x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സ്ഥൈര്യലേപനം എന്ന കൂദാശ

Authored by : Congregation for Doctrine of Faith On 10-Jun-2022

വകുപ്പ്‌ 2 

സ്ഥൈര്യലേപനം എന്ന കൂദാശ

സ്ഥൈര്യലേപനം, മാമ്മോദീസയോടും കുര്‍ബാനയോടും ചേര്‍ന്ന്‌ “ക്രൈസ്തവ പ്രാരംഭകൂദാശകളുടെ സമന്വയം  സ്ഥാപിക്കുന്നു”. അവയുടെ ഐക്യം സംരക്ഷിക്കപ്പെടേണ്ടതാണ്‌. സ്ഥൈര്യലേപനം എന്ന കൂദാശയുടെ സ്വീകരണം മാമ്മോദീസായിലെ കൃപാവരത്തിൻറെ പൂര്‍ത്തീകരണത്തിന്‌ അത്യാവശ്യമാണെന്നു വിശ്വാസികള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കണം. എന്തെന്നാല്‍ മാമ്മോദീസ സ്വീകരിച്ചവര്‍ “സ്ഥൈര്യലേപനം എന്ന കൂദാശവഴി സഭയോടു കൂടുതല്‍ പൂര്‍ണമായി ബന്ധിക്കപ്പെടുകയും പരിശുദ്ധാത്മാവിൻ്റെ  സവിശേഷശക്തിയാല്‍ സമ്പന്നരാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ ക്രിസ്തുവിൻ്റെ  യഥാര്‍ഥ സാക്ഷികള്‍ എന്ന നിലയില്‍, വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാന്‍ കൂടുതല്‍ കര്‍ശനമായ കടമുള്ളവരായിത്തീരുന്നു.

I. സ്ഥൈര്യലേപനം രക്ഷാപദ്ധതിയില്‍

ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുടെമേല്‍, അവിടുത്തെ രക്ഷാകരദൗത്യത്തിനായി, കര്‍ത്താവിൻ്റെ ആത്മാവ്‌ ആവസിക്കുമെന്നു പഴയനിയമത്തിൽ പ്രചകന്‍മാര്‍ അറിയിച്ചു. യേശു യോഹന്നാനില്‍ നിന്നു മാമ്മോദീസ സ്വീകരിച്ച സമയത്തു പരിശുദ്ധാത്മാവ്‌ അവിടുത്തെമേല്‍ ഇറങ്ങിവന്നത്‌, വരാനിരിക്കുന്ന ദൈവപുത്രനായ മിശിഹാ അവിടുന്നുതന്നെയാണ്‌ എന്നതിൻ്റെ അടയാളമായിരുന്നു. "യേശു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി; അവിടുത്തെ ജീവിതവും ദൗത്യവും മുഴുവന്‍ “അളവറ്റ വിധത്തില്‍" അവിടുത്തേക്കു പിതാവു നല്‍കിയ പരിശുദ്ധാത്മാവിനോടുള്ള സംപൂര്‍ണ സംസര്‍ഗത്തില്‍ നിര്‍വഹിക്കപ്പെട്ടു."

ആത്മാവിൻറെ ഈ പൂര്‍ണത മിശിഹായിൽ മാത്രം നിലനില്‍ക്കാനുള്ളതായിരുന്നില്ല, പിന്നെയോ, മെസ്സയാനിക ജനത്തിനു മുഴുവ൯ കൈമാറാനുള്ളതായിരുന്നു. പരിശുദ്ധാത്മാവിൻ്റെ ഈ വര്‍ഷിക്കല്‍ ക്രിസ്തു പല സന്ദര്‍ഭങ്ങളിലും വാഗ്ദാനം ചെയ്തിട്ടുണ്ട്‌. ആദ്യമായി ഉയിര്‍പ്പുദിനത്തിലും പിന്നീട്‌ ഏററവും ശ്രദ്ധേയമായ വിധത്തില്‍ പന്തക്കുസ്തയിലും അവിടുന്ന്‌ ഈ വാഗ്ദാനം നിറവേറ്റി. പരിശുദ്ധാത്മാവിനാല്‍ അപ്പസ്തോലന്‍മാര്‍ “ദൈവത്തിൻ്റെ  ശക്തമായ പ്രവൃത്തികളെ” പ്രഘോഷിക്കാന്‍ തുടങ്ങി. പരിശുദ്ധാത്മാവിൻ്റെ  ഈ വര്‍ഷിക്കല്‍ മെസ്സയാനിക യുഗത്തിൻ്റെ അടയാളമാണെന്നു പത്രോസും പ്രഖ്യാപിച്ചു.  അപ്പസ്തോലന്‍മാരുടെ പ്രസംഗത്തില്‍ വിശ്വസിച്ചു മാമ്മോദീസ സ്വീകരിച്ചവര്‍ പരിശുദ്ധാത്മാവിൻ്റെ ദാനം സ്വീകരിക്കുകയും ചെയ്തു. 

“ആ സമയം മുതല്‍ അപ്പസ്തോലന്‍മാര്‍ പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവര്‍ക്ക്‌, ക്രിസ്തുവിന്റെ ഹിതം നിറവേററിക്കൊണ്ട് മാമ്മോദീസയുടെ കൃപാവരത്തെ പൂര്‍ണമാക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനം കൈവയ്പുവഴി നല്‍കിപ്പോന്നു. ഇക്കരണത്താല്‍, ഹെബ്രായർക്കുള്ള ലേഖനത്തില്‍, മാമ്മോദീസയെയും കൈവയ്പിനെയും സംബന്ധിച്ച സിദ്ധാന്തം ക്രൈസ്തവബോധനത്തിൻ്റെ പ്രഥമ ഘടകങ്ങളില്‍ത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സഭയില്‍ പെന്തക്കുസ്തയുടെ കൃപാവരത്തെ ഒരു വിധത്തില്‍ ശാശ്വതമാക്കുന്ന സ്ഥൈര്യലേപനകൂദാശയുടെ ഉറവിടമെന്നനിലയില്‍ കൈവയ്പിനെ കത്തോലിക്കാ പാരമ്പര്യം യോഗ്യമായി അംഗീകരിക്കുന്നുണ്ട്‌."

