ സകല ധാര്‍മിക സുകൃതങ്ങള്‍ക്കും അറിവു പകരുകയും ജീവന്‍ നല്‍കുകയും ചെയ്യുന്നു. അവ വിശ്വാസികളുടെ ആത്മാവില്‍ ദൈവത്താല്‍ നിവേശിപ്പിക്കപ്പെട്ടവയാണ്. അവര്‍ ദൈവമക്കള്‍ എന്നനിലയില്‍ പ്രവര്‍ത്തിക്കുന്നതിനും നിത്യജിവന്‍ അര്‍ഹത നേടുന്നതിനും അവരെ കഴിവുള്ളവരാക്കുന്നതിനുവേണ്ടിയാണത്. മനുഷ്യൻ്റെ ഇന്ദ്രിയ ശക്തികളിലുള്ള പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യത്തിൻ്റെയും പ്രവര്‍ത്തനത്തിൻ്റെയും അച്ചാരമാണവ. ദൈവികസുകൃതങ്ങള്‍ മൂന്നെണ്ണമുണ്ട്: വിശ്വാസം, ശരണം ( പ്രത്യാശ), സ്നേഹം.
വിശ്വാസം
ദൈവം സത്യംതന്നെയാകയാല്‍ നാം ദൈവത്തില്‍ വിശ്വസിക്കുന്നതും അവിടുന്നു പറയുകയും വെളിപ്പെടുത്തുകയും ചെയ്ത സകലതും വിശ്വസിക്കുന്നതും നാം വിശ്വസിക്കാന്‍വേണ്ടി വിശുദ്ധ സഭ നമുക്കു നിര്‍ദേശിക്കുന്നവയെല്ലാം വിശ്വസിക്കുന്നതും ഏതു സുകൃതത്താലാണോ അതാണു വിശ്വാസം എന്ന ദൈവിക സുകൃതം. വിശ്വാസംവഴി “മനുഷ്യന്‍ സ്വാതന്ത്ര്യത്തോടെ, തന്നെത്തന്നെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുന്നു."ഇക്കാരണത്താല്‍, വിശ്വാസി ദൈവത്തിൻ്റെ ഹിതം അറിയാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നു. “നീതിമാന്‍ വിശ്വാസംവഴി ജീവിക്കും.” സജീവ വിശ്വാസം “സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു".
വിശ്വാസത്തിൻ്റെ ദാനം, അതിനെതിരേ പാപം ചെയ്യാത്തവനില്‍ സ്ഥിതിചെയ്യുന്നു. എന്നാല്‍, “പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതമാണ്.” വിശ്വാസത്തിനു പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും അഭാവത്തില്‍ വിശ്വാസിയെ ക്രിസ്തുവിനോടു പൂര്‍ണമായി ഐക്യപ്പെടുത്താനോ അവിടുത്തെ ശരീരത്തിൻ്റെ സജീവാവയവമാക്കാനോ കഴിയുകയില്ല.
ക്രിസ്തുവിൻ്റെ ശിഷ്യന്‍ വിശ്വാസം സൂക്ഷിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താല്‍ മാത്രം പോരാ. അത് ഏററുപറയുകയും ഉറപ്പോടെ അതിനു സാക്ഷ്യം വഹിക്കുകയും അതു പ്രചരിപ്പിക്കുകയുംകൂടി ചെയ്യണം: “മനുഷ്യരുടെ മുന്‍പില്‍ ക്രിസ്തുവിനെ ഏററുപറയാനും, സഭയ്ക്ക് നിരന്തരമുണ്ടാകുന്ന പീഡനങ്ങളുടെ മധ്യേ കുരിശിൻ്റെ പാതയില്‍ അവിടുത്തെ പിന്‍തുടരാനും എല്ലാവരും സന്നദ്ധരായിരിക്കണം.” വിശ്വാസത്തിൻ്റെ ശുശ്രൂഷയും വിശ്വാസസാക്ഷ്യവും രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്: “മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എൻ്റെ സ്വര്‍ഗസ്ഥനായ പിതാവിൻ്റെ മുന്‍പില്‍ ഞാനും ഏറ്റുപറയും. എന്നാല്‍ മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപ്പറയുന്നവനെ എൻ്റെ സ്വര്‍ഗസ്ഥനായ പിതാവിൻ്റെ മുന്‍പില്‍ ഞാനും തള്ളിപ്പറയും."
