x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

ആരാധനക്രമവത്സരം

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 20-Sep-2022

ആരാധനക്രമവത്സരം

361. ഗ്രീക്കുസംസ്കാരത്തിൽ സമയത്തെ രണ്ടുവിധത്തിൽ മനസ്സിലാക്കിയിരുന്നു: അളവിനെ സൂചിപ്പിക്കുന്ന ക്രോണോസും (Chronos) മനുഷ്യന്റെ അനുദിന ജീവിതത്തിലെ പ്രവർത്തനങ്ങളെയും സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും ഗുണമേന്മയെ സൂചിപ്പിക്കുന്നതുമായ കയ്റോസും (Kairos). ദൈവത്തിനിടപെടാൻ ദൈവം തിരഞ്ഞെടുക്കുന്ന രക്ഷാകരസമയമായും കയ്റോസിനെ കണക്കാക്കിയിരുന്നു. പല പുരാതനഭാഷകളിലും സമയത്തെ ഇപ്രകാരം രണ്ടു വിധത്തിൽ മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിന്, പൗലോസ് ശ്ലീഹാ കോറിന്തോസുകാരോടു പറയുന്ന വാക്കുകളിൽ ഇക്കാര്യം സ്പഷ്ടമാണ്: 'സ്വീകാര്യമായ സമയത്ത് ഞാൻ നിന്റെ പ്രാർത്ഥന കേട്ടു... ഇതാ ഇപ്പോൾ സ്വീകാര്യമായ സമയം, ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം' (2 കോറി 6: 2).

ബൈബിളിൽ സമയത്തെപ്പറ്റിയുള്ള സങ്കല്പം ആരാധനാവത്സരാചരണത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നിത്യനായ ദൈവം പ്രപഞ്ചസൃഷ്ടിവഴി സമയകാലചക്രത്തിലേക്ക് പ്രവേശിക്കുന്നു. പെസഹാരഹസ്യത്തിന്റെ ആഘോഷത്തിലൂടെ ഓരോ വിശ്വാസിയും മിശിഹായിലൂടെ പുതുയുഗത്തിലേക്ക്, ഭൗമികസമയത്തിനതീതമായ രക്ഷയുടെ യുഗത്തിലേക്ക്, പ്രവേശിക്കുന്നു. ആരാധന ക്രമസമയം എന്നാൽ, മിശിഹായിലൂടെ സമയത്തിന്റെ പൂർണ്ണതയിലേക്ക്, നിത്യമായ സമയത്തിലേക്ക് പ്രവേശിക്കുന്ന സമയം എന്നാണർത്ഥം. ആരാധനക്രമത്തിൽ ഭൂതകാലമോ ഭാവികാലമോ ഇല്ല. മുമ്പോ പിമ്പോ ഇല്ല. പിന്നെയോ ഭൗമികസമയം ഉത്ഥിതനായ മിശിഹായിലേക്ക് രൂപാന്തരപ്പെടുന്നുവെന്ന് വിശുദ്ധ അപ്രേം പറയുന്നു.

I ആരാധനാവത്സരം: മിശിഹാരഹസ്യം ആഘോഷിക്കുന്ന സമയം

362. ആരാധനാവത്സരത്തിന്റെ ഹൃദയവും യഥാർത്ഥതിരുനാളും ഉയിർപ്പിന്റെ ഓർമ്മയാണ്. ആദിമസഭയിൽ ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ദിവസമായിരുന്നു. ആണ്ടിലൊരിക്കൽ ആഘോഷപൂർവ്വം ആചരിച്ചിരുന്ന ഈസ്റ്ററിന്റെ ഓർമ്മ കാലക്രമത്തിൽ എല്ലാ ആഴ്ചകളിലും ആചരിക്കാൻ തുടങ്ങി. അതിൽനിന്നാണ് വർഷത്തിലെ എല്ലാ തിരുനാളുകളും കാലങ്ങളും പിന്നീട് രൂപം കൊണ്ടത്. ആരാധനാവത്സരത്തിന്റെയും കൈസ്തവജീവിതത്തിന്റെയും കേന്ദ്രസ്ഥാനത്തു നിലകൊള്ളുന്ന ഞായറാഴ്ചയാണ് ക്രിസ്തീയജീവിതത്തിന്റെ എല്ലാ രക്ഷാരഹസ്യങ്ങളും ആഘോഷിച്ചിരുന്നത്. എന്നാൽ, ഒരു ഞായറാഴ്ചയിലെ മാത്രം ആഘോഷത്തിലൂടെ ഈ രഹസ്യങ്ങൾ മുഴുവൻ സ്വായത്തമാക്കാൻ വിശ്വാസികൾക്ക് സാധിക്കില്ല. അതിനാൽ, മിശിഹായുടെ മനുഷ്യാവതാരരഹസ്യം, പീഡാനുഭവമരണോത്ഥാനരഹസ്യം, പ്രത്യാഗമനം, തുടങ്ങിയവ പല ഘട്ടങ്ങളായി ഒരുവർഷം മുഴുവനിലേക്കും ദീർഘിപ്പിച്ച് ആഘോഷിക്കാൻ തുടങ്ങി. അങ്ങനെ സഭ ഒരുവർഷം മുഴുവൻ നീണ്ടുനില്ക്കുന്ന ആരാധനാവത്സരത്തിന്റെ ആചരണത്തിലൂടെ മിശിഹാരഹസ്യവും മിശിഹായുടെ തുടർച്ചയായ സഭയുടെ രഹസ്യവും ആഘോഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികൾ ഈ രഹസ്യം സ്വീകരിച്ച് വരപ്രസാദത്താൽ പൂരിതരാവുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (ആരാധനക്രമം 102). തിരുക്കർമ്മവത്സരം, കഴിഞ്ഞു പോയസംഭവങ്ങളുടെ ഡയറിക്കുറിപ്പല്ല; ഇന്ന് സഭയിലൂടെയുള്ള മിശിഹായുടെ തീർത്ഥയാത്രയാണ് എന്ന് ഭാഗ്യസ്മരണാർഹനായ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അനുസ്മരിപ്പിക്കുന്നു.

II ഞായറാഴ്ചയാചരണം

363. ക്രൈസ്തവജീവിതത്തിന്റെ ഹൃദയത്തിലാണ് ഞായറാഴ്ച എന്ന ദിവസത്തിന്റെ സ്ഥാനം (കർത്താവിന്റെ ദിവസം 7) ആഴ്ചയുടെ ആദ്യദിവസമായ ഞായർ ക്രൈസ്തവവിശ്വാസമനുസരിച്ച് ദൈവികസമയത്തിന്റെ ആവിഷ്കരണമാണ്. ഞായറാഴ്ചയാണ് കുർബാനയർപ്പണത്തിന്റെ യഥാർത്ഥ സന്ദർഭം. കുർബാനയർപ്പണത്തിന് യഹൂദരുടെ സാഹായാചരണത്തോട് അഭേദ്യമായ ബന്ധമുണ്ടെങ്കിലും, അതിനെ ആ സാഹചര്യത്തിൽ നിന്നടർത്തിയെടുത്ത്, ഉയിർപ്പുദിനത്തിന്റെ സന്ദർഭത്തിലേക്ക് മാറ്റി നടുകയായിരുന്നു ആദിമസഭ. പുതിയനിയമവും (അപ്പ 20:7), ആദിമക്രൈസ്തവ ലിഖിതങ്ങളും (ഡിഡാക്കേ 14) ഈ ദിവസത്തെ ക്രൈസ്തവരുടെ ഒരുമിച്ചു ചേരലിന്റെ ദിവസമായിട്ടാണ് കണ്ടിരുന്നത്.

ഞായർ എല്ലാറ്റിലുമുപരിയായി ഉയിർപ്പുതിരുനാളാഘോഷമാണ്. മിശിഹായുടെ ഉയിർപ്പാണ് ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം (1 കോറി 15:14). വിശുദ്ധ കുർബാനയർപ്പണം ആത്യന്തികമായി മിശിഹായുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാചരണവും ആഘോഷവുമാണ്. ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതുവഴി നാം ഈ ഉയിർപ്പുരഹസ്യത്തിൽ പങ്കുപറ്റുകയും യുഗാന്തത്തിൽ സംഭവിക്കാനിരിക്കുന്ന നമ്മുടെ ഉയിർപ്പിലേക്കും സ്വർഗീയജീവിതത്തിലേക്കും ദൈവികസമയത്തിലൂടെ പ്രവേശിക്കുകയും ചെയ്യുന്നു.

ആദിമസഭയിൽ ഞായറാഴ്ച ദൈവികസമയത്തോടു ബന്ധമുളള എല്ലാറ്റിന്റെയും - ആഴ്ചയുടെ ആദ്യദിവസം, എട്ടാം ദിവസം, സൃഷ്ടിയുടെയും പുനർസൃഷ്ടിയുടെയും ദിവസം, പ്രകാശത്തിന്റെ ദിവസം, പന്തക്കുസ്താ (പരിശുദ്ധാത്മാവിന്റെ ആഗമനം) ദിവസം, കുർബാനയുടെ ദിവസം, മാമ്മോദീസായുടെ ദിവസം, അവസാന വിശ്രമത്തിന്റെ ദിവസം - പ്രതീകമായിരുന്നു. പ്രതീകാത്മകമായ ഈ ദിവസം കർത്താവിന്റെ സ്വർഗാരോഹണത്തിനും രണ്ടാം വരവിനുമിടയ്ക്കുളള, നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ സമയത്തിന്റെ അടയാളമാണ്. അതുകൊണ്ടുതന്നെ, പ്രതീകാത്മകമായി ഇത് ദൈവികസമയമെന്ന മുഴുവൻ ആശയത്തെയും സമ്യക്കായി ഉൾക്കൊളളുകയും, സാധാരണസമയത്തെ ദൈവികസമയവുമായി യോജിപ്പിക്കുകയും ചെയ്യുന്നു.

