We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 03-May-2023
ഖണ്ഡിക 2.
പിതാവ്
I. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍”
“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” ആണു ക്രിസ്ത്യാനികള്‍ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കുമുന്‍പ്, 'പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?” എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, 'ഞാന്‍ വിശ്വസിക്കുന്നു' എന്നുപറഞ്ഞ് അവർ ഉത്തരം നല്‍കുന്നു. “സർവക്രിസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധത്രിത്വത്തില്‍ അധിഷ്ഠിതമാണ്."
ക്രിസ്ത്യാനികള്‍ മാമ്മോദീസ സ്വീകരിക്കുന്നതു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആണ്; അവരുടെ നാമങ്ങളില്‍ അല്ല; കാരണം, സർവശക്തനായ പിതാവും അവിടുത്തെ ഏകജാതനും പരിശുദ്ധാത്മാവുമായ ദൈവം ഒരുവന്‍മാത്രമേയുള്ളു: പരിശുദ്ധതമത്രിത്വം.
പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവവിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസ്സത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താല്‍ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. “വിശ്വാസസത്യങ്ങളുടെ ശ്രേണിയില്‍" ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണു പരി. ത്രിത്വരഹസ്യം. രക്ഷാചരിത്രം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം തന്നെത്തന്നെ മനുഷ്യനു വെളിപ്പെടുത്തുകയും “പാപത്തില്‍നിന്നു പിന്‍തിരിയുന്നവരെ തന്നോട് അനുരഞ്ജനപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും" ചെയ്യുന്ന മാർഗത്തിന്റെയും രീതികളുടെയും ചരിത്രം തന്നെയാണ്.
ഈ ഖണ്‍ഡികയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചുരുക്കി പ്രതിപാദിക്കുന്നതാണ്.
(I) പരിശുദ്ധത്രിത്വം എങ്ങനെ വെളിപ്പെടുത്തപ്പെട്ടു?
(II) ഈ രഹസ്യത്തെ സംബന്ധിക്കുന്ന വിശ്വാസപ്രബോധനം സഭ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു?
(III) പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൈവിക അയയ്ക്കലുകളിലൂടെ സൃഷ്ടിയുടെയും രക്ഷയുടെയും പവിത്രീകരണത്തിന്റെയുമായ തന്റെ “കൃപാകരപദ്ധതി” പിതാവായ ദൈവം എങ്ങനെ പൂർത്തിയാക്കി?
ത്രിത്വം നിഷ്കൃഷ്ടാർഥത്തില്‍ ഒരു വിശ്വാസരഹസ്യമാണ്; അതായത് “ദൈവം വെളിപ്പെടുത്തുന്നില്ലെങ്കില്‍ മനുഷ്യർക്ക് അറിയാന്‍കഴിയാത്ത, ദെെവത്തില്‍ നിഗൂഢജമായിരിക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണത്". സ്വന്തം സൃഷ്ടികർമ്മത്തില്‍ക്കൂടിയും പഴയനിയമകാലത്തെ വെളിപാടുകളില്‍ക്കൂടിയും ദൈവം തന്റെ ത്രിത്വാത്മക അസ്തിത്വത്തിന്റെ ചില അടയാളങ്ങള്‍ മനുഷ്യർക്കു നല്‍കിയിട്ടുണ്ടെന്നതു തീർച്ച. എന്നാല്‍ പരിശുദ്ധത്രിത്വമെന്നനിലയിലുള്ള അവിടുത്തെ ആന്തരികാസ്തിത്വം ദൈവപുത്രന്റെ മനുഷ്യാവതാരത്തിനും പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും മുന്‍പ് മനുഷ്യബുദ്ധികൊണ്ടുമാത്രമോ ഇസ്രായേലിന്റെ വിശ്വാസത്തിനുപോലുമോ ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമായിരുന്നു.
