x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

തിരുക്കുടുംബത്തോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024

തിരുക്കുടുംബത്തോടുള്ള നൊവേന

യൗസേപ്പിതാവും മാതാവും ഈശോയും ഒരുമിക്കുന്ന നസ്രത്തിലെ തിരുക്കുടുംബത്തെ ഭൂമിയിലെ കുടുംബങ്ങൾക്കെല്ലാം മാതൃകയായി പരിഗണിക്കുന്നത്. ശക്തമായ ഒരു സഭാപാരമ്പര്യമാണ്. തിരുക്കുടുംബത്തിന്റെ പ്രത്യേകമായ സംരക്ഷണത്തിനും അനുഗ്രഹത്തിനുമായി കുടുംബങ്ങളെ സമർപ്പിക്കുന്ന ശൈലി വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് തിരുക്കുടുംബത്തോടുള്ള നൊവേന രൂപം കൊള്ളുന്നത്. യൗസേപ്പിതാവിനെയും മാതാവിനെയും ഈശോയെയും അനുസ്മരിക്കുന്ന ഈ നൊവേന അനുഗ്രഹദായകവും പാരമ്പര്യാധിഷ്ഠിതവുമാണ്.

തിരുനാൾ ദിനം : ക്രിസ്മസ് കഴിഞ്ഞുവരുന്ന ഞായറാഴ്ച

പ്രാരംഭഗാനം

(നിത്യസഹായമാതേ.... എന്ന രീതി)

തിരുക്കുടുംബത്തിൻ മുമ്പിൽ
പ്രാർത്ഥിച്ചീടുന്നു ഞങ്ങൾ
അവിടുത്തെ പൈതങ്ങളാം
ഞങ്ങളെ കാത്തിടണേ

ഞങ്ങൾ തൻ മക്കളെന്നും
ഉണ്ണിയീശോതൻ പാതേ
നേർവഴി പുല്കീടുവാൻ
നിത്യമനുഗ്രഹിക്ക

തിരുക്കുടുംബത്തിലുള്ള
സ്നേഹസമാധാനവും
ഐക്യവും ഞങ്ങളുടെ
ഭവനങ്ങൾക്കേകീടണേ

കാർമ്മി: അനന്തമായ സ്നേഹവും അചഞ്ചലമായ വിശ്വസ്തതയും ഞങ്ങളോടു കാണിക്കുന്ന നല്ല ദൈവമേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു. അങ്ങയുടെ പരമമായ കാരുണ്യത്തെയോർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അങ്ങയുടെ ആത്മാവിനെ അയച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമേ. തിരുക്കുടുംബത്തിന്റെ മാതൃകയനുസരിച്ച് ഞങ്ങളുടെ കുടുംബങ്ങളെ നവീകരിക്കുവാനും തിരുകുടുംബത്തിൽ നിറഞ്ഞുനിന്നിരുന്ന കൂട്ടായ്മയും സ്നേഹവും ഞങ്ങളുടെ കുടുംബങ്ങളിൽ വളർത്തിയെടുക്കുവാനും ഞങ്ങളെ സഹായിക്കണമേ.

