x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ക്രൈസ്തവ മൃതസംസ്കാരം

Authored by : Congregation for Doctrine of Faith On 22-Jun-2022

വകുപ്പ്‌ 2 

 ക്രൈസ്തവ മൃതസംസ്കാരം

എല്ലാ കൂദാശകളും, പ്രധാനമായി ക്രൈസ്തവ പ്രാരംഭകൂദാശകൾ, ദൈവമക്കളുടെ അന്തിമ കടന്നുപോകലിനെ ലക്ഷ്യംവയ്ക്കുന്നു. മരണത്തിലൂടെയുള്ള ഈ കടന്നുപോകൽ അവരെ ദൈവരാജ്യത്തിലെ ജീവിതത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നു. “മരിച്ചവരുടെ ഉയിർപ്പും വരുവാനിരിക്കുന്ന ലോകത്തിലെ ജീവനും ഞാൻ കണ്ടിരിക്കുന്നു. വിശ്വാസത്തിലും പ്രതീക്ഷയിലും അവർ ഏറ്റുപറഞ്ഞത്‌ അപ്പോൾ പൂർത്തിയാകും.” 

I. ക്രൈസ്തവന്‍റെ അന്തിമ കടന്നുപോകൽ

നമ്മുടെ ഏകപ്രതീക്ഷാപാത്രമായ ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമാകുന്ന പെസഹാ രഹസ്യത്തിന്‍റെ വെളിച്ചത്തിലാണു മരണത്തിന്‍റെ ക്രൈസ്തവമായ അർഥം വെളിപ്പെടുന്നത്‌. യേശുക്രിസ്തുവിൽ മരിക്കുന്ന ക്രിസ്ത്യാനി “ശരീരത്തിൽ നിന്ന്‌ പുറപ്പെട്ട്‌ കർത്താവിന്‍റെ സന്നിധിയിലാവുന്നു. 

ക്രൈസ്തവനെ സംബന്ധിച്ചു കൗദാശിക ജീവിതത്തിന്‍റെ അന്ത്യത്തിലെ മരണ ദിനം മാമ്മോദീസായിൽ ആരംഭിച്ച പുതിയ ജീവിതത്തിന്‍റെ പൂർത്തീകരണത്തിനും പരിശുദ്ധാത്മാവിന്‍റെ അഭിഷേകംവഴി നൽകപ്പെട്ട “പുത്രന്‍റെ ഛായയുമായു"ള്ള ആത്യന്തിക “ആനുരൂപ്യത്തിനും" വി. കുർബാനയിൽ മുൻകൂട്ടി അനുഭവിച്ച രാജ്യത്തിന്‍റെ വിരുന്നിലുള്ള പങ്കാളിത്തത്തിനും തുടക്കം കുറിക്കുന്നു. എങ്കിലും വിവാഹവസ്ത്രം അണിയുന്നതിന്‌ അന്തിമമായ ശുദ്ധീകരണം ഇനിയും ആവശ്യമാണ്‌.

ഭൂമിയിലെ തീർഥാടനകാലത്ത്‌ ക്രൈസ്തവനെ കൗദാശികമായി അമ്മയെപ്പോലെ തന്‍റെ മടിയിൽ സംവഹിച്ച സഭ അവന്‍റെ യാത്രയുടെ അവസാനത്തിൽ “പിതാവിന്‍റെ കരങ്ങളിൽ" സമർപ്പിക്കേണ്ടതിന്‌ അവനെ പിന്തുടരുന്നു. അവൾ ക്രിസ്തുവിൽ അവിടുത്തെ കൃപാവരത്തിന്റെ ശിശുവിനെ പിതാവിനു സമർപ്പിക്കുന്നു; മഹത്ത്വത്തിൽ ഉയിർക്കേണ്ട ശരീരമാകുന്ന വിത്തു പ്രതീക്ഷയോടെ അവൾ ഭൂമിയിൽ നിക്ഷേപിക്കുന്നു.” ഈ സമർപ്പണം വി. കുർബാനയിൽ പൂർണമായി ആഘോഷിക്കപ്പെടുന്നു; അതിനു മുൻപും പിൻപുമുള്ള ആശീർവാദങ്ങൾ കൂദാശാകൽപങ്ങളാണ്‌.