II. ത്രിത്വം എന്നനിലയിലുള്ള ദൈവത്തിന്റെ വെളിപാട്
പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവ്
ദൈവത്തെ “പിതാവേ” എന്നു സംബോധന ചെയ്യുന്നരീതി പല മതങ്ങളിലുമുണ്ട്. ദൈവം “ ദേവന്‍മാരുടെയും മനുഷ്യരുടെയും പിതാവ്” ആയി പലപ്പോഴും പരിഗണിക്കപ്പെടുന്നു. പ്രപഞ്ചസ്രഷ്ടാവ് എന്നനിലയ്ക്ക് ഇസ്രായേലില്‍ ദൈവത്തെ “പിതാവ്” എന്നു വിളിച്ചിരുന്നു. അതിനുംപുറമേ, ഇസ്രായേലുമായി ദൈവം ചെയ്ത ഉടമ്പടിയുടെയും അവർക്കു നല്‍കിയ “നിയമത്തിന്റെയും" അടിസഥാനത്തില്‍ ദൈവം ഇസ്രായേല്‍ജനത്തിനു സവിശേഷമാംവിധം പിതാവാകുന്നു. ഇങ്ങനെ പറഞ്ഞിരിക്കുന്നു; “ഇസ്രായേല്‍ എന്റെ ആദ്യജാതനായ പുത്രനാണ്.” ഇസ്രായേല്‍രാജാവിന്റെ പിതാവ് എന്ന സംജ്ഞയും ദൈവത്തിനു നല്‍കപ്പെട്ടിരുന്നു. വളരെ പ്രത്യേകമായരീതിയില്‍, ദൈവം “പാവങ്ങളുടെ പിതാവാണ്”. അവിടുത്തെ സ്നേഹസംരക്ഷണത്തിലുള്ള അനാഥരുടെയും വിധവകളുടെയും പിതാവാണവിടുന്ന്.
മുന്‍പാരും കേട്ടിട്ടില്ലാതിരുന്ന അർഥത്തില്‍, ദൈവം പിതാവാകുന്നുവെന്ന് യേശു വെളിപ്പെടുത്തി: സ്രഷ്ടാവ് എന്ന നിലയ്ക്കുമാത്രമല്ല അവിടുന്നു പിതാവായിരിക്കുന്നത്. തന്റെ ഏകജാതനുമായുള്ള ബന്ധത്തില്‍ അവിടുന്ന് എന്നേക്കും പിതാവാണ്; പുത്രനാകട്ടെ, തന്റെ പിതാവിനോടുള്ള ബന്ധത്തിലല്ലാതെ എന്നേക്കും പുത്രനാകുന്നില്ല.. “പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആർക്കുവെളിപ്പെടുത്തുവാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ, മറ്റാരും പിതാവിനെയും അറിയുന്നില്ല."
ഇക്കാരണത്താല്‍ അപ്പസ്തോലന്‍മാർ യേശുവിനെ വചനമായി അംഗീകരിച്ചേറ്റു പറയുന്നു; “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു"; “അദൃശ്യ ദൈവത്തിന്റെ പ്രതിഛായയും”; “അവിടുത്തെ മഹത്ത്വത്തിന്റെ തേജസ്സും”; “അവിടുത്തെ പ്രകൃതിയുടെ പ്രതിരൂപവുമായി" അവർ ഏറ്റുപറഞ്ഞു.
അവർക്കുശേഷം സഭ, അപ്പസ്തോലിക പാരമ്പര്യം പിന്തുടർന്ന് ഏ.ഡി. 325-ല്‍ സമ്മേളിച്ച ഒന്നാമത്തെ സാർവത്രിക സൂനഹദോസില്‍ വച്ച്, “പുത്രന്‍ പിതാവിനോടുകൂടെ ഏകസത്തയാണ്” എന്നു പ്രഖ്യാപിച്ചു. അതായത്, അവിടുത്തോടൊത്തുള്ള ഏക ദൈവമാണെന്ന്. എ.ഡി. 381-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ രണ്ടാമത്തെ സാർവത്രിക സൂനഹദോസ് വിശ്വാസപ്രമാണത്തിനു രൂപം കൊടുത്തപ്പോള്‍ നിഖ്യാസൂനഹദോസിന്റെ ഈ പ്രയോഗം നിലനിർത്തുകയും ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു: “ദൈവത്തിന്റെ ഏകജാതനും യുഗങ്ങള്‍ക്കുമുമ്പേ പിതാവില്‍നിന്നു ജനിച്ചവനും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും പിതാവിനോടുകുടെ ഏകസത്തയുമാകുന്നു."
പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ട പിതാവും പുത്രനും
“മറ്റൊരു പാരക്ക്‌ലേത്തയെ” (അഭിഭാഷകനെ, പരിശുദ്ധാത്മാവിനെ) അയയ്ക്കുമെന്ന് യേശു തന്റെ പെസഹായ്ക്കു മുമ്പായി പ്രഖ്യാപിച്ചു. സൃഷ്ടിമുതല്‍ കർമനിരതനും മുന്‍കാലങ്ങളില്‍ “പ്രവാചകന്‍മാരിലൂടെ സംസാരിച്ചവനുമായ” അവിടുന്ന് ഇനി ശിഷ്യന്‍മാരോടൊപ്പവും അവരിലും ആയിരിക്കും. അവരെ പഠിപ്പിക്കുന്നതിനും “എല്ലാ സത്യത്തിലേക്കും" അവരെ നയിക്കേണ്ടതിനുമാണിത്. ഇങ്ങനെ യേശുവിനോടും പിതാവിനോടുമൊത്തു മറ്റൊരു ദൈവികവ്യക്തി ആയിട്ടാണു പരിശുദ്ധാത്മാവു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
പരിശുദ്ധാത്മാവിന്റെ നിത്യമായ ഉദ്ഭവം, കാലത്തിലുള്ള അവിടുത്തെ അയയ്ക്കപ്പെടലിലൂടെ വെളിപ്പെടുത്തപ്പെടുന്നു.. പുത്രന്റെ നാമത്തില്‍ പിതാവും പിതാവിലേക്കു തിരിച്ചെത്തിയതിനുശേഷം പുത്രനും വ്യക്തിപരമായി പരിശുദ്ധാത്മാവിനെ അപ്പസ്തോലന്‍മാരുടെമേലും സഭയുടെമേലും അയച്ചു. യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷമുള്ള, പരിശുദ്ധാത്മാവ് എന്ന വ്യക്തിയുടെ അയയ്ക്കപ്പെടല്‍, പരിശുദ്ധതമത്രിത്വത്തിന്റെ രഹസ്യത്തെ അതിന്റെ പൂർണതയില്‍ വെളിപ്പെടുത്തുന്നു.
പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന അപ്പസ്തോലിക വിശ്വാസം, കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചേർന്ന രണ്ടാം സാർവത്രിക സൂനഹദോസില്‍ (381-ല്‍) പ്രഖ്യാപിക്കപ്പെട്ടു: “കർത്താവും ജീവദാതാവും പിതാവില്‍നിന്നു പുറപ്പെടുന്നവനുമായ പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.” ഈ പ്രഖ്യാപനത്തിലൂടെ ദൈവത്വത്തിന്റെമുഴുവന്‍ പ്രഭവമായി പിതാവിനെ സഭ അംഗീകരിക്കുന്നു; പരിശുദ്ധാത്മാവിന്റെ നിത്യോദ്ഭവം, പുത്രന്റെ ഉദ്ഭവവുമായി ബന്ധമില്ലാത്തതല്പ: “പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവു ദൈവവും, പിതാവിനോടും പുത്രനോടുമൊപ്പം ഏകനും സമനുമായി ഒരേസത്തയും ഒരേ പ്രകൃതിയുമുള്ളവനുമാണ്... എന്നിരുന്നാലും പരിശുദ്ധാത്മാവു പിതാവിന്റെ മാത്രമോ പുത്രന്റെമാത്രമോ ആത്മാവല്ല. ഒരേസമയം അവിടുന്നു പിതാവിന്റെയും പുത്രന്റെയും ആത്മാവാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെ വിശ്വാസപ്രമാണത്തില്‍ സഭ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “പിതാവിനോടും പുത്രനോടുമൊപ്പം അവിടുന്ന് ആരാധിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു."
