x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കത്തോലിക്കാസഭയിൽ പ്രത്യേകം അനുസ്മരിപ്പിക്കുന്ന മറിയ൦ ആരാണ്?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

യേശുവിന്റെ അമ്മയായ മറിയമാണ് പുതിയ നിയമത്തിൽ ഏറെ പറയുന്ന , കത്തോലിക്കാ സഭ വളരെ ആദരിക്കുന്ന മറിയമെന്ന വ്യക്തി. മറിയ൦ എന്നു ഹീബ്രുഭാഷയിലു൦ മരിയ എന്നു ഗ്രീക്ക് , ലത്തീൻ ഭാഷകളിലും ഈ നാമം അറിയപെടുന്നു.അപ്പസ്തോലികകാല൦ മുതൽ സഭയിൽ പ്രത്യേകവിധം അറിയപ്പെടുന്ന വ്യക്തിയാണ് മറിയം . സഭാപാരമ്പര്യവു൦ വിശ്വാസവു൦ മറിയത്തിനു സഭയിൽ വലിയ സ്ഥാന൦ നൽകി.കന്യാമറിയ൦, രണ്ടാ൦ ഹവ്വ,ദൈവമാതാവ്,നിത്യകന്യക, അമലോത്ഭവ , സ്വർഗ്ഗാരോപിത എന്നിങ്ങനെയെല്ലാം മറിയം അറിയപ്പെടുന്നു . ചരിത്രപരമല്ലാത്തതും എന്നാൽ പ്രാദേശികപരാമ്പര്യങ്ങളിൽ അറിയപ്പെട്ടിരുന്നതുമായ നിരവധി കാര്യങ്ങൾ യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് പ്രചരിച്ചിരുന്നു . ചിലകാര്യങ്ങളെല്ലാം സഭയുടെ ഔദ്യോഗിക അംഗീകാരമില്ലാത്തതും കാനോനികമല്ലാത്തതുമായ ഗ്രന്ഥങ്ങളിൽ ( apocriphal ) കാണാം . അവയൊന്നും ഇവിടെ വിഷയമായി സ്വീകരിക്കുന്നില്ല . വിശുദ്ധഗ്രന്ഥത്തിലുള്ള പരാമർശനങ്ങൾ വച്ചും സഭാപാരമ്പര്യമനുസ്സരിച്ചും ലഭ്യമാകുന്ന വസ്തുതകൾ ഉൾക്കൊണ്ട് മറിയത്തിന്റെ ഏകദേശ ചിത്രം രൂപപ്പെടുത്താൻ കഴിയുന്നതാണ് ഇവിടെ പരാമർശന വിഷയമാക്കുന്നത് . പുതിയനിയമത്തിലെ സുവിശേഷ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മറിയം ജോസഫിന്റെ ഭാര്യയും യേശുവിന്റെ അമ്മയുമാണ് . വിവാഹപ്രായമായ ഒരു പെൺകുട്ടിയായിരിക്കെ അവൾ ദൈവാത്മാവിന്റെ പ്രത്യേക നിയോഗത്താൽ ഗർഭിണിയായി കാണപ്പെട്ടു . കന്യാമറിയം എന്ന് അവളെ ഒരിക്കലും വിളിച്ചിരുന്നില്ല . എന്നാൽ വിവാഹപ്രായമെത്തിയ പെൺകുട്ടി , യേശുവിന്റെ അമ്മയായ മറിയം എന്നും അവളെക്കുറിച്ച് സുവിശേഷകന്മാർ പറഞ്ഞിരുന്നു ( മത്താ 2:11 , ലൂക്ക 1:27 , അപ്പ 1:14 ) . മറിയത്തിന്റെയോ യൗസേപ്പിന്റെയോ വ്യക്തിപരമായ ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവുകൾ ഒന്നുംതന്നെ ലഭ്യമല്ല . മറിയത്തിന്റെ വ൦ശാവലിയെക്കുറിച്ചുളള ഏകദേശരൂപം ലൂക്കാ മൂന്നാം അദ്ധ്യായത്തിൽ കാണാം. യൂദാഗോത്രത്തിൽ ദാവീദിന്റെ വംശപരമ്പരയിൽ ഉള്ളവൾ ആയിരുന്നു മറിയ൦(ലൂക്ക 1:32) .