We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. Martin Shankurikkal On 29-May-2021
മലയാള കവിതയിലെ അനിശ്ചതത്വ പ്രതീകമായിരുന്ന എ. അയ്യപ്പന്‍റെ വിക്ക് എന്ന കവിത ആലോചനാമൃതമാണ്.
"ഞങ്ങളുടെ ചരിത്രാദ്ധ്യാപകന്
വിക്കുണ്ടായിരുന്നു.
അതിനാല്‍ പല ചരിത്രസത്യങ്ങളും
അദ്ദേഹം വിഴുങ്ങിക്കളഞ്ഞു.
അവസാനം പഠിപ്പിച്ചത്
സ്വന്തം സമുദായത്തിന്‍റെ ചരിത്രമായിരുന്നു"
ഇര ചരിത്രമെഴുതുന്നതുവരെ ചരിത്രം വേട്ടക്കാരന്‍റേതായിരിക്കുമെന്ന തത്വം കേരള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ചുവപ്പന്‍ കണ്ണടകളും നിര്‍മ്മിക്കപ്പെട്ട രക്തസാക്ഷിചരിതങ്ങളും സമുദായ വിദ്വേഷത്തിന്‍റെ പുകമറകളുമൊക്കെ ചേര്‍ന്ന് തമസ്കരിച്ചത് ആധുനിക കേരളത്തിന് ആധാരശിലയിട്ട ഇവിടത്തെ ക്രൈസ്തവരുടെ സംഭാവനകളെയാണ്. പറയുടെ അടിയില്‍ വയ്ക്കപ്പെട്ട കേരള ക്രൈസ്തവരുടെ ദേശീയോദ്ഗ്രഥന-നവോത്ഥാന സംഭാവനകളെ പീഠത്തില്‍ പ്രതിഷ്ഠിക്കാനാണീ ശ്രമം. ഭൂതകാലത്തില്‍ പ്രഭാവതന്തുക്കളാല്‍ ഭൂതിമത്തായൊരു ഭാവിയെ നെയ്യുന്നത് വര്‍ത്തമാനത്തിന്‍റെ വ്യാകുലതകളാല്‍ പിടയുന്ന സഭയ്ക്കൊരു ഉണര്‍ത്തുപാട്ടായിരിക്കും.
ക്രൈസ്തവരും സമുദായ സൗഹാര്‍ദ്ദവും
"ക്രൈസ്തവര്‍ ചില പ്രദേശങ്ങളില്‍ മാത്രം തിങ്ങിപ്പാര്‍ത്ത് സംഘബലം കാണിക്കാതെ നാട്ടിലുടനീളം ഇതരമതസ്ഥരുടെ ഇടയില്‍ സാഹോദര്യപൂര്‍വ്വം വര്‍ത്തിക്കണമെന്ന്" നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉദയംപേരൂര്‍ സൂനഹദോസ് നിര്‍ദ്ദേശിച്ചത് ചരിത്രത്തില്‍ നമ്മള്‍ വായിക്കുമ്പോള്‍ സമഭാവനയുടെ ക്രൈസ്തവ ദര്‍ശനം കേരളവികസനമാതൃകയില്‍ കണ്ണിചേരുന്നതു നമ്മള്‍ കാണുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം സാദ്ധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന്‍റെ മുന്നണിപ്പോരാളികളില്‍ വളരെയേറെ ക്രൈസ്തവരുണ്ട്. തിരുവിതാംകൂര്‍ പ്രജാസഭയില്‍ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നല്‍കി വീറോടെ വാദിച്ചത് ഫാ. ജോസഫ് വെട്ടിക്കാപ്പള്ളി. പോള്‍ വി. ഡാനിയേല്‍, ജോണ്‍ നിധീരി, ഷെവലിയാര്‍ ഇലഞ്ഞിക്കല്‍ തര്യതു തൊമ്മന്‍, കെ.സി. മാമ്മന്‍ മാപ്പിള എന്നിവരാണ്. സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ക്രിസ്ത്യാനികളില്‍ ജോര്‍ജ് ജോസഫ്, ഭജേതരം മാത്തുണ്ണി, കുരുവിള മാത്യു, പൂവ്വത്തും മൂട്ടില്‍ സെബാസ്റ്റ്യന്‍ എന്നിവരുണ്ടായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം പൗരാവകാശമാണെന്ന് സ്ഥാപിച്ച് ശ്രീ. എം.എം. വര്‍ക്കി തയ്യാറാക്കിയ ലേഖനങ്ങള്‍ ജനമനഃസാക്ഷിയെ തെല്ലൊന്നുമല്ല ഉണര്‍ത്തിയത്.
ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ കേണല്‍ മോറിസ് ഇ. വാട്സനെ ദിവാന്‍ പദവിയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട ഇവിടത്തെ വര്‍ഗ്ഗീയ മുഖമുള്ള നേതാക്കള്‍ക്കെതിരെ ക്രൈസ്തവര്‍ സംയമനം പാലിച്ചത് മാതൃകാപരമായിരുന്നു. 1937-ലെ തെരെഞ്ഞെടുപ്പുവന്നപ്പോള്‍ ക്രിസ്റ്റ്യന്‍-നായര്‍ കൂട്ടുകെട്ടിലൂടെ മൃഗീയ ഭൂരിപക്ഷം നേടാമെന്ന ആശയവുമായി എന്‍.എസ്.എസ്. മുന്നോട്ടുവന്നു. എന്നാല്‍ ഇതര സമുദായങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിക്കുന്ന മുന്നണി ബന്ധം ശരിയല്ലെന്നുവാദിച്ച് ക്രിസ്ത്യന്‍ നേതാക്കളായ ഇ.ജെ. ജോണും എ.എ.പോളും ഈ നീക്കത്തെ എതിര്‍ത്തു. വര്‍ഗ്ഗീയതയ്ക്കെതിരായ നിലപാടുസ്വീകരിച്ച് ഇതര സമുദായങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ക്രൈസ്തവ സമുദായം വേണ്ടെന്നുവച്ചത് വന്‍ രാഷ്ട്രീയ നേട്ടമാണ്.