III കാലികചക്രവും വിശുദ്ധാത്മകചക്രവും

364. ക്രൈസ്തവസഭകളിൽ രണ്ടു വിധത്തിലാണ് ആരാധനക്രമവത്സരം ആചരിച്ചുപോരുന്നത്. സീറോമലബാർ സഭയിലും അപ്രകാരം തന്നെയാണ്. അവയിൽ ആദ്യത്തേതിനെ കാലികചക്രം (Temporal Cycle) എന്നു വിളിക്കുന്നു. ഈശോയുടെ ഈ ലോകജീവിതത്തിലെ സമയവുമായി ബന്ധപ്പെടുത്തി ക്രൈസ്തവജീവിതം നയിക്കുന്നതിനു സഹായകമായ വത്സരക്രമമാണിത്. മംഗളവാർത്തക്കാലം മുതൽ പള്ളിക്കൂദാശക്കാലംവരെയുള്ള ആരാധനക്രമവത്സരം ഈ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ്.

വിശുദ്ധരുടെ തിരുനാളുകളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതാണ് വിശുദ്ധാത്മകചക്രം (Sanctoral Cycle). ഇതു രണ്ടു രീതികളിലാണ് സീറോമലബാർ സഭയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. ആരാധനക്രമവത്സരത്തിലെ വെള്ളിയാഴ്ചകളിൽ, കാലത്തിന്റെ ചൈതന്യമനുസരിച്ച് വിശുദ്ധരെ അനുസ്മരിക്കുന്ന രീതിയാണ് ആദ്യത്തേത്. ലോകത്തിൽ ഈശോയ്ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധരുടെ ഓർമ്മ, ഈശോയുടെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന വെള്ളിയാഴ്ച ദിവസം ആചരിക്കുന്നത് ഉചിതമാണല്ലോ. ഉദാഹരണത്തിന്, ദനഹാക്കാലത്തിലെ ഒന്നാം വെള്ളിയാഴ്ച വി. സ്നാപകയോഹന്നാനെയും രണ്ടാം വെള്ളിയാഴ്ച വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരെയും അനുസ്മരിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. ആണ്ടുവട്ടത്തിലെ ചില തീയതികളിൽ വിശുദ്ധരെ അനുസ്മരിക്കുന്നതാണ് വിശുദ്ധാത്മകചക്രത്തിലെ രണ്ടാമത്തെ രീതി.

കാലികചക്രം

365. കാലികചക്രത്തിൽ പ്രതിദിനം, പ്രതിവാരം, പ്രതിവർഷം എന്നിങ്ങനെ മൂന്നു ക്രമങ്ങൾ കാണാവുന്നതാണ്. ദിവസത്തിൽ ഏഴു പ്രാവശ്യം പ്രാർത്ഥിക്കുന്ന യാമപ്രാർത്ഥനകൾ പ്രതിദിനചക്രത്തിൽപ്പെടുന്നു. ഞായറാഴ്ച ഈശോയുടെ ഉയിർപ്പും, വെളളിയാഴ്ച അവിടുത്തെ പീഡാനുഭവവും മരണവും സംസ്കാരവും, ബുധനാഴ്ച അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഓർമ്മയും ആചരിക്കുന്ന പ്രതിവാരചക്രമാണ് രണ്ടാമത്തേത്. മംഗളവാർത്തമുതൽ പളളിക്കുദാശക്കാലം വരെയുള്ള ഒമ്പതുകാലങ്ങളുടെ അനുസ്മരണമാണ് പ്രതിവർഷചക്രത്തിലുളളത്.

IV ആരാധനക്രമവത്സരത്തിന്റെ പ്രാരംഭചരിത്രം

366. വിവിധസഭകളിൽ ഇന്നു നിലവിലുള്ള വിവിധ ആരാധനാവത്സരങ്ങളുടെ ആചരണം നൂറ്റാണ്ടുകളിലൂടെ രൂപമെടുത്തതാണ്. ആദ്യനൂറ്റാണ്ടിൽ തന്നെ, സഭാവത്സരത്തിന്റെ ഘടനയുടെ നിർണ്ണായക ഘടകമായ ആഴ്ചകളുടെ സംവിധാനം ഞായറാഴ്ചകളിൽ അധിഷ്ഠിതമായിരുന്നു. മിശിഹായുടെ ഉത്ഥാനത്തിൽ കേന്ദ്രീകൃതമായ ആഴ്ചതോറുമുളള പെസഹാ ആചരണത്തിലൂടെ ആഴ്ചയിലെ ആദ്യദിനമായ ഞായറാഴ്ച കർത്താവിന്റെ ദിനം എന്നും ( 1 കോറി 5:5; 2 കോറി 1:14; 1 തെസ 5:2; 2 പത്രോ 3:10; വെളി 1:10) ഇത് ബലിയർപ്പണത്തിൽ കേന്ദ്രീകൃതമായതുകൊണ്ട് അപ്പം മുറിക്കൽ ദിനം (അപ്പ 20:7) എന്നും യുഗാന്തത്തെ ലക്ഷ്യംവച്ചതുകൊണ്ട് എട്ടാം ദിനം (യോഹ 20:26) എന്നും അറിയപ്പെടുവാൻ തുടങ്ങി.

367. രണ്ടാം നൂറ്റാണ്ടോടെ, രക്ഷാകരചരിത്രത്തിന്റെ കേന്ദ്രമായ മിശിഹായുടെ ഉത്ഥാനം, സഭയിലെ ആദ്യത്തെ വാർഷിക പെസഹാതിരുനാളായി (Easter Sunday) ആചരിക്കുവാൻ തുടങ്ങി. ഇത് പാശ്ചാത്യസഭയിൽ ആഘോഷിച്ചിരുന്നത് മിശിഹായുടെ മരണദിവസമായ യഹൂദവർഷത്തിലെ നീസാൻ മാസം 14 കഴിഞ്ഞുവരുന്ന ഞായറാഴ്ചയായിരുന്നു. എന്നാൽ, പൗരസ്ത്യരാകട്ടെ, നീസാൻ മാസം 14-നു തന്നെ ആഘോഷിച്ചുപോന്നു. നാലാം നൂറ്റാണ്ടിലാണ് ഈസ്ററർ തീയതി ഏകീകരിച്ചത്. മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ഉയിർപ്പുതിരുനാളിന് ഒരുക്കമായി പീഡാനുഭവവെള്ളിയും വലിയശനിയും ഉപവാസദിവസങ്ങളായി ആചരിക്കുവാൻ തുടങ്ങി. മണവാളനായ മിശിഹായുടെ വേർപാടിൽ, മണവാട്ടിയായ സഭയുടെ വിരഹദുഃഖമായിരുന്നു ഇതിനടിസ്ഥാനം (മർക്കോ 2: 19-20). പിന്നീട് ഇതിനെ ആറു ദിവസത്തെ ഉപവാസമായി ദീർഘിപ്പിച്ചു. പെസഹാതിരുനാളിനുമുമ്പ് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ച് ഒരുങ്ങിയിരുന്ന യഹൂദാചാരമായിരുന്നു ഇതിന് അടിസ്ഥാനം (പുറ 12:15). ഞായറാഴ്ച സന്തോഷത്തിന്റെ ദിവസമായതിനാലാണ് ഉപവാസം ആറ് ദിവസമായി ചുരുങ്ങിയത്.

368. മൂന്നാം നൂറ്റാണ്ടിൽത്തന്നെ ബുധൻ, വെള്ളി ദിവസങ്ങളിലെ ഉപവാസാനുഷ്ഠാനവും നിലവിൽവന്നു. ഈ നൂറ്റാണ്ടിലെതന്നെ മത മർദ്ദനങ്ങൾ, രക്തസാക്ഷികളുടെ ഓർമ്മയാചരണങ്ങൾക്ക് ആരംഭംകുറിച്ചു. ഇതാണ് പിന്നീട് ആരാധനാവത്സരത്തിൽ വിശുദ്ധരുടെ തിരുനാളുകളായി ആചരിക്കുവാൻ തുടങ്ങിയത്.