പ്രത്യാശ
ക്രിസ്തുവിൻ്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിൻ്റെ കൃപാവരത്തിൻ്റെ സഹായത്തില്‍ ആശ്രയിച്ചും, നമ്മുടെ സൗഭാഗ്യമെന്നനിലയില്‍ സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും നാം ആഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ അതാണു പ്രത്യാശ എന്ന ദൈവികസുകൃതം. “നമ്മോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാകയാല്‍, പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി നമുക്കു സൂക്ഷിക്കാം. നാം സ്ഥിരതയുള്ളവരായിരിക്കണം. “ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെ നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ചൊരിഞ്ഞു. അവിടുത്തെ കൃപാവരത്താല്‍ നാം നീതീകരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനും വേണ്ടിയാണത്.”
ദൈവം ഓരോ മനുഷ്യൻ്റെയും ഹൃദയത്തില്‍ നിക്ഷേപിച്ച സൗഭാഗ്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയോട്, പ്രത്യാശ എന്ന സുകൃതം പ്രത്യുത്തരിക്കുന്നു. അതു മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രതീക്ഷകളെ ഉള്‍ക്കൊള്ളുകയും അവയെ സ്വര്‍ഗരാജ്യോന്‍മുഖമാക്കുന്നതിനുവേണ്ടി ശുദ്ധീകരിക്കുകയും മനുഷ്യനെ വീഴ്ചയില്‍നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. പരിത്യക്തനാകുമ്പോഴെല്ലാം അത് അവനെ താങ്ങിനിറുത്തുകയും ശാശ്വത സൗഭാഗ്യത്തിൻ്റെ പ്രതീക്ഷയില്‍ അവൻ്റെ ഹൃദയത്തെ തണുപ്പിക്കുകയും ചെയ്യുന്നു. പ്രത്യാശയുടെ പ്രചോദനം അവനെ സ്വാര്‍ഥതയില്‍നിന്നു സംരക്ഷിക്കുകയും സ്നേഹത്തിൻ്റെ ഫലമായ സൗഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ക്രൈസ്തവ പ്രത്യാശ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ പ്രത്യാശയെ വീണ്ടും ഉള്‍ക്കൊള്ളുകയും പുര്‍ത്തിയാക്കുകയും ചെയ്യുന്നു. ആ ജനതയുടെ, പ്രത്യാശയുടെ ഉറവിടവും മാതൃകയും, ഇസഹാക്കിനെ സംബന്ധിച്ച ദൈവത്തിൻ്റെ വാഗ്ദാനങ്ങളാല്‍ നിറഞ്ഞവനും ബലിയുടെ പരീക്ഷയാല്‍ ശുദ്ധീകരിക്കപ്പെട്ടവനുമായ, അബ്രാഹത്തിൻ്റെ പ്രത്യാശയില്‍ ദൃശ്യമാണ്. പ്രത്യാശയ്ക്കു വിരുദ്ധമായി പ്രത്യാശയോടെ അവന്‍ വിശ്വസിച്ചു; അങ്ങനെ, അദ്ദേഹം അനേകം ജനതകളുടെ പിതാവായി.”
