x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വെളിപാടു ഗ്രന്ഥത്തിന്റെ വ്യാഖ്യാനം

Authored by : Dr. Michael Karimattam On 11-Feb-2021

വെളിപാട് 1:1-8, ആമുഖം

വെളിപാടുപുസ്തകത്തിന്‍റെ ആമുഖം മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1. പ്രാരംഭം 1:1-3; 2. അഭിവാദനം 1:4-6; 3. പ്രവാചകവചനം 1:7-8.

വെളിപാട് 1:1-3, പ്രാരംഭം

പുസ്തകത്തിന്‍റെ ഉള്ളടക്കവും സ്വഭാവവും വ്യക്തമാക്കുന്നതാണ് ആദ്യത്തെ മൂന്നു വാക്യങ്ങള്‍. മതപീഡനത്താല്‍ മനം തകരുകയും കര്‍ത്താവിന്‍റെ മടങ്ങിവരവിനുവേണ്ടി കാത്തിരുന്നു തളരുകയും ചെയ്യുന്ന സഭാസമൂഹങ്ങള്‍ക്കു പ്രത്യാശയുടെ സന്ദേശമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. ഈ പുസ്തകം വെറും മാനുഷികമായ ഉപദേശങ്ങളോ ആശ്വാസവചനങ്ങളോ അല്ല, ശക്തവും ആധികാരികവുമായ ദൈവവചനമാണ്. പഴയനിയമത്തിലെ പ്രവാചകഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ആമുഖം (ഏശ1:1; ജറെ 1:2; ഹോസി 1:1). ദൈവം യേശുക്രിസ്തുവഴി നല്കിയ വെളിപാടാണ് യോഹന്നാന്‍ എഴുതുന്നത്. ഈ പ്രാരംഭത്തിലെ ചില വാക്കുകള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

1:1 വെളിപാട് - "അപ്പോകലിപ്സിസ് " എന്ന ഗ്രീക്കു പദമാണ് വെളിപാട് എന്നു തര്‍ജ്ജിമ ചെയ്തിരിക്കുന്നത്. ഗ്രീക്കില്‍ പുസ്തകം തുടങ്ങുന്നതുതന്നെ ഈ വാക്കുകൊണ്ടാണ്. പുസ്തകത്തിന്‍റെ സാഹിത്യരൂപത്തെയും ഉള്ളടക്കത്തെയും സൂചിപ്പിക്കുന്ന പേരാണിത്. ഈ ലോകത്തിന്‍റെ ഭാവിയെ സംബന്ധിച്ച് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ രഹസ്യങ്ങള്‍ ദൈവം നേരിട്ടു വെളിപ്പെടുത്തുന്നു എന്നാണ് സൂചന.

ദൈവമാണ് വെളിപാടു നല്കുന്നത്. ഭാവിയെ സംബന്ധിച്ച കാര്യങ്ങള്‍ ദൈവത്തിനു മാത്രമേ അറിയൂ (ദാനി 2:28; മര്‍ക്കോ 13:28; അപ്പ 1:7). ദൈവം യേശുക്രിസ്തുവഴി വെളിപ്പെടുത്തുന്നു എന്നത് പുതിയനിയമത്തിലുടനീളം ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട് (ലൂക്കാ 10:22; യോഹ 1:18; 5:19-23; ഹെബ്രാ 1:2). മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് യേശുക്രിസ്തു എന്നു വിളിക്കുന്നത്. രക്ഷാകര പ്രവൃത്തിയില്‍ പിതാവിന്‍റെയും പുത്രന്‍റെയും പ്രത്യേക ധര്‍മ്മങ്ങളെ ഈ പ്രസ്താവന വ്യക്തമാക്കുന്നു.

ദാസന്മാര്‍ എന്നതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ചില പ്രവാചകന്മാരെ മാത്രമല്ല, ക്രിസ്തു വിശ്വാസികളെ മുഴുവനും ഉദ്ദേശിക്കുന്നു. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് വെളിപാടിന്‍റെ വിഷയം. രക്ഷാചരിത്രത്തിന്‍റെ പൊതുവായ അവതരണമല്ല, അതിവേഗം വന്നടുത്തു കൊണ്ടിരിക്കുന്ന പരിസമാപ്തിയാണ് പ്രതിപാദിക്കപ്പെടാന്‍ പോകുന്നത്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവ അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളുടെയെല്ലാം പൊതുവായ പ്രമേയമാണ്. മാനുഷിക സാമ്രാജ്യങ്ങളുടെ തകര്‍ച്ചയും ദൈവഭരണത്തിന്‍റെ സംസ്ഥാപനവുമാണ് ദാനി 2:28-29 ല്‍ ഈ പ്രയോഗം വഴി സൂചിപ്പിക്കുന്നത്. ആസന്നമായിരിക്കുന്നു, ഉടനെ വരുന്നു എന്ന പ്രസ്താവനകള്‍ പുസ്തകത്തിന്‍റെ അന്ത്യത്തില്‍ (22:12; 20) ആവര്‍ത്തിക്കുന്നതിലൂടെ പീഡനങ്ങളില്‍ നിന്നുള്ള മോചനത്തിനും കര്‍ത്താവിന്‍റെ ആഗമനത്തിനുമായി കാത്തിരിക്കുന്നവര്‍ക്കു ദൈവംതന്നെ പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.

യേശുക്രിസ്തു തന്‍റെ ദൂതന്‍വഴിയാണ് ഈ സന്ദേശം കൈമാറിയത്. പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്ത് ഒരു ദൂതന്‍ യോഹന്നാന് ദര്‍ശനങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യഭാഗത്താകട്ടെ മനുഷ്യപുത്രനായ യേശുക്രിസ്തു നേരിട്ടാണ് സന്ദേശങ്ങള്‍ നല്കുക. ദൈവം യേശുക്രിസ്തുവഴി രക്ഷയുടെ സുവിശേഷം അറിയിച്ചു (അപ്പ 10:36) എന്ന അപ്പസ്തോലികസഭയുടെ വിശ്വാസം ഇവിടെ പ്രതിഫലിക്കുന്നു. വാക്കുകളിലൂടെ എന്നതിലുപരി അടയാളങ്ങളിലൂടെ ആശയം വിനിമയം ചെയ്യുക എന്ന അര്‍ത്ഥമാണ് അറിയിച്ചു എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന പദത്തിന്‍റെ മൂലാര്‍ത്ഥം.

1:2, വെളിപാടു പുസ്തകത്തില്‍ വളരെ പ്രാധാന്യമുള്ള പദങ്ങളാണ് സാക്ഷ്യം, സാക്ഷി, സാക്ഷ്യപ്പെടുത്തുക എന്നിവ. താന്‍ കണ്ട സകലതിനും നല്കുന്ന സാക്ഷ്യമായിട്ടാണ് ഗ്രന്ഥകാരന്‍ പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൈവവചനവും യേശുക്രിസ്തുവിന്‍റെ സാക്ഷ്യവും എന്ന് താന്‍ കണ്ടവയെ അദ്ദേഹം വിശേഷിപ്പിക്കുന്നു. ലോകത്തിന്‍റെ വിധിനിര്‍ണ്ണയത്തെ സംബന്ധിച്ച് ദൈവം നല്കിയ വെളിപാടാണ് ഇവിടെ ദൈവവചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുക. ആ വെളിപാടാകട്ടെ, യേശുക്രിസ്തുതന്നെ സാക്ഷ്യപ്പെടുത്തിയതുമാണ്.

ഒരു വസ്തുതയുടെ സത്യാവസ്ഥ തെളിയിക്കുന്നതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയോ പറയുന്ന വാക്കോ ആണ് സാക്ഷ്യം. യേശുക്രിസ്തുവിനെ സാക്ഷിയായി അവതരിപ്പിക്കുക യോഹന്നാന്‍റെ ലിഖിതങ്ങളുടെ ഒരു പ്രത്യേകതയാണ്. "ഇതിനുവേണ്ടിയാണ് ഞാന്‍ ലോകത്തിലേക്കു വന്നത് - സത്യത്തിനു സാക്ഷ്യം നല്കാന്‍" (യോഹ 18:37) എന്ന പ്രഖ്യാപനം ഇതു വ്യക്തമാക്കുന്നു. തന്‍റെ കുരിശുമരണമാണ് യേശു നല്കിയ ഏറ്റം വലിയ സാക്ഷ്യം. യേശുവിന്‍റെ ശിഷ്യന്മാരും സാക്ഷ്യംനല്കാന്‍ വിളിക്കപ്പെട്ടവരാണ്. "നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കും" (അപ്പ 1:8). സാക്ഷ്യത്തിന്‍റെ പരമമായ പ്രകടനമാണ് ജീവത്യാഗം. അതിനെ രക്തസാക്ഷിത്വം എന്നു വിളിക്കുന്നു. യേശുക്രിസ്തുവിനു സാക്ഷ്യം നല്കാന്‍വേണ്ടി പീഡനമേല്ക്കുകയും നാടുകടത്തപ്പെടുകയും ചെയ്തവനാണ് താന്‍ എന്ന് ഗ്രന്ഥകര്‍ത്താവു പറയുന്നുണ്ട് (1:9). സാക്ഷ്യം എന്ന ആശയം ആരംഭത്തിലേ അവതരിപ്പിച്ചുകൊണ്ട് യേശുവിനുവേണ്ടി പീഡനമേല്ക്കുന്ന സഹോദരങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും പ്രത്യാശ നല്കി ശക്തിപ്പെടുത്തുകയുമാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്.

1:3, തന്‍റെ ഗ്രന്ഥത്തെ "വെളിപാട്","സാക്ഷ്യം" എന്നിവയ്ക്കു പുറമേ പ്രവചനമായി കാണണമെന്നും ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു. ഹൃദയം തകര്‍ന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും, അഹങ്കാരികള്‍ക്കു താക്കീതും, മാനസാന്തരത്തിനുള്ള ആഹ്വാനവും നല്കുന്ന ദൈവവചനമാണ് പ്രവചനം. സര്‍വ്വോപരി, പ്രപഞ്ചത്തിന്‍റെമേലുള്ള ദൈവത്തിന്‍റെ വിധിനിര്‍ണ്ണയം അതു വിളിച്ചറിയിക്കുന്നു. എഴുത്തും വായനയും ചുരുക്കം പേര്‍ക്കു മാത്രം വശമായിരുന്ന ഒരു കാലത്താണ് ഗ്രന്ഥം രചിക്കപ്പെട്ടത്. ദൈവാരാധനയ്ക്ക് ഒരുമിച്ചുകൂടുന്ന സഭാസമൂഹങ്ങളില്‍വച്ച് ഒരാള്‍ വായിക്കുകയും എല്ലാവരും കേള്‍ക്കുകയും ചെയ്യുന്നു എന്ന സൂചനയാണ് വായിക്കുന്നവനും കേള്‍ക്കുന്നവരും എന്ന പ്രയോഗത്തിലൂടെ ലഭിക്കുക.

സുവിശേഷങ്ങളിലെ അഷ്ടഭാഗ്യങ്ങള്‍പോലെ വെളിപാടു പുസ്തകത്തില്‍ സപ്തഭാഗ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് (1:3; 14:13; 16:15; 19:9; 20:6; 22:7.14). അവയില്‍ ആദ്യത്തേതാണ് ഈ വാക്യം. "ഈ പുസ്തകത്തിലെ വചനങ്ങള്‍ പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" എന്ന പ്രഖ്യാപനം ഗ്രന്ഥത്തിന്‍റെ അവസാനം (22:7) ആവര്‍ത്തിച്ചിരിക്കുന്നു. ലോകാവസാനത്തെ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി അറിയാനുള്ള ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വേണ്ടിയല്ല, ദൈവത്തിന്‍റെ ഹിതമറിഞ്ഞ് അതനുസരിച്ചു ജീവിക്കാനുള്ള ആഗ്രഹത്തോടെ ആയിരിക്കണം ഈ പുസ്തകം വായിക്കേണ്ടത് എന്ന് ഗ്രന്ഥകാരന്‍ തുടക്കത്തിലേ അനുശാസിക്കുന്നു. ദൈവത്തില്‍നിന്നും നേരിട്ടു ലഭിച്ച പ്രവാചകവചനം എന്നനിലയില്‍ ഈ ഗ്രന്ഥത്തെ പഴയനിയമ ഗ്രന്ഥങ്ങളോടൊപ്പം ദൈവനിവേശിതവും ആധികാരികവുമായ ബൈബിളിന്‍റെ ഭാഗമായി കരുതണം എന്ന് ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.

വായിച്ചുകേള്‍ക്കാന്‍ പോകുന്ന സന്ദേശം ജീവല്‍ പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് സമയം അടുത്തെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനം. ദൈവം തിന്മയെ ഉന്മൂലനം ചെയ്ത് തന്‍റെ രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്ന സമയമാണ് ഇവിടെ വിവക്ഷ. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ മടങ്ങിവരവിനെയും ഇതു സൂചിപ്പിക്കുന്നു. ദൈവം ലോകത്തിന്‍റെമേല്‍ വിധി പ്രസ്താവിക്കുന്ന നിര്‍ണ്ണായക നിമിഷമാണിത്. യുഗാന്തം എന്നു വിളിക്കുന്ന ഈ സമയം അടുത്തെത്തിയിരിക്കുന്നതിനാല്‍ യോഹന്നാന്‍റെ പ്രവാചകാഹ്വാനത്തിന് അടിയന്തര സ്വഭാവമുണ്ട്.

വെളിപാട് 1:4-6, അഭിവാദനം

ലേഖനങ്ങളില്‍ പൊതുവേ കാണാറുള്ള അഭിവാദനശൈലിയാണ് യോഹന്നാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (വാ. 4). ഈ അഭിവാദനം ഗ്രന്ഥത്തെ ഇടയലേഖനം എന്ന സാഹിത്യരൂപത്തില്‍ അവതരിപ്പിക്കുന്നു. റോമാസാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവിശ്യകളില്‍ ഒന്നായിരുന്ന ഏഷ്യാമൈനര്‍ ഇന്നു ടര്‍ക്കിയുടെ ഭാഗമാണിത്. എന്തുകൊണ്ട് ഈ ഏഴു സഭകളെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു എന്ന ചോദ്യത്തിനു വ്യാഖ്യാതാക്കള്‍ പല ഉത്തരങ്ങള്‍ നല്കാറുണ്ട്. ഗ്രന്ഥകാരനു നേരിട്ടു പരിചയവും അധികാരവുമുള്ള സഭകളായതിനാലായിരിക്കണം ഇവയെ പ്രത്യേകം തിരഞ്ഞെടുത്തത്. പ്രവിശ്യയിലെ പ്രമുഖ നഗരമായിരുന്ന എഫേസോസില്‍നിന്ന് ഈ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രാജപാതയുണ്ടായിരുന്നതിനാല്‍ ഒരു പട്ടണത്തില്‍നിന്നും മറ്റൊന്നിലേക്ക് ലേഖനം എത്തിക്കുക എളുപ്പമായിരുന്നു. ഇതിനുപുറമേ "ഏഴ്" പുര്‍ണ്ണസംഖ്യയാകയാല്‍ ഏഴു സഭകള്‍ ക്രിസ്തുവിന്‍റെ സഭയുടെ പ്രതീകമായി കരുതാവുന്നതാണ്. അതിനാല്‍ പേരു പറഞ്ഞിരിക്കുന്ന ഏഴു സഭകള്‍ക്കു മാത്രമല്ല, ആഗോളസഭയ്ക്കു മുഴുവന്‍വേണ്ടിയാണ് യോഹന്നാന്‍ എഴുതുന്നത് എന്ന് അനുമാനിക്കാം.

കൃപയും സമാധാനവും എന്ന ആശംസ പുതിയനിയമത്തിലെ മിക്ക ലേഖനങ്ങളിലും കാണാം. ദൈവം തന്‍റെ അനന്തമായ കാരുണ്യത്തില്‍ മനുഷ്യനു സൗജന്യമായി നല്കുന്ന ദാനത്തിന്‍റെ ആകെത്തുകയാണ് കൃപ. സമാധാനം കൃപയുടെ ഫലമാണ്. ദൈവവും മനുഷ്യരും തമ്മിലും, മനുഷ്യര്‍ തമ്മില്‍ തമ്മിലും, മനുഷ്യനു തന്നോടുതന്നെയും ഉള്ള ഐക്യമാണ് സമാധാനം എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്. "ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം" (ലൂക്കാ 2:14). കൃപയുടെ ഉറവിടമായി മൂന്നു നാമങ്ങള്‍ യോഹന്നാന്‍ എടുത്തുകാട്ടുന്നു. "ആയിരിക്കുന്നവനും, ആയിരുന്നവനും വരാനിരിക്കുന്നവനും" എന്ന വിവരണം ദൈവം മോശയ്ക്കു വെളിപ്പെടുത്തിയ യാഹ്‌വേ എന്ന നാമത്തിന്‍റെ (പുറ 3:14-15; 6:3-4) വ്യാഖ്യാനമാണ്. നിത്യനായ ദൈവം എന്ന അര്‍ത്ഥമാണ് ഈ പ്രയോഗത്തിനുള്ളത്. കാലത്തിനതീതനാണ് ദൈവം; കാലത്തിന്‍റെ അധിപനുമാണവന്‍. ഭൂതവും ഭാവിയുമില്ലാത്ത നിത്യതയുടെ ഒരു നിമിഷമാണ് ദൈവത്തിന്‍റെ സമയം. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ദൈവം തന്‍റെ നാമം വെളിപ്പെടുത്തിയത്. മതപീഡനത്തിനിരയാകുന്ന സഭകള്‍ക്കു മോചനം ആസന്നമായിരിക്കുന്നു എന്ന് പുറപ്പാടു സംഭവവുമായുള്ള ഈ ബന്ധം സൂചിപ്പിക്കുന്നു. പഴയനിയമത്തില്‍ യാഹ്വേ എന്ന പേരില്‍ സ്വയം വെളിപ്പെടുത്തിയ ദൈവംതന്നെയാണ് ഇവിടെ സഭകള്‍ക്കു കൃപയും സമാധാനവും നല്കുന്നത്.

സപ്താത്മാക്കള്‍ എന്ന പ്രയോഗത്തെക്കുറിച്ച് വ്യാഖ്യാതാക്കളുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ചിലര്‍ കരുതുന്നു; മറ്റു ചിലരാകട്ടെ ദൈവസന്നിധിയില്‍ നിരന്തരം ശുശ്രൂഷ ചെയ്യുന്ന ഏഴു മുഖ്യദൂതന്മാരാണ് (വെളി 8:2: തോബി 12:15) വിവക്ഷിക്കപ്പെടുന്നത് എന്നു വാദിക്കുന്നു. ഏഴ് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നതിനാല്‍ സപ്താത്മാക്കള്‍ ആത്മാവിന്‍റെ പൂര്‍ണ്ണത എന്ന അര്‍ത്ഥമാണു നല്കുക. നിത്യനായ ദൈവത്തോടും യേശുക്രിസ്തുവിനോടും ഒപ്പം കൃപയുടെ ഉറവിടമായി മാലാഖമാരെ അവതരിപ്പിക്കുന്നു എന്നു കരുതുക പ്രയാസമാണ്. അതിനാല്‍ ആദ്യത്തെ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യം. സപ്തദാനങ്ങളുടെ ദാതാവിനെ (ഏശ 11:2-3) സപ്താത്മാക്കള്‍ എന്നു വിളിച്ചിരിക്കുന്നതാവണം. "സപ്താത്മാക്കള്‍"  എന്ന പദപ്രയോഗം രണ്ടുതവണകൂടി വെളിപാടു ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (3:1; 4:5). ഇതില്‍ രണ്ടാമത്തേത് സപ്താത്മാക്കളെ ദൈവസിംഹാസനത്തിനുമുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. തീനാവുകളുടെ രൂപത്തില്‍ അപ്പസ്തോലന്മാരുടെമേല്‍ ആവസിച്ച പരിശുദ്ധാത്മാവിനെ (അപ്പ 2:3) അനുസ്മരിപ്പിക്കുന്നതാണിത്.

1:5, യേശുക്രിസ്തു ആരെന്നു വ്യക്തമാക്കുന്ന മൂന്നുവിശേഷണങ്ങള്‍ അഥവാ പദവിപ്പേരുകള്‍ നല്കിയിരിക്കുന്നു. അവന്‍റെ മരണവും ഉത്ഥാനവുമായി ബന്ധപ്പെട്ടതാണ് ഇവ മൂന്നും. ഒന്ന് മറ്റൊന്നിനു നിദാനം എന്ന വിധത്തിലാണ് ഈ വിശേഷണങ്ങള്‍ നിലകൊള്ളുന്നത്. 1. വിശ്വസ്തസാക്ഷി : മരണംവരെ പിതാവിനോടും നമ്മോടും വിശ്വസ്തത പാലിച്ചവനാണ് വിശ്വസ്തസാക്ഷി 2. മൃതരില്‍നിന്നുള്ള ആദ്യജാതന്‍ : യേശുവിന്‍റെ മരണത്തോടെ ലോകത്തിന്മേലുള്ള പാപത്തിന്‍റെ ആധിപത്യം അവസാനിച്ചു. അവന്‍റെ പുനരുത്ഥാനത്തില്‍ പുതുയുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു. അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പുനരുത്ഥാനവും ജീവനും ലഭ്യമാകുന്നു. അവനെപ്പോലെ മരണംവരെ വിശ്വസ്തത പാലിക്കുന്നവര്‍ അവന്‍റെ പുനരുത്ഥാനത്തില്‍ പങ്കുചേരും (കൊളോ 1:18; 1 കോറി 15:20; റോമ 6:5). 3. ഭൂമിയിലെ രാജാക്കന്മാരുടെ അധിപന്‍ : മരണവും ഉത്ഥാനവുംവഴി പിതാവില്‍നിന്ന് സര്‍വ്വ അധികാരവും സ്വീകരിച്ചിരിക്കുന്ന യേശു സകല രാജാക്കന്മാരുടെയും അധിപനാണ്. ഈ വിശ്വാസപ്രഖ്യാപനം റോമാചക്രവര്‍ത്തിയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നു. ക്രിസ്തുവിന്‍റെ സഭയെ പീഡിപ്പിക്കുന്ന സാമ്രാജ്യശക്തികളും ക്രിസ്തുവിന്‍റെ ആധിപത്യത്തിന്‍ കീഴിലാണ്. ഈ വിശ്വാസം പീഡിതര്‍ക്കു പ്രത്യാശയും ധൈര്യവും പ്രദാനം ചെയ്യുന്നു. "ഞാന്‍ അവനെ എന്‍റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനും ആക്കും" (സങ്കീ 89:27) എന്ന സങ്കീര്‍ത്തനഭാഗത്തിന്‍റെ സ്വാധീനം ഈ വാക്യത്തില്‍ കാണാം.

അടുത്തതായി, യേശുക്രിസ്തു നമുക്കുവേണ്ടി പൂര്‍ത്തിയാക്കിയ രക്ഷാകര്‍മ്മത്തിലേക്ക് യോഹന്നാന്‍ ശ്രദ്ധതിരിക്കുന്നു. അവന്‍ നമ്മെ സ്നേഹിക്കുകയും തന്‍റെ രക്തത്താല്‍ നമ്മെ നമ്മുടെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു.  നമ്മുടെ അര്‍ഹതയെ പരിഗണിച്ചല്ല അനന്തമായ സ്നേഹത്താല്‍ പ്രേരിതനായാണ് യേശുക്രിസ്തു നമ്മെ മോചിപ്പിച്ചത്. യേശുവിനു നമ്മോടുള്ള സ്നേഹത്തിന്‍റെ പാരമ്യം പ്രകടമാക്കുന്നതാണ് കുരിശുമരണം. യേശുവിന്‍റെ രക്തത്താല്‍ നാം മോചിപ്പിക്കപ്പെട്ടു എന്നത് പുതിയനിയമത്തിലുടനീളം പ്രതിധ്വനിക്കുന്ന വിശ്വാസസത്യമാണ് (മര്‍ക്കോ 10:45; അപ്പ 20:28; റോമാ 5:9; എഫേ 1:7; ഹെബ്രാ 9:14; 1 യോഹ 1:7). സംഹാരദൂതനില്‍നിന്നു രക്ഷയും ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചനവും നല്കിയ പെസഹാ കുഞ്ഞാടിന്‍റെ പ്രതീകം യേശുവില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നു.

സ്നേഹിക്കുകയും മോചിപ്പിക്കുകയും ചെയ്തു എന്ന രണ്ടു ക്രിയകളുടെ കാലം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഗ്രീക്കുമൂലത്തില്‍ സ്നേഹിക്കുക എന്നത് വര്‍ത്തമാനകാലവും മോചിപ്പിക്കുക എന്നതു ഭൂതകാലവും ആയി കൊടുത്തിരിക്കുന്നു. യേശുവിന്‍റെ സ്നേഹം എന്നും നിലനില്ക്കുന്നതാണ്. അവന്‍ ഇന്നും എന്നും നമ്മെ സ്നേഹിക്കുന്നു. പാപത്തില്‍നിന്നുള്ള മോചനമാകട്ടെ, എക്കാലത്തേക്കുംവേണ്ടി ഒരിക്കല്‍ പൂര്‍ത്തിയാക്കിയതാണ്. കുരിശുമരണം ഒരിക്കല്‍ മാത്രം സംഭവിച്ചു. ആ ഒറ്റ പ്രവൃത്തിയിലൂടെ മനുഷ്യവര്‍ഗ്ഗം മുഴുവനും എന്നേക്കുമായി മോചിതമായിരിക്കുന്നു.

1:6, യേശു നമ്മെ പാപത്തിന്‍റെ ആധിപത്യത്തില്‍നിന്നു മോചിപ്പിച്ച് ദൈവത്തിന്‍റെ രാജ്യവും പുരോഹിതരും ആക്കി. തനിക്കായി ഒരു രാജ്യം ഒരുക്കാനും പുരോഹിതജനതയെ വാര്‍ത്തെടുക്കാനും ഉള്ള ദൈവികപദ്ധതി പുറപ്പാടു സംഭവത്തില്‍ ആരംഭിച്ചതാണ് (പുറ 19:6). ദൈവത്തിന്‍റെ ഹിതം പൂര്‍ണ്ണമായി അനുസരിക്കുകയും അവിടുത്തെ ഭരണത്തിനു സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന ജനത്തിനു ദൈവം മാത്രമാണ് രാജാവ്. ഇസ്രായേല്‍ ജനം ദൈവത്തിന്‍റെ രാജകീയ ജനമായി സ്വയം കരുതി. ഭാവിയെ സംബന്ധിച്ച ഒരു വാഗ്ദാനമായി ഏശയ്യാ ഇതിനെ അവതരിപ്പിച്ചു (ഏശ 61:6). ആദിമസഭ യഥാര്‍ത്ഥ ഇസ്രായേലും രാജകീയ ജനതയുമായിട്ടാണ് സ്വയം വിശേഷിപ്പിച്ചത് (1 പത്രോ 2:9). പഴയനിമത്തിന്‍റെ കാഴ്ചപ്പാടില്‍ ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥനായി നില്ക്കുന്നവനാണ് പുരോഹിതന്‍. ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ബലികളര്‍പ്പിക്കുകയും ദൈവഹിതം ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത് പുരോഹിതനാണ്. പുരോഹിതനുമാത്രമേ വിശുദ്ധസ്ഥലത്തു പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ യേശുക്രിസ്തുവിന്‍റെ മരണംവഴി എല്ലാവര്‍ക്കും വിശുദ്ധസ്ഥലത്തു പ്രവേശം ലഭ്യമായിരിക്കുന്നു (ഹെബ്രാ 10:19). ലോകജനതകള്‍ക്കു മധ്യേ ക്രിസ്തുവിശ്വാസികള്‍ പുരോഹിതശുശ്രൂഷയര്‍പ്പിക്കുന്നു. ദൈവവചനം പ്രഘോഷിക്കുകയും ദൈവത്തിനു പ്രാര്‍ത്ഥനയുടെയും സ്തുതിയുടെയും ബലികള്‍ അര്‍പ്പിക്കുകയും ചെയ്യുക എല്ലാ ക്രൈസ്തവരുടെയും അവകാശവും കടമയുമാണ്.

തന്‍റെ ദൈവവും പിതാവും ആയവന്‍  എന്നു ദൈവത്തെ വിശേഷിപ്പിക്കുന്നതിലൂടെ യേശുവിന്‍റെ ദൈവത്വം നിഷേധിക്കുകയല്ല, യേശു മനുഷ്യനായി അവതരിച്ച ദൈവപുത്രനാണെന്ന് ഏറ്റുപറയുകയും, പിതാവും പുത്രനും തമ്മിലുള്ള ബന്ധം അടിവരയിട്ടു കാണിക്കുകയുമാണ് യോഹന്നാന്‍ ചെയ്യുന്നത്. യേശുവിന്‍റെ ദൈവമഹത്വത്തെക്കുറിച്ചു വെളിപാടു പുസ്തകത്തില്‍ അനേകം പരാമര്‍ശങ്ങളുണ്ട്.

രക്ഷാകര്‍മ്മത്തിന്‍റെ പേരില്‍ യേശുക്രിസ്തുവിനു സ്തുതിയര്‍പ്പിച്ചുകൊണ്ടാണ് അഭിവാദനം അവസാനിക്കുന്നത്. ആരാധനാ സമൂഹങ്ങളില്‍ ഉയരുന്ന സ്തുതിപ്പുകളെ (doxology) അനുസ്മരിപ്പിക്കുന്നതാണിത്. ഇപ്രകാരമുള്ള സ്തുതിപ്പുകള്‍ വെളിപാടു പുസ്തകത്തില്‍ പലതവണ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടികര്‍മ്മത്തിന്‍റെ പേരില്‍ പിതാവായ ദൈവത്തെയും (4:8-11) രക്ഷാകര്‍മ്മത്തിന്‍റെ പേരില്‍ യേശുക്രിസ്തുവിനെയും (5:9-10) സ്തുതിക്കുന്നു. ദൈവത്തിന്‍റെ മാത്രം വിശേഷണമാണ് മഹത്വം. രണ്ടാമത്തെ വിശേഷണമായ ആധിപത്യം ക്രാത്തോസ് എന്ന ഗ്രീക്കുപദത്തിന്‍റെ വിവര്‍ത്തനമാണ്. അജയ്യവും അപ്രതിരോധ്യവുമായ ദൈവികശക്തിയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. സകലതിനെയും തന്‍റെ കൈപ്പിടിയില്‍ ഒതുക്കുകയും സകലശക്തികളെയും ചൊല്പടിക്കു നിര്‍ത്തുകയും ചെയ്യുന്ന ദൈവത്തിന്‍റെ ശക്തിയാണ് ഇവിടെ വിവക്ഷ. സൃഷ്ടികര്‍മ്മത്തിലും ഈജിപ്തില്‍നിന്നുള്ള മോചനത്തിലും ദൈവം പ്രകടമാക്കിയ ശക്തിയാണിത് (ഏശ 40:26; പ്രഭാ 18:5). ദൈവത്തിന്‍റെ മാത്രം വിശേഷണങ്ങളായ മഹത്വവും ആധിപത്യവും യേശുക്രിസ്തുവിനു നല്കുന്നതിലൂടെ വി.ഗ്രന്ഥകാരന്‍ യേശുവിനെ ദൈവമായി ഏറ്റുപറയുന്നു.

വെളിപാട് 1:7-8, പ്രവാചകവചനം

പീഡിതര്‍ക്കു പ്രത്യാശയും പീഡകര്‍ക്കു താക്കീതും നല്കുന്ന രണ്ടു പ്രവചനങ്ങളോടെ വെളിപാടുഗ്രന്ഥത്തിന്‍റെ ആമുഖം അവസാനിക്കുന്നു. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മതമര്‍ദ്ദനത്താല്‍ തളര്‍ന്നുപോകുന്ന ക്രിസ്തീയ സമൂഹത്തിന്‍റെ മുമ്പില്‍ അതിമനോഹരമായ ഒരു ചിത്രമാണ് വി. ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്. ആദ്യത്തെ പ്രവാചകവചനം ദാനിയേല്‍, സഖറിയാ എന്നീ പഴയനിയമ പ്രവാചകഗ്രന്ഥങ്ങളില്‍ നിന്നെടുത്തതാണ്. രണ്ടാമത്തേതാകട്ടെ ദൈവം നേരിട്ടരുളിച്ചെയ്യുന്ന വചനവും. ലോകത്തിന്‍റെമേല്‍ ഭരണം നടത്തുന്നത് റോമായോ മറ്റേതെങ്കിലും സാമ്രാജ്യശക്തിയോ അല്ല, സര്‍വ്വശക്തനായ ദൈവമാണ് എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതാണ് ഈ പ്രവചനങ്ങള്‍. വെളിപാടു പുസ്തകത്തിന്‍റെ മുഴുവന്‍ രത്നചുരുക്കം ഈ വചനങ്ങളില്‍ കാണാം.

1:7, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ മടങ്ങിവരവിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പീഡിതസമൂഹത്തോട് യോഹന്നാന്‍ പറയുന്നു: "ഇതാ മേഘങ്ങളോടുകൂടെ അവന്‍ വരുന്നു." ദാനിയേല്‍ 7:13-ല്‍ നിന്നെടുത്തതാണ് ഈ വചനഭാഗം. ബാബിലോണ്‍, മേദിയാ, പേര്‍ഷ്യാ, ഗ്രീസ് എന്നീ സാമ്രാജ്യശക്തികളുടെ പതനത്തെ നാലു മൃഗങ്ങളുടെ പ്രതീകങ്ങളിലൂടെ ചിത്രീകരിച്ചതിനുശേഷം അന്തിയോക്കസ് നാലാമന്‍റെ കീഴില്‍ ക്രൂരമായ മതമര്‍ദ്ദനമേല്ക്കുന്ന ഇസ്രായേല്‍ ജനത്തിനു ദൈവം നല്കാന്‍ പോകുന്ന മഹത്വീകരണമാണ് ദാനിയേല്‍ ഏഴാം അധ്യായത്തില്‍ വിവരിക്കുന്നത്. വാനമേഘങ്ങളില്‍ ആഗതനാകുന്ന മനുഷ്യപുത്രന്‍ ദൈവത്തില്‍നിന്നു മഹത്വവും അധികാരവും സ്വീകരിക്കുന്ന ദൈവജനമാണ് എന്ന് ദാനിയേല്‍ വിശദീകരിച്ചു (ദാനി 7:27). വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനമായി പുതിയനിയമം ഇതിനെ കണ്ടു. യേശുവിന്‍റെ തന്നെ വചനങ്ങള്‍ ഈ വ്യാഖ്യാനത്തിന് പിന്തുണയായി നിന്നു (മത്താ 26:64). പുതിയനിയമപാരമ്പര്യത്തിലെ ഈ വ്യാഖ്യാനമാണ് വെളിപാടു ഗ്രന്ഥകാരന്‍ ഒരു പ്രവചനരൂപേണ ഇവിടെ അവതരിപ്പിക്കുന്നത്. ലോകത്തിന്‍റെമേല്‍ വിധി പ്രസ്താവിക്കാന്‍ വരുന്ന യേശുവിനെ മുന്നില്‍കണ്ടുകൊണ്ട് അവന്‍റെ പേരില്‍ പീഡനത്തിനിരയാകുന്ന വിശ്വാസികള്‍ ശക്തിയും ധൈര്യവും ആര്‍ജ്ജിക്കണം.

യേശുവിന്‍റെ ആദ്യത്തെ വരവ് ബലഹീനതയിലായിരുന്നു. പലസ്തീനായില്‍ മാത്രമാണ് അവന്‍ പ്രവര്‍ത്തിച്ചത്. അധികമാരും അവനെ തിരിച്ചറിഞ്ഞില്ല. അധികാരികള്‍ അവനെ തിരസ്കരിക്കുകയയും കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ വരവ് മഹത്വത്തോടെയായിരിക്കും. അപ്പോള്‍ ലോകജനതകള്‍ മുഴുവന്‍ അവനെ കാണും. അവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമത്തില്‍ പീഡനമേല്ക്കുകയും ചെയ്തവര്‍ക്ക് അത് അനന്തമായി ആനന്ദത്തിന്‍റെ നിമിഷമായിരിക്കും. എന്നാല്‍ അവനെ തിരസ്കരിക്കുകയും അവന്‍റെ വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്തവര്‍ക്കാകട്ടെ, ആ ദര്‍ശനം ഭയത്തിനും അനന്തമായ ദുഃഖത്തിനും കാരണമായിത്തീരും.

"അവനെ കുത്തിമുറിവേല്പിച്ചവരും അവനെ കാണും" എന്ന വചനം സഖ 12:10-ല്‍ നിന്നെടുത്തതാണ്. "ഭൂമിയിലെ സകല ഗോത്രങ്ങളും അവനെപ്രതി വിലപിക്കും". എന്നതാകട്ടെ സഖ 12:10-ന്‍റെ സ്വാധീനത്തില്‍ വെളിപാടു ഗ്രന്ഥകാരന്‍ രചിച്ചതാണ്. സഖറിയായുടെ പ്രവചനത്തില്‍ ഈ വാക്യം ജനത്തിന്‍റെ അനുതാപത്തെയും മാനസാന്തരത്തെയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ വെളിപാടു പുസ്തകത്തിലാകട്ടെ ക്രിസ്തുവിനെതിരേ ചെയ്ത അതിക്രമങ്ങളെക്കുറിച്ചുള്ള ബോധ്യവും ഉടനെ നടക്കാന്‍ പോകുന്ന ശിക്ഷാവിധിയില്‍നിന്നുളവാകുന്ന ഭയവും ദുഃഖവുമാണ് സൂചിപ്പിക്കുന്നത്. യോഹ 19:37-ല്‍ സഖറിയായുടെ ഈ പ്രവചനം യേശുവിന്‍റെ തിരുവിലാവു കുത്തിപ്പിളര്‍ന്നതിനെ വ്യാഖ്യാനിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അവിടെ റോമന്‍ പടയാളികളെയാണ് ഉദ്ദേശിക്കുക. എന്നാല്‍ ഇവിടെ പടയാളികളും യഹൂദനേതാക്കന്മാരും മാത്രമല്ല, പാപംവഴി യേശുവിനെ തള്ളിപ്പറയുകയും പീഡിപ്പിക്കുകയും ചെയ്ത സകല ജനതകളും കഠിന ദുഃഖത്തിലാഴ്ത്തപ്പെടുന്നു. എന്നാല്‍ അന്തിമവിധിക്കായി വരുന്ന മനുഷ്യപുത്രന്‍റെ മുമ്പിലുള്ള ഈ ദുഃഖം രക്ഷാകരമല്ല.

അതേ, ആമ്മേന്‍ എന്ന വാക്കുകളില്‍ ആദ്യത്തേത് ഗ്രീക്കും രണ്ടാമത്തേതു ഹീബ്രുവുമാണ്. രണ്ടിന്‍റെയും അര്‍ത്ഥം ഒന്നുതന്നെ. പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ വാക്കുകള്‍, ഇതിനു മാറ്റമില്ല.

1:8, ദൈവം തന്നെയാണ് ഇവിടെ സംസാരിക്കുന്നത്. ദൈവത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ വചനം. പുറ 3:14; ഏശ 41:4; ആമോ 4:13 എന്നീ പഴയനിയമ ഭാഗങ്ങളുടെ സ്വാധീനം ഈ വാക്യത്തില്‍ ദൃശ്യമാണ്. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആല്‍ഫ; ഒമേഗാ അവസാനത്തേതും. ആരംഭവും അവസാനവും എന്ന് ഇത് അര്‍ത്ഥമാക്കുന്നു. എല്ലാറ്റിന്‍റെയും ആരംഭവും ലക്ഷ്യവുമായവനാണ് ദൈവമായ കര്‍ത്താവ്. ഇതേ വിശേഷണം ഗ്രന്ഥത്തിന്‍റെ അവസാനത്തില്‍ (വെളി 22:13) യേശുക്രിസ്തുവിനു നല്കുന്നതിലൂടെ യേശുവിന്‍റെ ദൈവത്വം ഗ്രന്ഥകാരന്‍ ഏറ്റുപറയുന്നു. നിത്യനായ ദൈവം (വെളി 1:4) സര്‍വ്വശക്തനാണ്. പന്തോക്രാത്തോര്‍ എന്ന ഗ്രീക്കു പദമാണ് സര്‍വ്വശക്തന്‍ എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ പദം പുതിയ നിയമത്തില്‍ ആകെ പത്തു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. 2 കോറി 6:18 ഒഴികെ ബാക്കി ഒമ്പതു തവണയും വെളിപാടു പുസ്തകത്തില്‍തന്നെയാണ് (വെളി. 1:8; 4:8; 11:17; 15:3; 16:7.14; 19:6.15; 21:22). സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം എന്ന് പഴയനിമയത്തില്‍ നല്കുന്ന വിശേഷണം തന്നെയാണിത്. സര്‍വ്വചരാചരങ്ങളും സൃഷ്ടമായ സകലതും അവന്‍ തന്‍റെ ചൊല്പടിക്കു നിര്‍ത്തുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും സകല സാമ്രാജ്യശക്തികളും എന്നല്ല, പ്രപഞ്ചശക്തികള്‍ മുഴുവന്‍ ആരുടെ അധികാരത്തിന്‍ കീഴിലായിരിക്കുന്നുവോ അവനാണ് സര്‍വ്വശക്തന്‍; അവനാണ് ദൈവമായ കര്‍ത്താവ്. ഇപ്രകാരം ശക്തനായ ഒരധികാരിയുടെ സംരക്ഷണമുള്ളവന്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് യോഹന്നാന്‍ തന്‍റെ സഹോദരങ്ങളെ അനുസ്മരിപ്പിക്കുന്നു.

വിചിന്തനം: ദൈവത്തിന്‍റെ വചനം ജീവദായകമാണ്. അത് നമുക്ക് പ്രത്യാശയും സന്തോഷവും പ്രദാനം ചെയ്യുന്നു. വചനം വായിച്ചാല്‍ മാത്രം പോരാ, അതനുസരിച്ച് ജീവിക്കുകയും വേണം.

ലോകത്തെയും നമ്മുടെ ജീവിതത്തെയും പതിവില്‍നിന്ന് വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ കാണാനും വിലയിരുത്താനും ദൈവവചനം നമ്മെ പ്രേരിപ്പിക്കും. ഏറ്റുപറഞ്ഞ ക്രിസ്തീയ വിശ്വാസത്തിന്‍റെ പേരില്‍ നാടുകടത്തപ്പെടുകയും തടവില്‍ ആവുകയും ചെയ്ത യോഹന്നാനാണ് ചരിത്രത്തിലെ ദൈവികസാന്നിധ്യത്തെയും ചരിത്ര സംഭവങ്ങളില്‍ ദൈവത്തിന്‍റെ പ്രവൃത്തികളെയും തിരിച്ചറിയാന്‍ കഴിഞ്ഞത്. ചരിത്രത്തെ നയിക്കുന്നത് ദൈവമാണ്. അതിനാല്‍ പീഡനങ്ങള്‍ നേരിടുമ്പോഴും ക്രിസ്തുവിശ്വാസികള്‍ക്ക് ഭയം വേണ്ട.

വെളിപാട് 1:9-20, പ്രവാചക ദൗത്യദര്‍ശനം

മഹത്വീകൃതനായ യേശുക്രിസ്തു ഏഷ്യയിലെ ഏഴു സഭകള്‍ക്കു നല്കുന്ന സന്ദേശമാണ് വെളിപാടുപുസ്തകത്തിന്‍റെ ഒന്നാം ഭാഗത്തു പ്രതിപാദിക്കുന്നത്. പേരെടുത്തു പറയുന്ന ഏഴു പ്രാദേശിക സഭകളെ മാത്രമല്ല, ആഗോളസഭയെ മുഴുവന്‍ ലക്ഷ്യമാക്കിയുള്ളതാണ് ഈ സന്ദേശം എന്നതില്‍ സംശയമില്ല. ഇടയലേഖനങ്ങളുടെ ശൈലിയില്‍ എഴുതിയിരിക്കുന്ന ഈ ഭാഗം ഒരു ദര്‍ശനത്തോടെ ആരംഭിക്കുന്നു. യേശുക്രിസ്തു തന്‍റെ ദാസനായ യോഹന്നാനെ പ്രവാചകദൗത്യം ഏല്പിക്കുന്നതാണ് ഈ പ്രാരംഭ ദര്‍ശനം. പഴയനിയമ പ്രവാചകന്മാര്‍ക്കു ലഭിച്ച വിളിയോട് ഈ ദര്‍ശനത്തിന് ഏറെ സാമ്യമുണ്ട് (ഏശ 6:1-13; എസെ 1-3). ദര്‍ശനം ലഭിച്ച ആളിന്‍റെ അവസ്ഥ, സ്ഥലകാല സാഹചര്യങ്ങള്‍, ഏല്പിക്കപ്പെടുന്ന ദൗത്യം, ദൗത്യം ഏല്പിക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം എന്നിവയാണ് ഈ വാക്യങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നത്.

വെളിപാട് 2:1-3:22, സഭകള്‍ക്കുള്ള ലേഖനങ്ങള്‍

ഏഷ്യയിലെ ഏഴു സഭകള്‍ക്കുള്ള ലേഖനങ്ങളായിട്ടാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും പുതിയനിയമത്തിലെ ഇതരലേഖനങ്ങളില്‍നിന്നും ഇവയ്ക്ക് ഏറെ വ്യത്യാസമുണ്ട്. ലേഖനങ്ങളില്‍ പതിവായി കാണുന്ന അഭിവാദനങ്ങളോ ആശംസകളോ സമാപനാശീര്‍വ്വാദങ്ങളോ ഇവയിലില്ല. മറിച്ച്, പഴയനിയമത്തിലെ പ്രവാചകന്മാരുടെ പ്രഘോഷണങ്ങളോട്  ഈ ലേഖനങ്ങള്‍ക്ക് ഏറെ സാമ്യമുണ്ട്. ലേഖനരൂപത്തിലെഴുതിയ പ്രവചനങ്ങളാണിവ. സഭകളെക്കുറിച്ചുള്ള ക്രിസ്തുനാഥന്‍റെ വിലയിരുത്തലും വിമര്‍ശനങ്ങളും ശാസനകളും പ്രോത്സാഹനങ്ങളും ആണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.

ലേഖനങ്ങള്‍ക്കെല്ലാം പൊതുവായ ഒരു ഘടനയുണ്ട്.
  1. ഓരോ സഭയ്ക്കും എഴുതാനുള്ള കല്പന
  2. മനുഷ്യപുത്രദര്‍ശനത്തിലെ ഏതെങ്കിലും ഒരു ഘടകം
  3. സഭയുടെ നേട്ടങ്ങളെ എടുത്തുകാട്ടി നല്കുന്ന പ്രശംസ
  4. വീഴ്ചകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടി ശാസന
  5. മാനസാന്തരത്തിന് ആഹ്വാനം - ഉറച്ചുനില്ക്കാന്‍ പ്രചോദനം
  6. ശിക്ഷയുടെ മുന്നറിയിപ്പ്
  7. യുഗാന്തോന്മുഖമായ വാഗ്ദാനം (20-22 അധ്യായങ്ങളില്‍ ഇവയുടെ പൂര്‍ത്തീകരണം രേഖപ്പെടുത്തിയിട്ടുണ്ട്)
  8. ആത്മാവിന്‍റെ സന്ദേശം ശ്രവിക്കാന്‍ ആഹ്വാനം.

സന്ദേശം ആര്‍ക്ക് ആര്‍ അയയ്ക്കുന്നു എന്നു പറഞ്ഞതിനുശേഷം ഞാന്‍ അറിയുന്നു എന്ന മുഖവുരയുമായിട്ടാണ് വിലയിരുത്തല്‍ ആരംഭിക്കുന്നത്. എല്ലാം അറിയുന്നവന്‍ സഭയെ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കുന്നു. രണ്ടു സഭകള്‍ക്ക് (സ്മിര്‍ണ, ഫിലാദെല്‍ഫിയാ) ശകാരമൊന്നും ലഭിക്കുന്നില്ല. മറ്റു രണ്ടു സഭകള്‍ക്കാകട്ടെ (സാര്‍ദിസ്, ലാവോദിക്യാ) ശകാരമേ കിട്ടുന്നുള്ളൂ. സഭകളെയും വ്യക്തികളെയും ഉള്ളില്‍നിന്നു കാണുന്ന ക്രിസ്തുനാഥനാണ് ഇവിടെ സംസാരിക്കുന്നത്. ഓരോ സഭയ്ക്കും നല്കുന്ന സന്ദേശങ്ങള്‍ എല്ലാംകൂടി ഒരുമിച്ചു പരിഗണിക്കുമ്പോള്‍ ആഗോളസഭയുടെ ചിത്രമാണ് ലഭിക്കുക. ഓരോ പ്രാദേശിക സഭയ്ക്കും ഓരോ വ്യക്തിക്കും ക്രിസ്തുവിന്‍റെ മുമ്പിലുള്ള തന്‍റെ അവസ്ഥ മനസ്സിലാക്കാനുതകുന്ന മുഖക്കണ്ണാടിയായി ഈ ലേഖനങ്ങളെ കാണാവുന്നതാണ്.

വെളിപാട് 2:1-7, എഫേസോസിലെ സഭയ്ക്ക്

ഏഴു ലേഖനങ്ങളില്‍ ആദ്യത്തേത് എഫേസോസിലെ സഭയ്ക്കാണ് എഴുതുന്നത് (വാ. 1). റോമാസാമ്രാജ്യത്തിന്‍റെ പശ്ചിമ-പൗരസ്ത്യ ഭാഗങ്ങള്‍ക്ക് മധ്യേ നില്ക്കുന്ന ഏറ്റം പ്രധാനപ്പെട്ട തുറമുഖ നഗരമായിരുന്നു എഫേസോസ്. ഏഷ്യയിലെ പ്രമുഖ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജപാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. പ്രമുഖ വാണിജ്യകേന്ദ്രം, തീര്‍ത്ഥാടനകേന്ദ്രം, എന്നിങ്ങനെയുള്ള ബഹുമതികള്‍ എഫേസോസിനുണ്ടായിരുന്നു. 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഏഷ്യയിലെ  ഏറ്റവും വലിയ ആംഫിതിയേറ്ററും എഫേസോസില്‍തന്നെ ആയിരുന്നു. ഇതിനേക്കാള്‍ എല്ലാം ഉപരി എഫേസോസിനെ ലോകപ്രസിദ്ധമാക്കിയത് ഗ്രീക്കില്‍ അര്‍ത്തേമിസ് എന്നും ലത്തീനില്‍ ഡയാന എന്നും അറിയപ്പെടുന്ന ഫലപുഷ്ടിയുടെ ദേവതയുടെ ക്ഷേത്രമാണ്. ബി.സി. 356-ല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ജനിച്ച ദിവസം ഈ ക്ഷേത്രം അഗ്നിക്കിരയായി. പുതുക്കിപ്പണിത ക്ഷേത്രം പുരാതനകാലത്തെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. രോഗശാന്തിയും സന്താനലബ്ധിയും അതുപോലുള്ള മറ്റ് അനുഗ്രഹങ്ങളും തേടി പതിനായിരങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും അവിടെ വന്നിരുന്നു. ഫലപുഷ്ടിയുടെ ദേവതയ്ക്കുള്ള ആരാധനയുമായി ബന്ധപ്പെട്ട് ലൈംഗികരാജകത്വം നടമാടിയിരുന്നതിനാലും എല്ലാത്തരം കുറ്റവാളികള്‍ക്കും ക്ഷേത്രം അഭയം നല്കിയിരുന്നതിനാലും ധാര്‍മ്മികാധഃപതനത്തിന്‍റെ ഉറവിടമായും ഈ ക്ഷേത്രം പരിണമിച്ചു.

വി. പൗലോസ് മൂന്നു വര്‍ഷത്തിലേറെ ഇവിടെ താമസിച്ച് സുവിശേഷം പ്രസംഗിച്ചു (അപ്പ 19). തദ്ഫലമായി അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. ലോകപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന എഫേസോസിലെ മാന്ത്രികച്ചുരുളുകള്‍ കെട്ടുകണക്കിനു കത്തിച്ചതും (അപ്പ 19:19) ജോലി നഷ്ടപ്പെട്ട വിഗ്രഹനിര്‍മ്മാതാക്കള്‍ പൗലോസിനെതിരേ ജനങ്ങളെ ഇളക്കിവിട്ടതും (അപ്പ 19:23-31) സുവിശേഷപ്രഘോഷണത്തിന്‍റെ വിജയത്തിനു തെളിവാണ്. തിമോത്തേയോസ് എഫേസോസിലെ പ്രഥമമെത്രാനായിരുന്നു (1 തിമോ 1:3). വി. യോഹന്നാന്‍, പരിശുദ്ധ കന്യകാമറിയത്തോടൊപ്പം, ദീര്‍ഘകാലം എഫേസോസില്‍ താമസിച്ചിരുന്നതായി പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഏഷ്യാപ്രവിശ്യയിലെ സഭകളില്‍ ഏറ്റം പ്രധാനപ്പെട്ടതായിരുന്നു എഫേസോസിലെ സഭ. ഒരു അതിരൂപതയുടെ സ്ഥാനമാണ് ഇതിനുണ്ടായിരുന്നത്.

മനുഷ്യപുത്രദര്‍ശനത്തില്‍ നിന്നെടുത്ത (1:13-16) രണ്ടു വിശേഷണങ്ങളാണ് യേശുക്രിസ്തുവിനു നല്കിയിരിക്കുന്നത്. ഏഷ്യയിലെ സഭകളില്‍ എഫേസോസിനുള്ള പ്രത്യേകസ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഈ വിശേഷണങ്ങള്‍. "സപ്തതാരങ്ങള്‍ കൈയില്‍ വഹിക്കുന്നവന്‍ " എല്ലാ സഭകളെയും ഒരുപോലെ സ്നേഹിച്ചു പരിപാലിക്കുന്നവനാണ്. "സപ്തദീപപീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന്‍ " ആഗോളസഭയില്‍ നിരന്തരം സന്നിഹിതനും പ്രവര്‍ത്തനനിരതനുമാണ്. എല്ലാ പ്രാദേശിക സഭകളെയും വിശ്വാസികളെയും നേരിട്ട് അറിയുകയും കാത്തു പരിപാലിക്കുകയും ചെയ്യുന്ന ക്രിസ്തുവാണ് ഏഷ്യയിലെ സഭകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന എഫേസോസിലെ സഭയോടു സംസാരിക്കുന്നത്.

2:2, സഭയുടെ ക്ലേശങ്ങളും ദുഃഖങ്ങളും പ്രശ്നങ്ങളും നന്നായി അറിയാവുന്നവനാണ് ക്രിസ്തു. നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു എന്ന മുഖവുരയുമായാണ് എല്ലാ സഭകള്‍ക്കുമുള്ള സന്ദേശം ആരംഭിക്കുന്നത്. പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് തുടര്‍ന്ന് വിശദീകരിക്കുന്നു. പ്രയത്നങ്ങള്‍ സുവിശേഷ പ്രഘോഷണത്തിനായുള്ള കഠിനാധ്വാനമാണ്. വി.പൗലോസില്‍ നിന്നു ലഭിച്ച മാതൃക (അപ്പ 20:17-35) അവര്‍ കണിശമായി അനുകരിച്ചു. പീഡനങ്ങള്‍ വകവയ്ക്കാതെ യേശുവിന്‍റെ ആഹ്വാനം അനുസരിച്ച് (മത്താ 10:22; ലൂക്കാ 21:19) അവര്‍ വിശ്വാസത്തില്‍ ക്ഷമാപൂര്‍വ്വം ഉറച്ചു നിന്നു. ദുഷ്ടന്മാരോടുള്ള അസഹിഷ്ണുതയാണ് പ്രശംസയ്ക്കു കാരണമാകുന്ന മൂന്നാമത്തെ കാര്യം. ദുഷ്ടന്മാരെ നിനക്കു സഹിക്കാനാവില്ല എന്നാണ് വാച്യാര്‍ത്ഥം.

ചുറ്റിനടന്നു സുവിശേഷം പ്രസംഗിക്കുന്ന ശിഷ്യന്മാര്‍ ആദിമസഭയില്‍ ഏറെയുണ്ടായിരുന്നു. അവരില്‍ പലരും അപ്പസ്തോലന്മാര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്നു (റോമാ 16:7; 1 കോറി 4:9). ഏതെങ്കിലും അപ്പസ്തോലന്‍റെയോ അപ്പസ്തോലനാല്‍ സ്ഥാപിതമായ സഭയുടെയോ പ്രതിനിധികള്‍ എന്ന നിലയില്‍ ഇവര്‍ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു. ഇവര്‍ക്കു പ്രാദേശികസഭകളില്‍ വലിയ സ്ഥാനവും സ്വാധീനവും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഒരുപോലെ ക്രിസ്തുവിന്‍റെ സുവിശേഷത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നില്ല. ജറുസലെമിലെ യഹൂദതീവ്രവാദികളായ ചില ശിഷ്യന്മാര്‍ വി.പൗലോസ് സ്ഥാപിച്ച സഭകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിന്‍റെ ഉദാഹരണങ്ങള്‍ ഏറെയുണ്ട് (ഗലാ 1:6-9; 5:7-12). ഇക്കൂട്ടര്‍ ക്രിസ്തുശിഷ്യന്മാരെ വഴിതെറ്റിക്കുന്ന കപട അപ്പസ്തോലന്മാരാണ്. യഥാര്‍ത്ഥമായ അപ്പസ്തോലിക പാരമ്പര്യത്തിനു വിരുദ്ധമായ പഠനങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരക്കാരെക്കുറിച്ച് വി.പൗലോസ് തന്നെ എഫേസോസിലെ ശ്രേഷ്ഠന്മാര്‍ക്കു മുന്നറിയിപ്പു നല്കിയിരുന്നു (അപ്പ 20:29-30).

സുവിശേഷപ്രഘോഷകരുടെ പഠനവും ജീവിതവും ക്രിസ്തുവിന്‍റെ പഠനത്തിനും അപ്പസ്തോലന്മാരുടെ സാക്ഷ്യത്തിനും നിരക്കുന്നതാണോ എന്നു പരിശോധിച്ചറിയണം. ഫലത്തില്‍നിന്നു വൃക്ഷത്തെ അറിയാന്‍ നാഥന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട് (മത്താ 7:15-20). അപ്പസ്തോലന്മാര്‍ എന്നവകാശപ്പെടുന്നവരെ പരീക്ഷിച്ചറിയാന്‍ വേറേയും മാര്‍ഗ്ഗങ്ങള്‍ അപ്പസ്തോലന്മാര്‍തന്നെ നല്കിയിട്ടുണ്ട് (1 യോഹ 4:1-3; 1 കോറി 14:29). എഫേസോസിലെ സഭ ഇപ്രകാരമുള്ള പരിശോധനകള്‍ നടത്തുകയും കപട അപ്പസ്തോലന്മാരെ തിരിച്ചറിഞ്ഞ് തള്ളിപ്പറയുകയും ചെയ്തതിന്‍റെ പേരില്‍ നാഥന്‍ അവരെ  പ്രശംസിക്കുന്നു.

2:3, തന്നെപ്രതി സഹിക്കേണ്ടി വന്ന ക്ലേശങ്ങളെ എടുത്തുകാട്ടി നാഥന്‍ സഭയെ വീണ്ടും പ്രശംസിക്കുന്നു. പീഡനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ് ആ സഭയുടെ സഹനശക്തി. ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍നിന്ന് തന്നെ വ്യതിചലിപ്പിക്കാന്‍ ഒന്നിനും കഴിയാത്തവണ്ണം അത്ര ഉറപ്പുള്ളതാണ് എഫേസോസിലെ സഭയുടെ വിശ്വാസം.

2:4, പ്രശംസയ്ക്കുശേഷം ശക്തമായ ശകാരവും വ്യക്തമായ താക്കീതും നല്കുന്നു. ആദ്യമുണ്ടായിരുന്ന സ്നേഹം കൈവെടിഞ്ഞു എന്നതാണ് എഫേസോസിലെ സഭയ്ക്കെതിരേയുള്ള ആരോപണം. വിശ്വാസത്തിന്‍റെ തനിമ കാത്തുസൂക്ഷിക്കാനും വിശ്വാസവിരുദ്ധരെ തിരഞ്ഞുപിടിച്ച് പുറത്താക്കാനുമുള്ള ശ്രമത്തില്‍ സഭയ്ക്ക് നഷ്ടപ്പെട്ടത് സ്നേഹമാണ്. സുവിശേഷം സ്വീകരിച്ച ആദ്യനാളുകളില്‍ സഹോദരങ്ങള്‍ തമ്മില്‍ പ്രകടമായിരുന്ന ഊഷ്മളമായ സ്നേഹബന്ധം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ ബാഹ്യമായ പ്രകടനമായിരുന്നു. ഇപ്പോള്‍ അതിന്‍റെ സ്ഥാനത്ത് അവശേഷിച്ചിരിക്കുന്നത് ചേരിതിരിവും കക്ഷിമാത്സര്യങ്ങളുമാണ്. സഭയ്ക്കുള്ളിലെ അനൈക്യം അപ്പസ്തോലന്മാരുടെ കാലത്തുതന്നെ വലിയൊരു പ്രശ്നമായിരുന്നു (1 കോറി 1:10-13). സത്യങ്ങളും തത്വസംഹിതകളും സ്നേഹത്തിന്‍റെ അഭാവത്തില്‍ അപകടകാരികളായിത്തീരുന്നു. മതങ്ങള്‍ക്കുള്ളില്‍ത്തന്നെ നടക്കുന്ന ക്രൂരമായ പീഡനങ്ങളും മത്സരങ്ങളും ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ്.

2:5, മൂന്നു കാര്യങ്ങളാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. 1. ഓര്‍മ്മിക്കുക 2. മനസ്സു തിരിയുക  3. പ്രവര്‍ത്തിക്കുക. ക്രിസ്തുവിനെ അറിഞ്ഞ് അവനോടൊത്തു നടക്കാന്‍ തുടങ്ങിയ ആദ്യകാലത്തെ ഓര്‍മ്മിക്കുക. അതും ഇപ്പോഴത്തെ അവസ്ഥയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ താന്‍ കര്‍ത്താവില്‍നിന്ന് എത്രമാത്രം അകന്നുപോയിരിക്കുന്നു എന്ന് ഗ്രഹിക്കാനാവും. ധൂര്‍ത്തപുത്രന്‍റെ ജീവിതപരിവര്‍ത്തനം ആരംഭിക്കുന്നത് പിതാവിന്‍റെ സ്നേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് (ലൂക്കാ 15:17). ഈ അനുസ്മരണം മാനസാന്തരത്തിലേക്കു നയിക്കണം. മാനസാന്തരം മുഖ്യമായും രണ്ടു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ദുഃഖം. ഇതിനെയാണ് അനുതാപം എന്നു വിളിക്കുന്നത്. 2. ജീവിത നവീകരണത്തിനുള്ള തീരുമാനം. മനോഭാവത്തില്‍ വരുത്തേണ്ട സമൂലപരിവര്‍ത്തനമാണ് മാനസാന്തരം. ഇതു ചിന്തയുടെയും വികാരങ്ങളുടെയും തലങ്ങളില്‍ ഒതുങ്ങി നില്ക്കാതെ അനുദിനജീവിത്തില്‍ പ്രകടമാകണം. അതിനാലാണ് ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക എന്ന് ആവശ്യപ്പെടുന്നത്. "മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍" (ലൂക്കാ 3:8) എന്ന ആഹ്വാനം എല്ലാ പ്രവാചകന്മാരും ആവര്‍ത്തിച്ചിരുന്നു. ധൂര്‍ത്തപുത്രന്‍റെ മടങ്ങിവരവ് മാനസാന്തരത്തിന്‍റെ മകുടോദാഹരണമാണ്.

കര്‍ശനമായ താക്കീത് മാനസാന്തരത്തിനുള്ള ആഹ്വാനത്തിന് അടിയന്തിരസ്വഭാവം നല്കുന്നു, മാനസാന്തരത്തിനു തയ്യാറല്ലെങ്കില്‍ ക്രിസ്തുവിന്‍റെ സഭ എന്ന സ്ഥാനം തന്നെ എഫേസോസിനു നഷ്ടപ്പെടും എന്ന മുന്നറിയിപ്പാണ് ക്രിസ്തു നല്കുന്നത്. സ്നേഹമില്ലാത്ത സമൂഹം ക്രിസ്തുവിന്‍റെ സഭയല്ല. ക്രിസ്തുവിന്‍റെ സ്നേഹം സഹോദര സ്നേഹത്തിലൂടെ ജ്വലിച്ചു നില്ക്കുന്ന ദീപമല്ലെങ്കില്‍ പിന്നെ ദീപപീഠം അര്‍ത്ഥശൂന്യമാണ്. കെട്ടുപോയ വിളക്കു കത്തിക്കുക, അല്ലെങ്കില്‍ വിളക്കു തന്നെ എടുത്തു മാറ്റപ്പെടും എന്ന താക്കീത് വലിയൊരു ഭീഷണിയാണ്.

2:6, താക്കീതിനുശേഷം വീണ്ടും പ്രശംസാവചനം. നിക്കൊളാവോസ് പക്ഷക്കാരോടുള്ള വെറുപ്പാണ് ഇവിടെ പ്രശംസക്കു കാരണമാകുന്നത്. പെര്‍ഗാമോസിലെ സഭയ്ക്കുള്ള ലേഖനത്തില്‍ ഇക്കൂട്ടര്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. എഫേസോസ് അവരെ പുറന്തള്ളിയപ്പോള്‍ പെര്‍ഗാമോസിലെ ചിലര്‍ അവരെ സ്വീകരിക്കാന്‍ സന്നദ്ധരായി. ക്രിസ്തുമതം നിര്‍ദ്ദേശിക്കുന്ന കര്‍ശനമായ ജീവിതനിഷ്ഠയ്ക്കുപകരം പേഗന്‍ മതങ്ങളുടെ അയഞ്ഞ ജീവിതശൈലി സ്വീകരിക്കാനും വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പും വഴി എല്ലാവരോടും പൊരുത്തപ്പെട്ടുപോകാനുമുള്ള ആഹ്വാനമായി ഈ സിദ്ധാന്തത്തെ കരുതാം. രാജാരാധനയിലും വിരുന്നു സല്ക്കാരങ്ങളിലും മറ്റും പങ്കുചേര്‍ന്ന് ജനജീവിതത്തിന്‍റെ മുഖ്യധാരയില്‍ ലയിക്കാനുള്ള ഈ പ്രവണത ക്രിസ്തീയതയുടെ തനിമ നഷ്ടപ്പെടുത്തുന്നതാണ്. (ഈ സിദ്ധാന്തത്തെക്കുറിച്ച് പെര്‍ഗാമോസിനുള്ള ലേഖനം അപഗ്രഥിക്കുമ്പോള്‍ വിശദമായി പ്രതിപാദിക്കുന്നതാണ്).

2:7, ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന ആഹ്വാനം ഏഴു ലേഖനങ്ങളുടെയും അവസാനം ആവര്‍ത്തിക്കുന്നു. ഹൃദയം തുറന്നു വചനം ശ്രവിക്കുന്നതിന്‍റെ പ്രധാന്യത്തെ ഊന്നിപ്പറയാന്‍ ഈ പദപ്രയോഗം യേശു അനേകം തവണ ആവര്‍ത്തിച്ചിട്ടുണ്ട് (മത്താ 11:15; 13:9). സഭകളോടു സംസാരിക്കുന്ന ആത്മാവ് ഉത്ഥിതനായ യേശുവിന്‍റെ ആത്മാവാണ് (അപ്പ 16:7). പരിശുദ്ധാത്മാവ് സംസാരിക്കുന്നത് യേശുവിന്‍റെ തന്നെ വാക്കുകളാണ് (യോഹ 16:13-15). യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ മരണംവരെ ഉറച്ചുനില്ക്കുന്നവരാണ് വിജയം വരിക്കുന്നവര്‍. അവര്‍ക്കു സമ്മാനമായി ജീവന്‍റെ വൃക്ഷത്തിന്‍റെ ഫലം വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനം പൂര്‍ത്തിയാവുന്നത് വെളി 22:2-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാപിയായ മനുഷ്യനു നിഷേധിക്കപ്പെട്ട ഈ ഫലം (ഉല്‍പ 3:22-24) യേശുക്രിസ്തുവഴിയാണ് വീണ്ടും ലഭ്യമാകുന്നത്. യഹൂദ റബ്ബിമാര്‍ നിയമത്തെ ജീവന്‍റെ വൃക്ഷമായി കണ്ടു. പുതിയനിയമത്തിലാകട്ടെ യേശുതന്നെയാണ് ജീവന്‍റെ വൃക്ഷം. നിത്യജീവന്‍ പ്രദാനം ചെയ്യുന്നവന്‍ എന്നാണിതിനര്‍ത്ഥം. ഉദ്യാനം എന്നാണ് പറുദീസാ എന്ന പേര്‍ഷ്യന്‍ വാക്കിന്‍റെ മൂലാര്‍ത്ഥം. ഉല്‍പ്പത്തി പുസ്തകത്തില്‍ (ഉല്‍പ 3:8) ദൈവം മനുഷ്യനോടൊത്ത് ഉലാത്താന്‍ വരുന്ന തോട്ടമാണത്. പാപംവഴി മനുഷ്യനു നഷ്ടപ്പെട്ട പറുദീസാ യേശുക്രിസ്തുവഴി വീണ്ടും ലഭ്യമാകുന്നു. ദൈവികസാന്നിദ്ധ്യത്തില്‍നിന്നു സംജാതമാകുന്ന അനന്തമായ സന്തോഷത്തിന്‍റെ അവസ്ഥയാണ് പറുദീസാ.

വിചിന്തനം: സ്വര്‍ഗ്ഗാരോഹണം വഴി യേശു നമ്മില്‍ നിന്നകന്നുപോവുകയല്ല, അദൃശ്യമായ രീതിയില്‍ നമ്മുടെ മധ്യേ പ്രത്യേകവിധത്തില്‍ സന്നിഹിതനാവുകയാണ് ചെയ്തത്. അവന്‍ നമ്മെ കാണുന്നു; പൂര്‍ണമായി അറിയുന്നു. പീഡനങ്ങള്‍ സഹിച്ചും വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും സ്നേഹം നഷ്ടപ്പെടുത്തരുത്. പീഡനങ്ങള്‍ ഒഴിവാക്കാനോ, ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടിയോ വിശ്വാസജീവിതത്തില്‍ മായം ചേര്‍ക്കരുത്; തിന്മയുമായി ഒത്തുതീര്‍പ്പുണ്ടാക്കരുത്. സ്നേഹത്തില്‍ മാന്ദ്യമോ വിശ്വാസത്തില്‍ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അനുതപിച്ച് തിരിച്ചുവരണം.

വെളിപാട് 2:8-11, സ്മിര്‍ണായിലെ സഭയ്ക്ക്

എഫേസോസില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്ക്, ഏജിയന്‍ കടല്‍ത്തീരത്തുള്ള മനോഹരമായൊരു തുറമുഖ നഗരമാണ് സ്മിര്‍ണാ (വാ. 8). ഇന്ന് ഇസ്മിര്‍ എന്നറിയപ്പെടുന്ന ഈ നഗരം ടര്‍ക്കിയിലെ ഏറ്റം പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളിലൊന്നാണ്. ഈ നഗരത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ക്രിസ്തുവിനു നല്കിയിരിക്കുന്ന വിശേഷണങ്ങളും ക്രിസ്തു നല്കുന്ന വാഗ്ദാനവും. ബി.സി. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലീദിയായുടെ രാജാവായ അല്യാറ്റെസ് (Alyttes) ഈ പട്ടണം ആക്രമിച്ചു നശിപ്പിച്ചു. തുടര്‍ന്നു മൂന്നു നൂറ്റാണ്ടിലേറെ ചെറിയ ഒരു പട്ടണമായി കഴിഞ്ഞ സ്മിര്‍ണായെ അതിമനോഹരമായൊരു വന്‍ നഗരമായി പണിതുയര്‍ത്തിയത് അലക്സാണ്ടറിന്‍റെ സേനാധിപന്മാരിലൊരാളായ ലിസിമാക്കസ് ആണ്. ഇതു നഗരത്തിന്‍റെ പുനര്‍ജന്മമായി പരിഗണിക്കപ്പെട്ടു. ഏഷ്യായുടെ കിരീടവും ആഭരണവുമായിട്ടാണ് ചരിത്രകാരന്മാര്‍ ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ഇതിഹാസ കര്‍ത്താവായ ഹോമറിന്‍റെ ജന്മസ്ഥലമാണ് സ്മിര്‍ണാ എന്നു കരുതപ്പെടുന്നു.

റോമാ സാമ്രാജ്യത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയായിരുന്നു സ്മിര്‍ണായുടെ മറ്റൊരു പ്രത്യേകത. ഏഷ്യയില്‍ ആദ്യമായി റോമാ ദേവതയ്ക്കുവേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചത് സ്മിര്‍ണായിലാണ്. അത് ബി.സി. 195-ല്‍ ആയിരുന്നു. തുടര്‍ന്നുണ്ടായ ചരിത്രത്തിന്‍റെ ഗതിവിഗതികളിലെല്ലാം സ്മിര്‍ണാ റോമിനോടു കൂറു പുലര്‍ത്തി. തദ്ഫലമായി റോമാ സാമ്രാജ്യത്തിന്‍റെ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ഈ പട്ടണത്തിനു ലഭിച്ചിരുന്നു. ഏ.ഡി. 26-ല്‍  ടൈബീരിയസ് ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം ഏഷ്യാ മൈനറില്‍ ഒരു ക്ഷേത്രം പണിയാന്‍ നിശ്ചയിച്ചപ്പോള്‍ ആ ബഹുമതിയ്ക്കായി അപേക്ഷിച്ച പതിനൊന്നു നഗരങ്ങളില്‍നിന്ന് സ്മിര്‍ണായെയാണ് റോമന്‍ സെനറ്റ് തിരഞ്ഞെടുത്തത്.

എഫേസോസിലെ വാസത്തിനിടയില്‍ വി.പൗലോസ് നേരിട്ടോ ശിഷ്യന്മാര്‍ വഴിയോ ആയിരിക്കണം സ്മിര്‍ണായില്‍ സഭ സ്ഥാപിച്ചത് എന്നു കരുതപ്പെടുന്നു. യോഹന്നാന്‍റെ ശിഷ്യനായിരുന്ന വി. പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായിരുന്നു. ഏ.ഡി. 156-ല്‍ സ്മിര്‍ണാ നഗരവാസികള്‍ അദ്ദേഹത്തെ തൂണില്‍കെട്ടി ചുട്ടുകൊന്നു. പോളിക്കാര്‍പ്പിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മാത്രമല്ല, അന്നു സാബത്തായിരുന്നിട്ടുപോലും തീ കത്തിക്കാനായി വിറകു പെറുക്കികൂട്ടുന്നതിലും സ്മിര്‍ണായിലെ യഹൂദര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ക്രിസ്ത്യാനികളോട് യഹൂദര്‍ക്കുണ്ടായിരുന്ന വിദ്വേഷത്തിന്‍റെ പ്രത്യക്ഷോദാഹരണമാണിത്. ഈ വിദ്വേഷം സ്മിര്‍ണായിലെ സഭയ്ക്കുള്ള ലേഖനത്തില്‍ പ്രകടമാകുന്നുണ്ട്.

ക്രിസ്തുവിന്‍റെ രണ്ടു വിശേഷണങ്ങള്‍ സ്മിര്‍ണാ നഗരത്തിന്‍റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ആദ്യനും അന്ത്യനുമായവന്‍ ഏഷ്യയിലെ പ്രമുഖ സ്ഥാനത്തേക്കു കുതിക്കുന്ന നഗരത്തിലേക്ക് തന്‍റെ സന്ദേശം അയയ്ക്കുന്നു. അന്താരാഷ്ട്രതലത്തിലുള്ള പ്രാമുഖ്യമല്ല ദൈവതിരുമുമ്പിലെ പ്രാമുഖ്യമാണ് പ്രധാനം. ഒന്നാമന്‍ ക്രിസ്തുതന്നെയാണ്. മരിച്ചവനും എന്നാല്‍ വീണ്ടും  ജീവിക്കുന്നവനും എന്ന വിശേഷണം ഒരിക്കല്‍ നശിപ്പിക്കപ്പെടുകയും നൂറ്റാണ്ടുകള്‍ക്കുശേഷം പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്ത സ്മിര്‍ണായുടെ ചരിത്രപശ്ചാത്തലം മനസ്സിലുണര്‍ത്തുന്നു. തനിക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍ക്കു നിത്യജീവന്‍ നല്കാന്‍ കഴിവുള്ളവനാണ് ക്രിസ്തു എന്ന് ഈ വിശേഷണം അനുസ്മരിപ്പിക്കുന്നു.

2:9, സ്മിര്‍ണായിലെ സഭയെക്കുറിച്ചു നല്ലതുമാത്രമേ നാഥനു പറയാനുളളൂ. സാമ്രാജ്യശക്തിയുടെ പ്രീതിപാത്രവും അതീവ സമ്പന്നവുമായ നഗരത്തിലെ ക്രിസ്ത്യാനികള്‍ ഏറെ ഞെരുക്കവും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്. അവരുടെ വിശ്വാസംതന്നെയാണ് ഈ അവസ്ഥയ്ക്കു കാരണമായത്. പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരുന്നു ക്രിസ്ത്യാനികള്‍ക്കെതിരേ ജനരോഷം ആളിക്കത്തിയത്. അപ്പോള്‍ ക്രിസ്ത്യാനികളുടെ വസ്തുവകകള്‍ കൊള്ളയടിക്കും; വീടുകളും കടകളും ചുട്ടെരിക്കും; ക്രിസ്ത്യാനികളെ പിടിച്ച് തടവിലാക്കുകയും വധിക്കുകയും ചെയ്യും. തികഞ്ഞ അരക്ഷിതാവസ്ഥയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ക്രിസ്ത്യാനികളുടെ സന്തതസഹചാരികളായിരുന്നു. ഞെരുക്കങ്ങളും ദാരിദ്ര്യവും അവര്‍ എന്നും അനുഭവിക്കേണ്ടിവന്നു. ഇതെല്ലാം അറിയുകയും കണക്കിലെടുക്കുകയും ചെയ്യുന്നവനാണ് അവരുടെ നാഥന്‍.

ക്രിസ്ത്യാനികള്‍ക്കെതിരേ ജനരോഷമിളക്കി വിടുന്നതില്‍ യഹൂദര്‍ക്കു വലിയ പങ്കുണ്ടായിരുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ വിവരിച്ചിരിക്കുന്ന വി. പൗലോസിന്‍റെ അനുഭവങ്ങള്‍ ഇതിനു തെളിവാണ് (അപ്പ 13:45; 14:2). ഏ.ഡി. 70-ല്‍ ജറുസലെം നശിപ്പിക്കപ്പെട്ടതിനുശേഷം യാംനിയായിലെ ഫരിസേയ പണ്ഡിതന്മാരുടെ തീരുമാനം യഹൂദരും ക്രിസ്ത്യാനികളും തമ്മിലുള്ള വിടവു വര്‍ദ്ധിപ്പിച്ചു. യഹൂദരുടെ പ്രാര്‍ത്ഥനാലയങ്ങളായ സിനഗോഗുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നുണകള്‍ പ്രചരിപ്പിക്കുകയും വിജാതീയരെ ഇളക്കിവിട്ട് അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ കേന്ദ്രങ്ങളായിത്തീര്‍ന്നു. ക്രിസ്തുവിനെ തള്ളിപ്പറയുകയും ക്രിസ്തുവിലൂടെ ദൈവം നല്കുന്ന രക്ഷ തിരസ്കരിക്കുകയും ചെയ്തതിനാല്‍ യഹൂദര്‍ ദൈവജനം (സംഖ്യ 16:3) എന്ന പദവി നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നും തങ്ങളാണ് യഥാര്‍ത്ഥജനമെന്നും ക്രിസ്ത്യാനികള്‍ വാദിച്ചു. ഈ നിലപാടാണ് സാത്താന്‍റെ സിനഗോഗ് എന്ന പദപ്രയോഗത്തിലൂടെ പ്രത്യക്ഷമാകുന്നത്. സമൂഹം എന്നാണ് സിനഗോഗ് എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം. അവര്‍ ദൈവത്തിന്‍റെ സമൂഹമല്ല, സാത്താന്‍റെ സമൂഹമാണ്.

അബ്രാഹത്തില്‍നിന്നു ശാരീരികമായി ജനിച്ചതുകൊണ്ടു മാത്രം ആരും ദൈവജനമാകുന്നില്ല എന്ന് വി. പൗലോസ് പഠിപ്പിച്ചു (റോമാ 9:6). ദൈവം നല്കുന്ന രക്ഷ തിരസ്കരിക്കുന്നതിനാല്‍ യഹൂദര്‍ ദൈവത്തിനെതിരായി നിലകൊള്ളുന്നു. അതിനാല്‍ ഇനി അവര്‍ ദൈവത്തിന്‍റെ സമൂഹമല്ല, സാത്താന്‍റെ  സമൂഹമാണ്. യേശുവിന്‍റെതന്നെ വാക്കുകളില്‍നിന്നു രൂപംകൊണ്ടതാണ് ഈ ആശയം (യോഹ 8:44). ശത്രു, കുറ്റം ആരോപിക്കുന്നവന്‍, കലഹം സൃഷ്ടിക്കുന്നവന്‍ എന്നൊക്കെയാണ് സാത്താന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം. മേല്‍വിവരിച്ച നിലപാടിന്‍റെ പേരില്‍ യഹൂദര്‍ക്കു ചേരുന്നതാണ് ഈ പേരെന്നു ക്രൈസ്തവര്‍ കരുതി.

2:10, യഹൂദരിലൂടെയും വിജാതീയരിലൂടെയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ശത്രുവായ സാത്താന്‍ തന്നെയാണ്. പീഡനം ഇനിയും രൂക്ഷമാകാനിരിക്കുന്നതേയുള്ളൂ. തടവിലാക്കുന്നത് വധശിക്ഷയ്ക്കോ നാടുകടത്തലിനോ ഉള്ള ആദ്യത്തെ പടിയാണ്. തടവറകളില്‍ത്തന്നെ ക്രൂരമായ പീഡനം നടന്നിരുന്നു. ഇതെല്ലാം ക്രിസ്തുവിനോടുള്ള വിശ്വസ്തതയെ തെളിയിക്കാനുള്ള അവസരമായിരിക്കും. പീഡനങ്ങളിലൂടെ പരീക്ഷിക്കപ്പെടുമ്പോഴാണ് വിശ്വാസത്തിന്‍റെ മാറ്റു തെളിയുന്നത്. ഈ ഞെരുക്കങ്ങള്‍ താല്കാലികമായിരിക്കും. ഹ്രസ്വകാലത്തെ സൂചിപ്പിക്കുന്നതാണ് പത്തുദിവസം എന്ന പദപ്രയോഗം.

വിശ്വാസത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തുന്ന ക്രിസ്ത്യാനികള്‍ക്കു നാഥന്‍ നല്കുന്നത് നിത്യജീവന്‍റെ കിരീടമാണ്. ഏഷ്യയുടെ കിരീടം എന്നറിയപ്പെട്ടിരുന്ന സ്മിര്‍ണായിലെ വിശ്വാസികള്‍ക്കാണ് ക്രിസ്തുനാഥന്‍ ജീവന്‍റെ കിരീടം വാഗ്ദാനം ചെയ്യുന്നത്. രാജാക്കന്മാര്‍ അണിയുന്ന സ്വര്‍ണ്ണകിരീടമല്ല, മത്സരങ്ങളില്‍ വിജയം വരിക്കുന്നവര്‍ക്കു ലഭിക്കുന്ന ലതാകിരീടമാണ് ഇവിടെ വിവക്ഷിക്കപ്പെടുക. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കു കിട്ടുന്ന ലതാകിരീടം വാടിപ്പോകും. എന്നാല്‍ ക്രിസ്തു നല്കുന്ന കിരീടം ഒളിമങ്ങാതെ എന്നും പ്രകാശിക്കും (1 കോറി 9:25; 1 പത്രോ 5:4; 2 തിമോ 4:8).

2:11, ക്രിസ്തുവിന്‍റെ പേരില്‍ മരണം വരിക്കുന്നതുതന്നെയാണ് വിജയം. ശാരീരികമായ മരണത്തിലൂടെ ക്രൂശിതനോടു താദാത്മ്യപ്പെടുകയും മരണത്തിന്മേല്‍ വിജയം വരിക്കുകയും ചെയ്തവര്‍ക്ക് നിത്യജീവന്‍ സമ്മാനമായി ലഭിക്കും. നിത്യശിക്ഷയാകുന്ന രണ്ടാമത്തെ മരണം (വെളി 20:14) അവര്‍ക്കുണ്ടാവുകയില്ല. ഈ വാഗ്ദാനമാണ് വിശ്വാസികള്‍ക്കു ധൈര്യം പകരുന്നത്; ഈ പ്രത്യാശയാണ് ക്രിസ്തുവിനോടു വിശ്വസ്തത പാലിക്കാന്‍ അവരെ ശക്തരാക്കുന്നത്.

വെളിപാട് 2:12-17, പെര്‍ഗാമോസിലെ സഭയ്ക്ക്

സ്മിര്‍ണായില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പെര്‍ഗാമോസ് നഗരം പെര്‍ഗാമോസ് രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു (വാ. 12). അവസാനത്തെ രാജാവായ അറ്റാലാസ് III പെര്‍ഗാമോസ് രാജ്യം റോമാക്കാര്‍ക്ക് ഇഷ്ടദാനമായി നല്കിയപ്പോള്‍ ഈ നഗരം റോമന്‍ പ്രവിശ്യയായ ഏഷ്യയുടെ തലസ്ഥാനമായിത്തീര്‍ന്നു. പെര്‍ഗാമോസ് പ്രസിദ്ധിയാര്‍ജ്ജിച്ചത് മതപരവും സാംസ്കാരികവുമായ മേഖലകളിലാണ്. രണ്ടു ലക്ഷത്തില്‍പരം വാല്യങ്ങള്‍ സൂക്ഷിച്ചിരുന്ന അവിടുത്തെ ഗ്രന്ഥശാല അലക്സാണ്ട്രിയായിലേതിനുമാത്രം പിന്നിലായിരുന്നു. പപ്പീറസിനു പകരം എഴുത്തുകടലാസായി സംസ്കരിച്ച തുകല്‍ (parchment) കണ്ടുപിടിച്ചത് പെര്‍ഗാമോസ് ആണ്. "പെര്‍ഗാമോസിലെ കടലാസ്" എന്നാണ് ഈ തുകല്‍ അറിയപ്പെട്ടിരുന്നത്.