ലത്തീന്‍സഭാപാരമ്പര്യമനുസരിച്ചു, വിശ്വാസപ്രമാണത്തില്‍, “പരിശുദ്ധാത്മാവു പിതാവില്‍നിന്നും പുത്രനില്‍നിന്നും (Filioque) പുറപ്പെടുന്നു” എന്നാണു ചൊല്ലുന്നത്. 1438-ല്‍ ഫ്ളോറന്‍സ് സൂനഹദോസ് വിശദീകരിച്ചതിങ്ങനെയാണ്; പരിശുദ്ധാത്മാവിനു സത്തയും അസ്തിത്വവും ലഭിക്കുക ഒരേസമയം(simul ) പിതാവില്‍നിന്നും പുത്രനില്‍നിന്നുമാണ്. ഒരേ നിശ്വസനത്തില്‍ നിന്ന് ഒരേ പ്രഭവത്തില്‍നിന്നെന്നപോലെയാണു പരിശുദ്ധാത്മാവു നിത്യമായി പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നത്... പിതൃത്വമൊഴികെ പിതാവിനുള്ളതെല്ലാം, പുത്രനെ ജനിപ്പിച്ചുകൊണ്ട് അവിടുന്നു തന്റെ ഏകജാതനു നല്‍കിയിരിക്കുന്നു; പിതാവില്‍നിന്നു നിത്യമായി ജാതനായ പുത്രനില്‍നിന്നു, പിതാവില്‍നിന്നെന്നപോലെ നിത്യമായി പരിശുദ്ധാത്മാവു പുറപ്പെടുന്നു.
III. പരിശുദ്ധ്രത്രിത്വം വിശ്വാസ പ്രബോധനത്തില്‍
പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസസത്യങ്ങളുടെ രൂപീകരണം
ആരംഭംമുതലേ, പരിശുദ്ധ ത്രിത്വത്തെ സംബന്ധിക്കുന്ന ആവിഷ്കൃതസത്യം മുഖ്യമായും മാമ്മോദീസയിലൂടെ സഭയുടെ സജീവവിശ്വാസത്തിന്റെ അടിസ്ഥാനമായി വർത്തിച്ചിരുന്നു. മാമ്മോദീസയിലെ വിശ്വാസപ്രഖ്യാപനത്തിലും സഭയുടെ പ്രഘോഷണത്തിലും മതബോധനത്തിലും പ്രാർഥനയിലും പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസം ആവിഷ്കരിക്കപ്പെടുന്നു. പരിശുദ്ധ്രത്രിത്വത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന ചില വാക്യങ്ങള്‍, അപ്പസ്തോലിക ലിഖിതങ്ങളില്‍ത്തന്നെ കാണാം. അതിനുദാഹരണമാണു കുർബാനയില്‍ സ്വീകരിച്ചിട്ടുള്ള ഈ ആശീർവാദം തന്നെ: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ".
ത്രിത്വത്തിലുള്ള വിശ്വാസത്തിനു കൂടുതല്‍ വ്യക്തതനല്‍കാന്‍ ആദ്യശതകങ്ങളില്‍ സഭ യത്നിച്ചു. ഈ വിശ്വാസസത്യത്തിലേക്കു കൂടുതല്‍ ഉള്‍ക്കാഴ്ചലഭിക്കുന്നതിനും അതിനെ വികലമാക്കുന്ന അബദ്ധസിദ്ധാന്തങ്ങളില്‍നിന്ന് രക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു ഈ യത്നം. ത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസത്തിനു സുവ്യക്തത പകർന്നതു സഭയുടെ ആദ്യകാല കൗണ്‍സിലുകളാണ്. സഭാപിതാക്കന്‍മാരുടെ ദൈവശാസ്ത്രരചനകളുടെയും ക്രിസ്തീയവിശ്വാസികളുടെ വിശ്വാസ ബോധത്തിന്റെയും സഹായത്തോടെ സഭയുടെ ആദ്യകാല കൗണ്‍സിലുകളാണ് ഈ ദൗത്യം നിർവഹിച്ചത്.
