x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പ്രാർഥനയാകുന്ന പോരാട്ടം

Authored by : Congregation for Doctrine of Faith On 26-Jul-2022

വകുപ്പ് 2

പ്രാർഥനയാകുന്ന പോരാട്ടം

പ്രാർഥന കൃപാവരത്തിൻ്റെ ദാനവും നമ്മുടെ ഭാഗത്തുനിന്നുള്ള സുനിശ്ചിത പ്രത്യുത്തരവുമാണ്‌. പരിശ്രമം എപ്പോഴും അതിൻ്റെ മുൻവ്യവസ്ഥയാണ്‌. ക്രിസ്തുവിനു മുൻപു പഴയ ഉടമ്പടിയിലെ പ്രാർഥനയുടെ മഹാവ്യക്തികളും ദൈവമാതാവും വിശുദ്ധരും അവിടുന്നുതന്നെയും നമ്മെ പഠിപ്പിക്കുന്നത്‌ പ്രാർഥന ഒരു പോരാട്ടമാണെന്നാണ്‌. ആർക്കെതിരേ? നമുക്കുതന്നെയും മനുഷ്യനെ പ്രാർഥനയില്‍നിന്നും ദൈവവുമായുള്ള ഐക്യത്തിൽനിന്നും അകറ്റാന്‍ പരമാവധി പരിശ്രമിക്കുന്ന പരീക്ഷകൻ്റെ കുതന്ത്രങ്ങൾക്കും എതിരേ. ഒരാൾ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ പ്രാർഥിക്കുന്നു; എന്തെന്നാൽ അയാൾ എങ്ങനെ പ്രാർഥിക്കുന്നുവോ അങ്ങനെ ജീവിക്കുന്നു. ക്രിസ്തുവിൻ്റെ ആത്മാവിൽ അനുസൃതമായി നിരന്തരം വ്യാപരിക്കാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ അവിടുത്തെ നാമത്തിൽ നിരന്തരം പ്രാർഥിക്കാൻ നമുക്കു സാധിക്കുകയില്ല. ക്രൈസ്തവൻ്റെ നവജീവിതത്തിലെ “ആധ്യാത്മികസമരത്തെ” പ്രാർഥനയാകുന്ന പോരാട്ടത്തിൻനിന്നു വേർപെടുത്താനാവില്ല.

I. പ്രാർഥനയ്ക്കുള്ള പ്രതിബന്ധങ്ങൾ

പ്രാർഥനയാകുന്ന പോരാട്ടത്തിനിടയ്ക്കു നമ്മുടെതന്നെ അന്തരംഗത്തിലും നമുക്കുചുറ്റും തെറ്റായ പ്രാർഥനാസങ്കല്പങ്ങളെ നാം നേരിടേണ്ടതായുണ്ട്‌. ചിലരെ സംബന്ധിച്ചിടത്തോളം പ്രാർഥന കേവലം മന:ശാസ്ത്രപരമായ ഒരു പ്രവൃത്തിയത്രേ; മറ്റുചിലർക്കാകട്ടെ മാനസികമായ ശൂന്യതയിലേക്കു നയിക്കുന്ന ഏകാഗ്രതയ്ക്കായുള്ള ഉദ്യമമാണു പ്രാർഥന. വേറെ ചിലർ പ്രാർഥനയെ വെറും അനുഷ്ഠാനപരമായ വാക്കുകളായും ശരീരനിലയായും വീക്ഷിക്കുന്നു. തങ്ങളുടെ ഇതര കർത്തവ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത ഒരു വ്യാപാരമായി പല ക്രൈസ്തവരും അബോധ മനസ്സില്‍ പ്രാർഥനയെ കാണുന്നു. അവർക്കു സമയമില്ല. പ്രാർഥനയിലൂടെ ദൈവത്തെ അന്വേഷിക്കുന്നവർ പെട്ടെന്ന്‌ ഉത്സാഹം കെട്ടവരാകുന്നു. എന്തെന്നാൽ, തങ്ങളിൽ നിന്നു മാത്രമല്ല, പരിശുദ്ധാത്മാവില്‍നിന്നുകൂടിയാണ്‌ പ്രാർഥന വരുന്നതെന്ന്‌ അവർ അറിയുന്നില്ല.

നാം വേണ്ടത്ര ജാഗ്രത പുലർത്താതിരുന്നാൽ “ആധുനിക ലോകത്തിൻ്റെ” ചില ചിന്താഗതികൾ നമ്മുടെ ജീവിതശൈലിയെ ആഴത്തിൽ സ്വാധീനിക്കുമെന്ന്‌ അംഗീകരിച്ചേ തീരു. ഉദാഹരണമായി, യുക്തിചിന്തയും ശാസ്ത്രവുംവഴി സ്ഥിരീകരിക്കാവുന്നതുമാത്രമാണു സത്യം എന്നു കരുതുന്ന ചിലരുണ്ട്‌ (പക്ഷേ, ബോധത്തെയും അബോധമനസ്സിനെയും അതിശയിക്കുന്ന രഹസ്യമാണു പ്രാർഥന); മറ്റുചിലർ ഉൽപാനത്തിനും ലാഭത്തിനും പ്രാധാന്യം കൽപിക്കുന്നു, (എന്നാൽ പ്രാർഥന ഉൽപാദനക്ഷമമല്ലെന്ന കാരണത്താൽ നിഷ്പ്രയോജനമാണത്രേ); വേറെ ചിലരാകട്ടെ ഇന്ദ്രിയാനുഭൂതിയെയും സുഖഭോഗങ്ങളെയും സത്യം, നൻമ, സൗന്ദര്യം എന്നിവയുടെ മാനദണ്‍ഡങ്ങളായി ഉയർത്തിപ്പിടിക്കുന്നു, (എന്നാൽ “സൗന്ദര്യപ്രേമം” ആയ പ്രാർഥന ജീവിക്കുന്ന സത്യദൈവത്തിൻ്റെ മഹിമയുമായി ബന്ധപ്പെട്ടിരിക്കുന്നു); പ്രവർത്തനപരതയോടുള്ള പ്രതിഷേധമെന്നോണം ഈ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി പ്രാർഥനയെ കാണുന്നവരുമുണ്ട്‌, (പക്ഷേ, ക്രൈസ്തവപ്രാർഥന ചരിത്രത്തിൽ നിന്നുള്ള പലായനമോ ജീവിതവുമായുള്ള ബന്ധവിച്ഛേദമോ അല്ല).

