We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
ആമുഖം
പുതിയനിയമ ഗ്രന്ഥങ്ങളില്‍ ആദ്യം എഴുതപ്പെട്ടതു ലേഖനങ്ങളാണ്. വി. പൗലോസ്ശ്ലീഹായാണ് താന്‍ സുവിശേഷമറിയിച്ചു വിശ്വാസത്തിലേക്കു നയിച്ച സഭാസമൂഹങ്ങള്‍ക്കു ലേഖനമെഴുതുന്ന രീതി ആരംഭിച്ചത്. രക്ഷയുടെ സുവിശേഷമറിയിച്ചുകൊണ്ടു പട്ടണങ്ങള്‍തോറും ചുറ്റിസഞ്ചരിച്ചിരുന്ന പൗലോസ്ശ്ലീഹാ, തന്നില്‍നിന്ന് അകലെയായിരുന്ന വിശ്വാസി സമൂഹങ്ങള്‍ക്ക്, അതതു സമൂഹത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളുമനുസരിച്ച്, ഈശോയുടെ സുവിശേഷവും സുവിശേഷമൂല്യങ്ങളും വ്യാഖ്യാനിച്ചു നല്കി. അപ്രകാരം ആദ്യനൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയുടെ ആരംഭത്തില്‍ പൗലോസ് ശ്ലീഹാ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കായി വിവിധ ലേഖനങ്ങളെഴുതി. ഇതേ കാലയളവില്‍ത്തന്നെ ആദിമസഭയിലെ പ്രമുഖരായിരുന്ന വി. പത്രോസ്, വി. യാക്കോബ്, വി. യോഹന്നാന്‍. വി. യൂദാ തുടങ്ങിയ ശ്ലീഹന്മാരും ലേഖനങ്ങളെഴുതി. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചെന്നതിലുപരി, സാര്‍വത്രിക സഭയെ ലക്ഷ്യംവച്ചാണ് അവര്‍ എഴുതിയത്. അതുകൊണ്ട് ഇവ "സാര്‍വത്രിക ലേഖനങ്ങള്" അഥവാ "കാതോലിക ലേഖനങ്ങള്" എന്നറിയപ്പെടുന്നു. സാര്‍വത്രികസഭയില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് ഇപ്രകാരം എഴുതുവാന്‍ അവര്‍ക്ക് ആധികാരികത നല്കിയത്. ഏതു സഭാസമൂഹത്തിലെയും പ്രശ്നങ്ങളും സംശയങ്ങളും ചോദ്യങ്ങളുമെല്ലാം മിക്കവാറും ഒരുപോലുള്ളവയായിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികളേവരെയും ഉദ്ദേശിച്ച് എഴുതപ്പെട്ടവ എന്ന നിലയില്‍ ഇവയ്ക്കു സാര്‍വത്രിക പ്രസക്തിയുണ്ട്.
ഈ ലേഖനത്തിന്‍റെ ദൈവനിവേശിത സ്വഭാവത്തെപ്പറ്റി ക്രൈസ്തവ ഗ്രന്ഥകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നതായി സഭാചരിത്രകാരനായ എവുസേബിയൂസ് (തിരുസഭാചരിത്രം, 3:25 -3) രേഖപ്പെടുത്തുന്നുണ്ട്. വിജാതീയ ക്രൈസ്തവരിലൂടെ വളര്‍ന്നുവന്ന സഭയില്‍ സെമിറ്റിക് ശൈലിയും സമീപനവുമുള്ള ഈ ലേഖനത്തെപ്പറ്റി സംശയമുണ്ടായതു സ്വാഭാവികം മാത്രം. അലക്സാണ്‍ഡ്രിയായിലെ ഒരിജന്‍ (മിശിഹാവര്‍ഷം 185-254) ആണ് യാക്കോബിന്‍റെ ലേഖനത്തില്‍നിന്ന് ആദ്യം ഉദ്ധരിച്ചു കാണുന്നത്. തുടര്‍ന്ന് പാശ്ചാത്യസഭയിലെ പിതാക്കന്മാരായ പ്വറ്റിലെയിലെ ഹിലാരി, ആഗസ്തീനോസ്, ജറോം തുടങ്ങിയവര്‍ യാക്കോബിന്‍റെ ലേഖനം ഉപയോഗിച്ചിരുന്നു. നാലാം നൂറ്റാണ്ടില്‍ ഹിപ്പോയിലും (393) കാര്‍ത്തേജിലും (397) കൂടിയ കൗണ്‍സിലുകളും ഈ ലേഖനം ദൈവനിവേശിത ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുറിയാനിസഭയുടെ ഔദ്യോഗിക പരിഭാഷയായ പ്ശീത്തായില്‍ ആരംഭംമുതല്‍ യാക്കോബിന്‍റെ ലേഖനമുണ്ട്. വിശ്വാസത്തിലൂടെ നീതീകരണം എന്ന പൗലോസ്ശ്ലീഹായുടെ പ്രബോധനത്തിനെതിരാണു യാക്കോബ് എന്നു തെറ്റുദ്ധരിച്ചതുകൊണ്ട് ലൂഥറും കൂട്ടരും ഈ ലേഖനത്തെ പൂര്‍ണമായി അവഗണിച്ചു. എന്നാല്‍, ഇന്നു പ്രോട്ടസ്റ്റന്‍റ് ഗ്രൂപ്പുകള്‍പോലും യാക്കോബിന്‍റെ ലേഖനം കാനോനികമായി അംഗീകരിക്കുന്നുണ്ട്.
ലേഖന കര്‍ത്താവ്
എഴുതുന്നയാള്‍ ലേഖനാരംഭത്തില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്: "ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും ദാസനായ യാക്കോബ്" (1:1). നമ്മുടെ കര്‍ത്താവു തിരഞ്ഞെടുത്ത ശ്ലീഹന്മാരുടെ ഗണത്തില്‍ രണ്ടു യാക്കോബ് നാമധാരികളാണുള്ളത്: സെബദിയുടെ പുത്രനും യോഹന്നാന്‍റെ സഹോദരനുമായ യാക്കോബും (മര്‍ക്കോ 1:19) ഹല്പൈയുടെ പുത്രനായ യാക്കോബും (മര്‍ക്കോ 3:18). ജറുസലെംസഭയുടെ ആദ്യാദ്ധ്യക്ഷനായിരുന്നു സെബദിയുടെ പുത്രനായ യാക്കോബ്. മിശിഹാവര്‍ഷം 44 നോടടുത്ത് ഹേറോദേസ് അഗ്രിപ്പായുടെ ഭരണകാലത്ത് രക്തസാക്ഷിയായി (അപ്പ. പ്രവ. 12:2). 44 മുമ്പുള്ള പശ്ചാത്തലമല്ല ലേഖനത്തില്‍ പ്രതിഫലിക്കുന്നത്. അതുകൊണ്ട് രണ്ടാമത്തെ യാക്കോബായ ഹല്പൈയുടെ പുത്രനായിരിക്കണം ഈ ലേഖനകര്‍ത്താവ്. നമ്മുടെ കര്‍ത്താവിന്‍റെ സഹോദരന്‍ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇദ്ദേഹം ജറുസലേംസഭയുടെ രണ്ടാമത്തെ തലവന്‍ (അപ്പ. പ്രവ. 12:17). ജറുസലേംകൗണ്‍സിലിനു നേതൃത്വം നല്കിയത് ഇദ്ദേഹമാണ് (അപ്പ. പ്രവ. 15:13; 21:18). വി. പൗലോസ്ശ്ലീഹാ തന്നെയും യാക്കോബിനെ കാണാന്‍ ജറുസലേമില്‍ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഗലാ 1:19). അദ്ദേഹവും യാക്കോബിനെ വിശേഷിപ്പിക്കുന്നത് "കര്‍ത്താവിന്‍റെ സഹോദരന്‍" എന്നാണ്.
