We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 20-Jul-2022
വകുപ്പ് 6
ആറാം കൽപന
I. “പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു...”
“ദൈവം സ്നേഹമാകുന്നു; അവിടുന്നു തന്നിൽത്തന്നെ വ്യക്തിപരമായ ഒരു സ്നേഹസംസർഗത്തിന്റെ രഹസ്യത്തിൽ ജീവിക്കുകയും ചെയ്യുന്നു. പുരുഷന്റെയും സ്ത്രീയുടെയും മനുഷ്യസ്വഭാവത്തെ തന്റെ ഛായയിൽ സൃഷ്ടിച്ചുകൊണ്ട് ദൈവം അവരിൽ സ്‌നേഹത്തിന്റെയും സംസർഗത്തിന്റെയും വിളിയും അതിനുള്ള കഴിവും ഉത്തരവാദിത്വവും ഉല്ലേഖനം ചെയ്തു.”
“ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു... പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ചുകൊണ്ട് അവിടുന്നു പറഞ്ഞു. “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ." ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, അവിടുന്ന് അവനെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു. പുരുഷനും സ്ത്രീയുമായി അവിടുന്ന് അവരെ സൃഷ്ടിക്കുകയും, അവരെ അനുഗ്രഹിക്കുകയും അവർ സൃഷ്ടിക്കപ്പെട്ട നാളിൽ മനുഷ്യൻ എന്ന് അവരെ പേരു വിളിക്കുകയും ചെയ്തു.
ശരീരത്തിന്റെയും ആത്മാവിന്റെയും ഐക്യത്തിലുള്ള മനുഷ്യവ്യക്തിയുടെ എല്ലാ തലങ്ങളെയും ലൈംഗികത സ്വാധീനിക്കുന്നു. സവിശേഷമായി അതു സ്നേഹിക്കാനും സന്താനങ്ങളെ ജനിപ്പിക്കാനുമുള്ള വൈകാരിക കഴിവിനോടും കൂടുതൽ പൊതുവായി മറ്റുള്ളവരോടു സംസർഗബന്ധങ്ങൾ സ്ഥാപിക്കാനുള്ള അഭിരുചിയോടും ബന്ധപ്പെട്ടിരിക്കുന്നു.
ഏതൊരാളും, പുരുഷനും സ്ത്രീയും, തന്റെ ലൈംഗിക തനിമയെ അംഗീകരിക്കുകയും സ്വീകരിക്കുകയും വേണം. ശാരീരികവും ധാർമികവും ആത്മീയവുമായ വ്യത്യാസവും പരസ്പരപുരകത്വവും ഉന്നംവയ്ക്കുന്നത് വിവാഹത്തിന്റെ നൻമയും കുടുംബജീവിതത്തിന്റെ ഉത്കർഷവുമാണ്. സ്ത്രീപുരുഷൻമാർ തമ്മിലുള്ള പൂരകത്വവും അവരുടെ പരസ്പരാവശ്യങ്ങളും അന്യോന്യസഹായവും എപ്രകാരം ജീവിതത്തിൽ യാഥാർഥ്യമാക്കപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാര്യാഭർത്താക്കൻമാരുടെയും, ഭാഗികമായി സമൂഹത്തിന്റെയും, ഒരുമ.
“മനുഷ്യരെ “പുരുഷനും സ്ത്രീയുമായി” സൃഷ്ടിച്ചുകൊണ്ടു ദൈവം പുരുഷനും സ്ത്രീക്കും, തുല്യവ്യക്തിമാഹാത്മ്യം നൽകിയിരിക്കുന്നു.” “മനുഷ്യൻ ഒരു വ്യക്തിയാണ്, പുരുഷനും സ്ത്രീയും ഒരുപോലെ. കാരണം, ഇരുവരും വ്യക്തിയായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വ്യത്യസ്തവിധത്തിലാണെങ്കിലും, ഇരുവർഗവും, തുല്യമഹത്ത്വത്തോടുകൂടി, ദൈവത്തിന്റെ ശക്തിയുടെയും വാത്സലൃത്തിന്റെയും പ്രതിബിംബമാണ്. സ്ത്രീ പുരുഷന്മാരുടെ ദാമ്പത്യസ്സംയോഗം സ്രഷ്ടാവിന്റെ ഔദാര്യത്തിന്റെയും ഫലദായകത്വത്തിന്റെയും ശരീരത്തിലുള്ള ഒരനുകരണമാണ്: “അതിനാൽ, പുരുഷൻ തന്റെ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരുകയും, അവർ ഏക ശരീരമായിത്തീരുകയും ചെയ്യുന്നു." എല്ലാ മനുഷ്യ തലമുറകളും ഈ സംയോഗത്തിൽനിന്ന് ഉദ്ഭവിക്കുന്നു.
സൃഷ്ടിയെ അതിന്റെ ആദിമ നൈർമല്യത്തിൽ പുന:സ്ഥാപിക്കുവാനാണ് യേശു വന്നത്. മലയിലെ പ്രസംഗത്തിൽ ദൈവത്തിന്റെ പദ്ധതി അവിടുന്നു കർശനമായി വ്യാഖ്യാനിക്കുന്നു; “വ്യഭിചാരം ചെയ്യരുതെന്നു കൽപിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു.” ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.
ആറാം പ്രമാണം മനുഷ്യലൈംഗികതയെ മൊത്തം ഉൾക്കൊള്ളുന്നതായാണു സഭാപാരമ്പര്യം മനസ്സിലാക്കുന്നത്.
II. ശുദ്ധതയിലേക്കുള്ള വിളി
വ്യക്തിയിൽ ലൈംഗികതയുടെ ഉദ്ദിഷ്ഠ ഉദ്ഗ്രഥനവും തദ്വാരാ ശാരീരികവും ആത്മീയവുമായ തലത്തിലുള്ള മനുഷ്യന്റെ ആന്തരികൈക്യവുമാണ് ശുദ്ധത അർഥമാക്കുന്നത്. ശാരീരികവും ജീവശാസ്ത്രപരവുമായ ലോകത്തോടുള്ള മനുഷ്യന്റെ ബന്ധം പ്രകടമാക്കുന്ന ലൈംഗികത, പുരുഷന്റെയും സ്ത്രീയുടെയും പൂർണവും ആയുഷ്കാലം നീണ്ടുനിൽക്കുന്നതുമായ ഉഭയദാനത്തിലൂടെ, വ്യക്തിക്ക് വ്യക്തിയോടുള്ള ബന്ധത്തിൽ ഉൾച്ചേർക്കപ്പെടുമ്പോൾ അതു വ്യക്തിപരവും യഥാർഥത്തിൽ മാനുഷികവുമാകുന്നു.
അതിനാൽ ശുദ്ധതയെന്ന സുകൃതം വ്യക്തിയുടെ സമഗ്രതയും ദാനത്തിന്റെ പൂർണതയും ഉൾക്കൊള്ളുന്നു.
വ്യക്തിയുടെ സമഗ്രത
ശുദ്ധതയുള്ള വ്യക്തി തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ജീവന്റെയും സ്നേഹത്തിന്റെയും കഴിവുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നു. ഈ സമഗ്രത വ്യക്തിത്വത്തിന്റെ ഐക്യം കാത്തുസുക്ഷിക്കുകയും അതിനെ മുറിപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയെയും ചെറുക്കുകയും ചെയ്യുന്നു. ദ്വിവിധ ജീവിതവും ദ്വിവിധ സംഭാഷണവും അതു സഹിക്കുകയുമില്ല.
