x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുക്രിസ്തു പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെയിടയില്‍‍ നിന്ന്‌ മൂന്നാംദിവസം ഉത്ഥാനം ചെയ്തു

Authored by : Religious teaching of the Catholic Church On 31-May-2023

വകുപ്പ് 5

“യേശുക്രിസ്തു പാതാളത്തിലേക്കിറങ്ങി,
മരിച്ചവരുടെയിടയില്‍‍ നിന്ന്‌ മൂന്നാം ദിവസം ഉത്ഥാനംചെയ്തു"

യേശു “ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി. ഇറങ്ങിയവന്‍ തന്നെയാണ്‌... ആരോഹണം ചെയ്തവനും.” അപ്പസ്തോലന്‍‍മാരുടെ വിശ്വാസപ്രമാണത്തില്‍‍ ഒരേവകുപ്പില്‍‍ത്തന്നെ ക്രിസ്തുവിന്റെ പാതാളത്തിലേക്കുള്ള അവരോഹണവും മൂന്നാംദിവസം മരിച്ചവരുടെ ഇടയില്‍‍നിന്നുള്ള അവിടുത്തെ പുനരുത്ഥാനവും ഏറ്റുപറയുന്നു. എന്തുകൊണ്ടെന്നാല്‍‍, അവിടുത്തെ പെസഹായില്‍‍, മരണത്തിന്റെ അഗാധതകളില്‍‍നിന്നുതന്നെയാണ്‌ അവിടുന്നു ജീവനെ പ്രവഹിപ്പിച്ചത്‌;

"മരിച്ചവരുടെയിടയില്‍‍നിന്നു തിരിച്ചുവരുകയും തന്റെ പ്രശാന്തമായ പ്രകാശം മനുഷ്യവംശം മുഴുവന്റെയുംമേല്‍‍ ചൊരിയുകയും ചെയ്ത നിന്റെ പുത്രനായ ക്രിസ്തു, എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്നു. ആമ്മേന്‍.‍"

ഖണ്ഡിക 1. ക്രിസ്തു പാതാളത്തിലേക്കിറങ്ങി

യേശു “മരിച്ചവരില്‍‍നിന്ന്‌ ഉയിർ‍പ്പിക്കപ്പെട്ടു” എന്ന്‌ പുതിയനിയമം കൂടെക്കൂടെ പ്രസ്താവിക്കുമ്പോള്‍‍, അവിടുന്നു തന്റെ പുനരുത്ഥാനത്തിനുമുന്‍‍പു മൃതരുടെ വാസസ്ഥലത്തു വസിച്ചു എന്ന കാര്യം മുന്‍‍കൂട്ടി സങ്കല്‍‍പിക്കുന്നു. "മിശിഹാ പാതാളത്തിലിറങ്ങി എന്നതിനെ സംബന്ധിച്ച്‌ അപ്പസ്‌തോലികപ്രഘോഷണത്തില്‍‍ നല്‍‍കിയിരുന്ന ഒന്നാമത്തെ അർ‍ഥം ഇതായിരുന്നു: യേശു എല്ലാ മനുഷ്യരെയുംപോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി തന്റെ ആത്മാവില്‍‍ ഒന്നുചേരുകയും ചെയ്തു. പക്ഷേ, അവിടുന്ന്‌ അങ്ങോട്ട്  ഇറങ്ങിച്ചെന്നത്‌ അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ്‌.

മൃതനായ മിശിഹാ ഇറങ്ങിയ മൃതരുടെ വാസസ്ഥാനത്തെ വിശുദ്ധഗ്രന്ഥം പാതാളം (Hell) എന്നാണു വിളിക്കുന്നത്‌. ഹീബ്രുഭാഷയില്‍‍ ഷിയോള്‍‍ (sheol) എന്നും ഗ്രീക്കുഭാഷയില്‍‍ ഹേദെസ്‌ (Hades) എന്നും ആണ്‌ ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവർ‍ക്കു ദൈവദർ‍ശനം ലഭിക്കുന്നില്ല.  ദുഷ്ടരായാലും നീതിമാന്‍‍മാരായാലും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍‍ എല്ലാ മൃതരുടെയും അവസ്ഥ ഇതാണ്‌. ഇപ്പറഞ്ഞ രണ്ടുകൂട്ടരുടെയും സ്ഥിതി ഒന്നുതന്നെയാണ്‌ എന്ന്‌ അർ‍ഥമില്ല. “അബ്രാഹത്തിന്റെ മടിയില്‍‍” സ്വീകരിക്കപ്പെട്ട ലാസർ‍ എന്ന ദരിദ്രന്റെ ഉപമയിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. “അബ്രാഹത്തിന്റെ മടിയില്‍‍ തങ്ങളുടെ രക്ഷകനെ കാത്തിരുന്ന ഈ വിശുദ്ധാത്മാക്കളെത്തന്നെയാണ്‌ കർ‍ത്താവായ ക്രിസ്തു പാതാളത്തിലേക്കിറങ്ങിയപ്പോള്‍‍ വിമുക്തരാക്കിയത്‌.” ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ ശാപസ്ഥലമായ പാതാളത്തെ നശിപ്പിക്കാനോ അല്ല, പിന്നെയോ തന്റെ മുന്‍‍പേപോയ നീതിമാന്‍‍മാരെ വിമുക്തരാക്കാനാണ്‌ അവിടുന്നു പാതാളത്തിലിറങ്ങിയത്‌.

“മരിച്ചവരോടുപോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു." പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്റെ പൂർ‍ണമായ നിറവേറ്റലാണ്‌. ഇത്‌ യേശുവിന്റെ മെസ്സയാനിക ദൗത്യത്തിന്റെ അന്തിമഘട്ടമാണ്‌. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്റെ യഥാർ‍ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്‌. ക്രിസ്തുവിന്റെ വീണ്ടെടുപ്പുകർ‍മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്നു. കാരണം, രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പില്‍‍ ഭാഗഭാക്കുകളാക്കപ്പെടുന്നു.

“മരിച്ചവർ‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവർ ജീവിക്കുന്നതിനും" വേണ്ടി ക്രിസ്തു മരണത്തിന്റെ അഗാധതയിലേക്ക്‌ ഇറങ്ങിച്ചെന്നു. “ജീവന്റെ കർ‍ത്താവായ” യേശു മരണംവരിച്ചുകൊണ്ട്‌ “മരണത്തിന്‍‍മേല്‍‍ അധികാരമുള്ളവനെ, അതായത്‌, പിശാചിനെ, നശിപ്പിക്കുകയും മരണഭീതിയാല്‍‍ ജീവിതകാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോചിപ്പിക്കുകയും ചെയ്തു.” ഇനിമേല്‍‍ “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകള്‍‍” ഉത്ഥിതനായ ക്രിസ്തുവിന്റെ കൈയിലാണ്‌. അതുകൊണ്ട്‌ “യേശുവിന്റെ നാമം കേള്‍‍ക്കുമ്പോള്‍‍ സ്വർ‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങണം.”

