x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ക്രൈസ്തവപ്രാര്‍ഥന 

Authored by : Congregation for Doctrine of Faith On 22-Jul-2022

ക്രൈസ്തവപ്രാര്‍ഥന 

പ്രാര്‍ഥന ക്രിസ്തീയ ജീവിതത്തില്‍

“വിശ്വാസത്തിൻ്റെ രഹസ്യം മഹത്താണ്‌!” അപ്പസ്തോലന്‍മാരുടെ വിശ്വാസ പ്രമാണത്തില്‍ സഭ ഈ രഹസ്യം ഏറ്റുപറയുന്നുണ്ട്‌ (ഭാഗം ഒന്ന്‌); കൗദാശികമായ ആരാധനക്രമം അതിൻ്റെ ആഘോഷമാണ്‌ (ഭാഗം രണ്ട്‌); പിതാവായ ദൈവത്തിൻ്റെ മഹത്ത്വത്തിനുവേണ്ടി വിശ്വാസികളുടെ ജീവിതം പരിശുദ്ധാത്മാവില്‍ ക്രിസ്തുവിനോട്‌ അനുരൂപപ്പെടുത്തേണ്ടതിനാണത്‌ (ഭാഗം മൂന്ന്‌). വിശ്വാസികള്‍ അതില്‍ വിശ്വസിക്കുകയും അതിനെ ആഘോഷിക്കുകയും ജീവിക്കുകയും സത്യദൈവവുമായുള്ള ഗാഢബന്ധത്തില്‍ വ്യാപരിക്കുകയും ചെയ്യണമെന്നു വിശ്വാസമാകുന്ന ഈ രഹസ്യം ആവശ്യപ്പെടുന്നു. ഈ ബന്ധമാണു പ്രാര്‍ഥന.

എന്താണു പ്രാര്‍ഥന?

എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിൻ്റെ അലയടിയാണ്‌ പ്രാര്‍ഥന, സ്വര്‍ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം; പരീക്ഷണത്തിൻ്റെയും സന്തോഷത്തിൻ്റെയുമിടയില്‍ നന്ദിയുടെയും സ്നേഹത്തിൻ്റെയും നിലവിളിയാണത്‌."

പ്രാര്‍ഥന - ദൈവത്തിൻ്റെ ദാനം

“മനസ്സ്‌ ദൈവത്തിങ്കലേക്കുയര്‍ത്തുന്നതാണു പ്രാര്‍ഥന. അഥവാ ദൈവത്തില്‍ നിന്നു നന്മകള്‍ ലഭിക്കാന്‍വേണ്ടിയുള്ള അഭ്യര്‍ഥനയാണ്‌ അത്‌.” പക്ഷേ, നാം പ്രാര്‍ഥിക്കുമ്പോള്‍, നാം സംസാരിക്കുന്നതു നമ്മുടെ അഹന്തയുടെയും തന്നിഷ്ടത്തിൻ്റെയും ഔന്നതൃത്തില്‍നിന്നാണോ, അതോ വിനീതവും അനുതാപപൂര്‍ണവുമായ ഹൃദയത്തിൻ്റെ “അഗാധതലങ്ങളില്‍" നിന്നാണോ? "തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും;” വിനയമാണ് പ്രാര്‍ഥനയുടെ അടിത്തറ. വേണ്ടവിധം പ്രാര്‍ഥിക്കുന്നതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. "എളിമയാണ്‌" പ്രാര്‍ഥനയാകുന്ന സൗജന്യദാനം സ്വീകരിക്കാന്‍ വേണ്ട മനോഭാവം. “മനുഷ്യന്‍ ദൈവത്തിൻ്റെ മുമ്പില്‍ ഭിക്ഷുവാണ്‌.”

“ദൈവത്തിൻ്റെ ദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കില്‍!” വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കല്‍വച്ചാണു പ്രാര്‍ഥനയാകുന്ന മഹാവിസ്മയം നമുക്ക്‌ അനാവൃതമാകുന്നത്‌. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാന്‍ ക്രിസ്തുവന്നുചേരുന്നു. അവിടുന്നാണ്‌ ആദ്യം നമ്മെ തേടിവന്നു നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത്‌. യേശുവിനു ദാഹിക്കുന്നു. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിൻ്റെ അഗാധതയില്‍ നിന്നുയരുന്നതാണ്‌ അവിടുത്തെ അഭ്യര്‍ഥന. നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും ദൈവത്തിൻ്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണു പ്രാര്‍ഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു.

“നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു." നമ്മുടെ യാചനാപ്രാര്‍ഥന വിരോധാഭാസരൂപേണ ഒരു മറുപടിയാണ്‌. ജീവിക്കുന്ന ദൈവത്തിൻ്റെ പരാതിക്കുള്ള മറുപടി: “ജീവജലത്തിൻ്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു.” നിത്യരക്ഷയെ സംബന്ധിച്ച സൗജന്യവാഗ്ദാനത്തിനുള്ള വിശ്വാസത്തിൻ്റെ പ്രത്യുത്തരമാണു പ്രാര്‍ഥന. ഏകജാതൻ്റെ ദാഹത്തിനുള്ള സ്നേഹത്തിൻ്റെ പ്രത്യുത്തരവുമാണത്‌."

പ്രാര്‍ഥന - ഉടമ്പടി

മനുഷ്യൻ്റെ പ്രാര്‍ഥന എവിടെനിന്നുവരുന്നു? പ്രാര്‍ഥന വാക്കുകളിലൂടെയായാലും ആംഗ്യങ്ങളിലൂടെയായാലും സംപൂര്‍ണ മനുഷ്യനാണു പ്രാര്‍ഥിക്കുന്നത്‌. പ്രാര്‍ഥനയുടെ ഉറവിടം ഏതെന്ന ചോദ്യത്തിനു മറുപടിയായി വിശുദ്ധഗ്രന്ഥം ചിലപ്പോള്‍ ആത്മാവിനെപ്പറ്റിയും ചിലപ്പോള്‍ അരൂപിയെപ്പറ്റിയും ഏറ്റവുമധികം പ്രാവശ്യം (ആയിരത്തിലേറെ തവണ) ഹൃദയത്തെപ്പറ്റിയും പറയുന്നുണ്ട്‌. ഹൃദയമാണു പ്രാര്‍ഥിക്കുന്നത്‌. അതു ദൈവത്തില്‍നിന്നകലെയാണെങ്കില്‍ പ്രാര്‍ഥനാപ്രകടനം വ്യര്‍ഥമാണ്‌.

ഹൃദയം ഞാന്‍ ആയിരിക്കുന്ന, ഞാന്‍ വസിക്കുന്ന (സെമിറ്റിക്‌ ഭാഷയുടെ അഥവാ വി. ഗ്രന്ഥത്തിൻ്റെ ശൈലിയില്‍ “ഞാന്‍ ഇറങ്ങിവരുന്ന”) ആലയമാണ്‌. നമ്മുടെയും മറ്റുള്ളവരുടെയും യുക്തിക്കതീതമായ നിഗൂഢ കേന്ദ്രമാണ്‌ അത്‌. ദൈവത്തിൻ്റെ ആത്മാവിനു മാത്രമേ അതിൻ്റെ ആഴം അളക്കാനും അതിനെ അറിയാനും സാധിക്കുകയുള്ളു. നമ്മുടെ മാനസികമായ ആന്തരിക പ്രേരണകളുടെ അഗാധതലങ്ങള്‍ക്ക്‌ അപ്പുറത്തുള്ള തിരുമാനങ്ങളുടെ വേദിയാണത്‌. നാം ജീവനെയോ മരണത്തെയോ തിരഞ്ഞെടുക്കുന്ന സത്യത്തിൻ്റെ മേഖലയാണ്‌ അത്‌. ദൈവത്തിൻ്റെ ഛായയിലായ നാം പരസ്പരബന്ധങ്ങളിലൂടെ ജീവിക്കുന്നതുകൊണ്ട്‌ ഹൃദയം സമാഗമത്തിൻ്റെ വേദിയാണ്‌; ഉടമ്പടിയുടെ സ്ഥലമാണ്‌ അത്‌.