സമുദായ സൗഹാര്‍ദ്ദത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കേരള ക്രൈസ്തവര്‍ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. വിവിധ സമുദായങ്ങള്‍ പാര്‍ട്ടികള്‍ രൂപീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയപ്പോഴും ഇവിടുത്തെ ക്രൈസ്തവര്‍ സ്വന്തമായൊരു പാര്‍ട്ടി രൂപീകരിച്ചില്ല എന്നത് മേല്‍പ്പറഞ്ഞ വസ്തുതയെ ഊട്ടിയുറപ്പിക്കുന്ന സത്യമാണ്. സ്വന്തമായിട്ടൊരു സമുദായ പാര്‍ട്ടിയുണ്ടാക്കാതെ ഇതര മതസ്ഥരോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് എന്നും ക്രൈസ്തവര്‍ ശ്രമിച്ചത്. ആളും അര്‍ത്ഥവും സംഘടനാശേഷിയും ശക്തമായ നേതൃത്വവുമുണ്ടായിട്ടും ഭാരതീയ സമുദായത്തിന്‍റെ മുഖ്യധാരയിലൂടെ ഒഴുകാനാണ് ക്രൈസ്തവരെന്നും പരിശ്രമിച്ചിട്ടുള്ളത്. തുമ്പയിലെ ബഹിരാകാശ വികസനകേന്ദ്രത്തി നുവേണ്ടി പള്ളിയിരിക്കുന്ന സ്ഥലം ചോദിച്ചപ്പോള്‍ അതു വിട്ടുകൊടുത്ത പാരമ്പര്യമാണ് സഭയ്ക്കുള്ളത്.
അധഃകൃത ഉദ്ധാരണത്തിലെ ക്രൈസ്തവ സംഭാവനകള്‍
കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 1599-ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനെ മാറ്റിനിര്‍ത്തി ചിന്തിക്കാനാകില്ല. അയിത്തം, തീണ്ടര്‍, തൊടീര്‍, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹിക വിവേചനങ്ങള്‍, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, ക്ഷുദ്രക്രിയകള്‍, കൂടോത്രം, ആഭിചാരക്രിയകള്‍, ഭാവിപ്രവചനം എന്നിവയ്ക്കെതിരെ നിലപാടെടുത്ത് കേരളത്തിന് ദിശാബോധം നല്‍കിയ സൂനഹദോസാണ് ഉദയം പേരൂര്‍ സൂനഹദോസ്. മദ്യവ്യവസായത്തില്‍നിന്ന് വിട്ടുനില്‍ക്കാനും കൊള്ളപ്പലിശയും അന്യായലാഭവും എടുക്കരുതെന്നു പറയാനും 16-ാം നൂറ്റാണ്ടില്‍ ഈ സൂനഹദോസ് ധൈര്യംകാട്ടി.
"Man fully alive is the glory of God' -പൂര്‍ണ്ണനായ മനുഷ്യനാണ് ദൈവത്തിന്‍റെ മഹത്വം എന്ന സഭയുടെ ദര്‍ശനം മനുഷ്യമഹത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് കേരളത്തെ നയിച്ചിട്ടുണ്ട്. കന്നുകാലികളെപ്പോലെ ക്രയവിക്രയം ചെയ്യപ്പെട്ട അടിമകള്‍ക്കുവേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് ക്രൈസ്തവരാണ്. അടിമകള്‍ക്കും മനുഷ്യോചിതമായി ജീവിക്കാനവകാശമുണ്ടെന്നും അവരെ സ്വതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1847 ല്‍ ചാള്‍സ് മീഡ്, ചാള്‍സ് മോള്‍ട്ട്, ഹെന്‍റി ബേക്കര്‍, സാമുവേല്‍ മറ്റീര്‍ എന്നീ മിഷനറിമാര്‍ ചേര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു നിവേദനം സമര്‍പ്പിക്കുന്നതായി നാം ചരിത്രത്തില്‍ വായിക്കുന്നുണ്ട്. അടിമകള്‍ ജോലിചെയ്തില്ലെങ്കില്‍ കാര്‍ഷികരംഗം തകരുമെന്നും ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും പറഞ്ഞ സവര്‍ണ്ണര്‍ ഒരു ഘട്ടത്തില്‍ അടിമകള്‍ക്കുവേണ്ടി നിലകൊണ്ട മിഷനറിമാര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നുണ്ട്. എന്നാല്‍ തളരാതെ പോരാടിയ മിഷനറിമാരുടെ നിവേദനങ്ങളെതുടര്‍ന്ന് 1853 സെപ്റ്റംബര്‍ 15 ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. 1854 ല്‍ അടിമ വ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടും അവര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടും അടിമക്കച്ചവടം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടും തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രേരണയാലാണ്. 1854 ല്‍ മിഷനറിമാരുടെ സമ്മര്‍ദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുന്നുണ്ട്.
