We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 20-Sep-2022
ആരാധനക്രമവും ഭക്താനുഷ്ഠാനങ്ങളും
429. ആരാധനക്രമത്തിൽനിന്ന് ഉരുത്തിരിഞ്ഞു വളരുന്ന ക്രൈസ്‌തവ ആദ്ധ്യാത്മികതയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണ് ഭക്താനുഷ്ഠാനങ്ങൾ. അതുകൊണ്ട്, വിശ്വാസികളുടെ സർവ്വസാധാരണമായ ഭക്താനുഷ്ഠാനങ്ങൾ നന്നായി പ്രോത്സാഹിപ്പിക്കപ്പെടണം (ആരാധനക്രമം 13) എന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. ആദ്ധ്യാത്മികജീവിതത്തിന്റെ അടിത്തറ ആരാധനക്രമത്തിലുള്ള ഭാഗഭാഗിത്വമാണ്. എന്നാൽ, അതിൽനിന്ന് ചൈതന്യം ഉൾക്കൊണ്ട് വളർന്നിട്ടുള്ള ഭക്താനുഷ്ഠാനങ്ങൾ, അതിനോടുചേർന്ന്, സഭയുടെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ച് (ആരാധനക്രമം 13) നിർവഹിക്കുമ്പോൾ ആദ്ധ്യാത്മികജീവിതം നിർണായകമായി പരിപോഷിപ്പിക്കപ്പെടുന്നു; അതു കൂടുതൽ ഊർജ്ജ്വസ്വലമാകുന്നു.
ഭക്താനുഷ്ഠാനങ്ങൾ, പൊതുവേ ആരാധനക്രമത്തിനുള്ള ഒരുക്കമായും, ആരാധനക്രമജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമായും, ആരാധനാക്രമത്തെ സാഹചര്യങ്ങൾക്കു യോജിച്ചവിധം പരിപുഷ്ടിപ്പെടുത്തുന്ന മാർഗങ്ങളായും വേണം കാണാനും അനുഷ്ഠിക്കാനും. ഭക്താനുഷ്ഠാനങ്ങൾ വൈകാരികതലത്തെ ഏറെ സ്പർശിക്കുന്നതാകയാൽ, ആരാധനക്രമജീവിതം വൈകാരികമായി കൂടുതൽ ആസ്വാദ്യകരവും വ്യക്തിപരവുമാക്കാനും അതിന്റെ ചൈതന്യം പ്രായോഗികമാക്കാനും സഹായിക്കുന്നു.
ദൈവികരഹസ്യങ്ങൾ വ്യക്തിപരമായി സ്വാംശീകരിക്കുന്നതിനും അനുഭവിക്കുന്നതിനും സഹായിക്കുന്ന ഭക്താനുഷ്ഠാനങ്ങളെ സഭ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രാർത്ഥനാജീവിതം, മാത്യകാപരമായ ക്രൈസ്തവജീവിതം, പ്രായ്ശ്ചിത്തത്തിന്റെ ചൈതന്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഭക്താനുഷ്ഠാനങ്ങൾ പ്രധാനപ്പെട്ടവയാണ്.
മേല്പറഞ്ഞ വിധത്തിലെല്ലാം ഭക്താനുഷ്ഠാനങ്ങൾ ആരാധനക്രമജീവിതത്തിനു കൂടുതൽ നിറക്കൂട്ട് നല്കുന്നു. എന്നാൽ, അവ ഒരിക്കലും ആരാധനക്രമത്തിനു പകരമല്ല (CCC 1675). ആരാധനക്രമത്തെക്കാൾ പ്രധാനപ്പെട്ടതെന്നു തോന്നത്തക്കവിധത്തിൽ ഭക്താനുഷ്ഠാനങ്ങൾ ആചരിക്കരുത്.
ഭക്താനുഷ്ഠാനങ്ങളൊന്നും തന്നെ സഭ ഔദ്യോഗികമായി ആരംഭിച്ചവയല്ല. വ്യക്തികളോ സമൂഹങ്ങളോ ആരംഭിച്ച്, പിന്നീട് സഭയുടെ പ്രാദേശികമോ സാർവ്വത്രികമോ ആയ അംഗീകാരം കിട്ടിയവയാണ്. അതുകൊണ്ട്, എല്ലാ ഭക്താനുഷ്ഠാനങ്ങളും സഭയിൽ എല്ലായിടത്തും ആചരിക്കപ്പെടണമെന്നില്ല. ആരാധനക്രമം സ്വഭാവത്താലെ സാർവ്വത്രികവും സാമൂഹികവുമാണ്. സ്വകാര്യവും വ്യക്തിപരവുമല്ലാത്ത ഭക്താനുഷ്ഠാനം സഭാധികാരികളുടെ നിബന്ധനകൾക്കു വിധേയമാണ്. ഒരു പ്രദേശത്തു മാത്രമുള്ള ഭക്താനുഷ്ഠാനങ്ങൾക്ക് സ്ഥലത്തെ മെത്രാന്റെയും പ്രാദേശിക സഭയിൽ കാണപ്പെടുന്നവയ്ക്കു സഭാസിനഡിന്റെയും സാർവത്രികസഭയിൽ വ്യാപിച്ചിരിക്കുന്നവയ്ക്കു പരിശുദ്ധ സിംഹാസനത്തിന്റെയും അംഗീകാരം ആവശ്യമാണ്.
