We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 05-Jul-2022
വകുപ്പ് 2
സാമൂഹ്യ ജീവിതത്തിലെ പങ്കാളിത്തം
I. അധികാരം
നിയമാനുസൃതമായ അധികാരം സിദ്ധിച്ചിട്ടുള്ളവരും സമൂഹത്തിന്‍റെ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും ആവശ്യാനുസൃതം പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നവരുമായ ആളുകളുടെ അഭാവത്തില്‍ മനുഷ്യസമൂഹം ക്രമീകൃതവും ഫലദായകവും ആയിരിക്കുകയില്ല.
“അധികാരം” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, വ്യക്തികളോ സ്ഥാപനങ്ങളോ, നിയമനിര്‍മാണം നടത്തുകയും മനുഷ്യര്‍ക്ക് ആജ്ഞകള്‍ നല്‍കുകയും അവരില്‍ നിന്ന് അനുസരണം ആവശ്യപ്പെടുകയും ചെയ്യുന്ന ഗുണവിശേഷമാണ്.
ഓരോ മനുഷ്യസമൂഹത്തിനും അതിനെ ഭരിക്കാനുള്ള ഒരു അധികാരം ആവശ്യമാണ്. പ്രസ്തുത അധികാരത്തിന്‍റെ അടിത്തറ മനുഷ്യപ്രകൃതിയില്‍ത്തന്നെയാണു സ്ഥിതിചെയ്യുന്നത്. രാഷ്ട്രത്തിന്‍റെ ഐക്യം നിലനിര്‍ത്താന്‍ അധികാരം അനുപേക്ഷണീയമാണ്. കഴിയുന്നിടത്തോളം സമൂഹത്തിന്‍റെ പൊതുനന്‍മ ഉറപ്പുവരുത്തുകയാണ് അധികാരത്തിന്‍റെ ധര്‍മം.
ധാര്‍മികക്രമം വിവക്ഷിക്കുന്ന അധികാരം ദൈവത്തില്‍നിന്നു വരുന്നതാണ്; “ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തൻനിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവത്തിന്‍റെ സംവിധാനത്തെയാണ് ധിക്കരിക്കുന്നത്; അവിടുത്തെ ധിക്കരിക്കുന്നവര്‍ തങ്ങള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.”
അനുസരിക്കുവാനുള്ള ചുമതല എല്ലാവരെയും അധികാരത്തിന് അര്‍ഹമായ ആദരവു നല്‍കാന്‍ കടപ്പെടുത്തുന്നു. അതുപോലെ, അധികാരനിര്‍വഹണം നടത്തുന്നവരെ ബഹുമാനത്തോടും അവര്‍ അര്‍ഹിക്കുംവിധത്തില്‍ കൃതജ്ഞതയോടും സന്‍മനസ്സോടും കൂടി പരിഗണിക്കണം.
അധികാരം ദൈവം നിശ്ചയിച്ച ക്രമത്തിലുള്ളതാണ്. എങ്കിലും “രാഷ്ട്ര ഭരണത്തെ നിശ്ചയിക്കുന്നതും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതും പൗരൻമാരുടെ സ്വതന്ത്രതീരുമാനത്തിന് വിട്ടിരിക്കുകയാണ്.”
വിവിധ രാഷ്ട്രഭരണക്രമങ്ങള്‍ അവയെ അംഗീകരിക്കുന്ന സമൂഹങ്ങളുടെ നിയമാനുസൃതമായ നന്മക്കായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ അവ ധാര്‍മികമായി സ്വീകാര്യമാണ്. പ്രകൃതി നിയമത്തിനും പൊതുവായ സാമൂഹ്യ ക്രമത്തിനും വ്യക്തികളുടെ മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായ സ്വഭാവമുള്ള ഭരണക്രമങ്ങള്‍ക്ക് അവ അടിച്ചേല്‍പിക്കപ്പെടുന്ന ജനതകളുടെ പൊതുനന്മ കൈവരിക്കാന്‍ കഴിയുകയില്ല.
അധികാരത്തിന്‍റെ ധാര്‍മികസാധുത അതില്‍ത്തന്നെ സ്ഥിതിചെയ്യുന്നതല്ല. അധികാരവിനിയോഗം സ്വേച്ഛാധിപത്യ ശൈലിയിലാകരുത്, പ്രത്യുത, "സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്വബോധത്തിലും അടിയുറച്ച ധാര്‍മികശക്തിയായി, പൊതുനന്‍മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രീതിയിലാകണം.