ഇന്നു വലിയൊരു നിശ്ശബ്ദത ഭൂമിയെ ഭരിക്കുന്നു. വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും. വലിയ നിശ്ശബ്ദത- കാരണം, രാജാവ്‌ ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു. കാരണം, ദൈവം ശരീരത്തില്‍‍ ഉറങ്ങുകയും ലോകാരംഭംമുതല്‍‍ ഉറങ്ങിയവരെ ഉണർ‍ത്തുകയും ചെയ്തു... നമ്മുടെ ആദിപിതാവിനെ, കാണാതെപോയ ആടിനെ എന്നപോലെ, അവിടുന്ന്‌ അന്വേഷിച്ചുപോയി. അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും വസിക്കുന്നവരെ സന്ദർ‍ശിക്കാന്‍‍ അവന്‍‍ ആഗ്രഹിച്ചു. ബന്ധനത്തില്‍‍ കഴിയുന്ന ആദത്തെയും അവനോടൊപ്പം തടവുകാരിയായ ഹവ്വായെയും ദുഃഖത്തില്‍‍നിന്നു സ്വതന്ത്രരാക്കാന്‍‍ ദൈവപുത്രനായ അവിടുന്നുപോകുന്നു... “ഞാന്‍‍ നിന്റെ ദൈവമാണ്‌, നിനക്കുവേണ്ടി നിന്റെ പുത്രനായവന്‍‍... ഉറങ്ങുന്നവനേ, എഴുന്നേല്‍‍ക്കൂ! പാതാളത്തില്‍ തടവുകാരനായിരിക്കാനല്ല ഞാന്‍‍ നിന്നെ സൃഷ്ടിച്ചത്‌. മരിച്ചവരില്‍‍ നിന്ന്‌ എഴുന്നേല്‍ക്കുക; മരണമടഞ്ഞവരുടെ ജീവനാണു ഞാന്‍."

സംഗ്രഹം

യേശു യഥാർഥത്തില്‍ മരിച്ചു എന്നും നമുക്കുവേണ്ടിയുള്ള അവിടുത്തെ മരണംവഴി മരണത്തെയും “മരണത്തിന്‍മേല്‍ ആധിപത്യമുള്ള ” പിശാചിനെയും കീഴടക്കി എന്നുമാണ്, “അവിടുന്നു പാതാളത്തിലേക്കിറങ്ങി” എന്ന പ്രയോഗത്തിലൂടെ അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തില്‍‍ ഏറ്റുപറയുന്നത്(ഹെബ്രാ 2:14).

മൃതനായ മിശിഹാ തന്റെ ദെെവിക വ്യക്തിയോടുചേർന്ന് തന്റെ ആത്മാവില്‍‍ മരിച്ചവരുടെ വാസസ്ഥലത്തേക്ക്‌ ഇറങ്ങിച്ചെന്നു. അവിടുന്നു തനിക്കുമുന്‍പേ പോയ നീതിമാന്‍മാർക്കുവേണ്ടി സ്വർഗത്തിന്റെ കവാടങ്ങള്‍‍ തുറന്നു.

ഖണ്ഡിക 2. മൂന്നാം ദിവസം അവിടുന്നു മരിച്ചവരില്‍‍നിന്ന്‌ ഉയിർ‍ത്തു.

“ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്‌: പിതാക്കന്‍‍മാർ‍ക്കു നല്‍‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർ‍പ്പിച്ചുകൊണ്ട്‌ ദൈവം അവരുടെ മക്കളായ നമുക്കായി നിറവേറ്റിത്തന്നു." യേശുവിന്റെ പുനരുത്ഥാനം ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരമോന്നത സത്യമാണ്‌. ആദിമക്രൈസ്തവ സമൂഹം കേന്ദ്രസത്യമായി ഇതു വിശ്വസിക്കുകയും ജീവിക്കുകയും അടിസ്ഥാനപരമായ ഒന്നായി പാരമ്പര്യത്തിലൂടെ പകർ‍ന്നു നല്‍‍കുകയും ചെയ്തു. ഇത്‌ പുതിയനിയമ രേഖകളാല്‍‍ സുസ്ഥാപിതവും കുരിശിനോടൊപ്പം പെസഹാരഹസ്യത്തിന്റെ കാതലായ ഒരു ഭാഗമായി പ്രഘോഷിക്കപ്പെട്ടതുമാണ്‌:

ക്രിസ്തുമരിച്ചവരില്‍‍ നിന്നുയിർ‍ത്തു;
തന്റെ മരണത്തിലൂടെ മരണത്തെകീഴടക്കി;
മരിച്ചവർ‍ക്ക്‌ അവിടുന്നുജീവന്‍‍ നല്‍‍കി.

I. ചരിത്രപരവും സർ‍വാതിശായിയുമായ സംഭവം

ക്രിസ്തുവിന്റെ പുനരുത്ഥാനരഹസ്യം ഒരു യഥാർ‍ഥ സംഭവമാണ്‌. അതിന്റെ ആവിഷ്കരണങ്ങള്‍‍, പുതിയനിയമം സാക്ഷ്യം വഹിക്കുന്നതുപോലെ, ചരിത്രപരമായി തെളിയിച്ചിട്ടുള്ളവയാണ്‌. ഏതാണ്ട്‌ ഏ.ഡി. 56-ല്‍‍ കോറിന്തോസുകാർ‍ക്ക്‌ ഇങ്ങനെ എഴുതാന്‍‍ വിശുദ്ധ പൗലോസിനു കഴിഞ്ഞു: “എനിക്കു ലഭിച്ചത്‌ സർ‍വപ്രധാനമായിക്കരുതി ഞാന്‍ നിങ്ങള്‍‍ക്ക്‌ ഏല്‍‍പിച്ചുതന്നു. അതായത്‌, വിശുദ്ധലിഖിതങ്ങളില്‍‍ പറഞ്ഞിട്ടുളളതുപോലെ, മിശിഹാ നമ്മുടെ പാപങ്ങള്‍‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍‍ ഉയിർ‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍‍ കേപ്പായ്ക്കും, പിന്നീടു പന്ത്രണ്ടുപേർ‍ക്കും പ്രത്യക്ഷനായി...” ദമാസ്ക്കസിലേക്കുള്ള യാത്രയിലുണ്ടായ തന്റെ മാനസാന്തരത്തിനുശേഷം താന്‍‍ പഠിച്ചറിഞ്ഞ പുനരുത്ഥാനത്തിന്റെ സജീവപാരമ്പ്യത്തെക്കുറിച്ചാണ്‌ ഇവിടെ അപ്പസ്തോലന്‍‍ പറയുന്നത്‌.

