x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

ആരാധനയും വിശ്വാസവും ജീവിതവും

Authored by : Rev. Dr. Joseph Pamplany On 05-Feb-2021

ക്രിസ്തീയതയുടെ അടിസ്ഥാനമായി ആദിമ സഭ കരുതിയിരുന്ന തത്വം ആരാധനയും വിശ്വാസവും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ വ്യക്തമാക്കുന്നതാണ്: പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും ജീവിത്തിന്‍റെയും അടിസ്ഥാന നിയമം ഒന്നാണ് - lex orandi, lex credendi, lex vivendi -  (bene operandi). വിശ്വാസവും ജീവിതവും ആരാധനയില്‍നിന്ന് രൂപംകൊള്ളുന്ന സത്യങ്ങളാണ്. ഇവയെ വേര്‍തിരിക്കുമ്പോള്‍, വിശിഷ്യാ വിശ്വാസത്തിന്‍റെ ഉള്ളടക്കത്തെയും (doctrine) ആരാധനാക്രമത്തെയും (liturgy) വേര്‍തിരിക്കുമ്പോള്‍ അവയ്ക്ക് ജീവിതഗന്ധം നഷ്ടപ്പെടുന്നു.

ബെനഡിക്റ്റ് മാര്‍പാപ്പ രചിച്ച ആരാധനാക്രമത്തിന്‍റെ ആത്മാവ് (Spirit of Liturgy) എന്ന കൃതിയില്‍ ആരാധനാക്രമവും വിശ്വാസവും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ മൂന്നു തലങ്ങളായി വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, എന്നേയ്ക്കുമായുള്ള ക്രിസ്തുവിന്‍റെ ബലി ആരാധനാക്രമത്തിന്‍റെ സജീവതയായി മാറുന്ന തലമാണ്. ജറുസലേം ദേവാലയത്തില്‍ ഒതുങ്ങിനിന്നിരുന്ന ദൈവാരാധനയില്‍നിന്ന് ആത്മാവിലും സത്യത്തിലുമുള്ള സാര്‍വ്വത്രിക ആരാധനയായുള്ള രൂപപരിണാമത്തിന്‍റെ തലമാണിത്. രണ്ടാമത്തെ തലമാകട്ടെ ആരാധനാക്രമസത്യം അനുദിന ജീവിത്തിന്‍റെ വിശ്വാസത്തോടു സംവദിക്കുന്ന തലമാണ്. ദൈവാരാധന വിശ്വാസമായി പരിണമിക്കുന്നത് ഈ തലത്തിലാണ്. മൂന്നാമത്ത തലത്തില്‍ ആരാധനാക്രമത്തിലെ നിത്യസത്യം ആരാധകന്‍റെ നിത്യജീവിതത്തെയും മൂല്യബോധങ്ങളെയും രൂപാന്തരപ്പെടുത്തുന്ന തലമാണ്. ആരാധനാക്രമം ഒരേസമയം ക്രിസ്തുകേന്ദ്രീകൃതവും സഭാകേന്ദ്രീകൃതവും വ്യക്തികേന്ദ്രീകൃതവുമാകുന്ന അത്ഭുതത്തെയാണ് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് (Spirit of Liturg, P. 60).

പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനുശേഷം ആരാധനാക്രമദൈവശാസ്ത്രത്തില്‍ പാശ്ചാത്യസഭയുടെ ഊന്നലുകള്‍ക്ക് മാറ്റംവന്നിരുന്നു. ലൂഥറിന്‍റെ പൊതുപൗരോഹിത്യവാദത്തെ ഖണ്ഡിക്കാന്‍ പൂര്‍ണ്ണമായും പുരോഹിത കേന്ദ്രീകൃതമായ ആരാധനാരീതികളും "വചനം മാത്രംമതി" (sola scripturta) എന്ന വാദത്തെ ഖണ്ഡിക്കാന്‍ വചനശുശ്രൂഷകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ശൈലിയും സ്വീകരിക്കാന്‍ പാശ്ചാത്യ സഭ കുറെയൊക്കെ നിര്‍ബ്ബന്ധിതമായി എന്നതു സത്യമാണ്. എന്നാല്‍ പൗരസ്ത്യ സഭകളുടെ ആരാധനാക്രമം വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും ഉറവിടമായി എന്നും നിലനിന്നിരുന്നു.

