x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ദൈവം നല്‍കുന്ന രക്ഷ : നിയമവും കൃപാവരവും

Authored by : Congregation for Doctrine of Faith On 07-Jul-2022

അധ്യായം മൂന്ന്‌

ദൈവം നല്‍കുന്ന രക്ഷ : നിയമവും കൃപാവരവും

സൗഭാഗ്യത്തിലേക്കു വിളിക്കപ്പെടുകയും എന്നാല്‍ പാപത്താല്‍ വ്രണപ്പെടുകയും ചെയ്ത മനുഷ്യനു ദൈവത്തില്‍നിന്നുള്ള രക്ഷ ആവശ്യമാണ്‌. അവനെ നയിക്കുന്ന നിയമത്തിലൂടെയും അവനെ നിലനിര്‍ത്തുന്ന കൃപാവരത്തിലൂടെയും ക്രിസ്തുവില്‍ അവനു ദൈവികസഹായം കൈവരുന്നു.

ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിക്കുവിന്‍; എന്തെന്നാല്‍ തൻ്റെ അഭിഷ്ടമനുസരിച്ച്‌ ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌.

വകുപ്പ്‌ 1 

ധാര്‍മികനിയമം

ധാര്‍മികനിയമം ദൈവികജ്ഞാനത്തിൻ്റെ പ്രവൃത്തിയാണ്‌. വി. ഗ്രന്ഥപരമായ അര്‍ഥത്തില്‍ പിതൃസഹജമായ പഠിപ്പിക്കല്‍, ദൈവത്തിൻ്റെ ബോധനശാസ്ത്രം എന്ന്‌ അതിനെ നിര്‍വചിക്കാം. വാഗ്ദാനം ചെയ്യപ്പെട്ട സൗഭാഗ്യത്തിലേക്കു നയിക്കുന്ന വഴികളെ, പെരുമാറ്റനിയമങ്ങളെ, അതു മനുഷ്യനു നിര്‍ദേശിച്ചുകൊടുക്കുന്നു; ദൈവത്തില്‍നിന്നും അവിടുത്തെ സ്നേഹത്തില്‍നിന്നും അവനെ പിന്‍തിരിപ്പിക്കുന്ന തിന്മയുടെ വഴികള്‍ വിലക്കുന്നു. അത്‌ ഒരേസമയം അതിൻ്റെ കല്‍പനകളില്‍ ദൃഢവും അതിൻ്റെ വാഗ്ദാനങ്ങളില്‍ സ്നേഹമസൃണവുമാണ്‌.

പൊതുനന്മയ്ക്കുവേണ്ടി, യോഗ്യനായ അധികാരി നടപ്പാക്കുന്ന പെരുമാറ്റച്ചട്ടമാണ്‌ നിയമം. യുക്തിയുടെ ഒരു ക്രമം ധാര്‍മികനിയമത്തിൻ്റെ മുന്‍വ്യവസ്ഥയാണ്‌. അത്‌ സ്രഷ്ടാവു സൃഷ്ടികളുടെയിടയില്‍, അവയുടെ നന്മയ്ക്കായും അവയുടെ അന്തിമലക്ഷ്യപ്രാപ്തിക്കായും തൻ്റെ ശക്തിയാലും ജ്ഞാനത്താലും നന്മയാലും സ്ഥാപിച്ചിട്ടുള്ളതാണ്‌. എല്ലാ നിയമവും അതിൻ്റെ പ്രഥമവും ആത്യന്തികവുമായ സത്യത്തെ നിത്യനിയമത്തില്‍ കണ്ടെത്തുന്നു. സ്രഷ്ടാവും സകലരുടെയും രക്ഷകനുമായ സജീവ ദൈവത്തിൻ്റെ പരിപാലനയിലുള്ള ഭാഗഭാഗിത്വമായി നിയമത്തെ യുക്തി പ്രഖ്യാപിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. “യുക്തിയുടെ അനുശാസനത്തെ നിയമമെന്നു വിളിക്കുന്നു.”

സര്‍വജീവജാലങ്ങളിലുംവച്ചു മനുഷ്യനുമാത്രമാണു ദൈവത്തില്‍നിന്ന്‌ ഒരു നിയമം സ്വീകരിക്കാന്‍ യോഗ്യതയുള്ളവനായി പരിഗണിക്കപ്പെട്ടുവെന്ന്‌ അഭിമാനിക്കാന്‍ കഴിയുന്നത്‌. ബുദ്ധിയുള്ള മൃഗമെന്ന നിലയില്‍, ധാരണാശക്തിയും വിവേചന ശക്തിയുമുള്ള അവൻ തൻ്റെ സ്വാതന്ത്ര്യവും യുക്തിയും ഉപയോഗിച്ചു സര്‍വവസ്തുക്കളും തനിക്ക്‌ ഏല്‍പിച്ചവനോടുള്ള അനുസരണത്തില്‍ നിയന്ത്രിക്കണം.

ധാര്‍മികനിയമത്തിനു വിവിധ പ്രകാശനങ്ങളുണ്ട്‌. അവയെല്ലാം പരസ്പര ബന്ധിതങ്ങളാണ്‌: സനാതനനിയമം - സര്‍വനിയമങ്ങളുടെയും ദൈവത്തിലുള്ള ഉറവിടം; പ്രകൃതിനിയമം; ആവിഷ്കൃതനിയമം - പഴയനിയമവും പുതിയ അഥവാ സുവിശേഷ നിയമവും കൂടിച്ചേര്‍ന്നത്‌; അവസാനമായി, രാഷ്ട്രനിയമവും സഭാനിയമവും.

