We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany , Rev. Fr. Joseph Kakkaramattathil , Rev. Dr. Thomas Kochukarottu On 11-Feb-2021
ലാറ്റിന്‍ പിതാക്കന്മാര്‍
തെര്‍ത്തുല്യന്‍
ആഫ്രിക്കയില്‍നിന്നുള്ള ഒരു ക്രൈസ്തവ സാഹിത്യകാരനാണ് ക്വിന്‍തുസ് സെപ്തീമിയുസ് ഫ്ളോറെന്‍സ് തെര്‍ത്തുല്യാനുസ്. റോമന്‍ സാമ്രാജ്യത്തില്‍ 'ആഫ്രിക്ക' എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത് നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ ആഫ്രിക്കന്‍ വന്‍കരയുടെ ഏതാണ്ട് വടക്കുപടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന 'ആഫ്രിക്ക പ്രോകോണ്‍സുളാരിസ്' എന്ന റോമന്‍ പ്രവശ്യയാണ്. തെര്‍ത്തുല്യന്‍ ജനിച്ചത് ഈ റോമന്‍ പ്രവശ്യയിലെ പ്രധാന നഗരമായ കാര്‍ത്തേജിലത്രേ. ഉത്തര ആഫ്രിക്കയിലെ മറ്റു റോമന്‍ പ്രൊവിന്‍സുകള്‍ താഴെപ്പറയുന്നവയാണ്. മൗരിതാനിയ സിത്തിഫെന്‍സിസ്, നുമീഡിയ, ബിസസേന, ത്രിപ്പൊള്ളിത്താനിയ, സിറെനായ്ക, ലിബിയ. ഇവയെയും പ്രോകോണ്‍സുളാര്‍ ആഫ്രിക്കയെയും ഉള്‍പ്പെടുത്തി ആഫ്രിക്കന്‍ രൂപത എന്ന് ഒരുകാലത്ത് വിളിച്ചിരുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ മറ്റൊരു രൂപതയാണ് ഈജിപ്ത്. എന്നാല്‍ ആഫ്രിക്ക എന്ന സംജ്ഞയില്‍ ഈജിപ്ത് ഉള്‍പ്പെട്ടിരുന്നില്ല. ഇന്നത്തെ ലിബിയയുടെ ഭാഗം, ടുണീഷ്യ, അള്‍ജീറിയ, മറോക്കോയുടെ ഭാഗം എന്നിവ ചേര്‍ന്നതാണ് ആഫ്രിക്ക എന്ന രൂപത. റോമന്‍ ഭരണകാലത്ത് ആ പ്രദേശത്തെ പ്രധാനപ്പെട്ട പട്ടണങ്ങള്‍ താഴെപ്പറയുന്നവയാണ്: സൈറീന്‍, തൊളെമായിസ്, ലെപ്തിസ് മീനോര്‍, ഹഡ്റുമെത്തും, ഹിപ്പോ, മിലിയേവ്, കാര്‍ത്തേജ്, ലംബെസിസ്, ചെടിയാസ്, ചിര്‍ത, തഗാസ്തെ, മദൗരോസ്, സിക്ക.
ആഫ്രിക്കന്‍ സഭയെപ്പറ്റി വൈകിയാണ് കേള്‍ക്കാനിടയാകുന്നത്. റോമന്‍ കുടിയേറ്റക്കാരോടൊപ്പം കടല്‍ത്തീരത്തുള്ള പ്രധാന പട്ടണങ്ങളില്‍ യൂദന്മാര്‍ കുടിയേറിപ്പാര്‍ത്തിരുന്നു. റോമിനോട് വ്യാപാര സംബന്ധമായി ഈ പ്രദേശം അടുത്ത ബന്ധം പുലര്‍ത്തിവന്നു. റോമില്‍നിന്നുള്ള മിഷനറിമാരാണ് ഈ പ്രദേശത്ത് സുവിശേഷം പ്രചരിപ്പിച്ചത്. അങ്ങനെ റോമന്‍സഭയുടെ തണലിലാണ് ആഫ്രിക്കന്‍സഭ വളര്‍ന്നത്. റോമിലെപ്പോലെ ആദ്യം ഗ്രീക്കിലും പിന്നെ ലത്തീനിലുമാണ് ഇവിടെയും സുവിശേഷം വ്യാപിച്ചത്. നിഖ്യാസൂനഹദോസിനു മുമ്പുതന്നെ (325) പ്രഗത്ഭരായ പല ക്രൈസ്തവചിന്തകരും ആഫ്രിക്കയില്‍ ഉണ്ടായി. തെര്‍ത്തുല്യന്‍ അവരില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. രക്തസാക്ഷിയും മെത്രാനുമായ സിപ്രിയാന്‍, അര്‍നോബിയുസ്, ലക്താന്‍സ്യൂസ് എന്നിവരും ആഫ്രിക്കന്‍ സഭയില്‍ ദൈവശാസ്ത്രജ്ഞന്മാരാണ്.
ആഫ്രിക്കയില്‍നിന്നുള്ള ആദ്യത്തെ ക്രൈസ്തവ ലത്തീന്‍രേഖ ഷില്ലിയിലെ രക്തസാക്ഷികളുടെ വിവരണമാണ്. 180, ജൂലൈ 17- നു കൊല്ലപ്പെട്ട ഈ രക്തസാക്ഷികളുടെ പക്കല്‍ പുതിയനിയമത്തിന്‍റെ കുറേ ഭാഗങ്ങളുടെ ലത്തീന്‍ വിവര്‍ത്തനമുണ്ടായിരുന്നു. തെര്‍ത്തുല്യന്‍റെ കാലമായപ്പോഴേക്കും വേദപുസ്തകം മുഴുവന്‍ ലത്തീന്‍ ആഫ്രിക്കയില്‍ ഉണ്ടായിരുന്നു (പ്രാക്സെയാസിനെതിരെ 5; ഏകഭാര്യത്വം 11). ഔദ്യോഗിക പതിപ്പ് 250-ഓടുകൂടി പുറത്തുവന്നു. ആഫ്രിക്കയിലെ ആദ്യകാല ആരാധനാക്രമം റോമിലേതുപോലെ ഗ്രീക്കായിരുന്നു. റോം ലത്തീന്‍ സ്വീകരിക്കുന്നതിനു മുമ്പുതന്നെ ആഫ്രിക്കന്‍ സഭ ലത്തീന്‍ ആരാധനാ ഭാഷയാക്കി.നിരവധി രക്തസാക്ഷികള്‍ ഈ സഭയിലുണ്ടായി. സഭയ്ക്കകത്തുനിന്നു പാഷണ്ഡികളും പുറത്തുനിന്നു റോമാക്കാരും സഭയെ പീഡിപ്പിച്ചതിന്‍റെ സാക്ഷ്യം അക്കാലത്തെ കൃതികളില്‍നിന്നു വ്യക്തമാണ്. വിവിധ ഗ്നോസ്റ്റിക് വിഭാഗക്കാര്‍-വലന്‍റീനിയര്‍, മാര്‍സ്യനീത്തര്‍-മോണ്ടനിസ്റ്റുകള്‍, നൊവേഷ്യര്‍, സബെല്ലിയനിസ്റ്റുകാര്‍ ആദിയായവയെല്ലാം ആഫ്രിക്കന്‍ സഭയില്‍ കോളിളക്കം സൃഷ്ടിച്ചു.
തികച്ചും പാശ്ചാത്യമായിരുന്നു ആഫ്രിക്കന്‍സഭ. അലക്സാണ്ഡ്രിയായും കാര്‍ത്തേജും ആഫ്രിക്കന്‍ വന്‍കരയിലാണെങ്കിലും ആദ്യത്തേതിനെ പൗരസ്ത്യസഭകളുടെയും രണ്ടാമത്തേതിനെ പാശ്ചാത്യസഭകളുടെയും ഗണിതത്തിലത്രേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലക്സാണ്ഡ്രിയാക്കാര്‍ വചനമായ ദൈവത്തെ കേന്ദ്രീകരിച്ച് ദൈവശാസ്ത്രം പടുത്തുയര്‍ത്തി. വചനമായ ദൈവം മനുഷ്യന് എന്തുചെയ്തെന്ന് അവര്‍ ചിന്തിച്ചു. കാര്‍ത്തേജിലെ ചിന്തകരാകട്ടെ, 'ക്രിസ്തു നേടിത്തന്ന രക്ഷ ഓരോ വ്യക്തിയും എപ്രകാരം സ്വന്തമാക്കണം' എന്നതിനെപ്പറ്റി ചിന്തിച്ചു. ക്രിസ്ത്യാനി പാപത്തില്‍നിന്നകലുകയും പുണ്യം അഭ്യസിക്കുകയും വേണം. അതുപോലെ, മറ്റനേക കാര്യങ്ങളില്‍ കിഴക്കും പടിഞ്ഞാറും തമ്മില്‍ അന്തരമുണ്ട്. ആഫ്രിക്കന്‍ ദൈവശാസ്ത്രത്തില്‍ ഈ വ്യത്യാസം പ്രകടമാണ്.
ജീവചരിത്രം
ആഫ്രിക്കന്‍ സഭയിലെ തലയെടുപ്പുള്ള ആദ്യത്തെ എഴുത്തുകാരനാണ് തെര്‍ത്തുല്യന്‍. അദ്ദേഹം 155-ല്‍ കാര്‍ത്തേജില്‍ ജനിച്ചു. മാതാപിതാക്കള്‍ ക്രൈസ്തവരായിരുന്നില്ല. തെര്‍ത്തുല്യന്‍ നിയമം പഠിക്കുകയും റോമില്‍ അഭിഭാഷകവൃത്തി നടത്തുകയും ചെയ്തു. 193-നോടുകൂടി ക്രിസ്ത്യാനിയായി. കാര്‍ത്തേജില്‍ തിരിച്ചെത്തിയശേഷം തന്‍റെ താത്വിക ജ്ഞാനമെല്ലാം വിശ്വാസം ആഴമായി ഗ്രഹിക്കാന്‍ ഉപയോഗിച്ചു. വി. ജറോമിന്‍റെ അഭിപ്രായത്തില്‍ അദ്ദേഹം ആഫ്രിക്കന്‍ സഭയിലെ ഒരു പുരോഹിതനായിത്തീര്‍ന്നു (മഹദ്. 53). തെര്‍ത്തുല്യന്‍ അതേപ്പറ്റി ഒന്നും പറയുന്നില്ല. എന്നാല്‍ കാര്‍ത്തേജിലെ സഭയില്‍ അദ്ദേഹത്തിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സാഹിത്യസൃഷ്ടി നടന്നത് 195-നും 220-നും ഇടയ്ക്കാണ്. അദ്ദേഹത്തിന്‍റെ ചിന്താസരണി പില്‍ക്കാല ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ സാരമായ സ്വാധീനം ചെലുത്തി; എന്നാല്‍ ജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ ക്രൈസ്തവ ജീവിതത്തിന്‍റെ വക്താവായി മാറി; 220-ല്‍ മരിച്ചു.
തത്വശാസ്ത്രം, നിയമം, ലത്തീന്‍, ഗ്രീക്ക്, ഭാഷകളിലുള്ള ജ്ഞാനം എന്നിവ ഓജസ്സുറ്റ ശൈലിയിലൂടെ പുറത്തുവന്നപ്പോള്‍ ലത്തീന്‍ ക്രൈസ്തവസാഹിത്യത്തില്‍ തെര്‍ത്തുല്യനു തുല്യരായി ആരുമില്ലെന്ന നിലവന്നു. നാലാം നൂറ്റാണ്ടില്‍ വി. അഗസ്റ്റിന്‍ ഉയര്‍ന്നു വന്നതുവരെ ഒന്നാംസ്ഥാനം അദ്ദേഹത്തിനു തന്നെയായിരുന്നു. അദ്ദേഹം സത്യത്തെ സ്നേഹിക്കുകയും സത്യമെന്ന് ബോധ്യമുണ്ടായിരുന്നവയുടെ സംരക്ഷകനായി മാറുകയും ചെയ്തു. എതിരാളികളെ എല്ലാവിധേനയും തറപറ്റിക്കുന്ന താര്‍ക്കികനെയാണ് തെര്‍ത്തുല്യന്‍റെ എല്ലാ കൃതികളിലും കാണുക. ക്രിസ്തീയ രക്തസാക്ഷികളുടെ ധീരതയായിരിക്കാം അദ്ദേഹത്തെ സഭയിലേക്കാകര്‍ഷിച്ചത്. സത്യം എന്ന ആശയം അദ്ദേഹത്തിന്‍റെ മനസ്സില്‍ ആഞ്ഞുപതിച്ചു. ആ സത്യം ക്രിസ്തീയ സഭയില്‍ കണ്ടെത്തി: 'സത്യമെന്തിന് ലജ്ജിക്കുന്നു' എന്ന് തെര്‍ത്തുല്യന്‍ ചോദിക്കുന്നു. എതിരാളികളില്‍ സത്യത്തിന്‍റെ അംശമുണ്ടോ എന്നത് അദ്ദേഹത്തിന് പ്രസക്തമല്ല. ഒരു കൃതിയില്‍ സത്യമെന്ന പദം 162 പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്.
'ക്രിസ്തുമതം സത്യമതമാണ്. യേശുക്രിസ്തു സത്യമതം സ്ഥാപിച്ചു. അതുവഴി എല്ലാവരും രക്ഷപ്രാപിക്കണം. ക്രിസ്തീയ ദൈവം സത്യദൈവമാണ്. അവിടുത്തെ കണ്ടെത്തുന്നവര്‍ സത്യം കണ്ടത്തുന്നു. പിശാചുക്കള്‍ സത്യത്തെ വെറുക്കുന്നു. പുറജാതികള്‍ അതു നിരസിക്കുന്നു; ക്രിസ്ത്യാനികള്‍ സഹിക്കയും മരിക്കുകയും ചെയ്യുന്നതെല്ലാം സത്യത്തിനു വേണ്ടിയാണ്' - ഈ പ്രസ്താവനകളില്‍ തെര്‍ത്തുല്യന്‍റെ തികഞ്ഞ ആത്മാര്‍ത്ഥത കാണാന്‍ കഴിയും.
വിശ്വാസത്തിനുവേണ്ടി മരിക്കാന്‍കൂടി അദ്ദേഹം സന്നദ്ധനായിരുന്നു. 'അപ്പോളജി' എന്ന ഗ്രന്ഥം അതു വ്യക്തമാക്കുന്നു. മതപീഡനങ്ങളില്‍ ഓടിയൊളിക്കാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. തന്‍റെ കുറവുകളെപ്പറ്റി അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ക്ഷമയെപ്പറ്റി എഴുതുമ്പോള്‍ അദ്ദേഹം പറയുന്നു: 'ക്ഷമയില്ലായ്മ എന്ന പനിയാല്‍ ഞാന്‍ രോഗാര്‍ത്തനാണ്'. ഒരു വക്കീല്‍ വാദിക്കുന്നതുപോലെ എതിരാളിയെ അടിച്ചമര്‍ത്താനുള്ള എല്ലാ വാദഗതികളും അദ്ദേഹം നിരത്തിവയ്ക്കും. എതിരാളി നിശബ്ദനായെന്നും വരാം. എന്നാല്‍ വാദത്തിലൂടെ അവനെ നേടിയോ എന്ന് അദ്ദേഹം ചിന്തിക്കുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്‍റെ വലിയ കുറവ്.
മറ്റുള്ളവര്‍ പറയുന്നതിലും സത്യത്തിന്‍റെ അംശമുണ്ടാകാം. ഭാഗികമായി സത്യം അവരിലും കാണാം. അവര്‍ സത്യത്തോട് വളരെ അടുത്തായിരിക്കാം എന്നു കരുതാതിരുന്ന ചിന്താസരണി പില്‍ക്കാല ലത്തീന്‍ ദൈവശാസ്ത്രത്തിന്‍റെ നട്ടെല്ലായിത്തീര്‍ന്നു. അരിസ്റ്റൊട്ടേലിയന്‍ പദപ്രയോഗങ്ങള്‍ക്കുള്ളില്‍ ക്രിസ്തുരഹസ്യത്തെ വെട്ടിയൊതുക്കി അതില്‍ ഒതുങ്ങാത്തതൊക്കെ ത്യാജമെന്ന ചിന്താസരണി എത്ര നൂറ്റാണ്ടുകള്‍ പാശ്ചാത്യ ദൈവശാസ്ത്രത്തില്‍ നിഴലിച്ചു നിന്നില്ല! വ്യക്തിയെ ത്യാജ കോടിയില്‍ തള്ളിക്കളഞ്ഞിട്ട് ആശയത്തിന് പ്രാധാന്യം കൊടുത്തു. ആശയം നേടി, വ്യക്തി നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ മണ്ഡലത്തില്‍ ഒരു പൊളിച്ചുപണി നടത്തി. 'ദൈവം സത്യം ഭൂമിയില്‍ വിതറി, സത്യത്തിന്‍റെ പൂര്‍ണത ക്രിസ്തുവിന്‍റെ കത്തോലിക്കാസഭയിലാണെങ്കിലും മറ്റു മതങ്ങളിലും സത്യത്തിന്‍റെ അംശമുണ്ട്' എന്ന പുതിയ ചിന്താസരണി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടുകൂടിയാണ് കൂടുതല്‍ വ്യാപകമായത്. സംഭാഷണംവഴി വ്യക്തികളേയും സമൂഹങ്ങളേയും ക്രിസ്തുവിലേക്ക് അടുപ്പിക്കണം എന്ന ചിന്താരീതി ഉയര്‍ന്നു വന്നു.