വളരെ മുന്‍പേതന്നെ, പരിശുദ്ധാത്മാവിൻ്റെ ദാനത്തെ കൂടുതല്‍ നന്നായി സൂചിപ്പിക്കാന്‍ സുഗന്ധതൈലം (ക്രിസം) കൊണ്ടുള്ള പൂശല്‍, കൈവയ്പിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ അഭിഷേകം, “അഭിഷിക്തന്‍ ” എന്നര്‍ഥമുള്ള “ക്രൈസ്തവന്‍” എന്ന പേരിൻ്റെ  പ്രാധാന്യം വ്യക്തമാക്കുന്നതും, ദൈവം “പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്ത" ക്രിസ്തുവിൻ്റെ അഭിഷേകത്തില്‍നിന്നുതന്നെ ഉദ്ഭവിക്കുന്നതുമാണ്‌. ഇന്നുവരെ ഈ അഭിഷേകകര്‍മം പൗരസ്ത്യ പാശ്ചാത്യസഭകളില്‍ തുടര്‍ന്നുപോരുന്നു. ഇക്കാരണത്താല്‍ പൗരസ്ത്യസഭകള്‍ ഈ കൂദാശയെ തൈലാഭിഷേകം അതായത്‌, തൈലം എന്നര്‍ഥം വരുന്ന മുറോന്‍ കൊണ്ടുള്ള അഭിഷേകം എന്നു വിളിക്കുന്നു. പാശ്ചാത്യസഭയില്‍ സ്ഥൈര്യലേപനം എന്നത്‌, മാമ്മോദീസയുടെ സ്ഥിരീകരണം, മാമ്മോദീസയിലെ കൃപാവരത്തിൻ്റെ ശക്തിപ്പെടുത്തല്‍ എന്നിവയെ ഒരേ സമയം സൂചിപ്പിക്കുന്നു.

രണ്ടു പാരമ്പര്യങ്ങള്‍: പൗരസ്ത്യവും പാശ്ചാത്യവും  

ആദിമനുററാണ്ടുകളില്‍ സ്ഥൈര്യലേപനം, പൊതുവേ, മാമ്മോദീസയോടുകുടി ഒററ ആഘോഷമായി നടത്തിയിരുന്നു. വിശുദ്ധ സിപ്രിയാൻ്റെ ശൈലിയില്‍ അതു മാമ്മോദീസയോടു കുടെ ഒരു “ഇരട്ടക്കുദാശ” ആയിത്തീര്‍ന്നിരുന്നു. ഇതിനു പലകാരണങ്ങളുണ്ട്‌. ശൈശവമാമ്മോദീസയുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചതും ഗ്രാമങ്ങളില്‍ ഇടവകകള്‍ പെരുകിയതും രൂപതകള്‍ വളര്‍ന്നതും ആണ്‌ ഒരു കാരണം. എല്ലാ മാമ്മോദീസാഘോഷങ്ങളിലും മെത്രാൻ സന്നിഹിതനായിരിക്കുക എന്നതിന്‌ ഇവ തടസ്സമായി. പാശ്ചാത്യസഭയില്‍ മാമ്മോദീസയുടെ പൂര്‍ത്തീകരണം മെത്രാനുവേണ്ടിമാത്രം മാററിവയ്‌ക്കണമെന്ന ആഗ്രഹം ഈ രണ്ടു കുദാശകളെയും രണ്ടുസമയത്തേക്കു വേര്‍തിരിക്കുന്നതിനു കാരണമായി. പൗരസ്ത്യസഭകള്‍ അവയെ ഒന്നിച്ചു തന്നെ നിലനിറുത്തി. അതുകൊണ്ട്‌ മാമ്മോദീസ നല്‍കുന്ന വൈദികന്‍തന്നെ സ്ഥൈര്യലേപനവും നല്‍കുന്നു. പക്ഷേ, മെത്രാന്‍ വെഞ്ചരിച്ച “മുറോന്‍" കൊണ്ടു മാത്രമേ ഇതു ചെയ്യാന്‍ പാടുളളൂ. 

റോമന്‍സഭയില്‍ മാമ്മോദീസയ്ക്കുശേഷം വിശുദ്ധതൈലംകൊണ്ട്‌ ഇരട്ട അഭിഷേകം നടത്തുന്ന പതിവ്‌ പാശ്ചാത്യ ആചാരത്തിൻ്റെ വികസനത്തെ എളുപ്പമാക്കിത്തീര്‍ത്തു. നവ വിശ്വാസി മാമ്മോദീസാ സ്‌നാനം കഴിഞ്ഞുവരുമ്പോള്‍ അവൻ്റെ മേല്‍ പുരോഹിതന്‍ ആദ്യത്തെ അഭിഷേകം നടത്തുന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ചവൻ്റെ നെററിയില്‍ രണ്ടാമത്തെ ഒരഭിഷേകം മെത്രാന്‍ നടത്തി, അതു പൂര്‍ത്തിയാക്കുന്നു. പുരോഹിതന്‍ വിശുദ്ധതൈലംകൊണ്ടു നടത്തുന്ന പ്രഥമാഭിഷേകം, മാമ്മോദീസാകര്‍മത്തിൻ്റെ ഭാഗമായി നിലനിന്നു; അതു മാമ്മോദീസ സ്വീകരിച്ചവനു ക്രിസ്തുവിൻ്റെ പ്രവാചകപരവും പുരോഹിതപരവും രാജകീയവുമായ ധര്‍മങ്ങളിലുള്ള ഭാഗഭാഗിത്വത്തെ സൂചിപ്പിക്കുന്നു. മുതിര്‍ന്ന ഒരാള്‍ക്കാണു മാമ്മോദീസ നല്‍കുന്നതെങ്കില്‍, ഒരു മാമ്മോദീസാനന്തരാഭിഷേകം മാത്രമേയുള്ളു. അതു സ്ഥൈര്യലേപനത്തിന്റെതാണ്. 

