We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
ലാസറിനെ ഉയിര്‍പ്പിക്കുന്ന സംഭവത്തിലൂടെ തന്‍റെ മഹത്ത്വീകരണത്തോടു ബന്ധപ്പെട്ട സത്യങ്ങളുടെ വെളിപാടുകളിലേക്കാണ് ഈശോ ശിഷ്യന്മാരെ നയിക്കുന്നത്. ഈശോയുടെ വാക്കുകളും പ്രവൃത്തികളും അത് സൂചിപ്പിക്കുന്നു. യോഹന്നാന്‍സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്ന വിശദീകരണശൈലിയും അതിന് ഉപോദ്ബലകമാണ്. ഒന്നാമതായി, ലാസര്‍ രോഗിയാണെന്ന വിവരം ഈശോയെ അറിയിക്കുവാനായി അവിടുത്തെ പക്കലേക്ക് ആളയച്ച അവന്‍റെ സഹോദരിമാര്‍, "അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു" (11:3) എന്നാണ് പറഞ്ഞുവിട്ടത്. 'ഞങ്ങളുടെ സഹോദരനെന്നോ' 'ലാസര്‍' എന്നോ പറയാതെ "അങ്ങു സ്നേഹിക്കുന്നവന്‍" എന്നു പറഞ്ഞിരിക്കുന്നത് അര്‍ത്ഥവത്താണ്. അതായത്, ഇവിടെ ലാസര്‍ ഓരോ വിശ്വാസിയെയും പ്രതിനിധീകരിക്കുന്നു. ഓരോ വിശ്വാസിയും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവനാണ്. ഓരോരുത്തരേയും വ്യക്തിപരമായി അവിടുന്ന് സ്നേഹിക്കുന്നു എന്ന് ഇതിലൂടെ യോഹന്നാന്‍ശ്ലീഹാ വളരെ വ്യക്തമായി പറയുകയാണ്. അതോടൊപ്പം ലാസറിനെ ജീവനിലേക്കു കൊണ്ടുവരുന്ന ഈ അത്ഭുതം തന്നില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും അവിടുന്ന് ജീവന്‍ നല്കുന്നു എന്നതിന്‍റെ അടയാളവുമാണ്.
രണ്ടാമതായി, ലാസറിന്‍റെ രോഗം "ദൈവത്തിന്‍റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളയാണ്" (11:4) എന്ന് ഈശോ പറയുന്നുണ്ട്. ലാസറിനെ ഉയിര്‍പ്പിച്ച സംഭവമാണ് ഈശോയുടെ മരണത്തിന് പെട്ടെന്ന് വഴി തെളിച്ചത്. പീഡാനുഭവമരണോത്ഥാനങ്ങളിലൂടെയാണ് ഈശോ മഹത്ത്വീകരിക്കപ്പെട്ടത്. ഈശോ മഹത്ത്വീകരിക്കപ്പെട്ടതിലൂടെയാണ് ദൈവം മഹത്ത്വീകരിക്കപ്പെടുന്നത്. ഈ അത്ഭുതം തന്‍റെ മരണത്തിലേക്ക് വഴിതുറക്കമെന്ന ബോദ്ധ്യം ഈശോയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിന്‍റെ രോഗം ദൈവമഹത്ത്വത്തിനുവേണ്ടിയുള്ളതാണെന്ന് അവിടുന്ന് പറഞ്ഞത്.
ഈ വിവരണം പ്രതീകാത്മകമാണെന്നതിന് മറ്റൊരു സൂചനയും കണ്ടെത്താം. ഈശോ മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നുവെങ്കിലും, ലാസര്‍ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ടും താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസംകൂടി ചെലവഴിച്ചുവെന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (11:5-6). ഗ്രീക്കുമൂലത്തില്‍ 'സ്നേഹിച്ചിരുന്നതുകൊണ്ട്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലാസറിനും കുടുംബാംഗങ്ങള്‍ക്കും ഈ അത്ഭുതം ദര്‍ശിക്കുവാനും കൂടുതല്‍ ദൈവത്തില്‍ വിശ്വസിക്കുവാനും കാരണമായിത്തീരുമെന്നുള്ളതുകൊണ്ടാണ് ഈശോ താമസിച്ചത് എന്ന സൂചനയാണ് ഈ പ്രയോഗം നല്കുന്നത്. "അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു" (11:3) എന്ന വാക്യത്തില്‍ സുഹൃദ്ബന്ധത്തെ സൂചിപ്പിക്കുന്ന 'ഫിലെയില്‍' എന്ന ഗ്രീക്കുവാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഈ വാര്‍ത്ത അറിഞ്ഞയുടന്‍ ഈശോ അവിടെയെത്തി ലാസറിനെ സുഖപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി ഈശോ രണ്ടു ദിവസംകൂടി താനായിരുന്ന സ്ഥലത്ത് ചിലവഴിക്കുകയും ലാസര്‍ മരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. ഇത് എന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടുതുണ്ട്. സ്നേഹിതന്‍ മരണാവസ്ഥയിലായിരുന്നിട്ടും അവിടേയ്ക്കു പോകാന്‍ താമസിച്ചത് എന്തുകൊണ്ടാണെന്ന് ഈശോ വ്യക്തമാക്കുന്നു: "നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു" (11:15).
ഇതിന് പശ്ചാത്തലമായി പറഞ്ഞിരിക്കുന്നത്, "ഈശോ മര്‍ത്തായെയും സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു" എന്നാണ്. ഇവിടെ സ്നേഹത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്ക് 'അഗാപ്പാന്‍' എന്നാണ്. ഇത് ദൈവസ്നേഹത്തെക്കുറിക്കുന്ന ഒരു വാക്കാണ്. ഈശോ തന്‍റെ തീരുമാനങ്ങളിലും ചെയ്തികളിലും നയിക്കപ്പെട്ടിരുന്നത് വെറും മാനുഷികസ്നേഹത്താലല്ല, ദൈവികസ്നേഹത്താലാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഉടനേ ഓടിയെത്താന്‍ തന്‍റെ മാനുഷികസ്നേഹം ഈശോയെ പ്രേരിപ്പിച്ചുട്ടുണ്ടാവണം. എങ്കിലും ലാസര്‍ മരിക്കാന്‍ അനുവദിക്കുകയും മരിച്ചവരില്‍നിന്ന് ലാസറിനെ ഉയിര്‍പ്പിക്കുകയും ചെയ്യന്നതിലൂടെ ലാസറിന്‍റെ കുടുംബവും ശിഷ്യന്മാരും മറ്റനേകംപേരും ദൈവമഹത്ത്വം ദര്‍ശിച്ച് തന്നില്‍ വിശ്വസിക്കാന്‍ ഇടയാകും എന്ന് ഈശോ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് തന്‍റെ മാനുഷികമായ ആഗ്രഹത്തെ ദൈവഹിതത്തിന് വിധേയപ്പെടുത്തിക്കൊണ്ട് ദൈവസ്നേഹത്താല്‍മാത്രം പ്രേരിതരായി പ്രവര്‍ത്തിക്കുവാന്‍ ഈശോ തയ്യാറായത്.
The Gospel of John 11: 1-7 tells of Lazarus' illness catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206