ദൈവാരാധന വിശ്വാസത്തിലേക്കും ജീവിതത്തിലേക്കും എപ്രകാരമാണ് നയിക്കുന്നത് എന്ന സത്യം പുറപ്പാട് പുസ്തകം വിശദീകരിക്കുന്നുണ്ട്. ഫറവോയുടെ മുമ്പിലെത്തിയ മോശ ഇസ്രായേല്‍ ജനത്തെ ദൈവാരാധനയ്ക്കായി മരുഭൂമിയിലേക്ക് അയക്കണം എന്നാണ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് (പുറ 8:1-9:1,13; 10:3). ദൈവജനത്തിന്‍റെ രൂപീകരണം ആരാധനാക്രമത്തിലൂടെയേ സാധ്യമാകു എന്ന സത്യമാണ് ഇവിടെ വ്യക്തമാക്കുന്നത്. ആരാധനയ്ക്കായി സീനായ് മരുഭൂമിയിലെത്തിയ ജനത്തിന് ദൈവം പകര്‍ന്നു നല്‍കുന്നത് വിശ്വാസത്തിന്‍റെ അടിസ്ഥാനസത്യങ്ങളും ധാര്‍മ്മികതയുടെ വ്യക്തമായ പ്രബോധനങ്ങളുമടങ്ങുന്ന പത്തുകല്പനകളാണ്. ആരാധന എപ്രകാരം ദൈവജനത്തിന്‍റെ വിശ്വാസത്തെയും ധാര്‍മ്മിക ജീവിതത്തെയും രൂപാന്തരപ്പെടുത്തുന്നു എന്ന സത്യമാണ് ഇവിടെ വ്യക്തമാകുന്നത്. "ദൈവമഹത്വം ജീവിക്കുന്ന മനുഷ്യനാണ്; എന്നാല്‍ മനുഷ്യജീവിതമാകട്ടെ ദൈവദര്‍ശനമാണ്" എന്ന വി. ഇറനേവൂസിന്‍റെ പ്രസ്താവന (Adv. Haer. 4.20.7) ഈ സത്യത്തിന്‍റെ മറ്റൊരു ഭാഷ്യമാണ്.

ആരാധനയും വിശ്വാസവും

ആരാധനയും വിശ്വാസവും അഭേദ്യമായ സത്യമാണ്. ആദിമസഭ വിശ്വാസത്തെ കേവലം തത്വസംഹിതകളായല്ല കരുതിയിരുന്നത്. മറിച്ച് ആരാധനാക്രമത്തിലെ ഏറ്റുപറച്ചിലുകളായിട്ടാണ് (confessios) വിശ്വാസസത്യങ്ങള്‍ രൂപംകൊണ്ടത്. ഉദാഹരണമായി,

  1. യേശു കര്‍ത്താവാണ്, ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വമാണ് തുടങ്ങിയ സത്യങ്ങള്‍ ആദിമസഭയുടെ മാമ്മോദീസാ ക്രമത്തില്‍നിന്ന് രൂപംകൊണ്ടവയാണ്.                                                              
  2. വി. കുര്‍ബ്ബാന സത്യമായും ഈശോയുടെ ശരീരമാണ്, അത് നിത്യജീവന്‍റെ ഔഷധമാണ് തുടങ്ങിയ സത്യങ്ങള്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയുടെ ക്രമത്തില്‍നിന്ന് രൂപംകൊണ്ടവയാണ്.                                                                                               
  3. പാപം വരപ്രസാദത്തെ നശിപ്പിക്കുന്നു എന്നും സഭയില്‍ പാപമോചനം നേടുമ്പോള്‍ വരപ്രസാദം വീണ്ടെടുക്കുന്നു എന്നുമുള്ള സത്യം പാപസങ്കീര്‍ത്തന കൂദാശാക്രമത്തിലൂടെ രൂപംകൊണ്ടതാണ്.                           
  4. സഭ ക്രിസ്തുവിന്‍റെ ശരീരമാണെന്നും പ്രസ്തുത ശരീരത്തിന്‍റെ ശിരസ്സായിവര്‍ത്തിക്കുന്ന സഭാനേതാക്കള്‍ (presbyteroi, episkopoi, diakonoi) ക്രിസ്തുവിന്‍റെ പ്രതിപുരുഷന്മാരാണെന്നുമുള്ള സത്യം ആരാധനാസമൂഹത്തിന്‍റെ കൂട്ടായ്മയിലൂടെ വിശ്വാസികള്‍ ഗ്രഹിച്ച സത്യമായിരുന്നു.                                              
  5. വിശ്വാസബോധനത്തിന് ആരാധനാക്രമഗീതങ്ങള്‍ എത്രമേല്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഏറ്റവും സ്പഷ്ടമായി കാണിച്ചുതന്നത് സുറിയാനി സഭാപിതാവായ വി. എഫ്രേമാണ്. അദ്ദേഹത്തിന്‍റെ ഗീതങ്ങളുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

