x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

നോമ്പും ഉപവാസവും

Authored by : Bishop Jose Porunnedom On 04-Jan-2022

ഏത് മതവിശ്വാസത്തിലും ദൈവം പരമ പരിശുദ്ധനായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിലും അത് അപ്രകാരം തന്നെയാണ്. പരമപരിശുദ്ധനായ ദൈവത്തെ കണ്ടുമുട്ടുവാൻ കാത്തിരിക്കുന്ന മനുഷ്യന് അതു സാധ്യമാകണമെങ്കിൽ തന്റെ തെറ്റുകുറ്റങ്ങളിൽ നിന്ന് മോചനം പ്രാപിച്ച് സ്വയം ശുദ്ധനാക്കിയേ മതിയാകൂ. ആ പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ടവയാണ് നോമ്പും ഉപവാസവും പ്രാർഥനയും എല്ലാം. ക്രിസ്തുമസിൽ ദൈവപുത്രനെ കണ്ടുമുട്ടാൻ ക്രിസ്ത്യാനികൾ നടത്തുന്ന തയ്യാറെടുപ്പാണ് ഇരുപത്തഞ്ച് നോമ്പ് എന്നറിയപ്പെടുന്ന കാലഘട്ടം. ക്രിസ്തുമസിന് മുമ്പ് ആചരിക്കപ്പെടുന്ന ആഗമനകാലം മുഴുവൻ നോമ്പനുഷ്ഠിക്കുന്നു. ഡിസംബർ 1 മുതൽ 25 വരെയുള്ള ദിവസങ്ങളാണത്. ക്രിസ്തുമസിന് ഒരുക്കമായുള്ള നോമ്പിന്റേയും ഉപവാസത്തിന്റേയും കാര്യത്തിൽ സഭകൾ തമ്മിൽ ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. പാശ്ചാത്യ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭകളും കൊടുക്കുന്നതിലും ഏറെ പ്രാധാന്യം ഇക്കാര്യത്തിൽ പൗരസ്ത്യ കത്തോലിക്കാ സഭകളും ഓർത്തോഡോക്സ് സഭകളും കൊടുക്കുന്നുണ്ട്. ഓർത്താഡോക്സ് സഭകളിൽ നവംബർ 14 തന്നെ ഉപവാസം തുടങ്ങുന്നു.

എന്താണ് പ്രധാനമായും നോമ്പിൽ സംഭവിക്കുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ശുദ്ധീകരണമാണ് അവിടെ നടക്കുന്നത്. ഭക്ഷണത്തിൽ മിതത്വം പാലിച്ചുകൊണ്ട് ശരീരത്തെയും മനസ്സിനേയും മെരുക്കിയെടുക്കാൻ ശ്രമിക്കുന്നു. കൂടുതൽ സമയം പ്രാർത്ഥനയിൽ മുഴുകിക്കൊണ്ട് ആത്മാവിൽ ദൈവസാന്നിദ്ധ്യം കൂടുതലായി ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുന്നു. അതോടൊപ്പം ഇതിലൂടെ മറ്റൊരു വലിയ സത്യം കൂടി ഏറ്റുപറയുന്നു. മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെങ്കിൽ അവരവർ എന്തെങ്കിലും വേണ്ടെന്നുവയ്ക്കണം.

