We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 15-Jun-2022
വകുപ്പ് 5
രോഗീലേപനം
“വിശുദ്ധലേപനവും പുരോഹിതരുടെ പ്രാർഥനയുംവഴി, സഭ മുഴുവനും പീഡസഹിക്കുന്നവനും മഹത്ത്വീകൃതനുമായ കർത്താവിന് രോഗികളെ ഭരമേലപിക്കുന്നു. അവിടുന്ന് അവരെ എഴുന്നേൽപിക്കാനും രക്ഷിക്കാനും വേണ്ടിയാണിത്. മാത്രമല്ല, തങ്ങളെത്തന്നെ സ്വമനസാ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടും മരണത്തോടും ഐക്യപ്പെടുത്തിക്കൊണ്ട് ദൈവജനത്തിന്‍റെ ക്ഷേമത്തിനു സംഭാവന നൽകാൻ അവൾ രോഗികളെ ആഹ്വാനം ചെയ്യുന്നുമുണ്ട്."
I. രക്ഷാകരപദ്ധതിയിൽ രോഗീലേപനത്തിന്‍റെ അടിസ്ഥാനങ്ങൾ
രോഗം മനുഷ്യജീവിതത്തിൽ
മനുഷ്യജീവിതത്തെ സ്പർശിക്കുന്ന ഏററവും ഗൗരവാവഹമായ പ്രശ്നങ്ങൾക്കിടയിൽ രോഗവും സഹനവും എപ്പോഴുമുണ്ടായിരുന്നു. രോഗത്തിൽ മനുഷ്യൻ തന്‍റെ ബലഹീനതയും പരിമിതികളും നൈമിഷികതയും അനുഭവിച്ചറിയുന്നു. ഓരോ രോഗവും മരണത്തെ എത്തിനോക്കുവാൻ നമ്മെ നിർബന്ധിക്കുന്നു.
തീവ്രമായ അസ്വാസ്ഥ്യത്തിലേക്കും ആത്മനിമഗ്നതയിലേക്കും നയിക്കാൻ രോഗത്തിനു കഴിയും. ചിലപ്പോൾ അതു നിരാശയ്ക്കും ദൈവത്തോടുള്ള എതിർപ്പിനും വഴിയൊരുക്കുന്നു. ഒരു വ്യക്തി സർവ പ്രധാനമായ കാര്യത്തിലേക്ക് തിരിയേണ്ടതിന് ജീവിതത്തിൽ സർവ പ്രധാനമല്ലാത്തത് എന്താണെന്നു തിരിച്ചറിയാൻ സഹായിച്ചുകൊണ്ട് അയാളെ കുടുതൽ പക്വതയുള്ളവനാക്കാനും അതിനു കഴിയും. ദൈവത്തെ അന്വേഷിക്കുന്നതിനും അവിടുന്നിലേക്ക് തിരിച്ചുപോകുന്നതിനും രോഗം മിക്കപ്പോഴും പ്രേരകമാകുന്നു.
രോഗി ദൈവത്തിന്‍റെ മുൻപിൽ
പഴയനിയമത്തിലെ മനുഷ്യൻ രോഗാവസ്ഥയിൽ തന്‍റെ ജീവിതം, ദൈവസന്നിധിയിൽ നയിക്കുന്നു. ദൈവത്തിന്‍റെ മുൻപിൽ അയാൾ തന്‍റെ രോഗത്തെപ്പററി വിലപിക്കുകയും ജീവന്റെയും മരണത്തിന്‍റെയും നാഥനായ ദൈവത്തോട് രോഗവിമുക്തിക്കുവേണ്ടി യാചിക്കുകയും ചെയ്യുന്നു. രോഗം മാനസാന്തരത്തിനുള്ള മാർഗമായിത്തീരുന്നു; ദൈവം നൽകുന്ന പാപമോചനം സുഖപ്പെടലിന്‍റെ ആരംഭമായിത്തീരുന്നു. രോഗം പാപത്തോടും തിൻമയോടും നിഗൂഡഃമായവിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തിന്‍റെ നിയമമനുസരിച്ചുകൊണ്ട് അവിടുത്തോടു കാണിക്കുന്ന വിശ്വസ്തത ജീവനെ പുനഃസ്ഥാപിക്കുന്നുവെന്നും ഇസ്രായേൽ അനുഭവിച്ചറിഞ്ഞു. “എന്തെന്നാൽ, ഞാനാണു കർത്താവ്, നിങ്ങളുടെ സൗഖ്യദായകൻ." മുററുള്ളവരുടെ പാപങ്ങളെ സംബന്ധിച്ച്, സഹനത്തിനു രക്ഷാകരമായ ഒരർഥംകൂടിയുണ്ടെന്നു പ്രവാചകൻ ഉദ്ദർശിക്കുന്നു. അവസാനമായി, ദൈവം എല്ലാ തെററുകൾക്കും മാപ്പു നൽകുകയും എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം സിയോനു വേണ്ടി ഉദിപ്പിക്കുമെന്ന് ഏശയ്യ പ്രഖ്യാപിക്കുന്നു.
