x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

പരിശുദ്ധാത്മാവ് ആരാണ്? പ്രാവിന്റെ രൂപമാണോ പരിശുദ്ധാത്മാവിന്റേത്? അവിടുത്തെ കാണാൻ കഴിയുമോ?

Authored by : Fr. George Panamthottam CMI On 20-Aug-2022

“നിങ്ങൾ മക്കളായതുകൊണ്ട് ആബ്ബാ പിതാവേ, എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു” (ഗലാ. 4:6). മനുഷ്യരായ നമ്മുടെ ഹൃദയങ്ങളിലേക്കു പിതാവ് അയച്ച് അവിടുത്തെ പുത്രന്റെ ആത്മാവാണു പരിശുദ്ധാത്മാവ്. ആ ആത്മാവ് ദൈവമാണ്. പിതാവിനോടും പുത്രനോടും സത്താപരമായി വേർപിരിയാനാവാത്ത വ്യക്തിയാണ്. ദൈവത്തെ വെളിപ്പെടുത്തുന്ന ആത്മാവാണു പരിശുദ്ധാത്മാവ്. അവിടുത്തെ സജീവ വചനമായ ക്രിസ്തുവിനെ നമുക്കു വെളിപ്പെടുത്തുന്നു. സകല ദൈവികകാര്യങ്ങളും നമുക്കു വെളിപ്പെടുത്തിത്തരിക എന്ന ദൗത്യമാണു പരിശുദ്ധാത്മാവിനുള്ളത്. “ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല” (1 കോറി. 2:11). ഇതൊക്കെയാണെങ്കിലും പരിശുദ്ധാത്മാവ് ഒരിക്കലും തന്നെപ്പറ്റിത്തന്നെ ഒന്നും പറഞ്ഞിട്ടില്ല. അവിടുന്നു ദൈവത്തിന്റെ വചനം നമ്മെ കേൾപ്പിക്കുന്നു, അതു മനസിലാക്കിത്തരുന്നു, അവയിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. അവിടുന്നു “സ്വമേധയാ സംസാരിക്കുകയില്ല” (യോഹ. 16:13).

പരിശുദ്ധാത്മാവ് മറഞ്ഞിരിക്കുന്ന ദൈവമാണെന്നു പറയാം. കാരണം പരിശുദ്ധാത്മാവ് ലോകത്തിൽ നിന്നു മറഞ്ഞിരിക്കുന്നതുകൊണ്ടു ലോകത്തിനു അവിടുത്തെ കാണാനോ അറിയാനോ കഴിയില്ല. അതേസമയം ആരെങ്കിലും ക്രിസ്തുവിൽ വിശ്വസിച്ചാൽ ആ വ്യക്തി പരിശുദ്ധാത്മാവിനെ അറിയും. ഈ ആത്മാവ് ആ വ്യക്തിയിൽ വസിക്കും (യോഹ. 14:17). ആദിമുതൽ പിതാവിന്റെ വചനവും പരിശുദ്ധാത്മാവും ഒന്നിച്ചാണു ദൗത്യങ്ങൾ നിർവഹിക്കുന്നത്. പഴയ നിയമത്തിൽ പ്രവാചകന്മാരിലൂടെയൊക്കെ പ്രവർത്തിച്ചത് പരിശുദ്ധാത്മാവാണ്. സൃഷ്ടികർമത്തിൽ ദൈവത്തിന്റെ വചനത്തോട് ചേർന്നു പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സർവ്വസൃഷ്ടികളുടെയും അസ്തിത്വത്തിന്റെയും ജീവന്റെയും ഉത്ഭാവമാകുന്നത് തിരുവചനത്തിൽ നാം കാണുന്നു. (സങ്കീ 33:6; 104:30, ഉൽപത്തി 1:2, 2:7; എസക്കി 37:10). അതിനാൽ സൃഷ്ടിയെ ഭരിക്കുകയും വിശുദ്ധീകരിക്കുകയും സജീവമാക്കുകയും ചെയ്യുന്നതു പരിശുദ്ധാവിന്റെ ധർമ്മമാണ്. ആദിയിൽ തുടങ്ങിയ ദൗത്യം കാലത്തിന്റെ പൂർണതയിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലും രക്ഷാകര കർമ്മങ്ങളിലും സജീവമായതിനു ശേഷം അവിടുത്തെ തിരുവുത്ഥാനത്തോടെ തിരുസഭയിൽ ഇന്നും സജീവനായിരിക്കുന്നു. പരിശുദ്ധാത്മാവിനെ നമ്മുടെ നയനങ്ങൾ കൊണ്ടു കാണാൻ കഴിയില്ല. എന്നാൽ എപ്പോഴും അവിടുത്തെ അനുഭവിച്ചറിയാൻ ഒരു വിശ്വാസിക്ക് കഴിയും

പരിശുദ്ധാത്മാവിനു ധാരാളം പ്രതീകങ്ങളുണ്ട്. അവിടുത്തെ പ്രവർത്തനരീതിയെ പ്രതീകങ്ങൾ സൂചിപ്പിക്കുന്നു. അവയിൽ ഒന്നു മാത്രമാണു പ്രാവിന്റെ പ്രതീകം. അവിടുത്തെ അറിയാൻ നാം ഉപയോഗിക്കുന്ന പ്രതീകങ്ങളിലേക്കു ചുരുക്കത്തിൽ കടന്നുചെല്ലാം.