സീറോമലബാർ സഭയിലെ ഭക്താനുഷ്ഠാനങ്ങൾ
430. സീറോമലബാർ സഭയിലെ ഭക്താനുഷ്ഠാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതിനുമുമ്പ് അവയുടെ പശ്ചാത്തലമായി നിലകൊള്ളുന്ന ചരിത്രത്തെപ്പറ്റി സൂചിപ്പിക്കേണ്ടതുണ്ട്. സീറോമലബാർസഭയിൽ നിലവിലിരിക്കുന്ന ആരാധനക്രമം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലേതാണെങ്കിലും ലത്തീൻ സഭയുമായുള്ള ചരിത്രപരമായ ബന്ധംമൂലം ആരാധനക്രമത്തിലും ഭക്താനുഷ്ഠാനങ്ങളിലും ലത്തീൻപാരമ്പര്യത്തിന്റെ സ്വാധീനമുണ്ട്.
I കുരിശിനോടും ക്രൂശിതരൂപത്തോടുമുള്ള വണക്കം
431. വിശുദ്ധ പൗലോസ് സാക്ഷ്യപ്പെടുത്തുന്നതുപോലെ, മിശിഹായുടെ ഉത്ഥാനമാണ് ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം. സീറോമലബാർസഭയിലെ ഭക്താനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു കർത്താവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും പ്രതീകമായ കുരിശിനോടും (സ്ലീവായോടും) ക്രൂശിതരൂപത്തോടുമുള്ള ഭക്തിയാണ്. പുരാതനകാലം മുതൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ കുരിശിനെ വളരെ ആദരിച്ചിരുന്നു. പള്ളികളുടെ മുമ്പിലുള്ള കരിങ്കൽ കുരിശും കുരിശിൻതൊട്ടിയും അവിടെ എണ്ണവിളക്കുകൾ കത്തിക്കുന്ന പാരമ്പര്യവും കുരിശിനോടുള്ള ബഹുമാനം പ്രകടമാക്കുന്നു. വിവാഹത്തിനു വരൻ വധുവിനെ അണിയിക്കുന്ന താലിയിൽ സ്വർണ്ണപ്പൊട്ടുകൾ കൊണ്ട് ഉണ്ടാക്കിപതിക്കുന്ന കുരിശ് ക്രൈസ്തവതനിമയുടെയും ഭക്തിയുടെയും പ്രതീകമാണ്. റാസകൂർബാനയിൽ കുരിശ് ബലിപീഠത്തിൽ സ്ഥാപിക്കുന്നതും, റാസയിലും മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾക്കു ശേഷവും പ്രത്യേക സ്ലീവാവണക്കം നടത്തുന്നതും, സഭയിൽ കുരിശിന്റെ പ്രാധാന്യത്തെയും അതിനോടുള്ള ഭക്തിയെയും സൂചിപ്പിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമമനുസരിച്ച് പീഡാനുഭവവാരത്തിൽ കുരിശിനു നല്കിയിരുന്ന പ്രാധാന്യമാകാം സീറോ മലബാർ സഭയിൽ ഈ ഭക്തിക്ക് ഹേതുവായത്. കുരിശ്, മിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും മാത്രമല്ല, ഉത്ഥാനത്തിന്റെയും അടയാളമായിരിക്കുന്നതോടൊപ്പം മിശിഹായെത്തന്നെ പ്രതിനിധാനം ചെയ്യുന്നതുമാണ്. അതുകൊണ്ടാണ് കുരിശിനെ മാർ സ്ലീവാ എന്നു സുറിയാനിയിൽ അഭിസംബോധന ചെയ്യാറുള്ളത്. 1547 മാർച്ച് 23-ന് മൈലാപ്പൂരിൽ കണ്ടെടുത്തതും പേർഷ്യൻ കുരിശ് എന്ന് അറിയപ്പെടുന്നതുമായ മാർത്തോമാസ്ലീവായെ മാർത്തോമാ ക്രിസ്ത്യാനികളുടെ പൈതൃകമായി പരിഗണിക്കുകയും, പല പള്ളികളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 1959-ൽ റോമിൽ നിന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന ഓർദോയിൽ സ്ലീവാ കൊത്തിവച്ച അത്ഭുതശിലയുടെ തിരുനാൾ ഡിസംബർ 18-ന് ആചരിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ, കുരിശിന്റെ ലളിതരൂപം ആഭരണങ്ങളോടൊപ്പം ഭക്തിപൂർവ്വംധരിക്കുന്ന രീതിയും കണ്ടുവരുന്നു. സീറോമലബാർ ദേവാലയങ്ങളിൽ തിരുനാളുകളോടനുബന്ധിച്ചുള്ള പ്രദക്ഷിണങ്ങളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ശൈലികളിലുള്ള അലംകൃതകുരിശുകളും സഭാംഗങ്ങൾക്ക് കുരിശിനോടുള്ള ഭക്തി വിളിച്ചറിയിക്കുന്നു.
432. കുരിശിനോടുള്ള ഭക്തിയുടെ മറ്റൊരു പ്രകാശനമാണു വലിയ കുരിശടയാളം വരയ്ക്കൽ. 'വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ തമ്പുരാനേ...' എന്ന പ്രാർത്ഥനയോടെ നെറ്റിയിലും അധരങ്ങളിലും നെഞ്ചിലും കുരിശുവരച്ചു പ്രാർത്ഥിക്കുന്ന രീതി കുരിശിനോടുള്ള ഭക്തിയുടെയും അതിലുള്ള ആശ്രയത്തിന്റെയും പ്രകടനമാണ്.
433. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കുരിശിനോടുള്ള ഭക്തിയോടൊപ്പം, പോർച്ചുഗീസുകാരുടെ വരവോടുകൂടി ക്രൂശിതരൂപത്തോടുള്ള ഭക്തിയും കേരള കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ പ്രചുരപ്രചാരത്തിലായി. ക്രൂശിതരൂപം കുരിശിനോടുള്ള ഭക്തിക്കു കൂടുതൽ വൈകാരികമായ ഭാവം പകർന്നു. കുരിശിൽ തറയ്ക്കപ്പെട്ട ഈശോയുടെ രൂപം, അനുദിനം അനേകം സഹനങ്ങളിൽ കൂടി കടന്നുപോകുന്ന സാധാരണക്കാർക്ക് അവയോട് എളുപ്പത്തിൽ താദാത്മ്യപ്പെടാനും ആശ്വാസം തേടാനുമുള്ള അഭയസ്ഥാനമായിരിക്കുന്നു. മിശിഹായുടെ പീഡാസഹനത്തെ ധ്യാനിച്ച് പാപങ്ങളോർത്ത് പശ്ചാത്തപിക്കാൻ ക്രൂശിതരൂപം സഹായിക്കുന്നു.
കുരിശിന്റെ വഴി (വിയാസാക്ര)
434. മിശിഹായുടെ സഹനവും മരണവും ധ്യാനവിഷയമാക്കാനും പാപങ്ങളെക്കുറിച്ച് അനുതപിക്കാനും വളരെ സഹായിക്കുന്ന ഭക്തകൃത്യമാണ് കുരിശിന്റെ വഴി. എല്ലാ പള്ളികളിലും തന്നെ കുരിശിന്റെ വഴിയിലെ പതിനാലുസ്ഥലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ നോമ്പിലും മറ്റു സന്ദർഭങ്ങളിലും നടത്തുന്ന കുരിശിന്റെ വഴി എന്ന ഭക്താനുഷ്ഠാനത്തിലൂടെ ധാരാളംപേർ ആദ്ധ്യാത്മികതയിൽ വളരാൻ ശ്രമിക്കുന്നു. പീഡാനുഭവവെള്ളിയാഴ്ച വളരെ ഭക്തിപൂർവ്വം പ്രാർത്ഥനകളോടൊപ്പം ഗാനങ്ങളും ധ്യാനസന്ദേശങ്ങളും ചേർത്ത് കുരിശിന്റെ വഴി നടത്തുന്ന രീതിയും സഭയിൽ നിലനില്ക്കുന്നു.
നമ്മുടെ കർത്താവ് കുരിശുചുമന്നുകൊണ്ടുനടന്ന ജറുസലെമിലെ വഴികളിലൂടെ നടന്ന് തീർത്ഥാടകർ ആത്മീയജീവൻ ശക്തിപ്പെടുത്താൻ ശ്രമിച്ചതിൽനിന്നാണ് കുരിശിന്റെ വഴി എന്ന ഭക്താനുഷ്ഠാനത്തിന്റെ തുടക്കം. ജറുസലെംവരെ പോകാൻ കഴിയാത്തവർക്കും ആ തീർത്ഥാടനാനുഭവം ഇടയ്ക്കിടെ സംലഭ്യമാകണമെന്ന് ആഗ്രഹിച്ചവർക്കും വേണ്ടിയാകണം പള്ളികളിലുംമറ്റും കുരിശിന്റെ വഴി ആരംഭിച്ചത്. ഈ ഭക്താനുഷ്ഠാനവും ലത്തീൻ ഭരണകാലത്താണ് ഇവിടെ പ്രചാരത്തിലായത്. ഈ ഭക്താനുഷ്ഠാനത്തിനു പ്രത്യേക ദണ്ഡവിമോചനങ്ങൾ നല്കി മാർപാപ്പമാർ പ്രോത്സാഹിപ്പിച്ചതും ഇതിന്റെ വ്യാപകമായ പ്രചാരത്തിനു കാരണമായി. ഈശോയുടെ പീഡകളും മരണവും ധ്യാനിച്ച് നടത്തുന്ന കുരിശിന്റെ വഴി, അനുദിനജീവിതസഹനങ്ങൾക്കിടയിൽ ആത്മീയശക്തി ആർജിക്കുന്നതിനും ക്രൈസ്തവജീവിതം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
II ദിവ്യകാരുണ്യഭക്തി
435. സഭയുടെ ആദ്യകാലങ്ങളിൽ പരസ്യമായ ആരാധന ഉണ്ടായിരുന്നില്ല. എന്നാൽ, അക്കാലത്തുതന്നെ രോഗികൾക്കു കൊടുക്കുവാൻ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം കൊണ്ടുപോകുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ആരാധനയോടും അതീവഭക്തിയോടും കൂടിയാണു ക്രൈസ്തവർ പെരുമാറിയിരുന്നത്. നാലാംനൂറ്റാണ്ടിൽ വിശുദ്ധ ബേസിലിന്റെ കാലത്ത്, ദിവ്യകാരുണ്യം പള്ളിയിലും ആശ്രമത്തിലും ബലിപീഠത്തിനു മുകളിലായി സൂക്ഷിക്കാൻ തുടങ്ങി. വിശുദ്ധ ആഗസ്തിനോസ് പറഞ്ഞതുപോലെ, “ആ ശരീരത്ത ആരാധിക്കാതെ ആരും അതിൽനിന്നു പങ്കുപറ്റിയിരുന്നില്ല".
ദിവ്യകാരുണ്യഭക്തി പരസ്യാരാധനയോടുകൂടി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്, പതിനൊന്നാം നൂറ്റാണ്ടിൽ ബെരങ്കാരിയൂസ് വിശുദ്ധ കുർബാനയിലെ ഈശോയുടെ യഥാർത്ഥസാന്നിദ്ധ്യം നിഷേധിച്ച പാഷണ്ഡത വളർന്നുവന്നപ്പോഴാണ്. ദിവ്യകാരുണ്യത്തിലെ മിശിഹായുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജനങ്ങളെ കൂടുതൽ അവബോധമുള്ളവരാക്കാനും ആ ഭക്തിയിൽ ആഴത്തിൽ ഉറപ്പിക്കാനും സഭ പ്രോത്സാഹനം നല്കി.