ഭക്ഷണം മനുഷ്യന്റെ ആരോഗ്യവും ജീവനും നിലനിർത്തുവാൻ അത്യന്താപേക്ഷിതമാണ്. അതായത് ഭക്ഷണം കഴിക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. അതല്ലാതെ ജീവിക്കുന്നത് ഭക്ഷണത്തിനു വേണ്ടിയല്ല. എങ്കിലും ജീവിക്കാൻ ആവശ്യമായതിൽ വളരെ കൂടുതൽ പലരും ഭക്ഷിക്കുന്നുണ്ട്, പാനം ചെയ്യുന്നുമുണ്ട്. ഇവയിൽ കുറേഭാഗം വേണ്ടെന്നു വച്ചതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമാകുന്നില്ല. ദിവസം നാലും അഞ്ചും നേരം ഭക്ഷണം കഴിക്കുന്നവരുണ്ട്. എന്നാൽ ദിവസം ഒരു നേരമോ രണ്ട് നേരമോ മാത്രം ആഹാരം കഴിക്കുന്നവരുമുണ്ട്. മാംസാഹാരങ്ങൾ കഴിക്കുന്നവരും സസ്യാഹാരങ്ങൾ മാത്രം കഴിച്ച് ജീവിക്കുന്നവരുമുണ്ട്. മാംസാഹാരങ്ങൾ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമല്ല എന്ന് നമുക്കറിയാം. എന്നുമാത്രമല്ല അവയിൽ പലതും രോഗഹേതുക്കളുമാണ്.

സത്യം ഇതാണെങ്കിലും ഒരു നേരം പോലും ഭക്ഷണം വേണ്ടെന്ന് വയ്ക്കുവാൻ പലർക്കും ധൈര്യമില്ല. ഉപവാസത്തിന്റെയും മാംസവർജ്ജനത്തിന്റെയും ഓർമ്മ തന്നെ ചിലരിൽ വിശപ്പു വർദ്ധിപ്പിക്കുന്നു. അസ്വസ്ഥത സൃഷ്ടിക്കുന്നു. ഇതിനെതിരെയാണ് നോമ്പുകാലത്ത് ഒരു ക്രൈസ്തവ വിശ്വാസി യുദ്ധം ചെയ്യുന്നത്. അതിലൂടെ ശരീരശുദ്ധിയും മനഃശക്തിയും നേടിയെടൂക്കുവാൻ പരിശ്രമിക്കുകയാണവൻ. ഉപവാസവും മാംസവർജ്ജനവും നമ്മളിൽ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കാര്യമായൊന്നും സൃഷ്ടിക്കുന്നില്ല എന്ന വസ്തുത അതിലൂടെ സ്വയം ബോധ്യപ്പെടുത്തുന്നു. എന്നുമാത്രമല്ല, അവ ശരീരത്തിന് ഗുണം ചെയ്യുന്നു എന്ന വസ്തുതയും മനസ്സിലാക്കുന്നു.

മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെങ്കിൽ ഞാൻ ചിലതൊക്കെ വേണ്ടെന്നു വയ്ക്കാൻ തയ്യാറാകണം എന്ന വസ്തുതയും നോമ്പ് ഓർമ്മപ്പെടുത്തുന്നു. സാധാരണഗതിയിൽ ഒരാൾക്ക് മിച്ചം ഉണ്ടായിട്ട് മറ്റൊരാൾക്ക് കൊടുക്കാം എന്ന് ചിന്തിക്കുന്നത് മൗഢ്യമായിരിക്കും. കാരണം എത്ര കിട്ടിയാലും നമ്മുടെ ആവശ്യങ്ങൾക്ക് തികയുകയില്ല. എത്ര കൂടുതൽ കിട്ടുന്നുവോ അത്രയധികമായി ചിലവുകളും വർദ്ധിക്കുന്നു. അതിനാൽ കൊടുക്കണമെന്നുണ്ടെങ്കിൽ എന്റെ ആവശ്യങ്ങളിൽ ചിലത് വേണ്ടെന്നു വയ്ക്കണം. അപ്പോൾ എനിക്ക് കുറവു വരുമെങ്കിലും ആ കുറവ് എല്ലാ സമ്പത്തിന്റേയും അധിനാഥനായ ദൈവം നികത്തിത്തരുന്നു. അതെനിക്ക് ദൈവാനുഗ്രഹത്തിന് കാരണമാകുകയും ചെയ്യുന്നു. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നു: സന്തോഷവാനായ ദാതാവിനെ ദൈവം സ്നേഹിക്കുന്നു.

