x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

ശരീരങ്ങളുടെ ഉയിര്‍പ്പും നിത്യഭാഗ്യവും

Authored by : Mar Joseph Pamplany On 09-Sep-2020

"ശരീരങ്ങളുടെ ഉയിര്‍പ്പില്‍ വിശ്വസിക്കുന്നു" എന്നത് സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. ദൈവതിരുമുമ്പില്‍ നീതിമാന്മാരായി ജീവിച്ചവര്‍ നിത്യം ജീവിക്കുമെന്ന സത്യം പഴയനിയമത്തിന്‍റെ ആരംഭം മുതല്‍ക്കേ പൂര്‍ണ്ണമായും വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. എന്നാല്‍ യവനകാലഘട്ടത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസം പ്രകടമാണ് (2 മക്ക 7:9, 14, 23; 14:46).

1.  യേശു മരിച്ചവരുടെയിടയില്‍നിന്ന് ആത്മശരീരങ്ങളോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം. മരണത്തിലൂടെ ശരീരം മൃതമായി ഇല്ലാതാകുന്നുവെന്നും ആത്മാവ് മാത്രം അമര്‍ത്യമായി നിലകൊള്ളുന്നുവെന്നും ഉള്ള ചിന്താഗതിയെയാണ് ക്രിസ്തു തന്‍റെ ഉത്ഥാനത്തിലൂടെ വെല്ലുവിളിച്ചത്. ആത്മാവും ശരീരവുമുള്ള സമ്പൂര്‍ണ്ണ മനുഷ്യന്‍റെ രക്ഷയാണ് ക്രിസ്തുവിലൂടെ സാധിതമായത് എന്ന പ്രഖ്യാപനമാണ് ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസത്തിലൂടെ സ്പഷ്ടമാകുന്നത്. ക്രിസ്തുവിനെ ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവ് നമ്മുടെ മര്‍ത്യശരീരങ്ങളെയും ഉയിര്‍പ്പിക്കുമെന്ന് അപ്പസ്തോലനായ പൗലോസ് പഠിപ്പിക്കുന്നുണ്ട് (റോമ 8:11; 1 തെസ 4:14; 1 കോറി 6:14; 2 കോറി 4:14).

മരണാനന്തരം, മരിച്ചവര്‍ ഉയിര്‍ക്കില്ല എന്നു കരുതുന്നവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തെ നിഷേധിക്കുന്നവരാണെന്നും അപ്പസ്തോലന്‍ പഠിപ്പിച്ചു (1 കോറി 15:12-14). ശരീരങ്ങളുടെ ഉയിര്‍പ്പില്‍ ആദിമസഭയ്ക്കുള്ള വിശ്വാസത്തെക്കുറിച്ച് തെര്‍ത്തുല്യന്‍ പ്രതിപാദിക്കുന്നുണ്ട്. താന്‍ പുനരുത്ഥാനവും ജീവനുമാണ് എന്ന പ്രഖ്യാപനത്തിലൂടെ (യോഹ 11:25) ശരീരങ്ങളുടെ ഉയിര്‍പ്പിനെ താന്‍ എന്ന വ്യക്തിയുമായി യേശു ബന്ധിപ്പിക്കുകയായിരുന്നു എന്ന് സഭയുടെ സാര്‍വ്വത്രിക മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. തന്‍റെ പരസ്യജീവിതകാലത്ത് മരിച്ചവരെ ഉയിര്‍പ്പിച്ചുകൊണ്ട് (മര്‍ക്കോ 5:21-42; ലൂക്കാ 7:11-17) ശരീരങ്ങളുടെ ഉയിര്‍പ്പിന് യേശു പ്രതീകാത്മകമായി സാക്ഷ്യം നല്‍കി.

2.  ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ വിഷയം ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസമാണ് എന്ന വി. ആഗസ്തീനോസിന്‍റെ പ്രസ്താവന തികച്ചും ശ്രദ്ധാര്‍ഹമാണ്. പുതിയനിയമകാലത്തുതന്നെ ഈ വിശ്വാസത്തിനു വിരുദ്ധമായ ചിന്താഗതികള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു (അപ്പ 17:32; 1 കോറി 15:12-13). ശരീരങ്ങളുടെ ഉത്ഥാനത്തെ സഭ ഇപ്രകാരം നിര്‍വ്വചിക്കുന്നു: മരണത്തോടെ ശരീരത്തില്‍ നിന്നും വേര്‍പെട്ട് ദൈവദര്‍ശനത്തിനായി പോകുന്ന മനുഷ്യാത്മാവ് അതിന്‍റെ മഹത്വീകൃത ശരീരവുമായുള്ള സമാഗമത്തിനായി കാത്തിരിക്കുന്നു. ദൈവം തന്‍റെ അനന്ത ശക്തിയാല്‍ മര്‍ത്യമായ ശരീരങ്ങള്‍ക്ക് അക്ഷയമായ ജീവന്‍ പ്രദാനം ചെയ്യുന്നതിനായി അവയെ ആത്മാവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സമാഗമം സാധ്യമാകുന്നത് യേശുക്രിസ്തുവിന്‍റെ ഉത്ഥാനം വഴിയുള്ള ശക്തിയാലാണ്. ദുഷ്ടരും ശിഷ്ടരും ഒരുപോലെ ഉയിര്‍ക്കുമെന്നും സഭ പഠിപ്പിക്കുന്നു.

ഇപ്രകാരം ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ നമ്മുടെ മര്‍ത്യ ശരീരങ്ങളെ തന്‍റെ ഉത്ഥിതശരീരത്തിനു സമാനമായ മഹത്വീകൃത ശരീരങ്ങളായി ക്രിസ്തു രൂപാന്തരപ്പെടുത്തുന്നു. തന്മൂലം മര്‍ത്യ ശരീരങ്ങള്‍ ആത്മീയ ശരീരങ്ങളായി രൂപാന്തരപ്പെടുന്നു (1 കോറി 15:35-37,42). ശരീരങ്ങളുടെ ഉയിര്‍പ്പ് വിശ്വാസത്തിലൂടെ മാത്രമേ ഗ്രഹിക്കാനാകൂ. ക്രിസ്തു എപ്രകാരമാണ് നമ്മുടെ മര്‍ത്യശരീരങ്ങളെ രൂപാന്തരപ്പെടുത്തുന്നത് എന്നതിന്‍റെ മുന്നാസ്വാദനം ഓരോ ദിവ്യബലിയിലും നമുക്ക് ലഭിക്കുന്നു. മണ്ണില്‍ നിന്നുള്ള ഗോതമ്പപ്പം ദിവ്യബലിയില്‍ യേശുവിന്‍റെ മഹത്വീകൃതശരീരമാകുന്നതുപോലെ നമ്മുടെ മര്‍ത്യശരീരവും മഹത്വീകരിക്കപ്പെടും. ശരീരങ്ങളുടെ ഉയിര്‍പ്പ് ലോകാവസാന നാളിലാണ് സംഭവിക്കുന്നത്. ക്രിസ്തുവിന്‍റെ മഹത്വമേറിയ രണ്ടാമത്തെ ആഗമനവുമായി അഭേദ്യം ബന്ധപ്പെട്ടതാണ് ശരീരങ്ങളുടെ ഉയിര്‍പ്പ് എന്ന യാഥാര്‍ത്ഥ്യം (1 തെസ 4:16).

The resurrection of bodies Mar Joseph Pamplany Eternal Life Eternal Bliss Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message