പൗരസ്ത്യ സഭകളുടെ ആചാരം ക്രൈസ്തവ പ്രാരംഭകര്‍മത്തിന്റെ ഐകൃത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ലത്തീന്‍സഭയുടെ ആചാരമാകട്ടെ, പുതിയ ക്രൈസ്തവന്‍, മെത്രാനോടുള്ള സംസര്‍ഗത്തെ കൂടുതല്‍ വ്യക്തമാക്കുന്നു - അദ്ദേഹത്തിൻ്റെ സഭയുടെ ഐക്യത്തിന്റെയും സാര്‍വത്രികതയുടെയും  ശ്ലൈഹികത്വത്തിൻറെയും ഉത്തരവാദിയും, ശുശ്രൂഷകനും, ക്രിസ്തുവിന്റെ സഭയുടെ അപ്പസ്തോലികമായ ഉത്പത്തിയുടെ കണ്ണിയും.

II . സ്ഥൈര്യലേപനത്തിൻ്റെ അനുഷ്ഠാനക്രമവും അടയാളങ്ങളും

ഈ കുദാശയുടെ അനുഷ്ഠാനക്രമത്തില്‍ അഭിഷേകകർമ്മത്തിന്റെ അടയാളം, അതു സൂചിപ്പിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന ആധ്യാത്മികമായ മുദ്ര എന്നിവയെപ്പററി ചിന്തിക്കുന്നതു യുക്തമാണ്‌.

അഭിഷേകം വി. ഗ്രന്ഥത്തിൻ്റെയും പൗരാണികതയുടെയും പ്രതീകാത്മകതയില്‍ വളരെ അര്‍ഥസമ്പുഷ്ടമാണ്‌: തൈലം സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും അടയാളമാണ്‌; അതു നിര്‍മലമാക്കുന്നു (കുളിക്കുന്നതിനു മുന്‍പും പിന്‍പും ഉള്ള എണ്ണതേക്കല്‍); അതു മെയ് വഴക്കം വരുത്തുന്നു (കായികാഭ്യാസികളുടെയും മല്‍പ്പിടുത്തക്കാരുടെയും എണ്ണപൂശല്‍); രോഗശാന്തിയുടെ അടയാളമാണ്‌. കാരണം, അതു ചതവുകള്‍ക്കും മുറിവുകള്‍ക്കും ശമനമരുളുന്ന; അതു സൗന്ദര്യം, ആരോഗ്യം, ശക്തി എന്നിവകൊണ്ടു തിളക്കമുള്ളതാക്കുന്നു.

തൈലംകൊണ്ടുള്ള അഭിഷേകത്തിനു കൗദാശികജീവിതത്തില്‍ ഈ അര്‍ഥങ്ങളെല്ലാമുണ്ട്‌. സ്നാനാര്‍ഥികളെ മാമ്മോദീസയ്ക്കുമുന്‍പ്‌ അഭിഷേകംചെയ്യുന്നത്‌, ശുചീകരിക്കലും ശക്തിപ്പെടുത്തലും സൂചിപ്പിക്കുന്നു. രോഗികളെ തൈലാഭിഷേകം ചെയ്യുന്നതു രോഗശമനത്തെയും സ്വസ്ഥതയെയും പ്രകടിപ്പിക്കുന്നു. മാമ്മോദീസയ്ക്കു ശേഷം സ്ഥൈര്യലേപനത്തിലും തിരുപ്പട്ട സ്വീകരണത്തിലും വിശുദ്ധതൈലംകൊണ്ടു നടത്തുന്ന അഭിഷേകം പ്രതിഷ്ഠയുടെ അടയാളമാണ്‌. സ്ഥൈര്യലേപനംവഴി, ക്രിസ്ത്യാനികള്‍, അതായത്‌, അഭിഷിക്തര്‍ യേശുക്രിസ്തുവിൻ്റെ ദൗതൃത്തിലും യേശുവിനെ പൂരിതനാക്കിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവിലും കൂടുതല്‍ പൂര്‍ണമായി പങ്കുപററുന്നു. അതുമൂലം അവരുടെ ജീവിതം “ക്രിസ്തുവിൻറെ പരിമളം"  പരത്തുന്നു.

ഈ തൈലാഭിഷേകംവഴി സ്ഥൈര്യലേപനം സ്വീകരിക്കുന്നവര്‍ പരിശുദ്ധാത്മാവിൻറെ മുദ്ര അടയാളം, സ്വീകരിക്കുന്നു. മുദ്ര ഒരു വ്യക്തിയുടെ പ്രതീകമാണ്‌; അയാളുടെ അധികാരത്തിന്റെ, ഒരു വസ്തുസംബന്ധിച്ചുള്ള അയാളുടെ ഉടമസ്ഥതയുടെ അടയാളമാണ്‌. അങ്ങനെ പട്ടാളക്കാര്‍ അവരുടെ നേതാവിന്റെ മുദ്രകൊണ്ടും അടിമകള്‍ അവരുടെ യജമാനന്റെ മുദ്രകൊണ്ടും അടയാളപ്പെടുത്തപ്പെട്ടിരുന്നു. മുദ്ര നിയമപരമായ ഒരു പ്രവൃത്തിയെയോ പ്രമാണത്തെയോ ആധികാരികമാക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അതിനെ രഹസ്യമാക്കി മാററുന്നു.

താന്‍ പിതാവിന്‍റെ മുദ്രയാൽ  അടയാളപ്പെടുത്തപ്പെട്ടവനാണെന്നു യേശുതന്നെ പ്രഖ്യാപിച്ചു. ക്രിസ്ത്യാനികളും മുദ്ര ചാര്‍ത്തപ്പെട്ടവരാണ്‌; “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കൂന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്‌. അവിടുന്നു നമ്മില്‍ തന്‍റെ മുദ്ര പതിക്കുകയും അച്ചാരമായിട്ടു തന്‍റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഈ മുദ്ര, നാം പൂര്‍ണമായും ക്രിസ്തുവിന്‍റെതാണെന്നും എന്നേക്കും അവിടുത്തെ ശുശ്രൂഷയിക്കായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും സൂചിപ്പിക്കുന്നു. അതുപോലെ, യുഗാന്തത്തിലെ വലിയ പരീക്ഷണത്തില്‍ ദൈവികസംരക്ഷണത്തിന്‍റെ വാഗ്ദാനത്തെയും അതു സൂചിപ്പിക്കുന്നു."