ധാര്‍മികനിയമം അതിൻ്റെ പൂര്‍ണതയും ഐക്യവും ക്രിസ്തുവില്‍ കണ്ടെത്തുന്നു. യേശുക്രിസ്തു എന്ന വ്യക്തി പരിപൂര്‍ണതയുടെ മാര്‍ഗമാണ്‌. അവിടുന്നു നിയമത്തിൻ്റെ പൂര്‍ത്തിയാണ്‌; കാരണം, അവിടുന്നുമാത്രമേ ദൈവത്തിൻ്റെ നീതിയെപ്പറ്റി പഠിപ്പിക്കുകയും അതിനെ നല്‍കുകയും ചെയുന്നുള്ളൂ. “വിശ്വസിക്കുന്ന ഏതൊരുവനും നീതികരിക്കപ്പെടുന്നതിന്‌, ക്രിസ്തു നിയമത്തിൻ്റെ പൂര്‍ത്തീകരണമാണ്‌..”

I. സ്വാഭാവിക ധാര്‍മികനിയമം

മനുഷ്യന്‍ തൻ്റെ, പ്രവൃത്തികളുടെ മേലുള്ള അധീശത്വവും സത്യവും നൻമയും മുന്നിൽ കണ്ടുകൊണ്ട് തന്നെത്തന്നെ ഭരിക്കാനുള്ള കഴിവു തനിക്കു നൽകുന്ന സൃഷ്ടാവിന്റെ ജ്ഞാനത്തിലും നൻമയിലും പങ്കുപറ്റുന്നു. ഏതാണ്‌ നന്‍മയും, തിന്‍മയും, സത്യവും അസത്യവും എന്ന്‌ യുക്തിയുടെ സഹായത്താല്‍ വേര്‍തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന ആദിമധാര്‍മികബോധത്തിൻ്റെ പ്രകാശനമാണ്‌ സ്വാഭാവികനിയമം.

സ്വാഭാവികനിയമം ഓരോ മനുഷ്യൻ്റെയും ആത്മാവില്‍ എഴുതപ്പെടുകയും കൊത്തിവയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്തെന്നാല്‍ നന്‍മചെയ്യാന്‍ കല്‍പിക്കുകയും പാപം ചെയ്യുന്നത്‌ വിലക്കുകയും ചെയ്യുന്ന മാനുഷിക യുക്തിതന്നെയാണത്‌... എന്നാല്‍ മാനുഷികയുക്തിയുടെ ഈ അനുശാസനം, കൂടുതല്‍ ഉന്നതമായ ഒരു യുക്തിയുടെ ശബ്‌ദവും വ്യാഖ്യാതാവുമായിരുന്നില്ലെങ്കില്‍, അതിനു നിയമത്തിൻ്റെ ശക്തി ഉണ്ടാകുമായിരുന്നില്ല. ആ ഉന്നത യുക്തിയ്ക്കാകട്ടെ നമ്മുടെ ചൈതന്യവും നമ്മുടെ സ്വാതന്ത്ര്യവും വിധേയമായിരിക്കേണ്ടതാണ്‌.

“ദൈവികവും സ്വാഭാവികവുമായ” നിയമം മനുഷ്യനു നന്മ പരിശീലിക്കാനും അവൻ്റെ ലക്ഷ്യം പ്രാപിക്കാനും പിന്‍തുടരേണ്ട വഴി, കാണിച്ചുകൊടുക്കുന്നു. ധാര്‍മിക ജീവിതത്തെ ഭരിക്കുന്ന പ്രഥമവും സത്താപരവുമായ കല്‍പനകളെ സ്വാഭാവികനിയമം പ്രഖ്യാപിക്കുന്നു. നന്മയായ സകലതിൻ്റെയും സ്രോതസ്സും വിധിയാളനുമായ ദൈവത്തിനുവേണ്ടിയുള്ള ആഗ്രഹം, അവിടുത്തോടുള്ള വിധേയത്വം എന്നിവയെയും അതുപോലെതന്നെ അന്യന്‍ തന്നോടു സമനാണ്‌ എന്ന ബോധത്തെയും ആശ്രയിച്ചിരിക്കുന്നതാണു സ്വാഭാവികനിയമം. അതിൻ്റെ പ്രധാനപ്പെട്ട കല്‍പനകള്‍ പത്തു പ്രമാണങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഈ നിയമത്തെ “സ്വാഭാവിക” (അഥവാ പ്രകൃതി") എന്ന വിശേഷണം ചേര്‍ത്തുവിളിക്കുന്നത്‌, ബുദ്ധിയില്ലാത്ത സത്തകളുടെ സ്വഭാവത്തോടു (പ്രകൃതിയോടു) ബന്ധപ്പെടുത്തിയല്ല, പിന്നെയോ അതിനെ പ്രഖ്യാപിക്കുന്ന യുക്തി മനുഷ്യപ്രകൃതിയുടേത്‌ ആയതുകൊണ്ടാണ്‌.

സത്യമെന്നു നാം വിളിക്കുന്ന ആ പ്രകാശത്തിൻ്റെ പുസ്തകത്തിലല്ലെങ്കില്‍ പിന്നെ എവിടെയാണ്‌ ഈ നിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്‌? അതില്‍ നീതിയുക്തമായ ഓരോ നിയമവും എഴുതപ്പെട്ടിട്ടുണ്ട്‌. അതില്‍നിന്നു നീതി പ്രവര്‍ത്തിക്കുന്ന മനുഷ്യൻ്റെ ഹൃദയത്തിലേക്കു നിയമം കുടന്നുചെല്ലുന്നു. അതു കുടിമാറ്റം നടത്തുകയല്ല, പിന്നെയോ അതിൻ്റെ മുദ്ര അതില്‍ പതിക്കുകയാണ്‌. ഒരു മോതിരത്തിലുള്ള മുദ്ര മോതിരത്തെ വിട്ടുപേക്ഷിക്കാതെ മെഴുകിലേക്കു കടക്കുന്നതുപോലെതന്നെ."
സ്വാഭാവികനിയമം, ദൈവം നമ്മില്‍ സ്ഥാപിച്ച ധാരണാശക്തിയുടെ പ്രകാശമല്ലാതെ മറ്റൊന്നല്ല, നാം എന്താണു ചെയ്യേണ്ടത്‌ എന്നും എന്താണ്‌ ഒഴിവാക്കേണ്ടത്‌ എന്നും അതിലൂടെ നാം അറിയുന്നു. ദൈവം ഈ പ്രകാശം അഥവാ നിയമം സൃഷ്ടി കര്‍മത്തില്‍ മനുഷ്യനു നല്‍കി.

