x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

കറുത്ത കുര്‍ബ്ബാന

Authored by : Mar Joseph Pamplany On 15-Sep-2020

കറുത്ത കുര്‍ബ്ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ കറുത്ത കുര്‍ബ്ബാനയെ നിര്‍വ്വചിക്കാനോ വ്യാഖ്യാനിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാത്താന്‍ ആരാധനയ്ക്ക് ഏകീകൃത രൂപമോ നിശ്ചിതക്രമമോ ഇല്ല എന്നതുതന്നെയാണ് ഇതിനു കാരണം.

ചരിത്ര പശ്ചാത്തലം

കറുത്ത കുര്‍ബ്ബാന എന്നത് സാത്താന്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പദമായിരുന്നില്ല. മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികള്‍ കാഴ്ചവച്ചിരുന്ന ദിവ്യബലികളെയാണ് കറുത്ത കുര്‍ബ്ബാന(Black    Mass) എന്നു വിളിച്ചിരുന്നത്. നമ്മുടെ നാട്ടിലെ ശത്രുസംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്തവര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബ്ബാനകളായിരുന്നു ഇത്. എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതെത്തുടര്‍ന്നാണ് കറുത്ത കുര്‍ബ്ബാന എന്നപേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്. സാത്താനുമായി ബന്ധപ്പെട്ട ആരാധനാരൂപങ്ങള്‍ പുരാതനകാലംമുതലേ നിലനിന്നിരുന്നുവെങ്കിലും റോമന്‍ കുര്‍ബ്ബാനക്രമത്തിന്‍റെ ആക്ഷേപാനുകരണം എന്ന രീതിയിലുള്ള ആദ്യത്തെ കറുത്ത കുര്‍ബ്ബാന നടക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. ലൂയി XIV-മന്‍റെ പത്നിയുടെ (Madame de Montespan) ആവശ്യപ്രകാരം എറ്റിന്‍ ഗിബോര്‍ഗ് എന്ന പുരോഹിതനാണ് ആദ്യത്തെ കറുത്ത കുര്‍ബ്ബാന അര്‍പ്പിച്ചത് എന്നു കരുതപ്പെടുന്നു. രാജ്ഞിയുടെ നഗ്നമായ ശരീരത്തെ അള്‍ത്താരയാക്കി വി.ബലിയര്‍പ്പണം നടത്തിക്കൊണ്ടാണ് ഈ കറുത്ത കുര്‍ബ്ബാന നടത്തിയത്. എന്നാല്‍ ഇവിടെ സാത്താന്‍ ആരാധനയായിട്ടല്ല ബലിയര്‍പ്പണം നടത്തിയത്. ശരീരത്തില്‍വച്ച് വി.കുര്‍ബ്ബാനയുടെ അത്ഭുതകരമായ വസ്തുഭേദം സംഭവിക്കുന്നതിലൂടെ തന്‍റെ ശരീരത്തിന് രാജാവിനെ ആകര്‍ഷിക്കാനുള്ള വശ്യശക്തി ലഭിക്കുമെന്ന രാജ്ഞിയുടെ അബദ്ധധാരണയാണ് ഈ ബലിയര്‍പ്പണത്തിനു പിന്നിലെ പ്രേരകം. എന്നാല്‍ ഈ വിചിത്രരീതിയിലുള്ള ബലിയര്‍പ്പണത്തിന്‍റെ നടപടിക്രമങ്ങളെ സാത്താന്‍ ആരാധനയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് "കറുത്ത കുര്‍ബ്ബാന" എന്ന പേരില്‍ നിലവിലുള്ള അഭിനവ സാത്താന്‍ ആരാധന രൂപംകൊണ്ടത്. അമേരിക്കയിലെ കോവന്‍ ഗ്രൂപ്പ് 1968 ല്‍ 13 മിനിട്ട് ദൈര്‍ഘ്യമുള്ള കറുത്ത കുര്‍ബ്ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് അവരുടെ "സ്റ്റേജ് ഷോ" യുടെ ഭാഗമാക്കുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബ്ബാനയ്ക്ക് ഇന്നുള്ള പേരും പെരുമയും ലഭിച്ചത്. റോമന്‍ റീത്തിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ രീതിയില്‍ ആലപിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങളും പ്രാര്‍ത്ഥനയും ഇതിനെ കത്തോലിക്കാ ദിവ്യബലിയുടെ ആക്ഷേപാനുകരണമാക്കി മാറ്റി.