സ്ഥൈര്യലേപനത്തിന്‍റെ ആഘോഷം

വിശുദ്ധതൈലത്തിന്‍റെ കൂദാശചെയ്യല്‍ സ്ഥൈര്യലേപനാഘോഷത്തിന്‍റെ മുന്‍പു നടക്കുന്ന ഒരു സുപ്രധാന കര്‍മ്മമാണ്. എന്നാല്‍, അത്‌, ഒരുവിധത്തില്‍ ആ ആഘോഷത്തിന്‍റെ ഭാഗവുമാണ്‌. മെത്രാനാണ് തന്‍റെ രൂപത മുഴുവനും വേണ്ടിയുള്ള വിശുദ്ധതൈലം പെസഹാ വ്യാഴാഴ്ചയിലെ തൈലാശീര്‍വാദ കുര്‍ബാനയില്‍ വെഞ്ചരിക്കുന്നത്‌. ചില പൗരസ്ത്യസഭകളില്‍ തൈലം കൂദാശചെയ്യല്‍ പാത്രിയര്‍ക്കീസിനു മാത്രമായി മാററിവയ്ക്കപ്പെട്ടതാണ്‌:

അന്ത്യോക്യന്‍ ആരാധനാക്രമം, വിശുദ്ധതൈലത്തിന്‍റെ (മൂറോന്‍) കൂദാശ ചെയ്യാനുള്ള റൂഹാക്ഷണത്തെ ഇപ്രകാരം പ്രകടിപ്പിക്കുന്നു; “ഞങ്ങളുടെമേലും ഞങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന ഈ തൈലത്തിന്‍മേലും പിതാവേ... അങ്ങയുടെ പരിശുദ്ധാത്മാവിനെ  അയയ്ക്കണമേ, ഇതിനെ പവിത്രീകരിക്കണമേ. അങ്ങനെ തൈലം ഇതിനാല്‍ അഭിഷേചിക്കപ്പെടുകയും മുദ്രിതരാവുകയുംചെയ്യുന്ന എല്ലാവര്‍ക്കും പരിശുദ്ധമൂറോനും, പുരോഹിതമൂറോനും, രാജകീയതൈലവും, പ്രകാശപൂര്‍ണമായ പുടവയും, രക്ഷയുടെ പുറങ്കുപ്പായവും, ആധ്യാത്മികദാനവും, ആത്മാക്കളെയും ശരീരങ്ങളുടെയും വിശുദ്ധിയും, ഹൃദയത്തിന്‍റെ ആനന്ദവും, അനശ്വരമായ സന്തോഷവും മായ്ക്കാനാവാത്ത മുദ്രയും വിശ്വാസത്തിന്‍റെ അരപ്പട്ടയും ശത്രുവിന്‍റെ സകല പ്രവര്‍ത്തനങ്ങളെയും ചെറുക്കുന്ന ഭീതിജനകമായ ശിരോകവചവുമായിരിക്കട്ടെ.”

റോമൻ റീത്തിൽ ചെയ്യുന്നതുപോലെ, സ്ഥൈര്യലേപനം മാമ്മോദീസയില്‍നിന്നു വേറിട്ട്‌ ആഘോഷിക്കുമ്പോള്‍, അതിന്‍റെ അനുഷ്ഠാനകര്‍മം തുടങ്ങുന്നത്‌, സ്ഥൈര്യലേപനം സ്വീകരിക്കുന്നവര്‍ നടത്തുന്ന ജ്ഞാനസ്നാന വാഗ്ദാനങ്ങളുടെ നവീകരണം, വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിൽ എന്നിവയോടുകൂടിയാണ്‌. സ്ഥൈര്യലേപനം മാമ്മോദീസയെ അനുഗമിക്കുന്നു എന്ന് ഇതു വ്യക്തമായി കാണിക്കുന്നു. മുതിര്‍ന്നവര്‍ മാമ്മോദീസ സ്വീകരിക്കുമ്പോള്‍ അവര്‍ ഉടനെതന്നെ സ്ഥൈര്യലേപനം സ്വീകരിക്കുകയും ദിവ്യകാരുണ്യത്തില്‍ ഭാഗഭാക്കുകളാകുകയും ചെയ്യും 

റോമന്‍ റീത്തില്‍, സ്ഥൈര്യലേപനാര്‍ഥികളുടെ സമുഹം മുഴുവന്റെയുംമേല്‍ മെത്രാന്‍ തന്‍റെ  കൈകള്‍നിട്ടുന്നു. ഈ അനുഷ്ഠാനം അപ്പസ്തോലന്‍മാരുടെകാലം മുതല്‍, പരിശുദ്ധാത്മാവിന്‍റെ ദാനത്തെ സൂചിപ്പിക്കുന്നതാണ്‌. മെത്രാൻ പരിശുദ്ധാത്മാവിന്‍റെ വര്‍ഷിക്കലിനായി പ്രാര്‍ത്ഥിക്കുന്നു:

സര്‍വശക്തനായ ദൈവമേ, ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ  പിതാവേ, അങ്ങ്‌ ജലത്താലും പരിശുദ്ധാത്മാവിനാലും അങ്ങയുടെ ഈ ദാസന്‍മാരെ പാപത്തില്‍നിന്നു മോചിപ്പിച്ച്‌ അവര്‍ക്കു നവജീവന്‍ നല്‍കിയല്ലോ. കര്‍ത്താവേ, അങ്ങ്‌ സഹായകനായ പരിശുദ്ധാത്മാവിനെ ഇവരുടെമേല്‍ അയയ്ക്കണമേ. ജ്ഞാനത്തിന്‍റെയും ബോധത്തിന്‍റെയും ചൈതന്യത്തെ, വിവേകത്തിന്‍റെയും ധീരതയുടെയും ചൈതന്യത്തെ ഭക്തിയുടെയും ആദരവിന്‍റെയും ചൈതന്യത്തെ ഇവര്‍ക്കു നല്‍കണമേ. അവരെ അങ്ങയോടുള്ള ഭയത്തിന്‍റെ ചൈതന്യംകൊണ്ടു നിറയ്ക്കണമേ. ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി...