പെര്‍ഗാമോസില്‍ അധിവസിച്ചിരുന്ന ഗവര്‍ണര്‍ക്ക് വധശിക്ഷ നല്കാനുള്ള അധികാരമുണ്ടായിരുന്നു. വാളിന്‍റെ അധികാരം (jus gladii) എന്ന് അറിയപ്പെട്ടിരുന്ന ഈ അധികാരം എല്ലാ റോമന്‍ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാവണം ക്രിസ്തുവിനെ മൂര്‍ച്ചയേറിയ ഇരുവായ്ത്തല  വാളുള്ളവന്‍ എന്നു വിശേഷിപ്പിക്കുന്നത്. ദൈവവചനത്തെയാണ് ഇതു സൂചിപ്പിക്കുന്നത് (ഹെബ്രാ 4:12). റോമന്‍ ഗവര്‍ണറുടേതിനേക്കാള്‍ വലിയ അധികാരമുള്ളവനാണ് സഭയുടെ നാഥനായ ക്രിസ്തു.

2:13, നീ എവിടെ വസിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. വിശ്വാസികളുടെ സ്ഥിരവാസത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പീഡനങ്ങളുണ്ടാവുമ്പോള്‍ വീടും നാടും വിട്ട് ഓടുകയല്ല, വിശ്വാസസ്ഥിരതയോടെ ഉറച്ചുനില്ക്കുകയാണ് ക്രൈസ്തവര്‍ ചെയ്യേണ്ടത്, ഇതു ജീവഹാനിക്കുതന്നെ കാരണമാകുമെങ്കില്‍പ്പോലും. ഇപ്രകാരം ഉറച്ചുനില്ക്കുന്നതിന്‍റെ പേരില്‍ നാഥന്‍ പെര്‍ഗാമോസിലെ സഭയെ പ്രശംസിക്കുന്നു.

സാത്താന്‍റെ സിംഹാസനം എന്നത് സേവൂസിനു പ്രതിഷ്ഠിക്കപ്പെട്ട ഭീമാകാരമായ ബലിപീഠത്തെ സൂചിപ്പിക്കുന്നു എന്നു കരുതുന്നവരുണ്ട്. രക്ഷകന്‍ എന്നറിയപ്പെട്ടിരുന്ന അസ്ക്ളാപ്പിയോസിന്‍റെ ക്ഷേത്രമാണ് വിവക്ഷിക്കപ്പെടുന്നത് എന്നു മറ്റു ചിലര്‍ കരുതുന്നു. ക്രിസ്തുവിനെ മാത്രം രക്ഷകനായി അംഗീകരിക്കുന്നവര്‍ക്ക് അസ്ക്ളാപ്പിയോസിനെ സാത്താന്‍റെ പ്രതിരൂപമായേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. റോമാ ദേവതയുടെ ക്ഷേത്രവും ഇതേ അര്‍ത്ഥത്തില്‍ത്തന്നെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഇവയൊന്നുംതന്നെ തികച്ചും തൃപ്തികരമായ വിശദീകരണമായി തോന്നുന്നില്ല.

സാത്താന്‍റെ സിംഹാസനം എന്നതിനുശേഷം സാത്താന്‍ വസിക്കുന്ന ഇടം എന്നു കൂട്ടിച്ചേര്‍ത്തിരിക്കുന്നതു ശ്രദ്ധേയമാണ്. അവിടെ വച്ച് ക്രിസ്തുവിന്‍റെ സാക്ഷിയായ അന്തിപ്പാസ്  കൊല്ലപ്പെട്ടു എന്നത് മറ്റൊരു ദിശയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അന്തിപ്പാസിനെ എന്‍റെ  വിശ്വസ്തസാക്ഷി എന്നാണ് ക്രിസ്തുതന്നെ വിശേഷിപ്പിക്കുന്നത്. സാക്ഷി എന്ന പദം ഒരു വിചാരണയിലേക്കു വിരല്‍ ചൂണ്ടുന്നു. മരണശിക്ഷ നടപ്പാക്കാന്‍ അധികാരമുള്ള റോമന്‍ ഗവര്‍ണരുടെ മുമ്പില്‍വച്ച് അന്തിപ്പാസ്  ക്രിസ്ത്യാനി എന്ന കുറ്റത്തിനു വിചാരണ ചെയ്യപ്പെടുകയും വാള്‍കൊണ്ടു വധിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനികളെ മരണത്തിനു വിധിക്കുന്ന കോടതിതന്നെയാവണം സാത്താന്‍റെ സിംഹാസനം. വെളി. 12-13 ല്‍ റോമാസാമ്രാജ്യത്തെത്തന്നെ സാത്താന്‍റെ ഉപകരണമായി ചിത്രീകരിച്ചിരിക്കുന്നു. സീസറിനുള്ള ആരാധന നടപ്പിലാക്കുന്നതില്‍ പ്രവിശ്യയുടെ തലസ്ഥാനമായ പെര്‍ഗാമോസ് മുന്‍കൈ എടുത്തിരുന്നു. അതിനാല്‍ റോമന്‍ ഗവര്‍ണരുടെ ആസ്ഥാനത്തെയാവണം ഇവിടെ സാത്താന്‍റെ സിംഹാസനം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

വിശ്വാസം കൈവെടിഞ്ഞില്ല എന്നത്  ആദിമസഭയിലെ ഒരു സാങ്കേതികപദമായിരുന്നു. മതപീഡനങ്ങളുടെ നാളുകളില്‍ രണ്ടു നിലപാടുകളായിരുന്നു സാധ്യമായിരുന്നത്. ഒന്നുകില്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നു വധശിക്ഷ ഏറ്റെടുക്കുക. ഇതാണ് രക്തസാക്ഷിത്വം. അല്ലെങ്കില്‍ ക്രിസ്തുവിനെ തള്ളിപ്പറയുക. ഇതാണ് വിശ്വാസത്യാഗം (apostasy). ഏറ്റം കഠിനമായി കരുതിയിരുന്ന മൂന്നു പാപങ്ങളില്‍ ഒന്നാണിത്. കൊലപാതകവും വ്യഭിചാരവുമായിരുന്നു മറ്റ് രണ്ടു പാപങ്ങള്‍. അന്തിപ്പാസ് ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചവനാണ്. വിശ്വസ്തസാക്ഷി എന്നു വിശേഷിപ്പിക്കുമ്പോള്‍ ക്രിസ്തു തന്‍റെതന്നെ വിശേഷണമാണ് അദ്ദേഹത്തിനു നല്കുന്നത്.

2:14, ഇതൊക്കെയാണെങ്കിലും പെര്‍ഗാമോസിലെ സഭയ്ക്കെതിരായി കുറ്റാരോപണവും ശാസനയുമുണ്ട്. ബാലാമിന്‍റെ പഠനങ്ങളെ മുറുകെ പിടിക്കുന്നവരും നിക്കൊളാവോസ് പക്ഷക്കാരുടെ പഠനങ്ങള്‍ സ്വീകരിക്കുന്നവരും അവരുടെ ഇടയിലുണ്ട് എന്നതാണ് ആരോപണം. ആരാണിവര്‍? ഈജിപ്തില്‍നിന്നു കാനാനിലേക്കു യാത്രചെയ്യുന്ന ഇസ്രായേല്‍ക്കാരെ ശപിക്കാനായി മൊവാബു രാജാവായ ബാലാക് വിളിച്ചുകൊണ്ടുവന്നയാളാണ് ബാലാം. ശപിക്കുന്നതിനുപകരം അനുഗ്രഹിക്കുകയാണ് ബാലാം ചെയ്തത് (സംഖ്യ 22-24). എന്നാല്‍ ഇസ്രായേല്‍ക്കാര്‍ മൊവാബ്യസ്ത്രീകളുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും അവരുടെ സ്വാധീനത്തിനുവഴങ്ങി വിഗ്രഹാരാധനയില്‍ മുഴുകുകയും ചെയ്തു (സംഖ്യ 25:1-5). ഇത് ഇസ്രായേല്‍ക്കാരെ നശിപ്പിക്കാനായി ബാലാം ബാലാക്കിനുപദേശിച്ചു കൊടുത്ത വിദ്യയായി പില്ക്കാല യഹൂദപാരമ്പര്യം കരുതി. ഈ ആശയമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

2:15, ബാലാമിന്‍റെ പഠനം തന്നെയാണ് നിക്കോളാവോസ് പക്ഷക്കാരുടെ പഠനവും എന്ന് വ്യാഖ്യാതാക്കള്‍ കരുതുന്നു. ജനത്തെ വിഴുങ്ങുന്നവന്‍ എന്നാണ് ബാലാം എന്ന പേരിന്‍റെ വാച്യാര്‍ത്ഥം. നിക്കൊളാവോസ് എന്ന പേരിന്‍റെ അര്‍ത്ഥമാകട്ടെ ജനത്തെ നശിപ്പിക്കുന്നവന്‍ എന്നും. ആദ്യത്തേതു ഹെബ്രായനാമവും രണ്ടാമത്തേതു ഗ്രീക്കുനാമവും ആണ്. ബാലാമിന്‍റെ പഠനം ഇസ്രായേല്‍ക്കാര്‍ക്കു നാശകാരണമായതുപോലെ നിക്കൊളാവോസ് സിദ്ധാന്തം ക്രിസ്ത്യാനികള്‍ക്കു നാശകാരണമാകും. വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിച്ച മാംസം ഭക്ഷിക്കാനും വ്യഭിചാരത്തില്‍ ഏര്‍പ്പെടാനും ഇവ പ്രേരിപ്പിക്കുന്നു. വ്യഭിചാരം എന്നത് അക്ഷരാര്‍ത്ഥത്തിലല്ല, ബൈബിളിന്‍റെ പൊതുവായ കാഴചപ്പാടനുസരിച്ച് വിഗ്രഹാരാധന എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് എന്നാണ് വ്യാഖ്യാതാക്കളുടെ പൊതുവായ അഭിപ്രായം. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട വേശ്യാവൃത്തിയെയും (ദേവദാസീസമ്പ്രദായം (sacred prostitution) ഇത് സൂചിപ്പിക്കുന്നുണ്ടാവാം.

ക്രിസ്തീയവിശ്വാസത്തെ വലിയൊരു പ്രതിസന്ധിയില്‍ എത്തിച്ച സിദ്ധാന്തമായിരുന്നു ഇത് പേഗന്‍ മതങ്ങളും ആചാരങ്ങളുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമമാണിത്. സാംസ്കാരികാനുരൂപണത്തിന്‍റെ പരിധികളും പരിമിതികളും അനുസ്മരിപ്പിക്കുന്നതാണ്  ഈ താക്കീത്. ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ ക്രൈസ്തവനു സ്വീകരിക്കാനാവില്ല. തങ്ങളുടെ വിശ്വാസത്തനിമ കളഞ്ഞുകുളിച്ചുള്ള വിട്ടുവീഴ്ചകള്‍, ജീവന്‍ രക്ഷിക്കാനാണെങ്കില്‍പോലും, പാടില്ല.

2:16, ഈ സിദ്ധാന്തങ്ങള്‍ സ്വീകരിച്ചവരോട് മനസ്സു തിരിയാന്‍ ക്രിസ്തു ആവശ്യപ്പെടുന്നു. മനോഭാവത്തിലും ജീവിതത്തിലും വരുത്തേണ്ട പരിവര്‍ത്തനമാണ് മാനസാന്തരം. അതിനു തയ്യാറാകാത്തവര്‍ക്കെതിരേ ശക്തമായ താക്കീതാണു നല്കുന്നത്. ലേഖനത്തിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ച വാള്‍ ഇവിടെ പ്രസക്തമാകുന്നു. വചനമാകുന്ന വാള്‍കൊണ്ട് മനുഷ്യപുത്രന്‍ ഇവര്‍ക്കെതിരേ പോരാടും. സഭ മുഴുവനുമല്ല, ഈ തെറ്റില്‍ അകപ്പെട്ടവര്‍ മാത്രമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഹൃദയവിചാരങ്ങള്‍ വെളിപ്പെടുത്തുകയും തെറ്റും ശരിയും തമ്മില്‍ വ്യവച്ഛേദിച്ച്, തെറ്റുചെയ്യുന്നവരുടെമേല്‍ ശിക്ഷാവിധി നടപ്പാക്കുകയും ചെയ്യുന്നതിനാണ് മനുഷ്യപുത്രന്‍ വാളുമായി വരുന്നത്. റോമന്‍ ഗവര്‍ണറുടെ വാളിനെ ഭയന്ന് വിശ്വാസം ത്യജിക്കുന്നവര്‍ മനുഷ്യപുത്രന്‍റെ വാളിനെ നേരിടേണ്ടിവരും.

2:17, വിജയം വരിക്കുന്നവര്‍ക്കു നല്കുന്ന നിഗൂഢമന്ന എന്താണെന്നതില്‍ ഇന്നും അഭിപ്രായഭിന്നതയുണ്ട്. ജറുസലെം നശിപ്പിക്കപ്പെടുന്നതിനു മുമ്പേ ജറെമിയാ പ്രവാചകന്‍ വാഗ്ദാനപേടകം നേബോ മലയിലെ ഒരു ഗുഹയില്‍ ഒളിച്ചുവച്ചുവെന്നും മിശിഹാവരുമ്പോള്‍ മാത്രമേ അതു വീണ്ടും കണ്ടെത്താന്‍ കഴിയൂ എന്നുമുള്ള വിശ്വാസം 2 മക്ക 2:1-8 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിഗൂഢമന്ന ഇതിനെയായിരിക്കണം സൂചിപ്പിക്കുന്നത് എന്നു ചിലര്‍ കരുതുന്നു. മന്ന സ്വര്‍ഗ്ഗത്തില്‍ നിഗൂഢമായി സൂക്ഷിച്ചിരിക്കുന്നെന്നും മിശിഹായുടെ കാലത്ത് അതു ഭൂമിയിലേക്കു വര്‍ഷിക്കപ്പെടും എന്നും ഉള്ള വിശ്വാസം പുതിയനിയമകാലത്ത് യഹൂദരുടെ ഇടയില്‍ നിലവിലിരുന്നു. രണ്ടായാലും മിശിഹാ നല്കുന്ന സമൃദ്ധിയെ ആണ് നിഗൂഢമന്ന സൂചിപ്പിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഞാനാകുന്നു (യോഹ 6:51) എന്ന പ്രഖ്യാപനം യേശുതന്നെയാണ് നിഗൂഢമന്നയെന്ന സൂചന നല്കുന്നു. മരണംവരെ വിശ്വസ്തത പാലിക്കുന്നവര്‍ക്കു യേശു നല്കുന്നത് തന്നെത്തന്നെ ആയിരിക്കും.

വെള്ളക്കല്ലിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അവയില്‍ ചിലത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. പേഗന്‍ മതങ്ങളില്‍ പ്രചാരത്തിലിരുന്നതും ഇന്നും ഏറെ പ്രചാരത്തിലിരിക്കുന്നതുമായ ഒരാചാരത്തിന്‍റെ വെളിച്ചത്തില്‍ ഇതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ശക്തനായ ഒരു മധ്യസ്ഥന്‍റെ (ദേവന്‍റെ) പേരെഴുതിയ തകിടോ കല്ലോ മനുഷ്യര്‍ ശരീരത്തില്‍ ധരിക്കുന്ന ആചാരമാണിത്. ദേവന്‍റെയോ അസുരന്‍റെയോ പേര് അറിയാമെങ്കില്‍ ആ ശക്തിയുടെമേല്‍ സ്വാധീനം ലഭിക്കുമെന്നും മറ്റാര്‍ക്കും ആ പേര് അറിയില്ലെങ്കില്‍ സ്വാധീനവും ശക്തിയും അത്രയേറെ വലുതായിരിക്കുമെന്നും ഉള്ള  മാന്ത്രികചിന്ത ഇതിനു പിന്നിലുണ്ട്. ഈ വിശദീകരണം സ്വീകരിച്ചാല്‍ ക്രിസ്തു നല്കുന്ന വെള്ളക്കല്ല് എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശക്തിയുള്ളതാണ്; കാരണം അതില്‍ എഴുതിയിരിക്കുന്നത് ക്രിസ്തുവിന്‍റെ തന്നെ നാമമാണ്.

  1. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് നല്കപ്പെടുന്ന സാക്ഷ്യപത്രവുമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഇപ്രകാരമുള്ള സാക്ഷ്യപത്രം ലഭിച്ചവര്‍ക്ക് ഏതുമത്സരവും കാണാന്‍ സൗജന്യമായി പ്രവേശനം അനുവദിച്ചിരുന്നു. ക്രിസ്തു തന്‍റെ വിശ്വസ്തര്‍ക്ക് വിജയത്തിന്‍റെ സാക്ഷ്യപത്രം നല്കും. അത് അവരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹരാക്കും എന്ന സൂചനയാണ് ഈ വ്യാഖ്യാനത്തില്‍ നിന്നു ലഭിക്കുന്നത്.
  2. കല്ലിന്‍റെ നിറവും പേരിന്‍റെ പുതുമയും അടിസ്ഥാനമാക്കി മറ്റൊരു വിശദീകരണം നല്കാറുണ്ട്. 'വെണ്‍മ' ദൈവിക പരിശുദ്ധിയുടെയും വിജയത്തിന്‍റെയും നിറമാണ്. പുതിയത് എന്നതിന് ഗ്രീക്കില്‍ രണ്ടു പദങ്ങളുണ്ട്. 'നെയോസ്' കാലസൂചന നല്കുന്നു. 'കൈനോസ്' സ്വഭാവത്തെ സൂചിപ്പിക്കുന്നു. പുതിയ ജറുസലേം, പുതിയ ആകാശം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടെ രണ്ടാമത്തെ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ നാമം ഒരു പുതിയ സ്വഭാവത്തെയും സ്ഥാനത്തെയും സൂചിപ്പിക്കുന്നു. ശിമയോന് പത്രോസ് എന്ന പുതിയ നാമം നല്കുന്നതിലൂടെ ഒരു പുതിയ പദവി നല്കുകയായിരുന്നു. വിജയിക്കുന്നവന് ദൈവിക സ്വഭാവത്തില്‍ അഥവാ ദൈവിക ജീവനില്‍ പങ്കുനല്കും എന്ന സൂചനയാണ് ഈ വിശദീകരണത്തില്‍നിന്നു ലഭിക്കുക. ഏതു വിശദീകരണം സ്വീകരിച്ചാലും നിഗൂഢമന്നയും പുതിയ പേരെഴുതിയ വെള്ളക്കല്ലും യേശുവുമായുള്ള പ്രത്യേക ബന്ധത്തെയാണ് ഊന്നിപ്പറയുന്നത്. വിജയം വരിക്കുന്നവനെ യേശു സ്വന്തമായി സ്വീകരിക്കും. അവന് സ്വയം ദാനം ചെയ്യും. ഇത് ഏറ്റം ഗാഢമായ സ്നേഹബന്ധമാണ്.

വെളിപാട് 2:18-29, തിയത്തീറായിലെ സഭയ്ക്ക്

പെര്‍ഗാമോസില്‍നിന്ന് ഏകദേശം 70 കി.മീ. തെക്കു കിഴക്കായി ലീക്കസ് നദിയുടെ തീരത്തു സ്ഥിതി ചെയ്തിരുന്ന ഒരു കൊച്ചുപട്ടണമാണ് തിയത്തീറാ (വാ. 18). തലസ്ഥാനമായ പെര്‍ഗാമോസിന്‍റെ സംരക്ഷണത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിരുന്ന കാവല്‍ സൈന്യത്തിന്‍റെ ഒരു താവളം അവിടെയുണ്ടായിരുന്നു. ഭരണപരമോ മതപരമോ സാംസ്കാരികമോ ആയ വലിയ പ്രാധാന്യമൊന്നും അവകാശപ്പെടാനില്ലാത്ത, താരതമ്യേന അപ്രധാനമായ ഈ പട്ടണത്തിനാണ് ഏറ്റം ദീര്‍ഘമായ ലേഖനം എഴുതിയിരിക്കുന്നത്. ക്രിസ്തുവിനു നല്കിയിരിക്കുന്ന വിശേഷണങ്ങളും ഈ സഭയ്ക്കെതിരായ ആരോപണങ്ങളും മനസ്സിലാക്കാന്‍ ഈ പട്ടണത്തിന്‍റെ ചില പ്രത്യേകതകള്‍ അറിഞ്ഞിരിക്കുന്നത് സഹായിക്കും.

വിവിധങ്ങളായ കൈത്തൊഴിലുകള്‍ക്കു പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പട്ടണമായിരുന്നു തിയത്തീറാ. കമ്പിളി, പട്ട് മുതലായവകൊണ്ടുള്ള തുണിത്തരങ്ങളും അവയ്ക്കു നിറം കൊടുക്കാനുള്ള ചായങ്ങളും നിര്‍മ്മിക്കുക, തുകല്‍പ്പണി, ചെമ്പ്, ഓട്, പിത്തള തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുള്ള പണി മുതലായവ ഇവിടുത്തെ പ്രധാന കൈത്തൊഴിലുകളായിരുന്നു. ഓരോ തൊഴിലിലും ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അവരവരുടേതായ സംഘടനകള്‍ (guilds) ഉണ്ടായിരുന്നു. ഇന്നത്തെ തൊഴിലാളി സംഘടനകളോടും ക്ലബ്ബുകളോടും സാമ്യമുള്ള ഈ സംഘടനകളില്‍ പെടാതെ ഒറ്റയ്ക്കു നിന്നു തൊഴില്‍ ചെയ്തു ജീവിക്കുക അവിടെ പ്രായേണ അസാധ്യമായിരുന്നു.

സംഘടനയുടെ അംഗങ്ങള്‍ സംഘടനകളുടേതായ സമ്മേളനങ്ങളിലും വിരുന്നുകളിലും നിര്‍ബ്ബന്ധമായും പങ്കെടുക്കണം. സമ്മേളനവും വിരുന്നും സാധാരണ ഒരുമിച്ചാണു നടക്കുക. ഏതെങ്കിലും ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്തോ ആയിരിക്കും സമ്മേളനം. സമ്മേളനത്തിനു മുമ്പായി ബലിയര്‍പ്പണമുണ്ടാകും. വിരുന്നിനു തുടക്കമായി ഏതെങ്കിലും ദേവനെ വിളിച്ചു പ്രാര്‍ത്ഥിക്കും. വിളമ്പിയിരുന്നത് ബലിയര്‍പ്പിച്ച മാംസമായിരുന്നു. വിരുന്നിനുമധ്യേ ദേവന്മാര്‍ക്കു സ്തുതിപാടുക പതിവായിരുന്നു, വീഞ്ഞും മറ്റു ലഹരി പാനീയങ്ങളും സമൃദ്ധമായി വിളമ്പിയിരുന്നു. സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ചാണ് വിരുന്നില്‍ പങ്കുചേരുക. സായാഹ്നത്തില്‍ ആരംഭിക്കുന്ന വിരുന്നുകള്‍ രാത്രിയിലേക്കു നീളും. ലൈംഗികാസക്തിയെ കയറൂരിവിടുന്ന സമ്മേളനങ്ങളായിട്ടാണ് വിരുന്നുകള്‍ പലപ്പോഴും കലാശിക്കുക. പേഗന്‍ മതങ്ങളില്‍ വിശ്വാസവും ധാര്‍മ്മികജീവിതവും തമ്മില്‍ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇത്തരം വിരുന്നുകള്‍ക്കുള്ള ക്ഷണക്കത്തുകള്‍ തന്നെ "നമ്മുടെ കര്‍ത്താവായ - ദേവന്‍റെ മേശയില്‍ എന്നോടൊപ്പം വിരുന്നുണ്ണാന്‍ താങ്കളെ ക്ഷണിക്കുന്നു" എന്നാണ് തുടങ്ങിയിരുന്നത്.

തിയത്തീറാ പട്ടണത്തിന്‍റെ സംരക്ഷകനായി ആരാധിച്ചു പോന്നത് സൂര്യദേവനായ അപ്പോളോ (Appollo)യെ ആണ്. ദേവാധിദേവനായ സേവൂസിന്‍റെ മകനായിട്ടാണ് അപ്പോളോ കരുതപ്പെട്ടിരുന്നത്. റോമാചക്രവര്‍ത്തിയും സേവൂസിന്‍റെ മകനായി പരിഗണിക്കപ്പെട്ടിരുന്നു. കാലക്രമത്തില്‍ അപ്പോളോയുടെ അവതാരമായി ചക്രവര്‍ത്തിമാര്‍ അറിയപ്പെടാന്‍ തുടങ്ങി. അങ്ങനെ രാജാരാധനയും അപ്പോളോ ദേവന്‍റെ ആരാധനയും ഒന്നിച്ചു.

ഏഷ്യാമൈനറിലെ മാത്രമല്ല, റോമാസാമ്രാജ്യത്തിലുടനീളമുള്ള ക്രിസ്തീയസഭകള്‍ക്ക് ഈ സാഹചര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കേണ്ടിവന്നു. തിയത്തീറായില്‍ മതമര്‍ദ്ദനം ആരംഭിച്ചില്ലെങ്കില്‍ത്തന്നെ തൊഴിലാളി സംഘടനകളുടെ പ്രത്യേക പശ്ചാത്തലത്തില്‍ ഈ തീരുമാനം ഏറെ പ്രശ്നങ്ങള്‍ ഉളവാക്കിയിരുന്നു.

തിയത്തീറാ പട്ടണത്തിന്‍റെ പ്രത്യേകതകളെ കണക്കിലെടുത്തുകൊണ്ടാണ് മനുഷ്യപുത്രദര്‍ശനത്തില്‍ നിന്നെടുത്ത രണ്ടു വിശേഷണങ്ങള്‍ (1:14-15) ക്രിസ്തുവിനു നല്കിയിരിക്കുന്നത്. ദാനി 10:6 ന്‍റെ സ്വാധീനം ഇതില്‍ കാണാം. മനുഷ്യന്‍റെ വികാരവിചാരങ്ങളെ കൃത്യമായി കാണാന്‍ കഴിയുന്നവയാണ് അഗ്നിനാളംപോലുള്ള കണ്ണുകള്‍. 23-ാം വാക്യത്തില്‍ ഈ ആശയത്തിലേക്കു ഗ്രന്ഥകാരന്‍ മടങ്ങിവരുന്നുണ്ട്. സൂര്യദേവനായ അപ്പോളോ അല്ല ലോകത്തിന്‍റെ പ്രകാശമായ യേശുക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവപുത്രന്‍. അഗ്നിനാളവും തിളങ്ങുന്ന പിച്ചളയും അപ്പോളോ ദേവനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മിഥ്യയാണെന്നും അവ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് യേശുക്രിസ്തുവിലാണെന്നും സൂചിപ്പിക്കുന്നു. ദൈവപുത്രന്‍ എന്ന പേര് വെളിപാടു പുസ്തകത്തില്‍ ഇവിടെ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഇതും അപ്പോളോയെ സംബന്ധിച്ച അവകാശവാദത്തെ ഖണ്ഡിക്കുന്നു.

2:19, വലിയ പ്രശംസ നല്കിക്കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ആന്തരീകഭാവവും ബാഹ്യപ്രകടനവും യോജിച്ചുപോകുന്നതിന്‍റെ പേരില്‍ നാഥന്‍ സഭയെ അനുമോദിക്കുന്നു. തന്നെയുമല്ല, ഈ കാര്യങ്ങളില്‍ സഭ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നു എന്ന് നാഥന്‍തന്നെ അംഗീകരിക്കുകയും ചെയ്യുന്നു.

2:20, സഭയ്ക്കെതിരായുള്ള നാഥന്‍റെ കുറ്റാരോപണമാണ് അടുത്തതായി അവതരിപ്പിക്കുന്നത്. ജെസബെല്‍ എന്നത് വ്യാജനാമമാണെന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഇസ്രായേല്‍ ജനത്തെ വിഗ്രഹരാധനയ്ക്കു പ്രേരിപ്പിച്ച കുപ്രസിദ്ധയായ രാജ്ഞിയാണ് ആഹാബിന്‍റെ ഭാര്യയായ ജെസബെല്‍ (1 രാജാ 16:31-32; 18:1-19:3). അവളുടെ പഠനങ്ങളില്‍ രണ്ടു കാര്യങ്ങളാണ് എടുത്തുകാട്ടുന്നത്. വ്യഭിചാരം എന്നത് വാച്യാര്‍ത്ഥത്തിലും പ്രതീകാര്‍ത്ഥത്തിലും മനസ്സിലാക്കാം. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കുക എന്നത് വാച്യാര്‍ത്ഥത്തില്‍ത്തന്നെ എടുക്കണം. ഈ രണ്ടു കാര്യങ്ങളാണ് ജറുസലെം സൂനഹദോസ് വിജാതീയ ക്രൈസ്തവരെ സംബന്ധിച്ച് ഊന്നിപ്പറഞ്ഞത് (അപ്പ 15:29). ഇവ രണ്ടുംതമ്മിലുള്ള ബന്ധം മേല്‍വിവരിച്ച വിരുന്നാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ എളുപ്പം ഗ്രഹിക്കാനാവും. 'ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ ജനജീവിതത്തിന്‍റെ മുഖ്യധാരയില്‍നിന്നു മാറിനില്ക്കേണ്ടതില്ല. സമ്മേളനങ്ങളിലും വിരുന്നുകളിലും പങ്കെടുക്കുക സംഘടനയിലെ അംഗത്വത്തിന്‍റെ അവശ്യഭാഗമാണെങ്കില്‍ മടിക്കാതെ പങ്കെടുക്കണം' എന്നതാണ് ജെസബെലിന്‍റെ പഠനം.

'ജെസബെല്‍ ' എന്ന വ്യാജനാമം ഒരു വ്യക്തിയെ സൂചിപ്പിക്കാനാണോ അതോ ഇപ്രകാരമുള്ള പഠനങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സംബന്ധിച്ചു പൊതുവായിട്ടാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ലേഖനങ്ങളുടെ പൊതുവായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ രണ്ടാമത്തെ അഭിപ്രായത്തിനാണ് കൂടുതല്‍ സാധ്യതയുള്ളത്. സാമ്പത്തിക സുരക്ഷിതത്വത്തിനും സമൂഹത്തിലെ മാന്യതയ്ക്കും വേണ്ടി ക്രിസ്തീയ ധാര്‍മ്മികതയില്‍ അയവുവരുത്തുകയും പേഗന്‍ ആചാരങ്ങളോട് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യാന്‍ ശ്രമിക്കുന്ന ഈ പഠനം നിക്കോളാവോസിന്‍റെ ഉപദേശത്തോടും ബാലാമിന്‍റെ പഠനത്തോടും (വെളി 2:14-15) സാമ്യമുള്ളതാണ്.

2:21, അനിഷേധ്യമാംവിധം തെറ്റുതെളിയിച്ചതിനുശേഷം ശിക്ഷാവിധി പ്രസ്താവിക്കാനുള്ള ഒരുക്കമാണ് ഈ വാക്യം. തനിക്കു ലഭിച്ച മുന്നറിയിപ്പുകള്‍ കൂട്ടാക്കാതെ, മാനസാന്തരപ്പെടാന്‍ വിസമ്മതിച്ച്, തെറ്റില്‍ തുടരുന്നവന് മാപ്പു ലഭിക്കുകയില്ല. ആസന്നമായിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പു മാത്രമാണ് അടുത്തതായി ലഭിക്കുക.

2:22, ഇനി ഒരിക്കലും എഴുന്നേല്ക്കാനാവാത്തവിധം ശയ്യയിലേക്ക് ജെസബെലിനെ വലിച്ചെറിയും. രോഗശയ്യ എന്നായിരിക്കാം വിവക്ഷ. എന്നാല്‍ "ശയ്യയിലേക്ക് " എന്നു മാത്രമേ ഗ്രീക്കിലുളളൂ. അതു പാതാളശയ്യയും (ഏശ 14:11) ആവാം. അവളുടെ പഠനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും ഇതേ കഠിനമായ ശിക്ഷയാണ് ലഭിക്കാന്‍ പോകുന്നത്. അവളുടെ മക്കള്‍ എന്ന് 23-ാം വാക്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നതും ഇവരെയാണ്. ഈ താക്കീതുകള്‍ മാനസാന്തരത്തിനുള്ള അവസാനത്തെ ആഹ്വാനമായി പരിഗണിക്കണം. മനസ്സുതിരിയുക എന്ന പദം മൂന്നുതവണ ഈ ലേഖനത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ അനന്തമാണെന്നു കരുതി അനുതപിക്കാതെ തിന്മയില്‍ തുടരുന്നത് മോചനമില്ലാത്ത പാപമാണ്. ഇതാ ഞാന്‍ വലിച്ചെറിയുന്നു എന്നതു വര്‍ത്തമാനകാലമാണെങ്കിലും, പ്രവാചകശൈലിയില്‍ ആസന്നമായിരിക്കുന്ന ശിക്ഷാവിധിയെയാണിതു സൂചിപ്പിക്കുക.

2:23, മുഖ്യമായും ഈ വാക്യത്തെ മുന്നില്‍കണ്ടുകൊണ്ടാണ് അഗ്നിനാളംപോലെ മിഴികളുള്ളവന്‍ എന്ന് ക്രിസ്തു സ്വയം വിശേഷിപ്പിച്ചത്. ജറെ 17:10-ന്‍റെ സ്വതന്ത്രമായ ഉദ്ധരണിയാണിത്. വൃക്കകളും ഹൃദയവും പരിശോധിക്കുന്നവന്‍ എന്നാണ് ഗ്രീക്കു മൂലത്തിന്‍റെ വാച്യാര്‍ത്ഥം. സെമിറ്റിക് ചിന്താരീതിയില്‍ ഏറ്റം തീവ്രമായ വികാരങ്ങളുടെ ഇരിപ്പിടമാണ് വൃക്കകള്‍. ഉദരകോശങ്ങള്‍, കുടല്‍, അരക്കെട്ട് എന്നിവയും ഇതേ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുക. ചിന്തയുടെ ഇരിപ്പിടമാണ് ഹൃദയം. മനുഷ്യന്‍റെ ഏറ്റം നിഗൂഢമായ വിചാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും പോലും ക്രിസ്തു വ്യക്തമായി അറിയുന്നു. ഓരോരുത്തര്‍ക്കും അവന്‍ പ്രതിഫലം നല്കുന്നത് പ്രവൃത്തിയുടെ അടിസ്ഥാനത്തിലായിരിക്കും (മത്താ 16:27). നല്ല വിചാരങ്ങളും ആഗ്രഹങ്ങളും മാത്രം പോരാ, നല്ല പ്രവൃത്തികളും ആവശ്യമാണ്. മനുഷ്യന്‍റെ പ്രവൃത്തികളെയും അവയ്ക്കു പിന്നിലുള്ള വികാരങ്ങളെയും ലക്ഷ്യങ്ങളെയും കണക്കിലെടുത്തുകൊണ്ടായിരിക്കും മനുഷ്യപുത്രന്‍ വിധി പ്രസ്താവിക്കുക.

2:24, സാത്താന്‍റെ ആഴങ്ങള്‍ എന്നത് ഇന്നും തര്‍ക്കവിഷയമാണ്. രണ്ടു വിശദീകരണ സാധ്യതകളുണ്ട്. 1. 'ആഴങ്ങള്‍' എന്നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'ബഥേയാ' (depths) എന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥം. സാധാരണയായി രഹസ്യങ്ങള്‍ എന്നു വിവര്‍ത്തനം ചെയ്യാറുള്ള മിസ്തേരിയാ (mysteria) എന്നതില്‍ നിന്നും വ്യത്യസ്തമാണിത്. രഹസ്യം രക്ഷാകരമാണ്. ഈ ആഴങ്ങള്‍ക്കു വേറേ ധ്വനികളാണുള്ളത്. തങ്ങളുടെ പ്രത്യേക പഠനത്തെ 'സാത്താന്‍റെ ആഴങ്ങള്‍' എന്ന് അതിന്‍റെ ഉപജ്ഞാതാക്കള്‍ തന്നെ വിശേഷിപ്പിക്കുന്നതിനാല്‍ ആ വിധത്തില്‍ത്തന്നെ ഇതിനെ കരുതണം. ശാരീരികമായ സകല വഷളത്തരങ്ങളിലും ആവോളം ആഴത്തില്‍ മുഴുകുക. അങ്ങനെ തിന്മയുടെ സകല ആഴങ്ങളും അനുഭവിച്ചറിയുക. എന്നാല്‍ ആത്മാവിനെ ഇവയില്‍നിന്നെല്ലാം അകറ്റി ഉയര്‍ത്തി നിര്‍ത്തുക. ഇപ്രകാരം സാത്താന്‍റെ ആഴങ്ങള്‍ അറിഞ്ഞാലേ അവനെ പരാജയപ്പെടുത്താന്‍ കഴിയൂ. തിന്മയുടെ കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ച് തിന്മയുടെ ശക്തിയായ സാത്താന്‍റേമേല്‍ വിജയം വരിക്കാനുള്ള മാര്‍ഗ്ഗമാണിത്. 2. രക്ഷ പ്രാപിക്കാന്‍ ആവശ്യമായ നിഗൂഢജ്ഞാനമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. 'ദൈവത്തിന്‍റെ ആഴങ്ങള്‍' എന്ന് ഈ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതു സാത്താന്‍റെ രഹസ്യങ്ങള്‍ തന്നെയാണ്. യഹൂദ സിനഗോഗിനെ 'സാത്താന്‍റെ സിനഗോഗ്' എന്നു വിശേഷിപ്പിച്ച അതേ പരിഹാസമാണ് ഇവിടെയും മുഴങ്ങുന്നത്. ഈ രണ്ടു വ്യാഖ്യാനങ്ങളും ജ്ഞാനവാദം (Gnosticism) എന്നറിയപ്പെടുന്ന പാഷണ്ഡതയുടെ ആദ്യരൂപങ്ങളാണ്. ഇവയില്‍ ആദ്യത്തേതാണ് കൂടുതല്‍ സ്വീകാര്യമെന്ന് വ്യാഖ്യാതാക്കളില്‍ ഭൂരിഭാഗവും കരുതുന്നു. ഏതു വ്യാഖ്യാനം സ്വീകരിച്ചാലും, ഭീകരമായ ശിക്ഷ വിളിച്ചുവരുത്തുന്ന പാപമായിട്ടാണ് ഈ സിദ്ധാന്തത്തെ വി.ഗ്രന്ഥകാരന്‍ കാണുന്നത്.

2:25, കര്‍ത്താവിന്‍റെ ആഗമനം വൈകുകയില്ലെന്നും അതുവരെ ധീരമായി ഉറച്ചുനില്ക്കണമെന്നും ഉള്ള ആഹ്വാനം മാത്രമാണ് തന്‍റെ വിശ്വസ്തര്‍ക്കു നല്കുന്നത്.

2:26, തനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണ് ദൈവപുത്രന്‍ തന്‍റെ വിശ്വസ്തദാസര്‍ക്കു വാഗ്ദാനം ചെയ്യുന്നത്. മിശിഹായുടെ ഭരണത്തെക്കുറിച്ചുള്ള സങ്കീര്‍ത്തനഭാഗം (സങ്കീ 2:8-9) ഇവിടെ സ്വതന്ത്രമായി ഉദ്ധരിച്ചിരിക്കുന്നു.

2:27, ഇടയന്‍റെ ദൗത്യമാണ് ഈ ഭരണം. ഭരിക്കുക എന്നല്ല, മേയിക്കുക എന്നാണു പറയുന്നത് എന്നതു ശ്രദ്ധേയമത്രേ. ഇടയന്മാര്‍ക്കു സാധാരണ രണ്ടു വടികളുണ്ടായിരുന്നു - അറ്റം വളഞ്ഞ ചെറിയ വടി ആടുകളെ നയിക്കാനും, രണ്ടറ്റത്തും ഇരുമ്പുകെട്ടിയ വലിയ വടി വന്യമൃഗങ്ങളെ അടിച്ച് ഓടിക്കാനും. രണ്ടാമത്തെ വടിയാണ് ഇവിടെ ഇരുമ്പുദണ്ഡ് എന്നു വിളിക്കുന്നത്. തിന്മയെ ഉന്മൂലനംചെയ്ത്, ദൈവരാജ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ സ്ഥാപിതമാകുമ്പോള്‍ ക്രിസ്തുവിന്‍റെ വിശ്വസ്തര്‍ അവനോടൊത്തു വാഴും. വി. പൗലോസ് ഈ പ്രത്യാശ പ്രകടമാക്കുന്നുണ്ട് (2 തിമോ 2:12).

2:28, രണ്ടാമത്തെ വാഗ്ദാനമായ പുലര്‍കാലനക്ഷത്രം യേശുവിനെ തന്നെയാണു സൂചിപ്പിക്കുന്നത്. "ഞാന്‍ ദാവീദിന്‍റെ വേരും സന്തതിയുമാണ്: പ്രകാശപൂര്‍ണ്ണമായ പ്രഭാതനക്ഷത്രം" (വെളി 22:16) എന്ന പ്രഖ്യാപനം ഇതിനു തെളിവാണ്. തിയത്തീറായിലെ വിശ്വസ്തര്‍ക്കു നല്കുന്ന രണ്ടു വാഗ്ദാനങ്ങളുടെയും അടിസ്ഥാനം ഈ വാക്യം അവതരിപ്പിക്കുന്ന സത്യംതന്നെ. അവസാനംവരെ ഉറച്ചുനിന്നു വിജയം വരിക്കുന്നവര്‍ക്കു ദൈവത്തിന്‍റെ രാജത്വത്തില്‍ ഭാഗഭാഗിത്വം മാത്രമല്ല ദൈവപുത്രനെത്തന്നെ അവകാശമായി ലഭിക്കും.

വെളിപാട് 3:1-6, സാര്‍ദീസിലെ സഭയ്ക്ക്

തിയത്തീറായില്‍നിന്ന് ഏകദേശം 50 കി.മീ. തെക്കായി സ്ഥിതിചെയ്തിരുന്ന ഒരു നഗരമാണ് സാര്‍ദിസ് (വാ. 1). 1500 അടി ഉയരമുള്ള കിഴക്കാംതൂക്കായ പാറക്കെട്ടിനു മുകളിലാണ് പട്ടണം പണിയപ്പെട്ടിരുന്നത്. ശത്രുക്കള്‍ക്ക് അതിനെ ആക്രമിച്ചു കീഴടക്കുക പ്രായേണ അസാധ്യമായിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ ഏഷ്യയിലെ ഏറ്റം സമ്പന്ന നഗരമായി സാര്‍ദിസ് അറിയപ്പെട്ടിരുന്നു. സമ്പത്തിലും കോട്ടയുടെ സുരക്ഷിതത്വത്തിലും മതിമറന്ന സാര്‍ദിസ് രണ്ടുതവണ അപ്രതീക്ഷിതമായി ശത്രുക്കള്‍ക്കു കീഴടങ്ങേണ്ടി വന്നു. ബി.സി. 546-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസിന്‍റെ പടയാളികള്‍ രാത്രിയില്‍ പാറക്കെട്ടിന്‍റെ വിടവിലൂടെ പിടിച്ചു കയറി. കാവല്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. അതിനാല്‍ നിഷ്പ്രയാസം പട്ടണം കീഴടക്കാന്‍ കഴിഞ്ഞു. ബി.സി. 195-ല്‍ സിറിയന്‍ രാജാവായ അന്തിയോക്കസ് മൂന്നാമന്‍റെ പടയാളികള്‍ ഇതേവിധത്തില്‍ പട്ടണത്തില്‍ പ്രവേശിച്ചു. അന്നും കാവല്ക്കാര്‍ ഉറങ്ങുകയായിരുന്നു. ഏ.ഡി. 17-ല്‍  ഉണ്ടായ വലിയ ഭൂമികുലുക്കത്തില്‍ ഏഷ്യാമൈനറിലെ മറ്റു പതിനാറു പട്ടണങ്ങളോടൊപ്പം സാര്‍ദിസ് നഗരവും നിലംപതിച്ചു. ടൈബീരിയസ് ചക്രവര്‍ത്തി ഒരു ഭീമമായ തുക നല്കിയാണ് നഗരം വീണ്ടും പണിതത്. സാര്‍ദീസിലെ സഭയ്ക്ക് ഉണര്‍ന്നിരിക്കാന്‍ നല്കുന്ന ആഹ്വാനത്തില്‍ ഈ ചരിത്രസംഭവങ്ങളുടെ സൂചനകാണാം.

ദൈവത്തിന്‍റെ സപ്താത്മാക്കളും സപ്തതാരങ്ങളും ഉള്ളവന്‍ എന്നാണ് ക്രിസ്തു സ്വയം വിശേഷിപ്പിക്കുന്നത്. സപ്താത്മാക്കള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു എന്നു നാം കണ്ടുകഴിഞ്ഞു. ദൈവാത്മാവിന്‍റെ പൂര്‍ണ്ണത യേശുവില്‍ കുടികൊള്ളുന്നു. ആത്മാവിന്‍റെ സപ്തദാനങ്ങള്‍ വര്‍ഷിക്കുകയും എല്ലാ സഭകളിലും പരിശുദ്ധാത്മാവില്‍ സന്നിഹിതനായിരിക്കുകയും ചെയ്യുന്ന ക്രിസ്തുവാണ് സംസാരിക്കുന്നത്. സഭകളെ മുഴുവന്‍ അവന്‍ തന്‍റെ കൈകളില്‍ വഹിക്കുന്നു. സഭ ക്രിസ്തുവിന്‍റേതാണ്. സഭയിലെ എല്ലാ അംഗങ്ങളും അവന്‍റെ ദാസന്മാരാണ്; സഭാധികാരികള്‍ ക്രിസ്തുവിനാല്‍ നിയുക്തരായ ഇടയന്മാരും (അപ്പ 20:28).

ഉത്ഥിതനായ ക്രിസ്തുവില്‍നിന്നു യാതൊരു പ്രശംസയും ലഭിക്കാത്ത രണ്ടുസഭകളില്‍ ഒന്നാണ് സാര്‍ദീസിലേത്. പ്രശംസ ലഭിക്കുന്നില്ല എന്നുമാത്രമല്ല നിശിതമായ വിമര്‍ശനങ്ങളും കര്‍ശനമായ താക്കീതുകളും ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്നു. നാമമാത്രക്രിസ്ത്യാനികള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ സഭ ജീവിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നീ മൃതനാണ് എന്ന പ്രഖ്യാപനം ഈ സഭയുടെ പൊതുവായ അവസ്ഥയെ സൂചിപ്പിക്കുന്നതാവണം.

പുറമേനിന്നുള്ള പീഡനങ്ങളോ അകമേ നിന്നുള്ള പാഷണ്ഡതയോ ഈ സഭയെ പിടിച്ചുകുലുക്കുന്നില്ല. ചുറ്റുപാടും നടമാടുന്ന പേഗന്‍ സംസ്കാരത്തോട് ഒത്തുതീര്‍പ്പില്‍ എത്തിയതാവണം ഇതിനു കാരണം. "നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതുകൊണ്ട്.......ലോകം നിങ്ങളെ വെറുക്കും" (യോഹ 15:19) എന്ന് യേശുനാഥന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. ചുറ്റുപാടുമുള്ള മറ്റുസഭകള്‍ കഠിനമായ പീഡനത്തിനിരയായപ്പോഴും സാര്‍ദീസിലെ സഭയ്ക്കു സ്വച്ഛമായി ജീവിക്കാന്‍ കഴിഞ്ഞത് ആ സഭ ലോകത്തിന്‍റേതായി തീര്‍ന്നതുകൊണ്ടായിരിക്കണം. ചൈതന്യം നഷ്ടപ്പെട്ട വിശ്വാസം അര്‍ത്ഥശൂന്യമായ ആചാരങ്ങളുടെ പുറന്തോടിനുള്ളില്‍ അന്ത്യശ്വാസം വലിക്കുകയാണ്. സാര്‍ദിസ് നഗരത്തിന്‍റെ അവസ്ഥ തന്നെയാണ് ആ നഗരത്തിലെ സഭയുടേതും. ഗതകാലമഹത്വത്തില്‍ അഭിമാനിക്കുകയും വിശ്വാസത്തിന്‍റെ കാതലായ കാര്യങ്ങളില്‍ പേഗന്‍ സംസ്കാരവുമായി വിട്ടുവീഴ്ചകള്‍ നടത്തി സ്വസ്ഥതയനുഭവിക്കുകയും ചെയ്യുന്ന ഈ സഭ എക്കാലത്തും ക്രിസ്തുവിന്‍റെ സഭയ്ക്കു സംഭവിക്കാവുന്ന ലൗകായതീകരണത്തിന്‍റെ ഉദാഹരണമാണ്.

ഉണരുക എന്ന ആഹ്വാനമാണ് നാഥന് ഈ സഭയ്ക്കു നല്കാനുള്ളത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഉണരുക എന്നല്ല, സദാ ഉണര്‍ന്നിരിക്കുക എന്നാണ് ഗ്രീക്കുമൂലത്തിന്‍റെ അര്‍ത്ഥം. ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് മൂന്നാംവാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവിധങ്ങളായ പ്രലോഭനങ്ങള്‍ക്കും വീഴ്ചകള്‍ക്കും എതിരേ നിതാന്ത ജാഗ്രത പാലിക്കാനുള്ള ആഹ്വാനം പുതിയ നിയമത്തിലുടനീളം കാണാം (ലൂക്കാ 22.46; 1 കോറി 16:13; കൊളോ 4:2; 1 തെസ 5:6; 1 പത്രോ 5:8). കാവല്‍ക്കാരുടെ അശ്രദ്ധമൂലം രണ്ടുതവണ ശത്രുക്കള്‍ക്കു കീഴടങ്ങുകയും അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തില്‍ നിലംപതിക്കുകയും ചെയ്ത സാര്‍ദീസിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ ഉണര്‍ന്നിരിക്കുക എന്ന ആഹ്വാനം ഗ്രഹിക്കാന്‍ എളുപ്പമുണ്ട്.MMMMM

തന്നെ ഏല്പിച്ച ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ ഈ സഭ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് അടുത്ത ആരോപണം. എന്‍റെ ദൈവം എന്ന പദപ്രയോഗം യേശുവിന്‍റെ ദൈവത്വത്തെ നിഷേധിക്കുകയല്ല, തന്‍റെ മനുഷ്യത്വത്തില്‍ പിതാവായ ദൈവത്തോടുള്ള അവന്‍റെ പ്രത്യേക ബന്ധം എടുത്തുകാണിക്കുകയാണ് ചെയ്യുന്നത് (വെളി 1:6; 2 കോറി 1:3). ചാരം മൂടിക്കിടക്കുന്ന തീക്കനലിനെ ഊതിക്കത്തിക്കുന്നതുപോലുള്ള ഒരു പ്രവൃത്തിയാണ് ഉത്തേജിപ്പിക്കുക എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. മൃതനാണ് എന്നു പറഞ്ഞെങ്കിലും ഇനിയും പൂര്‍ണ്ണമായും മരിച്ചിട്ടില്ലാത്ത ചിലതൊക്കെ ഈ സഭയില്‍ അവശേഷിച്ചിട്ടുണ്ട് - നാമമാത്ര ക്രിസ്ത്യാനികളിലും ക്രിസ്തുവിന്‍റെ ചൈതന്യം ഒളിഞ്ഞുകിടക്കുന്നതുപോലെ. അവ എന്തൊക്കെയാണെന്നു വിശദീകരിക്കുന്നതിനു പകരം എന്താണ് അടിയന്തിരമായി ചെയ്യേണ്ടത് എന്നു നാഥന്‍ നിര്‍ദ്ദേശിക്കുന്നു.

3:3, മൂന്നു കാര്യങ്ങളാണ് ഇവിടെ ആവശ്യപ്പെടുന്നത്. 1. കേട്ടത് അനുസ്മരിക്കുക. 2. സ്വീകരിച്ചതു കാത്തുസൂക്ഷിക്കുക. 3. മനസ്സു തിരിയുക. സുവിശേഷപ്രഘോഷണത്തിലൂടെ ലഭിച്ച വിശ്വാസമാണ് സഭ കാത്തുസൂക്ഷിക്കേണ്ടത്. സമൂലമായ മനഃപരിവര്‍ത്തനത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അനുസ്മരിക്കുക, കാത്തുസൂക്ഷിക്കുക എന്ന രണ്ടു കല്പനകളും ഗ്രീക്കില്‍ വര്‍ത്തമാനകാലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സുവിശേഷം സ്വീകരിച്ച ആദ്യകാലത്തെ നിരന്തരം അനുസ്മരിക്കണം. യേശുവിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തിന്‍റെ നിര്‍വൃതിദായകമായ സ്മരണ ഒരിക്കലും മാഞ്ഞുപോകാന്‍ അനുവദിക്കരുത്. വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതും നിരന്തരമായൊരു പ്രക്രിയയാണ്. എന്നാല്‍ മനസുതിരിയുക എന്ന ക്രിയയ്ക്ക് ഭൂതകാലം (aorist) ആണ് നല്കിയിരിക്കുന്നത്. ഒരിക്കല്‍മാത്രം ചെയ്യേണ്ട പ്രവൃത്തിയാണിത്. തെറ്റായ വഴിയില്‍നിന്നും പിന്തിരിയാന്‍ എന്നേക്കുമായി എടുക്കുന്ന ദൃഢമായ തീരുമാനത്തെ ഇതു സൂചിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പ്രമാണങ്ങള്‍ അനുസരിക്കുന്നതില്‍ സദാ ജാഗ്രത പാലിക്കുന്നതിലൂടെ ഈ തീരുമാനം വ്യക്തികളുടെയും സഭാസമൂഹത്തിന്‍റെയും അനുദിനജീവിതത്തില്‍ പ്രകടമാകണം.

ഭീഷണമായൊരു താക്കീത് ഈ കല്പനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കള്ളനെപ്പോലെ വരും എന്നതു മനസ്സിലാക്കാന്‍ സാര്‍ദീസുകാര്‍ക്കു പ്രയാസമില്ല. സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്‍റെ തന്നെ വാക്കുകളാണിത് (മത്താ 24:43). അന്തിമ വിധിയ്ക്കായുള്ള മനുഷ്യപുത്രന്‍റെ വരവിനെ സൂചിപ്പിക്കാന്‍ ഇതേ ഉദാഹരണം വി. പൗലോസും (1 തെസ 5:4) വി. പത്രോസും (2 പത്രോ 3:10) ഉപയോഗിക്കുന്നുണ്ട്. ഇവിടെ ലോകാവസാനവും അന്തിമ വിധിയും മാത്രമല്ല വ്യക്തികളുടെ അന്ത്യവും സൂചിപ്പിക്കപ്പെടുന്നു. നാഥന്‍ കണക്കു പരിശോധിക്കാന്‍ വരുന്നത് അപ്രതീക്ഷിതമായ ചരിത്രസംഭവങ്ങളിലൂടെ ആയിരിക്കും.

3:4, തികച്ചും നിരാശാജനകമായ ഈ ചിത്രത്തില്‍ പ്രതീക്ഷയുടെ രജതരേഖ വരയ്ക്കുന്ന വാക്യമാണിത്. പാപത്തിനധീനമായ സമൂഹത്തില്‍നിന്ന് നീതിമാന്മാരായ ചുരുക്കം പേര്‍ അവശേഷിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആശ്വാസവും പ്രത്യാശയും നല്കുന്നു. വസ്ത്രം മലിനമാക്കാത്തവര്‍ മാമ്മോദീസായില്‍ ലഭിച്ച വിശുദ്ധി കാത്തുസൂക്ഷിച്ചവരെ സൂചിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തങ്ങള്‍ക്കു ലഭിച്ച ദൈവികജീവന്‍റെയും വിശുദ്ധിയുടെയും അടയാളമായി വെള്ളവസ്ത്രം ധരിച്ച് ദിവ്യബലിയില്‍ പങ്കുചേര്‍ന്നിരുന്നു.

3:5, വിശ്വസ്തരായി നിലനില്ക്കുന്നവര്‍ക്ക് നല്കുന്ന സമ്മാനം ഇതിനുപുറമേ മൂന്നു പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നു. 1. വെള്ളവസ്ത്രം ധരിപ്പിക്കും. ചളിപുരണ്ട വസ്ത്രവുമായി ആരും ദേവാലയത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് പുരാതന മതങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ദൈവസന്നിധിയില്‍ പ്രവേശിക്കാനുള്ള അര്‍ഹതയും അവകാശവും സൂചിപ്പിക്കുന്നതാണ് ഈ വെള്ളവസ്ത്രം. അതോടൊപ്പം ജ്ഞാനസ്നാന വാഗ്ദാനം കാത്തു പരിപാലിച്ചവര്‍ക്കു ക്രിസ്തുനാഥന്‍ നല്കുന്ന പ്രശംസയും സമ്മാനവുമായി ഇതിനെ പരിഗണിക്കാം. കാരണം വെള്ളനിറം ദൈവികത, വിജയം, വിശുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. എന്‍റെകൂടെ നടക്കും - പറുദീസായില്‍ ആദിമ മനുഷ്യന്‍ ദൈവത്തോടൊന്നിച്ചു നടന്നിരുന്നു (ഉല്‍പ 3:8). പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ ഉദ്യാനം പറുദീസ എന്നറിയപ്പെട്ടിരുന്നു. ചക്രവര്‍ത്തി വിശ്വസ്ത സേവകരോടൊപ്പം തന്‍റെ ഉദ്യാനത്തില്‍ ഉലാത്തിയിരുന്നതില്‍ നിന്നാവണം ഈ ചിത്രം രൂപംകൊണ്ടത്. മാമ്മോദീസായില്‍ ലഭിച്ച നൈര്‍മ്മല്യം കാത്തുസൂക്ഷിച്ചവര്‍ നാഥനോടൊപ്പം പറുദീസായിലായിരിക്കാന്‍ യോഗ്യത സമ്പാദിച്ചിരിക്കുന്നു.

ജീവന്‍റെ പുസ്തകം ദൈവജനത്തിലുള്ള അംഗത്വത്തെ സൂചിപ്പിക്കുന്നു (പുറ 32:32-33; സങ്കീ 69:28; എസെ 13:9; ദാനി 12:1). പുരാതനകാലത്ത് രാജാക്കന്മാര്‍ തങ്ങളുടെ പ്രജകളുടെ പേരെഴുതിയ പട്ടികകള്‍ സൂക്ഷിച്ചിരുന്നു. ഒരാള്‍ മരിക്കുകയോ കഠിനമായ കുറ്റത്തിനു ശിക്ഷിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അയാളുടെ പേര് പട്ടികയില്‍നിന്ന് നീക്കം ചെയ്യും. മേലില്‍ അയാള്‍ ആ രാജ്യത്തെ പ്രജയല്ല. പേരു വെട്ടുക എന്ന പ്രയോഗം മലയാളത്തിലുമുണ്ടല്ലോ. വിശ്വസ്തര്‍ക്ക് ദൈവത്തിന്‍റെ രാജ്യത്തില്‍ അംഗത്വവും അവകാശവും ലഭിക്കും എന്ന സൂചനയാണ് ഈ വാഗ്ദാനം നല്കുന്നത്.

  1. ഏറ്റുപറയും. ദൈവിക ന്യായാസനത്തിന്‍റെ ചിത്രമാണ് ഇതിന്‍റെ പശ്ചാത്തലം. ഭൂമിയില്‍ തന്നെ ഏറ്റുപറയുന്നവരെ ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ഏറ്റുപറയും എന്ന വാഗ്ദാനം സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മത്താ 10:32). തന്നോടു വിശ്വസ്തത പാലിക്കുന്നവനോട് ക്രിസ്തുവും വിശ്വസ്തനായിരിക്കും. അവര്‍ തനിക്കുള്ളവരാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കും.

വെളിപാട് 3:7-13, ഫിലാദെല്‍ഫിയായിലെ സഭയ്ക്ക്

സാര്‍ദീസില്‍നിന്ന് ഏകദേശം 50 കി.മീ തെക്കുകിഴക്കായി സ്ഥിതി ചെയ്തിരുന്ന ഒരു കൊച്ചുപട്ടണമാണ് ഫിലാദെല്‍ഫിയാ (വാ. 7). സഹോദരസ്നേഹം എന്നാണ് പേരിന്‍റെ അര്‍ത്ഥം. പെര്‍ഗാമോസ് രാജാവായിരുന്ന അറ്റാലസ് II (ബി. സി. 159-138) ആണ് ഈ നഗരം സ്ഥാപിച്ചത്. സഹോദരനായ യുമെസിനുവേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയും റോമാക്കാര്‍ പ്രലോഭിപ്പിച്ചിട്ടും അയാള്‍ക്കെതിരേ തിരിയാതിരിക്കുകയും ചെയ്തതിന്‍റെ പേരില്‍ സഹോദരന്‍റെ സ്നേഹിതന്‍ എന്നര്‍ത്ഥമുള്ള ഫിലാദെല്‍ഫോസ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തില്‍ നിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഇടയ്ക്കിടെ ഭൂമികുലുക്കം ഉണ്ടാകുന്ന ഒരു പ്രദേശത്താണ് ഈ പട്ടണം സ്ഥിതിചെയ്തിരുന്നത്. ഏ.ഡി. 17-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ സാര്‍ദീസിനോടൊപ്പം ഫിലാദെല്‍ഫിയായും തകര്‍ന്നുവീണു. ഏ.ഡി. 19-ല്‍ ടൈബീരിയസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ നഗരം പുതുക്കിപ്പണിതെങ്കിലും തുടര്‍ച്ചയായുണ്ടാകുന്ന ഭൂമികുലുക്കം നഗരവാസികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂരിഭാഗം പേരും നഗരത്തിനുവെളിയില്‍ കുടിലുകള്‍ കെട്ടി താമസിച്ചു. നഗരത്തിനുള്ളില്‍ വസിക്കുന്നവരാകട്ടെ ഏതു സമയവും പുറത്തേക്ക് ഓടി രക്ഷപെടാന്‍ ഒരുങ്ങിയിരുന്നു.

ഏഷ്യാമൈനറിലെ മീസിയാ, ലീഡിയാ, ഫ്രീജിയാ എന്നീ രാജ്യങ്ങളിലേക്കുള്ള രാജപാതകള്‍ ഫിലാദെല്‍ഫിയായിലൂടെയാണു കടന്നുപോയിരുന്നത്. ഈ രാജ്യങ്ങളിലേക്ക് ഗ്രീക്കു ഭാഷയും സംസ്കാരവും കടത്തിവിടാനുള്ള വാതിലായി പെര്‍ഗാമോസ് ഈ നഗരത്തെ ഉപയോഗിച്ചിരുന്നു. 'ഏഷ്യയുടെ വാതില്‍' എന്നാണ് ഫിലാദെല്‍ഫിയാ അറിയപ്പെട്ടിരുന്നത്.

നഗരത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു സഹായിച്ച ടൈബീരിയസ് ചക്രവര്‍ത്തിയോടുള്ള കൃതജ്ഞതയുടെ അടയാളമായി നഗരവാസികള്‍ ഫിലാദെല്‍ഫിയായ്ക്കു നെയോകേസറിയാ എന്ന പേരു നല്കി. നീറോ ചക്രവര്‍ത്തി ഈ പേരു മാറ്റി പഴയപേര് പുനഃസ്ഥാപിച്ചു. പിന്നീട് വെസ്പാസിയാന്‍ ചക്രവര്‍ത്തിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടുപേരിനെ അനുകരിച്ച് നഗരത്തിനു ഫ്ളാവിയാ എന്ന പേരു നല്കി. പുതിയ പേരുകള്‍ നല്കുന്ന സാഹചര്യവും അതിന്‍റെ അര്‍ത്ഥവും ഫിലാദെല്‍ഫിയാ നിവാസികള്‍ക്ക് സുപരിചിതമായിരുന്നു.

ക്രിസ്തുവിനു നല്കിയിരിക്കുന്ന വിശേഷണങ്ങള്‍ മൂന്നും പഴയനിയമത്തിന്‍റെ സ്വാധീനത്തില്‍ രൂപപ്പെടുത്തിയതാണ്. "വിശുദ്ധന്‍" എന്നതു പഴയനിയമത്തില്‍ ദൈവത്തിന്‍റെ മാത്രം വിശേഷണമാണ്. ഇസ്രായേലിന്‍റെ പരിശുദ്ധന്‍ എന്നാണ് യാഹ്‌വേ അറിയപ്പെടുന്നത് (ഏശ 6:3; 40:25; 43:15). പരിശുദ്ധന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നതിലൂടെ തന്‍റെ ദൈവികതയിലേക്ക് ക്രിസ്തു ശ്രദ്ധ ക്ഷണിക്കുന്നു. സത്യവാന്‍ എന്ന വിശേഷണവും പഴയനിയമത്തില്‍ യാഹ്‌വേയ്ക്കു നല്കിയിരുന്നതാണ്. ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യം, വിശ്വസ്തത, സ്ഥിരത എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകളെ സൂചിപ്പിക്കുന്നതാണ് ഈ വിശേഷണം. വിഗ്രഹങ്ങള്‍ മിഥ്യയാണ്, ദൈവമാകട്ടെ യാഥാര്‍ത്ഥ്യവും. സൃഷ്ടമായതെല്ലാം മാറ്റമുള്ളതാണ്, ദൈവം അചഞ്ചലനും. ഈ വിശേഷണവും ക്രിസ്തുവിന്‍റെ ദൈവികതയിലേക്കു വിരല്‍ ചൂണ്ടുന്നു. തുടര്‍ന്നുവരുന്ന വാക്യങ്ങളില്‍ യഹൂദരുമായുള്ള വിവാദത്തെക്കുറിച്ചു നല്കുന്ന സൂചന സത്യവാന്‍ എന്ന വിശേഷണത്തിനു മറ്റൊരു മാനവും നല്കുന്നു. യേശുവിനെ വ്യാജമിശിഹായായി ചിത്രീകരിക്കുന്നവര്‍ക്കെതിരേ അവന്‍ യഥാര്‍ത്ഥത്തില്‍ മിശിഹായാണെന്ന് തറപ്പിച്ചു പറയുന്നു. യേശു സത്യവാനാണ്, അവനെ വിശ്വസിക്കാം.

താക്കോല്‍ കൈവശമുള്ളവന്‍ ഭവനത്തിന്മേല്‍ അധികാരമുള്ളവനാണ്. തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാകട്ടെ ഭവനത്തില്‍ പ്രവേശനം അനുവദിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ദാവീദിന്‍റെ താക്കോല്‍ മിശിഹായുടെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. ഏശ 22:22-ന്‍റെ സ്വാധീനം ഈ വിശേഷണത്തില്‍ കാണാം. സിനഗോഗില്‍ പ്രവേശിക്കുന്നതില്‍നിന്നു യഹൂദര്‍ ക്രിസ്ത്യാനികളെ തടഞ്ഞിരുന്നു; ദൈവരാജ്യം തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവരാജ്യത്തില്‍ പ്രവേശനം നല്കാനും നിഷേധിക്കാനും ഉള്ള അധികാരം തന്‍റേതു മാത്രമാണെന്ന് ക്രിസ്തു ഇവിടെ പ്രഖ്യാപിക്കുന്നു.

3:8, "നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു" എന്ന മുഖവുരയ്ക്കും സഭയെക്കുറിച്ചുള്ള വിലയിരുത്തലിനും മധ്യേ തുറന്ന വാതിലിനെക്കുറിച്ചുള്ള പ്രസ്താവന ചേര്‍ത്തിരിക്കുന്നു. ക്രിസ്തു തുറന്നത് മറ്റാര്‍ക്കും അടയ്ക്കാന്‍ സാധിക്കുകയില്ല. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഞാനാണ് വാതില്‍ (യോഹ 10:7) എന്ന യേശുവിന്‍റെ പ്രഖ്യാപനം ഇവിടെ ശ്രദ്ധേയമാണ്. യേശുവിലൂടെ മാത്രമേ ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂ. യഹൂദരുമായുള്ള വിവാദം അടുത്തവാക്യത്തില്‍ തുടരുന്നുണ്ട്.

ഫിലാദെല്‍ഫിയായുടെ ചരിത്ര പശ്ചാത്തലത്തില്‍നിന്ന് തുറന്ന വാതില്‍ മറ്റൊരു സൂചനകൂടി നല്കുന്നു. ഏഷ്യാ മൈനറില്‍ ഗ്രീക്കു സംസ്കാരം പ്രചരിപ്പിക്കുന്നതിനുള്ള വാതിലായി പെര്‍ഗാമോസ് ഈ നഗരത്തെ ഉപയോഗിച്ചിരുന്നതുപോലെ സുവിശേഷ പ്രചരണത്തിനുള്ള ദൗത്യം ഈ സഭയ്ക്ക് ഏല്പിച്ചിരിക്കുന്നു എന്ന സൂചന ഇവിടെ കാണാം. സുവിശേഷ വേലയ്ക്ക് അനുയോജ്യമായ സാഹചര്യം ലഭിക്കുന്നതിനെ "വാതില്‍ തുറന്നു കിട്ടുക" എന്നു വിശേഷിപ്പിക്കുക സാധാരണമായിരുന്നു (അപ്പ 14:27; 1 കോറി 16:9; 2 കോറി 2:12).

സ്മിര്‍ണായിലെ സഭയെക്കുറിച്ചെന്നതുപോലെ ഈ സഭയെക്കുറിച്ചും നാഥനു നല്ലതുമാത്രമേ പറയാനുള്ളൂ. താരതമ്യേന ചെറുതും ജനമധ്യേ സ്വാധീനം കുറഞ്ഞതുമായ ക്രിസ്തീയ സമൂഹമായിരുന്നു ഫിലാദെല്‍ഫിയായിലേത് എന്ന സൂചനയാണ് പരിമിതമായ ശക്തിയെക്കുറിച്ചുള്ള പരാമര്‍ശം നല്കുന്നത്. "എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചില്ല" എന്ന പ്രസ്താവനകള്‍ ഈ കൊച്ചു സമൂഹം നേരിടേണ്ടി വന്ന പരീക്ഷണത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അംഗസംഖ്യയോ ശക്തി സ്വാധീനങ്ങളോ അല്ല, കര്‍ത്താവിന്‍റെ വചനം അനുസരിച്ചു ജീവിച്ചുകൊണ്ട് നാഥന്‍റെ നാമത്തിന് നഷ്ടം സഹിച്ചും സാക്ഷ്യം വഹിക്കാനുള്ള സന്നദ്ധതയാണ് പ്രധാനം.

3:9, സാത്താന്‍റെ സിനഗോഗിനെക്കുറിച്ചുള്ള പരാമര്‍ശം സ്മിര്‍ണായിലെ സഭയ്ക്കുള്ള ലേഖനത്തില്‍ കണ്ടതുതന്നെയാണ് (വെളി 2:9). ദൈവം അയച്ച രക്ഷകനായ മിശിഹായെ തള്ളിപ്പറയുകയും അതേസമയം തങ്ങളാണ് ദൈവജനം എന്നവകാശപ്പെടുകയും ചെയ്യുന്നതു നുണയാണ്. സത്യത്തെ നിഷേധിക്കുന്നവര്‍ നുണയുടെ പിതാവായ സാത്താന്‍റെ പക്ഷക്കാരത്രേ (യോഹ 8:44). സത്യവാന്‍ എന്ന ക്രിസ്തുവിന്‍റെ വിശേഷണം ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

ക്രിസ്തുവിന്‍റെ സഭയാണ് യഥാര്‍ത്ഥ ദൈവജനം എന്ന് യഹൂദരും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകും എന്ന് തുടര്‍ന്നു വാഗ്ദാനം ചെയ്യുന്നു. അവരെ ഞാന്‍ നിന്‍റെ കാല്ക്കല്‍ വരുത്തി കുമ്പിടുവിക്കും എന്ന പ്രസ്താവന എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായങ്ങളുണ്ട്. യുദ്ധത്തില്‍ പരാജയപ്പെടുന്നവര്‍ ജേതാവിന്‍റെ കാല്ക്കല്‍ കുമ്പിടുന്ന പുരാതനമായ ആചാരത്തിന്‍റെ പശ്ചാത്തലത്തില്‍ യഹൂദര്‍ പരാജിതരായി സഭയുടെ മുമ്പില്‍ മുട്ടുകുത്തും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. യഹൂദര്‍ ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുകയും ക്രിസ്തുവിന്‍റെ സഭയിലേക്കു വരുകയും ചെയ്യും എന്ന സൂചനയാണ് ഈ വാക്യം നല്കുന്നതെന്നു മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. സഭയുടെ സുവിശേഷ ദൗത്യത്തെ സൂചിപ്പിക്കുന്ന "തുറന്ന വാതില്‍" രണ്ടാമത്തെ വ്യാഖ്യാനത്തിനു പിന്തുണ നല്കുന്നു. ലോകജനതകള്‍ കാഴ്ചകളുമായി ജറുസലെമിലേക്കു വന്ന് യാഹ്വേയുടെ മുമ്പില്‍ കുമ്പിട്ടാരാധിക്കും എന്ന പ്രവചനങ്ങള്‍ (ഏശ 45:14; 49:23; 60:14) പുതിയ ജറുസലെം ആയ ക്രിസ്തുവിന്‍റെ സഭയില്‍ പൂര്‍ത്തിയാകുന്നു (വെളി 21:24-26). യഹൂദരടക്കം സകല ജനതകളും സഭയിലേക്കുവരാന്‍ ക്രിസ്തുതന്നെ ഇടയാക്കും. ഈ മാനസാന്തരം ക്രിസ്തുവിനു സഭയോടുള്ള സ്നേഹത്തിന്‍റെ പരസ്യമായ അംഗീകാരമായിരിക്കും.

3:10, കാക്കുക എന്ന പദം പ്രത്യേകം ശ്രദ്ധേയമാണ്. തന്‍റെ വചനം കാക്കുന്നവരെ ക്രിസ്തുവും കാക്കും, ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തിനു തൊട്ടുമുമ്പുണ്ടാകുന്ന വലിയ പരീക്ഷണവും ഞെരുക്കങ്ങളുമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത് (മര്‍ക്കോ 13:19; 2 തെസ 2:1-12). വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുന്ന വലിയ പ്രലോഭനമായിരിക്കും ഇത്. യേശുവിന്‍റെ പീഡാസഹനം ഇപ്രകാരം ഒരു പ്രലോഭനമായിരുന്നു. "ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ" (യോഹ 13:27) എന്നു പ്രാര്‍ത്ഥിക്കാന്‍ ദൈവപുത്രനായ ക്രിസ്തുപോലും പ്രലോഭിക്കപ്പെട്ടു. അവന്‍ ആ പരീക്ഷണത്തിന്‍റെ മണിക്കൂറിലൂടെ കടന്ന് അതിനെ വിജയിച്ചു. എന്നാല്‍ തന്‍റെ ശിഷ്യരോട് പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു (ലൂക്കാ 11:4; 21:0). ഈ വലിയ പ്രലോഭനത്തിന്‍റെ മണിക്കൂറില്‍നിന്ന് ക്രിസ്തു തന്‍റെ വിശ്വസ്തരെ കാത്തു സൂക്ഷിക്കും.

ഭൂവാസികള്‍ എന്ന വിശേഷണം വെളിപാടു പുസ്തകത്തില്‍ ദൈവജനത്തിന്‍റെ വിരോധികളെയാണു സൂചിപ്പിക്കുക (6:10; 8:13; 11:10).  അന്തിമപരീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ വിശ്വസ്തര്‍ അവരോടൊപ്പം പരീക്ഷിക്കപ്പെടുകയില്ല. പീഡനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടും എന്നല്ല, വിശ്വാസം കാത്തുസൂക്ഷിക്കാന്‍ നാഥന്‍ അവരെ ശക്തിപ്പെടുത്തും (യോഹ 17:15) എന്ന വാഗ്ദാനമാണ് ഇവിടെ നല്കുന്നത്. ക്ഷമാപൂര്‍വ്വം ഉറച്ചു നില്ക്കാനുള്ള ആഹ്വാനം സ്വീകരിച്ചതിന്‍റെ പേരില്‍ ഫിലാദെല്‍ഫിയായിലെ സഭയ്ക്കു വീണ്ടും പ്രശംസ ലഭിക്കുന്നു.

3:11, തുടര്‍ന്നും ഉറച്ചുനില്ക്കാന്‍ പ്രോത്സാഹനം നല്കുന്നതാണ് ഞാന്‍ വേഗം വരുന്നു എന്ന വാഗ്ദാനം. ക്രിസ്തുവിന്‍റെ വരവ് മറ്റു പല സഭകള്‍ക്കും ശിക്ഷയുടെ മുന്നറിയിപ്പായിരുന്നെങ്കില്‍ ഇവിടെ അതു വലിയ പ്രത്യാശ നല്കുന്ന വാഗ്ദാനമാണ്. യുഗാന്തവും മഹത്വപൂര്‍ണ്ണമായ രണ്ടാംവരവും ഇനിയും സംഭവിച്ചിട്ടില്ലെങ്കിലും ഒറ്റപ്പെട്ട വ്യക്തികളെ സംബന്ധിച്ചിടത്തോളം ക്രിസ്തു എപ്പോഴാണ് നിത്യതയുമായുള്ള കണ്ടുമുട്ടലിനു വിളിക്കാന്‍ വരുന്നതെന്ന് ആര്‍ക്കും അറിയില്ല. അലസരായി കഴിയുന്നവര്‍ക്ക് വലിയൊരു താക്കീതാണിത്. ക്രിസ്തുവിനുവേണ്ടി പീഡനമേല്ക്കുകയും അവന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്കാകട്ടെ വലിയ സന്തോഷം പ്രദാനം ചെയ്യുന്ന സദ്വാര്‍ത്തയും. വിജയിക്കുന്നവര്‍ക്കു ലഭിക്കുന്ന സമ്മാനമാണ് കിരീടം (വെളി 2:10). അത് നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടി വിശ്വസ്തരായി തുടരാന്‍ ക്രിസ്തു ആഹ്വാനം ചെയ്യുന്നു.

3:12, അവസാനംവരെ വിശ്വസ്തത പുലര്‍ത്തുന്നവര്‍ക്കുള്ള നിത്യസമ്മാനം മൂന്നു പ്രതീകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. 1. എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ഒരു സ്തംഭമാക്കും. പഴയനിയമത്തിന്‍റെയും പേഗന്‍ ആചാരങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതു മനസ്സിലാക്കാനാവും. ജറുസലെം ദേവാലയത്തില്‍ സോളമന്‍ രണ്ടു സ്തംഭങ്ങള്‍ സ്ഥാപിച്ചു. ഓരോന്നിലും ഓരോ പേരും എഴുതിയിരുന്നു (1 രാജാ 7:21). ചക്രവര്‍ത്തിയ്ക്കുള്ള ആരാധനയ്ക്കായി നിയമിതനായ പ്രധാന പുരോഹിതന്‍ ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ അയാള്‍ ശുശ്രൂഷ നടത്തിയിരുന്ന ക്ഷേത്രത്തില്‍ അയാളുടെ ബഹുമാനാര്‍ത്ഥം ഒരു സ്തംഭം സ്ഥാപിക്കുകയും സ്തംഭത്തില്‍ അയാളുടെയും ചക്രവര്‍ത്തിയുടെയും പേര് കൊത്തിവയ്ക്കുകയും പതിവായിരുന്നു. സ്തംഭം സ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ വിശ്വസ്തദാസന്‍ എന്നേക്കും ദൈവഭവനത്തില്‍ വസിക്കും എന്ന സൂചനയാണ് ഈ വാഗ്ദാനം നല്കുന്നത്. അപ്പസ്തോലന്മാരെ സഭയുടെ നേതൃസ്തംഭങ്ങളായി ചിത്രീകരിക്കുന്നതിന്‍റെ (ഗലാ 2:9) സ്വാധീനം ഈ വാഗ്ദാനത്തില്‍ കാണുന്നവരുണ്ട്. ദൈവഭവനത്തില്‍ ഉന്നതമായ സ്ഥാനം നല്കുന്നതിന്‍റെ സൂചനയാണത്.

  1. പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. ഭൂമികുലുക്കത്തെ ഭയന്ന് ഏതു നിമിഷവും വീടിനും പട്ടണത്തിനും പുറത്തേയ്ക്കു ഓടിപ്പോകാന്‍ തയ്യാറായിരുന്നവര്‍ക്ക് വലിയ ആശ്വാസം നല്കുന്നതാണ് ഈ വാഗ്ദാനം. വീട് ഇടിഞ്ഞു വീഴുമെന്നു ഭയപ്പെടേണ്ടാ. സുരക്ഷിതത്വവും സമാധാനവുമാണ് ഇതു സൂചിപ്പിക്കുന്നത്.
  2. നാമങ്ങള്‍ എഴുതും. a. ദൈവത്തിന്‍റെ നാമം - ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതാണ് പേരെഴുതല്‍. വിശ്വസ്തത പാലിക്കുന്നവരെ ദൈവം തന്‍റേതായി സ്വീകരിക്കും. അടിമകളുടെമേല്‍ ഉടമയുടെ പേര് തീ കൊണ്ട് പൊള്ളിച്ച് എഴുതിയിരുന്ന പഴയ ആചാരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതു മനസ്സിലാക്കാം. നെറ്റിയില്‍ മുദ്രകുത്തുന്നതിനെക്കുറിച്ച് വെളിപാടു പുസ്തകത്തില്‍ വീണ്ടും പലതവണ പരമാര്‍ശിക്കുന്നുണ്ട് (7.3; 13:16; 14:1). b. ദൈവനഗരത്തിന്‍റെ നാമം - യുഗാന്തത്തില്‍ പൂര്‍ണ്ണമായി സംസ്ഥാപിക്കപ്പെടുന്ന ദൈവരാജ്യത്തെ പുതിയ ജറുസലെം എന്നാണ് വെളിപാടു പുസ്തകം വിശേഷിപ്പിക്കുന്നത് (21:2). നഗരത്തിന്‍റെ പേരു വഹിക്കുന്നവര്‍ ദൈവത്തിന്‍റെ നഗരത്തിലെ പൗരന്മാരായിരിക്കും. c. പുതിയ നാമം - പലതവണ പുതിയ പേരു സ്വീകരിച്ച ഫിലാദെല്‍ഫിയായില്‍ വസിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുള്ളതാണ് ഈ പ്രയോഗം. തന്‍റെ മഹത്വത്തിലൂടെ ക്രിസ്തു സ്വീകരിച്ച 'കര്‍ത്താവ്' (Kurios അപ്പ 2:36; ഫിലി 2:9-10) എന്ന നാമമായിരിക്കും ഈ പുതിയ പേര്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ നാമം വഹിക്കുന്നവര്‍ പുനരുത്ഥാനത്തില്‍ അവനെപ്പോലെ ആയിരിക്കും (1 യോഹ 3:2-3). ദൈവത്തിന്‍റെ സ്വന്തം ജനവും ദൈവരാജ്യത്തിന് അവകാശികളും ദൈവപുത്രസ്ഥാനത്തില്‍ പങ്കാളികളും ആകും എന്ന വാഗ്ദാനമാണ് മേല്‍ വിവരിച്ച പേരുകള്‍ നല്കുന്ന സൂചന.

വെളിപാട് 3:14-22, ലാവോദിക്യായിലെ സഭയ്ക്ക്

ഫിലാദെല്‍ഫിയായില്‍നിന്ന് ഏകദേശം 60 കി.മീ. തെക്ക്, ലീക്കസ് നദീതീരത്തു സ്ഥിതി ചെയ്തിരുന്ന ലാവോദിക്യാ നഗരം ബി.സി. 250-ലാണ് സ്ഥാപിതമായത് (വാ. 14). സ്ഥാപകനായ സിറിയന്‍ ചക്രവര്‍ത്തി അന്തിയോക്കസ് രണ്ടാമന്‍റെ ഭാര്യ ലാവോദിക്യായുടെ പേര് നഗരത്തിനു ലഭിച്ചു. ബി.സി. 190-ല്‍ ഈ നഗരവും പെര്‍ഗാമോസ് രാജ്യത്തിന്‍റെ അധീനതയിലായി. ബി.സി. 133-ല്‍ പെര്‍ഗാമോസ് രാജ്യം മുഴുവന്‍ റോമാക്കാര്‍ക്ക് ഇഷ്ടദാനമായി ലഭിച്ചപ്പോള്‍ ലാവോദിക്യായും റോമന്‍ പ്രവിശ്യയായ ഏഷ്യയുടെ ഭാഗമായിത്തീര്‍ന്നു.

വളരെ സമ്പന്നമായൊരു നഗരമായിരുന്നു ലാവോദിക്യാ. ഈ നഗരത്തിലെ ബാങ്കുകള്‍ പാശ്ചാത്യലോകത്ത് വലിയ പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. ഏ.ഡി. 61-ലെ ഭൂമികുലുക്കത്തില്‍ പട്ടണം തകര്‍ന്നപ്പോള്‍ അതിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി റോമന്‍ ചക്രവര്‍ത്തി വച്ചുനീട്ടിയ സഹായം പുച്ഛിച്ചു തള്ളിക്കൊണ്ട് നഗരവാസികള്‍ തന്നെ പട്ടണം പണിതത് അവരുടെ സമ്പത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും അടയാളമാണ്. ലാവോദിക്യായിലെ വൈദ്യപരിശീലനകേന്ദ്രം ഏഷ്യയിലെ ഇത്തരത്തിലുള്ള ഏറ്റം പ്രസിദ്ധമായ സ്ഥാപനമായിരുന്നു. കണ്ണിന്‍റെയും കാതിന്‍റെയും ചികിത്സയ്ക്കായി അവിടെ നിര്‍മ്മിച്ചിരുന്ന ലേപനങ്ങള്‍ റോമാസാമ്രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലേക്കും കയറ്റി അയച്ചിരുന്നു. അവിടെ ഉണ്ടാക്കിയിരുന്ന കറുത്ത കമ്പിളിക്കുപ്പായങ്ങള്‍ റോമാസാമ്രാജ്യത്തിലെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. ഈ വസ്തുതകളെല്ലാം ലാവോദിക്യായിലെ സഭയ്ക്കുള്ള ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

വി. പൗലോസിന്‍റെ ശിഷ്യനായ എപ്പഫ്രാസ് ആയിരിക്കണം ലാവോദിക്യായിലെ സഭയുടെ സ്ഥാപകന്‍. ഈ സഭയ്ക്ക് താന്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് കൊളോസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വി.പൗലോസ് സൂചിപ്പിക്കുന്നുണ്ട് (കൊളോ 4:16). രണ്ടു നഗരങ്ങളും തമ്മില്‍ 15 കി.മീ. ദൂരമേ ഉള്ളൂ.