ദിവ്യകാരുണ്യാരാധന വിശുദ്ധ കുർബാനയുടെ തുടർച്ചയാണ്. ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിദ്ധ്യത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനും, വിശുദ്ധ കുർബാനയിലെ ദൈവൈക്യാനുഭവം ദിവസം മുഴുവൻ നിലനിർത്തുന്നതിനും സഹായിക്കുന്നതാണ് ദിവ്യകാരുണ്യാരാധന.
436. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും അതിന്റെ പ്രകാശനമായ ദിവ്യകാരുണ്യാരാധനയും ഇന്ന് കേരളത്തിൽ വളരെ വ്യാപകമായി പ്രചരിച്ചിരിക്കുന്നു. തിരുമണിക്കൂർ ആരാധന, പതിമൂന്നുമണി ആരാധന, നാല്പതുമണി ആരാധന, നിത്യാരാധന എന്നിങ്ങനെ പലതരത്തിലുള്ള ആരാധനാരീതികൾ നിലവിലുണ്ട്. മൗനമായ പ്രാർത്ഥന, ദൈവവചനശ്രവണം, ധ്യാനം, ഒറ്റയ്ക്കോ സമൂഹമായോ നടത്തുന്ന വാചികപ്രാർത്ഥനകൾ, ഗാനാലാപനം തുടങ്ങിയവയാണ് ആരാധന നടത്തുന്നതിൽ കാണുന്ന പതിവു രീതികൾ. എന്നാൽ, ഓരോരുത്തർക്കും വ്യക്തിപരമായി ധ്യാനിക്കാനും പ്രാർത്ഥിക്കാനും മുൻഗണന കൊടുക്കുന്ന മൗനാരാധനയാണ് നിത്യാരാധനാകേന്ദ്രങ്ങളിൽ കൂടുതലായി കണ്ടുവരുന്നത്.
437. കേരളത്തിൽ ദിവ്യകാരുണ്യാരാധന നിലവിൽ വന്നതു ലത്തീൻ ഭരണകാലത്താണ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണു നാല്പതുമണിആരാധനയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചത്. പരിശുദ്ധ കുർബാനയോടുള്ള ഭക്തി കൂടുതലായി വളർത്താൻ വേണ്ടിയാണ്, ചങ്ങനാശ്ശേരി മെത്രാനായിരുന്ന മാർ തോമസ് കുര്യാളശ്ശേരി ദിവ്യകാരുണ്യആരാധനയുടെ സന്യാസിനീസമൂഹം സ്ഥാപിച്ചത്.
III തിരുഹൃദയഭക്തി
438. കേരളകത്തോലിക്കരുടെയിടയിൽ വളരെ പ്രചാരത്തിലുള്ളതാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈ ഭക്തിയുടെ പ്രകാശനമായിട്ടാണ് കത്തോലിക്കാഭവനങ്ങളിൽ ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രമോ രൂപമോ പ്രധാന സ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. അതിന്റെ മുമ്പിൽ ഒരുമിച്ചു ചേർന്നാണു കുടുംബാംഗങ്ങൾ സന്ധ്യാ പ്രാർത്ഥന ചൊല്ലുന്നത്. ഈ ഭക്തിയുടെ ഭാഗമായി മാസാദ്യവെള്ളിയാഴ്ചകളിൽ കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുകയും കുടുംബപ്രതിഷ്ഠ നവീകരിക്കുകയും ചെയ്യുന്നു. തിരുഹൃദയത്തിരുനാളാഘോഷിക്കുന്ന ജൂൺ മാസത്തിൽ തിരുഹ്യഭയമാസവണക്കം നടത്തുന്നതും തിരുഹൃദയഭക്തിയുടെ പ്രകാശനമാണ്.
തിരുഹൃദയഭക്തി 11-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണെങ്കിലും, 16-ാം നൂറ്റാണ്ടോടുകൂടിയാണ് പാശ്ചാത്യസഭയിൽ ഇതിന് പ്രചാരം ലഭിച്ചത്. വിശുദ്ധ മർഗരീത്ത മറിയം അലക്കോക്കിനുണ്ടായ ദർശനങ്ങൾ മൂലം ഈ ഭക്തി സാർവ്വത്രികമായി വളരുകയും ചെയ്തു. വിശുദ്ധ മർഗരീത്തായ്ക്കുണ്ടായ ദർശനമനുസരിച്ചാണ് പരിശുദ്ധ കുർബാനയുടെ തിരുനാളിന്റെ (പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞുള്ള വ്യാഴാഴ്ചയാണ് ഈ തിരുനാൾ) എട്ടാമിടം കഴിഞ്ഞുള്ള വെള്ളിയാഴ്ച തിരുഹൃദയത്തിരുനാളായി ആഘോഷിക്കുന്നത്. പിന്നീട്, പത്തൊമ്പതാം നൂറ്റാണ്ടിൽ ലെയോ പതിമൂന്നാമൻ മാർപാപ്പ ഈ ഭക്തി കൂടുതൽ വ്യാപകമാക്കുന്നതിനു നേതൃത്വം നല്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കേരളകത്തോലിക്കാ സഭയിൽ ഈ ഭക്തിക്കു പ്രചുരപ്രചാരം ലഭിച്ചത്. ഈ ഭക്തിയുടെ പ്രതിഫലനമാണ് സീറോമലബാർ സഭയിൽ സ്ഥാപിതമായ തിരുഹൃദയ സന്ന്യാസസമൂഹങ്ങൾ.