കര്‍മ്മക്രമം

സാത്താന്‍ സഭ എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു വിഘടിതസംഘം 1969 ല്‍ "സാത്താന്‍ കുര്‍ബ്ബാന"യുടെയും "സാത്താന്‍ ബൈബിളി"ന്‍റെയും ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ലത്തീന്‍ കുര്‍ബ്ബായെ അനുകരിച്ച് ത്രിത്വനാമത്തിനു പകരം സാത്താന്‍റെ നാമത്തിലാണ് കറുത്ത കുര്‍ബ്ബാന ആരംഭിച്ചിരുന്നത്. ബേല്‍സെബൂല്‍, അസ്മോദേവൂസ്, അസ്തറോത്ത് എന്നീ പിശാചുക്കളുടെ നാമത്തിലാണ് കറുത്ത കുര്‍ബ്ബാന ആരംഭിച്ചിരുന്നത്.
ലൂയി XIV-ന്‍റെ ഭാര്യ നടത്തിയ ആദ്യ കറുത്ത കുര്‍ബ്ബാനയെ അനുകരിച്ച് ഇന്നും സ്ത്രീയുടെ നഗ്നശരീരമാണ് കറുത്ത കുര്‍ബ്ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനുപകരം സ്ത്രീ-പുരുഷ ലൈംഗിക സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യഭാഗത്തെ സക്രാരിയായി സങ്കല്പിച്ച് വിശുദ്ധ കുര്‍ബ്ബാന പ്രസ്തുത ഭാഗത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പൈശാചിക പ്രാര്‍ത്ഥനകളിലൂടെ തിരുവോസ്തിയിലെ കര്‍ത്താവിന്‍റെ സാന്നിധ്യത്തെ അവഹേളിച്ച് അശുദ്ധമാക്കുക എന്നതാണ് ഇതിലെ കര്‍മ്മങ്ങളുടെ ആത്യന്തികലക്ഷ്യം. വി.കുര്‍ബ്ബാന പ്രതിഷ്ഠിച്ച "അള്‍ത്താര"യും "സക്രാരിയുമായി കാര്‍മ്മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതോടെയാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത്. റോമന്‍ റീത്തിലെ വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനു പകരമായാണ് ലൈംഗികബന്ധം എന്ന കര്‍മ്മം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആകര്‍ഷണങ്ങള്‍

സാത്താന്‍ ആരാധനയും കറുത്ത കുര്‍ബ്ബാനയും സകലധാര്‍മ്മികതയെയും ലംഘിക്കുന്നതാകയാല്‍ സദാചാരവിരുദ്ധര്‍ ഇത്തരം കര്‍മ്മങ്ങളിലേക്ക് ആവേശപൂര്‍വ്വം ആകര്‍ഷിക്കപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. ലൈംഗിക അരാജകത്വത്തിന് പരസ്യമായ അംഗീകാരം നല്‍കുന്നതിനാല്‍ കറുത്ത കുര്‍ബ്ബാന ആത്യന്തികമായി പരസ്യ വ്യഭിചാരം തന്നെയാണ്. സമൂഹത്തിലെ ഏറ്റവും സമ്പന്നരും വരേണ്യരുമായ വിഭാഗം മാത്രമേ പലപ്പോഴും കറുത്ത കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടാറുള്ളൂ. തന്മൂലം പലരും ഇത്തരം നിഗൂഢഗ്രൂപ്പുകളിലെ അംഗത്വത്തെ അംഗീകാരമായി കരുതുന്നതും ഇതിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് പിന്‍വലിയാനുള്ള സകലപഴുതുകളും അടയ്ക്കപ്പെടുന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്വമായിമാറുന്നു. ബാംഗ്ലൂരെ സാത്താന്‍ സേവാ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജോലിപോലും രാജിവച്ച് ഒളിവില്‍പോന്ന മൂവര്‍ സംഘത്തെ ഇതെഴുതുന്നയാള്‍ക്ക് വ്യക്തിപരമായി അറിയാം. സാത്താന്‍ സംഘത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങള്‍ ഇവര്‍ നല്‍കുകയുണ്ടായി. കത്തോലിക്കാ ദേവാലയങ്ങളില്‍നിന്ന് വിശുദ്ധ കുര്‍ബ്ബാന എത്തിച്ചുകൊടുത്താല്‍ ഓരോ തിരുവോസ്തിക്കും ഏഴായിരം മുതല്‍ പതിനയ്യായിരംവരെ തുക വാഗ്ദാനം ചെയ്ത കോഴിക്കോട് ആസ്ഥാനമായ കറുത്ത കുര്‍ബ്ബാനക്കാരുടെ സമൂഹത്തെക്കുറിച്ച് പ്രസ്തുത നഗരത്തിലെ രണ്ട് കത്തോലിക്കാ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ ഈ ലേഖകനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലും "കറുത്ത കുര്‍ബ്ബാന" രഹസ്യവും പരിമിതവുമായിട്ടാണെങ്കിലും നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാണ് മേല്‍പറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ചത്.