അമേരിക്കയില്‍ എബ്രാഹം ലിങ്കണ്‍ ചെയ്തതുപോലെ മിഷനറിമാര്‍ അടിമകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി. സ്കൂളിലെത്തിയ കുട്ടികളുടെ സകല ചിലവും മിഷനറിമാര്‍ വഹിച്ചു. അടിമക്കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന് കുട്ടി ഒന്നിന് ഒരു പണം വീതം കൂടുതല്‍ വേതനം നല്‍കാനും മിഷനറിമാര്‍ സൗമനസ്യം കാണിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ വി. നാഗയ്യ ഇപ്രകാരം എഴുതുന്നുണ്ട്. "ഈ ക്രിസ്തീയ മിഷനറിമാര്‍ ഇല്ലായിരുന്നെങ്കില്‍ ഹൈന്ദവ സമുദായത്തിലെ താണപടിയില്‍പെട്ട ഇവര്‍ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു. അവരുടെ വാസസ്ഥലങ്ങളില്‍ പോയി ഉത്തമാംവിധം ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ഒരു ബോധം അവരില്‍ ഉല്‍ഭൂതമാക്കിയെന്നുള്ള മേന്മയ്ക്ക് ക്രൈസ്തവ മിഷനറിമാരാണ് അവകാശികള്‍." 1931 ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന്‍റെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എന്‍. കുഞ്ഞന്‍പിള്ള ഇപ്രകാരം എഴുതി "സമുദായത്തിന്‍റെ താണപടിയിലുള്ള തങ്ങളുടെ നിര്‍ഭാഗ്യരായ സഹോദരന്മാരെ കഴിഞ്ഞ കാലങ്ങളില്‍ അവഗണിച്ചിരുന്നതിന്‍റെ ദുരന്തഫലങ്ങള്‍ ഉന്നതജാതികള്‍ക്കു മനസിലാക്കികൊടുത്തത് ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളാണ്."
അധഃകൃതരുടെ സാമൂഹിക നവോത്ഥാനത്തിന് മിഷനറിമാര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് കൊച്ചി രാജ്യചരിത്രത്തില്‍ പ്രമുഖ ചരിത്രകാരന്‍ എഴുതുന്നതു ശ്രദ്ധിക്കുക. ''ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്തുത്യര്‍ഹമായ ഔദാര്യം കൊണ്ട് ചെറുമക്കളുടെയും പുലയരുടെയും അവസ്ഥ നന്നായി വന്നിട്ടുണ്ട്. അവര്‍ താഴ്ന്ന ജാതികള്‍ക്ക് അമൂല്യമായ വിദ്യാധനം നല്‍കുകയും സാമുദായിക വ്യവസ്ഥയില്‍ അവരെ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് പൊതുജനാഭിവൃദ്ധിക്കുണ്ടായിട്ടുള്ള സഹായത്തെ ചിന്തിച്ച് നാം അവരെ അഭിനന്ദിക്കേണ്ടതാണ്. താഴ്ന്ന ജാതിക്കാര്‍ സഭാ അഭിവൃദ്ധിയെ അഭിഗമിക്കുന്നു എന്നുള്ളത് ചാരിതാര്‍ത്ഥ്യജനക മാണ്." സമഭാവനയുടെ പൊതുനിരത്തുകളില്‍ സഞ്ചരിക്കാനും സമത്വബോധത്തിന്‍റെ നിലപാടുകളില്‍ കാലുകളുറപ്പിക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ദൈവപുത്രരെന്നു വിശ്വസിക്കുന്ന ക്രൈസ്തവരാണെന്നതിന് ചരിത്രം തന്നെ സാക്ഷി.
ക്രൈസ്തവരും സ്ത്രീ ശാക്തീകരണവും
സ്ത്രീകള്‍ക്ക് ആത്മാവില്ലെന്ന് പഠിപ്പിച്ച ഒരു സമൂഹത്തിന്‍റെ അടുക്കളയില്‍നിന്ന് അവരെ അരങ്ങത്തേക്കെത്തിച്ചത് ക്രൈസ്തവ രാണ്. താഴ്ന്ന ജാതിക്കാരായ ആണും പെണ്ണും അരയ്ക്കുമുകളില്‍ നഗ്നരായി സവര്‍ണ്ണരുടെ കാഴ്ചവസ്തുവായി നിലകൊള്ളണമെന്ന് അയിത്തകാലത്ത് കേരളത്തിലെ അലിഖിത നിയമമായിരുന്നു. താണജാതിക്കാരായ സ്ത്രീകള്‍ സവര്‍ണ്ണരെ കാണുമ്പോള്‍ തങ്ങളുടെ മേല്‍മുണ്ട് എടുത്തുമാറ്റി ആചാരം ചെയ്യണമെന്ന പ്രാകൃതനിയമവും വിവേകാനന്ദന്‍ പറഞ്ഞ 'ഭ്രാന്താലയത്തില്‍' ഉണ്ടായിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അക്ഷരവെളിച്ചം ചാന്നാര്‍ സ്ത്രീകളെ ഈ അനീതിയെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കി. ക്രിസ്ത്യന്‍ ചാന്നാര്‍ സ്ത്രീകള്‍ പൊതുവഴിയി ലൂടെ മാറുമറച്ച് നടക്കാന്‍ തുടങ്ങി. അവരെ ആക്രമിക്കാനും അവരുടെ മേല്‍വസ്ത്രം ബലമായി വലിച്ചുകീറിക്കളയാനും ഇവിടത്തെ സവര്‍ണ്ണലോബി ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ചാന്നാര്‍ സ്ത്രീകള്‍ അഭയം തേടിയത് കല്‍ക്കുളം പള്ളിയിലും പള്ളിവക സ്കൂളിലുമാണ്.
