We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 08-Jul-2022
വകുപ്പ് 3
സഭ, മാതാവും ഗുരുനാഥയും
സഭയില്‍ മാമ്മോദീസ സ്വീകരിച്ച സകലരോടുമുള്ള സംസര്‍ഗത്തില്‍, ക്രൈസ്തവന്‍ തൻ്റെ വിളി സാക്ഷാത്കരിക്കുന്നു. “ക്രിസ്തുവിൻ്റെ നിയമത്തിൻ്റെ” പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവവചനം അവന്‍ സഭയില്‍നിന്നു സ്വീകരിക്കുന്നു. അവനെ “മാര്‍ഗത്തില്‍” നിലനിറുത്തുന്ന കൂദാശകളുടെ കൃപാവരത്തെ അവന്‍ സഭയില്‍നിന്നു സ്വീകരിക്കുന്നു. സഭയില്‍നിന്ന് അവന്‍ വിശുദ്ധിയുടെ മാതൃക പഠിക്കുന്നു. അതിൻ്റെ മാതൃകയും ഉറവിടവും സകലവിധത്തിലും പരിശുദ്ധയായ കന്യകാമറിയത്തില്‍ അവന്‍ തിരിച്ചറിയുന്നു, അതനുസരിച്ച് ജീവിക്കുന്നവരുടെ നിര്‍വ്യാജമായ സാക്ഷ്യത്തില്‍ അവന്‍ അതു കണ്ടെത്തുന്നു. അവന്‍ തനിക്ക് മുന്‍പേ കടന്നു പോയവരും ആരാധനക്രമത്തില്‍ വിശുദ്ധരുടെ പട്ടികയില്‍ ആഘോഷിക്കപ്പെടുന്നവരുമായ വിശുദ്ധരുടെ ആധ്യാത്മിക പാരമ്പര്യത്തിലും സുദീര്‍ഘമായ ചരിത്രത്തിലും അതു കണ്ടുമുട്ടുന്നു.
ധാർമീകജീവിതം ആധ്യാത്മികമായ ആരാധനയാണ്. “നമ്മുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി നമുക്ക് അര്‍പ്പിക്കാം". നാം രൂപപ്പെടുത്തുന്ന ക്രിസ്തുവിൻ്റെ ശരീരത്തിലും, അവിടുത്തെ ദിവ്യകാരുണ്യയാഗത്തോടുള്ള സംസര്‍ഗത്തിലുമാണ് അത്. ക്രൈസ്തവപ്രവര്‍ത്തനത്തെ പ്രകാശിപ്പിക്കാനും പരിപോഷിപ്പിക്കാനുംവേണ്ടി ആരാധനയിലും കൂദാശകളുടെ ആഘോഷത്തിലും പ്രാര്‍ഥനയും പ്രബോധനവും ക്രിസ്തുവിൻ്റെ കൃപാവരത്തോടു സംയോജിപ്പിക്കപ്പെടുന്നു. ക്രൈസ്തവജീവിതം മുഴുവനും എന്നപോലെ, ധാര്‍മികജീവിതവും കൂര്‍ബാനയര്‍പ്പണത്തില്‍ അതിൻ്റെ ഉറവിടവും ഉച്ചകോടിയും കണ്ടെത്തുന്നു.
I. ധാര്‍മികജീവിതവും സഭയുടെ പ്രബോധനാധികാരവും
"സത്യത്തിൻ്റെ സ്തംഭവും കോട്ടയുമായ” സഭ, “രക്ഷാകരസത്യത്തെ അറിയിക്കാനുള്ള ക്രിസ്തുവിൻ്റെ ഗൗരവമേറിയ കല്പന അപ്പസ്തോലന്‍മാരില്‍നിന്നു സ്വീകരിച്ചു." “സാമൂഹിക ക്രമത്തെ സംബന്ധിക്കുന്നവ ഉള്‍പ്പെടെയുള്ള ധാര്‍മിക നിയമങ്ങളെ എല്ലായ്‌പ്പോഴും എല്ലായിടത്തും അറിയിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. ഏതു മാനുഷികകാര്യങ്ങളെ സംബന്ധിച്ചും, അവ മനുഷ്യവ്യക്തിയുടെ മുലികാവകാശത്തിനോ ആത്മാക്കളുടെ രക്ഷയ്ക്കോ ആവശ്യമായിരിക്കുന്നിടത്തോളം,വിധിത്തീര്‍പ്പു നടത്താനുള്ള അവകാശവും സഭയ്ക്കുണ്ട്."
