We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Pope Francis On 20-May-2021
ആഗോളസഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പ് പ്രഖ്യാപിക്കപ്പെട്ടതിന്റെ നൂറ്റൻപതാം വാർഷിക വേളയിൽ ഫ്രാൻസീസ് മാർപാപ്പയുടെ അപ്പസ്തോലികലേഖനം
പിതൃഹൃദയത്തോടെ (Patris Corde)
പിതൃഹൃദയത്തോടെ: “യൗസേപ്പിന്റെ മകൻ"[1] എന്ന് നാല് സുവിശേഷങ്ങളിലും വിശേഷിപ്പിക്കപ്പെടുന്ന യേശുവിനെ യൗസേപ്പ് സ്നേഹിച്ചത് അങ്ങനെയായിരുന്നു.വിശുദ്ധ മത്തായി, വിശുദ്ധ ലൂക്കാ എന്നീ സുവിശേ ഷകാരന്മാരാണ് യൗസേപ്പിനെക്കുറിച്ച് കൂടുതലായി എഴുതിയിട്ടുള്ളത്; അത്, ചുരുക്കം വാക്കുകളിലുമാണ്. എങ്കിലും ഏതുതരത്തിലുള്ള ഒരു പിതാവായിരുന്നു യൗസേപ്പ് എന്നും ദൈവം ഏൽപ്പിച്ച ദൗത്യം എപ്രകാരം അദ്ദേഹം നിറവേറ്റിയെന്നും നമുക്ക് വ്യക്തമായി മനസി ലാക്കാൻ പര്യാപ്തവുമാണ്.
യൗസേപ്പ് സ്നേഹനിധിയായ ഒരു മരപ്പണിക്കാരനായിരുന്നു, എന്ന് നമുക്കറിയാം (cf. മത്താ 13:55). മറിയവുമായി വിവാഹം ഉറപ്പിച്ചിരുന്ന ഒരു സാധാരണ മനുഷ്യൻ (cf. മത്താ 1:18; ലൂക്കാ 1:27). അവൻ നീതിമാനായിരുന്നു (മത്താ 1:19). മോശയുടെ നിയമത്തിൽ വെളിപ്പെടുത്തി യിരിക്കുന്നതുപോലെ, നാലു സ്വപ്നങ്ങളിലൂടെ മത്താ 1:20, 2:13, 19.22) തന്നിലെത്തിയ ദൈവഹിതം നിറവേറ്റാൻ സദാസന്നദ്ധനായിരുന്ന മനുഷ്യൻ (cf. ലൂക്കാ 2:22,27.39), നസറത്തിൽനിന്നു ബേഹെമിലേക്കുള്ള ദീർഘവും ക്ലേശകരവുമായ യാത്രാനന്തരം മിശിഹായുടെ ജനനത്തിനായി “മറ്റൊരിടവും ലഭിക്കായ്കയാൽ (cf. ലൂക്കാ 2:7) അവൻ ഒരു കാലിത്തൊഴുത്ത് കണ്ടെത്തി. ഇസ്രായേലിനെയും വിജാതീയരെയും പ്രതിനിധീകരിച്ച, ഇടയന്മാരുടെയും (cf. ലൂക്കാ 2:8-20) കിഴക്കുനിന്നുള്ള രാജാക്കന്മാരുടെയും (cf. മത്താ 2:1-12) വണക്കത്തിനു സാക്ഷ്യം വഹിച്ചു.
യേശുവിന്റെ നിയമദത്തമായ പിതാവാകാനുള്ള ധൈര്യം യൗസേപ്പിനുണ്ടായിരുന്നു. “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാനിരിക്കുന്നതു കൊണ്ട്, നീ അവന് യേശു എന്നു പേരിടണം,” (മത്താ 1:21) എന്ന അരുളപ്പാട് യൗസേപ്പ് അനുസരിച്ചു. പൗരാണികസമൂഹത്തിൽ ഒരു വ്യക്തിക്കോ, വസ്തുവിനോ പേരിടുന്നത് ഉൽപ്പത്തി പുസ്തകത്തിൽ (cf. 2:19-20) ആദിപിതാവായ ആദം ചെയ്തതുപോലെ ഒരു ബന്ധം സ്ഥാപിക്കുവാനാണ്.
ക്രിസ്തുവിനെയും അവന്റെ മാതാവിനെയും കുറിച്ചുള്ള ശിമയോന്റെ പ്രവചനം യാഥാർഥ്യമാകുംവിധം, നാൽപ്പതാം ദിവസം ക്രിസ്തുവിനെ ദൈവാലയത്തിൽ വച്ചു ദൈവത്തിനു സമർപ്പിച്ചു (cf. ലൂക്കാ 2:22-35).
ഹെറോദേസ് രാജാവിന്റെ കരങ്ങളിൽനിന്നു യേശുവിനെ സംരക്ഷിക്കാനായി, യൗസേപ്പ് ഈജിപ്തിൽ അഭയാർഥിയായി താമസിച്ചു (cf. മത്താ 2:13-18). സ്വന്തം രാജ്യത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞ്, പൂർവികദേശമായ ബേതലെഹെമില്‍ നിന്നും ജറുസലേമിൽനിന്നും ദൈവാല യത്തിൽനിന്നും വളരെ അകലെയുള്ള, ഗലീലിയിലെ നസറത്ത് എന്ന, അറിയപ്പെടാത്ത, ചെറിയ ഗ്രാമത്തിൽ രഹസ്യജീവിതം നയിച്ചു. 'ഒരു പ്രവാചകൻ ഒരിക്കലും വളരാൻ ഇടയില്ലാത്ത സ്ഥലം' എന്നാണ് നസറത്ത് വിളിക്കപ്പെട്ടത് (cf. യോഹ 7:52). മാത്രമല്ല, "നസറത്തിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ?” (cf. യോഹ 1:46) എന്നും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജറുസലേമിലേക്കുള്ള തീർഥാടനമധ്യേ പന്ത്രണ്ടുവയസ്സുള്ള യേശുവിനെ യൗസേപ്പിനും മറിയത്തിനും നഷ്ടമായി. ഉത്കണ്ഠയോടെയുള്ള അന്വേഷണത്തിനൊടുവിൽ ദൈവാലയത്തിൽ പണ്ഡിതന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യേശുവിനെ അവർക്കു കണ്ടെത്താനായി (cf. ലൂക്കാ 2:41-50).
ദൈവമാതാവായ മറിയത്തിനുശേഷം ഏറ്റവും കൂടുതൽ തവണ, മാർപാപ്പമാരാൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിശുദ്ധൻ മറിയത്തിന്റെ ഭർത്താവായ യൗസേപ്പാണ്. രക്ഷാകര ചരിത്രത്തിൽ യൗസേപ്പിന്റെ സവിശേഷമായ സ്ഥാനത്തെക്കുറിച്ച് സുവിശേഷങ്ങളിൽ നിന്നുള്ള ചുരുങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്റെ മുൻഗാമികൾ രേഖപ്പെടുത്തിയിട്ടുണ്ട്. “കത്തോലിക്കാസഭയുടെ രക്ഷകർത്താവ് എന്നാണ് വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് മാർപാപ്പ യൗസേപ്പിനെ വിശേഷിപ്പിച്ചത് [2]. അഭിവന്ദ്യ പന്ത്രണ്ടാം പീയൂസ് മാർപാപ്പ യൗസേപ്പിനെ “തൊഴിലാളികളുടെ മധ്യസ്ഥൻ" എന്നു നാമകരണം ചെയ്തു [3]. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, “വിമോചനത്തിന്റെ രക്ഷാധികാരി” എന്നാണ് വിശേഷിപ്പിച്ചത് [4]. “നല്ല മരണത്തിന്റെ മധ്യസ്ഥൻ” എന്ന നിലയിലാണ് വിശുദ്ധ യൗസേപ്പ് ലോകമെന്പാടും വന്ദിക്കപ്പെടുന്നത് [5].
കത്തോലിക്കാസഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് മാർപാപ്പ പ്രഖ്യാപിച്ചതിന്റെ (1870 ഡിസംബർ 8) നൂറ്റന്പതാം വാർഷികത്തിൽ നമ്മുടെ മനുഷ്യാനുഭവങ്ങളുമായി അത്രമേൽ ചേർന്നുനിൽക്കുന്ന, അസാധാരണ വിശുദ്ധനെക്കുറിച്ച് ചില വ്യക്തിപരമായ ചിന്തകൾ പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. യേശു പറഞ്ഞതുപോലെ, “ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ, അധരം സംസാരിക്കുന്നത്” (മത്താ 12:34). മഹാമാരിയെ നേരിടുന്ന, പ്രതിസന്ധികൾക്കു നടുവിൽ നിൽക്കുന്ന ഈ മാസങ്ങളിൽ അതിനുള്ള എന്റെ ആഗ്രഹവും വർധിച്ചിട്ടുണ്ട്; “പലപ്പോഴും നമ്മുടെ അവഗണനാപാത്രമായ, സാധാരണ മനുഷ്യരുമായി കണ്ണിചേർക്കപ്പെടുന്ന ഈ ദിനങ്ങളിൽ പ്രത്യേകിച്ചും. പത്രമാസികകളുടെ തലക്കെട്ടിലോ ടെലിവിഷൻ പരിപാടികളിലോ മിന്നിത്തിളങ്ങാത്ത മനുഷ്യരും കൂടി ചേർന്നാണ് ഈ നാളുകളെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. ഡോക്ടർമാരും ആതുരസേവകരും സൂപ്പർമാർക്കറ്റുകളിലെ ജോലിക്കാരും കച്ചവടക്കാരും അടിസ്ഥാന തൊഴിലാളികളും ഡ്രൈവർമാരും സ്ഥാപന സൂക്ഷിപ്പുകാരും അടക്കം സ്ത്രീ-പുരുഷഭേദമന്യേ എല്ലാ മനുഷ്യരും അവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു; സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. സന്യസ്തരും സന്നദ്ധസേവകരും ഉൾപ്പെടെയുള്ളവർ അതിൽ പങ്കുചേരുന്നു. ആരും ഒറ്റയ്ക്കു രക്ഷിക്കപ്പെടുന്നില്ലെന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കുന്നുണ്ട്. എത്രയോ മനുഷ്യർ ദൈനംദിനജീവിതം ക്ഷമാപൂർവ്വം മുന്നോട്ടു കൊണ്ടുപോകുന്നു; ഭയാശങ്കകൾ പടരാതിരിക്കാൻ ശ്രദ്ധിക്കുന്നു; പൊതുവായ ഉത്തരവാദിത്തത്തിൽ പങ്കാളികളാകുന്നു. നിത്യജീവിതത്തിന്റെ നൈരന്തര്യത്തിനിടയിൽ പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നും പ്രാർത്ഥനാനിർഭരമായ ദിനങ്ങളിലൂടെ എങ്ങനെ മുന്നോട്ടുപോകാമെന്നും എത്രയോ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും അധ്യാപക രും കുട്ടികൾക്കു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നു. എത്രയോ മനുഷ്യർ എല്ലാവരുടെയും നന്മയ്ക്കായി, പ്രാർത്ഥിക്കുകയും ത്യാഗം സഹിക്കുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു [6]. ആരാലും ശ്രദ്ധിക്കപ്പെടാതെ, ഗുപ്തസാന്നിധ്യമായി ജീവിച്ച മധ്യസ്ഥനും പിന്തുണയും പ്രതിസന്ധിഘട്ടങ്ങളിലെ മാർഗദർശിയുമായ, വിശുദ്ധ യൗസേപ്പിൽ നമുക്ക് നമ്മെത്തന്നെ കണ്ടെത്താനാകും. ഗുപ്തസാന്നിധ്യമായി നിൽക്കു കയും നിഴൽജീവിതം നയിക്കുകയും ചെയ്യുന്നവർക്കും വിമോചനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത പങ്കുവഹിക്കാനാകുമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ ഓർമിപ്പിക്കുന്നു. അംഗീകാരത്തിന്റെയും നന്ദിയുടെയും ഒരു വാക്ക്, എല്ലാവർക്കുമുള്ളതാണ്.