തുടര്‍ന്നു വരുന്നതാണ്‌ ആ കൂദാശയുടെ കാതലായ അനുഷ്ഠാനക്രമം. ലത്തീന്‍ ക്രമത്തില്‍, സ്ഥൈര്യലേപനം എന്ന കൂദാശ നല്‍കുന്നത്‌ നെറ്റിയില്‍ തൈലം ലേപനം നടത്തിക്കൊണ്ടാണ്‌. “പരിശുദ്ധാത്മാവാകുന്ന ദാനത്തിന്‍റെ  മുദ്ര സ്വീകരിക്കുക” എന്ന വാക്കുകള്‍ ഉച്ചരിച്ച്‌ കൈവയ്പുനടത്തിക്കൊണ്ടാണ്‌ ഈ ലേപനം നിര്‍വഹിക്കുന്നത്‌. പൗരസ്ത്യ ബൈസന്‍റയിന്‍ സഭകളില്‍ അങ്ങനെ ചെയുന്നതു റൂഹാക്ഷണ പ്രാര്‍ഥനയ്ക്കുശേഷം, ശരീരത്തിലെ കൂടുതല്‍ പ്രാധാന്യമുള്ള നെറ്റി, കണ്ണുകള്‍, മൂക്ക്‌, ചെവികള്‍, ചുണ്ടുകള്‍, നെഞ്ച്‌, പുറം, കൈകള്‍, കാലുകള്‍, എന്നീ അവയവങ്ങളെ മുറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്താണ്‌. ഓരോ അഭിഷേകത്തോടുമൊപ്പം “പരിശുദ്ധാത്മാവാകുന്ന ദാനത്തിന്‍റെ  മുദ്ര" എന്ന്‌ ഉച്ചരിക്കുന്നു.

 ഈ കൂദാശാകര്‍മത്തിന്‍റെ സമാപനത്തിലുള്ള സമാധാന ചുംബനം, മെത്രാനോടും എല്ലാ വിശ്വാസികളോടുമുള്ള സഭാത്മകമായ ഐക്യം സൂചിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു."

III. സ്ഥൈര്യലേപനത്തിന്‍റെ ഫലം

അപ്പസ്തോലന്‍മാര്‍ക്കു പന്തക്കുസ്തദിനത്തില്‍ നല്‍കപ്പെട്ടതുപോലെ പരിശുദ്ധാത്മാവിന്‍റെ സംപൂര്‍ണമായ വര്‍ഷിക്കപ്പെടലാണു സ്ഥൈര്യലേപനമെന്ന കൂദാശയുടെ ഫലമെന്ന്‌, അതിന്‍റെ ആഘോഷത്തില്‍നിന്നു വ്യക്തമാണ്‌.

ഇക്കാരണത്താല്‍, സ്ഥൈര്യലേപനം മാമ്മോദീസയിലെ കൃപാവരത്തിന്‍റെ വര്‍ധനവിനും ആഴപ്പെടലിനും ഹേതുവാകുന്നു;

- “ആബാ, പിതാവേ!" എന്നു വിളിക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ദൈവികപുത്രസ്വീകരണത്തില്‍, നമ്മെ        കൂടുതല്‍ ആഴത്തില്‍ അതു വേരുറപ്പിക്കുന്നു.

- അതു നമ്മെ ക്രിസ്തുവിനോടു ഗാഢമായി ഐക്യപ്പെടുത്തുന്നു.

- അത് നമ്മില്‍ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ വര്‍ധിപ്പിക്കുന്നു;

- അതു സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ പൂര്‍ണമാക്കുന്നു:

- ക്രിസ്തുവിന്‍റെ  യഥാര്‍ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏററുപറയാനും കുരിശിനെപ്പററി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഒരു ശക്തി അതു നമുക്കു പ്രദാനംചെയ്യുന്നു:

നിങ്ങള്‍ ആധ്യാത്മികമായ മുദ്രയെ ജ്ഞാനത്തിന്‍റെയും ബോധത്തിന്‍റെയും ചൈതന്യത്തെ, വിവേകത്തിന്‍റെയും ധീരതയുടെയും ചൈതന്യത്തെ, അറിവിന്‍റെയും ഭക്തിയുടെയും ചൈതന്യത്തെ, വിശുദ്ധമായ ഭയത്തിന്‍റെ  ചൈതന്യത്തെ, സ്വീകരിച്ചുവെന്ന്‌ അപ്പോള്‍ ഓര്‍മിക്കുക. നീ സ്വീകരിച്ചതിനെ പരിരക്ഷിക്കുക. പിതാവായ ദൈവം തന്റെ അടയാളംകൊണ്ടു നിന്നെ മുദ്രിതനാക്കി; കര്‍ത്താവായ ക്രിസ്തു നിന്നെ സ്ഥിരികരിക്കുകയും നിന്‍റെ ഹൃദയത്തില്‍ ആത്മാവാകുന്ന അച്ചാരം നിക്ഷേപിക്കുകയും ചെയ്തു. 

സ്ഥൈര്യലേപനം, അതുപൂര്‍ത്തിയാക്കുന്ന മാമ്മോദീസ എന്നപോലെ ഒരിക്കലേ നല്‍കപ്പെടുകയുള്ളു. കാരണം, അത്‌ ആത്മാവില്‍ മായ്ക്കാനാവാത്ത ഒരു ആധ്യാത്മിക അടയാളം ആയ “മുദ്ര" പതിക്കുന്നു. തന്‍റെ  സാക്ഷിയായിരിക്കേണ്ടതിന്‌ യേശു ക്രിസ്തു ക്രൈസ്തവനെ തന്റെ പരിശുദ്ധാത്മാവിന്‍റെ മുദ്രയാല്‍ അത്യുന്നതത്തില്‍ നിന്നുള്ള ശക്തി ധരിപ്പിച്ചുകൊണ്ട്‌ അടയാളപ്പെടുത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്‌ ഈ മുദ്ര.

ഈ മുദ്ര” വിശ്വാസികള്‍ മാമ്മോദീസയില്‍ സ്വീകരിച്ച പൊതുപൌരോഹിത്യത്തെ പൂര്‍ണമാക്കുന്നു; “സ്ഥൈര്യലേപനം സ്വീകരിക്കുന്ന വ്യക്തി, ക്രിസ്തുവിലുള്ള വിശ്വാസം ഓദ്യോഗിക കർമ്മം എന്നപോലെ പരസ്യമായി ഏററുപറയാനുള്ള ശക്തി സ്വീകരിക്കുകയും ചെയ്യുന്നു."