തികച്ചും അസാധാരണമായൊരു നാമത്താലാണ് യേശു ഈ ലേഖനത്തില്‍ സ്വയം വെളിപ്പെടുത്തുന്നത്. ആമ്മേന്‍ എന്ന ഹീബ്രുപദത്തിന്‍റെ അര്‍ത്ഥം അങ്ങനെതന്നെ എന്നാണ്. പഴയനിയമത്തില്‍ ഒരിക്കല്‍ മാത്രം ആമ്മേന്‍ ദൈവത്തിന്‍റെ വിശേഷണമായി ഉപയോഗിച്ചിട്ടുണ്ട് (ഏശ 65:16). വിശ്വസ്തനായ ദൈവം എന്നു വിവര്‍ത്തനം ചെയ്യുന്നതിന്‍റെ ഹീബ്രു മൂലം ആമ്മേന്‍റെ ദൈവം (ഏലോഹേയ് ആമ്മേന്‍) എന്നാണ്. ദൈവത്തിന്‍റെ വാക്കിനു മാറ്റമില്ല; അവനെ വിശ്വസിക്കാം എന്ന അര്‍ത്ഥമാണ് ഈ പ്രയോഗത്തിനുള്ളത്.

ആമ്മേന്‍ എന്ന ഹീബ്രുപദത്തെ "വിശ്വസ്തനും സത്യവാനുമായ സാക്ഷി" എന്ന് ഗ്രന്ഥകാരന്‍ തന്നെ വിശദീകരിക്കുന്നു. പിതാവിന്‍റെ രക്ഷാകരപദ്ധതി വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുകയും ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹത്തിനു മരണംകൊണ്ടു സാക്ഷ്യം നല്കുകയും ചെയ്തവനാണ് യേശു; അഥവാ ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ആമ്മേന്‍ ആണ് അവന്‍. അവന്‍ പറയുന്നതു സത്യമാണ്; അവന്‍ തന്നെയാണ് സത്യം. അവനില്‍ വിശ്വസിക്കാം.

ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭം എന്നതിന് ദൈവത്തിന്‍റെ ആദ്യത്തെ സൃഷ്ടി എന്നല്ല അര്‍ത്ഥം. "എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതന്‍", "അവന്‍ എല്ലാറ്റിന്‍റെയും ആരംഭമാണ്" (കൊളോ 1:15.18) എന്ന വി. പൗലോസിന്‍റെ പ്രഖ്യാപനങ്ങളുടെ സ്വാധീനം ഇവിടെ ദൃശ്യമാണ്. പിതാവായ ദൈവം വചനമാകുന്ന പുത്രനിലൂടെ എല്ലാം സൃഷ്ടിച്ചു എന്ന വിശ്വാസം ഇവിടെ ഏറ്റുപറയുന്നു (യോഹ 1:3). പ്രപഞ്ചസൃഷ്ടിയെക്കുറിച്ചു മാത്രമല്ല, രക്ഷാകര്‍മ്മത്തിലൂടെ നടന്ന പുതിയ സൃഷ്ടിയെക്കുറിച്ചും ഇവിടെ സൂചനയുള്ളതായി പലരും കരുതുന്നു. മനുഷ്യനായി അവതരിച്ച ദൈവവചനമായ യേശുക്രിസ്തുവിലൂടെയാണല്ലോ ഈ പുതിയ സൃഷ്ടി ആരംഭിച്ചത്. ആമ്മേന്‍ എന്ന പേരിന്‍റെ മേല്‍വിവരിച്ച അര്‍ത്ഥത്തോടു ചേര്‍ന്നുപോകുന്നതാണ് ഈ വ്യാഖ്യാനം. ദൈവത്തിന്‍റെ പദ്ധതിക്കു പൂര്‍ണ്ണമായി വഴങ്ങി "ആമ്മേന്‍" പറയുന്നതിലൂടെ യേശുക്രിസ്തു പുതിയ സൃഷ്ടിക്ക് ആരംഭംകുറിച്ചു. രക്ഷാപദ്ധതിയിലുള്ള യേശുവിന്‍റെ സ്ഥാനം എടുത്തുകാട്ടുന്നതാണ് ഈ പ്രയോഗം.

3:15, നിശിതമായ വിമര്‍ശനമാണ് ലാവോദിക്യായിലെ സഭയുടെമേല്‍ യേശു ചൊരിയുന്നത്. അവര്‍ക്കു പരിചിതമായ പല പ്രതീകങ്ങളും ഈ ശകാരവര്‍ഷത്തിനായി ഉപയോഗിക്കുന്നുണ്ട്. "തണുപ്പോ ചൂടോ ഉള്ളവനല്ല " എന്ന പ്രയോഗത്തിന് "വിശുദ്ധനോ കഠിനപാപിയോ അല്ല" എന്നു സാധാരണ നല്കാറുള്ള വിശദീകരണം ശരിയല്ല. കുടിവെള്ളത്തിന്‍റെ പ്രതീകമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചൂടുള്ള വെള്ളം കുടിക്കാന്‍ കൊള്ളാം. തണുത്തവെള്ളമാണെങ്കിലും നല്ലതുതന്നെ. എന്നാല്‍ ഇതുരണ്ടുമല്ലാത്ത "വാട്ടവെള്ളം" അരോചകമാണ്. ലീക്കസ് നദിയുടെ മറുകരെ ലാവോദിക്യായില്‍നിന്ന് ഏകദേശം 6 കി.മീ അകലെ ഹിയെരാപ്പോളിസ് എന്നൊരു നഗരമുണ്ട്. ആ നഗരത്തില്‍ ഔഷധസിദ്ധിയുള്ള തിളയ്ക്കുന്ന വെള്ളം പുറപ്പെടുവിക്കുന്ന ഉറവകളുണ്ട്. അവിടെനിന്നും ഒഴുകിവരുന്ന വെള്ളം ലാവോദിക്യായില്‍ എത്തുമ്പോഴേക്കും ചൂടും തണുപ്പുമില്ലാത്ത വാട്ടവെള്ളമായിത്തീരും. അതു വായിലൊഴിക്കുന്ന അപരിചിതര്‍ ഉടനെ തുപ്പിക്കളയും. ഈ പ്രതീകമാണ് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്തരികചൈതന്യം നഷ്ടപ്പെട്ട സഭയുടെ അവസ്ഥയെ ഇതു വിശേഷിപ്പിക്കുന്നു. ചൂടോ തണുപ്പോ ഉള്ളത് സ്വീകാര്യമായ അവസ്ഥയെ സൂചിപ്പിക്കുമ്പോള്‍ മന്ദോഷ്ണത തികച്ചും അരോചകവും അസ്വീകാര്യവുമായ അവസ്ഥയെയാണു സൂചിപ്പിക്കുക.

3:16, തുപ്പിക്കളയാന്‍ പോകുന്നു എന്നത് വലിയ ശിക്ഷയുടെ മുന്നറിയിപ്പാണ്. കര്‍ത്താവിന് അറപ്പുളവാക്കുന്ന അവസ്ഥയാണ് ക്രിസ്ത്യാനിയുടെ മന്ദോഷ്ണത. വിശ്വാസം മന്ദീഭവിച്ച്, സ്നേഹം എരിഞ്ഞടങ്ങി, കര്‍ത്താവിന്‍റെ കാര്യത്തില്‍ യാതൊരു താല്പര്യവുമില്ലാത്ത, വിശ്വാസ സംബന്ധിയായ എല്ലാ വിഷയങ്ങളോടും പരിപൂര്‍ണ്ണ നിസ്സംഗത പുലര്‍ത്തുന്ന ഈ അവസ്ഥ, കര്‍ത്താവിന് ഏറ്റം അരോചകമാണ്. ഇതിന്‍റെ വിശദീകരണം അടുത്ത വാക്യത്തില്‍ നല്കുന്നു.

3:17, ഭൗതികമായ കാഴ്ചപ്പാടില്‍ ഒന്നിലും കുറവില്ലാത്തതായിരുന്നു ലാവോദിക്യായിലെ സഭ. എന്നാല്‍ അവര്‍ അഭിമാനിച്ചിരുന്ന ഓരോ കാര്യവും എടുത്തുകാട്ടിക്കൊണ്ട് ഉത്ഥിതനായ നാഥന്‍ അവരുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു. റോമന്‍ ചക്രവര്‍ത്തി വച്ചുനീട്ടിയ സഹായം നിരസിക്കാന്‍ മാത്രം സമ്പന്നരായ അവര്‍ യഥാര്‍ത്ഥത്തില്‍ പരമദരിദ്രരാണ്. ലോകപ്രസിദ്ധിയാര്‍ജ്ജിച്ച കമ്പിളിക്കുപ്പായങ്ങള്‍ കയറ്റി അയയ്ക്കുന്നവര്‍ ദൈവത്തിന്‍റെ മുമ്പില്‍ നഗ്നരാണ്. കണ്ണു ചികിത്സയ്ക്കു വിഖ്യാതമായ ഔഷധം നിര്‍മ്മിക്കുന്നവര്‍ ആത്മീയമായി അന്ധരാണ്. ഭൗതിക സമ്പത്തിന്‍റെയും പ്രൗഢിപ്രഭാവങ്ങളുടെയും മായാവലയത്തില്‍ ആത്മീയ യഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണു കഴിയുക. മനുഷ്യരുടെ മുമ്പില്‍ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ദൈവതിരുമുമ്പില്‍ എങ്ങനെ ആയിരിക്കുന്നു എന്നതാണ് പ്രധാനം.

3:18, നല്കുന്ന ഉപദേശം ലാവോദിക്യക്കാരുടെ അഹങ്കാരത്തെ അടിയോടെ തകര്‍ക്കുന്നതാണ്. യഥാര്‍ത്ഥമായ സമ്പത്തും വസ്ത്രവും കാഴ്ചയും ക്രിസ്തുവിനു മാത്രമേ നല്കാന്‍ കഴിയൂ. വിനയാന്വിതമായ ഹൃദയപരിവര്‍ത്തനത്തിലൂടെ മാത്രമേ ഇതു ലഭ്യമാകൂ. സ്വര്‍ണ്ണം, വസ്ത്രം, അഞ്ജനം എന്നിവയെല്ലാം യേശുവില്‍നിന്നു ലഭിക്കുന്ന ആത്മീയ സമ്പത്തിനെ സൂചിപ്പിക്കുന്നു. സഹോദരസ്നേഹത്തിലൂടെ പ്രകടമാകുന്ന ദൈവസ്നേഹമാണ് മനുഷ്യനെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുന്നത്. സ്നേഹത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന സല്‍പ്രവൃത്തികളാണ് വെള്ളവസ്ത്രം (വെളി 19:8). ആത്മീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉള്‍ക്കണ്ണുകളെ തുറക്കാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രകാശത്തിനു മാത്രമേ കഴിയൂ. ദൈവത്തിന്‍റെ കൃപാവരത്താല്‍ മാത്രമേ മനുഷ്യര്‍ സമ്പന്നരും സമലംകൃതരും ആകൂ.

3:19, സുഭാ 3:12-ന്‍റെ സ്വതന്ത്രമായ ഉദ്ധരണിയാണ് ഈ വാക്യമെങ്കിലും ബൈബിളില്‍ ഉടനീളം തെളിഞ്ഞു നില്ക്കുന്ന ഒരു സത്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. സ്നേഹിക്കുക എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഫിലേയിന്‍ എന്ന ഗ്രീക്കുപദമാണ്. വികാരോഷ്മളവും മാനുഷികവുമായ സ്നേഹത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. വാത്സല്യം എന്ന അര്‍ത്ഥമാണതിനുള്ളത്. എന്നാല്‍ ദൈവത്തിന്‍റെ സ്നേഹത്തെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ളത് ആഗപ്പേയിന്‍ എന്ന പദമാണ്. ഇത് ഒരിക്കലും പിന്‍വലിക്കാത്ത അചഞ്ചലമായ സ്നേഹത്തെ സൂചിപ്പിക്കുന്നു. ഈ പദം ബൗദ്ധികതലത്തിന് ഊന്നല്‍ നല്കുമ്പോള്‍ ആദ്യത്തേത് വൈകാരികതലത്തിനു കൂടുതല്‍ പ്രാധാന്യം നല്കുന്നു. ദൈവത്തിന്‍റെ പിതൃസഹജമായ വാത്സല്യത്തെ ഇവിടെ ഊന്നിപ്പറയുന്നു. ആ വാത്സല്യമാണ് യേശുവിന് സഭകളോടുള്ളത്.

ശാസനയും ശിക്ഷണവും പുത്രവാത്സല്യത്തിന്‍റെ പ്രകടനങ്ങളാണ്. നിഷേധിക്കാനാവാത്തവിധം കുറ്റം കണ്‍മുമ്പില്‍ തെളിയിക്കുന്നതാണ് ശാസന. നാഥാനില്‍നിന്നു ദാവീദിനു ലഭിച്ച ശാസന ഇതിന്‍റെ ഉദാഹരണമാണ് (2 സാമു 12:1-14). ശിക്ഷിക്കുകയോ നശിപ്പിക്കുകയോ അല്ല, കാര്യങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാനായി മനുഷ്യന്‍റെ ഉള്‍ക്കണ്ണുകളെ തുറക്കുകയാണ് ശാസനയുടെ ഉദ്ദേശ്യം. ശിക്ഷണമാകട്ടെ തെറ്റു തിരുത്തുന്നതിനും ജീവിതത്തെ നവീകരിക്കുന്നതിനും വേണ്ടിയുള്ളതത്രേ. ഇപ്രകാരമുള്ള ശാസനയുടെയും ശിക്ഷണത്തിന്‍റെയും ആവശ്യത്തെക്കുറിച്ച് ബൈബിളില്‍ അനേകം പരാമര്‍ശങ്ങളുണ്ട് (സുഭാ 13:24; 23:13-14; 29:15; 1 കോറി 11:32; ഹെബ്രാ 12:6). മാതാപിതാക്കള്‍ മക്കളെ ശാസിക്കുകയും  ശിക്ഷിക്കുകയും ചെയ്യാതെ തന്നിഷ്ടത്തിനു വിടുന്നത് സ്നേഹത്തിന്‍റെയല്ല, അവരുടെ വളര്‍ച്ചയില്‍ താല്പര്യമില്ലാത്തതിന്‍റെ അടയാളമാണ്. ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുകയാണ് ഏറ്റം വലിയ ശിക്ഷ. നാഥന്‍ സഭകള്‍ക്കു നല്കുന്ന ശാസനയും ശിക്ഷണവും അവരെ മാനസാന്തരത്തിലേക്കും കൂടുതല്‍ തീക്ഷ്ണമായ ക്രിസ്തീയ ജീവിതത്തിലേക്കും നയിക്കണം.

3:20, ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ മനോഹരമായൊരു ചിത്രം ഈ വാക്യത്തില്‍ തെളിഞ്ഞു വരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടാണ് ദൈവം മനുഷ്യനുമായി ഇടപെടുന്നത്. ഹൃദയവാതില്‍ തുറന്നു കൊടുത്താലേ ദൈവം അകത്തു പ്രവേശിക്കുകയുള്ളൂ. മനുഷ്യനെ തേടിവരികയും അവന്‍റെ സമ്മതത്തിനായി കാത്തു നില്ക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ചിത്രം ക്രിസ്തുവിശ്വാസികള്‍ക്കു മാത്രമേ വരച്ചു കാട്ടാന്‍ കഴിയൂ. ദൈവത്തെ തേടുന്ന മനുഷ്യന്‍റെ ചിത്രമല്ല, മനുഷ്യനെ തേടുന്ന ദൈവത്തിന്‍റെ ചിത്രമാണ് ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടത്.

ഗാഢമായ ഹൃദയൈക്യത്തിന്‍റെ പ്രതീകമാണ് ഒരുമിച്ചുള്ള അത്താഴം. ക്രിസ്തുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ അഗാധസ്നേഹത്തെ പ്രകടമാക്കാന്‍ വേണ്ടിയാണ് ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും അത്താഴം കഴിക്കും എന്നു പറയുന്നത്. ഊട്ടുമേശയിലെ കൂട്ടായ്മയിലൂടെ യേശു തന്‍റെ സ്നേഹം പങ്കുവെച്ച എത്രയോ സംഭവങ്ങള്‍ സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ത്യത്താഴവും, അതിന്‍റെ ഓര്‍മ്മയാചരിക്കുന്ന അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയും, എമ്മാവൂസ് സംഭവവും എല്ലാം ഈ വാക്യത്തിനു പിന്നിലുണ്ട്. നിത്യഭാഗ്യത്തെപ്പോലും ഇപ്രകാരമുള്ള വിരുന്നായി സുവിശേഷങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു. ദൈവം സൗജന്യമായി നല്കുന്ന ദാനത്തിന്‍റെ മനോഹാരിതയും അതു സ്വീകരിക്കാനുള്ള മനുഷ്യരുടെ ഉത്തരവാദിത്വവും തെളിഞ്ഞു നില്ക്കുന്ന ചിത്രമാണിത്.

3:21, വെളിപാടു പുസ്തകത്തില്‍ വലിയ പ്രാധാന്യമുള്ള ഒരു പ്രതീകമാണ് സിംഹാസനം. രാജാധികാരത്തെയും മഹത്വത്തെയും സൂചിപ്പിക്കുന്ന ഈ പ്രതീകം പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്ത് പല തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൈവത്തിന്‍റെ സിംഹാസനവും സാത്താന്‍റെ സിംഹാസനവും പരസ്പര വൈരുദ്ധ്യത്തില്‍ നില്ക്കുന്നു. യേശുവിനോടു വിശ്വസ്തത പുലര്‍ത്തുന്നുവര്‍ക്കു ലഭിക്കുന്ന നിത്യഭാഗ്യത്തെ സൂചിപ്പിക്കാനാണ് ഇവിടെ സിംഹാസനത്തിന്‍റെ പ്രതീകം ഉപയോഗിക്കുന്നത്. സാത്താന്‍റെ സിംഹാസനത്തിനു മുമ്പില്‍ പ്രണമിക്കാത്തവര്‍ക്ക് യേശുവിന്‍റെ സിംഹാസനത്തില്‍ സ്ഥാനം ലഭിക്കും. ദൈവിക മഹത്വത്തില്‍ ലഭിക്കുന്ന പങ്കിനെ ഇതു സൂചിപ്പിക്കുന്നു. ക്രിസ്തുനാഥന്‍ തന്‍റെ പരസ്യജീവിതകാലത്ത് പല പ്രതീകങ്ങളിലൂടെ ആവര്‍ത്തിച്ചിട്ടുള്ള ഈ വാഗ്ദാനം (മത്താ 19:28; ലൂക്കാ 22:30, യോഹ 14:3.23; 17:24) യുഗാന്തത്തിലാണ് പൂര്‍ത്തിയാവുക.

3:22, ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഏഴു ലേഖനങ്ങളിലും ആവര്‍ത്തിക്കുന്ന ഈ ആഹ്വാനം പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ സഭയ്ക്കും എഴുതുന്ന ലേഖനത്തിന്‍റെ അവസാനം ഇപ്രകാരമൊരു ആഹ്വാനം നല്കുന്നതിനാല്‍ ഓരോന്നിലും പറയുന്ന കാര്യങ്ങള്‍ ആ സഭയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല എന്നു വ്യക്തമാക്കുന്നു. ക്രിസ്തുവിനു നല്കുന്ന വിശേഷണങ്ങളും സഭകള്‍ക്കു നല്കുന്ന ഉപദേശങ്ങളും തിരഞ്ഞെടുക്കുന്നതില്‍ ഓരോ സഭയുടെയും പ്രത്യേക ചരിത്രപശ്ചാത്തലത്തിന്‍റെ സ്വാധീനം ഉണ്ട്. എന്നാല്‍ സഭകളോടാണ് ഉത്ഥിതനായ ക്രിസ്തു ഓരോ ലേഖനത്തിലും സംസാരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന ക്രിസ്തുവിശ്വാസികളുടെ സമൂഹങ്ങള്‍ മാത്രമല്ല, എല്ലാ കാലത്തും ലോകത്തെല്ലായിടത്തും ജീവിക്കുന്ന ക്രിസ്തീയസമൂഹങ്ങള്‍ മുഴുവന്‍ ഇവിടെ വിവക്ഷിക്കപ്പെടുന്നുണ്ട്. ചില സഭകള്‍ക്ക് ശകാരം മാത്രം കിട്ടുന്നതിനാല്‍ അവ മറ്റു സഭകളേക്കാള്‍ മോശമായിരുന്നു എന്ന ചരിത്രപരമായ നിഗമനത്തില്‍ എത്തുകയല്ല, വിമര്‍ശനങ്ങളും ശാസനകളും എപ്രകാരം സഭാസമൂഹങ്ങള്‍ക്കു ബാധകമാകുന്നു എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. പ്രശംസയും പ്രോത്സാഹനവും വാഗ്ദാനങ്ങളും എല്ലാം ഇതേ രീതിയില്‍തന്നെ പരിഗണിക്കണം.

എല്ലാ ലേഖനങ്ങളുംകൂടെ ഒരുമിച്ചു കാണുമ്പോള്‍ സഭയുടെ പൊതുവായ ചിത്രമായിരിക്കും ലഭിക്കുക. രാജാരാധനയും, വിഗ്രഹാരാധനയും, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയിലുള്ള പങ്കുചേരലും എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇന്നും പ്രസക്തമാണ്. ഭൗതികനേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനുള്ള പ്രലോഭനം എന്നും നിലനില്ക്കുന്നു. ഉത്ഥിതനായ നാഥന്‍റെ താക്കീതുകള്‍ ഗൗരവമായിത്തന്നെ ഇന്നും സ്വീകരിക്കാന്‍ പ്രാദേശിക സമൂഹങ്ങളും ആഗോളസഭയും കടപ്പെട്ടിരിക്കുന്നു.

സഭാസമൂഹങ്ങളെ മാത്രമല്ല, ഓരോ വ്യക്തിയെയും സംബന്ധിക്കുന്നതാണ് ലേഖനങ്ങളിലെ ശാസനകളും പ്രോത്സാഹനങ്ങളും താക്കീതുകളും വാഗ്ദാനങ്ങളും. അതിനാല്‍ ഓരോ ലേഖനവും വായിക്കുമ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് തന്നോട് എന്താണ് പറയുന്നത് എന്നു കേള്‍ക്കാന്‍ ഓരോരുത്തരും കാതോര്‍ക്കണം.

വിചിന്തനം: രാജാവിന്‍റെ പ്രതിമയ്ക്കു മുമ്പില്‍ ധൂപം അര്‍പ്പിച്ച് വിഗ്രഹാരാധന നടത്താന്‍ വിസമ്മതിച്ചതിന്‍റെ പേരിലാണ് യോഹന്നാന്‍ നാടുകടത്തപ്പെട്ടത്, സഭ പീഡിപ്പിക്കപ്പെട്ടത്. ഇത് വിഗ്രഹാരാധനയുടെ ഒരു ഭാവം മാത്രമേ ആകുന്നുള്ളൂ. ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യന്‍ നിര്‍മ്മിച്ചുപ്രതിഷ്ഠിക്കുന്ന എന്തും വിഗ്രഹമാണ്. അത് പണമാകാം, പ്രത്യയശാസ്ത്രങ്ങളാകാം, വ്യക്തിതാല്‍പര്യങ്ങളാകാം. വിഗ്രഹാരാധനയ്ക്കെതിരേയാണ് മനുഷ്യപുത്രന്‍ ഏറ്റം വലിയ താക്കീതുകള്‍ നല്കുന്നത്.

ത്യാഗങ്ങള്‍ സഹിച്ചും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ എല്ലാ ലേഖനങ്ങളും ആവശ്യപ്പെടുന്നു. അവസാനംവരെ വിശ്വസ്തത പാലിക്കുന്നവര്‍ക്കേ രക്ഷ ലഭിക്കൂ. ഞാന്‍ വിശുദ്ധനാണെന്ന അഹങ്കാരവും എനിക്കെല്ലാം തികഞ്ഞു എന്ന സ്വയം പര്യാപ്തതാബോധവും വിട്ട്, എന്‍റെ യഥാര്‍ത്ഥമായ അവസ്ഥകാണാന്‍ ഉള്‍ക്കണ്ണുകള്‍ തുറക്കണം. അതിന് ആത്മാവിന്‍റെ പ്രത്യേക പ്രകാശനം ആവശ്യമാണ്. മാനസാന്തരത്തിനായി ഹൃദയവാതിലില്‍ മുട്ടുന്ന യേശുവിന്‍റെ സ്വരത്തിന് ഞാന്‍ കാതോര്‍ക്കണം.

ഈ ലോകത്തിലെ ഓരോ സംഭവത്തിലും, പ്രത്യേകിച്ചും നിഷേധാത്മകം എന്നുതോന്നുന്ന സംഭവങ്ങളിലും, തിന്മയുടെയും നന്മയുടെയും സ്വാധീനം കാണാന്‍ കഴിയും. വിശ്വാസത്തിന്‍റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് തിന്മയുടെ സ്വാധീനം മാത്രമല്ല, അതിലുപരി ദൈവത്തിന്‍റെ സാന്നിധ്യവും പ്രവര്‍ത്തനവും തിരിച്ചറിയാന്‍ കഴിയും.

വെളിപാട് 4:1-5:14, സ്വര്‍ഗ്ഗീയ സദസ്

ഉത്ഥിതനായ നാഥന്‍ സഭകളെക്കുറിച്ചു നടത്തുന്ന വിലയിരുത്തലും സഭകള്‍ക്കു നല്കുന്ന സന്ദേശങ്ങളുമാണ് വെളിപാടു പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് ഏഴു ലേഖനങ്ങളിലൂടെ അവതരിപ്പിച്ചത്. ആസന്നമായിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അടുത്തെത്തിയിരിക്കുന്ന രക്ഷയെക്കുറിച്ചുള്ള വാഗ്ദാനങ്ങളും ലേഖനങ്ങളില്‍ പലതവണ ആവര്‍ത്തിക്കുകയുണ്ടായി. അവ നടപ്പാക്കുന്നതിന്‍റെ ചിത്രമാണ് പുസ്തകത്തിന്‍റെ രണ്ടാംഭാഗത്ത് അവതരിപ്പിക്കുന്നത്. ആദ്യഭാഗം മുഖ്യമായും ഇടയലേഖന ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗത്ത് അപ്പോകലിപ്റ്റിക് ശൈലിക്കു മുന്‍തൂക്കം നല്കിയിരിക്കുന്നു. ഒന്നിനുപുറകേ ഒന്നായി അതിവേഗം കടന്നുവരുന്ന ദര്‍ശനപരമ്പരയില്‍ ആദ്യത്തേതാണ് 4-5 അധ്യായങ്ങളില്‍ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗീയ സദസിന്‍റെ ചിത്രം.

യേശുവിന്‍റെ പേരില്‍ ജയില്‍വാസത്തിന്‍റെയും പീഡനങ്ങളുടെയും മരണത്തിന്‍റെയും നിരന്തര ഭീതിയില്‍ കഴിയുന്ന സഭയുടെ ശ്രദ്ധ ഗ്രന്ഥകാരന്‍ കണ്ണീരിന്‍റെ താഴ്വരയായ ഭൂമിയില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തുന്നു. തുറന്നിട്ടിരിക്കുന്ന ഒരു വാതിലിലൂടെ സ്വര്‍ഗ്ഗീയ സദസ് അകലെനിന്നു നോക്കി കാണാനേ കഴിയുന്നുള്ളുവെങ്കിലും ഈ കാഴ്ച പീഡിതര്‍ക്കു പ്രത്യാശയും ചഞ്ചലചിത്തര്‍ക്കു ധൈര്യവും പകരുന്നതാണ്. അപ്പോകലിപ്റ്റിക് ശൈലി ഉപയോഗിക്കുമ്പോഴും യോഹന്നാന്‍ അജപാലകന്‍റെയും പ്രവാചകന്‍റെയും ധര്‍മ്മമാണ് അനുഷ്ഠിക്കുന്നത്.

സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ ദര്‍ശനത്തോടെ ആരംഭിക്കുന്ന രണ്ടാംഭാഗം പ്രപഞ്ചത്തിന്‍റെ നാഥന്‍ ആരെന്നു വ്യക്തമാക്കുന്നു. റോമാചക്രവര്‍ത്തിയല്ല, സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമാണ് ലോകചരിത്രത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ദൈവത്തിന്‍റെ മഹത്വത്തെയും ശക്തിപ്രാഭവങ്ങളെയുംകുറിച്ചുള്ള ദര്‍ശനം ഈ ഭാഗത്തിന് ആമുഖമായി നില്ക്കുന്നു.

സ്വര്‍ഗ്ഗീയ സദസിന്‍റെ ദര്‍ശനം വ്യക്തമായും രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  4:1-11 സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായ ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കുന്നു. 5:1-14 മുദ്രിതമായ ചുരുള്‍ സ്വീകരിക്കുന്ന കുഞ്ഞാടിന്‍റെ ചിത്രം വര്‍ണ്ണിക്കുന്നു. രണ്ടു ചിത്രങ്ങളും ആരാധനാ കീര്‍ത്തനങ്ങളോടെ അവസാനിക്കുന്നു. സൃഷ്ടപ്രപഞ്ചം മുഴുവനും ദൈവത്തിനും കുഞ്ഞാടിനും ഒരുമിച്ച് ആരാധനയര്‍പ്പിക്കുന്നു.

വെളിപാട് 4:1-8മ, സ്വര്‍ഗ്ഗീയ സിംഹാസനം

പുസ്തകത്തിന്‍റെ രണ്ടാംഭാഗത്തെ ഒന്നാംഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് ഈ വാക്യം (വാ. 1). ഇതിനുശേഷം, ആദ്യത്തെ സ്വരം, ഇവയ്ക്കുശേഷം എന്നീ പദങ്ങള്‍ ഈ ബന്ധം ഉറപ്പിക്കുന്നു. വെളിപാടു പുസ്തകത്തിലെ ദര്‍ശനങ്ങള്‍ മുഴുവന്‍ ഒറ്റദിവസം, ഒരേ സ്ഥലത്തുവച്ചു ലഭിച്ചവയാണെന്നും ഉത്ഥിതനായ നാഥനാണ് വെളിപാടു നല്കുന്നതെന്നും ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു. സഭയുടെ ഇപ്പോഴത്തെ അവസ്ഥയാണ് ആദ്യഭാഗത്തു വിവരിച്ചത്. ഭാവിയെ സംബന്ധിക്കുന്നവ രണ്ടാം ഭാഗത്തു വിവരിക്കുന്നു.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പൗരാണിക സങ്കല്പത്തിന്‍റെ വെളിച്ചത്തിലേ തുറന്നവാതില്‍ എന്ന പ്രയോഗം മനസ്സിലാക്കാന്‍ കഴിയൂ. ഭൂമിക്കു മുകളില്‍ കമാനംപോലെ വിരിച്ചുനിര്‍ത്തിയിരിക്കുന്ന ആകാശം, ആകാശത്തിനുമുകളില്‍ ജലം, അതിനും മുകളില്‍ ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗം - ഇതാണ് ബൈബിളില്‍ കാണുന്ന പ്രപഞ്ച സങ്കല്പം. തുറന്ന വാതിലും "കയറിവരൂ " എന്ന ആഹ്വാനവും ദൈവിക വെളിപാടു ലഭിക്കാന്‍ പോകുന്നതിന്‍റെ സൂചനകളാണ്. ദൈവിക സന്നിധിയിലേക്കു പ്രവേശിക്കാന്‍ ക്രിസ്തുവാണ് മനുഷ്യനെ അര്‍ഹനാക്കുന്നത്. ദൈവിക പദ്ധതിയില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്ന ലോകചരിത്രത്തിന്‍റെ ഭാവിയെക്കുറിച്ച് ദൈവം വെളിപ്പെടുത്തിയാലേ മനുഷ്യന് എന്തെങ്കിലും ഗ്രഹിക്കാനാവൂ. ഇപ്രകാരമൊരു വെളിപാടാണ് ഇവിടെ ലഭിക്കാന്‍ പോകുന്നത് എന്ന് ഈ വാക്യം അറിയിക്കുന്നു.

സ്വര്‍ഗ്ഗീയസദസിനെക്കുറിച്ചുള്ള യോഹന്നാന്‍റെ വിവരണത്തില്‍ എസെ 1; ഏശ 6; ദാനി 7 എന്നീ പഴയനിയമഭാഗങ്ങളുടെ സ്വാധീനം ദൃശ്യമാണ്. സ്വര്‍ഗത്തിലേക്കു കടന്നു ചെല്ലാനും ദൈവിക മഹത്വവും ദൈവിക പദ്ധതികളും കണ്ടു മനസ്സിലാക്കാനും മനുഷ്യര്‍ ക്ഷണിക്കപ്പെടുന്നത് അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളുടെ പൊതുവായൊരു പ്രത്യേകതയാണ്. ദൈവമാണ് ചരിത്രത്തെ നയിക്കുന്നതെന്നുള്ള ഉറച്ച വിശ്വാസം ഏറ്റു പറയുന്ന ഒരു സാഹിത്യസങ്കേതമാണിത്.

4:2, മനുഷ്യപുത്രദര്‍ശനമെന്നതുപോലെതന്നെ ഈ ദര്‍ശനവും ഒരാത്മീയാനുഭൂതിയാണ്. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ ദൈവികമേഖലയിലേക്ക് ഉണര്‍ത്തപ്പെടുന്ന ഗ്രന്ഥകാരന്‍ ആദ്യമേ കാണുന്നത് ദൈവത്തെയല്ല, സ്വര്‍ഗ്ഗീയ സിംഹാസനമാണെന്നതു ശ്രദ്ധേയമത്രേ. ദൈവം എന്ന പേരുപോലും ഇവിടെ ഉപയോഗിക്കുന്നില്ല. സിംഹാസനസ്ഥന്‍ എന്നുമാത്രമാണ് ദൈവത്തെക്കുറിച്ചു പറയുന്നത്. പഴയനിയമത്തില്‍ പൊതുവേ കാണുന്നതാണ് സിംഹാസനാരൂഢനായ ദൈവത്തിന്‍റെ ചിത്രം (1 രാജാ 22:19; സങ്കീ 11:4; 47:8; ഏശ 6:1). ദൈവത്തോടുള്ള നിസ്സീമമായ ആദരവു പ്രകടമാക്കുന്നതോടൊപ്പം സൃഷ്ടപ്രപഞ്ചത്തിന്‍റെമേലുള്ള ദൈവത്തിന്‍റെ ആധിപത്യം ഏറ്റുപറയുകയും ചെയ്യുന്നതാണ് സിംഹാസനത്തെക്കുറിച്ചുള്ള പരാമര്‍ശം.

4:3, അദൃശ്യനും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യനുമായ ദൈവത്തിന്‍റെ രൂപം വര്‍ണ്ണിക്കുക അസാധ്യമത്രേ. ദൈവിക സാന്നിധ്യത്തിന്‍റെ ഏറ്റം മനോഹരമായ ഒരു ചിത്രം വരയ്ക്കാനാണ് മൂന്നു രത്നങ്ങളുടെ പ്രതീകത്തിലൂടെ യോഹന്നാന്‍ ശ്രമിക്കുന്നത്. പ്രകാശം പ്രസരിപ്പിക്കുന്ന സൂര്യകാന്തവും, രക്തവര്‍ണ്ണമായ മാണിക്യവും ചേര്‍ന്ന് ജ്വലിക്കുന്ന അഗ്നിയുടെ പ്രതീതി ഉളവാക്കുന്നു (എസ 1:27). ദാനിയേലിന്‍റെ പുസ്തകത്തിലെ ദൈവദര്‍ശനത്തോട് (ദാനി 7:9-10) ഇതിനു സാമ്യമുണ്ട്. ദൈവം പ്രകാശത്തെ ഉടയാടയാക്കിയെന്നും (സങ്കീ 104:2) മനുഷ്യന് അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്നു (1 തിമോ 6:16) എന്നും പറയുമ്പോള്‍ ഇതേ ആശയംതന്നെയാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. മരതകം പോലുള്ള മഴവില്ല് ദൈവം നോഹയിലൂടെ മനുഷ്യവര്‍ഗ്ഗവുമായി ചെയ്ത സമാധാന ഉടമ്പടിയുടെ (ഉല്‍പ 9:13) പ്രതീകമാണ്. ഈ മൂന്നു രത്നങ്ങളും സ്വര്‍ഗ്ഗീയ ജറുസലെമിന്‍റെ അടിത്തറയില്‍ വീണ്ടും പ്രത്യക്ഷമാകുന്നുണ്ട് (വെളി 21:19-20).

4:4, ദൈവത്തിന്‍റെ മഹിമാപ്രാഭവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ദൈവസിംഹാസനത്തിനു മുമ്പില്‍ ധവള വസ്ത്രങ്ങളണിഞ്ഞ് സിംഹാസനങ്ങളില്‍ ഇരിക്കുന്ന 24 ശ്രേഷ്ഠന്മാര്‍. കിരീടധാരികളായ അവര്‍ ആരുടെ മുമ്പില്‍ തങ്ങളുടെ കിരീടങ്ങള്‍ താഴെവച്ച് സാഷ്ടാംഗം പ്രണമിക്കുന്നുവോ അവന്‍ രാജാധിരാജനാണ്. ദാനിയേലിന്‍റെ ദര്‍ശനത്തില്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്നത് ന്യായാധിപന്മാരാണ്. പ്രപഞ്ചത്തിന്‍റെമേല്‍ വിധി പ്രസ്താവിക്കാനുള്ള ഒരുക്കമാണിത്. വെളിപാടുഗ്രന്ഥത്തിന്‍റെ ദര്‍ശനത്തിലും ഇതേ ആശയം പ്രതിഫലിക്കുന്നുണ്ട്.

പൊതുവായ ഈ വിശദീകരണത്തിനു പുറമേ ആരാണ് ഈ ശ്രേഷ്ഠന്മാര്‍ എന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ നല്കപ്പെടാറുണ്ട്. ഇസ്രായേലിലെ പുരോഹിതന്മാരെ 24 ഗണങ്ങളായി തിരിച്ചിരുന്നു (1 ദിന 24:1-18). സിംഹാസനങ്ങളില്‍ ഇരിക്കുന്ന 24 പേര്‍ ഈ പുരോഹിതഗണങ്ങളെ സൂചിപ്പിക്കുന്നു എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇവര്‍ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെയും സഭയിലെ പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും പ്രതീകങ്ങളാണ് എന്ന വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമത്രേ. ദൈവജനത്തിന്‍റെ പ്രതീകവും പ്രതിനിധികളുമാണവര്‍. ദൈവജനം ദൈവത്തിന്‍റെ രാജത്വത്തില്‍ പങ്കുചേരുന്നു എന്ന് അവരുടെ കിരീടങ്ങള്‍ സൂചിപ്പിക്കുന്നു. ദൈവത്തിന് അനന്തവും അനുസ്യൂതവുമായ ആരാധനയര്‍പ്പിക്കുകയാണ് ദൈവജനത്തിന്‍റെ ധര്‍മ്മം. സ്വര്‍ഗ്ഗത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഈ ധര്‍മ്മത്തിന്‍റെ ചിത്രമാണ് യോഹന്നാന്‍ ഇവിടെ അവതരിപ്പിക്കുന്നതെന്ന് ന്യായമായും അനുമാനിക്കാം.

4:5, ബൈബിളില്‍ ചിരപ്രതിഷ്ഠനേടിയ പ്രതീകങ്ങളാണ് മിന്നല്‍ പിണരുകളും, ശബ്ദങ്ങളും, ഇടിമുഴക്കങ്ങളും (പുറ 19:16-17; 1 രാജാ 19:11-12; സങ്കീ 97:3-4; എസെ 1:13)- ഇവയെല്ലാം ദൈവത്തിന്‍റെ വിശുദ്ധിയെയും മഹത്വത്തെയും വിളിച്ചറിയിക്കുന്നു. ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണെന്നു നാം കണ്ടുകഴിഞ്ഞു.

4:6a, ലൗകികമായതു വര്‍ണ്ണിക്കാന്‍ ഗ്രന്ഥകാരന്‍ ക്ലേശിക്കുകയാണ്. താന്‍ കണ്ടതു വിവരിക്കാന്‍ പരിചിതമായ മേഖലകളില്‍ നിന്നുള്ള വാക്കുകളും പ്രതീകങ്ങളും അപര്യാപ്തമായതിനാല്‍ പോലെ എന്നേ അദ്ദേഹത്തിനു പറയാന്‍ കഴിയുന്നുള്ളൂ. ദൈവവും പാപിയായ മനുഷ്യനും തമ്മിലുള്ള അനന്തമായ അകലത്തെ സൂചിപ്പിക്കുന്നതാണ് കടല്‍. ആകാശത്തിനു മുകളിലുള്ള ജലത്തിനുമേല്‍ ദൈവം തന്‍റെ മാളിക സ്ഥാപിച്ചിരിക്കുന്നു എന്ന സങ്കല്പം (സങ്കീ 104:3) ഇവിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അന്തരവും അവയ്ക്കിടയിലുള്ള അഗാധഗര്‍ത്തവും (ലൂക്കാ 16:26) ഇവിടെ സ്മര്‍ത്തവ്യമാണ്. രക്ഷാചരിത്രം അതിന്‍റെ പരിസമാപ്തിയിലെത്തുമ്പോള്‍ കടല്‍ അപ്രത്യക്ഷമാകും (വെളി 21:1) എന്നതും ശ്രദ്ധേയമത്രേ. അതുവരെ ഈ പളുങ്കുകടല്‍ നിലനില്ക്കും. യുഗാന്തത്തില്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതുവരെ രക്ഷിക്കപ്പെട്ടവരും ഈ പളുങ്കുകടലിലാണ് നില്ക്കുക (വെളി 15:2). ദൈവം മനുഷ്യനില്‍നിന്ന് അവാച്യമാംവിധം വ്യത്യസ്തനാണ് എന്ന് ഊന്നിപ്പറയാന്‍ പ്രകാശത്തിന്‍റെയും അകലത്തിന്‍റെയും പ്രതീകങ്ങളാണ് ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നത്.

4:6b-8a, സ്വര്‍ഗ്ഗീയ സിംഹാസനത്തിന് അകമ്പടി സേവിക്കുന്ന നാലു ജീവികളുടെ ചിത്രം വെളിപാടു പുസ്തകത്തില്‍ അനേകം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏശയ്യായുടെ പുസ്തകത്തില്‍ സെറാഫുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത് (ഏശ 6:2). ദൈവദൂതന്മാരുടെ ഒരു ഗണമായി സെറാഫുകള്‍ കരുതപ്പെട്ടിരുന്നു. ആറു ചിറകുകള്‍ വീതമുള്ള സെറാഫുകളുടെ സ്ഥാനത്ത് എസെക്കിയേലില്‍ നാലുചിറകും നാലു മുഖവും വീതമുള്ള നാലു ജീവികള്‍ പ്രത്യക്ഷപ്പെടുന്നു (എസെ 1:5-14). അവരെ കെരൂബുകള്‍ എന്നാണു വിളിക്കുന്നത് (എസെ 10:1). ഏശയ്യായില്‍ നിരന്തരം സ്തുതിപാടുന്ന സെറാഫുകളുടെയും എസക്കിയേലില്‍ ദൈവത്തിന്‍റെ രഥം വഹിക്കുന്ന കെരൂബുകളുടെയും ചിത്രങ്ങള്‍ സംയോജിച്ചതാണ് വെളിപാടു പുസ്തകത്തിലെ നാലു ജീവികള്‍.

ആരെയാണ് ഈ ജീവികള്‍ സൂചിപ്പിക്കുന്നത് എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കമുണ്ട്. ദൈവതിരുമുമ്പില്‍ ശുശ്രൂഷ ചെയ്യുന്ന മാലാഖമാരാണ് അവര്‍ എന്നതാണ് ഏറ്റം സ്പഷ്ടമായ വിശദീകരണം. എന്നാല്‍ ദര്‍ശനത്തിലെ പല ഘടകങ്ങളും ഈ വിശദീകരണത്തിന്‍റെ അപര്യാപ്തത തെളിയിക്കുന്നു. നാല് എന്ന സംഖ്യ സൃഷ്ടപ്രപഞ്ചത്തെ സൂചിപ്പിക്കുന്നതാണ്. മാലാഖമാര്‍ക്കു മനുഷ്യന്‍റെയും മൃഗങ്ങളുടെയും മുഖങ്ങള്‍  നല്കുന്നത് എന്തിനെന്നു വ്യക്തമല്ല. മാലാഖമാരെക്കുറിച്ചു പറയുമ്പോള്‍ ഇപ്രകാരമുള്ള പ്രതീകങ്ങള്‍ വെളിപാടു ഗ്രന്ഥകാരന്‍ വേറൊരിടത്തും ഉപയോഗിക്കുന്നില്ല. തന്നെയുമല്ല, ഈ ദര്‍ശനത്തില്‍തന്നെ അസംഖ്യം ദൂതന്മാര്‍ (5:11) പ്രത്യക്ഷപ്പെടുന്നുമുണ്ട്. അതിനാല്‍ ഈ ജീവികള്‍ മാലാഖമാരെ പ്രതിനിധാനം ചെയ്യുന്നു എന്നു കരുതുക പ്രയാസമാണ്.

ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും പ്രതീകങ്ങളാണിവ എന്ന വിശദീകരണം കൂടുതല്‍ സ്വീകാര്യമാണ്. വന്യമൃഗങ്ങളില്‍ ഏറ്റം ശ്രേഷ്ഠമായതാണ് സിംഹം; വളര്‍ത്തു മൃഗങ്ങളില്‍ ഏറ്റം ശക്തമായത് കാള; ഭൂമിയിലെ എല്ലാ ജീവികളിലുംവച്ച് ബുദ്ധിയിലും ജ്ഞാനത്തിലും മികച്ചതു മനുഷ്യന്‍; വേഗതയേറിയതു കഴുകന്‍. ദൈവത്തിന്‍റെ ജ്ഞാനം സൃഷ്ടികളില്‍ നിറഞ്ഞു നില്ക്കുന്നു എന്ന ആശയമാവാം ജീവികളുടെ കണ്ണുകള്‍ സൂചിപ്പിക്കുന്നത്. "സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും" (ഏശ 11:9) എന്ന പ്രവചനം ഇവിടെ ശ്രദ്ധേയമാണ്.

ദൈവത്തിന്‍റെ ചൈതന്യം നിറഞ്ഞുനില്ക്കുന്ന ജീവികള്‍ ജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമായ സൃഷ്ടപ്രപഞ്ചത്തിന്‍റെ (റോമാ 8:21) പ്രതീകമാണ്. കാലത്തിനതീതനായ ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ രക്ഷാകര്‍മ്മം പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു. യുഗാന്തത്തോടെ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ നിറവേറിയിരിക്കുന്നു. നിത്യതയുടെ നിമിഷത്തില്‍ നിന്നുകൊണ്ടാണ് യോഹന്നാന്‍ സ്വര്‍ഗ്ഗീയസദസ് വര്‍ണ്ണിക്കുന്നത്. ദൈവത്തിന് അര്‍പ്പിക്കുന്ന ആരാധനയുടെ വിവരണത്തില്‍ ഇതു കൂടുതല്‍ വ്യക്തമാകുന്നു.

ഈ നാലു ജീവികളെ നാലു സുവിശേഷകന്മാരുടെ പ്രതീകങ്ങളായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയത് വി. ഇരനേവൂസാണ്. ഓരോ സുവിശേഷകന്‍റെയും പ്രതീകം ഏതെന്നു നിശ്ചയിക്കുന്നതില്‍ ഏറെ വൈവിധ്യം ഇന്നും നിലനില്ക്കുന്നു. വി. അഗസ്റ്റിന്‍ നല്കിയ വിശദീകരണം വസ്തുതകളോട് കൂടുതല്‍ അനുയോജ്യമായി കരുതപ്പെടുന്നു.

യേശുവിനെ യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന മിശിഹാ - രാജാവായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ മത്തായിയുടെ പ്രതീകമാണ് മൃഗരാജാവായ 'സിംഹം'. യേശുവിന്‍റെ മനുഷ്യത്വത്തിന് ഏറ്റം പ്രാധാന്യം നല്കുന്ന മര്‍ക്കോസിന്‍റെ പ്രതീകം 'മനുഷ്യന്'. ബലിയര്‍പ്പണത്തിന്‍റെ ചിത്രീകരണംകൊണ്ട് സുവിശേഷം ആരംഭിക്കുന്ന ലൂക്കായുടെ പ്രതീകം 'കാള'. മറ്റു മൂന്നു സുവിശേഷകന്മാരേക്കാള്‍ കൂടുതലായി യേശുവിന്‍റെ ദൈവത്വത്തിലേക്ക് ചിന്ത ഉയര്‍ത്തുകയും ആഴത്തില്‍ കാണുകയും ചെയ്യുന്ന യോഹന്നാന്‍റെ പ്രതീകമാണ് 'കഴുകന്'. ദൈവദൂതദര്‍ശനത്തിനു പ്രാധാന്യം നല്കുന്നതിനാല്‍ മത്തായിയുടെ പ്രതീകമായി മനുഷ്യരൂപത്തിലുള്ള ദൈവദൂതനെയും സിംഹഗര്‍ജ്ജനംപോലെ മരുഭൂമിയില്‍ മുഴങ്ങിയ സ്നാപകശബ്ദം കൊണ്ടു തുടങ്ങുന്ന മര്‍ക്കോസിന്‍റെ പ്രതീകമായി സിംഹത്തെയും കാണുന്നവരുണ്ട്.

വെളിപാട് 4:8യ11, സിംഹാസനസ്ഥന് ആരാധന

നാലു ജീവികളുടെ സ്തുതിഗീതത്തിന്  ഏശയ്യായുടെ ദര്‍ശനത്തിലെ സെറാഫുകളുടേതിനോടു സാമ്യമുണ്ട് (ഏശ 6:3). സൃഷ്ടപ്രപഞ്ചം രാപകല്‍ ഇടവിടാതെ ദൈവത്തെ സ്തുതിക്കുന്നു എന്ന ആശയം സങ്കീര്‍ത്തനങ്ങളില്‍ കാണാം (സങ്കീ 19:1-2). ദൈവത്തിനു മൂന്നു വിശേഷണങ്ങളാണ് ഇവിടെ നല്കുന്നത്. 1. പരിശുദ്ധന്‍ : ഗ്രീക്കുമൂലത്തില്‍ പരിശുദ്ധന്‍ എന്ന വിശേഷണമാണ് ആദ്യം വരുന്നത്. കറയോ കുറവോ ഇല്ലാത്തവന്‍ എന്നും സൃഷ്ടപ്രപഞ്ചത്തില്‍ നിന്നും വ്യതിരിക്തന്‍, വേറിട്ടു നില്ക്കുന്നവന്‍ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ വിവരണത്തില്‍ പ്രതീകങ്ങളിലൂടെ അവതരിപ്പിച്ച ഈ യാഥാര്‍ത്ഥ്യം ഇവിടെ വാക്കുകളിലൂടെ പ്രഘോഷിക്കുന്നു. പരിശുദ്ധന്‍ എന്നു മൂന്നുതവണ ആവര്‍ത്തിക്കുന്നതിലൂടെ ദൈവത്തെ പരമപരിശുദ്ധനായി, പരിശുദ്ധിയുടെ പൂര്‍ണ്ണതയായി പ്രകീര്‍ത്തിക്കുന്നു. 2. സര്‍വ്വശക്തന്‍ : സകലതും തന്‍റെ ചൊല്പടിക്കു നിര്‍ത്തുന്നവന്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവമാണ് പ്രപഞ്ചത്തിന്‍റെ നാഥന്‍; റോമാ ചക്രവര്‍ത്തിയല്ല എന്ന ധ്വനി ഈ വിശേഷണത്തില്‍ കാണാം. 3. ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും : ഈ വിശേഷണമാകട്ടെ ദൈവം നിത്യനും മാറ്റമില്ലാത്തവനും ആണെന്നു പ്രഖ്യാപിക്കുന്നു. ഈ സത്യം തന്നെ, നിത്യം ജീവിക്കുന്നവന്‍ എന്ന് അടുത്ത വാക്യത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ചക്രവര്‍ത്തിമാരും സാമ്രാജ്യങ്ങളും വന്നുപോകുന്നു; ദൈവമാകട്ടെ അചഞ്ചലനായി എന്നും നിലനില്ക്കുന്നു. ഈ രണ്ടു വിശേഷണങ്ങളും 1:8 ല്‍ കണ്ടതാണ്.

4:9, നാലുജീവികള്‍ സമര്‍പ്പിക്കുന്ന സ്തോത്രഗീതത്തെ ഒന്നുകൂടി വിശദീകരിക്കുകയാണ് ഈ വാക്യം. കൃതജ്ഞത എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത് യുക്കരിസ്തിയാ എന്ന ഗ്രീക്കുപദമാണ്. വാഴ്ത്തല്‍, നന്ദിപറയല്‍ എന്നൊക്കെയാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ദൈവം ചെയ്ത വലിയ കാര്യങ്ങളെ നന്ദിയോടെ അനുസ്മരിച്ച് ഏറ്റുപറയുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.

4:10-11, സൃഷ്ടപ്രപഞ്ചം മുഴുവന്‍ നിരന്തരമായി അര്‍പ്പിക്കുന്ന ആരാധനയില്‍ ദൈവജനം പങ്കുചേരുന്നതിന്‍റെ ചിത്രം ഈ വാക്യങ്ങള്‍ വരച്ചുകാട്ടുന്നു. സിംഹാസനസ്ഥന്‍റെ മുമ്പില്‍വീണ് സാഷ്ടാംഗം പ്രണമിക്കുന്നത് പരിപൂര്‍ണ്ണമായ വിധേയത്വത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും പ്രതീകമാണ്.

കര്‍ത്താവും ദൈവവും എന്ന അഭിസംബോധന പഴയനിയമത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ വെളിപാടു പുസ്തകത്തിന്‍റെ പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ ഈ അഭിസംബോധനയ്ക്ക് രാഷ്ട്രീയമായൊരു ധ്വനിയുണ്ട്. സീസറിനെ 'കര്‍ത്താവും ദൈവവും' എന്നു വിളിക്കണം എന്ന കല്പനയുടെ വ്യക്തമായ നിഷേധമാണ് ഇവിടെ നടക്കുന്നത്. കര്‍ത്താവും ദൈവവും ഒരുവന്‍ മാത്രമേയുള്ളൂ. അതു സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനാണ്. റോമന്‍ ചക്രവര്‍ത്തിയായ ഡൊമീഷ്യനല്ല. നാലുജീവികളുടെ സ്തുതിപ്പുകള്‍ "ദൈവം പരിശുദ്ധനാകുന്നു" എന്ന സത്യം പൊതുവായി ഏറ്റുപറയുമ്പോള്‍, ശ്രേഷ്ഠന്മാര്‍ 'കര്‍ത്താവായ ദൈവമേ' എന്നു വിളിച്ചുകൊണ്ട് ദൈവത്തിനു നേരിട്ട് സ്തുതി സമര്‍പ്പിക്കുന്നു. അങ്ങ് അര്‍ഹനാണ് എന്ന പ്രയോഗത്തിലും രാജാരാധനയുടെ നിഷേധം കാണാം. റോമന്‍ ചക്രവര്‍ത്തി സാഘോഷം നഗരപ്രവേശം നടത്തുമ്പോള്‍ "അങ്ങ് അര്‍ഹനാണ്" (You are Worthy) എന്ന് ജനം ആര്‍ത്തുവിളിക്കുമായിരുന്നു. മഹത്വം സ്വീകരിക്കാനുള്ള അര്‍ഹത ചക്രവര്‍ത്തിക്കില്ല, ദൈവത്തിനു മാത്രമേയുള്ളൂ.

സൃഷ്ടികര്‍മ്മത്തിന്‍റെ പേരിലാണ് ശ്രേഷ്ഠന്മാര്‍ ദൈവത്തെ സ്തുതിക്കുന്നത്. അസ്തിത്വം ലഭിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്ന പ്രഖ്യാപനം ഒരേ കാര്യത്തിന്‍റെ ആവര്‍ത്തനമല്ല. പ്രപഞ്ചം ബാഹ്യമായി സൃഷ്ടിക്കപ്പെടുന്നതിനുമുമ്പേ ദൈവത്തിന്‍റെ ഹിതത്തില്‍ ഒരു പദ്ധതിയെന്നവണ്ണം സ്ഥിതി ചെയ്തിരുന്നു. ഈ പദ്ധതിയുടെ ബാഹ്യമായ പൂര്‍ത്തീകരണം ദൈവം നിശ്ചയിച്ച സമയത്താണുണ്ടായത്. പ്രപഞ്ചത്തിലെ യാതൊന്നും യാദൃച്ഛികമായുണ്ടായതല്ല, ദൈവം നിശ്ചയിച്ച സമയത്തും വിധത്തിലും ആണ് അവയുണ്ടായത്. തങ്ങളുടെ അസ്തിത്വത്തിന്‍റെ ഉടയവനെയാണ് സൃഷ്ടപ്രപഞ്ചവും ദൈവജനവും ഇവിടെ സ്തുതിക്കുന്നത്. ശ്രേഷ്ഠന്മാര്‍ കിരീടം താഴെ വയ്ക്കുന്നതും ദൈവത്തിന്‍റെ പരമാധികാരത്തെ ഏറ്റു പറയുന്നതിനെ സൂചിപ്പിക്കുന്നു.

വിചിന്തനം: ഭൗതിക, രാഷ്ട്രീയ ശക്തികളാണ് ഈ ലോകത്തിന്‍റെ ചരിത്രത്തെ നിയന്ത്രിക്കുന്നത് എന്ന് തോന്നാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്‍റെ ഗതിനിര്‍ണ്ണയിക്കുന്നത് ദൈവമാണ്. സ്വര്‍ഗ്ഗീയ സിംഹാസനം പ്രപഞ്ചത്തിന്‍റെമേലുള്ള ദൈവത്തിന്‍റെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. സൃഷ്ടപ്രപഞ്ചം മുഴുവനും ദൈവജനവും ദൈവത്തെ ആരാധിക്കുന്നു. സാഷ്ടാംഗം പ്രണമിച്ചും സ്തുതിഗീതങ്ങള്‍ ആലപിച്ചും ദൈവത്തെ ആരാധിക്കുന്നത് അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. ഈ യാഥാര്‍ത്ഥ്യങ്ങളെത്തന്നെ ദൈവഹിതമനുസരിച്ച് രൂപപ്പെടുത്താനുള്ള കരുത്താര്‍ജ്ജിക്കലാണ്.

ദൈവവിശ്വാസവും ദൈവാരാധനയും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കുനേരേ കണ്ണടയ്ക്കാനല്ല, അവയെ തിരുത്താന്‍ പ്രേരകമാകണം. ദൈവത്തെ സ്രഷ്ടാവായി ഏറ്റുപറയുന്നവര്‍ സ്രഷ്ടാവിന്‍റെ ഹിതമനുസരിച്ച് ജീവിക്കാനും അതിനനുസൃതമായ സാമൂഹ്യസംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കാനും ശ്രമിക്കണം.

വെളിപാട് 5:1-4, മുദ്രിതമായ ചുരുള്‍

സ്വര്‍ഗ്ഗീയ സദസ്സിന്‍റെ പൊതുവായ വിവരണത്തിനുശേഷം ഗ്രന്ഥകാരന്‍ സിംഹാസനസ്ഥനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു (വാ. 1). ദൈവത്തിന്‍റെ വലതുകൈയില്‍ ഇരിക്കുന്ന ചുരുളാണ് തുടര്‍ന്നുള്ള വിവരണത്തിന്‍റെ കേന്ദ്രം. അകത്തും പുറത്തും എഴുതിയിരിക്കുന്നതിനാല്‍ വളരെയേറെ കാര്യങ്ങള്‍ ചുരുളിലുണ്ട് എന്ന സൂചനയാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. എസെക്കിയേലിനു ലഭിച്ച പ്രഥമ ദര്‍ശനത്തില്‍ ഇപ്രകാരം ഒരു ചുരുള്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (എസെ 2:9-10). ആ ചുരുള്‍ നിവര്‍ത്തിയതായിരുന്നു. അതില്‍ എഴുതിയിരുന്നത് ഇസ്രായേല്‍ ജനത്തിന്‍റെമേല്‍ പതിക്കാന്‍ പോകുന്ന ശിക്ഷാവിധിയായിരുന്നു. എന്നാല്‍ വെളിപാടു ഗ്രന്ഥത്തിലെ ചുരുള്‍ ഏഴു മുദ്രകള്‍ വച്ചു ഭദ്രമാക്കിയതാണ്. ചുരുളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാനാവില്ല

മുദ്രിതമായ ചുരുളിനെക്കുറിച്ച് ദാനിയേലിന്‍റെ പുസ്തകത്തില്‍ രണ്ടു പരാമര്‍ശങ്ങളുണ്ട് (ദാനി 8:26; 12:4.9). യുഗാന്തത്തെ സംബന്ധിക്കുന്ന രഹസ്യങ്ങളാണ് ചുരുളിലുള്ളത്. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല എന്നു പറയാന്‍ വേണ്ടിയാണ് ഗ്രന്ഥത്തിനു മുദ്രവയ്ക്കാന്‍ ആവശ്യപ്പെടുന്നത്. റോമാക്കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒരാചാരം ചുരുളിനു മുദ്ര വയ്ക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കും. വില്‍പത്രം എഴുതുന്നയാള്‍ ഏഴു സാക്ഷികളെക്കൊണ്ട് ചുരുട്ടിയ വില്‍പത്രത്തിനു മുദ്ര വയ്പിക്കണം. പിന്നീട് ആ ഏഴുപേരും കൂടിയാലേ മുദ്രപൊളിച്ച് വില്‍പത്രം വായിച്ച് നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. മേല്‍ വിവരിച്ച രണ്ടു പശ്ചാത്തലങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന ഇതാണ്: മുദ്രവച്ച ചുരുളിന്‍റെ ഉള്ളടക്കം യുഗാന്തത്തെ സംബന്ധിക്കുന്ന രഹസ്യമാണ്. ചുരുള്‍ നിവര്‍ത്തുകയെന്നാല്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക എന്നാണ് അര്‍ത്ഥമാക്കുക. 'ഏഴ്' പൂര്‍ണ്ണതയുടെ സംഖ്യയാകയാല്‍ ഏഴുമുദ്രകള്‍ വച്ചത് പരമ രഹസ്യമാണ്.

5:2-3, ശക്തനായ ദൂതന്‍ വീണ്ടും രണ്ടുതവണ പ്രത്യക്ഷപ്പെടുന്നുണ്ട് (വെളി 10:1; 18:1-2). ചുരുളില്‍ എഴുതിയിരിക്കുന്നവ നടപ്പിലാക്കാന്‍ അര്‍ഹതയുള്ള ആരുണ്ട് എന്ന ദൂതന്‍റെ ചോദ്യത്തിന് ഏശയ്യാ ശ്രവിച്ച ദൈവത്തിന്‍റെ ചോദ്യത്തോടു (ഏസ 6:8) സാമ്യമുണ്ട്. ദൈവത്തിനുവേണ്ടി പോകാന്‍ ഏശയ്യാ തയ്യാറായി. എന്നാല്‍ ഇവിടെ പ്രതികരണം മറിച്ചാണ്. കാരണം, ദൈവവചനം പ്രഘോഷിക്കുന്ന പ്രവാചകനെയല്ല, രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവനെയാണ് ദൈവം അന്വേഷിക്കുന്നത്. തിന്മയെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനോ ദൈവത്തിന്‍റെ രക്ഷാപദ്ധതി സാക്ഷാല്‍ക്കരിക്കാനോ ഒരു മനുഷ്യനും മാലാഖായ്ക്കും സാധിക്കുകയില്ല എന്ന സത്യം ഇവിടെ ഏറ്റുപറയുന്നു.

5:4, തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാനും അവസാനം കാണാനും ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനത്തിന്‍റെ ഇടയനാണ് പ്രവാചകനായ യോഹന്നാന്‍. ദൈവത്തിന്‍റെ കൈയില്‍ ഇരിക്കുന്ന ചുരുളില്‍ ഇവ രണ്ടും ഉണ്ടെന്ന ബോധ്യം ചുരുള്‍ നിവര്‍ത്താന്‍ ആരെയും കണ്ടെത്താന്‍ കഴിയാത്തതിലുള്ള ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. തിന്മയുടെ പൊരുളും മര്‍ദ്ദനത്തില്‍നിന്നു മോചനവും തേടി സ്വര്‍ഗ്ഗത്തിന്‍റെ പടിവാതില്ക്കല്‍ നില്ക്കുന്ന പ്രവാചകനെ നിരാശ ഗ്രസിക്കുന്നതായി തോന്നും. തന്‍റെ ജനത്തിന്‍റെ ദുരവസ്ഥയില്‍ ഹൃദയം പൊട്ടിക്കരയുന്ന ഇടയന്‍റെ ചിത്രമാണ് ഈ വാക്യം അവതരിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ വരവിനുമുമ്പുള്ള മനുഷ്യന്‍റെയും പ്രപഞ്ചത്തിന്‍റെയും അവസ്ഥയാണിത് - തിന്മയുടെ തടവറയില്‍ മോചനത്തിന്‍റെ പ്രത്യാശപോലുമില്ലാതെ കഴിയുന്ന മനുഷ്യസമൂഹത്തിന്‍റെ അവസ്ഥ. യുഗയുഗാന്തങ്ങളായി രക്ഷകനെ കാത്തിരിക്കുന്ന പ്രപഞ്ചത്തിന്‍റെ ഹൃദയാന്തരാളത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകളും സഹസ്രാബ്ദങ്ങളിലൂടെ മോചകനെ പ്രതീക്ഷിക്കുന്ന മര്‍ദ്ദിതരുടെ നിലവിളിയും ഏറ്റുവാങ്ങിയാണ് യോഹന്നാന്‍ സ്വര്‍ഗ്ഗകവാടത്തില്‍ തകര്‍ന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി നില്ക്കുന്നത്.

വെളിപാട് 5:5-7, വിജയം വരിച്ച കുഞ്ഞാട്

മര്‍ദ്ദനത്തിന്‍റെ കാഠിന്യം മോചനത്തിന്‍റെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. കാത്തിരിപ്പിന്‍റെ ആകാംക്ഷ കണ്ടുമുട്ടലിന്‍റെ നിര്‍വൃതിക്കു മാറ്റു കൂട്ടുന്നു. പ്രപഞ്ചം മുഴുവന്‍ മോചനത്തിന്‍റെ മുഹൂര്‍ത്തം ദര്‍ശിക്കാനായി ശ്വാസമടക്കി കാത്തുനില്ക്കുന്ന പ്രതീതിയാണ് ദൂതന്‍റെ വെല്ലുവിളിയും യോഹന്നാന്‍റെ കണ്ണീരും പ്രദാനം ചെയ്തത്. ക്രിസ്തുവിന്‍റെ വിജയത്തെ പ്രപഞ്ചനാടകത്തിന്‍റെ കേന്ദ്രമുഹൂര്‍ത്തമായി അവതരിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ഘടനാപരമായി നോക്കുമ്പോള്‍ സ്വര്‍ഗ്ഗീയ സദസിന്‍റെ വിവരണത്തിന്‍റെ കേന്ദ്രമാണ് ഈ ഭാഗം.

5:5, "കരയാതിരിക്കൂ "എന്ന ശ്രേഷ്ഠന്മാരിലൊരുവന്‍റെ ആശ്വാസവചനം യേശുവില്‍നിന്നു പലതവണ ശിഷ്യന്മാര്‍ കേട്ടിട്ടുള്ളതാണ് (ലൂക്കാ 7:13; 8:52). കണ്ണീരിന്‍റെ കാരണം കണ്ടുപിടിച്ച് അതു പരിഹരിക്കാന്‍ കഴിവുള്ളവനാണ് കരയേണ്ടാ എന്നു പറഞ്ഞത്. മരണത്തിന്മേല്‍ അധികാരമുള്ളവനാണ് താന്‍ എന്ന് യേശു നായിനിലെ വിധവയുടെ മകനെയും ജായിറോസിന്‍റെ മകളെയും ഉയിര്‍പ്പിച്ചുകൊണ്ട് തെളിയിച്ചു. ഇവിടെ ശ്രേഷ്ഠന്മാര്‍ നല്കുന്ന ആശ്വാസവചനത്തിന്‍റെ അടിസ്ഥാനം ഉടനെ വ്യക്തമാക്കുന്നുണ്ട്.

മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളിലേക്കും യഹൂദരുടെ പ്രതീക്ഷകളിലേക്കും ശ്രദ്ധ തിരിക്കുന്ന രണ്ടു വിശേഷണങ്ങള്‍ യേശുവിനു നല്കിയിരിക്കുന്നു. യാക്കോബ് തന്‍റെ മക്കള്‍ക്കു നല്കുന്ന അന്തിമാശീര്‍വ്വാദത്തില്‍ നിന്നെടുത്തതാണ് (ഉല്‍പ 49:9) 'യൂദാവംശത്തില്‍ നിന്നുള്ള സിംഹം' എന്ന ആദ്യത്തെ വിശേഷണം; രണ്ടാമത്തേതാകട്ടെ വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനത്തില്‍നിന്നും (ഏശ11:1-10) 'ജെസ്സെയുടെ കുറ്റിയില്‍നിന്നു കിളിര്‍ക്കുന്ന മുള', "ജെസ്സെയുടെ വേര്", എന്നിങ്ങനെയാണ് ഏശയ്യാ പ്രവാചകന്‍ ഭാവി രാജാവിനെ വിശേഷിപ്പിച്ചത്. ദാവീദിന്‍റെ വേര് എന്നത് ഈ പ്രവചനത്തിന്‍റെ സ്വതന്ത്രമായ അവതരണമാണ്. മിശിഹായെക്കുറിച്ചു നൂറ്റാണ്ടുകളായി ഇസ്രായേല്‍ ജനം കാത്തുസൂക്ഷിച്ച പ്രതീക്ഷകള്‍ യേശുവില്‍ നിറവേറിയിരിക്കുന്നു എന്ന് ശ്രേഷ്ഠന്‍ യോഹന്നാനെ അനുസ്മരിപ്പിക്കുന്നു. യേശുവിന്‍റെ വിജയം മരണത്തിന്മേലും തിന്മയുടെ സകല ശക്തികളുടെ മേലുമുള്ള വിജയമാണ്. താന്‍ നേടിയ വിജയത്തിലൂടെ യേശു ചുരുള്‍ നിവര്‍ത്താനുള്ള അര്‍ഹത നേടിയിരിക്കുന്നു. എന്തിനെയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്ന് അടുത്ത വാക്യം വിശദീകരിക്കുന്നു.

5:6, സ്വര്‍ഗ്ഗീയ സദസ്സിന്‍റെ വിവരണത്തിലെ കേന്ദ്രമുഹൂര്‍ത്തമാണിത്. ദൈവസന്നിധിയില്‍ നില്ക്കുന്ന കുഞ്ഞാടിന്‍റെ ചിത്രത്തിന് പല പ്രത്യേകതകളുണ്ട്. ശ്രേഷ്ഠന്മാരുടെ നടുവിലുള്ള അവന്‍റെ സ്ഥാനം ദൈവജനത്തോടുള്ള യേശുവിന്‍റെ ഐക്യദാര്‍ഢ്യം പ്രകടമാക്കുന്നു. കൊല്ലപ്പെട്ടതുപോലെ നില്ക്കുന്നു എന്ന അവതരണം തികച്ചും അസാധാരണമത്രേ. കൊല്ലപ്പെടുക എന്നത് ബലിയര്‍പ്പണത്തെയാണ് സൂചിപ്പിക്കുന്നത്. ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാട് നില്ക്കുകയില്ല; എന്നാല്‍ നില്ക്കുന്നു എന്നു പറയുന്നതിലൂടെ പുനരുത്ഥാനത്തിലേക്കു ശ്രദ്ധ തിരിക്കുന്നു. യേശുവിന്‍റെ മരണവും ഉത്ഥാനവും ഒരുമിച്ചു ചിത്രീകരിക്കുന്നതാണ് ഈ ദൃശ്യം.

ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍റെ പ്രതീകം പെസഹാക്കുഞ്ഞാടിലേക്കും പുറപ്പാടു സംഭവത്തിലൂടെ നടന്ന വിമോചനത്തിലേക്കും വിരല്‍ ചൂണ്ടുന്നു. മനുഷ്യവര്‍ഗ്ഗത്തിനു മാത്രമല്ല, സൃഷ്ടപ്രപഞ്ചത്തിനു മുഴുവന്‍ മോചനം നല്കുന്നതാണ് യേശുവിന്‍റെ മരണവും ഉത്ഥാനവും. ഇതുവഴിയാണ് പാപത്തിനധീനമായ ലോകത്തിന്മേല്‍ അവന്‍ വിജയം നേടിയത്. ബലിയര്‍പ്പണത്തിന്‍റെ അടയാളം സ്വശരീരത്തില്‍ വഹിച്ചുകൊണ്ട് സ്വര്‍ഗ്ഗീയ സിംഹാസനത്തിനു മുമ്പില്‍ നില്ക്കുന്ന യേശു ശിഷ്യസമൂഹത്തിനു സന്തോഷവും പ്രത്യാശയും പകരുന്നു. കുഞ്ഞാടിന്‍റെ കൊമ്പുകള്‍ ശക്തിയുടെയും അധികാരത്തിന്‍റെയും പ്രതീകമാണ്. ഏഴ് എന്ന പൂര്‍ണ്ണതയുടെ സംഖ്യ യേശുവിനെ സര്‍വ്വശക്തനും സര്‍വ്വാധികാരിയുമായി ചിത്രീകരിക്കുന്നു. മരണവും ഉത്ഥാനവും വഴി നേടിയ വിജയത്തെയും അധികാരത്തെയും ആണ് ഏഴു കൊമ്പുകള്‍ സൂചിപ്പിക്കുന്നത്. ഏഴു കണ്ണുകള്‍ സര്‍വ്വജ്ഞാനത്തിന്‍റെ പ്രതീകമാണ്. സഖറിയാ 4:10-ന്‍റെ സ്വാധീനം ഈ വിശേഷണത്തിലുണ്ട്. എന്നാല്‍ സപ്താത്മാക്കള്‍ പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണെന്നു നാം കണ്ടുകഴിഞ്ഞു. യേശു തന്‍റെ മഹത്വീകരണത്തിനുശേഷം ശിഷ്യഗണത്തിന്മേല്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവിന്‍റെ ചിത്രമാണ് (അപ്പ 2:33) ഇവിടെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്. മരണവും ഉത്ഥാനവും വഴിയുള്ള മഹത്വീകരണത്തിനു ശേഷമേ പരിശുദ്ധാത്മാവ് അയയ്ക്കപ്പെടുകയുള്ളൂ എന്ന് യേശു പലതവണ പറഞ്ഞിട്ടുണ്ട് (യോഹ 7:39; 16:7). യേശു പഠിപ്പിച്ച കാര്യങ്ങള്‍ അനുസ്മരിപ്പിക്കുകയും (യോഹ 14:26) സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കുകയും (യോഹ 16:13) ചെയ്യുന്ന ജ്ഞാനത്തിന്‍റെ ആത്മാവാണിത് (ഏശ 11:2).

5:7, പിതാവിന്‍റെ ഹിതത്തിനു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിച്ചവന്‍ തന്‍റെ ആത്മബലിയിലൂടെ ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ മനുഷ്യപുത്രനെന്നനിലയില്‍ അര്‍ഹത നേടി. അവനിലൂടെയാണ് രക്ഷാചരിത്രം പൂര്‍ത്തിയാവുന്നത്. പ്രപഞ്ചത്തെ സംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതി നടപ്പാക്കാന്‍ യേശു അര്‍ഹത നേടിയിരിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷമായ അടയാളമാണ് ദൈവകരത്തില്‍നിന്ന് അവന്‍ മുദ്രിതമായ ചുരുള്‍ എടുക്കുന്നത്. പീഡിതരായ ദൈവജനം ആകാംക്ഷയോടെ കാത്തിരുന്ന രക്ഷയുടെ സമയം ആരംഭിച്ചു കഴിഞ്ഞു. തിന്മയുടെ ശക്തിയുടെമേല്‍ ശിക്ഷാവിധി നടപ്പാക്കുന്നതിന്‍റെ ആദ്യത്തെ പടിയാണ് ചുരുള്‍ എടുക്കുന്നത്. ഇത് സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷത്തിനും  ആഹ്ലാദപ്രകടനത്തിനും സ്തുതിഗീതങ്ങള്‍ക്കും കാരണമാകുന്നു. മൂന്നു ചിത്രങ്ങളിലൂടെയാണ് ഈ ആഹ്ലാദപ്രകടനം വര്‍ണ്ണിക്കുന്നത്.

വെളിപാട് 6:1-8:1, ഏഴു മുദ്രകള്‍

പ്രപഞ്ചത്തെ സംബന്ധിച്ച ദൈവികപദ്ധതിയുടെ ചുരുള്‍ വിടര്‍ത്തുന്ന ചിത്രമാണ് ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്. രംഗസംവിധാനത്തില്‍മാറ്റമൊന്നും രേഖപ്പെടുത്താത്തതിനാല്‍ യോഹന്നാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പ്രപഞ്ചത്തെ കാണുന്നതായി കരുതണം. കുഞ്ഞാട് ഓരോമുദ്രയും തുറക്കുമ്പോള്‍ യുഗാന്തത്തിലേക്കു നയിക്കുന്ന സംഭവപരമ്പരകള്‍ ഒന്നൊന്നായി വി.ഗ്രന്ഥകാരന്‍റെ കണ്‍മുന്നില്‍ തെളിയുന്നു. മുദ്രകള്‍ തുറക്കുന്നത് ചുരുളിന്‍റെ ഉള്ളടക്കം നടപ്പാക്കുന്നതിന്‍റെ തുടക്കമാണ്. തിന്മയെ ഉന്മൂലനം ചെയ്ത്, ദൈവഭരണം ഭൂമിയില്‍ ശാശ്വതമായി ഉറപ്പിക്കുന്ന പദ്ധതിയാകയാല്‍ അധികപങ്കും ശിക്ഷാവിധികളാണ് ഇവിടെ വിവരിക്കുന്നത്.

പാപിയുടെ നാശമല്ല, മാനസാന്തരമാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനാല്‍ ഒറ്റയടിക്കു നശിപ്പിക്കുകയല്ല, പടിപടിയായി കാഠിന്യം വര്‍ദ്ധിക്കുന്ന ശിക്ഷകളിലൂടെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും മനുഷ്യരെ ക്ഷണിക്കുകയാണ് ദൈവം ചെയ്യുന്നത്. ശിക്ഷാവിധികള്‍ തിന്മക്കെതിരേയുള്ള ദൈവകോപത്തിന്‍റെ അടയാളങ്ങളായിക്കണ്ട് മനസ്സുതിരിയാന്‍ മനുഷ്യര്‍ സന്നദ്ധരാവണം. എന്നാല്‍ ഹൃദയകാഠിന്യത്തോടെ പാപത്തില്‍ തുടരുന്നവര്‍ക്ക് നിത്യനാശമായിരിക്കും വന്നുഭവിക്കുക. ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ശത്രുക്കളുടെമേല്‍ ശിക്ഷാവിധി നടപ്പാക്കുമ്പോഴും ദൈവം തന്‍റെ വിശ്വസ്തര്‍ക്ക് സംരക്ഷണം നല്കുന്നു എന്ന സത്യം വെളിപ്പെടുത്താനായി ശിക്ഷയുടെയും സംരക്ഷണത്തിന്‍റെയും ദൃശ്യങ്ങള്‍ ഇടകലര്‍ത്തിയാണ് അവതരിപ്പിക്കുന്നത്.

ആദ്യത്തെ നാലു മുദ്രകള്‍ തുറക്കുമ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ഐക്യരൂപമുണ്ട്. നാലു കുതിരകളും അവയുടെമേല്‍ സവാരി ചെയ്യുന്നവരും നാലു വിധത്തിലുള്ള നാശങ്ങളെ സൂചിപ്പിക്കുന്നു. ഇത് മനുഷ്യരുടെമേലുള്ള ഭാഗികമായ ശിക്ഷാവിധിയാണ്. അഞ്ചാമത്തെ മുദ്ര തുറക്കുമ്പോള്‍ വിശ്വസ്തരായ രക്തസാക്ഷികള്‍ക്കു ദൈവം നല്കുന്ന സംരക്ഷണത്തിന്‍റെയും സമ്മാനത്തിന്‍റെയും ചിത്രം ഒരു ചെറിയ ഇടവേളയെന്നവണ്ണം അവതരിപ്പിക്കുന്നു. ആറാമത്തെ മുദ്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കുന്നു. ഏഴാം മുദ്ര തുറക്കുന്നതിനുമുമ്പ് ദീര്‍ഘമായൊരു ഇടവേളയില്‍ വിശ്വസ്തര്‍ക്കു ലഭിക്കുന്ന സംരക്ഷണവും സമ്മാനവും വീണ്ടും വരച്ചുകാട്ടുന്നു. ഏഴാമത്തെ മുദ്രതുറക്കുമ്പോള്‍ ഉണ്ടാകുന്ന ഭീഷണമായ നിശബ്ദത തുടര്‍ന്നുവരുന്ന ശിക്ഷാവിധികളുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

വെളിപാട് 6:1-8, ആദ്യത്തെ നാലു മുദ്രകള്‍

ആദ്യത്തെ നാലു മുദ്രകളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണത്തില്‍ സാമ്യമുണ്ട്. മുദ്ര തുറന്നു, ഞാന്‍ കണ്ടു, നാലു ജീവികളില്‍ ഓരോന്നും വരുക എന്നു വിളിച്ചു പറഞ്ഞു; കുതിരയും സവാരിക്കാരനും പ്രത്യക്ഷപ്പെട്ടു. ഇവയെല്ലാം ഒരേവിധത്തില്‍  ആവര്‍ത്തിച്ചുകൊണ്ട് നാലും തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കുന്നു. കുതിരപ്പുറത്തിരിക്കുന്നവരെല്ലാം നാശം വിതയ്ക്കുന്നവരാണ്. പ്രകൃതിയില്‍ സാധാരണ സംഭവിക്കാറുള്ളതാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍, ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ നോക്കിക്കാണുന്ന യോഹന്നാന് ഇവയെല്ലാം ദൈവം തിന്മയുടെമേല്‍ നടപ്പാക്കുന്ന ശിക്ഷാവിധിയുടെ സൂചനകളാണ്. പഴയനിയമത്തിലെ പല പ്രവചനങ്ങളുടെയും യേശുവിന്‍റെതന്നെ വാക്കുകളുടെയും (ലൂക്കാ 21:9-11) സ്വാധീനം ഈ വിവരണങ്ങളില്‍ കാണാം. ആനുകാലിക ചരിത്രസംഭവങ്ങളും ഗ്രന്ഥകാരനെ സ്വാധീനിച്ചിട്ടുണ്ടാവാം.

6:1, ഓരോ മുദ്ര തുറക്കുമ്പോഴും "ഞാന്‍ കണ്ടു" എന്ന് ആവര്‍ത്തിക്കുന്നതിലൂടെ തനിക്കു ലഭിച്ച വെളിപാടാണ് വിവരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ദൈവിക പദ്ധതിയെക്കുറിച്ചുള്ള അറിവ് മനുഷ്യന്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നതല്ല. ദൈവം ദാനമായി നല്കുന്നതാണ്.

6:2, നാലു കുതിരകളെക്കുറിച്ചുള്ള പരാമര്‍ശം സഖറിയാ പ്രവാചകന്‍റെ ദര്‍ശനങ്ങളെ (സഖ 1:8-17; 6:1-8) അനുസ്മരിപ്പിക്കുന്നു. ഏറ്റം മികച്ച യുദ്ധോപകരണമായിട്ടാണ് ബൈബിള്‍ വില്ലിനെ കാണുന്നത്. (ഏശ 5:28; ജറെ 4:29). യുദ്ധത്തില്‍ ജയിച്ചതിന്‍റെ അടയാളമാണ് കിരീടം. "നിക്കാവോ" എന്നു ഗ്രീക്കുപദമാണ് "വിജയം" എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ പദത്തിന് കീഴടക്കുക, യുദ്ധത്തില്‍ ജയിക്കുക. നശിപ്പിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട് (വെളി 2:15). "കീഴടക്കിക്കൊണ്ടും കീഴടക്കാനായും" അഥവാ "നശിപ്പിച്ചുകൊണ്ടും നശിപ്പിക്കാനായും" അവന്‍ പുറപ്പെട്ടു എന്നു വിവര്‍ത്തനം ചെയ്താല്‍ അര്‍ത്ഥം കൂടുതല്‍ വ്യക്തമാകും.

റോമാസാമ്രാജ്യത്തിന്‍റെ കിഴക്കേ അതിര്‍ത്തിയില്‍ വസിച്ചിരുന്ന പാര്‍ത്തിയാക്കാര്‍ പ്രസിദ്ധരായ വില്ലാളികളായിരുന്നു. വെള്ളക്കുതിരപ്പുറത്താണ് അവര്‍ യുദ്ധത്തിനുപോയിരുന്നത്. അവര്‍ റോമാക്കാര്‍ക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. റോമന്‍ സൈന്യം ഏ.ഡി. 62-ല്‍ അവരോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഈ പശ്ചാത്തലം വെള്ളക്കുതിരപ്പുറത്തിരുന്ന വില്ലാളിയുടെ സൂചന വ്യക്തമാക്കുന്നു. വരാനിരിക്കുന്ന സകല ദുരന്തങ്ങളുടെയും മുന്നോടിയായി യോഹന്നാന്‍ യുദ്ധത്തെ അവതരിപ്പിക്കുന്നു. യുദ്ധവും വിജയവും ആഘോഷിക്കാനുള്ള മഹത്കൃത്യമല്ല, ദൈവികശിക്ഷയുടെ അടയാളമാണ്.