ശൈലി
ജനനംകൊണ്ടും ശിക്ഷണംകൊണ്ടും തെര്‍ത്തുല്യന്‍ കാര്‍ത്തേജിലെ പണ്ഡിതസദസ്സില്‍പ്പെട്ട ആളായിരുന്നു. അപ്പൂളെയോയുടെ ലത്തീന്‍ ശൈലിയും ഏഷ്യാറ്റിക് സ്കൂളുകാരുടെ പ്രഭാഷണകലയും അദ്ദേഹത്തിന് നല്ല വശമായിരുന്നു. തന്‍റെ കാലത്തിന്‍റെ ശൈലി അദ്ദേഹം സ്വീകരിച്ചു. ചെറിയ വാചകങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നിരത്തിവയ്ക്കുക, ചോദ്യങ്ങളുടെ ഒരു പ്രവാഹം എന്നിവയുള്ള ഏഷ്യാറ്റിക് ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്. ആശയങ്ങള്‍ തിങ്ങിനിറഞ്ഞ തെര്‍ത്തുല്യന് സ്വന്തമായി വാക്കുകള്‍ നിര്‍മിക്കാനും മടിയില്ല. ലത്തീന്‍ സാഹിത്യത്തില്‍ ടാസിറ്റസിനു ശേഷം ആരും അതിന് ഉദ്യമിച്ചിരുന്നില്ല. തെര്‍ത്തുല്യന്‍ ഉപയോഗിച്ച നിരവധി വാക്കുകളും പ്രയോഗങ്ങളും പില്‍ക്കാല ലത്തീന്‍ ദൈവശാസ്ത്രം സ്വീകരിച്ചു. ദൈവശാസ്ത്രത്തില്‍ അവയില്‍ പലതിനും ചിരപ്രതിഷ്ഠ ലഭിച്ചിട്ടുണ്ട്. സഭാലത്തീന്‍റെ പിതാവെന്നു ചിലര്‍ ഇദ്ദേഹത്തെ വിളിക്കുന്നു.
കൃതികള്‍
ജീവിതാന്ത്യംവരെ ക്ഷീണമെന്തെന്നറിയാത്ത കരങ്ങളായിരുന്നു തെര്‍ത്തുല്യന്‍റേത്. അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ ഓരോരോ സന്ദര്‍ഭങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. കൃതികളെ മൂന്നായി തരംതിരിക്കാം: 1. അപ്പോളജെറ്റിക്കല്‍ കൃതികള്‍. 2. താര്‍ക്കിക കൃതികള്‍. 3. ശിക്ഷണക്രമം, ധാര്‍മ്മികക്രമം, ആദ്ധ്യാത്മികം എന്നിവ സംബന്ധിച്ച കൃതികള്‍.
അപ്പോളജെറ്റിക്കല്‍ കൃതികള്‍
ദൈവശാസ്ത്രം
പാശ്ചാത്യ ദൈവശാസ്ത്രത്തിന്‍റെ സ്ഥാപകനെന്ന് അദ്ദേഹം അറിയപ്പെടുന്നു. എങ്കിലും ഒരു ദൈവശാസ്ത്രശാഖ ശാസ്ത്രീയമായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. വിശ്വാസത്തെ താത്വിക കുപ്പായം അണിയിക്കാന്‍ അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. വിശ്വാസത്തിന്‍റെ പരമപ്രധാനമായ തത്വങ്ങള്‍ അബദ്ധാഭിപ്രായക്കാര്‍ മായംചേര്‍ത്തു വില്പനയ്ക്ക് ഇറക്കിയപ്പോള്‍ വിശ്വാസത്തിന്‍റെ സംരക്ഷകനായി അരയും തലയും മുറുക്കി സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം രംഗത്തിറങ്ങി. അനര്‍ഗളം പ്രവഹിക്കുന്ന ഒഴുക്കുപോലുള്ള ആ ശൈലി പ്രതിബന്ധങ്ങളെയോ എതിര്‍പ്പുകളെയോ ഒട്ടും വകവച്ചില്ല.
തത്വശാസ്ത്രവും വിശ്വാസവും തമ്മില്‍ ബന്ധമൊന്നുമില്ല എന്നുള്ള അടിസ്ഥാന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അലക്സാണ്ഡ്രിയന്‍ സ്കൂളുകാര്‍ ഗ്രീക്കു തത്വചിന്തയിലെ നല്ല വശങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറായി. എന്നാല്‍ തെര്‍ത്തുല്യന്‍ അതിനു നേരെ എതിരായിരുന്നു: 'ആഥന്‍സിന് ജറുസലേമിനോട് എന്തു ബന്ധം? താത്വികരുടെ കളരിയും സഭയും തമ്മിലെന്തു ബന്ധം'? (അബദ്ധോപദേശ. 7). ഗ്രീക്ക്ചിന്തയില്‍ സത്യത്തിന്‍റെ കണികയുണ്ടെങ്കില്‍ അത് പഴയനിയമത്തില്‍നിന്ന് എടുത്തിട്ടുള്ളതാണ്. അവര്‍ അവയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതിന്‍റെ ഫലമായിട്ടാണ് പാഷണ്ഡതകള്‍ ഉടലെടുത്തത്. ഈ ചിന്താശൈലി തന്നെയാണ് ഹിപ്പോളിറ്റസിനും ഉണ്ടായിരുന്നത്.
തെര്ത്തുല്യന് നിയമത്തില്‍ കൂടുതല്‍ വിശ്വാസമുണ്ടായിരുന്നു. മതപീഡകരുടെ നേര്‍ക്ക് നിയമത്തിന്‍റെ മൂര്‍ച്ചയുള്ള അമ്പുകള്‍ അദ്ദേഹം എയ്തുവിട്ടു. പാഷണ്ഡരുമായുള്ള സംവാദത്തിലും നിയമമാണ് അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹത്തിന്‍റെ പ്രെസ്ക്രിപ്ഷന്‍ അനുസരിച്ച് പാഷണ്ഡരുമായി ചര്‍ച്ചയേ ആവശ്യമില്ല. കാരണം നവീകരണക്കാരായ അവരാണ് അവരുടെ പ്രാചീനത്വം തെളിയിക്കേണ്ടത്. അദ്ദേഹം നിയമത്തില്‍നിന്ന് നിരവധി ആശയങ്ങള്‍ ദൈവശാസ്ത്രത്തിലേക്ക് കടത്തിവിട്ടു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധംതന്നെയും നിയമത്തിന്‍റെ നൂലാമാലകളില്‍ക്കൂടി ചിത്രീകരിക്കാന്‍ ശ്രമിച്ചു: 'ദൈവം നിയമദാതാവാണ്' (അനുതാപം, 1). നിയമം നടപ്പാക്കുന്ന ന്യായാധിപനാണ് (2). 'സുവിശേഷം ക്രിസ്ത്യാനികളുടെ നിയമമാണ്' (ഏകഭാര്യത്വം. 8); 'നിയമത്തിന്‍റെ ലംഘനമാണ് പാപം; അതു ദൈവത്തെ ദ്രോഹിക്കുന്ന കുറ്റമാണ്' (Culp or reatus : അനുതാപം. 3;5;7;10;11). 'നന്മ ചെയ്യുക ദൈവത്തെ തൃപ്തിപ്പെടുത്തുകയാണ്' (Satisfacere : അതേകൃതി, 5;6;7). കാരണം, 'ദൈവം അതു കല്പിച്ചിരിക്കുന്നു' (precepit). 'നിയമദാതാവും വിധിയാളനുമായ ദൈവത്തോടുള്ള ആദരവ് രക്ഷയുടെ ആരംഭമാണ്'. 'മനുഷ്യരുടെ സുകൃതംവഴി ദൈവം ശാന്തനാകുന്നു' (2,6) എന്നുപോകുന്നു തെര്‍ത്തുല്യന്‍റെ ചിന്ത.
പില്‍ക്കാല പാശ്ചാത്യ ദൈവശാസ്ത്രത്തിലെ നിയമത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ചിന്താഗതിയുടെ തുടക്കമായി തെര്‍ത്തുല്യന്‍റെ ചിന്തയെ കാണുന്നതില്‍ തെറ്റില്ല. ഇക്കഴിഞ്ഞ രണ്ടാം വത്തിക്കാന്‍ സൂനഹദോസുവരെ പാശ്ചാത്യ ദൈവശാസ്ത്രത്തില്‍ ഈ ചിന്താധാര മുഴച്ചുനിന്നു എന്നതില്‍നിന്ന് നിയമപണ്ഡിതനായ തെര്‍ത്തുല്യന്‍റെ സ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ. വത്തിക്കാന്‍ സൂനഹദോസ് കഴിഞ്ഞിട്ടും ഇന്നും അനേകരില്‍ തെര്‍ത്തുല്യന്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.
ദൈവശാസ്ത്രശാഖയില്‍ വിശുദ്ധ ത്രിത്വത്ത സംബന്ധിച്ച പഠനത്തിനും ക്രിസ്തുശാസ്ത്രത്തിനും തെര്‍ത്തുല്യന്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പദപ്രയോഗങ്ങളും ശൈലികളും പാശ്ചാത്യ ദൈവശാസ്ത്രം അപ്പാടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ത്രിനിത്താസ് (Trinitas = ത്രിത്വം) എന്ന ലത്തീന്‍ പദം ആദ്യമായി ഉപയോഗിച്ചത് തെര്‍ത്തുല്യനാണ്:Trinitas unius Divinitatiae, Pater et unius (അടക്കം, 21). ദൈവത്തിന്‍റെ ഏകത്വവും ത്രിത്വവും ഒന്നിച്ചുപോകും. കാരണം, Tres unius substantae et unius status et unius potestatis (അതേകൃതി, 2). ദൈവസ്വഭാവം ഒന്നുമാത്രം. ആളത്വം മൂന്നും. പിതാവിന്‍റെ സ്വഭാവവും പുത്രന്‍റെ സ്വഭാവവും ഒന്നുതന്നെ. പരിശുദ്ധാത്മാവ് പിതാവില്‍നിന്ന് പുത്രന്‍വഴി പുറപ്പെടുന്നു: Filium non aliunde deduco, sed de substantia patris. spiritum non aliunde deduco quam a patre per Filium (അതേകൃതി, 4). ആളത്വം എന്ന പദം ആദ്യമായി ഉപയോഗിച്ചതും തെര്‍ത്തുല്യനാണ്. ആളത്വം എന്നതിലാണ് പുത്രന്‍ പിതാവില്‍നിന്ന് വ്യത്യസ്തനായിരിക്കുന്നത്, സ്വഭാവത്താലല്ല (പ്രാക്സെ. 12).
എന്നാല്‍ തെര്‍ത്തുല്യന്‍റെ ചില കൃതികളില്‍ ത്രിത്വത്തെ സംബന്ധിച്ച് ചില അബദ്ധാഭിപ്രായങ്ങളുണ്ട്. ഒന്നുകില്‍ ദൈവശാസ്ത്രം വികസിക്കാത്ത ആ ഘട്ടത്തില്‍ അദ്ദേഹം അപ്രകാരം കുത്തിക്കുറിച്ചതാകാം. അല്ലെങ്കില്‍ ശത്രുക്കള്‍ കുത്തിത്തിരുകിയതാകാം. ഏതായാലും സഭ അവ സ്വീകരിക്കുന്നില്ല: വചനം രണ്ടാമത്തെ ആള്‍ ആണെങ്കിലും, സ്വഭാവത്തിന്‍റെ ഗുണവിശേഷത്താല്‍ സൃഷ്ടികള്‍ക്ക് മുമ്പുള്ളവനാണെങ്കിലും, സ്വയമേ നിത്യനല്ല (ഹെര്‍മോജെനസ്, 3). പിതാവിന് സത്തയുടെ പൂര്‍ണ്ണതയുണ്ട്. പുത്രനതിന്‍റെ ബഹിര്‍സ്പുരണവും പൂര്‍ണതയുടെ ഭാഗവുമാണ്. സൂര്യനില്‍നിന്ന് രശ്മി എങ്ങനെയോ, പുത്രനങ്ങനെ; ഉറവയില്‍നിന്ന് അരുവിയെങ്ങനെയോ, പുത്രനങ്ങനെ. തായ്വേരില്‍നിന്ന് കാണ്ഡം എങ്ങനെയോ, പുത്രനങ്ങനെ (പ്രാക്സെ, 8). ത്രിത്വരഹസ്യം ഒരു വലിയ നിഗൂഢ യാഥാര്‍ത്ഥ്യമാണ്. പുത്രനെ പിതാവില്‍നിന്ന് ഒരുപടി താഴ്ന്ന നിലയില്‍ മാത്രമേ തെര്‍ത്തുല്യന് കാണാന്‍ കഴിഞ്ഞുള്ളൂ. അക്കാരണത്താല്‍ സബോര്‍ഡിനേഷനിസം എന്ന അബദ്ധോപദേശത്തിന് അദ്ദേഹവും ഒരുപരിധിവരെ വിധേയനായിരുന്നു. വിശ്വാസസമര്‍ത്ഥകര്‍ ഉണ്ടാക്കിയ വ്യത്യാസം-ദൈവത്തില്‍ വസിക്കുന്ന വചനം, സംസാരിക്കപ്പെട്ട വചനം (ലോഗോസ് എന്‍ദിയാതെറ്റോസ്, ലോഗോസ് പ്രൊഫൊറികോസ്) - തെര്‍ത്തുല്യനെയും സ്വാധീനിച്ചിരുന്നു. ദൈവികജനനം പടിപടിയായിട്ടാണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാന്‍ ഈ വ്യത്യാസം തെര്‍ത്തുല്യനെ പ്രേരിപ്പിച്ചു. വിജ്ഞാനവും വചനവും അദ്ദേഹത്തിന് ഒന്നുതന്നെയാണ്. പ്രപഞ്ചസൃഷ്ടിക്കുമുമ്പുള്ള വിജ്ഞാനം സൃഷ്ടിയുടെ അവസരം പൂര്‍ണജനനംവഴി വചനമായിത്തീരുന്നു എന്നു രണ്ടാമത്തെ ആളിനെപ്പറ്റി അദ്ദേഹം ചിന്തിക്കുന്നു. ദൈവത്തില്‍നിന്നു പുറപ്പെടുമ്പോഴാണ് വചനത്തിന് പൂര്‍ണ്ണമായ ജനനമുണ്ടായത്. പ്രകാശമുണ്ടാകട്ടെയെന്ന് ദൈവം പറഞ്ഞപ്പോഴാണ് ഇതു സംഭവിച്ചത്. അങ്ങനെ അവന്‍ സര്‍വ്വ സൃഷ്ടികളുടെയും ആദിജാതനായിത്തീര്‍ന്നു.
ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ധാരണ വളരെ വ്യക്തമാണ്. ത്രിത്വത്തിലുള്ള രണ്ടാമത്തെ ആളായ വചനമായ ദൈവത്തിന് ദൈവസ്വഭാവമുണ്ട്. ദൈവസ്വഭാവത്തിനോടുകൂടിയ വചനമാകുന്ന ആള്‍ കന്യകയില്‍നിന്ന് ജഡമെടുത്തു. അതായത് മാനുഷിക സ്വഭാവംകൂടി സ്വീകരിച്ചു. അപ്പോള്‍, അവതരിച്ച ക്രിസ്തു എന്ന ഏകയാളില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുണ്ട്. അവന്‍ പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമാണ് (പ്രാക്സെ. 27). 451 ല്‍ കാല്‍സിദോനിയാ സൂനഹദോസിന്‍റെ വാക്കുകള്‍ ഏതാണ്ട് തെര്‍ത്തുല്യന്‍റെ പ്രയോഗങ്ങള്‍ വരെയായിരുന്നു.
ക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവത്തെ ഊന്നിപ്പറയാന്‍ തെര്‍ത്തുല്യന്‍ ശ്രമിച്ചു. അവന്‍റെ ശരീരം മാലാഖമാരില്‍നിന്നല്ല, കന്യകാമറിയത്തില്‍നിന്നാണ്. അവളെ രണ്ടാമത്തെ ഹവ്വായായിട്ടാണ് അദ്ദേഹം കാണുന്നത്. 'കന്യകയായ ഹവ്വായില്‍ വഞ്ചനയുടെ വചനം പ്രവേശിക്കുകയും മരണത്തിന്‍റെ ഗോപുരം അവള്‍ പണിയുകയും ചെയ്തു. അപ്രകാരം, ഒരു കന്യകയില്‍തന്നെ ജീവന്‍ പകരേണ്ട ദൈവവചനവും പ്രവേശിക്കണം. സ്ത്രീവര്‍ഗത്താല്‍ തകര്‍ക്കപ്പെട്ടത് സ്ത്രീവര്‍ഗത്താല്‍തന്നെ രക്ഷയ്ക്കു ഹേതുവായി ഉയര്‍ത്തപ്പെടണം. ഹവ്വാ പാമ്പിനെ വിശ്വസിച്ചു; മറിയം മാലാഖയെ വിശ്വസിച്ചു. വിശ്വാസത്താല്‍ ഒരാള്‍ തെറ്റില്‍വീണു; വിശ്വാസത്താല്‍ മറ്റൊരാള്‍ അതു മായിച്ചുകളഞ്ഞു' (ക്രിസ്തുവിന്‍റെ ശരീരം, 17).