ഭിഷഗ്വരനായ ക്രിസ്തു
ക്രിസ്തുവിനു രോഗികളോടുള്ള സഹാനുഭൂതിയും, അവിടുന്ന് പലപ്പോഴും എല്ലാത്തരം രോഗങ്ങളെയും സുഖപ്പെടുത്തിയെന്ന വസ്തുതയും “ദൈവം തന്റെ ജനത്തെ സന്ദർശിച്ചു” എന്നതിന്‍റെയും ദൈവരാജ്യം സമീപസ്ഥമാകുന്നു എന്നതിന്‍റെയും സമുജ്ജ്വലമായ അടയാളമാണ്. രോഗം സുഖപ്പെടുത്താനുള്ള അധികാരം മാത്രമല്ല, പാപങ്ങൾ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരുന്നു. സംപൂർണമനുഷ്യനെ, ആത്മാവിനെയും ശരീരത്തെയും, സുഖപ്പെടുത്താനാണ് അവിടുന്നു വന്നത്. രോഗമുള്ളവർക്ക് ആവശ്യമുള്ള വൈദ്യൻ അവിടുന്നാണ്. സഹിക്കുന്ന എല്ലാവരോടുമുള്ള അവിടുത്തെ സഹതാപം അവരോടു താദാത്മ്യപ്പെടത്തക്കവിധം വലുതായിരുന്നു: “ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു." അവിടുത്തേക്കു രോഗികളോടുണ്ടായിരുന്ന സവിശേഷ സ്നേഹം, ശരീരത്തിലും ആത്മാവിലും സഹിക്കുന്ന എല്ലാവരോടും പ്രത്യേക ശ്രദ്ധ കാണിക്കുവാൻ നൂററാണ്ടുകളിലൂടെ ക്രിസ്ത്യാനികളെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. അവരെ ആശ്വസിപ്പിക്കാനുള്ള അക്ഷീണപരിശ്രമങ്ങളുടെ സ്രോതസ്സ് ആ സ്നേഹമാണ്.
യേശു മിക്കപ്പോഴും രോഗികളോടു വിശ്വസിക്കാൻ ആവശ്യപ്പെടുന്നു. സുഖപ്പെടുത്താൻ അവിടുന്ന് അടയാളങ്ങൾ ഉപയോഗിക്കുന്നുണ്ട്: ഉമിനീരും കൈവയ്പും, ചെളിയും കഴുകലും. രോഗികൾ അവിടുത്തെ സ്പർശിക്കാൻ ശ്രമിക്കുന്നു. “എന്തെന്നാൽ അവനിൽനിന്നു ശക്തി പുറപ്പെടുകയും അവരെയെല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു." അതുപോലെ, നമ്മെ സുഖപ്പെടുത്തുവാനായി ക്രിസ്തു കൂദാശകളിൽ നമ്മെ നിരന്തരം “സ്പർശിച്ചുകൊണ്ടിരിക്കുന്നു”.
വളരെയേറെ സഹനങ്ങൾ കണ്ടു മനസ്സലിഞ്ഞ യേശു രോഗികൾ തന്നെ സ്പർശിക്കുവാൻ അനുവദിക്കുകമാത്രമല്ല, അവരുടെ ദുരിതങ്ങൾ സ്വന്തമാക്കുകകൂടി ചെയ്തു: “അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു.” പക്ഷേ, അവിടുന്ന് എല്ലാ രോഗികളെയും സുഖപ്പെടുത്തിയില്ല. അവിടുന്നു നൽകിയ രോഗശാന്തികളെല്ലാം ദൈവരാജ്യാഗമനത്തിന്‍റെ അടയാളങ്ങളായിരുന്നു. കൂടുതൽ മൗലികമായ സുഖപ്പെടുത്തലിനെ പ്രഖ്യാപിക്കുന്നതായിരുന്നു ഇവ: അവിടുത്തെ പെസഹായിലൂടെ, പാപത്തിന്റെയും മരണത്തിന്‍റെയുംമേൽ ഉള്ള വിജയം. കുരിശിൽവച്ചു യേശു തിൻമയുടെ മുഴുവൻ ഭാരവും തന്റെമേൽ ഏറെറടുക്കുകയും “ലോകത്തിന്റെ പാപം" നീക്കിക്കളയുകയും ചെയ്തു. പാപത്തിന്‍റെ ഒരു പരിണതഫലമാണല്ലോ രോഗം. ക്രിസ്തു തന്‍റെ പീഡാസഹനവും കുരിശുമരണവും വഴി സഹനത്തിനു പുതിയൊരു അർഥം നൽകി: അതുമുതൽ നമ്മെ അവിടുത്തോട് അനുരുപപ്പെടുത്താനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്താനും അതിനു കഴിയും.