ക്രൈസ്തവപ്രത്യാശ യേശുവിൻ്റെ പ്രസംഗത്തിൻ്റെ ആരംഭംമുതല്‍ സുവിശേഷഭാഗ്യങ്ങളുടെ പ്രഘോഷണത്തില്‍ വെളിവാകുന്നു. സുവിശേഷഭാഗ്യങ്ങൾ നമ്മുടെ പ്രത്യാശയെ പുതിയ വാഗ്ദത്തഭൂമിയിലേക്കെന്നപോലെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുന്നു. യേശുവിൻ്റെ ശിഷ്യന്‍മാരെ കാത്തിരിക്കുന്ന പരീക്ഷകളുടെ മാര്‍ഗം അതു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ യേശുക്രിസ്തുവിൻ്റെയും അവിടുത്തെ പീഡാസഹനത്തിൻ്റെയും യോഗ്യതകളിലൂടെ ദൈവം നമ്മെ “നിരാശപ്പെടുത്താത്ത പ്രത്യാശയില്‍" സംരക്ഷിക്കുന്നു. പ്രത്യാശ “ആത്മാവിൻ്റെ സമ്പൂര്‍ണവും സ്ഥിരവുമായ നങ്കൂരംപോലെയാണ്; നമ്മുടെ മുന്നോടിയായി യേശു പ്രവേശിച്ചിടത്ത് എത്തുന്നതുമാണ്. "രക്ഷയുടെ പോരാട്ടത്തില്‍ നമ്മെ സംരക്ഷിക്കുന്ന ആയുധമാണു പ്രത്യാശ". “നമുക്കു വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിക്കാം”. അതു നമുക്കു പരീക്ഷയിലും സന്തോഷം നല്‍കുന്നു. “നിങ്ങളുടെ പ്രത്യാശയില്‍ സന്തോഷിക്കുവിന്‍, ഞെരുക്കത്തില്‍ സഹന ശീലമുള്ളവരായിരിക്കുവിന്‍." പ്രത്യാശ പ്രാര്‍ഥനയില്‍, പ്രത്യേകിച്ച് ആഗ്രഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന എല്ലാറ്റിൻ്റെയും സംഗ്രഹമായ “കർത്യപ്രാർത്ഥന” നയില്‍, പ്രകടിപ്പിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ആകയാല്‍, തന്നെ സ്നേഹിക്കുകയും തൻ്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സ്വര്‍ഗീയമഹത്ത്വത്തില്‍ നമുക്കു പ്രത്യാശ വയ്ക്കന്‍ കഴിയും. ഏതു സാഹചര്യത്തിലും ഓരോരുത്തനും ദൈവകൃപയാല്‍ “അവസാനംവരെ” പിടിച്ചുനില്‍ക്കുമെന്നും ക്രിസ്തുവിൻ്റെ കൃപയാല്‍ ചെയ്ത നല്ല പ്രവൃത്തികള്‍ക്കു ദൈവം നല്‍കുന്ന നിത്യസമ്മാനമായ സ്വര്‍ഗീയസന്തോഷം ലഭിക്കുമെന്നും പ്രത്യാശിക്കണം. “എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണം” എന്നു സഭ പ്രത്യാശയോടെ പ്രാര്‍ഥിക്കുന്നു; സ്വര്‍ഗീയമഹത്ത്വത്തില്‍ തൻ്റെ മണവാളനായ ക്രിസ്തുവിനോട് ഒത്തുചേരുവാന്‍ അവള്‍ ആഗ്രഹിക്കുന്നു;
പ്രത്യാശിക്കുക, പ്രത്യാശിക്കുക: നിനക്കു ദിവസമോ മണിക്കൂറോ നിശ്ചയമില്ല. ശ്രദ്ധയോടെ നോക്കിയിരിക്കുക; നിൻ്റെ സുനിശ്ചിതമായ ആഗ്രഹം അനിശ്ചിതമാവുകയും നീണ്ടതായിത്തീരുകയും ചെയ്യുന്നുവെങ്കിലും എല്ലാം വേഗം കടന്നു പോകുന്നു. നീ എത്ര കൂടുതല്‍ സമരം ചെയ്യുന്നുവോ അത്ര കൂടുതല്‍ നിനക്കുനിൻ്റെ ദൈവത്തോടുള്ള സ്നേഹം പ്രദര്‍ശിപ്പിക്കാനാവുമെന്നും തെളിയിക്കുന്നുവെന്നും, നിൻ്റെ പ്രിയപ്പെട്ടവനോടുകൂടി ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിലും ആനന്ദപൂര്‍ണതയിലും സന്തോഷിക്കാനാവുമെന്നും മനസ്സിലാക്കുക.