കന്യകാമറിയത്തിന്‍റെ നിത്യകന്യാത്വം ഗ്രഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കന്യകയായി വചനം സ്വീകരിച്ചെങ്കിലും പ്രസവത്തിലും അതിനു ശേഷവും അവള്‍ കന്യകയല്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ചിന്ത. അതുപോലെ കര്‍ത്താവിന്‍റെ സഹോദരന്മാര്‍ കന്യകാമറിയത്തിന്‍റെ മറ്റുമക്കളാണെന്ന ധാരണയാണ് അദ്ദേഹം പുലര്‍ത്തിയത്. ക്രിസ്തുവിന്‍റെ ശരീരം യഥാര്‍ത്ഥമല്ല മായയാണെന്ന് ചിലര്‍ പഠിപ്പിച്ചിരുന്നു. കന്യകാമറിയം നിത്യകന്യകയാണെന്നു പറഞ്ഞാല്‍ അതു മേല്‍പറഞ്ഞ അബദ്ധോപദേശകരുടെ കൈയില്‍ ഒരു വടിയായി തീരുമെന്ന് കണ്ടാണ് തെര്‍ത്തുല്യനു മറിയത്തിന്‍റെ നിത്യകന്യാത്വം നിഷേധിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് തെര്‍ത്തുല്യന്‍റെ അഭിപ്രായം സഭ സ്വീകരിക്കുന്നില്ല. മറിയം എന്നും കന്യകയായിരുന്നു എന്നു സഭ പഠിപ്പിക്കുന്നു. തെര്‍ത്തുല്യന് മുമ്പുതന്നെ സഭാപിതാക്കന്മാര്‍ നിത്യകന്യാത്വത്തെപ്പറ്റി പഠിപ്പിച്ചിട്ടുണ്ട്.
സഭയെ അമ്മയെന്നും റാണിയെന്നും തെര്‍ത്തുല്യന്‍ വിളിക്കുന്നു (രക്തസാക്ഷി.1). അദ്ദേഹം പല കൃതികളിലും ഈ ആശയം പ്രസ്പഷ്ടമാക്കിയിട്ടുണ്ട് (പ്രാര്‍ത്ഥന, 2; സ്നാനം 20): 'ആദത്തിന്‍റെ വാരിയെല്ലില്‍നിന്നു ഹവ്വാ പുറപ്പെട്ടതുപോലെ ക്രിസ്തുവിന്‍റെ പാര്‍ശ്വത്തില്‍നിന്നു സഭയുണ്ടായി. ആദം ക്രിസ്തുവിന്‍റെ മുന്‍കുറിയായിരുന്നു. അവന്‍റെ നിദ്ര ക്രിസ്തുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. അവന്‍ മരണനിദ്രയില്‍ അമര്‍ന്നപ്പോള്‍ ഹവ്വാ രൂപീകരിക്കപ്പെട്ടതുപോലെ, ക്രിസ്തുവിന്‍റെ ക്ഷതമേല്ക്കപ്പെട്ട പാര്‍ശ്വത്തില്‍നിന്ന് ജീവനുള്ളവരുടെ യഥാര്‍ത്ഥ മാതാവായ സഭയുണ്ടായി. ഹവ്വാ സഭയുടെ മുന്‍കുറിയായിരുന്നു' (ആത്മാവ് 5,14). സഭ വിശ്വാസത്തിന്‍റെ ഭണ്ഡാഗാരവും കാവല്‍ക്കാരിയുമാണ്. സഭമാത്രം അവികലമായ സത്യം കാത്തുസൂക്ഷിക്കുന്നു. സത്യവേദപുസ്തകം സഭയില്‍ മാത്രമേയുള്ളു. അതേപ്പറ്റി സംസാരിക്കാന്‍ പാഷണ്ഡികള്‍ക്ക് അവകാശമില്ല. ശ്ലീഹന്മാരുടെ പ്രബോധനം സഭയിലേയുള്ളൂ. അവള്‍ മാത്രമേ ശ്ലീഹന്മാരില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുള്ളൂ. അതുകൊണ്ട് ക്രിസ്തുവിന്‍റെ സന്ദേശം പഠിപ്പിക്കാന്‍ അവള്‍ക്കേ അധികാരമുള്ളൂ.
തെര്‍ത്തുല്യന്‍ തന്‍റെ ജീവിതാവസാനത്തില്‍ മോണ്ടനിസ്റ്റ് സ്വാധീനത്തില്‍ സഭയെപ്പറ്റി ചില അബദ്ധാഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തി. അവ സഭ സ്വീകരിക്കുന്നില്ല. എന്നാല്‍ അപ്പസ്തോലിക പ്രബോധനങ്ങളില്‍ അടിയുറച്ച് അദ്ദേഹം പഠിപ്പിച്ച നല്ല കാര്യങ്ങള്‍ ത്യജിക്കുന്നുമില്ല: പാപമോചനത്തെ സംബന്ധിച്ച് ആരംഭകാലത്ത് അദ്ദേഹത്തിന് വ്യക്തിപരമായ കാഴ്ചപ്പാടുണ്ടായിരുന്നു. ജ്ഞാനസ്നാനത്തിനുശേഷം ഒരേ ഒരനുതാപം മാത്രം നിലവിലിരുന്നെന്ന് അനുതാപത്തെപ്പറ്റി എന്ന കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പാപമോചനത്തെപ്പറ്റി വ്യക്തമായും സ്പഷ്ടമായും പഠിപ്പിക്കുന്ന രേഖയാണിത്. ഹെര്‍മാസിന്‍റെ ഇടയനില്‍ അക്കാര്യം ഇത്രയും വ്യക്തമല്ല. എന്നാല്‍ അടക്കത്തെക്കുറിച്ച് എന്ന പില്‍ക്കാല കൃതിയില്‍, പൊറുക്കപ്പെടാത്ത മൂന്നു പാപങ്ങളെപ്പറ്റി പറയുന്നു. വ്യഭിചാരം, കൊലപാതകം, വിഗ്രഹാരാധന എന്നിവ പൊറുക്കാന്‍ ഹയരാര്‍ക്കിക്ക് അധികാരമില്ലെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചു. ആത്മീയ മനുഷ്യര്‍ക്കേ അതു പൊറുക്കാന്‍ സാധിക്കൂ. അദ്ദേഹത്തിന്‍റെ ഈ മോണ്ടനിസ്റ്റ് ചിന്താരീതി സഭ സ്വീകരിക്കുന്നില്ല.
സത്യത്തോടുള്ള അദമ്യമായ സ്നേഹത്താല്‍ ഉള്ളില്‍ തട്ടിയവ പറഞ്ഞു വിടുന്ന തെര്‍ത്തുല്യന്‍ പറയുമ്പോള്‍ അല്പം കടത്തി പറഞ്ഞിരുന്നു. എന്നാല്‍ വേദപുസ്തകത്തിനും അപ്പസ്തോലിക പ്രബോധനത്തിനും സഭയുടെ പൊതുവായ അധ്യാപനത്തിനും എതിരായിട്ടുള്ളതൊന്നും സഭ സ്വീകരിക്കുന്നില്ല.
തെര്‍ത്തുല്യന്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ ത്യാജ്യകോടിയില്‍ തള്ളേണ്ടവയല്ല. ഒരു വലിയ ചിന്താസരണിക്ക് അടിത്തറയിട്ട അദ്ദേഹം ഒരു വലിയ ചിന്തകന്‍തന്നെയായിരുന്നു; ദൈവശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടവയാണ്. ക്രിസ്ത്യാനിക്കും നന്നായി ലത്തീന്‍ എഴുതാന്‍ അറിയാമെന്നു സ്പഷ്ടമായി അദ്ദേഹം കാണിച്ചുകൊടുത്തു. നിയമം നിലവിലിരുന്ന റോമാസാമ്രാജ്യത്തിലെ അധികാരികളെ നിയമത്തിന്‍റെ മൂര്‍ച്ചയുള്ള അസ്ത്രംകൊണ്ട് വാക്കുമുട്ടിച്ചു. അതിനുത്തരമായി അവര്‍ പിന്നെയും ക്രിസ്ത്യാനികളെ പീഡിപ്പിച്ചു.
2. വി. സിപ്രിയാന്‍
ആഫ്രിക്കയിലെ രണ്ടാമത്തെ ദൈവശാസ്ത്രജ്ഞനാണ് സിപ്രിയാന്‍. തെര്‍ത്തുല്യന്‍റെ കൃതികള്‍ വളരെയധികം സിപ്രിയാനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും തെര്‍ത്തുല്യന്‍റെ സ്വഭാവത്തില്‍ കാണുന്ന കര്‍ക്കശമനഃസ്ഥിതിയോ, ക്ഷമയില്ലായ്മയോ ഒന്നു സിപ്രിയാനെ തീണ്ടിയിട്ടില്ല. അതുപോലെ തെര്‍ത്തുല്യനോളം സിപ്രിയാന്‍ ഒരു വലിയ ബുദ്ധിരാക്ഷസനും ആയിരുന്നില്ല. എന്നാല്‍ മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും അനേകം വിശിഷ്ടഗുണങ്ങള്‍ നിറഞ്ഞ ഒരു മഹനീയ വ്യക്തിയായിരുന്നു അദ്ദേഹം. സ്നേഹം, ശാന്തത, വിവേകം ആദിയായവ അദ്ദേഹത്തില്‍ നിഴലിച്ചുനിന്ന ഗുണങ്ങളാണ്. ഒരു ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ സിപ്രിയാന്‍ തെര്‍ത്തുല്യനെ പൂര്‍ണമായി ആശ്രയിച്ചിരുന്നു. തെര്‍ത്തുല്യന്‍റെ കൃതികള്‍ വായിക്കാതെ ഒരൊറ്റം ദിവസംപോലും സിപ്രിയാന്‍ കടത്തിവിട്ടിരുന്നില്ല എന്നു ജറോം രേഖപ്പെടുത്തിയിരിക്കുന്നു (മഹത്വ്യക്തികള്‍, 53). സിപ്രിയാന്‍റെ ജീവിതത്തെപ്പറ്റി വ്യക്തമായറിയാന്‍ പല സ്രോതസുകളുണ്ട്. (1) സിപ്രിയാന്‍റെ തന്നെ കൃതികളും കത്തുകളും. (2) പ്രോകോണ്‍സുളാര്‍ നടപടി: മരണത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നു (മുകളില്‍ പേജ് 101 കാണുക). (3) സിപ്രിയാന്‍റെ ജീവചരിത്രം എന്ന ഗ്രന്ഥം, പോണ്‍സ്യൂസ് എന്ന ഡീക്കന്‍ എഴുതിയതാണിത്. സിപ്രിയാന്‍റെ മരണം വരെ പോണ്‍സ്യൂസ് അദ്ദേഹത്തോടുകൂടി ഉണ്ടായിരുന്നുവെന്നു ജറോം പറയുന്നു (അതേ കൃതി, 58) വസ്തുനിഷ്ഠമായ ഒരു ജീവചരിത്രഗ്രന്ഥമെന്നതിനേക്കാള്‍ സിപ്രിയാനെ സ്തുതിച്ചുകൊണ്ടെഴുതിയിരിക്കുന്ന ഒരു ഗ്രന്ഥമാണിത്.
താഷിയൂസ് ചെച്ചീലിയൂസ് സിപ്രിയാനുസ് 200നും 210നും ഇടയ്ക്കു കാര്‍ത്തേജില്‍ ജനിച്ചു. മാതാപിതാക്കള്‍ ധനികരും സംസ്കാരസമ്പന്നരുമായിരുന്നു. പ്രഭാഷണകലയില്‍ വൈദഗ്ദ്ധ്യം നേടിയ സിപ്രിയാന്‍ കാര്‍ത്തേജിലാകെ പ്രസിദ്ധനായിരുന്നു. അക്രൈസ്തവ മാതാപിതാക്കളില്‍നിന്നു പിറന്ന സിപ്രിയാന്‍ വളരെനാള്‍ അക്രൈസ്തവനായി ജീവിച്ചു. പൊതുജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ നിറഞ്ഞുനിന്ന അസാന്മാര്‍ഗികതയും അഴിഞ്ഞാട്ടങ്ങളും അദ്ദേഹത്തെ ലൗകിക മുന്നേറ്റങ്ങളില്‍നിന്നകറ്റി. ചെച്ചീലിയൂസ് എന്ന വൈദികന്‍റെ സ്വാധീനത്താല്‍ സിപ്രിയാന്‍ എന്നു അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം സര്‍വതും പാവങ്ങള്‍ക്കായി പങ്കിട്ടുകൊടുത്തു (അതേകൃതി 67). അധികം താമസിയാതെ അദ്ദേഹം കാര്‍ത്തേജിലെ ഒരു വൈദികനായി ഉയര്‍ത്തപ്പെട്ടു. 248-9ല്‍ കാര്‍ത്തേജിലെ ജനങ്ങളെല്ലാംകൂടി സിപ്രിയാനെ മെത്രാനായി തിരഞ്ഞെടുത്തു. നൊവാത്തൂസ് എന്ന വൈദികന്‍റെ നേതൃത്വത്തില്‍ ചില പട്ടക്കാര്‍ എതിര്‍ത്തുവെങ്കിലും അദ്ദേഹം മെത്രാനായി അവരോധിക്കപ്പെട്ടു.
സിപ്രിയാന്‍ മെത്രാനായി അധികനാള്‍ കഴിയുന്നതിനുമുന്‍പു (250ല്‍) ഡേഷ്യസിന്‍റെ മതമര്‍ദ്ദനം ആരംഭിച്ചു. റോമന്‍ സാമ്രാജ്യത്തിലുള്ള സകല ക്രൈസ്തവരെയും ആ മതമര്‍ദ്ദനം ബാധിച്ചു ബിംബങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍ ജനങ്ങളെയെല്ലാം നിര്‍ബന്ധിച്ചുകൊണ്ടു സാമ്രാജ്യത്തിലാകമാനം റോമന്‍സര്‍ക്കാര്‍ ഭീകരഭരണം അഴിച്ചുവിട്ടു. ഒരൊളിസ്ഥലത്തിരുന്നുകൊണ്ടു സിപ്രിയാന്‍ തന്‍റെ ജനങ്ങളെ നയിച്ചു (ലേഖനം, 14;15). എന്നാല്‍ സിപ്രിയാന്‍ ഒളിച്ചോടിയതു പലരും ന്യായീകരിച്ചില്ല (ലേഖനം, 59; ജീവചരിത്രം, 7). റോമിലെ മെത്രാന്‍ ഫാബിയന്‍ രക്തസാക്ഷിയായി. ഉടനെ റോമന്‍സഭയിലെ വൈദികരും ശെമ്മാശ്ശന്മാരുംകൂടി ഫാബിയനെപ്പറ്റിയുള്ള വിവരം എല്ലാവരെയും അറിയിച്ചു. സിപ്രിയാന്‍റെ നടപടിയില്‍ അവരത്ഭുതം പ്രകടിപ്പിച്ചു. സിപ്രിയാനാകട്ടെ തന്‍റെ നടപടിയെ ന്യായീകരിച്ചുകൊണ്ടു താന്‍ ജനങ്ങള്‍ക്കയച്ച 13 കത്തുകളുടെ കോപ്പികള്‍ ഉടനെ റോമിലേക്ക് അയച്ചുകൊടുത്തു.
മതമര്‍ദ്ദനം അവസാനിച്ചപ്പോള്‍ രൂക്ഷമായ ഒരു പ്രശ്നമുയര്‍ന്നു. മതപീഡനകാലത്തു വിശ്വാസം ത്യജിച്ചവരെ എന്തു ചെയ്യണം? അവരെ തിരികെ സഭയില്‍ പ്രവേശിപ്പിക്കണമോ? ചില വിശ്വാസസാക്ഷികള്‍ വിശ്വാസം ഉപേക്ഷിച്ചവര്‍ക്കുവേണ്ടി വാദിച്ചു (ലേഖനം, 20). ഉടനെതന്നെ അവരെ തിരികെയെടുക്കണം എന്ന ആശയം അപ്പാടെ സ്വീകരിക്കാന്‍ സിപ്രിയാന്‍ കൂട്ടാക്കിയില്ല, ഫെലിച്ചീസിമൂസ് എന്ന ഡീക്കന്‍റെ നേതൃത്വത്തില്‍ വിശ്വാസസാക്ഷികളും വിശ്വാസം ത്യജിച്ചവരും ഒന്നിച്ചു സിപ്രിയാനെതിരെ ഒരു ഗ്രൂപ്പുണ്ടാക്കി. അഞ്ചു വൈദികരും അവരുടെ കൂടെ കൂടി (ലേഖനം 41,42,43). സിപ്രിയാന്‍റെ തെരഞ്ഞെടുപ്പു സമയത്തു എതിര്‍ത്തവരായിരുന്നു ഈ അഞ്ചുപേരും. അവരില്‍ നൊവാത്തൂസ് എന്നയാളും ഉള്‍പ്പെടുന്നു. ഈയാള്‍ റോമില്‍ചെന്നു നൊവേഷ്യനോടുകൂടെ കൂടി കൊര്‍ണേലിയൂസ് പാപ്പായ്ക്കെതിരെ പ്രവര്‍ത്തിച്ചു.