“രോഗികളെ സുഖപ്പെടുത്തുവിൻ...”
തങ്ങളുടെ കുരിശുമെടുത്തു തന്നെ പിൻതുടരാൻ ക്രിസ്തു തന്‍റെ ശിഷ്യൻമാരെ ക്ഷണിക്കുന്നു. അവിടുത്തെ പിൻതുടർന്നുകൊണ്ട്, രോഗത്തെപ്പററിയും രോഗികളെപ്പററിയും പുതിയൊരു വീക്ഷണം അവർ നേടുന്നു. യേശു അവരെ തന്‍റെ ദാരിദ്ര്യത്തിന്‍റെയും സേവനത്തിന്‍റെയും ജീവിതത്തോടു ബന്ധപ്പെടുത്തുന്നു. അവിടുന്ന് അവരെ തന്‍റെ സഹതാപത്തിന്‍റെയും സൗഖ്യദാനത്തിന്‍റെയും ശുശ്രൂഷയിൽ പങ്കുകാരാക്കുന്നു; “അവർ പുറപ്പെട്ട്, ജനങ്ങൾ അനുതപിക്കണമെന്നു പ്രഘോഷിച്ചു; അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി."
ഉത്ഥിതനായ കർത്താവ് ഈ ദൗത്യം നവീകരിക്കുന്നു. (“അവർ എന്‍റെ നാമത്തിൽ... രോഗികളുടെമേൽ കൈകൾവയ്ക്കും; അവർ സുഖം പ്രാപിക്കുകയും ചെയ്യും.") അവിടുത്തെ നാമം വിളിച്ചുകൊണ്ടു സഭ പ്രവർത്തിക്കുന്ന അടയാളങ്ങളിലൂടെ അവിടുന്ന് അതു സ്ഥിരീകരിക്കുകയും ചെയ്യുന്നു. യേശു യഥാർഥത്തിൽ “രക്ഷിക്കുന്ന ദൈവമാണ്" എന്ന് ഈ അടയാളങ്ങൾ സവിശേഷമായ വിധത്തിൽ തെളിയിക്കുന്നു.
ഉത്ഥിതനായ കർത്താവിന്‍റെ കൃപാവരത്തിന്‍റെ ശക്തി വെളിവാക്കുന്നതിന് പരിശുദ്ധാത്മാവു ചിലർക്കു സൗഖ്യദാനത്തിന്‍റെ സവിശേഷമായ സിദ്ധി നൽകുന്നു. എന്നാൽ ഏററവും തീക്ഷ്ണമായ പ്രാർഥനകളിലൂടെ പോലും, എല്ലാ രോഗങ്ങളിൽ നിന്നുമുള്ള വിമുക്തി എപ്പോഴും നാം കൈവരിക്കുന്നില്ല. “നിനക്ക് എന്‍റെ കൃപ മതി. എന്തെന്നാൽ, ബലഹീനതയിലാണ് എന്‍റെ ശക്തി പൂർണമായി പ്രകടമാകുന്നത്” എന്നും തനിക്കു സഹിക്കേണ്ട പീഡനങ്ങൾക്കു സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തിൽ ഞാൻ നികത്തുന്നു" എന്ന അർഥമുണ്ട് എന്നും കർത്താവിൽനിന്നും വി.പൗലോസിനു പഠിക്കേണ്ടിവന്നു.