പരിശുദ്ധത്രിത്വത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ സഭ ഉപയോഗപ്പെടുത്തുന്ന ചില പ്രധാനപദങ്ങള്‍ താഴെപ്പറയുന്നവയാണ്:
(i) “സത്ത” (substance) [ചിലപ്പോള്‍ “സാരാംശം” (essence), “പ്രകൃതി” (nature) എന്നീപദങ്ങളും ഉപയോഗിക്കുന്നുണ്ട്] എന്ന പദം ദൈവിക ഉണ്‍മയെ അതിന്റെ ഐക്യത്തില്‍ ദ്യോതിപ്പിക്കുന്നു;
(ii) “വ്യക്തി” (person) അഥവാ “ഉപസ്ഥിതി” (hypostasis) എന്ന പദം പരിശുദ്ധത്രിത്വത്തിലെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അവർക്കിടയിലുള്ള യഥാർഥമായ വ്യതിരിക്തതയില്‍ ദ്യോതിപ്പിക്കുന്നു;
(iii) “ബന്ധം” എന്ന പദം പരിശുദ്ധത്രിത്വത്തിലെ മൂന്നുവ്യക്തികള്‍ക്കും തമ്മിലുള്ള ബന്ധത്തില്‍ വേരൂന്നിയിട്ടുള്ളതാണ്. അവർക്കിടയിലെ വ്യതിരിക്തത എന്ന വസ്തുതയെ ദ്യോതിപ്പിക്കുന്നു.
പരിശുദ്ധ്രതിത്വത്തെ സംബന്ധിച്ച വിശ്വാസസത്യം
ത്രിത്വം ഏകമാകുന്നു. നമ്മള്‍ വിശ്വസിക്കുന്നതു മൂന്നു ദൈവങ്ങളിലല്ല, മൂന്നു വ്യക്തികളായ ഏകദൈവത്തില്‍ ഏകസത്തയോടുകൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവികവ്യക്തികളുംകൂടി ഒരു ദൈവികസത്തയെ വിഭജിച്ചെടുക്കുകയുമല്ല ചെയ്യുന്നത്; പ്രത്യുത, ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂർണമായും മുഴുവനായും ദൈവമാണ്: “പുത്രന്‍ എന്തായിരിക്കുന്നുവോ അതുതന്നെയാണു പിതാവ്; പിതാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണു പുത്രന്‍; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണു പിതാവും പുത്രനും; അതായതു സ്വഭാവത്തില്‍ ഒരു ദൈവമാണ്". ഈ മൂന്നു “വ്യക്തികളിലോരോരുത്തരും ദൈവികസത്ത, ദൈവികസാരാംശം അഥവാ ദൈവികപ്രകൃതി" തന്നെയാണ്.
ദൈവികവ്യക്തികള്‍ അന്യോന്യവ്യതിരിക്തരാണ്. “ദൈവംഏകനാണ്; എങ്കിലും ഏകാന്തനല്ല". “പിതാവ്”, “പുത്രന്‍”, “പരിശുദ്ധാത്മാവ്” എന്നീ സംജ്ഞകള്‍ ദൈവിക ഉണ്‍മയുടെ വ്യത്യസ്തഭാവങ്ങളെക്കുറിക്കുന്ന നാമങ്ങളല്ല, അവ ഒന്നു മറ്റൊന്നില്‍നിന്നു യഥാർഥ വ്യത്യാസമുള്ളവയാണ്: “പുത്രന്‍ ആയിരിക്കുന്നവന്‍ പിതാവല്ല; പിതാവായിരിക്കുന്നവന്‍ പുത്രനല്ല; പിതാവോ പുത്രനോ ആയിരിക്കുന്നവന്‍ പരിശുദ്ധാത്മാവല്ല". അവർ ഉദ്ഭവത്തിലെ ബന്ധത്തില്‍ പരസ്പരം വ്യതിരിക്തരാണ്; “ജനിപ്പിക്കുന്നതു പിതാവാണ്; ജനിക്കുന്നതു പുത്രനാണ്; പുറപ്പെടുന്നതു പരിശുദ്ധാത്മാവുമാണ്”. ദൈവിക ഏകത്വം ത്രിയേകമാണ്.
