We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 10-Feb-2021
പുറപ്പാടുഗ്രന്ഥം
ബൈബിളിലെ രണ്ടാമത്തെ പുസ്തകം 'പുറപ്പാട്ന്' എന്ന പേരില്‍ അറിയപ്പെടുന്നു. ഹീബ്രു ബൈബിളില്‍ പുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു വാക്കുകളായ എല്ലേ ഷ്മോത്ത് (ഇതാണ് പേരുകള്‍) ആണ് പുസ്തകത്തിന്‍റെ പേരായി ഉപയോഗിക്കുന്നത്. ബൈബിള്‍ ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തവര്‍ പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ സൂചിപ്പിക്കാനായി എക്സോദോസ് (Exodos) എന്ന പേരുപയോഗിച്ചു. പുറത്തേക്കു പോകല്‍ എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. ഇസ്രായേല്‍ ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിതരായതിന്‍റെ ചരിത്രം വിവരിക്കുന്നതിനാല്‍ പുസ്തകത്തിന് ഈ പേര് കൂടുതല്‍ അനുയോജ്യമാണ്.
മോചിതരായവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്ത് സീനായ്മലയുടെ അടിവാരത്തില്‍ എത്തുകയും അവിടെവച്ച് ഒരു ഉടമ്പടിയിലൂടെ ദൈവജനമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സംഭവമാണ് പുറപ്പാടു പുസ്തകത്തിന്‍റെ കേന്ദ്രം. തങ്ങള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും ദൈവവുമായുള്ള ഉടമ്പടിയുടെ നിബന്ധനകള്‍ അനുസരിച്ചു ജീവിക്കാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവരെ നിരന്തരം അനുസരിപ്പിക്കുന്ന ഉടമ്പടിയുടെ പേടകത്തിന്‍റെയും സാക്ഷ്യകൂടാരത്തിന്‍റെയും വിവരങ്ങളാണ് പുസ്തകത്തിന്‍റെ അവസാന ഭാഗത്തുള്ളത്.
ഗ്രന്ഥകര്‍ത്താവ്
പുറപ്പാടു പുസ്തകത്തില്‍ വിവരിക്കുന്ന സംഭവങ്ങളിലെ മുഖ്യ കഥാപാത്രം മോശ ആയതിനാലും കര്‍ത്താവു തന്നെ മോശയോട് ഇവ ഒരു പുസ്തകത്തില്‍ എഴുതാന്‍ കല്‍പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതിനാലും (പുറ 17, 14) മോശതന്നെയാണ് ഈ പുസ്തകം മുഴുവന്‍ എഴുതിയതെന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ നടന്ന ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമായി ഈ പുസ്തകം ഒരാളുടെ രചനയല്ല, അനേകം ഗ്രന്ഥകര്‍ത്താക്കള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു തെളിഞ്ഞിട്ടുണ്ട്. വാചികവും ലിഖിതവുമായി നൂറ്റാണ്ടുകളിലൂടെ കാത്തു സൂക്ഷിക്കപ്പെട്ട ഇസ്രായേല്‍ ജനത്തിന്‍റെ വിശ്വാസ പൈതൃകമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇതിന്‍റെ തുടക്കം മോശയില്‍ നിന്നാണ് എന്നതില്‍ സംശയമില്ല. ചില വിവരങ്ങളും നിയമങ്ങളും മോശതന്നെ രേഖപ്പെടുത്തിയതായി ന്യായമായും അനുമാനിക്കാം. എന്നാല്‍ ഇന്നു ലഭിച്ചിരിക്കുന്ന വിധത്തില്‍ പുസ്തകം അന്തിമമായി പ്രസാധനം ചെയ്യപ്പെട്ടത് ബാബിലോണ്‍ പ്രവാസത്തിനുശേഷം, ബി.സി. അഞ്ചാം നൂറ്റാണ്ടിലാണ് എന്നു പൊതുവെ കരുതപ്പെടുന്നു. ഉല്‍പത്തി പുസ്തകത്തില്‍ കണ്ട ഖഋജ എന്ന മൂന്നു പാരമ്പര്യങ്ങളും പുറപ്പാടു പുസ്തകത്തിലും ഉണ്ട്. അതിനു പുറമേ നിയമാവര്‍ത്തന (D) പാരമ്പര്യത്തിന്‍റെ സ്വാധീനവും ചില ഭാഗങ്ങളില്‍ ദൃശ്യമാണ്.