ഈ കൂദാശ ആര്‍ക്കു സ്വീകരിക്കാം?

മാമ്മോദീസ സ്വീകരിച്ചെങ്കിലും സ്ഥൈര്യലേപനം സ്വീകരിച്ചിട്ടില്ലാത്ത ഓരോ വ്യക്തിക്കും സ്ഥൈര്യലേപനമെന്ന കൂദാശ സ്വീകരിക്കാം, സ്വീകരിക്കുകയും വേണം. മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന എന്നിവ ഒന്നിച്ചുപോകുന്ന കൂദാശകളാകയാല്‍ “സ്ഥൈര്യലേപനം യഥാസമയത്തു സ്വീകരിക്കുവാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്‌." എന്തെന്നാല്‍ മാമ്മോദീസ നിശ്ചയമായും സാധുവും ഫലദായകവുമാണെങ്കിലും സ്ഥൈര്യലേപനവും കുര്‍ബാനയും കൂടാതെ ക്രൈസ്തവപ്രാരംഭം അപൂര്‍ണമായി നിലനില്‍ക്കും.

സ്ഥൈര്യലേപനം സ്വീകരിക്കേണ്ട സമയം “തിരിച്ചറിവിന്‍റെ  പ്രായം” എന്നതാണു നൂറ്റാണ്ടുകളായി ലത്തീന്‍ പാരമ്പര്യം. എന്നാല്‍ കുട്ടികള്‍ തിരിച്ചറിവിന്‍റെ  പ്രായത്തിലെത്തിയിട്ടില്ലെങ്കിലും മരണകരമായ അപകടത്തിലാണെങ്കില്‍ സ്ഥൈര്യലേപനം നല്‍കണം. 

സ്ഥൈര്യലേപനത്തെ ചിലപ്പോഴെല്ലാം “ക്രൈസ്തവപക്വതയുടെ കൂദാശ" എന്നു വിളിക്കാറുണ്ട്‌. എന്നാല്‍ വിശ്വാസത്തിന്‍റെ പക്വതയെ സ്വാഭാവിക വളര്‍ച്ചയുടെ പക്വതയുമായി കൂട്ടിക്കുഴയ്ക്കരുത്‌. മാമ്മോദീസയിലെ കൃപാവരം,സൗജന്യവും അനർഹവുമായ തിരഞ്ഞെടുപ്പിന്‍റെ കൃപാവരമാണെന്നും, അതു ഫലദായകമാകാന്‍ “സാധൂകരണം” ആവശ്യമില്ലെന്നുമുളള വസ്തുത നാം മറക്കരുത്‌. വി. തോമസ്‌ അക്വീനാസ്‌ ഇക്കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്‌:

ശരീരത്തിന്റെ പ്രായമല്ല ആത്മാവിന്റെ പ്രായം നിശ്ചയിക്കുന്നത്‌. ബാല്യത്തില്‍ പോലും മനുഷ്യന്‌ ആധ്യാത്മികപക്വത നേടാന്‍ കഴിയും: ജ്ഞാനത്തിന്റെ പുസ്തകം പറയുന്നതുപോലെ: “എന്തെന്നാല്‍ വാര്‍ദ്ധക്യം ബഹുമാന്യമാകുന്നത്‌ ജീവിതദൈര്‍ഘ്യം നിമിത്തമല്ല, അതു വര്‍ഷങ്ങളുടെ സംഖ്യകൊണ്ട്‌ അളക്കപ്പെടുന്നില്ല.” ധാരാളം കുട്ടികള്‍, തങ്ങള്‍ സ്വീകരിച്ച പരിശുദ്ധാത്മാവിന്‍റെ ശക്തിയിലൂടെ രക്തംചിന്തിപ്പോലും ക്രിസ്തുവിനെപ്രതി ധീരതയോടെ പൊരുതിയിട്ടുണ്ട്‌. _

സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കത്തിന്റെ ലക്ഷ്യം ക്രൈസ്തവനെ ക്രിസ്തുവിനോടുള്ള കൂടുതല്‍ ഗാഢമായ  ബന്ധത്തിലേക്കും പരിശുദ്ധാത്മാവുമായുളള, അതായത്‌ അവിടുത്തെ പ്രവൃത്തികള്‍, ദാനങ്ങള്‍, കല്‍പനകള്‍ എന്നിവയുമായുള്ള, കൂടുതല്‍ സജീവമായ പരിചയത്തിലേക്കും നയിക്കുക എന്നതായിരിക്കണം. ക്രൈസ്തവജീവിതത്തിന്‍റെ പ്രേഷിതപരമായ ഉത്തരവാദിത്വങ്ങളെ സ്വീകരിക്കാന്‍ കൂടുതല്‍ കഴിവുണ്ടാകുന്നതിനുവേണ്ടിയാണത്‌. ഈ ലക്ഷ്യം പ്രാപിക്കാന്‍, യേശുക്രിസ്തുവിന്‍റെ സഭയുടെയും, അതായത്‌, സാര്‍വത്രിക സഭയുടെയും അതുപോലെതന്നെ ഇടവകസമൂഹത്തിന്‍റെയും സ്വന്തമാണെന്ന ബോധ്യം സ്ഥൈര്യലേപനാര്‍ഥിയില്‍ ഉളവാക്കാന്‍ സ്ഥൈര്യലേപനത്തിനൊരുക്കമായ മതബോധനം പരിശ്രമിക്കണം. സ്ഥൈര്യലേപനാര്‍ഥികളെ ഒരുക്കുന്നതില്‍ ഇടവകസമൂഹത്തിനു സവിശേഷമായ ഉത്തരവാദിത്വമുണ്ട്‌. 

ഒരാള്‍ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനു കൃപാവരാവസ്ഥയിലായിരിക്കണം. പരിശുദ്ധാത്മാവിന്‍റെ ദാനം സ്വീകരിക്കുന്നതിനായി വിശുദ്ധീകരിക്കപ്പെടാന്‍ വേണ്ടി കുമ്പസാരകുദാശ സ്വീകരിച്ചിരിക്കണം. പരിശുദ്ധാത്മാവിന്‍റെ ശക്തിയും വരങ്ങളും, വിധേയത്വത്തോടും തീക്ഷ്ണതയോടുംകൂടി സ്വീകരിക്കുന്നതിനു കൂടുതല്‍ തീവ്രമായ പ്രാര്‍ഥന സ്ഥൈര്യലേപനാര്‍ഥിയെ തത്പരനാക്കണം.

