x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

എട്ടാം കല്‍പന

Authored by : Congregation for Doctrine of Faith On 21-Jul-2022

  വകുപ്പ്‌ 8 

എട്ടാം കല്‍പന

നീ നിന്റെ അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്‌. 
പൂര്‍വികരോട്  ഇങ്ങനെ പറയപ്പെട്ടു; “വ്യാജമായി ആണയിടരുത്‌, കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം

മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധങ്ങളില്‍ സത്യത്തെ വളച്ചൊടിക്കുന്നത്‌ എട്ടാം കല്‍പന നിരോധിക്കുന്നു. സത്യമായവനും സത്യം ആഗ്രഹിക്കുന്നവനുമായ തങ്ങളുടെ ദൈവത്തിനു സാക്ഷ്യംവഹിക്കാന്‍ വിശുദ്ധജനത്തിനുള്ള വിളിയില്‍നിന്നാണ്‌ ഈ ധാര്‍മിക നിര്‍ദേശം പുറപ്പെടുന്നത്‌. സത്യത്തിന്‌ എതിരായുള്ള കുറ്റങ്ങള്‍ ധാര്‍മിക സത്യസന്ധതയ്ക്കു സ്വയം സമര്‍പ്പിക്കുന്നതിനുളള വിസമ്മതത്തെ വാക്കുവഴിയോ പ്രവൃത്തിവഴിയോ പ്രകടമാക്കുന്നു: അവ ദൈവത്തോടുള്ള മൗലികങ്ങളായ അവിശ്വസ്തതകളാണ്‌. ഈ അര്‍ഥത്തില്‍ അവ ഉടമ്പടിയുടെ അടിസ്ഥാനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നു.

I. സത്യത്തില്‍ ജീവിക്കുക

എല്ലാ സത്യത്തിന്റെയും സ്രോതസു ദൈവമാണ്‌ എന്നതിനു പഴയനിയമം സാക്ഷ്യം വഹിക്കുന്നു. അവിടുത്തെ വചനം സത്യമാണ്‌. അവിടുത്തെ നിയമം സത്യമാണ്‌. അവിടുത്തെ “വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‍ക്കുന്നു. ദൈവം “സത്യവാന്‍” ആകയാല്‍ അവിടുത്തെ ജനത്തിലെ അംഗങ്ങള്‍ സത്യത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. 

യേശുക്രിസ്തുവില്‍ ദൈവത്തിന്റെ മുഴുവന്‍ സത്യവും വെളിവാക്കപ്പെട്ടിരിക്കുന്നു. “കൃപയും സത്യവും നിറഞ്ഞ” അവിടുന്ന്‌ “ലോകത്തിന്റെ പ്രകാശം” ആണ്‌. അവിടുന്നാണു സത്യം . “അവനില്‍ വിശ്വസിക്കുന്ന ഒരുവനും അന്ധകാരത്തില്‍ വസിക്കുന്നില്ല. സ്വതന്ത്രരാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന സത്യത്തെ അറിയുന്നതിനുവേണ്ടി യേശുവിന്റെ ശിഷ്യന്‍ അവിടുത്തെ വചനത്തില്‍ നിലനില്ക്കുന്നു. യേശുവിനെ അനുഗമിക്കുക എന്നതു പിതാവ്‌ അവിടുത്തെ നാമത്തില്‍ അയയ്ക്കുന്നവനും “സകല സത്യത്തിലേക്കും” നയിക്കുന്നവനുമായ സത്യത്തിന്റെ ആത്മാവിനാല്‍: ജിവിക്കുക എന്നതാണ്‌. യേശു തന്റെ ശിഷ്യന്‍മാരെ സത്യത്തോടുളള പരമമായ സ്നേഹം പഠിപ്പിച്ചു: “നിങ്ങളുടെ വാക്ക്‌ “അതേ, അതേ' എന്നോ “അല്ല, അല്ല" എന്നോ ആയിരിക്കട്ടെ."

മനുഷ്യന്‍ പ്രകൃത്യാ സത്യത്തോട്‌ ആഭിമുഖ്യമുള്ളവനാണ്‌. അതിനെ ആദരിക്കാനും അതിനു സാക്ഷ്യംവഹിക്കാനും അവന്‍ കടപ്പെട്ടിരിക്കുന്നു. “എല്ലാ മനുഷ്യരും അവര്‍ വ്യക്തികളാകയാല്‍ സത്യമന്വേഷിക്കാന്‍, പ്രത്യേകിച്ച്‌ മതാത്മക സത്യം അന്വേഷിക്കാന്‍, പ്രകൃത്യാ നിര്‍ബന്ധിതരായിരിക്കുന്നതും ഒരു ധാര്‍മിക കടമയാല്‍ ബദ്ധരായിരിക്കുന്നതും അവരുടെ മാഹാത്മൃത്തിനു ചേര്‍ന്നതുതന്നെയാണ്‌. അറിഞ്ഞ സത്യത്തോട് ചേര്‍ന്നുനില്ക്കാനും സത്യം ആവശ്യപ്പെടുന്നതനുസരിച്ചു തങ്ങളുടെ ജീവിതം ക്രമീകരിക്കുവാനും അവര്‍ക്കു കടമയുണ്ട്‌. 

സത്യം മാനുഷികപ്രവൃത്തിയിലും സംഭാഷണത്തിലും ഉള്ള ധര്‍മനിഷ്ഠ എന്ന നിലയില്‍ വാസ്തവികതയെന്നോ ആത്മാര്‍ഥതയെന്നോ നിഷ്കപടതയെന്നോ വിളിക്കപ്പെടുന്നു. സത്യം അഥവാ സത്യപൂര്‍ണത ഒരു സുകൃതമാണ്‌. പ്രവൃത്തികളില്‍ സത്യമുളളവനും വാക്കുകളില്‍ നിഷ്കപടതയുളളവനുമായി സ്വയം പ്രദര്‍ശിപ്പിക്കുന്നതിലും, ദ്വന്ദഭാവത്തിനും വിപരീതഭാവനാട്യത്തിനും കപടനാട്യത്തിനുമെതിരേ സ്വയം സംരക്ഷിക്കുന്നതിലും അത്‌ അടങ്ങിയിരിക്കുന്നു.

“പരസ്പരവിശ്വാസമില്ലായിരുന്നെങ്കില്‍, പരസ്പരം സത്യസന്ധത പുലര്‍ത്തിയിരുന്നില്ലെങ്കില്‍, മനുഷ്യര്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ കഴിയുമായിരുന്നില്ല. സത്യമെന്ന സുകൃതം അന്യനു ന്യായമായി അവകാശപ്പെട്ടതു നല്‍കുന്നു. വെളിപ്പെടുത്തേണ്ടതിന്റെയും രഹസ്യമായി സുക്ഷിക്കേണ്ടതിന്റെയും നീതിപൂര്‍വകമായ മധ്യസ്ഥാനത്താണ്‌ സത്യപുര്‍ണത നില്ക്കുന്നത്‌. സത്യസന്ധതയും ഓചിത്യവും അതിന്‌ ആവശ്യമാണ്‌. നീതിയില്‍, “സത്യസന്ധമായി ഒരുവന്‍ മറ്റൊരുവനോടു സത്യം വെളിപ്പെടുത്താന്‍ കടപ്പെട്ടിരിക്കുന്നു."