സവര്‍ണ്ണരുടെ പ്രേരണയ്ക്കുവഴങ്ങി ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് 1829 ഫെബ്രുവരി 3-ാം തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഈ നീചനിയമത്തിനെതിരെ മിഷനറിമാര്‍ ശക്തമായ പ്രക്ഷോഭമാണുയര്‍ത്തിയത്. സവര്‍ണ്ണലോബിയുടെ പ്രതിനിധിയായിരുന്ന ദിവാന്‍ സര്‍ ടി. മാധവറാവുവും മിഷനറിമാര്‍ ക്കെതിരൊയ നിലപാട് സ്വീകരിച്ചു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന മിഷനറിമാര്‍ മദ്രാസ് ഗവര്‍ണ്ണറായ സര്‍ ചാള്‍സ് ട്രിവില്ല്യനെ സമീപിച്ചു. ഗവര്‍ണ്ണരുടെ കര്‍ശനനിര്‍ദ്ദേശമനുസരിച്ച് 1859 ജൂലൈ 26 ന് തിരുവിതാംകൂര്‍ മഹാരാജാവ് മാറുമറയ്ക്കാനുള്ള അവകാശം കൊടുത്തു. പ്രതീകാത്മകമായ ഈ സമരം കേരളത്തിന്‍റെ ചരിത്രത്തില്‍ സ്ത്രീജന മുന്നേറ്റങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടാകുന്നുണ്ട്.
പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്കായി വിദ്യാഭവനങ്ങള്‍ തുടങ്ങുകയും ചെയ്ത ചാവറയച്ചന്‍ സ്ത്രീ ശാക്തീകരണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്.
1877 ല്‍ മലയാളത്തിലുണ്ടായ 'ഘാതകവധം' എന്ന നോവലില്‍ വിദ്യാസമ്പന്നയായ മറിയം എന്ന പെണ്‍കുട്ടിയെപറ്റി പറയുന്നതിങ്ങനെയാണ്. "പുസ്തകം വായിക്കുന്ന പെണ്ണുങ്ങള്‍ തന്നെ ഗുണം എന്നുഞാന്‍ എണ്ണീട്ടില്ല. അവര്‍ നല്ല ഭാര്യമാരാകുന്നത് പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തില്‍ അയക്കാന്‍ പോയത്?" ഇത്തരം സ്ത്രീ വിരുദ്ധ നിഷേധാത്മക മനോഭവം നിലവിലിരുന്ന ഒരു സമൂഹത്തിലേക്കാണ് സ്ത്രീ വിദ്യാഭ്യാസം ശാക്തീകരണത്തിനായി ചാവറയച്ചനും മിഷനറിമാരുമൊക്കെ ഇറങ്ങിയത്. മിഷനറിയായ ചാള്‍സ് മീഡിന്‍റെ സഹധര്‍മ്മിണി ജോഹന്ന സെലസ്റ്റീന ഹോറിസ്റ്റ് 1818 ല്‍ നാഗര്‍കോവില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു ബോര്‍ഡിംഗ് ഹൗസ് വിദ്യാലയവും ആരംഭിക്കുന്നുണ്ട്. 1818 ല്‍തന്നെ ബെഞ്ചമിന്‍ ബെയ്ലിയുടെ ഭാര്യ മിസിസ് എലിസബത്ത് എല്ല അവരുടെ വസതിയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കാന്‍ ആരംഭിച്ചു. 1819 ല്‍ ആലപ്പുഴയില്‍ റവ. തോമസ് നോര്‍ട്ടന്‍റെ ഭാര്യ മിസിസ് ആന്‍ നോര്‍ട്ടനും പെണ്‍കുട്ടികള്‍ക്കുവേണ്ടി ബോര്‍ഡിംസ് സ്കൂള്‍ ആരംഭിക്കുന്നുണ്ട്. സാധാരണ പാഠ്യവിഷയങ്ങള്‍ക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും തുന്നലും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നു. ഇവിടത്തെ റേന്തത്തയ്യലുകള്‍ ലണ്ടന്‍, പാരീസ്, ചിക്കാഗോ എന്നിവടങ്ങളില്‍ സമ്മാനാര്‍ഹമായതോടെ നല്ല വ്യവസായമായി തയ്യല്‍രംഗം വളരുകയുണ്ടായി. 1859 ലെ കണക്കനുസരിച്ച് തിരുവിതാംകൂറില്‍ 2003 പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കില്‍ 1897 ആകുമ്പോഴേക്കും അത് 36652 ആയി ഉയരുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുണ്ടെങ്കില്‍ അതിന് നമ്മള്‍ നന്ദിപറയേണ്ടത് ലാഭേച്ഛയില്ലാതെ സേവനം ചെയ്ത മിഷനറിമാരോടാണ്. ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി മിസ്സിസ് അന്നാചാണ്ടി, ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍ മിസ്സ് പി.കെ. ത്രേസ്യാ എന്നിവരുണ്ടായതും കേരളത്തില്‍നിന്നാണെന്നത് അഭിമാനകരമായ വസ്തുതയാണ്.