6:3-4, രണ്ടാമത്തെ കുതിരയുടെ തീക്കനല്‍പോലെ ചുവന്നനിറം അതിന്‍റെ പുറത്തിരിക്കുന്നവനെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെ സൂചിപ്പിക്കുന്നു. ചുവപ്പ് രക്തച്ചൊരിച്ചിലിന്‍റെ പ്രതീകമാണ്. ആദ്യത്തെ അശ്വാരൂഢന്‍ പുറമേനിന്നുള്ള ആക്രമണത്തെ സൂചിപ്പിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ ആഭ്യന്തരകലാപങ്ങളെയാണ് സൂചിപ്പിക്കുക. ഏ.ഡി. 69-ല്‍ റോമാസിംഹാസനത്തിനുവേണ്ടി സേനാധിപന്മാര്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങള്‍ സാമ്രാജ്യത്തെ മുഴുവന്‍ ആഭ്യന്തരകലാപത്തിലും ക്രൂരമായ രക്തച്ചൊരിച്ചിലിലും ആഴ്ത്തിയത് ഈ വിവരണത്തിന്‍റെ ചരിത്രപശ്ചാത്തലമായി പരിഗണിക്കാവുന്നതാണ്. അന്തച്ഛിദ്രമുള്ള രാജ്യം നിലനില്ക്കുകയില്ല (മര്‍ക്കോ 3:24) എന്ന തിരുവചനത്തിന്‍റെ വെളിച്ചത്തില്‍, ആസന്നമായിരിക്കുന്ന നാശത്തിന്‍റെ സൂചനയാണ് ഇവിടെ നല്കുന്നത് എന്നനുമാനിക്കാം. വ്യക്തികളും ജനസമൂഹങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ തകര്‍ച്ച യുഗാന്തത്തിന്‍റെ മുന്നോടിയായി പഴയനിയമവും അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളും ചിത്രീകരിക്കാറുണ്ട് (ഏശ 19:2; സഖ 14:13).

6:5-6, കറുത്ത കുതിരയും തുലാസുമായി കുതിരപ്പുറത്തിരിക്കുന്നയാളും രൂക്ഷമായ ക്ഷാമത്തിന്‍റെ പ്രതീകങ്ങളാണ്. വലിയ ക്ഷാമം നേരിടുമ്പോഴാണ് അപ്പം തൂക്കിയും അളന്നും ഭക്ഷിക്കേണ്ടിവരുക. ഇപ്രകാരമുള്ള ക്ഷാമത്തെ ഇസ്രായേല്‍ ജനം ദൈവികശിക്ഷയുടെ അടയാളമായി കണ്ടു (ലേവ്യ 26:26; എസെ 4:16-17). ഒരാളുടെ ദിവസക്കൂലിയാണ് റോമന്‍നാണയമായ ദെനാറാ (മത്താ 20:9). "ഇടങ്ങഴി"  എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന റോമന്‍ അളവ് ഏകദേശം ഒരു കിലോഗ്രാം തൂക്കമാണ്. പുതിയനിയമകാലത്ത് റോമാസാമ്രാജ്യത്തില്‍ പൊതുവേ ഒരു ദെനാറായ്ക്ക് 8-16 കിലോ ഗോതമ്പും, അതിന്‍റെ മൂന്നോ നാലോ ഇരട്ടി ബാര്‍ലിയും ലഭിക്കുമായിരുന്നു. നാട്ടില്‍ ഭക്ഷണദൗര്‍ലഭ്യമുണ്ടാകുമ്പോള്‍ വാങ്ങാന്‍ പണമില്ലാത്തവരാണല്ലോ ആദ്യം പട്ടിണിയാവുക.

ഈ ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നതാണ് "എണ്ണയ്ക്കും വീഞ്ഞിനും നാശം ചെയ്യരുത് " എന്ന കല്പന. ഇതു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. വരള്‍ച്ചയുണ്ടാകുമ്പോള്‍ ആദ്യം നശിക്കുന്നത് ധാന്യവിളകളാണ്. കൂടുതല്‍ ആഴത്തില്‍ വേരുള്ള മുന്തിരിയും ഒലിവും വരള്‍ച്ചയെ അതിജീവിച്ചെന്നുവരും. അതിനാല്‍ ധാന്യവിളകള്‍ നഷ്ടപ്പെടുമ്പോഴും വീഞ്ഞും എണ്ണയും സുലഭമായിട്ടുണ്ടാവാം. അതിനാല്‍ വേഗം കടന്നുപോകുന്ന ഒരു വരള്‍ച്ചയെയാണ് ഇതു സൂചിപ്പിക്കുന്നതെന്നു കരുതാം. എന്നാല്‍ മറ്റൊരു സൂചനകൂടി ഇതിലുണ്ട്. ഗോതമ്പും ബാര്‍ലിയും അനുപേക്ഷണീയമായ അനുദിനാഹാരമാണ്. എണ്ണയും വീഞ്ഞും ഒഴിച്ചുകൂട്ടാന്‍ പറ്റാത്തവയല്ല. അവശ്യസാധനങ്ങള്‍ക്കു ക്ഷാമവും സുഖഭോഗവസ്തുക്കള്‍ക്കു ധാരാളിത്വവും നിലനില്ക്കുന്ന വികൃതമായൊരു സാഹചര്യത്തിന്‍റെ സൂചനയാണിത്. ദരിദ്രര്‍ പട്ടിണിയാല്‍ വലയുമ്പോള്‍ ധനികര്‍ക്കു സുഖഭോഗങ്ങളില്‍ മുഴുകാന്‍ കഴിയുന്ന അനീതി നിറഞ്ഞ അവസ്ഥയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.

എണ്ണയ്ക്കും വീഞ്ഞിനും നാശം ചെയ്യരുത് എന്ന കല്പനയില്‍ ഒരു ചരിത്രവസ്തുതയുടെ സൂചനയും കാണാം. ഏ.ഡി. ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനദശകത്തില്‍ സാമ്രാജ്യത്ത് വലിയ വരള്‍ച്ചയുണ്ടായി. ധാന്യവിളകള്‍ നശിച്ചു. എന്നാല്‍ വീഞ്ഞും എണ്ണയും സമൃദ്ധമായുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും പകുതി നശിപ്പിച്ച് ഗോതമ്പും ബാര്‍ലിയും കൃഷി ചെയ്യാന്‍ ഡൊമിഷ്യന്‍ കല്പനയിറക്കി. എന്നാല്‍ വ്യാപകമായുണ്ടായ പ്രതിഷേധം മൂലം ഈ കല്പന പിന്‍വലിക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാവണം ക്ഷാമത്തെക്കുറിച്ചുള്ള വിവരണം രൂപപ്പെടുത്തിയിരിക്കുന്നത്.

6:7-8, നാലാമത്തെ കുതിരയുടെ വിളറിയ നിറം രക്തമില്ലാത്ത ശരീരത്തിന്‍റെ, അഥവാ ശവത്തിന്‍റെ നിറമാണ്. കുതിരപ്പുറത്തിരിക്കുന്ന മരണത്തിന്‍റെതന്നെ നിറമാണത്. മരിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് പാതാളം. ഇതുവരെ കണ്ട മൂന്നു ബാധകളും കൂടുതല്‍ രൂക്ഷമാകുന്ന ഒരു ചിത്രമാണ് ഇവിടെ വരച്ചുകാട്ടുന്നത്. നാടു വിജനമാകുമ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണം സാധാരണമാണ്. ഈ നാലു ബാധകളും ദൈവത്തിന്‍റെ ശിക്ഷകളായി പഴയനിയമത്തില്‍ പലതവണ അവതരിപ്പിച്ചിട്ടുണ്ട് (ലേവ്യ 26:21-26; എസെ 14:21). "ഭൂമിയുടെ നാലിലൊന്ന്" എന്ന പ്രയോഗം ഏതെങ്കിലും ഒരു പ്രത്യേക ഭൂവിഭാഗത്തെയല്ല സൂചിപ്പിക്കുന്നത്. ലോകജനതകളുടെ കാല്‍ഭാഗം എന്ന പൊതുവായ അര്‍ത്ഥമേ ഇതിനുളളൂ.  ഈ ശിക്ഷകളെല്ലാം ഭാഗികമാണെന്നും ഇവയൊക്കെ അവസാനത്തിന്‍റെ തുടക്കം മാത്രമാണെന്നും ഇതു സൂചിപ്പിക്കുന്നു. തിന്മയില്‍ അടിയുറച്ച ലോകത്തിന്‍റെമേല്‍ ദൈവത്തിന്‍റെ ശിക്ഷാവിധി അടിയ്ക്കടി ശക്തിപ്പെടുന്ന ചിത്രം ഇവിടെ കാണാനാവും.

വെളിപാട് 6:9-11, അഞ്ചാം മുദ്ര

അഞ്ചാമത്തെ മുദ്ര തുറക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായൊരു ദൃശ്യം പ്രത്യക്ഷപ്പെടുന്നു (വാ. 9). ഭൂമിയില്‍ നിറവേറുന്ന ശിക്ഷാവിധിയുടെ മുന്നേറ്റത്തിന് ഒരു ചെറിയ ഇടവേളയെന്ന നിലയില്‍, വിശ്വാസത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തിയവരിലേക്കു വി.ഗ്രന്ഥകാരന്‍ ശ്രദ്ധ തിരിക്കുന്നു. രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു വിശദീകരണം ഈ വാക്യത്തില്‍ കാണാം. സാക്ഷ്യത്തെപ്രതി വധിക്കപ്പെട്ടവരുടെ ആത്മാക്കള്‍ ബലിപീഠത്തിനടിയിലാണ് പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ഗ്ഗത്തിലുള്ള ബലിപീഠത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത് എന്നതില്‍ സംശയത്തിനിടയില്ല (വെളി 8:3; 14:18). രക്തസാക്ഷികളുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍, ദൈവസന്നിധിയിലാണ് എന്ന സത്യം ഈ വാക്യം ആദ്യമേ വെളിപ്പെടുത്തുന്നു.

ബലിയര്‍പ്പിക്കപ്പെട്ട മൃഗത്തിന്‍റെ രക്തം ബലിപീഠത്തിനടിയിലാണ് ഒഴിക്കുക (ലേവ്യ 4:7). രക്തത്തിലാണ് ജീവന്‍ സ്ഥിതിചെയ്യുന്നതെന്നും (ലേവ്യ 17:11) ദൈവം മാത്രമാണ് ജീവന്‍റെ നാഥന്‍ എന്നും ഏറ്റുപറയുന്ന പ്രവൃത്തിയായിരുന്നു ഇത്. രക്തസാക്ഷികള്‍ ക്രൂരമായി വധിക്കപ്പെട്ടവരാണെങ്കിലും അവരുടെ ജീവരക്തം ദൈവത്തിനു സ്വീകാര്യമായ ബലിയായി സമര്‍പ്പിക്കപ്പെട്ടതാണ് എന്ന് അവരുടെ ആത്മാക്കള്‍ ബലിപീഠത്തിനടിയില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ സൂചിപ്പിക്കുന്നു. രക്തസാക്ഷിത്വത്തെ ബലിയര്‍പ്പണമായി ചിത്രീകരിക്കുക യഹൂദരുടെയും ആദിമ ക്രൈസ്തവരുടെയും ഇടയില്‍ സാധാരണമായിരുന്നു (ജ്ഞാനം 3:6; ഫിലി 2:17; 2 തിമോ 4:6).

6:10, വധിക്കപ്പെട്ടവരുടെ ആത്മാക്കള്‍ നിര്‍ജ്ജീവരോ നിശ്ശബ്ദരോ അല്ല. സ്വര്‍ഗ്ഗീയ സിംഹാസനത്തിനു മുമ്പില്‍ അവരുടെ നിലവിളി നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ജീവന്‍റെ നാഥനെ വിളിച്ചാണ് അവര്‍ ഉച്ചത്തില്‍ കരയുന്നത്. 'നാഥാ ' എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്‍റെ വാച്യാര്‍ത്ഥം സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളവന്‍ എന്നാണ്. റോമാ ചക്രവര്‍ത്തി സാമ്രാജ്യത്തിന്മേലും, ഉടമകള്‍ അടിമകളുടെമേലും അവകാശപ്പെട്ടിരുന്ന അധികാരവും അവകാശവും സൂചിപ്പിക്കുന്ന പദമാണിത്. തങ്ങളുടെ ജീവന്‍റെ ഉടയവന്‍ ദൈവമാണെന്ന് ഈ നിലവിളിയിലൂടെ രക്തസാക്ഷികള്‍ ഏറ്റുപറയുന്നു. വാക്കു പാലിക്കുന്നവനാണ് വിശ്വസ്തന്‍. മനുഷ്യരില്‍നിന്നു വ്യത്യസ്തനും അതീതനുമാണ് പരിശുദ്ധന്‍.

ദൈവം തന്‍റെ വിശ്വസ്തരുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന യേശുവിന്‍റെ വചനത്തെ (ലൂക്കാ 18:7-8) അനുസ്മരിപ്പിക്കുന്നതാണ് അവരുടെ യാചന. പ്രതികാരത്തിനു വേണ്ടിയുള്ള നിലവിളി ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതായി തോന്നിയേക്കാം. എന്നാല്‍ അധര്‍മ്മത്തിനറുതി വരുത്തി, നീതി പുനഃസ്ഥാപിക്കുക ദൈവത്തിന്‍റെ പ്രവൃത്തിയാണ് (ജോബ് 19,25). ഇപ്രകാരം ഒരു നീതി നിര്‍വ്വഹണത്തിനുവേണ്ടിയാണ് രക്തസാക്ഷികള്‍ നിലവിളിക്കുന്നത് (ഉല്‍പ 4:10). ശത്രുക്കളോടുള്ള വ്യക്തിപരമായ പകപോക്കലോ ശത്രുവിന്‍റെ നാശത്തിലുള്ള സന്തോഷമോ അല്ല, തിന്മയുടെ സമ്പൂര്‍ണ്ണമായ ഉന്മൂലനവും നന്മയുടെ ശക്തമായ പുനഃസ്ഥാപനവുമാണ് ഈ പ്രാര്‍ത്ഥനയുടെ ലക്ഷ്യം.

ഭൂമിയില്‍ വസിക്കുന്നവര്‍ എന്ന പദപ്രയോഗം ദൈവത്തെ എതിര്‍ക്കുകയും ദൈവജനത്തെ പീഡിപ്പിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്നു (വെളി 11:10; 13:8; 17:2). ദൈവനിഷേധികള്‍ ശക്തന്മാരായി തുടരുന്നിടത്തോളംകാലം ദൈവവിശ്വാസികള്‍ ഭോഷന്മാരായി പരിഗണിക്കപ്പെടും. അതിനാല്‍ അധര്‍മ്മികളെ ശിക്ഷിച്ച് നീതി നടപ്പാക്കുക ദൈവത്തിന്‍റെ വിശുദ്ധിയും വിശ്വസ്തതയും തെളിയിക്കാന്‍ ആവശ്യമായി വരുന്നു. ഇതു നിറവേറി കാണാത്തതിലുള്ള ആകുലതയും ആശങ്കയും പ്രകടമാക്കുന്നതാണ് 'ഇനിയും എത്രനാള്‍ ' എന്ന ചോദ്യം. പീഡിതജനങ്ങളില്‍നിന്നു നിരന്തരം ഉയരുന്ന നിലവിളിയാണിത് (സങ്കീ 74:9; 79:5).

6:11, വിശുദ്ധിയുടെയും വിജയത്തിന്‍റെയും ദൈവിക മഹത്വത്തിലുള്ള പങ്കുചേരലിന്‍റെയും (മത്താ 28:3) അടയാളമായ വെള്ളയങ്കി നല്കിക്കൊണ്ട് ദൈവം രക്തസാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്കുന്നു. അവര്‍ വിശ്വസിച്ചതും ഏറ്റുപറഞ്ഞതും സത്യമാണെന്നും അവരുടെ സാക്ഷ്യം താന്‍ സ്വീകരിച്ചിരിക്കുന്നു എന്നും ദൈവം അംഗീകരിക്കുന്നതിന്‍റെ സൂചനയാണിത്. പക്ഷേ അവരുടെ വിജയവും സന്തോഷവും ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഭൂമിയില്‍ മതപീഡനം തുടരുമെന്ന സൂചനയാണ് തുടര്‍ന്നു നല്കുന്നത്....എണ്ണം തികയുന്നതുവരെ എന്ന കാലപരിധി രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 1. ദൈവം മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയനുസരിച്ചാണ് ലോകചരിത്രം മുന്നേറുന്നത്. 2. പീഡനങ്ങള്‍ക്കു ദൈവം തന്നെ അറുതി വരുത്തും. എന്നാല്‍ അത് എപ്പോഴാണ് എന്ന് ആര്‍ക്കും വെളിപ്പെടുത്തപ്പെട്ടിട്ടില്ല (അപ്പ 1:7).

അല്പസമയം എന്നത് ദൈവത്തിന്‍റെ സമയമാണ്. മനുഷ്യന്‍റെ സമയം കൊണ്ട് അതിനെ അളക്കാനാവില്ല. എന്നാലും ദൈവം തന്‍റെ വിശ്വസ്തരുടെ പ്രാര്‍ത്ഥന ശ്രവിക്കുമെന്നും അധര്‍മ്മത്തിന് അറുതി വരുത്തുമെന്നും ഇത് ഉറപ്പു നല്കുന്നു. യേശു നല്കിയ വാഗ്ദാനത്തെ (ലൂക്കാ 18:7-8) അനുസ്മരിപ്പിക്കുന്നതാണ് ഈ ആശ്വാസവചനം. വിശ്വാസികളുടെ  പ്രാര്‍ത്ഥന ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തെ ത്വരിതപ്പെടുത്തുമെന്ന സൂചനയാണ് ഇവിടെയും തുടര്‍ന്നുള്ള സംഭവ പരമ്പരയിലും ലഭിക്കുക. രക്തസാക്ഷികള്‍ക്കു നല്കിയ വിശ്രമം പാതാളത്തിലെ നിര്‍ജ്ജീവാവസ്ഥയല്ല, ദൈവസന്നിധിയിലെ ആശ്വാസവും സന്തോഷവുമാണ്. ശരീരങ്ങളുടെ പുനരുത്ഥാനത്തോടെ മാത്രമേ ഈ സന്തോഷം പൂര്‍ത്തിയാവുകയുള്ളൂ.

വെളിപാട് 6:12-17, ആറാം മുദ്ര

ആദ്യത്തെ നാലു മുദ്രകള്‍ തുറന്നപ്പോള്‍ സംഭവിച്ച നാശങ്ങള്‍ മുഖ്യമായും മനുഷ്യരെയാണ് ബാധിച്ചത്. ആറാം മുദ്ര തുറക്കുമ്പോള്‍ സംഭവിക്കുന്നവയാകട്ടെ പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കുന്നു. പ്രാചീനമനുഷ്യന്‍റെ അറിവിനെ ആസ്പദമാക്കി ബൈബിള്‍ അവതരിപ്പിക്കുന്ന പ്രപഞ്ചസങ്കല്പത്തിന്‍റെ (ഉല്‍പ 1:1-19) വെളിച്ചത്തിലേ ഇവിടെ വിവരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. ദൈവപരിപാലനയുടെ അടയാളമാണ് പ്രപഞ്ചത്തെ നയിക്കുന്ന അലിഖിത നിയമങ്ങള്‍ (ജറെ 31:35-36). ഈ സംവിധാനങ്ങള്‍ക്കു മാറ്റം വരുകയെന്നാല്‍ പ്രപഞ്ചത്തിന്‍റെ അവസാനം ആസന്നമായിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

അധര്‍മ്മത്തിന് അറുതിവരുത്താനായി കര്‍ത്താവ് ചരിത്രത്തില്‍ ഇടപെടുന്ന ദിവസത്തെ കര്‍ത്താവിന്‍റെ ദിവസം എന്ന് പ്രവാചകന്മാര്‍ വിളിച്ചു. പ്രവാചകന്മാരുടെ വിവരണങ്ങളെ യഹൂദ അപ്പോകലിപ്റ്റിക് ഗ്രന്ഥകാരന്മാര്‍ കൂടുതല്‍ ഭീകരമായി വിശദീകരിച്ചു. അവയെല്ലാം കൂടി സമാഹരിച്ച് അതിഭീകരമായൊരു ചിത്രമാണ് വെളിപാടു ഗ്രന്ഥകാരന്‍ ഇവിടെ രചിക്കുന്നത്.

പ്രപഞ്ചത്തെ ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ആകാശം, പര്‍വ്വതങ്ങള്‍, ദ്വീപുകള്‍ എന്നിങ്ങനെ ഏഴു ഘടകങ്ങളായി തിരിച്ചാണ് നാശങ്ങളും അടയാളങ്ങളും അവതരിപ്പിക്കുന്നത്. ഇവയെല്ലാംതന്നെ പഴയ നിയമത്തില്‍ പലയിടത്തായി കാണുന്നതാണ് (ആമോ 8:8-9; ജോയേല്‍ 2:10-11. 30-31; ഏശ 13:9-10; 34:4; ജറെ 4:23-24; നാഹും 1:4-5). ലോകാവസാനത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ പുതിയനിയമവും ഇതേ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതു കാണാം. (മര്‍ക്കോ 13:24-25;2 പത്രോ 3:12).

സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍ ദൈവം നിശ്ചയിച്ച ക്രമസംവിധാനങ്ങള്‍ മനുഷ്യനു സുരക്ഷിതത്വബോധം നല്കിയിരുന്നു. ഈ സംരക്ഷണവലയമാണ് പെട്ടെന്നു തകര്‍ന്നുവീഴുന്നത്. രക്ഷയ്ക്കായി എത്തിപ്പിടിക്കാന്‍ ഉറപ്പുള്ള യാതൊന്നും അവശേഷിക്കാത്ത അവസ്ഥാവിശേഷം സംജാതമാകുന്നു. ഇവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുമോ ഇല്ലയോ എന്ന ആധുനിക മനുഷ്യന്‍റെ ചോദ്യം വി.ഗ്രന്ഥകാരന്മാരോ അവരുടെ സമകാലികരോ ഉന്നയിക്കുന്നതല്ല.

പ്രപഞ്ചത്തെ സംബന്ധിച്ച് ആധുനികരീതിയിലുള്ള ശാസ്ത്രീയ വീക്ഷണമല്ല, ദൈവശാസ്ത്രപരമായ കാഴ്ചപ്പാടാണ് വി.ഗ്രന്ഥകാരന്മാര്‍ക്കുണ്ടായിരുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന ഈ വ്യതിയാനങ്ങളുടെ ചിത്രീകരണത്തിലൂടെ മുഖ്യമായും രണ്ടു കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. 1. പ്രപഞ്ചനാഥനെ ധിക്കരിച്ചവര്‍ക്കു പ്രപഞ്ചം സംരക്ഷണം നല്കുകയില്ല, എന്നു മാത്രമല്ല അവനെതിരേ തിരിയുകയും ചെയ്യും. സഹോദരനെ വധിച്ച കായേനു ലഭിച്ച ശിക്ഷയില്‍ (ഉല്‍പ 4:11-12) ഈ സത്യത്തിന്‍റെ ലളിതവും ശക്തവുമായ ആവിഷ്ക്കരണം ദൃശ്യമാണ്. 2. മനുഷ്യന്‍റെ പാപത്തില്‍ പ്രപഞ്ചം പങ്കുചേരുന്നു. പ്രപഞ്ചത്തെ ക്രമീകരിക്കാനും അങ്ങനെ സ്രഷ്ടാവിന്‍റെ പ്രവൃത്തിയില്‍ പങ്കുചേരാനുംവേണ്ടി മനുഷ്യനെ പ്രപഞ്ചത്തിന്‍റെ അധിപനായി ദൈവം നിശ്ചയിച്ചു (ഉല്‍പ 1:26). തന്‍റെ ദൗത്യത്തില്‍ വീഴ്ചവരുത്തിയ മനുഷ്യന്‍ പ്രപഞ്ചത്തിന്മേലും ശാപം വരുത്തിവച്ചു (ഉല്‍പ 3:17). അതിനാല്‍ പാപത്തിനുള്ള ശിക്ഷയില്‍ പ്രപഞ്ചവും പങ്കുചേരുന്നു. ആകാശഗോളങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതല്ല, തിന്മ എപ്രകാരം ഉന്മൂലനം ചെയ്യപ്പെടുന്നു എന്നതാണ് ഈ വിവരണങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഇവയൊന്നും അക്ഷരാര്‍ത്ഥത്തിലല്ല എടുക്കേണ്ടതെന്ന് തുടര്‍ന്നുള്ള വിവരണങ്ങള്‍ വ്യക്തമാക്കുന്നു. നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ആകാശം അപ്രത്യക്ഷമാവുകയും ചെയ്തിട്ടും മനുഷ്യന്‍ ഭൂമിയില്‍ വസിക്കുന്നു എന്നത് ശ്രദ്ധേയമത്രേ. തന്നെയുമല്ല, ഇവയെല്ലാം മനുഷ്യനില്‍ സംഭ്രാന്തി ജനിപ്പിക്കുകയല്ലാതെ അവരുടെ മരണത്തിനു കാരണമായിത്തീരുന്നുമില്ല.

6:15, ഏഴ് എന്ന പൂര്‍ണ്ണസംഖ്യയുടെ സ്വാധീനം ഈ വാക്യത്തിലും ദൃശ്യമാണ്. മനുഷ്യരെയെല്ലാം ഏഴു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഭൂമിയിലെ എന്ന ആമുഖം ദൈവത്തിനു വിരുദ്ധമായി നില്ക്കുന്നവരെയാണ് തുടര്‍ന്ന് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന സൂചന നല്കുന്നു. ഇവര്‍ക്കെതിരേയാണ് ശിക്ഷാവിധി നടപ്പാക്കാന്‍ പോകുന്നത്. മനുഷ്യസമൂഹത്തിന്‍റെ ഒരു വിഭാഗവും ഒഴിവാക്കപ്പെടുന്നില്ല. പ്രമുഖന്മാര്‍ എന്നത് പ്രവിശ്യകളുടെമേല്‍ അധികാരമുള്ള പ്രഭുക്കന്മാരെയാണ് സൂചിപ്പിക്കുക. ശിക്ഷിക്കാന്‍ വരുന്ന ദൈവത്തിനുമുമ്പില്‍ അധര്‍മ്മികള്‍ ഒന്നടങ്കം സംഭ്രാന്തരാകുന്നു. പാപിയായ മനുഷ്യന്‍ ഏറ്റം അധികം ഭയപ്പെടുന്നത് മരണത്തെയല്ല, ദൈവികസാന്നിധ്യത്തെയാണ്. ആദ്യപാപത്തോടെ ആരംഭിച്ചതാണ് ഈ ഭയവും ഒളിക്കാനുള്ള ശ്രമവും (ഉല്‍പ 3:10).

6:16, ദൈവത്തെ ധിക്കരിച്ചവര്‍ ഇപ്പോള്‍ നിസ്സഹായരായി ഒളിക്കാന്‍ ഇടംതേടുന്നു. അവരുടെ നിലവിളിയില്‍ ഹോസിയായുടെ പ്രവചനത്തിന്‍റെയും (ഹോസി 10:8) യേശുവിന്‍റെ വചനങ്ങളുടെയും (ലൂക്കാ 23:30) പൂര്‍ത്തീകരണം കാണാം. ദൈവത്തിന്‍റെ സാന്നിധ്യം വിശ്വസ്തര്‍ക്ക് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുമ്പോള്‍ ദൈവനിഷേധികള്‍ക്കു ഭയവും പരിഭ്രാന്തിയുമാണു നല്കുക. കുഞ്ഞാടിന്‍റെ ക്രോധം എന്ന പ്രയോഗം വൈരുദ്ധ്യം നിറഞ്ഞതാണ്. ശാന്തതയുടെ പ്രതീകമായാണ് കുഞ്ഞാട് കരുതപ്പെടുക. എന്നാല്‍ തന്‍റെ വിശ്വസ്തരുടെ രക്തത്തിനു പ്രതികാരം ചെയ്യുന്ന അന്തിമദിനത്തില്‍ അവന്‍റെ ക്രോധം പ്രത്യക്ഷമാകും.

ദൈവത്തിന്‍റെ ക്രോധം പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രാധാന്യമുള്ള ഒരു അടിസ്ഥാന പ്രമേയമാണ് (സങ്കീ 38:1; ഏശ 5:25; ജറെ 4:26; നാഹും 1:6; മത്താ 3:7; യോഹ 3:36; റോമാ 1:18; കൊളോ 3:6). വധിക്കപ്പെട്ട കുഞ്ഞാട് ഏഴു കൊമ്പുകളുയര്‍ത്തി നില്ക്കുന്ന ചിത്രം (വെളി 5:6) ഇവിടെ ശ്രദ്ധേയമാകുന്നു. ബലഹീനതയില്‍ വധിക്കപ്പെട്ടവന്‍ വിധിയാളനായി വരുന്നത് ദൈവത്തിന്‍റെ ക്രോധം നടപ്പാക്കാനാണ്. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും കരുണയുടെയും മറുവശമാണ് ക്രോധം. നിഷേധിക്കപ്പെട്ട നീതി നടപ്പാക്കുമ്പോഴാണ് ദൈവത്തിന്‍റെ ക്രോധം പ്രത്യക്ഷമാകുന്നത്. ഇതില്‍നിന്ന് ഒളിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രപഞ്ചവസ്തുക്കളൊന്നും അധര്‍മ്മികള്‍ക്ക് അഭയം നല്കുകയില്ല.

6:17, സിംഹാസനസ്ഥനെയും കുഞ്ഞാടിനെയും ഒരേവിധത്തില്‍ അവതരിപ്പിച്ചുകൊണ്ട് ഈ വാക്യം യേശുവിന്‍റെ ദൈവത്വത്തിലേക്കു വീണ്ടും വിരല്‍ ചൂണ്ടുന്നു. ക്രോധത്തിന്‍റെ ഭീകരദിനം അന്തിമവിധിയുടെ ദിനമാണ്. തങ്ങളുടെ ശത്രുക്കളായ വിജാതീയരുടെമേല്‍ ദൈവം ശിക്ഷാവിധി നടത്താന്‍ വരുന്ന ദിവസമായി ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിന്‍റെ ദിവസത്തെ കണ്ടിരുന്നു. എന്നാല്‍ പ്രവാചകന്മാര്‍ ഈ ധാരണയെ തകിടം മറിച്ചു. അധര്‍മ്മത്തില്‍ തുടരുന്ന ഏവര്‍ക്കും, ഇസ്രായേല്‍ക്കാരോ വിജാതീയരോ എന്ന വ്യത്യാസമില്ലാതെ, കര്‍ത്താവിന്‍റെ ദിനം ഭീകരമായ ശിക്ഷയുടെ ദിവസമായിരിക്കും എന്ന് അവര്‍ പ്രഘോഷിച്ചു (ആമോ 5:18-20; ഏശ 13:6). ഭീകരദിനം വന്നു കഴിഞ്ഞു എന്ന പ്രസ്താവന അധര്‍മ്മികളുടെ അധരങ്ങളില്‍ നിന്നാണുയരുന്നത്. അന്തിമവിധിയില്‍ മാത്രം സ്വന്തം തെറ്റുകള്‍ അംഗീകരിക്കുന്നതു രക്ഷണീയമാവുകയില്ല. ആര്‍ക്കു നിലനില്ക്കാനാവും എന്ന ചോദ്യം അധര്‍മ്മികളില്‍ ആര്‍ക്കും ഈ ദിനത്തെ അതിജീവിക്കാന്‍ കഴിയില്ല എന്ന സത്യത്തിന്‍റെ ശക്തമായ പ്രസ്താവനയാണ്. നാഹും 1:6; മലാ 3:2 തുടങ്ങിയ പ്രവചനങ്ങളുടെ സ്വാധീനം ഇതില്‍ പ്രകടമാകുന്നു. ചുരുളില്‍ ഇനിയും ഒരുമുദ്രയേ അവശേഷിച്ചിട്ടുള്ളൂ. അതുകൂടി നീക്കിക്കഴിയുമ്പോള്‍ അന്തിമദിനത്തിന്‍റെ ഭീകരതകള്‍ ആരംഭിക്കും.

വിചിന്തനം: യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും എല്ലാം മനുഷ്യന്‍റെ ചെയ്തികളില്‍ ദൈവം സംതൃപ്തനല്ല എന്നതിന്‍റെ സൂചനകളാവാം. ഇവയെല്ലാം മാനസാന്തരത്തിന് ക്ഷണിക്കുന്ന അടയാളങ്ങളായി പരിഗണിക്കണം.

മരിച്ചവര്‍ നിഷ്ക്രിയരായി, നിത്യനിശബ്ദതയില്‍ ഉറങ്ങുകയല്ല, അവര്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ദൈവത്തിന്‍റെ കരുണയും ക്രോധവും മറക്കാതിരിക്കണം. ദൈവം ഒരേ സമയം വാത്സല്യനിധിയായ പിതാവും നീതിമാനായ വിധിയാളനുമാണ്. ദൈവത്തിന്‍റെ കാരുണ്യം മറക്കുന്നത് നിരാശയിലേക്ക് നയിക്കും; ക്രോധത്തെ അവഗണിക്കുന്നത് അനുതപിക്കാതെ, തിന്മയില്‍ തുടരാന്‍ പ്രേരിപ്പിക്കും (ഏശ 45:7 നിയ 32:39). ഭയാനകമായ ശിക്ഷയുടെ ചിത്രങ്ങള്‍ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതത്തിലേക്കും നയിക്കണം.

വെളിപാട് 7:1-8, സംരക്ഷണമുദ്ര

ചുരുളിന്‍റെ ഏഴാം മുദ്രതുറന്ന് അന്തിമ വിധി നടപ്പാക്കുന്നതിന്‍റെ വിവരണത്തിനുമുമ്പായി ഒരു വലിയ ഇടവേള എന്ന രീതിയിലാണ് ഏഴാം അധ്യായം അവതരിപ്പിച്ചിരിക്കുന്നത്. ദൈവനിഷേധികള്‍ക്കെതിരേ ഭൂമിയില്‍ അരങ്ങേറുന്ന കൊടിയ ശിക്ഷകള്‍ക്കുമധ്യേ കര്‍ത്താവ് തന്‍റെ വിശ്വസ്തര്‍ക്കു നല്കുന്ന സംരക്ഷണം നാടകീയമാംവിധം ഇവിടെ അവതരിപ്പിക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് ഇടവേള ചിത്രീകരിച്ചിരിക്കുന്നത്.

7:1, ഒരു ചതുരപ്പലകപോലെയാണ് പ്രാചീനര്‍ ഭൂമിയെ കരുതിയിരുന്നത്. അവരുടെ വീക്ഷണത്തില്‍ കാറ്റുകള്‍ രണ്ടു തരമുണ്ട്. ഭൂമിയുടെ വശങ്ങളില്‍നിന്നു വീശുന്ന കാറ്റുകള്‍ ഗുണപ്രദമാണ്; കോണുകളില്‍നിന്നു വരുന്നവയാകട്ടെ വിനാശകരവും. നാല് എന്ന സംഖ്യ ഭൂമി മുഴുവനെയും സൂചിപ്പിക്കുന്നു. അഗ്നിയുടെമേലും (വെളി 14:18) ജലത്തിന്മേലും (വെളി 16:5) അധികാരമുള്ള ദൂതന്മാരെ അവതരിപ്പിക്കുന്നതിലൂടെ പ്രപഞ്ചശക്തികളെല്ലാം ദൈവത്തിന്‍റെ ആജ്ഞാനുവര്‍ത്തികളാണ് എന്ന വിശ്വാസം ഏറ്റുപറയുന്നു. അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളില്‍ സാധാരണ കാണാറുള്ള ഒരു സങ്കല്പമാണിത്. നാശം വിതയ്ക്കുന്ന നാലുകാറ്റുകള്‍ പഴയനിയമത്തിലെ പല പ്രതിപാദനങ്ങളെയും (ജറെ 49:36; ദാനി 7:2) അനുസ്മരിപ്പിക്കുന്നു. വൃക്ഷങ്ങളുടെ കാര്യം എടുത്തുപറയുന്നത് കാറ്റുകൊണ്ടുണ്ടാകുന്ന നാശം ഏറ്റം അധികം പ്രത്യക്ഷമാകുന്നത് ഒടിഞ്ഞും തകര്‍ന്നും വീഴുന്ന വൃക്ഷങ്ങളില്‍ ആയതിനാലാവണം.

7:2-3, ദൈവത്തിന്‍റേത് എന്നു സൂചിപ്പിക്കാനായി മുദ്ര കുത്തുക എന്ന പ്രതീകം പഴയനിയമത്തില്‍ പലതവണ ഉപയോഗിച്ചിട്ടുണ്ട് (പുറ 28:11; ഏശ 44:5). സംഹാരദൂതന്‍ പുറപ്പെടുന്നതിനുമുമ്പേ തന്‍റെ വിശ്വസ്തരെ മുദ്രകുത്താന്‍ ദൈവം ആവശ്യപ്പെടുന്നതായി എസെക്കിയേല്‍ (9:4) രേഖപ്പെടുത്തിയിരിക്കുന്നു. കുഞ്ഞാടിന്‍റെയും പിതാവിന്‍റെയും നാമമാണ് ഈ മുദ്രയെന്ന് വെളി 14:1; 22:4-ല്‍ നിന്നു മനസ്സിലാക്കാം. മൃഗത്തിന്‍റെ മുദ്ര സ്വീകരിച്ചവരില്‍നിന്ന് (വെളി 13:16; 14:9) കര്‍ത്താവിന്‍റെ വിശ്വസ്തരെ വേര്‍തിരിച്ചുകാട്ടുന്നതാണ് ഈ മുദ്ര. ക്രൈസ്തവരെ പരിശുദ്ധാത്മാവിനാല്‍ മുദ്രിതരായി വി. പൗലോസ് പലതവണ  വിശേഷിപ്പിച്ചിട്ടുണ്ട് (2 കോറി 1:22; എഫേ 1:13; 4:30). ഈ ബൈബിള്‍ ഭാഗങ്ങളുടെ  പശ്ചാത്തലത്തില്‍ മുദ്രകുത്തുക എന്നതുവഴി രണ്ടു സൂചനകളാണ് യോഹന്നാന്‍ നല്കുന്നത്. 1. ദൈവത്തിന്‍റെ മുദ്ര സ്വീകരിച്ചവര്‍ ദൈവത്തിനുള്ളവരാണ്. 2. ആസന്നമായിരിക്കുന്ന ശിക്ഷാവിധിയില്‍നിന്ന് ദൈവം അവര്‍ക്കു സംരക്ഷണം നല്കും.

ആത്മാവില്‍ മുദ്രപതിക്കുന്ന കൂദാശകളെക്കുറിച്ചുള്ള ക്രിസ്തീയവിശ്വാസം മേല്പറഞ്ഞ ബൈബിള്‍ വാക്യങ്ങളുടെ വെളിച്ചത്തില്‍ രൂപംകൊണ്ടതാണ്. എന്നാല്‍ വെളിപാടു പുസ്തകം എഴുതപ്പെടുന്ന കാലത്ത് ഇപ്രകാരമൊരു സാങ്കേതികത്വം മുദ്രപതിക്കലിനു ലഭിച്ചിരുന്നില്ല എന്നാണ് പണ്ഡിതമതം.

ജീവിക്കുന്നവന്‍ എന്ന വിശേഷണം ദൈവത്തെ തന്നില്‍ത്തന്നെ ജീവനുള്ളവനും ജീവന്‍റെ നാഥനുമായി ഏറ്റുപറയുന്നു. ചുറ്റും മരണം താണ്ഡവമാടുമ്പോള്‍ സംരക്ഷണം നല്കാന്‍ ജീവന്‍റെ നാഥനുമാത്രമേ കഴിയൂ. സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നുവരുന്ന ദൂതന്‍ രക്ഷയുടെ സൂചന നല്കുന്നു. രക്ഷകന്‍ കിഴക്കുനിന്നു വരും എന്ന ബൈബിള്‍ സങ്കല്പമാണ് ഇതിന്‍റെ പശ്ചാത്തലം (ബാറൂക്ക് 4:36; ഉല്‍പ 2:8; ലൂക്കാ 1:78). ദൈവം തടഞ്ഞുനിര്‍ത്തിയിരിക്കുന്നതിനാലാണ് അന്തിമശിക്ഷ ഇനിയും നടപ്പാകാത്തത്. മുദ്രകുത്തിത്തീരുവോളം എന്ന സമയപരിധിക്ക് വെളി 6:11-ല്‍ കണ്ട അല്പസമയത്തോടു സാമ്യമുണ്ട്. പ്രപഞ്ചശക്തികള്‍ ദൈവത്തിന്‍റെ കല്പനയാണ് അനുസരിക്കുന്നതെന്ന സത്യം ഒരിക്കല്‍കൂടെ ഈ വാക്യം ആവര്‍ത്തിച്ചുറപ്പിക്കുന്നു.

7:4, മുദ്രിതരുടെ സംഖ്യ വാച്യാര്‍ത്ഥത്തിലല്ല എടുക്കേണ്ടത് എന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമില്ല. 144,000 പേര്‍ മാത്രമേ രക്ഷ പ്രാപിക്കൂ എന്ന അഭിപ്രായത്തിന് യാതൊരു സാധ്യതയുമില്ല. പന്ത്രണ്ട് എന്ന പൂര്‍ണ്ണസംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചതിനെ വീണ്ടും ആയിരം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണിത്. ദൈവം സംരക്ഷണം നല്കുന്നവരുടെ എണ്ണത്തെ പരിമിതപ്പെടുത്തുകയല്ല, ദൈവജനത്തിന്‍റെ പൂര്‍ണ്ണതയെ സൂചിപ്പിക്കുകയാണ് ഈ സംഖ്യാസങ്കേതത്തിന്‍റെ ലക്ഷ്യം. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍നിന്നും പന്തീരായിരം പേര്‍ വീതം മുദ്രിതരായി എന്നു പറയുന്നതില്‍നിന്ന് ഇതു വ്യക്തമാണ്. എന്നാല്‍ ആരാണിവര്‍?

ഇസായേല്‍ ജനത്തില്‍ രക്ഷപ്രാപിക്കുന്നവരെയാണ് ഇതു സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ എടുത്തുപറയുന്നതില്‍ നിന്നാണ് ഈ നിഗമനം. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ഇസ്രായേല്‍ എന്ന് ആദിമക്രൈസ്തവര്‍ അവകാശപ്പെടുന്നു എന്ന വസ്തുത ഇവിടെ ശ്രദ്ധേയമത്രേ. വി.പൗലോസിന്‍റെ  ലേഖനങ്ങളില്‍ ഇത് പ്രത്യേകം ഊന്നിപ്പറയുന്നുണ്ട് (റോമാ 2:28-29; 9:6-7; ഗലാ 6:16) "വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക്" (യാക്കോ 1:1) ലേഖനം എഴുതുമ്പോള്‍ വി. യാക്കോബും ഇതേ  ആശയമാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ മുദ്രിതരായ 144,000 പേര്‍ യഥാര്‍ത്ഥ ഇസ്രായേലായ സഭയെ പ്രതിനിധാനം ചെയ്യുന്നു എന്ന് അനുമാനിക്കാം.

ആസന്നമായിരിക്കുന്ന ദുരിതങ്ങളില്‍ പ്രത്യേക സംരക്ഷണം നല്കുന്നതിനുവേണ്ടിയാണ് അവരുടെ നെറ്റിത്തടത്തില്‍ മുദ്രപതിച്ചത്. മരണത്തിലൂടെ വിജയം വരിച്ചവരല്ല, ഭൂമിയില്‍ ജീവിക്കുന്നവരാണ് അവര്‍. നിത്യഭാഗ്യത്തിനര്‍ഹരായവരുടെ ചിത്രം തുടര്‍ന്നു വരച്ചുകാട്ടുന്നുണ്ട്. അതിനാല്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഭൂമിയില്‍ എക്കാലത്തും ജീവിക്കുന്ന സഭയെയാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്.

7:5-8, ഗോത്രങ്ങളുടെ പട്ടികയില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു. 1. യാക്കോബിന്‍റെ ആദ്യപുത്രനായ റൂബനു പകരം യൂദായാണ് പട്ടികയില്‍ ഒന്നാമതായി നില്ക്കുന്നത്. മിശിഹാ യൂദാഗോത്രത്തില്‍നിന്നു വന്നതിനാല്‍ ആ ഗോത്രത്തിനു മുന്‍ഗണന നല്കിയിരിക്കുന്നു. 2. പട്ടികയില്‍ ദാനിന്‍റെ പേരില്ല. പകരം ജോസഫിന്‍റെ മകനായ മനാസ്സെയുടെ പേര്‍ നല്കിയിരിക്കുന്നു. പഴയനിയമത്തില്‍ പലപ്പോഴും (ഉല്‍പ 49:17; ന്യായാ 18:30; 1 രാജാ 12:29) ദാന്‍ നല്ല വെളിച്ചത്തിലല്ല പ്രത്യക്ഷപ്പെടുന്നത്. അന്തിക്രിസ്തു ദാന്‍ ഗോത്രത്തില്‍നിന്നു വരും എന്ന വിശ്വാസം യഹൂദരുടെ ഇടയില്‍ നിലവിലിരുന്നു. ജറെ 8:16 ഈ വിശ്വാസത്തിന് അടിത്തറപാകി. അതിനാലായിരിക്കണം മുദ്രിതരുടെ പട്ടികയില്‍നിന്ന് ദാന്‍ പുറന്തള്ളപ്പെടുന്നത്.

വെളിപാട് 7:9-12, വിജയഗീതം

സംരക്ഷണമുദ്ര പതിച്ചു കഴിയുമ്പോള്‍ സ്വാഭാവികമായും ശിക്ഷാവിധിയാണു നാം പ്രതീക്ഷിക്കുക. എന്നാല്‍ ഭൂമിയില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്കു തിരിഞ്ഞ് യുഗാന്തത്തിനും അപ്പുറത്തു സംഭവിക്കാനിരിക്കുന്ന സൗഭാഗ്യത്തിലേക്കാണ് ഗ്രന്ഥകാരന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. ആസന്നമായിരിക്കുന്ന ഭീകരപരീക്ഷണങ്ങളില്‍ വിശ്വാസികള്‍ക്കു ശക്തി പകരുന്ന മനോഹരദൃശ്യമാണിത്. നിത്യസൗഭാഗ്യവുമായി തുലനം ചെയ്യുമ്പോള്‍ തങ്ങള്‍ ഇപ്പോള്‍ കൊടുക്കേണ്ടിവരുന്ന വില തുലോം തുച്ഛമാണെന്ന് ഈ ദര്‍ശനം വിശ്വാസികളെ ബോധ്യപ്പെടുത്തുന്നു.

7:9, മാനവചരിത്രം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ പ്രത്യക്ഷമാകുന്ന വിജയംനേടിയ സഭയുടെ ചിത്രമാണ് ഒരു മുന്നാസ്വാദനമെന്നപോലെ ഇവിടെ അവതരിപ്പിക്കുന്നത്. രാജ്യങ്ങള്‍, ഗോത്രങ്ങള്‍, ജനപദങ്ങള്‍, ഭാഷകള്‍ എന്ന നാലു ഘടകങ്ങള്‍ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും ജീവിച്ചിരുന്നവര്‍ നിത്യഭാഗ്യത്തില്‍ പങ്കുചേരുന്ന ദൃശ്യമാണിത്. സ്വര്‍ഗ്ഗവാസികളുടെ വേഷമാണ് വെള്ളയങ്കി (മര്‍ക്കോ 16:5). ദൈവത്തിന്‍റെ വിശുദ്ധിയില്‍ അവര്‍ പങ്കുചേരുന്നു. കുരുത്തോല വിജയാഹ്ലാദത്തെ സൂചിപ്പിക്കുന്നു.

7:20, വിജയികളുടെ കീര്‍ത്തനം അവസാനമില്ലാത്തതാണ്. ഇതു സൂചിപ്പിക്കാന്‍വേണ്ടി വിളിച്ചു പറയുന്നു എന്ന ക്രിയയുടെ വര്‍ത്തമാനകാലം ഉപയോഗിച്ചിരിക്കുന്നു. മനുഷ്യസൃഷ്ടി അതിന്‍റെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. ഇനി ദൈവസന്നിധിയിലുള്ള നിരന്തരമായ സ്തുതികീര്‍ത്തനമാണ്. ദൈവത്തിന്‍റെ സമയം നിത്യതയുടെ നിമിഷമായതിനാല്‍ വര്‍ത്തമാനകാലം മാത്രമേയുള്ളൂ. തങ്ങള്‍ക്കു ലഭിച്ച രക്ഷ ദൈവത്തിന്‍റെയും അവിടുത്തെ പുത്രനായ ക്രിസ്തുവിന്‍റെയും ദാനമാണ് എന്ന് അവര്‍ ആര്‍ത്തുവിളിക്കുന്നു. നന്ദിയും വിനയവും സന്തോഷവും ഒരുമിച്ചു പ്രകടമാക്കുന്നതാണ് ഈ ആര്‍പ്പുവിളി. ദൈവം മാത്രമാണ് രക്ഷകന്‍. തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം രക്ഷ നല്കുന്നത്. മറ്റാരിലും രക്ഷയില്ല (അപ്പ 4:12) എന്ന അപ്പസ്തോല പ്രഘോഷണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ കീര്‍ത്തനം.

7:11-12, സ്വര്‍ഗ്ഗത്തിന്‍റെ പൂര്‍ണ്ണചിത്രം ഇവിടെ പ്രത്യക്ഷമാകുന്നു. സിംഹാസനത്തിനുചുറ്റും നില്ക്കുന്ന ദൂതന്മാര്‍ സ്വര്‍ഗ്ഗീയദര്‍ശനത്തില്‍ (5:11) കണ്ടവര്‍ തന്നെയാണ്. ഇവിടെ അവര്‍ കമിഴ്ന്നുവീണ് ദൈവത്തെ ആരാധിക്കുന്നു എന്ന വ്യത്യാസമുണ്ട്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ദൈവജനത്തിന്‍റെ വിജയകീര്‍ത്തനത്തെ അംഗീകരിച്ചുകൊണ്ട് അവര്‍ തങ്ങളുടേതായ സ്തുതിഗീതം ആലപിക്കുന്നു. ആദ്യത്തെ ആമ്മേന്‍, വിജയികളുടെ കീര്‍ത്തനത്തെ ദൂതന്മാര്‍ ശരിവയ്ക്കുന്നതിന്‍റെ സൂചനയാണ്. അവസാനത്തെ ആമ്മേന്‍ ദൈവദൂതകീര്‍ത്തനത്തിന്‍റെ സമാപനവും, കീര്‍ത്തനങ്ങളും ആമ്മേന്‍ എന്ന ഉദ്ഘോഷവും ദര്‍ശനത്തിന് ഒരു ലിറ്റര്‍ജിയുടെ നിറം പകരുന്നു. ഈ കീര്‍ത്തനത്തിലെ എല്ലാ വിശേഷണങ്ങളും സ്വര്‍ഗ്ഗീയാരാധനയുടെ ദൃശ്യത്തില്‍ (5:9-14) കണ്ടതാണ്.

വെളിപാട് 7:13-17, ജേതാക്കള്‍kkkkkkkkkkkkkkkkkkk

ആദ്യത്തെ സ്വര്‍ഗ്ഗ ദര്‍ശനത്തിലെന്നതുപോലെ (5:5) ഒരു ശ്രേഷ്ഠന്‍ ഇവിടെയും ദര്‍ശനത്തിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നു. ചോദ്യോത്തരരൂപത്തില്‍ ദര്‍ശനങ്ങള്‍ക്കു വിശദീകരണം നല്കുക അപ്പോകലിപ്റ്റിക് സാഹിത്യരൂപത്തിന്‍റെ ഒരു പ്രത്യേകതയാണ് (സഖ 4:5; 5:6). വലിയ ഞെരുക്കം എന്നതുകൊണ്ട് യുഗാന്തത്തിലെ വലിയ പരീക്ഷണമാണ് (വെളി 3:10) മുഖ്യമായും വിവക്ഷിക്കുക. എന്നാല്‍ ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്താന്‍വേണ്ടി വിശ്വാസികള്‍ സഹിക്കേണ്ടിവരുന്ന സകല ത്യാഗങ്ങളും ഇതില്‍പെടുന്നു എന്ന് ന്യായമായും അനുമാനിക്കാം. യുഗാന്തത്തില്‍ ജീവിച്ചിരുന്ന തലമുറ മാത്രമല്ല, രക്ഷ പ്രാപിച്ച ദൈവജനം മുഴുവനുമാണ് ദൈവസന്നിധിയില്‍ നില്ക്കുന്നത്.

കുഞ്ഞാടിന്‍റെ രക്തത്തില്‍ വസ്ത്രം കഴുകി വെളുപ്പിച്ചവര്‍ എന്ന പ്രയോഗം ഒരു വിരോധാഭാസമായി തോന്നാം. വീണ്ടും പ്രതീകാത്മകമായ ഭാഷയാണ് ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നത്. പാപമോചനത്തിലൂടെ ലഭിച്ച വിശുദ്ധിയുടെയും പുതിയ അസ്തിത്വത്തിന്‍റെയും സൂചനയാണ് വെള്ളവസ്ത്രം. ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു. 1. കുഞ്ഞാടിന്‍റെ രക്തം വഴിയാണ് പാപമോചനം ലഭ്യമാകുന്നത്. കുരിശില്‍ ചിന്തിയ രക്തത്താല്‍ യേശുക്രിസ്തു മനുഷ്യരുടെ പാപക്കറകള്‍ കഴുകിക്കളഞ്ഞു എന്ന വിശ്വാസം പുതിയനിയമത്തില്‍ അനേകം പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് (1 യോഹ 1:7; റോമാ 3:25; 5:9; എഫേ 1:7; 1 പത്രോ 1:19). 2. ഈ വിശുദ്ധീകരണം ഓരോരുത്തരും സ്വതന്ത്രമായി സ്വീകരിക്കേണ്ടതാണ്. സ്വന്തം വസ്ത്രം കഴുകി വെളുപ്പിച്ചവരാണ് ദൈവസന്നിധിയില്‍ നില്ക്കുക. മാമ്മോദീസായില്‍  ലഭിച്ച വെള്ളവസ്ത്രം കറ പുരളാതെ കാത്തുസൂക്ഷിക്കാനും, വീണ്ടും പാപത്തിനധീനരായാല്‍ മാനസാന്തരവും പാപസങ്കീര്‍ത്തനവുംവഴി വിശുദ്ധി വീണ്ടെടുക്കാനും ഉള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നതാണ് ഈ വാക്യം. കൂദാശകളിലൂടെയെല്ലാം പ്രവഹിക്കുന്നത് കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ വിശുദ്ധീകരണ ശക്തിയാണ്.

7:15, കുരിശിലെ ബലിയില്‍നിന്നു ലഭിച്ച പാപമോചനവും വിശുദ്ധീകരണവും ദൈവസന്നിധിയില്‍ നില്ക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. സ്വര്‍ഗ്ഗം തന്നെയാണ് ദൈവാലയം. രാപകല്‍ എന്ന പ്രയോഗത്തിന് അവിരാമം എന്നേ അര്‍ത്ഥമുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേര്‍ മാത്രമാണ് ഭൂമിയിലെ ദൈവാലയത്തില്‍ പുരോഹിത ശുശ്രൂഷയര്‍പ്പിക്കുന്നത്. എന്നാല്‍ സ്വര്‍ഗ്ഗീയ ദൈവാലയത്തില്‍ സകല ജനതകളും സ്തുതിഗീതങ്ങളാലപിച്ചുകൊണ്ട് ദൈവസന്നിധിയില്‍ പുരോഹിതശുശ്രൂഷയര്‍പ്പിക്കുന്നു.

ദൈവം തന്‍റെ ജനത്തിനു നല്കുന്ന സംരക്ഷണത്തിന്‍റെ അതിമനോഹരമായ പ്രതീകമാണ് സാന്നിധ്യത്തിന്‍റെ കൂടാരം. അവര്‍ക്കു മുകളില്‍ തന്‍റെ കൂടാരം വിരിക്കും എന്നാണ് വാച്യാര്‍ത്ഥം. വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രാമധ്യേ അഗ്നിത്തൂണിലും മേഘസ്തംഭത്തിലും (പുറ 13:21-22) ദൈവം തന്‍റെ സാന്നിധ്യം ഇസ്രായേല്‍ ജനത്തിനു വെളിപ്പെടുത്തിയതിന്‍റെ സജീവസ്മരണയുണര്‍ത്തുന്നതാണ് ഈ ചിത്രം. കൂടാരം വിരിക്കുകയെന്നാല്‍ വാസമുറപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുക. സമാഗമ കൂടാരത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം നിറഞ്ഞുനിന്നു (പുറ 40:34-38). സോളമന്‍ നിര്‍മ്മിച്ച ദേവാലയത്തില്‍ ദൈവം വാസമുറപ്പിച്ചു. (1 രാജാ 8:10-11). ദൈവം തന്‍റെ ജനത്തിന്‍റെ മധ്യേ വീണ്ടും വാസമുറപ്പിക്കും എന്ന് പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട് (എസെ 37:27). ദൈവപുത്രന്‍റെ മനുഷ്യാവതാരം ദൈവം മനുഷ്യരുടെ മധ്യേ കൂടാരമടിക്കുന്നതായാണ് നാലാം സുവിശേഷകന്‍ വ്യാഖ്യാനിക്കുന്നത് (യോഹ 1:14). തന്‍റെ കല്പന പാലിക്കുന്നവരില്‍ താനും തന്‍റെ പിതാവും വാസമുറപ്പിക്കും എന്ന് യേശു വാഗ്ദാനം ചെയ്തു (യോഹ 14:23). ഈ പ്രതീകങ്ങളുടെയും വാഗ്ദാനങ്ങളുടെയും എല്ലാം പൂര്‍ത്തീകരണമാണ് സ്വര്‍ഗ്ഗത്തിലെ കൂടാരം. ദൈവം ഒരു കൂടാരവിരിയെന്നപോലെ തന്‍റെ ജനത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഹൃദയഹാരിയായ ചിത്രം ഇവിടെ തെളിയുന്നു.

7:16, ബാബിലോണില്‍ നിന്നുള്ള മോചനത്തെ വിവരിക്കാനായി ഏശയ്യാ ഉപയോഗിച്ച പ്രതീകങ്ങളുടെ വെളിച്ചത്തിലാണ് യോഹന്നാന്‍ നിത്യഭാഗ്യത്തെ ചിത്രീകരിക്കുന്നത് (ഏശ 49:10). മനുഷ്യാത്മാവിന്‍റെ അത്യഗാധമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ദൈവത്തിനു മാത്രമേ കഴിയൂ (സങ്കീ 42:1-2; 63:1). യേശു വാഗ്ദാനം ചെയ്ത ഈ സംതൃപ്തി (ലൂക്കാ 6:21; യോഹ 6:35) ദൈവത്തിന്‍റെ കൂടാരത്തില്‍ പൂര്‍ത്തിയാകുന്നു.

7:17, ദൈവവും ജനവും തമ്മിലുള്ള ബന്ധത്തെ ഇടയന്‍റെയും അജഗണത്തിന്‍റെയും പ്രതീകത്തിലൂടെ അവതരിപ്പിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഏറെയുണ്ട്. ദൈവം തന്നെ തന്‍റെ ജനത്തിന് ഇടയനായിരിക്കും (ഏശ 40:11; എസെ 34:11-22) എന്ന വാഗ്ദാനം യേശുവില്‍ നിറവേറി (യോഹ 10:11). നല്ല ഇടയന്‍റെയും കുഞ്ഞാടിന്‍റെയും പ്രതീകങ്ങള്‍ ഉരുക്കിച്ചേര്‍ത്ത ഈ ചിത്രം യേശുവിലൂടെ ലഭ്യമാകുന്ന രക്ഷയുടെ ഏറ്റം മനോഹരമായ വര്‍ണ്ണനയാണ്. ദൈവം തന്നെയാണ് ജീവജലത്തിന്‍റെ ഉറവ (ജറെ 2:13). ദൈവികസാന്നിധ്യമാണ് മനുഷ്യന്‍റെ സകല ദുഃഖങ്ങള്‍ക്കും അറുതി വരുത്തുന്നത്. കുരിശില്‍ സ്വയം ബലിയര്‍പ്പിച്ച ദൈവപുത്രന്‍ തന്‍റെ വിശ്വസ്തരെ ദൈവിക സന്നിധാനത്തിലേക്കും നിത്യസൗഭാഗ്യത്തിലേക്കും നയിക്കും. ദൈവം കണ്ണീര്‍ തുടച്ചുമാറ്റുന്ന ചിത്രം ഗ്രന്ഥകാരന്‍ വീണ്ടും അവതരിപ്പിക്കുന്നുണ്ട് (വെളി 21:4). അനശ്വരമായ നിത്യഭാഗ്യത്തിലേക്കുള്ള ഈ എത്തിനോട്ടം ഭൂമിയില്‍ പീഡകള്‍ സഹിക്കുന്ന ദൈവജനത്തിന് പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.

വിചിന്തനം: നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്ര സ്വീകരിച്ചവര്‍ ദൈവത്തിനുള്ളവരാണ്. ദൈവം അവരെ സംരക്ഷിക്കും. മാമ്മോദീസാ, സ്ഥൈര്യലേപനം, പൗരോഹിത്യം എന്നീ കൂദാശകള്‍ ആത്മാവില്‍ മുദ്ര പതിക്കുന്ന കൂദാശകളായി പരിഗണിക്കപ്പെടുന്നു. ദൈവത്തിന്‍റെ മുദ്ര സ്വീകരിച്ചവര്‍ ദൈവത്തിന്‍റേതായി ജീവിക്കണം. ജീവിതശൈലിയിലൂടെ തങ്ങള്‍ ദൈവത്തിനുള്ളവരാണെന്ന് പ്രകടമാക്കണം. ക്രിസ്തുവിന്‍റെ സാക്ഷികളായി ജീവിക്കാന്‍ ആവശ്യമായിവരുന്ന ക്ലേശങ്ങളും ത്യാഗങ്ങളും സഹിക്കാന്‍ ക്രിസ്തുനാഥന്‍ തന്നെ ശക്തിനല്കും.

യേശു നല്കുന്ന രക്ഷയില്‍ പങ്കുചേര്‍ന്നവരാണ് കുഞ്ഞാടിന്‍റെ രക്തത്തില്‍ വസ്ത്രം കഴുകി വെളുപ്പിച്ചവര്‍. ഇത് മാമ്മോദീസായില്‍ ലഭിക്കുന്ന നൈര്‍മ്മല്യത്തെയും വരപ്രസാദത്തെയും സൂചിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ രക്തത്തില്‍ വസ്ത്രം കഴുകിയവര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പേരില്‍ സ്വന്തം രക്തം ചിന്താന്‍ തയ്യാറായവരാണ്. മാമ്മോദീസായും സ്ഥൈര്യലേപനവും രക്തസാക്ഷിത്വത്തിലേക്കുള്ള വിളിയും ഉള്‍ക്കൊള്ളുന്നു.

എല്ലാ ക്ലേശങ്ങള്‍ക്കും അറുതിവരും; ദുഃഖങ്ങള്‍ അവസാനിക്കും; ദൈവം തന്നെ നമുക്ക് കൂടാരമായിരിക്കും; കണ്ണീരെല്ലാം തുടച്ചുമാറ്റി ശാശ്വതമായ സൗഭാഗ്യം നല്കും എന്ന വാഗ്ദാനം പീഡനങ്ങള്‍ക്ക് മധ്യത്തിലും ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കാന്‍ ശക്തിപകരും.

വെളിപാട് 8:1, ഏഴാം മുദ്ര

ദീര്‍ഘമായ ഇടവേളയ്ക്കുശേഷം ഗ്രന്ഥകാരന്‍ വീണ്ടും ചുരുളിലേയ്ക്കു ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ വിധി നിര്‍ണ്ണയം അറിയാന്‍ കാത്തിരിക്കുന്നവരുടെ ആകാംക്ഷ അതിന്‍റെ ഉച്ചകോടിയില്‍ എത്തിനില്ക്കുമ്പോഴാണ് കുഞ്ഞാട് ഏഴാം മുദ്ര തുറക്കുന്നത്. എന്നാല്‍ മുദ്ര തുറക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന യാതൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല, സകല പ്രവര്‍ത്തനങ്ങളും പൊടുന്നനെ നിലയ്ക്കുന്നു. ഏകദേശം അരമണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഈ നിശ്ശബ്ദത പ്രപഞ്ചനാടകത്തിന്‍റെ വീര്‍പ്പുമുട്ടിക്കുന്ന ഒരു മുഹൂര്‍ത്തമാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകരില്‍ അസഹനീയമായ പിരിമുറുക്കം സൃഷ്ടിക്കുന്നു. വരാന്‍ പോകുന്നതിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നതാണ് ഈ നിശ്ശബ്ദത. ചരിത്രത്തിന്‍റെ നിയന്താവായ ദൈവത്തിന്‍റെ വിധി നിര്‍ണ്ണയത്തിനു മുമ്പില്‍ സൃഷ്ടപ്രപഞ്ചം മുഴുവന്‍ ശ്വാസമടക്കി കാത്തുനില്ക്കുന്ന ഈ ചിത്രം പഴയനിയമത്തിലെ പല വിവരണങ്ങളുടെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് (ഹബ 2:20; സെഫ 1:7-8; സഖ 2:13; സങ്കീ 46:9).

കൊടിയ യാതനകള്‍ക്കു മധ്യത്തിലും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടാതെ വരുമ്പോഴുള്ള ദുഃഖവും സംഭ്രമവും ഈ നിശ്ശബ്ദതയില്‍ പ്രകടമാകുന്നുണ്ട്. എന്നാല്‍ ദൈവസന്നിധിയിലെ നിശ്ശബ്ദത നിഷ്ക്രിയത്വമല്ല. അവിടുന്ന് ചരിത്രത്തില്‍ ഇടപെട്ട് പ്രാര്‍ത്ഥനകള്‍ക്കുത്തരം നല്കും എന്ന് തുടര്‍ന്നുള്ള വിവരണങ്ങള്‍ വ്യക്തമാക്കുന്നു. ഏഴാം മുദ്ര തുറക്കുമ്പോഴുണ്ടാകുന്ന നിശ്ശബ്ദത അടുത്തസംഭവപരമ്പരകള്‍ക്കു തുടക്കം കുറിക്കുകയാണ്. മുദ്രകളുടെ സപ്തഗണവും അടുത്തുവരുന്ന കാഹളങ്ങളുടെ സപ്തഗണവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ നിശബ്ദത.

വെളിപാട് 8:2-11:19, ഏഴു കാഹളങ്ങള്‍

കഴിഞ്ഞ അധ്യായത്തില്‍ കണ്ട മുദ്രകളുടെ സപ്തഗണത്തോട് ഘടനയിലും ഉള്ളടക്കത്തിലും സാമ്യമുള്ളതാണ് തുടര്‍ന്നുവരുന്ന കാഹളങ്ങളുടെ സപ്തഗണം. യുഗാന്തത്തെ സംബന്ധിച്ച വിവരണമാണ് രണ്ടു ഗണങ്ങളും നല്കുന്നത്. മുദ്രകളുമായി ബന്ധപ്പെട്ട മഹാമാരികള്‍ ആദ്യം മനുഷ്യരേയും പിന്നെ പ്രപഞ്ചത്തേയും ബാധിച്ചപ്പോള്‍ കാഹളങ്ങളുമായി ബന്ധപ്പെട്ടവ ആദ്യം പ്രപഞ്ചത്തേയും തുടര്‍ന്ന് മനുഷ്യരേയും ബാധിക്കുന്നു. തിന്മയുടെ ഉന്മൂലനത്തിലേക്കു നയിക്കുന്ന സംഭവപരമ്പരകള്‍ കൂടുതല്‍ തീവ്രവും ഭീകരവുമായിത്തീരുന്നു. മുദ്രകള്‍ ഭൂമിയുടെ നാലിലൊന്നിനെ നശിപ്പിച്ചപ്പോള്‍ കാഹളങ്ങള്‍ മൂന്നിലൊന്നിനെ നശിപ്പിക്കുന്നു. ആദ്യത്തെ മഹാമാരികള്‍ക്ക് മനുഷ്യരും പ്രപഞ്ചശക്തികളും കാരണക്കാരായിരുന്നെങ്കില്‍ ഇവിടെ കയറൂരിവിട്ട പൈശാചികശക്തികള്‍ നാശം കൂടുതല്‍ ഭീകരമാക്കുന്നു.

ഏഴാം മുദ്ര തുറന്നപ്പോള്‍ ഉണ്ടായ നിശബ്ദതയ്ക്കുശഷം കാഹളമേന്തിയ ഏഴു ദൂതന്മാര്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതിനുമുമ്പേ സ്വര്‍ഗ്ഗീയാരാധനയുടെ ഒരു ചിത്രമാണ് അവതരിപ്പിക്കുന്നത്. വിശുദ്ധരുടെ പ്രാര്‍ത്ഥനയ്ക്കു മറുപടിയെന്നോണം മഹാമാരികള്‍ ഭൂമിയുടെമേല്‍ പതിക്കുന്നു. ആദ്യത്തെ നാലുകാഹളങ്ങളുമായി ബന്ധപ്പെട്ട മഹാമാരികള്‍ തമ്മില്‍ ഐകരൂപ്യമുണ്ട്. അവയെല്ലാം ഈജിപ്തിന്‍റെമേല്‍ പതിച്ച മഹാമാരികളുടെ (പുറ 7-10) സ്വതന്ത്രമായ അനുരൂപണമാണ്. അഞ്ചും ആറും കാഹളങ്ങള്‍ പാതാളത്തില്‍നിന്നു പൈശാചിക ശക്തികളെ വിളിച്ചുവരുത്തുന്നു. ഏഴാം കാഹളം ഊതുന്നതിനു മുമ്പേ ദീര്‍ഘമായൊരു ഇടവേളയില്‍  പ്രത്യക്ഷപ്പെടുന്ന രണ്ടു ദൃശ്യങ്ങള്‍ ആറും ഏഴും മുദ്രകള്‍ക്കു മധ്യേ ഉണ്ടായ ഇടവേളയ്ക്കു സദൃശമാണ്. തന്നെയുമല്ല, ഇവ ഏഴാം കാഹളത്തിനുശേഷം വരുന്ന ദൃശ്യങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടും ഇരിക്കുന്നു. ശൃംഖലീകരണം എന്ന ഈ രചനാസങ്കേതത്തെക്കുറിച്ച് ഒന്നാം ഭാഗത്ത് നാം കണ്ടുകഴിഞ്ഞു. ഏഴാം കാഹളം വീണ്ടും ഒരു ഇടവേളയാണ് പ്രദാനം ചെയ്യുന്നത്. ഭൂമിയില്‍ അരങ്ങേറുന്ന ശിക്ഷാവിധികളില്‍ നിന്ന് ഗ്രന്ഥകാരന്‍ വീണ്ടും സ്വര്‍ഗ്ഗീയാരാധനയിലേക്ക് ശ്രദ്ധ തിരിക്കുന്നു. അങ്ങനെ കാഹളങ്ങളുടെ സപ്തഗണം സ്വര്‍ഗ്ഗീയാരാധനയുടെ രണ്ടു ചിത്രീകരണങ്ങള്‍ക്കു മധ്യേ അവതരിപ്പിച്ചുകൊണ്ട് ആരാധനയും ദൈവരാജ്യത്തിന്‍റെ സംസ്ഥാപനവും തമ്മിലുള്ള ബന്ധം അടിവരയിട്ടുറപ്പിക്കുന്നു. തുടര്‍ന്നുവരുന്ന ക്രോധത്തിന്‍റെ പാത്രങ്ങളുടെ സപ്തഗണത്തോടും (വെളി 15:5-16:21) ഈ ഭാഗം ഘടനാപരമായി ബന്ധപ്പെട്ടിരിക്കുന്നു. കാഹളങ്ങള്‍ വിളിച്ചുവരുത്തുന്ന നാശങ്ങള്‍ തുടങ്ങുന്നതിനു മുമ്പേ ഉണ്ടാകുന്ന പ്രതിഭാസങ്ങള്‍ (വെളി 8:5) അതേവാക്കുകളില്‍ത്തന്നെ ഏഴാംപാത്രം ഒഴിക്കുമ്പോഴും വിവരിക്കുന്നു (16:18). ഇതാ തീര്‍ന്നു (16:1) എന്ന പ്രഖ്യാപനം ശിക്ഷാവിധിയുടെ പൂര്‍ത്തീകരണത്തെയാണ് സൂചിപ്പിക്കുക. ഒന്നാം മുദ്ര തുറന്നപ്പോള്‍ ആരംഭിച്ച മഹാമാരികള്‍ ഏഴാംപാത്രം ഒഴിക്കുമ്പോഴാണ് പൂര്‍ത്തിയാവുക. അങ്ങനെ മൂന്നു സപ്തഗണങ്ങളും ഒരേ ശിക്ഷാവിധിയുടെ വിവിധ ചിത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ഈ മഹാമാരികളെല്ലാം ചിത്രീകരിക്കാന്‍ പുറപ്പാടു സംഭവത്തില്‍നിന്ന് അനേകം പ്രതീകങ്ങള്‍ കടമെടുത്തിട്ടുണ്ട്.

വെളിപാട് 8:2, കാഹളമേന്തിയ ഏഴു ദൂതന്മാര്‍

നാലാമത്തെയും അഞ്ചാമത്തെയും അധ്യായങ്ങളില്‍ അവതരിപ്പിച്ച സ്വര്‍ഗ്ഗീയസദസ്സ് തന്നെയാണ് ഇവിടെയും വേദിയായി വിവക്ഷിക്കുന്നത്. ഏഴു ദൂതന്മാര്‍ എന്ന പ്രയോഗം പഴയനിയമത്തിലും (തോബി 12:15) യഹൂദപാരമ്പര്യത്തിലും പ്രകടമാകുന്ന ഏഴു മുഖ്യദൂതന്മാരെക്കുറിച്ചുള്ള വിശ്വാസത്തെ അനുസ്മരിപ്പിക്കുന്നു. ദൈവികസാന്നിധ്യത്തെയും (പുറ 19:16) ആസന്നമായിരിക്കുന്ന ശിക്ഷാവിധിയെയും (സഖ 9:14; മത്താ 24:31; 1 കോറി 15:52-53; 1 തെസ്സ 4:16) വിളിച്ചറിയിക്കുന്ന പ്രതീകങ്ങളായിട്ടാണ് ബൈബിള്‍ സ്വര്‍ഗ്ഗീയകാഹളങ്ങളെ അവതരിപ്പിക്കുന്നത്. സംഭവിക്കാന്‍ പോകുന്നവ ശിക്ഷാവിധിയാണെന്നും ദൈവമാണ് അവയെ നിയന്ത്രിക്കുന്നതെന്നും ദൂതന്മാര്‍ക്കു കാഹളം നല്കപ്പെട്ടു എന്നതിലൂടെ സൂചിപ്പിക്കുന്നു. മുദ്രിതമായ ചുരുളിന്‍റെ ഉള്ളടക്കം വെളിപ്പെടാന്‍ തുടങ്ങുകയായി.

വെളിപാട് 8:3-5, പ്രാര്‍ത്ഥനയും ധൂപവും

വെളിപാട് 8:3-4 ദൂതന്മാര്‍ക്കു കാഹളം  നല്കുന്നതും (8:2) അവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതും (8:6) ആയ ദൃശ്യങ്ങള്‍ക്ക് ഇടയില്‍ തിരുകിയിരിക്കുന്ന ഈ ചിത്രം ശിക്ഷാവിധിയുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്ന ഇടവേളയെന്നോണമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സപ്തമുദ്രകളെയും സപ്തകാഹളങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അഞ്ചാംമുദ്ര തുറന്നപ്പോള്‍ കണ്ടതാണ് ഈ ബലിപീഠം  (6:9). മുദ്രകളുടെ ഭാഗത്തുകേട്ട രക്തസാക്ഷികളുടെ നിലവിളിയോട് (6:10) സാമ്യമുള്ളതാണ് ഇവിടെ ഉയരുന്ന വിശുദ്ധരുടെ പ്രാര്‍ത്ഥന. 5:8-ല്‍ വിശുദ്ധരുടെ പ്രാര്‍ത്ഥനതന്നെ പരിമളദ്രവ്യമായി ചിത്രീകരിച്ചു. ഇവിടെയാകട്ടെ വിശുദ്ധരുടെ പ്രാര്‍ത്ഥനയോട് ദൈവദൂതന്‍ പരിമളദ്രവ്യം കലര്‍ത്തുന്നു.

ഭൂമിയില്‍വച്ച് പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ തനിച്ചല്ല എന്നും ദൈവദൂതന്മാര്‍ ആ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് അതിനെ ദൈവത്തിനു സ്വീകാര്യമാക്കുന്നു എന്നുമുള്ള വിശ്വാസമാണ് പ്രാര്‍ത്ഥനയോടൊപ്പം പരിമളദ്രവ്യം കലര്‍ത്തുന്ന ചിത്രം സൂചിപ്പിക്കുന്നത്. ദൈവം തന്നെ ആഗ്രഹിക്കുന്നതും നിശ്ചയിച്ചതുമാണ് മാലാഖാമാരുടെ ഈ മാധ്യസ്ഥ്യം എന്നു കാണിക്കാനാണ് പരിമളദ്രവ്യം നല്കപ്പെട്ടു എന്നു പറയുന്നത്. ബലിപീഠത്തില്‍നിന്ന് സുഗന്ധപൂരിതമായി ദൈവസന്നിധിയിലേക്കുയരുന്ന പ്രാര്‍ത്ഥന ദൈവത്തിനു സ്വീകാര്യമായ ബലിയാണ്. മൃഗങ്ങളോ വസ്തുക്കളോ മാത്രമല്ല, പ്രാര്‍ത്ഥനയും ബലിയായി സ്വീകരിക്കപ്പെടുന്നു (സങ്കീ 141:2). ഇത് അര്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കും.

8:5 അഞ്ചാം മുദ്ര തുറന്നപ്പോള്‍ കേട്ട രക്തസാക്ഷികളുടെ നിലവിളിക്കു ദൈവം നല്കിയ ഉത്തരം അല്പം കൂടി കാത്തിരിക്കാനായിരുന്നു (6:11). എന്നാല്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കു മറുപടിയെന്നോണം ശിക്ഷാവിധി ആരംഭിക്കുകയായി എന്ന സൂചനയാണ് ലഭിക്കുന്നത്. ദൂതന്‍റെ പ്രവര്‍ത്തനം ചിത്രീകരിക്കുന്നതില്‍ എസെ 10:2-7 ന്‍റെ സ്വാധീനം കാണാം. ഭൂമിയിലേക്ക് അഗ്നിയെറിയുന്നത് ശിക്ഷാവിധിയുടെ തുടക്കം കുറിക്കുന്നു. ആദ്യത്തെ മൂന്നു കാഹളങ്ങള്‍ മുഴക്കുമ്പോള്‍ ഉണ്ടാകുന്ന മഹാമാരികളില്‍ അഗ്നി പ്രത്യക്ഷപ്പെടുന്നുണ്ട്. ബലിപീഠത്തില്‍ നിന്നെടുത്ത് ഭൂമിയിലേക്കെറിയുന്ന അഗ്നിയുമായി അഭേദ്യം ബന്ധപ്പെട്ടതാണ് ഈ മഹാമാരികള്‍ എന്നും വിശുദ്ധരുടെ പ്രാര്‍ത്ഥ ന യുഗാന്തത്തെ ത്വരിതപ്പെടുത്തുന്നു എന്നും ഉള്ള സൂചനയാണ് ഇതില്‍നിന്നു ലഭിക്കുന്നത്. ഇടിമുഴക്കങ്ങളും ഭൂമികുലുക്കവും വിധി പ്രഖ്യാപിക്കാന്‍ വരുന്ന ദൈവത്തിന്‍റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. (സങ്കീ 96:9; 97:3-4). ഏഴാം കാഹളം മുഴക്കിക്കഴിയുമ്പോഴും ഇതേ പ്രതിഭാസങ്ങള്‍ (11:19) വിവരിച്ചുകൊണ്ട് ഏഴുകാഹളങ്ങളും തമ്മിലുള്ള ബന്ധം ഘടനാപരമായി ഉറപ്പിക്കുന്നു.

വെളിപാട് 8:6-12, ആദ്യത്തെ നാലു കാഹളങ്ങള്‍

വെളിപാട് 8:6-12 ആദ്യത്തെ നാലു മുദ്രകള്‍ എന്നതുപോലെതന്നെ ആദ്യത്തെ നാലു കാഹളങ്ങളും ഒറ്റ യൂണിറ്റായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അവ മൂലമുണ്ടാകുന്ന മഹാമാരികള്‍ ഒന്നിനു പിറകേ ഒന്നായി അതിവേഗം കടന്നുവരുന്നു. കരയും ജലവും ആകാശഗോളങ്ങളും ആണ് ഈ നാലു കാഹളങ്ങള്‍ വഴി പ്രഹരിക്കപ്പെടുന്നത്. ജലത്തെ ഉപ്പുവെള്ളവും ശുദ്ധജലവുമായി വേര്‍തിരിച്ചു കാണുന്നു. പ്രകൃതിശക്തികള്‍ പ്രപഞ്ചത്തില്‍ വരുത്തുന്ന നാശനഷ്ടങ്ങളെ അപ്പോകലിപ്റ്റിക് ശൈലിയില്‍, പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് ഈ മഹാമാരികള്‍ എന്ന കാര്യം വിസ്മരിക്കാവതല്ല.

ഈ മഹാമാരികളെല്ലാം ഈജിപ്തിന്‍റെമേല്‍ പതിച്ച മഹാമാരികളെ അനുസ്മരിപ്പിക്കുന്നതാണ് (പുറ 7:14-25; 9:24; 10:21-33). മനുഷ്യന്‍റെ പാപം മൂലം സൃഷ്ടപ്രപഞ്ചം ശിക്ഷിക്കപ്പെടുന്ന ചിത്രം പ്രവാചകന്മാര്‍ വരച്ചുകാട്ടിയിട്ടുണ്ട് (ഹോസി 4:3; സെഫ 1:3). തിക്തകം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് കയ്പുള്ള വിഷച്ചെടിയാണ്. കാഞ്ഞിരം എന്നും ഇതിനെ വിവര്‍ത്തനം ചെയ്യാം. "ഞാന്‍ അവരെ കാഞ്ഞിരം തീറ്റും, വിഷം കുടിപ്പിക്കും" (ജറെ 9:15) എന്ന പ്രവചനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ മഹാമാരി. മരുഭൂമിയില്‍ വച്ച് കയ്പുള്ള ജലത്തെ ദൈവം മധുരമാക്കി (പുറ 15:22-25). ഇവിടെ മറിച്ചാണു സംഭവിക്കുക. ആകാശഗോളങ്ങള്‍ ശിക്ഷാവിധേയമാകുന്ന ദൃശ്യം ആറാം മുദ്രയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചതാണ് (വെളി 6:12-13).

ഈ മഹാമാരികളെല്ലാം സൃഷ്ടപ്രപഞ്ചത്തിന്‍റെ മൂന്നിലൊന്നിനെ ബാധിക്കുന്നു എന്നു പറയുന്നതിലൂടെ ശിക്ഷാവിധിയുടെ കാഠിന്യവും അതോടൊപ്പം പരിമിതിയും വ്യക്തമാക്കുന്നു. ഈജിപ്തിലെ മഹാമാരികളുമായുള്ള സാമ്യം പുറപ്പാടു സംഭവവുമായി ഇവയെ ബന്ധപ്പെടുത്തുന്നു. ഫറവോയുടെ അടിമത്തത്തില്‍നിന്ന് ഇസ്രയേല്‍ക്കാരെ മോചിപ്പിക്കാന്‍ വേണ്ടിയാണ് അന്നു മഹാമാരികള്‍ അയച്ചത്. അവ കൂടുതല്‍ രൂക്ഷമായി ഇവിടെ അവതരിപ്പിച്ചുകൊണ്ട് പീഡിതമായ ദൈവജനത്തിന്‍റെ മോചനം ആസന്നമായിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

മഹാമാരികളുടെ വിവരണത്തില്‍ പഴയനിയമത്തിന്‍റെയും അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളുടെയും സ്വാധീനത്തിനു പുറമേ ആനുകാലിക സംഭവങ്ങളുടെ സൂചനയും കാണാവുന്നതാണ്. അഗ്നിപര്‍വ്വതത്തിന്‍റെ പൊട്ടിത്തെറിയ്ക്കലുമായി ബന്ധപ്പെട്ടതാണ് പച്ചയായതിനെയെല്ലാം ദഹിപ്പിക്കുന്ന തീമഴ. അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന ചുവന്ന ധൂളിപടലം മഴയോടൊന്നിച്ചു താഴേക്കു വരുമ്പോള്‍ രക്തവര്‍ണ്ണമായി മാറുന്നതും ഒരു സ്വാഭാവിക പ്രതിഭാസമായി വ്യാഖ്യാനിക്കാറുണ്ട്. കത്തിയെരിയുന്ന മല കടലില്‍ പതിച്ചതും അഗ്നിപര്‍വ്വതവുമായി ബന്ധപ്പെട്ടതാവാം, അല്ലെങ്കില്‍ ആകാശത്തുനിന്നു പതിക്കുന്ന ഉല്ക്കയാവാം. ഏ.ഡി. 79-ല്‍ പൊട്ടിത്തെറിച്ച വെസൂവിയസ് അഗ്നിപര്‍വ്വതത്തില്‍ നിന്നുയര്‍ന്ന കത്തിയെരിയുന്ന ചുവന്ന ധൂളിപടലം പോംപേ നഗരത്തെ മുഴുവന്‍ മൂടിക്കളയുകയും ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്തത് ഇതിന്‍റെ ചരിത്രപശ്ചാത്തലമായി പരിഗണിക്കാവുന്നതാണ്. ഈ മഹാമാരികള്‍ക്കു സ്വാഭാവിക വിശദീകരണം നല്കുമ്പോഴും ദൈവശിക്ഷയായിട്ടാണ് ഗ്രന്ഥകാരന്‍ ഇവയെ അവതരിപ്പിക്കുന്നത് എന്ന കാര്യം വിസ്മരിക്കാനാവില്ല. വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ കാണുന്നവര്‍ക്ക് പ്രകൃതിയിലെ സംഭവങ്ങളൊന്നും യാദൃച്ഛികങ്ങളായല്ല, മാനസാന്തരത്തിനായി ദൈവം നല്കുന്ന ആഹ്വാനങ്ങളായിട്ടേ കാണാന്‍ കഴിയൂ.