ക്രി. വ. 251-ല്‍ സിപ്രിയന്‍ ഒളിസ്ഥലത്തുനിന്നു കാര്‍ത്തേജിലെത്തിയ ഉടന്‍തന്നെ ഒരു ഇടയലേഖനം എഴുതി ആഫ്രിക്കന്‍ സഭയില്‍ പ്രസിദ്ധപ്പെടുത്തു. 'വീണവരെപ്പറ്റി' എന്നാണതിന്‍റെ പേര്. വിശ്വാസത്യാഗികളെയാണ് 'വീണവര്‍' എന്നു പറയുന്നത്. 251 മെയ് മാസത്തില്‍ കാര്‍ത്തേജില്‍വച്ചു ആഫ്രിക്കന്‍ മെത്രാന്മാരുടെ ഒരു സൂനഹദോസുകൂടി. അതിന്‍റെ അദ്ധ്യക്ഷനെന്ന നിലയില്‍ സിപ്രിയാന്‍ ചെയ്ത പ്രസംഗമാണ് 'കത്തോലിക്കാ സഭയുടെ ഐക്യം' എന്ന പേരിലറിയപ്പെടുന്ന വിലപ്പെട്ട രേഖ. സിപ്രിയാനെതിരെ ശീശ്മയുണ്ടാക്കിയവരെ പ്രസ്തുത സിനഡ് മുടക്കി. വീണവരെയെല്ലാം അനുതാപത്തിലേക്കു തിരിച്ചുവിടണമെന്നും കുറഞ്ഞപക്ഷം മരണസമയത്തെങ്കിലും സഭയിലേക്കു തിരികെ എടുക്കണമെന്നും അനുതാപത്തിന്‍റെ കാലഘട്ടം തെറ്റിന്‍റെ വലിപ്പത്തെ ആശ്രയിച്ചിരിക്കും എന്നും സൂനഹദോസില്‍ തീരുമാനിക്കപ്പെട്ടു.
മറ്റൊരു ദുഃസ്ഥിതി ആയിടയ്ക്കു ആഫ്രിക്കന്‍സഭയ്ക്കു വന്നുഭവിച്ചു. ആഫ്രിക്കയിലെങ്ങും ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. ക്രിസ്ത്യാനികള്‍ ദേവന്മാരുടെ കോപം ആളിക്കത്തിച്ചിരിക്കുന്നു എന്നായി പുറജാതികള്‍! സിപ്രിയാന്‍റെ സ്നേഹവും സേവനവും സഹാനുഭൂതിയും അവരുടെ രോഷം അല്‍പം കുറച്ചു. വേറൊരു പ്രശ്നം അക്കാലത്തു ആഫ്രിക്കയില്‍ പൊന്തിവന്നു. പാഷണ്ഡികള്‍ നല്‍കുന്ന സ്നാനം വാസ്തവമാണോ എന്ന പ്രശ്നം അവിടെ കോളിളക്കമുണ്ടാക്കി. ആഫ്രിക്കന്‍ ചിന്താഗതി അനുസരിച്ചു പാഷണ്ഡരുടെ മാമ്മോദീസാ കൂദാശയേ അല്ലായിരുന്നു. 'സ്നാനത്തെ'ക്കുറിച്ചുള്ള കൃതിയില്‍ തെര്‍ത്തുല്യന്‍ അതു പഠിപ്പിച്ചിട്ടുള്ളതാണ്. 220-ല്‍ അഗ്രിപ്പീനുസ് എന്ന മെത്രാന്‍റെ നേതൃത്വത്തില്‍ കാര്‍ത്തേജില്‍ കൂടിയ സൂനഹദോസ് അതംഗീകരിച്ചിരുന്നു. 255ലും 256ലും സിപ്രിയാന്‍ അദ്ധ്യക്ഷനായുള്ള സൂനഹദോസുകള്‍ അതാവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.
ഇതറിഞ്ഞ റോമന്‍ ബിഷപ്പ് സ്റ്റീഫന്‍ ഈ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു. പാരമ്പര്യത്തിനെതിരായി പുതുതായൊന്നും തുടങ്ങിക്കൂടാ എന്നു സ്റ്റീഫന്‍ ശക്തിയായി താക്കീതു ചെയ്തു. എന്താണു പാരമ്പര്യം? റോമന്‍ പാരമ്പര്യത്തിന്‍റെ കാര്യമാണു സ്റ്റീഫന്‍ പറഞ്ഞത്. ആഫ്രിക്കയില്‍ മറ്റൊരു പാരമ്പര്യം നിലവിലിരുന്നു. സിപ്രിയാന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. രണ്ടുപ്രധാന സഭകളിലെ അധ്യക്ഷന്മാര്‍ തമ്മില്‍ ഉള്ള അഭിപ്രായവ്യത്യാസം-അതു സുപ്രധാനകാര്യത്തെക്കുറിച്ച്-സഭയുടെ ഐക്യത്തെ തകര്‍ക്കുന്നതിന്‍റെ വക്കോളമെത്തി. അതു മൂര്‍ച്ഛിക്കുന്നതിനു മുമ്പുതന്നെ വലേറിയന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരായി ഒരു നിയമം പുറപ്പെടുവിച്ചു. തുടര്‍ന്നുണ്ടായ മതമര്‍ദ്ദനത്തില്‍ സ്റ്റീഫന്‍ രക്തസാക്ഷിയായി; സിപ്രിയാന്‍ നാടുകടത്തപ്പെട്ടു; 258 സെപ്റ്റംബര്‍ 14ന് കാര്‍ത്തേജിനടുത്തുവച്ചു വധിക്കപ്പെടുകയും ചെയ്തു. അങ്ങനെ സിപ്രിയാന്‍ ആഫ്രിക്കന്‍ മെത്രാന്മാരുടെയിടയില്‍ ആദ്യത്തെ രക്തസാക്ഷിയായിത്തീര്‍ന്നു.
കൃതികള്‍
സിപ്രിയാന്‍റെ കൃതികളെല്ലാം പ്രായോഗിക ചായ്വുള്ളവയായിരുന്നു ഓരോരോ പ്രശ്നങ്ങള്‍ വരുമ്പോള്‍ അവയെ തരണം ചെയ്യാന്‍വേണ്ടി എഴുതപ്പെട്ടവയാണ് കൃതികളും എഴുത്തുകളുമെല്ലാം. താത്ത്വിക ചിന്തകളെക്കാള്‍ രക്ഷയ്ക്കുതകുന്ന പ്രായോഗിക ചിന്തകളിലേക്കാണു സിപ്രിയാന്‍ ഉറ്റുനോക്കിയത്. തെര്‍ത്തുല്യന്‍റെ അഗാധജ്ഞാനമോ ധിഷണാവിലാസമോ, പ്രകടനപാടവമോ, വികാരതീവ്രതയോ അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപ്രിയാന്‍റെ ശൈലി ഋജ്ജുവും കാര്യമാത്രപ്രസക്തവും പ്രസന്നവുമായിരുന്നു. തെര്‍ത്തുല്യന്‍റെ തിയോളജി സിപ്രിയാന്‍റെ കൃതികളിലുടനീളം കാണാം. സിപ്രിയാന്‍റെ കൃതികളെ മറ്റു ക്രൈസ്തവചിന്തകരുടെ കൃതികളേക്കാള്‍ പ്രാചീനര്‍ ഇഷ്ടപ്പെട്ടിരുന്നു. അനേകം കൈയെഴുത്തുപ്രതികളില്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
സിപ്രിയാന്‍റെ കൃതികളുടെ മൂന്നു ലിസ്റ്റ് പഴയകാലത്തു തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്. (1) പോണ്‍സ്യൂസ് എഴുതിയ ജീവചരിത്രം ഏഴാം അധ്യായത്തില്‍ ഉള്ള പട്ടിക. (2) ക്രി. വ. 359-ല്‍ തയ്യാറാക്കപ്പെട്ട ഒരു പട്ടിക. (3) വി. അഗസ്റ്റിന്‍റെ ഒരു പ്രസംഗത്തില്‍ കാണുന്ന പട്ടികയ പ്രതിപാദനങ്ങള്‍ എന്നും ലേഖനങ്ങളെന്നും സിപ്രിയാന്‍റെ കൃതികളെ രണ്ടായി തരംതിരിക്കാം.
1 ഡൊണാറ്റസിന് (ആദ് ഡൊണാത്തും)
2 കന്യകകളുടെ വസ്ത്രം (ദെ ഹാബിതു വിര്‍ജിനും)
3 വീണവരെക്കുറിച്ച് (ദെ ലാപ്സിസ്)
4 സഭയുടെ ഐക്യം (ദെ എക്ലേസിയേ ഊണിത്താത്തെ)
5 കര്‍ത്തൃപ്രാര്‍ത്ഥന (ദെ ദൊമിനികാ ഒറാസ്യോണെ)
6 ദിമെത്രിയാന് (ആദ് ദെമെത്രിയാനും)
7 മര്‍ത്യത (ദെ മോര്‍താലിത്താത്തെ)
8 സല്‍പ്രവൃത്തികളും ദാനങ്ങളും (ദെ ഓപെരെ എത് എലെമോസിനി)
9 ക്ഷമയുടെ ഗുണങ്ങള്‍ (ദെ ബോനോ പാസിയെന്‍സിയേ)
10 അസൂയയും കുശുമ്പും (ദെ സേലോ എത് ലിവോരെ)
11 രക്തസാക്ഷിത്വത്തിനുള്ള ആഹ്വാനം (ആദ് ഫോര്‍തുണാത്തും)
12 ക്വിരീനസിന് (ആദ് ക്വിരീനും)
13 വിഗ്രഹങ്ങള്‍ ദൈവമല്ല (ക്വോദ് ഈദൊള ദിയി നോണുസിന്‍ത്)
(1) ഡൊണാറ്റസിന്
തന്‍റെ സുഹൃത്തായ ഡൊണാറ്റസിനു തന്‍റെ മാനസ്സാന്തരത്തെപ്പറ്റി വിവരിച്ചുകൊണ്ടു സിപ്രിയാനെഴുതുന്നതാണ് ഈ കൃതി. ദൈവിക കൃപാവരത്തിന്‍റെ അത്ഭുതാവഹമായ പ്രവര്‍ത്തനം എങ്ങനെ ഫലമണിഞ്ഞെന്നു, എപ്രകാരം മൃത്യുവില്‍നിന്നു തന്നെ രക്ഷിച്ചെന്നും സിപ്രിയാന്‍റെ ഇതില്‍ വിവരിക്കുന്നു. തന്‍റെ തന്നെ കുറവുകളും ബലഹീനതകളും വിവരിക്കുന്ന ഈ ഗ്രന്ഥം ഒരു ആത്മകഥതന്നെയാണ്. 246-ല്‍ സ്നാനം സ്വീകരിച്ചതിനുശേഷം അധികം താമസിയാതെ ഇതെഴുതിക്കാണാനാണിട. സിപ്രിയാനെത്തന്നെ ശ്രവിക്കാം: 'എന്‍റെ മുന്‍കാലജീവിതത്തിന്‍റെ ഒരായിരം തെറ്റുകളില്‍ ഞാന്‍ ബന്ധിതനായിരുന്നു. അവയില്‍നിന്നു വിമുക്തി പ്രാപിക്കാമെന്നു ഞാനൊട്ടും കരുതിയില്ല; കാരണം ഞാനത്രയ്ക്ക് അവയുടെഅടിമയായിരുന്നു... തിന്മയില്‍ ഞാനത്രമാത്രം സന്തുഷ്ടനായിരുന്നു. അവയെന്‍റെ സന്തതസഹചാരികളുമായി. എന്നാല്‍ എന്‍റെ മുന്‍കാല ജീവിതത്തിന്‍റെ എല്ലാ കറകളില്‍നിന്നും പുനര്‍ജീവനജലം എന്നെ കഴുകിവെടിപ്പാക്കി; ഉയരത്തില്‍നിന്ന് എന്‍റെ ഹൃദയത്തിലേക്കു വീശിയ ദിവ്യപ്രകാശം എല്ലാവിധ നശ്വരതയില്‍നിന്നും എന്നെ ശുദ്ധീകരിച്ചു. ഉയരത്തില്‍നിന്നാഗതമായ അരൂപി പുനര്‍ജന്മത്തില്‍ എന്നെ ഒരു പുതിയ വ്യക്തിയായി പകര്‍ത്തി. അത്ഭുതകരമായ രീതിയില്‍ ഉടന്‍തന്നെ സംശയത്തിന്‍റെ സ്ഥാനത്തു ഉറപ്പ് സ്ഥാനം പിടിച്ചതു ഞാന്‍ ദര്‍ശിച്ചു'. തന്‍റെ മാനസ്സാന്തരത്തെ ന്യായീകരിക്കാനും ഇതുപോലെ മാനസ്സാന്തരത്തിലേക്കു വരാന്‍ അനേകര്‍ക്കു പ്രേരണ ലഭിക്കാനും വേണ്ടിയാണു സിപ്രിയാന്‍ ഇതു രചിച്ചത്.
