x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

വൃദ്ധയായ സാക്ഷി - അന്നാ

Authored by : Dr. Michael Karimattam On 14-Nov-2022

വൃദ്ധയായ സാക്ഷി - അന്നാ

കൊള്ളിയാൻപോലെ മിന്നിമറയുന്ന ഒരു കഥാപാത്രമാണ് അന്നാ. ബാല്യകാല സുവിശേഷത്തിൽ മൂന്നു വാക്യങ്ങൾ അവളെക്കുറിച്ച് പ്രതിപാദിക്കാനായി ലൂക്കാ മാറ്റിവച്ചിരിക്കുന്നു (ലൂക്കാ 2,36 -38). ശിമയോന്റെ സുദീർഘമായ സ്തുതിയുടെയും പ്രവചനത്തിന്റെയും ഒരനുബന്ധം പോലെയാണ് അന്നായെ അവതരിപ്പിച്ചിരിക്കുന്നത്. “ശിശുവിനെക്കുറിച്ച് സംസാരിച്ചു" എന്നല്ലാതെ അന്നാ എന്തു പറഞ്ഞു എന്ന് സുവിശേഷകൻ രേഖപ്പെടുത്തിയിട്ടില്ല. അന്നായുടെതായ ഒറ്റ വാക്കുപോലും കേൾക്കുന്നില്ലെങ്കിലും ഒളിമങ്ങാതെ അനുവാചകമനസ്സിൽ എന്നും തെളിഞ്ഞു നില്ക്കുന്ന ഒരു തൂലികാ ചിത്രമാണ് ലൂക്കാ വരച്ചു വച്ചിരിക്കുന്നത്.

അന്നായെക്കുറിച്ച് പലകാര്യങ്ങൾ സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. അവളുടേതടക്കം മൂന്നുപേരുകൾ ആദ്യമേ ശ്രദ്ധയിൽപ്പെടുന്നു. "കൃപ' എന്നർത്ഥമുള്ള “ഹന്നാ” എന്ന ഹീബ്രുനാമമാണ് അന്നാ എന്നു ഗ്രീക്കിലേക്ക് പകർത്തിയിരിക്കുന്നത്. ദൈവകൃപയുടെ അടയാളവും വക്താവുമാണവൾ. ഫനുവേലിന്റെ പുത്രി എന്നതാണ് അവളുടെ ആദ്യത്തെ വിശേഷണം. “ദൈവത്തിന്റെ മുഖം എന്നർത്ഥമുള്ള “പെനുവേൽ", എന്നും “പെനിയേൽ” എന്നും പറയുന്ന പേരിൽ നിന്നാണ് ഫനുവേലിന്റെ ഉത്ഭവം. യാബോക്ക് നദീതീരത്തുവച്ച് രാത്രിയിൽ മല്ലടിക്കുകയും പ്രഭാതമായപ്പോൾ അനുഗ്രഹിച്ചു പിരിയുകയും ചെയ്ത ദൈവത്തെ മുഖാഭിമുഖം കണ്ടതിന്റെ ഓർമ്മ (ഉൽപ്പ് 32,22-32) നിലനിർത്തുന്നതാണ് ഈ പേര്. ദൈവം അയച്ചിരിക്കുന്ന രക്ഷകനെ കാണാനും തിരിച്ചറിയാനും കഴിഞ്ഞവൾക്ക് ഈ പേരുമായുള്ള ബന്ധം ആകസ്മികമായിരിക്കുകയില്ല.

ആഷേർ ഗോത്രജയാണ് അന്നാ. യാക്കോബിന്റെ എട്ടാമത്തെ പുത്രന് ലെയാ നല്കിയ പേരാണ് “ആഷേർ.” “സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു വിളിക്കും. അതുകൊണ്ട് അവൾ അവന് ആഷേർ എന്നു പേരിട്ടു" (ഉൽപ്പ 30,13). എലിസബത്തിന്റെയും മറിയത്തിന്റെയും സ്തോത്രഗീതത്തിൽ ഈ ഗാനശകലം ഉൾക്കൊള്ളിച്ചിരിക്കുന്നതും ശ്രദ്ധേയമത്രേ (ലൂക്ക 1,42-48). “സന്തോഷം" എന്നും "രക്ഷകനെ വഹിക്കുന്നവൻ' എന്നും ഈ പേര് വിവർത്തനം ചെയ്യാം. അങ്ങനെ അന്നാ, ഫനുവേൽ, ആഷേർ എന്നീ മൂന്നുപേരുകളും സന്ദേശപ്രധാനമാണ്. അന്നായുടെ വ്യക്തിത്വവും ഇവിടെ വിവരിക്കുന്ന സംഭവത്തിലൂടെ നല്കാൻ ഉദ്ദേശിക്കുന്ന സന്ദേശവും പേരുകൾ തന്നെ സൂചിപ്പിക്കുന്നു.