എപ്പോഴെല്ലാം വിശ്വാസം ആരാധനാക്രമത്തില്‍നിന്ന് അകന്നുപോയോ അപ്പോഴെല്ലാം വിശ്വാസസത്യങ്ങള്‍ കേവലം താത്വിക പ്രമേയങ്ങളും തര്‍ക്കവിഷയങ്ങളുമായി മാറി. ആദിമസഭയിലെ പാഷണ്ഡതകളുടെ പശ്ചാത്തലം ഇതാണ്. ഇന്നും സഭയില്‍ വിശ്വാസം തര്‍ക്കവിഷയമാകുന്നത് വിശ്വാസസത്യങ്ങള്‍ ആരാധനാവിഷയങ്ങളാകാതെ കേവലം താത്വിക വിഷയങ്ങളായി നിലകൊള്ളുമ്പോഴാണ്. ആരാധനാക്രമത്തിലൂടെ അനുഭവവേദ്യമാകാത്ത വിശ്വാസസത്യങ്ങളൊന്നും സ്ഥായിയായ ബോധ്യങ്ങള്‍ ജനിപ്പിക്കാന്‍ അപര്യാപ്തമാണ്. നമ്മുടെ വൈദീക പരിശീലനത്തിലും മതബോധനത്തിലും ഈ സത്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കാലികമായ പരിവര്‍ത്തനം ആവശ്യമാണ്. ആരാധനാക്രമത്തെ കേവലം ഒരു പാഠ്യവിഷയമായിട്ടല്ല വിശ്വാസത്തിന്‍റെ ഉറവിടമായാണ് ഗ്രഹിക്കേണ്ടത്.

വിശ്വാസത്തിന്‍റെ പ്രഭവസ്ഥാനമായും ദൈവശാസ്ത്രത്തിന്‍റെ ഉറവിടമായും കരുതപ്പെടുന്ന വി. ഗ്രന്ഥം രൂപപ്പെട്ടത് ആരാധനാക്രമത്തിലൂടെയാണ് എന്ന സത്യം നാം ഓര്‍ക്കണം. ആരാധനാ കൂട്ടായ്മകളില്‍ ക്രിസ്തു രഹസ്യം ധ്യാനിക്കാനും ക്രിസ്തുവിന്‍റെ ജീവിതത്തെ പഠിക്കാനുമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളായാണ് തിരുലിഖിതങ്ങള്‍ രൂപപ്പെട്ടത്. ഈശോയുടെ പീഡാനുഭവത്തെ ധ്യാനിക്കുന്ന പീഡാനുഭവ വിവരണങ്ങളാണ് ഇത്തരത്തില്‍ ആദ്യമായി രചിക്കപ്പെട്ടത്. ആരാധനയ്ക്കിടയിലെ പ്രബോധനത്തിനായി രചിക്കപ്പെട്ടതാണ് ഈശോയുടെ ഉപമകളും ചൊല്ലുകളും ഉള്‍ക്കൊള്ളുന്ന ആദ്യകാല ഉറവിട ഗ്രന്ഥങ്ങള്‍. ഇവയെ ആധാരമാക്കിയാണ് പില്‍ക്കാല സുവിശേഷങ്ങള്‍ രൂപംകൊണ്ടത്. ആരാധനാക്രമസമൂഹത്തില്‍ ആവര്‍ത്തിച്ച് വായിക്കപ്പെട്ടതിലൂടെ ആരാധനാസമൂഹത്തിന്‍റെ അംഗീകാരം നേടിയ രചനകളാണ് പില്‍ക്കാലത്ത് കാനോനിക ഗ്രന്ഥങ്ങളായി സഭയില്‍ ചിരപ്രതിഷ്ഠ നേടിയത്. വി. ഗ്രന്ഥത്തിന്‍റെ ആധികാരികതയുടെ അടിസ്ഥാനം അത് ആരാധനാസമൂഹത്തിന്‍റെ വിശ്വാസപ്രഘോഷണമാണ് എന്ന സത്യമാണ്. ആരാധനാക്രമത്തില്‍നിന്ന് വേര്‍പെടുത്തി വചനത്തെ വ്യാഖ്യാനിക്കുമ്പോള്‍ വചനവും കേവലം തര്‍ക്കവിഷയമാകുന്നു. പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനുശേഷം ഇപ്രകാരമുള്ള വചനവ്യാഖ്യാനം സാര്‍വ്വത്രികമായി. വചനവ്യാഖ്യാന വ്യത്യാസങ്ങള്‍ പ്രസ്തുത സഭകളിലെ പിളര്‍പ്പിനും അനൈക്യത്തിനും കാരണമാകുന്നത് ഈ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. വി. ഗ്രന്ഥത്തെ ആരാധനാക്രമത്തോടു ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നു എന്നതാണ് കത്തോലിക്കാ ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനം.