ക്രിസ്തുവിന്റെ ശിഷ്യന്‍ “സത്യത്തില്‍ ജീവിക്കാന്‍”, അതായത്‌, കര്‍ത്താവിന്റെ മാതൃകയനുസരിച്ച്‌ അവിടുത്തെ സത്യത്തില്‍ നിലനിന്നുകൊണ്ട്‌ ജീവിത ലാളിത്യത്തില്‍ ജീവിക്കാന്‍ സമ്മതിക്കുന്നു. “അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താൽ നാം വ്യാജം പറയുന്നവരാകും, സത്യം പ്രവര്‍ത്തിക്കുന്നുമില്ല."

II. സത്യത്തിനു സാക്ഷ്യം വഹിക്കുക

താന്‍ ലോകത്തിലേക്കുവന്നതു സത്യത്തിനു സാക്ഷ്യം വഹിക്കാനാണ്‌ എന്നു ക്രിസ്തു പീലാത്തോസിന്റെ മുന്‍പില്‍ പ്രഖ്യാപിക്കുന്നു. ക്രൈസ്തവന്‍ “കര്‍ത്താവിനു സാക്ഷ്യം വഹിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല". വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ക്രൈസ്തവന്‍, ജഡ്ജിമാരുടെ മുന്‍പില്‍ നില്‍ക്കുന്ന വിശുദ്ധ പൗലോസിന്റെ മാതൃകയനുസരിച്ച്‌, അവ്യക്തത കൂടാതെ അത്‌ ഏറ്റുപറയണം. “മനുഷ്യരുടെയും ദൈവത്തിന്റെയും മുന്‍പില്‍ കറയറ്റ മന:സാക്ഷി" അവനുണ്ടായിരിക്കണം.

സഭയുടെ ജീവിതത്തില്‍ പങ്കുചേരാനുള്ള ക്രൈസ്തവരുടെ കടമ അവരെ സുവിശേഷത്തുന്റെയും അതില്‍നിന്ന്‌ ഉദ്ഭവിക്കുന്ന കടമകളുടെയും സാക്ഷികള്‍ എന്ന നിലയില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കുന്നു. ഈ സാക്ഷ്യം, വാക്കുകളിലും പ്രവൃത്തികളിലും കൂടിയുള്ള വിശ്വാസത്തിന്റെ ഒരു പകര്‍ന്നുകൊടുക്കലാണ്‌. സത്യത്തെ സ്ഥാപിക്കുകയോ അറിയിക്കുകയോ ചെയ്യുന്ന നീതിയുടെ പ്രവൃത്തിയാണു സാക്ഷ്യം.

എല്ലാ ക്രൈസ്തവര്‍ക്കും, അവന്‍ എവിടെ ജീവിച്ചാലും തങ്ങളുടെ ജീവിതം വഴിയും, തങ്ങളുടെ വാക്കിന്റെ സാക്ഷ്യം വഴിയും, മാമ്മോദീസയില്‍ തങ്ങള്‍ ധരിച്ച പുതിയ മനുഷ്യനെയും സ്ഥൈര്യലേപനത്തില്‍ അവര്‍ ആരുവഴി ശക്തരാക്കപ്പെട്ടുവോ ആ പരിശുദ്ധാത്മാവിന്റെ ശക്തിയെയും വെളിവാക്കാന്‍ കടമയുണ്ട്‌.

വിശ്വാസത്തിന്റെ സത്യത്തിനു നല്‍കപ്പെടുന്ന പരമമായ സാക്ഷ്യമാണു രക്തസാക്ഷിത്വം. മരണംവരിച്ചുപോലും സാക്ഷ്യം വഹിക്കുക എന്നാണ്‌ അതിന്റെ അര്‍ഥം. മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത ക്രിസ്തുവിന്‌ - ആരോടു താന്‍ സ്നേഹത്താല്‍ ബദ്ധനായിരിക്കുന്നുവോ ആ ക്രിസ്തുവിന്‌ - രക്തസാക്ഷി സാക്ഷ്യം വഹിക്കുന്നു. അയാള്‍ വിശ്വാസത്തിന്റെ സത്യത്തിനും ക്രൈസ്തവ പ്രബോധനത്തിനും സാക്ഷ്യം വഹിക്കുന്നു. ധീരതയുടെ ഒരു പ്രവൃത്തിവഴി അയാള്‍ മരണം വരിക്കുന്നു. “കാട്ടുമൃഗങ്ങളുടെ ഭക്ഷണമായിത്തീരാന്‍ എന്നെ അനുവദിക്കുക, അവരിലൂടെ, ഞാന്‍ ദൈവത്തെ പ്രാപിക്കാന്‍ ഇടയാകട്ടെ".

തങ്ങളുടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നതില്‍ അവസാനംവരെ മുന്നേറിയവരെ സംബന്ധിച്ച രേഖകള്‍ സഭ ഏറെ ശ്രദ്ധയോടെ ശേഖരിച്ചിട്ടുണ്ട്‌. അവയാണു രക്തസാക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍. അവ രക്തത്തില്‍ എഴുതപ്പെട്ട സത്യത്തിന്റെ രേഖാലയങ്ങള്‍ക്കു (archives) രൂപം നല്‍കിയിരിക്കുന്നു.

ലോകത്തിന്റെ അതിര്‍ത്തികളോ ഈ യുഗത്തിലെ രാജത്വങ്ങളോകൊണ്ട്‌ എനിക്കൊരു പ്രയോജനവുമില്ല. ലോകത്തിന്റെ സകല സീമകളുടെയുംമേല്‍ ഭരണം നടത്തുന്നതിനെക്കാള്‍ എനിക്കു നല്ലത്‌ യേശു ക്രിസ്തുവില്‍ മരിക്കുകയാണ്‌. നമുക്കുവേണ്ടി മരിച്ചവനെ ഞാന്‍ അന്വേഷിക്കുന്നു; നമുക്കുവേണ്ടി ഉത്ഥാനം ചെയ്തവനെ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ പിറവി ആസന്നമാണ്‌...
ഈ ദിവസം മുതൽ, ഈ മണിക്കൂര്‍ മുതല്‍ അങ്ങയുടെ രക്തസാക്ഷികളില്‍ ഒരാളായി എണ്ണപ്പെടുവാന്‍ യോഗ്യതയുള്ളവനെന്ന്‌ എന്നെ വിധിച്ചതിനു ഞാന്‍ അങ്ങയെ വാഴ്ത്തുന്നു... വ്യാജമറിയാത്തവനും സത്യവാനുമായ ദൈവമേ, അങ്ങ്‌ അങ്ങയുടെ വാഗ്ദാനം പാലിച്ചു. അതിനാല്‍ എല്ലാറ്റിനെയുംപ്രതി അങ്ങയുടെ പ്രേഷ്ഠപുത്രനും സ്വര്‍ഗത്തിലെ നിത്യമഹാപുരോഹിതനുമായ, യേശുക്രിസ്തുവിലൂടെ ഞാനങ്ങയെ സ്തുതിക്കുന്നു. ഞാനങ്ങയെ വാഴ്ത്തുന്നു, ഞാനങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അങ്ങയോടും പരിശുദ്ധാത്മാവിനോടും കുടെയായിരിക്കുന്ന അവിടുന്നിലൂടെ അങ്ങേക്ക്‌ ഇന്നും ഭാവിയുഗങ്ങളിലും മഹത്വമുണ്ടാകട്ടെ. ആമ്മേന്‍.

