x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

വധശിക്ഷയും സഭയുടെ നൂതന നിലപാടും

Authored by : Dr. Abraham Kavilpurayidathil On 24-Sep-2020

വധശിക്ഷയും സഭയുടെ നൂതന നിലപാടും

അതിഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ സഭ മുമ്പ് എതിര്‍ത്തിരുന്നില്ല എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പ ഈ നിലപാട് തിരുത്തിയെന്നും സഭയുടെ മതബോധനത്തില്‍ മാറ്റം വരുത്തിയെന്നും പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. സാഹചര്യം വിശദീകരിക്കാമോ?

വധശിക്ഷയെക്കുറിച്ച് അടുത്ത കാലത്ത് പൊതുസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഈ വിഷയത്തെ നമ്മള്‍ സമീപിക്കുന്നത്. വധശിക്ഷയെക്കുറിച്ച് സഭ നാളിതുവരെ പഠിപ്പിച്ചിരുന്ന കാര്യങ്ങളില്‍ നിലപാട് മാറ്റിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ സഭയുടെ മതബോധനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്‍റെ പ്രസക്തിയും പശ്ചാത്തലവും പരിശോധിക്കാം.
സാര്‍വ്വത്രിക സഭയുടെ മതബോധനഗ്രന്ഥം നവീകരിച്ച് പ്രസിദ്ധീകരിക്കുന്നത് 1992- ലാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഇത് ചെയ്തത്. ഈ വലിയ സംഭവത്തിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് 2017 ഒക്ടോബര്‍ 11-ന് ഫ്രാന്‍സിസ് പാപ്പ നടത്തിയ ഒരു പ്രഭാഷണത്തിലാണ് വധശിക്ഷയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന്‍റെ മാറ്റം ആദ്യം പ്രതിഫലിക്കുന്നത്. തുടര്‍ന്ന് നടന്ന പഠനത്തിന്‍റെയും പരിചിന്തനത്തിന്‍റെയും ഫലമായി 2018 മെയ് 11-ന് വിശ്വാസ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലദാറിയായ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് നിലവിലുള്ള മതബോധനഗ്രന്ഥത്തില്‍ വധശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന 2267-ാം നമ്പര്‍ ഭേദഗതി ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ തീരുമാനമറിയിക്കുന്നത്. തുടര്‍ന്ന് വിശ്വാസ തിരുസംഘം 2018 ആഗസ്റ്റ് രണ്ടിന് മതബോധനഗ്രന്ഥത്തില്‍ മാറ്റം വരുത്തിയ ഭാഗം പ്രസിദ്ധീകരിക്കുകയും ലോകത്തുള്ള എല്ലാ മെത്രാന്മാര്‍ക്കുമായി ഒരു വിശദീകരണക്കുറിപ്പ് നല്‍കുകയും ചെയ്തു.

വധശിക്ഷയെക്കുറിച്ച് വരുത്തിയിരിക്കുന്ന മാറ്റം വിശകലനം ചെയ്യുന്നതിനു ആമുഖമായി ഇത്രയും പറയാന്‍ ആഗ്രഹിക്കുന്നു. സഭ ഒരിക്കലും വധശിക്ഷയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. സമൂഹത്തിന്‍റെ പൊതുനന്മയും ആക്രമണത്തിന് ഇരയായേക്കാവുന്ന വ്യക്തികളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് വധശിക്ഷ അവസാന മാര്‍ഗ്ഗമായി മാത്രം അംഗീകരിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചു വന്നത്. മാറിയ സാമൂഹിക രാജ്യാന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്തും കുറ്റവാളിയുടെ ദൈവകല്‍പ്പിതമായ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചും സുവിശേഷത്തിന്‍റെ ചൈതന്യമനുസരിച്ചുമാണ് വധശിക്ഷ അസ്വീകാര്യമാണെന്ന് സഭ പഠിപ്പിക്കുന്നത്. ഈ നിലപാട് സഭ നാളിതുവരെ സ്വീകരിച്ച നിലപാടുകളുടെ സ്വാഭാവികമായ വളര്‍ച്ചയും പൂര്‍ത്തീകരണവുമാണ്.