വി. യാക്കോബിന്‍റെ മരണത്തെക്കുറിച്ചു രണ്ടു പ്രബലപാരമ്പര്യങ്ങള്‍ നിലവിലുണ്ട്. യഹൂദചരിത്രകാരനായ ജോസേഫൂസിന്‍റെ (Jewish War, 2.200) അഭിപ്രായത്തില്‍ യാക്കോബിന്‍റെ രക്തസാക്ഷിത്വം മിശിഹാവര്‍ഷം 62-ഓടുകൂടിയാവണം. എന്നാല്‍ ഹെഗേസിപ്പൂസിന്‍റെ അഭിപ്രായത്തില്‍ (കാണുക, എവുസേബിയൂസ്, തിരുസഭാചരിത്രം, 2:23-18) മിശിഹാവര്‍ഷം 67 ഓടുകൂടിയാണത്. ലേഖനം അറുപതുകളില്‍ എഴുതപ്പെട്ടു എന്നുമാത്രമേ നമുക്കു പറയാനാവൂ. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ എഴുതപ്പെട്ട ഹെര്‍മാസിന്‍റെ ഇടയന്‍ എന്ന ശ്ലൈഹികപിതാക്കന്മാരുടെ ഗ്രന്ഥം യാക്കോബിന്‍റെ ലേഖനത്തെ ഏറെ ആശ്രയിക്കുന്നുണ്ട്.
പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക്
വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് അഭിവാദനം അര്‍പ്പിച്ചുകൊണ്ടാണ് വി. യാക്കോബ് ലേഖനം ആരംഭിക്കുന്നത്. പന്ത്രണ്ടു ഗോത്രങ്ങള്‍ എന്ന പ്രയോഗം പഴയനിയമത്തിലെ യാക്കോബിന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ആ പഴയനിയമ ജനതയുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായാണ് വി. യാക്കോബ് പുതിയനിയമ ദൈവജനത്തെ വീക്ഷിക്കുന്നത്. പഴയനിയമ യാക്കോബിന്‍റെ പന്ത്രണ്ടു മക്കളുടെ സ്ഥാനത്താണല്ലോ പന്ത്രണ്ടു ശ്ലീഹന്മാര്‍. പുതിയനിയമ ദൈവജനമായ ക്രൈസ്തവര്‍ക്കെഴുതുന്നതിനു യാക്കോബ് ശ്ലീഹായ്ക്കുള്ള ആധികാരികത കൂടി വ്യംഗ്യമായി സൂചിപ്പിക്കപ്പെടുന്നുണ്ടിവിടെ.
വിജാതീയര്‍ക്കിടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കാണല്ലോ വി. യാക്കോബ് എഴുതുന്നത്. അക്രൈസ്തവരായ ജനതകള്‍ക്കിടയില്‍ ജീവിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളെയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. വി. പത്രോസ്ശ്ലീഹായും വിവിധ സ്ഥലങ്ങളില്‍ ചിതറിപ്പാര്‍ക്കുന്ന പ്രവാസികള്‍ക്കാണു ലേഖനമെഴുതുന്നത് (1 പത്രോ 1:17; 2:11). വിജാതീയര്‍ സത്യദൈവത്തെ അറിയുന്നതിനു ചിതറിക്കപ്പെട്ട യഹൂദരുടെ സാന്നിദ്ധ്യം അവസരമൊരുക്കിയതുപോലെ, ചിതറിപ്പാര്‍ക്കുന്ന ക്രൈസ്തവരിലൂടെ മറ്റുമതവിശ്വാസികള്‍ സത്യദൈവത്തെ അറിയാനിടയാവട്ടെ എന്ന ആശംസയും ഇവിടെയുണ്ട്.