അഹരോന്റെ വംശത്തിൽപെട്ട എലിസബത്തുമായി മറിയത്തിനു ബന്ധുത ഉണ്ടായിരുന്നു ( ലൂക്ക 136 ) . നസ്രത്തിൽ മാതാപിതാക്കളൊത്തു താമസിക്കുന്ന ആവസരത്തിലാണ് ജോസഫുമായി വിവാഹം ഉറപ്പിച്ചിരുന്ന മറിയം വരുവാനിരിക്കുന്ന മിശിഹായുടെ അമ്മയാകും എന്ന് ഗബ്രിയേൽ ദൂതൻവഴി മനസ്സിലാക്കാൻ ഇടയായത്(ലൂക്ക 1:35). ഇതെതുടർന്ന് മറിയ൦ തൻ്റെ ബന്ധുവായ എലിസബത്തിനെ സന്ദർശിച്ചു. എലിസബത്തു൦ ഭർത്താവു സക്കാറിയായും വൃദ്ധരായിരുന്നു . നസത്തിൽനിന്നും ഏതാണ്ട് 120 മൈൽ അകലെയായിരുന്നു അവർ താമസിച്ചിരുന്ന ഐൻകാരിം എന്ന ഗ്രാമം . മറിയത്തെ കണ്ടതോടെ എലിസബത്തു പറഞ്ഞത് “ എന്റെ കർത്താവിന്റെ അമ്മ " എന്നാണ് . മറിയം ഇതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് കീർത്തനം പാടി ( ലൂക്ക 1 ; 46-56 ) . മൂന്നുമാസത്തിനു ശേഷം മറിയം അവിടെനിന്നും തിരികെപോന്നു . മറിയത്തെക്കുറിച്ച് ജോസഫിന്റെ മനസ്സിൽ ആകുലതയും സംശയവും ഉണ്ടായി . എങ്കിലും അവയെല്ലാം ദൈവത്തിൽ ശരണംവച്ച് നീക്കിക്കളഞ്ഞു ( മത്താ 1 : 18-25 ) . മാത്രമല്ല , തിരികെയെത്തിയ മറിയത്തെ തന്റെ ഭവനത്തിൽ സ്വീകരിക്കുകയും ചെയ്തു . ഇതിനുശേഷം അഗസ്റ്റസ് സീസറിന്റെ കാലത്ത് നസ്രത്തിൽ നിന്നും ബെഥ്ലഹേമിലേക്ക് രണ്ടുപേരും കൂടി പോകേണ്ടിവന്നു . നസ്രത്തിൽനിന്നും ഏതാണ്ട് 80-90 മൈൽ ദൂരത്തായിരുന്നു ഈ സ്ഥലം . അവിടെവച്ച് മറിയം യേശുവിനെ പ്രസവിച്ചു . ഇവനാണ് പിന്നീട് ക്രിസ്തു എന്നറിയപ്പെട്ടത് ( ലൂക്ക് 2 : 6-7 ; മത്താ 2:21 ) ; കാരണം അനേകരെ തിന്മയിൽനിന്നും രക്ഷിക്കാനുള്ളവനായിരുന്നു . ഇതെത്തുടർന്ന് ചരിത്രത്തിന്റെ ഗതിയിൽ അവർക്ക് ഈജിപ്തിലേക്കു പോകേണ്ടതായിവന്നു . ഏതാണ്ട് രണ്ടു വർഷങ്ങൾക്കുശേഷം അവർ നസത്തിൽ തിരികെയെത്തുകയും അവിടെ താമസമാക്കു കയും ചെയ്തു . പാരമ്പര്യമനുസരിച്ചും വിശുദ്ധഗ്രന്ഥ പരാമർശനങ്ങൾ അനുസരിച്ചും മറിയം ഏതാണ്ട് മുപ്പതുവർഷം യേശുവിനോടൊത്ത് നസ്രത്തിൽ കഴിഞ്ഞിട്ടുണ്ടാകണം . ജോസഫ് എന്ന മരപ്പണിക്കാരന്റെ ഭാര്യയായി , യേശുവിന്റെ അമ്മയായി അവർ കഴിഞ്ഞു . വളരെ പ്രത്യേകതകളുടെ ഉടമയായിരുന്നു യേശു . അതിനാൽതന്നെ അവന്റെ ചെയ്തികളെയെല്ലാം വീക്ഷിച്ച് മനസ്സിൽ ധ്യാനിച്ചും പ്രാർത്ഥിച്ചും ചിന്തിച്ചും കഴിഞ്ഞു എന്നനുമാനിക്കാം . മാത്രമല്ല , ദൈവം തന്നിലൂടെ പ്രവർത്തിക്കുന്ന കാര്യവും അവർ ചിന്താവിഷയമാക്കി. ഇക്കാലയളവിൽ മറിയത്തെക്കുറിച്ച് ഒരു കാര്യം മാത്രം സുവിശേഷകന്മാർ രഖപ്പെടുത്തുന്നു . 