x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

വിഗ്രഹാരാധന എന്താണെന്നാണ് ബൈബിൾ പറയുന്നത്

Authored by : Fr. George Panamthottam CMI On 05-Nov-2022

വിഗ്രഹാരാധന എന്താണെന്നു ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. ഇത് അറിഞ്ഞിരുന്നാൽ കത്തോലിക്കാസഭ തിരുസ്വരൂപങ്ങളെ വണങ്ങുന്നതും വിഗ്രഹാരാധനയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു ബോധ്യമാകും. അതിന്, ആദ്യമായി ദൈവാരാധന എന്താണെന്നു നോക്കാം. “അവൻ പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസോടും കൂടെ സ്നേഹിക്കുക” (മത്തായി 22:39). വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ അല്പം കൂടെ വ്യക്തമായി പറയുന്നു: “യേശു പ്രതിവചിച്ചു. ഇതാണ് ഒന്നാമത്തെ കല്പന. ഇസായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക" (മർക്കോ. 12: 29, 30). ഈ സ്നേഹത്തിനു വിരുദ്ധമാകുന്നതും ഈ കല്പനയുടെ ഏത് തരത്തിലുള്ള ലംഘനവും വിഗ്രഹാരാധനയാണ്. സ്രഷ്ടാവായ ദൈവത്തിന്റെ സ്ഥാനത്ത് സൃഷ്ടവസ്തുക്കളെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നെങ്കിൽ അത് വിഗ്രഹാരാധനയാണ്. ദൈവമല്ലാത്ത എന്തിനെയെങ്കിലും ദൈവമായി ആരാധിച്ചാൽ അത് വിഗ്രഹാരാധനയാണ്. ദൈവത്തെ പ്രതിഷ്ഠിക്കേണ്ട സ്ഥലത്ത് മറ്റെന്തിനെ പ്രതിഷ്ഠിച്ചാലും അത് വിഗ്രഹാരാധനയാണ്.

വിശുദ്ധ ഗ്രന്ഥം വിഗ്രഹാരാധനയെ തികച്ചും മ്ലേഛമായ പാപമായി കരുതുന്നു. അതു ദൈവത്തെ ഉപേക്ഷിക്കലും, ദൈവത്തോടുള്ള അവിശ്വസ്തതയും നന്ദിയില്ലായ്മയുമാണ്. ചിലയിടങ്ങളിൽ വിഗ്രഹാരാധനയെ വ്യഭിചാരമായി തിരുവചനം ചിത്രീകരിക്കുന്നു. “ഉയർന്ന ഗിരി ശൃംഗത്തിൽ നീ ശയ്യയൊരുക്കി, നീ അവിടെ ബലിയർപ്പിക്കാൻ പോയി. വാതിലിനും വാതില്പടിക്കും പിന്നിൽ നീ അടയാളങ്ങൾ സ്ഥാപിച്ചു. എന്നെ ഉപേക്ഷിച്ച് നീ വസ്ത്രമുരിഞ്ഞ് വിസ്തൃത ശയ്യ ഒരുക്കി, അതിൽ കിടന്നു. നീ സഹശയനത്തിന് ആഗ്രഹിക്കുന്നവരുമായി വിലപേശി. നീ അവരുടെ നഗ്നത കണ്ടു. മോളെക്കിന്റെ അടുത്തേക്ക് നീ തൈലവുമായി പോയി. പലതരം സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയി” (ഏശയ്യ 57: 7-9). “അഭിസാരികേ, കർത്താവിന്റെ വചനം കേൾക്കുക. ദൈവമായ കർത്താവ് അരുളിചെയ്യുന്നു. നീ കാമുകന്മാരോടൊപ്പം വ്യഭിചാരത്തിൽ നിർലജ്ജം നിന്റെ നഗ്നത തുറന്നുകാട്ടി, നീ വിഗ്രഹങ്ങൾ നിർമ്മിക്കുകയും നിന്റെ മക്കളുടെ രക്തം അവയ്ക്ക് അർപ്പിക്കുകയും ചെയ്തു" (എസെ. 16:35, 36). പഴയ നിയമത്തിൽ ദൈവം പൂർണമായി വിലക്കുകയും നിശിതമായി എതിർക്കുകയും ചെയ്യുന്ന ഒന്നാണ് വിഗ്രഹാരാധന. അതിന്റെ കാരണം വിഗ്രഹാരാധന സത്യത്തിൽ നിന്നുള്ള ബോധപൂർവമായ വ്യതിചലനമാണ്.