ക്രൈസ്തവ പ്രാര്‍ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധമാണ്‌. അതു ദൈവത്തിൻ്റെയും മനുഷ്യൻ്റെയും പ്രവൃത്തിയാണ്‌. പരിശുദ്ധാത്മാവില്‍നിന്നും നമ്മില്‍നിന്നും പുറപ്പെടുന്നതും മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രൻ്റെ മാനുഷിക മനസ്സുമായുള്ള ഐകൃത്തില്‍ പിതാവിന്‍പക്കലേക്കു പൂര്‍ണമായും തിരിയുന്നതുമാണ്‌ അത്‌.

പ്രാര്‍ഥന - കൂട്ടായ്മ

അനന്ത നന്‍മയായ പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും ദൈവമക്കള്‍ക്കുള്ള സജീവ ബന്ധമാണു പുതിയ ഉടമ്പടിയില്‍ പ്രാര്‍ഥന. “പരിശുദ്ധ രാജകീയ ത്രിത്വത്തിന്  മുഴുവനും... സംപൂര്‍ണ മനുഷ്യചേതനയുമായുളള ഐക്യമാണ്‌ ദൈവരാജ്യത്തിൻ്റെ കൃപാവരം. ത്രൈശുദ്ധ ദൈവത്തിൻ്റെ സാന്നിധ്യത്തിലും അവിടുത്തോടുള്ള കൂട്ടായ്മയിലും ആയിരിക്കുന്ന ശീലമാണു പ്രാര്‍ഥനാ ജീവിതം. ഈ കൂട്ടായ്മ എപ്പോഴും സാധ്യമാണ്‌. എന്തെന്നാല്‍ മാമ്മോദീസവഴി നാം നേരത്തെതന്നെ ക്രിസ്തുവുമായി ഐക്യപ്പെട്ടുകഴിഞ്ഞവരാണ്‌. ക്രിസ്തുവുമായുളള കൂട്ടായ്മയിലായിരിക്കുകയും അവിടുത്തെ ശരീരമായ സഭയില്‍ വ്യാപിക്കുകയും ചെയ്യുന്ന തോതനുസരിച്ചാണ്‌ ഒരു പ്രാര്‍ഥന ക്രിസ്തീയമാകുന്നത്. ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ  മാനങ്ങളാണു പ്രാര്‍ഥനയ്ക്കുമുള്ളത്‌.

അധ്യായം ഒന്ന്‌

പ്രാര്‍ഥനയുടെ വെളിപാട്‌

പ്രാര്‍ഥനയ്ക്കുള്ള സാര്‍വത്രികവിളി

മനുഷ്യന്‍ ദൈവത്തെ തേടിക്കൊണ്ടിരിക്കുകയാണ്‌. സൃഷ്ടികര്‍മത്തിലൂടെ ദൈവം ഓരോ സത്തയെയും ശുന്യതയില്‍നിന്ന്‌ അസ്തിത്വത്തിലേക്കു വിളിക്കുന്നു. “മഹത്ത്വവും ബഹുമാനവുംകൊണ്ടു മകുടമണിയിക്കപ്പെട്ടവനായ” മനുഷ്യന്‍ “ഭൂമിയിലെങ്ങും ദൈവത്തിൻ്റെ നാമം എത്ര മഹനീയം” എന്നു മാലാഖമാരോടൊപ്പം ഏറ്റു പറയാന്‍ കഴിവുള്ളവനാണ്‌. ദൈവവുമായുള്ള തൻ്റെ സാദൃശ്യം പാപംവഴി നഷ്ടപ്പെടുത്തിയതിനുശേഷവും മനുഷ്യന്‍ സ്രഷ്ടാവിൻ്റെ ഛായയായി തുടരുന്നു; തന്നെ അസ്തിത്വത്തിലേക്കു വിളിച്ച ദൈവത്തിനുവേണ്ടിയുള്ള ആഗ്രഹം അവന്‍ നില നിര്‍ത്തുന്നു. ദൈവത്തെപ്രതിയുള്ള മനുഷ്യൻ്റെ സത്താപരമായ അന്വേഷണത്തിന്‌ എല്ലാ മതങ്ങളും സാക്ഷ്യം വഹിക്കുന്നു.

ദൈവമാണ്‌ ആദ്യം മനുഷ്യനെ വിളിക്കുനാത്‌. മനുഷ്യന്‍ സ്രഷ്ടാവിനെ വിസ്മരിക്കുകയോ അവിടുത്തെ മുന്‍പില്‍നിന്ന്‌ ഓടി ഒളിക്കുകയോ വിഗ്രഹങ്ങളുടെ പുറകെ പോവുകയോ, തന്നെ കൈവെടിഞ്ഞതിനു ദൈവത്തിനെതിരേ കുറ്റാരോപണം നടത്തുകയോ ചെയ്തെന്നുവരാം. എന്നാല്‍പോലും ജീവിക്കുന്നവനായ സത്യദൈവം പ്രാര്‍ഥനയാകുന്ന നിഗൂഢസമാഗമത്തിന്‌ എല്ലാ മനുഷ്യരെയും അക്ഷീണം ക്ഷണിക്കുന്നു. വിശ്വസ്തനായ ദൈവത്തിൻ്റെ സ്നേഹപൂര്‍വകമായ മുന്‍കൈയെടുക്കലാണു പ്രാര്‍ഥനയില്‍ ആദ്യം സംഭവിക്കുന്നത്‌. അതിനുള്ള പ്രത്യുത്തരമാണ്‌ മനുഷ്യൻ്റെ പ്രാര്‍ഥന. ദൈവം ക്രമേണ സ്വയം വെളിപ്പെടുത്തുകയും മനുഷ്യനെ അവനുതന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നതിന്‌ ആനുപാതികമായി പ്രാര്‍ഥന ഒരുതരം പരസ്പരാഹ്വാനമായി - ഉടമ്പടിയുടെ നാടകമായി - കാണപ്പെടുന്നു. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈ നാടകം ഹൃദയത്തെ ആകര്‍ഷിക്കുന്നു. രക്ഷാചരിത്രത്തിലൂടനീളം ഈ പ്രക്രിയ തുടരുന്നു.