വിശ്വാസികളുടെ സമൂഹമായ തിരുസഭ ആരാധനാക്രമസമൂഹമായാണ് രൂപംകൊണ്ടത്. ഈശോയിലുള്ള വിശ്വാസം ആദിമശിഷ്യര്‍ പഠിച്ചതും അനുഭവിച്ചതും ആരാധനാകൂട്ടായ്മയിലൂടെയാണ്. മതമര്‍ദ്ദനകാലത്ത് ജീവന്‍ പണയപ്പെടുത്തിയും ആരാധനയ്ക്കണഞ്ഞിരുന്ന ആദിമ ക്രൈസ്തവരെ വിശ്വാസത്തിലൊരുമിപ്പിച്ച സത്യം ആരാധനയായിരുന്നു. സഭയുടെ പ്രാണവായു ആരാധനാക്രമം അല്ലാതാകുമ്പോള്‍ സഭ കേവലമൊരു സംഘടനയോ പ്രസ്ഥാനമോ ആയിമാറുന്നു. സഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് വി. കുര്‍ബ്ബാനയിലാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്. തന്മൂലം ദൈവാരാധനയില്‍ ആഴമേറിയ ഐക്യവും കൂട്ടായ്മയും അനുഭവിക്കുമ്പോള്‍ മാത്രമേ സഭാത്മകത ശക്തമാകുന്നുള്ളു.

ദൈവാനുഗ്രഹത്താല്‍ ആഗോളസഭയിലെ ഏറ്റവും പൗരാണികമായ ആരാധനാക്രമം സ്വന്തമായിട്ടുള്ള സീറോമലബാര്‍ സഭ അതിന്‍റെ സമ്പന്നമായ ആരാധനാക്രമ പാരമ്പര്യം വിശ്വാസപോഷണത്തിന് ശരിയാംവിധം ഉപയോഗിച്ചിട്ടുണ്ടോ എന്നത് നാം ആത്മശോധനയ്ക്കു വിധേയമാക്കണം. പലപ്പോഴും ആരാധനാക്രമത്തിന്‍റെ പേരിലുള്ള അനാവശ്യ വിവാദങ്ങള്‍ സഭയില്‍ വിശ്വാസശോഷണത്തിന് കാരണമായിട്ടുണ്ട് എന്ന സത്യം ഏറെ ഹൃദയവേദനയോടെ നാം തിരിച്ചറിയണം. ആരാധനാക്രമ വിവാദങ്ങള്‍ ശക്തമായിരുന്ന കാലഘട്ടത്തിലാണ് ചില വിഘടിത ഗ്രൂപ്പുകള്‍ (സെക്ടുകള്‍) നമ്മുടെ സഭയില്‍ ശക്തിപ്പെട്ടു തുടങ്ങിയത് എന്ന ചരിത്ര വസ്തുതയും നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ആരാധനാക്രമവും ജീവിതവും