ശുദ്ധതയിൽ സ്വയം നിയന്ത്രണത്തിനുള്ള പരിശീലനം, അതായത് മനുഷ്യസ്വാതന്ത്ര്യത്തിലുള്ള ശിക്ഷണം ഉൾപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് വ്യക്തമാണ്: ഒന്നുകിൽ മനുഷ്യൻ തന്റെ വികാരങ്ങളെ നിയന്ത്രിക്കുകയൂം സമാധാനം നേടുകയും ചെയ്യുന്നു; അല്ലെങ്കിൽ അവയാൽ അടിമത്തത്തിലേക്കു നയിക്കപ്പെടാൻ അനുവദിക്കുകയും ദുരിതപൂർണനാകുകയും ചെയ്യുന്നു. ”അന്ധമായ ഉൾപ്രേരണകൾക്കും ബാഹ്യമായ സമ്മർദങ്ങൾക്കും വിധേയനാകാതെ, വൃക്തിപരമായ ആന്തരിക പ്രചോദനത്താൽ നയിക്കപ്പെട്ട്, ബോധപൂർവകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പനുസരിച്ചു പ്രവർത്തിക്കാൻ മനുഷ്യന്റെ മാഹാത്മ്യം ആവശ്യപ്പെടുന്നു. വികാരങ്ങളുടെ എല്ലാ അടിമത്തത്തിൽനിന്നും മോചിതനായി, സ്വാതന്ത്ര്യത്തോടെ നൻമ തെരഞ്ഞെടുത്തുകൊണ്ടു തന്റെ ലക്ഷ്യം പിന്തുടരുകയും, അതിനു യോജിച്ച മാർഗങ്ങൾ ഫലപ്രദമായും പാടവപൂർവമായ ഉത്സാഹത്തോടെയും സ്വായത്തമാക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ തന്റെ മാഹാത്മ്യം നേടുന്നു.”
ജ്ഞാനസ്നാന പ്രതിജ്ഞകളോടു വിശ്വസ്തത പാലിക്കുവാനും പ്രലോഭനങ്ങളെ ചെറുക്കുവാനും ആഗ്രഹിക്കുന്നവൻ അപ്രകാരം ചെയ്യാൻവേണ്ടി ആത്മജ്ഞാനം, തന്റെ സാഹചര്യങ്ങൾക്കു ചേർന്ന തപശ്ചര്യ, ദൈവകൽപനകളുടെ അനുസരണം, ധാർമിക സുകൃതങ്ങളുടെ അഭ്യസനം, പ്രാർഥനയിലുള്ള വിശ്വസ്തത എന്നീ മാർഗങ്ങൾ അവലംബിക്കും. “പലതായി ചിതറിപ്പോയ നാം ഒരുമിച്ചു കൂട്ടപ്പെടുന്നതും ഐക്യത്തിലേക്കു വീണ്ടും നയിക്കപ്പെടുന്നതും ശുദ്ധതയിലൂടെയാണ്."
ശുദ്ധത എന്ന സുകൃതം മൗലിക ധാർമിക സുകൃതമായ സംയമനത്തെ ആശ്രയിച്ചിരിക്കുന്നു; ഇതാകട്ടെ, മനുഷ്യന്റെ ഇന്ദ്രിയതലത്തിലെ വികാരങ്ങളെയും ആസക്തികളെയും യുക്തികൊണ്ടു നിറയ്ക്കുന്നു.
ആത്മനിയന്ത്രണം ദീർഘവും ബുദ്ധിമുട്ടുള്ളതുമായ പ്രവൃത്തി ആണ്. അത് ഒരിക്കൽ എന്നേക്കുമായി നേടിയെന്ന് ആർക്കും വിചാരിക്കാനാവില്ല. അതിനു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആവർത്തിച്ചുള്ള പരിശ്രമം ആവശ്യമാണ്. ചില കാലഘട്ടങ്ങളിൽ തീവ്രമായ പരിശ്രമം ആവശ്യമായി വരും; ഉദാ: വ്യക്തിത്വം രൂപവത്കരിക്കപ്പെടുന്ന ബാല്യകൗമാരഘട്ടങ്ങളിൽ.
ശുദ്ധതയ്ക്കു വളർച്ചയുടെ നിയമങ്ങൾ ഉണ്ട്; അപൂർണതയുടെയും പലപ്പോഴും പാപത്തിന്റെയും മുദ്രപേറുന്ന ഘട്ടങ്ങളിലൂടെയാണ് അതു വളരുന്നത്. ശുദ്ധതയുള്ളവനും സുകൃതോത്സുകനുമായ മനുഷ്യൻ അനുദിനം അവന്റെ സ്വതന്ത്രമായ പല തിരുമാനങ്ങളിലൂടെ തന്നെത്തന്നെ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്; "അങ്ങനെ വളർച്ചയുടെ ഘട്ടങ്ങളിലൂടെ അവൻ ധാർമിക നൻമയെ അറിയുകയും സ്നേഹിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു."
വളരെ വ്യക്തിപരമായ ഒരു യത്നമാണ് ശുദ്ധത സൂചിപ്പിക്കുന്നത്; ഒരു സാംസ്കാരിക മുന്നേറ്റവും അതിന് ആവശ്യമാണ്; കാരണം, “വ്യക്തിയുടെ ഉന്നതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്." മനുഷ്യവ്യക്തിയുടെ അവകാശങ്ങളോട്, പ്രത്യേകിച്ച് അറിവും മനുഷ്യജീവിതത്തിന്റെ ധാർമികവും ആത്മീയവുമായ തലങ്ങളെ മാനിക്കുന്ന വിദ്യാഭ്യാസവും സ്വീകരിക്കാനുള്ള അവകാശത്തോടു പുലർത്തുന്ന ആദരവു ശുദ്ധതയ്ക്ക് ആവശ്യമാണ്.
ശുദ്ധത ഒരു ധാർമിക സുകൃതമാണ്. അതൊരു ദൈവികദാനമാണ് കൃപാവരമാണ്, ആത്മീയ പ്രയത്നത്തിന്റെ ഫലവുമാണ്. മാമ്മോദീസാജലം പുനർജൻമം നൽകിയവനു ക്രിസ്തുവിന്റെ പരിശുദ്ധി അനുകരിക്കുവാൻ പരിശുദ്ധാത്മാവു വരം നൽകുന്നു.
ആത്മദാനത്തിന്റെ പൂർണത
എല്ലാ സുകൃതങ്ങളുടെയും രൂപമാണ് ഉപവി. അതിന്റെ പ്രേരണയാൽ, ശുദ്ധത വ്യക്തിപരമായ ദാനത്തിന്റെ പാഠശാലയായിത്തീരുന്നു. ആത്മനിയന്ത്രണം ആത്മദാനത്തിലേക്കു നയിക്കുന്നു. ശുദ്ധത പാലിക്കുന്നവൻ അപരന് ദൈവത്തിന്റെ വിശ്വസ്തതയുടെയും ആർദ്രതയുടെയും സാക്ഷിയാകുന്നു.
ശുദ്ധതയെന്ന പുണ്യം സുഹൃത്‌ബന്ധത്തിൽ പൂവണിയുന്നു. നമ്മെ തന്റെ സ്‌നേഹിതരായി തിരഞ്ഞെടുക്കുകയും നമുക്കുവേണ്ടി പൂർണമായി സ്വയം നൽകുകയും തന്റെ ദൈവികതയിൽ പങ്കാളികളാകാൻ നമ്മെ അനുവദിക്കുകയും ചെയ്തവനെ എപ്രകാരം അനുഗമിക്കുകയും അനുകരിക്കുകയും ചെയ്യണമെന്ന് അതു ശിഷ്യനു കാണിച്ചുകൊടുക്കുന്നു. ശുദ്ധത അമർത്യതയുടെ വാഗ്ദാനമാണ്.