സ്നേഹം
ഏതു സുകൃതത്താല്‍ നാം ദൈവത്തെ അവിടുത്തെപ്രതിതന്നെ സര്‍വോപരി സ്നേഹിക്കുകയും നമ്മുടെ അയല്‍ക്കാരനെ ദൈവസ്നേഹത്തെപ്രതി നമ്മെപ്പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്നുവോ ആ ദൈവികസുകൃതമാണു സ്നേഹം.
സ്നേഹത്തില്‍നിന്ന് യേശു പുതിയ കല്‍പന രൂപപ്പെടുത്തുന്നു. അവിടുന്നു തൻ്റെ സ്വന്തമായുള്ളവരെ “അവസാനംവരെ” സ്നേഹിച്ചുകൊണ്ട്, താന്‍ പിതാവില്‍നിന്നു സ്വീകരിച്ച സ്നേഹം വെളിവാക്കുന്നു. ശിഷ്യന്‍മാര്‍ പരസ്പരം സ്നേഹിച്ചുകൊണ്ട്, അവര്‍ യേശുവില്‍നിന്ന് സ്വീകരിച്ച സ്നേഹം അനുകരിക്കുന്നു. തന്‍മുലം യേശുപറയുന്നു: “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. എൻ്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍.” വീണ്ടും “ഇതാണ് എൻ്റെ കല്‍പന:ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.”
പരിശുദ്ധാത്മാവിൻ്റെ ഫലവും നിയമത്തിൻ്റെ പൂര്‍ത്തീകരണവുമായ സ്നേഹം ദൈവത്തിൻ്റെയും അവിടുത്തെ ക്രിസ്തുവിൻ്റെ കല്‍പനകളെ പാലിക്കുന്നു. “എൻ്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍. നിങ്ങള്‍ എൻ്റെ കല്‍പനകള്‍ പാലിച്ചാല്‍ എൻ്റെ സ്‌നേഹത്തില്‍ വസിക്കും. "
നമ്മള്‍ “ശത്രുക്കള്‍” ആയിരിക്കെത്തന്നെ ക്രിസ്തു നമ്മോടുള്ള സ്നേഹം നിമിത്തം മരിച്ചു. താന്‍ ചെയ്തതുപോലെ നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കാനും നമ്മെത്തന്നെ ഏററവും അകലെയുള്ളവരുടെയും അയല്‍ക്കാരനാക്കാനും ക്രിസ്തുവിനെപ്പോലെതന്നെ കുട്ടികളെയും ദരിദ്രരെയും സ്നേഹിക്കാനും കര്‍ത്താവു നമ്മോട് ആവശ്യപ്പെടുന്നു.
“സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല” എന്ന് അപ്പസ്‌തോലന്‍ പറയുന്നു. എൻ്റെ വിശേഷാനുകൂല്യമോ ശുശ്രൂഷയോ സുകൃതം പോലുമോ എന്തുതന്നെയായാലും “എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നും നേടുന്നില്ല". സ്നേഹം മററ് എല്ലാ സുകൃതങ്ങളെക്കാളും ശ്രേഷ്ഠമാണ്. അതു ദൈവികസുകൃതങ്ങളില്‍ പ്രഥമമാണ്; “അതുകൊണ്ട്, വിശ്വാസം, ശരണം, സ്നേഹം എന്നിവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍ സ്നേഹമാണ് അവയിൽ സർവോത്കൃഷ്ടം.”