1. ഒരു സ്നേഹനിധിയായ പിതാവ്
മറിയത്തിന്റെ ജീവിതപങ്കാളിയും യേശുവിന്റെ പിതാവുമായിരുന്നു എന്നതാണ് വിശുദ്ധ യൗസേപ്പിന്റെ മഹത്ത്വം. വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ വാക്കുകളിൽ, “സമഗ്രവിമോചന പദ്ധതിയിലേക്കായി സ്വയം പ്രതിഷ്ഠിക്കപ്പെട്ടു" [7].
യേശുവിന്റെ മനുഷ്യാവതാരരഹസ്യത്തിനും വിമോചന പദ്ധതിക്കുമായി സ്വയം സേവനം ചെയ്തതിലൂടെ തന്റെ പിതൃത്വപരമായ ഉത്തരവാദിത്തം വിശുദ്ധ യൗസേപ്പ് നിർവഹിച്ചുവെന്ന് വിശുദ്ധ പോൾ ആറാമൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. “സ്വന്തം ജീവിതവും കർമവും തിരുക്കുടുംബത്തിനു സന്പൂർണമായി സമർപ്പിച്ചുകൊണ്ടാണ്, വിശുദ്ധ യൗസേപ്പ് കുടുംബനാഥന്റെ നിയമപരമായ ഉത്തരവാദിത്തം പൂർണമാക്കിയത്. തന്റെ മനു ഷ്യവ്യവഹാരങ്ങളെ കുടുംബത്തിനുവേണ്ടിയുള്ള സ്നേഹത്തിൽ അർപ്പിച്ച് മനുഷ്യാതീതമാക്കി അദ്ദേഹം മാറ്റി. തന്റെ ഹൃദയവും കർമവും മിശിഹായെ പൂർണമനുഷ്യനായി വളർത്താൻ സ്നേഹത്തിൽ സമർപ്പിച്ചു" [8].
രക്ഷാകര ചരിത്രത്തിലെ അമൂല്യമായ പങ്കാളിത്തം വഹിച്ചതിനുള്ള നന്ദിസൂചകമായി വിശുദ്ധ യൗസേപ്പിനെ ക്രൈസ്തവരുടെ പിതൃസ്ഥാനത്ത് എന്നും ആദരപൂർവ്വം പ്രതിഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ലോകമെന്പാടും സ്ഥാപിക്കപ്പെട്ടിട്ടുള്ള എണ്ണമറ്റ ദൈവാലയങ്ങളും ഒട്ടനേകം സ്ഥാപനങ്ങളും ഇതിന് ഉദാഹരണമാണ്. അസംഖ്യം പുണ്യപുരുഷന്മാരും സ്ത്രീകളും അദ്ദേഹത്തിന്റെ മാധ്യസ്ഥം തീക്ഷ്ണമായി അപേക്ഷിച്ചിരുന്നു. ആവിലായിലെ വിശുദ്ധ ത്രേസ്യാ അദ്ദേഹത്തെ അഭിഭാഷകനും മധ്യസ്ഥനുമായി തിരഞ്ഞെടുത്തു. അദ്ദേഹത്തോട് കൂടെക്കൂടെ സഹായം തേടുകയും അവൾ ആവശ്യപ്പെടുന്ന എല്ലാ കൃപകളും സ്വീകരിക്കുകയും ചെയ്തു. സ്വന്തം അനുഭവസാക്ഷ്യത്തിലൂടെ അനേകരെ വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥം അപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട് [9].
എല്ലാ പ്രാർത്ഥനാ പുസ്തകങ്ങളിലും വിശുദ്ധ യൗസേപ്പിനോടുള്ള മധ്യസ്ഥ പ്രാർത്ഥന ഉൾപ്പെടുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൗസേപ്പിനു പരന്പരാഗതമായി സമർപ്പിച്ചിട്ടുള്ള മാർച്ച് മാസത്തിലും അദ്ദേഹത്തിനു മുൻപാകെ അർപ്പിക്കാനുള്ള പ്രത്യേക പ്രാർത്ഥനകളുണ്ട് [10].
ദാരിദ്ര്യത്തിന്റെ കാലത്ത്, ഈജിപ്തിലെ ജനങ്ങൾ ഭരണാധികാരിയായ ഫറവോയോട് അഭ്യർഥിച്ച സമയത്ത്, 'ജോസഫിന്റെ പക്കലേക്കു പോകൂ' എന്ന മറുപടിയിൽ വിശുദ്ധനോടുള്ള വിശ്വാസം ഉൾക്കൊള്ളുന്നുണ്ട്. “ജോസഫിന്റെ പക്കലേക്കു പോകൂ. അദ്ദേഹം പറയുന്നത് അനുസരിക്കു” (ഉൽപ 41:55) എന്നായിരുന്നു, ഫറവോയുടെ മറുപടി. അടിമത്തത്തിന്റെ കാലത്ത് സഹോദരന്മാരാൽ വിൽക്കപ്പെടുകയും പിന്നീട് ഈജിപ്തിന്റെ രാജപ്രതിനിധിയായി മാറുകയും ചെയ്ത യാക്കോബിന്റെ പുത്രൻ എന്ന നിലയിലായിരുന്നു ഫറവോ യൗസേപ്പിനെ പരാമർശിച്ചത് (cf. ഉൽപ 37:11-28, cf. ഉൽപ 41:41-44).
നാഥാൻ പ്രവാചകൻ ദാവീദിനു നൽകിയ പ്രതിജ്ഞ അനുസരിച്ച് (cf. 2 സാമു 7) ദാവീദിന്റെ വംശാവലിയിൽ പിറന്ന (cf. മത്താ 1:16-20) ക്രിസ്തുവിന്റെ പിതാവെന്ന നിലയിലും നസറത്തിലെ മറിയത്തിന്റെ പങ്കാളിയെന്ന നിലയിലും പുതിയ നിയമത്തിനും പഴയ നിയമത്തിനും ഇടയിലുള്ള കണ്ണിയായി വിശുദ്ധ യൗസേപ്പ് നിലനിൽക്കുന്നു.
2. വാത്സല്യനിധിയും സ്നേഹസന്പന്നനുമായ ഒരു പിതാവ്
യേശു ജ്ഞാനത്തിലും പ്രായത്തിലും “ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നതിനു (ലൂക്കാ 2:52) യൗസേപ്പ് സാക്ഷിയായിരുന്നു. ദൈവം ഇസ്രായേലിനോടു ചെയ്തത് യൗസേപ്പ് യേശുവിനോടും ചെയ്തു: കൈപിടിച്ചു നടക്കാൻ അവനെ പഠിപ്പിച്ചു; ഒരു പിതാവ് മകനെ വളർത്തുന്നതുപോലെ വളർത്തി, അവനിലേക്കു കുനിഞ്ഞ്, അവനു ഭക്ഷണം നൽകി (cf. ഹോസി 11:3-4).
ദൈവത്തിന്റെ വാത്സല്യം നിറഞ്ഞ സ്നേഹം യേശു യൗസേപ്പിൽ ദർശിച്ചു: “പിതാവിന് മക്കളോട് ആർദ്രതയുള്ളതുപോലെ തന്നോടു ഭയഭക്തിയുള്ളവരോടു ദൈവവും ആർദ്രത കാണിക്കും” (സങ്കീ 103:13).
സിനഗോഗിലെ സങ്കീർത്തനപ്രാർത്ഥനക്കിടയിൽ യൗസേപ്പ് വീണ്ടും വീണ്ടും കേൾക്കുമായിരുന്നു, ഇസ്രായേലിന്റെ ദൈവം ആർദ്ര സ്നേഹത്തിന്റെ ദൈവമാണ് [11], അവൻ എല്ലാവർക്കും നല്ലവനാണ്, “തന്റെ സകലസൃഷ്ടികളുടെയും മേൽ അവിടുന്നു കരുണ ചൊരിയുന്നു (സങ്കീ 145:9).