ഓരോ മനുഷ്യൻ്റെയും ഹൃദയത്തില്‍ സന്നിഹിതമായിട്ടുളളതും യുക്തിയാല്‍ സ്ഥാപിക്കപ്പെട്ടതുമായ പ്രകൃതിനിയമം അതിൻ്റെ കല്‍പനകളില്‍ സാര്‍വത്രികമാണ്‌. അതിൻ്റെ അധികാരം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. അതു വ്യക്തിയുടെ മാഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. അവൻ്റെ മൗലികങ്ങളായ അവകാശങ്ങള്‍ക്കും കടമകള്‍ക്കുമുള്ള അടിസ്ഥാനം നിശ്ചയിക്കുകയും ചെയ്യുന്നു:

എന്തെന്നാല്‍ യഥാര്‍ഥമായ നിയമമുണ്ട്‌: ശരിയായ യുക്തിബോധം. അതു പ്രകൃതിക്കനുസൃതമാണ്‌. എല്ലാ മനുഷ്യരിലും അതു വ്യാപിച്ചിരിക്കുന്നു. അതു സ്ഥിരവും ശാശ്വതവുമാണ്‌; കടമകള്‍ ഏറ്റെടുക്കാന്‍ അതിൻ്റെ കല്‍പനകള്‍ ആഹ്വാനംചെയ്യുന്നു. അതിൻ്റെ നിരോധനങ്ങള്‍ ദ്രോഹത്തില്‍നിന്നു പിന്‍തിരിപ്പിക്കുന്നു. അതിനെ ഭേദഗതി ചെയ്യുന്നതു അനുവദനീയമല്ല. അതില്‍നിന്ന്‌ എന്തെങ്കിലുംഎടുത്തുമാറ്റുന്നത്‌ നിഷിദ്ധമാണ്‌. അതിനെ പൂര്‍ണമായി അസാധുവാക്കാന്‍ ആര്‍ക്കും സാധ്യമല്ല. 

സ്വാഭാവിക നിയമത്തിൻ്റെ പ്രയോഗത്തില്‍ വളരെയേറെ വൈവിധ്യമുണ്ട്‌. സ്ഥലം, പ്രായം, സാഹചര്യം എന്നിവയനുസരിച്ചുള്ള വിവിധ ജീവിതാവസ്ഥകളെ പരിഗണിക്കുന്ന വിചിന്തനം അത്‌ ആവശ്യപ്പെടാം. എന്നാല്‍, സംസ്കാരങ്ങളുടെ വൈവിധ്യത്തില്‍, മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നതും, അനിവാര്യമായ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി പൊതുതത്ത്വങ്ങളെ അവരില്‍ ചുമത്തുന്നതുമായ ഒരു നിയമമായി അത്‌ നിലനില്ക്കുന്നു.

സ്വാഭാവികനിയമം മാറ്റമില്ലാത്തതാണ്‌. ചരിത്രത്തിൻ്റെ മാറ്റങ്ങളില്‍ സ്ഥിരതയുള്ളതായി നിലനില്‍ക്കുന്നു." അത്‌ ആശയങ്ങളുടെയും ആചാരമര്യാദകളുടെയും ഒഴുക്കിനടിയില്‍ ഉറച്ചുനില്‍ക്കുകയും അവയുടെ പുരോഗതിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതിനെ വെളിപ്പെടുത്തുന്ന നിയമങ്ങള്‍ സത്താപരമായി സാധുതയുളളവയായി നിലനില്ക്കുന്നു. അതിൻ്റെ തത്വങ്ങള്‍ നിഷേധിക്കപ്പെട്ടാലും അതു നശിപ്പിക്കപ്പെടാനോ മനുഷ്യഹൃദയത്തില്‍നിന്നു നീക്കം ചെയ്യപ്പെടാനോ സാധ്യമല്ല. അത്‌ വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തില്‍ വീണ്ടും ഉയര്‍ന്നുവരും.

“കര്‍ത്താവേ, അങ്ങയുടെ നിയമം, തിന്മയ്ക്കുപോലും തുടച്ചുമാറ്റാനാവാത്ത വിധം മനുഷ്യഹൃദയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള നിയമം, തീര്‍ച്ചയായും മോഷണത്തെ ശിക്ഷിക്കുന്നു.” 

സ്രഷ്ടാവിൻ്റെ അത്യുല്‍കൃഷ്ട പ്രവൃത്തിയായ സ്വാഭാവികനിയമം, മനുഷ്യനു തൻ്റെ തിരഞ്ഞെടുപ്പുകളെ നയിക്കുന്ന ധാര്‍മിക നിയമങ്ങളുടെ സൗധം പണിയുവാന്‍ ആവശ്യകമായ ഉറപ്പുള്ള അടിസ്ഥാനം നല്‍കുന്നു. മാനുഷിക സമൂഹത്തെ പടുത്തുയര്‍ത്തുവാന്‍ അനുപേക്ഷണീയമായ ധാര്‍മികാടിസ്ഥാനവും അതു നല്‍കുന്നു. അവസാനമായി, അതിനോടു ബന്ധപ്പെട്ടവരെ നിയമത്തിന്‌ അത്യാവശ്യമായ അടിത്തറയും അതു പ്രദാനംചെയുന്നു. അതിൻ്റെ മൗലികതത്വങ്ങളില്‍നിന്നു നിഗമനങ്ങളെടുക്കുന്ന വിചിന്തനംവഴിയോ ഭാവാത്മകവും നൈയാമികവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ വഴിയോ അപ്രകാരം ചെയ്യുന്നു.