ശുദ്ധത ശ്രദ്ധാർഹമായി പ്രകടമാകുന്നത് അയൽക്കാരനോടുള്ള സുഹൃദ്ബന്ധത്തിലാണ്. ഒരേ വർഗത്തിൽപ്പെട്ട വ്യക്തികൾ തമ്മിലോ വിഭിന്നവർഗത്തിൽപ്പെട്ടവർ തമ്മിലോ ആയിക്കൊള്ളട്ടെ സുഹൃദ്ബന്ധം എല്ലാവരെ സംബന്ധിച്ചും ഒരു വലിയ നൻമയാണ്. അത് ആത്മീയ സംസർഗത്തിലേക്കു നയിക്കുന്നു.
ശുദ്ധതയുടെ വിവിധ രീതികൾ
മാമ്മോദീസ സ്വീകരിച്ച എല്ലാവരും ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവൻ എല്ലാ ശുദ്ധതയുടെയും മാതൃകയായ “ക്രിസ്തുവിനെയാണു ധരിച്ചിരിക്കുന്നത്." തങ്ങളുടെ പ്രത്യേകമായ ജീവിതാവസ്ഥക്കു യോജിച്ച നിർമല ജീവിതം നയിക്കുവാൻ എല്ലാ ക്രൈസ്തവ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നു. തന്റെ വൈകാരിക ജീവിതം നിർമലമായി നയിച്ചുകൊള്ളാമെന്നു ജ്ഞാനസ്നാന വേളയിൽ ക്രൈസ്തവൻ വാഗ്ദാനം ചെയ്യുന്നു.
"തങ്ങളുടെ ജീവിതാവസ്ഥയ്ക്കു ചേർന്നവിധം മനുഷ്യർ ശുദ്ധത പാലിക്കേണ്ടതാണ്. ചിലർ അവിഭക്തഹൃദയത്തോടെ മഹനീയമാംവിധം ദൈവത്തിനുമാത്രം തങ്ങളെ നൽകുവാൻ പ്രാപ്തരാക്കുന്ന കന്യാത്വം അഥവാ സമർപ്പിതബ്രഹ്മചര്യം ആശ്ശേഷിക്കുന്നു. മറ്റുളളവരാകട്ടെ, വിവാഹിതരായാലും അവിവാഹിതരായാലും, ധാർമിക നിയമത്തിന്റെ പൊതുവായ അനുശാസനകളനുസരിച്ചു ജീവിക്കുന്നു." വിവാഹിതർ ദാമ്പതൃശുദ്ധത പാലിക്കാൻ കടപ്പെട്ടിരിക്കുന്നു; മറ്റുള്ളവരാകട്ടെ വിരക്തിയിൽ ശൂദ്ധത പാലിക്കുന്നു;
വിവാഹവാഗ്ദാനം നടത്തിയവരും വിരക്തിയിലൂടെ ശുദ്ധത പാലിക്കേണ്ടതാണ്. പരസ്പരബഹുമാനം കണ്ടെത്തുന്നതിനും വിശ്വസ്തത അഭ്യസിക്കുന്നതിനും ദൈവത്തിൽനിന്ന് അന്യോന്യം ദാനമായി സ്വീകരിക്കുന്നതിനായി പ്രതീക്ഷയോടെയിരിക്കുന്നതിനും പരീക്ഷണത്തിന്റെ ഈ കാലഘട്ടത്തിൽ അവർക്കുകഴിയണം. ദാമ്പത്യ സ്നേഹത്തിന്റെതായ വികാരപ്രകടനങ്ങൾ വിവാഹജീവിതത്തിലേക്കു മാറ്റി വയ്‌ക്കേണ്ടതാണ്. ശുദ്ധതയിൽ വളരാൻ അവർ പരസ്പരം സഹായിക്കുകയും വേണം.
ശുദ്ധതയ്ക്കെതിരായ തെറ്റുകൾ
ലൈംഗികസുഖത്തിനുവേണ്ടിയുള്ള അമിതമായ ആഗ്രഹമോ അല്ലെങ്കിൽ അതിന്റെ അനിയന്ത്രിതമായ ആസ്വാദനമോ ആണു വിഷയാസക്തി. ലൈംഗിക സുഖത്തെ അതിന്റെ ലക്ഷ്യങ്ങളായ പ്രജനനത്തിൽനിന്നും സ്നേഹത്തിൽനിന്നും വേർതിരിച്ചു സന്തോഷത്തിനുവേണ്ടി മാത്രം തേടുമ്പോൾ അതു ധാർമികമായി ക്രമം തെറ്റിയതാകുന്നു.
ലൈംഗികസുഖം ലഭിക്കുന്നതിനുവേണ്ടി ജനനേന്ദ്രിയങ്ങളെ മന:പൂർവം ഉദ്ദീപിക്കുന്നതിനാണു സ്വയംഭോഗം എന്നുപറയുന്നത്. “സ്വയംഭോഗം അതിൽത്തന്നെ ഗൗരവപൂർണമായി ക്രമംതെറ്റിയ ഒരു പ്രവൃത്തിയാണെന്ന് സഭയുടെ നിരന്തരവും പരമ്പരാഗതവുമായ പ്രബോധനവും വിശ്വാസികളുടെ ധാർമികബോധവും അസന്ദിഗ്ധമായും ഉറപ്പായും സമർഥിച്ചിട്ടുണ്ട്." “ഏതു കാരണത്താലായാലും വിവാഹത്തിനു വെളിയിൽ ലൈംഗികകഴിവിനെ മന:പൂർവം ഉപയോഗിക്കുന്നതു സത്താപരമായി അതിന്റെ ലക്ഷ്യത്തിനു വിരുദ്ധമാണ്. കാരണം, ധാർമികത ആവശ്യപ്പെടുന്നതും, പരസ്പരദാനത്തിന്റെ പൂർണമായ അർഥവും യഥാർഥ സ്നേഹത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രജനനവും സാക്ഷാത്കരിക്കാൻ ആവശ്യകവുമായ ലൈംഗിക ബന്ധത്തിന്" പുറത്താണ് ഈ ലൈംഗികസുഖം തേടൽ.
വ്യക്തിയുടെ ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ചു ശരിയായ വിധിത്തീർപ്പു നടത്തുന്നതിനും അജപാലനപരമായ നിർദേശം നൽകുന്നതിനും ഒരുവന്റെ ധാർമികാപരാധത്തെ ലഘൂകരിക്കുകയോ, ഒരുപക്ഷേ നിസ്സാരമാക്കുകയോ ചെയ്യുന്ന വൈകാരിക അപക്വത, തഴക്കത്തിന്റെ ശക്തി, ആശങ്കകൾ അല്ലെങ്കിൽ മറ്റു മാനസിക സാമൂഹിക ഘടകങ്ങൾ എന്നിവയെ കണക്കിലെടുക്കേണ്ടതാണ്.
അവിവാഹിതരായ സ്ത്രീ പുരുഷൻമാർ തമ്മിലുള്ള ലൈംഗികബന്ധമാണ് അവിവാഹിതവേഴ്ച . അതു വ്യക്തികളുടെ മാഹാത്മ്യത്തിനും സ്വാഭാവികമായി ദമ്പതികളുടെ നൻമയെയും സന്താനോത്പാദനം, സന്താനങ്ങളുടെ വിദ്യാഭ്യാസം എന്നിവയെയും ലക്ഷ്യമാക്കിയിരിക്കുന്ന ലൈംഗികതയുടെ മഹനീയതയ്ക്കും വിരുദ്ധമാണ്. കൂടാതെ, ചെറുപ്പക്കാരുടെ അധഃപതനത്തിന് ഇടയാകുമ്പോൾ അതു വലിയ ഉതപ്പും ആയിത്തീരുന്നു.