ശുന്യമായ കബറിടം

“ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍‍ എന്തിനുമരിച്ചവരുടെയിടയില്‍‍ അന്വേഷിക്കുന്നു? അവന്‍‍ ഇവിടെയില്ല, അവന്‍‍ ഉയിർ‍ത്തെഴുന്നേറ്റു." പെസഹാ സംഭവങ്ങളില്‍ നാം കാണുന്ന ഒന്നാമത്തെ ഘടകം ശൂന്യമായ കബറിടമാണ്‌. അത്‌ അതില്‍‍ത്തന്നെ പുനരുത്ഥാനത്തിന്‌ നേരിട്ടുള്ള ഒരു തെളിവല്ല. കല്ലറയില്‍‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ അഭാവം മറ്റുതരത്തിലും വിശദീകരിക്കപ്പെടാം. എന്നാലും ശൂന്യമായ കല്ലറ എല്ലാവർ‍ക്കും സാരവത്തായ ഒരു അടയാളമായിരുന്നു. ശിഷ്യന്‍‍മാർ‍ അതുകണ്ടെത്തിയ വസ്തുത പുനരുത്ഥാനമെന്ന യാഥാർഥ്യത്തെ തിരിച്ചറിയുന്നതിനുള്ള ഒന്നാമത്തെ പടിയായിരുന്നു. ആദ്യം വിശുദ്ധ സ്ത്രീകളെ സംബന്ധിച്ചും പിന്നീടു പത്രോസിനെ സംബന്ധിച്ചും ഇതായിരുന്നു സംഭവിച്ചത്‌. ശൂന്യമായ കബറിടത്തില്‍‍ താന്‍‍ പ്രവേശിക്കുകയും “അവിടെ വക്കുശീലകള്‍‍ കിടക്കുന്നതു” കണ്ടെത്തുകയും ചെയ്തപ്പോള്‍‍ താന്‍‍ കാണുകയും വിശ്വസിക്കുകയും ചെയ്തു എന്ന്‌ “യേശുസ്നേഹിച്ചിരുന്ന ശിഷ്യന്‍‍" ഉറപ്പിച്ചു പ്രസ്താവിച്ചു. യേശുവിന്റെ ശരീരത്തിന്റെ അഭാവം മനുഷ്യകൃതമല്ലെന്നും ലാസറിന്റെ കാര്യത്തില്‍‍ സംഭവിച്ചതുപോലെ യേശുസാധാരണരീതിയില്‍‍ ഭൗമികജീവിതത്തിലേക്കു തിരിച്ചുപോയതല്ലെന്നും ശുന്യമായകല്ലറയുടെ അവസ്ഥയില്‍‍നിന്ന്‌ അദ്ദേഹം മനസ്സിലാക്കിയെന്ന്‌ ഇതു സൂചിപ്പിക്കുന്നു.

ഉയിർ‍ത്തെഴുന്നേറ്റവന്റെ പ്രത്യക്ഷപ്പെടലുകള്‍‍

മഗ്ദലേനാമറിയവും മറ്റു ഭക്തസ്ത്രീകളുമായിരുന്നു ഉത്ഥിതനെ ആദ്യമായി കണ്ടത്‌. പീഡാനുഭവവെള്ളിയാഴ്ച വൈകുന്നേരം സാബത്തു തുടങ്ങുകയാല്‍‍ തിടുക്കത്തില്‍‍ അടക്കേണ്ടിവന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ അഭിഷേകം പൂർ‍ത്തിയാക്കാന്‍‍ ചെന്നതായിരുന്നു അവർ‍. അങ്ങനെ, ക്രിസ്തുവിന്റെ ഉത്ഥാനത്തെക്കുറിച്ച്‌ അപ്പസ്തോലന്‍‍മാരെത്തന്നെ അറിയിച്ച ആദ്യത്തെ സന്ദേശവാഹകർ‍ സ്ത്രീകളായിരുന്നു. അടുത്തതായി യേശു അപ്പസ്തോലന്‍‍മാർ‍ക്കു പ്രത്യക്ഷപ്പെട്ടു. ആദ്യം പത്രോസിനും പിന്നീടു പന്ത്രണ്ടുപേർ‍ക്കും. തന്റെ സഹോദരങ്ങളെ വിശ്വാസത്തില്‍‍ ഉറപ്പിക്കാന്‍‍ വിളിക്കപ്പെട്ടിരുന്ന പത്രോസ്‌ അവർ‍ക്കുമുന്‍‍പേ ഉത്ഥിതനെകണ്ടു. അദ്ദേഹത്തിന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ “കർ‍ത്താവ്‌ യഥാർ‍ഥത്തില്‍‍ ഉത്ഥാനം ചെയ്തു; ശിമയോനു കാണപ്പെടുകയും ചെയ്തു” എന്നു സമൂഹം ഉദ്ഘോഷിക്കുന്നത്‌.

ആ പെസഹാ ദിവസങ്ങളില്‍‍ സംഭവിച്ച ഓരോ കാര്യവും, ഉയിർ‍പ്പു പ്രഭാതത്തില്‍ തുടങ്ങിയ നവയുഗനിർ‍മ്മിതിയില്‍‍ ഓരോ അപ്പസ്തോലനെയും- പ്രത്യേകിച്ചു പത്രോസിനെയും- ചുമതലപ്പെടുത്തി. ഉത്ഥിതന്റെ സാക്ഷികള്‍‍ എന്നനിലയില്‍‍ അവർ‍ അവിടുത്തെ സഭയുടെ അടിസ്ഥാനശിലകളായി സ്ഥിതിചെയ്യുന്നു. വിശ്വാസികളുടെ ആദിമസമൂഹത്തിന്റെ വിശ്വാസം ക്രിസ്ത്യാനികള്‍‍ അറിഞ്ഞിരുന്ന യഥാർ‍ഥമനുഷ്യരുടെ സാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌. അവരില്‍‍ മിക്കവരും അവരുടെയിടയില്‍ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇവരാണ്‌ “അവിടുത്തെ പുനരുത്ഥാനത്തിന്റെ സാക്ഷികള്‍‍”, പ്രത്യേകിച്ച്‌ പത്രോസും പന്ത്രണ്ടുപേരും. പക്ഷേ, അവർ‍ മാത്രമല്ല, ഒരിക്കല്‍‍ അഞ്ഞൂറിലേറെ വ്യക്തികള്‍‍ക്ക്‌ യേശു; പ്രത്യക്ഷപ്പെട്ടതായി പൗലോസ്‌ വ്യക്തമായി പറയുന്നു. യാക്കോബിനും എല്ലാ അപ്പസ്തോലന്‍‍മാർ‍ക്കും ഉണ്ടായ ദർ‍ശനത്തെക്കുറിച്ചും പൗലോസ്‌ പ്രസ്താവിക്കുന്നുണ്ട്‌.

ഈ സാക്ഷ്യങ്ങളെല്ലാം ഉണ്ടായിരിക്കേ, ക്രിസ്തുവിന്റെ പുനരുത്ഥാനം ഭൗതികക്രമത്തിനു പുറത്തുള്ള ഒന്നായി വ്യാഖ്യാനിക്കപ്പെടാന്‍‍ സാധ്യമല്ല. അതൊരു ചരിത്രസംഭവമായി അംഗീകരിക്കാതിരിക്കാനും കഴിയുകയില്ല. തങ്ങളുടെ ഗുരുവായ അവിടുന്നുതന്നെ മുന്‍‍കൂട്ടി അറിയിച്ചിരുന്നതുപോലെ, പീഡസഹിക്കുകയും കുരിശില്‍‍ മരിക്കുകയും ചെയ്തപ്പോള്‍‍, ശിഷ്യന്‍‍മാരുടെ വിശ്വാസം കഠിനമായി പരീക്ഷിക്കപ്പെട്ടു എന്ന യാഥാർ‍ഥ്യത്തില്‍നിന്ന്‌ ഇതു വ്യക്തമാണ്‌. പീഡാസഹനം ഉളവാക്കിയ ഞെട്ടല്‍‍ ശിഷ്യന്‍‍മാരില്‍‍ ചിലരെങ്കിലും പുനരുത്ഥാനത്തിന്റെ വാർ‍ത്തയെ പെട്ടെന്നു വിശ്വസിക്കാതിരിക്കത്തക്കവിധം അത്ര വലുതായിരുന്നു. അതീന്ദ്രിയാനുഭൂതിയുടെ പിടിയിലമർ‍ന്ന ഒരു സമൂഹത്തെയല്ല സുവിശേഷങ്ങള്‍‍ നമുക്കു കാണിച്ചുതരുന്നത്‌; ശിഷ്യന്‍‍മാർ‍ ധൈര്യം നഷ്ടപ്പെട്ടവരും (“ശോകമൂകർ‍") സംഭീതരുമായിട്ടാണു കാണപ്പെടുന്നത്‌. കാരണം, കബറിടത്തില്‍‍നിന്നു തിരിച്ചുവന്ന ഭക്തസ്ത്രീകളെ അവർ‍ വിശ്വസിച്ചിരുന്നില്ല. അവരുടെ വാക്കുകളെ “വെറും കെട്ടുകഥ"യായി അവർ‍ കരുതുകയും ചെയ്തു. ഉയിർ‍പ്പുനാളിലെ സായാഹ്നത്തില്‍‍ ഈശോ തന്നെത്തന്നെ പതിനൊന്നുപേർ‍ക്ക്‌ വെളിപ്പെടുത്തുമ്പോള്‍‍ “ഉയിർ‍പ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതുനിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവിടുന്നു കുറ്റപ്പെടുത്തി.”