അധികാരനിര്‍വഹണം നിയമാനുസൃതമാകുന്നത് അതു ബന്ധപ്പെട്ട സമൂഹത്തിന്‍റെ പൊതുനന്മയെ ലക്ഷ്യമാക്കുമ്പോഴും ആ ലക്ഷ്യം നേടാന്‍ ധാര്‍മികമായി നിയമാനുസൃതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും മാത്രമാണ്. ഭരണാധികാരികള്‍ നീതിരഹിതമായ നിയമങ്ങള്‍ കൊണ്ടുവരുകയോ ധാര്‍മിക ക്രമത്തിനു വിരുദ്ധമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ അവയ്ക്കു മനഃസാക്ഷിയെ കടപ്പെടുത്താന്‍ കഴിയുകയില്ല. അത്തരം സന്ദര്‍ഭത്തില്‍ “അധികാരം സംപൂര്‍ണമായി തകരുകയും പരിഹാസ്യമായ അരാജകത്വത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
“ഓരോ തരം അധികാരവും മറ്റ് അധികാരങ്ങളാല്‍ സന്തുലിതമാക്കപ്പെടുന്നതാണ് അഭികാമ്യം. അതുപോലെ, അധികാരത്തെ ഉചിതമായ പരിധികള്‍ക്കുള്ളില്‍ സുക്ഷിക്കുന്ന ഉത്തരവാദിത്വങ്ങളുടെ ഇതരതലങ്ങളാലും അധികാരം സന്തുലിതപ്പെടണം. “നിയമവാഴ്ചയുടെ തത്വമിതാണ്. നിയമവാഴ്ചയില്‍ നിയമത്തിനാണു പരമാധികാരം, അല്ലാതെ, മനുഷ്യന്‍റെ സ്വേച്ഛാപരമായ തീരുമാനത്തിനല്ല."
II. പൊതുനന്മ
മനുഷ്യന്‍റെ സാമൂഹ്യപ്രകൃതിക്കനുസൃതമായി ഓരോ വ്യക്തിയുടെയും നന്മ നിര്‍ബന്ധമായും പൊതുനന്മയോടു ബന്ധപ്പെട്ടതാണ്. അതേസമയം, മനുഷ്യവ്യക്തിയോടു ബന്ധപ്പെടുത്തിമാത്രമേ പൊതുനന്മയെ നിര്‍വചിക്കാനാവു.
പൊതുനന്മ എന്നത് “ജനങ്ങളെ, ഒരു സമൂഹമെന്നനിലയിലോ, വ്യക്തികളെന്ന നിലയിലോ കൂടുതല്‍ സമഗ്രമായും ഏറെ അനായാസമായും, തങ്ങളുടെ പൂര്‍ണതയിലെത്തുന്നതിനു സഹായിക്കുന്ന സാമൂഹ്യവ്യവസ്ഥിതികളുടെ ആകെത്തുകയാണ് എന്നു മനസ്സിലാക്കാം. "പൊതുനന്മ എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നതാണ്. അത് ഓരോ വ്യക്തിയില്‍നിന്നും പ്രത്യേകിച്ച് അധികാരം വിനിയോഗിക്കുന്നവരില്‍നിന്നും കൂടുതലായും വിവേകം പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ മൂന്നു കാതലായ കാര്യങ്ങൾ ഉള്‍ക്കൊള്ളുന്നു.
ഒന്നാമതായി, പൊതു നന്മ, വ്യക്തിയോടുള്ള ആദരവു മുന്‍കൂട്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. പൊതുനന്‍മയുടെ പേരില്‍ മനുഷ്യവ്യക്തിയുടെ മൗലികവും അലംഘനീയവുമായ അവകാശങ്ങള്‍ മാനിക്കാന്‍ പൊതുഭരണാധികാരികള്‍ കടപ്പെട്ടവരാണ്. സമൂഹം അതിലെ ഓരോ അംഗത്തെയും തന്‍റെ ജീവിത ദൗത്യം നിറവേറ്റാന്‍ അനുവദിക്കണം. പ്രത്യേകിച്ച്, മാനുഷികവിളിയുടെ വികാസത്തിന് അനുപേക്ഷണീയമായ പലതരം നൈസര്‍ഗിക സ്വാതന്ത്രയങ്ങളെ അനുഭവിക്കാന്‍ അനുവദിക്കുന്ന സാഹചര്യങ്ങളിലാണു പൊതുനന്മ സ്ഥിതിചെയ്യുന്നത്. മനഃസാക്ഷിയുടെ ഉത്തമ മാനദണ്‍ഡമനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള അവകാശവും, സ്വകീയതയും, മതപരമായ കാര്യങ്ങളിലുള്ള ന്യായമായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവകാശവും” ഇതിനുദാഹരണങ്ങളാണ്.