യഥാർഥമോ ഭാവനാസൃഷ്ടിയോ ആയ ലൈംഗികക്രിയകളെ അവയുടെ പങ്കാളികളുടെ സ്വകാര്യതയിൽനിന്ന് വേർപെടുത്തി മറ്റുള്ളവരുടെ മുൻപിൽ മനഃപൂർവം പ്രദർശിപ്പിക്കുന്നതാണ് “അശ്ലീലകല”. ദമ്പതികളുടെ ഏറ്റം രഹസ്യമായ പരസ്പരദാനത്തിന്റെ പ്രകടനമായ ദാമ്പത്യപ്രവൃത്തിയെ വികലമാക്കുന്നതിനാൽ അതു ശുദ്ധതയുടെ ഭഞ്ജനമാണ്. അതിൽ പങ്കെടുക്കുന്നവരുടെ (നടീനടൻമാർ, വിൽപനക്കാർ, കാഴ്ചക്കാർ) മാഹാത്മ്യത്തെയും അതു വൃണപ്പെടുത്തുന്നു; കാരണം, ഓരോരുത്തരും മറ്റുള്ളവർക്ക് അധമമായ സന്തോഷവും അന്യായമായ ലാഭവും പ്രദാനം ചെയ്യുന്ന ഒരു വസ്തുവായിത്തീരുന്നു. ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും അത് ഒരു ഭാവനാലോകത്തിന്റെ മായാദർശനത്തിൽ ആഴ്ത്തിക്കളയുന്നു. അതു ഗൗരവ പൂർണമായ ഒരു തെറ്റാണ്. അശ്ലീല വസ്തുക്കളുടെ ഉത്പാദനവും വിതരണവും ഭരണാധികാരികൾ തടയേണ്ടതാണ്
വേശ്യാവൃത്തി അതിലേർപ്പെടുന്ന വൃക്തിയുടെ മാഹാത്മ്യത്തെ ക്ഷതപ്പെടുത്തുന്നു; കാരണം, അത് വ്യക്തിയെ ലൈംഗികസുഖത്തിനുള്ള ഒരുപകരണമായി തരംതാഴ്ത്തുന്നു. പണം നൽകുന്നയാൾ തനിക്കെതിരായിത്തന്നെ ഗൗരവാവഹമായ പാപം ചെയുന്നു; ജ്ഞാനസ്‌നാനത്തിൽ അയാൾ വാഗ്ദാനം ചെയ്ത വിശുദ്ധിയെ ഭഞ്ജിക്കുകയും, പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തെ മലിനമാക്കുകയും ചെയ്യുന്നു. വേശ്യാവൃത്തി ഒരു സാമൂഹ്യ പീഡയാണ്. പൊതുവേ സ്ത്രീകളെയാണ് ഇതു ബാധിക്കുന്നതെങ്കിലും പുരുഷൻമാരും കുട്ടികളും കൗമാര പ്രായക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. (അവസാനത്തെ രണ്ടുവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഉതപ്പിന്റെ പാപംകൂടിയുണ്ട്). വേശ്യാവൃത്തിയിൽ ഏർപ്പെടുക എന്നത് എപ്പോഴും ഗൗരവപൂർണമായ പാപമാണെങ്കിലും, ദാരിദ്യം, ഭീഷണി, സാമൂഹിക സമ്മർദം എന്നിവ അതിന്റെ ധാർമികാപരാധത്തെ മയപ്പെടുത്താം.
ബലപ്രയോഗത്തിലൂടെ മറ്റൊരാളുടെ ലൈംഗികസ്വകീയതയെ ഭഞ്ജിക്കുന്നതാണു ബലാൽസംഗം. അതു നീതിയുടെയും സ്നേഹത്തിന്റെയും ലംഘനമാണ്. ഏതൊരു വ്യക്തിക്കും അവകാശപ്പെട്ടിരിക്കുന്ന ആദരവ്, സ്വാതന്ത്യം, ശാരീരിക-ധാർമിക സമഗ്രത എന്നിവയെ ബലാൽസംഗം ആഴത്തിൽ വ്രണപ്പെടുത്തുന്നു. അത് അതിനു ബലിയാടായിത്തീരുന്ന വ്യക്തിയിൽ ആജീവനാന്തം നീണ്ടുനിൽക്കാവുന്ന ആഘാതമേൽപ്പിക്കുന്നു. സ്വഭാവത്താൽത്തന്നെ അത് എപ്പോഴും തിൻമയാണ്. അടുത്ത ബന്ധുക്കൾ കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും (incest) വിദ്യാഭ്യാസപ്രവർത്തകർ തങ്ങളുടെ ചുമതലയിലുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നതും കൂടുതൽ ഗൗരവാവഹമാണ്.
ശുദ്ധതയും സ്വവർഗഭോഗവും
സ്വവർഗത്തിൽപ്പെട്ട ആളുകളോടു മാത്രമുള്ള അല്ലെങ്കിൽ പ്രബലമായ ലൈംഗികാകർഷണം അനുഭവപ്പെടുന്ന പുരുഷൻമാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധമാണു സ്വവർഗഭോഗം. നുറ്റാണ്ടുകളിലൂടെ വ്യത്യസ്തസംസ്കാരങ്ങളിൽ വളരെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്ക്കുന്നു. അവയെ തികഞ്ഞ ധാർമികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ, പാരമ്പര്യം എപ്പോഴും “സ്വവർഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽത്തന്നെ ക്രമരഹിതമാണ്" എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗികപ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപുരകത്വത്തിൽനിന്നു പുറപ്പെടുന്നവയാണ്. യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാൻ സാധ്യമല്ല.
രൂഢമൂലമായ സ്വവർഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷൻമാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരിൽ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭുതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവർക്കെതിരേ അന്യായമായ വിവേചനത്തിന്റെ സൂചനകൾ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തന്റെ ഇഷ്ടം നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നു; കൂടാതെ, ക്രിസ്ത്യാനികളെങ്കിൽ, തങ്ങളുടെ അവസ്ഥയിൽ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കർത്താവിൻെറ കുരിശിലെ ബലിയോടു ചേർക്കുവാനും അവർ വിളിക്കപ്പെട്ടിരിക്കുന്നു.
സ്വവർഗഭോഗപ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോൾ സ്വാർഥരഹിതമായ സുഹൃദ്ബന്ധത്തിന്റെ സഹായത്താലും പ്രാർഥനയുടെയും കൗദാശിക കൃപാവരത്തിന്റെയും ശക്തിയാലും അവർക്കു ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണത പ്രാപിക്കാൻ സാധിക്കുന്നതാണ്, സാധിക്കേണ്ടതാണ്.
III. ഭാര്യാഭർത്തൃസ്നേഹം
പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യസ്നേഹത്തെയാണു ലൈംഗികത ഉന്നംവയ്ക്കുന്നത്. വിവാഹത്തിൽ ദമ്പതികൾ തമ്മിലുള്ള ശാരീരികമായ ദൃഢബന്ധം ആത്മീയ ഐക്യത്തിന്റെ അടയാളവും അച്ചാരവുമായിത്തീരുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചവർ തമ്മിലുള്ള വിവാഹബന്ധങ്ങൾ കൂദാശയാൽ വിശുദ്ധീകരിക്കപ്പെടുന്നു.
