പരിശുദ്ധ സഭയുടെ ലക്ഷണങ്ങള്‍ ഏകം, പരിശുദ്ധം, ശ്ലൈഹികം, കാതോലികം എന്നിവയാണ്. ഏകമാണ് സഭ എന്നു പറയുമ്പോള്‍ എങ്ങനെയാണ് സഭയില്‍ വ്യത്യസ്തമായ ആരാധനാപാരമ്പര്യങ്ങളുണ്ടാകുന്നത് എന്നത് പലരുടെയും സംശയമാണ്. കേരളത്തില്‍ നാം കാണുന്ന മൂന്ന് ആരാധനാക്രമങ്ങള്‍ ലത്തീന്‍, സീറോ-മലബാര്‍, സീറോ-മലങ്കര സഭകളുടേതാണ്. ഇതരവ്യക്തിസഭകളും ആരാധനയില്‍ വ്യത്യസ്തമായ പാരമ്പര്യങ്ങളാണ് പിന്തുടരുന്നത്. എന്നാല്‍, ജറുസലെമിലെ ആദ്യസഭാസമൂഹം മുതല്‍ മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ അപ്പസ്തോലന്മാരുടെ വിശ്വാസത്തോടു കൂറുപുലര്‍ത്തിക്കൊണ്ട് എല്ലാ വ്യക്തിസഭകളും അവരവരുടെ ഇടങ്ങളില്‍ ഒരേ പെസഹാരഹസ്യമാണ് ആരാധനയില്‍ ആഘോഷിക്കുന്നത്. എല്ലാ സഭകളുടെയും ആരാധനകളില്‍ ആഘോഷിക്കപ്പെടുന്ന രഹസ്യം ഒന്നുതന്നെയാണ്. വ്യത്യസ്തത അവ ആഘോഷിക്കുന്ന രീതികളിലും രൂപങ്ങളിലും മാത്രമാണ്.
മിശിഹാരഹസ്യം അതീവ സമ്പന്നവും അഗാധവുമാണ്. അത് ഏതെങ്കിലും ഒരു പാരമ്പര്യത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. അതിനാല്‍ത്തന്നെ വ്യത്യസ്ത സഭകളുടെ ആരാധനാക്രമങ്ങള്‍ പരസ്പരപൂരകങ്ങളാണ്. സഭയുടെ ദൗത്യത്തിലൂടെയാണ് അവയോരോന്നും ഉടലെടുത്തത് തന്നെ. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വ്യത്യസ്തതകളുള്ള സഭകള്‍ ഈശോയുടെ പെസഹാരഹസ്യത്തെ അതായിരിക്കുന്ന സവിശേഷസംസ്കാരത്തിന്‍റെ പ്രത്യേകതകളോടെ ആഘോഷിക്കാന്‍ തുടങ്ങി. അങ്ങനെ, ഒരു പ്രാദേശികസഭയുടെ ആരാധനാജീവിതത്തില്‍, സകലജനതകളുടെയും പ്രകാശവും രക്ഷയുമായ ക്രിസ്തു ആ പ്രത്യേക ജനതക്കും സംസ്കാരത്തിനും വെളിവാക്കപ്പെടുന്നു. സഭ അയക്കപ്പെട്ടതും വേരുറച്ചും അതേ പ്രത്യേക സമുദായത്തിലും സംസ്കാരത്തിലുമാണല്ലോ. സഭ കാതോലികമായതിനാല്‍ സംസ്കാരങ്ങളുടെ എല്ലാ സമ്പന്നതകളെയും ശുദ്ധീകരിച്ചുകൊണ്ട് അവയെ തന്‍റെ ഐക്യത്തില്‍ ശേഖരിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു.
ഇന്ന് സഭയില്‍ നിലവിലിരിക്കുന്ന ആരാധനാപാരമ്പര്യങ്ങള്‍ പ്രധാനമായും ഇവയാണ്: ലത്തീന്‍, ബൈസന്‍റൈന്‍, അലക്സാന്‍ഡ്രിയന്‍ (കോപ്റ്റിക്), സിറിയന്‍, അര്‍മേനിയന്‍, മാറോനീത്ത, കല്‍ദായ. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പരിശുദ്ധ സഭയുടെ ദൃഷ്ടിയില്‍ ഈ പാരമ്പര്യങ്ങള്‍ക്കെല്ലാം തുല്യാവകാശവും ശ്രേഷ്ഠതയുമാണുള്ളത് എന്നും അവയെ സംരക്ഷിച്ച് പരിപോഷിപ്പിക്കണമെന്നും പ്രഖ്യാപിച്ചു.
ആരാധനാപാരമ്പര്യങ്ങളുടെ ഈ വൈവിധ്യങ്ങളെല്ലാം നിലനില്‍ക്കുന്പോഴും ഇവയെ ഒരുമിപ്പിക്കുന്നതെന്താണ് / ഇവക്കിടയില്‍ ഐക്യം രൂപപ്പെടുത്തുന്നതെന്താണ് എന്ന് ചോദിച്ചാല്‍ അത് അപ്പസ്തോലിക പാരമ്പര്യത്തോടുള്ള വിശ്വസ്ഥതയാണ് എന്ന് കാണാം. അതായത്, അപ്പസ്തോലിക പിന്തുടര്‍ച്ചയാല്‍ സൂചിപ്പിക്കപ്പെടുകയും ഉറപ്പ് നല്കപ്പെടുകയും ചെയ്യുന്ന, വിശ്വാസത്തിലും അപ്പസ്തോലന്മാരില്‍ നിന്ന് സ്വീകരിച്ച കൂദാശകളിലുമുള്ള സംസര്‍ഗ്ഗമാണത്.
(CCC 1200-1209)