(2) കന്യകകളുടെ വസ്ത്രം
കന്യകകള്‍ എപ്രകാരം വസ്ത്രധാരണം ചെയ്യണമെന്നു ചൂണ്ടിക്കാട്ടുകയാണിതില്‍. തെര്‍ത്തുല്യന്‍റെ 'സ്ത്രീകളുടെ വസ്ത്രധാരണം' എന്ന കൃതിയുടെ തണലിലാണു സിപ്രിയാന്‍ ഇതെഴുതുന്നത്. എങ്കിലും ഒരിടയന്‍റെ ശൈലിയിലാണു സിപ്രിയാനിതുരചിച്ചിരിക്കുന്നത്. കന്യകകളെ വിവിധ നാമങ്ങളാല്‍ സിപ്രിയാന്‍ വിശേഷിപ്പിക്കുന്നു. 'ക്രിസ്തുവിനു സ്വയം സമര്‍പ്പിക്കപ്പെട്ട കന്യകകള്‍ക്കു ലോകത്തില്‍നിന്നുണ്ടാകാവുന്ന അപകടങ്ങളെപ്പറ്റി അദ്ദേഹം അവരെ അനുസ്മരിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ മണവാട്ടി മോടിയായ വസ്ത്രങ്ങള്‍ കൂടാതെയും പൊയ്മുഖം വയ്ക്കാതെയും വ്യാപരിക്കണം. സുഗന്ധദ്രവ്യങ്ങളോ, സ്വര്‍ണ്ണാഭരണങ്ങളോ ഒന്നും കന്യകകള്‍ക്കു പാടില്ല. ധനമുണ്ടെങ്കില്‍ ദരിദ്രരുടെയിടയില്‍ ചെലവാക്കണം, കന്യകകള്‍ വിവാഹാഘോഷങ്ങളിലും പൊതു കളിസ്ഥലങ്ങളിലും പോകാന്‍ പാടില്ല. കാത്തിരിക്കുന്ന പ്രതിഫലത്തെ ലക്ഷ്യമാക്കി അവര്‍ വ്യാപരിക്കണം എന്നു അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
(3) വീണവരെക്കുറിച്ച്
മതപീഡനാനന്തരം ഒളിസ്ഥലത്തുനിന്നു തിരിച്ചെത്തിയ സിപ്രിയാന്‍ 251 ല്‍ എഴുതിയതാണിത്. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിനു ദൈവത്തിനു നന്ദി പറയുകയും ലോകത്തെ നിസ്സാരമാക്കി ജീവന്‍ നേടിയ രക്തസാക്ഷികളെ സ്തുതിക്കയും ചെയ്തുകൊണ്ടു ഇതു ആരംഭിക്കുന്നു. എന്നാല്‍ വിശ്വാസം ത്യജിച്ചവരെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഹൃദയം ദുഃഖപൂരിതമാകുന്നു എന്നു സിപ്രിയാന്‍ പറയുന്നു. ആരും നിര്‍ബന്ധിക്കാതെതന്നെ ദേവന്മാര്‍ക്കു ബലി കഴിച്ചവരുണ്ട്. കുഞ്ഞുങ്ങളെ ഇതിലേക്കു വലിച്ചിഴച്ച മാതാപിതാക്കളുണ്ട്. ലൗകിക സ്നേഹത്താല്‍ വസ്തുവകകളെപ്രതി വിശ്വാസം വിലയ്ക്കു വിറ്റവരുണ്ട്. ഇവരോടു വേഗത്തില്‍ ക്ഷമിക്കാന്‍ സാധ്യമല്ലെന്നാണു സിപ്രിയാന്‍ പറയുന്നത്. അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്ന വിശ്വാസസാക്ഷികളെ സിപ്രിയാന്‍ താക്കീതു ചെയ്യുന്നു. 'നാം കൂടുതല്‍ അയഞ്ഞ മനഃസ്ഥിതി കാട്ടിയാല്‍ അവര്‍ വേണ്ടവണ്ണം അനുതപിക്കയില്ല. എന്നാല്‍ വലിയ പീഡനങ്ങള്‍ക്കുശേഷം ഒരാള്‍ ബലഹീനതയാല്‍ വീണുപോയാല്‍ അവന്‍റെ തെറ്റിന്‍റെ കാഠിന്യം കുറയും. ഏതായാലും എല്ലാവരും അനുതപിക്കണം. ഏതെങ്കിലും രീതിയില്‍ ഒരു സര്‍ട്ടിഫിക്കറ്റു വാങ്ങിയവരെല്ലാം അനുതപിക്കയും പ്രായശ്ചിത്തം ചെയ്യുകയും വേണം'. 251ല്‍ കാര്‍ത്തേജില്‍ കൂടിയ സൂനഹദോസിന്‍റെ ഈ കൃതി വായിക്കപ്പെടുകയും ആഫ്രിക്കയിലെ ശിക്ഷണക്രമത്തിന്‍റെ പൊതുതത്ത്വമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
(4) സഭയുടെ ഐക്യം
സിപ്രിയാന്‍റെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്ന ഏറ്റം പ്രധാന കൃതിയാണിത്. സിപ്രിയാനിതെഴുതിയത് നൊവേഷ്യന്‍ ഇളക്കിവിട്ട ശീശ്മ, സഭയില്‍ ഉണ്ടാക്കിയ കോളിളക്കത്തെ നേരിടാനാണ്. 251-ല്‍ കാര്‍ത്തേജില്‍ കൂടിയ സൂനഹദോസിന്‍റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സിപ്രിയാന്‍ ചെയ്ത പ്രസംഗമാണിത്. 'ശീശ്മയും പാഷണ്ഡതയും പിശാചിന്‍റെ പണികളാണ്. മതപീഡകരിലും അപകടകാരികളാണിവര്‍. ശീശ്മവിശ്വാസികളുടെയിടയിലെ ഐക്യം തകര്‍ക്കുന്നു. അതു വിശ്വാസം നശിപ്പിക്കയും സത്യം വളച്ചൊടിക്കയും ചെയ്യുന്നു... സഭയ്ക്കു പുറത്തു രക്ഷയില്ല. സഭയെ തന്‍റെ മാതാവായി കാണാന്‍ കഴിയാത്തവനു ദൈവത്തെ പിതാവായി കരുതാന്‍ കഴിയില്ല; പെട്ടകത്തിനു പുറത്തുള്ളവര്‍ രക്ഷപ്രാപിച്ചെങ്കില്‍ സഭയ്ക്കു പുറത്തുള്ളവരും രക്ഷപ്രാപിക്കും. സഭയ്ക്കു പുറത്തു സഭയുടെ രക്തസാക്ഷികളില്ല'. 'രണ്ടോ മൂന്നോ പേര്‍' എന്നു കര്‍ത്താവു പറഞ്ഞതു സഭയിലുള്ളവരെപ്പറ്റിയാണ്. എന്നു പോകുന്നു സിപ്രിയാന്‍ പ്രസംഗം. നാലാം അധ്യായത്തിനു രണ്ടു പതിപ്പുകളുണ്ട്. ഒന്നു പില്‍ക്കാലത്തുള്ള കുത്തിത്തിരുകലാണെന്നും അതല്ല സിപ്രിയാന്‍ തന്നെ പില്ക്കാലത്തു എഴുതിയതാണെന്നും രണ്ടഭിപ്രായമുണ്ട് (രള. ജി. ചേടിയത്ത്, സഭാപിതാക്കന്മാര്‍, പേജ് 176-197)
(5) കര്‍ത്തൃപ്രാര്‍ത്ഥന
'സഭൈക്യത്തെപ്പറ്റി' എഴുതി കഴിഞ്ഞുടനെ ഏതാണ്ട് 251ലോ 252ലോ എഴുതിയതാണ് ഈ കൃതി. ഇതിലും തെര്‍ത്തുല്യന്‍റെ 'പ്രാര്‍ത്ഥനയെപ്പറ്റിയുള്ള' കൃതിയുടെ സ്വാധീനമുണ്ട്. തെര്‍ത്തുല്യന്‍റെ കൃതിയുടെ നാലിലൊന്നു വലിപ്പമേ ഈ കൃതിക്കുള്ളൂ. ഇവിടെ 'കര്‍ത്തൃപ്രാര്‍ത്ഥന'യാണ് ചര്‍ച്ചാവിഷയം. പ്രാര്‍ത്ഥനയെപ്പറ്റി ആമുഖത്തില്‍ ചുരുക്കിപറഞ്ഞശേഷം കര്‍ത്തൃപ്രാര്‍ത്ഥനയുടെ വ്യാഖ്യാനത്തിലേക്കു സിപ്രിയാന്‍ കടക്കുന്നു.
അദ്ദേഹം കര്‍ത്തൃപ്രാര്‍ത്ഥനയില്‍ വിശ്വാസത്തിന്‍റെ രത്നച്ചുരുക്കം ദര്‍ശിക്കുന്നു. വിവിധ യാമങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്നും പലപ്പോഴും ഏകാഗ്രമായിരിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ക്രിസ്ത്യാനി രാപകല്‍ പ്രാര്‍ത്ഥനയുടെ വ്യക്തിയായിരിക്കണം. തെര്‍ത്തുല്യന്‍ ഉപയോഗിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു വേദപുസ്തകപതിപ്പാണ് സിപ്രിയാനുപയോഗിച്ചതെന്ന് ഈ കൃതി സൂചിപ്പിക്കുന്നു.
(6) ദിമെത്രിയാന്
അക്കാലത്തുണ്ടായ ആപത്തുകള്‍ക്കെല്ലാം കാരണക്കാര്‍ ക്രിസ്ത്യാനികളാണെന്ന് ഏതോ ദിമെത്രിയാനുസ് പറഞ്ഞുപരത്തി. 'ഭൂമിയില്‍ എക്കാലവും ഒരുപോലെ വിളവുണ്ടാകില്ല. ഭൂമിയുടെ ഫലപുഷ്ടി കുറയുമ്പോള്‍ ഫലം കുറയും. സൃഷ്ടിയുടെ ആരംഭത്തില്‍ വിളവുണ്ടായതുപോലെ ഇപ്പോഴുണ്ടാകാത്തതിനു ക്രിസ്ത്യാനികളാണോ കാരണക്കാര്‍? ഭൂമി ഫലശൂന്യമായി തീരുന്നതിനുള്ള യഥാര്‍ത്ഥ കാരണം പുറജാതിക്കാരുടെ അസാന്മാര്‍ഗികജീവിതമാണ്. കുത്തഴിഞ്ഞ ജീവിതം ദൈവകോപം ക്ഷണിച്ചു വരുത്തുന്നു. ബിംബാരാധാന, ക്രിസ്ത്യാനികളെ പീഡിപ്പിക്കല്‍ എന്നിവ ഇതിന് ആക്കംകൂട്ടുന്നു. ഇതിനു പ്രതിവിധി സന്മാര്‍ഗ്ഗത്തിലേക്കു തിരിച്ചുവരിക മാത്രമേയുള്ളൂ' എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രസ്തുത കൃതിയില്‍ സിപ്രിയാന്‍ പറയുന്നു. സിപ്രിയാനുമുമ്പു തെര്‍ത്തുല്യന്‍ ശക്തമായ ഭാഷയില്‍തന്നെ പുറജാതികളെ നിശബ്ദരാക്കിയതാണ്. എങ്കിലും സിപ്രിയാന്‍റെ ശൈലി ഇവിടെ തികച്ചും ശ്രേഷ്ഠമാണ്. സിപ്രിയാനുശേഷം ലക്താന്‍സിയുസ്, വി. അഗസ്റ്റിന്‍ എന്നിവരും ക്രിസ്ത്യാനികള്‍ക്കുവേണ്ടി അപ്പോളജികള്‍ എഴുതിയിട്ടുണ്ട്.
(7) മര്‍ത്യത
ഡേഷ്യന്‍ മതപീഡനത്തിലും തുടര്‍ന്നുള്ള പകര്‍ച്ചവ്യാധിയിലും അനേകര്‍ മരിച്ചു. മരണം ഒരു സന്തതസഹചാരിയായി കാണപ്പെട്ട നാട്ടില്‍ മരണത്തിനൊരര്‍ത്ഥം കാണുകയാണ് സിപ്രിയാന്‍ ചെയ്തത്. 'ജാതികളും ക്രിസ്ത്യാനികളും തമ്മില്‍ ഇക്കാര്യത്തില്‍ എന്താണു വ്യത്യാസം? മരണത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വ്യത്യാസം' എന്നു പഠിപ്പിക്കയാണ് അദ്ദേഹം. ക്രിസ്ത്യാനികള്‍ക്കിവിടെ വീടില്ല. മരിക്കുന്നവര്‍ നമുക്കുമുമ്പേ വീടുപറ്റുന്നു. അതുകൊണ്ടാരും മരണത്തിന്‍റെ കാര്യം ഓര്‍ത്ത് ഒട്ടും ദുഃഖിക്കരുത്. ഈ കൃതിയില്‍ സിസറോയുടെ സ്വാധീനം ദൃശ്യമാണ്. എന്നാല്‍ അമര്‍ത്യതയിലേക്കുള്ള കവാടമാണ് മരണം എന്ന ആശയം സിസറോയ്ക്കും അപ്പുറത്തു സിപ്രിയാനെ നിര്‍ത്തുന്നു.
(8) സല്‍പ്രവൃത്തികളും ദാനധര്‍മ്മങ്ങളും
പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയില്‍ അനേകര്‍ ദരിദ്രരായിത്തീര്‍ന്നു. പലര്‍ക്കും സര്‍വതും നഷ്ടപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ദാനധര്‍മ്മത്തിനും സല്‍പ്രവൃത്തികള്‍ക്കും പ്രേരണ നല്കിക്കൊണ്ടെഴുതിയതാണിത്. ധാരാളമായ കൃപയാല്‍ നമ്മെ അനുഗ്രഹിച്ച ദൈവത്തിനു പ്രതിനന്ദി കാണിക്കേണ്ടത് സല്‍പ്രവൃത്തികളും ദാനധര്‍മ്മങ്ങളും വഴിയാണ്. കൊടുത്താല്‍ ഒരിക്കലും കുറഞ്ഞുപോകില്ല. കുഞ്ഞുങ്ങളെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നവരും അവര്‍ക്കു നന്മവരണമെന്നാഗ്രഹിക്കുന്നവരും ദാനധര്‍മ്മങ്ങളില്‍ മുന്നിട്ടുനില്ക്കണം.പ്രാചീനരുടെ ഇടയില്‍ ഈ കൃതി വളരെയധികം മാനിക്കപ്പെട്ടിരുന്നു; ഇന്നും അപ്രകാരം തന്നെ. 431-ലെ എഫേസൂസ് സൂനഹദോസ് ഇതില്‍നിന്നു ധാരാളം ഉദ്ധരിക്കുന്നുണ്ട്.
(9) ക്ഷമയുടെ ഗുണങ്ങള്‍
തെര്‍ത്തുല്യന്‍റെ കൃതിയെ വളരെയധികം ആശ്രയിച്ചാണിതെഴുതിയിരിക്കുന്നത്. എന്നാല്‍ ഭാഷാശൈലി തെര്‍ത്തുല്യനില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ക്ഷമയുടെ മഹനീയ മാതൃകകാട്ടിയ ക്രിസ്തുവിനെ അനുകരിച്ചു ക്രിസ്ത്യാനികള്‍ വിനയത്തിന്‍റെയും ക്ഷമയുടെയും വിശിഷ്ട മാതൃകകളായിരിക്കണം എന്നു സിപ്രിയാന്‍ ഉപദേശിക്കുന്നു.
(10) അസൂയയും കുശുമ്പും
ക്രിസ്ത്യാനികള്‍ അസൂയയില്‍നിന്നും കുശുമ്പില്‍നിന്നും അകന്നു ജീവിക്കണം. ആകാശത്തില്‍നിന്നുള്ള വീഴ്ചയുണ്ടായത് അസൂയമൂലമാണ്. ഇതിനാല്‍ തന്നെയാണു വീണവര്‍ മനുഷ്യരെയും വീഴ്ത്തിയത്. ഈ തിന്മ മറ്റനേകം തിന്മകളിലേക്കു വഴിതുറക്കുന്നു. സഭയുടെ ഐക്യത്തിനിത് ഒരു വലിയ തടസ്സമാണ്: 'ഇതിനാല്‍ കര്‍ത്തൃ സമാധാനത്തിന്‍റെ ശൃംഖല തകര്‍ക്കപ്പെടുന്നു; സഹോദരസ്നേഹം ഭഞ്ജിക്കപ്പെടുന്നു; സത്യം വ്യഭിചരിക്കപ്പെടുന്നു; ഐക്യം വിഭജിക്കപ്പെടുന്നു; മനുഷ്യര്‍ ശീശ്മയിലേക്കും പാഷണ്ഡതയിലേക്കും വഴുതി വീഴുന്നു; വൈദികര്‍ അപഹസിക്കപ്പെടുന്നു; മെത്രാന്മാര്‍ നിന്ദിക്കപ്പെടുന്നു'(6). ഇതിനൊരു മരുന്നേയുള്ളൂ. സഹോദരസ്നേഹം! അസൂയ മാരകരോഗമാണ്. 'മുമ്പ് നിങ്ങളാരെയെങ്കിലും വെറുത്തിരുന്നെങ്കില്‍ അവരെ സ്നേഹിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാല്‍ നിങ്ങള്‍ വിദ്വേഷിച്ചിരുന്നവര്‍ക്കുപകാരം ചെയ്യുകയും ചെയ്യുക. നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നല്ല മനുഷ്യരെ അനുകരിക്കുക. അതിനു കഴിയില്ലെങ്കില്‍ അവരോടൊത്തു സന്തോഷിക്കുക; നിങ്ങളേക്കാള്‍ നല്ലവരെ അഭിനന്ദിക്കുക; സ്നേഹത്താല്‍ അവരോടുകൂടെ നിങ്ങളെയും ഭാഗഭാക്കാക്കുക; സാഹോദര്യത്തിന്‍റെ കൂട്ടുകെട്ടിലും ഐക്യത്തിലും അവരുടെ പങ്കാളിയാകുക'(17).
(11) രക്തസാക്ഷിത്വത്തിനുള്ള ആഹ്വാനം
ഫൊര്‍തുണാത്തുസ് എന്നയാള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുറെ വേദപുസ്തകഭാഗങ്ങള്‍ ഇതില്‍ ഒന്നിച്ചു ചേര്‍ത്തുവച്ചിരിക്കുന്നു. മതപീഡനത്തില്‍ ക്രിസ്ത്യാനികള്‍ക്കു ശക്തി നല്കാന്‍ ഉതകുന്ന വേദഭാഗങ്ങള്‍ പലയിടത്തുനിന്നും ശേഖരിച്ചു പന്ത്രണ്ടുതലക്കെട്ടില്‍ ഇതില്‍ കൊടുത്തിരിക്കുന്നു. സിപ്രിയാന്‍ വേദപുസ്തകത്തില്‍നിന്നു പകര്‍ത്തി ഫൊര്‍തുണാത്തുസിനയച്ചുകൊടുക്കുന്നെന്നുമാത്രം.
(12) ക്വിരീനസിന്
ഫൊര്‍തുണാത്തുസിനെഴുതിയതുപോലെ വിവിധ തലക്കെട്ടുകളില്‍ വേദപുസ്തകഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ത്തുവച്ചിരിക്കുന്ന ഒരു സമാഹാരമാണിത്. മൂന്നു ഗ്രന്ഥങ്ങളിലായിട്ടാണ് സിപ്രിയാനിതു തയ്യാറാക്കിയിരിക്കുന്നത് (തെസ്തിമോണിയോരും ലീബ്രി 111).
(13) വിഗ്രഹങ്ങള്‍ ദൈവമല്ല
ജാതികളുടെ ദേവന്മാര്‍ ചത്ത മനുഷ്യരാണ്. മണ്‍മറഞ്ഞ രാജാക്കന്മാരെ പില്ക്കാലത്തു ചിലര്‍ ദേവസ്ഥാനത്തു കയറ്റിയിരുത്തി. അവര്‍ ദൈവമല്ല. ചരിത്രത്തില്‍നിന്ന് ഇതു തെളിയിക്കാന്‍ സാധിക്കും. ഏകദൈവം മാത്രമേയുള്ളൂ. അവന്‍ അദൃശ്യനും അഗ്രാഹ്യനുമാണ് എന്നു തുടങ്ങി വിഗ്രഹാരാധനയ്ക്കെതിരെ എഴുതപ്പെട്ടതാണ് ഇത്. ഈ കൃതി സിപ്രിയന്‍റേതാണോ എന്നു സംശയിക്കുന്നവരുണ്ട്.