“ദമ്പതികളുടേതു മാത്രമായ പ്രത്യേക പ്രവൃത്തികളിലൂടെ സ്ത്രീയും പുരുഷനും പരസ്പരം നൽകുന്നതിനുള്ള മാധ്യമമായ ലൈംഗികത വെറും ജീവശാസ്ത്രപരമായ എന്തോ ഒന്നല്ല, പിന്നെയോ, മനുഷ്യവ്യക്തിയെ അവന്റെ അന്ത:സത്തയല്ലെന്നപോലെ സ്പർശിക്കുന്നതാണ്. സ്ത്രീപുരുഷൻമാരുടെ പൂർണവും മരണപര്യന്തവുമായ പരസ്പര സമർപ്പണമാകുന്ന സ്നേഹത്തിന്റെ സമഗ്രഘടകമായെങ്കിൽ മാത്രമേ അതു മനുഷ്യോചിതമാംവിധം സാക്ഷാത്കരിക്കപ്പെടുകയുള്ളു. "
“ഭാര്യാഭർത്താക്കൻമാരുടെ ഗാഢവും നിർമലവുമായ സംയോഗം യാഥാർഥ്യമാക്കുന്ന വൈവാഹിക പ്രവൃത്തികൾ മഹനീയവും ആദരണീയവുമാകുന്നു. ഇവയുടെ മനുഷ്യോചിതമായ നിറവേറ്റൽ അവ സൂചിപ്പിക്കുന്ന ആത്മദാനത്തെ പരിപോഷിപ്പിക്കുകയും ദമ്പതിമാരെ സന്തോഷത്തിലും കൃതജ്ഞതയിലും സമ്പന്നരാക്കുകയും ചെയ്യുന്നു.” ലൈംഗികത സന്തോഷത്തിന്റെയും സുഖത്തിന്റെയും ഉറവിടമാണ്:
ഭാര്യാഭർത്തൃസംയോഗം വിവാഹത്തിന്റെ ദ്വിവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നു; ദമ്പതികളുടെ തന്നെ നൻമയും ജീവൻ പകർന്നുകൊടുക്കലും. തങ്ങളുടെ ആത്മീയജീവിതത്തിൽ വ്യതിചലനം ഉണ്ടാകാതെയും, വിവാഹത്തിന്റെ ലക്ഷ്യങ്ങളോടും കുടുംബത്തിന്റെ ഭാവിയോടും വിട്ടുവീഴ്ച ചെയ്യാതെയും, പ്രസ്തുത ദ്വിവിധ ലക്ഷ്യങ്ങളെ അല്ലെങ്കിൽ മൂല്യങ്ങളെ വേർപെടുത്താനാവില്ല.
ഇങ്ങനെ, വിശ്വസ്തത, ഫലപുഷ്ടി എന്നീ ദ്വിവിധ ധർമങ്ങൾക്കു പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യസ്നേഹം വിധേയമാണ്.
ദാമ്പത്യവിശ്വസ്തത
സ്രഷ്ടാവിനാൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന, അവിടുത്തെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഗാഢമായ ജീവിത പങ്കാളിത്തത്തിനും സ്നേഹത്തിനും ദമ്പതികൾ രൂപം കൊടുക്കുന്നു; ”അതു ദാമ്പത്യ ഉടമ്പടിയിൽ, അതായത്, അവരുടെ അലംഘനീയവും വ്യക്തിപരവുമായ സമ്മതത്തിൽ അധിഷ്ഠിതമാണ്.” ഇരുവരും ഖണ്ഡിതമായും പൂർണമായും പരസ്പരം നൽകുന്നു. അവർ ഇനി രണ്ടല്ല; ഇപ്പോൾ തന്നെ ഒരു ശരീരമായിത്തീരുന്നു. ദമ്പതികൾ സ്വമനസ്സാ ചെയ്ത ഉടമ്പടിയെ അതുല്യവും അലംഘനീയവുമായി സംരക്ഷിക്കാൻ അവർ കടപ്പെട്ടിരിക്കുന്നു. “ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ".
കൊടുത്ത വാക്കു പാലിക്കുന്നതിലുള്ള സ്ഥിരതയാണു വിശ്വസ്തത. ദൈവം വിശ്വസ്തനാണ്. ക്രിസ്തുവിനു തന്റെ സഭയോടുള്ള വിശ്വസ്തതയിലേക്കു വിവാഹമെന്ന കുദാശ പുരുഷനെയും സ്ത്രീയെയും പ്രവേശിപ്പിക്കുന്നു. ദാമ്പത്യ ശുദ്ധതയിലൂടെ അവർ ലോകത്തന്റെ മുൻപിൽ ഈ രഹസ്യത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
വിവാഹത്തിന്റെ ഫലദായകത്വം
ഫലദായകത്വം ഒരു ദാനമാണ്, വിവാഹത്തിന്റെ ഒരു ലക്ഷ്യവും. കാരണം, ദാമ്പത്യസ്നേഹം സ്വാഭാവികമായി സന്താനോത്പാദനത്തിലേക്കു നയിക്കുന്നു. ഒരു കുഞ്ഞു ദമ്പതികളുടെ പരസ്പരസ്‌നേഹത്തിലേക്കു പുറമേനിന്നു കൂട്ടിച്ചേർക്കപ്പെടുന്നതല്ല, പിന്നെയോ, ആ പരസ്പരദാനത്തിന്റെ ഹൃദയത്തിൽനിന്ന്, അതിന്റെഫലവും പൂർത്തീകരണവുമായി, ഉടലെടുക്കുന്നതാണ്. അതിനാൽ, “ജീവന്റെ പക്ഷത്തു നിൽക്കുന്ന” സഭ “ഓരോ വൈവാഹിക സംയോഗവും മനുഷ്യജീവൻ ഉത്പാദിപ്പിക്കുന്നതിന് അതിൽത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നതായി നിലനില്ക്കുക ആവശ്യമാണെന്ന് പഠിപ്പിക്കുന്നു." “അനേകം സന്ദർഭങ്ങളിൽ സദയുടെ പ്രബോധനാധികാരം വ്യക്തമാക്കിയിട്ടുള്ളതുപോലെ ഈ സവിശേഷപ്രബോധനം വൈവാഹിക പ്രവൃത്തിയിൽ ഉൾച്ചേർന്നിരിക്കുന്ന ഐക്യത്തിന്റെ അർഥവും സന്താനോത്പാദനത്തിന്റെ അർഥവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൽ അധിഷ്ഠിതമാണ്. ദൈവനിശ്ചിതമായ ഈ ബന്ധം മനുഷ്യൻ സ്വന്തം ഇഷ്ടപ്രകാരം വിഛേദിക്കാൻ അനുവാദമില്ല.
ജീവൻ നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന ദമ്പതികൾ ദൈവത്തിന്റെ സൃഷ്ടിക്കാനുള്ള ശക്തിയിലും പിതൃത്വത്തിലും പങ്കുചേരുന്നു. “ജീവൻ പകരുന്നതും കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതും തങ്ങളുടെ സ്വന്തദൗത്യമായി ദമ്പതികൾ കരുതണം. അങ്ങനെ, തങ്ങൾ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽ സഹകരിക്കുകയാണെന്നും, ഒരുവിധത്തിൽ അതിന്റെ വ്യാഖ്യാതാക്കളാണെന്നും അവർ മനസ്സിലാക്കണം. മാനുഷികവും ക്രിസ്തീയവുമായ കർത്തവ്യബോധത്തോടെ അവർ തങ്ങളുടെ കടമ നിറവേറ്റട്ടെ."
ഈ കടമയുടെ ഒരു പ്രത്യേക വശം സന്താനോത്പാദനം ക്രമീകരിക്കുന്നതിനെ സംബന്ധിക്കുന്നതാണ്. ന്യായമായ കാരണങ്ങളാൽ കുട്ടികളുടെ ജനനങ്ങൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാൻ ദമ്പതികൾ ആഗ്രഹിക്കുന്നുണ്ടാകും. അവരുടെ ഈ ആഗ്രഹം അന്ധമായ സ്വയം സ്നേഹത്താൽ പ്രേരിതമല്ലെന്നും, ഉത്തരവാദിത്വമുള്ള മാതാപിതാക്കൾക്കു യോജിച്ച ഔദാര്യത്തിൽ നിന്നുള്ളതാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, തങ്ങളുടെ പ്രവർത്തനരീതി ധാർമികതയുടെ വസ്തുനിഷ്ഠമായ മാനദൺഡങ്ങൾ അവർ ക്രമീകരിക്കണം.