യാക്കോബിന്‍റെ ലേഖനത്തിലെ ആമുഖവചനങ്ങള്‍ മറ്റു പുതിയനിയമ ലേഖനങ്ങളിലെ ആമുഖങ്ങളോടു സദൃശമെന്നു തോന്നാമെങ്കിലും വളരെയേറെ വ്യത്യസ്തയുള്ള ലേഖനമാണ് ഇത്. ഈ ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ ആരാണെന്നു വ്യക്തമല്ല. ആരാണു ലേഖനകര്‍ത്താവ് എന്നുള്ളതും അവ്യക്തമാണ്. ആധികാരികതയോടെയാണു സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിനു സമൂഹത്തോടു വ്യക്തിപരമായ എന്തെങ്കിലും ബന്ധമുണ്ടെന്നതിനുള്ള സൂചനയും ലേഖനത്തിലില്ല. മറ്റു ലേഖനങ്ങിളിലേതുപോലുള്ള ഉപസംഹാരവും ഈ ലേഖനത്തില്‍ ഇല്ല. ഏതെങ്കിലും ഒരു പ്രത്യേക പ്രശ്നത്തെയോ സാഹചര്യത്തെയോ അഭിസംബോധന ചെയ്യുന്നില്ല എന്നതും ഈ ലേഖനത്തിന്‍റെ പ്രത്യേകതയാണ്. ലേഖനത്തിന്‍റെ പൊതുപ്രമേയമായി ഒരു വിഷയം ചൂണ്ടിക്കാണിക്കാനും എളുപ്പമല്ല. എന്നും ഏതു സഭയിലും ഒരുപോലെ പ്രസക്തമായ പല വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്നും ഈ കാതോലിക അഥവാ സാര്‍വത്രിക ലേഖനത്തിനു പ്രാധാന്യമുണ്ട്.
ലേഖനഘടന
വി. യാക്കോബിന്‍റെ ലേഖനത്തിലെ ഒന്നാം അദ്ധ്യായം ലേഖനം മുഴുവന്‍റെയും പ്രമേയം അവതരിപ്പിക്കുന്നുണ്ട്. ഈ അദ്ധ്യായത്തിന്‍റെ ഘടന ഗ്രഹിച്ചാല്‍ ലേഖനം മുഴുവന്‍റെയും ഘടന മനസ്സിലാക്കാന്‍ എളുപ്പമാകും. ആദ്യവാചകം ലേഖനകര്‍ത്താവിന്‍റെ സ്വയം പരിചയ പ്പെടുത്തലും ആരെ ഉദ്ദേശിച്ചാണു എഴുതുന്നത് എന്ന വസ്തുതയും പ്രാരംഭാശംസയും ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നുള്ള ഭാഗത്തു താഴെ പറയുന്ന ക്രമം കാണുവാന്‍ സാധിക്കും.
A 1:2-4 വിശ്വാസപരീക്ഷകള്‍
B 1:5-8 വിശ്വാസത്തിലെ ഇരട്ടത്താപ്പ്
C 1:9-16 ജീവന്‍റെ കിരീടത്തെക്കുറിച്ചുള്ള വാഗ്ദാനം
D 1:17-18 സത്യത്തിന്‍റെ വചനത്തിലൂടെ വിശ്വാസജീവിതത്തിലേക്ക്
C' 1:19-21 രക്ഷാകരമായ വചനം
B' 1:22-25 വചനവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പ്
A' 1:26-7 വിശ്വാസജീവിതം
വിശ്വാസജീവിതമാണ് മുഖ്യപ്രമേയമെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. വിശ്വാസ ജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെക്കുറി ച്ചു പരാമര്‍ശിച്ചുകൊണ്ട് ആരംഭിക്കുന്ന അദ്ധ്യായം (A) വിശ്വാസത്തിന്‍റെ പ്രായോഗിക മാനം ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാ നിക്കുന്നു (A'). ഈശോയില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും ദൈവിക വാഗ്ദാനങ്ങളെക്കുറിച്ചു സംശയിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പു നയമാണ് (B). സ്വീകരിക്കുന്ന വചനമനുസരിച്ചു ജീവിക്കാതിരിക്കുന്നതും ഇരട്ടത്താപ്പുതന്നെ (B'). വിശ്വാസപരീക്ഷകളില്‍ വീഴാതെ ഉറച്ചു നില്ക്കുന്നവര്‍ക്ക് നിത്യജീവന്‍റെ കിരീടം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു (C). ഈ വാഗ്ദാനം നമുക്കു ലഭിച്ചിരിക്കുന്നത് യഥാര്‍ ത്ഥ വചനമായ ഈശോമിശിഹായിലൂടെ യാണ്. ഈ വചനം നമ്മുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ ശക്തിയുള്ളതാണ് (C').