ഉത്ഥിതനായ യേശു എന്ന യാഥാർ‍ഥ്യത്തിന്റെ മുന്നില്‍‍പോലും ശിഷ്യന്‍‍മാർ‍ സംശയഗ്രസ്തരായിനിന്നു. അത്‌ അത്ര അസംഭവ്യമായി അവർ‍ക്കുതോന്നി: തങ്ങള്‍‍ ഒരു ഭൂതത്തെകാണുന്നു എന്നാണ്‌ അവർ‍ വിചാരിച്ചത്‌. “അവരുടെ സന്തോഷത്താല്‍‍, അവർ‍ അപ്പോഴും അവിശ്വസിക്കുകയും വിസ്മയിക്കുയും ചെയ്തു". സംശയത്തിന്റെ പരീക്ഷണം തോമായും അനുഭവിക്കുന്നു. അവസാനമായി ഗലീലിയില്‍‍ വച്ചു പ്രത്യക്ഷപ്പെട്ടപ്പോഴും “ചിലർ‍ സംശയിച്ചു" എന്നു വി. മത്തായി എഴുതുന്നു. അതുകൊണ്ട്‌ പുനരുത്ഥാനം എന്നത്‌ അപ്പസ്തോലന്‍‍മാരുടെ വിശ്വാസം (അഥവാ കണ്ണുമടച്ചു വിശ്വസിക്കുന്ന സ്വഭാവം) സൃഷ്ടിച്ച ഒന്നാണെന്ന സങ്കല്‍‍പത്തിനു നിലനില്‍‍പില്ല. നേരേമറിച്ച്‌ പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസം, ദൈവികകൃപയുടെ പ്രവർ‍ത്തനത്താല്‍‍ ഉത്ഥിതനായ യേശു എന്ന യാഥാർ‍ഥ്യത്തെ നേരിട്ട്‌ അനുഭവിച്ചതിലൂടെ ഉരുത്തിരിഞ്ഞതാണ്‌.

ക്രിസ്തുവിന്റെ ഉത്ഥിതമായ മനുഷ്യത്വത്തിന്റെ അവസ്ഥ

ഉത്ഥിതനായ യേശുസ്പർ‍ശം, ഭക്ഷണത്തില്‍‍ പങ്കുചേരല്‍‍ എന്നിവവഴി തന്റെ ശിഷ്യന്‍‍മാരുമായി നേരിട്ടു സമ്പർ‍ക്കം സ്ഥാപിക്കുന്നു. അങ്ങനെ താന്‍‍ ഒരു ഭൂതമല്ലെന്നു മനസ്സിലാക്കാന്‍‍ അവിടുന്ന്‌ അവരെ ക്ഷണിക്കുന്നു. സർ‍വോപരി, താന്‍‍ അവർ‍ക്കു പ്രത്യക്ഷപ്പെടുമ്പോള്‍‍ കാണപ്പെടുന്ന, പീഡാസഹനത്തിന്റെ അടയാളങ്ങള്‍‍ ഇപ്പോഴും സംവഹിക്കുന്ന ആ ശരീരം പീഡിതവും ക്രൂശിതവുമായ അതേ ശരീരം തന്നെയാണെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്താനും അവിടുന്ന്‌ അവരെ ക്ഷണിക്കുകയാണ്‌. അതേസമയം സത്യവും യഥാർ‍ഥവുമായ ഈ ശരീരം, മഹത്ത്വപൂർ‍ണമായ ശരീരത്തിന്റെ പുതിയ ഗുണങ്ങളും കൂടിയുളളതാണ്‌. അതു സ്ഥലകാലങ്ങളുടെ പരിമിതിയില്ലാത്തതാണ്‌. എങ്ങനെ എപ്പോള്‍‍ കാണപ്പെടണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നുവോ അങ്ങനെ അപ്പോള്‍‍ പ്രത്യക്ഷപ്പെടാന്‍‍ കഴിവുള്ളതുമാണ്‌. കാരണം, അവിടുത്തെ മനുഷ്യത്വം ഇനിമേല്‍‍ ഭൂമിയില്‍‍ ഒതുങ്ങി നില്‍‍ക്കുന്നതല്ല. ഇനി അതു പിതാവിന്റെ ദൈവികമായ മണ്‍ഡലത്തിന്റെതു മാത്രമാണ്‌. അതുകൊണ്ടുകൂടിയാണ്‌ ഉത്ഥിതനായ യേശു ഇഷ്ടംപോലെ പ്രതൃക്ഷപ്പെടാനുള്ള പരമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌. ഒരു തോട്ടക്കാരനായിട്ടോ ശിഷ്യന്‍‍മാർ‍ക്കു പരിചയമുള്ള മറ്റേതെങ്കിലും രൂപത്തിലോ പ്രത്യക്ഷപ്പെടാന്‍‍ അവിടുത്തേക്കു കഴിയുന്നു. ഇവയെല്ലാം അവരുടെ വിശ്വാസത്തെ ഉണർ‍ത്തുവാന്‍‍ വേണ്ടിയായിരുന്നു.

തന്റെ ഉയിർ‍പ്പിനുമുന്‍‍പ്‌ ജായ്റൂസിന്റെ മകളെയും നായീമിലെ യുവാവിനെയും ലാസറിനെയും മരിച്ചവരില്‍‍ നിന്നുയിർ‍പ്പിച്ച സംഭവങ്ങളിലെന്നതുപോലെ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവായിരുന്നില്ല ക്രിസ്തുവിന്റെ ഉത്ഥാനം. ആ സംഭവങ്ങള്‍ അദ്ഭുതസംഭവങ്ങളായിരുന്നു. എന്നാല്‍‍ വിസ്മയനീയമാംവിധം ഉയിർ‍പ്പിക്കപ്പെട്ട ആ വ്യക്തികള്‍‍ യേശുവിന്റെ ശക്തിയാല്‍‍ സാധാരണ ഭൗതികജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു പ്രത്യേക നിമിഷത്തില്‍‍ അവർ‍ വീണ്ടും മരിക്കും. ക്രിസ്തുവിന്റെ ഉത്ഥാനം സത്താപരമായി വ്യത്യസ്തമാണ്‌. ഉത്ഥാനം ചെയ്ത തന്റെ ശരീരത്തില്‍‍ അവിടുന്നു മരണത്തിന്റെ അവസ്ഥയില്‍‍നിന്നു കാലത്തിനും സ്ഥലത്തിനും അതീതമായ മറ്റൊരു ജീവിതത്തിലേക്കു കടക്കുന്നു. പുനരുത്ഥാനത്തില്‍‍ യേശുവിന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍‍ നിറഞ്ഞു. മഹത്ത്വപൂർ‍ണമായ തന്റെ അവസ്ഥയില്‍‍ അവിടുന്നു ദൈവികജീവനില്‍‍ പങ്കുചേരുന്നു. അതുകൊണ്ട്‌ ക്രിസ്തു “സ്വർ‍ഗീയ മനുഷ്യന്‍‍” ആകുന്നുവെന്നു വി. പൗലോസിനു പറയാന്‍‍ കഴിയുന്നു.