നിലപാടുകള്‍ നാളിതുവരെ

അപകടകാരിയായ കുറ്റവാളിയില്‍ നിന്ന് ആക്രമിക്കപ്പെട്ടേക്കാവുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഏക മാര്‍ഗ്ഗമാണ് വധശിക്ഷയെങ്കില്‍ അത് നടപ്പിലാക്കുന്നതിന് സഭയുടെ പഠനം എതിരല്ലയെന്നതാണ് നിലവിലുണ്ടായിരുന്ന നിലപാട്. എന്നാല്‍ പൊതുനന്മയും സമൂഹത്തിന്‍റെ സുരക്ഷയും മനുഷ്യജീവന്‍റെ സംരക്ഷണവും ഉറപ്പാക്കുന്നതിന് രക്തരഹിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവയാണ് വധശിക്ഷയ്ക്ക് പകരം ഉപയോഗിക്കേണ്ടത്. ഈ നിലപാടാണ് 1992-ല്‍ സഭയുടെ നവീകരിച്ച മതബോധനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1995-ല്‍ പുറപ്പെടുവിച്ച 'ജീവന്‍റെ സുവിശേഷം' എന്ന ചാക്രിക ലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 1997-ല്‍ മതബോധന ഗ്രന്ഥത്തിലെ വധശിക്ഷയെക്കുറിച്ചുള്ള നമ്പറില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തി. അക്രമം ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ സാധ്യതകള്‍ അധികാരികള്‍ക്കു മുമ്പില്‍ ഉള്ളതിനാല്‍, കുറ്റം ചെയ്ത വ്യക്തി തടവില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിക്കൊണ്ട് കുറ്റവാളിയെ നിര്‍വീര്യനാക്കാന്‍ സാധിക്കുമെന്നതിനാല്‍, സംഭവിക്കുമെങ്കില്‍ത്തന്നെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാവൂ എന്ന നിലപാട് സഭ സ്വീകരിക്കുകയുണ്ടായി. ചുരുക്കത്തില്‍, വളരെ അസാധാരണമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രം വധശിക്ഷയെ സഹിഷ്ണുതയോടെ അംഗീകരിക്കുകയായിരുന്നു എന്നര്‍ത്ഥം.

നമ്പര്‍ 2267 പുതിയ നിലപാട്
വിശ്വാസ തിരുസംഘത്തില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഭേദഗതി ചെയ്ത 2267-ാം നമ്പറിന്‍റെ ആശയം ഇപ്രകാരം മനസ്സിലാക്കാം:

1. നീതിപൂര്‍വ്വകമായ വിചാരണയ്ക്കുശേഷം പൊതുനന്മ ലക്ഷ്യമാക്കി ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി രാജ്യങ്ങളുടെ അധികാരികള്‍ വധശിക്ഷ നടപ്പില്‍ വരുത്തുന്നത് ഉചിതമായ നടപടിയായി കഴിഞ്ഞ കാലങ്ങളില്‍ കണ്ടിരുന്നു.

2. വധശിക്ഷയെ എതിര്‍ക്കാനുള്ള മൂന്ന് കാരണങ്ങള്‍:

  • ഒന്നാമതായി, അതീവഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന വ്യക്തിയുടെ മാനുഷിക അന്തസ്സ് ആ കുറ്റകൃത്യത്തോടെ നഷ്ടപ്പെടുന്നില്ലായെന്ന കാഴ്ചപ്പാട് വധശിക്ഷയെ നീതികരിക്കുന്നതല്ല.
  • രണ്ടാമതായി, രാജ്യാധികാരികള്‍ നടപ്പിലാക്കുന്ന ശിക്ഷാനടപടികളുടെ പ്രസക്തിയെക്കുറിച്ച് പുതിയ ധാരണകള്‍ രൂപപ്പെട്ടുവരുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവവും അവയെ സിവില്‍ നിയമം സമീപിക്കുന്ന രീതിയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നതിനാല്‍ വധശിക്ഷ ന്യായീകരിക്കാവുന്നതല്ല.
  • മൂന്നാമതായി, അതീവ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെയും പൗരന്മാരുടെ ജീവന് ഭീഷണിയാകാതെ സൂക്ഷിക്കാനുള്ള ജയില്‍ സംവിധാനങ്ങള്‍ കഴിഞ്ഞ കാലങ്ങളെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഉള്ളതിനാല്‍, കുറ്റവാളിയുടെ മാനസാന്തരവും അതുവഴി ലഭിക്കാവുന്ന രക്ഷയുടെ അനുഭവവും നഷ്ടപ്പെടുത്തുന്ന വധശിക്ഷ അംഗീകരിക്കാവുന്നതല്ല.