ജലം: ജലത്തിന്റെ പ്രതീകാത്മകത മാമോദീസയിൽ പരിശുദ്ധാത്മാവ് നടത്തുന്ന പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. “നാം എല്ലാവരും ഒരേ ആത്മാവിൽ ഏക ശരീരമാകാൻ ജ്ഞാനസ്നാനമേറ്റു. ഒരേ ആത്മാവിനെ പാനം ചെയ്യാൻ എല്ലാവർക്കും സാധിച്ചു." (1 കോറി. 12:13). അങ്ങനെ പരിശുദ്ധാത്മാവ് ക്രൂശിതനായ ക്രിസ്തുവാകുന്ന (യോഹ. 19:34; 1 യോഹ. 5:8) ഉറവിടത്തിൽ നിന്ന് പുറപ്പെടുകയും നമ്മിൽ നിത്യജീവൻ ഉദ്ഗമിക്കുകയും ചെയ്യുന്ന സജീവ ജലം കൂടിയാണ് (യോഹ. 4:10-14; 7:38; പുറ. 17:1-6; ഏശയ്യ 55:1; 1 കോറി 10:4; വെളി 21:6; 22:17).

അഭിഷേകം: എണ്ണ കൊണ്ടുള്ള അഭിഷേകവും പരിശുധാത്മാവിന്റെ പ്രതീകമാണ് (1 യോഹ. 2:20, 27; 2 കോറി. 1:21), അതിനാൽ ലേപനം പരിശുദ്ധാത്മാവിന്റെ സ്ഥിരീകരണത്തിന്റെ കൂദാശയാണ്.

അഗ്നി: പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിലെ രൂപന്തരം വരുത്തുന്ന ഊർജത്തെ സൂചിപ്പിക്കുന്നു. പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവ് അഗ്നിയുടെതെന്ന പോലെയുള്ള നാവുകളുടെ രൂപത്തിൽ ശിഷ്യന്മാരുടെ മേൽ ആവസിക്കുകയും അവരെ തന്നെകൊണ്ട് നിറയ്ക്കുകയും ചെയ്തു (അപ്പ. 2:3,4). ആത്മാവിനെ പറ്റി ക്രിസ്തു പറയുന്നത്: “ഞാൻ ഭൂമിയിൽ തീയിടാൻ വന്നു, അത് ഇതിനകം കത്തിയിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു” (ലൂക്കാ. 12:44) എന്നാണ്.

മേഘവും പ്രകാശവും: പരിശുദ്ധാത്മാവ് മേഘത്തിലുടെയും പ്രകാശത്തിലൂടെയും വെളിപ്പെടുന്നതു തിരുവചനത്തിൽ പലേടങ്ങളിലും കാണാം. മോശയോടുകൂടി സീനായ് മലയിൽവച്ചും (പുറ 24:15-18) സമാഗമ കൂടാരത്തിലും (പുറ. 33. 9-10) മരുഭൂമിയിൽ അലഞ്ഞുതിരിയലിനിടയിലും (പുറ 40:36-38) സോളമനോടു കൂടി ദൈവാലയ പ്രതിഷ്ഠയുടെ സമയത്തും (1 രാജാ. 8:10-12) മേഘത്തിന്റെ രൂപത്തിൽ പരിശുദ്ധാവ് വെളിപ്പെട്ടു. പരിശുദ്ധ കന്യകാമറിയം ക്രിസ്തുവിനെ ഗർഭം ധരിക്കേണ്ടതിന് അവളുടെ മേൽ “നിഴലിച്ചത്” (ലൂക്കാ. 1:35) വഴി പ്രകാശത്തിലൂടെ വരുന്ന പരിശുദ്ധാത്മാവിനെ നാം കണ്ടു.