12 വയസ്സായപ്പോൾ യേശുവിനെയും കൊണ്ട് യൗസേപ്പും മറിയവും ജറുസലെം ദൈവാലനത്തിൽ പോയി. അവിടെവച്ച് യശുവിനെ കാണാതായി ( ലൂക്കാ 2 : 41-52 ) . തദവസരത്തിൽ മറിയത്തിന്റെ ഭാഗഭാഗിത്വം ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്. മറിയം ചോദിക്കുന്നതിപ്രകാരമാണ് : ' ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിക്കുകയായിരുന്നു . ' മറിയത്തെക്കുറിച്ച് യേശുവിന്റെ പരസ്യ ജീവിതകാലത്ത് പറയത്തക്ക വിവരണങ്ങളൊന്നുമില്ല എങ്കിലും രണ്ടു പരാമർശനങ്ങൾ ശ്രദ്ധേയമാണ് . ഒന്നാമത്തേത് കനായിലെ കല്യണവിരുന്നിന്റെ അവസരത്തിലേതാണ് .അവൻ പറയുന്നതു നിങ്ങൾ ചെയ്യുവിൻ (യോഹ 2 : 5) എന്ന മറിയത്തിന്റെ മാദ്ധ്യസ്ഥ വചനങ്ങൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ് . രണ്ടാമത്തെ അവസരം ഏതാനും ശിഷ്യന്മാരും മറിയവുംകൂടി യേശുവിനെ കാണാൻ പോകുന്ന രംഗവും തുടർന്നുള്ള സംഭാഷണവുമാണ് ( മത്താ 12 : 46-49 ) . ഒരുപക്ഷെ ഇക്കാലഘട്ടത്തിൽ യൗസേപ്പു മരിച്ചിട്ടുണ്ടാകാം . അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല . മറിയത്തിന്റെ സാന്നിദ്ധ്യം തുടർന്നും നാം ദർശിക്കുന്നത് കുരിശിന്റെ സമീപത്താണ് ( യോഹ 19:26 ) . ഈ സമയം മുതൽ യോഹന്നാൻ മറിയത്തെ തന്റെ ഭവനത്തിൽ സ്വീകരിക്കുന്നതായിക്കാണാം . തുടർന്ന് നാം മറിയത്തെ ദർശിക്കുന്നത് യേശുവിന്റെ സ്വർഗ്ഗാരോഹണവുമായി ബന്ധപ്പെട്ടാണ് . സ്വർഗ്ഗാരോഹണാനുഭവത്തിനുശേഷം മുകളിലെ മുറിയിൽ പ്രാർത്ഥനയിൽ കഴിയുന്ന മറിയത്തെയും ശിഷ്യരെയും ( അപ്പ 1:14 ) തിരുവചനത്തിൽ കാണാം . ഇതിനുശേഷം വിശുദ്ധഗ്രന്ഥാധിഷ്ഠിതമായി മറിയത്തെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവുകൾ ഒന്നുമില്ല . മറിയത്തിന്റെ മരണം , മൃതസംസ്കാരം , ബന്ധുജനങ്ങൾ എന്നിവയെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണകൾ ഒന്നുമില്ല . മറിയത്തിന്റെ കല്ലറ എന്നപേരിൽ കെദ്രോൻ താഴ്വരയിൽ ഒലിവുമലക്കടുത്ത് ഒരു ദൈവാലയം ഇന്നു സ്ഥിതിചെയ്യുന്നുണ്ട് . അതു പോലെ സീയോനിൽ ഇപ്പോൾ ഡോർമിഷ്യൻ ആബി എന്നറിയപ്പെടുന്ന ബസിലിക്ക നില്ക്കുന്നിടത്തായിരുന്നു മറിയം അവസാനകാലം ചെലവഴിച്ചതെന്നും അവിടെവച്ചാണ് മരണനിദ്രപ്രാപിച്ചതെന്നും പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു . ആദിമ നൂറ്റാണ്ടുകളിൽതന്നെയുണ്ടായിരുന്ന ഈ വിശ്വാസത്തിന്റെ ചരിത്രപതിപ്പുകളാണിവ .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

catholic church mothr mary Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message