വകുപ്പ്‌ 1

പഴയ നിയമത്തില്‍

പഴയനിയമഗ്രന്ഥത്തില്‍ മനുഷ്യൻ്റെ പതനത്തിൻ്റെയും വീണ്ടെടുപ്പിൻ്റെയും ഇടയിലാണു പ്രാര്‍ഥനയുടെ വെളിപാടുണ്ടാകുന്നത്‌. “നിങ്ങള്‍ എവിടെയാണ്‌... നിങ്ങള്‍ എന്താണു ചെയ്തത്‌?” എന്ന ദൈവത്തിൻ്റെ ആദിമക്കളോടുള്ള ചോദ്യത്തിൻ്റെയും ലോകത്തിലേക്കു വന്ന അവിടുത്തെ ഏകജാതന്‍ അതിനു നല്‍കിയ പ്രത്യുത്തരത്തിൻ്റെയും - “ദൈവമേ, അങ്ങയുടെ തിരുഹിതം നിര്‍വഹിക്കാന്‍ ഞാനിതാ വന്നിരിക്കുന്നു” - ഇടയിലാണതു സംഭവിച്ചത്‌. ചരിത്രസംഭവങ്ങള്‍ക്കിടയില്‍ ദൈവവും മനുഷ്യനും തമ്മില്‍ പുലര്‍ത്തുന്ന ബന്ധം എന്നനിലയില്‍ മാനവചരിത്രവുമായി ബന്ധപ്പെട്ടതാണു പ്രാര്‍ഥന.

സൃഷ്ടി : പ്രാര്‍ഥനയുടെ ഉറവിടം

സൃഷ്ടിയുടെ യാഥാര്‍ഥ്യങ്ങളില്‍നിന്നാരംഭിച്ചാണ്‌ പ്രാര്‍ഥന ജീവിതത്തിലേക്ക്‌ എത്തുന്നത്‌. ഉത്പത്തി പുസ്തകത്തിൻ്റെ ആദ്യത്തെ ഒന്‍പതധ്യായങ്ങള്‍ ആബേലിൻ്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ ഫലങ്ങളുടെ അര്‍പ്പണമായും എനോഷിൻ്റെ ദൈവനാമ പ്രഖ്യാപനമായും “ദൈവത്തോടൊപ്പമുള്ള നടന്നുനീങ്ങലായും” ഈ ബന്ധത്തെ വിവരിക്കുന്നു. നോഹയുടെ ഹൃദയം നീതിനിഷ്ഠവും അവിഭക്തവും ആയിരുന്നതിനാൽ അദ്ദേഹത്തിൻ്റെ ബലി ദൈവത്തിനു പ്രീതികരമായി. അദ്ദേഹത്തെയും അദ്ദേഹത്തിലൂടെ സൃഷ്ടപ്രപഞ്ചം മുഴുവനെയും ദൈവം അനുഗ്രഹിച്ചു. നോഹയ്ക്കു മുന്‍പുണ്ടായിരുന്ന ഹേനോക്കിനെപ്പോലെ നോഹയും “ദൈവത്തോടൊപ്പം നടന്നു." എല്ലാ മതങ്ങളിലുംപെട്ട അനേകം നീതിമാന്‍മാര്‍ പ്രായോഗികമാക്കുന്ന പ്രാര്‍ഥനാ രീതിയാണത്‌.

ആത്മാവുള്ള എല്ലാ ജീവികളുമായി അലംഘനീയമായ ഉടമ്പടിയിലേര്‍പ്പെടുന്ന ദൈവം" മനുഷ്യരെ എക്കാലവും പ്രാര്‍ഥിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍, സർവോപരി നമ്മുടെ പിതാവായ അബ്രാഹം മുതലാണ്‌ പ്രാര്‍ഥന പഴയനിയമത്തില്‍ വെളിപ്പെടുന്നത്‌.

വാഗ്ദാനവും വിശ്വാസത്തിൻ്റെ പ്രാര്‍ഥനയും

ദൈവം തന്നെ വിളിച്ചപ്പോള്‍ “കര്‍ത്താവു കല്‍പിച്ചതനുസരിച്ച്‌" അബ്രാഹം പുറപ്പെട്ടു. അബ്രാഹത്തിൻ്റെ ഹൃദയം പൂര്‍ണമായും വചനത്തിനു വിധേയമായിരുന്നതിനാല്‍ അദ്ദേഹം അനുസരിക്കുന്നു. ദൈവഹിതത്തിനനുസൃതമായി തീരുമാനങ്ങളെടുക്കുന്ന ഹൃദയത്തിൻ്റെ ശ്രവണം പ്രാര്‍ഥനയുടെ അവശ്യഘടകമാണ്‌, അതിന്‌ വാക്കുകള്‍ ആപേക്ഷികമാണ്‌. അബ്രാഹത്തിൻ്റെ പ്രാര്‍ഥന പ്രഥമത: പ്രവൃത്തികളിലൂടെയാണു പ്രകടമാകുന്നത്‌. നിശ്ശബ്ദനായ ആ മനുഷ്യന്‍, തൻ്റെ യാത്രയുടെ ഓരോ ഘട്ടത്തിലും കര്‍ത്താവിന്‌ ഒരു ബലിപീഠം നിര്‍മിക്കുന്നു. പിന്നീടു മാത്രമാണ്‌ അബ്രാഹത്തിൻ്റെ വാക്കുകളിലുള്ള ആദ്യപ്രാര്‍ഥന ഉയരുന്നത്‌. ദൈവം തൻ്റെ വാഗ്ദാനം പാലിച്ചിട്ടില്ലെന്നു തോന്നുന്നതായി പരോക്ഷമായ ഒരു ആവലാതിയുടെ രൂപത്തില്‍ അബ്രാഹം ദൈവത്തെ ഓര്‍മപ്പെടുത്തുന്നു.ആരംഭത്തില്‍ത്തന്നെ പ്രാര്‍ഥ നയാകുന്ന നാടകത്തിൻ്റെ പല വശങ്ങളിലൊന്നു പ്രതൃക്ഷമാകുന്നു: ദൈവത്തിൻ്റെ വിശ്വസ്തതയില്‍ നമുക്കുള്ള വിശ്വാസമാണ്‌ ഇവിടെ പരീക്ഷിക്കപ്പെടുന്നത്‌.

പൂര്‍വപിതാവ്‌ ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ സന്നിധിയില്‍ നടക്കുകയും അവിടുന്നുമായി ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തതിനാല്‍ അദ്ദേഹം ഒരു നിഗൂഢാതിഥിയെ തൻ്റെ കൂടാരത്തില്‍ സ്വാഗതംചെയ്യാന്‍ സന്നദ്ധനാകുന്നു. മാമ്രയില്‍ അദ്ദേഹം പ്രകടിപ്പിച്ച സ്തുത്യര്‍ഹമായ ആതിഥ്യം യഥാര്‍ഥ വാഗ്‌ദാനപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള പ്രഖ്യാപനത്തെ നിഴലിപ്പിക്കുന്നു." അതിനുശേഷം ദൈവം തൻ്റെ പദ്ധതി വെളിവാക്കിക്കഴിഞ്ഞപ്പോള്‍ അബ്രാഹത്തിൻ്റെ ഹൃദയം കര്‍ത്താവിനു മനുഷ്യരോടുളള കാരുണ്യത്തിനനുഗുണമായി ഭവിക്കുന്നു. അവര്‍ക്കുവേണ്ടി ധീരമായ ആത്മവിശ്വാസത്തോടെ മാധ്യസ്ഥ്യം വഹിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നു.”