സ്വാഭാവിക നിയമത്തിൻ്റെ കല്‍പനകളെ എല്ലാവരും വൃക്തമായും നേരിട്ടും ഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ധാര്‍മികവും മതപരവുമായ സത്യങ്ങള്‍, “ഓരോരുത്തനും എളുപ്പത്തിലും ദൃഢമായ  ഉറപ്പോടെയും തെറ്റിൻ്റെ സമ്മിശ്രണം കൂടാതെയും” ഗ്രഹിക്കുവാന്‍ പാപിയായ മനുഷ്യനു കൃപാവരവും വെളിപാടും ആവശ്യമാണ്‌. ദൈവത്താല്‍ സജ്ജീകൃതവും പരിശുദ്ധാത്മാവിൻ്റെ പ്രവര്‍ത്തനത്തിന്‌ അനുസൃതവുമായ ഒരടിസ്ഥാനം ആവിഷ്കൃതനിയമത്തിനും കൃപാവരത്തിനും സ്വാഭാവികനിയമം നല്‍കുന്നു.

II. പഴയനിയമം

നമ്മുടെ സ്രഷ്ടാവും രക്ഷകനുമായ ദൈവം ഇസ്രായേലിനെ തൻ്റെ സ്വന്തം ജനമായി തിരഞ്ഞെടുത്തു, തൻ്റെ നിയമം അവര്‍ക്കു വെളിപ്പെടുത്തി, അങ്ങനെ ക്രിസ്തുവിൻ്റെ വരവിനു തയാറെടുപ്പു നടത്തി. മോശയുടെ നിയമം, യുക്തിക്കു സ്വാഭാവികമായി അഭിഗമ്യമായ അനേകം സത്യങ്ങളെ വെളിപ്പെടുത്തുന്നു. രക്ഷയുടെ ഉടമ്പടിയില്‍ അവ പ്രഖ്യാപിക്കപ്പെടുകയും ആധികാരികമാക്കപ്പെടുകയും ചെയ്തു.

പഴയനിയമം ആവിഷ്കൃത നിയമത്തിൻ്റെ പ്രഥമഘട്ടമാണ്‌. അതിൻ്റെ ധാര്‍മികനിബന്ധനകള്‍ പത്തുപ്രമാണങ്ങളില്‍ സംഗ്രഹിച്ചിട്ടുണ്ട്‌. പത്തുപ്രമാണങ്ങളിലെ കല്‍പനകള്‍, ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ്റെ വിളിക്ക്‌ ആവശ്യമായ അടിത്തറ പാകുന്നു. ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിനു വിപരീതമായിട്ടുള്ളതിനെ അവ വിലക്കുന്നു. അതിനെ സംബന്ധിച്ചു സത്താപരമായിട്ടുള്ളതിനെ കല്‍പിക്കുകയുംചെയ്യുന്നു. പത്തുപ്രമാണങ്ങള്‍ ദൈവത്തിൻ്റെ വിളിയും മാര്‍ഗങ്ങളും മനുഷ്യന്‍ അറിയുന്നതിനും അവനെ തിന്മയില്‍നിന്നു സംരക്ഷിക്കുന്നതിനുംവേണ്ടി ഓരോ മനുഷ്യൻ്റെയും മനഃസാക്ഷിക്കു നല്കപ്പെട്ട പ്രകാശമാണ്‌.

മനുഷ്യര്‍ ഹൃദയങ്ങളില്‍ വായിക്കാത്തത്‌, കല്‍പലകകളില്‍ ദൈവത്താല്‍ എഴുതപ്പെട്ടു.

ക്രൈസ്തവപാരമ്പര്യമനുസരിച്ചു, നിയമം പരിശുദ്ധവും ആധ്യാത്മികവും നല്ലതുമാണ്‌, എങ്കിലും അപൂര്‍ണമാണ്‌. ഒരു പഠനസഹായകന്‍ എന്നപോലെ എന്തു ചെയ്യണം എന്ന്‌ അതു കാണിക്കുന്നു. പക്ഷേ, അതു നിവൃത്തിയാക്കാന്‍ വേണ്ട പരിശുദ്ധാത്മാവിൻ്റെ കൃപാവരം, അതു സ്വയമേ നല്‍കുന്നില്ല. അതിനു നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്ത പാപംമൂലം അത്‌ അടിമത്തത്തിൻ്റെ നിയമമായി നിലനില്ക്കുന്നു. മനുഷ്യഹൃദയത്തില്‍ “പാപാസക്തിയുടെ ഒരു നിയമത്തെ സൃഷ്ടിക്കുന്ന പാപത്തെ തള്ളിപ്പറയുകയും വെളിപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ അതിൻ്റെ പ്രത്യേകധര്‍മം എന്നു വി. പൗലോസ്‌ അഭിപ്രായപ്പെടുന്നു. എന്നാലും, ദൈവരാജൃത്തിലേക്കുള്ള പാതയിലെ പ്രഥമഘട്ടമായി നിയമം നിലനില്ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനത്തെയും ഓരോ ക്രൈസ്തവനെയും അത്‌ മാനസാന്തരത്തിലേക്കും രക്ഷകനായ ദൈവത്തിലുള്ള വിശ്വാസത്തിലേക്കും ഒരുക്കുകയും സന്നദ്ധനാക്കുകയും ചെയ്യുന്നു. ദൈവത്തിൻ്റെ വചനംപോലെ എന്നേക്കും നിലനില്‍ക്കുന്ന ഒരു പ്രബോധനം അതു നല്‍കുന്നു.

പഴയനിയമം സുവിശേഷത്തിനുവേണ്ടിയുള്ള ഒരുതരം ഒരുക്കമാണ്‌. “നിയമം അവര്‍ക്ക്‌ ഒരു ശിക്ഷണവും ഭാവികാര്യങ്ങളുടെ പ്രവചനവുമായിരുന്നു.”  ക്രിസ്തുവില്‍ പൂര്‍ത്തിയാക്കപ്പെടാനുള്ള പാപത്തില്‍നിന്നുള്ള വിമോചന പ്രവര്‍ത്തനത്തെ അതു പ്രവചിക്കുകയും മുന്‍കൂട്ടി അറിയിക്കുകയുംചെയ്തു. പരിശുദ്ധാത്മാവിനനുസൃതമായ ജീവിതത്തെ വ്യക്തമാക്കുന്നതിനുള്ള സാദൃശ്യങ്ങളും “പ്രതിരൂപങ്ങളും” പ്രതീകങ്ങളും അതു പുതിയനിയമത്തിനു നല്‍കുന്നു. അവസാനമായി, പുതിയ ഉടമ്പടിയിലേക്കും സ്വര്‍ഗരാജ്യത്തിലേക്കും നയിക്കുന്ന ജ്ഞാനഗ്രന്ഥങ്ങളുടെയും പ്രവാചക ഗ്രന്ഥങ്ങളുടെയും പ്രബോധനംവഴി നിയമം പൂര്‍ത്തിയാക്കപ്പെടുന്നു.