രക്ഷാകരചരിത്രം യാഥാർത്ഥ്യമായത് നമ്മുടെ ബലഹീനതകളിലൂടെ, “പ്രത്യാശക്കെതിരായ പ്രത്യാശയിലൂടെയാണ്” (റോമാ 4:18). നമ്മുടെ നല്ല വശങ്ങളിലൂടെയാണ് ദൈവത്തിന്റെ പദ്ധതികൾ പ്രാവർത്തികമാകുന്നതെന്നു പലപ്പോഴും നാം വിചാരിക്കാറുണ്ട്. എന്നാൽ നമ്മുടെ ബലഹീനതകളിലൂടെയാണ് ഭൂരിഭാഗം പദ്ധതികളും യാഥാർഥ്യമാകാറുള്ളത്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് പറഞ്ഞത്: “വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതിരി ക്കേണ്ടതിന് ശരീരത്തിൽ ഒരു മുള്ള് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതൻ. അത് എന്നെ വിട്ടകലാൻ വേണ്ടി മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോടപേക്ഷിച്ചു. എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവ സിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും” (2 കോറി 12:7-9).രക്ഷാകര ചരിത്രത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവുകളുടെ വെളിച്ചത്തിൽ നമ്മുടെ ബലഹീനതകളെ കരുണയോടെ നോക്കാൻ പഠിക്കേണ്ടതുണ്ട് [12].
നമ്മുടെ ബലഹീനതയിലേക്കു നോക്കാനും കുറ്റപ്പെടുത്താനും സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കും; പക്ഷേ, അതിനെ കരുണാർദ്രസ്നേഹം കൊണ്ടു പ്രകാശിപ്പിക്കുവാനാണ് പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുക. നമ്മുടെയുള്ളിലെ ബലഹീനതകളെ സ്പർശിക്കുവാനുള്ള ഏറ്റവും നല്ല മാർഗം ആർദ്രതയാണ്. മറ്റുള്ളവർക്കു നേരെ വിരൽചൂണ്ടാനും അവരെക്കുറിച്ചു വിധി പറയാനുമുള്ള പ്രവണത നമ്മുടെയുള്ളിലെ ദൗർബല്യങ്ങളെയും ബലഹീനതകളെയും അംഗീകരിക്കാൻ കഴിയാത്തതിന്റെ അടയാളങ്ങളാണ്. അന്യായക്കാരന്റെ കെണിയിൽ വീഴാതെ നമ്മെ കാത്തുരക്ഷിക്കുന്നത് കരുണാർദ്രസ്നേഹമാണ് (cf. വെളി 12:10). അതുകൊണ്ടാണ്, ദൈവത്തിന്റെ കാരുണ്യത്തിന്റെ ഭാഗമായി നിന്ന് അനുരഞ്ജനത്തിന്റെ പരിശുദ്ധ കർമത്തിൽ പങ്കെടുക്കേണ്ടത് ഒരു പ്രാധാന്യമുള്ള കാര്യമായി മാറുന്നത്; അപ്പോൾ ദൈവത്തിന്റെ കരുണയും സത്യവും അനുഭവിക്കാൻ നമുക്കു സാധിക്കും. തിന്മയുടെ ശക്തിക്കും നമ്മോട് സത്യം ചൂണ്ടിക്കാണിക്കാൻ സാധിക്കും എന്നത് ഒരു വിരോധാഭാസമാണ്; എന്നാൽ നമ്മെ കുറ്റപ്പെടുത്താൻ മാത്രമായിരിക്കും അത്. ദൈവത്തിൽനിന്നു വരുന്ന വെളിപാട് നമ്മെ ഒരിക്കലും കുറ്റപ്പെടുത്തുന്നതായിരിക്കില്
വിശുദ്ധ യൗസേപ്പിന്റെ ഭയങ്ങളിൽക്കൂടിപ്പോലും നടപ്പായത്, ദൈവത്തിന്റെ ചരിത്രവും പദ്ധതികളുമാണ്. ദൈവത്തിൽ അചഞ്ചലമായി വിശ്വസിച്ചാൽ നമ്മുടെ ബലഹീനതകളിലൂടെയും ദൗർബല്യങ്ങളിലൂടെയും ദൈവത്തിന്റെ പദ്ധതി നടപ്പിലാകുമെന്നു യൗസേപ്പ് നമ്മെ പഠി പ്പിക്കുന്നു. ജീവിതത്തിന്റെ പരീക്ഷണങ്ങൾക്കിടയിൽ ദൈവം കാണിക്കുന്ന വഴിയെ നടക്കാൻ ഒട്ടും മടിക്കേണ്ടതില്ലെന്നും യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു. പലപ്പോഴും ജീവിതാവസ്ഥകളുടെ നിയന്ത്രണത്തിനായി നാം ആഗ്രഹിക്കും. പക്ഷേ, ജീവിതത്തിന്റെ സമഗ്രചിത്രം ദർശിക്കാനാവുക, ദൈവത്തിനാണ്.
3. അനുസരണയുള്ള ഒരു പിതാവ്
മറിയവുമായുള്ള ബന്ധത്തിനുശേഷം, ദൈവം തന്റെ രക്ഷാകരപദ്ധതി യൗസേപ്പിനു വെളിപ്പെടുത്തി. വിശുദ്ധ ഗ്രന്ഥത്തിലും പഴയനിയമ മനുഷ്യരിലും ദൈവം വെളിപ്പെടാൻ ഉപയോഗിച്ച മാർഗമായ സ്വപ്നങ്ങളിലൂടെയായിരുന്നു യൗസേപ്പിനു വെളിപാടുകൾ ലഭിച്ചത് [13].
മറിയത്തിന്റെ നിഗൂഢമായ ഗർഭധാരണം ജോസഫിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. "മറിയത്തെ അപമാനിതയാക്കാൻ സാധിക്കായ്കയാൽ“ [14] “രഹസ്യമായി ഉപേക്ഷിക്കാനാണു” യൗസേപ്പ് തീരുമാനിച്ചത് (മത്താ 1:19).
യൗസേപ്പിൽ ഉടലെടുത്ത ഗുരുതരമായ ചിന്താക്കുഴപ്പം പരിഹരിക്കാൻ ആദ്യത്തെ സ്വപ്നത്തിൽ മാലാഖ പ്രത്യക്ഷപ്പെട്ടു: “മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ തന്റെ ജനത്തെ അവൻ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും” (മത്താ 1:20-21). “യൗസേപ്പ് അപ്പോൾത്തന്നെ പ്രതികരിച്ചു. അവൻ നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ പറഞ്ഞതുപോലെ പ്രവർത്തിച്ചു” (മത്താ 1:24). ദൈവത്തോടുള്ള അനുസരണാശീലമായിരുന്നു തന്റെ പ്രതിസന്ധിയെ മറികടക്കാനും മറിയത്തെ സംരക്ഷിക്കാനും യൗസേപ്പിനെ സഹായിച്ചത്.
രണ്ടാമത്തെ സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ യൗസേപ്പിനോടു പറഞ്ഞു: “എഴുന്നേറ്റ്, ശിശുവിനെയും അമ്മയേയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക. ഹെറോദേസ് ശിശുവിനെ വധിക്കാനായി ഉടൻ അന്വേഷണം തുടങ്ങും” (മത്താ 2:13). കടുത്ത പരീക്ഷണമായിരുന്നിട്ടും ദൈവഹിതം അനുസരിക്കാൻ യൗസേപ്പ് ഒട്ടും മടിച്ചില്ല. “അവൻ ഉണർന്ന്, ശിശുവിനെയും അമ്മയേയും കുട്ടി ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി. ഹെറോദേസിന്റെ മരണംവരെ അവിടെ വസിച്ചു” (മത്താ 2:14-15).
ഈജിപ്തിൽ താമസിക്കവേ, സുരക്ഷിതമായി തിരിച്ചുപോകാനുള്ള ദൈവദൂതന്റെ കൽപ്പനയ്ക്ക് യൗസേപ്പ് ക്ഷമാപൂർവ്വം കാത്തിരുന്നു. മൂന്നാമത്തെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട കർത്താവിന്റെ ദൂതൻ, ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരണപ്പെട്ട വിവരം അറിയിച്ചു. എഴുന്നേറ്റ്, ശിശുവിനെയും അമ്മയേയും കൂട്ടി, ഇസ്രായേൽ ദേശത്തേക്കു മടങ്ങാൻ ദൂതൻ അറിയിച്ചു (cf. മത്താ 2:19-20). ഒരിക്കൽക്കൂടി, യൗസേപ്പ് അത് അക്ഷരംപ്രതി അനുസരിച്ചു: “അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയേയും കൂട്ടി, ഇസ്രായേൽ ദേശത്തേക്കു പുറപ്പെട്ടു (മത്താ 2:21).
മടക്കയാത്രയിൽ, “മകൻ അർക്കലാവോസാണ് പിതാവായ ഹെറോദേസിന്റെ സ്ഥാനത്ത് യൂദായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ യൗസേപ്പിനു ഭയമായി, നാലാമത്തെ സ്വപ്നത്തിൽ ലഭിച്ച അറിയിപ്പ് അനുസരിച്ച്,” “അവൻ ഗലീലി എന്ന പ്രദേശത്തേക്കുപോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻ വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ നസറത്ത് എന്ന പട്ടണത്തിൽ അവർ ചെന്നു പാർത്തു” (മത്താ 2:22-23).