369. നാലാം നൂറ്റാണ്ടിലെ മതസ്വാതന്ത്ര്യം ദേവാലയങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തുകയും ആരാധനക്രമസംവിധാനങ്ങളുടെ ആഘോഷങ്ങൾക്കു മാറ്റുകൂട്ടുകയും ചെയ്തു. വലിയ നോമ്പിന്റെ ദൈർഘ്യം നാല്പത് ദിവസമാക്കിയത് ഈ നൂറ്റാണ്ടിലാണ്. മരുഭൂമിയിൽ മിശിഹാ അനുഷ്ഠിച്ച നാല്പത് ദിവസത്തെ ഉപവാസമായിരുന്നു ഇതിനടിസ്ഥാനം (മത്താ 4:2). നിഖ്യാസൂനഹദോസിലെ (എ.ഡി.325) ധാരണയനുസരിച്ച്, ഉയിർപ്പുതിരുനാൾ ദിനം, മാർച്ച് 21 കഴിഞ്ഞുള്ള പൂർണ്ണചന്ദ്രനെ തുടർന്നു വരുന്ന ഞായറാഴ്ചയെന്ന് നിശ്ചയിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. മിശിഹാരഹസ്യങ്ങളിൽ കേന്ദ്രീകൃതമായ കർത്താവിന്റെ തിരുനാളുകളും, അതോടനുബന്ധിച്ച് വിവിധകാലങ്ങളും ആരാധനാവത്സരത്തിൽ രൂപംകൊണ്ടത് നാലാം നൂറ്റാണ്ടിൽ തന്നെയാണ്. തിരുപ്പിറവി-ദനഹാ തിരുനാളുകളോടനുബന്ധിച്ച് പിറവി-ദനഹാക്കാലവും, പെസഹാ തിരുനാളിനോടനുബന്ധിച്ച് നോമ്പുകാലവും, ഉയിർപ്പ്-സ്വർഗാരോഹണത്തിരുനാളുകളോടനുബന്ധിച്ച് ഉയിർപ്പുകാലവും, പന്തക്കുസ്താതിരുനാളിനോടനുബന്ധിച്ച് ശ്ലീഹാക്കാലവും, കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടുബന്ധിച്ച് ഏലിയാ-സ്ലീവാ-മൂശക്കാലവും, ദേവാലയ പ്രതിഷ്ഠയുടെ തിരുനാളിനോടുബന്ധിച്ച് പളളിക്കുദാശാക്കാലവും ഇതേ നൂറ്റാണ്ടിൽത്തന്നെ രൂപമെടുത്തു. അഞ്ച്, ആറ് നൂറ്റാണ്ടുകളിൽ പരിശുദ്ധ അമ്മയുടെ തിരുനാളുകളായ സ്വർഗാരോപണം (ആഗസ്റ്റ് 15), ജനനം (സെപ്തംബർ 8), ദൈവമാതൃത്വം (ദനഹാത്തിരുനാളിനുമുമ്പുള്ള വെളളി), മംഗളവാർത്ത (മാർച്ച് 25) എന്നിവയും ആരാധനാവത്സരത്തിലെ ആഘോഷങ്ങളായിത്തീർന്നു. മിശിഹാരഹസ്യത്തെ സ്വന്തം ജീവിതരഹസ്യമാക്കി മാറ്റി വിജയം വരിച്ച വിശുദ്ധരുടെ തിരുനാളുകളെ മിശിഹാരഹസ്യത്തിന്റെ തന്നെ ആഘോഷങ്ങളായി കാണുവാൻ തുടങ്ങിയതും ഈ കാലഘട്ടത്തിന്റെ മറ്റൊരു സവിശേഷതയാണ്.

370. പതിനാറാം നൂറ്റാണ്ടോടെയാണ് ആരാധനാവത്സരത്തിന്റെ പൊതുവായ ഘടന രൂപപ്പെട്ടതെങ്കിലും, ഏകദേശം ഏഴാം നൂറ്റാണ്ടിൽത്തന്നെ വിവിധ വ്യക്തിസഭകളുടെ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി വിവിധ രീതികളിൽ ആരാധനാവത്സരങ്ങൾ രൂപമെടുത്തതായി കാണാം. ഇങ്ങനെ, സ്ഥിരപ്രതിഷ്ഠ നേടിയവയാണ് ഇന്നു പാശ്ചാത്യ-പൗരസ്ത്യസഭകളിൽ കാണപ്പെടുന്ന ഏഴ് ആരാധനാവത്സരകലണ്ടറുകൾ. ഇതിൽ, മാതൃസഭകൾക്കെല്ലാം തന്നെ ഓരോ കലണ്ടർവീതം ഉളളപ്പോൾ അലക്സാണ്ഡ്രിയൻസഭയ്ക്ക് രണ്ടെണ്ണമാണുളളത്. കാരണം, ഈ സഭയുടെ രണ്ട് പുത്രീസഭകൾക്കും അവരവരുടേതായ പ്രത്യേക കലണ്ടറുകളുണ്ട്. ഏഴ് കലണ്ടറുകളിൽ ആറെണ്ണം പൗരസ്ത്യസഭകളുടേതും ഒരെണ്ണം ലത്തീൻസഭയുടേതുമാണ്.

371. പൗരസ്ത്യസുറിയാനി പാരമ്പര്യം (സീറോമലബാർ, കൽദായ, അസ്സീറിയൻ). ഒമ്പതു കാലങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കലണ്ടറാണ് പൗരസ്ത്യ സുറിയാനി സഭയുടേത്.

372. പശ്ചാത്യസുറിയാനി പാരമ്പര്യം (സീറോമലങ്കര, അന്ത്യോക്യൻ, മാറോനീത്ത). ഏഴ് കാലങ്ങളാണ് ഈ കലണ്ടറിലുള്ളത്.

373. ബൈസന്റയിൻ പാരമ്പര്യം (14 പുത്രിസഭകൾ). മൂന്ന് പ്രധാന കാലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പൗരസ്ത്യ കലണ്ടർ ക്രമീകരിച്ചിട്ടുള്ളത്.

374. അർമേനിയൻ പാരമ്പര്യം (ഉപവിഭാഗങ്ങളില്ല). എട്ടുകാലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അർമേനിയൻ സഭയുടെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

375. അലക്സാണ്ഡ്രിയൻ പാരമ്പര്യം (കോപ്റ്റിക്). ആറുകാലങ്ങളാണ് കോപ്റ്റിക് കലണ്ടറിലുള്ളത്.

376. അലക്സാണ്ഡ്രിയൻ പാരമ്പര്യം (എത്യോപ്യൻ). പത്തൊമ്പത് കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വളരെ വിപുലമായ ഒരു ക്രമാണ് എത്യോപ്യൻ സഭാകലണ്ടർ.

377. ലത്തീൻ പാരമ്പര്യം. ആഗമനകാലം, നോമ്പുകാലം, ഉയിർപ്പുകാലം തുടങ്ങിയ കാലങ്ങളെയും ആണ്ടുവട്ടത്തിലെ ആഴ്ചകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ലത്തീൻ സഭാകലണ്ടർ.

V സീറോമലബാർ ആരാധനാവത്സരം

378. പൗരസ്ത്യസുറിയാനിസഭയുടെ പാരമ്പര്യമാണ് സീറോമലബാർസഭയുടേത്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആരാധനാവത്സരത്തിന് അന്തിമരൂപം നല്കിയത് ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈശോയാബ് മൂന്നാമൻ പാത്രിയാർക്കീസാണ്. അതിനുമുമ്പു നിലവിലിരുന്ന കത്തീഡ്രൽ ക്രമത്തെയും സന്ന്യാസക്രമത്തെയും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ ദൗത്യം നിർവ്വഹിച്ചത്. മിശിഹായുടെ മനുഷ്യാവതാരം മുതൽ സഭയുടെ സ്വർഗ്ഗപ്രവേശനം വരെയുളള രക്ഷാകരപദ്ധതിയുടെ അനാവരണമാണ് ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങൾ. തത്ത്വത്തിൽ ഏഴാഴ്ചകളുടെ അടിസ്ഥാനത്തിലാണ് (Seven week principle) കാലങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. മംഗളവാർത്തക്കാലം, പള്ളിക്കൂദാശക്കാലം എന്നിവയ്ക്ക് നാല് ഞായറാഴ്ചകൾവീതവും, നോമ്പുകാലം ഉയിർപ്പുകാലം ശ്ലീഹാക്കാലം എന്നിവയക്ക് ഏഴ് ആഴ്ചകൾവീതവും നിർബന്ധമാക്കിക്കൊണ്ടും, മറ്റെല്ലാകാലങ്ങൾക്കും തത്ത്വത്തിൽ ഏഴ് ആഴ്ചകൾവീതം നല്കിക്കൊണ്ടും തഴെക്കാണുംവിധം ഒമ്പത് കാലങ്ങളെ സജ്ജീകരിച്ചിരിക്കുന്നു.

കാലങ്ങൾ                                              ആഴ്ചകൾ

  • മംഗളവാർത്ത                                       4 നിർബന്ധം
  • പിറവി                                                  1-2
  • ദനഹാ                                                   7 (കൂടുകയോ കുറയുകയോ ചെയ്യാം)
  • നോമ്പ്                                                   7 (നിർബന്ധം)
  • ഉയിർപ്പ്                                                 7 (നിർബന്ധം)
  • ശ്ലീഹ                                                     7 (നിർബന്ധം)
  • കൈത്ത                                                7 (കുറയാം)
  • ഏലിയാ-സ്ലീവാ- മൂശ                             7 (കൂടാം)
  • പള്ളിക്കൂദാശ                                         4 നിർബന്ധം

ഉയിർപ്പുതിരുനാളിന്റെയും, സെപ്തംബർ 14-ലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെയും അടിസ്ഥാനത്തിലാണ് ഞായറാഴ്ചകളെ ക്രമീകരിക്കുന്നത്. ആഴ്ചകളുടെ എണ്ണത്തിൽ നിർബന്ധമില്ലാത്ത കാലങ്ങളിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ക്രിസ്മസിനുമുമ്പ് (ഡിസംബർ 25) നാല് ഞായറാഴ്ചകൾ ലഭിക്കാനായി നവംബർ 27 മുതൽ ഡിസംബർ 3 ഉൾപ്പെടെയുള്ള ദിവസങ്ങളിൽ വരുന്ന ഞായറാഴ്ച മംഗളവാർത്തക്കാലം ആരംഭിക്കുന്നു. ക്രിസ്മസ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വന്നാൽ ആ വർഷത്തിൽ പിറവിത്തിരുനാൾ കഴിഞ്ഞ് ദനഹായ്ക്കുമുമ്പ് ഒരു ഞായറാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. ഉയിർപ്പുതിരുനാൾ നേരത്തെ വരുകയോ വൈകിവരുകയോ ചെയ്യുന്നതനുസരിച്ച് ദനഹാക്കാലത്തിലെ ആഴ്ചകളുടെ എണ്ണം ഏഴിൽ നിന്നു കുറയുകയോ കൂടുകയോ ചെയ്യാം.