അവസാനമായി, പ്രാർഥനയിലെ പരാജയത്തിൻ്റെ അനുഭവങ്ങളെ - ആധ്യാത്മിക വരള്‍ച്ചയുടെ കാലയളവിലെ ഉത്സാഹരാഹിത്യം, “വമ്പിച്ച സമ്പത്തുണ്ടായിട്ടും" നാം എല്ലാം കർത്താവിനു നൽകിയില്ലല്ലോ എന്ന ദുഃഖം, നമ്മുടെ അഭീഷ്ടപ്രാകാരം പ്രാർഥന ശ്രവിക്കപ്പെടാത്തതിലുള്ള നിരാശ, പാപികളെന്ന നിലയിലുള്ള നമ്മുടെ അയോഗ്യതാബോധത്താൽ കൂടുതൽ കഠിനമാക്കപ്പെട്ട നമ്മുടെ മുറിവേറ്റ അഹന്ത, സൗജന്യമായിലഭിക്കുന്ന കൃപാവരമാണു പ്രാർഥനയെന്ന ആശയത്തോടുള്ള എതിർപ്പ്‌ മുതലായ അനുഭവങ്ങളെ - പ്രാർഥനയുടെ പോരാട്ടത്തിനിടയിൽ നാം നേരിട്ടേ തീരു. ഇതിൽനിന്നെല്ലാമുള്ള നിഗമനം എപ്പോഴും ഒന്നുതന്നെ. എന്തിനു പ്രാർഥിക്കണം? ഇത്തരം വൈഷമ്യങ്ങളെ കീഴടക്കാൻ വേണ്ട വിനയവും വിശ്വാസവും സ്ഥിരോത്സാഹവും നേടിയെടുക്കാനും നാം പോരാടണം.

II. വിനീതമായ ഹൃദയ ജാഗ്രത

പ്രാർഥനയിലെ വൈഷമ്യങ്ങൾക്കു മുമ്പിൽ

പ്രാർഥനയിലെ പതിവായ വൈഷമ്യം പലവിചാരമാണ്‌. അത്‌ വാചികപ്രാർഥനയിലെ വാക്കുകളെയും അവയുടെ അർഥത്തെയും സംബന്ധിച്ചാകാം. കൂടുതൽ ആഴത്തിൽ, വാചികപ്രാർഥനയിലും (ആരാധനക്രമപരമോ വ്യക്തിപരമോ) ധ്യാനത്തിലും ധ്യാനയോഗപ്രാർഥനയിലും നാം ആരോടു പ്രാർഥിക്കുന്നുവോ ആ വ്യക്തിയെ സംബന്ധിച്ചുമാകാം. നമ്മുടെ ഹൃദയത്തിലേക്കു മടങ്ങിവരുകമാത്രം ആവശ്യമുള്ളപ്പോൾ, പലവിചാരങ്ങളെ വേട്ടയാടാൻ  ശ്രമിക്കുന്നത്‌ അവയുടെ കെണിയിൽ വീഴുന്നതിനു സമമായിരിക്കും. എന്തെന്നാൽ നാം എന്തിനോട്‌ ആസക്തിപുലർത്തുന്നുവോ അതിനെയാണു പലവിചാരം വെളിപ്പെടുത്തിത്തരുന്നത്‌. കർത്താവിൻ്റെ മുൻപിലുള്ള വിനീതമായ ഈ അവബോധം അവിടുത്തോടുള്ള സവിശേഷമായ സ്നേഹം നമ്മിൽ ഉണർത്തുകയും നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻവേണ്ടി അവയെ അവിടുത്തേക്കു സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാം സേവിക്കേണ്ട യജമാനനെ തെരഞ്ഞെടുക്കുന്നിടത്താണ്‌ ആ പോരാട്ടം നടക്കുന്നത്‌.

ഭാവാത്മകമായി പറഞ്ഞാൽ, കൈയടക്കാനും ആധിപത്യം പുലർത്താനും വെമ്പുന്ന സ്വാർഥത്തിനെതിരായ പോരാട്ടത്തിനു ജാഗ്രതയും സമചിത്തതയും ആവശ്യമാണ്‌. യേശു ജാഗ്രതയുടെ കാര്യം ഈന്നിപ്പറയുമ്പോഴെല്ലാം തന്നോടുതന്നെയും, അവസാനനാളിലും എല്ലാ ദിവസവും- ഇന്നേദിനത്തിലും- സംഭവിക്കാനിരിക്കുന്ന തൻ്റെ ആഗമനത്തോട്‌, അതിനെ ബന്ധപ്പെടുത്തുന്നു. അർദ്ധരാത്രിയിൽ മണവാളൻ വരുന്നു; കെടാതെ സൂക്ഷിക്കേണ്ട വെളിച്ചം വിശ്വാസത്തിൻേറതാണ്‌; “അങ്ങയെക്കുറിച്ച്‌ എൻ്റെ ഹൃദയം പറയുന്നു; എൻ്റെ മുഖം തേടുവിന്‍.”