“ഒന്നിച്ചുചേരലിന്റേയും സന്താനോത്പാദനത്തിന്റേയും സത്താപരമായ സവിശേഷതകൾ സംരക്ഷിക്കുന്നതിലൂടെ, ദാമ്പത്യപ്രവൃത്തി, പൂർണാർഥത്തിൽ യഥാർഥ പരസ്പരസ്നേഹത്തെയും മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കുമുള്ള മനഷ്യന്റെ മഹനീയവിളിയോടുള്ള ഉൻമുഖതയെയും കാത്തുസുക്ഷിക്കുന്നു."
ക്ലിപ്തകാലത്തെ സംയമനം, അതായത്, സ്വയനിരീക്ഷണവും ഗർഭധാരണ ക്ഷമമല്ലാത്ത കാലത്തിന്റെ വിനിയോഗവും അടിസ്ഥാനമാക്കിയുള്ള സന്താനോത്പാദന്രക്രമീകരണമാർഗങ്ങൾ വസ്തുനിഷ്ഠമായ ധാർമിക മാനദൺഡങ്ങൾക്കു യോജിച്ചതാണ്. ഈ മാർഗങ്ങൾ ദമ്പതികളുടെ ശരീരത്തോട് ആദരവു കാട്ടുകയും അവരുടെ പരസ്പരവാൽസല്യത്തെ പ്രോത്സാഹിപ്പിക്കുകയും ശരിയായ സ്വാതന്ത്ര്യത്തിന്റെ അഭ്യസനത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നേരേമറിച്ച്, “ദാമ്പത്യ പ്രവൃത്തിക്കു മുൻപോ, അതിന്റെ പൂർത്തീകരണത്തിലോ അല്ലെങ്കിൽ അതിന്റെ സ്വാഭാവികമായ അനന്തരഫലങ്ങളുടെ വികസനത്തിലോ സന്താനോത്പാദനം അസാധ്യമാക്കുന്ന ഏതൊരു പ്രവൃത്തിയും, അതു മാർഗമായിട്ടോ ലക്ഷ്യമായിട്ടോ ഉള്ളതാണെങ്കിലും, സഹജമായിത്തന്നെ തിൻമയാണ്.
“മനുഷ്യജീവനും അതു പകർന്നുകൊടുക്കാനുള്ള കടമയും ഭൗമികജീവിതത്തിന്റെ ചക്രവാളങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് എല്ലാവരും മനസ്സിലാക്കട്ടെ; അവയുടെ ശരിയായ മൂല്യവും പൂർണമായ അർഥവും മനുഷ്യന്റെ പരമലക്ഷ്യത്തിന്റെ വെളിച്ചത്തിലേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ."
കുഞ്ഞ് ഒരു ദാനം
വി.ഗ്രന്ഥവും സഭാപാരമ്പര്യവും വലിയ കുടുംബങ്ങളിൽ ദൈവാനുഗ്രഹത്തിന്റെയും മാതാപിതാക്കളുടെ ഉദാരതയുടെയും ഒരടയാളമാണു ദർശിക്കുന്നത്.
തങ്ങൾ വന്ധ്യരാണെന്നു മനസ്സിലാക്കുന്ന ദമ്പതികൾ ഏറെ മനോവേദന സഹിക്കുന്നുണ്ട്. “അങ്ങ് എനിക്ക് എന്തുതരും? ഞാൻ സന്താനം ഇല്ലാത്തവനായി തുടരുന്നുവല്ലോ” എന്ന് അബ്രാഹം ദൈവത്തോടു പറഞ്ഞു. റാഫേൽ തന്റെ ഭർത്താവായ യാക്കോബിനോട് കരഞ്ഞപേക്ഷിച്ചു: “എനിക്ക് മക്കളെ തരിക; അല്ലെങ്കിൽ ഞാൻ മരിക്കും.”
കുഞ്ഞ് ആരുടേയും അവകാശമല്ല, ദാനമാണ്. വിവാഹത്തിലെ പരമമായ ദാനം" ഒരു മനുഷ്യ വ്യക്തിയാണ്. കുഞ്ഞ് ആരുടെയും സമ്പത്തിന്റെ ഭാഗമായി കണക്കാക്കപ്പെടരുത്; “കുഞ്ഞ് ഒരു അവകാശമാണ്” എന്ന സങ്കല്‍പം അങ്ങനെയൊരു ആശയത്തിലേക്കാണു നീങ്ങുന്നത്. ഈ തലത്തില്‍ കുഞ്ഞിനു മാത്രമേ ശരിയായ അവകാശങ്ങളുള്ളൂ. “തന്റെ മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ സവിശേഷപ്രവൃത്തിയുടെ ഫലമായിരിക്കാനും” “ഗര്‍ഭധാരണത്തിന്റെ നിമിഷംമുതല്‍ ഒരു വ്യക്തിയായി ആദരിക്കപ്പെടാനും" ഉള്ള അവകാശം.
ശാരീരിക വന്ധ്യത ഒരു മഹാദൗർഭാഗ്യമല്ലെന്നു സുവിശേഷം വ്യക്തമാക്കുന്നു. ന്യായമായ എല്ലാ വൈദ്യശാസ്ത്ര പ്രതിവിധികളും തേടിയിട്ടും വന്ധ്യതക്കു പരിഹാരം കാണാത്ത ദമ്പതികള്‍ എല്ലാ ആത്മീയഫലസമൃദ്ധിയുടെയും ഉറവിടമായ കര്‍ത്താവിന്റെ കുരിശിനോടു തങ്ങളെത്തന്നെ ഐക്യപ്പെടുത്തേണ്ടതാണ്. അനാഥരായ കൂട്ടികളെ ദത്തെടുത്തും അപരര്‍ക്കുവേണ്ടി ദുഷ്കരമായ സേവനങ്ങള്‍ ചെയ്തും അവര്‍ക്കു തങ്ങളുടെ ഉദാരത പ്രകടിപ്പിക്കാവുന്നതാണ്.
IV. വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരായ തെറ്റുകള്‍
വ്യഭിചാരം
വ്യഭിചാരം എന്ന വാക്കിന്‍റെ അര്‍ഥം ദാമ്പത്യ അവിശ്വസ്തത എന്നാണ്. ലൈംഗികബന്ധത്തില്‍, താത്കാലികമാണെങ്കിലും, ഏര്‍പ്പെടുന്ന രണ്ടു പങ്കാളികളില്‍ ഒരാളെങ്കിലും മൂന്നാമതൊരു വ്യക്തിയോടു വിവാഹം ചെയ്യപ്പെട്ടിരിക്കുന്ന ആളാണെങ്കില്‍, അവര്‍ വ്യഭിചാരം ചെയ്യുന്നു. കേവലം ആഗ്രഹത്താലെയുള്ള വ്യഭിചാരത്തെപോലും ക്രിസ്തു അപലപിക്കുന്നു. "ആറാം കല്‍പനയും പുതിയനിയമവും വൃഭിചാരത്തെ പൂര്‍ണമായി വിലക്കുന്നു." "പ്രവാചകന്‍മാരും അതിനെ ഗൗരവമായി തള്ളിപ്പറയുന്നു; വിഗ്രഹാരാധന എന്ന പാപത്തിന്റെ ഒരു പ്രതീകമായി അവര്‍ അതിനെ കാണുന്നു.