“രോഗികളെ സുഖപ്പെടുത്തുവിൻ". സഭ ഈ ദൗത്യം കർത്താവിൽനിന്നു സ്വീകരിച്ചു; രോഗികളെ ശുശ്രൂഷിച്ചുകൊണ്ടും, തന്‍റെ മധ്യസ്ഥ പ്രാർഥനകളിൽ അവരോടൊപ്പമായിരുന്നുകൊണ്ടും അതു നിർവഹിക്കുവാൻ അവൾ പരിശ്രമിക്കുകയും ചെയ്യുന്നു. ആത്മാക്കളുടെയും ശരീരങ്ങളുടെയും വൈദ്യനായ യേശുവിന്‍റെ ജീവദായകമായ സാന്നിധ്യത്തിൽ അവൾ വിശ്വസിക്കുന്നു. ഈ സാന്നിധ്യം കൂദാശകളിലൂടെ പ്രത്യേകമായ വിധത്തിൽ പ്രവർത്തനനിരതമാണ്. നിത്യജീവൻ നൽകുന്ന അപ്പമായ ദിവ്യകാരുണ്യത്തിലൂടെ അത് ഏററവും സവിശേഷമാംവിധം പ്രവർത്തനനിരതമായിരിക്കുന്നു. അത് ശരീരത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വി.പൗലോസ് പ്രസ്താവിക്കുന്നുണ്ട്.
അതുപോലെ അപ്പസ്തോലിക സഭയിൽ രോഗികൾക്കുവേണ്ടി തനതായ ഒരു അനുഷ്ഠാനക്രമം ഉണ്ടായിരുന്നു എന്ന് വി.യാക്കോബ് സാക്ഷ്യം നൽകുന്നുണ്ട്: “നിങ്ങളിൽ ആരെങ്കിലും രോഗിയായിട്ടുണ്ടോ? എങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠൻമാരെ വിളിക്കട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകംചെയ്ത് അവനുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപിക്കും; അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവനു മാപ്പുനൽകും”. പാരമ്പര്യം ഈ അനുഷ്ഠാനക്രമത്തെ ഏഴു കുദാശകളിൽ ഒന്നായി അംഗീകരിക്കുന്നു.
രോഗികളുടെ കൂദാശ
രോഗംകൊണ്ടു പരിക്ഷിക്കപ്പെടുന്നവരെ സമാശ്വസിപ്പിക്കാൻ പ്രത്യേകം ഉദ്ദേശിച്ച് ഒരു കൂദാശ, ഏഴു കുദാശകളിലൊന്ന്, ഉണ്ടെന്നു സഭ വിശ്വസിക്കുകയും ഏററു പറയുകയും ചെയ്യുന്നു, അതാണു രോഗീലേപനം:
രോഗികൾക്കുള്ള വിശുദ്ധലേപനം എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റൃുഷൻ, രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പ്രബോധനചൈതന്യം പിൻതുടർന്നു കൊണ്ട് റോമൻറീത്തിൽ, ഇനിമേൽ താഴെപ്പറയുന്ന രീതിയിൽ രോഗീലേപനം നടത്തണമെന്ന് അനുശാസിക്കുന്നു.
II. ഈ കൂദാശ ആരു സ്വീകരിക്കുന്നു? ആരു പരികർമം ചെയ്യുന്നു?
ഗൗരവമുള്ള രോഗാവസ്ഥയിൽ...
"രോഗീലേപനം മരണത്തിന്‍റെ നിമിഷത്തിൽ എത്തിയവർക്കു മാത്രമുള്ള ഒരു കൂദാശയല്ല. അതുകൊണ്ട്, രോഗമോ വാർധക്യമോമൂലം ആരെങ്കിലും മരിക്കത്തക്ക സാഹചര്യത്തിലായാൽ, അയാൾക്ക് ഈ കൂദാശ സ്വീകരിക്കുവാൻ സമുചിതമായ സമയം തീർച്ചയായും വന്നുകഴിഞ്ഞു.”
ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട് ഗൗരവമുള്ള മറ്റൊരു രോഗം അയാൾക്കുണ്ടാവുകയും ചെയ്താൽ, ഈ കുദാശ വീണ്ടും സ്വീകരിക്കാം. ഒരേ രോഗത്തിൽത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായിത്തീർന്നാൽ ഈ കൂദാശ ആവർത്തിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്കു തൊട്ടു മുൻപു രോഗീലേപനം സ്വീകരിക്കുക സമുചിതമാണ്. ക്ഷീണം വർധിച്ചുവരുന്ന പ്രായാധിക്യമുള്ളവരെ സംബന്ധിച്ചും ഇതു ശരിയാണ്
"... അവൻ സഭയിലെ പുരോഹിതരെ വിളിക്കട്ടെ”
പുരോഹിതർ (മ്രെതാൻമാരും വൈദികരും) മാത്രമാണ് രോഗീലേപനത്തിന്‍റെ കാർമ്മികർ. ഈ കൂദാശയുടെ പ്രയോജനങ്ങളെപ്പററി വിശ്വാസികളെ പഠിപ്പിക്കുക എന്നത് അജപാലകരുടെ കടമയാണ്. ഈ കുദാശ സ്വീകരിക്കുന്നതിന്, വൈദികനെ വിളിക്കാൻ രോഗികളെ വിശ്വാസികൾ പ്രോത്സാഹിപ്പിക്കണം. നല്ല മനോഭാവത്തോടെ അതു സ്വീകരിക്കാൻ രോഗികൾ ഒരുങ്ങണം. ഇതിന് അവരുടെ അജപാലകന്റെയും, തങ്ങളുടെ പ്രാർഥനകൾകൊണ്ടും സഹോദരസഹജമായ ശ്രദ്ധകൊണ്ടും രോഗികളുടെ ചുറ്റും നില്ക്കാൻ ക്ഷണിക്കപ്പെടുന്ന സഭാസമൂഹം മുഴുവന്റെയും സഹായമുണ്ടായിരിക്കണം.