മാമ്മോദീസ സ്വീകരിക്കുന്നവര്‍ എന്നപോലെ സ്ഥൈര്യലേപനം സ്വീകരിക്കാനുള്ളവരും ഒരു തലതൊട്ടച്ഛന്റെയോ തലതൊട്ടമ്മയുടെയോ ആധ്യാത്മിക സഹായം തേടേണ്ടതാണ്‌. ഈ രണ്ടു കൂദാശകളുടെയും ഐകൃത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കാന്‍, തലതൊടുന്നയാള്‍, ജ്ഞാനസ്നാനമാതാപിതാക്കളിൽ ഒരാളായിരിക്കുന്നത്‌ ഉചിതമാണ്‌." 

V. സ്ഥൈര്യലേപനത്തിന്‍റെ കാർമികന്‍

സ്ഥൈര്യലേപനത്തിന്‍റെ യഥാര്‍ഥ കാര്‍മ്മികന്‍ മെത്രാനാണ്‌.

പൗരസ്ത്യ സഭകളിൽ സാധാരണയായി മാമ്മോദീസ നല്‍കുന്ന വൈദികന്‍ തന്നെ ഉടനേ, അതേ ആഘോഷത്തില്‍, സ്ഥൈര്യലേപനവും നല്‍കുന്നു. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്യുന്നത്‌, പാത്രിയാര്‍ക്കീസോ മെത്രാനോ കൂദാശചെയ്ത വിശുദ്ധതൈലംകൊണ്ടാണ്‌. അതു സഭയുടെ ശ്ശൈഹികമായ ഐക്യം പ്രകടമാക്കുകയും കൂദാശയാല്‍ അതിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ലത്തീന്‍സഭയില്‍, മുതിര്‍ന്നവര്‍ക്കു മാമ്മോദീസ നല്‍കുമ്പോഴും സാധുവായ സ്ഥൈര്യലേപനമില്ലാത്ത മററു ക്രൈസ്തവ സമൂഹത്തില്‍ മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ സഭയുടെ പൂര്‍ണമായ ഐക്യത്തിലേക്കു സ്വീകരിക്കുമ്പോഴും ഇതേ നടപടിക്രമം അനുവര്‍ത്തിക്കുന്നു.

ലത്തീൻ ക്രമത്തിൽ സ്ഥൈര്യലേപനത്തിന്റെ സാധാരണ കാർമികന്‍ മെത്രാനാണ്‌. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്ഥൈര്യലേപനം നല്‍കാനുള്ള അധികാരം മ്രെതാന്‍ വൈദികര്‍ക്ക്‌ അനുവദിച്ചുകൊടുക്കുന്നു. എങ്കിലും ആ കൂദാശയുടെ അര്‍ഥത്തില്‍നിന്നുതന്നെ വ്യക്തമാകുന്നതുപോലെ, മെത്രാന്‍തന്നെ അതു നല്‍കുന്നതാണ്‌ ഉചിതം. സ്ഥൈര്യലേപനാഘോഷത്തെ മാമ്മോദീസയില്‍നിന്നു വേര്‍തിരിച്ചു മറെറാരു സമയത്തേക്കു മാററിയതിന്റെ കാരണം അതുതന്നെയാണെന്നു വിസ്മരിക്കരുത്‌. മ്രെതാന്‍മാര്‍ അപ്പസ്‌തോലന്‍മാരുടെ പിന്‍ഗാമികളാണ്‌. തിരുപ്പട്ട കൂദാശയുടെ പൂര്‍ണത അവര്‍ സ്വീകരിച്ചിട്ടുണ്ട്‌. ഈ കൂദാശ സ്വീകരിക്കുന്നവരെ സഭയോടും സഭയുടെ ശ്ശൈഹികമായ ഉത്ഭവത്തോടും, ക്രിസ്തുവിനു സാക്ഷ്യംവഹിക്കാനുള്ള അവളുടെ ദൗത്യത്തോടും കൂടുതല്‍ അവഗാഢമായി ഐക്യപ്പെടുത്തുക എന്നതാണ്‌ ഈ കൂദാശയുടെ ഫലം. മെത്രാന്‍മാര്‍ സ്ഥൈര്യലേപന കൂദാശ പരികര്‍മം ചെയ്യുന്നത്‌ ഈ വസ്തുതയെ വ്യക്തമായി തെളിയിക്കുന്നു. 

ഒരു ക്രൈസ്തവന്‍ മരണകരമായ അപകടത്തിലാണെങ്കില്‍ അവനു സ്ഥൈര്യലേപനം നല്‍കാന്‍ ഏതു വൈദികനും കഴിയും.  ക്രിസ്തുവിന്‍റെ പൂര്‍ണതയുടെ ദാനംകൊണ്ട്‌, പരിശുദ്ധാത്മാവിനാല്‍ പൂര്‍ണനാക്കപ്പെടാതെ, തന്‍റെ  മക്കളില്‍ ആരും - ഏററവും പ്രായംകുറഞ്ഞ വ്യക്തിപോലും - ഈ ലോകം വിട്ടുപോകരുതെന്നു സഭ നിശ്ചയമായും ആഗ്രഹിക്കുന്നു.