അന്നാ പ്രവാചകയായിരുന്നു എന്നതാണ് അടുത്ത വിശേഷണം. ദൈവവചനം വിശ്വസ്തതയോടെ പ്രഘോഷിക്കുന്നവരാണ് പ്രവാചകർ. ബൈബിളിൽ ധാരാളം പ്രവാചകന്മാരെക്കുറിച്ച് പ്രതിപാദികുന്നുണ്ടെങ്കിലും പ്രവാചികമാർ അധികമില്ല. മിരിയാം, ദെബോറാ, ഹൂൽദാ (2 രാജാ 22,14) തുടങ്ങിയ പ്രവാചികമാരുടെ ഗണത്തിലാണ് അന്നായുടെ സ്ഥാനം. സാധാരണക്കാർക്കു കാണാനും കേൾക്കാനും കഴിയാത്തവിധം നിഗൂഢമായിരിക്കുന്ന ദൈവികസാന്നിധ്യവും ദൈവികപദ്ധതിയും തിരിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യുന്നവരാണ് പ്രവാചകർ. അന്നാ ഇപ്രകാരം ഒരു പ്രവാചികയായിരുന്നു. ദരിദ്ര ദമ്പതികൾ കാഴ്ചവയ്ക്കാൻ കൊണ്ടുവന്ന ശിശുവിൽ ദൈവം അയച്ച രക്ഷകനെ കാണാൻ അവൾക്കു കഴിഞ്ഞു.

വൃദ്ധയും വിധവയുമായിരുന്നു അന്നാ. അവളുടെ പ്രായത്തെക്കുറിച്ച് തർക്കമുണ്ട്. വിവാഹിതയായി ഏഴുവർഷം അവൾ ഭർത്താവിനോടൊത്തു ജീവിച്ചു. പിന്നീട് വിധവയായി. 84 വർഷം എന്നത് അവളുടെ പ്രായമോ അതോ വൈധവ്യത്തിന്റെ കാലമോ എന്ന് തീരുമാനിക്കുക എളുപ്പമല്ല. ഗ്രീക്കു മൂലത്തിന് രണ്ടു സാധ്യതകളുണ്ട്. സാധാരണ 14-ാം വയസ്സിലായിരുന്നു പെൺകുട്ടികൾ വിവാഹിതരാവുക. ഏഴുവർഷത്തെ വിവാഹജീവിതവും 84 വർഷത്തെ വൈധവ്യവും കൂടെ കണക്കിലെടുത്താൽ അവൾക്ക് 105 വയസ്സു പ്രായമായിരുന്നു എന്നു കാണാം. വൈവാഹികജീവിതത്തിന്റെ പന്ത്രണ്ടിരട്ടി വൈധവ്യം എന്ന ഒരു കണക്കുമുണ്ടിവിടെ. അതിനും പുറമെ 105 വയസ്സ് യൂദിത്തിന്റെ പ്രായമാണ് (യൂദി 16,23). യൂദിത്തുമായി വേറെയുമുണ്ട് അന്നായ്ക്കു സാമ്യം. ഏഴിന്റെയും പന്ത്രണ്ടിന്റെയും ഗുണിതങ്ങൾ പ്രായത്തെ സംബന്ധിച്ച പ്രതീകാത്മകമായ അർത്ഥസൂചനയും ഉൾക്കൊള്ളുന്നു. ഏതായാലും ദീർഘകാലം ജീവിച്ച ഒരു വ്യക്തിയാണ് കഥാപാത്രം. ആ ജീവിതത്തിലധികം പങ്കും വിധവയുടേതായിരുന്നു.

മാതൃകാപരമായ ഒരു ജീവിതമായിരുന്നു അന്നായുടേത്. നാലു കാര്യങ്ങളാണ് സുവിശേഷകൻ അവളുടെ ജീവിതത്തിൽനിന്ന് എടുത്തുകാട്ടുന്നത്. ഉപവാസമാണ് ആദ്യത്തേത്. ഭക്ഷണക്രമീകരണം മാത്രമല്ല, ഉപവാസം കൊണ്ട് അർത്ഥമാക്കുന്നത്. ദൈവത്തിന്റെ അടുത്തിരിക്കുന്നതാണ് ഉപവാസം. അതിന്റെ ഭാഗമാണ് ഭക്ഷണം ത്യജിക്കൽ. ആഴ്ചയിൽ രണ്ടു ദിവസം ഉപവസിക്കുന്നത് തന്റെ മേന്മയായി ഫരിസേയൻ എടുത്തുകാട്ടുന്നു. പാപപരിഹാരത്തിനും ദൈവകൃപ ലഭിക്കുന്നതിനും ആവശ്യമായ ഒരു മാർഗ്ഗമാണ് ഉപവാസം (ഏശാ 58,3-6; ജോയൽ 1,14; 2,15; യോനാ 3,5).