III. എങ്ങനെ ഈ കൂദാശ ആഘോഷിക്കപ്പെടുന്നു?
മറ്റെല്ലാ കൂദാശകളുമെന്നപോലെ രോഗീലേപനവും ആരാധനക്രമപരവും സാമൂഹികവുമായ ഒരു ആഘോഷമാണ്. അതു വീട്ടിൽവച്ചോ ആശുപത്രിയിൽവച്ചോ ദൈവാലയത്തിൽവച്ചോ നടത്തിയാലും, ഒരു രോഗിക്കുവേണ്ടിയോ രോഗികളുടെ ഒരു ഗണത്തിനുവേണ്ടിയോ നടത്തിയാലും അങ്ങനെ തന്നെ. കർത്താവിന്‍റെ പെസഹായുടെ സ്മാരകമായ കുർബാനയുടെ ആഘോഷത്തിനിടയിൽ ഇത് അനുഷ്ഠിക്കുന്നതു വളരെ ഉചിതമാണ്. സാഹചര്യം അനുകൂലമായിരുന്നാൽ ഈ കൂദാശയ്ക്കുമുൻപ് അനുതാപകൂദാശയും ഇതിനുശേഷം ദിവ്യകാരുണ്യസ്വീകരണവും നടത്താം. ക്രിസ്തുവിന്‍റെ പെസഹായുടെ കൂദാശയെന്ന നിലയിൽ, ദിവ്യകാരുണ്യമായിരിക്കണം എപ്പോഴും ഭൗമികയാത്രയുടെ അവസാനത്തെ കൂദാശ. നിത്യജീവിതത്തിലേക്കു “കടന്നുപോകുന്നതിന്‍റെ” “തിരുപ്പാഥേയം” ആണ് അത്.
വചനവും കൂദാശയും അവിഭാജ്യമായ ഐക്യം ഉളവാക്കുന്നു. അനുതാപത്തിന്‍റെ പ്രകരണത്തിനുശേഷം നടത്തുന്ന വചനശുശ്രൂഷ രോഗീലേപനാഘോഷത്തിന്‍റെ തുടക്കം കുറിക്കുന്നു. കർത്താവിനോടു പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി പ്രാർഥിക്കാൻ ക്രിസ്തുവിന്‍റെ വചനങ്ങളും ശ്ലീഹൻമാരുടെ സാക്ഷ്യവും രോഗിയുടെയും സമൂഹത്തിന്‍റെയും വിശ്വാസത്തെ ഉണർത്തുന്നു.
ഈ കൂദാശയുടെ ആഘോഷത്തിൽ താഴെപ്പറയുന്ന പ്രധാന ഘടകങ്ങളുണ്ട്. “സഭയുടെ പുരോഹിതൻമാർ” - നിശ്ശബ്ദരായി - രോഗികളുടെ മേൽ കൈകൾ വയ്ക്കുന്നു; അവർ സഭയുടെ വിശ്വാസത്തിൽ രോഗികളുടെമേൽ പ്രാർഥിക്കുന്നു - ഇതാണ് ഈ കൂദാശയുടെ പ്രത്യേകമായ റൂഹാക്ഷണം; അതിനുശേഷം അവർ രോഗികളെ (കഴിയുമെങ്കിൽ ഒരു മെത്രാനാൽ) ആശീർവദിക്കപ്പെട്ട തൈലംകൊണ്ടു പൂശുന്നു.
ഈ കൂദാശ രോഗികൾക്ക് എന്തു കൃപാവരമാണു നൽകുന്നതെന്ന് ഈ ആരാധന്രകമാനുഷ്ഠാനങ്ങൾ സൂചിപ്പിക്കുന്നു.