പഴയ ഉടമ്പടിയുടെ ഘട്ടത്തില്‍ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ കൃപാവരവും സ്വന്തമാക്കിയവര്‍ ഉണ്ടായിരുന്നു. അവര്‍ ആധ്യാത്മികവും ശാശ്വതവുമായ വാഗ്ദാനങ്ങളെ സര്‍വോപരി, ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ പുതിയ നിയമവുമായി ബന്ധപ്പെട്ടിരുന്നു. അതുപോലെ പുതിയ ഉടമ്പടിയുടെ കീഴിലും ജഡികരായി ജീവിക്കുന്ന മനുഷ്യരുണ്ട്‌. അവര്‍ പുതിയനിയമത്തിൻ്റെ പൂര്‍ണതയില്‍നിന്ന്‌ ഇപ്പോഴും അകന്നുനില്‍ക്കുന്നു. പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കാന്‍ ശിക്ഷയെപ്പറ്റിയുള്ള ഭയവും ഭൗതികകാര്യങ്ങളെക്കുറിച്ചുള്ള ചില വാഗ്ദാനങ്ങളും പുതിയ ഉടമ്പടിയുടെ കീഴിലും വേണമായിരുന്നു. എങ്ങനെയായാലും, പഴയനിയമം സ്നേഹം അനുശാസിച്ചിരുന്നെങ്കിലും “ദൈവത്തിൻ്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു വര്‍ഷിക്കുന്ന” (റോമാ 5 :5) പരിശുദ്ധാത്മാവിനെ നല്‍കിയില്ല.

III. പുതിയനിയമം അഥവാ സുവിശേഷനിയമം

പുതിയനിയമം അഥവാ സുവിശേഷനിയമം ലോകത്തില്‍, സ്വാഭാവികവും ആവിഷ്കൃതവുമായ ദൈവികനിയമത്തിൻ്റെ പൂര്‍ത്തീകരണമാണ്‌. അതു ക്രിസ്തുവിൻ്റെ പ്രവൃത്തിയാണ്‌. അതു പ്രത്യേകമാംവിധം മലയിലെ പ്രസംഗത്തില്‍ പ്രകാശിതമായിരിക്കുന്നു. അതു പരിശുദ്ധാത്മാവിൻ്റെയും പ്രവൃത്തിയാണ്‌. പരിശുദ്ധാത്മാവിലൂടെ സ്നേഹത്തിൻ്റെ  നിയമം ആന്തരികമായിത്തീരുന്നു. “ഞാന്‍ ഇസ്രായേൽ ഭവനവുമായും യൂദാ ഭവനവുമായും ഒരു പുതിയ ഉടമ്പടി സ്ഥാപിക്കും... ഞാന്‍ എൻ്റെ നിയമങ്ങള്‍ അവരുടെ മനസ്സുകളില്‍ നിക്ഷേപിക്കും, അവയെ അവരുടെ ഹൃദയങ്ങളില്‍ എഴുതുകയും ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവവും അവര്‍ എനിക്കു ജനവും ആയിരിക്കുകയും ചെയ്യും.

പുതിയനിയമം ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വിശ്വാസികള്‍ക്കു നല്‍കപ്പെടുന്ന പരിശുദ്ധാത്‌മാവിൻ്റെ കൃപാവരമാണ്‌. അതു സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു; എന്താണു ചെയ്യേണ്ടതെന്നു പഠിപ്പിക്കാന്‍ അതു മലയിലെ പ്രസംഗം ഉപയോഗിക്കുന്നു. അതു ചെയ്യുന്നതിനുവേണ്ട കൃപാവരം നമുക്കു നല്‍കുന്നതിനായി കൂദാശകളെ പ്രയോജനപ്പെടുത്തുന്നു. 

നമ്മുടെ കര്‍ത്താവു മലയില്‍ വച്ചു നടത്തിയ പ്രസംഗം, വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നതനുസരിച്ച്‌ ആരെങ്കിലും ഭക്തിയോടും സുക്ഷ്മബുദ്ധിയോടുംകൂടെ ധ്യാനവിഷയമാക്കിയാല്‍, അവന്‍ ക്രൈസ്തവജീവിതത്തിന്റെ പരിപൂര്‍ണമാര്‍ഗം അവിടെ കണ്ടെത്തുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു... ക്രൈസ്തവ ജീവിതത്തെ രൂപപ്പെടുത്തുവാനുള്ള സകല കല്‍പനകളിലും.. വച്ച്‌ ഏറ്റം പൂര്‍ണമാണ്‌ ഈ പ്രസംഗം എന്നു കാണിക്കാന്‍വേണ്ടിയാണ്‌ ഞാന്‍ ഇതു പറഞ്ഞത്‌. 