3. ഇക്കാരണങ്ങളാല്‍, സുവിശേഷ സത്യങ്ങളുടെ വെളിച്ചത്തില്‍ ഒരു വ്യക്തിയുടെ അന്തസ്സിന്‍റെയും അലംഘനീയതയുടെയും നേരെയുള്ള ആക്രമണമായ വധശിക്ഷ സഭയ്ക്ക് അസ്വീകാര്യമാണ്. ലോകമാസകലം വധശിക്ഷയെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തങ്ങളില്‍ സഭ ഏര്‍പ്പെടുന്നതുമാണ്.

നിലപാടുകളിലെ മാറ്റം

മേല്‍ സൂചിപ്പിച്ചതുപോലെ, സഭ ഒരിക്കലും വധശിക്ഷയെ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിച്ചിരുന്നില്ല. വധശിക്ഷ ജീവന്‍റെ അമൂല്യതയോടുള്ള വെല്ലുവിളിയായിത്തന്നെയാണ് സഭ കണ്ടുവന്നിരുന്നത്. സമീപകാലങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ബനഡിക്ട് പതിനാറാമന്‍ പാപ്പായും സ്വീകരിച്ചിരുന്ന നിലപാടുകളുടെ ഒരു തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ് ഫ്രാന്‍സിസ് പാപ്പ മതബോധനത്തില്‍ വധശിക്ഷയെക്കുറിച്ച് വരുത്തിയിരിക്കുന്ന മാറ്റം.

ദൈവകല്‍പ്പിതമായ മാഹാത്മ്യമാണ് ഓരോ മനുഷ്യജീവിതവും. കുറ്റകൃത്യം എത്രഭീകരമായാലും ഈ അന്തസ്സ് ഒരിക്കലും ഒരു വ്യക്തിക്കും നഷ്ടപ്പെടുന്നില്ല. അതിനാല്‍ത്തന്നെ, ഒരു മാനുഷിക സംവിധാനത്തിനും മനുഷ്യജീവന്‍ എടുക്കാന്‍ അധികാരമില്ല. കാരണം ജീവന്‍ നല്‍കുന്നത് ദൈവമാണ്. ഏതൊരു കുറ്റവാളിക്കും തന്‍റെ അകൃത്യങ്ങളില്‍ നിന്ന് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കേണ്ടത് ആവശ്യമാണ്. വധശിക്ഷ ഈ സാധ്യത ഇല്ലാതാക്കുന്നു. വധശിക്ഷ പൊതുനന്മയെക്കരുതി അംഗീകരിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് നൂറ്റാണ്ടുകളിലൂടെ വന്നിരിക്കുന്ന മാറ്റങ്ങളും ജയില്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വധശിക്ഷ ന്യായീകരിക്കാവുന്നതല്ല. ഈ നിലപാട് പൊതുവികാരത്തിനെതിരായി ചിത്രീകരിക്കപ്പെടാം. പൊതുവികാരമല്ല മറിച്ച് സുവിശേഷമാണ് സഭയുടെ നിലപാടുകളുടെ അളവുകോല്‍. അതിനാല്‍ത്തന്നെയാണ് വധശിക്ഷയ്ക്കെതിരായ നിലപാട് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരിക്കുന്നതും വധശിക്ഷ നിര്‍ത്തലാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമാസകലം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും.

death penalty modern church position Dr. Abraham Kavilpurayidathil reasons why church oppose death penalty dignity of human life Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message