ഉപവാസം മാത്രമല്ല, പ്രാർത്ഥനയും അന്നായുടെ ജീവിതത്തിന്റെ സവിശേഷതയായിരുന്നു. വ്യക്തിപരമായ പ്രാർത്ഥനയാണ് ഇവിടെ വിവക്ഷിക്കുന്നത്. ദൈവത്തിന്റെ മുമ്പിൽ ഹൃദയം തുറന്നു വയ്ക്കുന്നതാണ് പ്രാർത്ഥന. അതു സ്തുതിപ്പോ, കൃതജ്ഞതയോ യാചനയോ ഒക്കെയാകാം. നിശ്ശബ്ദം ദൈവഹിതത്തിനു കാതോർത്തിരിക്കുന്നതുമാകാം.

“ദൈവത്തെ സ്തുതിച്ചുകൊണ്ട് എന്നു പി.ഒ.സി. ബൈബിൾ വിവർത്തനം ചെയ്യുന്ന "ലാത്രെവുഓ" (latreuo) എന്ന ഗ്രീക്കു ക്രിയാ പദത്തിന് "ശുശ്രൂഷിക്കുക" എന്നാണർത്ഥം. ദൈവശുശ്രൂഷ എന്നു വ്യംഗ്യം. പരസ്യവും ഔദ്യോഗികവുമായ ആരാധനയെ സൂചിപ്പിക്കാനാണ് ഈ പദം സാധാരണ ഉപയോഗിക്കുക. സമൂഹം ഒരുമിച്ച് ദൈവത്തെ സ്തുതിക്കുന്നതും ദൈവത്തിന് ആരാധനയർപ്പിക്കുന്നതുമാണ് വിവക്ഷ. വ്യക്തിപരമായ പ്രാർത്ഥന മാത്രമല്ല, സമൂഹത്തോടു ചേർന്നുള്ള പ്രാർത്ഥനയിലും അന്നാ പങ്കെടുത്തിരുന്നു.

ദേവാലയത്തിൽ സമയം ചിലവഴിച്ചിരുന്നതാണ് നാലാമത്തെ സവിശേഷത. “ദേവാലയം വിട്ടുപോകാതെ” “രാപകൽ” എന്നീ പ്രയോഗങ്ങൾക്ക് പ്രതീകാത്മകമായ അർത്ഥമുണ്ട്. അവൾ എല്ലാദിവസവും ദേവാലയത്തിൽ വന്നിരുന്നെന്നും ഔദ്യോഗികമായ എല്ലാ പ്രാർത്ഥനകളിലും പങ്കെടുത്തിരുന്നു എന്നുമാണ് ഇതുകൊണ്ട് സുവിശേഷകൻ ഉദ്ദേശിക്കുന്നത്. ചുരുക്കത്തിൽ, ദൈവത്തിനുവേണ്ടി പൂർണ്ണമായി മാറ്റി വയ്ക്കപ്പെട്ട ഒരു ജീവിതമായിരുന്നു അന്നായുടേത്. ചെറുപ്പത്തിലേ ഭർത്താവു നഷ്ടപ്പെട്ടതിൽ അവൾക്കു ദുഃഖമോ പരാതിയോ ഇല്ല, ദെെവഹിതത്തിനു പൂർണ്ണമായി വഴങ്ങി, ശിഷ്ടജീവിതം മുഴുവൻ ദൈവിക കാര്യങ്ങളിൽ വ്യാപൃതയായി, വാർദ്ധക്യത്തിലെത്തിയ ഒരു മാതൃകാവ്യക്തിയാണ് അന്നാ. മാത്രമല്ല, അവളുടെ ജീവിതം മുഴുവൻ ദൈവികസാന്നിധ്യത്തിലാണ് ചിലവഴിച്ചിരുന്നത്. ദേവാലയം എന്നത് കെട്ടിടങ്ങളുടെ സമുച്ചയം മാത്രമല്ല; ദൈവിക സാന്നിദ്ധ്യമാണ് പ്രധാനം.