ചരിത്രസംഭവം
ഇസ്രായേലിനെ ഒരു ജനതയാക്കി മാറ്റിയ പുറപ്പാടു സംഭവത്തെയോ അതുമായി ബന്ധപ്പെട്ട മഹാമാരികളെയോ കുറിച്ച് ഈജിപ്തിലെ ചരിത്രരേഖകളില്‍ യാതൊരു പരാമര്‍ശവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതുകൊണ്ടുമാത്രം ഈ വിവരണങ്ങള്‍ വെറും കെട്ടുകഥകളാണെന്നു കരുതാനാവില്ല. രാജ്യത്തിന്‍റെ മഹത്വവും രാജാക്കന്മാരുടെ വിജയങ്ങളും പ്രഘോഷിക്കാനായി എഴുതപ്പെടുന്ന ചരിത്രരേഖകളില്‍ രാജാവിനും രാജ്യത്തിനും അപമാനകരമായ സംഭവങ്ങള്‍ കാണാതിരിക്കുക തികച്ചും സ്വാഭാവികമാണല്ലോ.
ഈജിപ്തിലെ ചരിത്രരേഖകള്‍ ഇസ്രായേല്‍ ജനത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ലെങ്കിലും പുറപ്പാടു പുസ്തകത്തില്‍ വിവരിക്കുന്നതിനു സമാനമായ നഗരനിര്‍മ്മാണത്തിനു വേണ്ടി നടന്ന അടിമവേലയെക്കുറിച്ച് ആ രേഖകളില്‍ വ്യക്തമായ തെളിവുകളുണ്ട്. ഹബീറു എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗം ഇപ്രകാരം അടിമവേല ചെയ്തിരുന്നു. ഇസ്രായേല്‍ക്കാര്‍ ഹബീറുക്കളുടെ ഗണത്തില്‍പ്പെടും എന്നു നാം കണ്ടുകഴിഞ്ഞു . അടിമകള്‍ ഒറ്റയ്ക്കും കൂട്ടമായും ഒളിച്ചോടുകയും പട്ടാളം അവരെ തേടിപ്പിടിച്ചു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായും രേഖകളുണ്ട്. ഈജിപ്തില്‍ നിന്ന് ഒളിച്ചോടുന്നവര്‍ നേരേ സീനായ്മരുഭൂമിയിലേക്കാണ് പോവുക. ഇപ്രകാരം പലായനം ചെയ്ത ഒരുകൂട്ടം അടിമകളായിരിക്കണം പുറപ്പാടു പുസ്തകത്തിലെ ഇസ്രായേല്‍ജനം.
പുറപ്പാടുമായി ബന്ധപ്പെട്ട മഹാമാരികളില്‍ പലതും ഈജിപ്തില്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സാധാരണ സംഭവങ്ങളാണ്. അവയുടെ അസാധാരണമായ കാഠിന്യവും സമയവും ഇസ്രായേലിന്‍റെ മോചനത്തിനു കാരണമായതിനാല്‍ അവ ദൈവത്തിന്‍റെ പ്രത്യേക പരിപാലനയുടെ അടയാളമായി ഇസ്രായേല്‍ക്കാര്‍ക്ക് അനുഭവപ്പെട്ടു.
ബി.സി. 1700-1550 കാലഘട്ടത്തില്‍ ഈജിപ്തു ഭരിച്ച ഹിക്സോസ് രാജവംശത്തിന്‍റെ തലസ്ഥാനം അവാരിസ് നഗരമായിരുന്നു. വിദേശികളായ ഹിക്സോസിനെ തുരുത്തിയതിനുശേഷം തുടങ്ങിയ 18-ാം രാജവംശം (1570-1310) അവാരിസില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ തെക്കുള്ള തെബെസാണ് തലസ്ഥാനമായി സ്വീകരിച്ചത്. 19-ാം രാജവംശം (1310-1200) തലസ്ഥാനം വീണ്ടും നൈല്‍നദീതടത്തിലേക്കു മാറ്റി. ഈ രാജവംശത്തിന്‍റെ സ്ഥാപകനായ സേത്തോസ് ഒന്നാമന്‍ (1309-1290) ഈ നഗരത്തിന്‍റെ പണി ആരംഭിച്ചു. മകന്‍ റാമ്സേസ് രണ്ടാമന്‍ (1290-1224) നഗരനിര്‍മ്മാണം പൂര്‍ത്തിയാക്കി, റാമ്സേസ് എന്ന പേരു നല്‍കി. പിത്തോം, റാമ്സേസ് എന്ന നഗരങ്ങള്‍ക്കു വേണ്ടി കഠിനമായ അടിമവേല ചെയ്യാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരായി എന്ന പരാമര്‍ശം (പുറ 1, 11) ഈ രാജാക്കന്മാരുടെ കാലത്തെയാണ് സൂചിപ്പിക്കുക. റാമ്സേസ് രണ്ടാമന്‍റെ മരണത്തിനു ശേഷം രാജാവായ മെര്‍ണെഫാത്ത് (1224-1214) തന്‍റെ വിജയങ്ങളുടെ പട്ടിക രേഖപ്പെടുത്തിയ ഒരു ശിലാഫലകത്തില്‍ ഇസ്രായേലിനെ തോല്‍പ്പിച്ചതായി അവകാശപ്പെടുന്നു. ബി.സി. 1220ല്‍ പലസ്തീനായില്‍ വച്ച് ഫറവോ ഇസ്രായേലിനെ തേല്‍പ്പിച്ചെങ്കില്‍ അതിനു മുമ്പേ അവര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് പലസ്തീനായില്‍ കുടിയേറിപ്പാര്‍ത്തു എന്ന് അനുമാനിക്കാം. അതിനാല്‍ റാമ്സേസ് രണ്ടാമന്‍റെ ഭരണകാലത്ത്, 1270-1250 കാലഘട്ടത്തിലായിരിക്കണം പുറപ്പാടു സംഭവം നടന്നത്. പുറ 12, 40-41ല്‍ നല്കിയിരിക്കുന്ന കാലസൂചനയും ഈ നിഗമനത്തിലേക്കു നയിക്കുന്നു. ഈജിപ്തില്‍ വാസമുറപ്പിച്ചതിന്‍റെ 430-ാം വര്‍ഷമാണ് ഇസ്രായേല്‍ക്കാര്‍ പുറപ്പെട്ടത്. ബി.സി. 1700ല്‍ ഭരണമാരംഭിച്ച ഹിക്സോസ് രാജവംശത്തിന്‍റെ തുടക്കത്തിലായിരിക്കണം യാക്കോബും കുടുംബവും ഈജിപ്തിലേക്കു കുടിയേറിയത്.
പുറപ്പാട് ഒരു ചരിത്രസംഭവമാണെങ്കിലും അതുമായി ബന്ധപ്പെടുത്തി ബൈബിളില്‍ വിവരിക്കുന്ന കാര്യങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അതേപടി സംഭവിച്ചതാകണം എന്നില്ല. നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി കൈമാറിവന്ന വിവരണങ്ങളില്‍ പല വിശദീകരണങ്ങളും അതിശയോക്തികളും കലര്‍ന്നിട്ടുണ്ടാവാം. വിവരണങ്ങളിലെ വിശദാംശങ്ങളേക്കാള്‍ അവയിലൂടെ വെളിപ്പെടുന്ന ജനതയുടെ വിശ്വാസമാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ദൈവം തങ്ങളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് ഉടമ്പടിയിലൂടെ തന്‍റെ സ്വന്തം ജനതയാക്കി മാറ്റി എന്ന അടിസ്ഥാന വിശ്വാസമാണ് ഈ വിവരണങ്ങളില്‍ ഉടനീളം തുടിച്ചു നില്‍ക്കുന്നത്. ഉടമ്പടിയുടെ നിബന്ധനകള്‍ അനുസരിച്ചുകൊണ്ട് ദൈവത്തോടു വിശ്വസ്തത പാലിക്കാന്‍ ഈ വിശ്വാസം അവരെ പ്രേരിപ്പിച്ചു. മറ്റ് ഏത് ബൈബിള്‍ ഗ്രന്ഥങ്ങളിലും എന്നതുപോലെ പുറപ്പാട് പുസ്തകത്തിലും ഉപയോഗിക്കുന്ന സാഹിത്യരൂപങ്ങളും രചനാശൈലികളും കണക്കിലെടുത്താലേ ഈ ഗ്രന്ഥത്തിലൂടെ ലഭിക്കുന്ന രക്ഷാസന്ദേശം ഗ്രഹിക്കാനാവൂ.