 III. സത്യത്തിനെതിരായ കുറ്റങ്ങള്‍

ക്രിസ്തുവിന്റെ ശിഷ്യന്‍മാര്‍ “യഥാര്‍ഥമായ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നു." അവര്‍ “വ്യാജം വെടിഞ്ഞ്‌” “എല്ലാ തിന്‍മയും എല്ലാ വഞ്ചനയും ആത്മാര്‍ഥതാരാഹിതൃവും അസൂയയും എല്ലാ അപവാദവും” ഉപേക്ഷിക്കണം.

കള്ളസാക്ഷ്യവും കള്ളസത്യവും. സത്യത്തിനു വിരുദ്ധമായ ഒരു പ്രസ്താവന പരസ്യമായി ചെയ്യപ്പെടുമ്പോള്‍ സവിശേഷമായ ഗൗരവമുള്ളതാകുന്നു. കോടതിയുടെ മുമ്പില്‍ അതൊരു കളളസാക്ഷ്യമായിത്തീരുന്നു. അതു ശപഥപൂര്‍വം ചെയ്യുമ്പോള്‍ കള്ളസത്യമായിത്തീരുന്നു. ഇത്തരം പ്രവൃത്തികള്‍ നിര്‍ദോഷികളെ കുറ്റം വിധിക്കാനോ, കുറ്റക്കാരെ കുറ്റവിമുക്തരാക്കാനോ, കുറ്റംവിധിക്കപ്പെട്ടവരുടെ ശിക്ഷ വര്‍ധിപ്പിക്കാനോ ഹേതുവാകുന്നു. അവ നീതിയുടെ നിര്‍വഹണത്തിലും ന്യായാധിപന്‍മാരുടെ വിധിത്തീര്‍പ്പുകളുടെ നിഷ്പക്ഷതയിലും ഗൗരവാവഹമായ തോതില്‍ വീഴ്ചകള്‍ വരുത്തുന്നു.

വ്യക്തികളുടെ സത്‌പേരിനോടുള്ള ആദരവ്‌ അവര്‍ക്ക്‌ അന്യായമായ ക്ഷതം വരുത്തുവാന്‍ സാധ്യതയുള്ള ഓരോ മനോഭാവത്തെയും വാക്കിനെയും നിരോധിക്കുന്നു;

വിവേകരഹിതമായ വിധിനിർണയം - അയല്‍ക്കാരന്റെ ധാര്‍മിക തെറ്റിനെ, മതിയായ അടിസ്ഥാനമില്ലാതെ മൗനംകൊണ്ടാണെങ്കില്‍പോലും ശരിയാണെന്നാണ് സങ്കല്‍പിക്കുന്നത്‌;

അപകീർത്തിപ്പെടുത്തൽ - വസ്തുനിഷ്ഠമായി സാധുവായ കാരണമില്ലാതെ മറ്റുള്ളവന്റെ തെറ്റുകളെയും പരാജയങ്ങളെയും അവയെപ്പറ്റി അറിയാത്തവരോടുപറയുന്നത്‌;

ഏഷണി - സതൃത്തിനു വിരുദ്ധമായ പ്രസ്താവനകളിലൂടെ, മറ്റുള്ളവരുടെ സത്പേരിനു ദ്രോഹം ചെയ്യുകയും അവരെപ്പറ്റി തെറ്റായി വിധിനിര്‍ണയങ്ങള്‍ക്കു സന്ദര്‍ഭം നല്‍കുകയും ചെയ്യുന്നത്‌.

വിവേകരഹിതമായ വിധിത്തീര്‍പ്പ്‌ ഒഴിവാക്കുന്നതിന്‌. അയല്‍ക്കാരന്റെ വിചാരങ്ങളെയും വാക്കുകളെയും പ്രവൃത്തികളെയും ആവുന്നത്ര അനുകൂലമായ വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ഓരോരുത്തനും ശ്രദ്ധിക്കണം:

ഓരോ നല്ല ക്രൈസ്തവനും അപരന്റെ പ്രസ്താവനയെ ശപിക്കുന്നതിനെക്കാള്‍ അനുകൂലമായി വ്യാഖ്യാനിക്കുന്നതിന്‌ കൂടുതല്‍ തയാറായിരിക്കണം. എന്നാല്‍ അവന്‍ അങ്ങനെ ചെയ്യാന്‍ കഴിയുകയില്ലെങ്കില്‍ അപരന്‍ എങ്ങനെ അതു മനസ്സിലാക്കുന്നുവെന്ന്‌ അവനോടു ചോദിക്കട്ടെ. അവന്‍ മോശമായിട്ടാണ്‌ അതുമനസ്സിലാക്കുന്നതെങ്കില്‍ അവനെ സ്നേഹത്തോടെ തിരുത്തട്ടെ. അതു മതിയാവുകയില്ലെങ്കില്‍, അപരനെ തെറ്റില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി ശരിയായ ഒരു വ്യാഖ്യാനത്തിലേക്കു നയിക്കുവാന്‍ വേണ്ട സമുചിതമായ സകല മാര്‍ഗങ്ങളും അവന്‍ അവലംബിക്കട്ടെ.

അപകീര്‍ത്തിപ്പെടുത്തലും ഏഷണിയും അയൽക്കാരനുള്ള സത്‌പേരും ബഹുമാനവും നശിപ്പിക്കുന്നു. ബഹുമാനമെന്നതു മനുഷ്യമാഹാത്മൃത്തിനു നല്‍കപ്പെടുന്ന സാമൂഹിക സാക്ഷ്യമാണ്‌. ഓരോരുത്തനും തന്റെ നാമത്തോടുള്ള ബഹുമാനത്തിനും സത്പേരിനും ആദരവിനും സ്വാഭാവികമായ അവകാശമുണ്ട്‌. അതുകൊണ്ട്‌ അപകീര്‍ത്തിപ്പെടുത്തലും ഏഷണിയും നീതിയുടെയും സ്നേഹത്തിന്റെയും സുകൃതങ്ങളെ ഭഞ്ജിക്കുന്നു.