സഭയിലെ ആരാധനാക്രമം കേവലം ഒരു അനുഷ്ഠാനമോ  ആചാരമോ അല്ല. മറിച്ച് ക്രിസ്തുസംഭവത്തിന്‍റെ സജീവമായ പുനരാവിഷ്കാരമാണ്. എമ്മാവൂസിലേക്കുപോയ അപ്പസ്തോലന്മാര്‍ ആരാധനാക്രമത്തിലൂടെ ജീവിതനവീകരണം വരുത്തുന്ന സുന്ദരമായ വിവരണം ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 24:12-34). വഴിയില്‍വച്ച് അവര്‍കേട്ട വചനം മരണശേഷവും ജീവിക്കുന്ന മഹത്വീകൃതനായ ക്രിസ്തുവിന്‍റെ വചനമായിരുന്നു. ആരാധനാക്രമത്തില്‍ നാം വചനം ശ്രവിക്കുന്നതും സമാനമായ അനുഭവത്തിലാണ്. പ്രസ്തുത വചനശ്രവണം സാവകാശം എമ്മാവൂസ് ശിഷ്യരെ കൂട്ടായ്മയിലേക്കും പങ്കുവയ്ക്കലിലേക്കും ആനയിച്ചു. ഈ കൂട്ടായ്മയുടെ മധ്യത്തിലാണ് ഈശോ തന്‍റെ ശരീരം അവര്‍ക്ക് വി. കുര്‍ബ്ബാനയായി പകുത്തു നല്‍കിയത്. ആരാധനാക്രമത്തില്‍ സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ജീവിതപരിവര്‍ത്തനത്തെയാണ് സുവിശേഷകന്‍ ഇവിടെ വിവരിക്കുന്നത്. സംശയത്തിലും നിരാശയിലും കഴിഞ്ഞുകൂടിയ അപ്പസ്തോലന്മാര്‍ അവിശ്വാസം വെടിഞ്ഞ് യഥാര്‍ത്ഥ ക്രിസ്തുസാക്ഷികളായി രൂപാന്തരപ്പെടുന്ന അത്ഭുതമാണ് ഓരോ ആരാധനയിലൂടെയും സംഭവിക്കേണ്ടത്.

ദൈവാരാധനയുടെ ആദ്യരൂപമായ സാബത്ത് എപ്രകാരമാണ് ആരാധനയുടെ ധാര്‍മ്മിക മാനം കൈവരിക്കുന്നതെന്ന് വി. ഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. സാബത്ത് വിശ്രമത്തില്‍ ദൈവത്തെപ്പോലെ സകലരും വിശ്രമിക്കേണ്ടതുണ്ട്. യജമാനനും അടിമയും തമ്മിലുള്ള വ്യത്യാസം സാബത്തിലില്ലാതാകുന്നു. എല്ലാവിധ അടിമത്തങ്ങളില്‍നിന്നുമുള്ള വിടുതലായിട്ടാണ് സാബത്തിനെ വി. ഗ്രന്ഥം അവതരിപ്പിക്കുന്നത്. ആരാധന ദൈവത്തിന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കാനല്ല മനുഷ്യന്‍റെ മഹത്വം പ്രകടമാക്കാനാണ് എന്ന സത്യമാണ് ഇവിടെ വ്യക്തമാകുന്നത്. ആരാധനയില്‍നിന്ന് രൂപംകൊണ്ട ധാര്‍മ്മിക നിയമമായതിനാല്‍ സാബത്താചരണം യഹൂദന്‍റെ ജീവിതത്തിന്‍റെ മര്‍മ്മപ്രധാനമായ സത്യമായി മാറി. ആരാധനയില്‍നിന്ന് രൂപംകൊള്ളുന്ന ധാര്‍മ്മികതയുടെ സനാതന സ്വഭാവമാണ് ഇവിടെ വ്യക്തമാകുന്നത്. 

ഏശയ്യായുടെ അധരങ്ങളെ തൊട്ട "ബലിപീഠത്തിലെ തീക്കനല്‍" (ഏശ 6) എന്ന പ്രതീകം ഉപയോഗിച്ചുകൊണ്ട് വി. എഫ്രേം ദൈവാരാധനയുടെ ധാര്‍മ്മികമാനം വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്‍റെ പരിശുദ്ധിയെക്കുറിച്ചുള്ള അവബോധം തന്‍റെതന്നെ അശുദ്ധിയെക്കുറിച്ചുള്ള അവബോധമായി പ്രവാചകനില്‍ പരിണമിക്കുന്നത് ആരാധനാധിഷ്ഠിതമായ ധാര്‍മ്മികതയുടെ ഏറ്റവും നല്ല ദൃഷ്ടാന്തമാണെന്ന് വി. എഫ്രേം വ്യക്തമാക്കുന്നു. വിശ്വാസത്തെക്കുറിച്ചുള്ള കീര്‍ത്തനത്തില്‍ ഈ ആശയം വ്യക്തമാക്കുന്നുണ്ട്. "ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത അഗ്നിയെ അപ്പത്തിലും വീഞ്ഞിലും ആവാഹിക്കുന്ന വി. കുര്‍ബ്ബാന ഏശയ്യായുടെ അധരങ്ങളെ തൊട്ട തീക്കനലിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്. ഈ അഗ്നിയെ ഉള്‍ക്കൊള്ളുന്ന പാപിയെ അത് ദഹിപ്പിക്കുകയല്ല മറിച്ച് അവനെ ശുദ്ധീകരിച്ച് പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്' (Hymn de Fide, 10.810). ആരാധനയിലൂടെ വിശുദ്ധീകരിക്കപ്പെട്ട ഏശയ്യാ ദൈവത്തിന്‍റെ സന്ദേശവാഹകനായി മുന്നിട്ടിറങ്ങുമ്പോള്‍ ആരാധനയും വിശ്വാസവും ജീവിതവും തമ്മിലുള്ള പാരസ്പര്യം പൂര്‍ണ്ണമാകുന്നതായി വി. എഫ്രേം സമര്‍ത്ഥിക്കുന്നു.