പുനരുത്ഥാനം സർ‍വാതിശായിയായ സംഭവം

മരിച്ചവരുടെയിടയില്‍നിന്നു ക്രിസ്തു ഉത്ഥാനം ചെയ്ത സമയവും മണിക്കൂറും അറിയുവാന്‍‍ ആർ‍ക്കുമാത്രം അർ‍ഹതലഭിച്ചുവോ, സത്യമായും അനുഗ്രഹീതമായ, ആ രാവേ! എന്നിങ്ങനെ ഉയിർ‍പ്പു തിരുനാള്‍‍ ജാഗരണത്തിലെ എക്സൂള്‍‍ത്തെത്ത്‌ (Exsultet) എന്ന ഗീതത്തില്‍‍ പാടുന്നുണ്ട്‌. എന്നാല്‍‍ ഒരുവനും ഉത്ഥാന സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നില്ല, ഒരു സുവിശേഷകനും അതു വിവരിക്കുന്നുമില്ല. ശാരീരികമായി അത് എങ്ങനെ സംഭവിച്ചുവെന്ന്‌ ആർ‍ക്കും പറയുവാന്‍‍ സാധിക്കുകയില്ല. അതിന്റെ ഏറ്റവും ആന്തരികമായ സാരാംശം- മറ്റൊരു ജീവിതത്തിലേക്കുള്ള കടന്നുപോകല്‍- ഇന്ദ്രിയങ്ങള്‍‍ക്ക്‌ അത്രപോലും ഗോചരമായിരുന്നില്ല. ശൂന്യമായ കല്ലറയുടെ അടയാളവും ഉത്ഥിതനായ ക്രിസ്തുവുമായുള്ള അപ്പസ്‌തോലന്‍‍മാരുടെ സമാഗമങ്ങളും സ്ഥിരീകരിക്കുന്ന ഉത്ഥാനം ഒരു ചരിത്രസംഭവമാണ്‌. എന്നാലും ചരിത്രത്തെ അതിശയിക്കുകയും അതിന്‌ അതീതമായിരിക്കുകയും ചെയ്യുന്ന ഒരു യാഥാർ‍ഥ്യം എന്ന നിലയില്‍‍ അതു വിശ്വാസരഹസ്യത്തിന്റെ ഹൃദയാന്തർ‍ഭാഗത്തു തന്നെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടാണ്‌ ഉത്ഥിതനായ ക്രിസ്തു ലോകത്തിനു തന്നെത്തന്നെ വെളിപ്പെടുത്താതെ തന്റെ ശിഷ്യന്‍‍മാർ‍ക്ക്‌, “അവിടുത്തോടൊപ്പം ഗലീലിയില്‍‍നിന്നു ജറുസലെമിലേക്കു വന്നവർ‍ക്ക്‌, ഇപ്പോള്‍‍ ജനങ്ങളുടെ മുന്‍‍പില്‍‍ അവിടുത്തെ സാക്ഷികളായവർ‍ക്ക്‌" തന്നെത്തന്നെ വെളിപ്പെടുത്തുന്നത്.

II. ഉയിർ‍പ്പ്‌ - പരിശുദ്ധ്രതിത്വത്തിന്റെ പ്രവൃത്തി

ക്രിസ്തുവിന്റെ പുനരുത്ഥാനം, സൃഷ്ടിയിലും ചരിത്രത്തിലും ദൈവത്തിന്റെ തന്നെ സർ‍വാതിശായിയായ ഇടപെടല്‍‍ എന്ന നിലയില്‍‍ വിശ്വാസത്തിന്റെ വിഷയമാണ്‌. അതില്‍‍ മൂന്നു ദൈവികവ്യക്തികളും താന്താങ്ങളുടെ സവിശേഷതകള്‍‍ പ്രകടിപ്പിച്ചുകൊണ്ട്‌ ഒരാളെന്നപോലെ ഒരുമിച്ചു പ്രവർ‍ത്തിക്കുന്നു. പിതാവിന്റെ ശക്തി അവിടുത്തെ പുത്രനായ ക്രിസ്തുവിനെ “ഉയിർ‍പ്പിച്ചു”. അങ്ങനെ തന്റെ പുത്രന്റെ മനുഷ്യത്വത്തെ, അവിടുത്തെ ശരീരം ഉള്‍‍പ്പെടെ, ത്രിത്വത്തില്‍‍ പൂർ‍ണമായി ഉള്‍‍ച്ചേർ‍ക്കുകയും ചെയ്തു. “മരിച്ചവരില്‍‍നിന്നുള്ള പുനരുത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനു ചേർ‍ന്നവിധം ശക്തിയില്‍‍ യേശു ദൈവപുത്രനായി”  അന്തിമമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ പ്രവർ‍ത്തനത്തിലൂടെയുള്ള ദൈവത്തിന്റെ ശക്തിയുടെ വെളിപ്പെടുത്തലിനു വി. പൗലോസ്‌ ഊന്നല്‍‍ നല്‍‍കുന്നുണ്ട്‌. യേശുവിന്റെ മൃതമായ മനുഷ്യത്വത്തിനു ജീവന്‍‍ നല്‍‍കിയതും മഹത്ത്വപൂർ‍ണമായ കർ‍തൃത്വത്തിലേക്ക്‌ അതിനെ വിളിച്ചതും ആത്മാവാണ്‌.

പുത്രന്‍‍ തന്റെ ദൈവികശക്തിയാല്‍‍ തന്റെതന്നെ പുനരുത്ഥാനം യാഥാർ‍ത്ഥ്യമാക്കുന്നു. മനുഷ്യപുത്രന്‍‍ വളരെയേറെ സഹിക്കുകയും മരിക്കുകയും പിന്നീട്‌ ഉയിർ‍ത്തെഴുന്നേല്‍‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന്‌, യേശു അറിയിക്കുന്നു. മറ്റൊരിടത്ത്‌ അവിടുന്നു പരസ്യമായി ഉറപ്പിച്ചുപറയുന്നു: "തിരിച്ചെടുക്കുന്നതിനുവേണ്ടി, എന്റെ ജീവന്‍‍ ഞാന്‍‍ സമർ‍പ്പിക്കുന്നു... അതു സമർ‍പ്പിക്കാന്‍‍ എനിക്ക്‌ അധികാരമുണ്ട്‌. അതിനെ തിരികെ എടുക്കാനും എനിക്ക്‌ അധികാരമുണ്ട്‌.”  “യേശുമരിക്കുകയും വീണ്ടും ഉയിർ‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു."