മുഖസ്തുതിയോ പുകഴ്ത്തലോ, പ്രീതിപ്പെടുത്തലോ വഴി അപരന്റെ തിന്മ നിറഞ്ഞ പ്രവൃത്തികളെയും തലതിരിഞ്ഞ പെരുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്ന ഓരോ വാക്കും മനോഭാവവും നിരോധിക്കപ്പെട്ടിരിക്കുന്നു. പുകഴ്ത്തല്‍ അപരന്റെ ദുര്‍ഗുണങ്ങളിലോ ഗൗരവമുള്ള പാപങ്ങളിലോ ഒരുവനെ പങ്കുകാരനാക്കുമ്പോള്‍ അത്‌ ഗൗരവാഹമായ തെറ്റാണ്‌. സേവനം ചെയ്യാനോ സൗഹൃദം നേടാനോ ഉള്ള ആഗ്രഹം കപടസംഭാഷണത്തെ നീതീകരിക്കുന്നില്ല. അനുകൂല ഭാവമുള്ളവനാകാനോ തിന്മയെ ഒഴിവാക്കാനോ എന്തെങ്കിലും കാര്യം നേടാനോ നിയമാനുസൃതമായ നേട്ടങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കുമ്പോള്‍ പുകഴ്ത്തല്‍ ഒരു ലഘുപാപമാണ്‌.

ആത്മപ്രശംസ അഥവാ പൊങ്ങച്ചം പറച്ചിൽ  സത്യത്തിനെതിരായ ഒരു പാപമാണ്‌. ഒരുവന്‍ തന്റെ അയല്‍ക്കാരന്റെ പെരുമാറ്റത്തിന്റെ ഏതെങ്കിലും ഒരു വശത്തെ ദുഷ്ടമനസ്‌സോടെ ചിത്രീകരിച്ചുകൊണ്ടും തരംതാഴ്ത്താന്‍ ഉദ്ദേശിച്ചും നടത്തുന്ന വിരോധോക്തിയും അങ്ങനെ തന്നെയാണ്‌.

“നുണ എന്നതു വഞ്ചിക്കണമെന്ന ലക്ഷ്യത്തോടെ സത്യമല്ലാത്ത കാര്യംപറയുന്നതാണ്‌”. നുണപറച്ചില്‍ പിശാചിന്റെ ഒരു പ്രവൃത്തിയായി കര്‍ത്താവു ശപിച്ചു തള്ളുന്നു; “നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്നുള്ളവരാണ്‌... അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌."

നുണ സത്യത്തിനു നേരെ എതിരായുള്ള കുറ്റമാണ്‌. നുണ പറയുന്നത്‌ ഒരു വ്യക്തിയെ തെറ്റിലേക്കു നയിക്കുന്നതിനുവേണ്ടി സത്യത്തിനെതിരേ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതാണ്‌. നുണ സത്യത്തോടും അയല്‍ക്കാരനോടുമുള്ള മനുഷ്യന്റെ ബന്ധത്തിനുക്ഷതമേല്‍പ്പിച്ചുകൊണ്ട്‌ കര്‍ത്താവിനോട്‌ മനുഷ്യനും അവന്റെ വാക്കിനുമുള്ള മൗലികബന്ധത്തെ ഹനിക്കുന്നു.

നുണയുടെ ഗൗരവം അളക്കുന്നത്‌ അതു വികലമാക്കിയ സത്യത്തിന്‍റെ സ്വഭാവം, സാഹചര്യങ്ങള്‍, നുണപറയുന്നവന്റെ ഉദ്ദേശ്യങ്ങള്‍, അതിന്‍റെ  ഇരകള്‍ അനുഭവിക്കുന്ന ദ്രോഹം എന്നിവയാലാണ്‌. നുണ അതില്‍ത്തന്നെ ഒരു ലഘുപാപമേ ആകുന്നുള്ളുവെങ്കിലും അത്‌ നീതിയുടെയും സ്നേഹത്തിന്റെയും സുകൃതങ്ങള്‍ക്കു വിരുദ്ധമായി ഗൗരവാവഹമായ ദ്രോഹംചെയ്യുമ്പോള്‍ മാരകപാപമായിത്തീരുന്നു.

നുണ അതിന്റെ പ്രകൃതിയാല്‍ത്തന്നെ ശിക്ഷാര്‍ഹമാണ്‌. അറിയപ്പെട്ട സത്യം മറ്റുള്ളവര്‍ക്കു കൈമാറുക എന്ന ലക്ഷ്യംവച്ചുള്ള ഭാഷണത്തെ അതു ദുഷിപ്പിക്കുന്നു. സത്യവിരുദ്ധമായ സംഗതികള്‍ പറഞ്ഞുകൊണ്ട്‌, അയല്‍ക്കാരനെ തെറ്റിലേക്കു നയിക്കാനുള്ള മന.പൂര്‍വമായ ഉദ്ദേശ്യം നീതിയുടെയും ഉപവിയുടെയും അഭാവം തെളിയിക്കുന്നു. വഞ്ചിക്കുക എന്ന ഉദ്ദേശ്യം വഴിതെറ്റിക്കപ്പെടുന്നവര്‍ക്കു മാരകമായ അനന്തരഫലങ്ങള്‍ ഉളവാക്കാന്‍ സാധ്യതയുള്ളപ്പോള്‍, കൂടുതല്‍ കുറ്റകരമായിരിക്കും.

നുണ സത്യസന്തതയെന്ന സുകൃതത്തെ ലംഘിക്കുന്നതുകൊണ്ട്‌, അത്‌ അപരന് എതിരേയുള്ള യഥാര്‍ഥ അക്രമമാണ്‌. എല്ലാ വിധിനിര്‍ണയത്തിന്റെയും തീരുമാനത്തിന്റെയും വ്യവസ്ഥയായ അറിയാനുള്ള അവന്റെ കഴിവിനെ അതു വ്രണപ്പെടുത്തുന്നു. അനൈക്യത്തിന്റെയും അതുളവാക്കുന്ന സകലതിന്‍മകളുടെയും വിത്ത് നുണയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നുണ സമൂഹത്തിനു വിനാശകരമാണ്‌. അതു മനുഷ്യരുടെയിടയിലുള്ള വിശ്വാസത്തിനു തുരങ്കം വയ്ക്കുകയും സാമുഹികബന്ധങ്ങളുടെ സംവിധാനത്തെ ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു.

നീതിക്കും സത്യത്തിനുമെതിരേ ചെയ്യപ്പെടുന്ന ഏതു കുറ്റത്തിനും പരിഹാരം ചെയ്യാന്‍ കടമയുണ്ട്‌. ദ്രോഹം  ചെയ്തവനു മാപ്പു ലഭിച്ചാലും അതു ചെയ്യണം. തെറ്റിനു പരസ്യമായി പരിഹാരം ചെയ്യാന്‍ സാധ്യമല്ലാത്തപ്പോള്‍, അതു രഹസ്യമായി ചെയ്യണം. ദ്രോഹം സഹിച്ചവനു നേരിട്ടു നഷ്ടപരിഹാരം നല്‍കാന്‍ കുഴിയുകയില്ലെങ്കില്‍, സ്നേഹത്തിന്റെ പേരില്‍ അയാള്‍ക്കു ധാര്‍മികനഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ചെയ്യാനുള്ള ഈ കടമ മറ്റോരാളുടെ സത്പേരിനെതിരായ ദ്രോഹങ്ങളെ സംബന്ധിച്ചും ബാധകമാണ്‌. ധാര്‍മികമോ ചിലപ്പോള്‍ ഭൗതികമോ ആയ ഈ നഷ്ടപരിഹാരത്തെ വിലയിരുത്തേണ്ടത്‌, ദ്രോഹം മൂലമുണ്ടായ നാശത്തിന്റെ അളവനുസരിച്ചാണ്‌. ഇതു മനസാക്ഷിയില്‍ കടപ്പെടുത്തുന്നു.