ദേശിയതാബോധവും ക്രൈസ്തവരും
വൈദേശികഭരണകര്‍ത്താക്കള്‍ക്കെതിരായ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനമെന്നത് 1653 ലെ കൂനന്‍ കുരിശുസത്യമാണ്. തദ്ദേശീയ ഭരണകര്‍ത്താക്കള്‍ക്കുവേണ്ടി മാര്‍ത്തോമാ സഭയുടെ പള്ളിയോഗ പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന 1787 ലെ അങ്കമാലി പടിയോലയും ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. പക്ഷപാതികളായ ചരിത്രകാരന്മാരുടെ തമസ്കരണം ഈ രണ്ടു മഹാസംഭവങ്ങളുടെയും ശോഭകുറച്ചു എന്നുമാത്രം.
ഭാരതത്തില്‍ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യപുസ്തകമാണ് പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാനപുസ്തകം. ഇന്ത്യന്‍ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമ്മാക്കത്തനാര്‍ 'നമ്മള്‍ ഇന്ത്യക്കാര്‍' എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രസിഡന്‍റുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. കോണ്‍ഗ്രസിന്‍റെ സ്ഥാപകനായ എ.ഒ. ഹ്യൂം ക്രിസ്ത്യാനിയായിരുന്നു. മഹാത്മാഗാത്സി ഏറ്റെടുക്കുന്നതുവരെ ക്രൈസ്തവരല്ലേ കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. ഗാന്ധിയുടെ 'യംഗ് ഇന്ത്യ' മോട്ടിലാല്‍ നെഹ്റുവിന്‍റെ 'ഇന്‍ഡിപെന്‍റന്‍റ്' എന്നിവ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചിരുന്നത് ക്രൈസ്തവനായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ആയിരുന്നു. 1935 ലെ ഇന്ത്യന്‍ ആക്റ്റില്‍ ഉണ്ടായിരുന്ന വര്‍ഗ്ഗീയ നിയോജക മണ്ഡലങ്ങള്‍ക്കെതിരെ ഗാന്ധിജി സമരമുഖം തുറന്നത് ക്രൈസ്തവരുടെ ശക്തമായ പിന്തുണയോടെയാണ്. 1950 ല്‍ ഭാരതത്തിന്‍റെ ഭരണഘടന രൂപീകരിച്ചപ്പോള്‍ പ്രത്യേക മണ്ഡലങ്ങള്‍ വേണ്ടെന്നും ന്യൂനപക്ഷാവകാശം മതിയെന്നും പറഞ്ഞ് ക്രൈസ്തവര്‍ ഭാരതത്തിന്‍റെ സാംസ്കാരിക ദേശീയ ധാരയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്നത് പ്രശംസനീയമാണ്.
നവോത്ഥാനത്തിന്‍റെ നാഴികക്കല്ലുകള്‍
"ശൂദ്രമക്ഷരസംയുക്തം ദൂരതാ പരിവര്‍ജ്ജയേല്‍" (അക്ഷരം പഠിച്ച ശൂദ്രനെ അകറ്റി നിര്‍ത്തണം) എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവര്‍ണ്ണനെയും സവര്‍ണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാന്‍ ക്രൈസ്തവ മിഷനറിമാര്‍ തയ്യാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാര്‍ അവരെ ദൈവപുത്രരെന്നു വിളിച്ചു! ശൈശവവിവാഹവും സതിയും ബഹുഭര്‍തൃത്വ സമ്പ്രദായവും ബഹുഭാര്യത്വവും വിധവാദുരിതവും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്ര്യചിന്തയും വളര്‍ത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നല്‍കിയത്. മിഷനറിമാര്‍ അവതരിപ്പിച്ച വിദ്യാഭ്യാസം ലിബറലും സെക്കുലറുമായിരുന്നു. മുന്‍വിധികളില്‍നിന്നും മാമൂലുകളില്‍നിന്നും അതു ബുദ്ധിയെ സ്വതന്ത്രമാക്കി. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തില്‍ മതവിധികളുടേതുമാത്രമായ ചട്ടക്കൂട്ടില്‍നിന്നും ഹൃദയത്തെ അതു വിടര്‍ത്തി.
ജനങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡല്‍ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തില്‍ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദര്‍ശങ്ങളെയും കുറിച്ചറിയാന്‍ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞു. മിഷനറിമാര്‍ നമുക്ക് നല്‍കിയ വിദ്യാഭ്യാസം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിട്ടത്, ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് മോചനം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഉത്തേജനമായി. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് സ്വാതന്ത്ര്യബോധത്തിന്‍റെ വിത്ത് ഈ മണ്ണില്‍ പാകിയതെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല. ആലസ്യത്തിന്‍റെ കരിമ്പടം പുതച്ചുറങ്ങിയ ഭാരതീയരെ ഉണര്‍ത്തി അവരുടെ ഹൃദയങ്ങളില്‍ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാന യത്നങ്ങള്‍ക്ക് പ്രേരകമായ മുഖ്യഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. 18-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ വില്‍ബര്‍ഫോഴ്സ് എന്ന വിദ്യാഭ്യാസ ചിന്തകന്‍ ഇന്ത്യയിലേക്ക് സ്കൂള്‍ അധ്യാപകരെ അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടര്‍ അദ്ദേഹത്തോടു പറഞ്ഞു "സ്കൂളുകളും കോളേജുകളും സ്ഥാപിക്കുക എന്ന വിഡ്ഢിത്തം കാണിച്ചതിനാല്‍ അമേരിക്ക നമുക്ക് നഷ്ടപ്പെട്ടു. ഇന്ത്യയുടെ കാര്യത്തില്‍ അതാവര്‍ത്തിക്കാന്‍ പാടില്ല." മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രബുദ്ധതയും തന്‍റേടവും നേടിയ ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമ്പാദന ചരിത്രം മേല്‍പറഞ്ഞ അഭിപ്രായം ശരിവയ്ക്കുന്നതാണ്.
