x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഈശോ എന്തുകൊണ്ടാണ് അമ്മയെ സ്ത്രീ എന്ന് സംബോധന ചെയ്തത് ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

കാനായിലെ കല്യാണവിരുന്നിന്റെ വിവരണത്തിലാണ് ആദ്യമായി മറിയത്തെ സ്ത്രീ എന്നു സംബോധന ചെയ്യുന്നതായികാണുന്നത്. സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല എന്നാണ് യേശു പറയുന്നത് ( യോഹ 2 : 4 ). വീണ്ടും യോഹന്നാൻ സുവിശേഷകൻ ഇതേകാര്യം രേഖപ്പെടുത്തുന്നത് കുരിശിന്റെ ചുവട്ടിൽ വച്ച് മറിയത്തെ താൻ സ്നേഹിച്ചിരുന്ന ശിഷ്യന് ( യോഹന്നാൻ ) ഏല്പ്പിച്ചുകൊടുക്കുന്ന സന്ദർഭത്തിലാണ് ( യോഹ 19:26 27 ). മേൽപറഞ്ഞ രണ്ടു വിവരണത്തിലും മറിയത്തെ സ്ത്രീ എന്നാണ് സംബോധനചെയ്യുന്നത്. ഈ രണ്ടു വിവരണങ്ങളും യോഹന്നാന്റെ സുവിശേഷത്തിലാണെന്നുള്ളതും ചിന്തനീയമാണ്. പഴയനിയമത്തിൽ ഹവ്വായോടു ദൈവം പറയുന്ന സന്ദർഭത്തിൽ സ്ത്രീ എന്ന സംബോധന ദൃശ്യമാണ്. അവിടെ നീയും സ്ത്രീയും തമ്മിലും ( ഉൽപത്തി 3:15 ) എന്നാണ് പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്നാണ് പറയുന്നത്. സർപ്പത്തോടു പറയുന്ന കാര്യം ആദ്യസ്ത്രീയായ ഹവ്വായോടു ബന്ധപ്പെടുത്തിയാണ് പറയുന്നതെങ്കിലും രക്ഷാകരചരിത്രവുമായി ബന്ധപ്പെടുത്തി കാണുമ്പോൾ സ്ത്രീ എന്ന പ്രയോഗം ചെന്നെത്തുന്നത് യേശുവിന്റെ അമ്മയായ മറിയത്തിൽ ആണെന്നു കാണാം. യോഹന്നാന്റെ സുവിശേഷപ്രകാരം ചിന്തിക്കുമ്പോൾ സർപ്പത്തിന്റെ - തിന്മയുടെ തലതകർക്കുന്നവന്റെ വെളിപ്പെടുത്തലുകളുടെ ആദ്യത്തെ അവസരത്തിലും അതിന്റെ പരിസമാപ്താവസരത്തിലുമാണ് ഈ പദപ്രയോഗം കാണുന്നത്. വെളിപാടു പുസ്തകത്തിൽ യോഹന്നാൻ സ്ത്രീ എന്ന സംബോധനയോടെ ആരംഭിക്കുന്ന വചനങ്ങൾ ഇവിടെ പ്രസക്തമാണ്. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ ( വെളിപാട് 12 : 1-2 ); ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ കാത്തുനില്ക്കുന്ന സർപ്പം . ( വെളിപാട് 12 : 4-5 ) ; സ്ത്രീയുടെ നേരെ കോപിക്കുന്ന സർപ്പത്തെക്കുറിച്ച് വെളിപാടു പുസ്തകം 12 : 17 ൽ സൂചിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം കാണുന്ന സ്ത്രീ എന്ന പ്രയോഗം ദൈവശാസ്ത്രവിക്ഷണപ്രകാരംമുള്ളതാണ് . ഇത് യേശുവിന്റെ അമ്മയായ മറിയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അല്ലാ, ഇത് സഭയെയോ ഇസായേലിനെയോ ആണെന്നും വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. വിശുദ്ധ പൗലോസ് മറിയത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ ഇപ്രകാരം സൂചിപ്പിക്കുന്നു: കാലസമ്പൂർണ്ണതവന്നപ്പോൾ - ദൈവം തന്റെ പുത്രനെ അയച്ചു, അവൻ സ്ത്രീയിൽ നിന്നും ജാതനായി ( ഗലാ 4 : 4 ). പുതിയനിയമത്തിൽ മറിയത്തെ സ്ത്രീയെന്നു സംബോധന ചെയ്യുമ്പോൾ അതിനു പഴയനിയമത്തിലെ സാംസ്കാരികവും മതപരവുമായ ഒരു അടിത്തറ ഉണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . യഹൂദ സംസ്കാരത്തിൽ സ്ത്രീക്കുള്ള സ്ഥാനത്തെക്കുറിച്ച് വ്യത്യസ്തരീതിയിൽ വ്യാഖ്യാനിക്കാൻ കഴിയും. വിശുദ്ധഗ്രന്ഥം എന്നും സ്ത്രീയുടെ മാഹാത്മ്യം എടുത്തുകാണിക്കാൻ ശ്രമിച്ചിട്ടുണ്ട് . എങ്കിലും പൊതുവെ സ്ത്രീകളെ സമൂഹത്തിൽ അല്പം താഴ്ത്തിയാണ് കണ്ടിരുന്നത്. ഉദാഹരണത്തിന് ഒരു യഹൂദ പ്രാർത്ഥനയിൽ ഇപ്രകാരം കാണുന്നു : ദൈവമെ നീ വാഴ്ത്തപ്പെട്ടവനാകട്ടെ,  എന്നെ ഒരു വിജാതീയനോ അറിവില്ലാത്തവനോ സ്ത്രീയോ ആയി സൃഷ്ടിക്കാത്തതിന്. ഇതിനു മറുപടിയായി സ്ത്രീകൾ പറഞ്ഞിരുന്ന ഉത്തരം : നിന്റെ ഹിതപ്രകാരം എന്നെ സൃഷ്ടിച്ചതിന് ദൈവമായ കർത്താവെ നിനക്കു സ്തുതി എന്നാണ്. യഥാർത്ഥത്തിൽ ക്രിസ്തുവാണ് യഹൂദരുടെ ഇടയിൽ സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞതും അവർക്ക് അർഹമായ സ്ഥാനമനുസരിച്ച് അവരെ മാനിച്ചതും. ഈ അഭിമാനത്തിന്റെ ആദിരൂപം യേശുവിന്റെ അമ്മയായ മറിയംതന്നെയാണെന്നു കാണാം. മറിയത്തിൽ സ്ത്രീത്വത്തിന്റെ പരമകാഷ്ഠ ദർശിക്കാം. കാരണം അവളിൽനിന്നാണ് ജീവന്റെയും , മാർഗ്ഗത്തിന്റെയും , സത്യത്തിന്റെയും , അടയാളമായ ക്രിസ്തു ജനിച്ചത്. മറിയത്തിലൂടെ സ്ത്രീ വിശ്വസിക്കുന്നവരുടെയും ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും വക്താവായിത്തീർന്നു. ക്രൈസ്തവ സമൂഹത്തിൽ സ്ത്രീകൾ മറിയത്തെ അനുകരിച്ച് ദൈവരാജ്യത്തിന്റെയും ദൈവവചനത്തിന്റെയും ദൗത്യവാഹകരായിത്തീർന്നു  (യോഹ 20:17 ). മാത്രമല്ല , ശൈശവസഭയിൽ ഇതേ തുടർന്ന് സഭാകാര്യങ്ങളിൽ സ്ത്രീ പ്രത്യേകമാംവിധം പങ്കാളികളായുകയും ചെയ്തിരുന്നു ( അപ്പ 1:14 ; 9 : 36-41 ; 12:12 ; 16:14 . ) . ഇപ്രകാരം വിചിന്തനം ചെയ്യുമ്പോൾ നമുക്കു മനസ്സിലാവുക യോഹന്നാൻ തന്റെ സുവിശേഷത്തിൽ രണ്ടു പ്രധാനപ്പെട്ട അവസരങ്ങളിൽ യേശു തന്റെ അമ്മയായ മറിയത്തെ സ്ത്രീ എന്നു സംബോധന ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത് മറിയത്തെ വിലകുറച്ചുകാണിക്കുന്നതിനോ അവരോട് ബഹുമാനമില്ലാതെ പെരുമാറുന്നതിനോവേണ്ടിയായിരുന്നില്ല. ഉൽപത്തി പുസ്തകത്തിൽ പറയപ്പെടുന്ന സ്ത്രീ എന്ന പ്രയോഗം അതിന്റെ വൈരുദ്ധ്യാത്മകശൈലിയിൽ യോഹന്നാൻ ഉപയോഗിച്ചു കൊണ്ട് മറിയത്തിന്റെ ഔന്നത്യം എടുത്തു കാണിക്കാനാണ് ശ്രമിക്കുന്നത്.