മംഗളവാർത്തക്കാലം

379. മാർത്തോമ്മാക്രിസ്ത്യാനികളുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മംഗളവാർത്തക്കാലത്തോടുകൂടിയാണ്. ഡിസംബർ 25-ാം തിയതി ആഘോഷിക്കുന്ന ഈശോയുടെ ജനനത്തിന് ഒരുക്കമായുള്ള നാല് ആഴ്ചകളാണ് ഈ കാലത്തിലുള്ളത്. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബർ 1 മുതൽ 25 വരെ നോമ്പ് ആചരിക്കുന്നതുകൊണ്ടാണ് ഈ കാലത്തിന് 25 നോമ്പ് എന്നു പറയുന്നത്. ഈശോയിൽ പൂർത്തിയാക്കപ്പെട്ട രക്ഷാകരപ്രവൃത്തികൾ ആരംഭിക്കുന്നത് അവിടത്തെ ജനനത്തോടുകൂടിയാണ്. സുറിയാനി ഭാഷയിൽ "സുവാറാ' എന്നാണ് ഈ കാലഘട്ടത്തിന്റെ പേര്. പ്രഖ്യാപനം, അറിയിപ്പ് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം. രക്ഷകനെ പ്രതിക്ഷിച്ചിരുന്ന മാനവവംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാർത്തയായിരുന്നല്ലോ ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിച്ചത്. അങ്ങനെ, സമയത്തിന്റെ തികവിൽ പൂർത്തിയായ മനുഷ്യാവതാരരഹസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാലം രൂപപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ മുന്നോടിയായ സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പും അദ്ദേഹത്തിന്റെ ജനനവും ഈ കാലത്ത് സഭ അനുസ്മരിക്കുന്നു. ഈശോയുടെ മനുഷ്യാവതാരരഹസ്യം കൊണ്ടാടുന്നതിന് ഒരുക്കമായി മനുഷ്യസൃഷ്ടിമുതൽ ആദിമാതാപിതാക്കളുടെ അനുസരണക്കേടും അതിന്റെ അനന്തരഫലങ്ങളും, അധഃപതിച്ച മനുഷ്യവംശത്തിന്റെ പരിതാപകരമായ അവസ്ഥയും, ദൈവം നല്കിയ രക്ഷയുടെ വാഗ്ദാനവും, മാനവവംശവുമായി അവിടുന്ന് ചെയ്ത ഉടമ്പടിയും, രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളും ഈ കാലത്തിൽ അനുസ്മരിക്കുന്നുണ്ട്. പരിശുദ്ധ ദൈവമാതാവിനു രക്ഷാകരചരിത്രത്തിലുള്ള പങ്കും ഈ കാലത്തിൽ സഭ ചിന്താവിഷയമാക്കുന്നു.

മിശിഹായുടെ മനുഷ്യാവതാരത്തോടെ മനുഷ്യവർഗ്ഗത്തിനു കൈവന്ന സമാധാനവും പ്രത്യാശയും സ്വായത്തമാക്കി, പ്രവാചകദൗത്യത്തിന്റെ പൂർത്തീകരണമായി, ക്രിസ്തുവാഹകരും ക്രിസ്തുദായകരുമായി രൂപാന്തരപ്പെടുവാൻ ഈ കാലത്തിലെ വിശുദ്ധ ഗ്രന്ഥവായനകളും ഗീതങ്ങളും പ്രാർത്ഥനകളും അനുസ്മരിപ്പിക്കുന്നു.

പിറവിക്കാലം

380. സഭയുടെ അതിപുരാതനപാരമ്പര്യത്തിൽ, ഈശോയുടെ മാമ്മോദീസ അനുസ്മരിച്ചിരുന്ന ജനുവരി 6-ാം തിയതിതന്നെയാണ് അവിടുത്തെ തിരുപ്പിറവിയും ആചരിച്ചിരുന്നത്. ഡിസംബർ 25-ാം തിയതി ക്രിസ്മസ് ആഘോഷിക്കുന്ന പതിവ് നാലാം നൂറ്റാണ്ടിൽ ലിബേരിയൂസ് മാർപാപ്പയുടെ കാലത്താണ് ആരംഭിച്ചത്. എ.ഡി. 274-ൽ റോമൻ ചക്രവർത്തിയായിരുന്ന ഔറേലിയൻ ഡിസംബർ 25-ാം തിയതി സൂര്യദേവന്റെ ജന്മദിനമായി ആഘോഷിക്കാൻ കല്പിച്ചു. ചക്രവർത്തിയുടെ കല്പന പാലിക്കാൻ കടപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ സത്യവിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ ഇടയാകുമെന്നു ഭയന്ന മാർപാപ്പ, ആ ദിനത്തിൽ നീതിസൂര്യനും (മലാ 4:2) സത്യപ്രകാശവുമായ (യോഹ 8:12) ഈശോയുടെ ജനനത്തിരുനാളായി ആചരിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് ഡിസംബർ 25-ാം തിയതി ക്രിസ്മസ് ആഘോഷിക്കുന്ന പതിവ് സഭയിൽ ആരംഭിച്ചത്.

ഈശോമിശിഹായുടെ പിറവിത്തിരുനാൾ മുതൽ ദനഹാത്തിരുനാൾവരെയുള്ള ദിനങ്ങളിൽ ജ്ഞാനികളുടെ സന്ദർശനവും ഈജിപ്തിലേക്കുള്ള പലായനവും ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന സംഭവവുമാണ് പ്രധാന ചിന്താവിഷയങ്ങൾ

ദനഹാക്കാലം

381. ഈശോയുടെ മാമ്മോദീസ അനുസ്മരിക്കുന്ന ദനഹാത്തിരുനാളിനെ കേന്ദ്രീകരിച്ചുള്ള ആരാധനാവത്സരകാലമാണ് ദനഹാക്കാലം. ദനഹാ എന്ന സുറിയാനിപദത്തിന്റെ അർത്ഥം ഉദയം, പ്രത്യക്ഷവത്കരണം, വെളിപാട് എന്നെല്ലാമാണ്. ജോർദ്ദാൻ നദിയിൽ വച്ച് ഈശോയുടെ മാമ്മോദീസാവേളയിൽ ആരംഭിച്ച അവിടത്തെ പരസ്യജീവിതമാണ് ദനഹാക്കാലത്ത് സഭ അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധാത്മാവും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു (മത്താ 3:17).

382. ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാത്തിരുനാളിനെ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തി പെരുന്നാളെന്നും തെക്കൻഭാഗങ്ങളിൽ രാക്കുളിപെരുന്നാളെന്നും വിളിക്കാറുണ്ട്. ലോകത്തിന്റെ പ്രകാശമായ മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും പിണ്ടിയിൽ ദീപം കൊളുത്തി അതിനു ചുറ്റും പ്രദക്ഷിണംവച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു (ഏൽ പയ്യ) എന്ന് ആർത്തുവിളിച്ചിരുന്ന പതിവിൽനിന്നാണ് 'പിണ്ടികുത്തിപെരുന്നാൾ' ഉണ്ടായത്. ഈശോയുടെ മാമ്മോദീസയെ സ്മരിച്ച് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ കുളത്തിലോ പോയി നമ്മുടെ പൂർവ്വികർ നടത്തിയിരുന്ന ആചാരക്കുളിയിൽ നിന്നാണ് 'രാക്കുളി' എന്ന പേരു ലഭിച്ചത്. തികച്ചും മതാത്മകമായി നടത്തിയിരുന്ന ഒരു കർമ്മമായിരുന്നു ഇത്.

383. ഈശോയുടെ മാമ്മോദീസ, പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തൽ, അവിടുത്തെ പരസ്യജീവിതം എന്നിവ ഈ കാലത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഈശോയുടെ പരസ്യജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് ഈ കാലയളവിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഈശോയുടെ മാമ്മോദീസ അനുസ്മരിക്കുന്നതോടൊപ്പം ഓരോ ക്രൈസ്തവനും തന്റെ തന്നെ മാമ്മോദീസാസ്വീകരണത്തെയും അതിലൂടെ ഏറ്റെടുത്ത ഉത്തരവാദിത്വത്തെയുംപറ്റി ഗാഢമായി ചിന്തിക്കണമെന്ന് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയിൽനിന്ന് പിറകോട്ട് എണ്ണി മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ എന്നീ ദിവസങ്ങളിൽ ആചരിക്കുന്നതാണ് മൂന്നുനോമ്പ്. നിനിവേക്കാരുടെ പ്രാർത്ഥന എന്നാണ് മൂന്നു നോമ്പിനു നല്കിയിരിക്കുന്ന ഔദ്യോഗിക പേര്. യോനാ 3:49 ആണ് ഇതിന്റെ വിശുദ്ധഗ്രന്ഥ അടിസ്ഥാനം. സീറോമലബാർ പാരമ്പര്യത്തിൽ ഇതിന് 'പതിനെട്ടാമിടനോമ്പ്' എന്നും പറയാറുണ്ട്. വലിയനോമ്പ് ആരംഭിക്കുന്ന ദിവസം തൊട്ട് പിറകോട്ട് എണ്ണുമ്പോൾ 18-ാം ദിവസം ഇത് അവസാനിക്കുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.