വെളിപാട് 8:13, കഴുകന്‍റെ മുന്നറിയിപ്പ്

ഒരു ഇടവേള എന്നവണ്ണമാണ് ഈ ദൃശ്യം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ നാലു മഹാമാരികള്‍ മനുഷ്യനെ പരോക്ഷമായേ ബാധിച്ചുള്ളൂ. തുടര്‍ന്നു വരുന്നവയാകട്ടെ മനുഷ്യന്‍റെമേല്‍ അഴിച്ചുവിടപ്പെട്ട പൈശാചിക പീഡനങ്ങളാണ്. ഇവ രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഈ ഇടവേള സഹായിക്കുന്നു. മധ്യാകാശം എന്നത് ആകാശത്തിന്‍റെ ഏറ്റം ഉയര്‍ന്ന ഭാഗമാണ്, സൂര്യന്‍ നട്ടുച്ചയ്ക്കു എത്തിനില്ക്കുന്ന ഭാഗം. എല്ലാവര്‍ക്കും കാണുകയും കേള്‍ക്കുകയും ചെയ്യാവുന്ന വിധത്തിലാണ് കഴുകന്‍ വിളിച്ചു പറയുന്നത്. കഴുകന്‍ സന്ദേശം വിളിച്ചറിയിക്കുന്നത് അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചു കാണുന്ന ഒരു പ്രതീകമാണ്. ഭൂവാസികള്‍ എന്ന പ്രയോഗം വെളിപാടുപുസ്തകത്തില്‍ ഏഴുതവണ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയെല്ലാം ദൈവത്തിനും ദൈവജനത്തിനും എതിരായി നില്ക്കുന്ന മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ദുരിതം മൂന്നു തവണ ആവര്‍ത്തിക്കുന്നതിലൂടെ ഇനിയും വരാന്‍ പോകുന്ന ദുരിതങ്ങള്‍ ഏറ്റം കഠിനമാണെന്നും വിളിച്ചറിയിക്കുന്നു. തന്നെയുമല്ല, ഈ പ്രഖ്യാപനം തുടര്‍ന്നു വരാനിരിക്കുന്ന മൂന്നു ദുരിതങ്ങളെ സൂചിപ്പിക്കുന്നതായും കരുതാം. അവയില്‍ രണ്ടു ദുരിതങ്ങള്‍ അഞ്ചും ആറും കാഹളങ്ങള്‍ വിളിച്ചു വരുത്തുന്നതാണ്. (വെളി 9:12; 11:14). മൂന്നാമത്തെ ദുരിതം പൂര്‍ത്തിയാവുന്നത് മഹാബാബിലോണിന്‍റെമേല്‍ ദൈവക്രോധത്തിന്‍റെ പാത്രം ചൊരിയുമ്പോഴാണ് (വെളി 18:10.16.19).

ഈ കഴുകന്‍ ആരാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഒരു ദൈവദൂതനായിട്ടല്ല ഇത് ചിത്രീകരിച്ചിരിക്കുന്നത്. പ്രപഞ്ച വസ്തുക്കളിലൂടെ ദൈവം മനുഷ്യനെ തന്‍റെ സന്ദേശം അറിയിക്കുന്നു എന്ന പൊതുവായ വിശ്വാസമാണ് ഇതിന്‍റെ പിന്നിലുള്ളത്. ബാലാമിന്‍റെ കഴുത (സംഖ്യ 22:28-30) ഉദാഹരണമാണ്. ശവമുള്ളിടത്തു കഴുകന്‍ വരും എന്ന ചൊല്ലിന്‍റെ വെളിച്ചത്തില്‍ (ജോബ് 39:30; മത്താ 24:28) കൂട്ടക്കൊല നടക്കാന്‍ പോകുന്നു എന്ന് സൂചന ലഭിക്കുന്നു.

വെളിപാട് 9:1-12, അഞ്ചാമത്തെ കാഹളം

അഞ്ചാമത്തെ കാഹളം മുഴക്കുമ്പോള്‍ ഇതുവരെ കണ്ടതില്‍നിന്നു വ്യത്യസ്തവും കൂടുതല്‍ ഭയാനകവുമായ ശക്തികള്‍ മനുഷ്യരുടെമേല്‍ അഴിച്ചു വിടപ്പെടുന്നു. വെട്ടുക്കിളികള്‍  മരുഭൂമിയിലെ മണലിനടിയിലാണ് മുട്ടകള്‍ നിക്ഷേപിക്കുക. മുട്ട വിരിഞ്ഞ് പ്യൂപ്പദശയും കഴിഞ്ഞു പറക്കപറ്റുമ്പോള്‍ അവ കൂട്ടംകൂട്ടമായി മണലിനടിയില്‍നിന്നു പുറത്തു വരുന്നു. ഈ വസ്തുതയ്ക്ക് അപ്പോകലിപ്റ്റിക് ശൈലിയില്‍ പൈശാചിക പരിവേഷം നല്കി രചിച്ചതാവാം ഇവിടുത്തെ ചിത്രം.

അവരെ അഴിച്ചുവിടുന്ന നക്ഷത്രം പിശാചിന്‍റെതന്നെ പ്രതീകമാണ്. ആകാശത്തുനിന്നു വീണ നക്ഷത്രം സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന ദൈവദൂതനല്ല. വീഴ്ച അധഃപതനത്തെ ആണല്ലോ സൂചിപ്പിക്കുന്നത്. അധഃപതിച്ച മാലാഖമാരായ അശുദ്ധാത്മാക്കളെ ദൈവം പാതാളത്തില്‍ അടച്ചു പൂട്ടി സൂക്ഷിക്കുന്നുവെന്ന സങ്കല്പം അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളില്‍ കാണുന്നതാണ് (ഏനോക് 18:12-16; 86:1). ദൈവം തന്‍റെ പദ്ധതി നടപ്പാക്കാന്‍ പ്രപഞ്ചശക്തികളെയും പൈശാചിക ശക്തികളെയും ഉപയോഗിക്കുന്നു എന്ന വിശ്വാസമാണ് ഈ ചിത്രത്തിനു പിന്നിലുള്ളത്. താക്കോല്‍ നല്കപ്പെട്ടു; വെട്ടുക്കിളികളോടു കല്പിച്ചു; മനുഷ്യരെ പീഡിപ്പിക്കാന്‍ അനുവദിച്ചു (9:4-5); ദൂതന്മാരെ അഴിച്ചുവിട്ടു (9:14-15) എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഇവിടെ സംഭവിക്കുന്നതെല്ലാം ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണമാണെന്നു സൂചിപ്പിക്കുന്നു.

9:3-6, ഈജിപ്തിന്മേല്‍ പതിച്ച എട്ടാമത്തെ മഹാമാരി വെട്ടുക്കിളികളായിരുന്നു (പുറ 10:4-6). വെട്ടുക്കിളികള്‍ വരുത്തുന്ന ഭീകരനാശത്തെയും അവയ്ക്കുമുമ്പില്‍ മനുഷ്യനുണ്ടാകുന്ന സംഭ്രമത്തെയും ജോയേല്‍ പ്രവാചകന്‍ വര്‍ണ്ണിക്കുന്നുണ്ട് (ജോയേല്‍ 1-2). ഈ ബൈബിള്‍ ഭാഗങ്ങള്‍ യോഹന്നാന്‍റെ വിവരണത്തെ സ്വാധീനിച്ചിട്ടുണ്ട്. വെട്ടുക്കിളികള്‍ പച്ചയായതെല്ലാം തിന്നു നശിപ്പിക്കുന്നു. എന്നാല്‍ ഇവിടെ അവയുടെ രൂപവും ദൗത്യവും വ്യത്യസ്തമാണ്. ദൈവത്തെ നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ദൈവം അയയ്ക്കുന്ന പൈശാചിക ശക്തികളാണ് ഇവിടെ വെട്ടുകിളികളുടെ പ്രതീകത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത്. ഇതും തുടര്‍ന്നു വരുന്നതുമായ ശിക്ഷാവിധികള്‍ക്കെതിരേ തന്‍റെ വിശ്വസ്തര്‍ക്കു സംരക്ഷണം നല്കുന്നതിനുവണ്ടിയാണ് അവരുടെമേല്‍ ദൈവം മുദ്രപതിച്ചത് (വെളി 7:3).

അഞ്ചുമാസം എന്ന പീഡനകാലം പരിമിതവും ഹ്രസ്വവുമായ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. വെട്ടുക്കിളികളുടെ ആയുര്‍ ദൈര്‍ഘ്യം അഞ്ചുമാസം ആയതിനാലാവണം ഈ കാലപരിധി നിശ്ചിയിച്ചിരിക്കുന്നത്. മനുഷ്യരെ കൊല്ലുകയല്ല, പീഡിപ്പിക്കുക മാത്രമാണ് അവയുടെ ദൗത്യം. കഠിനമായ പീഡനം വഴി മാനസാന്തരത്തിനുള്ള അവസരമാണു പ്രദാനം ചെയ്യുക. എന്നാല്‍ അധര്‍മ്മികള്‍ അതിനു തയ്യാറാവാതെ മരിക്കാനാണ് ആഗ്രഹിക്കുന്നത്.

9:7-12, വെട്ടുക്കിളികളുടെ വിവരണത്തിന് ജോയേല്‍ പ്രവാചകന്‍ നല്കുന്ന വിവരണത്തോടു സാമ്യമുണ്ട് - സിംഹത്തിന്‍റേതുപോലുള്ള പല്ലുകള്‍ (ജോയേല്‍ 1:6), രഥങ്ങളുടേതു പോലുള്ള ശബ്ദം (ജോയേല്‍ 2:5). കുതിരകളോടുള്ള സാമ്യം ജോബിന്‍റെ പുസ്തകത്തില്‍ കാണാം (ജോബ് 39:20). വെട്ടുക്കിളികളുടെ മുഖത്തിന് സിംഹത്തിന്‍റെ മുഖത്തോടു സാമ്യമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എണ്ണമറ്റ വെട്ടുക്കിളികള്‍ പറ്റംചേര്‍ന്നു പറക്കുമ്പോഴുണ്ടാകുന്ന ആരവം തേരുരുളുന്ന ശബ്ദത്തി നു സമാനമാണ്. പൈശാചികമായ വൈരൂപ്യവും ഭീകരതയും പ്രകടമാക്കുന്നതില്‍ കവിഞ്ഞ് ഈ വിശദാംശങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പ്രതീകാത്മകതയുള്ളതായി വ്യഖ്യാതാക്കള്‍ കരുതുന്നില്ല. ദൈവം നിശ്ചയിച്ച ക്രമംതെറ്റിയ ചിത്രമാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ആറാംകാഹളം വിളിച്ചുവരുത്തുന്ന കുതിരകളിലും ഇപ്രകാരമുള്ള  വൈരൂപ്യവും ഭീകരതയും കാണാം. പാപം പ്രപഞ്ചത്തെ വിരൂപമാക്കുക മാത്രമല്ല പാപിയെ പീഡിപ്പിക്കുകയും അവസാനം നശിപ്പിക്കുകയും ചെയ്യുന്നു എന്ന സത്യവും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.

രാജാവിനു നല്കിയിരിക്കുന്ന "അബദോന്‍ " എന്ന ഹെബ്രായ നാമത്തിന്‍റെ അര്‍ത്ഥം നാശം എന്നാണ്, څഅപ്പോളിയോണ്‍چ എന്നാല്‍ നശിപ്പിക്കുന്നവന്‍ എന്നും. പ്രകാശത്തിന്‍റെയും ജീവന്‍റെയും നാഥനായി സൂര്യദേവനായ അപ്പോളോയെ റോമാക്കാര്‍ ആരാധിച്ചിരുന്നു. അപ്പോളോ എന്ന പേരിനെ അനുകരിച്ചാവണം അപ്പോളിയോണ്‍ എന്ന പേരു നല്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ റോമാക്കാരുടെ അന്ധവിശ്വാസത്തിന്‍റെയും വിഗ്രഹാരാധയുടെയും മൗഢ്യം വെളിവാക്കുന്നതാണ് ഈ പ്രസ്താവന. അവര്‍ ആരാധിക്കുന്നതു ദൈവത്തെയല്ല, വിനാശം വിതയ്ക്കുന്ന പിശാചിനെയാണ് എന്ന് ഇതു സൂചിപ്പിക്കുന്നു.

വെളിപാട് 9:13-21, ആറാമത്തെ കാഹളം

അഞ്ചും ആറും കാഹളങ്ങളുമായി ബന്ധപ്പെട്ട മഹാമാരികള്‍ തമ്മില്‍ സാമ്യമുണ്ട് (വാ. 13). ആറാമത്തേത് കൂടുതല്‍ ഭീകരമാണ്. ബലിപീഠത്തിന്‍റെ നാലു കോണുകളിലും കൊമ്പുകള്‍പോലെ ഉയര്‍ന്നുനില്ക്കുന്ന ഭാഗത്തെയാണ് വളര്‍കോണുകള്‍ എന്നു വിളിക്കുന്നത് (പുറ 27:2). ഈ കൊമ്പുകളില്‍ ബലിമൃഗത്തിന്‍റെ രക്തം പുരട്ടും (ലേവ്യ 4:7). അവയില്‍ പിടിച്ചുനില്ക്കുന്നവര്‍ക്കു സംരക്ഷണം ലഭിക്കും (പുറ 21:14; 1 രാജാ 2:28). ബലിയര്‍പ്പിക്കപ്പെട്ട രക്തസാക്ഷികളുടെ നിലവിളിയ്ക്കുള്ള പ്രത്യുത്തരമാണ് (വെളി 6:10) ഇപ്പോള്‍ ബലിപീഠത്തില്‍ നിന്നുയരുന്നത്. അതു ദൈവത്തിന്‍റെ തന്നെ സ്വരമാണ്.

9:14 ബന്ധിതരായിക്കഴിയുന്ന നാലു ദൂതന്മാര്‍ ദൈവം തടഞ്ഞുനിറുത്തിയിരിക്കുന്ന പൈശാചികശക്തികളാണ്. ആകാശത്തുനിന്നുവീണ നക്ഷത്രവുമായി (വെളി 9:1) ഇവയ്ക്കു സാമ്യമുണ്ട്. കാറ്റുകളെ തടഞ്ഞുനിറുത്തിയിരുന്ന ദൂതന്മാരില്‍നിന്നും (വെളി 7:1) വ്യത്യസ്തരാണിവര്‍. ഇവര്‍ ആരാണെന്ന് കൃത്യമായി നിര്‍വ്വചിക്കുക സാധ്യമല്ല. യൂഫ്രട്ടിസ് നദിയെക്കുറിച്ചുള്ള പരാമര്‍ശം ചില ചരിത്രവസ്തുതകളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത നാടിന്‍റെ കിഴക്കെ അതിര്‍ത്തി യൂഫ്രട്ടിസ് നദിയായിരുന്നു (ഉല്‍പ 15:18). അതിനും കിഴക്കുള്ളതു വിജാതീയരുടെ ദേശമാണ്. യൂഫ്രട്ടീസിനു കിഴക്കുനിന്നാണ് വന്‍ സാമ്രാജ്യശക്തികളായ അസ്സീറിയായും ബാബിലോണും ഇസ്രായേലിനെ ആക്രമിച്ചു കീഴടക്കിയത്. പുതിയനിയമകാലത്ത് റോമാസാമ്രാജ്യത്തിന്‍റെ കിഴക്കെ അതിര്‍ത്തി യൂഫ്രട്ടീസ് നദിയായിരുന്നു. അതിനപ്പുറത്തു പാര്‍ത്തിയാക്കാരുടെ നാടാണ്. റോമാക്കാര്‍ക്ക് പാര്‍ത്തിയന്‍ സൈന്യത്തോടുണ്ടായിരുന്ന ഭയം നാം കണ്ടുകഴിഞ്ഞു (വെളി 6:2). ആറാംപാത്രവുമായി ബന്ധപ്പെട്ട് ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് (വെളി 16:12). ഈ ചരിത്രപശ്ചാത്തലത്തില്‍ ഭീകരമായൊരു യുദ്ധത്തിന്‍റെ പൈശാചിക സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ ദൂതന്മാരും അവര്‍ നയിക്കുന്ന കുതിരപ്പടയും.

9:15, ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയനുസരിച്ചാണ് ലോകചരിത്രം മുന്നോട്ടു നീങ്ങുന്നത് എന്ന് ഈ വാചകം സൂചിപ്പിക്കുന്നു. വെട്ടുക്കിളികള്‍ മനുഷ്യരെ പീഡിപ്പിച്ചതേയുള്ളൂ. എന്നാല്‍ ഈ ദൂതന്മാരും അവര്‍ നയിക്കുന്ന കുതിരപ്പടയും മനുഷ്യരെ കൊല്ലാന്‍ വേണ്ടി അയ്ക്കപ്പെടുകയാണ്. മൂന്നില്‍ ഒരുഭാഗം എന്ന പരാമര്‍ശം കാഹളങ്ങളുമായി ബന്ധപ്പെട്ട മറ്റു മഹാമാരികളിലും കണ്ടതാണ്. നാല് എന്ന സംഖ്യ സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാകയാല്‍ ഈ നാലു ദൂതന്മാര്‍ ഭൂമി മുഴുവനിലും വസിക്കുന്ന മനുഷ്യര്‍ക്കെതിരേയാണ് നീങ്ങുന്നത് എന്ന സൂചന ലഭിക്കുന്നു.

9:16-19, ഇരുപതുകോടി എന്ന കുതിരപ്പടയുടെ എണ്ണം അവയുടെ ഭീകരതയും സംഹാരശക്തിയും സൂചിപ്പിക്കുന്നു. എണ്ണമറ്റ എന്ന അര്‍ത്ഥമാണ് ഈ സംഖ്യയ്ക്കുള്ളത്. കുതിരകളുടെ വിവരണം വെട്ടുക്കിളികളുടേതുപോലെ ഭീകരതയും വൈരൂപ്യവും വെളിവാക്കുന്നതാണ്. ഇവിടെയും വിശദാംശങ്ങള്‍ ഓരോന്നിനും പ്രത്യേകമായ അര്‍ത്ഥമുള്ളതായി വ്യഖ്യാതാക്കള്‍ കരുതുന്നില്ല. കുതിരകളുടെ വായില്‍നിന്നു പുറപ്പെടുന്ന തീയും ഗന്ധകവും ദൈവം അയയ്ക്കുന്ന ശിക്ഷയുടെ (ഉല്‍പ 19:23-28) പ്രതീകങ്ങളാണ്. തുടര്‍ന്നുള്ള വിവരണങ്ങള്‍ ഇവയുടെ പൈശാചികസ്വഭാവം വ്യക്തമാക്കുന്നു. ജീവന്‍റെ ദൈവമായി പേഗന്‍ മതങ്ങള്‍ ആരാധിച്ചിരുന്ന സര്‍പ്പം വെളിപാടു പുസ്തകത്തില്‍ സാത്താന്‍റെതന്നെ പ്രതീകമാണ്.

വായില്‍നിന്നു തീ തുപ്പുകയും വാല്‍കൊണ്ടു പരുക്കേല്പിക്കുകയും ചെയ്യുന്ന ഈ ഭീകരജീവികള്‍ ടാങ്കും പീരങ്കിയും യുദ്ധക്കപ്പലും പോലുള്ള ആധുനികയുദ്ധോപകരണങ്ങളുടെ പ്രവചനരൂപത്തിലുള്ളതും പ്രതീകാത്മകവുമായ ചിത്രീകരണമായി കാണുന്നവരുണ്ട്. യുഗാന്തത്തെക്കുറിച്ചു ലഭിച്ച ഉള്‍ക്കാഴ്ച തനിക്കു പരിചിതമായ പ്രതീകത്തിലൂടെ ഏറ്റം ഭയാനകമായി ചിത്രീകരിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത് എന്നതില്‍ കവിഞ്ഞ് ഏതെങ്കിലും ഒരു പ്രത്യേക യുദ്ധോപകരണത്തിന്‍റെ വിവരണമാണ് ഇവിടെ നല്കുന്നത് എന്നു കരുതാനാവില്ല. ഈ വിവരണത്തിലും പഴയനിയമത്തിന്‍റെ സ്വാധീനമുണ്ട്. ഭീകരജീവിയായി സങ്കല്പിക്കപ്പെടുന്ന മുതലയെക്കുറിച്ച് ജോബിന്‍റെ പുസ്തകത്തിലെ വിവരണവും (ജോബ് 41:18-21) നാശം വിതയ്ക്കുന്ന കുതിരപ്പടയെക്കുറിച്ചുള്ള പ്രവാചകന്മാരുടെ ചിത്രീകരണവും (ഏശ 5:28; ജറെ 4:13; ഹബ 1:8) പൈശാചികശക്തിയുടെ പ്രതീകമായ സര്‍പ്പത്തിന്‍റെ ചിത്രവും കൂട്ടിച്ചേര്‍ത്തതാണ് കുതിരപ്പടയുടെ ദൃശ്യം. ദൈവം അയയ്ക്കുന്ന യുഗാന്ത ശിക്ഷയാണിത്.

9:20-21, പടിപടിയായി കാഠിന്യം വര്‍ദ്ധിക്കുന്ന മഹാമാരികളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് ഈ വാക്യങ്ങള്‍. മനസ്സു തിരിഞ്ഞില്ല എന്ന പ്രസ്താവന പാപത്തില്‍ തുടരുന്ന മനുഷ്യന്‍റെ ഹൃദയകാഠിന്യത്തെ വെളിപ്പെടുത്തുന്നു. മാനസാന്തരത്തിനായി ദൈവം നല്കുന്ന ആഹ്വാനങ്ങളാണ് മേല്‍ വിവരിച്ച ശിക്ഷകളത്രയും. ഈജിപ്തിലെ ഫറവോയെന്നതുപോലെ ഇവിടെ അധര്‍മ്മികളും ഈ ഭീകരതയെല്ലാം അനുഭവിച്ചിട്ടും മനസ്സുതിരിയാന്‍ തയ്യാറാവുന്നില്ല. കരവേലകള്‍ എന്നത് ബൈബിളില്‍ വിഗ്രഹത്തിന്‍റെ പര്യായമാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ ദൈവത്തെ ഉപേക്ഷിച്ച് പിശാചിനെ ആരാധിക്കുന്നു എന്നും വിഗ്രഹാരാധന മറ്റു സകല തിന്മകളിലേക്കും നയിക്കുന്നു എന്നും ഉള്ള ബൈബിളിന്‍റെ പൊതുവായ പഠനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

വിചിന്തനം: സ്വര്‍ഗത്തില്‍ അരമണിക്കൂര്‍ സമയത്തോളം നിശബ്ദതയുണ്ടായി. അടിക്കടി ശക്തിപ്രാപിക്കുന്ന ഭീകരനാശങ്ങള്‍ക്ക് മധ്യേ ഉണ്ടാകുന്ന നിശബ്ദതയുടെ ഇടവേള ഒരു ആത്മശോധനയ്ക്ക് പ്രേരിപ്പിക്കുന്നു. കേന്ദ്രവത്തായതൊന്നും പൂര്‍ണതയില്‍ അനുഭവിക്കാനല്ലാതെ വാക്കിലൂടെ വിശദീകരിക്കാന്‍ കഴിയില്ല. ദൈവസന്നിധിയില്‍ വാക്കുകളില്ലാതെ ഹൃദയം തുറന്ന് നില്ക്കണം. വാചിക പ്രാര്‍ത്ഥനപോലെതന്നെ,  ഒരുപക്ഷേ അതിനേക്കാള്‍ ഒരുപടികൂടെ ഉപരി, നിശ്ശബ്ദമായ ധ്യാനവും പ്രധാനമാണ്.

ഭൂമിയില്‍ മനുഷ്യര്‍ അര്‍പ്പിക്കുന്ന പ്രാര്‍ ത്ഥന സ്വര്‍ഗത്തില്‍ ദൈവദൂതന്മാര്‍ ദൈവിക സന്നിധിയില്‍ സമര്‍പ്പിക്കുന്നു എന്ന വിശ്വാസം നമുക്ക് ശക്തിപകരുന്നു. ദൈവതിരുമുമ്പില്‍ യേശുവിനോടുചേര്‍ന്ന് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മധ്യസ്ഥരാണ് മാലാഖമാര്‍.

ഭൂമിയില്‍ അരങ്ങേറുന്ന ഭീകരമായ ദുരന്തങ്ങള്‍ മനുഷ്യന്‍റെ പാപം വരുത്തിവയ്ക്കുന്ന ദൈവശിക്ഷയുടെ സൂചനകളായിക്കണ്ട് മനസുതിരിയാന്‍ തയ്യാറാകണം. പക്ഷേ ദുരിതങ്ങള്‍ മനുഷ്യരെ കൂടുതല്‍ കഠിനഹൃദയരാക്കുകയും ദൈവദൂഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന അനുഭവം വെളിപാട് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നു. അനുതപിച്ച് ജീവിതത്തില്‍ മാറ്റം വരുത്താത്തപക്ഷം കൂടുതല്‍ കഠിനമായ ശിക്ഷയുണ്ടാകും എന്ന് ദുരിതങ്ങളുടെ ഈ അടയാളങ്ങള്‍ സൂചിപ്പിക്കുന്നു. ലോകാവസാനം അടുത്തിരിക്കുന്നു എന്ന് വിളിച്ചറിയിക്കുന്നതിനേക്കാള്‍ മാനസാന്തരത്തിനുള്ള ആഹ്വാനങ്ങളായി ഇവയെ കാണണം.

10:1-11, തുറന്നചുരുളും പ്രവാചകദൗത്യവും

അധര്‍മ്മികളുടെമേല്‍ അഴിച്ചുവിടപ്പെട്ട പൈശാചിക പീഡനങ്ങളുടെ ഭീകര ചിത്രത്തിനുശേഷം വിശ്വാസികള്‍ക്കു പ്രത്യാശ നല്കുന്ന മറ്റൊരു ദൃശ്യം ഇവിടെ അവതരിപ്പിക്കുന്നു. ആറും ഏഴും കാഹളങ്ങള്‍ക്കിടയില്‍ തിരുകിയ ഇടവേളപോലെയാണ് 10-11 അധ്യായങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ആറും ഏഴും മുദ്രകള്‍ക്കു മധ്യേ കണ്ട ഇടവേളയോട് പ്രത്യക്ഷത്തില്‍ ഇതിനു സാമ്യമുണ്ട്. എന്നാല്‍ അടുത്തുപരിശോധിക്കുമ്പോള്‍ ഘടനാപരമായി ഈ അധ്യായങ്ങള്‍ക്കു മറ്റൊരു സ്ഥാനമാണുള്ളത് എന്നു കാണാം. അഞ്ചാം അധ്യായത്തില്‍ കണ്ട മുദ്രിതമായ ചുരുളിനോടു ബന്ധപ്പെട്ടവയാണ് മുദ്രകള്‍, കാഹളങ്ങള്‍, പാത്രങ്ങള്‍ എന്നീ സപ്തഗണങ്ങള്‍. മുദ്രിതമായ വലിയ ചുരുള്‍ പ്രപഞ്ചത്തെ സംബന്ധിച്ച ദൈവികപദ്ധതിയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ തുറന്ന ഒരു ചെറിയ ചുരുള്‍ അവതരിപ്പിച്ചുകൊണ്ട് പുതിയൊരു പ്രമേയത്തിനു തുടക്കം കുറിക്കുന്നു. ചുരുള്‍ ഭക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ പുതിയൊരു ദൗത്യം തന്നെ ഏല്പിക്കുന്നതായി വി.ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. 11:15-19ല്‍ ഏഴാമത്തെ കാഹളം അവതരിപ്പിച്ചതിനുശേഷം 12:1-15:4 ല്‍ ഈ പുതിയ പ്രമേയത്തിലേക്കു ഗ്രന്ഥകാരന്‍ മടങ്ങിവരുന്നു. ഒരുമിച്ചു പോകേണ്ട ഈ ഭാഗങ്ങളെ രണ്ടായിതിരിച്ച് കാഹളങ്ങളുടെ സപ്തഗണവുമായി ബന്ധിച്ചിരിക്കുന്നതിനാല്‍ വലിയ ചുരുളുമായി അഭേദ്യം ബന്ധപ്പെട്ടതാണ് ചെറിയ ചുരുള്‍ എന്ന് യോഹന്നാന്‍ വ്യക്തമാക്കുന്നു. ശൃംഖലീകരണം എന്ന രചനാസങ്കേതം ആദ്യഭാഗത്തു നാം കണ്ടതാണ്.

10:1, "ഇങ്ങോട്ടു കയറിവരൂ" (വെളി 4:1) എന്ന ആഹ്വാനം മുതല്‍ യോഹന്നാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു സംഭവങ്ങള്‍ നിരീക്ഷിക്കുന്ന പ്രതീതിയാണു നല്കിയത്. ഇപ്പോള്‍ വീണ്ടും ഭൂമിയില്‍നിന്നു കാണുന്നതുപോലെ വിവരണങ്ങള്‍ നല്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന ദൂതന്‍ ദൈവികസാന്നിധ്യത്തില്‍ നിന്നാണു വരുന്നത്. അവന്‍റെ വര്‍ണ്ണനയില്‍ ദൈവികമായ പല അംശങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ശിരസ്സിനുമീതെയുള്ള മഴവില്ല് സ്വര്‍ഗ്ഗീയ സിംഹാസനത്തിനുചുറ്റും കണ്ടതാണ് (വെളി 4:3). ദൂതന്‍റെ മുഖവും പാദങ്ങളും മനുഷ്യപുത്രന്‍റേതിനോടു സാമ്യമുള്ളതാണ് (വെളി 1:15-16). ഈ കാരണങ്ങളാല്‍  ഈ ദൂതന്‍ ക്രിസ്തു തന്നെയാണ് എന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ക്രിസ്തുവിനെ ഒരിക്കലും ഒരു ദൂതനായി വെളിപാടു ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നില്ല. ദൈവത്തിന്‍റെ സന്ദേശവാഹകന്‍ അവിടുത്തെ മഹത്വത്തിലും ശക്തിയിലും പങ്കുചേരുന്നു എന്ന സൂചനയാണ് ഈ വിവരണങ്ങള്‍ നല്കുക.

10:2,  ദൂതന്‍റെ കൈയിലെ ചുരുള്‍ സിംഹാസനസ്ഥന്‍റെ കൈയിലെ ചുരുളില്‍നിന്നു (വെളി 5:1) വ്യത്യസ്തമാണ്. സിംഹാസനസ്ഥന്‍റെ കൈയില്‍ ഇരുന്നത് അകത്തും പുറത്തും എഴുതിയ വലിയ ചുരുള്‍ ആയിരുന്നു. അതു മുദ്രവച്ചതുമായിരുന്നു. എന്നാല്‍ ദൂതന്‍റെ കൈയിലുള്ളത് ചെറുതും തുറന്നതുമാണ്. ആദ്യത്തേതിനേക്കാള്‍ പരിമിതമാണ് ഇതിന്‍റെ ഉള്ളടക്കം എന്ന സൂചനയാണ് ഈ വിശേഷണങ്ങള്‍ നല്കുന്നത്. ഒരു കാല്‍ കടലിലും മറ്റേകാല്‍ കരയിലുമായി നിലയുറപ്പിച്ചിരിക്കുന്നത് ദൂതന്‍റെ അസാധാരണമായ വലുപ്പത്തെയും ഒപ്പം അധികാരത്തെയും സൂചിപ്പിക്കുന്നു.

10:3, ദൂതന്‍റെ ഭീമാകാരത്തിനു യോജിച്ചതാണ് അവന്‍റെ വലിയ ശബ്ദം. തന്‍റെ ശത്രുക്കളുടെമേല്‍ ശിക്ഷാവിധി നടപ്പാക്കാന്‍ വരുന്ന ദൈവത്തിന്‍റെ ശബ്ദമാണ് സിംഹഗര്‍ജ്ജനംപോലെ മുഴുങ്ങുന്നത് (ഹോസി 11:10; ജോയേല്‍ 3:16; ആമോ 1:2; 3:8). ഏഴ് ഇടിനാദങ്ങള്‍ തങ്ങളുടേതായ ശബ്ദത്തില്‍ സംസാരിച്ചു എന്നാണ് ഗ്രീക്കുമൂലത്തിന്‍റെ വാച്യാര്‍ത്ഥം. ഇടിനാദങ്ങള്‍ 29-ാം സങ്കീര്‍ത്തനത്തില്‍ ഏഴുതവണ ആവര്‍ത്തിക്കുന്ന കര്‍ത്താവിന്‍റെ ശക്തമായ സ്വരത്തെ അനുസ്മരിപ്പിക്കുന്നു; ദൈവമാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

10:4, ഇടിനാദങ്ങള്‍ പറഞ്ഞതു വെളിപ്പെടുത്താനുള്ളതല്ല. രഹസ്യം മുദ്രവച്ചു സൂക്ഷിക്കാനുള്ള കല്പന ദാനിയേലിനു ലഭിച്ച നിര്‍ദ്ദേശത്തെ (ദാനി 12:4) അനുസ്മരിപ്പിക്കുന്നു. അവാച്യമായ ദൈവാനുഭൂതിയുണ്ടായ വി. പൗലോസിന്‍റെ അനുഭവത്തോട് (2 കോറി 12:4) ഇതിനു സാമ്യമുണ്ട്.

10:5-7, ദൈവത്തെ സാക്ഷിനിര്‍ത്തി സത്യം ചെയ്യുന്നു എന്നു സൂചിപ്പിക്കാനാണ് ദൂതന്‍ വലത്തുകൈ സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ത്തുന്നത് (ദാനി 12:7). രക്തസാക്ഷികളുടെയും പീഡിതജനത്തിന്‍റെയും പ്രാര്‍ത്ഥന (വെളി 6:10) യ്ക്കുള്ള മറുപടിയാണ് ഇവിടെ നല്കുന്നത്. ഇനി കാലവിളംബം ഉണ്ടാവുകയില്ല എന്ന പ്രഖ്യാപനം പീഡിതരായ വിശ്വാസികള്‍ക്കു പ്രത്യാശ പകരുന്നു.

സൃഷ്ടികര്‍മ്മത്തില്‍ ലക്ഷ്യം വയ്ക്കുകയും കുഞ്ഞാടിന്‍റെ രക്തത്തിലൂടെ സാധ്യമാക്കുകയും ചെയ്ത രക്ഷാപദ്ധതിയാണ് പ്രവാചകന്മാരിലൂടെ ദൈവം അറിയിച്ച രഹസ്യം. ദൈവരാജ്യത്തിന്‍റെ സംസ്ഥാപനം എന്നും ഇതിനെ വിളിക്കാം. പ്രവാചകന്മാരെ അറിയിച്ച എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത് സദ്വാര്‍ത്ത അറിയിച്ച (euaggelizein) എന്നര്‍ത്ഥമുള്ള ഗ്രീക്കുപദമാണ്. ശത്രുക്കളുടെമേല്‍ വിജയം വരിച്ച് ദൈവം തന്‍റെ ഭരണം സ്ഥാപിക്കുന്നതിനെയാണ് സദ്വാര്‍ത്ത അഥവാ സുവിശേഷം ആയി ബൈബിള്‍ അവതരിപ്പിക്കുന്നത് (ഏശ 40:9; 52:7). യേശു പ്രഘോഷിച്ചതും യേശുവില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടതുമായ സദ്വാര്‍ത്തയും ദൈവഭരണത്തിന്‍റെ സംസ്ഥാപനമാണ്. ദൈവം തന്‍റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കും, എന്തെന്നാല്‍ അവിടുന്ന് സ്രഷ്ടാവും ജീവന്‍റെ നാഥനുമാണ്. കാഹളത്തിന്‍റെ നാളുകളില്‍ എന്നല്ലാതെ കൃത്യമായി ഒരു ദിവസമോ മണിക്കൂറോ അതിനായി നിശ്ചയിക്കുന്നില്ല.

10:8-10, എസെക്കിയേലിന്‍റെ ദൗത്യദര്‍ശനവുമായി (എസെ 2:8-3:3) ഈ വിവരണത്തിന് അടുത്ത സാമ്യമുണ്ട്. യോഹന്നാനെ വീണ്ടും ഒരു പ്രവാചകദൗത്യം ഏല്പിക്കുന്നതാണ് ഈ ദര്‍ശനം എന്നതില്‍ സംശയമില്ല. ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുന്നവനാണ് പ്രവാചകന്‍. പ്രഘോഷിക്കുന്നതിനുമുമ്പേ വചനം സ്വീകരിച്ച് സ്വന്തമാക്കണം എന്ന് സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടതും ദൂതന്‍ ആവര്‍ത്തിച്ചതുമായ "എടുത്തു ഭക്ഷിക്കുക" എന്ന കല്പന അനുശാസിക്കുന്നു.

യോഹന്നാനു ലഭിച്ച ചുരുള്‍ നിവര്‍ത്തിയതാണെങ്കിലും എന്താണ് അതില്‍ എഴുതിയിരിക്കുന്നതെന്നു പറയുന്നില്ല. വായില്‍ മധുരവും ഉദരത്തില്‍ കയ്പും ഉളവാക്കുന്നതിനാല്‍ ചുരുളിന്‍റെ ഉള്ളടക്കം ഒരേ സമയം സന്തോഷവും ദുഃഖവും പ്രദാനം ചെയ്യുന്നതാണെന്ന് ഊഹിക്കാം. ദൈവരാജ്യത്തിന്‍റെ സംസ്ഥാപനം ആസന്നമായിരിക്കുന്നു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. എന്നാല്‍ ഇത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ പീഡനത്തിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്നതാണ് ദുഃഖകാരണം. തുടര്‍ന്നു വിവരിക്കുന്ന രണ്ടു സാക്ഷികളുടെ അനുഭവം ഈ രണ്ടു പ്രതികരണങ്ങളുടെയും കാരണം വിശദമാക്കുന്നുണ്ട്. എന്നാല്‍ ഇതു മാത്രമല്ല ചുരുളിന്‍റെ ഉള്ളടക്കം. ഏഴാം കാഹളം മുഴക്കിക്കഴിയുമ്പോള്‍ കടന്നുവരുന്ന ദൃശ്യങ്ങള്‍ - സ്ത്രീയും സര്‍പ്പവും മൃഗങ്ങളും (വെളി 12:1-15:4) തുറന്ന ചുരുളിന്‍റെ ഉള്ളടക്കമായിത്തന്നെ പരിഗണിക്കണം. ചുരുക്കത്തില്‍, സഭയെ സംബന്ധിക്കുന്ന ദൈവികപദ്ധതിയാണ് തുറന്ന ചെറിയ ചുരുളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അനുമാനിക്കാം.

നീ ഇനിയും പ്രവചിക്കണം:  ഒഴിഞ്ഞുമാറാനാവാത്ത ദൈവിക ദൗത്യമാണിത്. പ്രവാചകദൗത്യം കയ്പേറിയ അനുഭവമായിത്തീരുന്നതിന് ബൈബിളില്‍ ഉദാഹരണങ്ങള്‍ ഏറെയുണ്ട് (ആമോ 7:12; ജറെ 15:10-21; 20:8-9; 26:9-11; എസെ 3:14; മര്‍ക്കോ 6:17-29). ഇപ്രകാരം ഒരനുഭവം ആയിരിക്കാം ചുരുള്‍ വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ കയ്പായി മാറി എന്നു പറയുന്നതുകൊണ്ട് യോഹന്നാന്‍ അര്‍ത്ഥമാക്കുന്നത്.

വെളിപാട് 11:1-14, രണ്ടു സാക്ഷികള്‍

യോഹന്നാനെ വീണ്ടും ഒരു ദൗത്യം ഏല്പിച്ചു കൊണ്ടാണ് ഈ ഭാ ഗം ആരംഭിക്കുന്നത് (വാ. 1). ചുരുള്‍ വിഴുങ്ങിയതുപോലെ തന്നെ ഒരു പ്രതീകാത്മ പ്രവൃത്തിയുടെ ആത്മീയാനുഭവമാണ് മുഴക്കോല്‍ സ്വീകരിക്കുന്നതും ദൈവാലയത്തെ അളക്കുന്നതും. അളക്കുന്നത് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിന്‍റെ പ്രതീകമായി മനസ്സിലാക്കണം. വെളി 7:1-8 ല്‍ കണ്ട സംരക്ഷണമുദ്രയുടെ സ്ഥാനമാണ് ഇതിനുള്ളത്.

ഏ.ഡി. 70-ല്‍ നശിപ്പിക്കപ്പെട്ട ജറുസലെം ദേവാലയം കാല്‍ നൂറ്റാണ്ടിനുശേഷം ഗ്രന്ഥമെഴുതുന്ന യോഹന്നാന് അളക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ ഇവിടെ ദേവാലയം പ്രതീകമായി നിലകൊള്ളുന്നു എന്ന് അനുമാനിക്കാം. ക്രിസ്തുവിന്‍റെ സഭയെ ദേവാലയമായി ചിത്രീകരിക്കുന്ന അനേകം പുതിയനിയമ ഭാഗങ്ങളുണ്ട് (1 കോറി 3:16-17; എഫേ 2:19-22; 1 പത്രോ 2:5). ഈ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്‍റെ സഭയ്ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ദേവാലയം അളക്കല്‍ എന്നു കരുതുന്നതില്‍ തെറ്റില്ല.

11:2, ദേവാലയത്തിനു മുന്‍പില്‍ സ്തൂപങ്ങളാലും കമാനങ്ങളാലും വലയിതമായ, വിജാതീയര്‍ക്കു പ്രവേശനം അനുവദിച്ചിരുന്ന അങ്കണമാണ് ദേവാലയത്തിന്‍റെ മുറ്റം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്. ദേവാലയം അളന്നു തിരിച്ചു സംരക്ഷണം നല്കുമ്പോള്‍ മുറ്റം അളക്കാതെയിടുന്നത് യുഗാന്ത പീഡനങ്ങളില്‍ വിജാതീയര്‍ക്കു സംരക്ഷണം ലഭിക്കുകയില്ല എന്ന സൂചന നല്കുന്നു എന്നു കരുതുന്നവരുണ്ട്. എന്നാല്‍ തുടര്‍ന്നുവരുന്ന നാല്പത്തിരണ്ടു മാസത്തെ ചവുട്ടി മെതിക്കല്‍ മറ്റൊരു ദിശയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

ഏ.ഡി. എഴുപതില്‍ റോമന്‍ സൈന്യം ജറുസലെം പട്ടണത്തിന്‍റെ മതിലുകള്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍, ചെറുത്തു നിന്ന യഹൂദപോരാളികള്‍ ദേവാലയത്തിലേക്കു പിന്മാറി. ദേവാലയം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ദേവാലയത്തിന്‍റെ പുറത്തെ വിജാതീയരുടെ അങ്കണത്തില്‍ റോമന്‍ പടയാളികള്‍ പ്രവേശിച്ചപ്പോഴും ഉള്ളില്‍ ബലിയര്‍പ്പണം നടന്നിരുന്നു.

നാല്പത്തിരണ്ടു മാസം (വെളി 13:5) എന്ന കാലപരിധി പലതരത്തില്‍ തുടര്‍ന്നു പ്രത്യക്ഷപ്പെടുന്നുണ്ട് - 1260 ദിവസം (വെളി 11:3; 12:6). സമയവും സമയങ്ങളും സമയത്തിന്‍റെ പകുതിയും (വെളി 12:14). സിറിയന്‍ രാജാവായ അന്തിയോക്കസ് നാലാമന്‍ ജറുസലെം ദേവാലയം അശുദ്ധമാക്കുകയും ഇസ്രായേല്‍ക്കാര്‍ക്കെതിരേ കഠിനമായ മതമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്ത കാലയളവില്‍ നിന്നായിരിക്കണം (168 ഡിസംബര്‍ - 165 ജൂണ്‍) മൂന്നരവര്‍ഷം പീഡനകാലത്തിന്‍റെ പ്രതീകമായി രൂപംകൊണ്ടത് (ദാനി 7:25; 12:7). പൂര്‍ണ്ണസംഖ്യയായ ഏഴിന്‍റെ പകുതി ക്ലേശങ്ങളുടെ കാലമായി ഏലിയായുടെ കാലം മുതലേ പരിഗണിക്കപ്പെട്ടിരുന്നു (1 രാജാ 17-18; ലൂക്കാ 4:25). അതികഠിനവും എന്നാല്‍ പരിമിതവുമായ പീഡനങ്ങളുടെ ഒരു കാലയളവിനെ ഈ പ്രതീകം സൂചിപ്പിക്കുന്നു.

വിജാതീയര്‍ വിശുദ്ധനഗരം ചവുട്ടിമെതിക്കും എന്ന പ്രവചനം യേശുവിന്‍റെ തന്നെ വാക്കുകളാണ് (ലൂക്കാ 21:24). ജറുസലെമിന്‍റെ പതനത്തെക്കുറിച്ചുള്ള ഈ പ്രവചനം യോഹന്നാന്‍ ഇവിടെ വീണ്ടും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതായി കരുതാം. വെളിപാടുഗ്രന്ഥത്തില്‍ വിശുദ്ധനഗരം സഭയുടെതന്നെ പ്രതീകമാണ്. വിജാതീയര്‍ക്ക് ഏല്പിച്ചു കൊടുക്കുന്ന മുറ്റവും അവര്‍ ചവുട്ടിമെതിക്കുന്ന നഗരവും സഭയ്ക്കു നേരിടേണ്ടിവരുന്ന പീഡനങ്ങളെയാവാം സൂചിപ്പിക്കുക. സഭയ്ക്കുണ്ടാകുന്ന ആന്തരീകമായ സംരക്ഷണവും ബാഹ്യമായ പീഡനവും സൂചിപ്പിക്കുന്നതാണ് ഈ രണ്ടു വാക്യങ്ങള്‍. മധുരവും കയ്പും പ്രദാനം ചെയ്യുന്ന ചുരുളും, ദേവാലയം അളക്കുകയും മുറ്റം അളക്കാതെയിടുകയും ചെയ്യുന്ന മുഴക്കോലും നല്കുന്നത് ഒരേ സന്ദേശം തന്നെയാണ്. പീഡനത്തെയും സംരക്ഷണത്തെയുംകുറിച്ച് സാക്ഷികളുടെ പ്രതീകത്തിലൂടെ തുടര്‍ന്നു വിവരിക്കുന്നു.

11:3, ഏതൊരു കാര്യത്തിന്‍റെയും സത്യാവസ്ഥ നിര്‍ണ്ണയിക്കാന്‍ രണ്ടുപേരുടെയെങ്കിലും സാക്ഷ്യം ആവശ്യമാണ് (നിയ 19:15) എന്ന അനുശാസനം സാക്ഷികളുടെ സംഖ്യ നിര്‍ണ്ണയിക്കുന്നതില്‍ പ്രേരകമായിട്ടുണ്ട്. ഇവര്‍ പറയുന്നതു സത്യമാണ്. ചാക്കുടുക്കുന്നത് അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും പ്രതീകമാകയാല്‍ മാനസാന്തരത്തിനു ക്ഷണിക്കുന്ന പ്രവാചകന്മാരാണ് ഈ രണ്ടു സാക്ഷികള്‍ എന്ന് അനുമാനിക്കാം. എന്നാല്‍ ആരാണ് ഇവര്‍ എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കളുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെയും അന്ത്യത്തെയുംകുറിച്ചുള്ള വിവരണങ്ങള്‍ ഇവരുടെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നതാണ്.

11:4-6, ഒലിവുമരങ്ങളെയും ദീപങ്ങളെയുംകുറിച്ചുള്ള പരാമര്‍ശം സഖറിയാ 4:2-3 ല്‍ നിന്നെടുത്തതാവാം. അഗ്നിയും വരള്‍ച്ചയും ഏലിയായെയും (2 രാജാ 1:9-14; 1 രാജാ 17:1) രക്തവും മഹാമാരികളും മോശയെയും (പുറ 7-10) അനുസ്മരിപ്പിക്കുന്നതിനാല്‍ ഈ രണ്ടു സാക്ഷികള്‍  മോശയും ഏലിയായും ആണെന്നു കരുതുന്ന വ്യാഖ്യാതാക്കള്‍ ഏറെയുണ്ട്. എന്നാല്‍ യേശുവിനെ പുതിയ മോശയും (അപ്പ 3:21-23) സ്നാപകയോഹന്നാനെ ഏലിയായും (മര്‍ക്കോ 9:13) ആയി ചിത്രീകരിക്കുന്ന പുതിയനിയമ പാരമ്പര്യത്തിന്‍റെ വെളിച്ചത്തില്‍ ഈ വ്യാഖ്യാനം സംശയാസ്പദമായിത്തീരുന്നു. തന്നെയുമല്ല, രണ്ടു സാക്ഷികളുടെ അന്ത്യത്തെക്കുറിച്ചു തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ മോശയെയും ഏലിയായെയുംകുറിച്ചുള്ള പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നതല്ല. "സാക്ഷികള്‍" മറ്റാരോ ആണ്.

11:7, പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം ദൈവത്തിനും ദൈവജനത്തിനും എതിരായി നില്ക്കുന്ന പൈശാചിക ശക്തിയാണ്. വെളിപാടുപുസ്തകത്തില്‍ ഈ മൃഗം വീണ്ടും പലവിധത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (വെളി 13:1.11; 17:3). സാക്ഷികള്‍ക്കെതിരേ യുദ്ധം ചെയ്യും എന്നു പറയുമ്പോള്‍ സാക്ഷികള്‍ വെറും രണ്ടു വ്യക്തികള്‍ മാത്രമാണോ എന്ന സംശയം ഉദിക്കുന്നു. കൊല്ലും എന്ന പ്രഖ്യാപനം കൂടിയാവുമ്പോള്‍ സാക്ഷികള്‍ എന്ന പദത്തിന് രക്തസാക്ഷികള്‍ എന്ന അര്‍ത്ഥം ലഭിക്കുന്നു.

11:8, അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ട നഗരം പ്രത്യക്ഷത്തില്‍ ജറുസലെം പട്ടണമാണ്. ഈജിപ്ത് അടിമത്തത്തിന്‍റെ നാടാണ്, സോദോം സകല മ്ലേച്ഛതകളുടെയും പട്ടണവും. പ്രവാചകന്മാര്‍ ജറുസലെമിനെ പ്രതീകാത്മകമായി സോദോം എന്നു വിളിച്ചിട്ടുണ്ട് (ഏശ 1:9-10). എന്നാല്‍ റോമന്‍ പടയാളികള്‍ തകര്‍ത്ത ജറുസലെം നഗരത്തില്‍ ഈ സാക്ഷികള്‍ വധിക്കപ്പെടും എന്നത് പ്രതീകാര്‍ത്ഥത്തിലേ മനസ്സിലാക്കാന്‍ കഴിയൂ. യോഹന്നാന്‍ എഴുതുന്ന കാലത്ത് മ്ലേച്ഛതകളുടെ മഹാനഗരമായി നിലനിന്നത് റോമായായിരുന്നു. റോമായാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെങ്കില്‍ അവിടെ വച്ചു വധിക്കപ്പെട്ട രണ്ടു സാക്ഷികള്‍ സഭയുടെ നടുത്തൂണുകളായിരുന്ന വി.പത്രോസും വി.പൗലോസും ആയിരിക്കണം എന്നു ചിലര്‍ കരുതുന്നു. എന്നാല്‍ തുടര്‍ന്നുള്ള വിവരണങ്ങള്‍ ഈ വ്യാഖ്യാനവും അപര്യാപ്തമാക്കുന്നു.

11:9, മൂന്നരവര്‍ഷത്തെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് മൂന്നരദിവസം. ഹ്രസ്വമായൊരു കാലയളവ് എന്നേ ഇതിന് അര്‍ത്ഥമുള്ളൂ. കൊന്നതിനുശേഷം മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാതിരിക്കുക ഒരാള്‍ക്കു നല്കാവുന്നതില്‍ ഏറ്റം വലിയ ശിക്ഷയാണ് (തോബി 1:16-20). ലോകജനതകള്‍ മുഴുവന്‍ കാവല്‍നില്ക്കുന്നതിനാല്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമല്ല ഇവിടെ വിവക്ഷിക്കുന്നത് എന്നനുമാനിക്കാം.

11:10, ഇവരുടെ മരണത്തില്‍ ഭൂവാസികള്‍ മുഴുവന്‍ സന്തോഷിക്കുന്നു. കാരണം, തങ്ങളുടെ വചനവും പ്രവൃത്തിയും വഴി അവരെ പീഡിപ്പിച്ചവരാണ്, അവര്‍ കുറ്റക്കാരാണെന്നു തെളിയിച്ചവരാണ്, ഈ സാക്ഷികള്‍. ക്രിസ്ത്യാനികളെ പേഗന്‍ ജനതകള്‍ വെറുക്കുകയും ആവേശത്തോടെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തിരുന്ന ചരിത്രപശ്ചാത്തലം ഇവിടെ പ്രസക്തമാകുന്നു. ഒറ്റപ്പെട്ട രണ്ടു വ്യക്തികള്‍ മാത്രമല്ല, ക്രിസ്തുവിന്‍റെ സഭ മുഴുവനുമാണ് ഇവിടെ 'രണ്ടുസാക്ഷികള്‍' എന്ന പ്രതീകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ദീപപീഠങ്ങള്‍ സഭയുടെ പ്രതീകമാണെന്നു നാം കണ്ടുകഴിഞ്ഞു (വെളി 1:20).

11:11-12, രക്തസാക്ഷികള്‍ക്കു ദൈവം നല്കുന്ന സമ്മാനമാണ് ഇവിടെ വിവരിക്കുന്നത്. അസ്ഥികളുടെ താഴ്വരയെക്കുറിച്ച് എസെക്കിയേലിനുണ്ടായ ദര്‍ശനത്തെ (എസെ 37:1-14) അനുസ്മരിപ്പിക്കുന്നതാണ് ഈ വിവരണം. മരിച്ചവരുടെ പുനരുത്ഥാനവും സ്വര്‍ഗ്ഗാരോപണവുമായി ഈ വിവരണം പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. എന്നാല്‍ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടു മൃതിയടഞ്ഞവര്‍ അവിടുത്തെ സന്നിധിയില്‍ സന്തോഷവാന്മാരായിക്കഴിയുന്നു എന്ന സത്യം പ്രഖ്യാപിക്കുന്ന പ്രതീകങ്ങളാണ് ഇവ; 6:11-ല്‍ രക്തസാക്ഷികള്‍ക്കു നല്കപ്പെട്ട ധവളവസ്ത്രം പോലൊരു പ്രതീകം.

11:13, ദൈവികശിക്ഷയുടെ അടയാളമാണ് ഭൂകമ്പം. യേശുവിന്‍റെ മരണസമയത്തുണ്ടായ ഭൂകമ്പത്തെ (മത്താ 27:51) ഇത് അനുസ്മരിപ്പിക്കുന്നു. തന്‍റെ വിശ്വസ്തസാക്ഷികളെ വധിച്ചവരുടെമേല്‍ ദൈവം വിധി പ്രസ്താവിച്ചിരിക്കുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നത് മാനസാന്തരത്തിന്‍റെ അടയാളമായി കരുതുന്നവരുണ്ട്. എന്നാല്‍ വെളിപാടുഗ്രന്ഥത്തിന്‍റെ പൊതുവായ വീക്ഷണം കണക്കിലെടുക്കുമ്പോള്‍ രക്ഷാകരമായ മാനസാന്തരമല്ല, ശിക്ഷാവിധിയുടെ മുമ്പിലുള്ള കുറ്റസമ്മതമാവണം. വെളി 1:7-ല്‍ കണ്ടതിനോടു സമാനമാണ് ഈ ദൃശ്യവും.

11:14, ആറാം കാഹളവുമായി ഈ വിവരണത്തെ ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ ദുരിതം കടന്നുപോയി എന്ന പ്രസ്താവന. മൂന്നാമത്തെ ദുരിതത്തെക്കുറിച്ചുള്ള സൂചന അന്ത്യകാഹളം ഇനിയും മുഴക്കിയിട്ടില്ല എന്ന് അനുസ്മരിപ്പിക്കുന്നു.

വെളിപാട് 11:15-19, ഏഴാമത്തെ കാഹളം

മൂന്നാമത്തെ ദുരിതം പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുമ്പില്‍ ഏഴാമത്തെ ദൂതന്‍ കാഹളം മുഴക്കുമ്പോള്‍ പ്രത്യക്ഷമാകുന്നത് സ്വര്‍ഗ്ഗീയ സദസ്സിന്‍റെ ഒരു ദൃശ്യമാണ് (വാ. 15). ഇതിനു മുമ്പുകണ്ട സ്വര്‍ഗ്ഗീയാരാധനയുടെ ദൃശ്യങ്ങളുമായി (വെളി 4-5; 7:9-12) ഇതിനു സാമ്യമുണ്ട്. എന്നാല്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിന്‍റെ കാരണം വ്യത്യസ്തമാണ്. ലോകത്തിന്‍റെ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് നിര്‍ണ്ണായകമായ ഉത്തരം നല്കിക്കൊണ്ട് സ്വര്‍ഗ്ഗവാസികള്‍ ഇവിടെ ദൈവത്തെ സ്തുതിക്കുന്നു. കുഞ്ഞാടിന്‍റെ സിംഹാസനാരോഹണമാണ് ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത്. ദൈവരാജ്യത്തിന്‍റെ സംസ്ഥാപനം എന്ന രഹസ്യം (വെളി 10:7) പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന പ്രഘോഷണം ദൈവത്തിന്‍റെ മേഖലയില്‍ യാഥാര്‍ത്ഥ്യമായതും ചരിത്രത്തില്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുമാണ്.

11:16-17, ശ്രേഷ്ഠന്മാരുടെ ആരാധനാഗീതത്തില്‍ ദൈവത്തിനു നല്കുന്ന വിശേഷണങ്ങള്‍ ഇതിനകം പലതവണ കണ്ടതാണ്. എന്നാല്‍ ആയിരുന്നവനും ആയിരിക്കുന്നവനും എന്നതിനോടുകൂടെ ചേര്‍ക്കുന്ന വരാനിരിക്കുന്നവനും എന്ന വിശേഷണം (വെളി 1:4.8; 4:8) ഇവിടെ കാണുന്നില്ല. രക്ഷിക്കാന്‍ ഇനിയും വരാനിരിക്കുന്നവനായിട്ടല്ല, രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയവനായിട്ടാണ് ദൈവം ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത് (വെളി 16:5) തിന്മയ്ക്കെതിരേയുള്ള യുദ്ധത്തില്‍ ദൈവം പ്രകടമാക്കുന്നതാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന വലിയ ശക്തി (ലൂക്കാ 11:21-22).

11:18, രണ്ടാം സങ്കീര്‍ത്തനം ആനുകാലികമായി വ്യാഖ്യാനിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ശ്രേഷ്ഠന്മാരുടെ കീര്‍ത്തനം ദൈവഭരണം ഭൂമിയില്‍ സ്ഥാപിതമാകുന്നതിന്‍റെ രണ്ടു വശങ്ങള്‍ എടുത്തുകാട്ടുന്നു. അധര്‍മ്മികളുടെ ക്രോധത്തിനെതിരേ ക്രോധം ജ്വലിച്ച്, ഭൂമിയെ നശിപ്പിക്കുന്ന ശക്തികളെ ദൈവം നശിപ്പിക്കുന്ന ശിക്ഷാവിധിയാണ് ഒരു വശം. മറുവശമാകട്ടെ, ദൈവം തന്‍റെ വിശ്വസ്തര്‍ക്കു നല്കുന്ന നിത്യഭാഗ്യവും. കൈരോസ് എന്ന ഗ്രീക്കു പദമാണ് ഇവിടെ സമയം എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദൈവം ചരിത്രത്തില്‍ ഇടപെട്ട് തന്‍റെ ദാസര്‍ക്കു രക്ഷ പ്രദാനം ചെയ്യുന്ന നിര്‍ണ്ണായക മുഹൂര്‍ത്തമാണത്. അധര്‍മ്മികള്‍ക്ക് ഈ കൈരോസ് ശിക്ഷയുടെ അവസരമാണ്.

11:19, ജറുസലെം ദേവാലയത്തിലെ ശ്രീകോവില്‍ എന്നു വിളിക്കുന്ന അതിവിശുദ്ധ സ്ഥലത്തിനു സമാന്തരമായ ഇടമാണ് ദൈവത്തിന്‍റെ ആലയം എന്നു വിളിക്കപ്പെടുന്നത്. അവിടെ സ്ഥിതിചെയ്തിരുന്ന വാഗ്ദാനപേടകം സാധാരണ മനുഷ്യര്‍ക്ക് അദൃശ്യമായിരുന്നു. എന്നാല്‍ പേടകം ഇപ്പോള്‍ വിശ്വാസികള്‍ക്കെല്ലാം ദൃശ്യമായിരിക്കുന്നു. ഈ ദര്‍ശനം ആസന്നമായിരിക്കുന്ന മഹാപീഡനങ്ങള്‍ക്കു മധ്യേ വിശ്വാസികള്‍ക്കു ധൈര്യം പകരുന്നു. നബുക്കദ്നേസര്‍ രാജാവ് ജറുസലെം നശിപ്പിക്കുന്നതിനുമുമ്പേ ജറെമിയാ പ്രവാചകന്‍ ഒളിച്ചുവച്ച വാഗ്ദാനപേടകം യുഗാന്തത്തില്‍ മിശിഹാ വരുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടും എന്ന യഹൂദ പാരമ്പര്യത്തിന്‍റെ (2 മക്ക 2:1-8) പ്രതിഫലനവും ഈ ദൃശ്യത്തില്‍ കാണാം. ദൈവം പ്രത്യക്ഷപ്പെടുന്നതിന്‍റെ (theophany) സൂചനയാണ് മിന്നല്‍പിണരും മറ്റും. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം തിന്മയ്ക്കെതിരേയുള്ള അന്തിമപോരാട്ടത്തിനായി പ്രത്യക്ഷപ്പെടുന്ന സൂചനയോടെ ഈ രംഗം അവസാനിക്കുന്നു. വാഗ്ദാനപേടകത്തിന്‍റെ ദൃശ്യം സപ്തകാഹളങ്ങളുടെ അവസാനവും അടുത്ത ഭാഗത്തിന്‍റെ തുടക്കവുമാണ്. സഭയും സാമ്രാജ്യവും തമ്മില്‍ നടക്കുന്ന ജീവന്മരണ പോരാട്ടത്തിലേക്കും അതിന്‍റെ അന്തരാര്‍ത്ഥത്തിലേക്കുമാണ് സ്ത്രീയുടെയും സര്‍പ്പത്തിന്‍റെയും പ്രതീകത്തിലൂടെ അടുത്തതായി ഗ്രന്ഥകാരന്‍ ശ്രദ്ധ തിരിക്കുന്നത്.

വിചിന്തനം: അധരത്തില്‍ തേന്‍പോലെ മധുരിക്കുന്ന ദൈവവചനം ഉദരത്തില്‍ കയ്പ്പായി മാറുന്നു. കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും ദൈവവചനം അനുസരിച്ച് ജീവിക്കുക ക്ലേശകരമായിരിക്കും. എന്നാലും ദൈവവചനം ഹൃദയത്തില്‍ സ്വീകരിച്ച് അതനുസരിച്ച് ജീവിക്കാനും വചനം പ്രഘോഷിക്കാനുമുള്ള ഉത്തരവാദിത്വമാണ് നാഥന്‍ ഏല്പിക്കുന്ന പ്രവാചകദൗത്യം. അതില്‍നിന്ന് ഒരു വിശ്വാസിക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവവചനത്തിന്‍റെ പേരില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെ കൂടെ, അവര്‍ക്ക് ശക്തിയും പ്രത്യാശയും നല്കിക്കൊണ്ട്, ദൈവമുണ്ടായിരിക്കും. മരണത്തെയും മറികടക്കുന്നതാണ് ദൈവത്തിന്‍റെ സ്നേഹസംരക്ഷണം. "ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു" (യോഹ 16:33).

വെളിപാട് 12:1-18, സ്ത്രീയും സര്‍പ്പവും

രക്ഷാചരിത്രത്തിന്‍റെ സംക്ഷിപ്തമായൊരു വിവരണമാണ് ഈ അധ്യായത്തില്‍ നമുക്കു ലഭിക്കുന്നത്. രക്ഷകനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൈവജനവും രക്ഷ അപ്രാപ്യമാക്കാന്‍ ശ്രമിക്കുന്ന സാത്താനും സ്ത്രീയുടെയും സര്‍പ്പത്തിന്‍റെയും പ്രതീകങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. രക്ഷകന്‍റെ വരവും മഹത്വീകരണവും സഭയുടെ ഈ ഭൂമിയിലെ പ്രവര്‍ത്തനങ്ങളുമാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്. യേശുവിന്‍റെ മഹത്വീകരണംവഴി സാത്താനുണ്ടായ പരാജയത്തെ സ്വര്‍ഗ്ഗത്തില്‍ നടന്ന യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നു. നിര്‍ണ്ണായകമായ യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും ദൈവജനത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സാത്താന്‍റെ ചിത്രമാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.

വെളിപാട് 12:1-6, രണ്ട് അടയാളങ്ങള്‍

ദൈവം വസ്ത്രമെന്നപോലെ പ്രകാശം അണിഞ്ഞിരിക്കുന്നു (സങ്കീ 104:2). ഉത്തമഗീതങ്ങളിലെ മണവാട്ടി "സൂര്യനെപ്പോലെ  തേജസ്വിനി"യാണ് (ഉത്ത 6:10). ദൈവത്തിന്‍റെ മഹത്വവും മനോഹാരിതയും സൂചിപ്പിക്കുന്ന പ്രകാശം വസ്ത്രംപോലെ ധരിച്ചിരിക്കുന്നവള്‍ ദൈവത്തിന്‍റെ മഹത്വത്തില്‍ പങ്കുചേരുന്ന മനോഹരിയാണ്. ചന്ദ്രനെ പാദപീഠമാക്കുന്നത് അവളുടെ അധികാരത്തെയും നക്ഷത്രകിരീടം രാജത്വത്തെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടു നക്ഷത്രങ്ങള്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെ പ്രതീകമാണ്. അതിമനോഹരിയും മഹത്വപൂര്‍ണ്ണയുമായ ഈ രാജ്ഞി ആരാണ്? തുടര്‍ന്നുള്ള വിശദീകരണങ്ങള്‍ അവളുടെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നു.

പ്രസവക്ലേശത്താല്‍ ഞെരുങ്ങുന്ന ആ ഗര്‍ഭിണിയുടെ ശിശു ജനതകളെ ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് എന്ന വിശദീകരണം രക്ഷകനായ മിശിഹായാണ് ആ ശിശു എന്നു വ്യക്തമാക്കുന്നു. അതിനാല്‍ യേശുവിന്‍റെ അമ്മയായ മറിയമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരുണ്ട്. യേശുവിന്‍റെ അമ്മയെന്നനിലയില്‍ മറിയം മിശിഹായുടെ മാതാവാണെങ്കിലും മരുഭൂമിയിലേക്കുള്ള പലായനവും സര്‍പ്പത്തോടുള്ള അവളുടെ നിരന്തരപോരാട്ടവും ഒരു മനുഷ്യവ്യക്തിയില്‍ മാത്രം പൂര്‍ത്തിയാവുന്നതല്ല.

മിശിഹായുടെ വരവിനുവേണ്ടിയുള്ള ആകാംക്ഷാപൂര്‍ണ്ണവും ദുഃഖപൂരിതവുമായ കാത്തിരിപ്പിനെ പ്രവാചകന്മാര്‍ പ്രസവവേദനയോടു താരതമ്യപ്പെടുത്തിയിട്ടുണ്ട് (ഏശ 26:17; 66:7; മിക്കാ 5:3). ഇസ്രായേലിനെ ദൈവത്തിന്‍റെതന്നെ വധുവായി പ്രവാചകന്മാര്‍ ചിത്രീകരിച്ചിരുന്നു (ഹോസി 2:19-20; ഏശ 54:5). മിശിഹായുടെ മാതാവായ ഇസ്രായേലായിരിക്കണം ഗര്‍ഭിണിയായ സ്ത്രീയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പഴയനിയമസമൂഹം മാത്രമല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. മിശിഹായുടെ ജനനത്തിനുശേഷം മരുഭൂമിയില്‍ പീഡിതയും അതേസമയം സുരക്ഷിതയുമായി കഴിയുന്ന അവള്‍ ക്രിസ്തുവിന്‍റെ സഭയുടെ പ്രതീകമാണ്. സഭയെ ക്രിസ്തുവിന്‍റെ വധുവായി വി പൗലോസ് ചിത്രീകരിക്കുന്നുണ്ട് (2 കോറി 11:2; എഫേ 5:22-27). വെളിപാടു പുസ്തകംതന്നെ സഭയെ കുഞ്ഞാടിന്‍റെ മണവാട്ടിയായി അവതരിപ്പിക്കുന്നു (വെളി 19:7; 21:9). ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഇവിടെ ചിത്രീകരിക്കപ്പെടുന്ന സ്ത്രീ വിശ്വസ്തമായ ദൈവജനത്തെ സൂചിപ്പിക്കുന്നു എന്നതാണ്.

സഭ മനുഷ്യദൃഷ്ടിയില്‍ ദുര്‍ബ്ബലയും പീഡിതയും അവമാനിതയുമാണെങ്കിലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ മനോഹരിയും മഹത്വപൂര്‍ണ്ണയുമാണ്. സൂര്യദേവനായ അപ്പോളോയുടെ മാതാവും സ്വര്‍ഗ്ഗീയറാണിയുമായി റോമാക്കാര്‍ റോമാ ദേവതയെ ആരാധിച്ചിരുന്നു. എന്നാല്‍ സൂര്യനെ ധരിക്കുന്ന രാജ്ഞി റോമായല്ല, ക്രിസ്തുവിന്‍റെ സഭയാണ് എന്ന വ്യംഗ്യമായൊരു അവകാശവാദവും ഈ ചിത്രത്തില്‍ കാണാം. സഭയുടെ പ്രതീകമെന്ന നിലയിലാണ് യേശുവിന്‍റെ അമ്മയായ മറിയത്തെ ഈ ദൃശ്യവുമായി ബന്ധപ്പെടുത്തുന്നത്.

12:3-4, അതിമനോഹരമായ ഒരു ദൃശ്യത്തിനുശേഷം വികൃതവും അതിഭീകരവുമായ മറ്റൊരുചിത്രം പ്രത്യക്ഷപ്പെടുന്നു. ഭീകരനായ സര്‍പ്പം സാത്താന്‍റെ തന്നെ പ്രതീകമാണെന്ന് വെളി 12:9-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ ചിത്രമെന്നതുപോലെ ഇതും ഒരു അടയാളമാണ്. അഗ്നിപോലെ ചുവന്ന നിറം കൊലപാതകത്തെയും രക്തച്ചൊരിച്ചിലിനെ  യും സൂചിപ്പിക്കുന്നു. സാത്താന്‍ "ആദിമുതലേ കൊലപാതകിയാണ്" (യോഹ 8:44) എന്ന വചനത്തെ അനുസ്മരിപ്പിക്കുന്നതാണ് അവന്‍റെ നിറം. ഏഴുതലയും പത്തുകൊമ്പും വലിയ അധികാരത്തിന്‍റെയും ശക്തിയുടെയും പ്രതീകങ്ങളാണ്. കിരീടങ്ങള്‍ രാജാധികാരത്തെ സൂചിപ്പിക്കുന്നു (ദാനി 7:7; 8:23-25). പൂര്‍ണ്ണസംഖ്യയായ ഏഴ് പ്രപഞ്ചം മുഴുവന്‍ അടക്കി ഭരിക്കുന്നവനായി സര്‍പ്പത്തെ ചിത്രീകരിക്കുന്നു. കുഞ്ഞാടിന്‍റെ അതേ അധികാരം സാത്താനും അവകാശപ്പെടുന്നു എന്നു കാണിക്കുന്നതാണ് ഈ വിശേഷണങ്ങള്‍. നക്ഷത്രങ്ങളെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിയുന്നത് ഭീകരമായ ശക്തിയുടെ പ്രകടനമാണ് (ദാനി 8:10). ഭീകരനായ പുരാതനസര്‍പ്പത്തെക്കുറിച്ച് പഴയനിയമത്തില്‍ അനേകം പരാമര്‍ശങ്ങളുണ്ട്. റാഹാബ്, ലെവിയാഥാന്‍ എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു (ഉല്‍പ 3:1; ഏശ 51:9; സങ്കീ 74:13-14; ജോബ് 40:15-24).

സ്ത്രീ പ്രസവിക്കുന്ന ശിശുവിനെ വിഴുങ്ങാന്‍ സര്‍പ്പം കാത്തുനില്ക്കുന്നത് മനുഷ്യരക്ഷ അസാദ്ധ്യമാക്കാനുള്ള സാത്താന്‍റെ ശ്രമങ്ങളുടെ മുഴുവന്‍ പ്രതീകമാണ്. ദൈവജനത്തിനും മിശിഹായ്ക്കും എതിരേ നടന്ന പീഡനങ്ങളുടെ അനേകം ചിത്രങ്ങള്‍ ഇത് അനുസ്മരിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ വിടാതെ ദൈവജനത്തെ അടിമയാക്കിവച്ച ഫറവോയും, പ്രവാസത്തിലേക്കു നയിച്ച നബുക്കദ്നേസറും, കഠിനമായി പീഡിപ്പിച്ച അന്തിയോക്കസ് നാലാമനും, മിശിഹായെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസും എല്ലാം ഈ ചിത്രത്തിനു പിന്നില്‍ മിന്നിമറയുന്നു. പരസ്യജീവിതകാലത്ത് രക്ഷാപദ്ധതിക്കു തുരങ്കം വയ്ക്കാനായി സാത്താന്‍ നടത്തിയ പ്രലോഭനങ്ങള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 4:1-13; 22:28). യേശുവിനെ മരണശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കുന്നതിന്‍റെ പിന്നിലും സാത്താന്‍റെ പ്രവര്‍ത്തനം ദൃശ്യമാകുന്നു (ലൂക്കാ 22:3-6; യോഹ 13:2). ദൈവജനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യശക്തികള്‍ക്കെല്ലാം പിന്നില്‍ നില്ക്കുന്നത് പുരാതനസര്‍പ്പം തന്നെയാണെന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്നു. ദൈവികശിശുവിനെ വധിക്കാന്‍ ശ്രമിക്കുന്ന സര്‍പ്പത്തിന്‍റെ കഥകള്‍ മിക്കവാറും എല്ലാ പുരാതനമതങ്ങളുടെയും ഇതിഹാസങ്ങളിലുണ്ട്. അതിനാല്‍ അനുവാചകര്‍ക്ക് എളുപ്പം ഗ്രഹിക്കാനാവുന്നതാണ് ഈ ചിത്രം.

12:5, സ്ത്രീ പ്രസവിച്ച ശിശു മിശിഹായാണെന്ന് അവന്‍റെ വിശേഷണം വ്യക്തമാക്കുന്നു. ഇരുമ്പുദണ്ഡുകൊണ്ടു മേയിക്കുന്നത് ദൈവജനത്തിന് ശത്രുക്കളില്‍നിന്നു സംരക്ഷണം നല്കുന്ന മിശിഹായാണ് (സങ്കീ 2:9; ഏശ 11:4). ദൈവത്തിന്‍റെ അടുക്കലേക്കു സംവഹിക്കപ്പെട്ടത് മിശിഹായുടെ ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവുംവഴി നടന്ന മഹത്വീകരണത്തിന്‍റെ സൂചനയാണ്. പരസ്യജീവിതത്തെക്കുറിച്ച് അറിയാഞ്ഞിട്ടല്ല, രക്ഷാചരിത്രത്തിലെ ഏറ്റം പ്രധാനപ്പെട്ട രണ്ടു മുഹൂര്‍ത്തങ്ങളായതുകൊണ്ടാണ് മനുഷ്യാവതാരവും മഹത്വീകരണവും മാത്രം എടുത്തു പറയുന്നത്. മിശിഹാ സാത്താന്‍റെ പദ്ധതികളെ പരാജയപ്പെടുത്തി എന്നു കാണിക്കുകയാണ് ഗ്രന്ഥകാരന്‍റെ ലക്ഷ്യം.

12:6, മരുഭൂമിയില്‍ സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെ ചിത്രം സഭയുടെ ചിത്രമാണ്. പീഡനങ്ങള്‍ക്കു മധ്യേ ദൈവം അവള്‍ക്കു സംരക്ഷണം നല്കുന്നു. ആയിരത്തി ഇരുന്നൂറ്റിയറുപതുദിവസം പീഡനത്തിന്‍റെ കാലമായ മൂന്നരവര്‍ഷം തന്നെയാണ്. രണ്ടുസാക്ഷികള്‍ പ്രസംഗിച്ചതും (വെളി 11:3) ഈ കാലയളവുതന്നെ. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ മടങ്ങിവരവുവരെയുള്ള കാലഘട്ടത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

ഈജിപ്തില്‍നിന്നു പലായനം ചെയ്ത ജനത്തിന് ദൈവം മരുഭൂമിയില്‍ നാല്പതുവര്‍ഷം സംരക്ഷണം നല്കി. ജെസബെല്‍ രാജ്ഞിയെ ഭയന്ന് ഏലിയാ മരുഭൂമിയിലേക്കാണ് ഒളിച്ചോടിയത് (1 രാജ 19:3). അന്തിയോക്കസ് നാലാമന്‍റെ മതമര്‍ദ്ദനകാലത്ത് മത്താത്തിയാസും കൂട്ടരും മരുഭൂമിയിലേക്കു പലായനം ചെയ്തു (1 മക്കാ 2:28-29). ഹേറോദേസിനെ ഭയന്ന് ജോസഫും മേരിയും ശിശുവായ യേശുവിനെയുംകൊണ്ട് പലായനം ചെയ്തതും മരുഭൂമിയിലൂടെയാണ്. റോമാക്കാര്‍ക്കെതിരേ യഹൂദര്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് (ഏ.ഡി.66) ജറുസലെമിലുണ്ടായിരുന്ന ക്രൈസ്തവര്‍ യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് (മര്‍ക്കോ 13:14) ജോര്‍ദ്ദാനു കിഴക്ക് പെല്ലാ എന്ന പട്ടണത്തിലേക്കു പലായനം ചെയ്തതായി സഭാ ചരിത്രകാരനായ യൗസേബിയൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തന്‍റെ ജനത്തെ വീണ്ടും മരുഭൂമിയിലേക്കു നയിക്കും എന്നു പ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിട്ടുണ്ട് (1 ഹോസി 2:14). പലായനത്തിന്‍റെയും മരുഭൂമിയിലെ സങ്കേതത്തിന്‍റെയും ചിത്രം ഇപ്രകാരമുള്ള അനേകം സ്മരണകള്‍ ഉണര്‍ത്തുന്നു. ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍, ലോകത്തിന്‍റേതല്ലാതെ ജീവിക്കുന്നത് (യോഹ 15:19) മരുഭൂമിയില്‍ വസിക്കുന്നതിനു തുല്യമാണ്.

വെളിപാട് 12:7-12, സ്വര്‍ഗ്ഗത്തിലെ വിജയം

വെളിപാട് 12:7-9 വചനഭാഗത്തെ മിഖായേലും ദൂതന്മാരും സര്‍പ്പത്തിനും അവന്‍റെ ദൂതന്മാര്‍ക്കും എതിരേ നടത്തുന്ന യുദ്ധത്തെ മനുഷ്യസൃഷ്ടിക്കുമുമ്പേ നടന്ന സാത്താന്‍റെ പതനത്തിന്‍റെ ചിത്രീകരണമായി (ഏശ 14:12-13; 2 ഏനോക്ക് 29:4-5) പലരും വ്യാഖ്യാനിക്കാറുണ്ട്. സാഹചര്യത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മാത്രമേ ഇപ്രകാരം ഒരു വ്യാഖ്യാനം സ്വീകരിക്കാനാവൂ. എന്നാല്‍ പുതിയനിയമത്തിന്‍റെ പൊതുവായ കാഴ്ചപ്പാടിലും യോഹന്നാന്‍റെതന്നെ വിശദീകരണങ്ങളിലും (ലൂക്കാ 4:1-13; 10:18; യോഹ 12:31; 16:11; 1 യോഹ 3:8) സാത്താന്‍റെ പതനം മിശിഹായിലൂടെയാണ് സംഭവിച്ചത്. സ്ത്രീ പ്രസവിച്ച ശിശു ദൈവത്തിന്‍റെ അടുത്തേക്ക് സംവഹിക്കപ്പെട്ടു എന്നു പറഞ്ഞതിന്‍റെ വിശദീകരണമാണ് ഇവിടെ ഒരു യുദ്ധത്തിന്‍റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നത്. യേശു തന്‍റെ മഹത്വീകരണത്തിലൂടെ നേടിയ വിജയത്തില്‍ ദൈവദൂതന്മാരും പങ്കുചേരുന്നു എന്നും സാത്താനെ പരാജയപ്പെടുത്തുന്നതില്‍ അവരും തങ്ങളുടെ പങ്കു വഹിക്കുന്നു എന്നും ഈ യുദ്ധം സൂചിപ്പിക്കുന്നു. മനുഷ്യര്‍ ഈ വിജയത്തില്‍ പങ്കുചേരുന്നതിന്‍റെ ചിത്രം തുടര്‍ന്ന് അവതരിപ്പിക്കുന്നുണ്ട് (വെളി 12:11).

മിഖായേലും ദൂതന്മാരും - ദൈവത്തിനു തുല്യന്‍ ആര്‍? (മി-കാ-ഏല്‍) എന്നാണ് പേരിന്‍റെ അര്‍ത്ഥം. ഏകദൈവ വിശ്വാസത്തിന്‍റെ പരസ്യമായ പ്രഖ്യാപനമാണ് ഈ പേര്. ദാനിയേലിന്‍റെ പുസ്തകത്തില്‍ ദൈവത്തിന്‍റെ സൈന്യാധിപനും ഇസ്രായേലിന്‍റെ സംരക്ഷകനുമായി മിഖായേല്‍ പ്രത്യക്ഷപ്പെടുന്നു (ദാനി 10:12; 12:1). ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ക്രിസ്തീയ പാരമ്പര്യം സഭയുടെ കാവല്‍ദൂതനായി മിഖായേലിനെ കാണുന്നു. സാത്താന്‍റെ ആക്രമണങ്ങള്‍ക്കെതിരേ സഭക്കു സംരക്ഷണം നല്കുന്ന ദൈവത്തിന്‍റെ മുഖ്യദൂതനാണദ്ദേഹം.

സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി - സാത്താന്‍റെ പതനത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. വെളി 12:10-ല്‍ ഇതു കൂടുതല്‍ വിശദമാക്കുന്നുണ്ട്. സാത്താനു നല്കിയിരിക്കുന്ന വിശേഷണങ്ങള്‍ അവന്‍റെ ശക്തിയെയും അവന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ ഗൗരവത്തെയും സൂചിപ്പിക്കുന്നു. കലഹം സൃഷ്ടിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ദിയാബോളോസ്  (diabolos-devil) എന്ന ഗ്രീക്കു പദമാണ് പിശാച് എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. സാത്താനും പിശാചും ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്ന പേരുകളാണ്. പുരാതന സര്‍പ്പം എന്ന വിശേഷണം ആദ്യപാപത്തിലേക്കു വിരല്‍ ചൂണ്ടുന്നു (ഉല്‍പ്പ 3:1-5). ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു-സാത്താന്‍റെ പതനവും ഉന്മൂലനവും ഘട്ടം ഘട്ടമായിട്ടാണ് ചിത്രീകരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്നു പുറന്തള്ളപ്പെട്ടതോടെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം ഭൂമിയിലാണ്. ക്രിസ്തുവിശ്വാസികള്‍ നേരിടുന്ന മതപീഡനത്തിന്‍റെ അന്തരാര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ് ഈ പരാമര്‍ശം.

12:10, സാത്താന്‍റെ പതനത്തെ ദൈവരാജ്യത്തിന്‍റെ സംസ്ഥാപനമായി സ്വര്‍ഗ്ഗവാസികള്‍ പ്രകീര്‍ത്തിക്കുന്നു. രക്തസാക്ഷികളുടെ ഉല്‍കണ്ഠാ പൂര്‍ണ്ണമായ പ്രാര്‍ത്ഥനക്കു (വെളി 6:10) മറുപടി ലഭിച്ചതായി ഈ കീര്‍ത്തനം പ്രഘോഷിക്കുന്നു. കുറ്റാരോപകന്‍ എന്നാണ് സാത്താന്‍ എന്ന പേരിന്‍റെ അര്‍ത്ഥം. ദൈവത്തിന്‍റെ മുമ്പില്‍ മനുഷ്യര്‍ക്കെതിരേ കുറ്റം ആരോപിക്കുന്നവനായിട്ടാണ് സാത്താന്‍ പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്നത് (ജോബ് 1:6-11; സഖ 3:1). പുതിയനിയമത്തിലും ഇപ്രകാരമൊരു സൂചനയുണ്ട് (ലൂക്കാ 22:31). പൗരന്മാരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അധികാരികളെ അറിയിക്കാനായി ചുമതലപ്പെടുത്തുന്ന ചാരന്മാരുടെ ജോലിയാണ് സാത്താന്‍റേത്. എന്നാല്‍ ഇനി അവന്‍റെ ആരോപണങ്ങള്‍ വിലപ്പോവുകയില്ല. നമ്മുടെ സഹോദരര്‍ എന്നു വിശേഷിപ്പിക്കുന്നത് രക്തസാക്ഷികളെയാണ്.

12:11, യേശുവിന്‍റെ മരണമാണ് മനുഷ്യര്‍ക്കു സാത്താന്‍റെമേല്‍ വിജയം സാധ്യമാക്കുന്നത്. യേശുവിനോടു വിശ്വസ്തത പുലര്‍ത്താന്‍ വേണ്ടി പീഡനങ്ങളും മരണവും ഏറ്റുവാങ്ങിയവരാണ് രക്തസാക്ഷികള്‍ (വെളി 7:14). തിന്മയുടെമേല്‍ വിജയം വരിക്കാന്‍ കുരിശിന്‍റെ മാര്‍ഗ്ഗം മാത്രമേ മനുഷ്യനു നല്കപ്പെട്ടിട്ടുളളൂ (മത്താ 10:38-39; മര്‍ക്കോ 8:35; യോഹ 12:24-25). യേശുവിന്‍റെ മരണത്തോടു സ്വന്തം സഹനവും മരണവുംവഴി താദാത്മ്യപ്പെടുന്നവര്‍ക്കേ അവന്‍റെ വിജയത്തില്‍ പങ്കുചേരാന്‍ കഴിയൂ.