സഭാപിതാക്കന്‍‍മാർ‍ പുനരുത്ഥാനത്തെപ്പറ്റി ചിന്തിക്കുന്നതു ക്രിസ്തുവിലെ ദൈവികവ്യക്തി അവിടുത്തെ ആത്മാവും ശരീരവുമായി ഐക്യപ്പെട്ടിരുന്നുവെന്നും മരണംവഴി അവ തമ്മില്‍ വേർ‍പെട്ടപ്പോള്‍‍പോലും അപ്രകാരമായിരുന്നുവെന്നുമുള്ള ഈ വീക്ഷണത്തില്‍‍ അടിയുറച്ചാണ്‌. വ്യതിരിക്തമായും വേർ‍പെട്ടും നിലനിന്നിരുന്ന രണ്ടു മാനുഷിക ഘടകങ്ങളില്‍‍ ഓരോന്നിലും സന്നിഹിതമായിരിക്കുന്ന ദൈവികപ്രകൃതിയുടെ ഐക്യംവഴി അവ വീണ്ടും ഒരുമിച്ചുചേരുകയും സംയോജിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംയോജിപ്പിക്കപ്പെട്ടഭാഗങ്ങളുടെ വിഭജനത്തിലൂടെ മരണവും വിഭജിക്കപ്പെട്ട ഭാഗങ്ങളുടെ സംയോജിപ്പിക്കലിലൂടെ പുനരുത്ഥാനവും സംഭവിക്കുന്നു.

III. പുനരുത്ഥാനത്തിന്റെ അർ‍ഥവും രക്ഷാകരമൂല്യവും

“ക്രിസ്തു ഉയിർ‍പ്പിക്കപ്പെട്ടില്ലെങ്കില്‍‍ ഞങ്ങളുടെ പ്രസംഗം വ്യർ‍ഥമാണ്‌, നിങ്ങളുടെ വിശ്വാസവും വ്യർ‍ഥം.” പുനരുത്ഥാനം, സർ‍വോപരി, ക്രിസ്തു, സകലപ്രവൃത്തികളുടെയും പ്രബോധനങ്ങളുടെയും സ്ഥിരീകരണമാണ്‌. ക്രിസ്തു വാഗ്ദാനം ചെയ്തിരുന്നതുപോലെ തന്റെ ദൈവികാധികാരത്തിന്റെ നിയതമായ തെളിവു തന്റെ പുനരുത്ഥാനംവഴി നല്‍‍കിയെങ്കില്‍‍ എല്ലാ സത്യങ്ങളും- മനുഷ്യബുദ്ധിക്ക്‌ ഏറ്റവും അനഭിഗമ്യമായിട്ടുള്ളവപോലും - അവയുടെ ന്യായീകരണം കണ്ടെത്തുന്നു.

പഴയനിയമത്തിലും യേശു തന്റെ ഭൗതിക ജീവിതകാലത്തു നല്‍‍കിയ വാഗ്ദാനങ്ങളുടെ നിറവേറലാണ്‌ ക്രിസ്തുവിന്റെ പുനരുത്ഥാനം. “വിശുദ്ധലിഖിതങ്ങളനുസരിച്ച്‌" എന്ന ശൈലി സൂചിപ്പിക്കുന്നതു ക്രിസ്തുവിന്റെ ഉത്ഥാനം ഈ പ്രവചനങ്ങളെ നിറവേറ്റിയെന്നാണ്‌.

യേശുവിന്റെ ദൈവികത്വത്തിന്റെ സത്യം, അവിടുത്തെ പുനരുത്ഥാനത്താല്‍‍ സ്ഥിരീകരിക്കപ്പെടുന്നു. “നിങ്ങള്‍‍ മനുഷ്യപുത്രനെ ഉയർ‍ത്തിക്കഴിയുമ്പോള്‍‍ ഞാന്‍ ഞാന്‍‍തന്നെയാണെന്നു നിങ്ങള്‍‍ മനസ്സിലാക്കും" എന്ന്‌ അവിടുന്നു പറഞ്ഞിരുന്നു. ക്രൂശിതന്റെ പുനരുത്ഥാനം അവിടുന്നു യഥാർ‍ഥത്തില്‍‍ “ഞാന്‍‍ ആകുന്നു” - ദൈവപുത്രനും, ദൈവംതന്നെയും ആകുന്നു - എന്നു കാണിക്കുന്നു. അതുകൊണ്ട്‌ യഹൂദരോടു വി. പൗലോസിന്‌ ഇങ്ങനെ പ്രസ്താവിക്കാന്‍‍ കഴിഞ്ഞു: “പിതാക്കന്‍‍മാർ‍ക്കു ദൈവം നല്‍‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർ‍പ്പിച്ചുകൊണ്ട്‌ അവരുടെ മക്കളായ നമുക്ക്‌ അവിടുന്നു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീർ‍ത്തനത്തില്‍‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു; “നീ എന്റെ പുത്രനാണ്‌. ഇന്നു ഞാന്‍‍ നിനക്കു ജന്‍‍മം നല്‍‍കി.”  ക്രിസ്തുവിന്റെ പുനരുത്ഥാനം ദൈവപുത്രന്റെ മനുഷ്യാവതാരരഹസ്യവുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു; ദൈവത്തിന്റെ അനന്തമായ പദ്ധതിയനുസരിച്ച്‌ അതിന്റെ നിറവേറലുമാണിത്‌.

പെസഹാരഹസ്യത്തിനു രണ്ടു ഘടകങ്ങളുണ്ട്‌: അവിടുന്നു തന്റെ മരണംവഴി നമ്മെ പാപത്തില്‍‍നിന്നു വിമോചിപ്പിക്കുന്നു. തന്റെ പുനരുത്ഥാനംവഴി പുതിയൊരു ജീവിതത്തിലേക്കുള്ള മാർ‍ഗം നമുക്കായി തുറന്നുതരുന്നു. ഈ നവജീവിതം, സർ‍വോപരി നമ്മെ ദൈവവരപ്രസാദത്തില്‍‍ പുനഃപ്രതിഷ്ഠിക്കുന്ന നീതീകരണമാണ്‌. “ക്രിസ്തു മരിച്ചവരില്‍‍നിന്ന്‌ ഉയിർ‍പ്പിക്കപ്പെട്ടതുപോലെ നാമും ജീവന്റെ പുതുമയില്‍‍ ചരിക്കേണ്ടതിനാണിത്‌.” പാപഫലമായ മരണത്തിന്‍മേലുള്ള വിജയത്തിലും ദെെവകൃപയിലുള്ള  പുതിയ പങ്കുചേരലിലുമാണ്‌ നീതീകരണം അടങ്ങിയിരിക്കുന്നതും. മനുഷ്യർ മിശിഹായുടെ സഹോദരങ്ങളായിത്തീരുന്നതിനുവേണ്ടി നീതീകരണത്തിലൂടെ ദത്തുപുത്രസ്ഥാനം പ്രദാനം ചെയ്യപ്പെടുന്നു. യേശു തന്റെ ഉയിർ‍പ്പിനുശേഷം ശിഷ്യന്‍‍മാരെ വിളിച്ചത്‌ സഹോദരന്‍‍മാരെന്നാണ്‌: “പോയി എന്റെ സഹോദരന്‍‍മാരോടു പറയുക "നമ്മള്‍‍ സഹോദരങ്ങളായിരിക്കുന്നതു പ്രകൃതിയാലല്ല, പിന്നെയോ, കൃപാവരദാനത്താലാണ്‌. എന്തെന്നാല്‍‍ ഈ ദത്തുപുത്രത്വം നമുക്ക്‌ ഏകപുത്രന്റെ ജീവനില്‍‍ യഥാർ‍ഥമായ ഒരു ഭാഗഭാഗിത്വം നല്‍‍കുന്നു. ഈ ജീവന്‍‍ അവിടുത്തെ പുനരുത്ഥാനത്തില്‍‍ പൂർ‍ണമായും വെളിവാക്കപ്പെട്ടതാണ്‌.