“വാഗ്ദാനങ്ങള്‍ സ്വീകരിച്ചിരുന്നിട്ടും” അബ്രാഹത്തിനു ദൈവം നല്കിയ മകനെ, അവൻ്റെ വിശ്വാസത്തിൻ്റെ അന്തിമ ശുദ്ധീകരണമെന്ന നിലയില്‍, ബലിയര്‍പ്പിക്കാന്‍ അവിടുന്ന്‌ ആവശ്യപ്പെടുന്നു. അബ്രാഹത്തിൻ്റെ വിശ്വാസം, ദുര്‍ബലമാകുന്നില്ല. “ദഹനബലിക്കുള്ള ആട്ടിന്‍കുട്ടിയെ ദൈവംതന്നെ നല്‍കും.” എന്തെന്നാല്‍, “മൃതരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനുകഴിയുമെന്ന്‌ അവന്‍ വിചാരിച്ചു.”  അങ്ങനെ വിശ്വാസികളുടെ പിതാവായ അബ്രാഹം സ്വന്തം മകനെപ്പോലും ഒഴിവാക്കാതെ നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്ന നിത്യപിതാവിന്‌ സദൃശ്യനായിത്തീരുന്നു. പ്രാര്‍ഥന മനുഷ്യനെ ദൈവവുമായുള്ള സാദൃശ്യത്തില്‍ പുനഃപ്രതിഷ്ഠിക്കുകയും ജനത്തിനു രക്ഷനല്‍കുന്ന ദൈവസ്നേഹത്തിൻ്റെ ശക്തിയില്‍ പങ്കാളിയാകാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. 

ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പിതാവായ യാക്കോബിനു നല്‍കിയ വാഗ്ദാനം ദൈവം നവികരിക്കുന്നു. സ്വന്തം സഹോദരനായ ഏസാവിനെ നേരിടുന്നതിനു മുന്‍പ്‌ യാക്കോബ്‌ പേരുവെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത ഒരു നിഗൂഢവ്യക്തിയുമായി രാത്രിമുഴുവനും മല്‍പിടുത്തം നടത്തുന്നു. അതിരാവിലെ വിട്ടുപിരിയുന്നതിനുമുന്‍പ്‌ അദ്ദേഹം അവനെ അനുഗ്രഹിക്കുന്നുമുണ്ട്‌. ഈ വിവരണത്തിൻ്റെ അടിസ്ഥാനത്തില്‍ സഭയുടെ ആധ്യാത്മികപാരമ്പര്യം വിശ്വാസത്തിൻ്റെ പോരാട്ടത്തെയും അശ്രാന്തപരിശ്രമത്തിൻ്റെ വിജയത്തെയും പ്രാര്‍ഥനയുടെ പ്രതീകമായി നിലനിര്‍ത്തുന്നു. 

മോശയും മധ്യസ്ഥൻ്റെ പ്രാര്‍ഥനയും

വാഗ്ദാനം പാലിക്കപ്പെടാന്‍ തുടങ്ങുന്നതോടെ (പെസഹ, പുറപ്പാട്‌, നിയമദാനം, ഉടമ്പടിയുടെ സ്ഥിരീകരണം) മോശയുടെ പ്രാര്‍ഥന മധ്യസ്ഥപ്രാര്‍ഥനയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിത്തീരുന്നു. “ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥനായ യേശുക്രിസ്തു” എന്ന മനുഷ്യനിലത്രെ അത്‌ പുര്‍ത്തിയാകുന്നത്‌.

ഇവിടെയും മുന്‍കൈ എടുക്കുന്നതു ദൈവമാണ്‌. കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന മുള്‍പ്പടര്‍പ്പിൻ്റെ നടുവില്‍നിന്ന്‌ അവിടുന്നു മോശയെ വിളിക്കുന്നു. യഹൂദരുടെ എന്നപോലെ ക്രൈസ്തവരുടെയും ആധ്യാത്മിക പാരമ്പര്യത്തില്‍ ഈ സംഭവം പ്രാര്‍ഥനയെപ്പറ്റിയുള്ള ആദിമ പ്രതീകങ്ങളിലൊന്നായി നിലനില്‍ക്കും. “അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം” തൻ്റെ സേവകനായിരിക്കാന്‍ മോശയെ വിളിക്കുന്നത്‌, അവിടുന്നു മനുഷ്യര്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ജീവനുള്ള ദൈവമായതുകൊണ്ടാണ്‌. അവര്‍ക്കു രക്ഷ നല്‍കാന്‍വേണ്ടിയാണു ദൈവം അവര്‍ക്കു സ്വയംവെളിപ്പെടുത്തുന്നത്‌. പക്ഷേ, അത്‌ ഏകപക്ഷീയമോ അവരുടെ സഹകരണംകൂടാതെ കൈവരുന്നതോ ആയിരിക്കുകയില്ല. തൻ്റെ സന്ദേശവാഹകനായിരിക്കാന്‍, കാരുണ്യത്തിലും രക്ഷാകരകര്‍മത്തിലും പങ്കാളിയായിരിക്കാന്‍ ദൈവം മോശയെ വിളിക്കുന്നു. ഈ ദൗത്യത്തില്‍ ദൈവികമായ ഒരഭ്യര്‍ഥനയുണ്ട്‌. ദീര്‍ഘനേരം നീണ്ടുനിന്ന വാദപ്രതിവാദത്തിനുശേഷം മാത്രമാണു മോശ തൻ്റെ മനസ്സിനെ രക്ഷകനായ ദൈവത്തിൻ്റെ ഹിതത്തിനു വിധേയമാക്കിയത്‌. തന്നില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടു ദൈവം നടത്തിയ സംവാദത്തിനിടയില്‍ പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു മോശ പഠിക്കുന്നു. സംശയിക്കുകയും ഒഴിവുകഴിവു പറയുകയും, സര്‍വോപരി ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മോശയുടെ അഭ്യര്‍ഥനയ്ക്കു മറുപടിയായിട്ടാണു കര്‍ത്താവ്‌ അവാച്യമായ തൻ്റെ നാമം പറഞ്ഞുകൊടുക്കുന്നത്‌. പിന്നീടു തൻ്റെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ അവിടുന്ന്‌ അതു വെളിപ്പെടുത്തും.

“ഒരാള്‍ സ്വന്തം സ്നേഹിതനോട്‌ എന്നപോലെ കര്‍ത്താവു മോശയോടു മുഖാ മുഖം സംസാരിച്ചിരുന്നു. ദൈവദാസനു സ്വദൗത്യത്തോടു വിശ്വസ്തത പുലര്‍ത്താനുപകരിക്കുന്ന ധ്യാനാത്മക പ്രാര്‍ഥനയുടെ മാതൃകയാണു മോശയുടെ പ്രാര്‍ഥന. ദൈവത്തിൻ്റെ സന്ദേശം ശ്രവിക്കാനും പ്രാര്‍ഥിക്കാനുംവേണ്ടി മലകയറുകയും ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ദൈവവചനം ആവര്‍ത്തിക്കാനായി അവരുടെയിടയിലേക്ക്‌ ഇറങ്ങിവരുകയും ചെയ്യുന്ന മോശ കൂടെക്കുടെ ദൈവവുമായി ദീര്‍ഘനേരം സംഭാഷണം നടത്തുന്നു. “എൻ്റെ ഭവനം മുഴുവൻ്റെയും ചുമതല” മോശയെ “ഏല്‍പിച്ചിരിക്കുന്നു; അവ്യക്തമായിട്ടല്ല, സ്പഷ്ടമായിത്തന്നെ ഞാന്‍ അവനുമായി മുഖാഭിമുഖം സംസാരിക്കുന്നു.” എന്തെന്നാല്‍ “ഭൂമുഖത്ത്‌ എല്ലാ മനുഷ്യരിലുംവച്ച്‌ ഏറ്റവും വിനിതനായിരുന്നു മോശ.”