അഗസ്റ്റസ് സീസറിന്റെ ഭരണത്തിലായിരുന്നതിനാൽ നസറത്തിൽനിന്നു ബേത്ലെഹെമിലേക്കുള്ള യാത്രയിൽ യൗസേപ്പ് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച്, സുവിശേഷകാരനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ വച്ച് ശിശു പിറന്നു (cf. ലൂക്കാ 2:7). മറ്റു നവജാത ശിശുക്കളെപ്പോലെ, അവന്റെ പേരും സാമ്രാജ്യത്തിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തി. യേശുവിന്റെ മാതാപിതാക്കൾ നിയമത്തിന്റെ വഴികൾ എല്ലാം സ്വീകരിച്ചതിനെക്കുറിച്ച്, വിശുദ്ധ ലൂക്കാ പ്രത്യേകം പരാമർശിക്കുന്നതു കാണാം: പരിച്ഛേദനകർമത്തിന്റെ ക്രമങ്ങൾ, ശിശുവിന്റെ ജനനത്തിനുശേഷമുള്ള മറിയത്തിന്റെ ശുദ്ധീകരണം, ആദ്യജാതനെ ദൈവത്തിനു സമർപ്പിക്കൽ തുടങ്ങിയവയെ പരാമർശിക്കുന്നു (cf. 2:21-24) [15].
എല്ലാ സാഹചര്യങ്ങളിലും യൗസേപ്പ് തന്റെ “വിശ്വാസം” പ്രഖ്യാപിച്ചിട്ടുണ്ട്; മംഗളവാർത്തയിൽ മറിയത്തെയും ഗത്സമെനിയിൽ യേശുവിനെയും പോലെ.
ഒരു കുടുംബനാഥൻ എന്ന നിലയിൽ ദൈവകൽപനകളനുസരിച്ച് (cf. പുറ 20:12) മാതാപിതാക്കന്മാരോട് അനുസരണമുള്ളവനായിരിക്കുവാൻ യൗസേപ്പ് ഈശോയെ പഠിപ്പിച്ചു (cf. ലൂക്കാ 2:51).
നസറത്തിലെ അജ്ഞാതവാസക്കാലത്ത്, ദൈവഹി തം നിറവേറ്റാൻ യേശു യൗസേപ്പിൽനിന്നു പഠിച്ചു. ആ ദൈവഹിതമായിരുന്നു, അവന്റെ ദൈനംദിന ആഹാരം (cf. യോഹ 4:34). ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലും, ഗത്സമെൻ തോട്ടത്തിൽ വച്ചു പോലും സ്വന്തം ഹിതത്തേക്കാൾ പിതാവിന്റെ ഹിതം നിറവേറ്റാനാണ് യേശു ആഗ്രഹിച്ചത് [16]. “കുരിശുമരണത്തിലും അവന്‍ അനുസരണയിൽ തുടർന്നു” (ഫിലി 2:8). ഹെബ്രായർക്കുള്ള ലേഖനങ്ങളുടെ രചയിതാവ് സംഗ്രഹിക്കുന്നു: “സ്വന്തം സഹനങ്ങളിൽനിന്നാണ് അവൻ അനുസരണയുടെ പാഠങ്ങൾ ഗ്രഹിച്ചത്” (5:8),
ദൈവഹിതം നിറവേറ്റുവാനും യേശുവിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാകുവാനും ദൈവം യൗസേപ്പിനെ നേരിട്ടു തിരഞ്ഞെടുക്കുകയായിരുന്നു, എന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. “രക്ഷാകരപദ്ധതിക്കായി യൗസേപ്പ് പൂർണസമർപ്പണം നടത്തി; രക്ഷാകരപദ്ധതിയുടെ യഥാർഥസേവകനാണ്, യൗസേപ്പ്" [17].
4. സ്വീകരിക്കുന്ന ഒരു പിതാവ്
ഉപാധികളില്ലാതെയാണ് യൗസേപ്പ് മറിയത്തെ സ്വീകരിച്ചത്. ദൈവദൂതന്റെ വാക്കുകൾ അദ്ദേഹം വിശ്വസിച്ചു. “നിയമത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ സഹാനുഭൂതിയെ ആശ്രയിച്ചിരിക്കുന്നതാണ്. യൗസേപ്പിന്റെ ഹൃദയനൈർമല്യം അത്തരത്തിലുള്ളതാണ്. സ്ത്രീകൾക്കെതിരെ മാനസികവും വാചികവും ശാരീരികവുമായ അതിക്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് സ്ത്രീകളോടുള്ള ബഹുമാനത്തിന്റെയും സംവാദത്തിന്റെയും മാതൃകയായി വിശുദ്ധ യൗസേപ്പ് മാറുന്നു. രക്ഷാപദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ ചിത്രം മനസിലാകാതിരുന്നിട്ടു പോലും മറിയത്തിന്റെ സൽപ്പേരും ജീവിതാന്തസും കാത്തുരക്ഷിക്കാൻ യൗസേപ്പ് ശ്രമിച്ചു. ഏറ്റവും നല്ല തീരുമാനം എടുക്കാനാവാതെ ഉഴറിയ ഘട്ടങ്ങളിൽ യൗസേപ്പിന്റെ തീരുമാനങ്ങൾക്കുമേൽ ദൈവം പ്രകാശം ചൊരിഞ്ഞു [18].
പൂർണമായും ഗ്രഹിക്കാൻ പറ്റാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കാറുണ്ട്. നിരാശയും എതിർപ്പുമായിരിക്കും പലപ്പോഴും നമ്മുടെ ആദ്യ പ്രതികരണം. സംഭവങ്ങളുടെ ഗതി മാറാതിരിക്കാൻ യൗസേപ്പ് സ്വന്തം തീരുമാനങ്ങൾ മാറ്റിവച്ചു. പലതും ഗുപ്തമായ കാര്യങ്ങളായിരുന്നു; അവയോടു സമരസപ്പെട്ടു. മറിയത്തിനും യേശുവിനുംവേണ്ടി ഉത്തരവാദിത്തം ഏറ്റെടുത്തു. എല്ലാറ്റിനെയും സ്വന്തം ചരിത്രത്തിന്റെ കൂടി ഭാഗമാക്കി മാറ്റി. സ്വന്തം ചരിത്രത്തോട്, സാഹചര്യങ്ങളോട്, സമരസപ്പെട്ടില്ലെങ്കിൽ ഒരടിപോലും മുന്നോട്ടുപോകുവാൻ നമുക്ക് സാധിക്കുകയില്ല; നമ്മുടെ തന്നെ പ്രതീക്ഷകളുടെ തടവറയിൽ കുടുങ്ങിപ്പോവുകയും പിന്നീട് നിരാശയിലാണ്ടു പോവുകയും ചെയ്യും.
എല്ലാം സ്പഷ്ടമാക്കുന്ന ഒരു ആത്മീയപാതയല്ല, യൗസേപ്പ് നമുക്കായി കണ്ടെത്തിയത്; പകരം എല്ലാം സ്വീകരിക്കുന്ന ഒരു പാതയാണ്. ഈ സ്വീകാര്യമനോഭാവത്തിന്റെയും അനുരഞ്ജനത്തിന്റെയും വെളിച്ചത്തിൽ കൂടുതൽ വിശാലമായൊരു ചരിത്രവും ആഴമേറിയ അർഥങ്ങളും കണ്ടെത്താൻ നമുക്കു സാധിക്കുന്നുണ്ടോ? സഹിച്ച് തിന്മകൾക്കെതിരെ നിൽക്കുവാൻ പ്രേരിപ്പിച്ച ഭാര്യയോടു ജോബ് പറഞ്ഞ മറുപടിയുടെ പ്രതിധ്വനികൾ നമുക്കു കേൾക്കാനാകും: “സഹനങ്ങൾ ഏറ്റുവാങ്ങാതെ, ദൈവത്തിങ്കൽനിന്നു നന്മ മാത്രം സ്വീകരിക്കാൻ നമുക്ക് സാധിക്കുമോ?” (ജോബ് 2:10).
അലസമായി പിന്മാറിയ വ്യക്തിത്വമല്ല വിശുദ്ധ യൗസേപ്പ്; മറിച്ച്, ധൈര്യത്തോടെ പതറാതെ മുന്നോട്ടുനടന്ന വിശുദ്ധനാണ്. സ്വീകാര്യമനോഭാവം നമ്മുടെ ജീവിതത്തിലും പരിശുദ്ധാത്മാവിന്റെ സമ്മാനമായ സ്ഥൈര്യത്തിന്റെ പ്രതീകമാണ്. ജീവിതത്തെ, എല്ലാ വൈരുധ്യങ്ങളോടും പ്രതിസന്ധികളോടും നിരാശകളോടുംകൂടി സ്വീകരിക്കാനുള്ള കരുത്ത് നമുക്കു പകർന്നുതരാൻ കർത്താവിനു മാത്രമേ സാധിക്കൂ.
നമുക്കിടയിലുള്ള ക്രിസ്തുസാന്നിധ്യം പിതാവായ ദൈവത്തിന്റെ സമ്മാനമാണ്. അത് പൂർണമായും മനസിലാക്കാൻ സാധിച്ചില്ലെങ്കിലും നമ്മുടെ തന്നെ ചരിത്രത്തോടും ജീവിതത്തോടും സമരസപ്പെടാൻ നമ്മെ പ്രാപ്തരാക്കുന്നു.
ദൈവം യൗസേപ്പിനോടു പറഞ്ഞതുപോലെ: “ദാവീദിന്റെ പുത്രാ, നീ ഭയപ്പെടേണ്ട” (മത്താ 1:20). അതു കൊണ്ട്, അവൻ നമ്മോടും പറയുന്നു: “ഭയപ്പെടേണ്ട. പൂര്‍ണ്ണമായും ഗ്രഹിക്കാൻ സാധിക്കാത്ത കാര്യങ്ങളിൽപ്പോലും കോപവും നിരാശയും മാറ്റിവച്ച്, അത് ഉൾക്കൊള്ളാൻ പരിശ്രമിക്കേണ്ടതുണ്ട്. നിസാരമായി പിന്മാറരുത്; പ്രത്യാശയോടും ധൈര്യത്തോടും കൂടി മുന്നോട്ടുപോകണം. അപ്പോൾ കൂടുതൽ വിശാലമായ അർഥങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടും. സുവിശേഷാനുസൃതമായി ജീവിച്ചാൽ, അത്ഭുതകരമായ രീതിയിൽ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാൻ നമുക്കു സാധിക്കും. എല്ലാ കാര്യങ്ങളും ഉദ്ദേശിച്ച രീതിയിൽ നടക്കാതിരുന്നാലും ചിലതൊക്കെ ഒരിക്കലും ശരിയാവാതിരുന്നാലും നിരാശപ്പെടേണ്ടതില്ല. ഊഷരമായ മണ്ണിലും പൂവ് വിരിയിക്കാൻ ദൈവത്തിനു സാധിക്കും. നമ്മുടെ തന്നെ ഹൃദയങ്ങൾ നമ്മെ തടഞ്ഞുവച്ചാലും, “ദൈവം നമ്മുടെ ഹൃദയത്തേക്കാൾ മഹോന്നതനാണ്, അവൻ എല്ലാം അറിയുന്നു" (1 യോഹ 3:20).