ആരാധനാക്രമത്തിലൂടെയാണ് വിശ്വാസിയുടെ ക്രൈസ്തവസ്വത്വം രൂപംകൊള്ളുന്നത്. ഇപ്രകാരമുള്ള സ്വത്വരൂപീകരണം കൂടാതെ ക്രിസ്തീയ ധാര്‍മ്മികത പാലിക്കാനാവില്ല. സഭാജീവിതത്തില്‍നിന്നും കൗദാശികജീവിതത്തില്‍നിന്നും അകന്നുനില്‍ക്കുന്നവര്‍ സ്വഭാവികമായും ധാര്‍മ്മിക അപചയങ്ങള്‍ക്ക് വിധേയമാകുന്നതിന് നാം അനുഭവസ്ഥരാണല്ലോ. ആരാധനയിലൂടെ ഒരുവന്‍ ക്രൈസ്തവ മൂല്യലോകത്തേക്കും ക്രിസ്തീയ പശ്ചാത്തലത്തിലേക്കും രൂപാന്തരപ്പെടുകയാണ്. ഇപ്രകാരമുള്ള ക്രിസ്തീയ രൂപാന്തരീകരണത്തിന്‍റെ (Christin narrative) ഭാഗമാകാനുള്ള ഏകമാര്‍ഗ്ഗം ക്രൈസ്തവ സമൂഹ ആരാധനയാണെന്ന് സ്റ്റാന്‍ലി ഹാവര്‍വാസിനെപ്പോലെയുള്ള ചിന്തകര്‍ പറയുന്നത് പ്രസക്തമാണ്.

പറയുന്നതും സംഭവിക്കുന്നതും തമ്മിലുള്ള പൊരുത്തമാണ് ആരാധനാക്രമം തരുന്ന അടിസ്ഥാനപാഠം. യഹൂദ ആരാധനാസ്തുതിഗീതമായി സൃഷ്ടിവിവരണം നല്‍കുന്ന ഉല്‍പത്തി ഗ്രന്ഥകാരന്‍ ഈ സത്യത്തെ വിശദീകരിക്കുന്നുണ്ട്. ദൈവം അരുളിചെയ്തു പ്രകാശമുണ്ടാകട്ടെ; പ്രകാശം ഉണ്ടായി... വചനവും അതിന്‍റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തമാണ് വി. ഗ്രന്ഥകാരന്‍ വിശദമാക്കുന്നത്. ആരാധനാക്രമത്തിലും സമാനമായ പ്രവര്‍ത്തനം കാണാനാവും. ഇത് എന്‍റെ ശരീരമാണ്... എന്‍റെ രക്തമാണ്... എന്ന വചനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധനാക്രമത്തില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നതിന് വിശ്വാസി സാക്ഷിയാകുന്നു. കര്‍ത്താവായ ദൈവമേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ... എന്ന പ്രാര്‍ത്ഥനയില്‍ സത്യമായും സ്വര്‍ഗ്ഗം തുറന്ന് പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്നത് വിശ്വാസി അനുഭവിക്കുന്നു. വിശ്വസിക്കുന്നത് സംഭവിക്കുമെന്നും വിശ്വാസമാണ് ജീവിതമെന്നും വിശ്വാസി ഗ്രഹിക്കുന്നത് വിശ്വാസത്തിന്‍റെ ആഘോഷമായ ആരാധനാക്രമത്തിലാണ്. ആരാധനാക്രമത്തിലധിഷ്ഠിതമല്ലാത്ത വിശ്വാസ പരിശീലനം കേവലം ബൗദ്ധിക തലത്തിലൊതുങ്ങുന്നതും ജീവിത പരിവര്‍ത്തനത്തിന് സഹായിക്കാത്തതുമാണ്.