രണ്ടാമതായി, പൊതുനന്‍മ, സമൂഹത്തിന്‍റെ തന്നെ സാമൂഹ്യക്ഷേമവും വികസനവും ലക്ഷ്യം വയ്ക്കുന്നതായിരിക്കണം. സാമൂഹിക കടമകളുടെയെല്ലാം രത്നച്ചുരുക്കം തന്നെ വികസനമാണ്. അധികാരത്തിന്‍റെ സ്വാഭാവിക കടമയാണ്, പൊതുനന്മയെ മുൻനിർത്തി വിവിധ വ്യക്തിഗത താത്പര്യങ്ങളുമായി സദാ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്തുക എന്നത്. യഥാര്‍ഥമായ മനുഷ്യോചിത ജീവിതത്തിന് ഉപയുക്തമായതെല്ലാം ഓരോ വ്യക്തിക്കും സംലഭ്യമാക്കുക എന്നതും അതിന്‍റെ ചുമതലയില്‍പ്പെടുന്നു; ഭക്ഷണം, വസ്ത്രം, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, സംസ്‌കാരം, ഉചിതമായ അറിവ്, കുടുംബം കെട്ടിപ്പടുക്കാനുള്ള അവകാശം മുതലായവ.
അവസാനമായി പൊതുനന്‍മ, സമാധാനം, അതായത് നീതിപൂര്‍വകമായ ഒരു വ്യവസ്ഥിതിയുടെ സുസ്ഥിരതയും സുരക്ഷിതത്വവും പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ അധികാരം കയ്യാളുന്നവര്‍ സമൂഹത്തിന്‍റെയും അംഗങ്ങള്‍ ഓരോരുത്തരുടെയും സുരക്ഷിതത്വം സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ ഉറപ്പുവരുത്തണം. വ്യക്തികളുടെയും സമൂഹത്തിന്‍റെയും ന്യായാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശത്തിന്‍റെ അടിസ്ഥാനം ഇതാണ്.
ഓരോ മനുഷ്യസമൂഹത്തിനും അതിനെ തിരിച്ചറിയാന്‍ ഹേതുവാകുന്ന ഒരു പൊതുനന്മയുണ്ട്. ഒരു രാഷ്ട്ര സമൂഹത്തിൽ ആണ് ഈ പൊതുനന്മയുടെ സംപൂര്‍ണ സാക്ഷാത്കാരം സാധ്യമാകുന്നത്. പൗരസമുഹത്തിന്‍റെയും പൗരന്മാരുടെയും സാമൂഹിക ഉപസംഘടനകളുടെയും പൊതുനന്മ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നത് രാഷ്ട്രത്തിന്‍റെ ധര്‍മമാണ്.
മനുഷ്യരുടെ പരസ്പരാശ്രയത്വം വളര്‍ന്നുകൊണ്ടിരിക്കുകയും ലോകമാസകലം ക്രമേണ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഒരേ സ്വാഭാവികമാഹാത്മൃമുള്ള ജനങ്ങള്‍ സമ്മേളിക്കുന്ന മാനവകുടുംബത്തിന്‍റെ ഐക്യം ഒരു സാർവത്രിക പൊതുനന്മയെ ധ്വനിപ്പിക്കുന്നുണ്ട്. ഈ നന്‍മ രാഷ്ട്രങ്ങളുടെ സമൂഹത്തിന്‍റെ ഒരു സംഘടന ആവശ്യകമാക്കുന്നു : “മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്‍റെ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ പ്രാപ്തമായ ഒരു സംഘടന. ഭക്ഷണം, ആരോഗ്യം വിദ്യാഭ്യാസം... അവിടെയും ഇവിടെയും ഉരുത്തിരിയുന്ന ചില സാഹചര്യങ്ങള്‍, ഉദാഹരണത്തിന്... ലോകമെമ്പാടും ചിതറിപ്പാര്‍ക്കുന്ന അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ ശമിപ്പിക്കുക, കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക” മുതലായവ ഈ സംഘടനയുടെ ലക്ഷ്യമായിരിക്കണം.