ഇന്ത്യക്കാരെ പാതി പിശാചും പാതി ശിശുവുമായി കണ്ടിരുന്ന, ഇന്ത്യക്കാരായ അഭ്യസ്തവിദ്യരെ അവജ്ഞയോടെ വീക്ഷിച്ച റുഡ്യാഡ് ക്ലിപിംഗ് ഒരിക്കല്‍ പറഞ്ഞു "ഇന്ത്യ ഒരിക്കലും വോട്ട് ചെയ്യാന്‍ പഠിക്കില്ല." കൊളോണിയല്‍ ഭരണകൂടത്തിലെ ജോലികള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തോമസ് ബാര്‍ബിങ്ങ്ടന്‍ മെക്കാളെ പ്രഭു പറഞ്ഞു "ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദു ഒരിക്കലും തന്‍റെ മതത്തില്‍ തുടരുകയില്ല." എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണെന്നതിന് ചരിത്രം സാക്ഷി! അഭ്യസ്തവിദ്യരായ രാജാറാം മോഹന്‍റോയിയെ പോലുള്ള ഹിന്ദുമത വിശ്വാസികള്‍ ദുരാചാരങ്ങള്‍ നീക്കി തങ്ങളുടെ മതത്തെ നവീകരിക്കാന്‍ ശ്രമിച്ചു. തങ്ങളെ ആരു ഭരിക്കുന്നു, എന്തിന് ഭരിക്കുന്നു, എന്നൊന്നും അറിയാത്ത ഭാരതത്തിന്‍റെ നിരക്ഷര ഗ്രാമീണ കര്‍ഷകലക്ഷങ്ങളില്‍ ഉണര്‍വുണ്ടാക്കി അവരില്‍ അന്തര്‍ലീനമായിരുന്ന ആര്‍ഷഭാരതത്തിന്‍റെ സംസ്കാരികൈക്യത്തിന് ദേശീയബോധത്തിന്‍റെതായ മാനം നല്‍കിയതും അവരെയെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കൊടിക്കീഴില്‍ കൊണ്ടുവന്ന തും മിഷനറി വിദ്യാഭ്യാസം ലഭിച്ച അഭ്യസ്തവിദ്യരുടെ പ്രവര്‍ത്തന ഫലമാണ്.
സാഹിത്യത്തിലൂടെ സമത്വബോധം
ഭാരതീയ ഭാഷകളില്‍ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവര്‍ത്തനങ്ങളാണ്. മിഷനറിമാര്‍ സ്ഥാപിച്ച മുദ്രണാലയങ്ങളും അച്ചുകൂടങ്ങളും വഴി കൈവന്ന സാംസ്കാരികാഭിവൃദ്ധിയാണ് ഇവിടെ സാഹിത്യത്തെ ജനകീയമാക്കിയതും വിദ്യാസമ്പന്നരുടെ വലിയൊരു നിരയെ കെട്ടിപ്പടുത്തതും. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി അക്കാലത്ത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. താളിയോലപ്പതിപ്പുകളില്‍ കോവിലകങ്ങള്‍, ധനികഗൃഹങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നിന്നിരുന്ന സാഹിത്യം ജനകീയമായി. സംസ്കൃത ഭാഷാവിജ്ഞാനികളായ ചുരുക്കം ചിലര്‍മാത്രം അറിഞ്ഞിരുന്ന പുരാണേതിഹാസങ്ങള്‍ അച്ചടിയുടെ വ്യാപനം വഴി ജനങ്ങളിലെത്തി. എഴുത്തച്ഛനെയും പൂന്താനത്തെയും പോലെയുള്ള ഭക്തിപ്രസ്ഥാനത്തിന്‍റെ നെടുംതൂണുകളുടെ കൃതികള്‍ ജനങ്ങളിലേക്കെത്തുകയും മണിപ്രവാളത്തിന്‍റെ അശ്ലീലസംസ്കാര ത്തിനു ബദലായി ഒരു അദ്ധ്യാത്മിക സംസ്കാരം ഇവിടെ രൂപപ്പെടുകയും ചെയ്തു. പ്രാചീന മലയാളത്തില്‍ സുലഭമായിരു ന്നെങ്കിലും പില്‍ക്കാലത്ത് സംസ്കൃതത്തിനു വഴിമാറിക്കൊടുക്കേണ്ടി വന്ന പല ദ്രാവിഡ പദങ്ങളും ഭാഷയിലേക്ക് പുനരാഗമനം നടത്തുന്നത് മിഷനറിമാരുടെ കാലഘട്ടത്തിലാണ്. മിഷനറി ഗദ്യത്തിലുള്ള സുറിയാനി, ലത്തീന്‍, പോര്‍ച്ചുഗീസ് പദങ്ങളുടെ ധാരാളിത്തം ഭാരതീയഭാഷകളിലെ പദകോശത്തെ ഏറെ സമ്പന്നമാക്കി. ക്ഷേത്രത്തോടനുബന്ധിച്ച് മേല്‍ജാതി ഹിന്ദുക്കള്‍ക്കുമാത്രം പ്രവേശനമനുവദിച്ചുകൊണ്ടു നടത്തിപ്പോന്ന കലാപ്രകടനങ്ങള്‍ കാണാന്‍ സാധിക്കാതിരുന്ന സാധാരണക്കാര്‍ക്ക് പോര്‍ച്ചുഗീസുകാര്‍ തുടങ്ങിവച്ച 'ചവിട്ടുനാടകം' വേനല്‍മഴപോലെയായിരുന്നു. നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയര്‍ ആദ്യമായി പരിചയപ്പെട്ടത് ചവിട്ടുനാടകത്തിലൂടെയാണ്.