വിഗ്രഹാരാധന എന്താണെന്നു ബൈബിളിൽ പല സംഭവങ്ങളിലൂടെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവത്തിന്റെ സ്ഥാനത്ത് കാളക്കുട്ടിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന സംഭവമുണ്ട്. “മോശ മലയിൽനിന്ന് ഇറങ്ങിവരാൻ താമസിക്കുന്നുവെന്ന് കണ്ടപ്പോൾ, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാൻ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തിൽ നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്ന് ഞങ്ങൾക്കറിവില്ല. അഹറോൻ പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വർണ്ണവളയങ്ങൾ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിൻ. ജനം തങ്ങളുടെ കാതുകളിൽ നിന്ന് സ്വർണ്ണവളയങ്ങൾ ഊരി അഹറോന്റെ മുമ്പിൽ കൊണ്ടു ചെന്നു. അവൻ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാർത്തെടുത്തു. അപ്പോൾ അവർ വിളിച്ചു പറഞ്ഞു. ഇസ്രായേലേ, ഇതാ ഈജിപ്തിൽ നിന്ന് നിന്നെ കൊണ്ടുവന്ന ദേവന്മാർ” (പുറ. 31: 1-4). ഈ സംഭവത്തിന്റെ അർത്ഥം സങ്കീർത്തകൻ വിവരിക്കുന്നത് ഏറെ വേദനയോടെയാണ്. “അവർ ഹോറെബിൽ വച്ച് കാളക്കുട്ടിയെ ഉണ്ടാക്കി; ആ വാർപ്പുവിഗ്രഹത്തെ അവർ ആരാധിച്ചു. അങ്ങനെ അവർ ദൈവത്തിന് നല്കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിന് നല്കി” (സങ്കീ. 106: 19,20).

രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലും വിഗ്രഹാരാധനയെ കുറിച്ച് വ്യക്തമായി പറയുന്ന സംഭവങ്ങളുണ്ട്. “സോളമൻ സീദോന്യരുടെ ദേവിയായ അസ്താർത്തെയെയും അമോന്യരുടെ മ്ലേഛ വിഗ്രഹമായ മിൽകോമിനെയും ആരാധിച്ചു. അങ്ങനെ അവൻ കർത്താവിന്റെ മുൻപിൽ അനിഷ്ടം പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപോലെ അവൻ കർത്താവിനെ പൂർണ്ണമായി അനുഗമിച്ചില്ല. അവർ ജറുസലേമിനു കിഴക്കുള്ള മലയിൽ മൊവാബ്യരുടെ മ്ലേച്ഛ വിഗ്രഹമായ കെമോഷിനും അമോന്യരുടെ മ്ലേച്ഛ വിഗ്രഹമായ മോളെക്കിനും പൂജാഗിരികൾ നിർമ്മിച്ചു" (1 രാജാ. 11 :5-7). ഇസ്രായേൽ രാജാവായ ജറോബോവാം, ജനം ജറുസലേമിൽ ദൈവാരാധനയ്ക്ക് പോകാതിരിക്കാനായി വിഗ്രഹാരാധന നടത്തിയതായി രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നാം വായിക്കുന്നു... സ്വർണംകൊണ്ട് രണ്ട് കാളക്കുട്ടികളെ നിർമ്മിച്ചിട്ട് അവൻ ജനത്തോടു പറഞ്ഞു: നിങ്ങൾ ജറുസലേമിലേക്ക് പോകേണ്ട, ഇസ്രായേൽ ജനമേ, ഇതാ ഈജിപ്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ച ദേവന്മാർ. അവൻ അവയിലൊന്നിനെ ബഥേലിലും മറ്റൊന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇത് പാപമായി തീർന്നു"(1 രാജ 12: 28, 29).