വ്യക്തികളുടെ പുരോഗതിയെ സദാ ഉന്നംവയ്ക്കുന്നതാണു പൊതുനന്‍മ. “വസ്തുക്കളുടെ സംവിധാനക്രമം വ്യക്തികളുടെ സംവിധാനക്രമത്തിനു വിധേയമായിരിക്കണം. അല്ലാതെ മറിച്ചായിക്കൂടാ." ഈ സംവിധാനക്രമം സത്യത്തില്‍ അടിയുറച്ചതും നീതിയിൽ പണിതുയർത്തപ്പെട്ടതും സ്നേഹത്താൽ സജീവമാക്കപ്പെട്ടതുമാകണം.
III. ഉത്തരവാദിത്വവും പങ്കുചേരലും
പങ്കുചേരല്‍” എന്നത് ഒരു വ്യക്തി സ്വതന്ത്രമായും ഉദാരമായും സമൂഹത്തിന്‍റെ പരസ്പര കൈമാറ്റത്തില്‍ ഉള്‍പ്പെടുന്നതാണ്. ഓരോരുത്തരും താന്താങ്ങളുടെ നിലയും ധര്‍മവുമനുസരിച്ച പൊതുനന്‍മ വളര്‍ത്താനായി പങ്കുചേരേണ്ടതുണ്ട്. ഈ ഉത്തരവാദിത്വം മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തില്‍ത്തന്നെ അന്തര്‍ലീനമാണ്.
ഒരുവന് വ്യക്തിപരമായ ഉത്തരവാദിത്വമുള്ള മേഖലകളുടെ ചുമതല ഏറ്റെടുക്കുന്നതിലാണ് ഈ പങ്കുചേരല്‍ ഒന്നാമതായി നിര്‍വഹിക്കപ്പെടുന്നത്. തന്‍റെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടും മന:സാക്ഷിക്കനുസൃതമായി തന്‍റെ ജോലി ചെയ്തുകൊണ്ടും മനുഷ്യന്‍ മറ്റുള്ളവരുടെയും സമൂഹത്തിന്‍റെയും നന്‍മയില്‍ പങ്കുചേരുന്നു.
പൗരന്മാർ നിവൃത്തിയുള്ളിടത്തോളം പൊതുജീവിതത്തില്‍ സജീവപങ്കുവഹിക്കണം. ഈ പങ്കുവഹിക്കലിന്‍റെ രീതി രാജ്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കാം. “കഴിയുന്നിടത്തോളം കൂടുതല്‍ പൗരന്മാരെ യഥാര്‍ഥ സ്വാതന്ത്ര്യത്തിന്‍റെ അന്തരിക്ഷത്തില്‍ പൊതുജീവിതത്തില്‍ പങ്കുചേരാന്‍ അനുവദിക്കുന്ന സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നവയാണ്.”
ഏതൊരു ധാര്‍മിക ഉത്തരവാദിത്വത്തിന്‍റെ കാര്യത്തിലുമെന്നപോലെ പൊതു നന്മയെ പ്രതിയുള്ള സകലരുടെയും പങ്കുചേരല്‍ സാമൂഹികപങ്കാളികളുടെ നിരന്തരവും നവീകൃതവുമായ മാനസ്സാന്തരം ആവശ്യപ്പെടുന്നുണ്ട്. നിയമത്തിന്‍റെ നിയന്ത്രണങ്ങളെയും സാമൂഹികചുമതലയുടെ നിര്‍ദ്ദേശങ്ങളെയും മറികടക്കാനായി ചിലര്‍ കൈക്കൊള്ളുന്ന കൃത്രിമങ്ങളെയും വ്യാജപ്രവൃത്തികളെയും നിശിതമായി അപലപിക്കേണ്ടതാണ്; കാരണം, അവ നീതിയുടെ വ്യവസ്ഥകളോടു യോജിച്ചുപോകുന്നവയല്ല. മനുഷ്യജീവിതത്തിന്‍റെ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്.