II. മൃതസംസ്കാരാഘാഷം

ക്രൈസ്തവ മൃതസംസ്‌കാരം സഭയുടെ ഒരു ആരാധനാഘോഷമാണ്‌. പരേതനുമായുള്ള യഥാർഥ കൂട്ടായ്മ പ്രകാശിപ്പിക്കാനും മൃതസംസ്കാരത്തിനു സന്നിഹിതരായിരിക്കുന്ന സമൂഹത്തിന്‍റെ കൂട്ടായ്മയിൽ എല്ലാവരെയും പങ്കുചേർക്കാനും ആ സമൂഹത്തോടു നിത്യജീവൻ പ്രഘോഷിക്കാനും വേണ്ടിയാണ്‌ സഭയുടെ ശുശ്രൂഷ.

വിവിധ മൃതസംസ്‌കാര കർമക്രമങ്ങൾ ക്രൈസ്തവ മരണത്തിന്‍റെ പെസഹസ്വഭാവം വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തിന്‍റെയും സാഹചര്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായാണ്‌ അവ രൂപപ്പെടുത്തിയിരിക്കുന്നത്‌. തിരുവസ്ത്രങ്ങളുടെ നിറത്തിന്‍റെ കാര്യത്തിലും ഇതു ശരിയാണ്‌. 

റോമൻ റീത്തിലെ മൃതസസംസ്‌കാര കർമ്മത്തിനു മൂന്നു ഘട്ടങ്ങളുണ്ട്‌. അതു നടത്തുന്ന സ്ഥലത്തോടു (ഭവനം, പള്ളി, സെമിത്തേരി) ബന്ധപ്പെടുത്തിയും കുടുംബവും പ്രാദേശികാചാരങ്ങളും സംസ്‌കാരവും ജനങ്ങളുടെ ഭക്തിമുറകളും നൽകുന്ന പ്രാധാന്യവുമനുസരിച്ചാണ്‌ അവ ക്രമപ്പെടുത്തിയിരിക്കുന്നത്‌. ഈ ക്രമം എല്ലാ ആരാധനാപാരമ്പര്യങ്ങൾക്കും പൊതുവായുള്ളതാണ്‌. അതിനു പ്രധാനപ്പെട്ട നാലു ഘടകങ്ങളുണ്ട്‌.

സമൂഹത്തിന്‌ അഭിവാദനം. വിശ്വാസത്തിന്‍റെ അഭിവാദ്യംകൊണ്ടാണ്‌ ആഘോഷം ആരംഭിക്കുന്നത്‌. പരേതന്‍റെ ബന്‌ധുക്കളെയും മിത്രങ്ങളെയും “ആശ്വാസ"വചനം (പുതിയ നിയമത്തിൽ പ്രത്യാശയിലുള്ള പരിശുദ്ധാത്മാവിന്‍റെ ശക്തി എന്നർത്ഥം) നൽകി സ്വാഗതം ചെയ്യൂന്നു. പ്രാർഥനയ്ക്കായി ഒന്നുചേർന്നിരിക്കുന്ന സമുഹം “നിത്യജീവന്‍റെ വചനങ്ങൾ"ക്കായി കാത്തിരിക്കുന്നു. സമൂഹത്തിലെ ഒരംഗത്തിന്‍റെ മരണം (അല്ലെങ്കിൽ മരണവാർഷികം, ഏഴാം ചരമദിനം അല്ലെങ്കിൽ മുപ്പതാം ചരമദിനം)  “ഈ ലോകത്തിന്‍റെ” കാഴ്ചപ്പാടുകൾക്കപ്പുറം നയിക്കുകയും വിശ്വാസികളെ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിൻറ യഥാർഥ കാഴ്ചപ്പാടുകളിലേക്ക്‌ ആകർഷിക്കുകയും ചെയ്യേണ്ട സംഭവമാണ്‌.

വചനശുശ്രുഷ:  മൃതസംസ്‌കാര കർമത്തിലെ വചനശുശ്രൂഷയ്ക്കു ശ്രദ്ധാപൂർവകമായ ഒരുക്കം ആവശ്യമാണ്‌. കാരണം, സംസ്കാരചടങ്ങിനു വന്നിരിക്കുന്നവരിൽ, ആരാധനയിൽ അപൂർവമായി മാത്രം പങ്കെടുക്കുന്ന വിശ്വാസികളും പരേതന്‍റെ അക്രൈസ്തവ സുഹൃത്തുക്കളും ഉണ്ടായേക്കാം. സുവിശേഷപ്രസംഗം പ്രത്യേകിച്ചും “ചരമപ്രഭാഷണ ശൈലിയിൽ ആകരുത്‌." പിന്നെയോ, ഉത്ഥിതനായ ക്രിസ്തുവിന്‍റെ വെളിച്ചത്തിൽ ക്രിസ്ത്യാനികളുടെ മരണരഹസ്യത്തിലേക്കു വെളിച്ചം വീശുന്നതാകണം.