ആരാധനാക്രമത്തില്‍നിന്നകലുമ്പോള്‍ സഭയുടെ ധാര്‍മ്മിക കല്പനകള്‍ കേവലം നൈയ്യാമിക ബാധ്യതകള്‍ മാത്രമായി വിശ്വാസിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ ആരാധനാക്രമാധിഷ്ഠിതമായ ആധ്യാത്മികതയില്‍ എല്ലാ ധാര്‍മ്മിക പ്രമാണങ്ങളും ആരാധനയ്ക്കുള്ള ഒരുക്ക ശുശ്രൂഷയാകുന്നു. ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയാണ് എപ്പോഴും പൗരസ്ത്യ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നത്. ആധുനിക ധാര്‍മ്മികതയിലെ അപചയങ്ങളായ ആപേക്ഷികതാവാദം, ഭൗതീകവാദം, വ്യക്തിവാദം തുടങ്ങിയവയ്ക്കെല്ലാമുള്ള ഉത്തരം ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയാണ്. നമ്മുടെ കുര്‍ബ്ബാനയില്‍ ദൈവജനത്തിന്‍റെ വിശുദ്ധീകരണം ആത്യന്തിക ലക്ഷ്യമായി അവതരിപ്പിക്കുന്നതിന്‍റെ പ്രാധാന്യം പലപ്പോഴും വിശ്വാസികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതില്‍ നമുക്ക് വീഴ്ച വന്നിട്ടുണ്ട്.

ആരാധനാക്രമത്തിലെ നിയതമായ അനുഷ്ഠാനങ്ങള്‍ (rubrics) നിയതവും അച്ചടക്കപൂര്‍ണ്ണവുമായ ജീവിതശൈലിയെ പരിശീലിപ്പിക്കുന്നതാണ്. സഭയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി വി. കുര്‍ബ്ബാന തന്നിഷ്ടപ്രകാരം ചൊല്ലുന്ന വൈദീകന്‍ തന്‍റെ വ്യക്തിജീവിതത്തിലെ ക്രമരാഹിത്യവും ധാര്‍മ്മിക അപചയവുമാണ് അള്‍ത്താരയില്‍ വ്യക്തമാക്കുന്നത് എന്ന് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ത്തായുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ആരാധനാക്രമം കാര്‍മ്മികന്‍റെ ഐച്ഛികമാകുമ്പോള്‍ അതിലൂടെ നഷ്ടമാകുന്നത് സഭയുടെ ഈ ധാര്‍മ്മിക വീക്ഷണംകൂടിയാണ്. ഇതേക്കുറിച്ച് ബെനഡിക്റ്റ് മാര്‍പാപ്പ നല്‍കിയിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. "ക്രിസ്തുവാണ് ആരാധനാക്രമത്തിലെ യഥാര്‍ത്ഥ കാര്‍മ്മികന്‍ എന്നതിനാല്‍ ബലിയര്‍പ്പിക്കുന്ന വൈദീകന്‍റെ വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് ആരാധനാക്രമത്തില്‍ മാറ്റംവരുത്തരുത്. ആരാധനയെ കൂടുതല്‍ ആകര്‍ഷണീയവും മനോഹരവുമാക്കുക എന്ന ലക്ഷ്യത്തോടെ നാം ചെയ്യുന്ന വ്യക്തിപരമായ ഭേദഗതികള്‍ ആരാധനാക്രമത്തിന്‍റെ ആത്മാവിനെയാണ് നശിപ്പിക്കുന്നത്" (Gen. Aud. 2012, Oct. 3).

ആരാധനാക്രമം അതിന്‍റെ അനുഷ്ഠാനങ്ങളിലൂടെ ക്രിസ്തുസംഭവത്തെ കാലികവും സജീവവുമായി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. മറ്റൊരു വഴിയിലൂടെയും വിശ്വാസാധിഷ്ഠിത ധാര്‍മ്മിക ജീവിതം കുറ്റമറ്റ രീതിയില്‍ സ്വായത്തമാക്കാനാവില്ല. ക്രിസ്തുസംഭവത്തെ പ്രസംഗത്തിലൂടെയോ വായനയിലൂടെയോ ചിന്തയിലൂടെയോ സ്വാംശീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കേവലം ഒരു ചരിത്രാന്വേഷണമാകുന്നു. അറിയുന്നവയുടെ സജീവ അനുഭവം പ്രദാനംചെയ്യാന്‍ പ്രസ്തുത മാര്‍ഗ്ഗങ്ങള്‍ അപര്യാപ്തമാണ്. ആരാധനാക്രമം അറിവു നല്‍കാനുള്ള മാര്‍ഗ്ഗമല്ല, മറിച്ച് അറിഞ്ഞതിനെ അനുഭവവേദ്യമാക്കുന്ന (not infotmative but performative) എന്ന് ബെനഡിക്റ്റ് മാര്‍പാപ്പ നിരീക്ഷിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്. ക്രിസ്തുസംഭവത്തിന്‍റെ സജീവത അനുഭവവേദ്യമാകുമ്പോള്‍ മാത്രമേ ഒരുവന്‍റെ ജീവിതം യഥാര്‍ത്ഥ മാനസാന്തരത്തിനും നവീകരണത്തിനും വിധേയമാകുന്നുള്ളു. ഇതാകട്ടെ ആരാധനാക്രമത്തിലൂടെയാണ് ഏറ്റവും ആധികാരികമായി സാധ്യമാകുന്നത്.