ക്രിസ്തുവിശ്വാസികള്‍ നേരിടുന്ന മതപീഡനത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നതാണ് ഈ വാക്യം. 'വേഗം വരുന്നു' എന്നു പറഞ്ഞ മൂന്നാമത്തെ ദുരിതമായി (വെളി 11:14) ഇതിനെ വ്യാഖ്യാതാക്കള്‍ കരുതുന്നു. മിശിഹായോടും മാലാഖമാരോടും പരാജയപ്പെട്ട സാത്താന്‍റെ പകയാണ് മതപീഡനത്തിനു കാരണം. ചുരുങ്ങിയ സമയം എന്നത് മൂന്നരവര്‍ഷം അഥവാ 1260 ദിവസം എന്നതിനും തുല്യമായ സമയമാണ്. സ്വര്‍ഗ്ഗത്തില്‍ പരാജയപ്പെട്ടെങ്കിലും ഭൂമിയില്‍ സാത്താന്‍ തന്‍റെ ആധിപത്യം തുടരുന്നു. നാശം സുനിശ്ചിതമാണെന്ന ബോധ്യം അവന്‍റെ ക്രോധം വര്‍ദ്ധിപ്പിക്കുന്നു. ആ ക്രോധത്താല്‍ ക്രിസ്തുവിശ്വാസികള്‍ ഏറെ സഹിക്കേണ്ടിവരും.

വെളിപാട് 12:13-18, സര്‍പ്പം സ്ത്രീക്കെതിരേ

സ്വര്‍ഗ്ഗത്തിലെ വിജയത്തിനുശേഷം പരാജിതനായ സാത്താന്‍റെ പരാക്രമങ്ങളിലേക്ക് ഗ്രന്ഥകാരന്‍ ശ്രദ്ധ തിരിക്കുന്നു. ക്രിസ്തുവിനോടുള്ള സാത്താന്‍റെ വിരോധമാണ് സഭയ്ക്കെതിരേയുള്ള പീഡനങ്ങളിലൂടെ പ്രകടമാകുന്നത്. മരുഭൂമിയിലേക്കുള്ള പലായനം ആദ്യത്തെ ദൃശ്യത്തില്‍ (12:6) കണ്ടതാണ്. കഴുകന്‍റെ ചിറകുകള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട ജനത്തിന് ദൈവം നല്കിയ സംരക്ഷണത്തെ അനുസ്മരിപ്പിക്കുന്നു (പുറ 19:4). ശത്രുക്കളില്‍നിന്ന് അതിവേഗം രക്ഷപെടാന്‍വേണ്ടിയാണ് ചിറകുകള്‍ നല്കുന്നത്. ദൈവം സഭയ്ക്കു നല്കുന്ന  കരുണാമസൃണവും വാത്സല്യപൂര്‍ണ്ണവുമായ സംരക്ഷണത്തിന്‍റെ സൂചനയാണിത്. സമയവും സമയങ്ങളും സമയത്തിന്‍റെ പകുതിയും മൂന്നരവര്‍ഷത്തെ സൂചിപ്പിക്കുന്നു (ദാനി 7:25). ക്രിസ്തുവിന്‍റെ മടങ്ങിവരവുവരെയുള്ള കാലയളവാണിത്.

12:15, സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ പരിശ്രമങ്ങളാണ് വെള്ളപ്പൊക്കത്തിന്‍റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇസ്രായേല്‍ ജനം കടന്ന ചെങ്കടലിന്‍റെയും (പുറ 14:1-25) ജോര്‍ദ്ദാന്‍റെയും (ജോഷ്വാ 3:1-17) സ്മരണ ഉണര്‍ത്തുന്നതാണ് ഈ ചിത്രം. ഇസ്രായേലിന്‍റെ ആദ്യജാതന്മാരെ നദിയില്‍ മുക്കിക്കൊല്ലാന്‍ ഫറവോ നല്കിയ ആജ്ഞയും (പുറ 1:22) ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുണ്ട്. വലിയ പീഡനങ്ങളെയും ക്ലേശങ്ങളെയും വെള്ളപ്പൊക്കത്തോടുപമിക്കുക പഴയനിയമത്തില്‍ സാധാരണമാണ് (സങ്കീ 18:4; 124:4; ഏശ 43:2). ആദിമസഭ അകമേനിന്നു നേരിട്ട ഭിന്നതകളും പാഷണ്ഡതകളും വിശ്വാസമാന്ദ്യവും, പുറമേനിന്ന് ഏല്ക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങളുമാണ് പ്രതീകങ്ങളിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.

12:16, സഭയെ കാത്തുസൂക്ഷിക്കുന്ന ദൈവപരിപാലനയുടെ ചിത്രമാണിത്. ചില സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ അപ്രത്യക്ഷമാകുന്ന നദികളുടെ ചിത്രം ഈ പ്രതീകത്തിനു കാരണമായിട്ടുണ്ടാവാം. ഇപ്രകാരം ഒരു നദി കൊളോസോസിനു സമീപത്തുണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'നരകകവാടങ്ങള്‍ സഭക്കെതിരേ പ്രബലപ്പെടുകയില്ല' (മത്താ 16:18) എന്ന നാഥന്‍റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംരക്ഷണം.

12:17, സഭയെ ഒന്നടങ്കം നശിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഭയുടെ അംഗങ്ങള്‍ക്കെതിരേ സാത്താന്‍ തിരിയുന്നു. യേശുവിനോടുള്ള വിശ്വസ്തതയും സഭയിലുള്ള അംഗത്വവുമാണ് മതപീഡനം വിളിച്ചുവരുത്തുന്നത് (മത്താ 10:22). എന്നാല്‍ സര്‍പ്പത്തിന്‍റെ ഈ ശ്രമവും വിജയിക്കുകയില്ല എന്ന് അവന്‍റെ നില സൂചിപ്പിക്കുന്നു. മണല്‍ത്തിട്ടയില്‍ കാലുറയ്ക്കുകയില്ല (മത്താ 7:26-27). കടലിനെക്കുറിച്ചുള്ള പരാമര്‍ശം കടലുകള്‍ക്കു മുകളില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന റോമാസാമ്രാജ്യത്തിന്‍റെ ചിത്രം അനുവാചകരുടെ മനസ്സില്‍ ഉണര്‍ത്തുന്നു. ഇത് അടുത്ത ദൃശ്യങ്ങള്‍ക്കുള്ള രംഗം ഒരുക്കുന്നു.

വിചിന്തനം: നന്മയും തിന്മയും തമ്മില്‍ ജീവന്‍ മരണയുദ്ധം നടക്കുന്ന രണഭൂമിയാണീലോകം. ദൈവവും ക്രിസ്തുവും സഭയും ഒരുവശത്ത്, സര്‍പ്പവും മൃഗങ്ങളും മറുവശത്ത്. ക്രിസ്തുവിന്‍റെ സഭയുടെ പ്രതീകമായ ഗര്‍ഭിണി ഒരേ സമയം മഹത്വമുള്ളവളും ദുര്‍ബ്ബലയുമാണ്. സൂര്യനെ ഉടയാടയാക്കിയിരിക്കുന്നത് ദൈവിക മഹത്വത്തിലുള്ള പങ്കുചേരലിനെ സൂചിപ്പിക്കുന്നു. ഗര്‍ഭിണി ഒരേസമയം പ്രത്യാശയുടെയും ദൗര്‍ബല്യത്തിന്‍റെയും പ്രതീകമാണ്. മരുഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ ഈ ലോകത്തില്‍ തിന്മയ്ക്കെതിരേ ചെറുത്തുനില്‍ക്കുന്ന സഭയുടെ തന്നെ പ്രതീകമാണ്. ലോകത്തിന്‍റേതായ സകല ആയുധങ്ങളും കൈവശമുള്ള തിന്മയുടെ ശക്തി ഭീകരവും അജയ്യവുമായി പ്രത്യക്ഷപ്പെടുന്നെങ്കിലും അത് നിലയുറപ്പിച്ചിരിക്കുന്നത് മണല്‍ത്തിട്ടയിലാണ്. അവിടെ കാല്‍ ഉറയ്ക്കുകയില്ല.

ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന ശക്തമായ ആഹ്വാനം ഇവിടെ കാണാം. മരുഭൂമി ക്ലേശങ്ങളുടെയും സഹനങ്ങളുടെയും സ്ഥലമാണെങ്കിലും അവിടെ സഭയെ സംരക്ഷിക്കുന്നത് ദൈവംതന്നെയാണ്. അതിനാല്‍ ഭൗതികശക്തികളുടെ ഭീഷണികളെ ഭയന്നോ ആകര്‍ഷണങ്ങളില്‍ അകപ്പെട്ടോ ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ കോട്ടം തട്ടാന്‍ അനുവദിക്കരുത്.

വെളിപാടു പുസ്തകം വരച്ചുകാട്ടുന്ന സാത്താന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നതായിതോന്നും. മറയില്ലാത്ത സാത്താന്‍ആരാധനതന്നെ ഇന്ന് അതിവേഗം പ്രചരിക്കുന്നു. മതനിരപേക്ഷതയുടെ പേരില്‍ ദൈവികവും മതാത്മകവുമായ എല്ലാറ്റിനെയും നിഷേധിക്കാനും പരിഹസിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള സംഘടിതശ്രമം ആഗോളതലത്തില്‍ത്തന്നെ ശക്തമായിരിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നതും വാക്കും പ്രവൃത്തിയുംവഴി ആ വിശ്വാസം ഏറ്റുപറയുന്നതും മരണശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കി പല രാഷ്ട്രങ്ങളും നിയമനിര്‍മാണം നടത്തുന്നു. അധാര്‍മ്മികതയെ അവകാശമാക്കി മാറ്റുന്ന ഗര്‍ഭഛിദ്രവും സ്വവര്‍ഗ്ഗ വിവാഹവും ഒടുങ്ങാത്ത ഭോഗാസക്തിയും, ഭൂരിഭാഗം ജനങ്ങളെയും ദാരിദ്ര്യത്തിലും പട്ടിണിയിലും ആഴ്ത്തുന്ന ശക്തന്മാരുടെ ആര്‍ ത്തിയും സാത്താന്‍റെ വിവിധ മുഖങ്ങളായി കാണാന്‍ കഴിയുമോ? ജാഗ്രത ആവശ്യമാണ്; തീരുമാനം എടുത്തേമതിയാവൂ. തിന്മയുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് സാത്താന്‍റെ പക്ഷം ചേരുന്നതിന് തുല്യമാണ്.

13:1-10, കടലില്‍നിന്നു കയറിയവന്ന മൃഗം

സഭാസന്താനങ്ങളെ പീഡിപ്പിക്കാനായി (12:17) സര്‍പ്പം ഉപയോഗിക്കുന്ന രണ്ടുപകരണങ്ങളുടെ ചിത്രമാണ് അടുത്ത രണ്ടു ദൃശ്യങ്ങളില്‍ അവതരിപ്പിക്കുന്നത്. കടലില്‍നിന്നും കരയില്‍നിന്നും കയറിവരുന്ന മൃഗങ്ങള്‍ തമ്മില്‍ സാമ്യവും അടുത്ത ബന്ധവുമുണ്ട്. സഭയെ പീഡിപ്പിക്കുന്ന റോമാസാമ്രാജ്യത്തിന്‍റെ രണ്ടു ചിത്രങ്ങളാണ് രണ്ടു മൃഗങ്ങളുടെ പ്രതീകങ്ങളിലൂടെ യോഹന്നാന്‍ വരച്ചുകാട്ടുന്നത്. ക്രിസ്തുവിന്‍റെ സാക്ഷികളെ പീഡിപ്പിക്കുന്ന പാതാളത്തില്‍നിന്നു കയറിവന്ന മൃഗവും (വെളി 11:7) മഹാവേശ്യയായ ബാബിലോണിനെ വഹിക്കുന്ന മൃഗവും (17:3) ഇവിടെ വിവരിക്കുന്ന ആദ്യത്തെ മൃഗത്തിന്‍റെതന്നെ പകര്‍പ്പുകളാണ്. ക്രിസ്തുവിശ്വാസികളെ നശിപ്പിക്കുന്ന സാമ്രാജ്യശക്തിയെ ഭീകരമൃഗങ്ങളായി ചിത്രീകരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിന്‍റെ മൃഗീയതയും പൈശാചികത്വവും ഗ്രന്ഥകാരന്‍ തുറന്നുകാട്ടുന്നു. മര്‍ദ്ദകഭരണം നടത്തുന്ന സാമ്രാജ്യശക്തികളെ ഭീകരമൃഗങ്ങളായി ചിത്രീകരിക്കാന്‍ ഗ്രന്ഥകാരന്‍ ദാനിയേലിന്‍റെ പുസ്തകത്തില്‍ നിന്നാവണം പ്രചോദനം സ്വീകരിച്ചത് (ദാനി 7:2-8).

രണ്ടു മൃഗങ്ങളുടെയും ചിത്രങ്ങള്‍ക്ക് കുഞ്ഞാടിന്‍റെ ചിത്രവുമായി സാമ്യമുണ്ട്. ക്രിസ്തുവിന്‍റെ പ്രതിയോഗി അഥവാ അന്തിക്രിസ്തു ആയിട്ടാണ് മൃഗങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ദൈവവും സാത്താനും തമ്മിലുള്ള യുദ്ധം ക്രിസ്തുവും മൃഗവും തമ്മിലും, ക്രിസ്തുവിന്‍റെ സാക്ഷികളും സര്‍പ്പത്തിന്‍റെ കാര്യസ്ഥന്മാരും തമ്മിലും ഉള്ള യുദ്ധമായി അവതരിപ്പിക്കുന്നു.

13:1-2, കടലിനെക്കുറിച്ചുള്ള പരാമര്‍ശവും, മൃഗത്തിന്‍റെ ബാഹ്യരൂപമായ ഏഴു തലയും പത്തുകൊമ്പും ഇതിനെ സര്‍പ്പവുമായി ബന്ധിപ്പിക്കുന്നു (വെളി 12:3-18). പൈശാചിക ശക്തികളായ ഭീകരജീവികളുടെ വാസസ്ഥലമായിട്ടാണ് പുരാതന മതങ്ങള്‍ കടലിനെ കരുതിയിരുന്നത്. അവിടെനിന്നു കയറിവരുന്ന മൃഗം പൈശാചികമായിരിക്കും. മൃഗത്തിന്‍റെ ചിത്രീകരണത്തില്‍ ദാനിയേലിന്‍റെ ദര്‍ശനത്തിന്‍റെ (ദാനി 7:2-8) സ്വാധീനം വ്യക്തമാണ്. രണ്ടിലും മൃഗങ്ങള്‍ കടലില്‍ നിന്നാണു കയറിവരുന്നത്. ദാനിയേലില്‍ നാലു മൃഗങ്ങള്‍ നാലു സാമ്രാജ്യങ്ങളെ സൂചിപ്പിക്കുന്നു. അവയുടെ പ്രതീകങ്ങളായ പുള്ളിപ്പുലി, കരടി, സിംഹം, ഏഴുതലകള്‍, പത്തു കൊമ്പുകള്‍ ഇവ ഒറ്റമൃഗത്തില്‍ സമ്മേളിക്കുന്ന ചിത്രം അവതരിപ്പിച്ചുകൊണ്ട് സകല സാമ്രാജ്യങ്ങളുടെയും ഭീകരത ഒത്തുചേര്‍ന്നതാണ് താന്‍ കണ്ട മൃഗം എന്നു യോഹന്നാന്‍ സൂചിപ്പിക്കുന്നു.

തലയും കൊമ്പും കിരീടവും മൃഗത്തെ സര്‍പ്പത്തിന്‍റെ തനിപ്പകര്‍പ്പായി ചിത്രീകരിക്കുന്നതിനു പുറമേ, സാമ്രാജ്യത്തെ ഭരിച്ച രാജാക്കന്മാരുടെ പ്രതീകങ്ങളായും നിലകൊള്ളുന്നു. യേശുവിന്‍റെ മരണംമുതല്‍ വെളിപാടു പുസ്തകം രചിക്കപ്പെടുന്നതുവരെയുള്ള കാലയളവില്‍ ഏഴു ചക്രവര്‍ത്തിമാര്‍ റോമാ ഭരിച്ചു. ടൈബീരിയസ് ഏ.ഡി. 14-37; കലിഗുള 37-41; ക്ലോഡിയസ് 41-54; നീറോ 55-68; വെസ്പസിയാന്‍ 69-79; ടൈറ്റസ് 79-81; ഡൊമീഷ്യന്‍ 81-96 എന്നീ ഏഴു ചക്രവര്‍ത്തിമാരുടെ പ്രതീകമായിരിക്കണം ഏഴുതലകള്‍. ഏ.ഡി. 68-69ല്‍ ഗാല്‍ബാ, ഓത്തോ, വിത്തേള്ളിയൂസ് എന്നീ മൂന്നു സേനാധിപന്മാര്‍ ചുരുങ്ങിയ സമയത്തേക്ക് റോമില്‍ രാജാധികാരം കൈവശപ്പെടുത്തിയതിന്‍റെ സൂചന കിരീടമണിഞ്ഞ പത്തുകൊമ്പുകളുടെ പ്രതീകത്തില്‍ കാണാം. തലകളിലുള്ള ദൈവദൂഷണപരമായ നാമം റോമന്‍ചക്രവര്‍ത്തിമാര്‍ അവകാശപ്പെട്ട ദൈവികതയിലേക്കു ശ്രദ്ധ തിരിക്കുന്നു. സര്‍പ്പം തന്‍റെ ശക്തിയും അധികാരവും മൃഗത്തിനു നല്കി എന്നു പറയുന്നതിലൂടെ സ്വയം ദൈവമായി പ്രഖ്യാപിക്കുന്ന രാജാവും ദൈവത്വം അവകാശപ്പെടുന്ന സാമ്രാജ്യവും പൈശാചികമാണ് എന്നു ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. റോമാസാമ്രാജ്യത്തോടുള്ള ക്രിസ്തുവിശ്വാസികളുടെ കഠിനമായ എതിര്‍പ്പും ചക്രവര്‍ത്തിമാരുടെ അവകാശവാദങ്ങളുടെ തിരസ്കരണവും വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. മൃഗത്തെ ക്രിസ്തുവിന്‍റെ പ്രതിയോഗിയായി ചിത്രീകരിക്കുന്നതിന്‍റെ സൂചനയും ദൃശ്യമാകുന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നവനാണ് ക്രിസ്തു.; കടലില്‍നിന്നു കയറിവന്നവന്‍ മൃഗം. ക്രിസ്തു പിതാവില്‍നിന്ന് സര്‍വ്വ അധികാരവും സ്വീകരിച്ചതുപോലെ മൃഗം സര്‍പ്പത്തില്‍നിന്ന് സര്‍വ്വ അധികാരവും സ്വീകരിച്ചു.

13:3,  തലകളില്‍ ഒന്നിനു മാരകമായ മുറിവേറ്റിട്ടും സുഖപ്പെട്ടത് കൊല്ലപ്പെട്ടതായി തോന്നുന്ന കുഞ്ഞാട് നില്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പ്രതിയോഗിയും അനുകരണവുമായി മൃഗത്തെ ചിത്രീകരിക്കാനുള്ള ശ്രമം ഇവിടെ തുടരുന്നു. നീറോ ചക്രവര്‍ത്തി മരിച്ചില്ലെന്നും പാര്‍ത്തിയാക്കാരുടെ സഹായത്തോടെ റോമാ ആക്രമിച്ചു കീഴടക്കാന്‍ വരുമെന്നും ഉള്ള ഒരു വിശ്വാസം റോമാക്കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്നു. മാരകമായ മുറിവു സുഖപ്പെട്ടത് നീറോയെക്കുറിച്ചുള്ള സൂചനയാവാം. റോമാസാമ്രാജ്യത്തിന്‍റെ അസൂയാര്‍ഹമായ വളര്‍ച്ചയും കലാപങ്ങളെ അതിജീവിക്കാനുള്ള കഴിവും സകല ജനതകളിലും ആശ്ചര്യം ഉളവാക്കുന്നതായിരുന്നു.

13:4, ചക്രവര്‍ത്തിയെ ആരാധിക്കുന്ന ആചാരം സാമ്രാജ്യത്തില്‍ അതിവേഗം വ്യാപിച്ചതിന്‍റെ സൂചനയാണ് ഇവിടെ ലഭിക്കുന്നത്. അതേസമയം ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ സാത്താനെയാണ് ആരാധിക്കുന്നതെന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്നു. ഈ മൃഗത്തെപ്പോലെ ആരുണ്ട്? എന്ന ചോദ്യം "കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേയ്ക്കു തുല്യനായി ആരുണ്ട്" (പുറ 15:11) എന്ന സ്തുതിപ്പിന്‍റെ അനുകരണമാണ്.

13:5-8, വന്‍പും ദൈവദൂഷണവും പറയുന്ന വായ് അന്തിയോക്കസ് എപ്പിഫാനസിന് ദാനിയേല്‍ നല്കിയ വിശേഷണമാണ് (ദാനി 7:8). മൃഗത്തിന്‍റെ തലകളില്‍ എഴുതിയ നാമം (വെളി 13:1) ഇവിടെ കൂടുതല്‍ വിശദമാക്കുന്നു. റോമന്‍ ചക്രവര്‍ത്തിയുടെ അവകാശവാദവും ചക്രവര്‍ത്തിക്ക് അര്‍പ്പിക്കുന്ന ആരാധനയും ദൈവദൂഷണമായെ ക്രിസ്തുവിശ്വാസികള്‍ക്കു കാണാന്‍ കഴിയൂ (2 തെസ്സ 2:4). 5-7 വാക്യങ്ങളില്‍ നല്കപ്പെട്ടു എന്ന പദം നാലുതവണ ആവര്‍ത്തിച്ചിരിക്കുന്നു. ദൈവം നല്കി എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പ്രത്യക്ഷത്തില്‍ മൃഗത്തിന്‍റെ അധികാരവും ശക്തിയും സര്‍പ്പത്തില്‍നിന്നു ലഭിച്ചതാണെങ്കിലും ദൈവം കല്പിച്ചനുവദിക്കുന്നിടത്തോളം മാത്രമേ അതിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. ദൈവദൂഷണം പറയാനും ദൈവജനത്തെ പീഡിപ്പിക്കാനും ദൈവം അനുവദിച്ചതുകൊണ്ടുമാത്രമാണ് മൃഗത്തിനു കഴിയുന്നത്. രക്തസാക്ഷികളുടെ മരണം മൃഗത്തിന്‍റെ വിജയമായി തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ മരണത്തിലൂടെ അവരാണ് വിജയികളാവുന്നത് (വെളി 15:2). ദൈവവിരുദ്ധമായ രാജാധികാരത്തെയും പൊതുജനാഭിപ്രായത്തെയും അംഗീകരിച്ച് തിന്മയ്ക്കു വഴങ്ങുന്നവര്‍ക്കു നിത്യജീവന്‍ നഷ്ടപ്പെടും.

13:9-10, മൃഗത്തെയും പീഡനത്തെയും കുറിച്ചുള്ള പ്രതിപാദനത്തിനു മധ്യേ ഒരു പ്രവാചകവചനമായിട്ടാണ് ഈ വാക്യം അവതരിപ്പിച്ചിരിക്കുന്നത്. പീഡാസഹനവും മരണവും ക്രിസ്തുവിശ്വാസിക്ക് അനിവാര്യമാണ്  എന്ന് ഇത് അനുസ്മരിപ്പിക്കുന്നു. തടവറയും മരണവും അവന് ഒഴിവാക്കാന്‍ കഴിയുകയില്ല. വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വാളുകൊണ്ട് അതിനെ എതിര്‍ക്കാന്‍ ക്രൈസ്തവനു സാധിക്കുകയില്ല. ജറെ 15:2-ല്‍ നിന്നെടുത്തതാണ് ആദ്യഭാഗം. രണ്ടാമത്തേത് യേശു നല്കിയ താക്കീതിന്‍റെ (മത്താ 26:52) സ്വതന്ത്രമായ അവതരണമാണ്. പീഡകര്‍ക്കുള്ള താക്കീതും ശിക്ഷാവിധിയുമാണിത്. ക്രൈസ്തവന്‍റെ ആയുധം വാളല്ല, ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും ക്രിസ്തുവിനോടുള്ള വിശ്വസ്തതയുമാണ്.

വിചിന്തനം: ദൈവവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭൗതികാധികാരത്തിന്‍റെ ചിത്രീകരണമാണ് 13-ാം അധ്യായത്തില്‍ കാണുന്നത്. ഇവിടെ പ്രത്യക്ഷപ്പെടുന്ന രണ്ടു മൃഗങ്ങള്‍ സര്‍പ്പത്തിന്‍റെ പ്രതീകത്തിലൂടെ അവതരിപ്പിച്ച സാത്താന്‍റെ ഉപകരണങ്ങളാണ്. ദൈവാരാധന നിഷേധിക്കുകയും സാത്താനെ ആരാധിക്കാനും അധാര്‍മ്മികമൂല്യങ്ങള്‍ സ്വീകരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ മൃഗങ്ങള്‍ തത്ത്വത്തിലും പ്രയോഗത്തിലും ദൈവത്തെ നിഷേധിക്കുന്ന രാഷ്ട്രീയാധികാരത്തെ സൂചിപ്പിക്കുന്നു. ഓരോ തലമുറയിലും ഇവ പുതിയ രൂപഭാവങ്ങളില്‍ പുനര്‍ജനിക്കുന്നു. ദൈവത്തിന്‍റെ സ്ഥാനം അവകാശപ്പെടുന്ന ഏതു പ്രത്യയ ശാസ്ത്രവും ഭരണകൂടവും ജീവിതക്രമവും ഇപ്രകാരമുള്ള മൃഗത്തിന്‍റെ പുത്തന്‍ പതിപ്പുകളാണ്. യഥാര്‍ത്ഥ ദൈവവിശ്വാസിക്ക് അവയുമായി പൊരുത്തപ്പെടാന്‍ ആവില്ല; മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കാന്‍ സാധിക്കുകയില്ല. രാഷ്ട്രീയാധികാരമുള്ളവര്‍ കല്പിക്കുന്നതുകൊണ്ടു മാത്രം അധാര്‍മ്മിക നിയമങ്ങള്‍ അനുസരിക്കാന്‍ ക്രിസ്തുവിശ്വാസിക്ക് കഴിയുകയില്ല. ഇവിടെ വ്യക്തമായ ദര്‍ശനവും ദൃഢമായ തീരുമാനവും ആവശ്യമായിവരുന്നു.

13:11-18, കരയില്‍നിന്നു കയറിവന്ന മൃഗം

ആദ്യത്തെ മൃഗം റോമാസാമ്രാജ്യത്തിന്‍റെ രാഷ്ട്രീയ പരമാധികാരത്തെ സൂചിപ്പിച്ചപ്പോള്‍ രണ്ടാമത്തെ മൃഗം മതപരവും ഭരണപരവുമായ മേഖലകളില്‍ പ്രാദേശികാധികാരികളിലൂടെ തന്‍റെ അധികാരം നടപ്പിലാക്കുന്ന സാമ്രാജ്യത്തിന്‍റെ ഭരണകൂടത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ വ്യാജ പ്രവാചകന്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട് (വെളി 16:13; 19:20). ആദ്യത്തെ മൃഗത്തിന്‍റെ അധികാരമാണ് രണ്ടാമത്തേതും ഉപയോഗിക്കുന്നത്. കുഞ്ഞാടിന്‍റേതുപോലുള്ള കൊമ്പുകള്‍ ക്രിസ്തുവിന്‍റെ പ്രതിയോഗിയായി ഇതിനെയും ചിത്രീകരിക്കുന്നു. സര്‍പ്പത്തെപ്പോലെ സംസാരിക്കുന്നത് നുണയുടെയും വഞ്ചനയുടെയും സൂചനയാണ് (ഉല്‍പ 3:1-5; വെളി 12:9). രാജാരാധന നിര്‍ബന്ധമാക്കുന്നതിന് മുന്‍കൈ എടുത്ത ഏഷ്യയെയാണ് രണ്ടാമത്തെ മൃഗം സൂചിപ്പിക്കുന്നതെന്ന് ചിലര്‍ കരുതുന്നു.

13:13-14 ആകാശത്തുനിന്ന് അഗ്നിയിറക്കുന്നത് ഏലിയായെ (1 രാജാ 18:38) അനുസ്മരിപ്പിക്കുന്നു. വ്യാജ മിശിഹായ്ക്ക് വഴിയൊരുക്കുന്ന വ്യാജ ഏലിയാ ആണ് ഈ മൃഗം. അത്ഭുതങ്ങള്‍ കാണിച്ച് വിശ്വാസികളെപോലും വഴിതെറ്റിക്കുന്ന വ്യാജപ്രവാചകന്മാരെക്കുറിച്ച് യേശു മുന്നറിയിപ്പു നല്കിയിട്ടുണ്ട് (മത്താ 24:24). ചക്രവര്‍ത്തിയുടെ പ്രതിമ സ്ഥാപിക്കുക രാജാരാധനയുടെ ഭാഗമായിരുന്നു.

13:15, വ്യാജപ്രവാചകന്‍ പ്രവര്‍ത്തിക്കുന്ന വ്യാജാത്ഭുതങ്ങളുടെ ഒരുദാഹരണമാണ് പ്രതിമയ്ക്കു സംസാരശക്തി നല്കുന്നത്. വേറെങ്ങോനിന്നാണ് ശബ്ദം വരുന്നതെന്നു തോന്നത്തക്കവിധം സംസാരിക്കാന്‍ കഴിവുള്ള മനുഷ്യരുണ്ട് (Ventriloquism). ഇതുപോലുള്ള തന്ത്രങ്ങളും ജാലവിദ്യകളും കാട്ടുന്നതില്‍ പല പുരാതനമതങ്ങളിലെയും പുരോഹിതന്മാര്‍ പ്രഗത്ഭരായിരുന്നു. ഇപ്രകാരമുള്ള അത്ഭുതങ്ങളിലൂടെ രാജാരാധന പ്രചരിപ്പിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

13:16-17, മൃഗത്തിന്‍റെ മുദ്ര - രാജാരാധന നിര്‍ബന്ധമാക്കുന്നതിന്‍റെ മറ്റൊരു ഘട്ടമാണ് ഇവിടെ വിവരിക്കുന്നത്. രാജാവിനെ ദൈവമായി അംഗീകരിക്കുന്നതിന്‍റെ ദൃശ്യമായ അടയാളമില്ലാത്തവര്‍ക്ക് ജീവിതം അസാധ്യമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. എന്താണ് ഈ മുദ്ര എന്നതിനെക്കുറിച്ചു തര്‍ക്കമുണ്ട്. രാജപ്രതിമയ്ക്കു ധൂപമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന സാക്ഷിപത്രമാണിതെന്നു ചിലര്‍ കരുതുന്നു. യഹൂദര്‍ കൈയിലും നെറ്റിയിലും കെട്ടിയിരുന്ന തൊങ്ങല്‍പോലുള്ള എന്തോ ആയിരിക്കണം ഇതെന്നു മറ്റു ചിലര്‍.  എന്തായാലും കുഞ്ഞാടിന്‍റെ മുദ്ര (വെളി 7:3; 14:1)യുമായുള്ള ഇതിന്‍റെ സാദൃശ്യം വ്യക്തമാണ്. പരസ്യമായി പക്ഷം ചേരാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു. ഒന്നുകില്‍ ക്രിസ്തുവിന്‍റെകൂടെ, അല്ലെങ്കില്‍ സാമ്രാജ്യശക്തിയായ മൃഗത്തിന്‍റെകൂടെ. ഇവയ്ക്കു മധ്യേ ഇടമില്ല.

13:18, ഏറെ വിവാദവിഷയമായിട്ടുള്ള ഒരു വാക്യമാണിത്. പല പുരാതനഭാഷകളിലും സംഖ്യകളെ സൂചിപ്പിക്കാന്‍ അക്കങ്ങളില്ലായിരുന്നു; പകരം അക്ഷരങ്ങളാണുപയോഗിച്ചിരുന്നത്. ഓരോ അക്ഷരത്തിനും ഒരു പ്രത്യേകമൂല്യം നിര്‍ണ്ണയിച്ചിരുന്നു. ഇതില്‍നിന്നാണ് നാമസംഖ്യ എന്ന പ്രയോഗം വരുന്നത്. ഓരോ പേരിലും ഉള്ള അക്ഷരങ്ങളുടെ മൂല്യം കണക്കുകൂട്ടി നാമസംഖ്യ നിര്‍ണ്ണയിക്കുന്നു. മൃഗത്തിന്‍റെ സംഖ്യയായ 666 ഏതു മനുഷ്യനെ സൂചിപ്പിക്കുന്നു എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. അനേകം പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റം സ്വീകാര്യമായി വ്യാഖ്യാതാക്കള്‍ കരുതുന്നത് നീറോയുടെ പേരാണ്. നീറോ സീസര്‍ എന്നു ഹീബ്രുവിലെഴുതി കണക്കുകൂട്ടിയാല്‍ കിട്ടുന്നത് 666 ആണ്. ഹീബ്രുഭാഷയില്‍ വ്യഞ്ജനങ്ങള്‍ക്കേ അക്ഷരങ്ങളുള്ളൂ. സ്വരങ്ങള്‍ കുത്തുകള്‍ വഴിയാണ് സൂചിപ്പിക്കുന്നത്. നീറോ സീസര്‍ എന്ന പേരിന്‍റെ അക്ഷരങ്ങളും അവയുടെ മൂല്യങ്ങളും: N-50; R-200; W6; N-50; Q-100; S-60; R-200 = 666. മരിച്ചിട്ടും ജീവിക്കുന്നു എന്നു കരുതപ്പെടുന്ന നീറോ ക്രിസ്തുവിന്‍റെ പ്രതിയോഗിയായി കരുതപ്പെടുന്നു. ക്രൂരതയുടെയും സകലവിധ വഷളത്തരങ്ങളുടെയും മൂര്‍ത്തിമദ്ഭാവമായിരുന്നു അയാള്‍. ക്രിസ്ത്യാനികള്‍ക്കെതിരേ ആസൂത്രിതമായ മര്‍ദ്ദനം ആരംഭിച്ച നീറോ സാത്താന്‍റെ അവതാരമായി പരിഗണിക്കപ്പെട്ടു. പൂര്‍ണ്ണതയില്‍ ഒന്നു കുറഞ്ഞ സംഖ്യയാണ് ആറ്. അതു മൂന്നു തവണ ആവര്‍ത്തിക്കുമ്പോള്‍ അപൂര്‍ണ്ണതയുടെ പൂര്‍ണ്ണത, അഥവാ സമ്പൂര്‍ണ്ണതിന്മയുടെ പ്രതീകമാകുന്നു.

വെളിപാട് 14:1-5, കുഞ്ഞാടും അനുയായികളും

അടുത്തെത്തിയിരിക്കുന്ന പീഡനങ്ങളുടെ ഭീകരചിത്രങ്ങള്‍ക്കുശേഷം അതിനും അപ്പുറത്ത് വിശ്വാസികള്‍ക്കു കൈവരാനിരിക്കുന്ന വിജയത്തിന്‍റെ മനോഹരദൃശ്യത്തിലേക്കു ഗ്രന്ഥകാരന്‍ ശ്രദ്ധതിരിക്കുന്നു (വാ. 1). ജറുസലെം ദേവാലയം സ്ഥിതിചെയ്തിരുന്ന മലയാണ് സീയോന്‍ മല. ദൈവത്തിന്‍റെ നഗരിയും വസതിയും ആയ സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണത്. ദൈവത്തിന്‍റെ വാസസ്ഥലം സ്വര്‍ഗ്ഗവാസികള്‍ തന്നെയാണ് എന്നും നാം കണ്ടുകഴിഞ്ഞു (വെളി 7:15; 13:6). സഭയുടെ പ്രതീകമായിട്ടാണ് പുതിയനിയമത്തില്‍ സീയോനും ജറുസലെമും വ്യാഖ്യാനിക്കപ്പെടുന്നത് (ഹെബ്രാ 12:22; ഗലാ 4:26; വെളി 21:2). വിജയംവരിച്ച സഭയുടെ മധ്യത്തില്‍ നില്ക്കുന്ന ക്രിസ്തുവിന്‍റെ ചിത്രമാണ് യോഹന്നാന്‍ ഇവിടെ അവതരിപ്പിക്കുന്നത്. സീയോന്‍ മലയും കുഞ്ഞാടിന്‍റെ അനുയായികളും ഒരേ യാഥാര്‍ത്ഥ്യത്തിന്‍റെ രണ്ടു പ്രതീകങ്ങളാണ്. കുഞ്ഞാടിനോടൊപ്പം നില്ക്കുന്ന 144,000 പേര്‍ വെളി 7:4-8ല്‍ കണ്ട മുദ്രിതരായവരെ അനുസ്മരിപ്പിക്കുന്നു. അവരുടെ നെറ്റിയില്‍ പതിച്ച മുദ്ര കുഞ്ഞാടിന്‍റെയും പിതാവിന്‍റെയും നാമമാണെന്ന് ഇവിടെ വിശദീകരിക്കുന്നു. വിജയംവരിക്കുന്നവര്‍ക്കു മനുഷ്യപുത്രന്‍ നല്കിയ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമാണിത് (വെളി 3:12). പീഡനങ്ങള്‍ക്കു മധ്യേ ഭൂമിയില്‍ വസിക്കുന്ന സഭയുടെ പ്രതീകമാണ് മുദ്രിതര്‍. കുഞ്ഞാടിന്‍റെകൂടെ സീയോന്‍ മലയില്‍ നില്ക്കുന്നവരാകട്ടെ വിജയം വരിച്ചവരുടെ പ്രതീകവും.

സീയോന്‍ മലയില്‍ നില്ക്കുന്ന കുഞ്ഞാടിന്‍റെയും അവന്‍റെ മുദ്ര സ്വീകരിച്ച അനുയായികളുടെയും ചിത്രവും, മണല്‍ത്തിട്ടയില്‍ നില്ക്കുന്ന സര്‍പ്പത്തിന്‍റെയും മൃഗത്തിന്‍റെ മുദ്ര സ്വീകരിച്ച അനുയായികളുടെയും ചിത്രവും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. മലമുകളില്‍ നില്ക്കുന്നത് ഉറപ്പിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും അടയാളമാണ് (സങ്കീ 27:5).

 വെളിപാട് 14:6-13, മൂന്നു ദൂതന്മാര്‍

ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്ന          ദൂതന്മാര്‍ പ്രവാചക ശൈലിയില്‍ നടത്തുന്ന മൂന്നു പ്രഖ്യാപനങ്ങളാണ് ഈ ദൃശ്യത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ദൂതന്‍ സത്യദൈവത്തെ ആരാധിക്കാന്‍ ക്ഷണിക്കുന്നു; രണ്ടാമത്തെ ദൂതന്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്നു; മൂന്നാമത്തെ ദൂതന്‍ നിത്യശിക്ഷയുടെ ഭീകരത എടുത്തുകാട്ടി വിശ്വസ്തതയ്ക്ക് ആഹ്വാനം ചെയ്യുന്നു. വിശ്വസ്തര്‍ക്കുള്ള സമ്മാനം വിളിച്ചറിയിക്കുന്ന ഒരു സ്വര്‍ഗ്ഗീയ പ്രഖ്യാപനത്തോടെ ദൃശ്യം അവസാനിക്കുന്നു.

14:6-7, ദുരിതങ്ങള്‍ വിളിച്ചറിയിച്ച കഴുകനെപ്പോലെ (വെളി 8:13) ഈ ദൂതനും മധ്യാകാശത്തിലാണു പറക്കുന്നത്. സനാതനവും സാര്‍വ്വലൗകികവുമായ സുവിശേഷം മധ്യാകാശത്തില്‍നിന്നും പ്രഘോഷിക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാന്‍ വേണ്ടിയാണ്. വളരെ ലളിതമാണ് ദൂതന്‍റെ ആഹ്വാനം. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ഭയപ്പെടുക, മഹത്വപ്പെടുത്തുക, ആരാധിക്കുക. മൃഗീയമായ സാമ്രാജ്യമോ അതിന്‍റെ അധിപതിയായ ചക്രവര്‍ത്തിയോ അല്ല, സ്രഷ്ടാവുമാത്രമാണ് ദൈവം, ഇതാണ് സദ്വാര്‍ത്ത.

14:8, മഹാബാബിലോണ്‍ വീണുപോയി എന്ന പ്രഖ്യാപനം പഴയനിയമത്തിലെ രണ്ടു പ്രവചനങ്ങള്‍ (ഏശ 21:9; ജറെ 51:8) കൂട്ടിച്ചേര്‍ത്തതാണ്. അനേകവര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യമായിത്തീരാനിരുന്ന ബാബിലോണിന്‍റെ പതനം സംഭവിച്ചു കഴിഞ്ഞതായി പ്രവാചകന്മാര്‍ വിളിച്ചറിയിച്ചു. ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ കാണുന്ന പ്രവാചക വീക്ഷണത്തിന്‍റെ പ്രത്യേകതയാണിത്. ഇതേ ശൈലി തന്നെ യോഹന്നാനും ഉപയോഗിക്കുന്നു.

ജറുസലെം നഗരത്തെ നശിപ്പിക്കുകയും ദേവാലയം ചുട്ടെരിക്കുകയും അനേകംപേരെ തടവുകാരാക്കി നാടുകടത്തുകയും ചെയ്ത ബാബിലോണ്‍ ഇസ്രായേല്‍ക്കാരുടെ മനസ്സില്‍ സകല തിന്മകളുടെയും മര്‍ദ്ദക ഭരണകൂടങ്ങളുടെയും സാമ്രാജ്യ ശക്തികളുടെയും പ്രതീകമായിത്തീര്‍ന്നു. ഇസ്രായേല്‍ ജനത്തെ പീഡിപ്പിച്ച സിറിയന്‍ ചക്രവര്‍ത്തി അന്തിയോക്കസ് നാലാമന്‍ ദാനിയേലിന്‍റെ പുസ്തകത്തില്‍ ബാബിലോണ്‍ ചക്രവര്‍ത്തിയായ നബുക്കദ്നേസറായി മാറുന്നു. അപ്പോക്കലിപ്റ്റിക്ക് ഗ്രന്ഥങ്ങളില്‍ മര്‍ദ്ദക സാമ്രാജ്യങ്ങളെല്ലാം ബാബിലോണാണ്. ഇവിടെ റോമാസാമ്രാജ്യത്തെയാണ് മഹാബാബിലോണ്‍ എന്നു വിളിക്കുന്നത്. ഭോഗാസക്തികളുടെ വീഞ്ഞ് വിഗ്രഹാരാധനയെ സൂചിപ്പിക്കുന്നു (വെളി 17:1-5). വീണുപോയി എന്ന പ്രഖ്യാപനം 17-18 അധ്യായങ്ങളില്‍ വിവരിക്കാന്‍ പോകുന്നതിനെ മുന്‍കൂട്ടി അറിയിക്കുന്ന ഒരു പ്രവചനമാണ്.

14:9-12, മൃഗങ്ങളുടെ ദൃശ്യങ്ങളില്‍ കണ്ടതിന്‍റെ മറുവശമാണ് ഇവിടെ അവതരിപ്പിക്കുന്നത്. രാജാരാധനയില്‍ പങ്കുചേരാത്തവര്‍ക്ക് സാമ്രാജ്യം വധശിക്ഷ വിധിച്ചു. ഇവിടെ അതിനെക്കാള്‍ ഭീകരമായ ശിക്ഷയാണ് വിധിക്കുന്നത്. രാജകോപത്തെ ഭയന്ന് വിഗ്രഹാരാധനയില്‍ പങ്കുചേരുന്നവര്‍ ദൈവകോപത്തിനിരയാകും. ഭീകരമായ ശിക്ഷാവിധിയുടെ പ്രതീകങ്ങളാണ് കോപത്തിന്‍റെ പാനപാത്രവും ക്രോധത്തിന്‍റെ വീഞ്ഞും (ഏശ 51:17; ജറെ 25:15). അഗ്നിയും ഗന്ധകവും സോദോമിന്‍റെ നാശം മുതല്‍ (ഉല്‍പ 19:24) ദൈവികശിക്ഷയുടെ പ്രതീകങ്ങളാണ്. നിത്യശിക്ഷയെക്കുറിച്ച് സംശയത്തിനു പഴുതില്ലാതെ പഠിപ്പിക്കുന്ന ചുരുക്കം പുതിയനിയമഭാഗങ്ങളില്‍ ഒന്നാണിത്. വിശുദ്ധര്‍ക്കു കണ്ടുരസിക്കാന്‍ വേണ്ടിയല്ല അധര്‍മ്മികളുടെ നിത്യശിക്ഷ; അധര്‍മ്മത്തില്‍ ആരും തുടരാതിരിക്കാന്‍ വേണ്ടി നല്കുന്ന കര്‍ശനമായ താക്കീതാണത്. ദൈവസ്നേഹത്താല്‍ പ്രചോദിതരായി തിന്മയില്‍ നിന്നകന്നു നില്ക്കാത്തവര്‍ നിത്യശിക്ഷയെ ഭയന്നെങ്കിലും കര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തണം.

14:13, നിത്യശിക്ഷയുടെ ഭീകരചിത്രത്തിനുശേഷം ഒരാശ്വാസവചനം മുഴങ്ങുന്നു. വെളിപാടുപുസ്തകത്തിലെ സപ്തഭാഗ്യങ്ങളില്‍ രണ്ടാമത്തേതാണിത്. രക്തസാക്ഷിത്വത്തെ മുന്നില്‍ കാണുന്ന ക്രിസ്ത്യാനികളെയാണ് മുഖ്യമായും ഇവിടെ ഉദ്ദേശിക്കുന്നത്. അതേ, തീര്‍ച്ചയായും എന്ന ആവര്‍ത്തനവും എഴുതാനുള്ള നിര്‍ദ്ദേശവും ഈ സന്ദേശത്തിന് ഗ്രന്ഥകാരന്‍ നല്കുന്ന അതുല്യമായ പ്രാധാന്യം വ്യക്തമാക്കുന്നു. മരണം അവസാനമല്ല, സകല പീഡനങ്ങളിലും ക്ലേശങ്ങളിലും അദ്ധ്വാനങ്ങളിലും നിന്നുള്ള വിശ്രമമാണ് എന്ന പഠനം രക്തസാക്ഷികള്‍ക്കു മാത്രമല്ല, എല്ലാ വിശ്വാസികള്‍ക്കും സന്തോഷപ്രദമാണ്. മരണംവരെ ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്തുന്നവരാണ് ക്രിസ്തുവില്‍ മരിക്കുന്നവര്‍ (1 കോറി 15:18; 1 തെസ 4:14). ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ പ്രമാണങ്ങളനുസരിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും വ്യര്‍ത്ഥമാകില്ല. ഇപ്പോള്‍മുതല്‍ എന്നത് യേശുവിന്‍റെ മഹത്വീകരണത്തെ സൂചിപ്പിക്കുന്നതാവണം. ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമാണ് വിശ്വാസികളുടെ പ്രതീക്ഷയ്ക്കു നിദാനം.

വിചിന്തനം: ദൈവത്തോടുള്ള വിശ്വസ്തതയുടെ പേരില്‍ മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കാന്‍ വിസമ്മതിക്കുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന നിത്യഭാഗ്യത്തിലേക്ക് ഈ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ശ്രദ്ധ ക്ഷണിക്കുന്നു. കുഞ്ഞാടിനോടൊപ്പം ശുഭ്ര വസ്ത്രധാരികളായി  അവര്‍ സീയോന്‍ മലയില്‍ ദൈവസ്തുതികള്‍ ആലപിക്കുന്നു. 144000 ബ്രഹ്മചാരികള്‍ യേശുവിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളാണ്. ദൈവത്തിനുവേണ്ടി ഉറച്ച തീരുമാനം എടുക്കുന്നതിന്‍റെ മാതൃകകളാണവര്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‍റെയും ഭൗതിക താല്പര്യങ്ങളുടെയും പേരില്‍ ദൈവത്തെയും ദൈവകല്പനകളെയും നിഷേധിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന നിത്യശിക്ഷയുടെ ഭീകരമായ ചിത്രം മുന്തിരിച്ചക്കിന്‍റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നു. എല്ലാ പീഡനങ്ങള്‍ക്കും അറുതിയുണ്ടാകും. നിത്യവിധിയും വരും. ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തിക്കൊത്ത നിത്യമായ പ്രതിഫലം ലഭിക്കും.

വെളിപാട് 15:1-5, വിജയഗീതം

ഘടനാപരമായി ഈ വാക്യങ്ങള്‍ രണ്ടു  ഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന കണ്ണിയാണ് 15:1. അടയാളം എന്ന പദത്തിലൂടെ സ്ത്രീയും സര്‍പ്പവും എന്ന ഭാഗത്തോടു ബന്ധപ്പെടുത്തുന്നു. എന്നാല്‍ മഹാമാരികളേന്തിയ ഏഴു ദൂതന്മാരെ അവതരിപ്പിച്ചുകൊണ്ട് തുടര്‍ന്നുവരുന്ന സപ്തഗണത്തിന്‍റെ ആമുഖമായി നില്ക്കുകയും ചെയ്യുന്നു. 2-4 വാക്യങ്ങള്‍ കഴിഞ്ഞഭാഗത്തിന്‍റെ സമാപനമാണ്. അതേസമയം 8:2-5 എന്നതുപോലെ അടുത്തതിന്‍റെ തുടക്കത്തില്‍ ഇടയ്ക്കുചേര്‍ത്തതായും കരുതാം. പുസ്തകത്തില്‍ വിവിധഭാഗങ്ങളെ ഒരു ചങ്ങലപോലെ കോര്‍ത്തിണക്കുന്ന ശൃംഖലികരണം എന്ന രചനാസങ്കേതത്തിന്‍റെ മറ്റൊരുദാഹരണമാണിത്.

15:5-16:21, ക്രോധത്തിന്‍റെ ഏഴു പാത്രങ്ങള്‍

അധര്‍മ്മികളുടെമേല്‍ പതിക്കാന്‍ പോകുന്ന ശിക്ഷാവിധിയുടെ മറ്റൊരു ചിത്രീകരണമാണ് ക്രോധത്തിന്‍റെ പാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മുദ്രകളുടെയും കാഹളങ്ങളുടെയും സപ്തഗണങ്ങളോട് ഈ ചിത്രീകരണത്തിനു സാമ്യമുണ്ട്. ഇവിടെ വിവരിക്കുന്ന ശിക്ഷകളെല്ലാംതന്നെ പുറപ്പാടു സംഭവത്തോടു ബന്ധപ്പെട്ടതും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവതരിപ്പിച്ചതും ആണ്. ഈ മഹാമാരികള്‍ പ്രപഞ്ചത്തെയും മനുഷ്യരെയും മുഴുവനായി ഗ്രസിക്കുന്നു എന്നത് ശിക്ഷാവിധിയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഏഴു മഹാമാരികള്‍ രക്ഷാദൃശ്യത്തിന്‍റെ ഇടവേളയില്ലാതെ കടന്നുവരുന്നതും ഈ സപ്തഗണത്തെ മുന്‍സപ്തഗണങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. റോമാനഗരത്തിന്‍റെയും സാമ്രാജ്യത്തിന്‍റെയുംമേലാണ് ഈ മഹാമാരികള്‍ പതിക്കുന്നത്. അടുത്തഭാഗത്തു വിശദമായി അവതരിപ്പിക്കുന്ന മഹാബാബിലോണിന്‍റെ പതനത്തിന് ഈ ശിക്ഷാവിധികള്‍ കളമൊരുക്കുന്നു.

 വെളിപാട് 16:1-12, ആദ്യത്തെ ആറു പത്രങ്ങള്‍

ശ്രീകോവിലില്‍ നിന്നുമുഴങ്ങുന്ന ശബ്ദം ശിക്ഷാവിധി വിളിച്ചറിയിക്കുന്ന ദൈവത്തിന്‍റെ ശബ്ദമാണ് (ഏശ 66:6). ഈജിപ്തുകാരുടെമേല്‍ പതിച്ച ആറാമത്തെ മഹാമാരിയെ അനുസ്മരിപ്പിക്കുന്നതാണ് വ്രണങ്ങള്‍ (പുറ 9:8-11). മൃഗത്തിന്‍റെ മുദ്ര സ്വീകരിച്ചവര്‍ ഇപ്പോള്‍ ദൈവത്തിന്‍റെ ശിക്ഷ മുദ്രപോലെ വ്രണങ്ങളായി ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.

16:3-7, അടുത്ത രണ്ടു ശിക്ഷകള്‍ കടല്‍ ജലത്തെയും ശുദ്ധജലത്തെയും രക്തമാക്കി മാറ്റുന്നു. ഈജിപ്തിലെ ആദ്യത്തെ മഹാമാരിയെ (പുറ 7:19-21) അനുസ്മരിപ്പിക്കുന്ന ഈ ശിക്ഷ രണ്ടും മൂന്നും കാഹളങ്ങളുമായി ബന്ധപ്പെട്ടതിനോടു സാമ്യമുണ്ട്. മനുഷ്യന്‍റെ നിലനില്പിന് ആവശ്യമായ ജലമാണ് ഇവിടെ നശിപ്പിക്കപ്പടുന്നത്. യഹൂദചിന്താഗതിയനുസരിച്ച് പഞ്ചഭൂതങ്ങള്‍ക്ക് മേല്‍നോട്ടക്കാരായി ദൈവം ദൂതന്മാരെ നിശ്ചയിച്ചിരുന്നു. വായുവിന്‍റെയും (വെളി 7:1) അഗ്നിയുടെയും (വെളി 14:18)മേല്‍ അധികാരമുള്ള ദൂതന്മാരെ നാം കണ്ടുകഴിഞ്ഞു.

മര്‍ദ്ദിതരായ വിശ്വാസികളെ രക്ഷിക്കുമ്പോഴും അധര്‍മ്മികളെ ശിക്ഷിക്കുമ്പോഴും പ്രകടമാകുന്നത് ദൈവത്തിന്‍റെ വിശുദ്ധിയും നീതിയുമാണ്. രക്തം ചൊരിഞ്ഞവരെ രക്തം കുടിപ്പിക്കുന്നത് മാനുഷികമായ പ്രതികാരമല്ല, നീതിയുടെ സംസ്ഥാപനമാണ്. ശിക്ഷാഭീതി കൂടാതെ ആരും അധര്‍മ്മത്തില്‍ തുടരരുത്. ജലത്തിന്‍റെ ദൂതനും ബലിപീഠവും ദൈവനീതിയെ പുകഴ്ത്തിപ്പാടുന്ന കീര്‍ത്തനങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. വിജയികളായ രക്തസാക്ഷികള്‍ പാടിയ കീര്‍ത്തനവും (വെളി 15:2-4) ഇതേ ആശയം ഉള്‍ക്കൊള്ളുന്നു. ബലിപീഠത്തെ വിധിയുമായി ബന്ധപ്പെടുത്തുന്നതിലൂടെ (വെളി 6:9; 8:3-5; 9:13; 11:1; 14:18) ബലിയര്‍പ്പണവും നീതിനിര്‍വ്വഹണവും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്നു. ബലിയര്‍പ്പിക്കപ്പെട്ട വിശ്വാസികളുടെ ശബ്ദമാണ് ബലിപീഠത്തില്‍ നിന്നുയരുന്നത്.

16:8-11, നാലാമത്തെ മഹാമാരി സൂര്യനെ പ്രഹരിക്കുമ്പോള്‍ ഉണ്ടാകുന്ന അത്യുഷ്ണം ആദ്യകാഹളവുമായി ബന്ധപ്പെട്ട അഗ്നിബാധയെ അനുസ്മരിപ്പിക്കുന്നു (വെളി 8:7). അഞ്ചാമത്തെ പാത്രം ഒഴിക്കുമ്പോഴുണ്ടാകുന്ന അന്ധകാരം നാലാം കാഹളത്തിന്‍റെ ഫലവുമായി (വെളി 8:12) സാമ്യമുള്ളതാണ്. സിംഹാസനം രാജാധികാരത്തിന്‍റെ പ്രതീകമാണ്. മൃഗത്തിന്‍റെ സിംഹാസനം റോമാസാമ്രാജ്യത്തെ സൂചിപ്പിക്കുന്നതായി കരുതാം. അന്ധകാരം ഈജിപ്തിലെ ഒന്‍പതാം മഹാമാരിയാണ് (പുറ 10:21-23). അനുതപിച്ചില്ല എന്നു രണ്ടു തവണ ആവര്‍ത്തിക്കുന്നതിലൂടെ ശിക്ഷാവിധിയുടെ ലക്ഷ്യവും മനുഷ്യന്‍റെ ഹൃദയകാഠിന്യവും വ്യക്തമാക്കുന്നു.  മഹാമാരികള്‍ക്കു മുമ്പില്‍ ഫറവോയുടെ പ്രതികരണത്തെ അനുസ്മരിപ്പിക്കുന്നതാണ് മൃഗത്തിന്‍റെ അനുയായികളുടെ പ്രതികരണം. അനുതപിക്കുന്നില്ല എന്നു മാത്രമല്ല, അവര്‍ കൂടുതല്‍ കൂടുതലായി ദൈവത്തെ വെറുക്കുകയും ദുഷിക്കുകയും ചെയ്യുന്നു.

16:12, ആറാം കാഹളം മുഴങ്ങിയപ്പോള്‍ പാഞ്ഞടുത്ത കുതിരപ്പടയുമായി സാമ്യമുള്ളതാണ് ഈ മഹാമാരി. രണ്ടും യുദ്ധത്തെയാണ് സൂചിപ്പിക്കുന്നത്. യൂഫ്രട്ടീസിനു കിഴക്കുള്ള രാജാക്കന്മാര്‍ പാര്‍ത്തിയാക്കാര്‍ ആയിരിക്കണം. അവര്‍ക്കു വഴിയൊരുക്കാന്‍വേണ്ടിയാണ് നദി വറ്റിക്കുന്നത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ് ബാബിലോണ്‍ പിടിച്ചടക്കിയ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് യൂഫ്രട്ടീസ് നദി വറ്റിപ്പോകുന്നത്. സൈറസിന്‍റെ സൈന്യം അണകെട്ടി നദിയുടെ ഗതിമാറ്റിയിട്ടാണ് അജയ്യമായിരുന്ന ആ നഗരം കീഴടക്കിയത്.

വിചിന്തനം: രക്ഷാചരിത്രത്തിലെ രണ്ട് നിര്‍ണായക മുഹൂര്‍ത്തങ്ങളാണ് മോശ നയിച്ച പുറപ്പാടും യേശുക്രിസ്തു നല്കിയ രക്ഷയും. രണ്ടും പുതിയ അനുഭവങ്ങളായിരുന്നു. പുതിയ ദൈവാനുഭവത്തിന്‍റെ വെളിച്ചത്തില്‍ ദൈവജനം പുതിയ കീര്‍ത്തനം ആലപിക്കുന്നു. ഓരോ ദിവസവും പുതുതായ ദൈവസ്നേഹം (വിലാ 3:23) അനുഭവിക്കുന്നവര്‍ ദൈവത്തിന് പുതിയ കീര്‍ത്തനം ആലപിക്കണം. എന്തു ദൈവാനുഭവമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്? എന്താണ് എന്‍റെ കീര്‍ത്തനം?

ദൈവകല്പനയുടെ ലംഘനം ശിക്ഷ വിളിച്ചുവരുത്തും. പാപം അതില്‍ത്തന്നെ ശിക്ഷയും ഉള്‍ക്കൊള്ളുന്നു. ഇന്ന് മനുഷ്യന്‍ നേരിടുന്ന മറുമരുന്നില്ലാത്ത പലരോഗങ്ങളും പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളും ദൈവകല്പനലംഘിക്കുന്നതിന്‍റെ ഫലമാണെന്നു തിരിച്ചറിയാന്‍ വൈകുന്നു. ജല-വായു മലിനീകരണവും നിരന്തരം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന ഭൂകമ്പങ്ങളും ആഞ്ഞടിക്കുന്ന സുനാമികളും ഉയരുന്ന താപനിലയും പടരുന്ന മരുഭൂമികളും മരിക്കുന്ന നദികളും വറ്റിപ്പോകുന്ന നീരുറവകളും എല്ലാം മാനസാന്തരത്തിനുള്ള ആഹ്വാനമായി കാണാന്‍ കഴിയുമോ? "അവര്‍ മനസുതിരിഞ്ഞില്ല" എന്ന് ഒരു പല്ലവിപോലെ 16-ാം അധ്യായത്തില്‍ ആവര്‍ത്തിക്കുന്നത് ഒരു വലിയ താക്കീതായികാണണം.

വായില്‍നിന്ന് പുറപ്പെടുന്ന തവളകള്‍ പ്രചരണതന്ത്രങ്ങളാണ്. ദൈവനിഷേധവും അധാര്‍മ്മികതയും പ്രചരിപ്പിക്കുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ മത്സരിക്കുകയാണല്ലോ. നന്മയെ തിന്മയായും തിന്മയെ നന്മയായും ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം. പോരാ നന്മയുടെ വക്താക്കളും പ്രചാരകരുമായി രംഗത്തുവരണം. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ രംഗത്ത് സഭയുടെ സാന്നിധ്യം കൂടുതല്‍ സജീവമാകണം.

വെളിപാട് 16:13-15, തവളകള്‍ - ഹര്‍മഗെദോന്‍

ഘടനാപരമായി ആറും ഏഴും പാത്രങ്ങള്‍ക്കിടയില്‍ തിരുകിയ ദൃശ്യംപോലെയാണ് ഈ വാക്യങ്ങള്‍ കാണപ്പെടുന്നത്. 16:12-ല്‍ പരാമര്‍ശിച്ച കിഴക്കുനിന്നുള്ള രാജാക്കന്മാരും 16:14-ലെ ലോകമെമ്പാടും ഉള്ള രാജാക്കന്മാരും ഒന്നുതന്നെയാണെന്നു കരുതാനാവില്ല. ഹര്‍മഗെദോനില്‍ ഒരുമിച്ചുകൂടിയവര്‍ക്കെതിരേയുള്ള യുദ്ധം 19:17-20 ലാണ് വിവരിക്കുന്നത്. യുഗാന്തയുദ്ധത്തിനുള്ള കളമൊരുക്കല്‍ വിവരിച്ചുകൊണ്ട് ഈ ഭാഗത്തെ  പുസ്തകത്തിന്‍റെ അവസാനഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

16:13-14, സര്‍പ്പം, മൃഗം, വ്യാജപ്രവാചകന്‍ എന്ന തിന്മയുടെ ത്രിമൂര്‍ത്തികള്‍ 12-13 അധ്യായങ്ങളില്‍ കണ്ടവര്‍ തന്നെയാണ്. കരയില്‍നിന്നു കയറിവന്ന മൃഗമാണ് ഇവിടെയും 19:20 ലും വ്യാജപ്രവാചകനായി ചിത്രീകരിക്കപ്പെടുന്നത്. അശുദ്ധാത്മാക്കളാണെന്നും അവ തവളകളെപ്പോലെയാണെന്നും ഉള്ള വിശദീകരണം പ്രത്യേകം ശ്രദ്ധേയമാണ്. പുറപ്പാടു സംഭവത്തിലെ രണ്ടാമത്തെ മഹാമാരിയാണ് (പുറ 8:6) തവളകള്‍. എന്നാല്‍ ഇവിടെ അവയുടെ അര്‍ത്ഥത്തിനു വ്യത്യാസമുണ്ട്.

എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നതും ആരോചകവുമായ ജീവികളായിട്ടാണ് തവളകള്‍ കരുതപ്പെടുന്നത്. അവ വായില്‍നിന്നു പുറത്തു വന്നതാകയാല്‍ സംസാരത്തെ സൂചിപ്പിക്കുന്നു എന്നതില്‍ സംശയമില്ല. ദൈവത്തിനും ദൈവജനത്തിനും എതിരേ കുറ്റാ രോപണം നടത്തുന്ന സാത്താന്‍റെയും (വെളി 12:10) ദൈവദൂഷണം കോരിച്ചൊരിയുന്ന കടലില്‍നിന്നു വന്ന മൃഗത്തിന്‍റെയും (വെളി 13:6) അടയാളങ്ങള്‍ കാണിച്ചു വഴിതെറ്റിക്കുന്ന വ്യാജപ്രവാചകന്‍റെയും (വെളി 13:13-14) സന്തതികളാണിവ. ചക്രവര്‍ത്തിയെ ദൈവമായി അംഗീകരിക്കാനും ആരാധിക്കാനുമുള്ള പ്രേരണയാണ് ഈ തവളകള്‍ മുഖ്യമായും സൂചിപ്പിക്കുന്നത്. എന്നാല്‍, ദൈവനിഷേധവും ദൈവവിരോധവും കുത്തിവച്ച് നിരീശ്വരത്വത്തിലേക്കും മതവിരോധത്തിലേക്കും ജനങ്ങളെ നയിക്കുന്ന നുണപ്രചരണങ്ങളായും ഇവയെ കരുതാം. ദൈവനിഷേധത്തിന്‍റെയും സാമ്രാജ്യത്തെ ദൈവമായി ചിത്രീകരിക്കുന്നതിന്‍റെയും പൈശാചികസ്വഭാവം വ്യക്തമാക്കുന്നതാണ് ഈ ചിത്രം. ദൈവത്തിന്‍റെ മഹാദിനം യുഗാന്തയുദ്ധത്തിന്‍റെ ദിനമാണ് (വെളി 19:17-20). ലോകരാജാക്കന്മാര്‍ എല്ലാം ദൈവത്തിനെതിരേ യുദ്ധത്തിന് ഒരുമിച്ചു കൂടുന്നചിത്രം രണ്ടാം സങ്കീര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നു (സങ്കീ 2:2).

16:15, സപ്തഭാഗ്യങ്ങളില്‍ മൂന്നാമത്തേതായ ഈ വാക്യം ഇടയ്ക്കു ചേര്‍ത്തതുപോലെയാണു നില്ക്കുന്നത്. ആദ്യദര്‍ശനത്തില്‍ മനുഷ്യപുത്രന്‍ സാര്‍ദിസിലെയും (വെളി 3:8) ലാവോദിക്യായിലെയും (വെളി 3:18) സഭകള്‍ക്കു നല്കുന്ന ഉപദേശങ്ങളുടെ പ്രതിധ്വനി ഇവിടെ കേള്‍ക്കാം. നിരന്തരവും നിര്‍ബ്ബന്ധപൂര്‍വ്വവുമായ നുണപ്രചരണങ്ങള്‍ക്കെതിരേ നിതാന്തജാഗ്രത പുലര്‍ത്താന്‍ ക്രിസ്തുനാഥന്‍ തന്‍റെ അനുയായികളെ ആഹ്വാനം ചെയ്യുന്നു.

16:16, പൈശാചിക പ്രേരണകള്‍ക്കു വഴങ്ങി ദൈവത്തിനെതിരേ യുദ്ധത്തിനു പുറപ്പെട്ട രാജാക്കന്മാര്‍ ഹര്‍മഗെദോന്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു. മെഗിദോമല എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. കാര്‍മ്മല്‍ പര്‍വ്വതനിരകളുടെ തെക്കെ അറ്റത്ത്, എസ്ദ്രലോണ്‍ സമതലത്തിലുള്ള ചെറിയൊരു മലയാണ് മെഗിദോ. അന്താരാഷ്ട്ര പ്രാധാന്യമുള്ള രാജപാതകള്‍ ഇതിലെ കടന്നു പോയിരുന്നതിനാല്‍ ഇസ്രായേല്‍ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച അനേകം യുദ്ധങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് (ന്യായാ 5:19; 2 രാജാ 9:27; 23:29). അങ്ങനെ ഹര്‍മഗെദോന്‍ യുദ്ധക്കളത്തിന്‍റെ പര്യായമായിത്തീര്‍ന്നു. ദൈവജനത്തിനെതിരേ യുദ്ധത്തിനു വരുന്ന ലോകജനതകള്‍ ഇസ്രായേലിന്‍റെ മലകളില്‍ മരിച്ചുവീഴും എന്ന് ഗോഗ്-മാഗോഗ് പ്രതീകങ്ങളിലൂടെ (എസെ 38:8; 39:4) എസെക്കിയേല്‍ നടത്തിയ പ്രവചനത്തിന്‍റെ സൂചനയും ഇവിടെ കാണാം. ഏതെങ്കിലും ഒരു പ്രത്യേകസ്ഥലം എന്നതിനേക്കാള്‍ ഒരു പ്രതീകമായിട്ടാണ് ഹര്‍മഗെദോന്‍ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. ദൈവം തിന്മയെ പൂര്‍ണ്ണമായി നശിപ്പിക്കും എന്ന സത്യം ഹര്‍മഗെദോന്‍ യുദ്ധം എന്ന പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നു. അത് എന്ന്, എവിടെവെച്ചു സംഭവിക്കുമോ അതായിരിക്കും ഹെര്‍മഗെദോന്‍. യഹോഷാഫാത്ത് താഴ്വര (ജോയേല്‍ 3:2) പോലൊരു പ്രതീകമാണ് ഹര്‍മഗെദോന്‍.

വെളിപാട് 16:16-21, ഏഴാം പാത്രം

വെളിപാട് 16:17-18 ല്‍ ഭൂമിയ്ക്കുപരിയുള്ള വായുവില്‍ ക്രോധപാത്രം ഒഴിക്കുന്നതിലൂടെ ശിക്ഷാവിധി സാര്‍വ്വത്രികമാണെന്നു സൂചിപ്പിക്കുന്നു. ജലത്തിനുശേഷം വായുവും ശാപഗ്രസ്ഥമായിത്തീരുന്നു. ഇതാ തീര്‍ന്നു എന്ന  ഉദ്ഘോഷണം ഈ മഹാമാരികള്‍ അവസാനത്തേതാണ് എന്ന മുന്‍പ്രഖ്യാപനത്തെ (വെളി 15:1) അനുസ്മരിപ്പിക്കുന്നു. ദൈവവിരുദ്ധശക്തികള്‍ക്കെതിരേ ദൈവകോപം അതിന്‍റെ സര്‍വ്വഭീകരതയോടും കൂടെ ഇവിടെ പ്രത്യക്ഷപ്പെടുന്നു. ദൈവം തന്നെയാണ് മാറ്റമില്ലാത്ത വിധി പ്രഖ്യാപിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കുന്നതാണ് ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്നു പുറപ്പെടുന്ന സ്വരം. വിധിക്കാന്‍ വരുന്ന ദൈവത്തിന്‍റെ ഭീകരത വിളിച്ചറിയിക്കുന്നതാണ് മിന്നല്‍പിണരും ഉച്ചഘോഷങ്ങളും. ഇവ ഇതിനകം പലതവണ കണ്ടതാണ് (വെളി 4:5; 8:5; 11:19).

16:19, പ്രത്യക്ഷത്തില്‍ റോമായാണ് ഇവിടെ പരാമര്‍ശിക്കുന്ന മഹാനഗരം. മൂന്നായി പിളരുന്നത് സമൂലനാശത്തിന്‍റെ ചിത്രീകരണമാണ്. ജനതകളുടെ പട്ടണങ്ങള്‍ നിലംപതിക്കുന്നത് ലോകവ്യാപകമായ നാശത്തെ സൂചിപ്പിക്കുന്നു. റോമാ സാമ്രാജ്യവും സാമന്ത രാജ്യങ്ങളും ഒന്നടങ്കം നിലംപതിക്കുന്നത് ദൈവനിഷേധത്തിലും അക്രമത്തിലും രക്തച്ചൊരിച്ചിലിലും അടിയുറച്ച തിന്മയുടെ ആധിപത്യസംസ്കാരം പരിപൂര്‍ണ്ണമായി നശിപ്പിക്കപ്പെടുന്നതിന്‍റെ ചിത്രമാണ്. മഹാബാബിലോണിനെ പ്രത്യേകം ഓര്‍മ്മിച്ചു എന്ന പ്രസ്താവന അടുത്ത ഭാഗത്തിനു കളമൊരുക്കുന്നു.

16:20-21, ഭീകരമായ ഭൂകമ്പത്താലുണ്ടായ നാശത്തിന്‍റെ ചിത്രീകരണമാണ് ദ്വീപുകളും പര്‍വ്വതങ്ങളും അപ്രത്യക്ഷമാകുന്നത്. ആറാം മുദ്രയുമായി ബന്ധപ്പെട്ട മഹാമാരിയോട് (വെളി 6:14) ഇതിനു സാമ്യമുണ്ട്. കര്‍ത്താവിന്‍റെ ക്രോധത്തിന്‍റെ കൊടുങ്കാറ്റ് ഭീകരമായ കന്മഴ വിതറുന്നു. താലന്തിന്‍റെ ഭാരം ഏകദേശം 35 കിലോഗ്രാമാണ്. ഇവയൊന്നും മാനസാന്തരത്തിലേക്കു നയിക്കുന്നില്ല എന്ന ദുഃഖകരമായ പ്രസ്താവനയോടെ ഈ ഭാഗം അവസാനിക്കുന്നു.

വെളിപാട് 17:1-19:10, ബാബിലോണിന്‍റെ പതനം

വെളിപാടുപുസ്തകം അവതരിപ്പിക്കുന്ന സഭയും സാമ്രാജ്യവും തമ്മിലുള്ള സംഘട്ടനം അതിന്‍റെ പരിസമാപ്തിയോടടുക്കുകയായി; പ്രപഞ്ചനാടകം അതിന്‍റെ അവസാനരംഗങ്ങളില്‍ എത്തിക്കഴിഞ്ഞു. പീഡിതരുടെ നിലവിളിക്കും രക്തസാക്ഷികളുടെ പ്രാര്‍ത്ഥനക്കും അന്തിമമായ മറുപടി ലഭിക്കാന്‍ പോവുകയാണ്. കാത്തിരിപ്പിന്‍റെയും മാറ്റിവയ്ക്കലിന്‍റെയും സമയം കഴിഞ്ഞു. രണ്ടുതവണ മുന്‍കൂട്ടി അറിയിച്ച (വെളി 14:8; 16:19) മഹാബാബിലോണിന്‍റെ പതനം ഇവിടെ വിശദമായി ചിത്രീകരിക്കുന്നു. ഇതിലെ വിശദാംശങ്ങള്‍ പലതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണെങ്കിലും റോമായുടെ ചിത്രമാണ് വി.ഗ്രന്ഥകാരന്‍ ഇവിടെ അവതരിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല.

പ്രവാചകന്മാര്‍ തുടങ്ങിവച്ചതും അപ്പോകലിപ്റ്റിക് ഗ്രന്ഥകാരന്മാര്‍ വികസിപ്പിച്ചതുമാണ് സാമ്രാജ്യങ്ങളെ മൃഗങ്ങളും വേശ്യകളുമായി ചിത്രീകരിക്കുന്ന പാരമ്പര്യം. അവയുടെ സുഖഭോഗാസക്തിയും സ്വയം ദൈവമായി ചിത്രീകരിക്കാനുള്ള പ്രവണതയും മൃഗീയമായ ക്രൂരതയുമാണ് ഈ ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ കടന്നുപോയ റോമാസാമ്രാജ്യം തിന്മയുടെ പ്രത്യക്ഷീകരണങ്ങളില്‍ ഒന്നു മാത്രമാണ്. മറ്റു രൂപഭാവങ്ങളിലും നാമങ്ങളിലും ആ ശക്തി വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. അവയുടെയെല്ലാം നാശത്തിന്‍റെ പ്രതീകാത്മകമായ ചിത്രീകരണമാണ് ഈ ഭാഗത്തു നല്കുന്നത്. സനാതനമായ ദൈവവചനം ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിന്‍റെ മാത്രം വ്യാഖ്യാനമായി ഒതുക്കി നിര്‍ത്താനാവില്ല. വേശ്യയും മണവാട്ടിയും ദൈവവിരുദ്ധ ശക്തികളുടെയും ദൈവജനത്തിന്‍റെയും പ്രതീകങ്ങളാണ്.

വെളിപാട് 17:1-6, കുപ്രസിദ്ധ വേശ്യയും മൃഗവും

ക്രോധത്തിന്‍റെ പാത്രങ്ങളുമായി പ്രത്യക്ഷപ്പെട്ട ദൂതന്‍തന്നെ ബാ ബിലോണിന്‍റെ പതനം കാണിച്ചുകൊടുക്കുന്നതിലൂടെ ഈ ഭാഗത്തെ പാത്രങ്ങളുടെ സപ്തഗണവുമായി ബന്ധിപ്പിക്കുന്നു (വാ. 1). ഈ ദൂതന്‍തന്നെ കുഞ്ഞാടിന്‍റെ മണവാട്ടിയെ കാണിച്ചു കൊടുക്കുന്നതിനാല്‍ (വെളി 21:9) വേശ്യയുടെയും മണവാട്ടിയുടെയും ചിത്രങ്ങള്‍ പരസ്പര വിരുദ്ധങ്ങളായി അവതരിപ്പിക്കുന്നു. ബാബിലോണ്‍ നഗരത്തിനു ജറെമിയാ നല്കിയ വിശേഷണത്തെ (ജറെ 51:13) അനുസ്മരിപ്പിക്കുന്നതാണ് പെരുവെള്ളത്തിന്മേല്‍ ഉപവിഷ്ടയായിരിക്കുന്നവളുടെ ചിത്രം. യൂഫ്രട്ടീസ് നദിയും അതിന്‍റെ കൈവഴികളും കനാലുകളുംവഴി ജലസമൃദ്ധിയുള്ള നഗരമായിരുന്നു ബാബിലോണ്‍. ടൈബര്‍ നദീതീരത്ത് സ്ഥിതിചെയ്തിരുന്നു എന്നതിനേക്കാള്‍, ശക്തമായ നാവികസേനയും വിപുലമായ കടല്‍ വ്യാപാരവുംവഴി കടലുകളുടെമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നതിനാലാണ് റോമിനെ ഇപ്രകാരം വിശേഷിപ്പിക്കുന്നത്. 17:15ല്‍ ജലപ്പരപ്പിന്‍റെ അര്‍ത്ഥം ദൂതന്‍തന്നെ വ്യാഖ്യാനിക്കുന്നുണ്ട്.

മഹാവേശ്യ എന്ന വിശേഷണത്തിന് വ്യാഖ്യാതാക്കള്‍ രണ്ടു വിശദീകരണങ്ങള്‍ നല്കാറുണ്ട്. ദൈവത്തോട് അവിശ്വസ്തത കാട്ടിയ ഇസ്രായേലിനെ വേശ്യയായി ചിത്രീകരിക്കുന്ന പ്രവചനങ്ങളുടെ (ഏശ 1:21; ജറെ 2:20-37; എസെ 16) സ്വാധീനം ഈ വിശേഷണങ്ങളില്‍ കാണുന്ന ചിലര്‍ അവിശ്വസ്തയായിത്തീര്‍ന്ന സഭയെയാണ് മഹാവേശ്യയായി അവതരിപ്പിക്കുന്നത് എന്നു പഠിപ്പിക്കുന്നു. എന്നാല്‍ ദൈവവചനത്തിന്‍റെ വസ്തുനിഷ്ഠവും സൂക്ഷ്മവുമായ വിശകലനത്തില്‍ നിന്നല്ല, കത്തോലിക്കാ സഭയോടുള്ള വിരോധത്തില്‍നിന്നും അവള്‍ക്കെതിരായ മുന്‍വിധികളില്‍നിന്നുമാണ് ഈ വ്യാഖ്യാനം രൂപംകൊള്ളുന്നത്. സഭയെക്കുറിച്ചുള്ള നിശിതമായ വിമര്‍ശനങ്ങള്‍ സഭക്കുള്ള ഏഴു ലേഖനങ്ങളില്‍ അവതരിപ്പിച്ചുകഴിഞ്ഞു, ഇവിടെ സഭയെ പീഡിപ്പിക്കുന്ന സാമ്രാജ്യശക്തിയുടെമേലുള്ള ശിക്ഷയാണ് വിവരിക്കുന്നത്. അതിനാല്‍ ഇസ്രായേലിനെതിരേയുള്ള പ്രവചനങ്ങളല്ല, ദൈവജനത്തെ പീഡിപ്പിച്ച സാമ്രാജ്യങ്ങള്‍ക്കെതിരായുള്ള പ്രവാചക വിമര്‍ശനങ്ങളും ശിക്ഷാവിധികളുമാണ് (ഏശ 23:16-17; നാഹും 3:4) ഈ വിശേഷണത്തിന്‍റെ പശ്ചാത്തലമായി നില്ക്കുന്നത്.

17:2, റോമിനെ ദേവതയായും ചക്രവര്‍ത്തിയെ ദൈവമായും ആരാധിക്കുകയും റോമിന്‍റെ മ്ലേച്ഛവും ചൂഷകവുമായ സംസ്കാരം സ്വന്തമാക്കുകയും ചെയ്ത ജനപദങ്ങള്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്നു (ജറെ 51:7). ദൈവവിരോധികളും നിത്യശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും ആണ് അവര്‍ എന്ന് 17:8-ല്‍ വ്യാഖ്യാനിക്കുന്നു. ഇവരാണ് റോമിന്‍റെ പതനത്തില്‍ നഷ്ടം സഹിക്കുകയും വിലപിക്കുകയും ചെയ്യുന്നത്.

17:3, താന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ച് ദൈവികവെളിപാടു സ്വീകരിച്ചതായി യോഹന്നാന്‍ നാലുതവണ രേഖപ്പെടുത്തിയിട്ടുണ്ട് (1:10; 4:2; 17:3; 21:10). മിശിഹായെ പ്രസവിച്ച സ്ത്രീ സംരക്ഷിക്കപ്പെടുന്ന മരുഭൂമിയിലേക്കുതന്നെയാണ് (വെളി 12:6-14) സഭയെ പീഡിപ്പിക്കുന്ന സാമ്രാജ്യശക്തിക്കു സംഭവിക്കാന്‍ പോകുന്ന നാശം കാണാന്‍ യോഹന്നാന്‍ നയിക്കപ്പെടുന്നത്. കടലില്‍നിന്നു കയറിവന്നതായികണ്ട (13:1) മൃഗംതന്നെ ഇവിടെ പ്രത്യക്ഷപ്പെടുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും അക്രമവും രക്തച്ചൊരിച്ചിലുംവഴി അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന റോമാസാമ്രാജ്യത്തിന്‍റെ പ്രതീകമാണ് ഈ മൃഗം. അതിന്‍റെ നിറം സര്‍പ്പത്തിന്‍റെ നിറംതന്നെ (12:3). ദൈവം, കര്‍ത്താവ്, രക്ഷകന്‍ മുതലായ ദൈവിക നാമങ്ങള്‍ തന്‍റേതായി കരുതിയിരുന്ന റോമിന്‍റെ അവകാശവാദങ്ങളാണ് ദൈവദൂഷണപരമായ നാമങ്ങള്‍.

17:4, സ്ത്രീയുടെ വേഷവിധാനങ്ങള്‍ സീമാതീതമായ ഭൗതികസമ്പത്തിനെയും സുഖലോലുപതയെയും സൂചിപ്പിക്കുന്നു. കുഞ്ഞാടിന്‍റെ മണവാട്ടിയുടെ ലളിതമായ ശുഭ്രവസ്ത്രത്തിനു (19:8) കടകവിരുദ്ധമായി നില്ക്കുന്നതാണ് വശ്യമായ ഈ വസ്ത്രാലങ്കാരം. അവളുടെ കൈയിലെ പൊന്‍ചഷകം വിഗ്രഹാരാധനയിലേക്കും ധാര്‍മ്മികാധഃപതനത്തിലേക്കും നയിക്കുന്ന ചിന്താരീതി, ജീവിതശൈലി, ആചാരമര്യാദകള്‍ മുതലായവ സാമ്രാജ്യത്തിലുടനീളം നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് (ജറെ 51:7).

17:5, ആളെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ് നെറ്റിയില്‍ എഴുതിയ പേര്. റോമിലെ വേശ്യാലയങ്ങളിലെ സ്ത്രീകള്‍ തങ്ങളുടെ പേരെഴുതിയ ആഭരണം നെറ്റിയില്‍ ധരിച്ചിരുന്നു. ലോകത്തെ മുഴുവന്‍ വേശ്യാലയമാക്കിയ കുപ്രസിദ്ധ വേശ്യയാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത് എന്ന് ഈ പേരില്‍നിന്നു മനസ്സിലാക്കാം. ക്രിസ്തുവിന്‍റെ അനുയായികള്‍ നെറ്റിയില്‍ ധരിക്കുന്ന മുദ്രയുമായുള്ള വൈരുദ്ധ്യം (7:3; 9:4) ശ്രദ്ധേയമാണ്. നിഗൂഢനാമം - ബാബിലോണ്‍ എന്ന നാമം പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു സൂചിപ്പിക്കുന്നു.

17:6, മതപീഡനത്തിന്‍റെ ഭീകരമായ ചിത്രമാണ് ഈ വാക്യം വരച്ചുകാട്ടുന്നത്. രക്തം കുടിച്ച് ഉന്മത്തയായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കെതിരേ നടത്തിയ മതമര്‍ദ്ദനങ്ങളില്‍ റോമാക്കാര്‍ കണ്ടെത്തിയിരുന്ന പൈശാചിക സന്തോഷത്തെ ചിത്രീകരിക്കുന്നു. ക്രിസ്ത്യാനികളെ മൃഗീയമായി പീഡിപ്പിച്ചും വധിച്ചും രസിക്കാനുള്ള ഒരു ക്രൂരവിനോദമായിത്തീര്‍ന്നു മതപീഡനം. ലോകജനതകള്‍  വിസ്മയപൂര്‍വ്വം വീക്ഷിക്കുകയും ബഹുമാനാദരവുകളോടെ അനുസരിക്കുകയും അത്യുത്സാഹത്തോടെ അനുകരിക്കുകയും ചെയ്യുന്ന സാമ്രാജ്യശക്തിയുടെ യഥാര്‍ത്ഥചിത്രം ഇവിടെ അനാവരണം ചെയ്തു കഴിഞ്ഞു. ഈ ചിത്രത്തിലെ ചില വിശദാംശങ്ങളുടെ വ്യാഖ്യാനമാണ് അടുത്ത വാക്യങ്ങളില്‍ നല്കുന്നത്.