സഭയുടെ അജപാലകൻമാരുടെ പ്രബോധനാദികാരം ധാര്‍മികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം മതബോധനത്തിലും പ്രഘോഷണത്തിലും ദൈവശാസ്ത്രജ്ഞന്‍മാരുടെയും ആധ്യാത്മിക ഗ്രന്ഥകാരന്‍മാരുടെയും സഹായത്തോടെ നിര്‍വഹിക്കപ്പെടുന്നു. അങ്ങനെ, അജപാലകരുടെ നേതൃത്വത്തിനും ജാഗ്രതയ്ക്കും കീഴില്‍ ക്രൈസ്തവ ധാര്‍മികപ്രബോധനങ്ങളുടെ “നിക്ഷേപം”, തലമുറയില്‍നിന്നു തലമുറയിലേക്കു കൈമാറപ്പെടുന്നു. ആ നിക്ഷേപം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നു പുറപ്പെടുന്നവയും സനേഹത്താല്‍ സജീവമാക്കപ്പെട്ടവയുമായ നിയമങ്ങളുടെയും കല്‍പനകളുടെയും സുകൃതങ്ങളുടെയും സവിശേഷ സഞ്ചയമാണ്. വിശ്വാസപ്രമാണം, കര്‍ത്തൃപ്രാര്‍ഥന എന്നിവയോടൊപ്പം സകല മനുഷ്യരെയും സംബന്ധിച്ചു സാധുവായ ധാര്‍മികജീവിതത്തിൻ്റെ തത്വങ്ങളെ നിശ്ചയിക്കുന്ന പത്തുപ്രമാണങ്ങളും (Decalogue) ഈ മതബോധനത്തിൻ്റെ അടിസ്ഥാനമായി പരമ്പരാഗതമായി നിലനില്‍ക്കുന്നു.
റോമാ മാര്‍പാപ്പയും മെത്രാന്മാരും ക്രിസ്തുവിൻ്റെ അധികാരമുള്ള “ഔദ്യോഗിക പ്രബോധകര്‍" എന്ന നിലയില്‍ തങ്ങള്‍ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളോട് അവര്‍ വിശ്വസിക്കേണ്ട വിശ്വാസവും പ്രായോഗികമാക്കേണ്ട ആചാരവിധികളും പ്രസംഗിക്കുന്നു. മാര്‍പാപ്പയ്ക്കും അദ്ദേഹവുമായി കൂട്ടായ്മയില്‍ കഴിയുന്ന മെത്രാന്മാര്‍ക്കും ഉള്ള സാധാരണവും സാര്‍വത്രികവുമായ പ്രബോധനാധികാരം, വിശ്വസിക്കേണ്ട സത്യവും പ്രയോഗത്തിലാക്കേണ്ട സ്നേഹവും പ്രത്യാശിക്കേണ്ട സൗദാഗ്യവും വിശ്വാസികളെ പഠിപ്പിക്കുന്നു.
ക്രിസ്തുവിൻ്റെ അധികാരത്തിലുള്ള ഭാഗഭാഗിത്വത്തിൻ്റെ പരമമായ ശ്രേണി അപ്രമാദിത്വവരത്താല്‍ ഉറപ്പാക്കപ്പെടുന്നു. ദൈവികവെളിപാടിൻ്റെ നിഷേധം എത്രമാത്രം വ്യാപകമായിരിക്കുന്നുവോ അത്രമാത്രം വ്യാപകമാണ് അപ്രമാദിത്വവും. കൂടാതെ വിശ്വാസത്തിൻ്റെ രക്ഷാകരസത്യങ്ങളെ സംരക്ഷിക്കാനും വിശദീകരിക്കാനും പാലിക്കാനും അവശ്യാവശ്യകമായിരിക്കുന്ന, ധാര്‍മികനിയമങ്ങള്‍ ഉള്‍പ്പെടെയുള്ള, വിശ്വാസപ്രബോധനത്തിൻ്റെ സകലഘടകങ്ങളിലേക്കും അതു വ്യാപിച്ചിരിക്കുന്നു.
