x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, പത്രോസിന്‍റെ ഗുരുനിഷേധത്തെക്കുറിച്ച് (14:27-31)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

യേശു പരാമര്‍ശിക്കുന്ന പഴയനിയമഭാഗം സഖ 13:7 ആണ്. യേശുവിന്‍റെ മരണവും ശിഷ്യരുടെ പലായനവുമാണ് സഖറിയാ പ്രവചിച്ചിരിക്കുന്നത്. ആടുകള്‍ ഇടയനെവിട്ടു എന്നേയ്ക്കുമായി മാറിപ്പോകുമെന്നല്ല സഖറിയാ ഉദ്ദേശിക്കുന്നത്. ഇടയന്‍ ആക്രമിക്കപ്പെടുന്നതുകണ്ട് ഭയചകിതരായി ആടുകള്‍ ഓടിപ്പോകുന്നതിനെക്കുറിച്ചാണ് സഖറിയാ സൂചിപ്പിക്കുന്നത്. അതുതന്നെയാണ് യേശുവിന്‍റെ കാര്യത്തില്‍ സംഭവിച്ചതും. യേശു പിടിക്കപ്പെട്ടപ്പോള്‍ ശിഷ്യര്‍ അവനെവിട്ട് ഓടിപ്പോയി. എന്നാല്‍ പിന്നീട് അവര്‍ അവന്‍റെ ചുറ്റും ഒരുമിച്ചുകൂടുകയും ചെയ്തു. ഇടയന്‍ ആടുകള്‍ക്കു മുമ്പേ പോകുന്നതുപോലെ താന്‍ അവരെ ഗലീലിയിലേക്കു നയിക്കുമെന്ന് യേശുതന്നെ വാഗ്ദാനം ചെയ്യുന്നു.                                                                                                                                 
14:29-30, താന്‍ യേശുവിനെ ഉപേക്ഷിക്കാനുള്ള സാദ്ധ്യത ഉള്‍ക്കൊള്ളാന്‍ പത്രോസിനായില്ല. എല്ലാവരും യേശുവിനെ ഉപേക്ഷിച്ചാലും താന്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തനായി യേശുവിനോടു വിശ്വസ്തത പുലര്‍ത്തുമെന്ന് പത്രോസ് പ്രഖ്യാപിക്കുന്നു. എന്നാല്‍ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തനായി പത്രോസു മൂന്നുപ്രാവശ്യം തന്നെ നിഷേധിച്ചു പറയുമെന്ന് യേശു പ്രവചിക്കുന്നു. പത്രോസ് യേശുവിനെ നിഷേധിക്കുന്ന കാര്യം ഉറപ്പാണെന്നു മാത്രമല്ല ഉടനടിയുണ്ടാകുമെന്നും യേശു വ്യക്തമാക്കുന്നു. "ഈ രാത്രി" ഇത്രമാത്രം ആത്മവിശ്വാസം പ്രകടിപ്പിച്ച ഈ രാത്രിയില്‍ത്തന്നെ നീ പരാജയപ്പെടും.                                                                             
14:31, യേശുവിന്‍റെ മുന്നറിയിപ്പ് പത്രോസിനെ തന്‍റെ ബലഹീനതയെക്കുറിച്ച് അവബോധമുള്ളവനാക്കേണ്ടതായിരുന്നു. എങ്കില്‍ ശക്തിതരണമേയെന്ന് പത്രോസ് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍, യേശു പറഞ്ഞത് തെറ്റാണെന്നു താന്‍ തന്‍റെ മരണംകൊണ്ടു തെളിയിക്കുമെന്ന പ്രഖ്യാപനമാണു പത്രോസു നടത്തുന്നത്. താന്‍ എത്ര ബലഹീനനാണെന്നു പത്രോസു മനസിലാക്കിയില്ല. അതുകൊണ്ട് പരാജയത്തിലൂടെ അവന് പാഠം പഠിക്കേണ്ടതായിവന്നു. യേശു നല്കിയ മുന്നറിയിപ്പ് അവഗണിക്കുന്ന കാര്യത്തില്‍ പത്രോസു മറ്റു ശിഷ്യന്മാര്‍ക്ക് ദുര്‍മാതൃകയായി.യേശുവിനോടുള്ള നമ്മുടെ വിശ്വസ്തത വെല്ലുവിളികള്‍ നേരിടുമ്പോള്‍ നമ്മുടെ ഉദ്ദേശ്യശുദ്ധിയിലും ആത്മാര്‍ത്ഥതയിലും പ്രതിബദ്ധതയിലും ആശ്രയിക്കുന്നതിനുപകരം കുറവുകളെ സദാ പരിഹരിക്കുന്നവനും ആവശ്യമായ കൃപ തക്കസമയത്ത് നല്കുന്നവനുമായ ദൈവത്തിലാണ് നാം ആശ്രയിക്കേണ്ടതെന്ന്  ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ ആദ്യ വായനക്കാര്‍ ഈ സുവിശേഷം വായിക്കുമ്പോഴേക്കും പത്രോസ് രക്തസാക്ഷിയായിക്കഴിഞ്ഞിരുന്നു. പത്രോസ് തന്‍റെ വാക്കു പാലിച്ചതായി ആദ്യവായനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

The Gospel of Mark and the Disbelief of Peter (14: 27-31) catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message