വെളിപാട് 17:7-18, ദൂതന്‍ നല്കുന്ന വ്യാഖ്യാനം

സ്ത്രീയുടെയും മൃഗത്തിന്‍റെയും രഹസ്യം ഒന്നുതന്നെയാണ് (വാ. 7). എന്നാല്‍ ദൂതന്‍ നല്കുന്ന വ്യാഖ്യാനങ്ങള്‍ രഹസ്യത്തെ കൂടുതല്‍ നിഗൂഢമാക്കുന്നതേയുള്ളൂ. ഗ്രന്ഥകാരന്‍ വിശദീകരണങ്ങള്‍ മനഃപൂര്‍വ്വം അവ്യക്തമാക്കിയിരിക്കുന്നു എന്ന പ്രതീതിയാണ് വായനക്കാര്‍ക്കു ലഭിക്കുക. ഇവയ്ക്കെല്ലാം തികച്ചും തൃപ്തികരമായ ഉത്തരം ഇനിയും ലഭ്യമല്ല. പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വ്യാഖ്യാനമാണ് ഇവിടെ നല്കാന്‍ ശ്രമിക്കുന്നത്.

17:8, ആത്മഹത്യ ചെയ്ത നീറോ മരിച്ചിട്ടില്ലെന്നും കിഴക്കുനിന്നു സൈന്യവുമായി വീണ്ടും വരുമെന്നും റോമില്‍ പ്രചാരത്തിലിരുന്ന വിശ്വാസത്തിന്‍റെ പശ്ചാത്തലത്തിലാവണം ഈ വാക്യം രൂപപ്പെടുത്തിയത്. "ഉണ്ടായിരുന്നു; ഇപ്പോള്‍ ഇല്ല, പാതാളത്തില്‍ നിന്നുവന്ന് നാശത്തിലേക്കു പോകും" എന്ന മൃഗത്തെക്കുറിച്ചുള്ള വിശദീകരണം "ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും" (വെളി 1:4) ആയ ദൈവത്തിന്‍റെയും വധിക്കപ്പെട്ടിട്ടും ഉയിര്‍ത്തെഴുന്നേല്ക്കുകയും എന്നേക്കും ജീവിക്കുകയും ചെയ്യുന്ന കുഞ്ഞാടിന്‍റെയും ചിത്രങ്ങളുടെ വികലവും വൈരുദ്ധ്യാത്മകവുമായ അനുകരണമാണ്. സാമ്രാജ്യങ്ങള്‍ വന്നുപോകുന്നു. ദൈവം മാത്രം നിത്യം നിലനില്ക്കുന്നു. എത്രതവണ തകര്‍ന്നുവീണാലും വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും ഉയിര്‍ത്തെഴുന്നേല്ക്കുന്ന തിന്മയുടെ ശക്തിയാണ് പാതാളത്തില്‍നിന്നുവന്ന് നാശത്തിലേക്കു പോകുന്ന മൃഗം. ലൗകികസാമ്രാജ്യങ്ങളെല്ലാം ഈ ശക്തിയുടെ പ്രത്യക്ഷീകരണങ്ങളാണ്. മനുഷ്യരില്‍ വിസ്മയം ജനിപ്പിച്ച അസീറിയായും ബാബിലോണും പേര്‍ഷ്യയും ഗ്രീസും റോമായും ഒരേ ശക്തിയുടെ വിവിധ പകര്‍പ്പുകള്‍ മാത്രം. അവയുടെയെല്ലാം വിധി ഒന്നുതന്നെ - നാശം. അവയെ വിസ്മയത്തോടെ വീക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ ആരും ദൈവത്തിനുള്ളവരല്ല. വന്‍സാമ്രാജ്യങ്ങള്‍ ലോകജനതകളുടെമേല്‍ ചെലുത്തുന്ന സ്വാധീനത്തിന് ക്രിസ്തുവിശ്വാസികള്‍ വഴിപ്പെടരുത് എന്ന വ്യംഗ്യമായൊരു താക്കീതും ഇവിടെ കാണാം.

17:9, മൃഗത്തെക്കുറിച്ചുള്ള വിശദീകരണം എളുപ്പം മനസ്സിലാക്കാവുന്നതല്ലെന്നും അതിനാല്‍ ആരും പെട്ടെന്ന് ഈ കാര്യത്തില്‍ ഒരു തീരുമാനം എടുക്കരുതെന്നും അനുവാചകരെ പ്രത്യേകം അനുസ്മരിപ്പിക്കുന്നതിനുവേണ്ടി "ഇവിടെയാണ് ജ്ഞാനമുള്ള മനസ്സിന്‍റെ ആവശ്യം" എന്ന മുന്നറിയിപ്പു നല്കുന്നു. ഇപ്രകാരം ഒരു മുന്നറിയിപ്പ് മൃഗത്തിന്‍റെ സംഖ്യയെക്കുറിച്ചും (13:18) നല്കുകയുണ്ടായി. മൃഗത്തിന്‍റെ ഏഴു തലകള്‍ക്ക് രണ്ടു വ്യാഖ്യാനങ്ങള്‍ നല്കിയിരിക്കുന്നു. ഏഴു തലകള്‍ റോമാപട്ടണം സ്ഥിതിചെയ്തിരുന്ന ഏഴു മലകളെ സൂചിപ്പിക്കുന്നു എന്നും അതിനാല്‍ മൃഗം റോമിന്‍റെ പ്രതീകമാണെന്നും കരുതാം. എന്നാല്‍ ഏഴു രാജാക്കന്മാര്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.

17:10-11, ഏഴു രാജാക്കന്മാര്‍ക്കു നല്കുന്ന വിശദീകരണം കാര്യങ്ങള്‍ കൂടുതല്‍ അവ്യക്തമാക്കുന്നു. റോമിനെ ഭരിച്ച ഏഴു ചക്രവര്‍ത്തിമാരാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെങ്കില്‍, ഈ വാക്യങ്ങളിലെ രണ്ടു സൂചനകള്‍ ഒരു നിഗമനത്തിനു സഹായിക്കുന്നു. "ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്" എന്ന പരാമര്‍ശം നീറോയെക്കുറിച്ചായിരിക്കണം. മരിച്ച നീറോ മടങ്ങിവരുമെന്ന ഐതിഹ്യത്തിന്‍റെ വെളിച്ചത്തില്‍ ഈ വിശദീകരണത്തെ മനസ്സിലാക്കാനാവും. "ഇനിയും വരാനിരിക്കുന്നവന്‍ ചുരുങ്ങിയ കാലത്തേക്കേ ഇവിടെ വസിക്കുകയുള്ളൂ" എന്നു പറയുന്നത് രണ്ടുവര്‍ഷം മാത്രം ഭരിച്ച ടൈറ്റസിനെക്കുറിച്ചായിരിക്കണം. ഈ നിഗമനങ്ങള്‍ ശരിയാണെങ്കില്‍ ഇവിടെ പരാമര്‍ശിക്കുന്ന രാജാക്കന്മാര്‍ അഗസ്റ്റസ്, ടൈബീരിയസ്, കലിഗുള, ക്ലോഡിയസ്, നീറോ വെസ്പാസിയാന്‍, ടൈറ്റസ്, ഡൊമീഷ്യന്‍ എന്നിവരാണ്. പക്ഷേ ഈ വ്യാഖ്യാനത്തിന് രണ്ടു പ്രശ്നങ്ങളുണ്ട്.

വെളിപാടുപുസ്തകം എഴുതപ്പെട്ടത് ഡൊമീഷ്യന്‍റെ കാലത്താണ് എന്നതില്‍ സംശയത്തിനിടയില്ല. എന്നാല്‍ മുകളില്‍ അവതരിപ്പിച്ച വ്യാഖ്യാനപ്രകാരം പുസ്തകം എഴുതിയത് വെസ്പാസിയാന്‍റെ കാലത്തായിരിക്കണം. ആനുകാലികസംഭവങ്ങളെ മുന്‍കൂട്ടി അറിയിച്ച പ്രവചനങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന അപ്പോകലിപ്റ്റിക് ശൈലിയുടെ ഭാഗമായി ഈ കാലപ്പിശകിനെ കണക്കാക്കാം. ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതാണെന്നു പറയുമ്പോള്‍ ഡൊമീഷ്യന്‍ ചക്രവര്‍ത്തി നീറോയുടെ പുനരവതാരമാണെന്ന സൂചനയാണു ലഭിക്കുക. സാമ്രാജ്യത്തില്‍ പ്രചാരത്തിലിരുന്ന ഐതിഹ്യവും ഡൊമീഷ്യനില്‍ പ്രകടമായ നീറോയെ വെല്ലുന്ന ക്രൂരതയും ഈ വ്യാഖ്യാനത്തിനു താങ്ങായി നില്ക്കുന്നു.

ജറുസലെം ദേവാലയത്തില്‍ സ്വന്തം വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച കലിഗുള മുതലുള്ള ഏഴു ചക്രവര്‍ത്തിമാരാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത് എന്നു മറ്റു ചിലര്‍ കരുതുന്നു. അപ്പോള്‍ ഏഴും എട്ടും രാജാക്കന്മാര്‍ ഇനിയും വരാനിരിക്കുന്നതായി കരുതണം. സാമ്രാജ്യത്തിന്‍റെ അന്ത്യം അടുത്തു എന്ന സൂചനയായിരിക്കും ഇതു നല്കുക.

രാജാക്കന്മാര്‍ ആരൊക്കെയെന്നു കൃത്യമായി തിട്ടപ്പെടുത്താന്‍ ശ്രമിക്കാതിരിക്കയാകും വി.ഗ്രന്ഥകാരന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കുന്നത്. ഏഴ് പൂര്‍ണ്ണസംഖ്യയാകയാല്‍ ഏഴു രാജാക്കന്മാര്‍ എന്നത് കൃത്യം ഏഴുപേര്‍ ആയിരിക്കണമെന്നില്ല. റോമാസാമ്രാജ്യത്തെ ഭരിച്ച രാജാക്കന്മാര്‍ മൊത്തമായിരിക്കും ഇവിടെ വിവക്ഷിക്കപ്പെടുക. "അഞ്ചു പേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. ഇനിയും വരാനിരിക്കുന്നയാള്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഇവിടെ വസിക്കുകയുള്ളൂ" എന്ന വിശദീകരണം സാമ്രാജ്യത്തിന്‍റെ അസ്ഥിരതയും അല്പായുസ്സും സൂചിപ്പിക്കുന്നതാവാം. 8-ാം വാക്യത്തില്‍ അവതരിപ്പിച്ച ആശയം കൂടുതല്‍ നിഗൂഢമായ മറ്റൊരു പ്രതീകത്തിലൂടെ ആവര്‍ത്തിക്കുന്നതായി ഇതിനെ കരുതാം.

17:11-14, പത്തുകൊമ്പുകളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ദാനി 7:7.27 ന്‍റെ സ്വാധീനം ദൃശ്യമാണ്. ഏഴുതലകളുടെ വ്യാഖ്യാനത്തിലെന്നപോലെ ഇവിടെയും അവ്യക്തത നിലനില്ക്കുന്നു. പത്ത് പൂര്‍ണ്ണസംഖ്യയായതിനാല്‍ ഒരു പ്രതീകമായേ കരുതാനാവൂ. മൃഗത്തോടൊത്ത് ഒരു മണിക്കൂര്‍ നേരത്തേക്ക് രാജാധികാരം സ്വീകരിക്കുകയും ഏകമനസ്സോടെ മൃഗത്തോടു ചേര്‍ന്ന് കുഞ്ഞാടിനെതിരേ യുദ്ധത്തിനു പുറപ്പെടുകയും ചെയ്യുന്ന ഇവര്‍ റോമാസാമ്രാജ്യത്തിന്‍റെ പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ ആയിരിക്കണം. ഈ ഗവര്‍ണര്‍മാരുടെ  ഭരണകാലം ഒരു വര്‍ഷം മാത്രമായിരുന്നതിനാല്‍ ചുരുങ്ങിയ സമയത്തെ സൂചിപ്പിക്കുന്ന ഒരു മണിക്കൂര്‍ എന്നു പറയുന്നതാവാം. റോമിന്‍റെ സാമന്തരും സഖ്യകക്ഷികളുമായ രാജാക്കന്മാരാണ് ഇവര്‍ എന്ന വ്യാഖ്യാനത്തിനും തുല്യ സാധ്യതയുണ്ട്. സാമ്രാജ്യത്തില്‍ ഉടനീളം നിലനിന്ന ദൈവവിരുദ്ധ സംസ്കാരത്തെയും ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളെയും സൂചിപ്പിക്കുന്നതാവാം കുഞ്ഞാടിനെതിരേയുള്ള യുദ്ധം. കുഞ്ഞാടിനു നല്കിയിരിക്കുന്ന വിശേഷണം പഴയനിയമത്തില്‍ യാഹ്വേയ്ക്കു നല്കുന്നതാണ് (നിയ 10:17). കുഞ്ഞാടിന്‍റെ അനുയായികള്‍ക്കു നല്കുന്ന വിശേഷണങ്ങള്‍ സഭ എന്ന പേരിന്‍റെ തന്നെ വിശദീകരണം ഉള്‍ക്കൊള്ളുന്നു. സഭ എന്നു വിവര്‍ത്തനം ചെയ്യുന്ന എക്ളേസിയാ (Ecclesia) എന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥം വിളിക്കപ്പെട്ടവരുടെ സമൂഹം എന്നാണ്. അവര്‍ കുഞ്ഞാടിനോട് എന്നും വിശ്വസ്തരായിരിക്കും.

17:15-18, അറ്റ്ലാന്‍റിക് സമുദ്രം മുതല്‍ യൂഫ്രട്ടീസ് നദിവരെയും ബ്രിട്ടാനിയാ മുതല്‍ എത്യോപ്യാവരെയും വ്യാപിച്ചുകിടന്ന, ലോകം അന്നുവരെ കണ്ടതില്‍ ഏറ്റം വിശാലമായ റോമാസാമ്രാജ്യത്തിന്‍റെ വിസ്തൃതിയെയും അധികാരത്തെയും വ്യക്തമാക്കുന്നതാണ് 15-ാം വാക്യം. തലസ്ഥാന നഗരിയായ റോമിനെ 18-ാം വാക്യം മഹാവേശ്യയായി ചൂണ്ടിക്കാട്ടുന്നു. അക്രമത്തില്‍ അടിയുറച്ച സാമ്രാജ്യം ആഭ്യന്തരകലാപത്തിലൂടെ തകരുന്നതിന്‍റെ വ്യക്തമായൊരു ചിത്രീകരണമാണ് 16-ാം വാക്യം നല്കുന്നത്. രണ്ടു സഹോദരിമാരുടെ പ്രതീകത്തിലൂടെ ഇസ്രായേലിനെതിരേ എസെക്കിയേല്‍ പ്രവാചകന്‍ നടത്തിയ നിശിതമായ വിമര്‍ശനങ്ങളുടെയും ഭീകരമായ ശിക്ഷയുടെ മുന്നറിയിപ്പിന്‍റെയും (എസെ 23) സ്വാധീനം ഇതില്‍ ദൃശ്യമാണ്. മാംസം ഭക്ഷിക്കുന്നത് ജെസബെല്‍ രാജ്ഞിയുടെ അന്ത്യത്തെ (2 രാജാ 9:30-37) അനുസ്മരിപ്പിക്കുന്നു. മൃഗത്തെയും രാജാക്കന്മാരെയും വേശ്യയ്ക്കെതിരേ തിരിക്കുന്നതു ദൈവമാണ് എന്നു ദൂതന്‍ വിശദീകരിക്കുന്നു. ലോകരാഷ്ട്രങ്ങളും സാമ്രാജ്യശക്തികളും അന്തിമമായി ദൈവത്തിന്‍റെ അധികാരത്തിന്‍ കീഴിലാണ്. അവരും  ദൈവത്തിന്‍റെ കല്പനകളാണ് അനുസരിക്കുന്നത്. ലോകചരിത്രത്തിനു പ്രവാചകന്മാര്‍ നല്കുന്ന വ്യാഖ്യാനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. റോമിന്‍റെ പാപങ്ങള്‍ക്ക് ആനുപാതികമായ ശിക്ഷയാണ് ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്. മഹാവേശ്യ നഗ്നയാക്കപ്പെടും; രക്തം കുടിച്ച് ഉന്മത്തയായവളുടെ മാംസം ഭക്ഷിക്കും; ക്രിസ്ത്യാനികളെ ചുട്ടുകരിച്ച നഗരം അഗ്നിക്കിരയാകും. ഭീകരമായ ഈ ശിക്ഷയുടെ വിശദമായ ചിത്രീകരണം തുടര്‍ന്നു നല്കുന്നു.

വെളിപാട് 18:1-8, ബാബിലോണിന്‍റെ പതനം

മഹാനഗരത്തിന്‍റെമേല്‍ ദൈവത്തിന്‍റെ അന്തിമവിധി പ്രസ്താവിക്കാനാണ് ദൂതന്‍ ഇറങ്ങിവരുന്നത്. ദൈവത്തിന്‍റെ മഹത്വം അവനില്‍ പ്രകാശിക്കുന്നു. ദൈവിക സന്നിധിയില്‍നിന്ന് പ്രമാണപ്പലകകളുമായി ഇറങ്ങിവന്ന മോശയുടെ മുഖം പ്രകാശിച്ചതിനെ (പുറ 34:29-35) ദൂതന്‍റെ തേജസ് അനുസ്മരിപ്പിക്കുന്നു. അതിലും ഉപരി, ദൈവത്തിന്‍റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിക്കുന്നതായിക്കണ്ട എസെക്കിയേലിന്‍റെ ദര്‍ശനത്തോട് (എസെ 43:2) ഇതിനു സാമ്യമുണ്ട്, മഹാനഗരത്തിന്‍റെ പതനവും അതിന്‍റെ കാരണവും 14:8-ല്‍ മുന്‍കൂട്ടി അറിയിച്ചതാണ്. ദൈവം മാറ്റമില്ലാത്ത വിധത്തില്‍ ശിക്ഷാവിധി പ്രസ്താവിച്ചുകഴിഞ്ഞു എന്ന ഉറച്ച ബോധ്യമാണ് ചരിത്രത്തില്‍ ഇനിയും യാഥാര്‍ത്ഥ്യമാകാത്ത കാര്യങ്ങള്‍ സംഭവിച്ചുകഴിഞ്ഞതായി ചിത്രീകരിക്കാന്‍ പ്രവാചകനെ പ്രേരിപ്പിക്കുന്നത്. സമൂലം നശിപ്പിക്കപ്പെട്ട്, തീര്‍ത്തും വിജനമായിത്തീര്‍ന്ന പട്ടണത്തിന്‍റെ ചിത്രമാണ് ഇവിടെ വിവരിക്കുന്നത്. പിശാചുക്കളും അശുദ്ധാത്മാക്കളും ബീഭത്സജന്തുക്കളും എല്ലാം നാശത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്ന പ്രതീകങ്ങളത്രേ. മഹാനഗരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും നാശത്തെക്കുറിച്ചുള്ള അനേകം പ്രവചനങ്ങളുടെ സ്വാധീനം ഈ വിവരണത്തില്‍ കാണാം (ഏശ 13:22; 34:11-15; ജറെ 9:10; 50:39; 51:8; എസെ 27:12-19; നാഹും 3:3-4). സുഖഭോഗവസ്തുക്കളുടെ വ്യാപാരത്തിലൂടെ ധനികരായവരെക്കുറിച്ചുള്ള പരാമര്‍ശം തുടര്‍ന്നു വിവരിക്കാന്‍ പോകുന്ന വ്യാപാരികളുടെ വിലാപത്തിനു വേദിയൊരുക്കുന്നു (വെളി 18:11-16).

18:4-5, നാശത്തിനായി ഉഴിഞ്ഞിട്ടിരിക്കുന്ന നഗരത്തില്‍നിന്ന് ഓടിയകലാനുള്ള ആഹ്വാനത്തിലും അനേകം പ്രവാചകവചനങ്ങളുടെ ധ്വനി കേള്‍ക്കാം (ഏശ 52:11; ജറെ 51:45). നാടും വീടും വിട്ട് പുതിയൊരു ദേശത്തേക്കുപോകാന്‍ അബ്രാഹത്തോടു ദൈവം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയതാണ് (ഉല്‍പ 12:1) ഈ ആഹ്വാനം. ജറുസലെമില്‍നിന്ന് ഓടിയകലാന്‍ യേശുനാഥന്‍ നല്കിയ മുന്നറിയിപ്പിന്‍റെ സ്മരണകളും (ലൂക്കാ 21:20-24) ഈ വാക്യം ഉണര്‍ത്തുന്നു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ റോമാനഗരം വിട്ടു പലായനം ചെയ്യാനല്ല, ആ നഗരം പ്രതിനിധാനം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുമായ ജീവിതശൈലിയിലും ആചാരാനുഷ്ഠാനങ്ങളിലും പങ്കുചേരാതിരിക്കാനാണ് ഇവിടെ നിര്‍ദ്ദേശം നല്കുന്നത് (യോഹ 17:15; 1 കറി 5:10; 2 കോറി 6:14). സഭകള്‍ക്കുള്ള ഏഴു ലേഖനങ്ങളില്‍ ഈ വിഷയം വിശദമായി പ്രതിപാദിച്ചതാണ്. പേഗന്‍ ജീവിതശൈലിയോട് അനുരൂപപ്പെടാനുള്ള പ്രലോഭനത്തിനെതിരേ വിശ്വാസികള്‍ക്കു നല്കുന്ന ശക്തമായ താക്കീതാണിത്. ആകാശത്തോളം കൂമ്പാരം കൂടിയ പാപത്തിന്‍റെ ചിത്രം ബാബിലോണിനെക്കുറിച്ചുള്ള ജറെമിയായുടെ വിവരണത്തെ (ജറെ 51:9) അനുസ്മരിപ്പിക്കുന്നു. ശിക്ഷാവിധിക്കായി ദൈവം ബാബിലോണിനെ അനുസ്മരിക്കുന്നത് 16:19-ല്‍ കണ്ടതാണ്.

18:6-8, മഹാനഗരത്തെ അവളുടെ അകൃത്യങ്ങളുടെപേരില്‍ ശിക്ഷിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു മുഴങ്ങുന്നസ്വരം വിശ്വാസികളോടല്ല, ശിക്ഷാവിധി നടപ്പാക്കാന്‍ കടപ്പെട്ടവരോടാണ് ഇവിടെ സംസാരിക്കുന്നത്. നീതിയുടെ സംരക്ഷണവും പുനഃസ്ഥാപനവും ലക്ഷ്യമാക്കിയുള്ള ശിക്ഷാവിധിയുടെ ചിത്രീകരണമാണ്, മാനുഷികമായ പകപോക്കലല്ല, ഇവിടെ അവതരിപ്പിക്കുന്നത്. അയല്ക്കാരനു നഷ്ടം വരുത്തുന്നവര്‍ ഇരട്ടി മടക്കിക്കൊടുക്കണം എന്ന കല്പന പഴയനിയമത്തിലുണ്ട് (പുറ 22:4-9). കൊടുക്കുന്നതനുസരിച്ചുകിട്ടും എന്ന് യേശുവും അനുസ്മരിപ്പിച്ചിട്ടുണ്ട് (മത്താ 7:2). ഇരട്ടിയെക്കുറിച്ചുള്ള പ്രവാചക പ്രഖ്യാപനങ്ങളുടെ സ്വാധീനം (ജറെ 16:18; ഏശ 40:2) ഈ വാക്യങ്ങളില്‍ ദൃശ്യമാണ്.

 സ്വാര്‍ത്ഥലാഭവും സുഖഭോഗാസക്തിയും അതിനുവേണ്ടി നടത്തിയ ചൂഷണവും അക്രമങ്ങളുമാണ് ഇവിടെ ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ എല്ലാറ്റിലും ഉപരി മഹാനഗരത്തിന്‍റെ പാപം അവളുടെ അഹങ്കാരമാണ്. ദൈവത്തെ മറക്കുക മാത്രമല്ല, നിഷേധിക്കുകയും സ്വയം ദൈവമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന, താന്‍ പോരിമയാണ് ദൈവകോപവും നിത്യനാശവും വിളിച്ചു വരുത്തുന്ന ഏറ്റം വലിയ പാപം. ഈ അഹംഭാവം വളരെ പെട്ടെന്ന് അസ്തമിക്കും എന്ന് ഒറ്റദിവസം എന്ന സമയപരിധി സൂചിപ്പിക്കുന്നു. വെളിപാടുപുസ്തകത്തില്‍ ചിത്രീകരിച്ച സകല മഹാമാരികളും ഒരുമിച്ച് അവളുടെമേല്‍ പതിക്കും. ഒറ്റദിവസം എന്നത് വീണ്ടും ഒരു മണിക്കൂര്‍ എന്ന് മൂന്നുതവണ ആവര്‍ത്തിച്ചു പറയുന്നുണ്ട് (18:10.16.19). ദൈവത്തിന്‍റെ ശിക്ഷ അപ്രതീക്ഷിതമായി, പെട്ടെന്നായിരിക്കും വരുക. ഏതുവലിയ സാമ്രാജ്യത്തെയും ശിക്ഷിക്കാന്‍ കരുത്തുള്ളവനാണ് ദൈവം എന്ന് ഒരിക്കല്‍കൂടി അനുസ്മരിപ്പിക്കുന്നു.

18:9-20, ബാബിലോണിനെക്കുറിച്ചു വിലാപം

മഹാനഗരത്തിന്‍റെ ആരാധകരും ആശ്രി        തരും ഗുണഭോക്താക്കളുമായ ജനങ്ങള്‍ മൂന്നു ഗണങ്ങളായി തിരിഞ്ഞ് നഗരത്തിന്‍റെ നാശത്തെക്കുറിച്ച് വിലപിക്കുന്ന ചിത്രം വളരെ വിശദമായി അവതരിപ്പിച്ചിരിക്കുന്നു. സ്വാര്‍ത്ഥമോഹങ്ങള്‍ക്കും സുഖലോലുപതയ്ക്കും സംഭവിച്ച ഭംഗങ്ങളാണ്, തകര്‍ന്നുവീണ നഗരത്തോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമല്ല വിലാപത്തിനു കാരണം എന്നതു ശ്രദ്ധേയമത്രേ. ദൈവത്തെ മറന്ന മഹാനഗരങ്ങളെക്കുറിച്ചു പ്രവാചകന്മാര്‍ പാടിയ ചരമഗാനങ്ങള്‍ ആറ്റിക്കുറുക്കിയെടുത്തതാണ് ഇവിടെ ആലപിക്കുന്ന വിലാപഗാനങ്ങള്‍. ടയിര്‍ നഗരത്തെക്കുറിച്ച് എസെക്കിയേല്‍ ആലപിച്ച ചരമഗാനത്തോട് (എസെ 27) ഈ വിലാപത്തിന് ഏറ്റം അടുത്ത സാമ്യമുണ്ട്. ഭൂമിയിലെ രാജാക്കന്മാരും (18,9-10) ഭൂമിയിലെ വ്യാപാരികളും (18:11-17മ) കടല്‍വ്യാപാരികളും (18:17യ-19) മാറിമാറി തങ്ങള്‍ക്കു വന്നുഭവിച്ച നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞു വിലപിക്കുമ്പോള്‍ ദൈവം നീതി നടത്തിയതിന്‍റെ പേരില്‍ സ്വര്‍ഗ്ഗവാസികള്‍ ആഹ്ലാദിച്ചു ദൈവത്തെ സ്തുതിക്കുന്നു (18:20).

പുതുതായി ഒരു സന്ദേശവും ഈ ഭാഗത്ത് അവതരിപ്പിക്കുന്നില്ല; പലതവണ മുന്‍കൂട്ടി അറിയിച്ച റോമിന്‍റെ പതനത്തെ വിശദമായി വര്‍ണ്ണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. വിലപിക്കുന്ന മൂന്നു വിഭാഗങ്ങളും കത്തിയെരിയുന്ന നഗരത്തെ രക്ഷിക്കാന്‍ അടുത്തുവരാതെ അകലെ മാറിനിന്നു വിലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മഹാനഗരത്തിനു പെട്ടെന്നുണ്ടായ നാശം അവരെയെല്ലാം ഭയവിഹ്വലരാക്കുന്നു. എന്നാല്‍ ഈ ഭയവും ദുഃഖവും മാനസാന്തരത്തിലേക്കു നയിക്കുന്നില്ല; നഷ്ടബോധവും നിരാശയും മാത്രമാണ് അവശേഷിക്കുന്നത്.

18:9-10, വ്യഭിചാരവും ഭോഗജീവിതവും സാമന്തരാജാക്കന്മാര്‍ക്കും ആശ്രിതരായ ഭരണാധികാരികള്‍ക്കും റോമാ നല്കിയിരുന്ന സംരക്ഷണത്തിന്‍റെയും സുഖലോലുപതയുടെയും അവര്‍ റോമിനര്‍പ്പിച്ചിരുന്ന ആരാധനയുടെയും വ്യാഖ്യാനമാണ്. അവരുടെ വിലാപംതന്നെ നഗരത്തിന്‍റെ നാശത്തെക്കുറിച്ചുള്ള പ്രവചനമായിത്തീരുന്നു. സമൃദ്ധിയുടെ ഉച്ചകോടിയില്‍ കഴിയുന്ന നഗരത്തിനു ചരമഗാനം ആലപിക്കുന്നത് അതിന്‍റെ സമൂലനാശത്തെക്കുറിച്ചുള്ള ഉറപ്പ് വ്യക്തമാക്കുന്നു (ആമോ 5:1-2). ഹാ കഷ്ടം എന്ന വിലാപം രാജാക്കന്മാരും വ്യാപാരികളും കടല്‍ ജീവനക്കാരും ആവര്‍ത്തിക്കുന്നുണ്ട്. വെളി 8:13 ല്‍ "ദുരിതം" എന്നു വിവര്‍ത്തനം ചെയ്ത ഗ്രീക്കുപദമാണ് ഇവിടെ "ഹാ കഷ്ടം" എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കഴുകന്‍ അറിയിച്ച ദുരിതങ്ങളില്‍ മൂന്നാമത്തേത് ബാബിലോണിന്‍റെ പതനം ആയിരിക്കണം.

18:11-17a, റോമിന്‍റെ സമ്പന്നതയും സുഖലോലുപതയും വ്യക്തമാക്കുന്നതാണ് വ്യാപാരികളുടെ വിലാപം. പേരെടുത്തുപറയുന്ന  28 കച്ചവടച്ചരക്കുകളില്‍ ബഹുഭൂരിഭാഗവും സുഖഭോഗവസ്തുക്കളാണ്. അവയില്‍ ആനക്കൊമ്പ്, കറുവാപ്പട്ട, വിലയേറിയ തടി (ചന്ദനം, തേക്ക്, ഈട്ടി മുതലായവ) ഇന്ത്യയില്‍നിന്നുപോലും എത്തുന്നതായിരുന്നു. ലോകത്തിലെ ഏറ്റം വിലപിടിച്ച വസ്തുക്കളെല്ലാം റോമില്‍ എത്തിയിരുന്നു. വസ്തുക്കളും മൃഗങ്ങളും മാത്രമല്ല, മനുഷ്യരും കച്ചവടം ചെയ്യപ്പെട്ടിരുന്നു. ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനം റോമാസാമ്രാജ്യത്തില്‍ ഏകദേശം ആറുകോടി അടിമകളുണ്ടായിരുന്നത്രേ. മനുഷ്യരെ മൃഗങ്ങളെപ്പോലെ കച്ചവടം ചെയ്യുകയും ഉപയോഗിക്കുകയും വധിക്കുകയും ചെയ്യുന്ന സാമ്രാജ്യത്തിനു നിലനില്ക്കാനാവില്ല. ആഡംബരങ്ങള്‍ക്കും സുഖലോലുപതയ്ക്കും പ്രൗഢിപ്രകടനങ്ങള്‍ക്കുംവേണ്ടി കോടിക്കണക്കിനു മനുഷ്യരുടെ അദ്ധ്വാനഫലം ധൂര്‍ത്തടിച്ച റോമാ ജീര്‍ണ്ണത ബാധിച്ച സംസ്കാരത്തിന്‍റെ ഉത്തമോദാഹരണമാണ്. ആത്മാവ് കൊതിച്ച കനി ദീര്‍ഘകാലത്തെ അധ്വാനത്തിനും കാത്തിരിപ്പിനുംശേഷം പഴുത്തു പാകമായപ്പോള്‍ പെട്ടെന്നു നശിച്ചുപോയ ഫലമാണ്.

18:17b-19, കടല്‍വഴിയുള്ള വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കുകയും കടലും കപ്പലുമായി ബന്ധപ്പെട്ട ജോലികളിലൂടെ ഉപജീവനം കഴിക്കുകയും ചെയ്തവരെല്ലാം തങ്ങളുടേതായ വിലാപഗാനം ആലപിക്കുന്നു. "ഈ മഹാനഗരത്തിനു സദൃശ്യമായി ആരുണ്ട്" എന്ന അവരുടെ ചോദ്യം "ഈ മൃഗത്തെപ്പോലെ ആരുണ്ട്" (13:4) എന്ന റോമിന്‍റെ ആരാധകരുടെ ചോദ്യത്തെ അനുസ്മരിപ്പിക്കുന്നു.

18:20, ദീര്‍ഘമായ വിലാപങ്ങള്‍ക്കുശേഷം രംഗം പെട്ടെന്നു മാറുന്നു. പീഡനവും ആശ്വാസവും, ഭീകരതയും മനോഹാരിതയും, ശിക്ഷയും രക്ഷയും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന ശൈലി ഇവിടെയും ആവര്‍ത്തിക്കുന്നു. മഹത്വീകൃതമായ സഭയാണ് ആഹ്ലാദിക്കാന്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. വിശ്വാസികളുടെമേല്‍ അന്യായമായി വിധിപ്രസ്താവിച്ച മഹാനഗരത്തിന്‍റെമേല്‍ ദൈവം ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞു. "അവള്‍ കൊടുത്തതുപോല അവള്‍ക്കും തിരിച്ചുകൊടുക്കുവിന്‍" (18:6) എന്ന നിര്‍ദ്ദേശം ഇവിടെ അനുവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. "ഇനിയും എത്രനാള്‍?" എന്ന ചോദ്യത്തിന് (6:10) അന്തിമമായ ഉത്തരം ലഭിച്ചതിനാല്‍ അവര്‍ക്കു സന്തോഷിക്കാം. സത്യത്തിന്‍റെയും നീതിയുടെയും അന്തിമമായ വിജയത്തിലുള്ള സന്തോഷമാണിത് (നിയ 32:43; ജറെ 51:48-49).

വെളിപാട് 18:21-24, ബാബിലോണിന്‍റെ ഉന്മൂലനം

മഹാബാബിലോണായ റോം ചരിത്രത്തില്‍നിന്നു പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മക പ്രവര്‍ത്തനമാണ് തിരികല്ലെടുത്ത് കടലിലേക്കെറിയുന്നത്. ബാബിലോണിന്‍റെ നാശത്തെ സൂചിപ്പിക്കാന്‍ ജറെമിയായും ഇതേ പ്രവൃത്തി ചെയ്തു (ജറെ 51:63-64). ഇതിനുമുമ്പ് രണ്ടുതവണ രണ്ടു ചുരുളുകളുമായി ബന്ധപ്പെട്ട് (5:2; 10:1) പ്രത്യക്ഷപ്പെട്ട ശക്തനായ ദൂതന്‍ ഇവിടെ വീണ്ടും പ്രത്യക്ഷപ്പെടുന്നത് രണ്ടു ചുരുളുകളുടെയും ഉള്ളടക്കം നിവര്‍ത്തിയാകുന്നതിനെ സൂചിപ്പിക്കാനാവും. നഗരത്തിന്‍റെ സമൂലനാശത്തിനു തെളിവാണ് അവിടെ തളംകെട്ടിക്കിടക്കുന്ന ശ്മശാനമൂകത. നിശബ്ദതയും അന്ധകാരവും മാത്രം അവശേഷിച്ചിരിക്കുന്ന ഈ ചിത്രത്തിലും പഴയനിയമ പ്രവചനങ്ങളുടെ (എശ 24:8-9; ജറെ 7:34; 16:9; എസെ 26:13) സ്വാധീനം കാണാം.

മഹാനഗരത്തിന്‍റെ ഉന്മൂലനത്തിന് മൂന്നു കാരണങ്ങള്‍ നല്കിയിരിക്കുന്നു. 1. വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. സുഖഭോഗവസ്തുക്കളുടെ വ്യാപാരത്തിലൂടെ സീമാതീതമായ സമ്പത്തു കയ്യടക്കിയ വര്‍ത്തകപ്രമാണിമാര്‍ സ്വയം "ദൈവങ്ങള്‍" ചമഞ്ഞു; അപ്രകാരം മറ്റുള്ളവര്‍ അവരെ വണങ്ങി. 2. ആഭിചാരംകൊണ്ടു വഞ്ചിച്ചു  ജനത്തെ വഴിതെറ്റിക്കുന്ന റോമിന്‍റെ സുഖലോലുപ സംസ്കാരവും റോമാക്കാര്‍ പ്രയോഗിച്ചിരുന്ന ദുര്‍മന്ത്രവാദവും ഇവിടെ അനുസ്മരിക്കുന്നു. 3. രക്തം. മതപീഡനത്തെക്കുറിച്ച് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു പറയുന്നു. നിരപരാധികളുടെ രക്തം മറച്ചു വയ്ക്കാനാവില്ല (ഉല്‍പ 4:10; ഏശ 26:21; ജറെ 2:34); അതിനു ശിക്ഷയനുഭവിച്ചേ തീരൂ (മത്താ 23:35). മഹാനഗരമായ റോമായുടെമേല്‍ ദൈവം നടപ്പാക്കുന്ന ശിക്ഷാവിധി തികച്ചും നീതിയുക്തമാണെന്ന് ഈ കാരണങ്ങള്‍ തെളിയിക്കുന്നു.

വിചിന്തനം: അക്രമത്തിന്‍റെയും അധര്‍മ്മത്തിന്‍റെയും മുകളിലാണ് വന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടത്. സാമ്രാജ്യങ്ങള്‍ പ്രചരിപ്പിച്ച സംസ്കാരം മിക്കപ്പോഴും അനീതിനിറഞ്ഞതും ദൈവത്തെ നിഷേധിക്കുന്നതുമായിരുന്നു. അവയുടെ നീണ്ട പട്ടികയില്‍നിന്ന് ഒരുദാഹരണമാണ് മൃഗത്തിന്മേല്‍ ഉപവിഷ്ടയായ മഹാബാബിലോണ്‍ എന്ന വേശ്യ. സാമ്രാജ്യ ശക്തികള്‍ ഇന്നും ദൈവവിരുദ്ധവും അനീതിപരവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. ധാര്‍മ്മിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന സാമ്രാജ്യങ്ങള്‍ക്ക് പക്ഷേ ദീര്‍ഘകാലം നില്ക്കാനാവില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മഹാബാബിലോണ്‍ ഒരു പ്രതീകമാണ്. ദൈവത്തെ നിഷേധിക്കുന്ന, നിഷേധിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന ഭൗതിക-രാഷ്ട്രീയശക്തികളുടെ പ്രതീകം. എന്നാല്‍ ഉള്ളില്‍ത്തന്നെ ഉണ്ടാകുന്ന വൈരുധ്യങ്ങള്‍ അവയുടെ തകര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു. അതിരുകടന്ന ഭോഗാസക്തിയും ഉപഭോഗതൃഷ്ണയും നാശത്തിലേക്ക് നയിക്കും എന്ന് ബാബിലോണിന്‍റെ പതനം എന്ന പ്രതീകത്തിലൂടെ പഠിപ്പിക്കുന്നു. ഇന്ന് ലോകത്തെ ഭരിക്കുന്ന ആഗോളവല്‍കൃതമായ ഉപഭോഗ സംസ്കാരത്തിന്‍റെയും ഗതിമറ്റൊന്നായിരിക്കുകയില്ല എന്നതിന് ആ സംസ്കാരത്തിന്‍റെ ഉള്ളില്‍ നിന്നുതന്നെ അടയാളങ്ങള്‍ ധാരാളമുണ്ട്.

മഹാബാബിലോണിന്‍റെ പതനത്തില്‍ കൂട്ടം കൂടി നിന്നു വിലപിക്കുന്ന മൂന്നുസംഘം ആളുകള്‍ എടുത്തു പറയുന്ന നഷ്ടങ്ങളെല്ലാം ഇന്നത്തെ ഉപഭോഗസംസ്ക്കാരത്തിന്‍റെമേല്‍ പതിക്കാന്‍ പോകുന്ന ദുരന്തത്തിന്‍റെ വര്‍ണ്ണനയായി കാണാം. അനീതി നിറഞ്ഞ വ്യാപാരത്തിലൂടെയും ചൂഷണത്തിലൂടെയും ആണ് മഹാനഗരവും നിവാസികളും സമ്പന്നരായത്. ഇന്ന് സമ്പന്നരെന്നഭിമാനിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും എങ്ങനെ സമ്പന്നരായി എന്ന് ആത്മപരിശോധന ചെയ്യാന്‍ ഈ വിലാപങ്ങള്‍ പ്രേരിപ്പിക്കുന്നു.

അവികസിതരും വികസ്വരങ്ങളുമായ രാജ്യങ്ങളുടെ അസംസ്കൃത പദാര്‍ത്ഥങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളും സേവനങ്ങളും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ തുച്ഛമായ തുകയ്ക്ക് ചോര്‍ത്തിയെടുത്ത് സമ്പന്നരായവര്‍ ഇന്നു വലിയ നാശത്തിന്‍റെ വക്കില്‍ എത്തിനില്‍ ക്കുന്നു. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്കാതെ സമ്പത്ത് സ്വരുക്കൂട്ടിയവര്‍ക്കെ തിരേ ഉയരുന്ന ശാപവചസുകള്‍ (യാക്കോ 5,1-6) ഇവിടെ പ്രസക്തമാകുന്നു. തകരുന്ന ബാങ്കുകളും ഇടിയുന്ന ഷെയര്‍ സൂചികകളും പെരുകുന്ന വ്യാപാരക്കമ്മിയും ഞെരുക്കുന്ന കടക്കെണികളും പാപ്പരായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാകുന്ന രാജ്യങ്ങളും എല്ലാം വെളിപാടിലെ വിലാപത്തിന്‍റെ പ്രതിധ്വനികളല്ലേ?

"അവളില്‍ നിന്ന് ഓടിയകലുവിന്‍"(18,4) എന്ന ആഹ്വാനം ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഉപഭോഗസംസ്ക്കാരത്തിന്‍റെ മായാവലയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഈ വിളി കേട്ടില്ല എന്നു നടിക്കുന്നത് മാരകമായിരിക്കും. മനുഷ്യന്‍റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്കു കഴിയും, ആര്‍ത്തിക്കു തൃപ്തിവരുത്താനാവില്ല. "മതി" എന്നു പറയാന്‍ പഠിക്കണം. മഹാനഗരങ്ങള്‍ വച്ചുനീട്ടുന്ന സുഖഭോഗങ്ങളും ആഡംബരങ്ങളും പ്രലോഭനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് തിരസ്ക്കരിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം.

വെളിപാട് 19:1-4, സ്വര്‍ഗ്ഗത്തില്‍ വിജയഗീതം

മഹാനഗരത്തിന്‍റെ നാശത്തില്‍ വിലപിച്ച മൂന്നു ഗണങ്ങള്‍ക്കു സമാന്തരമായി സ്വര്‍ഗ്ഗത്തില്‍ ദൈവദൂതന്മാര്‍, ശ്രേഷ്ഠന്മാരും ജീവികളും, വിജയംവരിച്ച സഭ എന്നീ മൂന്നു ഗണങ്ങള്‍ വിജയഗീതം ആലപിക്കുന്നു. 18:20-ല്‍ നല്കിയ ആഹ്വാനത്തിനു മറുപടിയെന്നോണമാണ് ഈ ഗീതങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. "സ്ത്രീയും സര്‍പ്പവും" എന്ന ഭാഗത്തിന്‍റെ അവസാനം കണ്ട വിജയഗീതത്തെ (15:3-4) ഇത് അനുസ്മരിപ്പിക്കുന്നു.

19:1 കര്‍ത്താവിനെ സ്തുതിക്കുവിന്‍ (ഹല്ലെലൂ-യാഹ്വേ) എന്നര്‍ത്ഥമുള്ള ഹല്ലേലൂയ്യാ എന്ന പദം പുതിയനിയമത്തില്‍ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഈ കീര്‍ത്തനങ്ങളിലാകട്ടെ അതു നാലു തവണ (19:1.3.4.6) ഉപയോഗിച്ചിരിക്കുന്നു. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ആരാധനക്രമങ്ങളില്‍ ഈ പദത്തിന് വലിയ സ്ഥാനമുണ്ട്. അനേകം സങ്കീര്‍ത്തനങ്ങള്‍ "ഹല്ലേലുയ്യാ" എന്ന പദം കൊണ്ടാണ് ആരംഭിക്കുന്നത്. 111-118; 146-150 എന്നിവ ഹല്ലേല്‍ സങ്കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സ്വര്‍ഗ്ഗീയ ലിറ്റര്‍ജിയുടെ ഒരു ചെറിയ ചിത്രമാണ് ഗ്രന്ഥകാരന്‍ ഈ വിജയാഘോഷങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കുഞ്ഞാട് ചുരുള്‍ സ്വീകരിച്ചപ്പോള്‍ കണ്ട ദൃശ്യവുമായി (5:8-14) ഇതിനു സാമ്യമുണ്ട്. മനുഷ്യര്‍ക്കു രക്ഷ നല്കുന്നതിലൂടെ പ്രകടമാകുന്ന ദൈവത്തിന്‍റെ ശക്തിയും മഹത്വവും ആദ്യമേ പ്രകീര്‍ത്തിക്കപ്പെടുന്നു.

19:2-3, മഹാനഗരത്തിന്‍റെമേല്‍ നടപ്പാക്കുന്ന അന്തിമവിധി നീതിയുക്തവും സത്യസന്ധവുമാണ് എന്ന് ഏറ്റുപറഞ്ഞ് സ്തുതികീര്‍ത്തനത്തിന്‍റെ കാരണം വ്യക്തമാക്കുന്നു. 15:3; 16:7 എന്നീ വാക്യങ്ങളില്‍ നാം കണ്ടുകഴിഞ്ഞതാണ് ദൈവത്തിന്‍റെ വിധിയുടെ ഈ വിശേഷണങ്ങള്‍. ദൈവനിഷേധകമായ ജീവിതശൈലിയും പഠനങ്ങളുംവഴി ലോകജനതകളെ സത്യദൈവത്തില്‍നിന്നകറ്റി പാപത്തിലേക്കു നയിച്ചു എന്ന ബാബിലോണിന്‍റെ കുറ്റം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. രക്തസാക്ഷികള്‍ ആവശ്യപ്പെട്ട പ്രതികാരം (6:10) നടപ്പാക്കിക്കഴിഞ്ഞതായി ദൈവദൂതഗണം പ്രഘോഷിക്കുന്നു. ദാസന്മാര്‍ എന്ന പദം ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും (1:1)  അനേകം  രക്തസാക്ഷികളെക്കുറിച്ചും ഉള്ള പരാമര്‍ശങ്ങളെ അനുസ്മരിപ്പിക്കുന്നു. ശിക്ഷ നിത്യമാണെന്നുള്ള സൂചനനല്കുന്നതാണ് എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുക (വെളി 14:11; ഏശ 34:10). ദൈവം നീതി നടപ്പാക്കുകതന്നെ ചെയ്യും എന്നു വിളിച്ചറിയിക്കുന്ന ശാശ്വതസ്മാരകമാണ് കത്തിയെരിയുന്ന മഹാനഗരത്തില്‍നിന്നു നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുക.

19:4, സഭയുടെയും സൃഷ്ടപ്രപഞ്ചത്തിന്‍റെയും പ്രതീകങ്ങളും പ്രതിനിധികളുമായ ഇരുപത്തിനാലു ശ്രേഷ്ഠന്മാരും നാലു ജീവികളും (വെളി 4:4-8; 11:16) ദൈവദൂതകീര്‍ത്തനത്തെ തങ്ങളുടേതായി ഏറ്റുപറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിക്കുന്നു. വെളിപാടു പുസ്തകത്തില്‍ അവസാനമായി  ഇവിടെയാണ് ഈ ഗണം പ്രത്യക്ഷപ്പെടുന്നത്.

വെളിപാട് 19:5-10, വിവാഹത്തിന്‍റെ മുന്നറിയിപ്പ്

ദൈവികസിംഹാസനത്തില്‍ നിന്നുവരുന്ന സ്വരം ദൈവത്തിന്‍റെയോ കുഞ്ഞാടിന്‍റെയോ സ്വരമല്ല എന്ന് നമ്മുടെ ദൈവം എന്ന പ്രയോഗത്തില്‍നിന്ന് അനുമാനിക്കാം (വാ. 1). സിംഹാസനത്തിന് അകമ്പടി സേവിക്കുന്ന ജീവികളോ ദൂതന്മാരോ ആകാം ഈ ആഹ്വാനം നല്കുന്നത്. സ്വര്‍ഗ്ഗവാസികളോടൊപ്പം ഭൂമിയിലെ സഭയും ദൈവത്തെ സ്തുതിക്കാന്‍ ക്ഷണിക്കപ്പെടുന്നു. ദൈവത്തിന്‍റെ ദാസര്‍ രക്തസാക്ഷികളും പ്രവാചകന്മാരും മാത്രമല്ല, ദൈവത്തെ ഭയപ്പെടുന്നവരായ സഭാംഗങ്ങള്‍ മുഴുവനുമാണ്. ചെറിയവരും വലിയവരും എന്ന പ്രയോഗം സഭയിലെ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നു (വെളി 11:18).

19:6-7, സഭാസമൂഹം ഒന്നടങ്കം വലിയ ശബ്ദത്തില്‍ ആര്‍ത്തുവിളിച്ചു ദൈവത്തെ സ്തുതിക്കുന്നതിനു രണ്ടു കാരണങ്ങള്‍ നല്കിയിരിക്കുന്നു: 1. ദൈവത്തിന്‍റെ രാജഭരണം ആരംഭിച്ചിരിക്കുന്നു. ദൈവം എന്നും രാജാവാണെങ്കിലും ഭൂമിയില്‍ അവിടുത്തെ ഭരണം സംസ്ഥാപിതമാകുന്നത് തിന്മയെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്തുകഴിയുമ്പോഴാണ്. "അങ്ങയുടെ രാജ്യം വരണമേ" (മത്താ 6:10) എന്നു പ്രാര്‍ത്ഥിക്കാന്‍ യേശു പഠിപ്പിച്ചത് ഈ രാജവാഴ്ചയ്ക്കുവേണ്ടിയാണ്. പ്രവാചകന്മാരിലൂടെ ദൈവം അറിയിച്ച രഹസ്യം (വെളി 10:7) സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 18-ാം അദ്ധ്യായത്തില്‍ വിവരിച്ച മഹാനഗരത്തിന്‍റെ നാശം ദൈവം തന്‍റെ രാജവാഴ്ച ഭൂമിയില്‍ ആരംഭിച്ചതിന്‍റെ പ്രത്യക്ഷമായ അടയാളമാണ്.

  1. കുഞ്ഞാടിന്‍റെ വിവാഹം സമീപിച്ചിരിക്കുന്നു. തിന്മയുടെ മേലുള്ള സമ്പൂര്‍ണ്ണവിജയവും ദൈവത്തിന്‍റെ രാജവാഴ്ചയും, യേശുവും സഭയും തമ്മിലുള്ള ഗാഢവും അവിഭാജ്യവും സ്നേഹത്തില്‍ അധിഷ്ഠിതവുമായ ഐക്യത്തിലേക്ക് നയിക്കുന്നു. ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധത്തെ ബൈബിളില്‍ ഉടനീളം വിവാഹബന്ധമായി ചിത്രീകരിക്കുന്നുണ്ട് (ഹോസി 2:1-23; ഏശ 54:4-8; ജറെ 3:1-13; എസെ 16). ഉത്തമഗീതം മുഴുവന്‍ ഈ പ്രതീകത്തിന്‍റെ കാവ്യാത്മകമായ വ്യാഖ്യാനമാണ്. പുതിയനിയമത്തില്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ഗാഢമായ ഐക്യത്തെ വിവാഹത്തോട് ഉപമിച്ചിരിക്കുന്നു (മത്താ 22:1-14; മര്‍ക്കോ 2:19; യോഹ 3:29; 2 കോറി 11:2; എഫേ 5:23-32).

അണിഞ്ഞൊരുങ്ങിയ മണവാട്ടിയെക്കുറിച്ചുള്ള പരാമര്‍ശവും വിവാഹം ആസന്നമായിരിക്കുന്നു എന്ന മുന്നറിയിപ്പും അടുത്ത ഭാഗത്തു വിവരിക്കാന്‍ പോകുന്ന പരിസമാപ്തിയ്ക്കുള്ള ഒരുക്കമാണ്. സ്വര്‍ഗ്ഗത്തില്‍ ലഭിക്കാന്‍ പോകുന്ന വലിയ സമ്മാനത്തെ ഓര്‍ത്ത് പീഡനങ്ങളുടെ മധ്യത്തില്‍പോലും ആഹ്ലാദിക്കാനും സന്തോഷിച്ചു കുതിച്ചുചാടാനും (ലൂക്കാ 6:22-23) യേശു തന്‍റെ ശിഷ്യഗണത്തോട് ആവശ്യപ്പെട്ടിരുന്നു. ആ സമ്മാനം കരഗതമായതിലുള്ള സന്തോഷമാണ് ഇവിടെ പ്രകടമാക്കുന്നത്.

19:8, കുരിശില്‍ ചിന്തിയ തന്‍റെ രക്തത്താല്‍ ക്രിസ്തു  സഭയെ കഴുകി വിശുദ്ധീകരിക്കുകയും എന്നേക്കും തന്‍റെ വധുവായി സ്വീകരിക്കുകയും ചെയ്തു (വെളി 7:14; എഫേ 5:2-27; കൊളോ 1:20). വെളിപാടു പുസ്തകത്തില്‍  സഭ ക്രിസ്തുവിന്‍റെ മാതാവും (12:1-2) വധുവുമായി പ്രത്യക്ഷപ്പെടുന്നു; ശത്രുവും സാത്താന്‍റെ ഉപകരണവുമായ സാമ്രാജ്യശക്തിയാകട്ടെ വേശ്യയായും (17:1-6). സഭയുടെ നിര്‍മ്മല വസ്ത്രത്തെ വിശുദ്ധരുടെ നീതിയുക്തമായ പ്രവൃത്തികളായി വ്യാഖ്യാനിക്കുമ്പോള്‍ ദാനമായി ലഭിച്ച രക്ഷ കര്‍ത്താവിന്‍റെ പ്രമാണമനുസരിച്ചുള്ള ജീവിതത്തിലൂടെ സഭാതനയര്‍ സ്വന്തമാക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു.

19:9, സപ്തഭാഗ്യങ്ങളില്‍ നാലാമത്തേതാണിത്. സ്വര്‍ഗ്ഗഭാഗ്യം എന്നത് നിഷ്ക്രിയമായ നിത്യവിശ്രമമല്ല, ക്രിസ്തുവിന്‍റെ വിവാഹവിരുന്നിലുള്ള പങ്കുചേരലാണ്. ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ച് ഏശയ്യാ മുന്‍കൂട്ടി അറിയിച്ചു (ഏശ 25:6) നിത്യഭാഗ്യത്തെ വിരുന്നിലുള്ള പങ്കുചേരലിനോട് ക്രിസ്തുനാഥന്‍ പലതവണ ഉപമിക്കുകയുണ്ടായി (മത്താ 8:11; ലൂക്കാ 14:15-24). യേശു തന്‍റെ ഐഹികജീവിതകാലത്തു നടത്തിയ അനേകം വിരുന്നുകളും, സര്‍വ്വോപരി അന്ത്യത്താഴവും ഈ നിത്യവിരുന്നിന്‍റെ മുന്നാസ്വാദനമാണു നല്കിയത് (ലൂക്കാ 22:16). ദൈവത്തിന്‍റെ സത്യവചസ്സുകള്‍ എന്ന വിശേഷണം ഈ ഒരു വാക്യത്തിനു മാത്രമല്ല 17:1 ല്‍ തുടങ്ങിയ ദൂതന്‍റെ വിശദീകരണത്തിനു മുഴുവന്‍ ബാധകമാണ്. ഇതേ വിശേഷണം 21:5; 22:6 എന്നീ വാക്യങ്ങളില്‍ വെളിപാടു പുസ്തകത്തെ മുഴുവന്‍ ഉദ്ദേശിച്ചുകൊണ്ട് ആവര്‍ത്തിക്കുന്നുണ്ട്. പീഡനമേല്ക്കുന്ന വിശ്വാസികള്‍ക്കു നിത്യഭാഗ്യത്തെ മുന്നില്‍ കണ്ടുകൊണ്ട്  മരണംവരെ  ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്താന്‍ പ്രചോദനം നല്കുന്നതാണ് ഈ പ്രഖ്യാപനം.

19:10, ദൈവത്തിന്‍റെ സന്ദേശം അറിയിക്കുന്ന ദൂതന്മാര്‍ ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാണ്. അവരെ ആരാധിക്കാന്‍ പാടില്ല. ആരാധന ദൈവത്തിനു മാത്രമേ നല്കാവൂ എന്ന് ഊന്നിപ്പറയാന്‍വേണ്ടി ഇതേരംഗം 22,8-ല്‍ ആവര്‍ത്തിക്കുന്നു. മാലാഖമാരോടുള്ള അതിരുകടന്ന ആരാധനാ മനോഭാവത്തിനെതിരേയുള്ള ഒരു താക്കീതായി ഇതിനെ പരിഗണിക്കണം (കൊളോ 2:18; ഹെബ്രാ 1:13-14; 2:5).

യേശുക്രിസ്തുവിന്‍റെ സാക്ഷ്യം എന്നത് യേശുക്രിസ്തു നല്കുന്ന സാക്ഷ്യം എന്നും യേശുക്രിസ്തുവിനു നല്കുന്ന സാക്ഷ്യം എന്നും അര്‍ത്ഥമാക്കാം. ആദ്യത്തേത് സഭയിലൂടെ യേശുക്രിസ്തുവാണ് സംസാരിക്കുന്നത് എന്നും, രണ്ടാമത്തേത് സഭ തന്‍റെ ജീവിതവും പ്രഘോഷണവുംവഴി യേശുക്രിസ്തുവിനു സാക്ഷ്യം നല്കുന്നു എന്നും പഠിപ്പിക്കുന്നു. യേശുക്രിസ്തുവിലൂടെ മനുഷ്യവര്‍ഗ്ഗത്തിനു ലഭ്യമായ രക്ഷ പ്രഘോഷിക്കുകയും മരണംവരെയുള്ള വിശ്വസ്തതയിലൂടെ അതിനു സാക്ഷ്യം വഹിക്കുകയുമാണ് പ്രവാചക ദൗത്യത്തിന്‍റെ കാതല്‍. രക്ഷയുടെ സന്ദേശം ക്രിസ്തുവാണ്, ക്രിസ്തു നല്കുന്നതുമാണ്; പ്രവാചകന്‍ ദൂതന്‍ മാത്രം. അതിനാല്‍ ആരാധന നല്കേണ്ടത് ദൂതനും പ്രവാചകനുമല്ല, ദൈവത്തിനാണ്.

വെളിപാട് 19:11-16, യോദ്ധാവായ ക്രിസ്തു

പുതിയനിയമത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്ന് നമുക്ക് പരിചിതമായ ശാന്തശീലനും വിനീതഹൃദയനുമായ ക്രിസ്തുവിന്‍റേതില്‍നിന്ന് പ്രത്യക്ഷത്തില്‍ തികച്ചും വിഭിന്നമാണ് യോദ്ധാവായ ക്രിസ്തുവിന്‍റെ ചിത്രം. അതിനാല്‍ ഇത് പുരാതന മിത്തോളജികളില്‍നിന്നും യോദ്ധാവായ യാഹ്വെയെക്കുറിച്ചുള്ള പഴയനിയമസങ്കല്പത്തില്‍നിന്നും ജേതാവായ മിശിഹായെക്കുറിച്ചുള്ള അപ്പോകലിപ്റ്റിക് വിവരണങ്ങളില്‍ നിന്നും രൂപം കൊണ്ടതാണെന്നു കരുതുന്നവരുണ്ട്. ദൈവികമഹത്വം മാറ്റിവച്ച്, മനുഷ്യനായി അവതരിച്ച്, ബലഹീനനായി പ്രത്യക്ഷപ്പെട്ട യേശുവിന്‍റെ ചിത്രമല്ല, തിന്മയുടെമേല്‍ അന്തിമവിധി പ്രസ്താവിക്കാന്‍ വരുന്ന മഹത്വീകൃതനും വിധിയാളനുമായ മനുഷ്യപുത്രന്‍റെ ചിത്രമാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. (മത്താ 25:31-33; 2 തെസ്സ 1:6-10). ക്രിസ്തുവിനെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു രത്നച്ചുരുക്കം ഈ ദര്‍ശനത്തില്‍ കാണാം. ആരംഭത്തിലെ മനുഷ്യപുത്രദര്‍ശനവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതാണ് തീജ്വാല പോലുള്ള നയനങ്ങളും വായില്‍നിന്നു പുറപ്പെടുന്ന വാളും (വെളി 1:14-16). സഭയുടെ മധ്യേ വസിച്ച് അവളെ സംരക്ഷിക്കുകയും ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്രിസ്തു തിന്മക്കെതിരേയുള്ള അന്തിമപോരാട്ടത്തിനു വരുന്നു.

19:11, സ്വര്‍ഗ്ഗത്തില്‍ ഒരു വാതിലും (4:1) പിന്നീട് ശ്രീകോവിലും (11:19; 15:5) തുറക്കപ്പെടുന്നതായി കണ്ട യോഹന്നാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗംതന്നെ തുറക്കപ്പെടുന്നതായി കാണുന്നു. വെള്ളക്കുതിരയും അതിനു പുറത്തിരിക്കുന്നവനും 6:2-ല്‍ കണ്ടതില്‍നിന്നു വ്യത്യസ്തമാണ്. വെള്ളനിറം വിജയത്തിന്‍റെ സൂചന തന്നെ. വിശ്വസ്തനും സത്യവാനും എന്ന വിശേഷണം 3:14 ല്‍ കണ്ടതാണ്. പഴയനിയമത്തില്‍ യാഹ്വേയുടെ വിശേഷണങ്ങളാണിവ. ദൈവത്തിന്‍റെ വിധിയുടെ നീതിപൂര്‍ണ്ണത വെളിപാട് പുസ്തകത്തില്‍ ആവര്‍ത്തിച്ചുപറയുന്ന ഒരു പ്രമേയമാണ് (15:3; 5-7; 19:2). തിന്മയുടെമേലുള്ള വിധി ഒരു യുദ്ധത്തിന്‍റെ പ്രതീകത്തിലൂടെയാണ് ഇവിടെ ചിത്രീകരിക്കുന്നത്.

19:12, തീജ്വാലപോലുള്ള നയനങ്ങള്‍ (1:14) എല്ലാം കാണുന്നവയാണ്. ശിരസ്സിലെ അനേകം കിരീടങ്ങള്‍ സര്‍വ്വാധികാരത്തെ സൂചിപ്പിക്കുന്നു. ഏഴു കിരീടങ്ങള്‍ ധരിച്ച സര്‍പ്പത്തിന്‍റെയും (12:3) പത്തു കീരിടങ്ങള്‍ അണിഞ്ഞ മൃഗത്തിന്‍റെയും (13:1) അധികാരത്തെ വെല്ലുന്നതാണ് ക്രിസ്തുവിന്‍റെ അധികാരം. നാമം വ്യക്തിത്വത്തിന്‍റെ നിര്‍വ്വചനമാണ്.മറ്റാര്‍ക്കും അറിഞ്ഞുകൂടാത്ത അവന്‍റെ നാമം യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ അഗാധതലത്തിലേക്കു വിരല്‍ ചൂണ്ടുന്നു (ലൂക്കാ 10:22). യേശുവിന്‍റെ ദൈവത്വമാണ് ഇവിടെ പരോക്ഷമായി ഏറ്റുപറയുന്നത്. അടുത്തവാക്യങ്ങളില്‍ (19:13.16) നാമത്തെക്കുറിച്ചു വീണ്ടും പരാമര്‍ശിക്കുന്നുണ്ട്.

19:13, രക്തത്തില്‍ മുക്കിയ മേലങ്കി യുദ്ധത്തിലുള്ള വിജയത്തിന്‍റെ സൂചനയാണ്. കുരിശില്‍ ചിന്തിയ സ്വന്തം രക്തമല്ല, വെട്ടിവീഴ്ത്തപ്പെട്ട ശത്രുക്കളുടെ രക്തമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അധര്‍മ്മത്തിന് അറുതിവരുത്തുന്ന യോദ്ധാവായ യാഹ്വേയുടെ ചിത്രവുമായി (ഏശ 63:2-3) ഇതിന് അടുത്ത ബന്ധമുണ്ട്. ദൈവവചനം-മറ്റാര്‍ക്കും അറിയാത്ത അവന്‍റെ നാമം ഇവിടെ വെളിപ്പെടുത്തുന്നു. മനുഷ്യാവതാരത്തെയും (യോഹ 1:14) വിധിപ്രസ്താവനയെയും (ഹെബ്രാ 4:12) സൂചിപ്പിക്കുന്നതാണ് ദൈവവചനം എന്ന നാമം.

19:14, തിന്മക്കെതിരേ മാനുഷികമായ യുദ്ധമല്ല, മഹത്വീകൃതനായ ക്രിസ്തു നയിക്കുന്ന യുദ്ധമാണ് ഇവിടെ ചിത്രീകരിക്കുന്നത്. അവന്‍റെ സൈന്യങ്ങള്‍ ഭൂമിയില്‍ പീഡനമേല്ക്കുന്നവരോ മരണത്തിലൂടെ വിജയം വരിച്ചവരോ ആയ മനുഷ്യരല്ല, സ്വര്‍ഗ്ഗീയസൈന്യങ്ങളാണ്. ദൈവദൂതന്മാരുടെ വ്യൂഹങ്ങളെക്കുറിച്ച് തന്‍റെ പീഡാനുഭവത്തിനു തൊട്ടുമുമ്പ് യേശു പറഞ്ഞതിനെ (മത്താ 26:53) ഈ ദൃശ്യം അനുസ്മരിപ്പിക്കുന്നു.

19:15, വായില്‍നിന്ന് പുറപ്പെടുന്ന വാള്‍ (1:16) വിധി നടപ്പാക്കുന്ന വചനമാണ്. ബൈബിളില്‍ വചനം നിര്‍ജ്ജീവമായ ശബ്ദമല്ല, ക്രിയാത്മകമായ ശക്തിയാണ്. ദൈവം പറയുന്നതു നിറവേറുന്നു (ഉല്പ 1:3). യേശുവിന്‍റെ വചനവും അതുപോലെ തന്നെയാണ് (യോഹ 4:50-53). വചനത്താല്‍ സൃഷ്ടിക്കുകയും വചനത്താല്‍ തിന്മയെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നവനാണ് ദൈവം. ആ വചനമാണ് ക്രിസ്തുവിന്‍റെ വായില്‍നിന്നു പുറത്തു വരുന്നത്. ജനതകള്‍ ദൈവത്തിനു വിരുദ്ധമായി നില്ക്കുന്ന ശക്തികളെ സൂചിപ്പിക്കുന്നു. ഇരുമ്പുദണ്ഡും (വെളി 2:27; 12:5) ക്രോധത്തിന്‍റെ മുന്തിരിച്ചക്കും (14:20) കണ്ടു കഴിഞ്ഞതാണ്. രണ്ടും ശിക്ഷാവിധിയുടെ സൂചന നല്കുന്നു.

19:16, ഏവര്‍ക്കും എളുപ്പം ദൃശ്യമാകുന്ന വിധത്തിലാണ് അവന്‍റെ നാമം എഴുതിയിരിക്കുന്നത്. മേലങ്കിയിലും തുടയിലും എന്നത് തുടയുടെ മേല്‍ വീഴുന്ന മേലങ്കിയുടെ ഭാഗത്ത് എന്നാണ് അര്‍ത്ഥമാക്കുന്നതെന്നു വ്യാഖ്യാതാക്കള്‍ കരുതുന്നു. രാജാക്കന്മാരുടെ രാജാവും നാഥന്‍മാരുടെ  നാഥനും എന്ന യാഹ്വെയുടെ തന്നെ വിശേഷണം (നിയ 10:17) യേശുവിന്‍റെ ദൈവത്വവും (1 തിമോ 6:15) ഒപ്പം സര്‍വ്വലൗകികമായ അധികാരവും എടുത്തുകാട്ടുന്നു. അനേകം കിരീടങ്ങളുടെ പ്രതീകത്തിലൂടെ സൂചിപ്പിച്ച രാജത്വം വാക്കുകളിലൂടെ വ്യക്തമാക്കുന്നതാണിത്.

ഈ വാക്യങ്ങളില്‍ യേശുവിനു നല്കിയിരിക്കുന്ന വിശ്വസ്തന്‍, സത്യവാന്‍, ദൈവവചനം, രാജാക്കന്മാരുടെ രാജാവ്, നാഥന്മാരുടെ നാഥന്‍ എന്നീ നാമങ്ങള്‍ അവന്‍റെ വ്യക്തിത്വത്തിന്‍റെ വിവിധവശങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. എന്നാല്‍ ആ വ്യക്തിത്വം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ മനുഷ്യബുദ്ധിക്കു സാധ്യമല്ല എന്ന് നിഗൂഢനാമം അനുസ്മരിപ്പിക്കുന്നു.

വെളിപാട് 19:17-21, നിര്‍ണ്ണായക യുദ്ധം

യുദ്ധം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു (വാ. 17). തിന്മക്കെതിരേ ക്രിസ്തുവഴി നടത്തുന്ന യുദ്ധത്തില്‍ ദൈവത്തിന്‍റെ വിജയം മുന്‍കൂട്ടി അറിയിച്ചതാണ് (17:14). യുദ്ധത്തില്‍ വധിക്കപ്പെട്ടവരുടെ മാംസം ഭക്ഷിക്കാന്‍ ശവംതീനി പക്ഷികളെ വിളിച്ചുവരുത്തുന്നത് ദൈവത്തിന്‍റെ വിജയത്തെക്കുറിച്ചുള്ള ഉറപ്പ് പ്രകടമാക്കുന്നു. വധിക്കപ്പടാന്‍ പോകുന്ന ദൈവവിരുദ്ധശക്തികളുടെ വിവരണം നാം കണ്ടുകഴിഞ്ഞു. (6:15; 13:16). സകല പക്ഷികള്‍ക്കും കേള്‍ക്കത്തക്കവിധത്തില്‍ വിളിച്ചുപറയാന്‍ വേണ്ടിയാണ് ദൂതന്‍ മധ്യാകാശത്തിനു മുകളില്‍ സൂര്യനില്‍ നില്ക്കുന്നത്. മഹാവിരുന്നിന്‍റെ ബീഭത്സമായ ചിത്രീകരണത്തില്‍ എസെ 39:17-20 ന്‍റെ സ്വാധീനം ദൃശ്യമാണ്. നിത്യഭാഗ്യത്തിന്‍റെ പ്രതീകമായ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന് (വെളി 19:9) വിരുദ്ധമായി നില്ക്കുന്ന നിത്യശിക്ഷയുടെ പ്രതീകമാണ് ഈ മഹാവിരുന്ന്. രണ്ടും ദൈവംതന്നെയാണ് ഒരുക്കുന്നത്.

19:9-21, ഇവിടെ യുദ്ധത്തിനായി ഒരുമിച്ചു കൂടുന്ന ഭൂമിയിലെ രാജാക്കന്മാരും സൈന്യവും ഹര്‍മഗദോനില്‍ വിളിച്ചു കൂട്ടപ്പെട്ടവരാണ് (16:13-16). മൃഗവും വ്യാജപ്രവാചകനും ദൈവത്വം അവകാശപ്പെടുന്ന സാമ്രാജ്യ ശക്തിയുടെയും, ദൈവ നിഷേധകമായ ആശയങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുകയും അടിച്ചേല്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളുടെയും പ്രതീകങ്ങളാണെന്നു നാം കണ്ടുകഴിഞ്ഞു (13:1-18; 16:13). ഇരുസൈന്യങ്ങളും യുദ്ധത്തിനൊരുങ്ങി അണിനിരന്നെങ്കിലും യുദ്ധത്തിന്‍റെ വിവരണമൊന്നും ഇവിടെ നല്കുന്നില്ല. കാരണം ദൈവകോപത്തിനു മുന്നില്‍നില്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന്നതു തന്നെ (വെളി 6:17). മൃഗവും വ്യാജപ്രവാചകനും പിടിക്കപ്പെട്ടു എന്നു പറയുന്നത് ദൈവത്തിന്‍റെ പ്രവൃത്തിയെ സൂചിപ്പിക്കുന്നു; അഗ്നിതടാകത്തിലേക്ക് ജീവനോടെ എറിയപ്പെടുന്നത് നിത്യശിക്ഷയെയും (വെളി 14:10-11). അശ്വാരൂഢന്‍റെ വാള്‍ ക്രിസ്തു പ്രഖ്യാപിക്കുന്ന വിധി വാചകമാണ്. അവന്‍ പറയുന്നത് സംഭവിക്കുന്നു.

വിചിന്തനം: അനീതിയും അക്രമവും അനന്തമായി തുടരാന്‍ ദൈവം അനുവദിക്കുകയില്ല. ശിക്ഷിക്കപ്പെടും എന്ന ഭയം കൂടാതെ അധര്‍മ്മം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. യോദ്ധാവായ ക്രിസ്തുവിന്‍റെ ചിത്രം പീഡിതര്‍ക്കു പ്രത്യാശ നല്കുന്നു. ബലിയര്‍പ്പിക്കപ്പെട്ട ശാന്തനായ കുഞ്ഞാടുമാത്രമല്ല ക്രിസ്തു, സകല നാരകീയ ശക്തികളെയും ഉന്മൂലനം ചെയ്യുന്ന അതിശക്തനായ യോദ്ധാവുമാണവിടുന്ന്. ദൈവവചനം ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യുക മാത്രമല്ല, അധര്‍മ്മത്തിന് അറുതി വരുത്തുകയും ചെയ്യും. വചനം മുറിപ്പെട്ടതും കര്‍ശനവുമായ ആത്മശോധനയ്ക്കും നവീകരണത്തിനും പ്രേരിപ്പിക്കും.(ജറെ 1, 9 -10; ബ്രാ 4, 12).

ക്രിസ്തുവിന്‍റെ വധുവായ സഭ ധരിക്കുന്ന വെള്ള വസ്ത്രം സഭാതനയരുടെ സല്‍ പ്രവൃത്തികളാണ്. സഭയുടെ മക്കള്‍ തന്നെയാണ് സഭയുടെ മുഖത്തെ സുന്ദരമോ വികൃതമോ ആക്കുന്നത്. എന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും എപ്രകാരമാണ് സഭയുടെ പ്രതിച്ഛായയെ സ്വാധീനിക്കുന്നത്.

വെളിപാട് 20:1-6, ആയിരം വര്‍ഷത്തെ ഭരണം

വെളിപാട് പുസ്തകത്തിലെ ഏറ്റം ദുര്‍ഗ്രഹമായ ഭാഗങ്ങളില്‍ ഒന്നാണിത്. സാത്താന്‍റെ ബന്ധനവും മോചനവും, ഒന്നാമത്തെ പുനരുത്ഥാനം, ആയിരം വര്‍ഷത്തെ ഭരണം എന്നിവയുടെ അര്‍ത്ഥം എന്ത് എന്ന ചോദ്യത്തിന് തികച്ചും തൃപ്തികരമായ ഉത്തരം ഇനിയും ലഭ്യമല്ല. മുഖ്യമായും രണ്ടു വ്യാഖ്യാനങ്ങളാണ് പൊതുവേ നല്കപ്പെടുന്നത്.

1. ഭൗതിക വ്യാഖ്യാനം: ഇവിടെ പറഞ്ഞിരിക്കുന്നവയെല്ലാം അക്ഷരാർത്ഥത്തിൽത്തന്നെ എടുക്കണം എന്നു കരുതുന്നവരുണ്ട്. സാത്താനെ പാതാളത്തിൽ ബന്ധിച്ചതിനുശേഷം മിശിഹാ ഈ ഭൂമിയിൽ തന്റെ ഭരണം ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്കുമാത്രം ശാരീരികമായ പുനരുത്ഥാനം ലഭിക്കുകയും അവർ മിശിഹായോടൊപ്പം ഈ ഭൂമിയിൽ ജനതകളുടെമേൽ ഭരണം നടത്തുകയും ചെയ്യും. സകലവിധ ഭൗതിക സന്തോഷങ്ങളുടെയും അവസരമായിരിക്കും അത്. ഭൗമിക പറുദീസ എന്ന് ഇതിനെ വിളിക്കുന്നു. ആയിരം വർഷം കഴിയുമ്പോൾ സാത്താൻ ബന്ധനത്തിൽനിന്ന് മോചിതനാവുകയും ജനങ്ങളെ ഒരുമിച്ചുകൂട്ടി വിശുദ്ധരുടെ പാളയത്തെ വളയുകയും ചെയ്യും. എന്നാൽ സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറങ്ങി ജനതകളെ ദഹിപ്പിക്കും; സാത്താൻ അഗ്നി തടാകത്തിലേക്ക് എറിയപ്പെടും. അതിനുശേഷം സ്വർഗ്ഗീയ പറുദീസായുടെ ആരംഭമായി.

ബി. സി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ യഹൂദരുടെ ഇടയിൽ പ്രചാരത്തിൽ വന്ന ചിന്താഗതിയുടെ സ്വാധീനം ഈ വ്യാഖ്യാനത്തിൽ കാണാം. അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളിൽ മിശിഹായുടെ ഭൂമിയിലെ ഭരണത്തെക്കുറിച്ചും അന്നുണ്ടാകുന്ന അസാധാരമണമായ സമൃദ്ധിയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ചിന്താഗതിയുടെ വെളിച്ചത്തിൽ വെളിപാട് പുസ്തകം വ്യാഖ്യാനിച്ചവർ മിശിഹായുടെ ഭരണത്തെ അക്ഷരാർത്ഥത്തിൽ എടുത്തു. മില്ലെനാരിയനിസം (millenarianism) എന്നറിയപ്പെടുന്ന ഈ പാഷണ്ഡതക്ക് ചില ക്രിസ്തീയസമൂഹങ്ങളുടെ ഇടയിൽ ഇന്നും വലിയ സ്വാധീനമുണ്ട്. “എന്റെ രാജ്യം ഐഹികമല്ല" (യോഹ 18,36) എന്നു പറഞ്ഞ യേശുവിന്റെ വ്യക്തമായ പഠനത്തിനു കടകവിരുദ്ധമാണ് ഭൗതികമായ ഈ വ്യാഖ്യാനം. തന്നെയുമല്ല, ഇതുവരെ കണ്ടവയെല്ലാം പ്രതീകാത്മകമായി വ്യാഖ്യാനിച്ചശേഷം ഈ ഒരു ഭാഗം മാത്രം വാച്യാർത്ഥത്തിലെടുക്കുന്നത് സ്വീകാര്യമായ നടപടിയല്ല. അതിനാൽ കത്തോലിക്കാ സഭയും മുഖ്യ പ്രോട്ടസ്റ്റന്റ് സഭകളും ഈ വ്യാഖ്യാനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു.

2. ആദ്ധ്യാത്മികവും പ്രതീകാത്മകവുമായ വ്യാഖ്യാനം: ആരംഭത്തിൽ മില്ലെനാരിയനിസത്തിന്റെ വക്താവായിരുന്ന വി. അഗസ്റ്റിൻ ആ വ്യാഖ്യാനത്തിന്റെ മൗഢ്യം മനസ്സിലാക്കിയിട്ട് അവതരിപ്പിച്ചതാണ് ആധ്യാത്മിക വ്യാഖ്യാനം. അതനുസരിച്ച് സാത്താന്റെ ബന്ധനം യേശുവിന്റെ മഹത്വീകരണത്തോടെ സംഭവിച്ച സാത്താന്റെ പതനം തന്നെയാണ്. ആദ്യത്തെ പുനരുത്ഥാനം മാമ്മോദീസാ വഴി ലഭിക്കുന്ന ദൈവികജീവനിലുള്ള പങ്കുചേരലിനെ സൂചിപ്പിക്കുന്നു. ആയിരം വർഷത്തെ ഭരണമാകട്ടെ യേശുവിന്റെ സ്വർഗ്ഗാരോഹണം മുതൽ രണ്ടാം വരവുവരെയുള്ള സഭയുടെ കാലമാണ്. ഈ വ്യാഖ്യാനം കത്തോലിക്കർ പൊതുവേ സ്വീകാര്യമായി കരുതുന്നു. എന്നാൽ ഇവിടെയും ചില പ്രശ്നങ്ങൾ അവ ശേഷിക്കുന്നുണ്ട്. ഒന്നാമത്തെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പരാമർശം മാമ്മോദീസാവഴി ലഭിക്കുന്ന പുതുജീവനായി വ്യാഖ്യാനിക്കുന്നത് അപര്യാപ്തമാണ്. കാരണം രക്തസാക്ഷിത്വം വരിക്കുകയും പീഡനമേല്ക്കുകയും ചെയ്തവർക്കു വീണ്ടും ജീവൻ ലഭിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തന്നെയുമല്ല, മാമ്മോദീസാ സ്വീകരിച്ചവരെല്ലാം ഈ ലോകത്തെ ഭരിക്കുന്നു എന്ന വിശദീകരണവും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല.

രണ്ടാമത്തെ വ്യാഖ്യാനം അടിസ്ഥാനപരമായി സ്വീകരിച്ചുകൊണ്ട് അതില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയാണ് ഇവിടെ കരണീയമായിരിക്കുന്നത്.  വെളിപാട് പുസ്തകത്തില്‍ പൊതുവായി അവതരിപ്പിച്ചിരിക്കുന്ന വീക്ഷണത്തിന്‍റെയും ബൈബിളിന്‍റെ, പ്രത്യേകിച്ചും പുതിയനിയമത്തിന്‍റെ പഠനങ്ങളുടെയും വെളിച്ചത്തിലായിരിക്കണം ഇവിടെയും വിശദീകരണം തേടേണ്ടത്. യഹൂദ അപ്പോകലിപ്റ്റിക് ചിന്തകളെയോ ആദ്യനൂറ്റാണ്ടില്‍ത്തന്നെ പാഷണ്ഡതയായി സഭ ശപിച്ചുതള്ളിയ വ്യാഖ്യാനങ്ങളെയോ കൂട്ടുപിടിച്ചല്ല വെളിപാട് പുസ്തകത്തിലെ ഏതുഭാഗവും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്.

20:1-3, സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന ദൂതന്‍ ദൈവത്തിന്‍റെ ഹിതം നടപ്പാക്കുന്നവനാണ്. താക്കോല്‍ അധികാരത്തെ സൂചിപ്പിക്കുന്നു. പാതാളത്തിന്‍റെ താക്കോല്‍ വെളി 9:1ല്‍ കണ്ടതാണ്. എന്നാല്‍ ആകാശത്തുനിന്ന് വീണ നക്ഷത്രവും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്ന ദൂതനും രണ്ടാണെന്ന് നാം കണ്ടുകഴിഞ്ഞു. സാത്താനു വെളിപാട് പുസ്തകത്തില്‍ ഇതുവരെ നല്കിയ നാമങ്ങള്‍ നാലും ഒരുമിച്ച് ഇവിടെ ആവര്‍ത്തിച്ചുകൊണ്ട് സകല തിന്മകളുടെയും ഉറവിടവും അടിസ്ഥാനകാരണവുമാണ് പരാമര്‍ശിക്കപ്പെടുന്നത് എന്നു വ്യക്തമാക്കുന്നു.

സാത്താന്‍റെ ബന്ധനം വെളിപാടു പുസ്തകത്തില്‍ ഇതുവരെ കണ്ടവയുടെയും പുതിയ നിയമത്തിലെ പൊതുവായ വീക്ഷണത്തിന്‍റെയും വെളിച്ചത്തില്‍ മനസ്സിലാക്കാനാവും. യേശുവിന്‍റെ മഹത്വീകരണം സാത്താന്‍റെ പരാജയമായിരുന്നു (വെളി 12:5). യേശുവിന്‍റെ വിജയത്തില്‍ സ്വര്‍ഗ്ഗവാസികള്‍ പങ്കുചേരുന്നതിന്‍റെ സൂചനയായി സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വലിച്ചെറിയപ്പെട്ടു (വെളി 12:7-10). സപ്തമുദ്രകളും കാഹളങ്ങളും പാത്രങ്ങളുമായി ബന്ധപ്പെട്ട മഹാമാരികള്‍ സാത്താന്‍റെ അനുയായികളുടെമേലുള്ള ശിക്ഷാവിധിയെ ചിത്രീകരിച്ചു. മഹാബാബിലോണിന്‍റെ പതനം (വെളി 17-18) സാത്താന്‍റെ ഉപകരണമായിത്തീര്‍ന്ന റോമിന്‍റെ നാശം വരച്ചുകാട്ടി. മൃഗവും വ്യാജപ്രവാചകനും അഗ്നിതടാകത്തിലേക്ക് എറിയപ്പെട്ടത് (വെളി 19:20) സാത്താന്‍റെ സേവകരായ സാമ്രാജ്യത്തിന്‍റെയും ദൈവവിരുദ്ധ പ്രചരണങ്ങളുടെയും അന്ത്യം കുറിച്ചു. അടുത്തതായി സാത്താന്‍തന്നെ ബന്ധിക്കപ്പെടുന്നു. ഇവയെല്ലാം കാലാനുക്രമമായി ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയില്‍ മനസ്സിലാക്കണമെന്നില്ല, ഒരേ യാഥാര്‍ത്ഥ്യത്തിന്‍റെ  വിവിധങ്ങളായ ചിത്രീകരണങ്ങളാകാം. അഥവാ തിന്മയുടെ ശക്തിയായ സാത്താന്‍റെമേല്‍ യേശുവരിച്ച വിജയത്തിന്‍റെയും ആ വിജയത്തിലുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ പങ്കുചേരലിന്‍റെയും ദൈവശാസ്ത്രപരമായ വ്യാഖ്യാനമാവാം.