പ്രബോധനാധികാരം സ്വാഭാവികനിയമത്തിൻ്റെ പ്രത്യേക കല്‍പനകളിലേക്കും വ്യാപിച്ചിരിക്കുന്നു. എന്തെന്നാല്‍ സ്രഷ്ടാവ് ആവശ്യപ്പെടുന്ന അവയുടെ പാലനം നിത്യരക്ഷയ്ക്ക് അനുപേക്ഷണീയമാണ്. സ്വാഭാവികനിയമത്തിൻ്റെ കല്‍പനകളെ അനുസ്മരിപ്പിക്കുമ്പോള്‍ സഭയുടെ പ്രബോധനാധികാരം മനുഷ്യര്‍ യഥാര്‍ഥത്തില്‍ എന്തായിരിക്കുന്നുവെന്നു പ്രഘോഷിക്കുകയും അവര്‍ ദൈവത്തിൻ്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് അവരെ ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ട് അതിൻ്റെ പ്രവാചക ധര്‍മത്തിൻ്റെ സത്താപരമായ ഒരു ഭാഗം നിറവേറ്റുകയാണ്.
സഭയ്ക്കു ഭരമേല്‍പിക്കപ്പെട്ട ദൈവത്തിൻ്റെ നിയമം ജീവൻ്റെയും സത്യത്തിൻ്റെയും മാര്‍ഗമായി വിശ്വാസികള്‍ക്കു കൈമാറപ്പെടുന്നു. അതുകൊണ്ട്, വിധിത്തീര്‍പ്പിനെ വിശുദ്ധീകരിക്കുകയും, വ്രണിതമായ മനുഷ്യബുദ്ധിയെ കൃപാവരത്താല്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദൈവികമായ രക്ഷാകര കല്‍പനകള്‍ പഠിപ്പിക്കപ്പെടുവാന്‍ വിശ്വാസികള്‍ക്ക് അവകാശം ഉണ്ട്." സഭയുടെ നിയമാനുസൃതമുള്ള അധികാരം പ്രഖ്യാപിക്കുന്ന അനുശാസനങ്ങളും കല്‍പനകളും പാലിക്കാന്‍ അവര്‍ക്കു കടമ ഉണ്ട്. ശിക്ഷണപരമായാല്‍ പോലും, ഈ കല്‍പനകള്‍ സ്നേഹത്തിലുള്ള വിധേയത്വം ആവശ്യപ്പെടുന്നു.
ക്രൈസ്തവധാര്‍മികതയെ പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ജോലിയില്‍ അജപാലകരുടെ സമര്‍പ്പണവും ദൈവശാസ്ത്രജഞന്‍മാരുടെ വിജ്ഞാനവും സകല ക്രൈസ്തവരുടെയും സന്‍മനസ്സുള്ള എല്ലാ മനുഷ്യരുടെയും സഹായവും സഭയ്ക്ക് ആവശ്യമാണ്. വിശ്വാസവും സുവിശേഷ പരിശീലനവും ഓരോ വ്യക്തിക്കും “ക്രിസ്തുവിലുള്ള ജീവിതത്തിൻ്റെ” ഒരനുഭവം പ്രദാനം ചെയ്യുന്നു . അവ അവനെ പ്രബുദ്ധനാക്കുകയും ദൈവാത്മാവിനനുസൃതം ദൈവികവും മാനുഷികവുമായ യാഥാര്‍ഥ്യങ്ങളെ വിലയിരുത്താന്‍ അവനെ കഴിവുള്ളവനാക്കുകയും ചെയ്യുന്നു. അങ്ങനെ പണ്‍ഡിതന്‍മാരെയും ഉന്നത പദവിയിലുള്ളവരെയും പ്രബുദ്ധരാക്കാന്‍വേണ്ടി ഏറ്റവും എളിയവരെ ഉപയോഗിക്കാന്‍ പരിശുദ്ധാത്മാവിനു കഴിയും.
ശുശ്രുഷകള്‍ കര്‍ത്താവിൻ്റെ നാമത്തില്‍ സഹോദരസ്നേഹത്തിൻ്റെയും സഭയോടുള്ള സമര്‍പ്പണത്തിൻ്റെയും ചൈതന്യത്തില്‍ നിര്‍വഹിക്കപ്പെടണം. അതേ സമയം, ഓരോ വ്യക്തിയുടെയും മന:സാക്ഷി ആ വ്യക്തിയുടെ തന്നെ പ്രവൃത്തികളെപ്പറ്റി ധാര്‍മിക വിധിത്തീര്‍പ്പുകള്‍ നടത്തുന്നതില്‍ സ്വാര്‍ത്ഥപരമായ പരിഗണനകളില്‍ ഒതുങ്ങിക്കൂടുകയെന്നതു പരിവര്‍ജിക്കണം. സ്വാഭാവികവും ആവിഷ്കൃതവുമായ ധാര്‍മികനിയമത്തില്‍ വ്യക്തമാക്കിയിരിക്കുംപോലെയും, തത്ഫലമായി,സഭയുടെ നിയമത്തിലും ധാര്‍മിക പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രബോധനാധികാരത്തിൻ്റെ ആധികാരിക പ്രബോധനത്തിലും ഉള്ളതുപോലെയും, എല്ലാവരുടെയും നന്മയെ മന:സാക്ഷി ആവുന്നത്ര പരിഗണിക്കണം. സ്വകാര്യ മന:സാക്ഷിയും യുക്തിയും ധാര്‍മിക നിയമത്തിനോ സഭയുടെ പ്രബോധനാധികാരത്തിനോ എതിരായി നില്ക്കരുത്.