സുവിശേഷനിയമം പഴയനിയമത്തെ പൂര്‍ത്തിയാക്കുകയും, പരിഷ്കരിക്കുകയും അതിശയിക്കുകയും പരിപൂര്‍ണമാക്കുകയും ചെയ്യുന്നു. സുവിശേഷഭാഗ്യങ്ങളില്‍ പുതിയനിയമം ദൈവികവാഗ്ദാനങ്ങളെ ഉദാത്തീകരിച്ചും “സ്വര്‍ഗരാജ്യത്തിന്‌ ” ഉന്‍മുഖമാക്കിയും അവയെ പൂര്‍ത്തിയാക്കുന്നു. വിശ്വാസത്തോടെ പുതിയ പ്രത്യാശയെ സ്വീകരിക്കുവാന്‍ മനസുള്ളവരോടും - ദരിദ്രര്‍, വിനീതര്‍, പീഡിതര്‍, ശുദ്ധഹൃദയമുള്ളവര്‍, ക്രിസ്തുവിനെപ്രതി പീഡിപ്പിക്കപ്പെടുന്നവര്‍ എന്നിവരോടും - അതു പ്രഖ്യാപിക്കപ്പെടുന്നു. അങ്ങനെ, ദൈവരാജ്യത്തിൻ്റെ വിസ്മയനീയ മാര്‍ഗങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

സുവിശേഷനിയമം നിയമത്തിൻ്റെ അനുശാസ്സനങ്ങളെ പൂർത്തിയാക്കുന്നു. മലയിലെ പ്രസംഗത്തില്‍ കര്‍ത്താവു പഴയനിയമത്തിൻ്റെ ധാര്‍മിക നിര്‍ദേശങ്ങളെ മാററിക്കളയുകയോ അവയുടെ വില കുറയ്ക്കുകയോ ചെയ്യുന്നില്ല, എന്നാല്‍ അവയുടെ നിഗൂഢ സാദ്ധ്യതകളെ തുറന്നുകാണിക്കുകയും അവയില്‍നിന്നു പുതിയ ആവശ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യുന്നു. അവയുടെ ദൈവികവും മാനുഷികവുമായ മുഴുവന്‍ സത്യത്തെയും അതു വെളിവാക്കുന്നു. അതു പുതിയ ബാഹ്യനിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നില്ല. പിന്നെയോ ശുദ്ധവും അശുദ്ധവുമായവയില്‍നിന്നു തിരഞ്ഞെടുപ്പു നടത്തുന്ന മനുഷ്യൻ്റെ പ്രവൃത്തികളുടെ മൂലമായ ഹൃദയത്തെ നവീകരിക്കുന്നു.” അവിടെ വിശ്വാസവും ശരണവും സ്നേഹവും, അവയോടൊപ്പം മറ്റു സുകൃതങ്ങളും രൂപപ്പെടുന്നു. അങ്ങനെ, സുവിശേഷം സ്വര്‍ഗീയ പിതാവിൻ്റെ പൂര്‍ണതയുടെ അനുകരണത്തിലൂടെയും, ശത്രുക്കളോടു ക്ഷമിക്കുകയും പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതിലൂടെയും, ദൈവികമായ ഔദാര്യത്തിൻ്റെ അനുകരണത്തിലൂടെയും നിയമത്തെ അതിൻ്റെ പൂര്‍ണതയിലേക്കു നയിക്കുന്നു.

പുതിയനിയമം മതാത്മക പ്രവൃത്തികള്‍ അനുഷ്ഠിക്കുന്നു: ധര്‍മദാനം, പ്രാര്‍ഥന, ഉപവാസം. “രഹസ്യത്തില്‍ കാണുന്ന പിതാവിങ്കലേക്ക്‌” അവയെ തിരിച്ചുകൊണ്ട്‌, “മനുഷ്യരാല്‍ കാണപ്പെടുവാനുള്ള”  ആഗ്രഹത്തിനു വിപരീതമായി പ്രവര്‍ത്തിച്ചു കൊണ്ട്‌ അങ്ങനെ ചെയ്യുന്നു. അതിൻ്റെ പ്രാര്‍ഥന കര്‍ത്തൃപ്രാര്‍ഥനയാണ്‌.

“രണ്ടുമാര്‍ഗങ്ങളില്‍” ഒന്നിനെ നിര്‍ണായകമായി തിരഞ്ഞെടുക്കാനും കര്‍ത്താവിൻ്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനും സുവിശേഷത്തിൻ്റെ നിയമം നമ്മോട്‌ ആവശ്യപ്പെടുന്നു. “മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍; ഇതാണു നിയമവും പ്രവാചകന്‍മാരും" എന്ന്‌ സുവർണനിയമത്തിൽ അതു സംക്ഷേപിച്ചിരിക്കുന്നു.

സുവിശേഷനിയമം മുഴുവനും അവിടുന്നു നമ്മെ സ്നേഹിച്ചതുപോലെ നാം പരസ്പരം സ്നേഹിക്കണം എന്ന യേശുവിൻ്റെ പുതിയ കല്പനയില്‍ അടങ്ങിയിരിക്കുന്നു. 

കര്‍ത്താവിൻ്റെ പ്രസംഗത്തോട്‌, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളിലെ ധാര്‍മിക മതബോധനത്തെക്കൂട്ടിച്ചേര്‍ക്കുന്നതു സമുചിതമാണ്‌. റോമ 12-15, 1 കോറിന്തോസ്  12-13, കൊളോസോസ്‌ 3 -4, എഫേസോസ് 4-5 മുതലായ ഭാഗങ്ങളില്‍ അതുണ്ട്‌. ഈ പ്രബോധനം കര്‍ത്താവിൻ്റെ പ്രബോധനത്തെ അപ്പസ്തോലന്മാരുടെ അധികാരത്തോടെ കൈമാറിത്തരുന്നു. പ്രത്യേകിച്ചു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നു പ്രവഹിക്കുന്നവയും പരിശുദ്ധാത്മാവിൻ്റെ മൗലികദാനമായ സ്നേഹത്താല്‍ സജീവമാക്കപ്പെട്ടവയുമായ സുകൃതങ്ങളുടെ അവതരിപ്പിക്കലില്‍ അത്‌ നടക്കുന്നു. “സ്നേഹം നിഷ്‌കളങ്കമായിരിക്കട്ടെ.. സഹോദരതുല്യമായ വാത്സല്യത്തോടെ പരസ്പരം സ്നേഹിക്കുവിന്‍... നിങ്ങളുടെ പ്രത്യാശയില്‍ സന്തോഷിക്കുവിന്‍, ക്ളേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍, പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍. വിശുദ്ധരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥിസത്കാരത്തില്‍ തത്പരരാകുവിന്‍." മനഃസാക്ഷി സംബന്ധിച്ച പ്രശ്നങ്ങളെ ക്രിസ്തുവിനോടും സഭയോടുമുള്ള നമ്മുടെ ബന്ധത്തിൻ്റെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യുവാന്‍ ഈ മതബോധനം നമ്മെ പഠിപ്പിക്കുന്നുമുണ്ട്‌. 