മുദ്ര. അഭിഷേകത്തിന്റെ പ്രതീകത്തോട് അടുത്ത ബന്ധമുള്ളതാണ് മുദ്ര എന്ന പ്രതീകം. ക്രിസ്തുവിന്റെ മേൽ പിതാവായ ദൈവം തന്റെ മുദ്ര വച്ചു. അവിടുന്നു നമ്മുടെ മേലും മുദ്ര പതിപ്പിക്കുന്നു (യോഹ. 6:27; 2 കോറി 1:22; എഫേ. 1:13; 4:30). പരിശുദ്ധാത്മാവിന്റെ ഈ മുദ്ര മായ്ക്കാനാവാത്തതാണ്. തിരുസഭയിൽ മാമോദീസ, സൈര്യലേപനം, പൗരോഹിത്യം എന്നീ കൂദാശകളിൽ പരിശുദ്ധാത്മാവിന്റെ മുദ്ര പതിക്കുന്ന അഭിഷേകം ഇന്നും വെളിവാക്കപ്പെടുന്നു.

കരം: കരം പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രതീകമാണ്. കൈവയ്പിലൂടെ പരിശുദ്ധാരാവിനെ കൈമാറുന്നത് തിരുവചനത്തിൽ നാം കാണുന്നു. (അപ്പ. 8:17-19; 13:3; 19:6)

കൈവിരൽ: ദൈവത്തിന്റെ വിരൽ കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു (ലൂക്കാ 11:20). പരിശുദ്ധാത്മാവിനെ “പിതാവിന്റെ വലതുകയ്യിലെ വിരൽ” എന്ന് വിളിക്കാറുണ്ട്.

പ്രാവ്: ജലപ്രളയത്തിന്റെ അവസാനം നോഹ വിട്ടയച്ച പ്രാവ് ഒരു ഒലിവ് മരക്കൊമ്പ് കൊത്തിക്കൊണ്ടുവന്നു. ഭൂമി വീണ്ടും മനുഷ്യവാസയോഗ്യമായതിന്റെ അടയാളമായിരുന്നു അത് (ഉൽപ 8:8-12). ക്രിസ്തുവിന്റെ മാമോദീസാ വേളയിൽ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിലാണ് കാണപ്പെട്ടത് (മത്തായി 3:16). പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാൻ ക്രൈസ്തവ കലാകാരന്മാർ പരമ്പരാഗതമായി പ്രാവിന്റെ ചിത്രമാണു ഉപയോഗിക്കുന്നത്.

ദൈവജനത്തിലേക്കുള്ള ക്രിസ്തുവിന്റെ ആഗമനത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പരിശുദ്ധാത്മാവ് മറിയത്തിൽ പൂർത്തിയാക്കി (മത്തായി 1:23). ദൈവപുത്രൻ അവിടുത്തെ മനുഷ്യാവതാരത്തിൽ, പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴി ക്രിസ്തുവായി പ്രതിഷ്ഠിക്കപ്പെട്ടു (സങ്കീ. 2:6,7). ക്രിസ്തു തന്റെ പൂർണ്ണതയിൽ നിന്നു പരിശുദ്ധാത്മാവിനെ അപ്പസ്തോലന്മാരുടെ മേലും സഭയുടെ മേലും വർഷിച്ചു. ശിരസ്സായ ക്രിസ്തു തന്റെ അംഗങ്ങളിലേക്ക് വർഷിക്കുന്ന പരിശുദ്ധാത്മാവ് സഭയെ പണിതുയർത്തുകയും സജീവമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വവും മനുഷ്യരും തമ്മിലുള്ള ഐക്യത്തിന്റെ കൂദാശ എന്നാണ് തിരുസഭ പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നത്.

Living Faith Series : 1 (ചോദ്യം:12)

പരിശുദ്ധാത്മാവ് ആരാണ്? പ്രാവിന്റെ രൂപമാണോ പരിശുദ്ധാത്മാവിന്റേത്? അവിടുത്തെ കാണാൻ കഴിയുമോ? Living Faith Series : 1 (ചോദ്യം:12) Fr. George Panamthottam CMI ഗലാ. 4:6 1 കോറി. 2:11 യോഹ. 16:13 യോഹ. 14:17 സങ്കീ 33:6; 104:30 ഉൽപത്തി 1:2 എസക്കി 37:10 യോഹ. 19:34; 1 യോഹ. 5:8 യോഹ. 4:10-14; 7:38; പുറ. 17:1-6; ഏശയ്യ 55:1; 1 കോറി 10:4; വെളി 21:6; 22:17 അപ്പ. 2:3 ലൂക്കാ. 12:44 പുറ 24:15-18 പുറ. 33. 9-10 1 രാജാ. 8:10-12 ലൂക്കാ. 1:35 യോഹ. 6:27 2 കോറി 1:22 എഫേ. 1:13; അപ്പ. 8:17-19; 13:3; 19:6 ലൂക്കാ 11:20 ഉൽപ 8:8-12 മത്തായി 3:16 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message