സാഹിത്യരൂപം
സംഭവങ്ങള്‍ യഥാതഥം അവതരിപ്പിക്കുന്ന ഒരു ദൃക്സാക്ഷി വിവരണമോ, ആധുനിക ചരിത്രകാരന്‍റെ നിഷ്കര്‍ഷതയോടെ രചിക്കപ്പെട്ട ചരിത്രമോ അല്ല, വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കപ്പെട്ട ചരിത്രമാണ് പുറപ്പാടു പുസ്തകത്തിലുള്ളത്. തങ്ങളെ സ്നേഹിക്കുകയും സ്വന്തമായി തിരഞ്ഞെടുക്കുകയും അത്ഭുതകരമായി പരിപാലിക്കുകയും ചെയ്ത ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുകയും ആ വിശ്വാസം പിന്‍തലമുറകള്‍ക്കു കൈമാറുകയുമാണ് ഗ്രന്ഥരചനയുടെ ലക്ഷ്യം. അതിനാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്, പില്ക്കാലത്ത് വിശദീകരണങ്ങളിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്ത് എന്നു കൃത്യമായി വേര്‍തിരിച്ചു കാണുക എളുപ്പമല്ല, വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് അവശ്യവും അല്ല. പുറപ്പാടു പുസ്തകത്തില്‍ വിവിധങ്ങളായ സാഹിത്യരൂപങ്ങള്‍ ദൃശ്യമാണ്. ധീരനായ നേതാവിന്‍റെ കീഴില്‍ ഒരു ജനം അനേകം അദ്ഭുതങ്ങളുടെ അകമ്പടിയോടെ, അടിമത്തത്തില്‍ നിന്ന് വിടുതല്‍ നേടി, കടല്‍ കടന്ന് സ്വതന്ത്രരാകുന്നതിന്‍റെ വിവരണത്തിന് ഇതിഹാസത്തിന്‍റെ (EOIC) സ്വഭാവമുണ്ട്. ശിശുവധം, മോശയുടെ രക്ഷപ്പെടല്‍, ഈജിപ്തിനെ ബാധിച്ച മഹാമാരികള്‍ മുതലായവയുടെ വിവരണങ്ങളില്‍ ഐതിഹ്യത്തിന്‍റെ (Legand) ലാഞ്ഛന കാണാം. പെസഹായുടെ വിവരണത്തിന് ആരാധനാക്രമത്തിന്‍റെയും (Liturgy) ഉടമ്പടിയുടെ വിവരണങ്ങള്‍ക്ക് നിയമസംഹിതയുടേയും (Legal Code) സാഹിത്യരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ നാടകത്തിന്‍റെയും (Drama) കീര്‍ത്തനങ്ങളുടെയും (hymn) ശൈലിയില്‍ രചിക്കപ്പെട്ട ഭാഗങ്ങളും പുറപ്പാടു പുസ്തകത്തിലുണ്ട്. വൈവിധ്യമാര്‍ന്ന ഈ സാഹിത്യരൂപങ്ങള്‍ എല്ലാം പുറപ്പാടു സംഭവത്തിലൂടെ ലഭിച്ച അടിസ്ഥാനപരമായ ദൈവാനുഭവം അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ വിവരണങ്ങളുടെ അക്ഷരാര്‍ത്ഥത്തില്‍ ഒതുങ്ങി നില്ക്കാതെ അവയിലൂടെ ലഭ്യമാകുന്ന സന്ദേശം ഗ്രഹിക്കാനും അനുഭവം സ്വന്തമാക്കാനും ശ്രമിക്കണം.