ക്രൈസ്തവ യാഥാർഥ്യം, നിലനിൽക്കുന്ന ഒന്നിനെയും തള്ളിക്കളയുന്നില്ലെന്നു നാം വീണ്ടും മനസിലാക്കുന്നു. യാഥാർഥ്യം അതിന്റെ എല്ലാ നിഗൂഢതകളോടും സങ്കീർണതകളോടും കൂടി, വെളിച്ചവും നിഴലുമുള്ള അസ്തിത്വപരമായ അർഥങ്ങളെ നമുക്കു മുന്നിലെത്തിക്കുന്നു. അതുകൊണ്ടാണ്, പൗലോസ് അപ്പോസ്തലൻ പറഞ്ഞത്: “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, എല്ലാ കാര്യങ്ങളും നന്മയായി ഭവിക്കുന്നുവെന്ന് നമുക്കറിയാം” (റോമാ 8:28). വിശുദ്ധ അഗസ്റ്റിൻ സമാനാർഥത്തിൽ പറഞ്ഞിട്ടുണ്ട്: “അതിനെ തിന്മ എന്നു വിളിച്ചാലും (etiam illud quod malum dicitur) [19]. ഈ മഹത്തരമായ ചിന്താ വെളിച്ചത്തിൽ, സന്തോഷകരവും ദുഃഖകരവുമായ ജീവിതാനുഭവങ്ങൾക്ക് അർഥം നൽകുന്നത്, ദൈവവിശ്വാസമാണ്.
വിശ്വസിക്കുക എന്നാൽ സുഖവും സ്വാസ്ഥ്യവും കണ്ടെത്തൽ മാത്രമാണെന്ന് ഒരിക്കലും നാം ചിന്തിക്കരുത്. വിശുദ്ധ യൗസേപ്പിൽ നാം കാണുന്നതാണ്, ക്രിസ്തു പഠിപ്പിച്ച വിശ്വാസം. യൗസേപ്പ് എളുപ്പവഴികൾ അന്വേഷിച്ചില്ല. യാഥാർഥ്യത്തെ തുറന്ന കണ്ണുകളോടെ നേരിട്ടു; വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. മറ്റുള്ളവരെ, അവർ എങ്ങനെയാണോ, അങ്ങനെതന്നെ ഉൾക്കൊള്ളാൻ യൗസേപ്പിന്റെ നിലപാടുകൾ നമ്മെ പ്രചോദിപ്പിക്കുന്നു. ഒന്നിനെക്കുറിച്ചും അമിത പ്രതീക്ഷകളില്ലാതെ, ദുർബലരോട് പ്രത്യേകം പരിഗണന കാണിച്ച്, ദൈവഹിതം അനുസരിച്ചു പ്രവർത്തിക്കാനും യൗസേപ്പ് മാതൃകയാകുന്നു (cf. 1 കോറി 1:27). യൗസേപ്പ് “അനാഥരുടെ പിതാവും വിധവകളുടെ സംരക്ഷകനുമാണ്” (സങ്കീ 68:6). ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതരെ സ്നേഹിക്കാൻ അദ്ദേഹം നമ്മോട് ആഹ്വാനം ചെയ്യുന്നു [20]. ധൂർത്തപുത്രന്റെയും സ്നേഹനിധിയായ പിതാവിന്റെയും ഉപമയിലേക്ക് യേശുവിനെ നയിച്ചത് വിശുദ്ധ യൗസേപ്പാണെന്ന് ഞാൻ വിശ്വസി ക്കുന്നു (cf. ലൂക്കാ 15:11-32).
5. സർഗാത്മക ധൈര്യമുള്ള ഒരു പിതാവ്
സ്വന്തം വ്യക്തിചരിത്രം അംഗീകരിക്കുകയും ജീവിതത്തിൽ സംഭവിക്കുന്ന, അപ്രതീക്ഷിതമായ കാര്യങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ്, യഥാർഥമായ ആന്തരിക സാന്ത്വനത്തിനുള്ള മാർഗമെങ്കിൽ അതോടൊപ്പം പ്രധാനപ്പെട്ട ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം: സർഗാത്മക ധൈര്യം. ഇത്, പ്രയാസകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുന്പോഴാണ് ഉടലെടുക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നുകിൽ എല്ലാം ഉപേക്ഷിച്ച് പോകാം. അല്ലെങ്കിൽ അവയെ നേരിടാം. നാം പോലും തിരിച്ചറിയാത്ത, നമ്മുടെ തന്നെ ശേഷികളും വിഭവങ്ങളും പുറത്തെത്തിക്കുന്നത്, പ്രതിസന്ധികളാണ്.
ക്രിസ്തുവിന്റെ ശൈശവകാലത്തിലൂടെ കടന്നുപോകുന്പോൾ എന്തുകൊണ്ടാണ് കുറച്ചുകൂടി സ്പഷ്ടവും സുതാര്യവുമായ രീതിയിൽ ദൈവം ഇടപെടാതിരുന്നത് എന്ന് നാം അന്പരന്നേക്കാം. എന്നാൽ ദൈവം മനുഷ്യരിലൂടെയും സംഭവങ്ങളിലൂടെയുമാണ് ഇടപെടലുകൾ നടത്തുന്നത്. രക്ഷാകരപദ്ധതിയുടെ ചരിത്രം ആരംഭിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനായിരുന്നു യൗസേപ്പ്. ശിശുവിനെയും അമ്മയെയും രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്ത യഥാർഥമായ “അത്ഭുതമായിരുന്നു യൗസേപ്പ്. യൗസേപ്പിന്റെ സർഗാത്മകധൈര്യത്തിൽ ദൈവം വിശ്വാസം അർപ്പിച്ചു. ശിശുവിനു ജന്മം നൽകാൻ മറിയം ബേത്ലഹെമിൽ എത്തിയ സമയത്ത്, സത്രങ്ങളിലൊന്നും അവർക്ക് ഇടം ലഭിച്ചില്ല. എന്നാൽ ദൈവപുത്രന്റെ ആഗമനത്തിന് ഏറ്റവും അനുയോജ്യമായ ഇടം യൗസേപ്പ് കണ്ടെത്തി (cf. ലൂക്കാ 2:6-7). ശിശുവിനെ വധിക്കാൻ പരിശ്രമിക്കുന്ന ഹെറോദേസിന്റെ ഭീഷണികൾക്കിടയിൽ ശിശുവിനെ രക്ഷിക്കാൻ യൗസേപ്പിനു സ്വപ്നദർശനമുണ്ടാവുകയും അർധരാത്രിയിൽ ഈജിപ്തിലേക്കു പലായനം നടത്തുകയും ചെയ്തു (cf. മത്താ 2:13-14).
ലോകം ശക്തരുടെയും അധികാരമുള്ളവരുടേതുമാണെന്ന ധാരണ ഈ സംഭവങ്ങളെക്കുറിച്ചുള്ള ഉപരിപ്ലവമായ ഒരു വായനയിൽ ഉരുത്തിരിഞ്ഞേക്കാം. പക്ഷേ, സുവിശേഷത്തിലെ "സുവാർത്ത ഉൾക്കൊള്ളുന്നത് ലോകശക്തികളുടെ എല്ലാ അതിക്രമങ്ങൾക്കും അക്രമണോ ത്സുകതയ്ക്കും ഇടയിലും ദൈവം തന്റെ രക്ഷാപദ്ധതിനടപ്പാക്കാൻ ഒരു വഴി കണ്ടെത്തും എന്ന സന്ദേശത്തിലാണ്. അതുകൊണ്ട്, ചിലപ്പോഴെങ്കിലും നമ്മുടെ ഈ ജീവിതത്തിലും ശക്തരുടെ കാരുണ്യം കാംക്ഷിക്കേണ്ട സാഹചര്യമുണ്ടായേക്കാം. പക്ഷേ, എന്താണ് യഥാർത്ഥത്തിൽ വിലമതിക്കുന്നതെന്ന് സുവിശേഷം നമ്മോടു പറയുന്നുണ്ട്. നമ്മെ രക്ഷിക്കാനുള്ള വഴി, ദൈവം എപ്പോഴും കണ്ടെത്തും. ദൈവികശക്തിയിൽ വിശ്വസിച്ച്, എല്ലാ പ്രതിസന്ധികളിലും പുതിയൊരു സാധ്യത കണ്ടെത്തിയ നസറത്തിലെ മരപ്പണിക്കാരനെപ്പോലെ, സർഗാത്മകമായൊരു ധൈര്യം നമ്മളും നേടിയെടുക്കണം.
ചില നേരങ്ങളിൽ ദൈവം നമ്മുടെ സഹായത്തിന് എത്തുന്നില്ലെന്നു തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന് അതിന് അർഥമില്ല. പകരം, ദൈവത്തിന്റെ പദ്ധതിയിൽ വിശ്വസിച്ച്, സർഗാത്മകമായൊരു പരിഹാരം നാം തന്നെ കണ്ടെത്താനാണ്, ആവശ്യപ്പെടുന്നത്.