IV. സത്യത്തോടുള്ള ബഹുമാനം

സത്യം അറിയിക്കാനുള്ള അവകാശം വ്യവസ്ഥാതീതമല്ല. സുവിശേഷം നല്‍കുന്ന സഹോദരസ്നേഹത്തിന്റെ കല്‍പനയോട്‌ ഓരോരുത്തനും തന്‍റെ ജീവിതം അനുരൂപപ്പെടുത്തണം. ചോദിക്കുന്നവനോടു സത്യം വെളിപ്പെടുത്തുന്നത്‌ ഉചിതമാണോ അല്ലയോ എന്നു സാഹചര്യങ്ങളുടെ പ്രത്യേകത പരിഗണിച്ച്‌ തീരുമാനിക്കണമെന്ന്‌ ഇത്‌ ആവശ്യപ്പെടുന്നു. 

വിവരത്തിനോ അറിവിനോ വേണ്ടിയുള്ള അഭ്യര്‍ഥനയ്ക്ക്‌ നല്‍കപ്പെടുന്ന പ്രത്യുത്തരം സ്നേഹത്തിലും സത്യത്തോടുള്ള ആദരവിലും അധിഷ്ഠിതമായിരിക്കണം. മറ്റുള്ളവരുടെ നന്മയും സുരക്ഷിതത്വവും സ്വകാര്യതയോടുള്ള ആദരവും പൊതു നന്മയും അറിയിക്കേണ്ടതല്ലാത്തവയെ സംബന്ധിച്ചു നിശ്ശബ്ദത പാലിക്കുന്നതിനും വിവേകപൂര്‍വകമായ ഭാഷ ഉപയോഗിക്കുന്നതിനും തക്കതായ കാരണങ്ങളാണ്‌. ഉതപ്പ്‌ ഒഴിവാക്കാന്‍ ഉള്ള കടമ മിക്കപ്പോഴും കര്‍ശനമായ നിശബ്ദത ആവശ്യപ്പെടുന്നു. അറിയാന്‍ അവകാശമില്ലാത്തവനോടു സത്യം വെളിപ്പെടുത്താന്‍ ആര്‍ക്കും കടമയില്ല.

അനുരഞ്ജനകുദാശയിലെ രഹസ്യം പവിത്രമാണ്‌. യാതൊരു സാഹചര്യത്തിലും അതു ലംഘിക്കപ്പെടാന്‍ പാടില്ല. “കൗദാശിക രഹസ്യം അലംഘനീയമാണ്‌. തന്‍മൂലം വാക്കുകൊണ്ടോ മറ്റെതെങ്കിലും വിധത്തിലോ, ഏതെങ്കിലും കാരണത്താലോ എപ്പോഴെങ്കിലും അനുതാപിയെ വെളിപ്പെടുത്തുന്നതു കുമ്പസാരക്കാരനെ സംബന്ധിച്ചു കുറ്റകരമാണ്‌".

ഓദ്യോഗിക രഹസ്യങ്ങളോ - ഉദാഹരണത്തിനു രാഷ്ട്രനേതാക്കള്‍, പട്ടാളക്കാര്‍, ഡോക്ടര്‍മാര്‍, വക്കീലന്‍മാര്‍ മുതലായവരുടെ രഹസ്യങ്ങള്‍ - രഹസ്യത്തിന്റെ മുദ്രയിൽ കീഴില്‍ വിശ്വസിച്ചു നല്‍കിയിട്ടുള്ള വിവരമോ, പരസ്യമാക്കാതെ സൂക്ഷിക്കേണ്ടതാണ്‌. രഹസ്യം സൂക്ഷിക്കുന്നത്‌, രഹസ്യം വിശ്വസിച്ച്‌ ഏല്‍പിച്ചവനോ അത്‌ സ്വീകരിച്ചവനോ മൂന്നാമതൊരു കക്ഷിക്കോ വളരെ ഗൗരവാവഹമായ ദ്രോഹമുണ്ടാക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കുകയും, ഗൗരവാവഹമായ ദ്രോഹത്തെ ഒഴിവാക്കാനുള്ള ഏക മാര്‍ഗം സത്യം വെളിപ്പെടുത്തുകയെന്നതായിരിക്കുകയും ചെയ്യുന്ന പ്രത്യേക സന്ദര്‍ഭത്തിലൊഴികെ മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അതു സൂക്ഷിക്കേണ്ടതാണ്‌. രഹസ്യത്തിന്റെ മുദ്രയിൻകീഴില്‍ വിശ്വസിച്ചേല്‍പിച്ചതല്ലെങ്കിലും, അന്യനു ഹാനികരമാകാന്‍ സാധ്യതയുള്ള സ്വകാര്യവിവരം ഗൗരവപൂര്‍വകവും ആനുപാതികവുമായ കാരണമില്ലെങ്കില്‍ വെളിപ്പെടുത്താന്‍ പാടില്ല.

വ്യക്തികളുടെ സ്വകാര്യജീവിതത്തെ സംബന്ധിച്ച്‌ ഓരോരുത്തനും സമുചിതമായ ശ്രദ്ധ ഉണ്ടായിരിക്കണം. ആശയവിനിമയങ്ങളുടെ ചുമതലയുള്ളവര്‍ പൊതു നന്മയുടെ ആവശ്യങ്ങളും വൈയക്തികാവകാശങ്ങളും തമ്മിലുള്ള ശരിയായ ഒരു സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കണം. രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലോ പൊതു പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സ്വകാര്യജീവിതത്തിന്‍മേലുള്ള മാധ്യമങ്ങളുടെ കടന്നാക്രമണം അവരുടെ രഹസ്യാത്മകതയെയും സ്വാത്യന്ത്ര്യത്തെയും ദ്രോഹിക്കുന്നതിന്റെ തോതനുസരിച്ച്‌ അപലപനീയമാണ്‌.

V. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗം

ആധുനിക സമൂഹത്തില്‍, വാര്‍ത്താവിതരണം, സാംസ്‌കാരിക പരിപോക്ഷണം, സാംസ്‌കാരിക രൂപീകരണം എന്നിവയില്‍ സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്‌. സാങ്കേതിക വിദ്യാപരമായ പുരോഗതി, വിനിമയം ചെയ്യുപ്പെടുന്ന വാര്‍ത്തകളുടെ വ്യാപ്തിയും വൈവിധ്യവും, പൊതുജനാഭിപ്രായത്തിന്‍മേല്‍ അതു ചെലുത്തുന്ന സ്വാധിനം എന്നിവയുടെ ഫലമായി സമ്പര്‍ക്കമാധ്യമങ്ങളുടെ പങ്കു വര്‍ധിച്ചുവരുകയാണ്‌.