പ്രാർഥിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ നേരിടുന്ന വേറൊരു വൈഷമ്യമാണ്‌ ആധ്യാത്മിക വരൾച്ച. ധ്യാനാത്മക പ്രാർഥനയ്ക്കിടയിൽ ചിന്തകളോടോ ഓർമകളോടോ ആധ്യാത്മിക വികാരങ്ങളോടുപോലുമോ യാതൊരു അഭിരുചിയും തോന്നാതെ ഹൃദയം ദൈവത്തിൽനിന്ന്‌ അകലുമ്പോഴാണു വരൾച്ച അനുഭവപ്പെടുക. ഗത്സേമൻ തോട്ടത്തിലെ തീവ്രദുഃഖത്തിലും കബറിടത്തിലും കഴിയുന്ന യേശുവിനോടു വിശ്വസ്തതാപൂർവം ഒട്ടിനില്‍ക്കുന്ന ശുദ്ധവിശ്വാസത്തിൻ്റെ സന്ദർഭമാണിത്‌. “ഗോതമ്പുമണി നിലത്തു വീണ്‌ അഴിയുന്നില്ലെങ്കിൽ അത്‌ അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത്‌ ഏറെ ഫലം പുറപ്പെടുവിക്കും." വചനം പാറപ്പുറത്ത്‌ വീണതുമൂലമുണ്ടായ വേരില്ലായ്മയാണ്‌ വരൾച്ചയുടെ കാരണമെങ്കിൽ, പോരാട്ടം വിജയിക്കാൻ മാനസാന്തരം ആവശ്യമാണ്‌.

പ്രാർഥനയിലെ പ്രലോഭനങ്ങൾക്കു മുമ്പിൽ

സർവസാധാരണവും ഏറ്റവും അദൃശ്യവുമായ പ്രലോഭനം നമ്മുടെ വിശ്വാസരാഹിത്യമാണ്‌. വിശ്വാസരാഹിത്യത്തിൻ്റെ പ്രഖ്യാപനംവഴി എന്നതിലുപരി യഥാർഥത്തിൽ നാം നല്‍കുന്ന മുൻഗണനകളിലൂടെയാണ്‌ അത്‌ പ്രകടമാവുക. നാം പ്രാർഥിക്കാനാരംഭിക്കുമ്പോൾ അടിയന്തിരമെന്നു തോന്നുന്ന ഒരായിരം ജോലികളും ഉൽകണ്‍ഠകളും നമ്മുടെ പ്രഥമ ശ്രദ്ധ ലഭിക്കാൻ മത്സരിക്കുന്നു. അതു വീണ്ടും ഹൃദയത്തെ സംബന്ധിച്ചിടത്തോളം സത്യത്തിൻ്റെയും ഉപരി സ്നേഹത്തിൻ്റെയും നിമിഷമാണ്‌. ചിലപ്പോൾ അന്തിമ അഭയം എന്നോണം നാം കർത്താവിലേക്കുതിരിയുന്നു. പക്ഷേ അത്‌ അവിടുന്നാണെന്നു നാം സത്യമായി വിശ്വസിക്കുന്നുണ്ടോ? ചിലപ്പോൾ നാം കർത്താവിനെ ഒരു കരാർ പങ്കാളിയായി പരിഗണിക്കുന്നു, പക്ഷേ, നമ്മുടെ ഹൃദയം ഗർവിഷ്ഠമായി തുടരുന്നു. എല്ലാ സന്ദർഭത്തിലും വിനീതമായ ഒരു ഹൃദയത്തിൻ്റെ മനോഭാവം നമുക്കില്ലെന്നു നമ്മുടെ വിശ്വാസരാഹിത്യം വെളിപ്പെടുത്തുന്നു. “എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല."

ഔദ്ധത്യം തുറന്നുവിടുന്ന വേറൊരു പ്രലോഭനമാണ്‌ ആത്മീയമാന്ദ്യം. ആത്മനിഗ്രഹത്തിൻ്റെ അയവും ജാഗ്രതയുടെ കുറവും ഹൃദയത്തിൻ്റെ അശ്രദ്ധയുംമൂലം ഉദ്ഭവിക്കുന്ന വിഷാദരോഗത്തിൻ്റെ ഒരു വകഭേദമാണതെന്ന്‌ ആധ്യാത്മികപിതാക്കൻമാർ അഭിപ്രായപ്പെടുന്നു. “ആത്മാവു സന്നദ്ധമെങ്കിലും ശരീരം ദുർബലമാണ്‌." എത്ര ഉയരത്തിൽനിന്നു വീഴുന്നുവോ അത്ര ദാരുണമായിരിക്കും പതനം. നിരുത്സാഹം ദുഃഖകരമാണെങ്കിലും അതു ഓദ്ധത്യത്തിൻ്റെ മറുവശമാണ്‌. വിനീതന്‍ തൻ്റെ കഷ്ടപ്പാടിൽ അമ്പരക്കുന്നില്ല, മറിച്ച്‌ പുർവോപരി വിശ്വസിക്കാനും ബോധ്യങ്ങളിൽ ഉറച്ചുനിൻക്കാനും അത്‌ അവനു പ്രേരണ നല്‍കുന്നു.

