x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ദൈവത്തോടു മോശ പേര് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു “ഞാൻ ആയിരിക്കുന്നവൻ ആകുന്നു” എന്ന്. എന്താണിതിന്റെ അർത്ഥം?

Authored by : Fr. George Panamthottam CMI On 22-Aug-2022

ദൈവം ഒരിക്കലും മനുഷ്യന്റെ മുൻപിൽ അഗ്രാഹ്യമായ ഒരു പ്രതിഭാസമാകാൻ ആഗ്രഹിക്കുന്നില്ല. നാമരഹിതമായ ഒരു ശക്തിയല്ല ദൈവം. അവിടുന്നു വ്യക്തിപരമായി വിളിക്കപ്പെടാനും മനുഷ്യന്റെ പരിമിതമായ അറിവിന്റെ തലത്തിലേക്കു സ്വയം പരിമിതപ്പെടാനും തയ്യാറാകുന്നതിന്റെ തെളിവാണു ദൈവം സ്വയം പേര് വെളിപ്പെടുത്തിയത്. ജനത്തിന്റെ അടുക്കൽ ചെന്നു ദൈവത്തെക്കുറിച്ചു വെളിപ്പെടുത്താൻ ദൈവം മോശയോടു പറയുമ്പോൾ, അവിടുത്തെ പേരെന്താണ് എന്ന് അവർ ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയണം എന്ന മോശയുടെ ചോദ്യത്തിന് ഉത്തരമായാണ് ദൈവം പേര് വെളിപ്പെടുത്തുന്നത് (പുറ 3:13-15). യാഹ്വേ (YAHWH) എന്ന പേരാണ് ദൈവം മോശയോട് പറഞ്ഞത്. ഈ പദത്തിന്റെ അർത്ഥം 'ഞാൻ ആയിരിക്കുന്നവൻ ആകുന്നു' എന്നാണ്. ഈ പദത്തിന്റെ അർത്ഥം ദൈവത്തെപ്പോലെ തന്നെ നിഗൂഢമാണ്. കാരണം, നിഗൂഢമായ അവിടുത്തെ വെളിപ്പെടുത്തലുകൾ പൂർണതയിൽ നമുക്ക് ഗ്രഹിക്കാൻ കഴിയണമെന്നില്ല.

എന്നാൽ, മനുഷ്യന് ഗ്രഹിക്കാവുന്നതും വർണ്ണിക്കാവുന്നതുമായ എന്തിനെക്കാളും അനന്തമായ ശ്രേഷ്ഠത ഉള്ളവനാണ് ദൈവം എന്ന് ഈ പേര് അർത്ഥമാക്കുന്നുണ്ട്. അവിടുന്നു മനുഷ്യബുദ്ധിയിൽ നിന്നു മറഞ്ഞിരിക്കുന്നതും അനിർവചനീയനും എന്നാൽ, മനുഷ്യനിലേക്ക് ഇറങ്ങിവരുന്നവനുമായ ദൈവമാണെന്ന് ഈ പേര് സൂചിപ്പിക്കുന്നു. (ഏശയ്യ 45:15), "ഞാൻ ആകുന്നു” എന്ന തന്റെ നാമം സ്വയം വെളിപ്പെടുത്തുന്നതു വഴി താൻ നിത്യം ജീവിക്കുന്നവനാണെന്നും തന്റെ ജനത്തെ രക്ഷിക്കാൻ എപ്പോഴും അവരോടൊപ്പം ഉണ്ടെന്നും സ്വയം വെളിപ്പെടുത്തുന്നു. “ഞാൻ ആകുന്നു" എന്ന ദിവ്യനാമം, ദൈവത്തിന്റെ വിശ്വസ്തതയെ സൂചിപ്പിക്കുന്നു. പാപം മൂലം അവിടുത്തോട് അവിശ്വസ്തത പ്രദർശിപ്പിച്ച മനുഷ്യൻ ശിക്ഷയ്ക്ക് അർഹനാണെങ്കിലും മനുഷ്യരോട് അചഞ്ചലമായ സ്നേഹം അവിടുന്ന് സൂക്ഷിച്ചു എന്നത് “കരുണാസമ്പന്നനായ" (എഫേ. 2:4) ദൈവത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു.

ആയിരിക്കുന്നവൻ ദൈവം മാത്രമാണ് എന്നതിന്റെ അർത്ഥം അവിടുന്ന് പ്രപഞ്ചത്തിനും ചരിത്രത്തിനും എന്നും അതീതനാണെന്നാണ്. അവിടുന്ന് മാറ്റമില്ലാത്ത ദൈവമാണ്. “അവ നശിച്ച് പോകും, എന്നാൽ അങ്ങേക്ക് മാറ്റമില്ല. എല്ലാം വസ്ത്രം പോലെ പഴകിപ്പോകും. അങ്ങ് മാത്രം നിലനിൽക്കും, അങ്ങയുടെ സംവത്സരങ്ങൾക്ക് അവസാനമില്ല (സങ്കീ. 102: 26, 29). മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത (യാക്കോ 1:17) എന്നേക്കും നിലനിൽക്കുന്നവനാണു ദൈവം. ഉണ്മയുടെയും എല്ലാ ഗുണവിശേഷങ്ങളുടെയും പരിപൂർണ്ണതയായ ദൈവം ആദ്യാന്തരഹിതനും സർവ്വ സൃഷ്ടികൾക്കും അതീതമാണ്. ഇപ്രകാരമാണ് ദൈവനാമത്തിന്റെ അർത്ഥം തിരുസഭ മനസ്സിലാക്കുന്നത്.