IV മാതാവിനോടുള്ള ഭക്തി
ജപമാലഭക്തി
439. കേരളസഭയിൽ വളരെ പ്രചാരത്തിലുള്ളതും പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിയിൽ ഏറ്റവും പ്രധാനപ്പെട്ടതുമാണ് ജപമാലഭക്തി. കത്തോലിക്കാ കുടുംബങ്ങളിലെ ആദ്ധ്യാത്മികത നിലനിർത്താനും വളർത്താനും ജപമാലഭക്തി ഏറെ സഹായിച്ചിട്ടുണ്ട്. ഇന്നും സന്ധ്യാപ്രാർത്ഥനയായി ജപമാല ചൊല്ലുന്ന പതിവ് മിക്കവാറും എല്ലാ കേരള കത്തോലിക്കാകുടുംബങ്ങളിലും നിലനില്ക്കുന്നു. കുടുംബാംഗങ്ങളെ ആത്മീയമായി ഒന്നിപ്പിക്കുന്നതും, മിശിഹായുടെ രക്ഷാകരരഹസ്യത്തെക്കുറിച്ചു ധ്യാനിക്കാൻ സാധാരണക്കാരെ സഹായിക്കുന്നതുമായ ലളിതമായ പ്രാർത്ഥനയാണ് ജപമാല. "നന്മനിറഞ്ഞ മറിയമേ സ്വസ്തി' എന്നാരംഭിക്കുന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുന്ന പതിവ് പൗരസ്ത്യപാരമ്പര്യത്തിൽ ആദ്യ നൂറ്റാണ്ടുകളിൽത്തന്നെ ഉണ്ടായിരുന്നു. എന്നാൽ, ഇന്നു നമുക്കു പരിചിതമായിരിക്കുന്ന ജപമാല നിയതരൂപം പ്രാപിച്ചതും പ്രചാരത്തിലായതും പാശ്ചാത്യസഭയിലാണ്. പതിമൂന്നാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന ഈ മാതൃഭക്തി ധ്യാനാത്മകമായി നടത്താൻ ഇടവരുത്തിയത് വിശുദ്ധ ഡൊമിനിക്കിന്റെ പരിശ്രമങ്ങളാണ്. ലത്തീൻഭരണകാലത്താണ് ഭാരതത്തിൽ ജപമാലഭക്തി പ്രചാരത്തിലായത്. പതിനാറാം നൂറ്റാണ്ടിൽ അഞ്ചാം പീയൂസ്പാപ്പാ ജപമാലഭക്തി ഔദ്യോഗികമായി സഭയിൽ സ്ഥാപിച്ചു. അദ്ദേഹം തന്നെ ഒക്ടോബർ 7-ാം തിയതി ജപമാലരാജ്ഞിയുടെ തിരുനാളും നടപ്പിലാക്കി. അതിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മാസത്തിൽ പള്ളികളിൽ പത്തുദിവസം സാഘോഷമായി ജപമാല ചൊല്ലുന്ന പതിവ് ആരംഭിച്ചത്.
440. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല (Rosarium Viginas Mariae, 2002) എന്ന ശ്ലൈഹികപ്രബോധനത്തിലൂടെ പുതുതായി കൂട്ടിച്ചേർത്ത പ്രകാശത്തിന്റെ രഹസ്യങ്ങളുൾപ്പെടെ നാലുഗണം രഹസ്യങ്ങളാണ് ജപമാലയിൽ ധ്യാനവിഷയമാക്കുന്നത്. സന്തോഷത്തിന്റെ രഹസ്യങ്ങൾ ഈശോയുടെ ജനനത്തെയും ബാല്യകാലത്തെയും, പ്രകാശത്തിന്റെ രഹസ്യങ്ങൾ അവിടത്തെ പരസ്യജീവിതകാലത്തെ പ്രധാന സംഭവങ്ങളെയും, ദുഃഖത്തിന്റെ രഹസ്യങ്ങൾ ഈശോയുടെ പീഡാനുഭവത്തെയും മരണത്തെയും, മഹിമയുടെ രഹസ്യങ്ങൾ അവിടത്തെ ഉത്ഥാനത്തെയും അതിനുശേഷമുള്ള സംഭവങ്ങളെയും ധ്യാനവിഷയമാക്കുന്നു.
ഉത്തരീയഭക്തി
441. കർമ്മലമാതാവിനോടുള്ള ഭക്തിയും ആ ഭക്തിയുടെ അടയാളമായ ഉത്തരീയവും (വെന്തിങ്ങ) പരിശുദ്ധകന്യകാമറിയത്തോടുള്ള ഭക്തിയുടെ വളരെ ജനകീയമായ രൂപമാണ്. ആദ്യകുർബാന സ്വീകരണത്തോടെ ലഭിക്കുന്ന ഉത്തരീയം മാതാവിന്റെ സംരക്ഷണത്തിന്റെ അടയാളമായി ഭക്തർ ധരിക്കുന്നു. പലസ്തീനയിലെ കർമ്മലമലയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ വസിച്ചിരുന്ന സന്ന്യാസികൾ മാതാവിന്റെ സവിശേഷഭക്തരായിരുന്നു. അങ്ങനെയാണ് കർമ്മലമാതാവ് എന്ന സംജ്ഞതന്നെ ഉണ്ടായത്. പില്ക്കാലത്ത് ഈ സന്ന്യാസികൾ പലസ്തീനാ വിട്ടുപോകേണ്ടിവന്നപ്പോൾ, ഇംഗ്ലണ്ടിൽ താമസമാക്കിയവരാണ് ഉത്തരീയഭക്തി പ്രചരിപ്പിച്ചത്. സൈമൺ സ്റ്റോക്ക് എന്ന കർമ്മലീത്ത സന്ന്യാസിക്ക് ഉണ്ടായ ദർശനത്തിൽനിന്നാണ് ഉത്തരീയഭക്തിയുടെ ആരംഭം.