ദൈവികവ്യക്തികള്‍ അന്യോന്യബന്ധമുള്ളവരാണ്. ദൈവികവ്യക്തികളുടെ അന്യോന്യവ്യതിരിക്തത ദൈവിക ഐക്യത്തെ ഭേദിക്കാത്തതിനാല്‍, ദൈവികവ്യക്തികള്‍ക്കു പരസ്പരമുള്ള യഥാർഥമായ വ്യതിരിക്തത അടങ്ങിയിരിക്കുന്നത് അവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ബന്ധങ്ങളില്‍ മാത്രമാണ്. “വ്യക്തികളുടെ ബന്ധം സൂചിപ്പിക്കുന്ന നാമങ്ങളിലൂടെ പിതാവു പുത്രനോടും, പുത്രന്‍ പിതാവിനോടും പരിശുദ്ധാത്മാവ് ഇരുവരോടും ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ മൂന്നുവ്യക്തികളെന്നു വിളിക്കുമ്പോള്‍ നാം ഒരു പ്രകൃതിയില്‍ അഥവാ സത്തയില്‍ മാത്രം വിശ്വസിക്കുന്നു”. അവർ തമ്മിലുള്ള “ബന്ധത്തിന്റെ വൈപരീത്യം ഇല്ലാത്തിടത്ത് അവർ മൂവരും ഒന്നാണ്.” “ഈ ഐക്യംമൂലം പിതാവു പൂർണമായി പുത്രനിലും പരിശുദ്ധാത്മാവിലുമാണ്; പുത്രന്‍ പൂർണമായി പിതാവിലും പരിശുദ്ധാത്മാവിലുമാണ്. പരിശുദ്ധാത്മാവു പൂർണമായി പിതാവിലും പുത്രനിലുമാണ്.
“ദൈവശാസ്ത്രനിപുണന്‍” എന്നു വിഖ്യാതനായ വി.ഗ്രിഗരി നസിയാന്‍സന്‍ ത്രിത്വത്തിലുള്ള വിശ്വാസത്തിന്റെ സംഗ്രഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ ജ്ഞാനസ്നാനാർഥികള്‍ക്കു വിവരിച്ചുകൊടുക്കുന്നതിങ്ങനെയാണ്;
IV. ദൈവിക പ്രവർത്തനങ്ങളും ത്രിത്വാത്മക അയയ്ക്കലുകളും
“ഓ സൗഭാഗ്യദായകമായ ജ്യോതിസ്സേ, പരിശുദ്ധത്രിത്വമേ, ആദിമ ഏകത്വമേ.” ദൈവം നിത്യസൗഭാഗ്യമാണ്, മരണമില്ലാത്ത ജീവനാണ്, അണയാത്ത ദീപമാണ്; ദൈവം സ്‌നേഹമാണ്: പിതാവും പുത്രനും പരിശുദ്ധാതമാവും. ദൈവം, തന്റെ ഭാഗ്യപൂർണമായ ജീവന്റെ മഹത്ത്വം പകർന്നുതരുവാന്‍ സ്വമനസാ തിരുവുള്ളമായി. ലോകസ്യഷ്ടിക്കുമുന്‍പേതന്നെ, തന്റെ പ്രിയസുതനില്‍ പിതാവു വിഭാവനം ചെയ്ത “കൃപാകര പദ്ധതി ഇപ്രകാരമാണ്”. “നമ്മെ യേശുക്രിസ്തുവിലൂടെ ദത്തുപുത്രരാക്കുവാന്‍ അവിടുന്നു മുന്‍കൂട്ടി നിശ്ചയിച്ചു”; അതായത്, പുത്രസ്വീകാരത്തിന്റെ ആത്മാവിലൂടെ" തന്റെ പുത്രന്റെ പ്രതിഛായയ്ക്കു നമ്മെ അനുരൂപരാക്കുവാന്‍ അവിടുന്നു മുന്‍കൂട്ടി നിശ്ചയിച്ചു. യുഗാന്തരങ്ങള്‍ക്കുമുന്‍പേതന്നെ നമുക്കു നല്‍കപ്പെട്ടതും നേരിട്ടു പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തില്‍നിന്നു നിർഗളിക്കുന്നതുമായ ഒരു കൃപാവരമാണ് ഈ പദ്ധതി. സൃഷ്ടികർമത്തിലും ആദിപാപത്തിനുശേഷം രക്ഷാകരചരിത്രം മുഴുവനിലും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അയയ്ക്കലുകളിലും ഈ പദ്ധതി വെളിപ്പെടുന്നു. സഭയുടെ അയയ്ക്കല്‍ ഈ അയയ്ക്കലുകളുടെ തുടർച്ചയാണ്.