പുതിയനിയമം സ്‌നേഹത്തിൻ്റെ നിയമം എന്നു വിളിക്കപ്പെടുന്നു; എന്തെന്നാല്‍ ഭയംകൊണ്ടല്ല, പരിശുദ്ധാത്മാവിനാല്‍ നിവേശിപ്പിക്കപ്പെട്ട സ്നേഹംകൊണ്ടാണ്‌ അതു നമ്മെ പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അതു കൃപാവരത്തിന്റെ നിയമം എന്നു വിളിക്കപ്പെടുന്നു; എന്തെന്നാല്‍, പ്രവര്‍ത്തിക്കുന്നതിന്‌ വിശ്വാസവും കൂദാശകളും വഴി കൃപാവരത്തിൻ്റെ ശക്തി അതു നല്‍കുന്നു. അതു സ്വാതന്ത്യത്തിൻ്റെ നിയമം എന്നു വിളിക്കപ്പെടുന്നു; എന്തെന്നാല്‍ അത്‌ പഴയനിയമത്തിൻ്റെ അനുഷ്ഠാനപരവും നൈയാമികവുമായ ആചാരങ്ങളില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുന്നു; സ്നേഹത്തിൻ്റെ പ്രചോദനമുള്‍ക്കൊണ്ടു നൈസര്‍ഗികമായി പ്രവര്‍ത്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.

അവസാനമായി, “തൻ്റെ യജമാനന്‍ ചെയ്യുന്നതെന്തെന്ന്‌ അറിഞ്ഞുകൂടാത്ത” സേവകൻ്റെ അവസ്ഥയില്‍നിന്നു ക്രിസ്തുവിൻ്റെ ഒരു സുഹൃത്ത്‌ എന്ന നിലയിലേക്കു കടക്കാന്‍ അത്‌ ഇടയാക്കുന്നു. “എന്തെന്നാല്‍, എൻ്റെ പിതാവില്‍നിന്നു കേട്ടവയെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചു.” പുത്രൻ്റെയും അവകാശിയുടെയും പദവിയിലേക്കുപോലും പ്രവേശിക്കാന്‍ അത്‌ ഇടവരുത്തുന്നു.

പുതിയനിയമം കല്‍പനകളെകൂടാതെ സുവിശേഷോപദേശങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്‌. ദൈവപ്രമാണങ്ങളും സുവിശേഷോപദേശങ്ങളും തമ്മിലുള്ള പരമ്പരാഗതമായ വ്യത്യാസം ക്രൈസ്തവജീവിതത്തിൻ്റെ പൂര്‍ണതയായ സ്നേഹത്തോടു ബന്ധപ്പെടുത്തിയുള്ളതാണ്‌. സ്നേഹത്തിനു വിരുദ്ധമായ എല്ലാറ്റിനെയും മാറ്റിക്കളയുവാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണു പ്രമാണങ്ങള്‍. സ്നേഹത്തോടു വൈരുധ്യമുള്ളതല്ലെങ്കിലും അതിൻ്റെ വികാസത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള സകലതിനെയും മാറ്റിക്കളയുക എന്നതാണു സുവിശേഷോപദേശങ്ങളുടെ ലക്ഷ്യം. 

കൂടുതല്‍ നല്‍കാതെ ഒരിക്കലും തൃപ്തിപ്പെടാത്ത സ്നേഹത്തിൻ്റെ സജീവ പൂര്‍ണതയെ സുവിശേഷോപദേശങ്ങള്‍ വെളിവാക്കുന്നു. അവ സ്നേഹത്തിൻ്റെ സജീവത്വത്തിനു സാക്ഷ്യം നല്‍കുന്നു. നമ്മുടെ ആധ്യാത്മിക സന്നദ്ധതയെ ആവശ്യപ്പെടുകയും ചെയ്യുന്നു. പുതിയനിയമത്തിൻ്റെ പൂര്‍ണത സത്താപരമായി അടങ്ങിയിരിക്കുന്നതു ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിൻ്റെ കല്‍പനകളിലാണ്‌. സുവിശേഷോപദേശങ്ങള്‍ കൂടുതല്‍ നേരിട്ടുള്ള മാര്‍ഗങ്ങളെ, കൂടുതല്‍ സന്നദ്ധതയുള്ള ഉപാധികളെ, ചുണ്ടിക്കാണിക്കുന്നു. ഓരോരുത്തരുടെയും വിളിയ്ക്കനുസൃതം അഭ്യസിക്കേണ്ടവയാണ്‌ അവ:

ഓരോ വ്യക്തിയും എല്ലാ ഉപദേശങ്ങളും അനുസരിക്കണമെന്ന്‌ ദൈവം ആവശ്യപ്പെടുന്നില്ല. പിന്നെയോ വൃക്തികള്‍, കാലങ്ങള്‍, സന്ദര്‍ഭങ്ങള്‍, കഴിവുകള്‍ എന്നിവയുടെ വൈവിധ്യമനുസരിച്ച്‌ ഉചിതമായവമാത്രം, സ്നേഹം ആവശ്യപ്പെടുന്നതു പോലെ, അനുസരിക്കണമെന്നേയുള്ളു. എന്തെന്നാല്‍ സ്നേഹമാണ്‌ എല്ലാ സുകൃതങ്ങളുടെയും എല്ലാ കല്‍പനകളുടെയും എല്ലാ ഉപദേശങ്ങളുടെയും ചുരുക്കത്തില്‍, എല്ലാ നിയമങ്ങളുടെയും എല്ലാ ക്രൈസ്തവ പ്രവൃത്തികളുടെയും രാജ്ഞി എന്ന നിലയില്‍ അവയ്ക്കെല്ലാം അവയുടെ പദവിയും ക്രമവും സമയവും മൂല്യവും നല്‍കുന്നത്‌. 