പുറപ്പാടു സംഭവത്തിന്‍റെ പ്രാധാന്യം
ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവമാണ് പുറപ്പാട്. കഠിനമായ മര്‍ദ്ദനത്തിനിരയായി കഴിഞ്ഞ ഒരുപറ്റം അടിമകള്‍ ഒരു സ്വതന്ത്രജനതയായിത്തീര്‍ന്ന വിമോചനത്തിന്‍റെ ഇതിഹാസമാണത്. ദൈവത്തെക്കുറിച്ചും തങ്ങളെക്കുറിച്ചുമുള്ള ഇസ്രായേല്‍ ജനതയുടെ അവബോധം രൂപം പ്രാപിച്ചത് ഈ സംഭവത്തിലൂടെയായിരുന്നു. മര്‍ദ്ദിതരുടെ നിലവിളി കേള്‍ക്കുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്ന യാഹ്വേയാണ് ദൈവം എന്ന് അവര്‍ ഗ്രഹിച്ചതും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണ് തങ്ങള്‍ എന്ന ആത്മാവബോധം അവരില്‍ അങ്കുരിച്ചതും ഈ സംഭവത്തിനുള്ള ഒരുക്കമായിരുന്നു. വാഗ്ദത്തഭൂമി കൈയ്യടക്കുന്നതു മുതലുള്ള സംഭവപരമ്പരകള്‍ ഇതിന്‍റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമത്രേ. ഈജിപ്തില്‍ നിന്നുള്ള മോചനവും സീനായ് ഉടമ്പടിയുമാണ് ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍.
ഈജിപ്തില്‍ നിന്നുള്ള മോചനത്തിലൂടെ പ്രകടമായ വിമോചകനായ ദൈവത്തിന്‍റെ കരുണാര്‍ദ്രവും പാവങ്ങളോടുള്ള പക്ഷപാതപരവുമായ സ്നേഹവും സീനായ് ഉടമ്പടിയിലൂടെ നല്കപ്പെട്ട നിയമങ്ങളും ഇസ്രായേല്‍ ജനത്തിന്‍റെ ആധ്യാത്മികതയുടെ അടിത്തറയായിരുന്നു. ഒരു ജനതയെന്നനിലയിലുള്ള അവരുടെ അസ്തിത്വം കെട്ടിപ്പെടുത്തത് ഈ അടിത്തറയിന്മേലാണ്. പഴയ നിയമത്തിലുടനീളം പുറപ്പാടു സംഭവത്തിന്‍റെ സ്വാധീനം ദൃശ്യമാണ്. ഉടമ്പടിയുടെ പ്രമാണങ്ങള്‍ എഴുതിയ കല്‍പലകകള്‍ ഉള്ളടക്കം ചെയ്തിരുന്ന സാക്ഷ്യപേടകം തങ്ങളുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് അവരെ നിരന്തരം അനുസ്മരിപ്പിച്ചു; ദൈവിക പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കാനുള്ള തങ്ങളുടെ ബാദ്ധ്യതയെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തി. അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍ നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്ڈ (പുറ 20, 2) എന്ന ഒന്നാം പ്രമാണം ഇസ്രായേലിന്‍റെ വ്യക്തിത്വവും വ്യതിരക്തതയും എന്തിലടങ്ങിയിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നു. പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുന്നാള്‍, എന്നീ മഹോത്സവങ്ങള്‍ പുറപ്പാടു സംഭവത്തിന്‍റെ സജീവസ്മരണ തലമുറകളിലൂടെ അവരില്‍ നിലനിര്‍ത്തി. പണ്ടെങ്ങോ നടന്ന ഒരു സംഭവമായിട്ടല്ല ഇന്നും എന്നും നിറവേറുന്ന ഒരു സജീവയാഥാര്‍ത്ഥ്യമായിട്ടാണ് പുറപ്പാടു സംഭവത്തെ ഈ തിരുന്നാളുകളിലൂടെ അവര്‍ ആഘോഷിച്ചത്.
ഉത്സവാഘോഷങ്ങളില്‍ മാത്രമല്ല അനുദിനജീവിതത്തിലും പുറപ്പാടു സംഭവത്തിന്‍റെ ഓര്‍മ്മ നിറഞ്ഞു നിന്നു. പ്രാര്‍ത്ഥനകളിലൂടെയും കീര്‍ത്തനങ്ങളിലൂടെയും പുറപ്പാടു നയിച്ച വിമോചകനായ ദൈവത്തെ അവര്‍ നിരന്തരം പാടിപ്പുകഴ്ത്തി. 78, 81, 105, 114, 135, 136 മുതലായ സങ്കീര്‍ത്തനങ്ങള്‍ പുറപ്പാടു സംഭവത്തിന്‍റെ പ്രകീര്‍ത്തനങ്ങളാണ്. വ്യക്തിയോ, സമൂഹമോ, ജനം മുഴുവനുമോ പീഡനങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ പുറപ്പാടു സംഭവത്തിലേക്കാണ് തിരിഞ്ഞു നോക്കുക. അവര്‍ പഴയ കാര്യങ്ങളെ, കര്‍ത്താവിന്‍റെ ദാസനായ മോശയുടെ നാളുകളെ അനുസ്മരിച്ചു.... (ഏശ 63, 11-13). അപകടത്തില്‍ നിന്നു രക്ഷയും ശത്രുക്കളില്‍ നിന്നു മോചനവും ലഭിക്കുമ്പോള്‍ പുറപ്പാടിനെ അനുസ്മരിച്ചുകൊണ്ട് അവര്‍ കര്‍ത്താവിനെ സ്തുതിക്കും (യൂദി 16, 2-3).