384. ആറാം നൂറ്റാണ്ടിൽ പൗരസ്ത്യദേശത്തുണ്ടായ ഒരു പ്ലേഗു ബാധയുമായി ബന്ധപ്പെടുത്തി ഈ നോമ്പാചരിക്കാൻ തുടങ്ങിയതായി പറയപ്പെടുന്നു. മൂന്നു ദിവസം തുടർച്ചയായി നടത്തിയ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി ആ ബാധയിൽനിന്ന് രക്ഷപ്പെട്ടതിന് കൃതജ്ഞത പ്രകാശിപ്പിക്കാനാണ് ഇതാരംഭിച്ചത്. ചരിത്രം എന്തുതന്നെയായാലും, നോമ്പിന്റെ ഔദ്യോഗിക പേരു സൂചിപ്പിക്കുന്നതുപോലെ, നിനിവേനിവാസികളുടെ നോമ്പാചരണത്തിന്റെ അനുകരണമായി മൂന്നുനോമ്പിനെ കണക്കാക്കാം. സീറോമലബാർ പാരമ്പര്യത്തിൽ ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ വിശുദ്ധരെ അനുസ്മരിക്കുന്നു. അവസാന പ്രവാചകനായ യോഹന്നാൻ മാംദാന, ശിഷ്യപ്രമുഖരായ പത്രോസ് - പൗലോസ് ശ്ലീഹന്മാർ, നാലു സുവിശേഷകന്മാർ, ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ്, ഗ്രീക്കു സുറിയാനി സഭാപിതാക്കന്മാർ, ഇടവകമദ്ധ്യസ്ഥൻ എന്നീ ക്രമത്തിലാണ് വിശുദ്ധരെ വെള്ളിയാഴ്ചകളിൽ ഓർമ്മിക്കുന്നത്. മിശിഹായെ ഈ ലോകത്തിന് കാണിച്ചു കൊടുക്കുവാൻ തങ്ങളുടെ ജീവിതം സമർപ്പിച്ചവരാണ് വിശുദ്ധർ എന്ന നിലയിൽ ദനഹാക്കാലത്ത് വിശുദ്ധരുടെ ഓർമ്മ കൊണ്ടാടുന്നത് തികച്ചും യുക്തമാണ്. അവസാനത്തെ വെള്ളിയാഴ്ച സകല മരിച്ചവരെയും അനുസ്മരിക്കുന്നു.

നോമ്പുകാലം

385. ഈശോയുടെപരസ്യജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകരകർമ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ഉയിർപ്പുതിരുനാളിനു മുമ്പുള്ള ഏഴ് ആഴ്ചകൾ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു. മാംസവർജ്ജനം ഈ കാലത്തിന്റെ അവശ്യഭാഗമായി കണക്കാക്കിപ്പോരുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ് വലിയനോമ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കാലഘട്ടത്തിന്റെ അടിസ്ഥാനം. എങ്കിലും സാധാരണമായി 'അമ്പതുനോമ്പ്' എന്നാണ് ഈ കാലത്തെ വിളിക്കുന്നത്. മാർത്തോമ്മാ ക്രിസ്ത്യാനികൾ പേത്തുർത്താ ഞായർ മുതൽ ഉയിർപ്പുതിരുനാൾവരെ നോമ്പ് നോക്കിയിരുന്നതാകാം അമ്പതുനോമ്പ് എന്നു പറയാനുള്ള കാരണം. പേത്തുർത്താ എന്ന സുറിയാനി പദത്തിന്റെ അർത്ഥം 'അവസാനിച്ചു' 'മുഴുവനായി' എന്നൊക്കെയാണ്. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളവസാനിച്ചു എന്നാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ നോമ്പ് (സൗമാ റമ്പാ) എന്നതു കൊണ്ട് മാർത്തോമ്മാ ക്രിസ്ത്യാനികൾ മനസ്സിലാക്കിയിരുന്നത് വലിയ ഉപവാസകാലം എന്നാണ്. വലിയ നോമ്പുകാലത്ത് ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന പതിവാണ് അവർക്കുണ്ടായിരുന്നത്. ഉപവാസത്തിനുപുറമേ ഇഷ്ടഭോജ്യങ്ങളായ മത്സ്യം, മാംസം, മുട്ട, പാൽ എന്നിവയും, വെറ്റിലമുറുക്കുപോലുള്ള ശീലങ്ങളും ദാമ്പത്യകർമ്മവും ഉപേക്ഷിക്കുന്ന പതിവും മാർത്തോമ്മാക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുണ്ടായിരുന്നു. മാമ്മോദീസാവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീർന്ന നമ്മൾ പാപംവഴി ദൈവത്തിൽനിന്ന് അകന്നു. മനുഷ്യന്റെ പാപവും, അതിന്റെ അനന്തരഫലങ്ങളും, അനുതാപത്തിന്റെയും മനപ്പരിവർത്തനത്തിന്റെയും ആവശ്യകതയും, അനുതപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും, ഈശോമിശിഹായുടെ പീഡാനുഭവം, മരണം, സംസ്കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്. ദൈവവുമായും മനുഷ്യർ തമ്മിൽത്തമ്മിലും അനുരഞ്ജിതർ ആകേണ്ടതിന്റെ ആവശ്യകതയിലേക്കു നോമ്പുകാലം പ്രത്യേകമായി ശ്രദ്ധതിരിക്കുന്നു. അതുകൊണ്ടാണ് ഈ അവസരത്തിൽ അനുരഞ്ജനകൂദാശ സ്വീകരിക്കാൻ സഭ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നത്.

പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമർപ്പിച്ച ഈശോയെപ്പോലെ, നമ്മുടെ ദുരാശകളെ ഉന്മൂലനം ചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാർത്ഥനയിലും ആത്മാർത്ഥതയുളള ഉപവാസത്തിലും ഔദാര്യപൂർവ്വകമായ ദാനധർമ്മപ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ അനുസ്മരിപ്പിക്കുന്നു.

ഉയിർപ്പുകാലം

386. ഉയിർപ്പുതിരുനാൾ മുതൽ പന്തക്കുസ്താവരെയുള്ള ഏഴ് ആഴ്ചകളാണ് ഉയിർപ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനിൽ ആഹ്ലാദിക്കാനുള്ള അവസരമാണിത്. ഈ ആഹ്ലാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാർത്ഥനകളിലും ഗീതങ്ങളിലും ഉള്ളത്. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയുംമേൽ അവിടുന്നു വരിച്ച വിജയം, കുരിശിന്റെ മഹത്ത്വീകരണം തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങൾ.

387. ആദിമസഭയിൽ മാമ്മോദീസ നല്കിയിരുന്നത് ഉയിർപ്പുതിരുനാളിനോട് അനുബന്ധിച്ചായിരുന്നു. വിശുദ്ധ പൗലോസ് അനുസ്മരിപ്പിക്കുന്നതുപോലെ മാമ്മോദീസായിൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. മിശിഹാ മരിച്ചതിനുശേഷം പിതാവിന്റെ മഹത്ത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത് (റോമാ 6:4-5). ഉയിർപ്പുകാലത്തിലെ ആദ്യആഴ്ച, പുതുതായി മാമ്മോദീസ സ്വീകരിച്ചവരുടെ ആഴ്ചയായി മാറ്റിവച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ 'പുതുഞായർ' എന്നുവിളിക്കുന്നത്. അനുകരണാർഹമായ ഈ പാരമ്പര്യം പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഉയിർപ്പുതിരുനാളിനോടനുബന്ധിച്ചു മാമ്മോദീസ നല്കുന്നത് ഉചിതമായിരിക്കും.

388. ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് സകല വേദസാക്ഷികളുടെയും തിരുനാൾ (സകലവിശുദ്ധരുടെയും തിരുനാൾ) ആചരിക്കുന്നത്. സ്വർഗത്തിൽ നിത്യസൗഭാഗ്യം അനുഭവിക്കുന്ന സകല വിശുദ്ധരും ഈശോയുടെ ഉയിർപ്പിൽ ആനന്ദിക്കുന്നുവെന്ന വസ്തുത ഈ തിരുനാൾ നമ്മെ അനുസ്മരിപ്പിക്കുന്നു. ഉയിർപ്പുതിരുനാൾ കഴിഞ്ഞ് നാല്പതാം ദിവസമാണ് സ്വർഗാരോഹണത്തിരുനാൾ (നാല്പതാംതിരുനാൾ).

389. ഉയിർപ്പുതിരുനാൾ ഓരോ വർഷവും വ്യത്യസ്ത തിയതികളിലാണല്ലോ ആചരിക്കുന്നത്. ഉയിർപ്പുതിരുനാളാഘോഷത്തിന്റെ തിയതി സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളാണ് പുരാതന പശ്ചാത്യ-പൗരസ്ത്യസഭകൾ പുലർത്തിപ്പോന്നിരുന്നത്. ഈശോയുടെ മരണദിനത്തെ സംബന്ധിച്ച യോഹന്നാന്റെയും (യോഹ 18:28) സമാന്തരസുവിശേഷകന്മാരുടെയും (മത്താ 26:17, മർക്കോ 14:12, ലൂക്കാ 22: 7) വിവരണങ്ങളാണ് ഈ വേർതിരിവിന് അടിസ്ഥാനം. യഹൂദരൂടെ നീസാൻ മാസം 14-ാം തിയതിയോ (യോഹന്നാൻ) 15-ാം തിയതിയോ (സമാന്തരസുവിശേഷകന്മാർ) എന്നതായിരുന്നു പ്രശ്നം. പൗരസ്ത്യർക്ക് യോഹന്നാന്റെ വിശദീകരണത്തോടായിരുന്നു ആഭിമുഖ്യം. എന്നാൽ, പാശ്ചാത്യസഭ, യഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പിറ്റെ ദിവസമായിരുന്നു ഈശോ മരിച്ചതെന്ന സമാന്തര സുവിശേഷകന്മാരുടെ സാക്ഷ്യത്തെ ആസ്പദമാക്കി വിശദീകരിച്ചു. അതുകൊണ്ട്, ആ ആചരണം കഴിഞ്ഞുവരുന്ന ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കാമെന്ന് തീരുമാനിച്ചു.