മൂന്നാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍സഭയിലേക്കു വളരെയധികം വെളിച്ചം വീശുന്നവയാണ് സിപ്രിയാന്‍റെ കത്തുകള്‍. സിപ്രിയാന്‍, നൊവേഷ്യന്‍, കൊര്‍ണേലിയൂസ്, സ്റ്റീഫന്‍, ചെസാറിയായിലെ ഫിര്‍മീലിയന്‍ തുടങ്ങിയവരുടെ വാക്കുകളവയില്‍ പ്രതിധ്വനിക്കുന്നു. ആഫ്രിക്കന്‍ ക്രിസ്ത്യാനികളുടെ പ്രതീക്ഷകളും ഭയാശങ്കകളും ജീവന്മരണപോരാട്ടങ്ങളും എല്ലാം വ്യക്തമാക്കുന്നുണ്ട് ഈ കത്തുകള്‍. സിപ്രിയാന്‍തന്നെയും ആശയമനുസരിച്ച് അവ ക്രോഡീകരിക്കുകയും സഹമെത്രാന്മാര്‍ക്കു കോപ്പികളയച്ചു കൊടുക്കയും ചെയ്തിട്ടുണ്ട്. ആധുനിക കാലത്തുള്ള പതിപ്പുകളില്‍ 81 കത്തുകളുള്‍ക്കൊള്ളുന്നു. 59 എണ്ണം സിപ്രിയാന്‍ രചിച്ചതും 6 എണ്ണം കാര്‍ത്തേജിലെ സിനഡിന്‍റേതും16 എണ്ണം മറ്റുള്ളവര്‍ അദ്ദേഹത്തിനയച്ചതുമാണ്. 16 എണ്ണത്തില്‍ റോമിലെ വൈദികസമൂഹമയച്ചു കത്തുകള്‍, നൊവേഷ്യന്‍, കൊര്‍ണേലിയൂസ് തുടങ്ങിയവരുടെ കത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മതപീഡനകാലത്തും, നൊവേഷ്യന്‍റെ ശീശ്മയുടെ കാലത്തും സ്നാനം സംബന്ധിച്ച തര്‍ക്കത്തിന്‍റെ കാലത്തും എഴുതപ്പെട്ടവയാണ് മിക്കവയും.
സിപ്രിയാന്‍റെ കുറെ ലേഖനങ്ങള്‍ ഇവിടെ അപഗ്രഥിക്കാം: ലേഖനം 1: കാര്‍ത്തേജിനടുത്തു ഫുര്‍ണി എന്ന സ്ഥലത്തെ വൈദികര്‍ക്കും ശെമ്മാശ്ശന്മാര്‍ക്കും ജനങ്ങള്‍ക്കുമായി സിപ്രിയാന്‍ എഴുതിയതാണിത്. ജമീനിയുസ് വിക്ടര്‍ എന്നയാള്‍ മരിക്കുന്നതിനു മുന്‍പ് തന്‍റെ മരണപത്രത്തില്‍ ജമീനിയുസ് ഫൗസ്തുസ് എന്ന വൈദികനെ തന്‍റെ കുട്ടികളുടെ അധ്യാപകനായി നിര്‍ദ്ദേശിച്ചിരുന്നു. ദൈവശുശ്രൂഷകരെ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത് ആഫ്രിക്കയിലെ ഒരു സിനഡ് വിലക്കിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് കുറ്റകരവുമായിരുന്നു. അത്തരക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയോ ബലിയര്‍പ്പിക്കയോ ചെയ്യാനും പാടില്ലായിരുന്നു. സിപ്രിയാനും സഹവൈദികരും ഇക്കാര്യം സംബന്ധിച്ചാണ് ഈ കത്തെഴുതിയത്.
ലേഖനം 2: ഒരു നടന്‍ ക്രിസ്ത്യാനിയായപ്പോള്‍ നാടകം പഠിപ്പിക്കുന്ന ജോലിമാത്രം തുടര്‍ന്നു. പ്രസ്തുത ജോലിപോലും ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണെന്നു സിപ്രിയാന്‍ ഇതിലൂടെ എവുക്രാസ്യൂസ് മെത്രാനെ അറിയിക്കയാണ്.
ലേഖനം 3: നോവായിലെ (നുമീഡിയ) ബിഷപ്പായ റൊഗാസിയന് എഴുതുന്നതാണിത്. ബിഷപ്പ് റൊഗാസ്യനെ ഒരു ഡീക്കന്‍ അവമാനിച്ചു. അവനെ മുടക്കാന്‍ റൊഗാസ്യന് കഴിയുമായിരുന്നു; എന്നാല്‍ ക്ഷമവഴി അവനെ മാനസ്സാന്തരപ്പെടുത്താമെന്നു റൊഗാസ്യന്‍ കരുതി. അവനെ ശിക്ഷിക്കാന്‍ റൊഗാസ്യനധികാരം ഉണ്ടായിരുന്നിട്ടും മറ്റു മെത്രാന്മാരോടാലോചിച്ചിട്ടാകട്ടെ എന്നു കരുതി അതിനു മറുപടിയായിട്ടാണ് സിപ്രിയാന്‍ ഈ കത്തെഴുതുന്നത്. മെത്രാനെതിരെ കരമുയര്‍ത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നു വേദപുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികള്‍ നിരത്തിവച്ചു സിപ്രിയാന്‍ തെളിയിക്കുന്നു.
ലേഖനം 4: ഡയനീഷ്യാനായിലെ (ബിസസേന) മെത്രാനായ പൊംപോണിയൂസിനു, സിപ്രിയാന്‍, ചെച്ചീലിയസ്, വിക്ടര്‍, സെഡാത്തൂസ്, തെര്‍ത്തുല്ലുസ് എന്നിവര്‍ സന്നിഹിതരായ മറ്റു വൈദികസമൂഹത്തോടുകൂടി എഴുതുന്നതാണ് ഈ കത്ത്. ഒരു നടപടിക്രമം വിശദീകരിക്കയാണിതില്‍. അര്‍പ്പിതജീവിതം നയിച്ച ചില കന്യകകള്‍ ചില പുരുഷന്മാരുടെകൂടെ താമസിക്കുന്നതായി സിപ്രിയാനറിഞ്ഞു. അവരുടെ കൂട്ടത്തില്‍ ഒരു ഡീക്കനുമുണ്ടായിരുന്നു. വിവാഹിതരായി കഴിഞ്ഞാല്‍ ആ കന്യകകള്‍ പിന്നെ കന്യകകളേയല്ല; ഇതു സംബന്ധിച്ചാണ് ഈ കത്ത്. ദൈവത്തിനു സമര്‍പ്പിച്ചവര്‍ പുരുഷന്മാരുടെ കൂടെ താമസിക്കാനേ പാടില്ല. മാനുഷികബലഹീനത പരിഗണിച്ചാണ് താനിതു പറയുന്നത് എന്നു സിപ്രിയാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപകടത്തിനടുത്തിരിക്കുന്നവന്‍ അധികനാള്‍ സുരക്ഷിതനല്ല; ശിക്ഷണരഹിതമായ വേഴ്ചകള്‍വഴി നിരവധി കന്യകകള്‍ വഴിപിഴച്ചുപോകാന്‍ ഇടയുണ്ട്. ക്രിസ്തുവിനു സമര്‍പ്പിച്ചവരാണെങ്കില്‍ അതനുസരിച്ചു ജീവിക്കാന്‍ ദത്തശ്രദ്ധരായിരിക്കണം. അതിനു സാദ്ധ്യമല്ലെങ്കില്‍, അവര്‍ വിവാഹം കഴിക്കട്ടെ; അങ്ങനെ സഭയില്‍നിന്ന് ഇടര്‍ച്ച നീക്കിക്കളയട്ടെ നിത്യജീവനിലേക്കുള്ള പാത ഇടുങ്ങിയതും പ്രയാസപൂര്‍ണവുമാണ്; ദൈവത്തിനു സമര്‍പ്പിച്ചവര്‍ വൈദികര്‍ക്ക് ഒരു ഭാരവും സഭയ്ക്ക് അപമാനവുമായിതീരാതിരിക്കട്ടെ. അവര്‍ ഒരുതരത്തിലും ഉള്ള സംശയത്തിന് ഇടംകൊടുക്കാന്‍ പാടില്ല.
തുടര്‍ന്നുള്ള കത്തുകള്‍ ഡേഷ്യന്‍റെ മതമര്‍ദ്ദനകാലത്ത് (249-252) എഴുതപ്പെട്ടവയാണ്. ഒളിസ്ഥലത്തിരുന്നുകൊണ്ട് അദ്ദേഹം നിരവധി ലേഖനങ്ങളയച്ചു. വിശ്വസ്തരായി ജീവിക്കുന്ന ക്രൈസ്തവരുടെ പ്രയാസങ്ങള്‍ അവയില്‍ നന്നായി വരച്ചു കാണിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവരെയും ജയില്‍വാസികളെയും എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ലേഖനം 5: ഏറ്റം പ്രിയപ്പെട്ട സഹോദരങ്ങളായ വൈദികര്‍ക്കും, ഡീക്കന്‍മാര്‍ക്കുമായി സിപ്രിയാന്‍ എഴുതുന്നു. മതപീഡനകാലത്ത് താന്‍ ഒളിവില്‍ കഴിഞ്ഞതിനെ സംബന്ധിച്ചാണിത്. സഭയെ 'രക്ഷയുടെ കൂട്ടായ്മ' എന്ന് അദ്ദേഹം വിളിക്കുന്നു.
ലേഖനം 8: റോമിലെ വൈദിക സമൂഹം സിപ്രിയാനയച്ച കത്താണിത്. മാര്‍പാപ്പാ ഫാബിയന്‍ 250 ജാനുവരി 20ന് രക്തസാക്ഷിയായി. സിപ്രിയാന്‍ ഒളിച്ചോടിയതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണിതില്‍. സിപ്രിയാനെയും 'പാപ്പാ' എന്നാണ് റോമാക്കാര്‍ ഈ കത്തില്‍ വിളിച്ചിരിക്കുന്നത്.
ലേഖനം 9: റോമില്‍ നിന്നയച്ച കത്തിനുള്ള മറുപടിയാണിത്. റോമില്‍നിന്ന് ഒപ്പുകൂടാതെ രണ്ടാമതൊരു കത്തും സിപ്രിയാനു കിട്ടി; അത് അവരുടേതു തന്നെയോ എന്ന് സിപ്രിയാന്‍ ചോദിക്കുന്നു. ഫാബിയനെ തന്‍റെ 'സഹപ്രവര്‍ത്തകന്‍' എന്ന് ഇതില്‍ സിപ്രിയാന്‍ വിളിക്കുന്നു.
ലേഖനം 10: സഹോദരന്മാര്‍ക്കും വിശ്വാസസാക്ഷികള്‍ക്കുമായി സിപ്രിയാന്‍ എഴുതുന്നതാണിത്. രക്തസാക്ഷിത്വത്തിന്‍റെ മാഹാത്മ്യം ഇതില്‍ എടുത്തുകാട്ടുന്നുണ്ട്. സഭയെ 'അമ്മ' എന്ന് ഈ കത്തില്‍ അദ്ദേഹം വിളിക്കുന്നു.
ലേഖനം 11: സഹോദരങ്ങളായ വൈദികര്‍ക്കും ഡീക്കന്‍മാര്‍ക്കുമായി സിപ്രിയാന്‍ എഴുതുന്നു. ഏകമനസ്സോടുകൂടിയുള്ള പ്രാര്‍ത്ഥനയുടെ ഫലം ഇതില്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. വേദപുസ്തകത്തില്‍നിന്നു നിരവധി ഉദ്ധരണികള്‍ ഇതില്‍ കാണാം. നാം ക്രിസ്തുവില്‍ ഒന്നായി ചേര്‍ന്നിരിക്കുന്നു എന്ന ആശയത്തിന്‍റെ ധ്വനി ഇതിലുണ്ട്. 'അവിടുന്ന് പാപി അല്ലാതിരിക്കെ നമ്മുടെ പാപം വഹിക്കുകയും, നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു'. അദ്ദേഹം ഈ ലേഖനത്തില്‍ സഭയെ 'രക്ഷയുടെ കൂട്ടായ്മ' എന്ന് വിളിക്കുന്നു.
ലേഖനം 12: വൈദികര്‍ക്കും ഡീക്കന്മാര്‍ക്കുമായിട്ടാണിത്. വിശ്വാസത്തിനുവേണ്ടി സഹിക്കുന്നവര്‍ക്കും ജയില്‍വാസമനുഭവിക്കുന്നവര്‍ക്കും സഭയില്‍ പ്രത്യേകാനുസ്മരണ ഉണ്ടായിരിക്കണം. രക്തസാക്ഷികളാകുന്നവരുടെ നാമങ്ങള്‍ ഓര്‍ക്കപ്പെടുവാന്‍ അവരുടെ രക്തസാക്ഷിത്വത്തിന്‍റെ ദിനം പട്ടികയില്‍ ചേര്‍ക്കണമെന്ന് സിപ്രിയാന്‍ അവരെ അറിയിക്കുന്നു.
ലേഖനം 14: വൈദികര്‍ക്കും ഡീക്കന്മാര്‍ക്കുമായി എഴുതപ്പെട്ടത്: മതപീഡനം വൈദികരെയും ജനങ്ങളെയും ഒരുപോലെ കഷ്ടത്തിലാക്കി. സിപ്രിയാന്‍ ഒളിസ്ഥലത്തുനിന്ന് തിരികെവരാന്‍ ധൃതികൂട്ടി. എന്നാല്‍ തെര്‍ത്തുല്ലൂസ് എന്ന വൈദികന്‍ അത് സമ്മതിച്ചില്ല. 'സമയമായില്ല' എന്നദ്ദേഹം പറഞ്ഞു. ഈ കത്തില്‍ ക്രിസ്ത്യാനികളെ 'ക്രിസ്തുവിന്‍റെ അവയവങ്ങളെന്ന്' അദ്ദേഹം വിളിക്കുന്നു.
ലേഖനം 15: സഹോദരന്മാര്‍ക്കും മൗദ്യാനന്മാര്‍ക്കും: വേണ്ടവണ്ണം അനുതപിക്കാതെയും മെത്രാന്‍റെ കൈവയ്പുവഴി മോചനം ലഭിക്കാതെയും 'വീണവര്‍ക്ക്' ചില വൈദികര്‍ വി. കുര്‍ബാന കൊടുക്കുകയുണ്ടായി. അതുവഴി അവര്‍ കര്‍ത്തൃശരീരത്തെ അവഹേളിച്ചു. ഇതു സംബന്ധിച്ചാണ് ഈ കത്ത്.
ലേഖനം 16: വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും: വിശ്വാസസാക്ഷികളുടെ സാക്ഷ്യമുള്ള മരണസന്നതയിലെത്തിയ വീണവര്‍ക്ക് വൈദികന്‍റെ പക്കല്‍ പാപോച്ചാരണം നടത്തിക്കഴിയുമ്പോള്‍, തലയില്‍ കൈവച്ച് പാപമോചനം നല്‍കാം. സ്നാനാര്‍ത്ഥികള്‍ക്കും ഈ അവകാശം നിഷേധിക്കരുത്.
ലേഖനം 23: വിശ്വാസസാക്ഷികളെല്ലാംകൂടി പാപ്പ സിപ്രിയാനെഴുതിയയെഴുത്ത്: എല്ലാ 'വീണവരെയും' സഭയില്‍ പ്രവേശിപ്പിക്കണം എന്ന് അവര്‍ സിപ്രിയാനെ അറിയിക്കുന്നു. ഇതിനെതിരായിട്ടാണു സിപ്രിയാന്‍റെ 27-ാം ലേഖനം.
ലേഖനം 24: കാര്‍ത്തേജിനടുത്തുള്ളൊരു സ്ഥലത്തെ മെത്രാനും വിശ്വാസസാക്ഷിയുമായ കല്‍ദോണിയസ് സിപ്രിയാനും സഹവൈദികര്‍ക്കുമെഴുതിയതാണിത്. ആദ്യം 'വീണെങ്കിലും' പിന്നെ ക്രിസ്തുവിനെ ഏറ്റുപറയുകയും അതുമൂലം നാടുകടത്തപ്പെടുകയോ, വസ്തുവകകള്‍ കണ്ടുകെട്ടപ്പെടുകയോ ചെയ്തവര്‍ അനേകരുണ്ട്. അവരെ സംബന്ധിച്ചു സ്വീകരിക്കേണ്ട നടപടിക്രമത്തെപ്പറ്റി സിപ്രിയാനോടു കല്‍ദോണിയസ് അഭിപ്രായം ചോദിക്കയാണ്.
ലേഖനം 25: 'വിശ്വാസം ഏറ്റുപറഞ്ഞ ഇവരെ സഭയില്‍ സ്വീകരിക്കണം' എന്നു സിപ്രിയാന്‍ മറുപടി കൊടുത്തു.
ലേഖനം 26: വൈദികര്‍ക്കും ജനങ്ങള്‍ക്കും: 'വീണവരെ' സംബന്ധിച്ചു മറ്റു മെത്രാന്മാരുമായാലോചിച്ച് ഒരു പൊതുതീരുമാനം എടുക്കുവാന്‍ പോകുന്നു ഒരു പൊതു സൂനഹദോസ് കൂടുവാന്‍ പോകയാണെന്നും അതില്‍ സൗകര്യമുള്ളവര്‍ സംബന്ധിക്കണമെന്നും ഈ കത്തുവഴി അദ്ദേഹം അറിയിക്കുന്നു.