നേതാക്കന്മാരും ജനവും അധര്‍മ്മത്തില്‍ ചരിക്കുമ്പോള്‍ പ്രവാചകന്മാരിലൂടെ പുറപ്പാടു സംഭവത്തെയും ഉടമ്പടിയുടെ പ്രമാണങ്ങളെയും കുറിച്ച് ദൈവം അവരെ അനുസ്മരിപ്പിക്കും. ശക്തമായ ശകാരവും തീക്ഷ്ണമായ ഉപദേശവും അനുതാപത്തിനായുള്ള നിരന്തരമായ ആഹ്വാനങ്ങളും പുറപ്പാടു സംഭവത്തിന്‍റെ വെളിച്ചത്തിലാണ് നല്കുക (ആമോ 2, 10; ഹോസി 2, 14-15; 11, 1; ജറെ 2, 1-13; എസെ 16). ദൈവം തങ്ങള്‍ക്കു വേണ്ടി ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ അവിടുത്തോടു വിശ്വസ്തത പുലര്‍ത്താന്‍ അവരെ പ്രേരിപ്പിക്കും. അടിമകള്‍ക്കു വിടുതല്‍ നല്കിയവനെ ആരാധിക്കുന്നവര്‍ അടിമകളെ മോചിപ്പിക്കാനും ഭൂമിയില്‍ നീതിയും സാഹോദര്യവും പുലര്‍ത്താനും വേണ്ടി നിലകൊള്ളണം.
തങ്ങളുടെ അവിശ്വസ്തത നിമിത്തം സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വാഗ്ദത്തഭൂമിയില്‍ നിന്നകലെ പ്രവാസികളായി കഴിയേണ്ടി വന്ന ഇസ്രായേല്‍ ജനത്തിന് ഭാസുരമായ ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ നല്കിയ പ്രവാചകന്മാരും പുറപ്പാടു സംഭവത്തിലേക്കാണ് ശ്രദ്ധ തിരിച്ചത്. ബാബിലോണില്‍ നിന്നുള്ള മോചനത്തെ ഒരു രണ്ടാം പുറപ്പാടായി അവര്‍ കണ്ടു. മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍.... ഇതാ ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു.... ഇടയനെപ്പോലെ അവിടുന്ന് ആട്ടിന്‍കൂട്ടത്തെ.... നയിക്കുന്നു (ഏശ 40, 3-11). ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് പിതാക്കന്മാരെ മോചിപ്പിച്ച ദൈവം ബാബിലോണിലെ അടിമത്തത്തില്‍ നിന്നു തന്‍റെ ജനത്തെ വീണ്ടും മോചിപ്പിച്ച് വാഗ്ദത്തഭൂമിയിലേക്കു നയിക്കും (ഏശ 43, 1-7; 48, 20-21; 49, 9-13; 52, 2-6).
പുതിയ നിയമത്തിലും പുറപ്പാടു സംഭവത്തിന്‍റെ സ്വാധീനം നിര്‍ണ്ണായകമാണ്. പെസഹായും പുതിയ ഉടമ്പടിയും പുറപ്പാടിന്‍റെ പശ്ചാത്തലത്തിലല്ലാതെ മനസ്സിലാക്കാന്‍ കഴിയില്ല. യേശുവിന്‍റെ മരണത്തെയും ഉത്ഥാനത്തേയും ഒരു പുറപ്പാടായിട്ടാണ് സുവിശേഷകന്മാര്‍ ചിത്രീകരിച്ചിരിക്കുന്നത് (ലൂക്കാ 9,31; യോഹ 13,1). മാമ്മോദീസയെയും ക്രിസ്തീയ ജീവിതത്തില്‍ നേരിടുന്ന പ്രലോഭനങ്ങളെയും (1 കൊറി 10,1-13) വ്യക്തികളുടെ മരണത്തേയും (2 പത്രോ 1,14-15) പുറപ്പാടിന്‍റെ വെളിച്ചത്തിലാണ് വിശദീകരിക്കുക.