അങ്ങനെ, ക്രൈസ്തവരുടെയിടയില്‍ സഭയോട് യഥാര്‍ഥപുത്രസഹമജ്മായ ചൈതന്യം വികസിക്കും. സഭയുടെ ഉദരത്തില്‍ നമ്മെ ജനിപ്പിക്കുകയും ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാക്കുകയും ചെയ്ത മാമ്മോദീസാകൃപാവരത്തിൻ്റെ സ്വാഭാവികമായ വളര്‍ച്ചയാണ് അത്. നമ്മുടെ സകലപാപങ്ങളുടെയുംമേല്‍ വിജയം നേടുകയും; അനുരഞ്ജന കൂദാശയിൽ പ്രത്യേകമാംവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവത്തിൻ്റെ കാരുണ്യം സഭ മാതൃസഹജമായ തൻ്റെ പരിപാലനയില്‍ നമുക്കു നല്കുന്നു. ഒരമ്മയുടെ ദീര്‍ഘവീക്ഷണത്തോടെ അവള്‍ തൻ്റെ ആരാധനയില്‍ കര്‍ത്താവിൻ്റെ വചനവും കുര്‍ബാനയുമാകുന്ന പോഷണം അനുദിനം സമൃദ്ധമായി നമുക്കു നല്‍കുകയും ചെയ്യുന്നു.
II. സഭയുടെ കല്‍പനകള്‍
ആരാധനക്രമപരമായ ജീവിതത്തോടുബന്ധപ്പെട്ടതും അതിനാല്‍ പരിപോഷിപ്പിക്കപ്പെടുന്നതുമായ ധാര്‍മികജീവിതത്തിൻ്റെ പശ്ചാത്തലത്തിലുള്ളതാണ് സഭയുടെ കല്‍പനകള്‍. അജപാലകരായ അധികാരികളാല്‍ കല്‍പിക്കപ്പെട്ട ഈ ഭാവാത്മക നിയമങ്ങള്‍ക്കു കടപ്പെടുത്തുന്ന സ്വഭാവമുണ്ട്. പ്രാര്‍ഥനാചൈതനൃത്തിലും ധാര്‍മിക പരിശ്രമത്തിലും, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലുള്ള വളര്‍ച്ചയിലും, അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഏറ്റം ചുരുങ്ങിയ സാഹചര്യം വിശ്വാസികള്‍ക്ക് ഉറപ്പുവരുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
III. ധാര്‍മികജീവിതവും പ്രേഷിതവൃത്തിപരമായ സാക്ഷ്യവും
സുവിശേഷപ്രഘോഷണത്തിനും ലോകത്തില്‍ സഭയുടെ പ്രേഷിതവൃത്തിക്കും വേണ്ട പ്രാഥമിക വ്യവസ്ഥയാണു മാമ്മോദീസ സ്വീകരിച്ചവരുടെ വിശ്വസ്തത. രക്ഷയുടെ സന്ദേശം, അതിൻ്റെ സത്യത്തിൻ്റെ ശക്തിയും പ്രകാശവും മനുഷ്യരുടെ മുന്‍പില്‍ പ്രകാശിപ്പിക്കാന്‍ കഴിവുളളതാകുന്നതിന്, ക്രിസ്ത്യാനികളുടെ ജീവിതം നല്‍കുന്ന സാക്ഷ്യത്താല്‍ സാധൂകരിക്കപ്പെടണം. “ക്രൈസ്തവജീവിതസാക്ഷ്യത്തിനും പ്രകൃത്യതീതമായ ചൈതന്യത്തില്‍ ചെയ്യപ്പെടുന്ന സത്പ്രവൃത്തികള്‍ക്കും, മനുഷ്യരെ വിശ്വാസത്തിലേക്കും ദൈവത്തിലേക്കും ആകര്‍ഷിക്കാനുള്ള വലിയ ശക്തിയുണ്ട്."