മാധ്യമങ്ങള്‍ നല്‍കുന്ന വിവരം പൊതുനന്‍മയ്ക്കു വേണ്ടിയുള്ളതാണ്. സത്യം, സ്വാതന്ത്ര്യം, നീതി, സഹാനുഭാവം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരം ലഭിക്കാന്‍ സമൂഹത്തിന്‌ അവകാശമുണ്ട്‌;

വിനിമയത്തിന്റെ ഉള്ളടക്കം സത്യമായിരിക്കണമെന്നും നീതിയും സ്നേഹവും നിശ്ചയിച്ചിടുള്ള അതിര്‍ത്തികള്‍ക്കുള്ളില്‍ പൂര്‍ണമായിരിക്കണമെന്നും ഈ അവകാശത്തിന്റെ വിനിയോഗം ആവശ്യപ്പെടുന്നു. കൂടാതെ, സത്യസന്ധമായും ശരിയായും അതു വിനിമയം ചെയ്യപ്പെടണം. വാര്‍ത്തകളുടെ ശേഖരണത്തിലും പ്രസിദ്ധീകരണത്തിലും ധാർമിക നിയമവും മനുഷ്യന്റെ നീതിയുക്തമായ അവകാശങ്ങളും മാഹാത്മ്യവും  ഉയര്‍ത്തിക്കാണിക്കപ്പെടണം എന്നാണ്‌ ഇതിന്റെ അര്‍ഥം. 
സമൂഹത്തിലെ എല്ലാ അംഗങ്ങളും ഈ മണ്‍ഡലത്തില്‍ നീതിയുടെയും സ്നേഹത്തിന്റെയും ധര്‍മങ്ങള്‍ അംഗീകരിക്കുക എന്നത്‌ ആവശ്യമാണ്‌. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ ആരോഗ്യകരമായ പൊതുജനാഭിപ്രായത്തിന്റെ രൂപീകരണത്തിനും വ്യാപനത്തിനും അവര്‍ സഹായിക്കണം. നിര്‍വ്യാജവും സതൃസന്ധവുമായ സാമൂഹികസമ്പര്‍ക്കത്തിന്റെയും വിജ്ഞാനവും അന്യരോടുള്ള ആദരവും വര്‍ധിപ്പിക്കുന്ന ആശയങ്ങളുടെ സ്വതന്ത്രമായ പ്രചാരണത്തിന്റെയും ഫലമാണ്‌ സഹാനുഭാവം.
വാര്‍ത്തകളെയോ പ്രദര്‍ശനങ്ങളെയോ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ ജാഗ്രതയില്ലാത്തവരാക്കിക്കൊണ്ട്‌, ഒരുതരം നിസ്സംഗത സൃഷ്ടിക്കാന്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു (പ്രത്യേകിച്ച്  ആഗോള സമ്പര്‍ക്കമാധ്യമങ്ങള്‍ക്കു) കഴിയും. ഉപഭാക്താക്കള്‍ സമ്പര്‍ക്കമാധ്യമങ്ങളോടുള്ള സമീപനത്തില്‍ മിതത്വവും ശിക്ഷണവും പാലിക്കണം. അനാരോഗ്യകരമായ സ്വാധീനങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ തടയുന്നതിനു പ്രബുദ്ധവും സത്യസന്ധവുമായ മന:സാക്ഷി അവര്‍ രൂപപ്പെടുത്തണം.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സത്യത്തെ സേവിക്കാനും സ്നേഹത്തിനു വിരുദ്ധമായ ദ്രോഹം ചെയ്യാതിരിക്കാനും പത്രപ്രവര്‍ത്തകര്‍ അവരുടെ ജീവിതവൃത്തിയുടെ സ്വഭാവത്താല്‍ തന്നെ കടപ്പെട്ടിരിക്കുന്നു. അതേ ശ്രദ്ധയോടെ, വസ്തുതകളുടെ സ്വഭാവത്തെയും വ്യക്തികളെ സംബന്ധിച്ച വിമര്‍ശനാത്മക വിധിത്തീര്‍പ്പിന്റെ സീമകളെയും ആദരിക്കുവാന്‍ അവര്‍ പരിശ്രമിക്കണം. മറ്റുള്ളവരെ അപകിര്‍ത്തിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു കടമയുണ്ട്‌.
"ഈ മണ്‍ഡലത്തില്‍ രാഷ്ട്രാധികാരികള്‍ക്കു പൊതുനന്‍മയെപ്രതി സവിശേഷമായ ഉത്തരവാദിത്വങ്ങളുണ്ട്‌. വിവരങ്ങളെ സംബന്ധിച്ചു യഥാര്‍ഥവും നീതിയുക്തവുമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക രാഷ്ട്രാധികാരത്തിന്റെ കടമയാണ്‌. മാധ്യമങ്ങളുടെ ദുരൂപയോഗംവഴി “പൊതുധാര്‍മികതയും സാമൂഹിക പുരോഗതിയും ഗൗരവാവഹമായ രിതിയില്‍ അപകടപ്പെടുന്നില്ലെന്നു” പൊതു അധികാരികള്‍ നിയമങ്ങള്‍ വിളംബരം ചെയ്തുകൊണ്ടും അവയുടെ പ്രയോഗത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടും ഉറപ്പുവരുത്തണം. വ്യക്തികളുടെ സത്പേരിനും രഹസ്യാത്മകതയ്ക്കുമുള്ള അവകാശങ്ങളുടെ ഏതു ലംഘനത്തിനും രാഷ്ട്രധികാരികള്‍ ശിക്ഷനല്‍കണം. അവര്‍ പൊതുനന്‍മയെ സംബന്ധിച്ച്‌ സമയോചിതവും വിശ്വസനീയവുമായ വാര്‍ത്തകള്‍ നല്‍കണം, അഥവാ ജനങ്ങളുടെ സുസ്ഥാപിതങ്ങളായ താത്പര്യങ്ങളോടു പ്രത്യുത്തരിക്കണം. മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം കൃത്യമായി രൂപപ്പെടുത്താന്‍ വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനെ ഒരുതരത്തിലും നീതീകരിക്കാന്‍ സാധ്യമല്ല. പൊതു അധികാരിയുടെ ഇടപെടല്‍ വ്യക്തികളുടെയോ സംഘങ്ങളുടെയോ സ്വാതന്ത്രത്തെ മുറിപ്പെടുത്താന്‍ പാടില്ല.
മാധ്യമങ്ങളിലൂടെ സത്യത്തെ വ്യവസ്ഥാപിതരീതിയില്‍ വളച്ചൊടിക്കുകയും, പൊതുജനാഭിപ്രായത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയും പൊതുവിചാരണകളില്‍ എതിര്‍കക്ഷികളെയും സാക്ഷികളെയും കൃത്രിമമായി ദുഷിക്കുകയും, “ചിന്താപരമായ കുറ്റങ്ങള്‍" (thought crimes) എന്ന്‌ അവര്‍ വിചാരിക്കുന്ന എല്ലാറ്റിനെയും വെട്ടിമാറ്റുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതുവഴി തങ്ങളുടെ സ്വേഛാധിപത്യത്തെ സുരക്ഷിതമാക്കാമെന്നു സങ്കല്‍പിക്കുകയും ചെയ്യുന്ന സമഗ്രാധിപത്യ രാഷ്ട്രങ്ങളാകുന്ന മഹാമാരിയെ ധാര്‍മികബോധം അപലപിക്കണം.