പുറപ്പാടു പുസ്തകത്തിന്‍റെ പ്രസക്തി
വിമോചകനായ ദൈവത്തിന്‍റെ പ്രത്യേക പരിപാലനയാല്‍ ധീരനും നിസ്വാര്‍ത്ഥനുമായ മോശയുടെ നേതൃത്വത്തില്‍, ഒരു പറ്റം അടിമകള്‍ സ്വാതന്ത്ര്യം നേടി ഒരു ജനതയായിത്തീര്‍ന്ന സംഭവം വിവരിക്കുന്ന പുറപ്പാടു പുസ്തകം എന്നത്തേക്കാളേറെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ അടിമത്തം അനുഭവിക്കുന്ന ജനപദങ്ങള്‍ക്ക് മോശ നയിച്ച പുറപ്പാട് വലിയ പ്രത്യാശയും പ്രചോദനവും നല്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം ലത്തീന്‍ അമേരിക്കയില്‍ പ്രചാരത്തില്‍ വന്ന വിമോചനദൈവശാസ്ത്രം (liberation theology), അമേരിക്കന്‍ ഐക്യനാടുകളിലും ആഫ്രിക്കയിലും ശക്തിയാര്‍ജ്ജിച്ച കറുത്തവരുടെ ദൈവശാസ്ത്രം (Black theology), ഭാരതത്തില്‍ മുളപൊട്ടുന്ന ദലിതരുടെ ദൈവശാസ്ത്രം എന്നിങ്ങനെയുള്ള വിവിധങ്ങളായ ദൈവശാസ്ത്രചിന്താധാരകളും അവയുടെ ഉറവിടങ്ങളും വിളനിലങ്ങളുമായ വിമോചനപ്രസ്ഥാനങ്ങളും മുഖ്യമായും പുറപ്പാടു പുസ്തകത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നത്.
ഈ ചിന്താധാരകളും വിമോചനപ്രസ്ഥാനങ്ങളും ചിലപ്പോഴൊക്കെ പുറപ്പാടു പുസ്തകത്തെ ഭൗതികമാത്രവും അക്രമാസക്തവുമായ വിമോചനസമരങ്ങളുടെ മാതൃകയും മാര്‍ഗ്ഗരേഖയുമായി തെറ്റിദ്ധരിക്കാറുണ്ട് എന്നതും ശ്രദ്ധേയമത്രെ. ദീര്‍ഘമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് പുറപ്പാട് എന്ന കാര്യം വിസ്മരിക്കാനാവില്ല. ദൈവത്തെ ആരാധിക്കുന്ന ഒരു സമൂഹമായി വളരാന്‍ വേണ്ടിയാണ് ഇസ്രായേല്‍ ജനം അടിമത്തത്തില്‍ നിന്നു വിമോചിതരായത്. യേശുവിന്‍റെ പെസഹാരഹസ്യത്തിലൂടെ സംലഭ്യമായ സമഗ്രവിമോചനത്തിന്‍റെ തുടക്കവും മുന്നോടിയുമാണ് ഈജിപ്തില്‍ നിന്നുള്ള മോചനം. മനുഷ്യനെ അടിമയാക്കുന്ന സകലവിധ തിന്മകളിലും നിന്നുള്ള സമ്പൂര്‍ണ്ണ മോചനത്തിലൂടെ മാത്രമേ പുറപ്പാടു പൂര്‍ത്തിയാകൂ.
വിഭജനം
പുറപ്പാടു പുസ്തകത്തെ രണ്ടു ഭാഗമായി തിരിക്കാം. 1-15 അധ്യായങ്ങള്‍ ഈജിപ്തില്‍ നിന്നുള്ള മോചനത്തേയും 15-40 അദ്ധ്യായങ്ങള്‍ സീനായ് ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സമൂഹം ദൈവജനമായി രൂപം പ്രാപിക്കുന്നതിനേയും വിവരിക്കുന്നു.
ഡോ. മൈക്കിള്‍ കാരിമറ്റം
Book of Exodus catholic malayalam theology Dr. Michael Karimattam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206