III. പുത്രസഹജമായ ആശ്രയബോധം

പുത്രസഹജമായ ആശ്രയബോധം കഷ്ടതയിൽ പരീക്ഷിക്കപ്പെടുകയും സ്വയം തെളിയിക്കുകയും ചെയ്യുന്നു. തനിക്കുവേണ്ടിയോ മറ്റുള്ളവർക്കുവേണ്ടിയോ മാധ്യസ്ഥ്യം വഹിക്കുന്ന യാചനാപ്രാർഥനയെ സംബന്ധിച്ചാണു മുഖ്യമായ വിഷമം. തങ്ങളുടെ യാചന ശ്രവിക്കപ്പെടുന്നില്ലെന്നു കരുതി പ്രാർഥനതന്നെ വേണ്ടെന്നുവയ്ക്കുന്നവരുണ്ട്‌. ഇവിടെ രണ്ടു ചോദ്യങ്ങൾ ഉദിക്കുന്നു: നമ്മുടെ യാചന ശ്രവിക്കപ്പെട്ടിട്ടില്ലെന്നു ചിന്തിക്കാനുള്ള കാരണമെന്ത്‌? എങ്ങനെയാണു നമ്മുടെ പ്രാര്‍ഥന ശ്രവിക്കപ്പെടുകയും “ഫലപ്രദമാവുകയും” ചെയ്യുക?

ശ്രവിക്കപ്പെടുന്നില്ലെന്നു നാം പരാതിപ്പെടുന്നതെന്തുകൊണ്ട്‌?

ആദ്യമേതന്നെ നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്‌: നാം ദൈവത്തെ പുകഴ്ത്തുകയോ അവിടുന്നു നല്‍കിയ നന്‍മകൾക്കുവേണ്ടി പൊതുവായി അവിടുത്തേക്കു നന്ദി പറയുകയോ ചെയ്യുമ്പോൾ നമ്മുടെ പ്രാർഥന ദൈവത്തിനു സ്വീകാര്യമായോ എന്നോർത്തു വിഷമിക്കാറില്ല. നേരേമറിച്ച്‌ നമ്മുടെ യാചനകളുടെ ഫലം എന്തെന്ന്‌ അറിയാന്‍ നാം ആഗ്രഹിക്കുന്നു. നമ്മുടെ പ്രാർഥനയ്ക്കു പ്രേരകമായി നിലകൊള്ളുന്ന ദൈവ സങ്കല്‍പം എന്താണ്‌? നമുക്ക്‌ ഉപയോഗിക്കാവുന്ന ഒരുപകരണമെന്നോ, അതോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവെന്നോ?

“വേണ്ടതുപോലെ പ്രാർഥിക്കാൻ നമുക്കറിയില്ല” എന്ന ബോധ്യം നമുക്കുണ്ടോ? “നമുക്കു നല്ലതെന്തോ" അതുതന്നെയാണോ നാം ദൈവത്തോടു യാചിക്കുന്നത്‌? നാം ചോദിക്കുന്നതിനുമുൻപുതന്നെ നമ്മുടെ ആവശ്യം എന്തെന്നു നമ്മുടെ പിതാവിനറിയാം. എന്നിട്ടും അവിടുന്ന്‌ നമ്മുടെ യാചന പ്രതീക്ഷിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ മക്കളുടെ മാഹാത്മ്യം അടങ്ങിയിരിക്കുന്നത്‌ അവരുടെ സ്വാതന്ത്ര്യത്തിലാണ്‌. അവിടുന്ന്‌ ആഗ്രഹിക്കുന്നതെന്തെന്ന്‌ സത്യമായിട്ടറിയാൻ അവിടുത്തെ സ്വാതന്ത്ര്യത്തിൻ്റെ ആത്മാവോടൊപ്പം നാം പ്രാർഥിക്കണം.

ചോദിക്കാത്തതുകൊണ്ട്‌ നിങ്ങൾക്കു ലഭിക്കുന്നില്ല; “ചോദിച്ചിട്ടും നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൻ നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻവേണ്ടി നിങ്ങൾ തെറ്റായി ചോദിക്കുന്നതുകൊണ്ടാണ്‌." വിഭജിതമായ ഹൃദയത്തോടെ നാം ചോദിക്കുന്നെങ്കില്‍ നാം “അവിശ്വസ്തരാണ്‌.” ആ യാചന കേൾക്കാൻ  ദൈവത്തിനു സാധിക്കുകയില്ല. എന്തെന്നാല്‍, നമ്മുടെ നൻമയാണ്‌, നമ്മുടെ ജീവിതമാണ്‌ അവിടുന്ന്‌ അഭിലഷിക്കുന്നത്‌. “നമ്മിൻ അധിവസിക്കുന്ന ആത്മാവ്‌ അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വ്യഥാ ആണെന്നു നീ വിചാരിക്കുന്നുവോ?” നമ്മുടെ ദൈവം നമ്മെപ്പറ്റി അസുയാലു ആണെന്നതു നമ്മോടുള്ള അവിടുത്തെ സ്നേഹം എത്രയോ യഥാർഥമാണെന്നതിന്റെ തെളിവാണ്‌. അവിടുത്തെ ആത്മാവിൻ്റെ ആഗ്രഹത്തിലേക്കു നമുക്കു പ്രവേശിക്കാം, നാം ശ്രവിക്കപ്പെടും.