അദ്ധ്യായത്തിന്‍റെ കേന്ദ്രഭാഗത്ത് ക്രൈസ്തവാസ്തിത്വത്തിന്‍റെ അടിസ്ഥാനം അവതരിപ്പിക്കുന്നു (D). സത്യത്തിന്‍റെ വചനത്തിലൂടെ പുതിയൊരു ജീവിതത്തിലേക്കുള്ള ജനനമാണിത്. വിശ്വാസി സമൂഹത്തില്‍ നിലനില്ക്കുന്ന വിവിധങ്ങളായ പരീക്ഷകളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ആരംഭിക്കുന്ന യാക്കോബ്ശ്ലീഹാ അവയെ വിശ്വാസത്തിന്‍റെ മാറ്റു തെളിയിക്കുന്നതിനുള്ള അവസരങ്ങളായാണ് വിശദീകരിക്കുന്നത്. അവയെ വിജയകരമായി തരണം ചെയ്താല്‍, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്‍റെ കിരീടം ഉറപ്പാണ്. ഈ കിരീടം പ്രാപിക്കുന്നതിനു സഹായകമായ മനോഭാവങ്ങളും മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുകയാണ് ശ്ലീഹാ ലേഖനത്തിലുടനീളം. ഈ പ്രബോധന ങ്ങള്‍ക്കെല്ലാം അടിസ്ഥാനം നവജന്മം നല്കുന്ന സത്യത്തിന്‍റെ വചനമാണ്. ദൈവപുത്രനും മിശിഹായുമായ നസ്രായനായ ഈശോയാണ് ഈ വചനം. ക്രൈസ്തവന്‍റെ പുതുജന്മം വചനത്തില്‍ നിന്നാകയാല്‍ ജീവിതവും വചനാധിഷ്ഠിത മാകണമെന്നു ശ്ലീഹാ സ്ഥാപിക്കുന്നു. വചനം ശ്രവിക്കുന്നവരും അനുദിനജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കുന്നവരും ആകണം എന്നു സാരം. ഈ വചനത്തിന്‍റെ കാതലാകട്ടെ, നിന്നപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്നതാണ്. ഇതിനെ സ്വാതന്ത്ര്യത്തിന്‍റെ, പരിപൂര്‍ണതയുടെ നിയമം എന്നാണു യാക്കോബ്ശ്ലീഹാ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ദൈവഭക്തി അഥവാ വിശ്വാസജീവിതം ഈ നിയമത്തിന്‍റെ പ്രാവര്‍ത്തിക മാക്കലിനെ ആശ്രയിച്ചാണിരിക്കുന്നത്. 1:26-27 ല്‍ ഇതാണു വിവരിക്ക പ്പെടുന്നത്. ഈ നിയമപ്രകാരം നാവിനെ നിയന്ത്രിക്കുന്നതും സമൂഹത്തില്‍ ക്ലേശമനുഭവിക്കുന്നവരുടെ വേദനയകറ്റാന്‍ സാധിക്കുന്ന തൊക്കെ ചെയ്യുന്നതും അനാഥരെയും വിധവകളെയും അവരുടെ ദുരിതങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ വിശ്വാസ ജീവിതം. ലോകത്തിന്‍റെ കളങ്കമേശാതെ ജീവിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. ഇപ്രകാരമുള്ള ജീവിതം വിശ്വാസ പരീക്ഷകളെ വിജയക രമായി തരണം ചെയ്യാന്‍ ഒരുവനെ പ്രാപ്തനാക്കും. തുടര്‍ന്നുവരുന്ന അദ്ധ്യായങ്ങളില്‍ ഈ മുന്നാശയങ്ങളാണ് വിശകലനം ചെയ്യപ്പെടുന്നത്. അതിന്‍റെ ഘടന താഴെകാണുംവിധം അവതരിപ്പിക്കാം. വിശ്വാസജീവിത ത്തിന്‍റെ പ്രായോഗികമാനങ്ങളാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