വ്യഭിചാരം ഒരു അനീതിയാണ്. വ്യഭിചാരം ചെയ്യുന്നവന്‍ തന്‍റെ കടമകളില്‍ വിഴ്ചവരുത്തുന്നു. അവന്‍ ദാമ്പത്യബന്ധമായ ഉടമ്പടിയുടെ അടയാളത്തെ മുറിപ്പെടുത്തുകയും ദാമ്പത്യപങ്കാളിയുടെ അവകാശങ്ങളെ ലംഘിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിവാഹത്തിന്റെ അടിസ്ഥാനമായ കരാറു ലംഘിച്ചുകൊണ്ട് വിവാഹമെന്ന സംവിധാനത്തിനു തുരങ്കംവയ്ക്കുകയും ചെയ്യുന്നു. സന്താനോത്പാദനത്തിന്റെ നന്‍മയിലും മാതാപിതാക്കളുടെ സ്ഥായിയായ ഐക്യം ആവശ്യപ്പെടുന്ന കുട്ടികളുടെ സുസ്ഥിതിയിലും അവന്‍ വീഴ്ചവരുത്തുന്നു.
വിവാഹമോചനം
വിവാഹബന്ധം വേര്‍പിരിയാത്തതായി നിലകൊള്ളണമെന്ന സ്രഷ്ടാവിന്റെ ആദിമമായ ഉദ്ദേശ്യം കര്‍ത്താവായ യേശു ആവര്‍ത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തില്‍ കടന്നുകൂടിയ വിട്ടുവീഴ്ചകള്‍ അവിടുന്നു നീക്കംചെയ്തു. "മാമ്മോദീസ സ്വീകരിച്ചവര്‍ തമ്മിലുള്ള “സാധുവാക്കപ്പെട്ടതും പൂര്‍ത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേര്‍പെടുത്താനാവില്ല."
വിവാഹം നിലനില്‍ക്കെ, കാനന്‍നിയമം അനുവദിക്കുന്ന ചില അവസരങ്ങളില്‍, ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നത് നിയമാനുസൃതമാണ്.
വിവാഹമോചനം പ്രകൃതിനിയമത്തിനെതിരെയുള്ള ഗൗരവപൂര്‍ണമായ ഒരു തെറ്റാണ്. മരണപര്യന്തം ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു ദമ്പതികള്‍ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു ലംഘിക്കുന്നു. രക്ഷാകര ഉടമ്പടിയുടെ കൗദാശിക അടയാളമായ വിവാഹ ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. പുതിയൊരു ബന്ധം സ്ഥാപിക്കുന്നത്, സിവില്‍നിയമം അംഗീകരിച്ചാലും, പിളര്‍പ്പിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പുനര്‍വിവാഹം നടത്തുന്ന പങ്കാളി സ്ഥായിയായും പരസ്യമായും വ്യഭിചാരത്തിന്‍റെ അവസ്ഥയിലാണ്.
കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതുകൊണ്ടു കൂടി വിവാഹമോചനം അധാര്‍മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങള്‍ വരുത്തുന്നു; പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്റെ ആഘാതമേൽക്കുന്നു; കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വേര്‍പെടുന്നതും ചിലപ്പോള്‍ അവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തില്‍ മുറിവേല്‍ക്കുന്നു; സാംക്രമിക സ്വഭാവമുള്ളതിനാല്‍ സമൂഹത്തിന് അത് ഒരു യഥാര്‍ഥ വ്യാധിയായിത്തീരുന്നു.
ചിലപ്പോള്‍ ദമ്പതികളില്‍ നിരപരാധിയായ ഒരാള്‍ സിവില്‍ നിയമപ്രകാരമുള്ള ഒരു വിവാഹമോചനത്തിന്റെ ഇരയായിത്തീരാം; പ്രസ്തുത വ്യക്തി ധാര്‍മിക നിയമങ്ങളെയൊന്നും ലംഘിക്കുന്നില്ല. വിവാഹമെന്ന കൂദാശയോടു വിശ്വസ്തത പുലര്‍ത്താന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും എന്നാല്‍ അന്യായമായി ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു പങ്കാളിയും, സ്വന്തം കുറ്റത്താല്‍ കാനോനികമായി സാധുവായ വിവാഹത്തെ തകര്‍ക്കുന്ന പങ്കാളിയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്
വിവാഹത്തിന്റെ മാഹാത്മൃത്തിനെതിരായ മറ്റ് തെറ്റുകള്‍
സുവിശേഷത്തെ ആശ്ലേഷിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി, താന്‍ ഏറെ നാള്‍ ദാമ്പത്യം പങ്കുവച്ച ഒന്നോ അതിലധികമോ ഭാര്യമാരെ ഉപേക്ഷിക്കേണ്ടിവരുമ്പോള്‍, അനുഭവിക്കുന്ന വിഷമസ്ഥിതി മനസ്സിലാക്കാവുന്നതാണ്. എന്നാലും, ബഹുഭാര്യത്വം ധാര്‍മിക നിയമത്തിനു ചേര്‍ന്നതല്ല. “ബഹുഭാര്യാത്വം അടിസ്ഥാനപരമായി (ദാമ്പത്യ) ഐകൃത്തിനു വിരുദ്ധമാണ്. വാസ്തവത്തില്‍ ഇത് ആദിമുതല്‍ക്കേ വെളിപ്പെടുത്തപ്പെട്ട ദൈവികപദ്ധതിയെ നിഷേധിക്കുകയാണു ചെയ്യുന്നത്. കാരണം, പൂര്‍ണവും, തദ്വാരാ അനന്യവും അപരരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ളുതുമായ സ്നേഹത്തോടെ വിവാഹത്തില്‍ പരസ്പരം നല്‍കുന്ന വ്യക്തികളായ സ്ത്രീപുരുഷന്‍മാരുടെ തുല്യമാഹാത്മ്യത്തിനെതിരാണത്. നേരത്തെ ബഹുഭാര്യാത്വത്തില്‍ ജീവിച്ചിരുന്ന ഒരു ക്രിസ്തീയവിശ്വാസിക്കു തന്റെ മുന്‍ഭാര്യമാരോടും മക്കളോടുമുള്ള ചുമതലകള്‍ നിറവേറ്റാന്‍ നീതിയില്‍ ഗൗരവപൂര്‍ണമായ കടമയുണ്ട്.
രക്തബന്ധത്താലോ ബന്ധുതയാലോ വിവാഹം വിലക്കപ്പെട്ടിരിക്കുന്ന പരിധിക്കുള്ളിലുളളവര്‍ തമ്മിലുളള ലൈംഗിക വ്യാപാരങ്ങളെയാണു നിഷിദ്ധസംഗമം (incest) എന്നു വിളിക്കുന്നത്. വളരെ ഗൗരവാവഹമായ തെറ്റായിട്ടു വി. പലോസ് ഇതിനെ മുദ്രകുത്തുന്നു; “നിങ്ങളുടെ ഇടയില്‍ അസന്‍മാര്‍ഗികതയുണ്ടെന്ന് എനിക്കു വിവരം ലഭിച്ചിരിക്കുന്നു. നിങ്ങളിലൊരാള്‍ സ്വന്തം പിതാവിന്‍റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നു... കര്‍ത്താവായ യേശുവിന്റെ നാമത്തില്‍... അവന്‍റെ ശരീരത്തിന്റെ നാശത്തിനായി നിങ്ങള്‍ ആ മനുഷ്യനെ സാത്താനു വിട്ടുകൊടുക്കുക...” നിഷിദ്ധസംഗമം കുടുംബബന്ധങ്ങളെ മലീമസമാക്കുകയും മൃഗീയതയിലേക്കുള്ള തിരിച്ചുപോക്കിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.