എ.ഡി. 325-ൽ സമ്മേളിച്ച നിഖ്യാസൂനഹദോസ് ഈ വിഷയം ചർച്ചചെയ്തെങ്കിലും സ്വീകാര്യമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. ഒടുവിൽ അന്തിമ തീരുമാനമെടുക്കാൻ അലക്സാണ്ഡ്രിയായിലെ മെത്രാനെ സൂനഹദോസ് ചുമതലപ്പെടുത്തി. അതനുസരിച്ച്, മാർച്ച് 21-ാം തിയതി കഴിഞ്ഞുള്ള വെളുത്ത വാവിനു (പൂർണ്ണചന്ദ്രൻ) ശേഷം വരുന്ന ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കാമെന്ന് തീരുമാനിച്ചു. നാലാം നൂറ്റാണ്ടിലെ ഈ തീരുമാനമാണ് ഇന്നും അനുവർത്തിച്ചുപോരുന്നത്. അതുകൊണ്ടാണ് ഓരോ വർഷവും വ്യത്യസ്ത തിയതികളിൽ ഈസ്റ്റർ ആഘോഷിക്കാൻ ഇടവരുന്നത്. ഓരോ വർഷത്തെയും വെളുത്തവാവ് ദിവസം ഏതെന്ന് ശാസ്ത്രീയമായി നിർണ്ണയിക്കുന്നതുകൊണ്ട് ഭാവിയിലെ ഈസ്റ്റർ തിയതികൾ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടില്ല.

ശ്ലീഹാക്കാലം

390. പന്തക്കുസ്താത്തിരുനാൾ തുടങ്ങിയുളള ഏഴ് ആഴ്ചകളാണ് ശ്ലീഹാക്കാലം എന്ന പേരിലറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കു പ്രത്യേകമായി പ്രാധാന്യം നല്കുന്ന കാലമാണിത്. രക്ഷാകരചരിത്രവുമായി അഭേദ്യബന്ധം പുലർത്തുന്ന തിരുനളാണ് പന്തക്കുസ്താ. ഇസ്രായേൽജനം വിളവെടുപ്പിനോടു ബന്ധപ്പെടുത്തി പന്തക്കുസ്താതിരുനാൾ ആഘോഷിച്ചിരുന്നതായി പഴയ നിയമത്തിൽ വായിക്കുന്നുണ്ട് (പുറ 23,16). 'പന്തക്കുസ്താ' എന്ന പദത്തിന്റെ അർത്ഥം 'അമ്പത്' എന്നാണ്. അതിനാൽ, അമ്പതാംദിവസത്തെ തിരുനാൾ എന്ന അർഥം വരുന്നു. ധാന്യവിളവെടുപ്പിന്റെ ആരംഭം കുറിക്കുന്ന തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേൽജനം ദൈവത്തിന്റെ ഉടമ്പടി പ്രകാരമുള്ള ദൈവജനമായിത്തീർന്നതിന്റെ ഓർമ്മയാചരണമായി ഈ തിരുനാൾ രൂപാന്തരപ്പെട്ടത്. പുതിയനിയമത്തിൽ ഈ തിരുനാളിനു പുതിയ അർത്ഥം നല്കപ്പെട്ടു. ഉയിർപ്പിനുശേഷം അമ്പതാം ദിവസമാണല്ലോ പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെ മേൽ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. പുതിയ ദൈവജനത്തിന്റെ ജന്മദിനമാണിത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാൽ പൂരിതരായ ശ്ലീഹന്മാർ പുതിയനിയമത്തിന്റെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്തത്. “ശ്ലീഹാ” എന്ന പദത്തിന്റെ അർത്ഥംതന്നെ “അയയ്ക്കപ്പെട്ടവൻ" എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും അയയ്ക്കപ്പെട്ടവർ ആണെന്ന വസ്തുത ഈ കാലം അനുസ്മരിപ്പിക്കുന്നു.

391. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ, ശ്ലീഹന്മാരും സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൗത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകൾ. പന്തക്കുസ്താത്തിരുനാൾ കഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ച 'സ്വർണ്ണവെള്ളി' എന്ന പേരിൽ അറിയപ്പെടുന്നു. പരിശുദ്ധാത്മാവിനാൽ പൂരിതരായ ശ്ലീഹന്മാർ തങ്ങളുടെ പ്രേഷിതദൗത്യം ആരംഭിച്ചതിനുശേഷം നടന്ന ആദ്യത്തെ അദ്ഭുതമാണ് സുന്ദരകവാടത്തിങ്കൽ വച്ച് വിശുദ്ധ പത്രോസ് മുടന്തനു നല്കിയ സൗഖ്യം. വെളളിയോ സ്വർണ്ണമോ എന്റെ കയ്യിലില്ല, നസ്രായനായ ഈശോയുടെ നാമത്തിൽ എഴുന്നേറ്റു നടക്കുക എന്നാണ് പത്രോസ് മുടന്തനോടു പറഞ്ഞത് (അപ്പ 3:6) ഈ സംഭവമാണ് അന്നത്തെ രണ്ടാമത്തെ വായനയിൽ വിവരിക്കുന്നത്. ഇതിൽനിന്നാണ് 'സ്വർണ്ണവെള്ളി' എന്ന പേരു ലഭിച്ചത്. ഈ ലോകത്തിലെ സ്വർണ്ണത്തിനു പകരം പരിശുദ്ധാത്മാവിന്റെ കൃപയാകുന്ന സ്വർണ്ണമാണ് ക്രിസ്തുശിഷ്യന്റെ കൈവശമുള്ളതെന്ന് ഈ തിരുനാൾ അനുസ്മരിപ്പിക്കുന്നു.

392. പന്തക്കുസ്തായ്ക്കു ശേഷമുളള ഞായറാഴ്ചയാണ് പരിശുദ്ധ തിത്വത്തിന്റെ തിരുനാൾ. ശ്ലീഹാക്കാലം രണ്ടാം ഞായർ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാളും മൂന്നാം ഞായർ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിരുനാളും ആചരിക്കുന്നു. ഈ കാലത്തിലെ അവസാനത്തെ വെളളിയാഴ്ച കർത്താവിന്റെ എഴുപത് (എഴുപത്തിരണ്ട്) ശിഷ്യന്മാരുടെ തിരുനാളും കൊണ്ടാടുന്നു (പ്ശീത്ത ബൈബിളിൽ എഴുപത് ശിഷ്യന്മാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്).

കൈത്താക്കാലം

393. കൈത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച നമ്മുടെ കർത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. 'കൈത്ത' എന്ന പദത്തിന്റെ അർത്ഥം വേനൽ എന്നാണ്. വേനല്ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുന്നത്. ശ്ലീഹാക്കാലത്ത് പ്രേഷിതപ്രവർത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ വേരുപാകിയ സഭാതരു വളർന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ടാണ് “ഫലാഗമകാലം", സഭയുടെ വളർച്ചയുടെ കാലം എന്നൊക്കെ ഇതിനെ വിളിക്കുന്നത്.

ഈ ലോകത്തിൽ ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ് സഭയുടെ വളർച്ചയെ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഈ കാലത്തിലെ വെള്ളിയാഴ്ചകളിൽ സഭയുടെ വിശ്വസ്തസന്താനങ്ങളായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ഓർമ്മ ആചരിക്കുന്നു. അവരുടെ ജീവിതചര്യ അനുകരിക്കാൻ എല്ലാ വിശ്വാസികൾക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം അനുസ്മരിപ്പിക്കുന്നു.