2:1-13 സ്നേഹത്തിന്‍റെ നിയമപ്രകാരം പാവങ്ങളോടു പരിഗണന കാണിക്കേണ്ടതിന്‍റ ആവശ്യകത
2:14-26 വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം
3:1-12 നാവിന്‍റെ ദുരുപയോഗം മൂലമുണ്ടാകുന്ന പാപങ്ങള്‍
3:13-18 ദൈവികജ്ഞാനവും ഭൗമിക ജ്ഞാനവും
4:1-10 ലോകമൈത്രി - ദൈവത്തോടുള്ള ശത്രുത
4:11-12 വിധിക്കുന്നതിനെക്കുറിച്ച്
4:13-17 ദൈവം മനസ്സാകുന്നെങ്കില്‍
5:1-6 സാമൂഹികനീതി
5:7-11 പ്രത്യാശയോടെ കാത്തിരിക്കുക
5:12 ആണയിടരുത്
5:13-18 അനുരഞ്ജന - രോഗീലേപന കൂദാശകള്‍
5:19-20 ലേഖനത്തിനുള്ള പ്രചോദനത്തെപ്പറ്റി പരോക്ഷപരാമര്‍ശം
പഴയനിയമത്തില്‍ പ്രഭാഷകനും പുതിയ നിയമത്തില്‍ പൗലോസ് ശ്ലീഹായും അവലംബിക്കുന്ന ധാര്‍മ്മികോപദേശശൈലി (ുമൃമലിലശെെ: 1 തെസ 4:1-12; 5:1-22; ഗലാ 5:1-6:10 കൊളോ 3:1-4:5 റോമ 12-13 ഹെബ്രാ 13) യാണ് യാക്കോബും സ്വീകരിക്കുന്നത്. മദ്ധ്യമപുരുഷ സര്‍വനാമം ഉപയോഗിച്ചുള്ള ഉപദേശങ്ങളാണവയിലധികവും. എതിരാളിയോടു വാദപ്രതിവാദത്തിലേര്‍പ്പെടുന്ന ഒരു പ്രസംഗകന്‍റെ ശൈലിയും (diatribe) ഇടയ്ക്കു കാണാം. തന്‍റെ ധാര്‍മ്മിക നിലപാടു സ്ഥാപിക്കുന്നതിനുവേണ്ടി എതിരാളിയുടെ വാദഗതികള്‍തന്നെ ഉദ്ധരിച്ചും അതിനെ ഖണ്ഡിച്ചും കേള്‍വിക്കാരെ സ്വന്തപക്ഷത്തുചേര്‍ത്തു നിര്‍ത്താനുള്ള ശ്രമമാണ് ഈ ശൈലിയുടെ പ്രത്യേകത (റോമാ 3:1-8 കാണുക). ഗ്രീക്കു ഭാഷയും ശൈലികളും നല്ലവശമുള്ള വ്യക്തിയാണു ലേഖനകര്‍ത്താവ്. വ്യാഖ്യാനം ആവശ്യമില്ലാത്തതരത്തില്‍ അത്ര ലളിതവും ഋജുവുമാണ് യാക്കോബിന്‍റെ ഭാഷ.
ലേഖനത്തിന്‍റെ ഉള്ളടക്കം, യഹൂദ-ക്രൈസ്തവ പശ്ചാത്തലം വ്യക്തമാക്കുന്നതാണ്. യഹൂദമതവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം ഈ ലേഖനത്തില്‍ വളരെ പ്രകടമാണ്. ഈ ലേഖനത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പഴയനിയമകാലഘട്ടത്തിലാണോ പുതിയനിയമകാലഘട്ടത്തിലാണോ എന്നു സംശയം തോന്നും. അത്രമാത്രം സാമ്യം ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്കു പഴയനിയമ വിഷയങ്ങളോടുണ്ട്. നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് താന്‍ വന്നത് എന്നരുളിച്ചെയ്ത നസ്രായന്‍റെ പാതയില്‍തന്നെയാണ് ഈ ലേഖനകര്‍ത്താവും.
jacobs a letter by Jacob Jacobs letter Dr. Andrews Mekkattukunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