വിശ്വസ്തനും കോപിക്കുന്നതില്‍ വിമുഖനും സ്നേഹത്തില്‍ അത്യുദാരനുമായ ദൈവവുമായുള്ള ഈ ഗാഢബന്ധത്തില്‍നിന്നാണു മോശ തൻ്റെ മധ്യസ്ഥ ദൗതൃത്തിനുവേണ്ട ശക്തിയും സ്ഥൈര്യവും സമാഹരിച്ചത്‌. അദ്ദേഹം പ്രാര്‍ഥിക്കുന്നതു തനിക്കുവേണ്ടിയല്ല, പിന്നെയോ ദൈവം തൻ്റെ സ്വന്തമാക്കിത്തീര്‍ത്ത ജനത്തിനു വേണ്ടിയത്രെ. അമലേക്യരുമായുള്ള യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടിയും മിരിയാമിനു രോഗശാന്തി ലഭിക്കാനായും മോശ പ്രാര്‍ഥിക്കുന്നു. എന്നാല്‍ മുഖ്യമായും അവരുടെ വിശ്വാസനിരാസത്തിനുശേഷമാണ്‌ മോശ ജനത്തെ രക്ഷിക്കാന്‍ വേണ്ടി ദൈവത്തിനുമുന്‍പില്‍ അവര്‍ക്ക്‌ “മറയായി നിന്നത്‌.” അദ്ദേഹത്തിൻ്റെ പ്രാര്‍ഥനയിലെ വാദമുഖങ്ങള്‍ (എന്തെന്നാല്‍, മധ്യസ്ഥപ്രാര്‍ഥന ഒരുതരം നിഗുഡ്മാത്മക പോരാട്ടമാണ്‌) പില്‍ക്കാലത്ത്‌ യഹുദജനതയുടെയിടയിലും സഭാസമൂഹത്തിലും മഹാന്‍മാരായ മധ്യസ്ഥരുടെ ധൈര്യത്തിനു പ്രചോദനം നല്‍കും. ദൈവം സ്നേഹമാകുന്നു; നീതിമാനും വിശ്വസ്തനുമാകുന്നു; അവിടുത്തേക്കു സ്വയം നിഷേധിക്കാനാവില്ല. തൻ്റെ അദ്ഭുതകരമായ പ്രവൃത്തികള്‍ അവിടുന്ന്‌ അനുസ്മരിക്കും. അത്‌ അവിടുത്തെ മഹത്ത്വത്തിൻ്റെ പ്രശ്നമാണ്‌. തൻ്റെ നാമം പേറുന്ന ജനത്തെ പരിത്യജിക്കുക അവിടുത്തേക്കു സാധ്യമല്ല.

ദാവീദും രാജാവിൻ്റെ പ്രാര്‍ഥനയും

ദൈവജനത്തിൻ്റെ പ്രാര്‍ഥന ദൈവത്തിൻ്റെ കുടാരത്തിൻ്റെ- ആദ്യം ഉടമ്പടിയുടെ പേടകത്തിൻ്റെയും പിന്നീടു ദൈവാലയത്തിൻ്റെയും - തണലില്‍ തഴച്ചു വളരുന്നു. ആദ്യം തന്നെ ജനങ്ങളുടെ നേതാക്കള്‍ - അജപാലകരും പ്രവാചകരും - അവരെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നു. സാമുവല്‍ ശിശുവായിരിക്കെ “കര്‍ത്താവിൻ്റെ മുന്‍പില്‍ നില്‍ക്കേണ്ടതെങ്ങനെ എന്നു പഠിച്ചത്‌ അവൻ്റെ അമ്മയില്‍ നിന്നായിരിക്കണം. ദൈവവചനം ശ്രവിക്കേണ്ടതെങ്ങനെയെന്നു പഠിച്ചതു പുരോഹിതനായ ഏലിയില്‍ നിന്നും: "കര്‍ത്താവേ, അരുളിച്ചെയ്താലും അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു." മധ്യസ്ഥപ്രാര്‍ഥനയുടെ വിലയും പ്രാധാന്യവും എന്തെന്ന്‌ അവന്‍ പിന്നീട്‌  അറിയും: “നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെ കര്‍ത്താവിനെതിരേ പാപംചെയ്യാന്‍ അവിടുന്ന്‌ എനിക്കിടവരുത്താതിരിക്കട്ടെ. ഞാന്‍ നിങ്ങള്‍ക്കു നല്ലതും നേരായതുമായ മാര്‍ഗം ഉപദേശിക്കും."

ദാവീദ്‌ അതിവിശിഷ്ടമായി “ദൈവത്തിൻ്റെ ഹൃദയത്തിനു യോജിച്ച” രാജാവാണ്‌. സ്വന്തം ജനങ്ങള്‍ക്കുവേണ്ടിയും അവരുടെ നാമത്തിലും പ്രാര്‍ഥിക്കുന്ന ഇടയനാണദ്ദേഹം. ദൈവഹിതത്തോടുള്ള അദ്ദേഹത്തിൻ്റെ വിധേയത്വവും അദ്ദേഹത്തിൻ്റെ സ്തുതിപ്പും അനുതാപവും ജനങ്ങള്‍ക്കു പ്രാര്‍ഥനയുടെ മാതൃകയായിരിക്കും. ദൈവത്തിൻ്റെ അഭിഷിക്തനായ ദാവീദിൻ്റെ പ്രാര്‍ഥന ദൈവിക വാഗ്ദാനത്തോടുള്ള വിശ്വസ്തമായ ഒട്ടിച്ചേരലും ഏകരാജാവും ഏക കര്‍ത്താവുമായവനിലുള്ള സ്നേഹനിര്‍ഭരവും സന്തോഷസാന്ദ്രവുമായ ശരണത്തിൻ്റെ പ്രകടനവുമാണ്‌.  സങ്കീര്‍ത്തനങ്ങളില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായ ദാവീദ്‌ യഹൂദരുടെയും ക്രൈസ്തവരുടെയും പ്രാര്‍ഥനയുടെ പ്രഥമ പ്രവാചകനായി നിലനില്‍ക്കുന്നു. യഥാര്‍ത്ഥ മിശിഹായും ദാവീദിൻ്റെ പുത്രനുമായ ക്രിസ്തുവിൻ്റെ പ്രാര്‍ഥന, ഈ പ്രാര്‍ഥനയുടെ അര്‍ഥം വെളിപ്പെടുത്തുകയും പൂര്‍ത്തിയാക്കുകയും ചെയ്യും.