442. മിഷനറിമാരായ കർമ്മലീത്താസന്ന്യാസികൾ (ഒ.സി.ഡി.) വഴിയാണ് നമ്മുടെ നാട്ടിൽ കർമ്മലമാതാവിനോടും ഉത്തരീയത്തോടുമുള്ള ഭക്തി പ്രചാരത്തിലായത്. സീറോമലബാർ സഭയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി സ്ഥാപിതമായ ആദ്യത്തെ സന്ന്യാസസഭകൾ കർമ്മലീത്താപാരമ്പര്യത്തിലാണ് ജന്മമെടുത്തത്. സി.എം.ഐ (കാർമെലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്), സി. എം.സി (കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമെൽ) എന്ന ഈ രണ്ടു സന്ന്യാസസമൂഹങ്ങൾ പില്ക്കാലത്ത് കർമ്മലമാതാവിനോടും ഉത്തരീയത്തോടുമുള്ള ഭക്തി കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
443. കേരളസഭയിൽ വ്യാപകമായി പ്രചരിച്ചിട്ടുള്ള മേല്പറഞ്ഞ രണ്ടു മാതൃഭക്തികൾക്കുപുറമെ, മാതാവിനോടുള്ള മറ്റു ചില ഭക്തികൾ ഏതാനും പ്രദേശങ്ങളിലോ കേരളം മുഴുവനിലുമോ പ്രചാരത്തിലുണ്ട്. നിത്യസഹായമാതാവിനോടുള്ള ഭക്തി, ലൂർദ്ദുമാതാവിനോടുള്ള ഭക്തി, വേളാങ്കണ്ണിമാതാവിനോടുള്ള ഭക്തി എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്.
V വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി
444. കേരളകത്തോലിക്കരുടെയിടയിൽ വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി വളരെ സജീവമാണ്. കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥൻ, കുടുംബനാഥന്മാരുടെ മാതൃക, നന്മരണമദ്ധ്യസ്ഥൻ, ബ്രഹ്മചാരികളുടെ മാതൃകയും സംരക്ഷകനും, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ തുടങ്ങിയ രീതികളിലാണ് വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി നമ്മുടെ നാട്ടിൽ നിലനില്ക്കുന്നത്. സുവിശേഷത്തിൽ വിശുദ്ധ യൗസേപ്പിനെ തിരുക്കുടുംബത്തിന്റെ തലവൻ, സംരക്ഷകൻ, മാതൃകാബ്രഹ്മചാരി, തൊഴിലാളി എന്ന വിധങ്ങളിലാണല്ലോ ചിത്രീകരിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിൽ വിശുദ്ധ യൗസേപ്പ് മരിച്ചുവെന്നാണ് പാരമ്പര്യം. അതുകൊണ്ട്, ഈശോയുടെ സാന്നിധ്യത്തിലും മാതാവിന്റെ സംരക്ഷണയിലും മരിക്കാനാഗ്രഹിക്കുന്നവരുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പ്.
കത്തോലിക്കാസഭയിൽ വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി വളരെ പുരാതനമാണ്. പൗരസ്ത്യസഭകളിൽ, വിശിഷ്യാ കോപ്റ്റിക് സഭയിൽ, നാലാം നൂറ്റാണ്ടിൽത്തന്നെ വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി ആരംഭിച്ചതായി പുരാതന രേഖകൾ സൂചിപ്പിക്കുന്നു. പില്ക്കാലത്ത്, വിശുദ്ധ ബർണാർഡ്, വിശുദ്ധ ജെർത്രൂദ് തുടങ്ങിയ വിശുദ്ധരുടെ പ്രവർത്തനം വഴി വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി സഭയിൽ വ്യാപിച്ചു. 17-ാം നൂറ്റാണ്ടിൽ കർമ്മലീത്താംഗമായിരുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി കർമ്മലീത്താസന്യാസസമൂഹങ്ങളിലും കത്തോലിക്കാസഭയിലും കൂടുതൽ ശക്തി പ്രാപിച്ചു. കർമ്മലീത്താമിഷനറിമാർവഴി കേരളത്തിലും വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി പ്രചരിക്കാൻ ഇടയായി.
വിശുദ്ധ യൗസേപ്പിതാവിന്റെ നാമധാരികളായ ധാരാളം വ്യക്തികളും അദ്ദേഹത്തിന്റെ പേരിലുള്ള പള്ളികളും സന്യാസസമൂഹങ്ങളും സ്ഥാപനങ്ങളും വിശുദ്ധ യൗസേപ്പിതാവിന് ലഭിച്ചിരിക്കുന്ന ആത്മീയ സ്വീകാര്യതയുടെ തെളിവുകളാണ്.
445. വിശുദ്ധ യൗസേപ്പിന്റെ വണക്കത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മാർച്ചുമാസത്തിൽ വണക്കമാസപ്രാർത്ഥനകൾ ചൊല്ലിവരുന്നു. വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്ന ദിവസം (മാർച്ച് 19-ാം തിയതി) ഒരു പാവപ്പെട്ട കുടുംബത്തിനു ഭക്ഷണം കൊടുക്കുന്ന പതിവ് കേരളകത്തോലിക്കരുടെയിടയിൽ അനേകകാലമായി നിലനില്ക്കുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളികളിൽ ഊട്ടുനേർച്ച ഒരുക്കുന്ന രീതി നിലവിൽ വന്നത് ഈ പതിവിൽനിന്നാണ്.