നോമ്പുകാലത്ത് കൂടുതലായി നടത്തുന്ന പ്രാർത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും ദൈവവുമായി കൂടുതൽ അടുത്തായിരിക്കുവാൻ വിശ്വാസിയെ സഹായിക്കുന്നു. പ്രാർത്ഥനകൾ കേവലം സഹായാഭ്യർത്ഥനകൾ മാത്രമല്ല. ദൈവം നൽകിയ അനുഗ്രങ്ങൾക്കുള്ള നന്ദിപ്രകാശനവും അവിടുത്തെ മഹത്വത്തിനുള്ള സ്തുതിപ്പുകളും എല്ലാം ഉൾപ്പെടുന്നു. ഇത് കൂടുതൽ ദൈവാശ്രയ ബോധത്തിലേക്ക് വിശ്വാസിയെ നയിക്കുന്നു. കഷ്ടപ്പാടുകൾക്ക് നടുവിലും സന്തോഷത്തോടെ ജീവിക്കാൻ അതവനെ പ്രേരിപ്പിക്കുന്നു.

മറ്റു മനുഷ്യരെ സഹായിക്കുക എന്നാൽ പൂർണ്ണമായും സ്വയം മറ്റുള്ളവർക്കായി ദാനം ചെയ്ത ക്രിസ്തുവിനെ അനുകരിക്കുക എന്നാണർത്ഥം. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നും സ്നേഹിതനുവേണ്ടി സ്വജീവൻ ബലികഴിക്കുന്നതിലും വലിയ സ്നേഹമില്ല എന്നും പഠിപ്പിച്ച ക്രിസ്തു അത് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. ക്രൈസ്തവർ ചെയ്യുന്ന എല്ലാ പരസ്നേഹപ്രവർത്തനങ്ങളുടേയും അടിസ്ഥാനമായി നിലകൊള്ളുന്നത് ഈ മാതൃകയും പ്രബോധനവുമാണ്. ഇതവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. കൽക്കട്ടയിലെ തെരുവുകളിൽ പുഴുവരിച്ച് കിടക്കുന്ന അവശരെയും ആലംബഹീനരെയും സ്വന്തമെന്നവണ്ണം പരിചരിച്ച മദർ തെരേസയോട് ഒരാൾ പറഞ്ഞു: എനിക്ക് ഒരു കോടി രൂപ തന്നാലും ഇത് ചെയ്യാൻ എന്നെക്കൊണ്ടാകുകയില്ല. അപ്പോൾ മദർ പ്രതിവചിച്ചു. എന്നെക്കൊണ്ടും കഴിയുകയില്ല. എന്നാൽ എനിക്കതിനു കഴിയുന്നത് ആ മനുഷ്യരിൽ ഞാൻ ക്രിസ്തുവിനെ കാണുന്നതുകൊണ്ടാണ്. ക്രൈസ്തവർ ചെയ്യുന്ന എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളുടേയും അടിസ്ഥാനം ഇതു തന്നെയാണ്. ഇത് ഒരുപക്ഷേ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല. കാരണം എന്തെങ്കിലും ലാഭം കിട്ടാതെ സാധാരണഗതിയിൽ മനുഷ്യർ ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുകയില്ല എന്ന ധാരണ തന്നെ.

ശരീരവും മനസ്സുംശുദ്ധീകരിച്ച് ശക്തി പ്രാപിച്ച് ആത്മാവിൽ കൂടുതൽ ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്ന വ്യക്തികളും സമൂഹങ്ങളുമാകാൻ നോമ്പുകാലം കാരണമാകട്ടെ. അതുപോലെ തന്നെ സ്വയം ദാനം ചെയ്ത ക്രിസ്തുവിന്റെ മാതൃക പിൻചെന്ന് തങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന മറ്റുള്ളവരിൽ ക്രിസ്തുവിനെ ദർശിക്കുന്നവരായി മാറാൻ ക്രിസ്തുമസ് കാലം ഏവർക്കും ഉപകരിക്കട്ടെ.

lent fasting lent and fasting bishop jose porunnedom bishop porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message