സമൂ: ആമ്മേൻ

കാർമ്മി: ഈശോ മറിയം യൗസേപ്പേ, തിരുക്കുടുംബത്തിന്റെ ചൈതന്യത്തിൽ ഞങ്ങളെ വളർത്തണമേ,

സമൂ: ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുവാൻ, തിരുക്കുടുംബമേ ഞങ്ങളുടെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: ഉത്തമ കുടുംബത്തിന്റെ മാതൃകയായ തിരുക്കുടുംബമേ (സമൂഹവും ചേർന്ന്)/ ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും/ പരസ്പരധാരണയിലും ഐക്യത്തിലും ജീവിക്കുവാനിടയാക്കണമേ./ ഞങ്ങളുടെ മക്കളെ/ തിന്മ നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും അകറ്റിനിർത്തി/ നന്മയുടെ വഴിയിലൂടെ നയിക്കുവാനും/ ദൈവാശ്രയബോധത്തിൽ വളർത്തുവാനും മാതാപിതാക്കന്മാരെ സഹായിക്കണമേ./ പല പ്രതിസന്ധിഘട്ടങ്ങളിലും, സംശയങ്ങളുടെ സാഹചര്യത്തിലും ദൈവത്തോട് ആലോചന ചോദിച്ചുകൊണ്ട്/ ദൈവികനിർദ്ദേശങ്ങൾക്കനുസൃതം ജീവിക്കുവാൻ പരിശ്രമിച്ച തിരുക്കുടുംബമേ,/ ഞങ്ങളുടെ കുടുംബങ്ങളിൽ/ ഭാര്യാഭർത്താക്കന്മാർ പരസ്പരം സംശയിക്കുന്ന സന്ദർഭങ്ങളിലും/ ബന്ധം വേർപെടുത്താൻ ആലോചിക്കുന്ന സാഹചര്യങ്ങളിലും/ ദൈവവചനത്തിന് ഹൃദയം തുറക്കുവാനും/ ദൈവേഷ്ടത്തിന് വിധേയമായി പ്രവർത്തിക്കുവാനും വേണ്ട/ വിനയവും വിശ്വാസവും ഞങ്ങൾക്ക് നല്കണമേ./ കുടുംബസമാധാനം തകർക്കുന്ന/ എല്ലാ അശുദ്ധിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,/ ആമ്മേൻ.

സങ്കീർത്തനം (112)

കാർമ്മി: കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ

സമൂ: അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും

കാർമ്മി: അവന്റെ ഭവനം സമ്പദ്സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കും

സമൂ: പരാമർത്ഥഹൃദയർക്ക് അന്ധകാരത്തിൽ പ്രകാശമുദിക്കും; അവരുടെ സ്മരണ എന്നേക്കും നിലനില്ക്കും.

കാർമ്മി: അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്.

സമൂ: അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും. അവൻ ആരെയും ഭയപ്പെടുകയില്ല.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കാം.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കുമെന്ന് അരുളിച്ചെയ്ത ഈശോയേ അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ ലോകരാഷ്ട്രങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: ദൈവജനത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................... മെത്രാപ്പോലീത്തായെയും തങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ.................. മെത്രാപ്പോലീത്തായെയും എല്ലാ വൈദികമേലധ്യക്ഷന്മാരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയെയും ഞങ്ങളുടെ പിതാവും മേലദ്ധ്യനുമായ മാർ.............. മെത്രാനെയും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമെന്നും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു നല്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: ഞങ്ങളുടെ ഇടവകാംഗങ്ങളെല്ലാവരും യോജിപ്പിലും ഒരുമയിലും അങ്ങയുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ജീവിക്കുന്നതിന് ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലർത്തണമെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അങ്ങയെപ്പോലെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ ഇടയാക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: തിരുക്കുടുംബമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ സ്നേഹമായ ഈശോയുടെ തിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: സ്നേഹപിതാവായ ദൈവമേ, പരസ്പരധാരണയിലും സ്നേഹത്തിലും സമർപ്പണത്തിലും ആത്മീയചൈതന്യത്തിലും നിലനിന്ന തിരുക്കുടുംബം, ഞങ്ങളുടെ തുണയും സങ്കേതവുമായിരിക്കട്ടെ. തിരുക്കുടുംബകൂട്ടായ്മയുടെ ഉണർവ്വും ചൈതന്യവും ഞങ്ങളുടെ കുടുംബങ്ങൾക്ക് പ്രദാനം ചെയ്യണമേ. ഉണ്ണിമിശിഹായുടെ അനുസരണവും യൗസേപ്പിതാവിന്റെ നീതിബോധവും പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയനൈർമ്മല്യവും തങ്ങൾക്കു നല്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)

ഈശോ മറിയം യൗസേപ്പേ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

അന്ന് നസ്രസ്സിൽ പാവനമായൊരു
ജീവിതമാതൃക നൽകിയോരെ
പാപികളിവർ തൻ ജീവിതബന്ധങ്ങൾ
പാവനമാക്കിത്തീർക്കണമേ (ഈശോ മറിയം യൗസേപ്പേ)

തിരുവചനത്തിൻ സാക്ഷികളായ്
നന്മകൾ ചെയ്തു നടന്നവരേ
ജീവിതയാത്രയിൽ പാദങ്ങൾ പതറാതെ
വചനവെളിച്ചം തെളിച്ചിടുവാൻ (ഈശോ മറിയം യൗസേപ്പേ)