ദൈവത്തോടു നിങ്ങൾ യാചിക്കുന്നത്‌ ഉടനെ ലഭിക്കാത്തതിനെപ്പറ്റി അസ്വസ്ഥരാകരുത്‌, എന്തെന്നാൽ, നിങ്ങൾ പ്രാർഥനയിൽ ഉറച്ചുനിൽക്കുന്നിടത്തോളം കാലം അതിനെക്കാൾവലിയ കാര്യം നിങ്ങൾക്കു വേണ്ടി ചെയ്യാൻ  അവിടുന്നാഗ്രഹിക്കുന്നു.
നമ്മുടെ ആഗ്രഹം പ്രാർഥനകളിൽ പ്രകടിപ്പിക്കണമെന്നും അവിടുന്നു നമുക്കു നല്‍കാൻ ഒരുക്കിയിരിക്കുന്നതു സ്വീകരിക്കാൻ നാം സന്നദ്ധരാവണമെന്നും ദൈവം ആഗ്രഹിക്കുന്നു?

നമ്മുടെ പ്രാർഥന ഫലപ്രദമാകുന്നതെങ്ങനെ?

രക്ഷാകരപദ്ധതിയിൻ പ്രാർഥനയെപ്പറ്റിയുള്ള വെളിപാടു നമ്മെ പഠിപ്പിക്കുന്നൽ വിശ്വാസത്തിൻ്റെ അടിത്തറ ചരിത്രത്തിലെ ദൈവത്തിൻ്റെ പ്രവൃത്തിയാകുന്നുവെന്നാണ്‌. അവിടുത്തെ സർവോത്കൃഷ്ടമായ പ്രവർത്തനം - സ്വപുത്രൻ്റെ പീഡാസഹനവും ഉയിർത്തെഴുന്നേൽപ്പും - പുത്രസഹജമായ നമ്മുടെ ആശ്രയബോധത്തെ ഉദ്ദീപ്തമാക്കുന്നു. മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ പദ്ധതിയായ അവിടുത്തെ പരിപാലനയോടുള്ള സഹകരണമാണു ക്രൈസ്തവപ്രാർഥന.

വിശുദ്ധ പൗലോസിനെ സംബന്ധിച്ചിടത്തോളം ഈ ആശ്രയബോധം ധീരവും, പരിശുദ്ധാത്മാവു നമ്മിൽ നടത്തുന്ന പ്രാർഥനയിലും, തൻ്റെ ഏകജാതനെ നമുക്കുതന്ന പിതാവിൻ്റെ വിശ്വസ്തസ്നേഹത്തിലും അധിഷ്ഠിതവുമാണ്‌. പ്രാർഥിക്കുന്ന ഹൃദയത്തിൻ്റെ മാറ്റമാണു നമ്മുടെ യാചനയ്ക്കുള്ള ആദ്യത്തെ പ്രത്യുത്തരം.

യേശുവിൻ്റെ പ്രാർഥന ക്രിസ്തീയ പ്രാർഥനയെ ഫലപ്രദമാക്കുന്നു. അവിടുന്നാണ്‌ അതിൻ്റെ മാതൃക. നമ്മിലും നമ്മോടൊപ്പവും അവിടുന്നു പ്രാർഥിക്കുന്നു. പുത്രൻ്റെ ഹൃദയം പിതാവിനു പ്രിയങ്കരമായതുമാത്രം തേടുന്നു. അതിനാൽ ദത്തു പുത്രൻമാരുടെ പ്രാർഥന ദാതാവിനോടെന്നതിനെക്കാൾ ദാനങ്ങളോട് ഒട്ടിച്ചേരുന്നതെങ്ങനെ?

യേശു നമുക്കുവേണ്ടിയും നമ്മുടെ സ്ഥാനത്തുനിന്നും നമുക്കു പകരവും പ്രാർഥിക്കുന്നു. പിതാവു ശ്രവിച്ച ക്രൂശിതൻ്റെ നിലവിളിയിലും അവിടുത്തെ ഉത്ഥാനത്തിലും നമ്മുടെ യാചനകളെല്ലാം ഒരിക്കല്‍ എന്നേക്കുമായി സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. തന്നിമിത്തം പിതാവിന്‍പക്കൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നതിൽനിന്ന്‌ അവിടുന്ന്‌ ഒരിക്കലും വിരമിക്കുന്നില്ല. നമ്മുടെ പ്രാർഥന ആശ്രയബോധത്തിലും മക്കളുടെ മനോധൈര്യത്തിലും യേശുവിൻ്റെ പ്രാർഥനയുമായി ഗാഡബന്ധത്തിലാണെങ്കിൽ അവിടുത്തെ നാമത്തിൽ നാം ചോദിക്കുന്നതെല്ലാം- അതിലുമധികം-നമുക്കു ലഭിക്കുന്നു : എല്ലാ ദാനങ്ങളെയും ഉൾക്കൊള്ളുന്നവനായ പരിശുദ്ധാത്മാവിനെത്തന്നെ.