സംഗ്രഹം

വിശുദ്ധ ലിഖിതമനുസരിച് നിയമം ദൈവത്താല്‍ നല്കപ്പെടുന്ന പിത്യസഹജമായ നിർദേശമാണ്‌. വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗീയ സൗഭാഗ്യത്തിലേക്കു നയിക്കുന്ന വഴികളെ അത്‌ മനുഷ്യനു നിര്‍ദേശിക്കുകയും തിൻമയുടെ വഴികളെ നിരോധിക്കുകയും ചെയ്യുന്നു.

“പൊതുനന്മയ്ക്കുവേണ്ടി സമുഹത്തിൻ്റെ  ഉത്തരവാദിത്വമുള്ളവൻ  വിളംബരം ചെയ്യുന്ന യുക്തിയുടെ നിർദേശമാണു നിയമം” (St.thomas aquinas).

ക്രിസ്തു നിയമത്തിൻ്റെ പൂർത്തീകരണമാണ്‌ (Cf roma 10 : 4) . അവിടുന്നു മാത്രമേ ദൈവത്തിൻ്റെ നീതിയെപ്പറ്റി  പഠിപ്പിക്കുകയും അതു നല്‍കുകയും ചെയ്യുന്നുള്ളു.

തൻ്റെ  സ്രഷ്ടാവിൻ്റെ സാദൃശ്യത്തിൽ രുപീകൃതനായ മനുഷ്യന്‍ ദൈവത്തിൻ്റെ ജ്ഞാനത്തിലും നന്മയിലും നടത്തുന്ന പങ്കുപറ്റലാണു സ്വാഭാവികനിയമം. അതു മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തെ വ്യക്തമാക്കുന്നു. അവൻ്റെ മൗലികാവകാശങ്ങളുടെയും മൗലികകടമകളുടെയും അടിസ്ഥാനത്തെ രുപപ്പെടുത്തുകയും ചെയ്യുന്നു.

സ്വാഭാവികനിയമം മാറ്റമില്ലാത്തതും ചരിത്രത്തിലുടനീളം സ്ഥിരതയുള്ളതുമാണ്‌. അതിനെ വ്യക്തമാക്കുന്ന നിയമങ്ങള്‍ സത്താപരമായി  സാധുത്വമുള്ളതായി  നിലനില്‍ക്കുന്നു. ധാര്‍മികനിയമങ്ങളും പൗരനിയമവും പടുതുയർത്താൻ ആവശ്യകമായ അടിസ്ഥാനമാണത്‌.

പഴയനിയമം വെളിവാക്കപ്പെട്ട നിയമത്തിൻ്റെ പ്രഥമഘട്ടമാണ്‌. അതിനെ ധാർമിക നിർദ്ദേശങ്ങൾ പത്തു പ്രമാണങ്ങളില്‍ സംഗ്രഹിച്ചിരിക്കുന്നു .

യുക്തിക്കു സ്വാഭാവികമായി എത്തിച്ചേരാവുന്ന അനേകം സത്യങ്ങള്‍ മോശയുടെ നിയമത്തിലുണ്ട്‌. മനുഷ്യർ തങ്ങളുടെ ഹൃദയങ്ങളില്‍ അവയെ വായിച്ചറിയാത്തതുകൊണ്ടാണ്‌ ദൈവം അവയെ വെളിപ്പെടുത്തിയത്‌.

പഴയനിയമം സുവിശേഷത്തിനുള്ള ഒരുതരം ഒരുക്കമാണ്‌.

പുതിയനിയമം ക്രിസ്തുവിലുള്ള വിശ്വാസംവഴി സ്ഥീകരിക്കപ്പെടുന്നതും സ്നേഹത്തിലൂടെ പ്രവർത്തിക്കുന്നതുമായ പരിശുദ്ധാത്മാവിൻ്റെ കൃപാവരമാണ്‌. അതു സർവോപരി, കർത്താവിൻ്റെ ഗിരി പ്രഭാഷണത്തിൽ വ്യക്തമാക്കപ്പെടുന്നു. നമുക്കു കൃപാവരം പകർന്നു തരുന്നതിന്‌ അതു കൂദാശകളെ ഉപയോഗിക്കുന്നു.

സുവിശേഷനിയമം പഴയനിയമത്തെ പൂർത്തിയാക്കുകയും, അതിനെ അതിശയിക്കുകയും അതിനെ പൂർണതയിലെത്തിക്കുകയും ചെയ്യുന്നു: അതിൻ്റെ വാഗ്ദാനങ്ങള്‍, സ്വർഗ്ഗരാജ്യത്തിൻ്റെ സൗഭാഗ്യങ്ങളിലൂടെയും അതിൻ്റെ കല്‍പനകള്‍, മാനുഷിക പ്രവൃത്തികളുടെ മൂലമായ: ഹൃദയത്തിൻ്റെ നവീകരണത്തിലൂടെയും.

പുതിയനിയമം സ്നേഹത്തിന്‍റെ നിയമമാണ്‌. കൃപാവരത്തിൻ്റെ നിയമമാണ്‌, സ്വാത്രന്ത്യത്തിൻ്റെ നിയമമാണ്‌.

പുതിയ നിയമത്തില്‍ കല്‍പനകൾക്കു പുറമേ സുവിശേഷോപദേശങ്ങളും അടങ്ങിയിരിക്കുന്നു. “സുവിശേഷത്തിൽ  കർത്താവു തൻ്റെ  ശിഷ്യന്മാര്‍ക്കു നല്കുന്ന വിവിധങ്ങളായ ഉപദേശങ്ങളിലുടെ സഭയുടെ വിശുദ്ധിയെ സവിശേഷമായി പരിപോഷിപ്പിക്കുന്നു" (LG 42 § 2). 

ദൈവം നല്‍കുന്ന രക്ഷ : നിയമവും കൃപാവരവും ധാര്‍മികനിയമം സ്വാഭാവിക ധാര്‍മികനിയമം പഴയനിയമം പുതിയനിയമം അഥവാ സുവിശേഷനിയമം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message