ഏലിയാ-സ്ലീവാ-മൂശക്കാലങ്ങൾ

394. ഏലിയാ-സ്ലീവാ- മൂശക്കാലങ്ങൾ യുഗാന്തോന്മുഖതയെ സൂചിപ്പിക്കുന്നു. സെപ്റ്റംബർ 14-ാം തിയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയാണ് ഈ കാലങ്ങളുടെ കേന്ദ്രബിന്ദു. മിശിഹായുടെ രണ്ടാമത്തെ വരവിനുമുമ്പ് ഏലിയാ വന്ന് (മലാ 4:5) നാശത്തിന്റെ പുത്രന് അവന്റെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ആദിമ സഭ വിശ്വസിച്ചിരുന്നു. രൂപാന്തരീകരണവേളയിൽ കർത്താവിനൊപ്പം ഏലിയായും കാണപ്പെട്ടത് ഈ വിശ്വാസത്തിന് പ്രേരകമായി. മാത്രമല്ല, മിശിഹായുടെ രൂപാന്തരീകരണവേളയിൽ ഏലിയായും മൂശയും കർത്താവിനൊപ്പം ഉണ്ടായിരുന്നത് രണ്ടാമത്തെ വരവിന്റെ പ്രതീകമായി കണ്ട് ഏലിയാ-സ്ലീവാ-മൂശക്കാലങ്ങൾ രൂപപ്പെടുത്തുവാൻ പ്രേരകമാവുകയും ചെയ്തു. ഈ കാലങ്ങൾ കർത്താവിന്റെ രണ്ടാമത്തെ ആഗമനവും കുരിശിന്റെ ശക്തിയും വിജയവുമാണ് സൂചിപ്പിക്കുന്നത്. ദ്വിതീയാഗമനത്തിനുമുമ്പ് ആകാശത്തിൽ പ്രത്യക്ഷപ്പെടുവാനിരുക്കുന്ന മനുഷ്യപുത്രന്റെ അടയാളം (മത്താ 24:30) കുരിശായിരിക്കുമെന്ന് ആദിമക്രൈസ്തവർ വിശ്വസിച്ചിരുന്നു. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈയിൻ ചക്രവർത്തിക്കുണ്ടായ കുരിശിന്റെ ദർശനവും, അതുവഴി അദ്ദേഹത്തിനു ലഭിച്ച യുദ്ധവിജയവും, തന്റെ അമ്മ ഹെലേനാരാജ്ഞി കുരിശ് കണ്ടെത്തിയതും ഈ കാലങ്ങളിലെ യാമപ്രാർത്ഥനകളിലെ ചിന്താവിഷയങ്ങളാണ്. ലോകാവസാനവും മരണവും അവസാനവിധിയും പ്രധാന ധ്യാനവിഷയമാക്കി, പ്രലോഭവനങ്ങളെ അതിജീവിച്ച് പാപമാലിന്യങ്ങളിൽ നിന്നകന്ന്, ഒരുക്കത്തോടെ ജീവിക്കുവാൻ ഏലിയാ-സ്ലീവാ-മൂശക്കാലങ്ങൾ ആഹ്വാനം ചെയ്യുന്നു.

പള്ളികുദാശക്കാലം

395. സഭയുടെ യുഗാന്തോന്മുഖത വെളിപ്പെടുത്തുന്ന പളളികുദാശക്കാലത്തിന് നാലാഴ്ചകളാണ് ഉള്ളത്. പഴയനിയമത്തിലെ നാല് കൂടാരപ്രതിഷ്ഠകളുടെ അടിസ്ഥാനത്തിലാണ് നവംബർ 27-ന് മുമ്പുളള ഈ നാലാഴ്ചകളെ സജ്ജീകരിച്ചിരിക്കുന്നത്: 1. മൂശയുടെ സമാഗമകൂടാരപ്രതിഷ്ഠ (പുറ 40:1:17), 2. ഇസ്രായേൽ ജനം ഷീലോഹയിൽ പ്രതിഷ്ഠിച്ച സമാഗമകൂടാരം (ജോഷ്വാ 18:1), 3. സോളമന്റെ ദേവാലയപ്രതിഷ്ഠ (2 ദിന 6:1-7: 10), 4. ജോഷ്വായുടെയും സെറുബാബേലിന്റെയും ബലിപീഠപ്രതിഷ്ഠ (എസ്രാ 3:2).

സഭാസമർണപ്പത്തിന്റെ ഈ കാലത്തിൽ, രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി തന്റെ മണവാളനായ മിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ച് സ്വർഗീയ മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നതിന്റെ മൂന്നാസ്വാദനമാണ് അനുസ്മരിക്കുന്നത്. മണവാളനായ മിശിഹാ യുഗാന്തത്തിൽ തന്റെ മണവാട്ടിയായ സഭയെ സ്വർഗീയ മണവറയിൽ പ്രവേശിപ്പിച്ച്, അവൾക്ക് തിരുമുഖദർശനം നല്കി, നിത്യസൗഭാഗ്യം പ്രധാനം ചെയ്യും. അപ്പോൾ, വിശുദ്ധകുരിശാൽ രക്ഷിച്ചതും തിരുരക്തത്താൽ വീണ്ടെടുത്തതുമായ സഭ മാലാഖാവൃന്ദങ്ങളോടൊപ്പം മണവാളനായ മിശിഹായ്ക്ക് നിരന്തരം സ്തുതിഗീതങ്ങൾ അലപിച്ചു നിത്യമഹത്ത്വത്തിൽ പങ്കുചേരും. ഈശോയുടെ ജനനത്തോടുകൂടി ആരംഭിച്ച്, അവിടത്തെ രക്ഷാകരപ്രവർത്തനങ്ങളാൽ രക്ഷിക്കപ്പെട്ട സഭയിലൂടെ സ്വർഗരാജ്യത്തിൽ എത്തിച്ചേരുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ എന്ന യാഥാർത്ഥ്യമാണ് ആരാധനാവത്സരത്തിന്റെ ഉളളടക്കം.

വിശുദ്ധാത്മക ചക്രം (Sanctoral Cycle)

396. രക്തസാക്ഷികളോടുള്ള ആദരവിൽനിന്നാണ് വിശുദ്ധരോടുളള വണക്കം സഭയിൽ ആരംഭിക്കുന്നത്. രക്തംചിന്തി രക്തസാക്ഷിത്വം വരിച്ചവർ മാത്രമേ ആദ്യഘട്ടത്തിൽ വിശ്വാസികളുടെ വണക്കത്തിനു പാത്രമായുളളു. പിന്നീട്, പീഡനവും കാരാഗൃഹവാസവും അനുഭവിക്കേണ്ടിവന്നെങ്കിലും, മരണപ്പെടാതിരുന്നവരും ഈ ഗണത്തിൽ ചേർക്കപ്പെട്ടു. കാലക്രമേണ, ഏതെങ്കിലും വിധത്തിൽ ഈശോയ്ക്ക് സാക്ഷ്യം വഹിച്ച് ജീവിച്ച താപസർ, മെത്രാന്മാർ, കന്യകകൾ, എന്നിവർ വിശ്വാസികളുടെ വണക്കത്തിനു പാത്രീഭൂതരായി. ഒടുവിൽ പ്രാദേശിക വിശുദ്ധരും ഈ ഗണത്തിൽ ചേർക്കപ്പെട്ടു. വിശുദ്ധരുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം നല്കപ്പെട്ടത് പരിശുദ്ധാ കന്യാമറിയത്തിനാണ്. അങ്ങനെ മാതാവിന്റെ ജനനം (സെപ്തംബർ 8), മംഗളവാർത്ത (മാർച്ച് 25), അമലോത്ഭവം (ഡിസംബർ 8), സ്വർഗാരോപണം (ആഗസ്റ്റ് 15) തുടങ്ങിയ തിരുനാളുകൾ സഭയിൽ ആഘോഷപൂർവ്വം ആചരിച്ചുവരുന്നു. ക്രിസ്മസ് കഴിഞ്ഞുവരുന്നതും, ദനഹാത്തിരുനാളിന് തൊട്ടുമുമ്പുള്ളതുമായ വെള്ളിയാഴ്ച മാതാവിനെ പ്രത്യേകമായി അനുസ്മരിക്കുന്ന മാതാവിന്റെ അനുമോദനത്തിരുനാൾ (ദൈവമാതൃത്വത്തിരുനാൾ) ഈ പാരമ്പര്യത്തിന്റെ ഒരു പ്രധാനപ്പെട്ട കണ്ണിയാണ്. 1950-ൽ 12-ാം പീയൂസ് മാർപാപ്പ മാതാവിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ അനുസ്മരണം 'മാതാവിന്റെ നിദ്ര', 'കടന്നുപോകൽ' എന്ന പേരിൽ പൗരസ്ത്യസഭകൾ ആചരിച്ചിരുന്നതായി ചരിത്രം സാക്ഷിക്കുന്നു. സീറോമലബാർ സഭയിലെ പുരാതന ദേവാലയങ്ങൾ പലതും മാതാവിന്റെ നാമത്തിലാണെന്ന വസ്തുതയും സ്മരണീയമാണ്.

397. ആരാധനാവത്സരത്തിലെ കാലങ്ങൾക്കനുസൃതമായിട്ടാണ് സീറോമലബാർ സഭയിലെ വിശുദ്ധരുടെ തിരുനാളുകളും നോമ്പാചരണങ്ങളും പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്. മംഗളവാർത്ത -പിറവിക്കാലങ്ങളിലെ മംഗളവാർത്തിരുനാളിന്റെ അനുസ്മരണം, ദനഹാക്കാലത്തിലെ സഭാപിതാക്കന്മാരുടേയും സുവിശേഷകരുടെയും മറ്റും തിരുനാളുകൾ, ആ കാലത്തിലെ തന്നെ അവസാന വെള്ളിയാഴ്ചയിലെ സകല മരിച്ചവരുടെയും ഓർമ്മ, ഉയിർപ്പുകാലത്തിലെ ഒന്നാം വെള്ളിയാഴ്ച ആചരിക്കുന്ന സകല വിശുദ്ധരുടെയും തിരുനാൾ, കൈത്താക്കാലത്തിലെ മാർ മാറിയുടെ തിരുനാൾ, ഏലിയാ-സ്ലീവാക്കാലങ്ങളിലെ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ തുടങ്ങിയവ ഇപ്രകാരം ആചരിക്കപ്പെടുന്നവയാണ്. കാലങ്ങൾക്കു പുറമെയുള്ള തിരുനാളുകൾ സാധാരണമായി വിശുദ്ധരുടെ മരണദിവസങ്ങളിലാണ് ആചരിക്കാറുള്ളത്. അവർ സ്വർഗത്തിൽ ജനിച്ച ദിവസം എന്ന സങ്കല്പത്തിലാണ് അപ്രകാരം ചെയ്യുന്നത്. വിശുദ്ധ അൽഫോൻസയെ ജൂലൈ 28-ാം തിയതിയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെ ജനുവരി 3-ാം തിയതിയും വിശുദ്ധ എവുപ്രാസ്യായെ ആഗസ്റ്റ് 29-ാം തീയതിയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ ജൂൺ 8-ാം തീയതിയും വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനെ ഒക്ടോബർ 16-ാം തിയതിയും അനുസ്മരിക്കാൻ കാരണമിതാണ്.