പുരമുകളിൽനിന്നു കിടക്കയോടെ തളർവാതരോഗി യെ താഴേക്കിറക്കി, യേശുവിൽ നിന്നു സൗഖ്യം നേടി നൽകിയ, രോഗിയുടെ സ്നേഹിതർ കാണിച്ചത് അത്തരം സർഗാത്മകധൈര്യമായിരുന്നു (cf. ലൂക്കാ 5:17-26). ആ സ്നേഹിതരുടെ ധൈര്യത്തിനും ഉറച്ച തീരുമാനത്തിനും മുന്നിൽ പ്രതിസന്ധികൾ വഴിമാറി. യേശു രോഗിയെ സുഖപ്പെടുത്തും എന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ “ജനക്കൂട്ടത്തിനിടയിലൂടെ, രോഗിയെ യേശുവിന്റെ അടുത്തെത്തിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ്, അയാളെ പുരമുകളിലേക്കു കൊണ്ടുപോയി. കിടക്കയോടു കൂടിത്തന്നെ ജനക്കൂട്ടത്തിനു നടുവിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ട്, യേശു പറഞ്ഞു: “മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (വാക്യ ങ്ങൾ 19-20). രോഗിയായ സ്നേഹിതനെ തന്റെ മുന്നിലെത്തിക്കാൻ അവന്റെ സ്നേഹിതർ പ്രദർശിപ്പിച്ച സർഗാത്മ വിശ്വാസം യേശു തിരിച്ചറിയുകയായിരുന്നു.
യൗസേപ്പും മറിയവും ശിശുവും എത്രകാലം ഈജിപ്തിൽ താമസിച്ചു എന്ന് സുവിശേഷം നമ്മോടു വ്യക്തമാക്കുന്നില്ല. എങ്കിലും അവർക്കു ഭക്ഷണവും പാർപ്പിടവും വേണ്ടിവന്നിരിക്കും; ജീവിക്കാൻ ഒരു തൊഴിൽ ആവശ്യമായിരുന്നിരിക്കും. സുവിശേഷത്തിൽ പരാമർശിക്കാത്ത ഇത്തരം കാര്യങ്ങൾ പൂരിപ്പിക്കാൻ അധികം ഭാവനയുടെ ആവശ്യമില്ല. മറ്റെല്ലാ കുടുംബങ്ങളെയും പോലെ തിരുക്കുടുംബവും നിത്യജീവിതത്തിന്റെ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടാകും; നിർഭാഗ്യത്തിൽ നിന്നും ദാരിദ്ര്യത്തിൽനിന്നും രക്ഷപ്പെടാൻ ഇന്നും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, അഭയാർഥികളായ നമ്മുടെ സഹോദരങ്ങളെപ്പോലെ. ഈ പശ്ചാത്തലത്തിൽ യുദ്ധവും വംശവെറിയും ഹിംസയും ദാരിദ്ര്യവും കാരണം സ്വദേശം വിട്ട്, പലായനം ചെയ്യേണ്ടിവരുന്ന എല്ലാ മനുഷ്യരുടെയും സവിശേഷമധ്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ ഞാൻ പരിഗണിക്കുന്നു.
എല്ലാ പ്രതിസന്ധികൾക്കൊടുവിലും യൗസേപ്പ് ഉണർന്ന്, മറിയത്തെയും ശിശുവിനെയും കൂട്ടി, ദൈവഹിതം പോലെ പ്രവർത്തിച്ചു എന്ന് രേഖപ്പെടുത്തിയി ട്ടുണ്ട് (cf. മത്താ 1:24; 2:14.21). തീർച്ചയായും, ക്രിസ്തുവും അമ്മയായ മറിയവും നമ്മുടെ വിശ്വാസത്തിന്റെ അമൂല്യനിധികളാണ് [21].
രക്ഷാകരചരിത്രത്തിന്റെ ദൈവികപദ്ധതിയിൽ ശിശുവിന് അമ്മയായ മറിയത്തിൽ നിന്നു വേർപിരിയാൻ സാ ധിക്കുമായിരുന്നില്ല; “മറിയത്തിന്റെ വിശ്വാസയാത്രയെ മുന്നോട്ടുനയിച്ചതു ക്രിസ്തുവായിരുന്നു. കുരിശിനു ചുവട്ടിൽ വരെ മറിയം മകനോടൊത്തുണ്ടായിരുന്നു [22].
യേശുവിനെയും മറിയത്തെയും നാം സംരക്ഷിക്കുന്നുണ്ടോ, എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്. കാരണം, അത് നമ്മുടെ ഉത്തരവാദിത്വത്തിലും പരിപാലനത്തിലും നിഗൂഢമായി ഏൽപ്പിക്കപ്പെട്ടിട്ടുള്ള ചുമതലയാണ്. പ്രലോഭനങ്ങളുടെ സാഹചര്യത്തിലാണ്, ദൈവ പുത്രൻ നമുക്കായി ലോകത്തേക്കുവന്നത്. യേശുവും യൗസേപ്പിനാൽ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തു; വിശ്വാസത്തിൽ വളർന്നു. തന്നെയും മകനെയും സംരക്ഷിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്ത യൗസേപ്പിനെ മറിയം വിശ്വസിച്ചതു പോലെ, ദൈവവും വിശ്വസിച്ചു. ഈ അർഥത്തിൽ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ പാലകനായ മധ്യസ്ഥനാണ് യൗസേപ്പ്. മറിയത്തിന്റെ മാതൃത്വം സഭയുടെ മാതൃത്വമായി പരിഗണിക്കുന്പോഴും യൗസേപ്പ് സഭയുടെ രക്ഷിതാവാകുന്നു [23]. തിരുസഭയെ നിരന്തരം സംരക്ഷിക്കുന്ന യൗസേപ്പ് യേശുവിനെയും അവിടുത്തെ മാതാവിനെയും സംരക്ഷിക്കുന്നു. സഭയോടുള്ള സ്നേഹത്താൽ നമ്മളും യേശുവിനെയും അവിടുത്തെ മാതാ വിനെയും സ്നേഹിക്കുന്നത് തുടരുന്നു.
ആ ശിശു ഭാവിയിൽ പറഞ്ഞു: “എന്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്താ 25:40). ദരിദ്രരും നിരാലംബരും സഹിക്കുന്നവരും മരണത്തെ അഭിമുഖീകരിക്കുന്നവരും തടവുകാരും രോഗികളും അപരിചിതരുമായ എല്ലാവരും യൗസേപ്പ് സംരക്ഷിച്ച “ആ ശിശുവാണ്. ഇക്കാരണങ്ങൾകൊണ്ടാണ്, വിശുദ്ധ യൗസേപ്പിനെ, നിർഭാഗ്യവാ ന്മാരുടെയും നിരാലംബരുടെയും അഭയാർഥികളുടെയും ക്ലേശിക്കുന്നവരുടെയും ദരിദ്രരുടെയും മരണാസന്നരുടെയും മധ്യസ്ഥനായി വണങ്ങുന്നത്. അതുകൊണ്ടു തന്നെ, പാർശ്വവത്കരിക്കപ്പെട്ട സഹോദരരുടെ മേൽ കാരുണ്യം ചൊരിയാതിരിക്കാൻ സഭയ്ക്കു സാധിക്കില്ല. ക്രിസ്തു അവരുടെമേൽ പ്രത്യേകമായ പരിഗണന കാണിക്കുകയും അവരിൽ ഒരാളായി സ്വയം കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സംരക്ഷണയും ഉത്തരവാദിത്തവുമാണ്. വിശുദ്ധ യൗസേപ്പിതാവിൽനിന്നു നാം പഠിക്കുന്നത്. ശിശുവിനെയും അവന്റെ അമ്മയെയും സ്നേഹിക്കാൻ നാം പഠിക്കണം. ദിവ്യബലിയെയും ജീവ കാരുണ്യപ്രവർത്തനത്തെയും സഭയെയും ദരിദ്രരെയും സ്നേഹിക്കാൻ നാം പഠിക്കണം. നമുക്കു മുന്നിലുള്ള ഈ യാഥാർഥ്യങ്ങളിലെല്ലാം, ശിശുവും അവിടുത്തെ അമ്മയും ഉൾച്ചേർന്നിട്ടുണ്ട്.
6. തൊഴിൽ ചെയ്യുന്ന ഒരു പിതാവ്
ലിയോ പതിമൂന്നാമൻ മാർപാപ്പ രചിച്ച, ആദ്യത്തെ ചാക്രികലേഖനമായ Rerum Novarum (മുതലാളിത്തത്തിന്റെയും തൊഴിലാളികളുടെയും കടമകളും അവകാശങ്ങളും) ആരംഭത്തിൽ തന്നെ വിശുദ്ധ യൗസേപ്പിന്റെ തൊഴിൽബന്ധം പരാമർശിക്കുന്നുണ്ട്. തന്റെ കുടുംബത്തിന്റെ നിത്യച്ചെലവുകൾക്കായി മരപ്പണിയിൽ ഏർപ്പെട്ടിരുന്ന ഒരാളായിരുന്നു വിശുദ്ധ യൗസേപ്പ്. പിതാവിൽ നിന്നാണ് സ്വന്തം അധ്വാനം കൊണ്ടു കഴിക്കുന്ന അന്നത്തിന്റെ മഹത്ത്വവും തൊഴിലിന്റെ മൂല്യവും അന്തസും യേശു തിരിച്ചറിഞ്ഞത്.
തൊഴിൽപരമായ ചർച്ചകൾ നടക്കുകയും ഒരിക്കൽ സുഭിക്ഷമായിരുന്ന രാജ്യങ്ങളിൽപ്പോലും തൊഴിലില്ലായ്മ ഒരു രൂക്ഷമായ പ്രശ്നമായി കത്തിക്കയറുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിൽ മാന്യമായ ജോലിയുടെ പ്രാധാന്യത്തെ വിലമതിക്കേണ്ട ഒരു പുതിയ ആവശ്യമുണ്ട്. അതിൽ വിശുദ്ധ യൗസേപ്പ് മാതൃകാപരമായ രക്ഷകർത്താവാണ്.