ദാവീദ്‌ പണിതുയര്‍ത്താന്‍ ആഗ്രഹിച്ച പ്രാര്‍ഥനാലയമായ ജറുസലെം ദൈവാലയം അദ്ദേഹത്തിൻ്റെ പുത്രന്‍ സോളമനാണ്‌ പണിയുന്നത്‌. ആ ദൈവാലയത്തിൻ്റെ പ്രതിഷ്ഠാവേളയിലെ പ്രാര്‍ഥന ദൈവത്തിൻ്റെ വാഗ്ദാനത്തെയും ഉടമ്പടിയെയും പുറപ്പാടില്‍ ദൈവം ചെയ്ത വലിയ കാര്യങ്ങളുടെ ഓര്‍മ അയവിറക്കുന്ന ദൈവജനതയുടെ മധ്യത്തിലുള്ള അവിടുത്തെ നാമത്തിൻ്റെ സജീവസാന്നിധ്യത്തെയും അടിസ്ഥാനമാക്കിയാണ്‌. രാജാവു കരങ്ങള്‍ സ്വര്‍ഗത്തിലേക്കുയര്‍ത്തി തൻ്റെ സ്വന്തം പേരിലും, ജനത മുഴുവൻ്റെയും വരാനിരിക്കുന്ന തലമുറകളുടെയും പേരിലും അവരുടെ പാപമോചനത്തിനുവേണ്ടിയും അവരുടെ അനുദിനാവശ്യങ്ങള്‍ക്കുവേണ്ടിയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുന്നു. അവിടുന്നു മാത്രമാണ്‌ ദൈവമെന്നും അവിടുത്തെ ജനത്തിൻ്റെ ഹൃദയം പൂര്‍ണമായും അവിടുത്തേക്ക്‌ വിധേയമായിരിക്കണമെന്നും ജനതകള്‍ അറിയാന്‍വേണ്ടിയാണിത്‌.

ഏലിയായും പ്രവാചകന്‍മാരും ഹൃദയപരിവര്‍ത്തനവും

ദൈവജനത്തെ സംബന്ധിച്ചിടത്തോളം, പ്രാര്‍ഥന അഭ്യസിക്കാനുള്ള സ്ഥലമാണു ദൈവാലയം: തീര്‍ഥാടനങ്ങള്‍, ഉത്സവങ്ങള്‍, ബലികള്‍, സായാഹ്നസമര്‍പ്പണം, ധൂപാര്‍ച്ചന, “കാഴ്ചയപ്പം” എന്നിവ അത്യുന്നതനും സര്‍വത്രസമീപസ്ഥനുമായ ദൈവത്തിൻ്റെ വിശുദ്ധിയുടെയും മഹത്ത്വത്തിൻ്റെയും അടയാളങ്ങളും പ്രാര്‍ഥനയ്ക്കായുള്ള ആഹ്വാനങ്ങളും പ്രാര്‍ഥനയുടെ മാര്‍ഗങ്ങളുമായിരുന്നു. അനുഷ്ഠാനപ്രധാനമായ ആരാധന പലപ്പോഴും ജനത്തെ അമിതമാംവിധം ബാഹൃമായ ആരാധനയിലേക്കു നയിച്ചു. വിശ്വാസത്തിലുള്ള ശിക്ഷണവും ഹൃദയപരിവര്‍ത്തനവും ആവശ്യകമായിരുന്നു. വിപ്രവാസത്തിനു മുന്‍പും പിന്‍പും പ്രവാചകന്‍മാരുടെ ദൗത്യം  ഇതായിരുന്നു.

പ്രവാചകന്‍മാരുടെ, അതായത്‌, “അവിടുത്തെ അന്വേഷിക്കുകയും അവിടുത്തെ മുഖംതേടുകയും ചെയ്യുന്ന തലമുറയുടെ" “പിതാവാണ്‌ ഏലിയാ.” “കര്‍ത്താവാണ്‌ എൻ്റെ ദൈവം” എന്നര്‍ഥമുള്ള ഏലിയായുടെ നാമം കര്‍മല മലമുകളില്‍ അദ്ദേഹം അര്‍പ്പിച്ച പ്രാര്‍ഥനയ്ക്കുള്ള ജനത്തിൻ്റെ മറുപടിയുടെ ഉദ്ഘോഷണമാണ്‌. പ്രാര്‍ഥിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വിശുദ്ധ യാക്കോബ്‌ ഏലിയായെ പരാമര്‍ശിച്ചുകൊണ്ടു പറയുന്നു: “നീതിമാൻ്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്‌” 

കെറീത്ത്‌ അരുവിക്കരയിലെ ഏകാന്തവാസത്തിനിടയില്‍ ഏലിയാ കാരുണ്യം അഭ്യസിച്ചതിനെത്തുടര്‍ന്നു ദൈവവചനത്തില്‍ വിശ്വസിക്കാന്‍ സറെഫ്ത്തായിലെ വിധവയെ അദ്ദേഹം പഠിപ്പിക്കുകയും തീക്ഷ്ണമായ പ്രാര്‍ഥനവഴി അവളുടെ വിശ്വാസം സ്ഥിരീകരിക്കുകയും ചെയ്യുന്നു: ആ വിധവയുടെ കുട്ടിയെ ദൈവം വീണ്ടും ജീവിപ്പിക്കുന്നു. 

ദൈവജനത്തിൻ്റെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം കാര്‍മല്‍ മലമുകളിലെ ബലിയര്‍പ്പണം നിര്‍ണായകമായ ഒരു പരീക്ഷണമായിരുന്നു. “എനിക്കു മറുപടി നല്‍കേണമേ, ഓ കര്‍ത്താവേ, എനിക്കു മറുപടി നല്‍കേണമേ” എന്ന ഏലിയായുടെ പ്രാർഥനയ്ക്കു മറുപടിയായി സായാഹ്ന സമര്‍പ്പണത്തിൻ്റെ സമയത്തു കര്‍ത്താവിൻ്റെ അഗ്നി ബലിവസ്തുക്കളെ ദഹിപ്പിക്കുന്നു. പൗരസ്ത്യ ആരാധന്രക്രമങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ ദുഹാക്ഷണ പ്രാർഥനയിൽ ഏലിയായുടെ ഈ പ്രാര്‍ഥന ആവര്‍ത്തിക്കുന്നുണ്ട്‌.

ഒടുവില്‍, സജീവനായ സത്യദൈവം തൻ്റെ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയ സ്ഥലത്തേക്കു നയിക്കുന്ന മരുപ്പാതയിലൂടെ പോയ ഏലിയ, മുന്‍പു മോശ ചെയ്തിട്ടുള്ളതുപോലെ, ദൈവത്തിൻ്റെ നിഗൂഢ  സാന്നിധ്യം തന്നെ കടന്നു പോകുംവരെ, “പാറകള്‍ക്കിടയിലുള്ള ഗുഹയില്‍” ഒളിച്ചിരിക്കുന്നു. എന്നാല്‍ രൂപാന്തരീകരണത്തിൻ്റെ മലയില്‍വച്ചു മാത്രമേ മോശയും ഏലിയായും തങ്ങള്‍ തേടിയവൻ്റെ അനാവൃതമുഖം കാണുന്നുള്ളു; “ദൈവമഹത്ത്വത്തിൻ്റെ അറിവ് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിൻ്റെ മുഖത്തു പ്രശോഭിക്കുന്നു .

“ദൈവവുമായി തനിച്ചുള്ള” സമാഗമങ്ങളില്‍നിന്ന്‌, പ്രവാചകന്‍മാര്‍ തങ്ങളുടെ ദൗത്യത്തിനുവേണ്ട പ്രകാശവും ശക്തിയും സംഭരിക്കുന്നു. അവിശ്വസ്തമായ ഈ ലോകത്തുനിന്നുള്ള ഒരളിച്ചോട്ടമല്ല അവരുടെ പ്രാര്‍ഥന, പിന്നെയോ ദൈവവചനത്തിൻ്റെ ശ്രദ്ധാപൂര്‍വകമായ ശ്രവണമാണ്‌. അവരുടെ പ്രാര്‍ഥന ചിലപ്പോള്‍ വാഗ്വാദമോ ആവലാതിയോ ആവാം. പക്ഷേ, എപ്പോഴും രക്ഷകനും ചരിത്രത്തിൻ്റെ നാഥനുമായ ദൈവത്തിൻ്റെ ഇടപെടലിനുവേണ്ടി കാത്തിരിക്കുകയും ഒരുക്കുകയും ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ഥനയാണ്‌ അത്‌.