VI മാർത്തോമ്മാശ്ലീഹായോടുള്ള ഭക്തി
446. ഭാരതത്തിൽ ക്രൈസ്തവവിശ്വാസദീപം കൊളുത്തിയ മാർത്തോമ്മാശ്ലീഹായോടുള്ള ഭക്തി മാർത്തോമ്മാക്രിസ്ത്യാനികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. സീറോമലബാർസഭയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുനാൾ (ജൂലൈ 3) ദുക്റാന എന്ന പേരിൽ വളരെ ആഘോഷത്തോടെ കൊണ്ടാടുന്നു. ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച ആചരിക്കുന്ന പുതുഞായർ ആണ് തോമാശ്ലീഹായെ അനുസ്മരിക്കുന്ന മറ്റൊരു തിരുനാൾ. അതിനോടനുബന്ധിച്ചു നടത്തിപ്പോരുന്ന മലയാറ്റൂർ തീർത്ഥാടനം നോമ്പുകാലത്തിലേക്കും വ്യാപിക്കുകയും വിശ്വാസത്തിന്റെയും ഭക്തിയുടെയും മാത്രമല്ല, അനുതാപത്തിന്റെയും പരിഹാരത്തിന്റെയും ഭാവം കൈവരിക്കുകയും ചെയ്തിരിക്കുന്നു. അനേകായിരങ്ങൾ തീർത്ഥാടനവേളയിൽ നടത്തുന്ന കുമ്പസാരം നോമ്പിന്റെയും അനുതാപത്തിന്റെയും ചൈതന്യത്തെ സജീവമാക്കുന്നു.
ഇവയ്ക്കു പുറമേ, മാർത്തോമ്മാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളോടുള്ള ആദരവ്, വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന കൊടുങ്ങല്ലൂർ അഴീക്കോട് മണ്ഡപത്തിലേക്കുള്ള തീർത്ഥയാത്ര, വിശുദ്ധന്റെ മൈലാപ്പൂരിലെ കബറിടത്തോടും ചിന്നമലയിലെ രക്തസാക്ഷി മണ്ഡപത്തോടുമുള്ള ബഹുമാനം, അവിടേക്കുള്ള തീർത്ഥാടനം, മാർത്തോമ്മാസ്ലീവായോടുള്ള ആദരവ് എന്നിവയിലുടെയാണ് മാർത്തോമ്മാഭക്തർ തോമ്മാശ്ലീഹായോടുള്ള ഭക്തി പ്രകടിപ്പിക്കുന്നത്. മാർത്തോമ്മാഭക്താനുഷ്ഠാനങ്ങളുടെ ഒരു സവിശേഷത അവ ഈശോയിലുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനവും അവിടത്തെ പീഡാനുഭവത്തിലും ഉയിർപ്പിലുമുള്ള ഭാഗഭാഗിത്വത്തിന്റെ ഉജ്ജ്വലമായ പ്രകടനവും ആകുന്നുവെന്നതാണ്.
VII മറ്റു വിശുദ്ധരോടുള്ള ഭക്തി
447. അനേകം വിശുദ്ധരോടു ബഹുമാനവും വണക്കവും പ്രകടമാക്കുന്നവരാണു കേരളകത്തോലിക്കരെങ്കിലും, ആഘോഷപൂർവ്വം തിരുനാൾ കൊണ്ടാടുന്നതും പരസ്യമായ ഭക്താനുഷ്ഠാനങ്ങൾ ഏറ്റവും കൂടുതൽ ചെയ്യുന്നതും വിശുദ്ധ ഗീവർഗ്ഗീസ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അന്തോണീസ്, വിശുദ്ധ യൂദാതദേവൂസ് തുടങ്ങിയ വിശുദ്ധരുടെ കാര്യത്തിലാണ്.
448. സീറോമലബാർ സഭയിൽ നിന്നുള്ള വിശുദ്ധ അൽഫോൻസാ, വിശുദ്ധ ചാവറാകുരിയാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസിയ എന്നിവരോടും സഭയിലെ വാഴ്ത്തപ്പെട്ടവരോടുമുള്ള ഭക്തിയും വ്യാപിച്ചുവരുന്നു.
എല്ലാ വിശുദ്ധരോടുമുള്ള ഭക്തിപ്രകടനത്തിലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുക, കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുക, നേർച്ചകാഴ്ചകൾ സമർപ്പിക്കുക, തിരുശേഷിപ്പു വന്ദിക്കുക, തിരുശേഷിപ്പും വിശുദ്ധരുടെ രൂപമുള്ള മെഡലുകളും ധരിക്കുക, വിശുദ്ധരുടെ രൂപത്തിനു മുമ്പിൽ തിരികത്തിക്കുക, നൊവേനയായി പ്രാർത്ഥനകൾ അർപ്പിക്കുക, അടിമവയ്ക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ പൊതുവായി കാണാം.
VIII നൊവേനകൾ
449. ഒമ്പതുദിവസം തുടർച്ചയായി നടത്തുന്ന പ്രാർത്ഥനകളാണ് നൊവേനകൾ. നമ്മുടെ സമൂഹത്തിൽ, നിത്യസഹായ മാതാവ്, വിശുദ്ധ അന്തോണീസ്, വിശുദ്ധ യൂദാതദേവൂസ് എന്നീ വിശുദ്ധരോടാണ് നൊവേനകൾ കൂടുതലായി നടത്തുന്നത്. വിശുദ്ധരുടെ മാതൃകയനുസരിച്ച്, ക്രൈസ്തവജീവിതം നയിക്കാൻ നൊവേനകൾ സഹായകമായിത്തീരണം.