സ്നേഹത്താലാണ് സകല സുകൃതങ്ങളുടെയും പരിശീലനം സജീവമാക്കുപ്പെടുന്നതും പ്രചോദിപ്പിക്കപ്പെടുന്നതും. അത് പൂര്‍ണതയുടെ കണ്ണിയും സുകൃതങ്ങളുടെ രൂപവുമാണ്; അത് അവയെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു; അത് അവയുടെ ക്രൈസ്തവാഭ്യസനത്തിൻ്റെ ഉറവിടവും ലക്ഷ്യവുമാണ്. സ്നേഹിക്കാനുള്ള നമ്മുടെ മാനുഷിക കഴിവിനെ സ്നേഹം ഉദാത്തമാക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്നു. അതിനെ ദൈവിക സ്നേഹത്തിൻ്റെ പ്രകൃതൃതീത പൂര്‍ണതയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
സ്നേഹത്താല്‍ സജീവമാക്കപ്പെട്ട ധാര്‍മികജീവിതത്തിൻ്റെ പരിശീലനം ക്രൈസ്തവര്‍ക്കു ദൈവമക്കളുടെ ആധ്യാത്മിക സ്വാതന്ത്ര്യം നല്‍കുന്നു. അവന്‍ ഇനി ദൈവതിരുമുന്‍പില്‍ ഒരു അടിമയെപ്പോലെ, ഭീതിയോടെ, അല്ലെങ്കില്‍ കൂലിക്കായി നോക്കിനില്‍ക്കുന്ന കൂലിക്കാരനെപ്പോലെ നിലകൊള്ളുന്നില്ല. പിന്നെയോ, “നമ്മെ ആദ്യം സ്നേഹിച്ചവൻ്റെ സ്നേഹത്തോടു പ്രത്യുത്തരിക്കുന്ന പുത്രനെപ്പോലെ നിലകൊള്ളുന്നു. .
ശിക്ഷയെപ്പററിയുള്ള ഭയംമൂലം നാം തിന്‍മയില്‍നിന്ന് അകന്നു നില്ക്കുന്നെങ്കില്‍ നാം അടിമകളുടെ സ്ഥാനത്താണ്. കൂലിയുടെ ആസ്വാദനമാണ് അന്വേഷിക്കുന്നതെങ്കില്‍ ... നാം കൂലിവേലക്കാരെപ്പോലെയാണ്. അവസാനമായി, നന്‍മയ്ക്കു വേണ്ടിയും കല്‍പിക്കുന്നവനോടുള്ള സ്നേഹത്തെപ്രതിയും അനുസരിക്കുന്നുവെങ്കില്‍... നമ്മള്‍ മക്കളുടെ സ്ഥാനത്താണ്.
സ്നേഹത്തിൻ്റെ ഫലങ്ങൾ സന്തോഷവും സമാധാനവും കാരുണ്യവുമാണ്; അതു പരോപകാരവും, സഹോദരപരമായ തെറ്റുതിരുത്തലും ആവശ്യപ്പെടുന്നു. അത് ഉദാരമാണ്; അതു പാരസ്പര്യത്തെ ഉണര്‍ത്തുന്നു. അതു സ്വാര്‍ഥം തേടാതെയും ഉദാരതയോടെയും നിലനില്ക്കുന്നു. അതു സൗഹൃദവും സംസര്‍ഗവുമാണ്.;
സ്നേഹം തന്നെയാണ് നമ്മുടെ സകലപ്രവൃത്തികളുടെയും പൂര്‍ണത. അവിടെയാണ് ലക്ഷ്യം, അതുകൊണ്ടാണു നാം ഓടുന്നത്; നാം അതിലേക്ക് ഓടുന്നു, നാം അവിടെ എത്തുമ്പോള്‍ അതില്‍ നമുക്കു വിശ്രമം കിട്ടും.
III. പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും
ക്രൈസ്തവരുടെ ധാര്‍മികജീവിതം പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാല്‍ നിലനിറുത്തപ്പെടുന്നു. പരിശുദ്ധാത്മാവിൻ്റെ പ്രചോദനങ്ങളെ അനുസരിക്കുന്നതിനു മനുഷ്യനെ ശിക്ഷണക്ഷമതയുള്ളവനാക്കുന്ന സ്ഥിരമനോഭാവങ്ങളാണവ.