VI. സത്യവും സൗന്ദര്യവും വിശുദ്ധകലയും

നന്മയുടെ പരിശീലനത്തോടൊപ്പം സ്വതസിദ്ധമായ ആധ്യാത്മിക സന്തോഷവും ധാര്‍മിക സൗന്ദര്യവുമുണ്ടായിരിക്കും. അതുപോലെതന്നെ, സത്യം അതിനോടൊപ്പം ആധ്യാത്മിക സൗന്ദര്യത്തിന്റെ സന്തോഷവും പ്രഭയും വഹിക്കുന്നു. സത്യം അതില്‍ത്തന്നെ സുന്ദരമാണ്‌. വാക്കുകളിലെ സത്യം, സൃഷ്ടിക്കപ്പെട്ടവയും സൃഷ്ടിക്കപ്പെടാത്തവയുമായവയെ സംബന്ധിച്ച അറിവിന്റെ യുക്തിസഹമായ പ്രകടനം, ബുദ്ധിശക്തിയുള്ളവനായ മനുഷ്യന്‌ അത്യാവശ്യമാണ്‌. എന്നാല്‍, മാനുഷികപ്രകടനത്തിന്റെ മറ്റു പൂരകരുപങ്ങളെ കണ്ടെത്താനും സത്യത്തിനുകഴിയും. സർവോപരി, അവാച്യമായതിനെ - മനുഷ്യഹൃദയത്തിന്റെ അഗാധതകളെ, ആത്മാവിന്റെ ഉത്കര്‍ഷങ്ങളെ, ദൈവത്തിന്റെ രഹസ്യത്തെ - ആവിഷ്കരിക്കേണ്ടിവരുമ്പോള്‍ അങ്ങനെ സംഭവിക്കുന്നു. ദൈവം തന്നെത്തന്നെ സത്യത്തിന്റെ വാക്കുകളില്‍ മനുഷ്യനു വെളിപ്പെടുത്തുന്നതിനു മുന്‍പുതന്നെ, അവിടുന്ന്‌ തന്റെ വചനത്തിന്റെയും തന്റെ ജ്ഞാനത്തിന്‍റെയും പ്രവൃത്തിയായ സൃഷ്ടിയുടെ സാര്‍വത്രിക ഭാഷയിലൂടെ, തന്നെത്തന്നെ അവനു വെളിപ്പെടുത്തി: ഒരു കൊച്ചുകുട്ടിക്കും ശാസ്ത്രജ്ഞനും ഒരുപോലെ കണ്ടെത്താവുന്ന പ്രപഞ്ചത്തിന്‍റെ ക്രമവും യോജിപ്പും ആണ്‌ അത്‌. “സൃഷ്ടവസ്തുക്കളുടെ മാഹാത്മ്യത്തിൽനിന്നും സൗന്ദര്യത്തിൽനിന്നും അവയുടെ സ്രഷ്ടാവിനെ അറിവിന്റെ തലത്തില്‍ ദര്‍ശിക്കാന്‍ കഴിയും.” “എന്തെന്നാല്‍, സൗന്ദര്യത്തിന്റെ കര്‍ത്താവാണ്‌ അവയെ സൃഷ്ടിച്ചത്‌.

ജ്ഞാനം ദൈവശക്തിയുടെ ശ്വാസവും സര്‍വശക്തന്റെ മഹത്ത്വത്തിന്റെ ശുദ്ധമായ നിസ്സരണവുമാണ്‌. തന്‍മൂലം മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല. എന്തെന്നാല്‍ അവള്‍ നിത്യപ്രകാശത്തിന്റെ പ്രതിഫലനമാണ്‌, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മല ദര്‍പ്പണം അവിടുത്തെ നന്‍മയുടെ പ്രതിരൂപം. എന്തെന്നാല്‍, ജ്ഞാനം സൂര്യനെക്കാള്‍ സൗന്ദര്യമുള്ളതാണ്‌. ഓരോ നക്ഷ്ത്രരാശിയെയും അതിശയിക്കുകയും ചെയ്യുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍തന്നെ ശ്രേഷ്ഠകാരണം, പ്രകാശം ഇരുട്ടിനു വഴി മാറുന്നു; ജ്ഞാനത്തിനെതിരേ തിന്‍മ പ്രബലപ്പെടുകയില്ല.അവളുടെ സന്ദരൃത്തില്‍ ഞാന്‍ മതിമറന്നു.

“ദൈവത്തിന്റെ ഛായയില്‍” സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, സൃഷ്‌ടാവായ ദൈവത്തോടുള്ള തന്റെ ബന്ധത്തിന്റെ സത്യത്തെ തന്റെ കലാപരമായ സൃഷ്ടികളിലൂടെയും പ്രകാശിപ്പിക്കുന്നു. കല യഥാര്‍ഥത്തില്‍ മാനുഷിക പ്രകാശനത്തിന്റെ വ്യതിരിക്തമായ ഒരു രൂപമാണ്‌; എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അന്വേഷണത്തിനും അപ്പുറത്ത്‌, മനുഷ്യജിവിയുടെ ആന്തരിക സമ്പന്നതകളുടെ, സ്വതന്ത്രമായി നല്‍കപ്പെടുന്ന ഒരു അതീവ സമൃദ്ധിയാണ്‌ ഇത്‌. സ്രഷ്ടാവു നല്‍കിയ കഴിവില്‍നിന്നും മനുഷ്യന്റെ തന്നെ പരിശ്രമത്തില്‍ നിന്നും ഉരുത്തിരിയുന്ന കല, ദര്‍ശനത്തിനോ ശ്രവണത്തിനോ ഉതകുന്ന ഭാഷയില്‍ യാഥാര്‍ഥ്യത്തിന്റെ സത്യത്തെ രൂപപ്പെടുത്തുവാന്‍വേണ്ടി അറിവും വൈദഗ്ധ്യവും തമ്മില്‍ ഒന്നിപ്പിക്കുന്ന പ്രായോഗികജ്ഞാനത്തിന്റെ ഒരു രൂപമാണ്‌. ഉണ്‍മകളുടെ സത്യത്താലും അവയോടുള്ള സ്നേഹത്താലും പ്രചോദിപ്പിക്കപ്പെടുന്നിടത്തോളം കല സൃഷ്ടിയിലുള്ള ദൈവത്തിന്റെ പ്രവര്‍ത്തനത്തോട്‌ ഒരുതരത്തില്‍ സാദൃശ്യം വഹിക്കുന്നു. മറ്റ് ഏതൊരു മാനുഷിക പ്രവര്‍ത്തനവുംപോലെ കലയും അതില്‍ത്തന്നെ ഒരു കേവല ലക്ഷ്യമല്ല, പിന്നെയോ മനുഷ്യന്‍റെ പരമാന്തത്തെ ലക്ഷ്യം വയ്ക്കുന്നതും അതിനാല്‍ ഉദാത്തീകരിക്കപ്പെടുന്നതുമാണ്‌.