കാർമ്മി: സ്നേഹപിതാവായ ദൈവമേ, (സമൂഹവും ചേർന്ന്)/ ജ്ഞാനത്തിലും പ്രായത്തിലും/ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും/ വളർന്നുവന്ന അങ്ങയുടെ പുത്രന്റെ സമക്ഷം,/ ഞങ്ങളുടെ എല്ലാ മക്കളെയും ഞങ്ങൾ സമർപ്പിക്കുന്നു./ ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നല്കണമെന്ന്/ ഞങ്ങളെ പഠിപ്പിച്ച തിരുക്കുടുംബത്തിന്റെ മാതൃകയാൽ/ ഞങ്ങളുടെ കുടുംബങ്ങളിൽ ആഴമേറിയ വിശ്വാസവും/ അങ്ങയിൽ അചഞ്ചലമായ ആശ്രയബോധവും/ വളർത്തിയെടുക്കാൻ ഞങ്ങളെ സഹായിക്കണമേ./ ഞങ്ങളെല്ലാവരും ദൈവികകാര്യങ്ങളിൽ തത്പരരാകാനും/ ദൈവവചനമനുസരിച്ച് തീക്ഷ്ണമായ വിശ്വാസത്തിൽ ജീവിച്ച്/ തിരുക്കുടുംബത്തിന്റെ ചൈതന്യം തുടരുവാനും അനുഗ്രഹിക്കണമേ./ സ്നേഹം ലഭിക്കാതെയും/ മാതാപിതാക്കളാൽ അവഗണിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും കഴിയുന്ന/ എല്ലാ മക്കളെയും തിരുകുടുംബത്തിന്റെ മാദ്ധ്യസ്ഥത്തിന് ഞങ്ങൾ സമർപ്പിക്കുന്നു./ തിരുക്കുടുംബത്തിന്റെ സ്നേഹവും സംരക്ഷണവും നല്കി/ അവരെ വളർത്തണമേ./ സകലത്തിന്റെയും നാഥാ, എന്നേക്കും,/ ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാക്കുവാൻ

സമൂ: തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ.

സമാപന പ്രാർത്ഥന

കാർമ്മി: സ്നേഹവും ഐക്യവും സമാധാനവും പുലർത്തിയിരുന്ന തിരുക്കുടുംബം നിങ്ങളുടെ കുടുംബജീവിതം സമാധാനപൂർണവും ഐശ്വര്യപൂർണവുമാക്കട്ടെ. തിരുക്കുടുംബത്തിൽ വിളങ്ങിയിരുന്ന പരസ്പര സഹകരണവും വിശ്വസ്തതയും നിങ്ങളുടെ കുടുംബങ്ങളിലും ഉണ്ടാകുമാറാകട്ടെ. തിരുക്കുടുംബത്തിന്റെ ചൈതന്യം യഥാർത്ഥമായ പശ്ചാത്താപത്തിലേക്കും അനുതാപത്തിലേക്കും നിങ്ങളെ നയിച്ച് നിങ്ങളുടെ കുടുംബങ്ങളെ നവീകരിക്കുവാൻ ഇടയാകട്ടെ. നിങ്ങളുടെ ആവശ്യങ്ങളിൽ നിങ്ങൾക്ക് തുണയും സംരക്ഷണവും നല്കുന്ന തിരുക്കുടുംബത്തിന്റെ അനുഗ്രഹം എന്നും നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും+ എപ്പോഴും+ എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

ഈശോ മറിയം യൗസേപ്പേ
നിത്യവും കാത്തിടേണേ
ഞങ്ങളുടെ കുടുംബം
തിരുക്കുടുംബമാക്കൂ

തീരാത്ത വ്യാധികളും
മാറാത്ത രോഗങ്ങളും
ജീവിത ദുഃഖങ്ങളും
സർവ്വതും നല്കീടുന്നു (ഈശോ മറിയം...)

നല്ലൊരു മാതാവാക്കൂ
നല്ലൊരു പിതാവാക്കൂ
നൽമക്കളാക്കിത്തീർത്ത്
തിരുക്കുടുംബമാക്കൂ (ഈശോമറിയം...)

തിരുക്കുടുംബത്തോടുള്ള നൊവേന യൗസേപ്പിതാവും മാതാവും ഈശോയും തിരുക്കുടുംബത്തിന്റെ മാതൃക prayer-to-holy-family Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message