ക്രിസ്തു ശിരസ്സായിട്ടുള്ള ശരീരത്തിൻ്റെ അവയവങ്ങളായ ക്രൈസ്തവര്‍ തങ്ങളുടെ ബോധ്യങ്ങളുടെ സ്ഥിരതയാലും ധാര്‍മികജീവിതത്താലും സഭയെപടുത്തുയർത്തുന്നതിനു സംഭാവന നല്‍കുന്നു. “വിശ്വാസത്തിൻ്റെ ഐക്യത്തിലും ദൈവ പുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിൻ്റെ പൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ" സഭ തൻ്റെ വിശ്വാസികളുടെ വിശുദ്ധിയിലൂടെ വര്‍ദ്ധിക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്നു.
ക്രിസ്തുവിന് അനുയോജ്യമായി ജീവിച്ചുകൊണ്ട്, ക്രൈസ്തവര്‍, രാജ്യത്തിൻ്റെ “നീതിയുടെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെതുമായ ദൈവരാജ്യത്തിൻ്റെ ആഗമനം ത്വരിതപ്പെടുത്തുന്നു. അതുകൊണ്ട് അവര്‍ തങ്ങളുടെ ഭൗതിക ധൗത്യങ്ങള്‍ പരിത്യജിക്കുന്നില്ല; അവര്‍ തങ്ങളുടെ ഗുരുവിനോടുള്ള വിശ്വസ്തതയില്‍, സത്യസന്ധതയോടും ക്ഷമാശീലത്തോടും സ്നേഹത്തോടുംകൂടെ അവ പൂര്‍ത്തിയാക്കുന്നു.
സംഗ്രഹം
ധാർമികജിവിതം ഒരു ആധ്യാത്മികാരാധനയാണ്. ക്രൈസ്തവപ്രവർത്തനശൈലി ആരാധനയിലും കൂദാശകളുടെ ആഘോഷത്തിലും അതിൻ്റെ പോഷണം കണ്ടെത്തുന്നു.
സഭയുടെ കല്‍പനകള്‍, ആരാധനയോട് ഐക്യപ്പെട്ടതും അതിനാൽ പോഷിപ്പക്കപ്പെടുന്നതുമായ ധാർമികവും ക്രൈസ്തവവുമായ ജീവിതത്തെ സംബന്ധിച്ചുള്ളതാണ്.
ധാർമികകാര്യങ്ങളില്‍, സഭയുടെ അജപാലകരുടെ പ്രബോധനാധികാരം സാധാരണമായി മതബോധനത്തിലും പ്രഘോഷണത്തിലും വിനിയോഗിക്കപ്പെടുന്നു. ഓരോ മനുഷ്യനെയും സംബന്ധിച്ചു സാധുവായിട്ടുള്ള തത്ത്വങ്ങളെ നിർദ്ദേശിക്കുന്ന പത്തുപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് അത്.
വിശ്വസിക്കുകയും ധാര്‍മികജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട വിശ്വാസം, റോമ മാര്‍പാപ്പയും മെത്രാന്‍മാരും, ഔദ്യോഗികപ്രബോധകര്‍ എന്ന നിലയില്‍, ദൈവജനത്തോടു പ്രസംഗിക്കുന്നു. സ്വാഭാവിക നിയമത്തിൻ്റെയും യുക്തിയുടെയും മണ്‍ഡലത്തിലുള്ള ധാര്‍മിക പ്രശ്നങ്ങളെ സംബന്ധിച്ചു വിധിതീര്‍പ്പു കല്‍പിക്കുക എന്നതും അവരുടെ കടമയാണ്.
അജപാലകരുടെ പ്രബോധനാധികാരത്തിൻ്റെ അപ്രമാദിത്വം, ധാര്‍മികപ്രബോധനം ഉള്‍പ്പെടെയുള്ള വിശ്വാസ പ്രബോധനത്തിൻ്റെ സകല ഘടകങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. അതുകൂടാതെ വിശ്വാസത്തിൻ്റെ രക്ഷാകര സത്യങ്ങളെ സംരക്ഷിക്കാനോ വ്യാഖ്യാനിക്കാനോ പാലിക്കാനോ സാധ്യമല്ല.
സഭ മാതാവും ഗുരുനാഥയും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