വിഗ്രഹങ്ങൾ നിർമ്മിക്കുന്നതെങ്ങനെയെന്നു തിരുവചനം വിവരിക്കുന്നുണ്ട്. “തടിയുടെ ഒരുഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു. തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു. കൊള്ളാം, നല്ല ചൂട്, ജ്വാലകൾ കാണേണ്ടതുതന്നെ. ശേഷിച്ച ഭാഗം കൊണ്ട് അവൻ ദേവനെ, വിഗ്രഹത്തെ, ഉണ്ടാക്കി അതിനെ പ്രണമിച്ചാരാധിക്കുന്നു" (ഏശയ്യ 44 : 16, 17). "ഇരുമ്പ് പണിക്കാരൻ തീകനലിൽ വച്ച് പഴുപ്പിച്ച് ചുറ്റികയ്ക്കടിച്ച് അതിനു രൂപം കൊടുക്കുന്നു. അങ്ങനെ തന്റെ കരബലംകൊണ്ട് അതിനെ നിർമ്മിക്കുന്നു. എന്നാൽ, വിശപ്പുകൊണ്ട് അവന്റെ ശക്തി ക്ഷയിക്കുന്നു. ജലപാനം നടത്താതെ അവർ തളരുകയും ചെയ്യുന്നു. തച്ചൻ തോതു പിടിച്ച് നാരായംകൊണ്ട് അടയാളം ഇടുന്നു. അവൻ തടി ചെത്തിമിനുക്കി മട്ടം വച്ച് വരച്ച് ഭവനത്തിൽ പ്രതിഷ്ഠിക്കാൻ യോഗ്യമായ സുന്ദരമായ ആൾരൂപം ഉണ്ടാക്കുന്നു" (ഏശയ്യ 44: 12, 13). “മടിശ്ശീലയിൽ നിന്ന് ധാരാളമായി സ്വർണവും വെള്ളിക്കോലിൽ തൂക്കി വെള്ളിയും എടുത്ത് ദേവനെ നിർമ്മിക്കാൻ സ്വർണപ്പണിക്കാരനെ അവർ കൂലിക്കെടുക്കുന്നു. അതിന്റെ മുമ്പിൽ വീണ് ആരാധിക്കുന്നു. അവർ അതിനെ ചുമലിൽ വഹിച്ചുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു. അവിടെ നിന്ന് അതിനു ചലിക്കാനാവില്ല. ഒരുവൻ കേണപേക്ഷിച്ചാൽ അത് ഉത്തരമരുളുകയോ ക്ലേശങ്ങളിൽ നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല (ഏശയ്യ 46: 6, 7). എല്ലാ വിഗ്രഹങ്ങളും മനുഷ്യൻ നിർമ്മിക്കുന്ന ജീവനില്ലാത്ത വസ്തുക്കളാണ്. ജീവനുള്ള ദൈവത്തെ ഉപേക്ഷിക്കുന്ന മനുഷ്യനാണു ജീവനില്ലാത്തതിനെ നിർമ്മിക്കുന്നതും ആരാധിക്കുന്നതും.

മനുഷ്യൻ നിർമ്മിക്കുന്ന വിഗ്രഹങ്ങളുടെ വ്യർത്ഥതയെ ജെറമിയാ പ്രവാചകൻ സൂചിപ്പിക്കുന്നുണ്ട്. “ജനതകളുടെ വിഗ്രഹങ്ങൾ വ്യർത്ഥമാണ്. വനത്തിൽ നിന്ന് വെട്ടിയെടുക്കുന്ന മരത്തിൽ ശില്പി തന്റെ ഉളി ഉപയോഗിക്കുന്നു. അവർ അത് സ്വർണവും വെള്ളിയും കൊണ്ട് പൊതിയുന്നു. വീണു തകരാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങൾ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങൾ അവയെ ഭയപ്പെടേണ്ട, അവയ്ക്ക് തിന്മയോ നന്മയോ പ്രവർത്തിക്കാൻ ശക്തിയില്ല” (ജെറ. 10 : 3-5). “സ്വർണ്ണപ്പണിക്കാരൻ താൻ നിർമ്മിച്ച വിഗ്രഹങ്ങൾ നിമിത്തം ലജ്ജിതനാകുന്നു. അവന്റെ പ്രതിമകൾ വ്യാജമാണ്. ജീവശ്വാസം അവയിലില്ല. അവ വിലകെട്ടതും അർത്ഥശൂന്യവുമത്രേ. ശിക്ഷാദിനത്തിൽ അവ നശിക്കും” (ജെറ 10: 14, 15). ജ്ഞാനത്തിന്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു.... അവൻ (മനുഷ്യൻ) ആരാധിക്കുന്ന വസ്തുക്കളെക്കാൾ അവൻ ഉത്കൃഷ്ടനാണ്. അവന് ജീവനുണ്ട്, അവയ്ക്കില്ല" (ജ്ഞാനം 15:17).