IV. സ്നേഹത്തിൽ നിലനില്ക്കുക

“ഇടവിടാതെ പ്രാർഥിക്കുവിന്‍ ... എല്ലാ കാര്യങ്ങളിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ പിതാവിന്‌ നന്ദി പ്രകാശിപ്പിക്കുവിന്‍.” “നിങ്ങൾ അപേക്ഷകളോടും യാചനകളോടുംകുടെ എല്ലാ സമയവും ആത്മാവിൽ പ്രാർഥനാ നിരതരായിരിക്കുവിൽ. എല്ലാ സന്ദർഭങ്ങളിലും ഉണർന്നിരുന്ന്‌ എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർഥിക്കുവിൻ". എന്തെന്നാൻ “നിരന്തരം അദ്ധ്വാനിക്കാനും ജാഗ്രതപുലർത്താനും ഉപവസിക്കാനുമല്ല നമുക്കു ലഭിച്ചിരിക്കുന്ന കല്പന, പിന്നെയോ ഇടമുറിയാതെ പ്രാർഥിക്കാനാണ്‌ നിയമം അനുശാസിക്കുന്നത്‌.” വിശ്രമരഹിതമായ ഇത്തരം ഉത്സാഹവായ്പു സ്നേഹത്തിൽനിന്നേ വരുകയുള്ളു. നമ്മുടെ വിരസതയ്ക്കും ആലസ്യത്തിനുമെതിരേ നാം നടത്തുന്ന പ്രാർഥനയുടെ പോരാട്ടം വിനീതവും വിശ്വസ്തവും നിരന്തരവുമായ സ്നേഹത്തിന്റെതാണ്‌. പ്രാർഥനയെ സംബന്ധിക്കുന്ന പ്രബുദ്ധവും ജീവദായകവുമായ മൂന്നു വസ്തുതകളിലേക്കാണ്‌ ഈ സ്നേഹം നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നത്‌.

പ്രാർഥിക്കുക എപ്പോഴും സാധ്യമാണ് : ഏതെല്ലാം കൊടുങ്കാറ്റുകൾ ഉയർന്നാലും “എല്ലാ നാളുകളിലും” നമ്മോടൊപ്പമുള്ള ഉത്ഥിതനായ ക്രിസ്തുവിൻ്റെ സമയമാണ്‌ ഓരോ ക്രൈസ്തവന്റെതും. നമ്മുടെ സമയം ദൈവത്തിൻ്റെ കരങ്ങളിലാണ്‌;

പൊതുസ്ഥലത്തുകുടെ നടക്കുമ്പോഴും ഒറ്റയ്ക്കു നടക്കുമ്പോഴും സ്വന്തം കടയിൽ ഇരുന്നു കച്ചവടം നടത്തുമ്പോഴും താഴേക്കും മുകളിലേക്കും ഓടുന്ന പരിചാരകൻ എന്ന നിലയിലും ഭക്ഷണം പാകം ചെയ്യുമ്പോഴും തീക്ഷ്ണമായ ഒരു പ്രാർഥന ഹൃദയത്തിൽനിന്ന്‌  ഉയർത്താൻ കഴിയും.

പ്രാർഥന ഒരു നിർണായക ആവശ്യമാണ്‌. ഇതിൻ്റെ വിപരീത പ്രസ്താവന ഒട്ടും കുറയാത്ത രീതിയിൽ ബോധ്യകരമാണ്‌. നമ്മെ നയിക്കാൻ ആത്മാവിനെ നാം അനുവദിക്കുന്നില്ലെങ്കിൽ നാം വീണ്ടും പാപത്തിൻ്റെ അടിമത്തത്തിൽ നിപതിക്കും. നമ്മുടെ ഹൃദയം ആത്മാവിൽ നിന്ന്‌ അകലെയാണെങ്കിൽ നമ്മുടെ ജീവനായിരിക്കാൻ അവിടുത്തേക്ക്‌ എങ്ങനെ കഴിയും?

പ്രാർഥനക്കുതുല്യമായി മറ്റാെന്നില്ല. എന്തെന്നാൽ അസാധ്യമായതിനെ അതു സാധ്യമാക്കുന്നു. ദുഷ്കരമായതിനെ എളുപ്പമാക്കുന്നു... തീക്ഷ്ണതയോടെ പ്രാർഥിക്കുകയും നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവൻ പാപത്തിൽ പതിക്കുക അസാധ്യമാണ്‌.
പ്രാർഥിക്കുന്നവർ തീർച്ചയായും രക്ഷിക്കപ്പെടും. പ്രാർഥിക്കാത്തവൻ, തീർച്ചയായും ശിക്ഷിക്കപ്പെടും.

പ്രാർഥനയും ക്രൈസ്തവജിവിതവും അവിഭാജ്യങ്ങളാണ്‌. കാരണം, അവ രണ്ടും ഒരേ സ്നേഹത്തെയും, സ്നേഹത്തില്‍നിന്നു പുറപ്പെടുന്ന ഒരേ ത്യാഗത്തെയും സംബന്ധിക്കുന്നതാണ്‌. പിതാവിൻ്റെ സ്നേഹപദ്ധതിയോടുള്ള പുത്ര സഹജവും സ്നേഹ നിർഭരവുമായ ഒരേ വിധേയത്വം, യേശുക്രിസ്തുവുമായി നമ്മെ കൂടുതൽ കൂടുതലായി അനുരൂപപ്പെടുത്തുന്ന പരിശുദ്ധാത്മാവുമായുള്ള പരിവർത്തനാത്മകമായ ഒരേ ഐക്യം, എല്ലാ മനുഷ്യരോടുമുള്ള ഒരേ സ്നേഹം, യേശുവിനു നമ്മോടുള്ള സ്‌നേഹം എന്നിവയെ സംബന്ധിച്ചുള്ളതാണ്‌. “നിങ്ങൾ എൻ്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നല്‍കും. ഞാൻ നിങ്ങളോടു കൽപിക്കുന്നു : നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.”

പ്രാർഥനയെ ജോലികളോടും സത്കൃത്യങ്ങളെ പ്രാർഥനയോടും ബന്ധപ്പെടുത്തുന്നവൻ “അവിരാമം പ്രാർഥിക്കുന്നു”. “ഇങ്ങനെ മാത്രമേ നിരന്തരം പ്രാർഥിക്കുക എന്ന  കൽപ്പനയെ സാക്ഷാത്കാരക്ഷമമെന്ന്‌ നമുക്ക്‌ അംഗീകരിക്കാവു."

