x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ശിശുക്കൾക്ക് ജ്ഞാനസ്നാനം നൽകാമോ?

Authored by : Fr. George Panamthottam CMI On 14-Oct-2022

ശൈശവ മാമോദീസാ എന്ന പതിവ് സഭയുടെ അതിപുരാതനമായ ഒരു പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടുമുതൽ ഈ പതിവിനെപ്പറ്റി സുദൃഢമായ സാക്ഷ്യം ലഭിച്ചിട്ടുണ്ട്.

രക്ഷയുടെ കൃപാവരം ദൈവം സൗജന്യമായി നൽകുന്നതാണ്. അതിൽനിന്നും ആരെയും മാറ്റി നിർത്തുന്നില്ല. ക്രിസ്തു ശിശുക്കളെ രക്ഷയുടെ കൃപാവരം സ്വീകരിക്കുന്നതിൽ നിന്നും മാറ്റി നിർത്തുന്നതായി തിരുവചനത്തിൽ കാണുന്നില്ല. "യേശു അവരെ സമീപിച്ച് അരുളിചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു സ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ" (മത്തായി 28: 18-20). എല്ലാ ജനതകളെയും എന്ന് യേശു പറയുമ്പോൾ ശിശുക്കളെ അവിടുന്നു മാറ്റിനിറുത്തുന്നില്ല. മാത്രമല്ല, "അവൻ കൈകൾവച്ച് അനുഗ്രഹികേണ്ടതിന് ശിശുക്കളെ അവന്റെ അടുത്തു അവർ കൊണ്ടുവന്നു. അവന്റെ ശിഷ്യന്മാർ ഇത് കണ്ടപ്പോൾ അവരെ ശകാരിച്ചു. എന്നാൽ, യേശു അവരെ തന്റെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. ശിശുക്കൾ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത് (ലൂക്കാ 18 : 15,16). തന്റെ ശിഷ്യത്വത്തിലേക്കും രാജ്യത്തിലേക്കും രക്ഷയിലേക്കും ശിശുക്കളെ അവിടുന്നു സ്നേഹപൂർവ്വം ക്ഷണിക്കുന്ന വചനഭാഗമാണിത്.

“യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു. ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരു വനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല" (യോഹ. 3:5).  ഈ രണ്ടാം ജനനം എന്തിനെ സൂചിപ്പിക്കുന്നു? അത് ക്രിസ്തുവിനോടുള്ള ഐക്യപ്പെടലാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ക്ഷണിക്കുകയോ ആരെയെങ്കിലും മാറ്റി നിർത്തുകയോ ചെയ്യുന്നില്ല. കാരണം, വിശുദ്ധ പൗലോസ് പറയുന്നു. “ക്രിസ്തുവിനോട് ഐക്യപ്പെടാൻ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശു ക്രിസ്തുവിൽ ഒന്നാണ്” (ഗലാത്തി. 3:27).

വിശുദ്ധ പത്രോസിന്റെ വാക്കുകൾ ഇങ്ങനെ: “നിങ്ങൾ പശ്ചാത്തപിക്കുവിൻ. പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കും ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കൽ വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്" (അപ്പ. 2: 38,39). ശിശുക്കളെയും കർത്താവ് 'അടുക്കൽ' വിളിക്കുന്നു. അതിനാൽ, സന്താനങ്ങൾക്കും എന്ന് വിശുദ്ധ പത്രോസ് തെളിമയോടെ ഇവിടെ പരാമർശിക്കുന്നു. അതിനാൽ, ജ്ഞാനസ്നാനത്തിൽ നിന്ന് ശിശുക്കളെ മാറ്റിനിറുത്തേണ്ടതില്ല. മാതാപിതാക്കൾ അവരുടെ ശരീരത്തെ വളർത്താൻ ഭക്ഷണം നൽകുന്നതോ വിദ്യാഭ്യാസം നൽകുന്നതോ ഒന്നും അവരോടു ചോദിച്ചിട്ടല്ലല്ലോ. പിതാക്കളുടെ കടമയാണത്. ഇതുപോലെ, കുഞ്ഞുങ്ങളുടെ ആത്മാവിന്റെ പരിപോഷണത്തിന് ഈ കൂദാശ അത്യന്താപേക്ഷിതമാണ്. സ്വന്തം വിശ്വാസം തലമുറകൾക്കു കൈമാറാനുള്ള കടമ മാതാപിതാക്കൾക്ക് ഉണ്ട്. മക്കൾ വലുതായി സ്വന്തമായി ചിന്തിക്കാൻ പ്രാപ്തിയാകുമ്പോൾ അവരുടെ വിശ്വാസജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്യം അവർക്ക് ഉണ്ട്. പ്രാരംഭകാലം മുതൽ ശിശുക്കൾക്ക് മാമോദീസ നൽകിയിരുന്നു. കാരണം, അത് മനുഷ്യന്റെ അർഹതയും ആവശ്യപ്പെടാത്ത ഒരു കൃപാവരവും ദൈവദാനവുമാണ്. ശിശുക്കൾ മാമോദീസ സ്വീകരിക്കുന്നത് സഭയുടെ വിശ്വാസത്തിലാണ്. ക്രൈസ്തവ ജീവിതത്തിലേക്കുള്ള പ്രവേശനം യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമാണ്. വിശ്വാസ ജീവിതത്തിലേക്കുള്ള ഈ കവാടം കുഞ്ഞുങ്ങൾക്ക് തുറന്നുകൊടുക്കേണ്ട കടമ മാതാപിതാക്കൾക്ക് ഉണ്ടെന്നും തിരുസഭ വിശ്വസിക്കുന്നു.  

Living faith series : 6 (ചോദ്യം:1)

ശിശുക്കൾക്ക് ജ്ഞാനസ്നാനം നൽകാമോ? Fr. George Panamthottam CMI ശൈശവ മാമോദീസാ Living faith series : 6 (ചോദ്യം:1) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message