ക്രിസ്തുവിന്റെ പുനരുത്ഥാനവും ഉത്ഥിതനായ ക്രിസ്തുതന്നെയും ഭാവിയിലുള്ള നമ്മുടെ പുനരുത്ഥാനത്തിന്റെ മൂലകാരണവും ഉറവിടവുമാണ്‌. “നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായ ക്രിസ്തു മരിച്ചവരുടെ ഇടയില്‍‍നിന്ന്‌ ഉയിർ‍ത്തെഴുന്നേറ്റു... ആദത്തില്‍‍ എല്ലാവരും മരണാധീനരായതുപോലെ ക്രിസ്തുവില്‍‍ എല്ലാവരും പുനർ‍ജീവിക്കും.” ഈ പ്രത്യാശയുടെ പൂർ‍ത്തീകരണത്തിനായി കാത്തിരിക്കുന്ന വിശ്വാസികളുടെ ഹൃദയങ്ങളില്‍‍ ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു. അവിടുന്നില്‍‍ ക്രിസ്ത്യാനികള്‍‍ “വരാനുള്ള യുഗത്തിന്റെ ശക്തികളെ രുചിച്ചറിയുന്നു." അവരുടെ ജീവിതത്തെ മിശിഹാ ദൈവികജീവന്റെ ഹൃദയത്തിലേക്കു ചേർ‍ക്കുന്നു. “അവർ‍ ഇനി തങ്ങള്‍‍ക്കുവേണ്ടിത്തന്നെ ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർ‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിന്‌ ക്രിസ്തു അവരുടെ ജീവിതത്തെ ദൈവികജീവന്റെ മടിയിലേക്ക്‌ ചേർ‍ക്കുന്നു."

സംഗ്രഹം

ഉത്ഥിതനായവനെ യഥാർ‍ഥത്തില്‍‍ നേരില്‍‍ക്കണ്ട ശിഷ്യന്‍‍മാർ‍ ചരിത്രപരമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ള സംഭവമാണു പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ വിഷയം. അതേസമയം, ക്രിസ്തുവിന്റെ മനുഷ്യത്വത്തിനു ദൈവത്തിന്റെ മഹത്ത്വത്തിലേക്കുണ്ടായ പ്രവേശനം എന്നനിലയില്‍‍ ഈ സംഭവം നിഗുഢാത്മകമായ വിധത്തില്‍‍ സർ‍വാതിശായിയാണ്.

ദൈവശക്തിയാല്‍‍ ക്രിസ്തുവിന്റെ ശരീരം മരണത്തിന്റെ ബന്ധനങ്ങളിലും ജീർ‍ണിക്കലിലും നിന്നുരക്ഷപ്പെട്ടുവെന്നു ശുന്യമായ കല്ലറയും അതില്‍‍ കിടന്നിരുന്ന വക്കുശീലകളും സൂചിപ്പിക്കുന്നു. ഉത്ഥിതനായവനെ നേരില്‍‍ക്കാണാന്‍ ശിഷ്യന്‍‍മാരെ അവ സജ്ജരാക്കി.

“മൃതരില്‍‍നിന്നുള്ള ആദ്യജാതനായ” (കൊളോ 1:18) ക്രിസ്തു ഇപ്പോള്‍‍ നമ്മുടെ ആത്മാക്കളുടെ നീതീകരണം വഴിയും (റോമ 6:4) ഇനി ഒരു നാളില്‍ അവിടുന്നു നമ്മുടെ ശരീരങ്ങള്‍‍ക്കു നല്‍‍കാനിരിക്കുന്ന പുതുജീവന്‍‍ വഴിയും (cf. റോമ 8:11) നമ്മുടെ പുനരുത്ഥാനത്തിന്റെ മൂലകാരണമാണ്‌.

വകുപ്പ് 6

“യേശു സ്വർഗത്തിലേക്ക്‌ ആരോഹണംചെയ്തു,
സർ‍വശക്തനായ പിതാവിന്റെ വലത്തുഭാഗത്ത്‌ ഇരിക്കുന്നു”
 

“അങ്ങനെ കർ‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർ‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനാവുകയും ചെയ്തു.” ക്രിസ്തുവിന്റെ ശരീരം അവിടുത്തെ ഉത്ഥാനത്തിന്റെ നിമിഷത്തില്‍‍ത്തന്നെ മഹത്ത്വീകൃതമായി. അവിടുത്തെ ശരീരം ഉത്ഥാനശേഷം സ്ഥിരമായി അനുഭവിക്കുന്ന നവീനവും പ്രകൃത്യതീതവുമായ സവിശേഷതകള്‍‍കൊണ്ട്‌ അതു തെളിയിക്കപ്പെടുന്നു.  എന്നാല്‍‍, അവിടുന്നു തന്റെ ശിഷ്യന്‍‍മാരോടുകൂടെ സാധാരണരീതിയില്‍‍ ഭക്ഷിക്കുകയും പാനംചെയ്യുകയും രാജ്യത്തെപ്പറ്റി അവരെ പഠിപ്പിക്കുകയും ചെയ്ത നാല്‍‍പതു ദിവസക്കാലത്തേക്ക്‌ അവിടുത്തെ മഹത്ത്വം സാധാരണ മനുഷ്യപ്രകൃതിയുടെ പരിവേഷത്തിന്‍‍കീഴില്‍‍ മറഞ്ഞിരുന്നു. ദൈവിക മഹത്ത്വത്തിലേക്കുള്ള തന്റെ മനുഷ്യപ്രകൃതിയുടെ തിരിച്ചുവരവില്ലാത്ത പ്രവേശനമായിരുന്നു യേശുവിന്റെ അന്തിമപ്രത്യക്ഷപ്പെടല്‍‍. ആ മഹത്ത്വത്തിന്റെ പ്രതീകമാണു മേഘവും സ്വർ‍ഗവും. ആ സമയം മുതല്‍‍ അവിടുന്ന്‌ സ്വർ‍ഗത്തില്‍‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നു. തികച്ചും അപൂർ‍വവും അനന്യവുമായ ഒരു രീതിയില്‍‍ യേശു തന്റെ അന്തിമ പ്രത്യക്ഷപ്പെടലില്‍‍ “അകാല പ്രജയ്‌ക്കെന്നപോലെ” പൗലോസിനു തന്നെത്തന്നെ കാണിച്ചുകൊടുക്കുകയും അദ്ദേഹത്തെ അപ്പസ്തോലനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഈ കാലയളവില്‍‍ ഉത്ഥിതന്റെ മഹത്ത്വത്തിനുണ്ടായിരുന്ന നിഗുഢഭാവം, അവിടുന്നു മഗ്ദലേനമറിയത്തോടു പറഞ്ഞ രഹസ്യാത്മകവാക്കുകളില്‍‍ കാണാം. “ഞാന്‍‍ ഇനിയും എന്റെ പിതാവിന്റെയടുക്കലേക്ക്‌ ആരോഹണം ചെയ്തിട്ടില്ല. എന്നാല്‍‍, നീ എന്റെ സഹോദരങ്ങളുടെയടുത്തുചെന്ന്‌, ഞാന്‍‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും, എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും, അടുക്കലേക്ക്‌ ആരോഹണം ചെയ്യുന്നു എന്നുപറയുക.” ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്ത്വവും പിതാവിന്റെ വലത്തുഭാഗത്തേക്ക്‌ ഉയർ‍ത്തപ്പെട്ട ക്രിസ്തുവിന്റെ മഹത്ത്വവും തമ്മില്‍‍ ആവിഷ്‌കരണത്തിലുള്ള ഒരു വ്യത്യാസത്തെ ഇതു സൂചിപ്പിക്കുന്നു. സ്വർ‍ഗാരോഹണ സംഭവം ചരിത്രപരവും സർ‍വാതിശായിയുമായ ഒന്നില്‍‍നിന്ന്‌ മറ്റൊന്നിലേക്കുള്ള അവസ്ഥാന്തരത്തെ ദ്യോതിപ്പിക്കുന്നു.