വൃദ്ധനായ ശിമയോനു പിന്നാലെ വൃദ്ധയായ അന്നായും വന്ന് ശിശുവിനെക്കുറിച്ചു സംസാരിക്കുന്നത് വിശ്വസനീയത വർദ്ധിപ്പിക്കുന്നു. ഏതുകാര്യവും ചുരുങ്ങിയത് രണ്ടുപേരുടെയെങ്കിലും സാക്ഷ്യത്താൽ സ്ഥിരീകരിക്കപ്പെടണം എന്നൊരു നിയമമുണ്ട് (നിയ 19,15; മത്താ 18,16, 1 തിമോ 5,19). പുരുഷന്മാരോടൊപ്പം സ്ത്രീകൾക്കു തുല്യത നല്കുക എന്നത് ലൂക്കായുടെ ഒരു സവിശേഷതയാണ്. ദൈവസ്തുതിയുടെ അകമ്പടിയോടെ അവൾ എന്താണ് സംസാരിച്ചത് എന്നു സുവിശേഷകൻ പറയുന്നില്ല. സംസാരിച്ചു എന്നതാണ് പ്രധാനം. പ്രവാചകത്വം ഉൾക്കൊള്ളുന്ന ഒരു സാക്ഷ്യമായിരുന്നു അത്.

ആരോടാണ് അന്നാ സംസാരിച്ചത് എന്ന കാര്യത്തിലും അവൃക്തത നിലനിൽക്കുന്നു. "ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും" എന്നാണ് പി.ഒ.സി. വിവർത്തനം. ഇതൊരു സാധ്യതയാണ്. അപ്പോൾ ജറുസലെം നിവാസികളിൽ ഒതുങ്ങുന്നു കേൾവിക്കാർ. എന്നാൽ ഗ്രീക്കുമൂലത്തിന്റെ ആധികാരികമായ പുരാതന കയ്യെഴുത്തു പ്രതികളിൽ അധികവും "ജറുസലെമിന്റെ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന സകലരോടും" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് കൂടുതൽ വിശാലമായ അർത്ഥമുണ്ട്.

ജറുസലേമിന്റെ രക്ഷ എന്നത് പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. ജറുസലം ഇസ്രായേൽ ജനത്തിന്റെ പ്രതീകമായി നില്ക്കുന്നതിനാൽ ദൈവം ഇസ്രായേൽ ജനത്തിനു വാഗ്ദാനം നല്കിയ രക്ഷ, അഥവാ രക്ഷകൻ എന്ന അർത്ഥമാണ് ഈ പ്രയോഗത്തിലുള്ളത് (ഏശ 40,2; 50,9; 52,12;സഖ 8,1-8; 9,9). മിശിഹായിയിലുടെ ലഭിക്കുന്ന രക്ഷയെകുറിച്ച് പ്രതീക്ഷ വച്ചു പുലർത്തിയിരുന്നവരോടെല്ലാം അന്നാ പറയുന്നത് ഒരേ ഒരു കാര്യമാണ്. ഈ ശിശുവിൽ അവരുടെ പ്രതീക്ഷകൾ പൂർത്തിയായിരിക്കുന്നു.

തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെട്ട രക്ഷകനെ തിരിച്ചറിയാനും അവനു സാക്ഷിയാകാനും അന്നായ്ക്കു കഴിഞ്ഞു. ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങളിൽ കണ്ണുനട്ട്, നിരാശയും പരാതികളുമായി ആയുസ് പാഴാക്കാതെ, ഉപവാസവും പ്രാർത്ഥനയും വഴി ദൈവികസാന്നിധ്യം തേടുന്നവരുടെ കണ്ണുതെളിയും, അവർ രക്ഷകനെ കാണും; തങ്ങൾക്കു സംഭവിക്കുന്നതൊന്നും ശിക്ഷയോ നഷ്ടമോ അല്ല, ദൈവദർശനത്തിനുള്ള ഒരുക്കലാണെന്നു ഗ്രഹിക്കുകയും ചെയ്യും.

ചെറുപ്പത്തിലേ ഭർത്താവു നഷ്ടപ്പെട്ട അന്നാ വീണ്ടും ഒരു വിവാഹത്തിനു മുതിർന്നില്ല. ആയുഷ്ക്കാലം മുഴുവൻ ദൈവശുശ്രൂഷയ്ക്കായി മാറ്റിവച്ചു, ഹോളേഫർണസിന്റെ സൈന്യത്തിൽനിന്ന് ഇസ്രായേലിനെ രക്ഷിച്ച യൂദിത്തിനെപ്പോലെ. യൂദിത്തിന്റെ ജീവിത ശൈലിയായിരുന്നു അന്നായുടേതും. കർത്തൃശുശ്രൂഷയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് അവൾ എല്ലാ വിധവകൾക്കും സുവിശേഷപ്രഘോഷകർക്കും അനുകരണീയമായൊരു മാതൃകയായി നിലകൊള്ളുന്നു.

വൃദ്ധയായ സാക്ഷി - അന്നാ Dr. Michael Karimattam ലൂക്കാ 2 2 രാജാ 22 അന്നായുടെ സ്ഥാനം ലാത്രെവുഓ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message