തിരുനാളുകൾ

398. തിരുനാളുകളെ പ്രാധാന്യേന മൂന്നു ഗണങ്ങളായി തിരിച്ചിരിക്കുന്നു. അതനുസരിച്ചാണ് ആ ദിവസത്തിലെ വിശുദ്ധ ഗ്രന്ഥവായനകൾ ക്രമീകരിച്ചിരിക്കുന്നത്. കർത്താവിന്റെയും രക്ഷാകരചരിത്രവുമായി നേരിട്ടു ബന്ധമുളള പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളുകളും മറ്റു ചില പ്രധാന തിരുനാളുകളുമാണ് ഒന്നാം ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. (ഉദാ. ഉയിർപ്പു തിരുനാൾ, മാതാവിന്റെ അമലോത്ഭവത്തിരുനാൾ, മാർത്തോമാശ്ലീഹായുടെ ദുക്റാനത്തിരുനാൾ). സീറോമലബാർസഭയിൽ പൊതുവേ അനുസ്മരിച്ചു പോരുന്ന വിശുദ്ധരുടെ തിരുനാളുകളാണ് രണ്ടാമത്തെ ഗണത്തിലുള്ളത് (ഉദാ. പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ഫ്രാൻസിസ് അസ്സീസി). സഭയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം ആചരിക്കുന്ന തിരുനാളുകൾ മൂന്നാമത്തെ ഗണത്തിൽ പെടുത്തിയിരിക്കുന്നു (ഉദാ. വിശുദ്ധ ഡോമിനിക് സാവിയോ, വിശുദ്ധ പത്താം പീയുസ്സ്).

ഉപവാസവും നോമ്പാചരണവും

399. സീറോമലബാർസഭയിലെ ഉപവാസവും നോമ്പാചരണവും പ്രധാനമായും ആരാധനാക്രമവത്സരവുമായി ബന്ധമുള്ളവയാണ്. മംഗളവാർത്തക്കാലത്തിലെ 25 നോമ്പ്, ദനഹാക്കാലത്തിലെ 3 നോമ്പ്, വലിയനോമ്പ് കാലത്തിലെ 50 നോമ്പ്, ആണ്ടുവട്ടത്തിലെ വെളളിയാഴ്ചകളിലെയും ബുധനാഴ്ചകളിലെയും നോമ്പ് എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ഇവ കൂടാതെ, ചില തിരുനാളുകളുമായി ബന്ധപ്പെടുത്തി ആചരിച്ചുപോരുന്ന നോമ്പുകളുമുണ്ട്. മാതാവിന്റെ ജനനത്തിരുനാളിന് (സെപ്തംബർ 8) ഒരുക്കമായി നടത്തുന്ന 8 നോമ്പ്, സ്വർഗാരോപണത്തിന് (ആഗസ്റ്റ് 15) മുമ്പുളള 15 നോമ്പ് എന്നിവ ഉദാഹരണങ്ങളാണ്.

400. ഉപവാസം രണ്ടു തരത്തിൽ നടത്താം: പൂർണ്ണമായും ഭാഗികമായും. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പൂർണ്ണമായ ഉപവാസത്തോടാണ് കൂടുതൽ ആഭിമുഖ്യം ഉണ്ടായിരുന്നത്. ഇതനുസരിച്ച് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിച്ചിരുന്നില്ല. എന്നാൽ, ഭാഗികമായ ഉപവാസരീതിയനുസരിച്ച് കഞ്ഞികുടിക്കുന്നതും പഴവർഗങ്ങൾ കഴിക്കുന്നതും ഉപവാസലംഘനമായി കരുതിയിരുന്നില്ല. എങ്കിലും സൂര്യാസ്തമയത്തിനുശേഷമാണ് (സായാഹ്നപ്രാർത്ഥനയ്ക്കുശേഷം) അവർ പ്രധാനഭക്ഷണം കഴിച്ചിരുന്നത്.

എല്ലാവരും ഉപവാസമനുഷ്ഠിക്കുന്ന രീതിയാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ അവലംബിച്ചിരുന്നത്. അത് നിർബന്ധംമൂലമാകരുതെന്നും സ്വതന്ത്ര മനസ്സോടെയായിരിക്കണമെന്നും അവർ നിഷ്കർഷിച്ചിരുന്നു. 21 വയസ്സിനു താഴെയുള്ളവർ, വൃദ്ധർ, രോഗികൾ, ഗർഭിണികൾ, മുലയൂട്ടുന്നവർ, ന്യായമായ കാരണങ്ങളാൽ ഉപ വസിക്കാൻ നിവൃത്തിയില്ലാത്തവർ എന്നിവർ ഉപവാസത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഇവരും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ (മാംസം, മത്സ്യം, പാൽ, പാലുല്പന്നങ്ങൾ, മുട്ട മുതലായവ) ഭക്ഷിക്കുമായിരുന്നില്ല. രോഗികൾക്കും ഗർഭിണികൾക്കും ഇക്കാര്യത്തിലും ഒഴിവുണ്ടായിരുന്നു.

401. ഉപവാസത്തെ ഭക്ഷണം ഉപേക്ഷിക്കൽ മാത്രമായി കണക്കാക്കുന്നത് ശരിയല്ല; അത് ബാഹ്യമായ ഉപവാസം മാത്രമേ ആകുന്നുള്ളു. അകൃത്യങ്ങളിൽ നിന്ന് മോചനം നേടാൻ ഉതകുന്ന ആന്തരികമായ ഉപവാസവും ആവശ്യമാണ്. അങ്ങനെ ആന്തരികവും ബാഹ്യവുമായ വിശുദ്ധീകരണത്തിനുള്ള ഒരു സവിശേഷ ഉപാധിയായാണ് വിശുദ്ധ അപ്രേമും മറ്റു സഭാപിതാക്കന്മാരും ഉപവാസത്തെ കണ്ടിരുന്നത്. മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുക, ചിന്തകളെ വിമലീകരിക്കുക. നല്ല പ്രചോദനങ്ങളാൽ ഹൃദയത്തെ ദീപ്തമാക്കുക, ആത്മശക്തിയെ ദൃഢപ്പെടുത്തുക, ശാരീരികകഴിവുകളെ വളർത്തുക തുടങ്ങിയ വിശുദ്ധീകരണപ്രക്രിയകളിലൂടെ നിത്യതയുടെ മണവറയിൽ ഇടം നേടാൻ ഉപവാസം സഹായിക്കുന്നു.

402. സീറോമലബാർസഭയിൽ ഇപ്പോൾ വലിയ നോമ്പിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചയും പീഡാനുഭവവെള്ളിയാഴ്ചയും ഉപവാസവും മാംസവർജ്ജനവും നിർദ്ദേശിച്ചിരിക്കുന്നു. ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളും മാംസവർജ്ജന ദിവസങ്ങളാണ്. എന്നാൽ, പിറവിത്തിരുനാളിനും (ഡിസംബർ 25) ദനഹാത്തിരുനാളിനും (ജനുവരി 6) ഇടയ്ക്കുളള വെള്ളിയാഴ്ചകളെയും ഉയിർപ്പുതിരുനാളിനുശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ചയെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചു നോമ്പ്, പതിനഞ്ചു നോമ്പ്, എട്ടുനോമ്പ്, മൂന്നു നോമ്പ് എന്നീ നോമ്പുകളിലെ എല്ലാ ദിവസങ്ങളിലും മാംസ വർജ്ജനം ശുപാർശ ചെയ്തിരിക്കുന്നു. വലിയനോമ്പിലെ എല്ലാ വെളളിയാഴ്ചകളിലും ഉപവസിക്കുന്നതും അഭികാമ്യമാണ്.

403. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് (ഡിസംബർ 25), ദനഹാത്തിരുനാൾ (ജനുവരി 6), നമ്മുടെ കർത്താവിന്റെ സ്വർഗാരോഹണത്തിരുനാൾ (ഉയിർപ്പുകാലം ആറാം ഞായർ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച), വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ (ജൂൺ 29), മാർത്തോമ്മാശ്ലീഹായുടെ ദുക്റാനത്തിരുനാൾ (ജൂലൈ 3), പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണത്തിരുനാൾ (ആഗസ്റ്റ് 15) എന്നിവയാണ് ആണ്ടുവട്ടത്തിലെ കടമുള്ള ദിവസങ്ങൾ. ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്.

മംഗളവാർത്താക്കാലം പിറവിക്കാലം ദനഹാക്കാലം നോമ്പ്ക്കാലം ഉയിർപ്പ്ക്കാലം ശ്ലീഹക്കാലം കൈത്തക്കാലം ഏലിയാ-സ്ലീവാ- മൂശാക്കാലം പള്ളിക്കൂദാശക്കാലം ആരാധനാക്രമവത്സരം ഞായറാഴ്ചയാചരണം കാലികചക്രവും വിശുദ്ധാത്മകചക്രവും ആരാധനാക്രമവത്സരത്തിന്റെ പ്രാരംഭചരിത്രം സിറോമലബാർ ആരാധനാക്രമവത്സരം ഉപവാസവും നോമ്പാചരണവും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message