IX വണക്കമാസാചരണം
450. ഒരു മാസം മുഴുവൻ ധ്യാനിക്കാനും, കൂടുതലായി പ്രാർത്ഥിക്കാനും സത്കൃത്യങ്ങൾ ചെയ്യാനും വേണ്ടി നീക്കിവയ്ക്കുന്ന പതിവ് കേരളത്തിലെ കത്തോലിക്കരുടെയിടയിൽ ഉണ്ട്. അതുകൊണ്ടാണ് ഈ ഭക്തിക്ക് വണക്കമാസം എന്ന പേരുതന്നെ ഉണ്ടായത്. മെയ് മാസം മാതാവിന്റെയും, മാർച്ചുമാസം വിശുദ്ധ യൗസേപ്പിതാവിന്റെയും, ജൂൺമാസം ഈശോയുടെ തിരുഹൃദയത്തിന്റെയും വണക്കത്തിനായും നവംബർ മാസം ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും മാറ്റിവച്ചിരിക്കുന്നു. പ്രസ്തുത മാസത്തിലെ ഓരോ ദിവസവും ധ്യാനാത്മകമായ വായന, പ്രത്യേക പ്രാർത്ഥന, സത്കൃത്യങ്ങൾ ചെയ്യൽ എന്നിവവഴി വണക്കമാസഭക്തി പ്രകടിപ്പിക്കുന്നു.
X ആരാധനാവർഷവും ഭക്താനുഷ്ഠാനങ്ങളും
451. ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ, ആരാധനക്രമത്തോടു ചേർന്ന് അതിന്റെ ചൈതന്യത്തിലാണ് ഭക്താനുഷ്ഠാനങ്ങൾ നിർവഹിക്കാൻ സഭ ആഗ്രഹിക്കുന്നത്. അതുകൊണ്ട്, ആരാധനക്രമത്തോടുചേർന്നു പോകുന്നവിധം, മംഗളവാർത്താക്കാലത്തോടു ബന്ധപ്പെടുത്തി മാതാവിനോടുള്ള ഭക്തി, ദനഹാക്കാലത്തോടു യോജിച്ച് മിശിഹായ്ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധരുടെ തിരുനാളുകളുടെ ആഘോഷം, നോമ്പുകാലത്ത് പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യാനും മിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ധ്യാനിക്കാനും സഹായിക്കുന്ന ഭക്താനുഷ്ഠാനങ്ങൾ, ശ്ലീഹാക്കാലത്ത് പരിശുദ്ധാത്മാവിന്റെ ദാനങ്ങളും പ്രേഷിതചൈതന്യവും പ്രോത്സാഹിപ്പിക്കുന്ന അനുഷ്ഠാനങ്ങൾ, പള്ളിക്കൂദാശാക്കാലത്ത് മരണാനന്തര ജീവിതത്തെക്കുറിച്ച് ധ്യാനിക്കാൻ സഹായിക്കുന്ന അനുഷ്ഠാനങ്ങൾ മുതലായവ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
ഭക്താനുഷ്ഠാനങ്ങൾ ആരാധനക്രമത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഞായറാഴ്ചകളുടെ പ്രാധാന്യം നഷ്ടപ്പെടാത്ത രീതിയിൽ വേണം വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുക. “വിശുദ്ധരോടുള്ള യഥാർത്ഥഭക്തി അടങ്ങിയിരിക്കുന്നത് ബാഹ്യാനുഷ്ഠാനങ്ങളിലല്ല, പിന്നെയോ പ്രവൃത്തിപരമായ സ്നേഹത്തിന്റെ തീവ്രതയിലാണ്" എന്ന തിരുസഭയുടെ ഉദ്ബോധനം (തിരുസഭ 51) വളരെ പ്രസക്തവും ശ്രദ്ധയവുമാണ്. വിശുദ്ധരുടെ നൊവേനകൾക്ക് വിശുദ്ധ കുർബാനയെക്കാൾ പ്രാധാന്യം നല്കരുത്. വിശുദ്ധരുടെ അത്ഭുതശക്തിയ്ക്ക് അമിത പ്രാധാന്യം കൊടുത്ത് ദൈവത്തിന്റെ സർവ്വശക്തിയെ കുറച്ചുകാണാൻ ഇടവരരുത്. വിശുദ്ധരോടുള്ള ഭക്തിയിൽ കാര്യ ലാഭത്തേക്കാൾ അവരുടെ ജീവിതമാതൃകയ്ക്ക് പ്രാധാന്യം കൊടുക്കണം. ഭക്താനുഷ്ഠാനങ്ങളിൽ അന്ധവിശ്വാസങ്ങളും അബദ്ധപ്രബോധനങ്ങളും കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കണം. ഭക്താനുഷ്ഠാനങ്ങളെ ആരാധനക്രമത്തോടു ചേർത്തും അവയുടെ അമിതപ്രാധാന്യം വിശ്വാസികളുടെ ആദ്ധ്യാത്മികതയെ താളംതെറ്റിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങൾ ചെയ്തുമാണ് ഭക്താനുഷ്ഠാനങ്ങളെ പരിപോഷിപ്പിക്കേണ്ടത് (ആരാധനക്രമം 111).
ആരാധനക്രമവും ഭക്താനുഷ്ഠാനങ്ങളും സീറോമലബാർ സഭയിലെ ഭക്താനുഷ്ഠാനങ്ങൾ കുരിശിനോടും ക്രൂശിതരൂപത്തോടുമുള്ള വണക്കം കുരിശിന്റെ വഴി (വിയാസാക്ര) \ ദിവ്യകാരുണ്യഭക്തി തിരുഹൃദയഭക്തി മാതാവിനോടുള്ള ഭക്തി ജപമാലഭക്തി ഉത്തരീയഭക്തി വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തി മാർത്തോമ്മാശ്ലീഹായോടുള്ള ഭക്തി മറ്റു വിശുദ്ധരോടുള്ള ഭക്തി നൊവേനകൾ വണക്കമാസാചരണം ആരാധനാവർഷവും ഭക്താനുഷ്ഠാനങ്ങളും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206