വകുപ്പ്‌  3

യേശുവിൻ്റെ മണിക്കൂറിലെ പ്രാർഥന

“തൻ്റെ മണിക്കൂർ” സമാഗതമായപ്പോൾ യേശു പിതാവിനോടു പ്രാർഥിച്ചു. സുവിശേഷഗ്രന്ഥംവഴി നമുക്കു കൈവന്നിട്ടുള്ള ഏറ്റവും ദീർഘമായ ആ പ്രാർഥന സൃഷ്ടി, രക്ഷ, അവിടുത്തെ മരണം, ഉയിർത്തെഴുന്നേൽപ്പ്‌ എന്നിവയെ ഉൾക്കൊള്ളുന്ന ദൈവികപദ്ധതി മുഴുവനെയും ആശ്ശേഷിക്കുന്നു. സഭയുടെ ആരാധനക്രമത്തില്‍ പെസഹാ “ഒരിക്കൽ എന്നേക്കുമായി” നിലനിൽക്കുന്നതുപോലെ യേശുവിൻ്റെ മണിക്കൂറിലെ പ്രാർഥന അവിടുത്തേതായി എപ്പോഴും നിലനിൽക്കുന്നു.

ക്രൈസ്തവപാരമ്പര്യം ഈ പ്രാർഥനയെ യേശുവിൻ്റെ “പുരോഹിത” പ്രാർഥന എന്നു സകാരണം വിളിക്കുന്നു. നമ്മുടെ പ്രധാന പുരോഹിതൻ്റെ പ്രാർഥനയാണിത്‌. അവിടുത്തെ ബലിയർപ്പണത്തിൽനിന്ന്‌, അവിടുന്ന്‌ പൂർണമായി ആർക്കു സ്വയം പ്രതിഷ്ഠിച്ചുവോ ആ പിതാവിലേക്കുള്ള അവിടുത്തെ കടന്നുപോകലിൽ (പെസഹായിൽ) നിന്ന്‌ വേർപെടുത്താനാവാത്തതാണീ പ്രാർഥന.

പെസഹാപരവും ബലിപരവുമായ ഈ പ്രാർഥനയിലൂടെ എല്ലാറ്റിനെയും - ദൈവത്തെയും ലോകത്തെയും വചനത്തെയും ശരീരത്തെയും നിതൃജീവിതത്തെയും സമയത്തെയും സ്വയം നൽകുന്ന സ്നേഹത്തെയും സ്വയം ഒറ്റിക്കൊടുക്കുന്ന പാപത്തെയും സന്നിഹിതരായിരുന്ന ശിഷ്യൻമാരെയും അവരുടെ വചനംവഴി പിന്നീട് അവനിൽ വിശ്വസിക്കാനിരുന്നവരെയും, അപമാനത്തെയും മഹത്ത്വത്തെയും - ക്രിസ്തുവിൽ സമാഹരിച്ചിരിക്കുന്നു. ഇത്‌ ഐക്യത്തിൻ്റെ പ്രാർഥനയാണ്‌.

പിതാവിൻ്റെ ജോലി യേശു പൂർണമായും നിറവേറ്റി; അവിടുത്തെ പ്രാർഥന, അവിടുത്തെ ബലിയർപ്പണംപോലെ യുഗാന്തംവരെ വ്യാപിക്കുന്നു.അവിടുത്തെ മണിക്കൂറിലെ പ്രാർഥന അന്ത്യസമയങ്ങളെ നിറയ്ക്കുകയും അവയെ അവയുടെ പരമാന്തത്തിലെത്തിക്കുകയും ചെയ്യുന്നു. പിതാവു സമസ്തവും ആരെ ഭരമേൽപിച്ചുവോ ആ പുത്രനായ യേശു എല്ലാം പിതാവിനു സമർപ്പിക്കുകയും എല്ലാ ജഡത്തിൻ്റെയും മേൽ പിതാവു തനിക്കു നൽകിയിട്ടുള്ള ആധിപത്യംവഴി കൈവന്ന പരമമായ സ്വാതന്ത്യത്തോടെ സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്നു. തന്നെത്തന്നെ ദാസനാക്കിയ പുത്രന്‍ സർവാധിനാഥൻ ആയ കർത്താവാണ്‌. നമുക്കുവേണ്ടി പ്രാർഥിക്കുന്ന നമ്മുടെ പ്രധാനപുരോഹിതൻ തന്നെയാണു നമ്മിൽ പ്രാർഥിക്കുന്നവനും നമ്മുടെ പ്രാർഥന ശ്രവിക്കുന്ന ദൈവവും.

കർത്താവായ യേശുവിൻ്റെ പരിശുദ്ധ നാമത്തിലേക്കു പ്രവേശിച്ചുകൊണ്ട്‌ അവിടുന്നു പഠിപ്പിക്കുന്ന “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥന ആന്തരികമായി സ്വീകരിക്കാൻ നമുക്കു കഴിയും. യേശുവിൻ്റെ പുരോഹിതപ്രാർഥന, കർത്തൃപ്രാർഥനയുടെ മുഖ്യയാചനകളെ ആന്തരികമായി പ്രചോദിപ്പിക്കുന്നു; പിതാവിൻ്റെ നാമത്തെപ്രതിയുള്ള ഓത്സുക്യം;" അവിടുത്തെ രാജ്യത്തെ (മഹത്ത്വത്തെ) പ്രതിയുള്ള തീവ്രോത്സാഹം; പിതൃഹിതത്തിൻ്റെ, അവിടുത്തെ രക്ഷാകര പദ്ധതിയുടെ നിറവേറൻ; തിൻമയിൽ നിന്നുള്ള മോചനം.”