അധികാരം കൈയാളുന്നവരുടെ കര്‍ത്തവ്യമാണ്, സമൂഹാംഗങ്ങളുടെ മനോധൈര്യം വര്‍ധിപ്പിക്കുന്ന മൂല്യങ്ങള്‍ ഉറപ്പിക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത്. ഈ പങ്കുചേരല്‍ വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമാണു തുടക്കം കുറിക്കുക. “തലമുറകള്‍ക്കു ജീവിക്കാനും പ്രതീക്ഷിക്കാനും ആവശ്യമായ അടിസ്ഥാനതത്വങ്ങള്‍ പ്രദാനംചെയ്തു വളര്‍ത്തിക്കൊണ്ടുവരുവാന്‍ പ്രാപ്തരായവരുടെ കരങ്ങളിലാണു മാനവരാശിയുടെ ഭാവിയെന്നു ന്യായമായും ചിന്തിക്കാവുന്നതാണ്.”
സംഗ്രഹം
ദൈവത്തിൽനിന്നാല്ലാതെ അധികാരമില്ല. നിലവിലുള്ള അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. ഏതൊരു മാനവസമൂഹത്തിനും നിലനിൽക്കാനും വളരാനും അധികാരം ആവശ്യമാണ്.
“രാഷ്ട്രസമൂഹവും പൊതുഅധികാരവും മനുഷ്യ പ്രകൃതിയിൽ അധിഷ്ഠിതങ്ങളാണ്. അതുകൊണ്ട്. ദൈവം സ്ഥാപിച്ച! ഒരു ക്രമത്തിൽ പെട്ടവയാണവ. അധികാരം സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടിയാണു പ്രവർത്തിക്കുന്നതെങ്കില്‍ അതു ന്യായാനുസ്യതമാണ്. ഇതു കൈവരിക്കുവാൻ വേണ്ടി, അധികാരം വിനിയോഗിക്കുന്നവർ ധാര്‍മികമായി സ്വീകാര്യമായ മാർഗ്ഗങ്ങൾ കൈക്കൊള്ളണം;
സമൂഹത്തിന്‍റെ പൊതുനന്മയ്ക്ക് ഉതകുമെങ്കില്‍ രാഷ്ട്രഭരണക്രമങ്ങളുടെ വൈവിധ്യം ന്യായാനുസൃതമാണ്.
രാഷ്ട്രീയാധികാരം ധാർമികക്രമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നായിരിക്കണം നിർവഹിക്കപ്പെടുന്നത്. അത് സ്വാതന്ത്യം വിനിയോഗിക്കാനുള്ള - സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്നതായിരിക്കണം.
“ജനത്തിനു സമൂഹമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും കൂടുതൽ സമഗ്രവും നിഷ്പ്രയാസമായും അവരുടെ പൂർണ്ണതപ്രാപിക്കാനുതകുന്ന സഹചര്യങ്ങളുടെ ആകെത്തുകയാണു പൊതുനന്മ എന്ന ആശയത്തില്‍ അടങ്ങിയിതിക്കുന്നത് "
പൊതുനന്മ മൂന്ന് അനിവാര്യ ഘടകങ്ങൾ ഉൾക്കൊള്ളുന്നു : വ്യക്തികളുടെ മൗലികവകാശങ്ങളെ മാനിക്കലും വളർത്തലും; സമൂഹത്തിന്‍റെ ആത്മീയവും ഭാതികവുമായ നന്മയുടെ വികാസം അഥവാ സമൃദ്ധി; സമൂഹത്തിന്‍റെയും അതിന്‍റെ അംഗങ്ങളുടെയും സമാധാനവും സുരക്ഷിതത്വവും.
മനുഷ്യ വ്യക്തിയുടെ മാഹാത്മ്യം പൊതു നന്മയ്ക്കുവേണ്ടിയുള്ള യത്നം ആവശ്യപ്പെടുന്നു. മനുഷ്യ ജിവിത സാഹചര്യങ്ങളെ സുഗമമാക്കുന്നതിന് സഹായിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
പൗരസമൂഹത്തിന്‍റെ പൊതുനന്മ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക രാഷ്ടത്തിന്‍റെ കടമയാണ്. മനുഷ്യകുടുംബം മുഴുവന്‍റെയും പൊതുനന്മ ആവശ്യപ്പെടുന്ന കാര്യമാണ് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഒരു സംഘടന ഉണ്ടായിരിക്കണം എന്നത്.
സാമൂഹ്യ ജീവിതത്തിലെ പങ്കാളിത്തം അധികാരം പൊതുനന്മ ഉത്തരവാദിത്വവും പങ്കുചേരലും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