യേശുവിന്‍റെതന്നെ രണ്ടുവാക്യങ്ങള്‍ ഇതിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു. താന്‍ പിശാചുക്കളെ പുറത്താക്കുന്നതു വിശദീകരിക്കാനായി ശക്തനെ ബന്ധിക്കുന്ന ഉപമയാണ് യേശു പറഞ്ഞത്. ശക്തനായവനെ അവനെക്കാള്‍ ശക്തനായവന്‍ കീഴടക്കി ബന്ധിച്ചുകഴിയുമ്പോള്‍ ആദ്യത്തെ ശക്തന്‍റെ വസ്തുവകകള്‍ കൊള്ളയടിക്കപ്പെടുന്നു. (മത്താ 12:29). യേശുവിന്‍റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍  സാത്താന്‍ ബന്ധിതനായതിന്‍റെ അടയാളമായിരുന്നു. കുരിശുമരണവും പുനരുത്ഥാനവും വഴിയാണ് യേശു സാത്താനെ പൂര്‍ണ്ണമായി പരാജയപ്പെടുത്തിയത്; അഥവാ ബന്ധിച്ചത്. "ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ 16:33) എന്നു പറയുമ്പോഴും ഇതേ വിജയമാണ് യേശു സൂചിപ്പിക്കുന്നത്. യേശുവിന്‍റെ മഹത്വീകരണത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിനു ലഭ്യമാകുന്ന രക്ഷയുടെ മുന്നാസ്വാദനവും അടയാളവുമായിരുന്നു അത്ഭുതപ്രവൃത്തികള്‍. സാത്താന്‍ പരാജിതനും ബന്ധിതനുമായെങ്കിലും അവന്‍റെ പ്രവര്‍ത്തനശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടില്ല. എന്നാല്‍, യേശുവില്‍ വിശ്വസിക്കുകയും അവന്‍റെ പ്രവൃത്തികള്‍  ചെയ്തുകൊണ്ട് ദൈവത്തോടു ചേര്‍ന്നു നില്ക്കുകയും  ചെയ്യുന്നവര്‍ക്ക് സാത്താനെ ഭയപ്പെടേണ്ടതില്ല എന്ന് ഈ ബന്ധിക്കല്‍ പഠിപ്പിക്കുന്നു. പ്രലോഭനങ്ങള്‍ ഉണ്ടാവുകയില്ലെന്നല്ല, അവയില്‍ വീണുപോകാതെ താങ്ങിനിറുത്തുവാന്‍ കഴിവുള്ളവനാണ് ദൈവം എന്ന സത്യമാണ് ഇത് വെളിവാക്കുന്നത്.

ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന റോമാസാമ്രാജ്യം മറ്റേതു സാമ്രാജ്യത്തേയുംപോലെ തകരുമെന്നും അതിനുശേഷം ദീര്‍ഘകാലം സമാധാനമുണ്ടാകുമെന്നുള്ള മാനുഷികമായ പ്രതീക്ഷയും ഈ ചിത്രത്തിനും തുടര്‍ന്നുവരുന്ന ആയിരം വര്‍ഷത്തെ ഭരണത്തിന്‍റെ ദൃശ്യത്തിനും പിന്നിലുണ്ടാവാം. എന്നാല്‍ ഒരു സാമ്രാജ്യം തകരുമ്പോള്‍ മറ്റൊന്നുയര്‍ന്നുവരുന്നതും ചരിത്രവസ്തുത തന്നെ. അതിനാല്‍ സാമ്രാജ്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ ശക്തി പൂര്‍ണ്ണമായി നശിക്കപ്പെട്ടാലേ മനുഷ്യന്‍റെ വിമാനനവീകരണത്തിന്  (dehumanization) അറുതിവരൂ. പൂര്‍ണ്ണമായ ആ മോചനത്തിലേക്കാണ് വെളിപാട്ഗ്രന്ഥകാരന്‍ അനുവാചകരെ അനേകം പ്രതീകങ്ങളിലൂടെയും ചരിത്രത്തിന്‍റെ സര്‍പ്പളചലനത്തിലൂടെയും നയിക്കുന്നത്.

സാത്താന്‍റെ ബന്ധനവും കാലികമാണെന്നും ഉന്മൂലനം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ എന്നും അനുസ്മരിപ്പിക്കുന്നതാണ് ആയിരം വര്‍ഷങ്ങള്‍ക്ക്ശേഷം അവന്‍ അഴിച്ചുവിടപ്പെടേണ്ടിയിരിക്കുന്നു എന്ന പ്രവചനം. 20:8-10ല്‍ വിവരിക്കാന്‍ പോകുന്നതിന്‍റെ  മുന്‍പ്രഖ്യാപനമാണിത്.

20:4-6, സിംഹാസനങ്ങളില്‍ ഇരിക്കുന്നത് ആരെന്നും ആരെ വിധിക്കാനാണ് അവര്‍ക്ക് അധികാരം നല്കപ്പെട്ടിരുന്നതെന്നും ഗ്രന്ഥകാരന്‍ പറയുന്നില്ല. ദാനിയേലിന്‍റെ മനുഷ്യപുത്രദര്‍ശനവുമായി ഈ ദര്‍ശനത്തിനുള്ള ബന്ധത്തില്‍നിന്ന് (ദാനി 7:10) സ്വര്‍ഗ്ഗീയകോടതിയുടെ ചിത്രമാണിതെന്ന് ഊഹിക്കാം. തുടര്‍ന്ന് രക്തസാക്ഷികളുടെയും വിശ്വസ്തരുടെയും ചിത്രം അവതരിപ്പിക്കുന്നതിനാല്‍  അവരുടെമേല്‍ ആയിരിക്കണം വിധി പ്രസ്താവിക്കുന്നത്. രക്തസാക്ഷികളുടെ പ്രാര്‍ത്ഥനയും നിലവിളികളും അവര്‍ക്കു ലഭിച്ച പ്രത്യുത്തരവും (വെളി 6:10-11) ഇവിടെ കണക്കിലെടുക്കാം. മരണത്തിലൂടെ വിജയം വരിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ സ്തുതിക്കുന്ന പല ദൃശ്യങ്ങള്‍ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചുകഴിഞ്ഞു (7:9-12; 14:1-5; 15:2-4; 19:6-8). മരണംവരെ ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്തിയവര്‍ക്ക് ലഭിക്കുന്ന നിത്യജീവനും സ്വര്‍ഗ്ഗഭാഗ്യവുമാണ് ഒന്നാമത്തെ പുനരുത്ഥാനം.

അനശ്വരമായ നിത്യഭാഗ്യം ലഭിച്ചവര്‍ ക്രിസ്തുവിനോടൊത്ത് ആയിരം വര്‍ഷം ഭരിക്കുക എന്നതിന് ആധിപത്യം സ്ഥാപിക്കുക എന്ന് മാത്രമല്ല അര്‍ത്ഥമുള്ളത്. ക്രിസ്തുവിന്‍റെ രാജത്വത്തില്‍ പങ്കുചേരുന്നതാണ് ഇവിടെ വിവക്ഷിക്കപ്പെടുന്ന ഭരണം. അത് ലൗകികഭരണാധികാരികളുടേതില്‍നിന്നും വ്യത്യസ്തമാണ് (ലൂക്ക 22:24-30). മരണത്തിലൂടെ വിജയം വരിക്കുന്നവര്‍ക്കു ക്രിസ്തു വാഗ്ദാനം ചെയ്തതാണ് ഈ രാജത്വം. (വെളി 3:21). അവര്‍ ആയിരം വര്‍ഷം ഭരിക്കും എന്ന് വീണ്ടും 6-ാം വാക്യത്തില്‍ ആവര്‍ത്തിക്കുന്നു. പൗരോഹിത്യവുമായി ബന്ധപ്പെടുത്തിയാണ് അവിടെ രാജത്വം അവതരിപ്പിക്കുന്നത്. അതിനാല്‍ ആയിരം വര്‍ഷത്തെ ഭരണം സ്വര്‍ഗ്ഗഭാഗ്യം നേടിയവരുടെ രാജകീയ പൗരോഹിത്യത്തെ സൂചിപ്പിക്കുന്നു എന്ന് അനുമാനിക്കാം. അതുവഴി അവര്‍ ലോകം ഭരിക്കുകയല്ല, ദൈവത്തിനും ക്രിസ്തുവിനും സ്തുതിഗീതങ്ങളുടെ പുരോഹിതശുശ്രൂഷയര്‍പ്പിക്കുകയും ദൈവഹിതം പൂര്‍ണ്ണമായി സ്വീകരിച്ച് ദൈവത്തിന്‍റെ  രാജഭരണത്തില്‍ പങ്കുകാരാവുകയുമാണ് ചെയ്യുന്നത്.

മൃഗത്തോടും സര്‍പ്പത്തോടും വിശ്വസ്തത പുലര്‍ത്താനായി ദൈവത്തെ തള്ളിപ്പറഞ്ഞവരെക്കുറിച്ചാണ് 5-ാം വാക്യം പരാമര്‍ശിക്കുന്നത്. അവര്‍ അന്തിമവിധിയുടെ സമയംവരെ മരിച്ചവരായി തുടരും എന്ന് ഇവിടെ പഠിപ്പിക്കുന്നു. നിത്യശിക്ഷയനുഭവിക്കാന്‍ വേണ്ടിയായിരിക്കും അവര്‍ ഉയിര്‍പ്പിക്കപ്പെടുക.

ആയിരം വര്‍ഷം എന്നത് ദീര്‍ഘമായൊരു കാലയളവിനെ സൂചിപ്പിക്കുന്നു. അത് അവസാനിക്കുന്നത് അന്തിമവിധിയോടെയാണ്. ഭൂമിയിലെ സഭയുടെ സഹനത്തിന്‍റെ കാലമായ മൂന്നര വര്‍ഷത്തോട് സമാന്തരമാണ് സ്വര്‍ഗ്ഗത്തിലെ സഭയുടെ ഭരണത്തിന്‍റെ ആയിരം വര്‍ഷം (2 പത്രോ 3:8; സങ്കീ 90:4). വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണത്തോടെ ഈ ആയിരം വര്‍ഷം ആരംഭിക്കുന്നു. ഒന്നാമത്തെ പുനരുത്ഥാനമാകുന്ന സ്വര്‍ഗ്ഗഭാഗ്യത്തില്‍ പങ്കുകൊള്ളുന്നവര്‍ക്ക് പിന്നീട് ശിക്ഷാവിധിയെയോ നിത്യനാശമാകുന്ന രണ്ടാം മരണത്തെയോ ഭയപ്പെടേണ്ടതില്ല.

വെളിപാട് 20:7-10, സാത്താന്‍റെ നാശം

വെളിപാട് 20:7-8, സാത്താന്‍റെ ബന്ധനം നിശ്ചിതകാലത്തേക്കു മാത്രമായിരുന്നു എന്ന് 20:3 ല്‍ മുന്‍കൂട്ടി അറിയിച്ചത് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. യുഗാന്തത്തിനു തൊട്ടുമുമ്പ് വിശ്വാസികള്‍ വലിയ പ്രലോഭനത്തിനും പീഡനങ്ങള്‍ക്കും വിധേയരാകും എന്ന് ക്രിസ്തുനാഥന്‍ പറഞ്ഞതിനെ (മത്താ 24:29; മര്‍ക്കോ 13:24) അനുസ്മരിപ്പിക്കുന്നതാണ് ഈ മോചനവും തുടര്‍ന്നുണ്ടാകുന്ന യുദ്ധവും. മിശിഹായുടെ ആയിരം വര്‍ഷത്തെ ഭരണകാലത്തും ഭൂമിയില്‍ ദൈവവിരുദ്ധ ശക്തികള്‍ നിലനില്ക്കുന്നു എന്ന സൂചനയാണ് നാലുകോണുകളിലുമുള്ള ജനതകള്‍ എന്ന പരാമര്‍ശത്തില്‍നിന്നു ലഭിക്കുക (വെളി 7:1). എത്രതവണ പരാജയപ്പെട്ടാലും വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന തിന്മയുടെ ചിത്രം ഒരിക്കല്‍ക്കൂടി ഇവിടെ വരച്ചുകാട്ടുന്നു. സാത്താന്‍റെ നൈസര്‍ഗ്ഗികമായ പ്രവൃത്തിയാണ് വഴിതെറ്റിക്കല്‍. വ്യാജപ്രവാചകന്‍റെ ജോലിയാണിത്. ദൈവവിരുദ്ധപ്രചരണങ്ങളിലൂടെ സാത്താന്‍ ജനസമൂഹങ്ങളെ  ദൈവത്തിനും ദൈവജനത്തിനും എതിരേ തിരിക്കുന്നു.

മാഗോഗ് ദേശത്തെ ഗോഗ് പുനരുദ്ധരിക്കപ്പെട്ട ഇസ്രായേലിനെതിരേ യുദ്ധത്തിനു വന്ന് ജറുസലേമിനു ചുറ്റും പാളയം അടിക്കുമെന്നും  ദൈവം ഗോഗിനെ വധിക്കുമെന്നും തുടര്‍ന്ന് പുതിയ ജറുസലേമിനെ സൃഷ്ടിക്കുമെന്നും ഉള്ള എസക്കിയേലിന്‍റെ പ്രവചനങ്ങള്‍ (എസെ 38-39) സാത്താന്‍റെ നാശം, പുതിയ സൃഷ്ടി, പുതിയ ജറുസലേം (വെളി 21:1-27) എന്നിവയുടെ വിവരണത്തിനു പശ്ചാത്തലമായി നില്ക്കുന്നു. ഹര്‍മഗദോന്‍ യുദ്ധത്തെ (വെളി 16:16; 19:17-21) അനുസ്മരിപ്പിക്കുന്നതാണ് ഇവിടെ വിവരിക്കുന്ന ഗോഗ് മാഗോഗ് യുദ്ധം. തിന്മയുടെ അവസാനത്തെ പോരാട്ടമാണിത്.

20:9, മരുഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്‍റെ യാത്ര അനുസ്മരിപ്പിക്കുന്നതാണ് പാളയം (സംഖ്യ 2:2-34). ഭൂമിയിലൂടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യം വച്ച് യാത്രചെയ്യുന്ന തീര്‍ത്ഥാടകസമൂഹമായ സഭയാണ് ദൈവജനം എന്ന് പാളയത്തിന്‍റെ പ്രതീകം അനുസ്മരിപ്പിക്കുന്നു. പ്രിയപ്പെട്ട പട്ടണം ജറുസലേമിനെ സൂചിപ്പിക്കുന്നു. പാളയത്തിന്‍റെയും വിശുദ്ധനഗരത്തിന്‍റെയും പ്രതീകങ്ങള്‍ സംയോജിപ്പിച്ച ചിത്രം സഭയുടെ തീര്‍ത്ഥാടകസ്വഭാവും സഭയുടെ മധ്യേയുള്ള ദൈവത്തിന്‍റെ വാസവും ഒരുമിച്ചു ധ്വനിപ്പിക്കുന്നു. സാത്താന്‍റെ സൈന്യനിര യുദ്ധത്തിനൊരുങ്ങിയെങ്കിലും ഹര്‍മഗദോനില്‍ എന്നപോലെ ഇവിടെയും യുദ്ധത്തിന്‍റെ വിവരണമില്ല. സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി നശിപ്പിക്കുന്നത് ദൈവത്തിന്‍റെ ശിക്ഷാവിധിയുടെ സൂചനയാണ് (2 രാജാ 1:9-14; ലൂക്കാ 9:54; വെളി 11:5). ദൈവത്തിനെതിരേ ചെറുത്തുനില്ക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല.

20:10, സാത്താനെക്കുറിച്ചുള്ള അവസാനത്തെ പരാമര്‍ശമാണിത്. തിന്മയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയും എന്നേക്കുമായി നശിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രം അഗ്നിതടാകത്തിന്‍റെ പ്രതീകത്തിലൂടെ വരച്ചുകാട്ടുന്നു. പാതാളത്തില്‍നിന്നു മോചനമുണ്ട്; എന്നാല്‍ അഗ്നിതടാകം നരകം എന്നു വിളിക്കുന്ന നിത്യമായ പീഡനത്തിന്‍റെ സ്ഥലമാണ്. മൃഗവും വ്യാജപ്രവാചകനും വസിക്കുന്ന അഗ്നിത്തടാകം  നാം  കണ്ടുകഴിഞ്ഞു (വെളി 19:20). അവരുടെ നേതാവായ സാത്താനും അവരോട് ചേരുന്നു.

വെളിപാട് 20:11-15, അവസാനവിധി

ദാനിയേലിന്‍റെ ദര്‍ശനത്തെ (ദാനി 7:9) അനുസ്മരിപ്പിക്കുന്നതാണ് അവസാനവിധിയുടെ ചിത്രീകരണം (വാ. 11). പ്രപഞ്ചത്തിന്‍റെ നാഥനും വിധിയാളനും ദൈവം മാത്രമാണന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. വെണ്മയേറിയ വലിയ സിംഹാസനം വിജയത്തിന്‍റെയും വിശുദ്ധവും നീതിയുക്തവുമായ അധികാരത്തിന്‍റെയും പ്രതീകമാണ്. അതില്‍ ഇരിക്കുന്നത് പിതാവായ ദൈവം തന്നെ (വെളി 4:2) ഭൂമിയും ആകാശവും ഓടിയകലുന്നത് ദൈവത്തിന്‍റെ മഹിമാപ്രഭാവത്തെയും അതിനു മുമ്പില്‍ അധര്‍മ്മികള്‍ക്കുണ്ടാകുന്ന ഭയത്തെയും സൂചിപ്പിക്കുന്നു. ദൈവസന്നിധിയില്‍നിന്ന് ഒളിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല (സങ്കീ 139:7).

20:12-13, മരിച്ചവരുടെ പുനരുത്ഥാനത്തിന്‍റെയും പൊതുവിധിയുടെയും ദൃശ്യമാണ് അടുത്തതായി കാണുന്നത്. സകല മരിച്ചവരും ഉയിര്‍പ്പിക്കപ്പെടുകയും ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പില്‍ നിര്‍ത്തപ്പെടുകയും ചെയ്യും എന്നു തറപ്പിച്ചുപറയാന്‍ വേണ്ടിയാണ് സമുദ്രവും പാതാളവും മൃത്യുവും തങ്ങളിലുണ്ടായിരുന്ന മൃതരെ വിട്ടുകൊടുത്തു എന്ന് പറയുന്നത്. എപ്രകാരം മരിച്ചാലും, മൃതശരീരത്തിന് എന്തു സംഭവിച്ചാലും എല്ലാവരും ഉയിര്‍ത്തെഴുന്നേറ്റ് വിധിയെ നേരിടേണ്ടിവരും എന്ന് ഇത് പഠിപ്പിക്കുന്നു. രണ്ടുതരം ഗ്രന്ഥങ്ങളെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യന്‍റെ ചെയ്തികള്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഗ്രന്ഥങ്ങള്‍ ; തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജീവന്‍റെ ഗ്രന്ഥവും. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പും മനുഷ്യന്‍റെ ഉത്തരവാദിത്വവും സംയോജിപ്പിക്കുന്നതാണ് രണ്ടുതരം ഗ്രന്ഥങ്ങളുടെ ചിത്രം. ഓരോരുത്തരും താന്താങ്ങളുടെ പ്രവൃത്തിക്കനുസൃതം വിധിക്കപ്പെടും എന്ന പഠനം പഴയനിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ തെളിഞ്ഞുനില്ക്കുന്നു (സങ്കീ 62:12; ജറെ 17:10; മത്താ 25:31-46; റോമ 2:6). ഈ ലോകത്തില്‍വച്ച് ഓരോരുത്തരും എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവൃത്തികളുംവഴി തങ്ങളുടെ നിത്യമായ വിധി എഴുതപ്പെടുകയാണ് ചെയ്യുന്നത്. അതിന്‍റെ പരസ്യമായ പ്രഖ്യാപനം മാത്രമാണ് ദൈവം നടത്തുന്ന വിധി. ജീവന്‍റെ പുസ്തകം 3:5ല്‍ നാം കണ്ടതാണ്.

20:14-15, സാത്താന്‍റെ പ്രലോഭനത്തിനു വഴങ്ങിയ മനുഷ്യനില്‍ ആധിപത്യമുറപ്പിച്ച പാപത്തിന്‍റെ ഫലമാണ് മരണം. മനുഷ്യന്‍റെ അവസാനത്തെ ശത്രുവായി മരണത്തെ ചിത്രീകരിക്കുന്ന വി. പൗലോസ് മരണത്തിന്‍റെതന്നെ ഉന്മൂലനത്തെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട് (റോമ 5:12; 1 കോറി 15:54-56).

മരിച്ചവരുടെ വിശ്രമസ്ഥലവും പിശാചുക്കളുടെ സങ്കേതവും സാത്താന്‍റെ തടവറയുമായി ചിത്രീകരിക്കപ്പെടുന്നതിനാല്‍ പാതാളവും തിന്മയായി പരിഗണിക്കപ്പെടുന്നു. പാതാളവും മരണവും അഗ്നിത്തടാകത്തിലേക്ക് എറിയപ്പെടുന്നതോടെ തിന്മയുടെമേലുള്ള ദൈവത്തിന്‍റെ വിജയം പൂര്‍ണ്ണമാകുന്നു. തിന്മയുടെ ഉന്മൂലനം മാത്രമല്ല, സത്യത്തിന്‍റെയും നീതിയുടെയും സമ്പൂര്‍ണ്ണമായ പുന:സ്ഥാപനവും വിളിച്ചറിയിക്കുന്നതാണ് അഗ്നിത്തടാകം. ജീവന്‍റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവര്‍ പ്രവൃത്തികളുടെ ഗ്രന്ഥത്തില്‍ ശിക്ഷാര്‍ഹരായി കാണപ്പെട്ടവരാണ്. അവരുടെയും അന്ത്യം നിത്യശിക്ഷതന്നെ.

വിചിന്തനം: മരണവും ഉത്ഥാനവുംവഴി യേശു തിന്മയുടെ ശക്തിയായ സാത്താനെ പരാജയപ്പെടുത്തി. യേശുവിനോടു ചേര്‍ന്നു നില്‍ക്കു ന്നവര്‍ സാത്താനെ ഭയപ്പെടേണ്ടതില്ല. ചേര്‍ന്നു നില്‍ക്കുക എന്നാല്‍ അവിടുത്തെ നാഥനായി സ്വീകരിക്കുകയും അവിടുത്തെ വാക്കുകളനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നാണര്‍ത്ഥം. ഇപ്രകാരം ജീവിക്കുന്നവര്‍ക്ക് നാഥന്‍റെ സംരക്ഷണം ലഭിക്കും നേരേമറിച്ച്, സാത്താന്‍റെ സംസ്കാരത്തിന് ആസക്തികളാലോ ഭയത്താലോ വിധേയരാകുന്നവര്‍ സാത്താന്‍റെതന്നെ അന്ത്യമായ നിത്യനാശം അനുഭവിക്കും. യുഗാന്ത ചിന്തകളും വെളിപാടുകളും അനുദിന ജീവിതത്തെ ക്രമീകരിക്കാന്‍ സഹായിക്കണം. ഇന്നെടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവൃത്തികളുമാണ് അന്തിമവിധിയുടെ മാനദണ്ഡം.

വെളിപാട് 21:1-8, പുതിയ ആകാശം, പുതിയ ഭൂമി

വെളിപാടുപുസ്തകം അവതരിപ്പിക്കുന്ന പ്രപഞ്ചനാടകത്തിന്‍റെ ഉച്ചകോടിയും രക്ഷാചരിത്രത്തിന്‍റെ പൂര്‍ത്തീകരണവുമാണ് ഇവിടെ ദൃശ്യമാവുക. തിന്മക്കെതിരേയുള്ള യുദ്ധം അവസാനിക്കുകയും തീര്‍ത്ഥാടകസമൂഹം ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നതിന്‍റെ അതിമനോഹരമായ ചിത്രം പഴയനിയമപ്രവചനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത വിവിധ വര്‍ണ്ണങ്ങളില്‍ വരച്ചു കാട്ടുന്നു.

21:1, പുതിയ ആകാശവും പുതിയ ഭൂമിയും നവീകരിക്കപ്പെട്ട ലോകമാണ് (ഏശ 65:17; 66:22) പുതിയ സ്വഭാവത്തെ സൂചിപ്പിക്കുന്ന 'കയ്നോസ്' എന്ന വിശേഷണമാണ് ഇവിടെ ഉപയോഗിക്കുന്നത്. പുതിയ നാമം (വെളി 2:17; 3:12). പുതിയ ഗീതം (വെളി 5:9; 14:3) എന്നിവക്കായി ഉപയോഗിച്ചുകണ്ട പദമാണിത്. ഈ പദം ഇവിടെ നാലു തവണ ആവര്‍ത്തിച്ചുകൊണ്ട് ദൈവം നടത്തുന്ന നവീകരണത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഭൗതികമായ അര്‍ത്ഥത്തിലുള്ള ആകാശത്തിന്‍റെയും ഭൂമിയുടെയും പുതുക്കലല്ല, ദൈവവും മനുഷ്യനും തമ്മിലുള്ള പുതിയ ബന്ധത്തിന്‍റെ സംസ്ഥാപനമാണ് ഇവിടെ നവീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രന്ഥകാരന്‍ ഇത് തുടര്‍ന്നു വിശദമാക്കുന്നുണ്ട്. തിന്മക്കധീനമായ പഴയലോകം കടന്നുപോകുന്നതിന്‍റെ വിവരണം കണ്ടുകഴിഞ്ഞതാണ്. കടല്‍ ഇല്ലാതായി എന്നതു രണ്ടു സൂചനകള്‍ നല്കുന്നു. 1. ഭീകരജീവികളുടെ താവളവും യാത്രക്ക് അപകടകാരിയുമായ കടല്‍ തിന്മയുടെ പ്രതീകമായിരുന്നു (വെളി 13:1). കടല്‍ ഇല്ലാതാവുന്നത് തിന്മയുടെ ഉന്മൂലനത്തിന്‍റെ സൂചന നല്കുന്നു. ഇനി യാതൊന്നിനെയും ഭയപ്പെടേണ്ടതില്ല. 2. മനുഷ്യനും ദൈവത്തിനും മധ്യേയുള്ള അകലത്തിന്‍റെ സൂചനയാണ് പളുങ്കുകടല്‍ (വെളി 4:6; 15:2). പാപംമൂലം സംജാതമായ ഈ അകലം ഇല്ലാതായിരിക്കുന്നു എന്ന സൂചനയും കടലിന്‍റെ തിരോധാനത്തില്‍നിന്നു ലഭിക്കുന്നു.

21:2, മഹത്വീകരിക്കപ്പെട്ട സഭയുടെ ചിത്രം പുതിയ ജറുസലേമിന്‍റെയും മണവാട്ടിയുടെയും പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നു. പുതിയ ജറുസലേമിനെക്കുറിച്ച് അടുത്ത ഭാഗത്ത് (വെളി 21:9-20:5) വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധരുടെ സല്‍പ്രവൃത്തികളാല്‍ അണിഞ്ഞൊരുങ്ങിയ മണവാട്ടിയെ 19:7-8ല്‍ അവതരിപ്പിച്ചുകഴിഞ്ഞു. "സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന" ദൈവമാണ് സഭയെ രൂപപ്പെടുത്തുകയും നിര്‍മ്മലയായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത്.

21:3, പറുദീസായില്‍ ആദിമനുഷ്യനോടൊത്ത് ഉലാത്തുകയും, ഇസ്രായേല്‍ ജനത്തിന്‍റെ മധ്യേ വാഗ്ദാനപേടത്തില്‍ പ്രമാണങ്ങളിലൂടെ തന്‍റെ സാന്നിധ്യം പ്രകടമാക്കുകയും, യേശുവില്‍ മാംസം ധരിച്ച് വചനമായി വസിക്കുകയും ചെയ്ത ദൈവം പ്രതീകങ്ങളില്ലാതെ ശാശ്വതമായി മനുഷ്യരുടെ മധ്യേ വസിക്കുന്നു. ദൈവത്തിന്‍റെ കൂടാരവും ജനത്തോടുള്ള ഉടമ്പടിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് (ലേവ്യ 26:11-12). ലംഘിക്കപ്പെട്ട സീനായ് ഉടമ്പടിയുടെ സ്ഥാനത്ത് ദൈവം പുതിയ ഉടമ്പടി വാഗ്ദാനം ചെയ്തു (ജറെ 31:33; എസെ 27:27). ഈ വാഗ്ദാനം പൂര്‍ത്തിയാവുന്നതിന്‍റെ ചിത്രമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ദൈവവും ദൈവജനവും തമ്മിലുള്ള ഗാഢമായ ഐക്യമാണ് ഉടമ്പടിയുടെയും വാസത്തിന്‍റെയും പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ ബന്ധത്തെ വിവാഹബന്ധമായി ചിത്രീകരിക്കുന്നു.

21:4, വേദനയും മരണവും മുറവിളിയും കണ്ണീരും തിന്മക്കധീനമായ പഴയലോകത്തിന്‍റെ ഭാഗങ്ങളാണ്. അവയ്ക്കെല്ലാം ദൈവം അറുതിവരുത്തും എന്ന പ്രതീക്ഷ പഴയനിയമപ്രവചനങ്ങളില്‍ (ഏശ 35:10; 25:8; 65:19) പ്രതിധ്വനിക്കുന്നുണ്ട്. യേശുതന്നെ വാഗ്ദാനം ചെയ്ത അഷ്ടഭാഗ്യങ്ങളുടെ (മത്താ 5:1-12) പൂര്‍ത്തീകരണം ഇവിടെ വിവരിക്കുന്നു. കണ്ണീര്‍ തുടച്ചുനീക്കുന്ന ചിത്രം ഒരു മുന്നാസ്വാദനമെന്നപോലെ 7:17 ല്‍ നാം കണ്ടു കഴിഞ്ഞു. മരണത്തിന്‍റെ ഉന്മൂലനം 20:14 ല്‍ വിവരിച്ചു.

21:5, സര്‍വ്വശക്തനായ ദൈവം തന്നെയാണ് സിംഹാസനത്തില്‍നിന്ന് സംസാരിക്കുന്നത്. എല്ലാം സൃഷ്ടിച്ചവന്‍ എല്ലാറ്റിനെയും നവീകരിക്കുന്നു. പുതിയ സൃഷ്ടിക്കു തുല്യമായ നവീകരണം ദൈവത്തിനുമാത്രം സാധ്യമായ പ്രവൃത്തിയാണ്. പ്രപഞ്ചത്തിന്‍റെയും (ഏശ 65:17) മനുഷ്യവ്യക്തികളുടെയും (2 കോറി 3:18; 4:16-18; 5:16-17) നവീകരണം യേശുക്രിസ്തുവിലൂടെ ദൈവം സാക്ഷാല്‍ക്കരിക്കുന്നു. എഴുതുക എന്ന കല്പന സന്തോഷത്തിന്‍റെ ഈ സദ്വാര്‍ത്ത പീഡനത്താല്‍ മനം തളരുന്ന സഭക്ക് എത്തിച്ചുകൊടുക്കാന്‍ ദൈവം തന്നെയാണ് ആജ്ഞാപിക്കുന്നതെന്ന് ഊന്നിപ്പറയുന്നു. ഏഴു സഭകള്‍ക്കുള്ള ലേഖനങ്ങളില്‍ ആവര്‍ത്തിച്ച ഈ കല്പന വീണ്ടും രണ്ടു തവണകൂടി  (വെളി 14:13; 19:9) നാം കണ്ടതാണ്.

21:6, സംഭവിച്ചുകഴിഞ്ഞു : ചരിത്രത്തില്‍ ഇനിയും സംഭവിക്കേണ്ടതിനെ സംഭവിച്ചു കഴിഞ്ഞതായി അവതരിപ്പിക്കുന്നു. പ്രവാചകവചനമാണിത്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഇത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഒരേ അര്‍ത്ഥമുള്ള വിശേഷണങ്ങളാണ് ആല്‍ഫായും ഒമേഗയും, ആദിയും അന്തവും. പിതാവായ ദൈവത്തെ എല്ലാറ്റിന്‍റെയും ഉറവിടവും ലക്ഷ്യവുമായി എടുത്തുകാട്ടുന്ന ഇതേ വിശേഷണങ്ങള്‍ യേശുക്രിസ്തുവിനും നല്കുന്നത് (വെളി 22:13) ശ്രദ്ധേയമത്രേ.

മനുഷ്യന്‍റെ അഗാധമായ ആഗ്രഹങ്ങളും അന്വേഷണങ്ങളും സഫലമാകുന്നത് ദൈവവുമായുള്ള ഐക്യത്തില്‍ എത്തുമ്പോഴാണ്. അത് ദൈവംതന്നെ സാധ്യമാക്കും എന്ന് ജീവജലത്തിന്‍റെ പ്രതീകത്തിലൂടെ ഉറപ്പു നല്കുന്നു. ദൈവംതന്നെയാണ് ജീവജലത്തിന്‍റെ  ഉറവ (ജറെ 2:13). നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന ജീവജലത്തിന്‍റെ ഉറവയെക്കുറിച്ച് യേശു നല്കിയ വാഗ്ദാനം (യോഹ 4:14; 7:37-38) ഇവിടെ പൂര്‍ത്തിയാകുന്നു.

21:7-8, മരണംവരെ വിശ്വസ്തത പുലര്‍ത്തുന്നവരാണ് വിജയംവരിക്കുന്നവര്‍. സഭാസമൂഹത്തോടു മാത്രമല്ല, ഓരോ വ്യക്തിയോടും ദൈവം ഉടമ്പടി ചെയ്യുന്നു. വിശ്വാസികളുടെ ദൈവപുത്രസ്ഥാനത്തെക്കുറിച്ച് പുതിയനിയമത്തില്‍ അനേകം പരാമര്‍ശങ്ങളുണ്ട് (യോഹ 1:12; റോമാ 8:17; 1 യോഹ 3:2). പുത്രനായ ദൈവത്തിനു പിതാവായ ദൈവത്തോടുള്ള പ്രത്യക ബന്ധത്തില്‍നിന്ന് മനുഷ്യര്‍ക്കു ദൈവത്തോടുള്ള ബന്ധത്തെ വേര്‍തിരിച്ചു കാണിക്കാന്‍വേണ്ടിയാണ് ഞാന്‍ അവനു ദൈവമായിരിക്കും എന്ന് പറയുന്നത്. നിത്യഭാഗ്യത്തിന് അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ എട്ടു വിശേഷണങ്ങളുണ്ട്. അവയില്‍ ആദ്യത്തേത് ഭീരുത്വമാണ്. ക്രിസ്തുവിനോടുള്ള വിശ്വസ്തതയേക്കാള്‍ സ്വന്തം ജീവനെയും സുഖസൗകര്യങ്ങളെയും വിലമതിക്കുന്നവരാണ് ഭീരുക്കള്‍. വിശ്വാസം നഷ്ടപ്പെടുത്തിയവരാണ് അവിശ്വാസികള്‍. ഗ്രന്ഥം രചിക്കപ്പെട്ട മതപീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമല്ല, വിശ്വാസം ത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന ഏതു സാഹചര്യത്തിലും ഈ താക്കീത് പ്രസക്തമാണ്. രണ്ടാമത്തെ മരണം നിത്യശിക്ഷയെ സൂചിപ്പിക്കുന്നു.

വെളിപാട് 21:9-22:5, സ്വര്‍ഗ്ഗീയ ജറുസലെം

കുഞ്ഞാടിന്‍റെ മണവാട്ടിയായ  മഹത്വീകൃതസഭയുടെ ചിത്രം സ്വര്‍ഗ്ഗീയ ജറുസലേമിന്‍റെ പ്രതീകത്തിലൂടെയാണ് ഇവിടെ വരച്ചുകാട്ടുന്നത്. പുതിയ ജറുസലേമിനെക്കുറിച്ചുള്ള എസെക്കിയേലിന്‍റെയും ഏശയ്യായുടെയും വിവരണങ്ങള്‍ (എസെ 40-42; ഏശ 65:17-25) ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യവും മനുഷ്യഭാഷയില്‍ അവര്‍ണ്ണനീയവുമായ സ്വര്‍ഗ്ഗീയ യാഥാര്‍ത്ഥ്യങ്ങളെ (1 കൊറി 2:9) വര്‍ണ്ണിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. വിവരണത്തിലെ ഓരോ ഘടകത്തിന്‍റെയും വിശദാംശങ്ങള്‍ക്കല്ല, അവയെല്ലാംകൂടി ഉളവാക്കുന്ന പ്രതീതിക്കാണ് പ്രാധാന്യം നല്കേണ്ടത്.

21:9-10, ക്രോധത്തിന്‍റെ പാത്രം പിടിച്ചിരുന്ന ഏഴു ദൂതന്മാരില്‍ ഒരാള്‍ ദൃശ്യം കാണിച്ചുകൊടുക്കുന്നത് കുഞ്ഞാടിന്‍റെ മണവാട്ടിയും മഹാവേശ്യയും (വെളി 17:1) തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലേമിന് മഹാബാബിലോണുമായി വൈരുദ്ധ്യാത്മകമായ ബന്ധമാണുള്ളത്. മഹാവേശ്യയെകാണാന്‍ മരുഭൂമിയിലേക്ക് നയിക്കപ്പെട്ട യോഹന്നാന്‍ മണവാട്ടിയെകാണാന്‍ മലയിലേക്ക് നയിക്കപ്പെടുന്നു (എസെ 40:2). ആത്മീയാനുഭൂതിയിലുണ്ടാകുന്ന ഒരു ദര്‍ശനമാണ് ഇവിടെയും വിവരിക്കുന്നത് (വെളി 1:10; 4:2; 17:3). മണവാട്ടിയെക്കുറിച്ചു പലതവണ മുന്‍കൂട്ടി അറിയിച്ചെങ്കിലും (വെളി 19:7; 21:2) ഇവിടെയാണ് വിശദമായി വര്‍ണ്ണിക്കുന്നത്.

21:11-14, ദൈവത്തിന്‍റെ സാന്നിധ്യം സഭയെ രൂപാന്തരപ്പെടുത്തുകയും  മഹത്വമണിയിക്കുകയും ചെയ്യുന്നു. ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞ സഭ ദൈവമഹത്വത്തില്‍ സുതാര്യമായിത്തീരുന്നു. ദൈവത്തിന്‍റെ തേജസ്സിനെക്കുറിച്ചുള്ള പരാമര്‍ശം എസെ 43:2-4 നോടും, മതിലിന്‍റെയും കവാടങ്ങളുടെയും വിവരണം എസെ 40:5; 48:30-34 നോടും ബന്ധപ്പെട്ടിരിക്കുന്നു. എസെക്കിയേലിന്‍റെ വിവരണത്തില്‍ നഗരകവാടത്തില്‍ എഴുതിയിരിക്കുന്നത് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെ പേരുകളാണ്. ആ കവാടത്തിലൂടെ ഓരോ ഗോത്രവും തങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന കൃഷിഭൂമിയിലേക്കും മേച്ചില്‍പുറങ്ങളിലേക്കും പോകുകയും വരുകയും ചെയ്തിരുന്നു. ഇവിടെ പുതിയ ഇസ്രായേലിന്‍റെ ചിത്രമാണ് യോഹന്നാന്‍ വര്‍ണ്ണിക്കുന്നത്. എല്ലാ ജനതകള്‍ക്കും ഇതില്‍ പ്രവേശനം അനുവദിച്ചിരുന്നു. (വെളി 21:24-27). സഭയുടെ കാതോലികത്വത്തിന്‍റെ സൂചനയാവാം നാലുവശത്തും മൂന്നുവീതമുള്ള വാതിലുകള്‍. മതിലിന്‍റെ അടിസ്ഥാനങ്ങളില്‍ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകള്‍ എഴുതിയിരിക്കുന്നത് പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ഐക്യവും ദൈവജനത്തിന്‍റെ തുടര്‍ച്ചയും എടുത്തുകാട്ടുന്നു. അപ്പസ്തോലന്മാരുടെ സാക്ഷ്യവും പ്രഘോഷണവും വഴിയാണ് സഭ സ്ഥാപിക്കപ്പെടുന്നതും സഭയിലേക്ക് ജനതകള്‍ കടന്നുവരുന്നതും എന്നും അടിസ്ഥാനങ്ങളിലും കവാടങ്ങളിലും ഉള്ള പേരുകള്‍ സൂചിപ്പിക്കുന്നു (എഫേ 2:20).

21:15-17, നഗരം അളക്കുന്നത് എസെക്കിയേലിന്‍റെ വിവരണവുമായി (എസെ 40-43) ബന്ധപ്പെട്ടിരിക്കുന്നു. പന്തീരായിരം സ്താദിയോണ്‍ ഏകദേശം 2250 കിലോമീറ്റര്‍ ആണ്. ഈ അളവില്‍ തുല്യനീളവും വീതിയും ഉയരവുമുള്ള നഗരം വിഭാവനം ചെയ്യുക വിഷമമെങ്കിലും ജറുസലം ദേവാലയത്തിലെ അതിവിശുദ്ധസ്ഥലത്തിന്‍റെ മാതൃകയിലാണ് (1 രാജാ 6:20) നഗരം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഈ ഘടന സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ സാന്നിധ്യം നിറഞ്ഞുനില്ക്കുന്ന  ശ്രീകോവില്‍തന്നെയാണ് പുതിയ ജറുസലെം.

21:18-21, മതിലിന്‍റെയും നഗരത്തിന്‍റെയും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന സ്വര്‍ണ്ണവും രത്നങ്ങളും മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതില്‍ കവിഞ്ഞ് അവയ്ക്ക് എന്തെങ്കിലും പ്രതീകാത്മകമായ അര്‍ത്ഥമുണ്ടെന്ന് അധികമാരും കരുതുന്നില്ല. പേരെടുത്തുപറയുന്ന പന്ത്രണ്ടു രത്നങ്ങള്‍ രാശീചക്രത്തിലെ പന്ത്രണ്ടു രാശികളെ സൂചിപ്പിക്കുന്നെന്നും അതിനാല്‍ ഇവിടെ വിവരിക്കുന്ന  നഗരം ബാബിലോണിയന്‍ ഇതിഹാസത്തിലെ ദേവലോകത്തിന്‍റെ മാതൃകയില്‍, അതിനെ വെല്ലുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഇപ്രകാരമൊരു വിശദീകരണത്തിന് വെളിപാട്ഗ്രന്ഥത്തില്‍നിന്ന് യാതൊരു സൂചനയും ലഭിക്കുന്നില്ല. പന്ത്രണ്ടു രത്നങ്ങള്‍ പ്രധാന പുരോഹിതന്‍റെ  മാര്‍പ്പതക്കത്തിലെ രത്നങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് (പുറ 28:17-21).

21:22-27, സ്വര്‍ഗ്ഗീയ ജറുസലെമില്‍ ദൈവികസാന്നിധ്യം ഏവര്‍ക്കും ദൃശ്യമാംവിധം നിറഞ്ഞുനില്ക്കുന്നതിനാല്‍ പ്രത്യേകമായൊരു ദൈവാലയത്തിന്‍റെ ആവശ്യമില്ല. ദൈവാരാധന ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് ഒതുങ്ങിനില്ക്കാത്ത സമയം വരുന്നതായി യേശു സമരിയാക്കാരി സ്ത്രീയോട് പറഞ്ഞത് (യോഹ 4:21) ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. ദൈവമായ കര്‍ത്താവും കുഞ്ഞാടുമാണ് ദൈവാലയം എന്ന വിശദീകരണം വെളി 7:15-ല്‍ നല്കിയ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമാണ്. പ്രകാശത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഏശ 60:9-20ന്‍റെ സ്വാധീനം കാണാം. നഗരത്തിന്‍റെ ദീപം കുഞ്ഞാടാണ് എന്ന പ്രഖ്യാപനം "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു (യോഹ 8:12) എന്ന യേശുവിന്‍റെ വചനത്തെ അനുസ്മരിപ്പിക്കുന്നു. ജനതകളെയും രാജാക്കന്മാരെയുംകുറിച്ചുള്ള പരാമര്‍ശം (ഏശ 60:1-7) സഭയുടെ കാതോലികത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു. എല്ലാ ജനതകള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള, എപ്പോഴും തുറന്നിട്ടിരിക്കുന്ന വാതിലുകളോടുകൂടിയ നഗരമാണ് ക്രിസ്തുവിന്‍റെ സഭ. എന്നാല്‍ അവിശുദ്ധമായ യാതൊന്നും അതില്‍ പ്രവേശിക്കുകയില്ല എന്നു പറയുന്നതിലൂടെ പാപികളെ വിശുദ്ധീകരിക്കുന്ന ഭൂമിയിലെ സഭയല്ല, വിശുദ്ധരുടെ മാത്രം നഗരമായ സ്വര്‍ഗ്ഗീയ സഭയാണ് ഇവിടെ വര്‍ണ്ണിക്കുന്നതെന്ന് അനുസ്മരിപ്പിക്കുന്നു.

22:1, നഗരത്തിന്‍റെ ഘടനയും പ്രകാശവും അംഗത്വവും വിവരിച്ചതിനുശേഷം അതിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന ആഹാരത്തിലേക്കു ഗ്രന്ഥകാരന്‍ ശ്രദ്ധ തിരിക്കുന്നു. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം ഒന്നുതന്നെ എന്നത് ക്രിസ്തുവിനു പിതാവിനോടുള്ള തുല്യതയെ സൂചിപ്പിക്കുന്നു. സിംഹാസനത്തില്‍നിന്നു പുറപ്പെടുന്ന ജീവജലത്തിന്‍റെ അരുവി പിതാവില്‍നിന്നും  പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണ് (യോഹ 7:38-39). എസെക്കിയേല്‍ കണ്ട നദിയെ (എസെ 47:1-12) അനുസ്മരിപ്പിക്കുന്നതാണ് ഈ അരുവിയും തുടര്‍ന്നു വിവരിക്കുന്ന ജീവന്‍റെ വൃക്ഷവും.

22:2, ജീവന്‍റെ വൃക്ഷം പറുദീസായിലെ ജീവന്‍റെ വൃക്ഷത്തെ (ഉല്പ 3:22) അനുസ്മരിപ്പിക്കുന്നു. പാപംചെയ്ത മനുഷ്യനു നിഷേധിക്കപ്പെട്ട അതിന്‍റെ ഫലം യേശു തന്‍റെ വിശ്വസ്തര്‍ക്കു വാഗ്ദാനം ചെയ്തു (വെളി 2:7). ഇപ്പോള്‍ അത് എല്ലാവര്‍ക്കുമായി നല്കപ്പെട്ടിരിക്കുന്നു. നിത്യജീവന്‍റെ പ്രതീകമാണ് ഈ വൃക്ഷത്തിന്‍റെ ഫലവും രോഗശാന്തി നല്കുന്ന ഇലകളും. സ്വര്‍ഗ്ഗീയ ജറുസലേമില്‍ വിശപ്പും ദാഹവും രോഗവും മരണവുമില്ല എന്ന് ജീവജലത്തിന്‍റെ അരുവിയുടെയും ജീവന്‍റെ വൃക്ഷത്തിന്‍റെയും പ്രതീകങ്ങളിലൂടെ പഠിപ്പിക്കുന്നു.

22:3, ചരിത്രത്തിന്‍റെ ആരംഭത്തില്‍ മനുഷ്യനു നഷ്ടപ്പെട്ട പറുദീസായുടെ സ്ഥാനത്ത് കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗീയപറുദീസാചരിത്രത്തിന്‍റെ അവസാനത്തില്‍ മനുഷ്യനു ലഭിക്കുന്ന ചിത്രമാണ് യോഹന്നാന്‍ ഇവിടെ കാണുന്നത്. മനുഷ്യന്‍റെ പാപം മൂലം ഭൂമി ശപിക്കപ്പെട്ടതായിത്തീര്‍ന്നു. (ഉല്പ 3:27). എന്നാല്‍ രക്ഷാചരിത്രം പൂര്‍ത്തിയാവുന്ന സ്വര്‍ഗ്ഗീയ ജറുസലേമില്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. പ്രപഞ്ചത്തിനും മനുഷ്യനും ശാപമോക്ഷം ലഭിക്കുന്നു.

22:4-5, മനുഷ്യന്‍റെ ഏറ്റം തീവ്രമായ ആഗ്രഹമാണ് ദൈവദര്‍ശനം. മോശക്ക് നിഷേധിക്കപ്പെട്ടതും (പുറ 33:20) ഹൃദയശുദ്ധിയുള്ളവര്‍ക്കു യേശു വാഗ്ദാനം ചെയ്തതും (മത്താ 5:8) ആയ ഭാഗ്യം ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. സ്വര്‍ഗ്ഗീയജറുസലേമില്‍ ഉള്ളവരെല്ലാം ദൈവത്തില്‍ നിന്നുള്ളവരാണെന്ന അവരുടെ നെറ്റിത്തടത്തിലെ നാമം പരസ്യമായി പ്രഖ്യാപിക്കുന്നു (വെളി 14:1).  പ്രകാശത്തെക്കുറിച്ചുള്ള പരാമര്‍ശം 21:22-23ല്‍ കണ്ടതിന്‍റെ ആവര്‍ത്തനമാണ്. ദൈവത്തിന്‍റെ രാജത്വത്തില്‍ പങ്കുചേര്‍ന്ന്, രാജകുമാരന്മാരും രാജകുമാരിമാരുമായി ദൈവജനം മുഴുവന്‍ എന്നേക്കും വാഴുന്ന അതിമനോഹരമായ ചിത്രം അവതരിപ്പിച്ചുകൊണ്ടാണ് സ്വര്‍ഗ്ഗീയ ജറുസലെമിന്‍റെ വിവരണം സമാപിക്കുന്നത്.

വിചിന്തനം: വെളിപാടു പുസ്തകത്തിന്‍റെ ഉച്ചകോടിയാണിവിടെ അവതരിപ്പിക്കുന്നത്. തിന്മ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെടും. നന്മ മാത്രം അവശേഷിക്കും. ആദ്യപാപം വഴി മനുഷ്യവര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ദൈവിക സാന്നിധ്യവും ദൈവദര്‍ശനവും വീണ്ടും ലഭിക്കും. ഈ പ്രപഞ്ചംതന്നെ സമൂലം നവീകരിക്കപ്പെടും. ഇത് ഭീരുക്കളുടെ ദിവാസ്വപ്നമല്ല, ദൈവം തന്നെ നല്കുന്ന വാഗ്ദാനമാണ്. ഉത്ഥിതനായ യേശുവില്‍ ഈ നവീകരണത്തിന്‍റെ, പുതിയ ലോകത്തിന്‍റെ തുടക്കം കാണാം. മൃഗത്തിന്‍റെ ഭീഷണികള്‍ക്ക് വഴങ്ങാതെ, വശീകരണങ്ങളില്‍ വീഴാതെ, യേശുവിനോടുകൂടെ ഉറച്ചു നില്‍കുന്നവര്‍ക്കു മാത്രമേ ഈ പുതിയ ലോകത്തില്‍ സ്ഥാനമുള്ളൂ.

ഭൂമിയെ നവീകരിച്ച് ഇറങ്ങി വരുന്ന ദൈവികസാന്നിധ്യമാണ് സ്വര്‍ഗ്ഗീയ ജറുസലെം. അവിടെ ദേവാലയമില്ല, നഗരം തന്നെയാണ് ദേവാലയം. പ്രത്യേകമായി ഒരു സ്ഥലം ദൈവ - മനുഷ്യ സംഗമത്തിനായി മാറ്റി വയ്ക്കുന്നില്ല. സ്ഥലവും സംവിധാനവുമല്ല, വ്യക്തിബന്ധമാണ് പുതിയ ജറുസലെം. ദൈവം മനുഷ്യരോടു കൂടെ വസിക്കുന്നു. മനുഷ്യര്‍ ദൈവത്തോടുകൂടെയും. ദൈവത്തില്‍ എല്ലാവരും ഒന്നാകുന്നു. ഈ പുതിയ അസ്തിത്വം വചനത്തിന്‍റെ മനുഷ്യാവതാരത്തോടെ (യോഹ 1:14) ആരംഭിച്ചു കഴിഞ്ഞു. വിശ്വാസത്തിന്‍റെ കണ്ണിലൂടെ അത് ഇപ്പോള്‍ത്തന്നെ കാണാന്‍ കഴിയും.

പുതിയ നഗരത്തിന്‍റെ അടിസ്ഥാനം പന്ത്രണ്ട് അപ്പസ്തോലന്മാരുടെമേല്‍ സ്ഥാപിച്ചിരിക്കുന്നു. പൂര്‍ത്തിയാക്കപ്പെട്ട ദൈവരാജ്യം എന്ന സ്വര്‍ഗ്ഗീയ ജറുസലെം ദൈവത്തിന്‍റെ സൃഷ്ടിയാണ്. അതേ സമയം മനുഷ്യന്‍റെ സഹകരണവും ആവശ്യപ്പെടുന്നു. മൃഗത്തിന്‍റെ മൂല്യങ്ങള്‍ക്കു വഴങ്ങാതെ, പീഡനങ്ങളുടെ മധ്യത്തിലും ഉറച്ചു നില്‍കുന്ന വിശ്വസ്തരിലൂടെയാണ് ദൈവരാജ്യം പൂര്‍ണ്ണമാവുക. യേശുക്രിസ്തുവാകുന്ന ജീവന്‍റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ചും പരിശുദ്ധാത്മാവാകുന്ന ജീവജലത്തിന്‍റെ അരുവിയില്‍നിന്ന് പാനം ചെയ്തും, ദൈവത്തിന്‍റെ അനന്തവും അവാച്യവുമായ സ്നേഹം അനുഭവിച്ചും നിത്യമായി ജീവിക്കുന്ന അവസ്ഥ ഇവിടെ വിരിയുന്ന സ്വര്‍ഗ്ഗീയ ജറുസലെമിന്‍റെ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.

വെളിപാട് 22:6-21, ഉപസംഹാരം

സ്വര്‍ഗ്ഗീയ ജറുസലെമിന്‍റെ ദര്‍ശനത്തോടെ വെളിപാട് പുസ്തകം ചിത്രീകരിക്കുന്ന രക്ഷാചരിത്രം അതിന്‍റെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. തുടര്‍ന്നുള്ള  16 വാക്യങ്ങള്‍ പുസ്തകത്തിന്‍റെ ഉപസംഹാരമാണ്. ദൈവദൂതന്‍, യേശുക്രിസ്തു, യോഹന്നാന്‍ എന്നീ മൂന്നു പേരുടെ സാക്ഷ്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. മൂവരുടെയും സാക്ഷ്യങ്ങള്‍ ഇടകലര്‍ത്തി അവതരിപ്പിക്കുന്നതിനാല്‍ ചില വാക്യങ്ങള്‍ ആരുടേതാണെന്ന് തീര്‍ച്ചയാക്കാന്‍ പ്രയാസമുണ്ട്. എന്നാല്‍ ഇതിന്‍റെയെല്ലാം സത്യാവസ്ഥക്കും ആധികാരികതക്കും ആധാരമായി നില്ക്കുന്നത് യേശുക്രിസ്തുതന്നെ ആകയാല്‍ ഓരോ വാക്യവും വാക്കും ആര്‍ പറയുന്നു എന്നത് അതില്‍തന്നെ പ്രസക്തമല്ല.         

ഞാന്‍ വേഗം വരുന്നു എന്ന് ക്രിസ്തുനാഥന്‍ മൂന്നു തവണ ആവര്‍ത്തിച്ചു പറയുന്നു. അതിനു മറുപടിയെന്നോണം പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ സഭയും ഗ്രന്ഥകാരനും കര്‍ത്താവേ വരണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. സഭയും നാഥനും തമ്മിലുള്ള യുഗാന്ത സമാഗമത്തിനുവേണ്ടി അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വരച്ചുകാട്ടിക്കൊണ്ട് ഗ്രന്ഥം ഉപസംഹരിക്കുന്നു. മുഖ്യപങ്കും ദര്‍ശനങ്ങളുടെയും പ്രവചനങ്ങളുടെയും ശൈലിയില്‍ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഇടയലേഖനത്തിന്‍റെ  ശൈലിയില്‍ സമാപനാശീര്‍വ്വാദംകൊണ്ട് അവസാനിപ്പിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് അജപാലകന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നു.

ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ (1:1-8) കണ്ട പല ആശയങ്ങളും വാക്യങ്ങളും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. ഉള്‍പ്പെടുത്തല്‍ (inclusion) എന്ന രചനാസങ്കേതം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. മുഖ്യമായും രണ്ടുകാര്യങ്ങള്‍ ഉപസംഹാരത്തില്‍ ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നു. 1. ഗ്രന്ഥം മുഴുവന്‍ വെളിപ്പെടുത്തപ്പെട്ട  ദൈവവചനമാണ്. 2. അന്ത്യം ആസന്നമായിരിക്കുന്നു. എത്രതവണ ആവര്‍ത്തിച്ചാലും മതിയാവില്ല എന്നു തോന്നുമാറ് ഈ സത്യം ഉപസംഹാരത്തില്‍ വീണ്ടും പല തവണ ഊന്നിപ്പറയുന്നതില്‍നിന്ന് എത്രമാത്രം പ്രാധാന്യം ഗ്രന്ഥകാരന്‍ ഇതിനു നല്കുന്നു എന്ന് മനസ്സിലാക്കാം. ആദ്യ നൂറ്റാണ്ടിലെ, ഏഷ്യയിലെ, സഭകള്‍ക്കു മാത്രമല്ല, എക്കാലത്തും എവിടെയും ജീവിക്കുന്ന വിശ്വാസികള്‍ക്ക്  ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് യേശുവിന്‍റെ പ്രഖ്യാപനം.

22:6, കുഞ്ഞാടിന്‍റെ മണവാട്ടിയായ നിത്യനഗരത്തെ കാണിച്ചുകൊടുത്ത ദൂതന്‍തന്നെയാണ് (21:9) ഇവിടെ സംസാരിക്കുന്നത്. യേശുക്രിസ്തു തന്‍റെ ദൂതനെ അയച്ച് ഇവ വെളിപ്പെടുത്തി എന്ന് ആമുഖത്തില്‍ പറഞ്ഞതിനെ (1:1) അനുസ്മരിപ്പിക്കുന്നതാണ് ദൂതനെക്കുറിച്ചുള്ള പരാമര്‍ശം. വിശ്വസ്തനും സത്യവാനുമായ സാക്ഷിയെന്നു വിശേഷിപ്പിക്കുന്ന (വെളി 3:14; 19:11) യേശുവിന്‍റെ വാക്കുകളാണ് ദൂതന്‍ പറയുന്നത്. അതിനാല്‍ അത് സത്യമാണ്. അവനെ വിശ്വസിക്കാം. 21:5-ല്‍ സിംഹാസനസ്ഥനായ ദൈവം ഇതേ വിശേഷണം തന്‍റെ വചനങ്ങള്‍ക്കു നല്കി. ദൈവവചനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഈ വിശേഷണങ്ങള്‍ ഉറപ്പുനല്കുന്നു.

ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ - ഈ വാക്യശകലം കൊണ്ടാണ് വെളിപാട് പുസ്തകം ആരംഭിച്ചത്. ഗ്രന്ഥത്തില്‍ പലതവണ ആവര്‍ത്തിച്ചതും ഉപസംഹാരത്തില്‍ വീണ്ടും ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നതുമായ ആശയമാണിത്. പ്രവാചകാത്മാക്കള്‍ എന്നതിന് പ്രവാചകന്മാരെ പ്രചോദിപ്പിക്കുന്ന ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് എന്നാണര്‍ത്ഥം. ദൈവത്തിന്‍റെ സപ്താത്മാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ  (വെളി 1:4; 3:1; 4:5; 5:6) അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രയോഗം. താന്‍ രചിച്ചിരിക്കുന്ന ഗ്രന്ഥം വെളിപ്പെടുത്തപ്പെട്ട സത്യമാണെന്നും അതിനെ ബൈബിളിന്‍റെ ഭാഗമായി കരുതണമെന്നും  ഈ വാക്യത്തിലൂടെ  ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.

22:7, യേശുക്രിസ്തുവാണ് ഇവിടെ സംസാരിക്കുന്നത്. വേഗം വരുന്നു എന്ന് ഉപസംഹാരഭാഗത്ത് മൂന്നു തവണ ആവര്‍ത്തിക്കുന്നുണ്ട് (22:12.20). സഭക്കു പ്രത്യാശയും ധൈര്യവും നല്കുന്നതാണ് ഈ അറിയിപ്പ്. സപ്ത ഭാഗ്യങ്ങളില്‍ ആറാമത്തേത് വചനം കാക്കുന്നവര്‍ക്കാണ് നല്കപ്പെടുക 1:3-ല്‍ അവതരിപ്പിച്ച അതേ ആശയം ഇവിടെ ആവര്‍ത്തിക്കുന്നു. ഈ പുസ്തകം ഒരു പ്രവചനമാണെന്നും ഇതിനെ ദൈവവചനമായി സ്വീകരിച്ച് അനുസരിക്കണമെന്നും ക്രിസ്തുനാഥന്‍ തന്നെ ആവശ്യപ്പെടുന്നു.

22:8-9, ആമുഖത്തിലെന്നപോലെ (1:4) ഉപസംഹാരത്തിലും ഗ്രന്ഥകാരന്‍ തന്‍റെ പേര് വെളിപ്പെടുത്തുന്നുണ്ട്. ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കല്പിതകഥകളോ വെറും ഭാവനാസൃഷ്ടിയോ അല്ല, താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് എന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇവിടെ വിശ്വസനീയതക്ക് ഉറപ്പു വരുത്തുന്നു. യോഹന്നാന്‍റെ ലിഖിതങ്ങളില്‍ പൊതുവേ കാണുന്നതാണ് ഈ വ്യക്തിപരമായ സാക്ഷ്യം (യോഹ 19:35; 21:23; 1 യോഹ 1:1). ദൂതനെ ആരാധിക്കാനുള്ള ശ്രമവും അതിനു ദൂതന്‍ നല്കുന്ന വിലക്കും, ദൈവത്തെമാത്രം ആരാധിക്കാനുള്ള ആഹ്വാനവും 19:10ല്‍ കണ്ടതാണ്. സഹോദരന്മാരായ പ്രവാചകന്മാരെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ ഗ്രന്ഥകര്‍ത്താവിന്‍റെ പ്രവാചകത്വത്തിന് ദൂതന്‍ തന്നെ സാക്ഷ്യം നല്കുന്നു; അതോടൊപ്പം വചനം പാലിക്കാനുള്ള ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

22:10, അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങളിലെ സന്ദേശം പൊതുവേ വിദൂരസ്ഥമായ  ഭാവിയില്‍ നിറവേറേണ്ടതും അതിനാല്‍ വരും തലമുറകള്‍ക്കായി മുദ്രവച്ചു സൂക്ഷിക്കേണ്ടതും ആയിട്ടാണ് അവതരിപ്പിക്കുക (ദാനി 8:26). എന്നാല്‍ ഇവിടെ മറിച്ചാണു സംഭവിക്കുക. രഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയല്ല, എല്ലാവരെയും അറിയിക്കാന്‍ വേണ്ടിയാണ് യോഹന്നാനു വെളിപാട് ലഭിച്ചത്. സമയം അടുത്തെത്തിയിരിക്കുന്നു എന്നതാണ് കാരണം.

ഗ്രന്ഥം എഴുതിയിട്ട് രണ്ടായിരത്തോളം വര്‍ഷം കഴിഞ്ഞിട്ടും യുഗാന്ത്യം സംഭവിക്കായ്കയാല്‍ യോഹന്നാനു തെറ്റു പറ്റിയതാണന്നു പല വ്യാഖ്യാതാക്കളും കരുതുന്നു. ബൈബിള്‍ പഠിതാക്കളുടെ ഇടയില്‍ ഇന്നും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന  ഒരു വിഷയമാണ് കര്‍ത്താവിന്‍റെ മടങ്ങിവരവ് വൈകുന്നത് (delay of the parousia). സങ്കീര്‍ണ്ണമായ വിവാദങ്ങളിലേക്കു കടക്കാതെ ബൈബിളിന്‍റെ പൊതുവായ കാഴ്ചപ്പാടില്‍നിന്ന് സമയത്തെക്കുറിച്ചു ചില നിഗമനങ്ങള്‍ എടുക്കാനാവും. കയ്രോസ് (Kairos) എന്ന ഗ്രീക്ക് പദമാണ് ഇവിടെ സമയം എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദൈവം ചരിത്രത്തില്‍ നിര്‍ണ്ണായകമായി ഇടപെട്ട് തിന്മയുടെമേല്‍ വിധി പ്രസ്താവിക്കുന്ന സമയമാണ് കയ്രോസ്. യേശുവിന്‍റെ മരണം ഇപ്രകാരമൊരു സമയമായിരുന്നു. തന്‍റെ സമയം അറിയാതിരുന്ന ജറുസലെമിനെക്കുറിച്ച് യേശു വിലപിക്കുമ്പോള്‍ (ലൂക്കാ 19:44) ജനസമൂഹത്തിനും വ്യക്തികള്‍ക്കും ദൈവത്തിന്‍റെ സന്ദര്‍ശനത്തിന്‍റേതായ സമയം ഉണ്ടെന്നു സൂചിപ്പിക്കുന്നു. സഭയെ സംബന്ധിച്ചും ഇത് ബാധകമാണ്. നാഥന്‍ എപ്പോഴാണ് അന്തിമസമാഗമത്തിനായി എത്തുക എന്നറിയാത്തതിനാല്‍ എപ്പോഴും ഒരുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ട യേശുവിന്‍റെ വചനത്തെ അനുസ്മരിപ്പിക്കുന്നതാണ് (ലൂക്കാ 12:40; വെളി 3:3) ആസന്നമായിരിക്കുന്ന സമയത്തെക്കുറിച്ചുള്ള പ്രഖ്യാപനം.

22:11, ആസന്നമായിരിക്കുന്ന ന്യായവിധിയുടെ പശ്ചാത്തലത്തിലാണ് ഈ വാക്യം മനസ്സിലാക്കേണ്ടത്. ഓരോരുത്തരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം  വിധിക്കപ്പെടും (വെളി 20:13) എന്ന മുന്നറിയിപ്പ് വിസ്മരിക്കാനാവില്ല. ദൈവം മനുഷ്യര്‍ക്കു സ്വാതന്ത്ര്യം അനുവദിച്ചു നല്കിയിരിക്കുന്നുവെന്നും പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ  ഓരോരുത്തരും ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവിടുത്തെ വചനം അനുസരിച്ചു ജീവിക്കണം എന്നും പലതവണ പഠിപ്പിച്ചു കഴിഞ്ഞു. അതിനു തയ്യാറാകാത്തവര്‍ തങ്ങളുടെ പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടി വരും. എസെക്കിയേലിനു നല്കിയ ദൗത്യത്തിനു സമാനമായ (എസെ 3:27) ഒന്നാണിത്. ദുഷ്ടന്‍റെ ശക്തിയിലും അധര്‍മ്മിയുടെ സമൃദ്ധിയിലും വിശ്വാസികള്‍ ആശ്ചര്യപ്പെടുകയോ പീഡനങ്ങളാല്‍ മനം തകരുകയോ അരുത്. തങ്ങളുടെ വിശ്വാസം ധീരതയോടെ ഏറ്റു പറയുകയും മരണംവരെ വിശ്വസ്തരായി തുടര്‍ന്ന്, നീതിയിലും വിശുദ്ധിയിലും ഉത്തരോത്തരം  അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യണം എന്ന് ഈ വാക്യം പഠിപ്പിക്കുന്നു.

22:12, ഉത്ഥിതനായ ക്രിസ്തുവാണ് ഇവിടെ സംസാരിക്കുന്നത്. വേഗം വരുന്നു എന്ന് വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് തന്‍റെ പുനരാഗമനത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ധൈര്യപ്പെടുത്തുന്നു. പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്കും എന്ന വാഗ്ദാനവും താക്കീതും വെളിപാട് പുസ്തകത്തില്‍തന്നെ പലതവണ കണ്ടതാണ് (2;23; 14:13; 20:13). ബൈബിളില്‍ പൊതുവേ കാണുന്ന ഈ പഠനം(ജറെ 17:10; റോമാ 2:6) പ്രവൃത്തിയല്ല, വിശ്വാസം മാത്രമാണ് രക്ഷ നല്കുന്നതെന്ന് വാദിക്കുന്നവര്‍ക്ക് ഒരു താക്കീതാണ്.

22:13, യേശുക്രിസ്തുവിന്‍റെ ദൈവത്വം വെളിപ്പെടുത്തുന്നതാണ് ഇവിടെ നല്കിയിരിക്കുന്ന ആറു വിശേഷണങ്ങള്‍. ആല്‍ഫയും ഒമേഗയും വെളി 1:8; 21:6 ല്‍ ദൈവത്തിന്‍റെ വിശേഷണങ്ങളായി നാം കണ്ടുകഴിഞ്ഞു. ആദ്യനും അന്ത്യനും എന്ന വിശേഷണങ്ങള്‍ വെളി 1:17; 2:8 ല്‍ ക്രിസ്തുവിനു നല്കിയതാണ്. ആദിയും അന്തവും-വെളി 21:6ല്‍ ദൈവത്തിനു നല്കിയ ഈ വിശേഷണങ്ങള്‍ എല്ലാറ്റിന്‍റെയും ഉറവിടവും ലക്ഷ്യവും ആയി യേശുവിനെ ഏറ്റുപറയുന്നു (യോഹ 1:3; കൊളോ 1:16)

22:14, സപ്തഭാഗ്യങ്ങളില്‍ അവസാനത്തേതാണ് ഇവിടെ വിവരിക്കുന്നത്. അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ (വെളി 7:14) രക്തസാക്ഷികള്‍ മാത്രമല്ല, യേശുവിന്‍റെ പെസഹാരഹസ്യത്തില്‍ ക്രിയാത്മകമായി പങ്കുചേരുന്ന എല്ലാവരുമാണ്. ദാനമായി ലഭിക്കുന്ന രക്ഷ വിശ്വാസവും പ്രവൃത്തിയുംവഴി സ്വീകരിക്കാനുള്ള ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തെ ഇത് അനുസ്മരിപ്പിക്കുന്നു. ജീവന്‍റെ വൃക്ഷം (ഉല്പ 2:9; 3:22; വെളി 2:7; 22:2) നിത്യജീവനെയും നഗരപ്രവേശനം സ്വര്‍ഗ്ഗഭാഗ്യത്തെയും സൂചിപ്പിക്കുന്നു. എപ്പോഴും തുറന്നുകിടക്കുന്ന പന്ത്രണ്ടു കവാടങ്ങളുള്ള സ്വര്‍ഗ്ഗീയ ജറുസലെം ആണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന നഗരം.

22:15, നിത്യനഗരത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നവരുടെ പട്ടികയ്ക്ക് നിത്യാഗ്നിക്കിരയാവുന്നവരുടെ പട്ടികയോട് (വെളി 21:8) സാമ്യമുണ്ട്. നായ്ക്കള്‍ എന്ന വിശേഷണം ആരെ സൂചിപ്പിക്കുന്നു എന്നതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.  പുതിയനിയമകാലത്ത് യഹൂദര്‍ വിജാതീയരെ നായ്ക്കള്‍ എന്നു വിശേഷിപ്പിച്ചിരുന്നു. (മത്താ 15:26-27). ശുദ്ധാശുദ്ധ വിവേചനം കൂടാതെ കിട്ടുന്നതെല്ലാം ഭക്ഷിക്കുന്നതിനാല്‍ വിജാതീയരോടുള്ള യഹൂദരുടെ അവജ്ഞയാണ് ഈ വിശേഷണത്തിനു പ്രേരകമായത്. രക്ഷപ്രാപിക്കാന്‍ യഹൂദമതം സ്വീകരിക്കണമെന്നു നിര്‍ബന്ധിച്ചവരെ വി. പൗലോസ് നായ്ക്കള്‍ എന്നു വിളിച്ചുകൊണ്ട് (ഫിലി 3:2) ക്രിസ്തുവിനെ തിരസ്ക്കരിക്കുന്നവരുടെയെല്ലാം വിശേഷണമായി ഇതിനെ ഉപയോഗിച്ചു. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട വേശ്യാവൃത്തിക്കു സ്വയം സമര്‍പ്പിക്കുന്ന പുരുഷന്മാരെ പഴയനിയമത്തില്‍ നായ്ക്കള്‍ എന്നു വിളിച്ചിരുന്നു. (നിയ 23:18). ഇവയുടെ വെളിച്ചത്തില്‍ ക്രിസ്തുവിനെ തിരസ്ക്കരിച്ച് അധാര്‍മ്മികതയില്‍ മുഴുകി കഴിയുന്നവരെയാണ് നായ്ക്കളായി ഇവിടെ വിശേഷിപ്പിക്കുന്നത് എന്ന് കരുതാം. അസത്യത്തെ സ്നേഹിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സാത്താന്‍റെ അനുയായികളാണ്.

22:16, ദൂതനിലൂടെ യോഹന്നാനു ലഭിച്ച വെളിപാട് താനാണ് നല്കിയതെന്ന് യേശുക്രിസ്തുതന്നെ സാക്ഷ്യപ്പെടുത്തുന്നു. വെളി 1:1 ലെ ഗ്രന്ഥകാരന്‍റെ വാക്കുകളെ ക്രിസ്തുനാഥന്‍ ഇവിടെ അംഗീകരിച്ചുറപ്പിക്കുന്നു. വീണ്ടും രണ്ടു വിശേഷണങ്ങള്‍കൂടി യേശു സ്വയം സ്വീകരിക്കുന്നു. രണ്ടും മിശിഹായെ സംബന്ധിച്ച പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. ഏശ 11:1 മിശിഹായെ ജെസ്സെയുടെ കുറ്റിയില്‍നിന്നു കിളിര്‍ക്കുന്ന മുളയായി ചിത്രീകരിച്ചു. ദാവീദിന്‍റെ വേര് എന്ന വിശേഷണം ഈ പ്രവചനത്തെ അനുസ്മരിപ്പിക്കുന്നു. വെളി 5:5ല്‍ ദൂതന്‍ കുഞ്ഞാടിന് ഈ വിശേഷണം നല്കുകയുണ്ടായി. സന്തതി എന്നത് ഇതിന്‍റെ വിശദീകരണവും ദാവീദിന്‍റെ പുത്രനായ മിശിഹായെക്കുറിച്ചുള്ള പ്രവചനത്തിന്‍റെ (2 സാമു7:12-17) പൂര്‍ത്തീകരണവുമാണ്. പ്രഭാതനക്ഷത്രം ബാലാമിന്‍റെ പ്രവചനത്തെ അനുസ്മരിപ്പിക്കുന്നു. രാത്രി അവസാനിക്കാറായി; സൂര്യോദയം അടുത്തെത്തിയിരിക്കുന്നു എന്നു വിളിച്ചറിയിക്കുന്നതാണ്  പ്രഭാതനക്ഷത്രം. ഈ വിശേഷണം സ്വയം സ്വീകരിക്കുന്നതിലൂടെ തിന്മയുടെ ഭരണം അവസാനിക്കാറായി എന്നും ദൈവരാജ്യം ഉടനെ സ്ഥാപിക്കപ്പെടുമെന്നും സംശയത്തിനിടനല്കാതെ യേശു പ്രഖ്യാപിക്കുന്നു. വെളി 2:28ല്‍ നല്കിയ വാഗ്ദാനത്തിന്‍റെ വിശദീകരണം കൂടിയാണ് ഈ വിവരണം.

22:17, വരുക എന്ന ക്ഷണം മൂന്നുതവണ ആവര്‍ത്തിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു ക്ഷണങ്ങള്‍ ക്രിസ്തുവിനോടുള്ള ഒരു പ്രാര്‍ത്ഥനയായി കരുതുന്നവരുണ്ട്. അങ്ങനെയെങ്കില്‍ 20-ാം വാക്യത്തിലെ, "കര്‍ത്താവായ യേശുവേ വരേണമേ" എന്ന പ്രാര്‍ത്ഥനതന്നെ ആയിരിക്കും ഇത്. എന്നാല്‍ മൂന്നു ക്ഷണവും ഒരേ അര്‍ത്ഥത്തില്‍ത്തന്നെ എടുക്കണം എന്ന വ്യാഖ്യാനമാണ് കൂടുതല്‍ സ്വീകാര്യം. ആത്മാവ് സഭയില്‍ നിരന്തരം വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവു തന്നെയാണ്;  മണവാട്ടിയാകട്ടെ സഭയും. സഭക്കുള്ള ലേഖനങ്ങള്‍ ഓരോന്നും ആത്മാവിന്‍റെ ആഹ്വാനത്തോടെ അവസാനിച്ചതുപോലെ വെളിപാട് ഗ്രന്ഥവും ആത്മാവിന്‍റെ ക്ഷണത്തോടെ അവസാനിക്കുന്നു. രക്ഷയുടെ സന്ദേശം സ്വീകരിക്കുന്നവര്‍  തങ്ങള്‍ക്കു കിട്ടിയ സദ്വാര്‍ത്ത തുടര്‍ന്നു പ്രഘോഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് അനുസ്മരിപ്പിക്കുന്നതാണ് കേള്‍ക്കുന്നവന്‍ പറയട്ടെ എന്ന അനുശാസനം. ദൈവികജീവനുവേണ്ടി ദാഹിക്കുന്നവര്‍ ജീവജലത്തിന്‍റെ ഉറവിടമായ ദൈവത്തിലേക്കു (ജറെ 2:13) വരണം. ദൈവത്തിനു മാത്രമേ മനുഷ്യാത്മാവിന്‍റെ ദാഹം ശമിപ്പിക്കുവാന്‍ കഴിയൂ. സൗജന്യമായി നല്കപ്പെടുന്ന ജീവജലം ഏശയ്യാപ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്തു (ഏശ 55:1). യേശുവില്‍ ആ വാഗ്ദാനം പൂര്‍ത്തിയായി (യോഹ 4:14; 6:35; 7:37). വെളി 21:6ല്‍  ദൈവം തന്നെ നല്കിയ വാഗ്ദാനം സ്വീകരിക്കാനാണ് എല്ലാവരും ക്ഷണിക്കപ്പെടുന്നത്.

22:18-19, ഈ പുസ്തകം മുഴുവന്‍ പ്രവചനമാണന്നും അത് വായിച്ചുകേള്‍ക്കാനുള്ളതാണെന്നും ആമുഖത്തില്‍ (വെളി 1:3) പറഞ്ഞത് ഇവിടെ ആവര്‍ത്തിച്ചുകൊണ്ട് ഇതിനെ ദൈവനിവേശിത ഗ്രന്ഥമായി അവതരിപ്പിക്കുന്നതാണ് ഈ വാക്യങ്ങള്‍. ഇതു പറയുന്നത് ക്രിസ്തുതന്നെയാണ് എന്നു ചില വ്യാഖ്യാതാക്കള്‍ കരുതുന്നു. എന്നാല്‍ ദൈവം അയക്കും, ദൈവം എടുത്തുകളയും എന്ന താക്കീതുകള്‍ പുസ്തകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ ക്രിസ്തു നല്കുന്നവയില്‍നിന്നു വ്യത്യസ്തമായതിനാല്‍ ഗ്രന്ഥകാരനായ യോഹന്നാന്‍ തന്നെയാണ് ഇവിടെ സംസാരിക്കുന്നതെന്ന് അനുമാനിക്കാം. കൂട്ടിച്ചേര്‍ക്കലും എടുത്തുകളയലും പുസ്തകം പകര്‍ത്തിയെഴുതുന്ന ആള്‍ മന:പൂര്‍വ്വമല്ലാതെ വരുത്തുന്ന പിശകുകളെയോ ഗ്രന്ഥത്തിന്‍റെ മൂലരൂപവും ഗ്രന്ഥകര്‍ത്താവ് കൈമാറാന്‍ ഉദ്ദേശിച്ച അര്‍ത്ഥവും കണ്ടുപിടിക്കാന്‍ ആത്മാര്‍ത്ഥതയോടും ശാസ്ത്രീയനിഷ്കര്‍ഷതയോടും കൂടെ ശ്രമിക്കുന്ന പഠിതാക്കള്‍ക്കു വന്നേക്കാവുന്ന തെറ്റുകളേയോ അല്ല, മറിച്ച് ഗ്രന്ഥത്തിലെ രക്ഷാകരസന്ദേശം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുകയും അപ്രകാരം പഠിപ്പിക്കുകയും ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. ഇസ്രായേല്‍ ജനത്തിനു മോശയും (നിയ 4:2) ഗലാത്തിയാക്കാര്‍ക്കു വി.പൗലോസും (ഗലാ 1:8) നല്കിയതുപോലുള്ളതാണ് ഈ അനുശാസനം. സഭകള്‍ക്കുള്ള ലേഖനങ്ങളില്‍ നല്കിയ പ്രോത്സാഹനങ്ങളും ഉപദേശങ്ങളും താക്കീതുകളും ഗൗരവപൂര്‍വ്വം സ്വീകരിച്ച്, കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്താനുള്ള  അവസാനത്തെ ആഹ്വാനമാണിത്. അതിനു തയ്യാറാകാത്തവര്‍ക്കു നിത്യഭാഗ്യം നഷ്ടമാകുമെന്നു മാത്രമല്ല, അവര്‍ നിത്യശിക്ഷക്ക് ഇരയായിത്തീരുകയും ചെയ്യും എന്ന താക്കീത് ദൈവവചനത്തിനു ജീവിതത്തില്‍ നല്കേണ്ട അതുല്യ പ്രാധാന്യത്തെ അടിവരയിട്ടുറപ്പിക്കുന്നു.

22:20, ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ദൈവവചനമാണെന്ന് ക്രിസ്തുതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ വേഗം വരുന്നു എന്ന് ഉപസംഹാരഭാഗത്തു മൂന്നാംതവണ ആവര്‍ത്തിച്ചുകൊണ്ട് രണ്ടാം വരവിനെക്കുറിച്ച് ഉറപ്പുനല്കുന്നു. ചരിത്രത്തിന്‍റെ ഗതി നിര്‍ണ്ണയിക്കാനോ തിന്മയെ ഉന്മൂലനം ചെയ്തു സമ്പൂര്‍ണ്ണനീതി പുന:സ്ഥാപിക്കാനോ മനുഷ്യനു സ്വന്തം ശക്തിയാല്‍ സാധിക്കുകയില്ല. ചരിത്രത്തിന്‍റെ നാഥന്‍ മനുഷ്യനല്ല, ലോകത്തെ ജയിച്ച ക്രിസ്തുവാണ്. അവന്‍റെ പുനരാഗമനത്തില്‍ മാത്രമേ ചരിത്രം അതിന്‍റെ ലക്ഷ്യത്തിലെത്തുകയുള്ളൂ. ഇപ്രകാരമുള്ള വിശ്വാസമാണ് ക്രിസ്തുവിന്‍റെ വാഗ്ദാനത്തിലും സഭയുടെ പ്രാര്‍ത്ഥനയിലും പ്രതിഫലിക്കുന്നത്. കര്‍ത്താവായ യേശുവേ വരണമേ എന്ന പ്രാര്‍ത്ഥന ക്രിസ്തീയ ആരാധനസമൂഹങ്ങളില്‍നിന്നു നിരന്തരം ഉയരുന്ന യാചനയാണ്. മാറാനാത്താ (ഞങ്ങളുടെ കര്‍ത്താവേ വന്നാലും) എന്ന് അരമായ ഭാഷയില്‍ വി. പൗലോസ് ഈ പ്രാര്‍ത്ഥന രേഖപ്പെടുത്തിയിരിക്കുന്നു (1 കോറി 16:22). നാഥന്‍റെ വരവിനുവേണ്ടി വിശ്വസ്തതാപൂര്‍വ്വം, പ്രാര്‍ത്ഥനാസമേതം കാത്തിരിക്കുകയാണ് ഗ്രന്ഥകാരനും അനുവാചകരും. ക്രിസ്തുവിന്‍റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന സഭാസമൂഹത്തിന്‍റെ നടുവില്‍ നിന്നുകൊണ്ട് ഉരുവിടുന്ന ഈ പ്രാര്‍ത്ഥനക്കു മറുപടി ലഭിക്കും എന്ന ഉറച്ചവിശ്വാസം അടുത്ത വാക്യത്തില്‍ ഗ്രന്ഥകാരന്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്നു.

22:21, കൃപയും സമാധാനവും ആശംസിച്ചുകൊണ്ട് ആരംഭിച്ച ലേഖനം (വെളി 1:5) -വെളിപാടു ഗ്രന്ഥം- അതേ ആശംസകൊണ്ടുതന്നെ സമാപിക്കുന്നു.

വിചിന്തനം: ബൈബിളിലെ അവസാനത്തെ പുസ്തകമാണ് വെളിപാടു പുസ്തകം. രക്ഷാചരിത്രം ലക്ഷ്യം വയ്ക്കുന്ന പുതിയ സൃഷ്ടി വിശദമായി അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകം ഉപസംഹരിക്കുന്നത്. ദര്‍ശനത്തിലൂടെ കണ്ടവ ഉടനെ ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാകും എന്ന വാഗ്ദാനവും ഈ വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ താന്‍ ഉടനെ വരുന്നു എന്ന ക്രിസ്തുവിന്‍റെ പ്രഖ്യാപനവും വിശ്വാസികളുടെ ഹൃദയത്തില്‍നിന്ന് ഒരു പ്രാര്‍ത്ഥന ഉയരാന്‍ ഇടനല്‍കുന്നു. കര്‍ത്താവേ വരണമേ! (മാറാന്‍ ആത്താ) വിവരണങ്ങളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും മുഖ്യസന്ദേശം വ്യക്തമാണ്.

നന്മയും തിന്മയും തമ്മില്‍, ദൈവവും സാത്താനും തമ്മില്‍ സന്ധിയില്ലാ സമരം നടക്കുന്ന യുദ്ധഭൂമിയാണ് ഈ ലോകം. പ്രത്യക്ഷത്തില്‍ തിന്മ കൂടുതല്‍ ശക്തവും അജയ്യവുമായി തോന്നാമെങ്കിലും ആത്യന്തിക വിജയം നന്മയുടെതായിരിക്കും. അതിനാല്‍ ദൈവത്തിന്‍റെ വചനമനുസരിച്ച് അവിടുത്തോടു ചേര്‍ന്ന് നില്‍ക്കുക. വിശ്വാസത്തിന് വേണ്ടി നഷ്ടങ്ങള്‍ സഹിക്കാന്‍, ജീവന്‍ പോലും നഷ്ടപ്പെടുത്താന്‍, തയ്യാറാവുക. വിജയം സുനിശ്ചിതമാണ്.

ലോകാവസാനത്തെ സംബന്ധിച്ച കൃത്യമായ അറിവു നേടാനുതകുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമല്ല ഇത്. മറിച്ച് തീരുമാനങ്ങള്‍ എടുക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന ദൈവവചനമാണ് വെളിപാടു പുസ്തകം.

Interpretation of the Book of Revelation catholic malayalam bible study Dr. Michael Karimattam The Book Of Revelation Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message