കുർബാനയർപ്പണം . മൃതസംസ്‌കാരകർമം ദൈവാലയത്തിൽ നടക്കുമ്പോൾ, ക്രൈസ്തവ മരണത്തിന്‍റെ പെസഹായാഥാർഥ്യത്തിലെ കേന്ദ്രബിന്ദു വി. കുർബാനയാണ്‌. അപ്പോൾ സഭ മൃതിയടഞ്ഞവനുമായി തനിക്കുള്ള ഫലപ്രദമായ ഐക്യം പ്രകടിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്റെയും ബലി പരിശുദ്ധാത്മാവിൽ പിതാവിനു സമർപ്പിച്ചുകൊണ്ട്‌ സഭാമാതാവു തന്‍റെ പുത്രന്‍റെ പാപങ്ങളും അവയുടെ അനന്തര ഫലങ്ങളും കഴുകി ശുദ്ധീകരിക്കണമെന്നും ദൈവരാജ്യത്തിലെ വിരുന്നിന്‍റെ പെസഹാ പൂർണതയിലേക്ക്‌ അവനെ പ്രവേശിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. ഇപ്രകാരം അർപ്പിക്കപ്പെടുന്ന വി.കുർബാന വഴി വിശ്വാസികളുടെ സമൂഹം, പ്രത്യേകിച്ച്‌ പരേതന്‍റെ കുടുംബം, “കർത്താവിൽ നിദ്രപ്രാപിച്ച"വനുമായി ഐക്യത്തിൽ ജീവിക്കുവാൻ പഠിക്കുന്നു. പരേതൻ സജീവാംഗമായിരിക്കുന്ന ക്രിസ്തുശരീരത്തിന്‍റെ ഭാഗമായിരുന്നുകൊണ്ടും അവനുവേണ്ടിയും അവനോടുകൂടിയും പ്രാർഥിച്ചുകൊണ്ടുമാണ്‌ ഇതു സാധിക്കുന്നത്‌.

വിടപറയൽ: പരേതനോടു വിടപറയുന്നതുവഴി സഭ അവസാനമായി അവനെ “ദൈവത്തിനു കൈയേൽപ്പിക്കുന്നു” “ക്രൈസ്തവസമൂഹം അതിലെ ഒരംഗത്തെ കബറിടത്തിൽ വയ്ക്കുന്നതിനു തൊട്ടുമുൻപ്‌ അഭിവാദ്യമർപ്പിക്കുന്ന അവസാന വിടപറയലാണത്‌.”" ബൈസൻറയിൻ പാരമ്പര്യത്തിൽ പരേതൻ അർപ്പിക്കുന്ന അന്ത്യചുംബനം ഇതാണു പ്രകടമാക്കുന്നത്‌.

ഈ അഭിവാദനം വഴി “ഈ ജീവിതത്തിൽ നിന്നുള്ള അയാളുടെ വിടവാങ്ങലിന്‍റെയും നമ്മിൽ നിന്നുള്ള വേർപിരിയലിന്‍റെയും ഗാനമാണു നാം ആലപിക്കുക; നാം തമ്മിൽ കൂട്ടായ്മയുള്ളതു കൊണ്ടും പുനഃസംഗമം ഉള്ളതുകൊണ്ടും കൂടിയാണ്‌ നാം പാടുന്നത്‌. മരിക്കുകയാണെങ്കിൽത്തന്നെ, നാം തമ്മിൽ വേർപിരിയുന്നില്ല; കാരണം, നമ്മളെല്ലാം ഒരേ ഓട്ടമാണ്‌ ഓടുന്നത്‌, ഒരേ സ്ഥലത്തു നാം പരസ്പരം കണ്ടുമുട്ടുകയും ചെയ്യും, നാം ഒരിക്കലും വേർപിരിയുകയില്ല. കാരണം, നാം ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും, അവന്‍റെ പക്കലേക്കുള്ള വഴിയിൽ ഇപ്പോൾ അവനോട്‌ ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു... വിശ്വാസികളായ നാമെല്ലാവരും ക്രിസ്തുവിൽ ഒന്നുചേർന്നിരിക്കും.

ക്രൈസ്തവ മൃതസംസ്കാരം ക്രൈസ്തവന്‍റെ അന്തിമ കടന്നുപോകൽ മൃതസംസ്കാരാഘാഷം സമൂഹത്തിന്‌ അഭിവാദനം. വചനശുശ്രുഷ: കുർബാനയർപ്പണം വിടപറയൽ റോമൻ റീത്തിലെ മൃതസസംസ്‌കാര കർമ്മത്തിന്റെ മൂന്നു ഘട്ടങ്ങൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message