സങ്കീര്‍ത്തനങ്ങള്‍, സമൂഹത്തിൻ്റെ പ്രാര്‍ഥന

ദാവീദിൻ്റെ കാലംമുതല്‍ മിശിഹായുടെ ആഗമനംവരെ, വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രാര്‍ഥനാരൂപങ്ങള്‍ അവരവര്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയുമുളള പ്രാര്‍ഥനകളെ കൂടുതല്‍ ആഴപ്പെടുത്തുന്നതായിക്കാണാം. അങ്ങനെ സങ്കീര്‍ത്തനങ്ങള്‍ ക്രമേണ സങ്കീര്‍ത്തനമാലയുടെ (അഥവാ “സ്തുതിപ്പുകളുടെ") അഞ്ചുപുസ്തകങ്ങളായി സമാഹരിക്കപ്പെട്ടു. അവയാണു പഴയനിയമത്തിലെ പ്രാര്‍ഥനയുടെ സര്‍വോത്കൃഷ്ടരൂപം.

ജറുസലെമില്‍ വലിയ തിരുനാളുകള്‍ക്കായും സിനഗോഗുകളില്‍ സാബത്താചരണങ്ങള്‍ക്കായും സമ്മേളിച്ചിരുന്ന ദൈവജനത്തിൻ്റെ പ്രാര്‍ഥനയെ പരിപോഷിപ്പിച്ചതും പ്രകടമാക്കിയതും സങ്കീര്‍ത്തനങ്ങളാണ്‌. അവരുടെ പ്രാര്‍ഥനയാകട്ടെ പരസ്പരം വേര്‍പെടുത്താനാവാത്തവിധം വ്യക്തിഗതവും സാമൂഹികവുമാകുന്നു. അത്‌ പ്രാര്‍ഥിക്കുന്നവരെയും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നു. വിശുദ്ധ നാട്ടിലെയും പ്രവാസ സ്ഥലങ്ങളിലെയും സമുഹങ്ങളില്‍നിന്നാണു സങ്കീര്‍ത്തനങ്ങള്‍ ഉദ്ഭവിച്ചതെങ്കിലും അവ സൃഷ്ടിമുഴുവനെയും ഉള്‍ക്കൊള്ളുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ഥന ഭൂതകാലത്തെ രക്ഷാകര സംഭവങ്ങളെ അനുസ്മരിക്കുന്നു. അതേസമയം ചരിത്രത്തിൻ്റെ അന്ത്യംവരെയെത്തുന്ന ഭാവിയിലേക്കും വ്യാപിക്കുന്നു. ദൈവം നിറവേറ്റിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ഓര്‍മ പുതുക്കുകയും അതോടൊപ്പം വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്നവനായ മിശിഹായുടെ ആഗമനം കാത്തിരിക്കുകയും ചെയ്യുന്നു. ക്രിസ്തു ആലപിച്ചിട്ടുള്ളവയും അവനില്‍ പൂര്‍ത്തീകരിച്ചിട്ടുളളവയുമായ സങ്കീര്‍ത്തനങ്ങള്‍ സഭയുടെ പ്രാര്‍ഥനയിലെ കാതലായ ഘടകമായി നിലനില്‍ക്കുന്നു. ദൈവവചനം മനുഷ്യൻ്റെ പ്രാര്‍ഥനയായി രൂപപ്പെടുന്നതാണ്‌ സങ്കീര്‍ത്തന ഗ്രന്ഥം. പഴയനിയമത്തിലെ മറ്റു ഗ്രന്ഥങ്ങളിലാകട്ടെ “വചനങ്ങള്‍ (ദൈവത്തിൻ്റെ) പ്രവൃത്തികളെ പ്രഘോഷിക്കുകയും അവയില്‍ അന്തര്‍ലീനമായ നിഗൂഢ സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.”  ദൈവത്തെപ്രതി ആലപിക്കപ്പെടുന്ന സങ്കീര്‍ത്തകൻ്റെ വാക്കുകള്‍ കര്‍ത്താവിൻ്റെ രക്ഷാകരപ്രവൃത്തികളെ വിവരിക്കുകയും. ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഒരേ ആത്മാവുതന്നെയാണല്ലോ ദൈവത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യൻ്റെ പ്രത്യുത്തരത്തിനും പ്രചോദനം നല്‍കുന്നത്‌. ക്രിസ്തു രണ്ടിനെയും ബന്ധിപ്പിക്കുന്നു. അവനില്‍ത്തന്നെ സങ്കീര്‍ത്തനങ്ങള്‍ നമ്മെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

സങ്കീര്‍ത്തനങ്ങളിലെ വിവിധ പ്രാര്‍ഥനാരൂപങ്ങള്‍ ഉദ്ഭവിക്കുന്നത്‌ ദൈവാലയത്തിലെ ആരാധനക്രമത്തിലും മനുഷ്യഹൃദയങ്ങളിലും ആണ്‌. കീര്‍ത്തനമോ വിലാപ പ്രാര്‍ഥനയോ നന്ദിപ്രകടനമോ, വ്യക്തിഗതമോ സാമൂഹികമോ ആയ യാചനയോ, രാജകീയഗീതമോ തീര്‍ഥാടനഗീതമോ ജ്ഞാനവിഷയമായ ധ്യാനമോ ഏതായാലും ദൈവം തൻ്റെ ജനത്തിൻ്റെ ചരിത്രത്തില്‍ ചെയ്ത വലിയ കാര്യങ്ങളുടെ പ്രതിഫലനവും സങ്കീര്‍ത്തകന്‍ അനുഭവവേദ്യമായ മാനുഷികാവസ്ഥയെപ്പററിയുള്ള പരിചിന്തനങ്ങളുമാണ്‌ സങ്കീര്‍ത്തനങ്ങള്‍. ഏതെങ്കിലും സങ്കീര്‍ത്തനം ഒരു ഭൂതകാല സംഭവത്തെപ്പററിയുള്ള പരിചിന്തനമായിരുന്നാലും എല്ലാക്കാലത്തും ഏതു സാഹചര്യത്തിലും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ യഥാര്‍ഥമായി പ്രാര്‍ഥിക്കാവുന്ന തരത്തിലുള്ള ലാളിത്യം അതിനുണ്ട്‌. 