രക്ഷാകരപദ്ധതിയിലെ പങ്കാളിത്തം തന്നെയാണ് തൊഴിൽ. അത് ദൈവരാജ്യത്തിന്റെ വരവ് വേഗത്തിലാക്കാനുള്ള അവസരവും നമ്മുടെ കഴിവുകളും പ്രാഗത്ഭ്യവും വളർത്താനും സമൂഹത്തിന്റെ നന്മയ്ക്കും സാഹോദര്യത്തിന്റെ നിലനിൽപ്പിനുമായി ഉപയോഗിക്കാനുമുള്ള അവസരവുമാണ്. തൊഴിൽ എന്നാൽ അവനവന്റെ ആത്മസംതൃപ്തിക്കു മാത്രമുള്ളതല്ല. സമൂഹത്തിന്റെ പ്രഥമഘടകമായ കുടുംബത്തിന്റെ അഭിവൃദ്ധിക്കുകൂടിയുള്ളതാണ്. തൊഴിലില്ലായ്മ കുടുംബത്തിൽ അരക്ഷിതാവസ്ഥയ്ക്കും സമ്മർദ്ദങ്ങൾക്കും പിണക്കങ്ങൾക്കും ചിലപ്പോൾ വേർപിരിയലുകൾക്കും കാരണമായേക്കാം. എല്ലാവർക്കും മാന്യമായി ജീവിക്കാനുള്ള അവസരമില്ലാത്ത സാഹചര്യത്തിൽ മനുഷ്യാന്തസിനെക്കുറിച്ച് നമുക്ക് എങ്ങനെ സംസാരിക്കാൻ സാധിക്കും? തൊഴിലെടുക്കുന്ന ഓരോ മനുഷ്യനും, അവരുടെ തൊഴിൽമേഖല വ്യത്യസ്തമാണെങ്കിൽപ്പോലും ദൈവവുമായി സഹകരിക്കുകയാണ്. ഒപ്പം, ചുറ്റുമുള്ള ലോകത്തിന്റെ സ്രഷ്ടാക്കളുമായി മാറുന്നു. ഈ കാലഘട്ട ത്തിലെ, സാന്പത്തികവും സാമൂഹികവും സാംസ്കാരി കവും ആത്മീയവുമായ പ്രതിസന്ധികൾ തൊഴിലിന്റെ മാഹാത്മ്യവും അനിവാര്യതയും നമ്മെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ആരും ഒഴിവാക്കപ്പെടാത്ത ഒരു ലോകാന്തരീക്ഷത്തിന്റെ പ്രാധാന്യവും ധ്വനിപ്പിക്കുന്നുണ്ട്. തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും നമ്മുടെ സഹോദരങ്ങളായ നിരവധി മനുഷ്യരെ ബാധിച്ചിട്ടുണ്ട്; കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ നമ്മുടെ മുൻഗണനകളെക്കുറിച്ചു വിചിന്തനം നടത്താനുള്ള ഒരവസരം കൂടിയാണിത്. യുവാക്കളും മുതിർന്നവരുമായ ഒരാളുപോലും തൊഴിലില്ലാത്ത സാഹചര്യത്തെ നേരിടുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനോട് അപേക്ഷിക്കാം.
7. നിഴലുകൾക്കിടയിലെ ഒരു പിതാവ്
പോളിഷ് എഴുത്തുകാരനായ യാൻ ദൊബാസിനി, The Shadow of the Father എന്ന നോവലിൽ [24] വിശുദ്ധ യൗസേപ്പിന്റെ ജീവിതം രേഖപ്പെടുത്തുന്നുണ്ട്. സ്മരണകളുണർത്തുന്ന ഒരു നിഴലിന്റെ ബിംബമാണ് യൗസേപ്പിനെ നിർവചിക്കാൻ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. ക്രിസ്തുവുമായുള്ള ബന്ധത്തിൽ സ്വർഗസ്ഥനായ പിതാവിന്റെ ഭൂമിയിലെ നിഴലായിരുന്നു യൗസേപ്പ്. അദ്ദേഹം യേശുവിനെ പരിപാലിച്ചു, സംരക്ഷിച്ചു, ഒരിക്കലും തനിച്ചാക്കിയില്ല. ഇസ്രായേലിനോടു മോശ പറഞ്ഞ വാക്കുകൾ നമുക്ക് ഓർമിക്കാം: “പിതാവായ ദൈവം മരുഭൂമി യിലൂടെ എങ്ങനെയാണു നിങ്ങളെ വഴിനടത്തിയതെന്ന് നിങ്ങൾ കണ്ടതാണ്. സഞ്ചരിക്കുന്ന വഴികളിലെല്ലാം ഒപ്പം കൂട്ടുന്ന ശിശുവിനെപ്പോലെ അവൻ നിങ്ങളെ നടത്തി” (ദിന 1:31). സമാനമായ രീതിയിൽ ജീവിതകാലം മുഴുവൻ യൗസേപ്പ് ഒരു പിതാവായി നിന്നു [25].
പിതാക്കന്മാർ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണ്. ഒരു കുഞ്ഞിനെ ലോകത്തിലേക്കു സൃഷ്ടിച്ചതുകൊണ്ടു മാത്രം ഒരാൾ പിതാവായി മാറുന്നില്ല. ശിശുവിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്പോഴാണ് ഒരുവൻ പിതാവാകുന്നത്. മറ്റൊരാളുടെ ഉത്തരവാദിത്തം എപ്പോൾ ഏറ്റെടുക്കുന്നുവോ അപ്പോൾ ഒരു മനുഷ്യൻ പിതാവായി രൂപാന്തരപ്പെടുന്നു.
പിതാക്കന്മാരുടെ അഭാവത്തിൽ അനാഥരാകുന്ന നിരവധി കുട്ടികളെ ഇക്കാലഘട്ടത്തിൽ കാണാനാകും. സഭയ്ക്കും പിതാക്കന്മാരെ ആവശ്യമുണ്ട്. കോറിന്തോസുകാരോടു വിശുദ്ധ പൗലോസ് പറഞ്ഞവാക്കുകൾ ഇപ്പോഴും പ്രസക്തമാണ്: “ക്രിസ്തുവിൽ നിങ്ങൾക്ക് എണ്ണമറ്റ മാർഗദർശികളുണ്ടെങ്കിലും നിങ്ങൾക്ക് അനേകം പിതാക്കന്മാരില്ല” (1 കോറി 4:15). എല്ലാ വൈദികർക്കും സഭാപിതാക്കന്മാർക്കും അപ്പസ്തോലൻ പറഞ്ഞതിനോട് കൂട്ടിച്ചേർത്തു പറയാൻ സാധിക്കണം: “സുവിശേഷത്തിലൂടെ ഞാൻ ക്രിസ്തുവിൽ നിങ്ങൾക്കു പിതാവായിത്തീർന്നിരിക്കുന്നു" (ibid.). വിശുദ്ധ പൗലോസ് ഗലാത്തിയരോടു പറയുന്നു: “എന്റെ പ്രിയ കുട്ടികളേ, ക്രിസ്തു നിങ്ങളിൽ രൂപംകൊള്ളുന്നതുവരെ നിങ്ങൾക്കു വേണ്ടി ഞാൻ വീണ്ടും ഈറ്റുനോവനുഭവിക്കുന്നു” (4:19).
ഒരു പിതാവാകുകയെന്നാൽ ശിശുക്കളെ ജീവിതത്തിലേക്കും യാഥാർഥ്യത്തിലേക്കും കൈപിടിച്ചു നടത്തലാണ്. അവരെ പിന്നിൽ നിർത്തിയോ, അമിതമായി സംരക്ഷിച്ചോ, ഉടമസ്ഥാവകാശം സ്ഥാപിച്ചോ അല്ല, സ്വയം തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കിയും സ്വാതന്ത്ര്യം അനുവദിച്ചും പുതിയ സാധ്യതകൾ കണ്ടെത്താൻ പ്രേരിപ്പിച്ചുമാണ്, പിതൃത്വപരമായ കടമ നിർവഹിക്കേണ്ടത്. ഇക്കാരണങ്ങൾ കൊണ്ടായിരിക്കാം, യൗസേപ്പിനെ ഏറ്റവും പരിശുദ്ധനായ പിതാവ് എന്നു വിളിക്കപ്പെടുന്നത്. അത്, അടുപ്പത്തിന്റെ അടയാളം മാത്രമല്ല, മക്കളുടെമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് എതിരായ നിലപാട് കൂടിയാണ്. പരിശുദ്ധിയെന്നാൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും . ഒരാളുടെമേൽ സ്ഥാപിക്കുന്ന ഉടമസ്ഥതയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. അത്രമേൽ പരിശുദ്ധമാകുന്പോൾ മാത്രമാണ്. സ്നേഹം യഥാർഥത്തിൽ സ്നേഹമാകുന്നത്. സ്വാർഥമായ സ്നേഹം ഒടുവിൽ അപകടകരമായി മാറും. അത്, നിയന്ത്രണങ്ങളിലേക്കു നയിക്കും, ജീവിതത്തെ ദുരിതമയമാക്കും. പരിശുദ്ധമായ സ്നേഹമാണ്, ദൈവം മാനവരാശിക്കു പകർന്നുനൽകുന്നത്. വഴിതെറ്റിപ്പോകാനും എതിരായി സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം പോലും അവൻ അനുവദിച്ചുതരുന്നുണ്ട്. അവൻ എല്ലാറ്റിന്റെയും കേന്ദ്രസ്ഥാനത്തു സ്വയം പ്രതിഷ്ഠിക്കുന്നില്ല. അവൻ തന്നെക്കുറിച്ച് ചിന്തിക്കുന്നില്ല. പകരം, മറിയത്തിന്റെയും ശിശുവിന്റെയും ജീവിതത്തിലായിരുന്നു ശ്രദ്ധിച്ചത്.