സംഗ്രഹം

“സമരിയാക്കാരി ദൈവവചനം സ്വീകരിച്ചുവെന്ന് കേട്ടപ്പോൾ, ജറുസലേമിലുള്ള അപ്പോസ്തോലന്മാർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുത്തേക്ക് അയച്ചു .അവർ ചെന്ന് അവിടെയുള്ളവർ  പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനുവേണ്ടി അവർക്കു വേണ്ടി പ്രാർത്ഥിച്ചു .. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേൽ വന്നിരുന്നില്ല.. അവര്‍ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട് അവരുടെമേൽ അവര്‍ കൈകള്‍ വച്ചു; അവർ  പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു "

സ്ഥൈര്യലേപനം മാമ്മോദീസ കൃപാവരത്തെ പൂർണ്ണമാക്കുന്നു. ദൈവികദത്തുപുത്രസ്വീകരണത്തിൽ നമ്മെ കൂടുതൽ വേരുറപ്പിക്കുന്നതിനും ക്രിസ്തുവിലേക്കു നമ്മെ കൂടുതൽ ദൃഢമായി ഉൾച്ചേർക്കുന്നതിനും  സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ ബലപ്പെടുത്തുന്നതിനും അവളുടെ ദൗത്യവുമായി നമ്മെ കൂടുതൽ ബന്ധപ്പെടുത്തുന്നതിനും പ്രവൃത്തികളോടു ചേർന്ന വാക്കുകളില്‍ ക്രൈസ്തവവിശ്വാസത്തിനു സാക്ഷ്യം വഹിക്കാൻ നമ്മെ സഹായിക്കുന്നതിനുംവേണ്ടി പരിശുദ്ധാത്മാവിനെ നമുക്കു നൽകുന്ന ഒരു കൂദാശയാണത് .

മാമ്മോദീസ എന്നപോലെ സ്ഥൈര്യലേപനവും ക്രൈസ്തവന്‍റെ ആത്മാവില്‍ ഒരു ആദ്ധ്യാത്മിക മുദ്ര, അഥവാ മായ്ക്കാനാവാത്ത അടയാളം പതിപ്പിക്കുന്നു. ഇക്കാരണത്താല്‍ ഒരുവന്‍റെ ജിവിതത്തിൽ ഒരിക്കൽ മാത്രമേ അത് കൈകൊള്ളാവു.

പൗരസ്ത്യസഭകളില്‍ ഈ കൂദാശ, മാമ്മോദീസ കഴിഞ്ഞ്‌ ഉടൻ തന്നെ നൽകപ്പെടുന്നു. അതേത്തുടര്‍ന്നു വി.കുർബാനയിൽ ഭാഗഭാഗിത്വം നല്‍കുകയും ചെയ്യുന്നു. ക്രൈസ്തവ പ്രാരംഭത്തിന്‍റെ മൂന്നു കുദാശകളുടെയും ഐക്യത്തെ ഈ പാരമ്പര്യം എടുത്തുകാണിക്കുന്നു. ലത്തീൻ സഭയിൽ, ഈ കൂദാശ  തിരിച്ചറിവിന്റെ പ്രായത്തിൽ എത്തിച്ചേരുന്നവർക്കു നൽകുന്നു. അതിന്റെ പരികര്‍മം സാധാരണഗതിയില്‍ മെത്രാനു മാത്രമായി  മാററിവച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെ ഈ കൂദാശ സഭാത്മകമായ ബന്ധത്തെ ശക്തിപ്പെടുത്തുന്നുവെന്നു സൂചിപ്പിക്കുന്നു.

തിരിച്ചറിവിന്‍റെ പ്രായത്തിൽ എത്തിച്ചേർന്ന സ്ഥൈര്യലേപനാര്‍ഥി വിശ്വാസം ഏററു പറയണം; അയാൾ കൃപാവരാവസ്ഥയിലായിരിക്കണം; അയാൾക്ക് ആ കൂദാശ സ്വീകരിക്കണമെന്ന്‌ നിയോഗമുണ്ടായിരിക്കണം. ക്രിസ്തുവിന്റെ ശിഷ്യനും സാക്ഷിയും ആയിരിക്കുക എന്ന ധര്‍മം, സഭാസമൂഹത്തിലും  ബൗദ്ധികകാര്യങ്ങളിലും നിർവഹിക്കുവാൻ അയാൾക്ക്‌ സന്നദ്ധതയുണ്ടായിരുക്കുകയും വേണം.

സ്ഥൈര്യലേപനത്തിന്‍റെ കാതലായ അനുഷ്ഠാനകർമ്മം മാമോദീസ സ്വീകരിച്ച വ്യക്തിയുടെ നെറ്റിയില്‍ (പൗരസ്ത്യ സഭകളിൽ  മററ് ഇന്ദ്രിയങ്ങളിലും) വിശുദ്ധതൈലം കൊണ്ട്‌ അഭിഷേകം ചെയ്യുക എന്നതാണ് . അതിനോടൊപ്പം കാർമ്മികരെ കൈവയ്പു നടത്തുകയും താഴെ വരുന്ന വാക്കുകൾ - റോമൻ റീത്തിലാണെങ്കിൽ   “പരിശുദ്ധാത്മാവാകുന്ന ദാനത്തിന്റെ മുദ്ര സ്വീകരിക്കുക" എന്ന വാക്കുകളും ബൈസ്സന്റെയിൻ റീത്തിലാണെങ്കിൽ "പരിശുദ്ധാത്മാവാകുന്ന ദാനത്തിന്‍റെ മുദ്ര" എന്ന വാക്കുകളും - ഉച്ചരിക്കുകയും വേണം.

സ്ഥൈര്യലേപനം മാമ്മോദീസയിൽ  നിന്നു വേറിട്ടു നടത്തുമ്പോൾ, അതിനു മാമ്മോദീസയോടുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. അതിനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നാണു ജ്ഞാനസ്നാന വാഗ്ദാനങ്ങളുടെ നവീകരണം. കുര്‍ബാനയുടെ സമയത്തു സ്ഥൈര്യലേപനം നൽകുന്നത് ക്രൈസ്തവപ്രാരംഭ കൂദാശയുടെ ഐക്യത്തെ ഊന്നിപ്പറയാൻ സഹായകരമാകും. 

സ്ഥൈര്യലേപനം എന്ന കൂദാശ സ്ഥൈര്യലേപനം രക്ഷാപദ്ധതിയിൽ സ്ഥൈര്യലേപനം രണ്ടു പാരമ്പര്യങ്ങൾ: പൗരസ്ത്യവും പാശ്ചാത്യവും സ്ഥൈര്യലേപനത്തിൻ്റെ അനുഷ്ഠാന്രക്രമവും അടയാളങ്ങളും സ്ഥൈര്യലേപനത്തിൻറെ ആഘോഷം സ്ഥൈര്യലേപനത്തിൻറെ ഫലം സ്ഥൈര്യലേപന കൂദാശ ആർക്കു സ്വീകരിക്കാം? സ്ഥൈര്യലേപനത്തിൻറെ കാർമികൻ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message