ഒരു ജനതയുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതിയും ആദര്‍ശങ്ങളും ലോകതത്വങ്ങളും വസ്തുസ്ഥിതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകളെ ആദ്യമായി തേടിപ്പിടിച്ച് സംരക്ഷിച്ചത് നാട്ടുഭാഷ പഠിക്കാന്‍ മിനക്കെട്ടിറങ്ങിയ ക്രൈസ്തവ മിഷനറിമാരാണ്. ഭാരതത്തിലെ ഹസ്തലിഖിത ഗ്രന്ഥങ്ങള്‍പോലും ശേഖരിച്ച് സൂക്ഷിക്കുന്നതിന് അവര്‍ കാണിച്ച താല്‍പ്പര്യം മന്വന്തരങ്ങളുടെ കൃതജ്ഞതയര്‍ഹിക്കുന്നുണ്ടെന്നാണ് ചരിത്രകാര നായ എ.ശ്രീധരമേനോന്‍ പ്രസ്താവിക്കുന്നത്.
സമസ്ത മനുഷ്യരുടെയും അന്തസ്സ് ഒരുപോലെ വിലപ്പെട്ടതാണെന്ന അവബോധം വഴി സാമൂഹികബോധം വളര്‍ത്തിയെടുക്കാന്‍ മിഷനറി വിദ്യാഭ്യാസത്തിന് കഴിഞ്ഞു. പൊതുസ്ഥാപനങ്ങളുടെ മേല്‍ ലഭിക്കുന്ന അധികാരം പൊതുജന സേവനത്തിനു വേണ്ടിയാണെന്ന തത്വം അംഗീകരിക്കപ്പെടുവാനും നിയമവാഴ്ചയുടെ അനുപേക്ഷണീ യത മനസിലാക്കുന്നതുവഴി സമൂഹത്തില്‍ അരാജകത്വം ഒഴിവാക്കാ നും ഈ വിദ്യാഭ്യാസ സമ്പ്രദായം കാരണമായി. വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവര്‍ണ്ണ വിവേചന രഹിതമായി തുല്യ അവസരം വിദ്യാര്‍ത്ഥികള്‍ക്കു പ്രദാനം ചെയ്യുന്നതി ലും വിദ്യാലയങ്ങളില്‍ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും മിഷനറിമാര്‍ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്‍റെ അടിത്തറയായത്. ശാസ്ത്രത്തെ മതമൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതില്‍ മിഷനറിമാര്‍ അവതരിപ്പിച്ച പാശ്ചാത്യ സമ്പ്രദായം ഒട്ടൊന്നുമല്ല വിജയിച്ചത്.
ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. (1) ക്രൈസ്തവ സമൂഹത്തെ വിദ്യയഭ്യസിപ്പിക്കുകയും സമുദ്ധരിക്കുകയും ചെയ്യുക. (2) ഇന്ത്യന്‍ യുവജനതയെ പൊതുവായി സേവിക്കുക. (3) രാജ്യത്തെ ബുദ്ധിശാലികളെ ക്രിസ്തുമതവുമായി പരിചയപ്പെടുത്തുക എന്നിവയായിരുന്നു ഈ ലക്ഷ്യങ്ങള്‍. ചുരുക്കത്തില്‍ ദൈവദത്തമായ മനുഷ്യത്വപൂര്‍ണ്ണതയിലേക്ക് ഓരോ വ്യക്തിയെയും കൊണ്ടുചെന്നെത്തിക്കുന്ന സുവിശേഷദൗത്യത്തിനുള്ള ഇന്ത്യന്‍ ഉപാധിയായി മിഷനറിമാര്‍ വിദ്യാഭ്യാസത്തെ കണ്ടു.
കേരളത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത് മിഷനറിമാരാണ്. 1820-ല്‍ ചാള്‍സ്മീഡ് നാഗര്‍കോവിലിലാരംഭിച്ച വ്യവസായ സ്കൂളില്‍ ഉപയോഗമുള്ള കലകള്‍, പ്രിന്‍റിംഗ്, ബുക്ക് ബൈന്‍റിംഗ്, ലതര്‍ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. നെച്ചൂര്‍ എന്ന സ്ഥലത്താരംഭിച്ച വ്യവസായ സ്കൂളില്‍ പേപ്പര്‍ നിര്‍മാണം, നെയ്ത്ത്, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. മിഷനറിമാരുടെ ഈ മാതൃക കണ്ടാണ് ഗവണ്‍മെന്‍റ് 1862-ല്‍ തിരുവനന്തപുരത്ത് സ്കൂള്‍ ഓഫ് ആര്‍ട്ട്സ് സ്ഥാപിക്കുന്നത്.