സ്വയം ത്യജിക്കുന്നതിൽ മാത്രമല്ല, സ്വയം സമർപ്പിക്കുന്നതിൽക്കൂടിയാണ് വിശുദ്ധ യൗസേപ്പ് ആനന്ദം കണ്ടെത്തിയത്. അദ്ദേഹത്തിന്റെയുള്ളിൽ നിരാശയില്ല; പകരം വിശ്വാസമാണ് നമുക്ക് കണ്ടെത്താൻ സാധിക്കുക. ഇക്കാലഘട്ടത്തിൽ ലോകം പിതാക്കന്മാരെ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരുടെ മേൽ അധീശത്വം സ്ഥാപിക്കുന്ന സ്വേച്ഛാധിപതികളെ ലോകത്തിന് ആവശ്യമില്ല. അധീശത്വത്തിനുവേണ്ടി അധികാരം പിടിച്ചെടുക്കുകയും സഹായങ്ങൾക്കുവേണ്ടി പാദസേവ ചെയ്യുകയും അടിച്ചമർത്താൻ വേണ്ടി സംവദിക്കുകയും ഗുണം കാംക്ഷിച്ച് കാരുണ്യം ചെയ്യുകയും തകർക്കാൻ വേണ്ടി ഊർജം സമാഹരിക്കുകയും ചെയ്യുന്നവരെ ലോകത്തിന് ആവശ്യമില്ല. എല്ലാ ജീവിതാന്തസ്സുകളും പക്വമായ ത്യാഗത്തിന്റെ ഫലമായ സ്വയം ദാനത്തിൽ നിന്ന് ജന്മംകൊള്ളുന്നതാണ്. പൗരോഹിത്യവും അഭിഷിക്തജീവിതവും ഇതേ രീതിയിലുള്ള പക്വത ആവശ്യപ്പെടുന്നുണ്ട്. വിവാഹിതരോ, ബ്രഹ്മചാരികളോ, കന്യകകളോ തുടങ്ങി ഏതുതരം ജീവിതാന്തസ് തിരഞ്ഞെടുത്താലും സഹനങ്ങൾക്കുമുന്നിൽ അതവസാനിപ്പിച്ചാൽ ആന്തരികമായ നിറവ് അനുഭവിക്കാനാവില്ല; സ്നേഹത്തിൽ നിന്നുണ്ടാകുന്ന നിറവിനുപകരം അസന്തുഷ്ടിയും നിരാശയും വിഷാദവും ഉള്ളിൽ നിറയും.
കുട്ടികൾക്കായി ജീവിക്കാൻ പിതാക്കന്മാർ വിസമ്മതിക്കുന്പോൾ പുതിയതും അപ്രതീക്ഷിതവുമായ കാഴ്ചപ്പാടുകൾ രൂപമെടുക്കും. ഓരോ ശിശുവും തനതായ നിഗൂഢതയുമായാണ് ജനിക്കുന്നത്. കുട്ടിയുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട്, ആ നിഗൂഢതയ്ക്കുമേൽ പിതാവ് പ്രകാശം പകർന്നുകൊടുക്കണം. “ഉപയോഗശൂന്യനായി മാറുന്ന ഘട്ടത്തിൽ, മകനോ, മകളോ, സ്വന്തം ജീവിതപാതയിലൂടെ ഒറ്റയ്ക്കു നടക്കാൻ പ്രാപ്തി കൈവരിക്കുന്പോൾ, താൻ അവരുടെ പിതാവും ഗുരുവുമായിരുന്നെന്ന് തിരിച്ചറിയണം. കുഞ്ഞിന്റെ ഉടമസ്ഥാവകാശം തനിക്കല്ലെന്നും പരിപാലിക്കുവാനുള്ള നിയോഗം മാത്രമാണ് തനിക്കുള്ളതെന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ ഒരു പിതാവ്, യൗസേപ്പിനെപ്പോലെയാകുന്നു. ഭൂമിയിൽ നിങ്ങൾ ആരെയും പിതാവെന്നു വിളിക്കരുത്. നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ. സ്വർഗസ്ഥനായ പിതാവ് (മത്താ 23:9) എന്ന ക്രിസ്തുവചനം ഇതു മനസിലാക്കാൻ സഹായിക്കുന്നു. പിതൃത്വത്തിന്റെ ഓരോ ഘട്ടത്തിലും സ്വാർഥതക്ക് ഒന്നും ചെയ്യാനില്ലെന്ന യാഥാർഥ്യം മനസിൽ സൂക്ഷിക്കേണ്ടതുണ്ട്; ഒപ്പം, മഹത്തായ ഒരു പിതൃത്വത്തിലേക്കുള്ള “സൂചന” നമുക്കു മുന്നിലുണ്ടെന്നും, ഒരുതരത്തിൽ നാമെല്ലാവരും വിശുദ്ധ യൗസേപ്പിനെപ്പോലെയാണ്: “സ്വർഗസ്ഥനായ പിതാവിന്റെ നിഴൽ. ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന പിതാവിന്റെ നിഴൽ” (മത്താ 5:45). സ്വന്തം മകനെ പിന്തുടരുന്ന ഒരു നിഴൽ.
സമാപനം
“എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈ ജിപ്തിലേക്കു പലായനം ചെയ്യുക” (മത്താ 2:13), കർത്താവിന്റെ ദൂതൻ യൗസേപ്പിനോടു പറഞ്ഞു.
മഹാനായ ഈ വിശുദ്ധനോടുള്ള ആദരവ് വർധിപ്പിക്കുകയും അദ്ദേഹത്തിന്റെ മധ്യസ്ഥം അപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും അദ്ദേഹത്തിന്റെ ഗുണങ്ങളും ഉത്സാഹവും മാതൃകയാക്കുകയും ചെയ്യാൻ പ്രചോദിപ്പിക്കുക എന്നതാണ് ഈ അപ്പസ്തോലിക ലേഖനത്തിന്റെ ലക്ഷ്യം.
അത്ഭുതങ്ങൾക്കും അനുഗ്രഹങ്ങൾക്കും മധ്യസ്ഥം വഹിക്കുക മാത്രമല്ല, വിശുദ്ധരുടെ നിയോഗം. അബ്രാഹത്തെയും [26] മോശയെയും [27] ക്രിസ്തുവിനെയും പോലെ ദൈവത്തിനുമുന്നിൽ നമുക്കുവേണ്ടി നിലകൊള്ളുക കൂടിയാണ്. ദൈവത്തിനും മനുഷ്യർക്കും "മധ്യസ്ഥനായി ഒരുവനേയുള്ളൂ, 'മനുഷ്യനായ യേശുക്രിസ്തു' (1 തിമോ 2:5). പിതാവിന്റെ സന്നിധിയിൽ നമ്മുടെ മധ്യസ്ഥനാണ് ക്രിസ്തു (1 യോഹ 2:1) അവൻ “നമുക്കായി ഇന്നും മധ്യസ്ഥം വഹിക്കുന്നു” (ഹെബ്രാ 7:25; cf. റോമാ 8:34).
“ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ വിശുദ്ധിക്കും പരിപൂർണതയ്ക്കും വേണ്ടി നിതാന്തപരിശ്രമം നടത്താൻ വിശുദ്ധർ നമ്മെ സഹായിക്കുന്നു [28]. സുവിശേഷാനുസൃതമായ ജീവിതം നയിച്ചാൽ അതു സാധ്യമാണെന്നതിന് വിശുദ്ധരുടെ ജീവിതം സാക്ഷ്യം നല്കുന്നു.
യേശു നമ്മോട് അരുളിച്ചെയ്തിട്ടുണ്ട്: “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്നിൽ നിന്നു പഠിക്കുവിൻ” (മത്താ 11:29). വിശുദ്ധരുടെ ജീവിതവും അനുകരണീയമാണ്. വിശുദ്ധ പൗലോസ് സംശയഭേദമെന്യേ പറയുന്നു: “ആകയാൽ നിങ്ങൾ എന്നെ അനുക രിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു” (1 കോറി 4:16) [29]. തന്റെ വാഗ്ചാതുര്യമുള്ള നിശ്ബദതകൊണ്ട്, വിശുദ്ധ യൗസേപ്പും നമ്മോട് ഇതുതന്നെ പറയുന്നു.
ഒരുപാട് വിശുദ്ധരുടെ ഉദാഹരണങ്ങൾക്കു മുന്നിൽ നിന്നു വിശുദ്ധ അഗസ്തീനോസ് സ്വയം ചോദിച്ചു: “അവർക്ക് എന്തുചെയ്യാൻ സാധിക്കുന്നോ, അത് ചെയ്യാൻ നിനക്കു സാധിക്കില്ലേ?” സ്വന്തം സംഭാഷണത്തിൽ അദ്ദേഹം ആശ്ചര്യത്തോടെ കൂട്ടിച്ചേർത്തു: “ചിരപുരാത നവും നിത്യനൂതനവുമായ സൗന്ദര്യമേ, ഞാൻ നിന്നെ സ്നേഹിച്ചിരുന്നു" [30].
നമുക്ക് വിശുദ്ധ യൗസേപ്പിനോട്, കൃപയുടെ അനു ഗ്രഹം അപേക്ഷിക്കാം. നമ്മുടെ പ്രാർത്ഥന വിശുദ്ധ യൗസേപ്പിനോട് നമുക്ക് അപേക്ഷിക്കാം:
രക്ഷകന്റെ പരിപാലകാ,
പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതപങ്കാളിയേ,
ദൈവം തന്റെ ഏകജാതനെ നിന്നിൽ ഭരമേൽപ്പിച്ചു.
മറിയം നിന്നിൽ വിശ്വാസമർപ്പിച്ചു.
നിന്നോടുകൂടെയാണ്,
ക്രിസ്തു ഒരു മനുഷ്യനായത്.
നിന്റെ പിതൃവാത്സല്യം
ഞങ്ങളിലും ചൊരിയേണമേ,
ജീവിതപ്പാതയിൽ ഞങ്ങളെ നയിക്കേണമേ,
ഞങ്ങളുടെമേൽ കൃപയും കരുണയും ധൈര്യവും വർഷിക്കേണമേ,
തിന്മയിൽ നിന്നു ഞങ്ങളെ സംരക്ഷിക്കേണമേ,
ആമ്മേൻ.
(റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നിന്നും, 2020 ഡിസംബർ 8, മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ, എന്റെ പരമാചാര്യത്വത്തിന്റെ എട്ടാം വർഷം നൽകപ്പെട്ടത്.)
Notes
pope francis patris corde with a father's heart Pope Francis Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206