സങ്കീര്‍ത്തനങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ചില സവിശേഷതകളുണ്ട്‌: പ്രാര്‍ഥനയുടെ സാരള്യവും സ്വാഭാവികതയും; സൃഷ്ട്രപപഞ്ചത്തിലെ എല്ലാ നല്ല വസ്തുക്കളിലൂടെയും അവയോടൊപ്പവും ദൈവത്തെ കണ്ടെത്താനുള്ള അഭിലാഷം, കര്‍ത്താവിനോടുള്ള ഗാഢ സ്നേഹത്തിനിടയിലും എതിരാളികളെയും പ്രലോഭനങ്ങളെയും നേരിടേണ്ട വിഷമസന്ധിയില്‍ വിശ്വസ്തനായ ദൈവം തന്നെ സ്നേഹിക്കുന്നുണ്ടെന്ന ഉത്തമബോധ്യത്തിലും തിരുഹിതത്തോടുള്ള വിധേയത്വത്തിലും അവിടുന്ന്‌ എന്തു ചെയ്യുമെന്നറിയാനുള്ള വിശ്വാസിയുടെ കാത്തിരിപ്പ്‌. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ഥനയെ പ്രചോദിപ്പിക്കുന്നത്‌ എപ്പോഴും ദൈവസ്തുതിയാണ്‌. അവയ്ക്കു പരമ്പരാഗതമായി കൈവന്നിട്ടുള്ള “സ്തുതിപ്പുകള്‍” എന്ന ശീര്‍ഷകം ഏറെ സമുചിതമായിരിക്കുന്നു. സമൂഹാരാധനയ്ക്കുവേണ്ടി സമാഹരിക്കപ്പെട്ടിട്ടുള്ള അവ ഒരേസമയം പ്രാര്‍ഥനയ്ക്കായുള്ള ആഹ്വാനവും അതിനോടുള്ള പ്രതികരണവുമത്രേ: “ഹല്ലേലൂയാ” (അല്ലേലൂയ), “കര്‍ത്താവിനെ സ്തുതിക്കുക.” 

സങ്കീര്‍ത്തനങ്ങളെക്കാളേറെ പ്രീതികരമായി മറ്റെന്താണുള്ളത്‌? ദാവീദു ഭംഗിയായി പറഞ്ഞിട്ടുള്ളതുപോലെ “കര്‍ത്താവിനെ സ്തുതിക്കുക; എന്തെന്നാല്‍ സങ്കീര്‍ത്തനം നല്ലതാണ്‌. സന്തോഷത്തോടും സമുചിതമായുമുള്ള സ്തുതി സ്തോത്രങ്ങള്‍ നമ്മുടെ ദൈവത്തിനു ലഭിച്ചുകൊണ്ടിരിക്കട്ടെ.” അതാണു ശരി; ജനത്തിൻ്റെ അധരങ്ങളില്‍ നിന്നുതിരുന്ന പുകഴ്ത്തലും ദൈവസ്തുതിയും സമൂഹത്തിൻ്റെ സ്തുതിപ്പും, പൊതുവായ ആര്‍പ്പുവിളിയും, സകലരുടെയും ഉദ്ഘോഷണവും സഭയുടെ ശബ്ദവും, ഗാനരൂപത്തിലുള്ള വിശ്വാസപ്രഖ്യാപനവുമാണ് സങ്കീർത്തനം.

സംഗ്രഹം

“മനസ്സ് ദൈവത്തിങ്കലേക്ക് ഉയർത്തുകയോ ഉചിതമായവ ദൈവത്തോടു യാചിക്കുകയോ ചെയ്യുന്നതാണു പ്രാർഥന" (St. John Damascene De fide Orth. 3, 24, PTS 12, 167, PG 94, 1089C)

താനുമായുള്ള രഹസ്യാത്മിക സമാഗമത്തിനു ദൈവം ഓരോ വ്യക്തിയെയും അമാന്തം ക്ഷണിക്കുന്നു. ദൈവത്തിന്റെയും മനുഷ്യന്റെയും പരസ്പര ക്ഷണമായി രക്ഷാകര ചരിത്രത്തിലുടനീളം പ്രാർഥന കാണപ്പെടുന്നു.

ദൈവത്തിന്റെ വിശ്വസ്തതയിൽ പ്രത്യാശ വയ്ക്കുകയും അവസാനംവരെ നിലനിൽക്കുന്നവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള വിജയത്തിൽ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ പോരാട്ടമായാണ് അബ്രാഹത്തിന്റെയും യാക്കോബിന്റെയും പ്രാർഥന അവതരിപ്പിക്കപ്പെടുന്നത്.

തന്റെ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി സജീവനായ ദൈവത്തിന്റെ ഭാഗത്തു നിന്നുണ്ടായ മുൻകൈയെടുക്കലിനോടുള്ള പ്രത്യുത്തരമാണു മോശയുടെ പ്രാർഥന. ഏക മധ്യസ്ഥനായ യേശുക്രിസ്തുവിന്റെ മധ്യസ്ഥ പ്രാർഥനയുടെ മുൻ പ്രതിരൂപമാണ് അത്.

ദൈവത്തിന്റെ കൂടാരമായ വാഗ്ദാനപേടകത്തിന്റെയും ദൈവാലയത്തിന്റെയും നിഴലിൽ, അജപാലകരുടെയും പ്രത്യേകമായി ദാവീദുരാജാവിന്റെയും പ്രവാചകൻമാരുടെയും നേതൃത്വത്തിൻ കീഴിലാണു ദൈവജനത്തിന്റെ പ്രാർഥന തഴച്ചുവളർന്നത്.

പ്രവാചകൻമാർ ഹൃദയപരിവർത്തനത്തിനു ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. അത്യുത്സാഹപൂർവം ദൈവത്തിന്റെ മുഖം തേടിക്കൊണ്ട്, ഏലിയാ പ്രവാചകനെപ്പോലെ അവർ ജനത്തിനുവേണ്ടി പ്രാർഥിക്കുന്നു.

പഴയനിയമത്തിലെ പ്രാർഥനകളുടെ സർവോത്കൃഷ്ട രൂപമാണു സങ്കീർത്തനങ്ങൾ. പരസ്പരം വേർപെടുത്താനാവാത്ത രണ്ടു സവിശേഷത അവയ്ക്കുണ്ട്. വ്യക്തിഗതം, സാമൂഹികം. അവ ചരിത്രത്തിന്റെ എല്ലാ മാനങ്ങളിലേക്കും വ്യാപിക്കയും ഇതിനകം പൂർത്തീകരിക്കപ്പെട്ട ദൈവിക വാഗ്ദാനങ്ങളെ അനുസ്മരിക്കുകയും മിശിഹായുടെ ആഗമനം കാത്തിരിക്കുകയും ചെയ്യുന്നു.

ക്രിസ്തു പ്രാർഥിക്കുകയും അവനിൽ പൂർത്തിയാവുകയും ചെയ്ത സങ്കീർത്തനങ്ങൾ സഭയുടെ പ്രാർഥനയുടെ സാരാംശ സ്പർശിയും ചിരന്തനവുമായ ഘടകമാണ്. അവ എക്കാലത്തെയും ഏതു സാഹചര്യത്തിലെയും മനുഷ്യർക്ക് ഇണങ്ങുന്നവയാണ്.

ക്രൈസ്തവപ്രാർഥന പ്രാർഥന ക്രിസ്തീയ ജീവിതത്തിൽ എന്താണു പ്രാർഥന? പ്രാർഥന - ദൈവത്തിൻ്റെ ദാനം പ്രാർഥന - ഉടമ്പടി പ്രാർഥന - കൂട്ടായ്മ പ്രാർഥനയുടെ വെളിപാട്‌ പ്രാർഥനയ്ക്കുള്ള സാർവത്രികവിളി പഴയ നിയമത്തിൽ സൃഷ്ടി : പ്രാർഥനയുടെ ഉറവിടം വാഗ്ദാനവും വിശ്വാസത്തിൻ്റെ പ്രാർഥനയും മോശയും മധ്യസ്ഥൻ്റെ പ്രാർഥനയും ദാവീദും രാജാവിൻ്റെ പ്രാർഥനയും ഏലിയായും പ്രവാചകൻമാരും ഹൃദയപരിവർത്തനവും സങ്കീർത്തനങ്ങൾ സമൂഹത്തിൻ്റെ പ്രാർഥന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message