കാനായിലെ കല്യാണവിരുന്നിൽ മാദ്ധ്യസ്ഥ്യം വഹിക്കുന്ന സ്ത്രീയും കുരിശിന്റെ ചുവട്ടിൽ തന്റെ പുത്രന്റെ രക്ഷാകരപ്രവർത്ത നങ്ങൾക്കു സാക്ഷ്യമാകുന്ന സ്ത്രീയും, വെളിപാടു പുസ്തകം പരാമർശിക്കുന്ന സ്ത്രീയും രക്ഷാകര സംഭവത്തിലെ ഈ വൈരുദ്ധ്യാത്മക സ്ത്രീ പ്രതീകമാണ്. അതോടൊപ്പംതന്നെ യഹൂദസമ്പ്രദായങ്ങളുടെ ഗണത്തിൽ പെടാത്ത വേറിട്ട സ്ത്രീ പ്രതീകവുമാണ്. അവൾ മറിയം എന്ന വ്യക്തിയിൽ ഒതുങ്ങുന്നില്ല; അവൾ പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടി പ്രത്യക്ഷനായ ദൈവപുത്രന്റെ ( 1 യോഹ 3 : 8 ) അമ്മയാണ്; മരണത്തിന്റെയും പാപത്തിന്റെയും നിഴലിൽ കഴിയുന്നവരെ രക്ഷിക്കുന്നവന്റെ ( ഹെബ്രാ 2:15 ) അമ്മയാണ്; എല്ലാവരെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും തീരമണയ്ക്കുന്ന സീയോൻ പുത്രിയുടെ പ്രതീകമാണ് മറിയം; ഈ അമ്മ തിന്മക്കെതിരേ പോരാടുന്നവരോടു സഹകരിക്കുന്ന എല്ലാ സ്ത്രീകളുടെയും പ്രതീകമാണ്. അതിനാലാണ് മറിയത്തെ സ്ത്രീ എന്ന് സംബോധനചെയ്തത് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

mother mary jesus woman Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message