ലേഖനം 28: റോമിലെ മോശ, മാക്സിമസ് എന്നീ വൈദികര്‍ക്കും മറ്റു വിശ്വാസസാക്ഷികള്‍ക്കും: മതപീഡനകാലത്ത് അവര്‍ കാണിച്ച ധീരതയെ സിപ്രിയാന്‍ പ്രശംസിക്കുന്നു; അതിലുപരി ഇപ്പോള്‍ സഭാശിക്ഷണത്തോടേറ്റം വിശ്വസ്തമായും സുവിശേഷാനുസൃതമായും അവര്‍ വ്യാപരിക്കുന്നു എന്നതില്‍ അദ്ദേഹം സന്തോഷിക്കുന്നു.
ലേഖനം 33: സിപ്രിയാന്‍റെ സഭാശാസ്ത്രം ഗ്രഹിക്കാന്‍ ഈ കത്തു വളരെ സഹായിക്കുന്നു. മത്താ. 16:18-19. ഉദ്ധരിച്ചുകൊണ്ട് പറയുന്നു: 'നമ്മുടെ കര്‍ത്താവിന്‍റെ കല്പനകള്‍ നാം ഭയപ്പെടുകയും പാലിക്കുകയും വേണം. മെത്രാന്‍റെ സ്ഥാനവും തന്‍റെ സഭയ്ക്കുവേണ്ടിയുള്ള പദ്ധതിയും നടപ്പാക്കിക്കൊണ്ട് അവിടുന്നു സുവിശേഷത്തില്‍ സംസാരിക്കുകയും പത്രോസിനോടു പറയുകയും ചെയ്യുന്നു: 'ഞാന്‍ നിന്നോടു പറയുന്നു. നീ പത്രോസാകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും. നരകവാതിലുകള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ അഴിക്കപ്പെട്ടിരിക്കും' സമയത്തിന്‍റെയും പിന്‍തുടര്‍ച്ചയുടെയും മാറ്റങ്ങള്‍വഴി മെത്രാന്മാരുടെ പട്ടവും, സഭയുടെ സംഘടനയും മുന്‍പോട്ടുപോകുന്നു; സഭ മെത്രാന്മാരിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. സഭയിലെ എല്ലാകാര്യങ്ങളും ഈ മെത്രാന്മാര്‍ ഭരിക്കുന്നു'.
ലേഖനം 43: ഫെലിച്ചീസിമൂസിന്‍റെ ശീശ്മയെപ്പറ്റിയാണ് ഈ ലേഖനം. സഭൈക്യം നശിപ്പിച്ച ഫെലിച്ചീസിമൂസും കൂട്ടരും കടുത്ത പാതകമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു; 'തങ്ങളുടെ പക്കല്‍ സമാധാനമോ, സഭയോ ഇല്ലാത്തവര്‍ ഇപ്പോള്‍ സമാധാനം ആശംസിക്കുകയാണ്; സഭയില്‍നിന്നു വിട്ടുമാറിയവര്‍ 'വീണവരെ' തിരികെ വിളിക്കുകയും തിരിച്ചുവരാന്‍ അനുവദിക്കുകയുമാണ്. ദൈവം ഒരുവന്‍, ക്രിസ്തു ഒരുവന്‍, സഭ ഒന്ന്, കര്‍ത്തൃശബ്ദത്താല്‍ പത്രോസിന്മേല്‍ സ്ഥാപിതമായ സിംഹാസനം ഒന്ന്. ഈ ഏക പൗരോഹിത്യത്തിനും ഏക അള്‍ത്താരയ്ക്കും എതിരെ മറ്റൊരാള്‍ത്താരയോ പുതിയൊരു പൗരോഹിത്യമോ സ്ഥാപിക്കാന്‍ സാധ്യമല്ല. മറ്റെവിടെയെങ്കിലും കൂട്ടിച്ചേര്‍ക്കുന്നവന്‍ ചിതറിക്കുന്നു. ദൈവികപദ്ധതിയെ മാനിക്കാതെ മാനുഷിക വിഭ്രാന്തിമൂലം സ്ഥാപിക്കപ്പെട്ടതൊക്കെ വേശ്യാവൃത്തിയും, അഭക്തിയും, ദൈവദൂഷണവും അത്രേ. ഇത്തരക്കാരുമായുള്ള സംസര്‍ഗത്തില്‍നിന്ന് അകന്നു മാറുക; ക്യാന്‍സറും പകര്‍ച്ചവ്യാധിയും എന്നു കരുതി അവരുടെ സംസാരത്തില്‍നിന്നു പറന്നകലുക. സഹോദരങ്ങളേ, കര്‍ത്തൃപാതയില്‍നിന്നു നിങ്ങളെയാരും വഴിതെറ്റിക്കാതിരിക്കട്ടെ. ക്രിസ്തുവിന്‍റെ സുവിശേഷത്തില്‍നിന്നു ക്രിസ്ത്യാനികളായ നിങ്ങളെ ആരും തട്ടിക്കൊണ്ടുപോകാതിരിക്കട്ടെ. സഭയില്‍നിന്നു സഭാസന്താനങ്ങളെ ആരും അപഹരിക്കാതിരിക്കട്ടെ. നശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം നശിക്കട്ടെ; സഭയില്‍നിന്നു മാറിയവര്‍ മാത്രം സഭയ്ക്കു പുറത്തുനില്ക്കട്ടെ. മെത്രാന്മാര്‍ക്കെതിരായി മത്സരിച്ചവര്‍മാത്രം മെത്രാന്മാരെകൂടാതെ കഴിയട്ടെ'. സഭയെ ഉപേക്ഷിച്ച് സമൂഹങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കു സിപ്രിയാന്‍ നല്കുന്ന ശക്തിയായ താക്കീതാണിത്.
ലേഖനം 46: മാക്സിമസ്, നിക്കോസ്ട്രാത്തുസ് തുടങ്ങിയ വിശ്വാസസാക്ഷികള്‍ക്ക്: ഐക്യത്തിലേക്കും, സാഹോദര്യത്തിലേക്കും യോജിപ്പിലേക്കും തിരിഞ്ഞുവരുവാന്‍ സിപ്രിയാന്‍ അവരെ ക്ഷണിക്കുന്നു. 'ദൈവികക്രമീകരണത്തിനും, സുവിശേഷനിയമത്തിനും, കത്തോലിക്കാസഭയുടെ ഐക്യത്തിനും എതിരായിനിന്നു മറ്റൊരു മെത്രാനെ വാഴിക്കാന്‍ നിങ്ങള്‍ സമ്മതിച്ചതില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു. മറ്റൊരു സഭസ്ഥാപിക്കാനും, ക്രിസ്തുവിന്‍റെ ശരീരത്തെ കീറിമുറിക്കാനും, കര്‍ത്താവിന്‍റെ അജഗണത്തിന്‍റെ ഏകമനസ്സും ഏകശരീരവും വിഭജനമാത്സര്യംകൊണ്ടു കുത്തിത്തുളയ്ക്കാനും ശ്രമിക്കുന്നത് അനുവദനീയമല്ല; ദൈവികനിയമത്താല്‍ തന്നെ ശരിയുമല്ല.
'ദൈവത്തിന്‍റെയും തന്‍റെ മിശിഹായുടെയും നിശ്ചയത്താലും, വൈദികവൃന്ദത്തിന്‍റെ സാക്ഷ്യത്താലും സന്നിഹിതരായ ജനങ്ങളുടെ സമ്മതത്താലും ഭാഗ്യവാന്മാരായ മെത്രാന്മാരുടെ സമൂഹത്താലും നല്ല മനുഷ്യരാലും അത്രേ കൊര്‍ണേലിയൂസ് മെത്രാനായി വാഴിക്കപ്പെട്ടത്. ഫാബിയന്‍റെ സ്ഥാനത്ത്, അതായത്, പത്രോസിന്‍റെ സ്ഥലവും മെത്രാസന സ്ഥാനവും ഒഴിഞ്ഞുകിടന്നപ്പോള്‍, ആരും വാഴിക്കപ്പെടുന്നതിനുമുന്‍പേ അത്രേ അദ്ദേഹം വാഴിക്കപ്പെട്ടത്'.
സിപ്രിയാന്‍റെ അയഥാര്‍ത്ഥ കൃതികള്‍
സിപ്രിയാന്‍റെ കൃതികള്‍ സാര്‍വത്രികമായി ആദരിക്കപ്പെട്ടിരുന്നു. അക്കാരണത്താല്‍ അനേകം അയഥാര്‍ത്ഥകൃതികള്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിക്കാന്‍ തുടങ്ങി.
ഇവയ്ക്കു പുറമേ മറ്റനേകം കൃതികളും സിപ്രിയാന്‍റെ പേരില്‍ പ്രചരിച്ചിരുന്നു. ആധുനിക പഠനങ്ങളുടെ വെളിച്ചത്തില്‍ സിപ്രിയാന്‍റെ കൃതികളെ മറ്റുള്ളവയില്‍നിന്നു വേര്‍തിരിക്കാന്‍ സാധിച്ചിട്ടുണ്ട്.
സിപ്രിയാന്‍റെ ദൈവശാസ്ത്രം
വിവിധ പാഷണ്ഡതാവിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലില്‍ തെര്‍ത്തുല്യന്‍ ദൈവശാസ്ത്രത്തിന്‍റെ വിവിധ വശങ്ങളെ താത്ത്വികമായും ചിട്ടയായും ചര്‍ച്ച ചെയ്യാന്‍ ഒരു ശ്രമം നടത്തി. സിപ്രിയാന്‍ ഒരു പ്രായോഗിക വ്യക്തിയായിരുന്നു; തെര്‍ത്തുല്യനെപ്പോലെ ഒരു ബുദ്ധിരാക്ഷസനും അല്ലായിരുന്നു. എന്നാല്‍ ഒരു കാര്യം സ്പഷ്ടമാണ്. പാശ്ചാത്യ ലോകത്തു അഗസ്റ്റിനു മുമ്പുള്ള ദൈവശാസ്ത്രജ്ഞന്മാരില്‍ സര്‍വാദരണീയനായിരുന്നു സിപ്രിയാന്‍. വേദപുസ്തകത്തോടുകൂടി സിപ്രിയാന്‍റെ ഗ്രന്ഥങ്ങളും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നു കൈയെഴുത്തു പ്രതികള്‍ തെളിയിക്കുന്നു. മദ്ധ്യകാലഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ കൃതികള്‍ പരക്കെ പ്രചരിച്ചിരുന്നു. നിയമപണ്ഡിതനായ തെര്‍ത്തുല്യന്‍റെ പിന്‍ഗാമിയായ സിപ്രിയാന്‍ കാനന്‍ നിയമത്തില്‍ ചെലുത്തിയ സ്വാധീനവും സാരവത്താണ്. സഭാശാസ്ത്രം സംബന്ധിച്ചാണു സിപ്രിയാന്‍ ഏറ്റമധികം പ്രകീര്‍ത്തിക്കപ്പെടുന്നത്.
സഭയാണു രക്ഷാമാര്‍ഗം എന്നു സിപ്രിയാന്‍ വിശ്വസിച്ചിരുന്നു. 'സഭയ്ക്കു പുറത്തു രക്ഷയില്ല' (ലേഖനം, 73,21) സഭയെ മാതാവായി കാണാത്തവനു ദൈവത്തെ പിതാവായി കാണാന്‍ കഴിയില്ല (സഭൈക്യം, 6). അതുകൊണ്ടു സഭയില്‍ അംഗമായിരിക്കുക അവശ്യാവശ്യമായ കാര്യമത്രേ സഭ ക്രിസ്തുവിന്‍റെ വധുവാണ്, അവള്‍ വ്യഭിചാരിണി അല്ല. അവള്‍ക്കൊരു വിവാഹക്കിടക്കയേ ഉള്ളൂ; സഭയില്‍നിന്നകലുന്നവന്‍ വേശ്യകളോടുകൂടി സംസര്‍ഗം ചെയ്യുന്നു; സഭയുടെ വാഗ്ദാനങ്ങള്‍ക്ക് അവനവകാശിയാകില്ല, അവന്‍ അന്യനും അശുദ്ധനും ശത്രുവുമായിത്തീരുന്നു (അതേ സ്ഥലം). സഭയുടെ അടിസ്ഥാനസ്വഭാവം ഐക്യമാണ് എന്ന ആശയം സിപ്രിയാന്‍റെ ഉള്ളില്‍ വളരെ ആഴത്തില്‍ പതിഞ്ഞിരുന്നു. സഭൈക്യം വിശദീകരിക്കാന്‍ വിവിധാലങ്കാരങ്ങളും ഉപമകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. കര്‍ത്താവിന്‍റെ അങ്കി കീറാതിരുന്നതുപോലെയാണു സഭയിലെ ഐക്യം (സഭൈക്യം, 7).
നോഹിന്‍റെ പെട്ടകത്തോടു സിപ്രിയാന്‍ സഭയെ താരതമ്യപ്പെടുത്തുന്നു. നോഹിന്‍റെ പെട്ടകത്തിനു പുറത്തുള്ളവരാരും രക്ഷ പ്രാപിച്ചില്ല. അതുപോലെയാണു സഭയും (സഭൈക്യം, 6). അനേകം ഗോതമ്പുമണികളില്‍നിന്നു ഒരോസ്തി ഉണ്ടാകുന്നതുപോലെയാണു സഭ (ലേഖനം, 63, 13). മെത്രാന്‍ കപ്പിത്താനായുള്ള കപ്പലാണ് സഭ (ലേഖനം, 59, 3) എന്നാല്‍ സിപ്രിയാന്‍റെ ഏറ്റം പ്രിയങ്കരമായ ഉപമ അമ്മയുടെയാണ്. മുപ്പതിലേറെ പ്രാവശ്യം സിപ്രിയാന്‍ ഈ ഉപമ 'സഭൈക്യം' എന്ന ഗ്രന്ഥത്തില്‍ ഉപയോഗിക്കുന്നു. തന്‍റെ കുഞ്ഞുമക്കളെയെല്ലാം മാറോടണയ്ക്കുന്ന മാതാവാണു സഭ (സഭൈക്യം, 23); അവളില്‍ നിന്നകലുന്നവന്‍ മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു (അതേ സ്ഥലം).
സഭൈക്യത്തിന്‍റെ ശൃംഖലകളെ തകര്‍ക്കുന്ന ശീശ്മയും പാഷണ്ഡതയും പൊട്ടപ്പുറപ്പെട്ടപ്പോള്‍ ഐക്യത്തിന്‍റെ ശ്രേഷ്ഠത ഊന്നിപ്പറയേണ്ടി വന്നു. മെത്രാനോടുള്ള യോജിപ്പാണത്യാവശ്യം. മെത്രാന്‍ സഭയിലാമ്; സഭ മെത്രാനിലും. മെത്രാനോടുകൂടിയല്ലാത്തവന്‍ സഭയിലല്ല (ലേഖനം, 66.8). മെത്രാന്മാര്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികളാണ്. ശ്ലീഹന്മാരാണു ആദ്യത്തെ മെത്രാന്മാര്‍ (ലേഖനം, 3,3); സഭ അവരില്‍ പണിയപ്പെട്ടിരിക്കുന്നു. അവരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ ഒന്നിച്ചൊരു സംഘമായി സഭയെ ഭരിക്കുന്നു; ഐക്യം പാലിക്കുന്നു. അക്കാലത്തു മെത്രാന്മാരുടെ തെരഞ്ഞെടുപ്പു എപ്രകാരമായിരുന്നു എന്നു സിപ്രിയാനില്‍നിന്നു ഗ്രഹിക്കാം. ആരു മെത്രാനാകണം എന്നതു ദൈവമാണു നിശ്ചയിക്കുന്നത്; ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു; മെത്രാന്മാര്‍പട്ടം കൊടുക്കുന്നു. ദൈവത്തിന്‍റെ വിധി പ്രാദേശികസഭയുടെ അംഗീകാരത്തില്‍ അടങ്ങിയിരിക്കുന്നു. മെത്രാന്മാരുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ മെത്രാന്‍ തെരഞ്ഞെടുക്കപ്പെടണം (ലേഖനം, 43,1; 55, 8-9; 59, 2-5; 67, 4-5; 68, 1-2).
മെത്രാന്‍ ദൈവതിരുമുമ്പാകെ മാത്രമേ കണക്കു ബോധിപ്പിക്കേണ്ടതുള്ളു എന്ന ആശയമായിരുന്നു സിപ്രിയാന്. 'പരസ്പരം യോജിച്ചും കത്തോലിക്കാസഭയുടെ പരിപാവനമായ ഐക്യം കാത്തുസൂക്ഷിച്ചും ഇരിക്കുന്നിടത്തോളം കാലം ഓരോരുത്തരുടെയും പ്രവൃത്തികളെ അവനവന്‍തന്നെ വിധിക്കുന്നു; എന്നാല്‍ ഒരുദിവസം ദൈവമുമ്പാകെ കണക്കുകൊടുക്കേണ്ടതാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം'(ലേഖനം, 55, 21).