IV. ഈ കുദാശയുടെ ആഘോഷത്തിന്‍റെ ഫലങ്ങൾ
പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഒരു ദാനം. ഈ കൂദാശയുടെ ഒന്നാമത്തെ കൃപാവരം ഗൗരവമുള്ള രോഗത്തിന്‍റെയോ വാർധക്യസഹജമായ ക്ഷീണത്തിന്‍റെയോ അവസ്ഥയിലെ പ്രയാസങ്ങളെ തരണം ചെയ്യാനുള്ള ധീരതയുടേയും സമാധാനത്തിന്‍റെയും ശക്തിപ്പെടുത്തലിന്‍റെയും കൃപാവരമാണ്. ഈ കൃപാവരം പരിശുദ്ധാത്മാവിന്‍റെ ഒരു ദാനമാണ്. ഇത് ദൈവത്തിലുള്ള ആശ്രയബോധവും വിശ്വാസവും പുതുക്കുകയും ദുഷ്ടാരൂപിയുടെ പ്രലോഭനങ്ങൾക്കെതിരേ, അതായത് മരണത്തിന്‍റെ മുന്നിലുള്ള മനസ്സിടിയലിന്‍റെയും ഭീതിയുടെയും പ്രലോഭനത്തിനെതിരേ, രോഗിയെ ശക്തിപ്പെടുത്തുന്നു. കർത്താവിൽനിന്ന് പരിശുദ്ധാത്മാവിന്‍റെ ശക്തിയിലൂടെ ലഭിക്കുന്ന ഈ സഹായം രോഗിയെ ആത്മാവിന്‍റെ സൗഖ്യത്തിലേക്കു നയിക്കാനുദ്ദേശിച്ചുള്ളതാണ്. എന്നാൽ, ദൈവം തിരുമനസ്സാകുന്നപക്ഷം ശരീരത്തിന്‍റെ സൗഖ്യത്തിലേക്കും നയിക്കാം. കൂടാതെ, “അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കു മാപ്പുലഭിക്കുകയും ചെയ്യും."
ക്രിസ്തുവിന്‍റെ പീഡാസഹനത്തോടുള്ള ഐക്യം. ഈ കൂദാശയുടെ കൃപാവരംകൊണ്ട്, രോഗി ക്രിസ്തുവിന്‍റെ പീഡാനുഭവത്തോടു തന്നെത്തന്നെ കൂടുതൽ അവഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള ശക്തിയും ദാനവും സ്വീകരിക്കുന്നു; കർത്താവിന്‍റെ രക്ഷാകരമായ പീഡാനുഭവത്തോട് അനുരൂപപ്പെട്ടുകൊണ്ട് ഫലം പുറപ്പെടുവിക്കാൻവേണ്ടി, ഒരുവിധത്തിൽ അയാൾ അഭിഷിക്തനാകുന്നു. ഉദ്ഭവപാപത്തിന്‍റെ അനന്തരഫലമായ സഹനത്തിന് ഒരു പുതിയ അർഥം കൈവരുന്നു; അത് യേശുവിന്റെ രക്ഷാകരപ്രവൄത്തിയിലുള്ള ഒരു ഭാഗഭാഗിത്വമായിത്തീരുന്നു.
സഭാത്മകമായ കൃപാവരം. ഈ കുദാശ സ്വീകരിക്കുന്ന വിശ്വാസ്സികൾ “ക്രിസ്തുവിന്‍റെ പീഡാസഹനത്തോടും മരണത്തോടും തങ്ങളെത്തന്നെ സ്വതന്ത്രമനസ്സോടെ ചേർത്തുകൊണ്ട് ദൈവജനത്തിന്‍റെ നൻമയ്ക്കു സംഭാവന നൽകുന്നു". ഈ കൂദാശ ആഘോഷിച്ചുകൊണ്ട്, സഭ പുണ്യവാൻമാരുടെ ഐക്യത്തിൽ രോഗിയുടെ നൻമയ്ക്കായി മാധ്യസ്ഥ്യം വഹിക്കുന്നു. രോഗിയാകട്ടെ, ഈ കൂദാശയുടെ കൃപാവരത്തിലൂടെ സഭയുടെ വിശുദ്ധീകരണത്തിനും എല്ലാ മനുഷ്യരുടെയും നൻമയ്ക്കും സംഭാവന നൽകുന്നു. എല്ലാ മനുഷ്യർക്കുംവേണ്ടിയാണ് സഭ സഹിക്കുകയും ക്രിസ്തുവിലൂടെ തന്നെത്തന്നെ പിതാവായ ദൈവത്തിനു കാഴ്ചയർപ്പിക്കുകയും ചെയ്യുന്നത്.