മുതിര്‍ന്നവര്‍ തങ്ങളുടെ സംരക്ഷണത്തിന് ഏല്‍പിക്കപ്പെട്ടിരിക്കുന്ന കുട്ടികളെയും കൗമാരപ്രായക്കാരെയും ലൈംഗികമായി ദുരുപയോഗിക്കുന്നതും നിഷിദ്ധസംഗമത്തോടു ബന്ധപ്പെട്ടതാണ്. കുട്ടികളുടെ ജീവിതകാലം മുഴുവന്‍ നിണ്ടുനില്‍ക്കുന്ന ഒരു ക്ഷതം അവരുടെ ശാരീരികവും ധാര്‍മികവുമായ നൈര്‍മല്യത്തില്‍ ഏല്‍പിക്കുന്നതു കൊണ്ടും, കുട്ടികളെ വളര്‍ത്തുവാനുള്ള ഉത്തരവാദിത്വത്തിന്റെ ഭഞ്ജനമായതു കൊണ്ടും ഇതിന്‍റെ ഗൗരവം വര്‍ധിക്കുന്നു.
സ്വേച്ഛാസംഗമത്തില്‍ പുരുഷനും സ്ത്രീയും തങ്ങളുടെ നിയമാനുസൃതമല്ലാത്ത ലൈംഗികബന്ധത്തിനു നൈയാമികവും പരസ്യവുമായ ഭാവം നല്‍കാന്‍ വിസമ്മതിക്കുന്നു.
പ്രസ്തുത പ്രയോഗം വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നു. വെപ്പാട്ടിയോടൊത്തുള്ള ജീവിതം, വിവാഹത്തിന്റെതന്നെ തിരസ്കരണം, ശാശ്വതപ്രതിജ്ഞാ ബദ്ധതയ്ക്കുള്ള കഴിവില്ലായ്മ ഇവയെല്ലാം വിവാഹത്തിന്റെ മാഹാത്മ്യത്തെ ഭഞ്ജിക്കുന്നു, കുടുംബമെന്ന ആശയത്തെത്തന്നെ നശിപ്പിക്കുന്നു, വിശ്വസ്തതയെ ബലഹീനമാക്കുന്നു, ധാര്‍മികനിയമത്തിനു വിരുദ്ധവുമാണ്. വിവാഹജിവിതത്തിനുള്ളില്‍ മാത്രമാണു ലൈംഗികബന്ധം നടക്കേണ്ടത്; വിവാഹത്തിനു പുറത്ത് അതു ഗൗരവപൂര്‍ണമായ പാപമാണ്; ഒരുവനെ അതു വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
“പരിക്ഷണ വിവാഹത്തിന് അവകാശമുണ്ടെന്ന് വാദിക്കുന്ന പലരും ഇന്നുണ്ട്. പിന്നീടു ശരിയായ വിവാഹത്തിലേക്കു പ്രവേശിക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമുണ്ട്. പക്ഷേ, വിവാഹത്തിനുമുമ്പു ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ നിശ്ചയദാര്‍ഷ്യം എത്രതന്നെയായാലും അപ്രകാരമുള്ള ബന്ധങ്ങള്‍ പരസ്പര ആത്മാര്‍ഥതയെ ശക്തിപ്പെടുത്താനും സ്ത്രീ പുരുഷബന്ധത്തില്‍ അത്യാവശ്യമായ വിശ്വസ്തതയെ ഉറപ്പിക്കാനും അപര്യാപ്തമാണ്. പ്രത്യേകിച്ച്, ക്ഷണികമായ ആഗ്രഹങ്ങളിലും പാപചാപല്യങ്ങളിലുംനിന്ന് അതിനെ രക്ഷിക്കാനും അവയ്ക്കു കഴിയുകയില്ല. "പുരുഷനും സ്ത്രീയും അഭേദ്യമായ ഐക്യത്തിന്റെ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ മാത്രമേ ശാരീരികബന്ധം ധാര്‍മികമായി അനുവദനീയമാകു. മനുഷ്യസ്നേഹം “പരീക്ഷണങ്ങളെ” അനുവദിക്കുന്നില്ല; അതു വ്യക്തികളുടെ പൂര്‍ണവും സുനിശ്ചിതവുമായ പരസ്പര ദാനം ആവശ്യപ്പെടുന്നു.
സംഗ്രഹം
“സ്നേഹം ഓരോ മനുഷ്യന്റെയും പ്രഥമവും നൈസ്സര്‍ഗികവുമായ വിളിയാണ്”
മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുകൊണ്ട്, ദൈവം ഇരുവര്‍ക്കും തുല്യമായ വ്യക്തിമാഹാത്മ്യം നല്‍കിയിരിക്കുന്നു. ഇരുവരും, സ്ത്രീയും പുരുഷനും, തങ്ങളുടെ ലൈംഗിക തനിമയെ അംഗികരിക്കുകയും സ്വീകരിക്കുകയും വേണം.
ക്രിസ്തുവാണു ശുദ്ധതയുടെ മാതൃക. ജ്ഞാനസ്‌നാനം സ്ഥീകരിച്ച' ഓരോ വ്യക്തിയും തന്റെ പ്രത്യേക ജിവിതാവസ്ഥയനുസരിച്ചു ശുദ്ധമായ ജീവിതം നയിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
വ്യക്തിത്വത്തിൽ ലൈംഗികതയുടെ ശരിയായ സമന്വയമാണ് ശുദ്ധത സൂചിപ്പിക്കുന്നത് ആത്മനിയ്യന്തണത്തിലുള്ള പരിശീലനം ഇതിന് ആവശ്യകമാണ്.
സ്വയംഭോഗം, അവിഹിതവേഴ്ച , അശ്ലീലകല സ്വവർഗ്ഗഭോഗപ്രവൃത്തികൾ എന്നിവ ശുദ്ധതയ്ക്കെതിരായ ഗൗരവപൂര്‍ണമായ പാപങ്ങളാണ്.
ദമ്പതികള്‍ സ്വമനസാ ചെയ്ത ഉടമ്പടി വിശ്വസ്തമായ സ്നേഹം ആവശ്യപ്പെടുന്നു. തന്മൂലം തങ്ങളുടെ വിവാഹത്തെ അഭേദ്യമായി സംരക്ഷിക്കാനുള്ള കടമ അവർക്കുണ്ട് .
ഫലദായകത്വം ഒരുവിധത്തിൽ വിവാഹത്തിന്‍റെ നന്മയും ദാനവും ലക്ഷ്യവുമാണ്. ജീവൻ പകർന്നുകൊടുത്തുകൊണ്ട് ദമ്പതികൾ ദൈവത്തിന്റെ പിതൃത്വത്തിൽ പങ്കുചേരുന്നു.
ജനനക്രമീകരണം ഉത്തരവാദിത്വമുള്ള പിതൃത്വത്തിനെ്റയും മാതൃത്വത്തിന്റെയും ഒരു ഘടകമാണ്. എന്നാൽ ദമ്പതികളുടെ ന്യായമായ ഉദ്ദേശ്യങ്ങള്‍ അധാര്‍മികമായ മാർഗങ്ങളുടെ (ഉദാ: പ്രത്യക്ഷമായ വന്ധ്യംകരണം, ഗർഭനിരോധനം)ഉപയോഗത്തെ നീതീകരിക്കുന്നില്ല.
വ്യഭിചാരം, വിവാഹമോചനം, ബഹുഭാര്യാത്വം, സ്വേച്ഛാസംഗമം എന്നിവ വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരെയുള്ള ഗൗരവപൂര്‍ണമായ തെറ്റുകളാണ്.
ആറാം കൽപന വ്യഭിചാരം ചെയ്യരുത്. ശുദ്ധതയിലേക്കുള്ള വിളി ശുദ്ധതയ്ക്കെതിരായ തെറ്റുകൾ ശുദ്ധതയും സ്വവർഗഭോഗവും ഭാര്യാഭർത്തൃസ്നേഹം ദാമ്പത്യവിശ്വസ്തത വിവാഹത്തിന്റെ ഫലദായകത്വം കുഞ്ഞ് ഒരു ദാനം വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരായ തെറ്റുകള്‍ വ്യഭിചാരം വിവാഹമോചനം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