പരിശുദ്ധാത്മാവിൻ്റെ ഏഴു ദാനങ്ങള്‍, ജ്ഞാനം, ഗ്രഹണശക്തി, ആലോചന, മനഃസ്ഥൈര്യം, അറിവ്, ഭക്തി, ദൈവഭയം എന്നിവയാണ്. അവ അവയുടെ പൂര്‍ണതയില്‍, ദാവീദിൻ്റെ പുത്രനായ ക്രിസ്തുവിൻ്റെതാണ്. അവിടുത്തെ സ്വീകരിക്കുന്നവരുടെ സുകൃതങ്ങളെ അവ തികയ്ക്കുകയും പരിപൂര്‍ണമാക്കുകയും ചെയ്യുന്നു. അവ വിശ്വാസികളെ, ദൈവിക പ്രചോദനങ്ങള്‍ സന്നദ്ധതയോടെ അനുസരിക്കാന്‍, ശിക്ഷണക്ഷമതയുള്ളവരാക്കിത്തീര്‍ക്കുന്നു.
പരിശുദ്ധാത്മാവിൻ്റെ ഫലങ്ങള്‍ പരിശുദ്ധാത്മാവു നമ്മില്‍ നിത്യമഹത്ത്വത്തിൻ്റെ പ്രഥമഫലങ്ങളെന്നപോലെ രൂപപ്പെടുത്തുന്ന പൂര്‍ണതകളാണ്. സഭയുടെ പാരമ്പര്യം അവയില്‍ പന്ത്രണ്ടെണ്ണം എടുത്തുകാണിക്കുന്നുണ്ട് : “സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ,ഔദാര്യം, സൗമ്യത, വിശ്വസ്തത, അടക്കം, ആത്മസംയമനം, ശുദ്ധത”.
സംഗ്രഹം
നന്മ ചെയ്യുന്നതു ശിലമായിതീർന്ന , സ്ഥിരമായ മനോഭാവമാണു സുകൃതം.
മാനുഷികസുകൃതങ്ങള്‍ യുക്തിക്കും വിശ്വാസത്തിനും ചേർന്നവിധത്തില്‍ നമ്മുടെ പ്രവൃത്തികളെ നിയന്ത്രിക്കുകയും വികാരങ്ങളെ ക്രമീകരിക്കുകയും പെരുമാററത്തെ നയിക്കുകയും ചെയ്യുന്ന യുക്തിയുടെയും ഇച്ഛാശക്തിയുടെയും അചഞ്ചലമനോഭാവങ്ങളാണ്. അവയെ, വിവേകം, നീതി, മനഃസ്സ്ഥര്യം, സംയമനം എന്ന നാലു മൗലിക സുകൃതങ്ങളുടെ ചുററും ക്രമീകരിക്കാം.
വിവേകം നമ്മുടെ യഥാര്‍ഥ നന്മയെ ഓരോ സാഹചര്യത്തിലും തിരിച്ചറിയാനും, അതു നേടാന്‍ ശരിയായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും പ്രായോഗിക യുക്തിയെ സന്നദ്ധമാക്കുന്നു.
നീതി ദൈവത്തിനും അയൽക്കാരനും അവകാശപ്പെട്ടതു നല്‍കുവാനുള്ള ദൃഢവും നിരന്തരവുമായ മനസാണ് .
മനഃസ്ഥൈര്യം പ്രയാസങ്ങളിൽ ഉറപ്പും നന്മയെ പിന്തുടരുന്നതിൽ സ്ഥിരതയും പ്രകടിപ്പിക്കുന്നു.
സംയമനം ഇന്ദ്രിയ സുഖങ്ങളോടുള്ള ആകര്‍ഷണത്തെ മിതപ്പെടുത്തുകയും സൃഷ്ട വസ്തുക്കളുടെ ഉപയോഗത്തില്‍ സന്തുലിതാവസ്ഥ നൽകുകയും ചെയ്യുന്നു.