മിഷനറിമാരുടെ ഭാഷാവിഷയകവും വ്യാകരണസംബന്ധവുമായ മഹിതസംഭാവനകളെപ്പറ്റി ജവഹര്‍ലാല്‍ നെഹ്റു 'ഡിസ്കവറി ഓഫ് ഇന്ത്യ'യില്‍ പറയുന്നുണ്ട്. "സുസ്ഥാപിതങ്ങളും സുവിദിതങ്ങളുമായ ഭാഷകളുമായി ഇടപെടുന്നതിന് പ്രയാസമില്ല. എന്നാല്‍ മിഷനറിമാര്‍ അതും കവിഞ്ഞു മുന്നോട്ട് ചെന്ന് പ്രാദേശികഭാഷകളെയും പ്രാകൃതഭാഷകളെയും കൈകാര്യം ചെയ്ത് അവയ്ക്ക് ആകൃതിയും രൂപവും നല്‍കി. വ്യാകരണവും നിഘണ്ടുക്കളും നിര്‍മ്മിച്ചു. മാത്രമല്ല, അവര്‍ മലകളിലെയും വനങ്ങളിലെയും പ്രാകൃതരായ ആദിവാസികളുടെ സംസാരഭാഷയ്ക്കുവേണ്ടിപോലും യത്നിച്ച് അവയെ എഴുത്തിലാക്കി. സാധിക്കുന്ന സകലഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗ്രഹം അങ്ങനെ അനേകം ഇന്ത്യന്‍ ഭാഷകളുടെ വികാസത്തില്‍ പര്യവസാനിച്ചു."
ഭാഷാപരമായ ഒരു യുഗപ്പകര്‍ച്ചയുടെ പ്രവാചകരായിരുന്ന വിദേശക്രൈസ്തവ മിഷനറിമാര്‍ സര്‍വ്വാശ്ലേഷിയായ ക്രൈസ്തവ മതദര്‍ശന പ്രചാരണത്തിന്‍റെ പ്രധാന ഉപാധിയായി വിദ്യാഭ്യാസത്തെ കണ്ട മിഷനറിമാര്‍, മതബോധത്തിന്‍റെയും ശാസ്ത്രജ്ഞാനത്തി ന്‍റെയും ഭാഷാവിജ്ഞാനീയത്തിന്‍റെയുമൊക്കെ ശുഭ്രവെളിച്ച ദര്‍ശനത്തിന് ഒരു ജനതയെ ഒരുക്കി. നവോത്ഥാനത്തിന്‍റെ ഉപോല്‍പ്പന്നമായ അന്വേഷണത്വര ഭാരതീയ ചിന്താമണ്ഡലങ്ങളിലേ ക്കു സംക്രമിപ്പിക്കുവാന്‍ മിഷനറിമാര്‍ അവതരിപ്പിച്ച ക്രമബദ്ധവും ശാസ്ത്രീയവുമായ പാശ്ചാത്യചിന്താ പദ്ധതികള്‍ക്കു കഴിഞ്ഞു.
ഉപസംഹാരം
കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിക്കാനും കാലത്തിനുമുമ്പേ നടക്കാനും കാലത്തെ ജീവിതവ്യമാക്കാനുമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും എന്നും സര്‍വ്വശ്ലേഷിയായ ക്രൈസ്തവസംസ്കാര ത്തില്‍ നിന്നുണ്ടായിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമായ വസ്തുത യാണ്. പ്രഭുവര്‍ഗ്ഗങ്ങളുടെ സൗഭാഗ്യതലങ്ങള്‍ വിട്ട് ഭാരതീയ സമൂഹത്തിന്‍റെ കാനകളിലേക്കിറങ്ങിച്ചെന്ന മിഷനറിമാരും അപരന്‍റെ അസ്തിത്വ പൂര്‍ണ്ണതയ്ക്കായി അഹത്തെ ത്യജിച്ച സമര്‍പ്പിതരുമെല്ലാം ഭാരതക്രൈസ്തവ ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകളാണ്. എന്നാല്‍ സ്ഥാപനവല്‍ക്കരണത്തിന്‍റെ ഔദ്യോഗികതകളും ഔപചാരികതകളും ക്രൈസ്തവരുടെ പ്രേഷിതത്വത്തിന്‍റെ ശുഭവസ്ത്രത്തില്‍ കരിഓയില്‍ ഒഴിക്കുമ്പോള്‍ 'മാങ്ങയുള്ള മാവിലേ ഏറുകൊള്ളൂ' പോലുള്ള പഴഞ്ചൊല്ലല്‍ പരിചകളെടുത്തു പ്രതിരോധിക്കുന്നത് മലവെള്ളത്തെ പഴമുറം കൊണ്ടു തടുക്കുന്നതുപോലെ പ്രതിലോമകരവും ആത്മഹത്യാപരവുമായിരിക്കും. ഇത്തരം അസഹിഷ്ണുതയുടെ വിമര്‍ശനങ്ങളെ ക്രൈസ്തവ പ്രേഷിതത്വത്തിന്‍റെ ദര്‍ശനഭദ്രത ഉറപ്പുവരുത്താനും വിമര്‍ശനാതീതമായ പ്രവര്‍ത്തനശൈലി രൂപപ്പെടുത്താനുമുള്ള മുന്നറിയിപ്പുകളായി സ്വീകരിക്കുകയും ചെയ്താല്‍ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാവി ശോഭനമായിരിക്കും.
renaissance-in-and-christian-contributions renaissance Christian contribution Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206