ദൈവിക രക്ഷാപദ്ധതിമുഴുവനും മൂന്നു ദൈവികവ്യക്തികളുടെയും പൊതു പ്രവർത്തനമാണ്. പരിശുദ്ധത്രിത്വത്തിന് ഒരേയൊരു പ്രകൃതി മാത്രമുള്ളതുപോലെ ഒരേയൊരു പ്രവർത്തനം മാത്രമേയുള്ളു. “പിതാവും പുത്രനും പരിശുദ്ധാത്മാവും സൃഷ്ടിയുടെ മൂന്നു പ്രഭവങ്ങളല്ല, പ്രത്യുത ഏകപ്രഭവമാകുന്നു.” എന്നിരുന്നാലും, ഓരോ ദൈവിക വ്യക്തിയും സ്വന്തം വ്യക്തിത്വ സവിശേഷതയനുസരിച്ചു പൊതുപ്രവർത്തനം നിർവഹിക്കുന്നു. പുതിയ നിയമത്തെ ആസ്പദമാക്കി സഭ ഏറ്റുപറയുന്നു: “സർവതും ആരില്‍നിന്ന് ആകുന്നുവോ, ആ ഏകദൈവവും പിതാവുമായവന്‍; സർവതും ആരിലൂടെ ആകുന്നുവോ ആ ഏക കർത്താവുമായ യേശുക്രിസ്തു; സർവതും ആരില്‍ ആകുന്നുവോ ആ ഏക പരിശുദ്ധാത്മാവും.” പുത്രന്റെ മനുഷ്യാവതാരവും പരിശുദ്ധാത്മാവിന്റെ ദാനവും എന്ന ദൈവിക അയയ്ക്കലുകളാണ് ദൈവികവ്യക്തികളുടെ സവിശേഷതകളെ ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നത്.
ദൈവികരക്ഷാപദ്ധതി മുഴുവന്‍ പൊതുവും വ്യക്തിപരവുമായ ഒരു പ്രവർത്തനമാകയാല്‍ ദൈവികവ്യക്തികള്‍ക്കു പ്രത്യേകമായിട്ടുള്ളതെന്തെന്നും അവരുടെ ഏകപ്രകൃതിയെന്തെന്നും അത് വെളിപ്പെടുത്തുന്നു. ത്രിത്വത്തിലെ മൂന്നു വ്യക്തികളെ ഒരു തരത്തിലും പ്രത്യേകം വേർതിരിക്കാതെ ആ വ്യക്തികളിലോരോരുത്തരുമായി കൈവരിക്കുന്ന ഐക്യമാണു ക്രൈസ്തവജീവിതം മുഴുവനും. പിതാവിനെ മഹത്ത്വപ്പെടുത്തുന്ന ഏതൊരാളും, പുത്രന്‍വഴി പരിശുദ്ധാത്മാവിലാണു പിതാവിനെ മഹത്ത്വപ്പെടുത്തുന്നത്; ക്രിസ്തുവിനെ അനുഗമിക്കുന്ന ഏതൊരാളും അങ്ങനെ ചെയുന്നതു പിതാവ് അയാളെ ആകർഷിക്കുന്നതുകൊണ്ടും, പരിശുദ്ധാത്മാവ് അയാളെ പ്രചോദിപ്പിക്കുന്നതുകൊണ്ടുമാണ്.
ദൈവികരക്ഷാപദ്ധതി മുഴുവന്റെയും ആത്യന്തിക ലക്ഷ്യം സൃഷ്ടികള്‍ പരിശുദ്ധത്രിത്വത്തിന്റെ പരിപൂർണൈക്യത്തില്‍ പ്രവേശിക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍ത്തന്നെ, പരിശുദ്ധതമത്രിത്വത്തിന്റെ വാസസ്ഥാനമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കയാണ്. കർത്താവുപറയുന്നു “ആരെങ്കിലും എന്നെ സ്നേഹിക്കുന്നെങ്കില്‍, അവന്‍ എന്റെ വചനം പാലിക്കും; അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.
സംഗ്രഹം
പരിശുദ്ധതമത്രിത്വത്തിന്റെ രഹസ്യം ക്രൈസ്തവവിശ്വാസത്തിന്റെയും ക്രൈസ്തവജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിനു മാത്രമേ ഈ രഹസ്യം നമ്മെ അറിയിക്കാന്‍ കഴിയൂ.