അന്തിമയാത്രക്കുള്ള തയാറെടുപ്പ്. രോഗിലേപനമെന്ന കൂദാശ ഗുരുതരമായ രോഗവും തളർച്ചയുംമുള്ള എല്ലാവർക്കും നൽകുന്നുവെങ്കിൽ, അതിനേക്കാൾ കൂടുതൽ ന്യായയുക്തമാണ് ഈ ലോകത്തിൽനിന്നു പിരിഞ്ഞു പോകാനുള്ള നിമിഷത്തിൽ എത്തിയവർക്ക് അത് നല്കുന്നത്. തൻമൂലം വേർപിരിഞ്ഞുപോകുന്നവരുടെ കുദാശ എന്നും ഇതു വിളിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ മരണത്തോടും പുനരുത്ഥാനത്തോടുമുള്ള നമ്മുടെ അനുരൂപപ്പെടൽ മാമ്മോദീസയിൽ തുടങ്ങിയതുപോലെ രോഗീലേപനത്തിൽ പൂത്തിയാക്കപ്പെടുന്നു. ക്രൈസ്തവ ജീവിതത്തെ മുഴുവനും അടയാളപ്പെടുത്തുന്ന വിശുദ്ധ അഭിഷേകങ്ങളെ രോഗീലേപനം പൂർത്തിയാക്കുന്നു. നമ്മിലെ നവജീവിതത്തെ മുദ്രിതമാക്കിയ മാമ്മോദീസയുടെയും, ഈ ജീവിതസമരത്തിനു നമ്മെ ശക്തരാക്കിയ സ്ഥൈര്യലേപനത്തിന്‍റെയും അഭിഷേകങ്ങളെ രോഗീലേപനം പൂർത്തീകരിക്കുന്നു. പിതാവിന്‍റെ ഭവനത്തിൽ പ്രവേശിക്കുന്നതിനുമുൻപുള്ള അന്തിമസമരത്തിനുവേണ്ടി ദൃഢമായ ഒരു കോട്ടയെന്നപോലെ അന്തിമലേപനം നമ്മുടെ ജീവിതത്തിന്‍റെ അന്ത്യഘട്ടത്തെ ബലപ്പെടുത്തുന്നു.
V. തിരുപ്പാഥേയം: ക്രൈസ്തവന്‍റെ അവസാനത്തെ കൂദാശ
ഈ ജീവിതം വിട്ടുപോകാൻ തുടങ്ങുന്നവർക്കു സഭ രോഗീലേപനത്തിനു പുറമേ തിരുപ്പാഥേയം എന്ന നിലയിൽ ദിവ്യകാരുണ്യവും നൽകുന്നു. പിതാവിന്റെ പക്കലേക്കുള്ള ഈ “കടന്നുപോകലിന്റെ” നിമിഷത്തിൽ ക്രിസ്തുവിന്‍റെ ശരിരരക്തങ്ങൾ സ്വീകരിക്കുന്നതിനു പ്രത്യേകമായ അർഥവും പ്രാധാന്യവുമുണ്ട്. കർത്താവിന്‍റെ വാക്കുകൾ അനുസരിച്ച് അതു നിത്യജീവന്‍റെ വിത്തും ഉത്ഥാനത്തിന്‍റെ ശക്തിയുമാണ്. “എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും." മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ കൂദാശയായ ദിവ്യകാരുണ്യം ഇപ്പോൾ, മരണത്തിൽ നിന്നു ജീവനിലേക്ക്, ഈ ലോകത്തിൽനിന്നു പിതാവിങ്കലേക്ക്, കടന്നുപോകുന്നതിന്‍റെ കൂദാശയാണ്.
മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നീ കൂദാശകൾ, “ക്രൈസ്തവപ്രാരംഭത്തിന്‍റെ കൂദാശകൾ” എന്ന പേരിൽ ഐക്യപ്പെട്ടിരിക്കുന്നതുപോലെ തന്നെ, അനുതാപകുദാശ, രോഗീലേപനം, തിരുപ്പാഥേയമായ ദിവ്യകാരുണ്യം എന്നിവ ക്രൈസ്തവജീവിതത്തിന്‍റെ അന്തൃത്തിൽ “സ്വർഗീയ പിതൃഭവനത്തിലേക്കു ഒരുക്കുന്ന കൂദാശകൾ ” അഥവാ ഭൗമിക തീർഥാടനത്തെ പൂർത്തിയാക്കുന്ന കൂദാശകൾ എന്ന നിലയിൽ ഐക്യപ്പെട്ടിരിക്കുന്നു.