സഭാഗാത്രത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആഴമേറിയ കൂട്ടായ്മ അനുഭവിച്ചറിയുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ധാര്‍മ്മിക പക്വതയിലേക്കും പരസ്നേഹത്തിലേക്കും വിശ്വാസികള്‍ക്ക് വളരാനാകു. ക്രിസ്തുവിന്‍റെ ശരീരത്തില്‍ പങ്കുചേരുന്നവര്‍ പരസ്പരം ബന്ധമുള്ളവരും പരസ്നേഹത്തിന്‍റെ മാതൃകകളുമാകണമെന്ന് വി. പൗലോസ് ശ്ലീഹായും (1 കൊറി 11:23-30) യാക്കോബ് ശ്ലീഹായും (2:2-4) ഓര്‍മ്മിപ്പിക്കുന്നതിന്‍റെ അര്‍ത്ഥമിതാണ്. ആരാധനയിലൂടെ ദൈവത്തെ പിതാവായി അനുഭവിച്ചറിഞ്ഞവര്‍ക്കു മാത്രമേ  ആഴമേറിയ സാഹോദര്യം ജീവിക്കാനാവുകയുള്ളു. സാഹോദര്യവും കാരുണ്യവും മറന്ന ആരാധനയെ പ്രവാചകന്മാരും പുതിയ നിയമവും കഠിനമായി എതിര്‍ക്കുന്നുണ്ട് (ആമോ 5:21-27, അപ്പ 7:42-43, യാക്കോ 2:1-4). വചനപ്രഘോഷണ രംഗത്തും ഇതര നവീകരണ മേഖലകളിലും കേരളത്തിലെ വിശ്വാസികള്‍ ഏറെ സജീവമായിട്ടും പങ്കുവയ്ക്കലിന്‍റെയും സാഹോദര്യത്തിന്‍റെയും അരൂപി ആനുപാതികമായി വര്‍ദ്ധിക്കാത്തതിന്‍റെ കാരണം ആരാധനാക്രമാധിഷ്ഠിതമായ ധാര്‍മ്മികതയുടെ കുറവാണ്.

പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

മേല്‍പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആലോചനാവിധേയമാക്കേണ്ടതാണ്.

  1. ആരാധനാക്രമത്തെ വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും ഉറവിടമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ബോധനരീതി നാം വികസിപ്പിച്ചെടുക്കണം.                                                                                                                 
  2. ആരാധനാക്രമത്തിലെ അഭിപ്രായാന്തരങ്ങള്‍ പരിഹരിക്കാന്‍ ഒരുമനസ്സോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. ആരാധനാക്രമത്തിലെ അനൈക്യം വിശ്വാസത്തെയും ധാര്‍മ്മികതയെയും സാരമായി മുറിപ്പെടുത്തുമെന്ന സത്യം നാം വിസ്മരിക്കരുത്.                                                                                                          
  3. നിക്ഷിപ്ത താത്പര്യങ്ങളില്‍ കുരുങ്ങിപ്പോയ ആരാധനാക്രമ വിവാദങ്ങള്‍ അവസാനിപ്പിച്ച് കൂടുതല്‍ പ്രായോഗികവും ഐക്യപരവുമായ നിലപാടുകള്‍ രൂപപ്പെടുത്തണം.                                                                                 
  4. സെമിനാരി പരിശീലനത്തില്‍ ആരാധനാക്രമവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ദൈവശാസ്ത്ര, ധാര്‍മ്മികശാസ്ത്ര തത്വങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്.

 

ഡോ. ജോസഫ് പാംപ്ലാനി

worship faith and life catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message