ധാർമിക സുകൃത്യങ്ങൾ വിദ്യാഭ്യാസം, ബോധപുര്‍വകമായ പ്രവ്യത്തികൾ പരിശ്രമത്തിലുള്ള സ്ഥിരോത്സാഹം എന്നിവയിലൂടെ വളരുന്നു. ദൈവകൃപ അവയെ ശുദ്ധീകരിക്കുകയും ഉദാത്തമാക്കുകയും ചെയ്യുന്നു.
പരിശുദ്ധ ത്രിത്വവുമായുള്ള ബന്ധത്തില്‍ ജീവിക്കാന്‍ ദൈവിക സുകൃതങ്ങള്‍ ക്രൈസ്തവരെ സജ്ജരാക്കുന്നു. അവയുടെ ഉത്പത്തിയും ലക്ഷ്യവും വിഷയവും ദൈവമാണ്, വിശ്വാസത്താൽ നാം അറിയുകയും പ്രത്യാശിക്കുകയും അവിടുത്തെ പ്രതിമാത്രം നാം സ്നേഹിക്കുകയും ചെയ്യുന്ന ദൈവം.
ദൈവിക സുകൃതങ്ങള്‍ മൂന്നാണ്: വിശ്വാസം, പ്രത്യാശ, സ്നേഹം. അവ സകല ധാർമിക സുകൃതങ്ങള്‍ക്കും അറിവുപകരുകയും അവയെ സജീവമാക്കുകയും ചെയ്യുന്നു.
വിശ്വാസംവഴി നാം ദൈവത്തില്‍ വിശ്വസിക്കുന്നു; അവിടുന്നു നമുക്കു വെളിപ്പെടുത്തിയ സകലതും വിശ്വസിക്കുന്നു; വിശ്വസിക്കണമെന്ന് വിശുദ്ധസഭ നിര്‍ദ്ദേശിക്കുന്ന സകലതും നാം വിശ്വസിക്കുന്നു.
നിത്യജീവിതവും അതിനുള്ള അര്‍ഹത നേടാന്‍വേണ്ട കൃപാവരങ്ങളും, പ്രത്യാശ വഴി നാം ആഗ്രഹിക്കുകയും ഉറച്ച ആത്മവിശ്വാസത്തോടെ ദൈവത്തില്‍നിന്ന് അവ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
സ്നേഹംവഴി സര്‍വോപരി ദൈവത്തെയും, ദൈവസ്നേഹത്തെപ്രതി നമ്മെപ്പോലെതന്നെ നമ്മുടെ അയല്‍ക്കാരനെയും നാം സ്നേഹിക്കുന്നു. സ്നേഹം “പൂര്‍ണതയുടെ കണ്ണിയും സകല സുകൃതങ്ങളുടെയും രൂപവുമാണ് (COL 3:14).
ക്രൈസ്തവരുടെമേല്‍ ചൊരിയപ്പെടുന്ന പരിശുദ്ധാത്മാവിൻ്റെ ഏഴുദാനങ്ങള്‍, ജ്ഞാനം, ഗ്രഹണശക്തി, ആലോചന, മന:സ്ഥൈര്യം, അറിവ്, ഭക്തി, ദൈവഭയം എന്നിവയാകുന്നു.
സുകൃതങ്ങള്‍ മാനുഷികസുകൃതങ്ങള്‍ മൗലിക സുകൃതങ്ങളുടെ വ്യതിരിക്തത സുകൃതങ്ങളും കൃപാവരവും ദൈവികസുകൃതങ്ങള്‍ പ്രത്യാശ സ്നേഹം പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും ജ്ഞാനം ഗ്രഹണശക്തി ആലോചന മന:സ്ഥൈര്യം അറിവ് ഭക്തി ദൈവഭയം പരിശുദ്ധാത്മാവിൻ്റെ ഏഴുദാനങ്ങള്‍ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