സംഗ്രഹം
“നിങ്ങളിൽ ആരെങ്കിലും രോഗിയായിട്ടുണ്ടോ? എങ്കിൽ അവർ സഭയിലെ ശ്രേഷ്ഠൻമാരെ വിളിക്കട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷകം ചെയ്ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപിക്കും. അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അവിടുന്ന് അവനു മാപ്പു നൽകും” (Jas 5:14 -15).
ഗൗരവമുള്ള രോഗത്തിന്‍റെയോ വർധക്യത്തിന്‍റെയോ അവസ്‌ഥയാലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവനു സവിശേഷമായ ഒരു കൃപാവരം നൽകുക എന്നതാണ് രോഗിലേപനമെന്ന കുദാശയുടെ ലക്ഷ്യം.
രോഗംകൊണ്ടോ വാർധക്യംകൊണ്ടോ വിശാസി മരണകരമായ അപകടത്തിലാകാൻ തുടങ്ങുബോൾ, ഈ വിശുദ്ധലേപനം സ്വീകരിക്കാനുള്ള യഥാർഥസമയം തീർച്ചയായും വന്നുകഴിഞ്ഞു.
ഒരു ക്രൈസ്തവൻ ഗൗരവമുള്ള രോഗത്തിൽപെടുന്ന ഓരോ സന്ദർഭത്തിലും രോഗീലേപനം സ്വീകരിക്കാം; അതു സ്വീകരിച്ചശേഷം, രോഗം വർധിക്കുമ്പോഴും സ്വീകരിക്കാം.
പുരോഹിതർ, വൈദികരും മെത്രാന്മാരും, മാത്രമേ രോഗീലേപനമെന്ന കൂദാശ നൽകാവൂ. മെത്രാൻ ആശീർവദിച്ച തൈലംകൊണ്ട് ഈ ലേപനം നിർവഹിക്കണം. അത്യാവശ്യ സന്ദർഭത്തിൽ കാർമികനായ വൈദികനും അത് ആശീർവദിക്കാം.
രോഗിലേപനാഘോഷത്തിൽ സത്താപരമായിടുള്ളതു രോഗിയുടെ നെററിയിലും കൈകളിലും (റോമൻറീത്തിൽ) അല്ലെങ്കിൽ മറ്റുശരീരഭാഗങ്ങളിലും (പൗരസ്ത്യറീത്തിൽ) തൈലം പൂശുന്നതാണ്. ഈ കൂദാശയുടെ സവിശേഷകൃപാവരത്തിനു വേണ്ടിയുള്ള കാർമികന്റെ പ്രാർഥനാശുശ്രുഷയും തൈലം പൂശലിനോടൊപ്പമുണ്ടായിരിക്കും.
രോഗീലേപനമെന്ന കുദാശയുടെ സവിശേഷകൃപാവരത്തിന്‍റെ ഫലങ്ങൾ താഴെപ്പറയുന്നവയാണ്:
- രോഗിയെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോട്, രോഗിയുടെതന്നെയും സഭമുഴുവന്‍റെയും പ്രയോജനത്തിനായി ഐക്യപ്പെടുത്തൽ;
- രോഗത്തിന്‍റെയോ വർധക്യത്തിന്‍റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയിൽ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും;
- രോഗിയുടെ അനുതാപ കൂദാശയിലൂടെ പാപമോചനം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ പാപങ്ങളുടെ മോചനം;
- രോഗിയുടെ ആത്മരക്ഷയ്ക്കുതകുന്ന പക്ഷം ആരോഗ്യത്തിന്‍റെ വീണ്ടെടുക്കൽ;
- നിത്യജിവനിലേക്കു കടന്നുപോകുന്നതിനുള്ള ഒരുക്കം.
രോഗീലേപനം രക്ഷാകരപദ്ധതിയിൽ രോഗീലേപനത്തിൻറെ അടിസ്ഥാനങ്ങൾ രോഗം മനുഷ്യജീവിതത്തിൽ രോഗി ദൈവത്തിൻറെ മുൻപിൽ ഭിഷഗ്വരനായ ക്രിസ്തു രോഗികളെ സുഖപ്പെടുത്തുവിൻ രോഗികളുടെ കൂദാശ തിരുപ്പാഥേയം: ക്രൈസ്തവൻറെ അവസാനത്തെ കൂദാശ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