വിശുദ്ധകല, അതിന്റെ സവിശേഷവിളിക്ക്‌ അനുസൃതമായ രൂപത്തിലുള്ളതായിരിക്കുമ്പോള്‍ സത്യപൂര്‍ണവും സുന്ദരവുമാണ്‌. ദൈവത്തിന്റെ സര്‍വാതിശായിയായ രഹസ്യത്തെ, അതായത്‌, “അവിടുത്തെ മഹത്ത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമായവനും' “ദൈവത്വത്തിന്റെ സമഗ്രപൂര്‍ണതയുടെ ശാരീരിക വാസസ്ഥാനമായിരിക്കുന്നവനും" ആയ ക്രിസ്തുവില്‍ ദൃശ്യമായിത്തീര്‍ന്ന സത്യത്തിന്റെയും  സ്നേഹത്തിന്റെയും സര്‍വാതിശായിയായ അദൃശ്യസൗന്ദര്യത്തെ വിശ്വാസത്തിലും ആരാധനയിലും ആവിഷ്കരിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുകയാണു വിശുദ്ധകലയുടെ സവിശേഷവിളി. ഈ ആധ്യാത്മികസൗന്ദര്യം പരിശുദ്ധയായ കന്യകാമാതാവിലും മാലാഖമാരിലും വിശുദ്ധരിലും പ്രതിബിംബിക്കുന്നു. നിര്‍വ്യാജമായ കല, മനുഷ്യനെ ആരാധനയിലേക്കും പ്രാര്‍ഥനയിലേക്കും, സ്രഷ്ടാവും രക്ഷകനും, പരിശുദ്ധനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുള്ള സ്നേഹത്തിലേക്കും നയിക്കുന്നു.ഇക്കാരണത്താല്‍ പഴയതും പുതിയതുമായ വിശുദ്ധകലയെ അതിന്റെ സര്‍വരൂപങ്ങളിലും പരിപോഷിപ്പിക്കുവാന്‍ മെത്രാന്മാർ നേരിട്ടോ പ്രതിനിധികള്‍ വഴിയോ പരിശ്രമിക്കണം. അതേ മതാത്മക ശ്രദ്ധയോടെ, ആരാധനാക്രമത്തില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും വിശ്വാസത്തിന്റെ സത്യത്തിനും വിശുദ്ധകലയുടെ യഥാര്‍ഥ സൗന്ദര്യത്തിനും ചേരാത്ത സകലതും നീക്കംചെയ്യുകയും വേണം. 

സംഗ്രഹം 

നീ നിന്‍റെ അയൽക്കാരനെതിരെ കള്ളസാക്ഷ്യം നൽകരുത്. "ക്രിസ്‌തുവിന്‍റെ ശിഷ്യന്മാർ യഥാർത്ഥ  നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ" ധരിച്ചിരിക്കുന്നു (എഫേ 4:24)

സത്യം അഥവാ സത്യസന്ധത ഒരുവൻ തന്നെത്തന്നെ പ്രവൃത്തികളിൽ സത്യമുള്ളവനായും വാക്കുകളില്‍ സത്യസന്ധതയുള്ളവനായും പ്രദർശിപ്പിക്കുന്നതിനും, ദ്വന്ദഭാവം, വിപരീതഭാവനാട്യം, കപടനാട്യം എന്നിവയ്ക്കെതിരേ സ്വയം സംരക്ഷിക്കുന്നതിലും, അടങ്ങിയിരിക്കുന്ന ഒരു സുകൃതമാണ്. 

ക്രൈസ്തവൻ പ്രവൃത്തിയിലും വാക്കിലും “നമ്മുടെ കർത്താവിനു സാക്ഷ്യം വഹിക്കുന്നതിൽ ലജ്ജിക്കുവാൻ"(2 തിമോ 1:8) പാടില്ല. രക്തസാക്ഷിത്വം വിശ്വാസത്തിന്റെ സത്യത്തിനു നൽകപ്പെടുന്ന പരമസാക്ഷ്യമാണ്‌.

വ്യക്തികളുടെ സത്പേരിനോടും ആദരവിനോടുമുള്ള ബഹുമാനം വാക്കിലോ മനോഭാത്തിലോ ഉള്ള സകല അപകീർത്തിപ്പെടുത്തലിനെയും ഏഷണിയെയും നിരോധിക്കുന്നു.

നുണപറയൽ എന്നത്‌ അയൽക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജം പറയുന്നതില്‍ അടങ്ങിയിരിക്കുന്നു.

സത്യത്തിനു വിരുദ്ധമായി ചെയ്യപ്പെട്ട ദ്രോഹത്തിന്‌ നഷ്ടപരിഹാരം ചെയ്യണം.

സത്യമറിയാന്‍ ആവശ്യപ്പെടുന്ന വ്യക്തിയോടു സത്യം വെളിപ്പെടുത്തുന്നത്‌ ഉചിതമാണോ അല്ലയോ എന്ന്‌, വസ്തുനിഷ്ഠമായ സാഹചര്യങ്ങളില്‍, തിരിച്ചറിയുവാൻ ഈ സുവർണനിയമം സഹായിക്കുന്നു.

“കൗദാശികരഹസ്യം അലംഘ്യമാണ്‌ ” (CIC Can 983$1). ഓദ്യോഗികരഹസ്യങ്ങൾ സൂക്ഷിക്കപ്പെടണം. രഹസ്യവിവരങ്ങൾ മറ്റൊരാൾക്കു ഹാനികരമെങ്കിൽ വെളിപ്പെടുത്താൻ പാടില്ല.

സത്യത്തിലും സ്വാതന്ത്ര്യത്തിലും നീതിയിലും അധിഷ്ഠിതമായ വിവരങ്ങൾ ലഭിക്കാൻ സമൂഹത്തിന്‌ അവകാശമുണ്ട്‌. സാമുഹികസമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തില്‍ നാം മിതത്വവും ശിക്ഷണവും പാലിക്കണം.

സുകുമാരകലകൾ, എന്നാല്‍ സർവോപരി വിശുദ്ധകല, അവയുടെ സ്വഭാവത്താൽ തന്നെ മനുഷ്യകരങ്ങളാൽ  നിർമിക്കപ്പെട്ട കലാസൃഷ്ടികളിലൂടെ ദൈവത്തിന്റെ അനന്തസൗന്ദര്യത്തെ ഏതെങ്കിലും തരത്തില്‍ പ്രകാശിപ്പിക്കുവാൻ വേണ്ടിയുള്ളതാണ്‌. അവ മനുഷ്യമനസ്സുകളെ ദൈവത്തിലേക്കുമാത്രം ഭക്തിപൂര്‍വം തിരിക്കുന്നതിൽ എത്ര കുടുതൽ സമർപ്പിതമായിരിക്കുന്നുവോ അത്ര കുടുതല്‍ പൂർണമായി ദൈവത്തിന്റെ സ്‌തുതിയുടെയും മഹത്ത്വത്തിന്റെയും വർദ്ധനവിന് ഉപകരിക്കുന്നു" (SC 122).

എട്ടാം കല്‍പന സത്യത്തില്‍ ജീവിക്കുക സത്യത്തിനു സാക്ഷ്യം വഹിക്കുക സത്യത്തിനെതിരായ കുറ്റങ്ങള്‍ സത്യത്തോടുള്ള ബഹുമാനം സത്യവും സൗന്ദര്യവും വിശുദ്ധകലയും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message