അവസാനമായി പിതാവിനെയും പുത്രനെയും സംബന്ധിച്ച അവിഭാജ്യമായ “അറിവ്‌” യേശു ഈ പ്രാർഥനയിൽ വെളിപ്പെടുത്തുകയും നമുക്കു പകർന്നുതരികയും ചെയ്യുന്നു. ഈ അറിവു പ്രാർഥനാജീവിതത്തിൻ്റെ രഹസ്യംതന്നെയാണ്‌.

സംഗ്രഹം

പ്രാർഥന ഒരു പരിശ്രമവും, നമുക്കുതന്നെ എതിരായും പ്രലോഭകൻ്റെ കുതന്ത്രങ്ങൾക്കെതിരായുമുള്ള ഒരു പോരാട്ടവും ആവശ്യപ്പെടുന്നു. ക്രിസ്തുവിൻ്റെ ആത്മാവിനനുസൃതമായി നിരന്തരം വ്യാപതിക്കുന്നതിനാവശ്യമായ “ആധ്യാത്മിക സമരത്തിൽ നിന്ന് വേർപെടുത്താനാവാത്തതാണ് പ്രാർഥനയുടെ പോരാട്ടം. ഒരുവൻ ജീവിക്കുന്നതു പോലെ പ്രാർഥിക്കുന്നു. കാരണം, അവൻ പ്രാർഥിക്കുന്നതുപോലെ ജീവിക്കുന്നു.

പ്രാർഥനയുടെ പോരാട്ടത്തില്‍ പ്രാർഥനയെപ്പറ്റിയുള്ള തെറ്റായ സങ്കല്‍പങ്ങളെയും വിഭിന്നചിന്താഗതികളെയും നമ്മുടെതന്നെ പരാജയാനുഭവത്തെയും നാം നേരിടേണ്ടതുണ്ട്‌. പ്രാർഥനയുടെ പ്രയോജനത്തെപ്പറ്റി, സാധ്യതയെപ്പറ്റിപ്പോലും, സന്ദേഹം ഉണര്‍ത്തുന്ന ഈ പ്രലോഭനങ്ങൾക്കെതിരേ വിനയത്തോടും ആശ്രയബോധത്തോടും സ്ഥിരോത്സാഹത്തോടുകൂടെ നാം പ്രതികരിക്കണം.

പ്രാർഥിക്കുന്നതിലെ മുഖ്യവൈഷമ്യങ്ങൾ പലവിചാരവും ആധ്യാത്മിക വരൾച്ചയുമാണ്‌. അവയ്ക്കുള്ള പ്രതിവിധി വിശ്വാസവും മാനസാന്തരവും ഹൃദയത്തിൻ്റെ ജാഗ്രതയുമാണ്.

കൂടെക്കൂടെ വരുന്ന രണ്ടു പ്രലോഭനങ്ങൾ പ്രാർഥനയ്ക്കു ഭീഷണിയാവുന്നു; വിശ്വാസക്കുറവും ആത്മീയമാന്ദ്യവും. തപശ്ചര്യകളിലുള്ള അയവിൽ നിന്നുവരുന്നതും നിരുത്സാഹജനകവുമായ ഒരുതരം വിഷാദരോഗമാണു മേൽപറഞ്ഞ ആത്മീയമാന്ദ്യം.

നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കപ്പെടുന്നില്ലെന്നു തോന്നുമ്പോൾ പുത്രസഹജമായ നമ്മുടെ ആശ്രയ ബോധം പരീക്ഷിക്കപ്പെടുന്നു. പരിശുദ്ധാത്മാവിൻ്റെ ഇംഗിതവുമായി പൊരുത്തപ്പെടുന്നതാണോ നമ്മുടെ പ്രാർഥന എന്നു സ്വയം ചോദിക്കാന്‍ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

“നിരന്തരം പ്രാർഥിക്കുക” (1 Th 5:17). പ്രാർഥിക്കുക എപ്പോഴും സാധ്യമാണ്‌. ഒരു നിർണായക ആവശ്യവുമാണത്‌. പ്രാർഥനയും ക്രൈസ്തവജീവിതവും അവിഭാജ്യങ്ങളാണ്‌.

“പുരോഹിത പ്രാർഥന” എന്നു സകാരണം വിളിക്കപ്പെടുന്ന യേശുവിൻ്റെ മണിക്കൂറിലെ പ്രാർഥന സൃഷ്ടിയുടെയും ദൈവികപദ്ധതി മുഴുവൻ്റെയും രത്നച്ചുരുക്കമാണ്‌. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥനയിലെ മുഖ്യയാചനകളെ അതു പ്രചോദിപ്പിക്കുന്നു.

പ്രാർഥനയാകുന്ന പോരാട്ടം പ്രാർഥനയ്ക്കുള്ള പ്രതിബന്ധങ്ങൾ വിനീതമായ ഹൃദയ ജാഗ്രത പ്രാർഥനയിലെ വൈഷമ്യങ്ങൾക്കു മുമ്പിൽ പ്രാർഥനയിലെ പ്രലോഭനങ്ങൾക്കു മുമ്പിൽ ശ്രവിക്കപ്പെടുന്നില്ലെന്നു നാം പരാതിപ്പെടുന്നതെന്തുകൊണ്ട്‌? നമ്മുടെ പ്രാർഥന ഫലപ്രദമാകുന്നതെങ്ങനെ? സ്നേഹത്തിൽ നിലനില്‍ക്കുക യേശുവിൻ്റെ മണിക്കൂറിലെ പ്രാർഥന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message