യോജിച്ചിരിക്കുമ്പോളിതു മതി. യോജിക്കാതെയിരുന്നാല്‍ സഭൈക്യത്തിനു കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ഒരാള്‍ ചെയ്താല്‍ എന്തു ചെയ്യണം? അവനവന്‍തന്നെ വിധിച്ചാല്‍ പോരാ; ദൈവത്തിന്‍റെ മുമ്പാകെയുള്ള കണക്കു മാത്രമല്ല; ഭൂമിയില്‍തന്നെ ചോദിക്കാന്‍ ആളുകളുണ്ട്. യോജിച്ചു ഭരിക്കുന്ന സാഹചര്യത്തില്‍ ഒരുത്തനും മറ്റൊരുത്തന്‍റെമേല്‍ ആധിപത്യത്തിനു മുതിരാന്‍ പാടില്ല എന്ന ചിന്താഗതിയാണു സിപ്രിയാനുണ്ടായിരുന്നത്. 256 സെപ്റ്റംബറില്‍ കൂടിയ ആഫ്രിക്കന്‍ സിനഡില്‍ സിപ്രിയാന്‍ അതു പ്രഖ്യാപിക്കുകയും ചെയ്തു: 'ഞങ്ങളുടെയിടയില്‍ ആരുംതന്നെ മെത്രാന്മാരുടെ മെത്രാനായി സ്വയം അവരോധിക്കാറില്ല; ഭീകരഭരണത്താലോ, ഉരുക്കുമുഷ്ടിയാലോ നിര്‍ബന്ധിച്ചുള്ള വിധേയത്വത്തിനു കൂടെയുള്ളവരെ ഞങ്ങളിലാരും നിര്‍ബന്ധിക്കാറില്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ ചെയ്തികളെ സംബന്ധിച്ചു സ്വാതന്ത്ര്യം ഉള്ളതിനാലും ആരും പരസ്പരം വിധിക്കാത്തതിനാലും ഞങ്ങള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു; നാമെല്ലാവരും കര്‍ത്താവിന്‍റെ ന്യായവിധിയെ പാര്‍ത്തിരിക്കണം. സഭാ ഭരണത്തില്‍ നമ്മെ നിയമിക്കാനും നമ്മുടെ പ്രവൃത്തികളെ വിധിക്കാനും അവനു മാത്രമേ അധികാരമുള്ളൂ'.
പത്രോസിനുണ്ടായിരുന്ന അധികാരങ്ങള്‍ മറ്റു ശ്ലീഹന്മാര്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു: 'പത്രോസ് എന്തായിരുന്നുവോ, അതു മറ്റു ശ്ലീഹന്മാരും ആയിരുന്നു. എന്നാല്‍ സഭയിലെ ഐക്യം സ്പഷ്ടമാക്കാന്‍ ഒരുവനില്‍ അവന്‍ ആരംഭം കുറിച്ചു (സഭൈക്യം, 4). പത്രോസ് തന്നെയും സര്‍വജ്ഞാനിയെന്നവകാശപ്പെട്ടില്ല; കര്‍ത്താവു പത്രോസിനെ തിരഞ്ഞെടുക്കുകയും അവനില്‍ സഭ പണിയുകയും ചെയ്തു; എന്നാല്‍ ഛേദനാചാരം സംബന്ധിച്ചു പൗലോസ് അവനോടു തര്‍ക്കിച്ചപ്പോള്‍, തന്‍റെ പ്രത്യേകാധികാരങ്ങളെപ്പറ്റിയൊന്നും പറഞ്ഞില്ല. സേച്ഛാധിപത്യപരമായ ചിന്തകളൊന്നും അവന്‍ പുലര്‍ത്തിയില്ല; അധ്യക്ഷസ്ഥാനമുണ്ട്, അതുകൊണ്ട് എല്ലാവരും അനുസരിക്കണമെന്നും പറഞ്ഞില്ല (ലേഖനം, 71, 3).
റോമന്‍ സഭയോടു സിപ്രിയാനു വളരെ ബഹുമാനമായിരുന്നു. സഭൈക്യത്തിന്‍റെ കണ്ണിയായി സിപ്രിയാന്‍ റോമാസഭയെ കാണുന്നു. അതുപോലെ സത്യവിശ്വാസം കളങ്കരഹിതമായി നിലനില്‍ക്കുന്നതും ആ സഭയിലാണ്. അവരുടെ വിശ്വാസം ശ്ലീഹാ പ്രകീര്‍ത്തിച്ചിട്ടുള്ളതാണ്. അവരുടെയിടയില്‍ വിശ്വാസത്തിനു എതിരായി ഒന്നും പ്രവേശിച്ചിട്ടില്ല (ലേഖനം, 59, 14). പത്രോസിന്‍റെ സിംഹാസനം പ്രധാന സഭയും പൗരോഹിത്യ സംബന്ധമായ ഐക്യത്തിന്‍റെ സ്രോതസ്സുമാണ്. 'സഭൈക്യത്തെ സംബന്ധിച്ച' ഗ്രന്ഥം വായിച്ചാല്‍ സിപ്രിയാന്‍ റോമന്‍ സഭയോടുള്ള ബഹുമാനം വളരെ വ്യക്തമാണ്.
പിന്നെന്തുകൊണ്ട് പാഷണ്ഡരുടെ സ്നാനം സംബന്ധിച്ചു സിപ്രിയാന്‍ പോപ്പ് സ്റ്റീഫനെ എതിര്‍ത്തു? സിപ്രിയാന്‍റെ വീക്ഷണഗതിയില്‍ ഓരോ സഭയുടെയും പ്രാദേശിക കാര്യങ്ങളില്‍ മറ്റു സഭയില്‍പ്പെട്ടവര്‍ ഇടപെടാന്‍ പാടില്ല. റോമാ മെത്രാന്‍ വി. പത്രോസിന്‍റെ പിന്‍ഗാമിയായി പ്രധാന സിംഹാസനത്തിലിരിക്കുന്നുവെങ്കിലും ഓരോരോ സഭകളിലെ പാരമ്പര്യങ്ങള്‍ മാനിക്കപ്പെടണം. ആഫ്രിക്കന്‍ സഭയില്‍ പാഷണ്ഡരുടെ മാമ്മോദീസാ കൂദാശയായി പരിഗണിച്ചിട്ടില്ലായിരുന്നു. അതായിരുന്നാദിമുതലുള്ള പാരമ്പര്യം. തെര്‍ത്തുല്യന്‍ അതു പഠിപ്പിച്ചു; സിപ്രിയാന്‍ അതാവര്‍ത്തിച്ചു; ആഫ്രിക്കന്‍ സിനഡുകള്‍ അതു നിയമമായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ റോമാമെത്രാനെ എതിര്‍ക്കുക സ്വഭാവികമാണ്. കൂടാതെ ഇന്നത്തെപ്പോലെ സാര്‍വത്രിക സൂനഹദോസുകള്‍ കൂടി വിശ്വാസപ്രമാണം സ്പഷ്ടമായി തീരുമാനിക്കപ്പെട്ടിരുന്നില്ല.
റോമന്‍ മെത്രാനെ അറിയിക്കേണ്ട കാര്യങ്ങളെപ്പറ്റി സിപ്രിയാനു നല്ല ബോധ്യമുണ്ടായിരുന്നു. ഫോര്‍ത്തുണാത്തുസ് എന്ന മെത്രാനെ സിപ്രിയാന്‍ വാഴിച്ചു. റോമിനോടാലോചിക്കാതെയാണിത് ചെയ്തത്. പോപ്പ് കൊര്‍ണേലിയൂസ് ഇതു സംബന്ധിച്ചു സിപ്രിയാനോടു എഴുതി ചോദിച്ചു. മറുപടിക്കത്തില്‍ ഗൗരവമേറിയ ഏതു പ്രശ്നവും റോമാമെത്രാനു സമര്‍പ്പിക്കേണ്ട തന്‍റെ കടമയെപ്പറ്റി സമ്മതിക്കുന്നുണ്ട് (ലേഖനം, 59, 9).
ഇതുതന്നെ മറ്റൊരവസരത്തിലും സ്പഷ്ടമായി കാണാം. പോപ്പ് ഫാബിയന്‍ മതപീഡനത്തില്‍ മരിച്ചു. സിപ്രിയാന്‍ അപ്പോള്‍ ഒളിവിലായിരുന്നു. സിപ്രിയാന്‍റെ ചെയ്തികളെ സംബന്ധിച്ചു റോമന്‍ വൈദികസമൂഹമാണു സിപ്രിയാനെ കുറ്റപ്പെടുത്തുന്നത്. ഉടനെതന്നെ തന്‍റെ ചെയ്തികളെ ന്യായീകരിച്ചുകൊണ്ടു സിപ്രിയാന്‍ അവര്‍ക്കെഴുതി എന്നു മാത്രമല്ല 'വീണവരെ' സംബന്ധിച്ചുള്ള റോമന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
പാഷണ്ഡരുടെ മാമ്മോദീസാ അസാധുവാണെന്നു വിശ്വസിച്ചിരുന്നയാളാണു സിപ്രിയാന്‍. ശിശുസ്നാനത്തിനുവേണ്ടി സിപ്രിയാന്‍ വാദിച്ചു. തെര്‍ത്തുല്യന്‍റെ ചിന്താഗതിയനുസരിച്ചു ക്രിസ്തുവിനെയറിയാന്‍ പ്രായമായിട്ടു സ്നാനം സ്വീകരിച്ചാല്‍ മതി എന്നായിരുന്ന (സ്നാനത്തെപ്പറ്റി, 18). സിപ്രിയനാകട്ടെ ജനിച്ചാല്‍ എത്രയും വേഗം മാമ്മോദീസാ നല്‍കണമെന്നു പഠിപ്പിച്ചു (ലേഖനം, 64). ജലംകൊണ്ടുള്ള മാമ്മോദീസയേക്കാള്‍ ശ്രേഷ്ഠവും മഹനീയവുമാണു രക്തം ചിന്തിയുള്ള മാമ്മോദീസാ.
മാമ്മോദീസായ്ക്കുശേഷം ഉള്ള അനുതാപവും പാപമോചനവും സിപ്രിയാന്‍ അംഗീകരിക്കുന്നു. യഥാര്‍ത്ഥമായി അനുതപിച്ച പാപികളെ സഭയുടെ ഐക്യത്തില്‍ സ്വീകരിക്കാം എന്നു സിപ്രിയാന്‍റെ ലേഖനങ്ങളില്‍നിന്നു വ്യക്തമാണ്. ഈ കാര്യത്തില്‍ സിപ്രിയാന്‍ ഒരു മധ്യമാര്‍ഗമാണു സ്വീകരിച്ചത്. സ്വീകരിക്കാനേ പാടില്ല എന്നു കര്‍ക്കശമായി നൊവേഷ്യന്‍ അബദ്ധോപദേശകര്‍ ശാഠ്യം പിടിച്ചു. വേണ്ട അനുതാപം ഇല്ലെങ്കിലും പാപികളെ ഉടനെതന്നെ ചേര്‍ക്കണം എന്നു തന്‍റെ വൈദികഗണത്തില്‍പെട്ട നൊവാത്തുസും കൂട്ടരും വാദിച്ചു. രണ്ടിനുമിടയില്‍ഉള്ള മാര്‍ഗം സിപ്രിയാന്‍ അവലംബിച്ചു.
കുര്‍ബാനയെപ്പറ്റിയും മറ്റനേകം വിഷയങ്ങളെപ്പറ്റിയും സിപ്രിയാന്‍ പഠിപ്പിച്ചിട്ടുണ്ട്. അവയെല്ലാം അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍നിന്നു ഗ്രഹിക്കാവുന്നതാണ്.
ജനങ്ങളും വൈദികരും മെത്രാന്മാരും ഉള്‍പ്പെട്ട ഒരു സമൂഹമാണു സഭ. മെത്രാന്മാര്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികളാണ്. അപ്പസ്തോലിക പിന്‍തുടര്‍ച്ചവഴി മെത്രാന്മാര്‍ സഭാശുശ്രൂഷ നിര്‍വഹിക്കുന്നു. സഭ മെത്രാനിലാണ്; മെത്രാന്‍ സഭയിലുമാണ്. മെത്രാന്‍ സഭയിലാണ്, സഭയ്ക്കുപരിയല്ല എന്നതു സിപ്രിയാന്‍റെ ഒരടിസ്ഥാന ചിന്തയാണ്.
സഭ ദൈവത്തിന്‍റെ ജനമാണെന്നുള്ള ആശയം സിപ്രിയാന്‍ വിശദീകരിക്കുന്നു. ഇസ്രായേല്‍ ദൈവത്തിന്‍റെ സഭയായിരുന്നു. അവരില്‍നിന്നു രക്ഷ പുറജാതികളുടെ ഇടയിലേക്കു കടന്നു. സഭ പുതിയ ഇസ്രായേലാണ്; പുതിയ ജനമാണ്. പഴയജനം യാഹ്വേയുമായി ബന്ധപ്പെട്ടിരുന്നു; പുതിയനിയമസഭ ക്രിസ്തുവുമായും.സഭ ഒരു നിഗൂഢയാഥാര്‍ത്ഥ്യമാണെന്നുള്ളതു സിപ്രിയാന്‍റെ ഒരടിസ്ഥാന ചിന്തയാണ്. സഭയുടെ നിഗൂഢതയുടെ ആഴം പൂര്‍ണമായി ഗ്രഹിക്കുക ഈ ഭൂമിയില്‍വച്ചു വിഷമമാണ്. സഭ മാതാവും വധുവുമാണ്. തന്‍റെ കുഞ്ഞുങ്ങളെ മാറോടണയ്ക്കുകയും പ്രസവത്താല്‍ കുടുംബത്തിന്‍റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അമ്മയാണു സഭ.ദൈവജനത്തിന്‍റെ ഘടന ഒരു രഹസ്യമായിത്തന്നെ നിലകൊള്ളുന്നു. ഉത്ഭവത്തിലും വളര്‍ച്ചയിലും സഭ നിഗൂഢയാഥാര്‍ത്ഥ്യമാണ്.
സഭയുടെ ഐക്യം ത്രിത്വത്തില്‍നിന്നു വരുന്നതാണ്. ഐക്യത്തിന്‍റെ ആധാരം ത്രിത്വമാണ്. ഏകനാണ് ദൈവം; എന്നാല്‍ ദൈവം ത്രിത്വമാണ്. സഭ ത്രിത്വത്തില്‍നിന്നു പുറപ്പെടുന്നു. ത്രിത്വത്തിന്‍റെ മാതൃകയില്‍ ത്രിത്വത്തില്‍ ഭാഗഭാഗിത്വം സ്വീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ് സഭ.
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സ്നേഹത്തില്‍ ദൈവജനം ഒന്നിച്ചു ചേര്‍ക്കപ്പെടുന്നു. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നാമും ഒരു ജനമായി ഐക്യത്തില്‍ വസിക്കണം. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാകുന്നു. 'മൂന്നും ഒന്നാകുന്നു' എന്നു ത്രിത്വത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. ത്രിത്വത്തിന്‍റെ ഐക്യത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു സഭയുടെ ഐക്യം എന്ന് 'സഭൈക്യത്തെപ്പറ്റി' എന്ന കൃതിയില്‍ സിപ്രിയാന്‍ സംസാരിക്കുന്നു (6). സഭയുടെ ഐക്യം ഉന്നതത്തില്‍നിന്നു, അതായതു പിതാവില്‍നിന്നു വരുന്നതാണ് (7). 'ഞാനും പിതാവും ഒന്ന്'(യോഹ 10:30) എന്നു പറഞ്ഞ ക്രിസ്തു സഭയെ സ്ഥാപിച്ചു. 'ഒരാട്ടിന്‍ കൂട്ടവും ഒരിടയനും' ഉണ്ടാകുവാന്‍ വേണ്ടിയാണത് (ലേഖ. 69,5). ഏക ദൈവത്തെപ്പോലെ ഏക സഭയും. സഭയുടെ ഐക്യത്തെപ്പറ്റി സംസാരിക്കുമ്പോഴാണു സിപ്രിയാനേറ്റം വാചാലനായിത്തീരുന്നത്. സിപ്രിയാന്‍റെ സഭാശാസ്ത്രമാണു തന്‍റെ കൃതികളില്‍ നിഴലിച്ചു നില്‍ക്കുന്നത്; അതു മറ്റേതിനെക്കാളുപരി സിപ്രിയാന്‍റെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നു. സഭയെ വെട്ടിക്കീറുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ ജീവിച്ച സിപ്രിയാന്‍ പിളര്‍പ്പിന്‍റെ തിക്തഫലങ്ങളെ മുന്നില്‍ കണ്ടു. ത്രിത്വത്തിന്‍റെ ഐക്യത്തിന്‍റെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു സഭ ഏകവും അവിഭാജ്യവുമായിരിക്കണമെന്നാണു സിപ്രിയാന്‍റെ ഉറച്ച വിശ്വാസം. ആഫ്രിക്കന്‍-റോമന്‍ സഭകളില്‍ മാത്രമല്ല, സാര്‍വത്രിക സഭ മുഴുവനും സ്വാധീനം ചെലുത്തക്ക ചിന്താസരണിയാണു സിപ്രിയാന്‍ വെട്ടിത്തുറന്നത്
Latin Fathers catholic malayalam church fathers Rev. Fr. Joseph Kakkaramattathil Rev. Dr. Thomas Kochukarottu Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206