ഈ അവസാനഘട്ടം ആദ്യഘട്ടത്തോട്‌, അതായത്‌, മനുഷ്യാവതാരത്തില്‍‍ സംഭവിച്ച സ്വർ‍ഗത്തില്‍‍നിന്നുള്ള അവിടുത്തെ അവരോഹണത്തോട്‌ അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. "പിതാവില്‍‍നിന്നുവന്ന"വനുമാത്രമേ- പിതാവിങ്കലേക്കു തിരിച്ചുപോകാന്‍‍ കഴിയുകയുള്ളു. “സ്വർ‍ഗത്തില്‍നിന്ന്‌ ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർ‍ഗത്തില്‍‍ കയറിയിട്ടില്ല." മനുഷ്യപ്രകൃതിക്ക് അതിൻ്റെ സ്വാഭാവികമായ കഴിവുകള്‍‍കൊണ്ടു “പിതാവിന്റെ ഭവനത്തിലേക്ക്‌”, ദൈവത്തിന്റെ ജീവനിലേക്കും സന്തോഷത്തിലേക്കും, കടന്നുചെല്ലാന്‍‍ കഴിയുകയില്ല". ഈ പ്രവേശനം മനുഷ്യനു സാധ്യമാക്കുവാന്‍‍ ക്രിസ്തുവിനുമാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക്‌ അവിടുത്തെ അവയവങ്ങളായ നമുക്കും പോകാന്‍‍ കഴിയും എന്നു പ്രത്യാശിക്കണം.

“ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും." കുരിശിലെ ഉയർത്തൽ സ്വർഗാരോഹണമാകുന്ന ഉയർത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ, കുരിശിലെ ഉയർത്തൽ സ്വർഗാരോഹണത്തിലെ ഉയർത്തലിനു തുടക്കം കുറിക്കുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു "മനുഷ്യനിർമിതമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ നിൽക്കാൻ സ്വർഗത്തിലേക്കു തന്നെയാണു പ്രവേശിച്ചത്". സ്വർഗത്തിൽ ക്രിസ്തു സ്ഥിരമായി തന്റെ പൗരോഹിത്യധർമമനുഷ്ഠിക്കുന്നു. "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവർ"ക്കു വേണ്ടി “മാധ്യസ്ഥ്യം വഹിക്കാൻ അവിടുന്ന് എന്നേക്കും ജീവിക്കുന്നു". വരാനിരിക്കുന്ന നൻമകളുടെ പ്രധാനപുരോഹിതൻ" എന്ന നിലയിൽ, സ്വർഗീയ പിതാവിനെ വണങ്ങുന്ന ആരാധനാകർമത്തിന്റെ കേന്ദ്രവും മുഖ്യപരികർമിയുമാണവിടുന്ന്.

ഇപ്പോൾ മുതൽ ക്രിസ്തു പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു: 'പിതാവിന്റെ വലത്തുഭാഗത്ത്' എന്നതുകൊണ്ടു നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങൾക്കും മുൻപേ ദൈവപുത്രനായിരിക്കുന്നവൻ, യഥാർഥത്തിൽ ദൈവമായിട്ടുള്ളവൻ, പിതാവിനോട് ഏക സത്തയായിട്ടുള്ളവൻ, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്ത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു".

പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു എന്നത്, മിശിഹായുടെ രാജ്യത്തിന്റെ ഉദ്ഘാടനത്തെ, മനുഷ്യപുത്രനെ സംബന്ധിച്ചു ദാനിയേൽ പ്രവാചകനുണ്ടായ ദർശനത്തിന്റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. “എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നൽകി. അവന്റെ ആധിപത്യം ശാശ്വതമാണ്. അതൊരിക്കലും ഇല്ലാതാവുകയില്ല; അവന്റെ രാജത്വം അനശ്വരമാണ്." ഈ സമയം മുതൽ അപ്പസ്തോലൻമാർ അവസാനമില്ലാത്ത രാജ്യത്തിന്റെ സാക്ഷികളായിത്തീർന്നു.

സംഗ്രഹം

ക്രിസ്തുവിന്റെ ആരോഹണം മനുഷ്യ ദൈവത്തിന്റെ സ്വർഗീയ മൺഡലത്തിലേക്കുള്ള യേശുവിന്റെ അന്തിമമായ പ്രവേശനത്തെ സൂചിപ്പിക്കുന്നു. അവിടെനിന്ന് അവിടുന്നു വീണ്ടുംവരും. (cf. അപ്പ 1:11). അതുവരെ മനുഷ്യരുടെ കണ്ണുകളിൽ നിന്ന് അത് അവിടുത്തെ മറയ്ക്കുകയും ചെയ്യുന്നു (cf. കൊളോ 3:3).

സഭയുടെ ശിരസ്സായ യേശുക്രിസ്തു പിതാവിന്റെ മഹത്ത്വപൂർണമായ രാജ്യത്തിലേക്ക് നമുക്കു മുൻപേ പോകുന്നു. അവിടുത്തെ ശരീരത്തിന്റെ അവയവങ്ങളായ നാം ഒരിക്കൽ എന്നേക്കുമായി അവിടുത്തോടൊപ്പമായിരിക്കുമെന്ന പ്രത്യാശയിൽ ജീവിക്കാനാണത്.

യേശുക്രിസ്തു എന്നേക്കുമായി സ്വർഗീയ ശ്രീകോവിലിൽ പ്രവേശിച്ചപ്പോൾമുതൽ പരിശുദ്ധാത്മാവിനെ നിരന്തരമായി നമ്മുടെമേൽ വർഷിക്കുന്ന മധ്യസ്ഥനായി സദാ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.

“യേശുക്രിസ്തു പാതാളത്തിലേക്കിറങ്ങി മരിച്ചവരുടെയിടയില്‍‍ നിന്ന്‌ മൂന്നാം ദിവസം ഉത്ഥാനംചെയ്തു ശുന്യമായ കബറിടം ഉയിർ‍ത്തെഴുന്നേറ്റവന്റെ പ്രത്യക്ഷപ്പെടലുകള്‍‍ ക്രിസ്തുവിന്റെ ഉത്ഥിതമായ മനുഷ്യത്വത്തിന്റെ അവസ്ഥ “യേശു സ്വർഗത്തിലേക്ക്‌ ആരോഹണംചെയ്തു സർ‍വശക്തനായ പിതാവിന്റെ വലത്തുഭാഗത്ത്‌ ഇരിക്കുന്നു”  പുനരുത്ഥാനത്തിന്റെ അർ‍ഥവും രക്ഷാകരമൂല്യവും ഉയിർ‍പ്പ്‌ - പരിശുദ്ധ്രതിത്വത്തിന്റെ പ്രവൃത്തി യേശുക്രിസ്തു പാതാളത്തിലേക്കിറങ്ങി മരിച്ചവരുടെയിടയില്‍‍ നിന്ന്‌ മൂന്നാം ദിവസം ഉത്ഥാനംചെയ്തു Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message