ദൈവം സത്യവും സ്നേഹവും

സത്യം, സ്നേഹം എന്ന രണ്ട് പദങ്ങൾ ദൈവനാമത്തിന്റെ അർത്ഥത്തെ സമഗ്രരൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. “ദൈവമേ, അങ്ങയുടെ അചഞ്ചല സ്നേഹവും വിശ്വസ്തതയും അനുസ്മരിച്ചുകൊണ്ട് ഞാൻ അങ്ങേ നാമത്തിന് നന്ദി പറയുന്നു (സങ്കീ.138:2). “അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്; അങ്ങയുടെ നിയമങ്ങൾ നീതിയുക്തമാണ്; അവ എന്നേയ്ക്കും നില നിൽക്കുന്നു (സങ്കീ. 119:160). “ദൈവമായ കർത്താവേ, അങ്ങ് തന്നെ ദൈവം; അങ്ങയുടെ വചനങ്ങൾ സത്യമാകുന്നു” (2 സാമു. 7:28). ദൈവത്തിന്റെ സത്യം, സൃഷ്ടപ്രപഞ്ചത്തിന്റെ സംവിധാനത്തെ നില നിറുത്തുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അവിടുത്തെ ജ്ഞാനമാണ്. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ദൈവത്തിനു മാത്രമേ സൃഷ്ടജാലങ്ങളെക്കുറിച്ചു യഥാർത്ഥ ജ്ഞാനംനൽകാൻ കഴിയൂ (സങ്കീ. 115:15; ജ്ഞാനം 7:17-21). ദൈവത്തിൽ നിന്ന് വരുന്ന പ്രബോധനങ്ങൾ സത്യമാണ് (ഗലാ. 2:6). അവിടുന്ന് തന്റെ ഏക പുത്രനെ അയച്ചതു സത്യത്തിനു സാക്ഷ്യം വഹിക്കാനാണ് (യോഹ. 18:37). ദൈവപുത്രന്റെ വരവോടു കൂടി സത്യസ്വരൂപനെ അറിയാൻ നമുക്കു കഴിവു ലഭിച്ചു (1 യോഹ. 5:26).

ദൈവം ഇസ്രായേൽ ജനത്തെ തന്റെ പ്രിയപ്പെട്ട ജനമായി തിരഞ്ഞെടുക്കുന്നതും സ്വയം വെളിപ്പെടുത്തുന്നതും അവരോട് എന്നും വിശ്വസ്തരായിരിക്കുന്നതും പാപങ്ങൾക്ക് മാപ്പ് കൊടുക്കുന്നതുമൊക്കെ ദൈവത്തിന്റെ സ്നേഹത്തെ നമ്മുടെ മുൻപിൽ കൂടുതൽ വ്യക്തമാക്കിത്തരുന്നു. അപ്പന് മക്കളോടും അമ്മയ്ക്ക് കുഞ്ഞിനോടും വരന് വധുവിനോടുമുള്ള സ്നേഹത്തിന് എത്രയോ മടങ്ങ് അപ്പുറമുള്ള സ്നേഹമാണ് ദൈവത്തിന് നമ്മോടുള്ളതെന്നു പഴയ നിയമഗ്രന്ഥങ്ങളിൽ നിന്നു നമുക്കു മനസിലാകും. "തന്റെ ഏകജാതന്നെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16; ഹോസേ 11:1, ഏശയ്യാ 49:14,15; 62:4,5 എസക്കി.16). അവിടുത്തെ സ്നേഹം നിത്യമാണു (ഏശയ്യ 4:8). മലകൾ അകന്നുപോയാലും കുന്നുകൾ മാറ്റപ്പെട്ടാലും നമ്മെ വേർപിരിയാത്ത അചഞ്ചലമായ സ്നേഹത്തിന്റെ ഉടമയാണ് ദൈവം (ഏശയ്യ 54:10). നിത്യമായ സ്നേഹത്താലാണ് ദൈവം നമുക്ക് ജീവൻ നൽകിയത്. അതിനാൽ, അവിടുന്നു. നിത്യം നമ്മെ സ്നേഹിക്കുകയും നമ്മോടു വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു (ജെറ. 31:3). ദൈവത്തിന്റെ എല്ലാ വെളിപ്പെടുത്തലുകളും, സ്വന്തം ഏകജാതനെ നമുക്കു നൽകിയതുമെല്ലാം അവിടുത്തെ സ്നേഹത്തിന്റെ ഉദാത്തമായ പ്രകടനമായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തിന്റെ ഐക്യം സ്നേഹത്തിന്റെ നിത്യമായ പരസ്പരദാനമാണ്. അതിൽ പങ്കുചേരാനാണു ദൈവം നമ്മെ ക്ഷണിക്കുന്നത്.

Living faith series : 1 (ചോദ്യം:4)

യാഹ്വ ദൈവത്തോടു മോശ പേര് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു “ഞാൻ ആയിരിക്കുന്നവൻ ആകുന്നു” എന്ന്. എന്താണിതിന്റെ അർത്ഥം? Living faith series : 1 (ചോദ്യം:4) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message