പരിഹാര മാര്‍ഗ്ഗങ്ങള്‍

വിശുദ്ധകുര്‍ബ്ബാന കയ്യില്‍ കൊടുക്കുന്ന രീതി കഴിഞ്ഞ ദശകത്തില്‍ ആരംഭിച്ചതോടെ വിശുദ്ധകുര്‍ബ്ബാനയുടെ ദുരുപയോഗ സാധ്യത ക്രമാതീതമായി വര്‍ദ്ധിച്ചു എന്നു സമ്മതിക്കാതെ തരമില്ല. അജപാലകരുടെ സത്വരശ്രദ്ധ പതിയേണ്ട മേഖലയാണിത്. നാവില്‍ സ്വീകരിച്ച വി.കുര്‍ബ്ബാന സാത്താന്‍ സേവകര്‍ക്ക് സ്വീകാര്യമല്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ വി.കുര്‍ബ്ബാനയുടെ നാവിലുള്ള സ്വീകരണം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാവുന്നതാണ്.
ആത്മീയതയെ ഭക്തകര്‍മ്മങ്ങളും ഭക്തിപ്രസ്ഥാനങ്ങളുമായി മാത്രം ബന്ധിപ്പിക്കുമ്പോഴാണ് കറുത്ത കുര്‍ബ്ബാനകള്‍ രൂപംകൊള്ളുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്മൂലം ആത്മീയതയെ കൂദാശാകേന്ദ്രീകൃതമാക്കാനും ആരാധനക്രമത്തിന്‍റെ അര്‍ത്ഥം ആഴത്തില്‍ പഠിപ്പിക്കാനും സഭയുടെ സത്വരശ്രദ്ധയും സര്‍വ്വവിധ പരിശ്രമവും ആവശ്യമുണ്ട്. കേരളസഭ ആരാധനാക്രമങ്ങളെപ്പോലും വിവാദവിഷയമാക്കുകയും അതിലൂടെ അവയെ അവഗണിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നാട്ടിലെ വിഘടിതഗ്രൂപ്പുകളോരോന്നിനെയും, സാത്താന്‍ സേവക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും മനസ്സിലാക്കാന്‍.

കറുത്ത കുര്‍ബ്ബാനയുടെ മറവില്‍ ഹൈടെക് പെണ്‍വാണിഭവവും വ്യഭിചാരവുമാണ് നടക്കുന്നത്. ക്രമസമാധാനപാലകരുടെ സത്വരശ്രദ്ധ ഇത്തരം മേഖലകളില്‍ പതിയേണ്ടതുണ്ട്. അങ്ങേയറ്റം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ സാമൂഹ്യവിരുദ്ധരായ സമ്പന്നരുടെ കൂട്ടായ്മയാണ്. ഇത്തരക്കാരുടെ കൂട്ടായ്മകള്‍ സമൂഹത്തിന്‍റെ സുസ്ഥിതിയ്ക്കും വരുംതലമുറയുടെ ഭാവിക്കും ദോഷകരമാകയാല്‍ കറുത്ത കുര്‍ബ്ബാനയ്ക്കെതിരേ സമൂഹമൊന്നടങ്കം ശക്തമായ നിലപാടുമായി രംഗത്തു വരേണ്ടതുണ്ട്.

Black Mass Mar Joseph Pamplany history of black mass black mass ceremonies Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message