ദൈവം നിത്യപിതാവാണെന്നും, പുത്രന്‍ പിതാവിനോടൊപ്പം ഏകസ്സത്തയാണെന്നും, അതായതു പിതാവിലും പിതാവിനോടുകൂടിയും ഒരേയൊരു ദൈവമാണെന്നും, ദൈവപുത്രന്റെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നു.
പുത്രന്റെ നാമത്തില്‍ പിതാവയച്ചവനും (യോഹ 14:26); “പിതാവില്‍നിന്നു” പുത്രന്‍ അയച്ചവനുമായ (യോഹ 15:26) പരിശുദ്ധാത്മാവിന്റെ അയക്കല്‍ വെളിപ്പെടുത്തുന്നത് അവരോടൊപ്പം പരിശുദ്ധാത്മാവ് ഒരേയൊരു ദൈവമാകുന്നു എന്നാണ്. “പിതാവിനോടും പുത്രനോടുമൊപ്പം പരിശുദ്ധാത്മാവ് ആരാധിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു.” (Nicene Creed)
“പ്രഥമപ്രഭവമായ പിതാവില്‍നിന്നും കാലഭേദമില്ലാതെ അവിടുന്നു നല്കിയ പുത്രനില്‍നിന്നും അങ്ങനെ ഇരുവരിലും നിന്ന് പരിശുദ്ധാത്മാവു പുറപ്പെടുന്നു.” (St.Augustine, De Trin. 15, 26, 47:PL 42:1095.)
“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” നാം സ്വീകരിക്കുന്ന മാമ്മോദീസായുടെ കൃപാവരത്തിലൂടെ പരിശുദ്ധത്രിത്വത്തിന്റെ ജീവിതത്തില്‍ പങ്കുചേരുവാന്‍ ഇവിടെ ഭൂമിയില്‍ വിശ്വാസത്തിന്റെ അവ്യക്തതയിലും മരണാനന്തരം സനാതനപ്രകാശത്തിലും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. (Cf.paul VI CPG § 9)
“പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസമിതാണ്: ഏകദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും- വ്യക്തികളെ തമ്മില്‍ കൂട്ടിക്കലർത്താതെ, ഏകെെകസത്തയെ വിഭജിക്കാതെ -നാം ആരാധിക്കുന്നു; കാരണം, പിതാവിന്റെ വ്യക്തിത്വം ഒന്ന്; പുത്രന്റെ വ്യക്തിത്വം മറ്റൊന്ന്: പരിശുദ്ധാത്മാവിന്റെ വേറൊന്ന്; എങ്കിലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൈവത്വംഏകമാണ്; അവരുടെ മഹത്വം സമമാണ്, അവരുടെ പ്രാഭവം തുല്യമായി നിത്യമാണ് ". (Athanasian Creed; DS 75; No 16)
ദൈവികവ്യക്തികള്‍ അവർ എന്തായിരിക്കുന്നുവോ അതില്‍ വേർപ്പടുത്തപ്പെടാനാവാത്തവരാണ്. അവർ എന്തു പ്രവർത്തിക്കുന്നുവോ അതിലും വേർപെടുത്തപ്പെടാനാവത്തവരാണ്. എങ്കിലും, ഏകൈക ദൈവികപ്രവർത്തനത്തില്‍ ത്രിത്വത്തിലെ ഓരോ വ്യക്തിയും തന്റെ പ്രത്യേക സവിശേഷത വെളിപ്പെടുത്തുന്നു. ദൈവപുത്രന്റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവിന്റെ ദാനം എന്നീ ദൈവിക അയയ്ക്കലുകളില്‍ ഈ വസ്തുത വളരെ പ്രകടമാകുന്നു.
പിതാവ് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” ത്രിത്വം എന്നനിലയിലുള്ള ദൈവത്തിന്റെ വെളിപാട് പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവ് പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ട പിതാവും പുത്രനും പരിശുദ്ധ്രത്രിത്വം വിശ്വാസ പ്രബോധനത്തില്‍ പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസ സത്യങ്ങളുടെ രൂപീകരണം പരിശുദ്ധ്രതിത്വത്തെ സംബന്ധിച്ച വിശ്വാസസത്യം ദൈവിക പ്രവർത്തനങ്ങളും ത്രിത്വാത്മക അയയ്ക്കലുകളും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