സോളമൻ രാജാവ് തന്റെ അവസാനകാലത്ത് വിഗ്രഹാരാധന നടത്തുന്നതും ദൈവത്തിൽ നിന്നു ശിക്ഷ വാങ്ങുന്നതും രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലുണ്ട്. ദൈവം സോളമനുള്ള ശിക്ഷ അറിയിക്കുന്നത് ഇപ്രകാരമാണ്: “ ഞാൻ രാജ്യം നിന്നിൽ നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നൽകും” (1 രാജാ. 11:11). വിഗ്രഹാരാധകർക്കുള്ള ശിക്ഷ ദൈവം പ്രഖ്യാപിക്കുന്ന രംഗം എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലുണ്ട്: “ഇസ്രയേൽ ഭവനത്തോടു പറയുക: ദൈവമായ കർത്താവ് കല്പിക്കുന്നു. പശ്ചാത്തപിച്ച് വിഗ്രഹങ്ങളിൽ നിന്നകലുകയും മ്ലേച്ഛതകളിൽ നിന്നു പിന്തിരിയുകയും ചെയ്യുക. വിഗ്രഹങ്ങളെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കൺമുമ്പിൽ തന്നെ വയ്ക്കുകയും ചെയ്തുകൊണ്ട് എന്നിൽ നിന്നകലുന്ന ഏതൊരുവനും അവൻ ഇസ്രയേൽ ഭവനാംഗമോ ഇസ്രായേലിൽ പാർക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ അടുക്കൽ ചെന്ന് എന്റെഹിതം ആരാഞ്ഞാൽ കർത്താവായ ഞാൻ തന്നെ അവന് മറുപടി കൊടുക്കും. ഞാൻ അവനെതിരെ മുഖംതിരിച്ച് അവനെ അടയാളവും പഴമൊഴിയും ആക്കും. എന്റെ ജനത്തിന്റെ ഇടയിൽ നിന്ന് ഞാനവനെ വിച്ഛേദിക്കും” (എസെ. 14: 6, 8). വിഗ്രഹാരാധകരോടു ദൈവം ക്ഷമിക്കില്ലെന്ന് വ്യക്തമാക്കുന്ന നിരവധി തിരുവചന ഭാഗങ്ങളുണ്ട്.

ആരാധനയും വണക്കവും രണ്ടും രണ്ടാണ്. ദൈവത്തോടു മാത്രം പ്രദർശിപ്പിക്കേണ്ട ഭക്തിയാദരവുകളുടെ പ്രകടനത്തെയാണ് ആരാധന എന്ന പദംകൊണ്ട് കത്തോലിക്കാ സഭ അർത്ഥമാക്കുന്നത്. ദൈവത്തെ അല്ലാതെ ഏതെങ്കിലും ഒരു സൃഷ്ട വസ്തുവിനെ ആരാധിച്ചാൽ അതു പാപമായി തിരുസഭ വിശ്വസിക്കുന്നു. എന്നാൽ, സൃഷ്ടികളായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിനെ വണങ്ങുക, ബഹുമാനിക്കുക തുടങ്ങിയ പദങ്ങൾകൊണ്ടാണു സൂചിപ്പിക്കുന്നത്. “അബ്രാഹം നാട്ടുകാരെ കുമ്പിട്ടു വണങ്ങി” (ഉത്പ. 23: -12). "ലോത്ത് ദൈവദൂതന്മാരെ കണ്ടപ്പോൾ എഴുന്നേറ്റുചെന്ന് നിലം പറ്റെ താണുവണങ്ങി'' (ഉത്പ. 19-1), "യാക്കോബ് ഏസാവിനെ ഏഴു തവണ നിലംമുട്ടെ താണുവണങ്ങി" (ഉത്പ. 33-5) എന്നിങ്ങനെയുള്ള തിരുവചന ഭാഗങ്ങളിൽ അബ്രാഹമോ ലോത്തോ യാക്കോബോ ഒന്നും ആരാധിക്കുന്നതായിട്ടല്ല. പിന്നെയോ, ആദരവ് പ്രകടിപ്പിച്ച് വണങ്ങുന്നതാണ് നാം കാണുന്നത്. സ്രഷ്ടാവിനോടുള്ള ആരാധനയും സൃഷ്ട വസ്തുക്കളോടുള്ള ബഹുമാനവും വണങ്ങേണ്ടവരെ ആദരപൂർവം വണങ്ങുക എന്നതും ആധ്യാത്മിക ജീവിതത്തിൽ മാറ്റി നിറുത്താൻ കഴിയാത്ത ഘടകമാണ്. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി പാലിക്കാൻ കത്തോലിക്കാസഭ വ്യക്തമായി നിർദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വിഗ്രഹാരാധന ദൈവമല്ലാത്തതിനെ ദൈവമാക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് ഒരു സൃഷ്ടിയെ അത് ദേവന്മാരോ, സാത്താന്മാരോ (സാത്താൻ സേവ), ശക്തിയോ, സുഖമോ, വംശമോ, പൂർവികരോ, രാഷ്ട്രമോ, പണമോ അതുപോലെ എന്തെങ്കിലുമോ ആകാം - ജനിക്കുകയോ ആരാധിക്കുകയോ ചെയ്യുമ്പോഴെല്ലാം മനുഷ്യർ വിഗ്രഹാരാധന നടത്തുകയാണ്. ക്രിസ്തു പറയുന്നു: “ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല” (മത്തായി 6:24). വിഗ്രഹാരാധന ദൈവത്തിന്റെ അന്യമായ കർത്തൃത്വത്തെ തള്ളിപ്പറയുന്നു. അതിനാൽ, അത് ദൈവത്തോടുള്ള ഐക്യവുമായി ഒത്തുപോകുന്നില്ല (ഗലാ. 5:20, എഫേ 5:5).

കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ തിരുസ്വരൂപങ്ങൾ ഉണ്ട്. മരംകൊണ്ടോ മണ്ണുകൊണ്ടോ നിർമ്മിച്ചിരിക്കുന്ന സ്വരൂപത്തെയല്ല സഭ വണങ്ങുന്നത്. ആ സ്വരൂപം ഏത് വ്യക്തിയെ സൂചിപ്പിക്കുന്നുവോ ആ വ്യക്തിയെയാണ്. അനുദിന ജീവിതത്തിൽ എല്ലാ മനുഷ്യരും ഒന്നിനെ സൂചിപ്പിക്കുന്ന മറ്റൊരു വസ്തുവിനെ പ്രതികാത്മകമായി ആദരിക്കാറുണ്ട്. ഉദാഹരണമായി ദേശീയ പതാകയോടുള്ള നമ്മുടെ ബഹുമാനം തന്നെ കണക്കിലെടുക്കാം. എല്ലാ ഭാരതീയ പൗരന്മാരും ദേശീയ പതാകയെ ആദരിക്കുന്നു. ആദരവ് പ്രകടിപ്പിക്കുന്നത് ആ തുണിക്കഷണത്തോടാണോ? ആ തുണിക്കഷണം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തോടല്ലേ? ആ രാഷ്ട്രം പാവനമായി കാണുന്ന മൂല്യങ്ങളോടല്ലേ? ഇതുപോലെ തന്നെ കത്തോലിക്കാസഭ തിരുസ്വരൂപങ്ങളെ വണങ്ങുന്നത് വിഗ്രഹാരാധനയാണെന്ന് പറയുന്നവർ ദേശീയ പതാക വണങ്ങുന്നതും വിഗ്രഹാരാധനയാണെന്ന് പറയേണ്ടിവരും. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണ്. ദൈവത്തിനുമാത്രം കൊടുക്കേണ്ട ആരാധന ഒരു കാരണവശാലും ഒരു സൃഷ്ടിക്കും കൊടുക്കരുതെന്ന് കത്തോലിക്കാസഭ കർശനമായി പഠിപ്പിക്കുന്നു. ദേവാലയങ്ങൾക്കുള്ളിൽ തിരുസ്വരൂപങ്ങൾ ഉണ്ടെങ്കിൽ, അതിന് സൂചനാ മൂല്യം മാത്രമേ ഉള്ളുവെന്നും ആ രൂപങ്ങൾ ആരെ സൂചിപ്പിക്കുന്നുവോ ആ വ്യക്തിയെ ബഹുമാനിക്കാൻ വിശ്വാസികളുടെ മനസിനെ സജ്ജമാക്കുന്ന പ്രതീകങ്ങളാണെന്നും അവയ്ക്കുമുൻപിൽ വന്നങ്ങുന്നത് ആ വ്യക്തിയോടു പ്രദർശിപ്പിക്കുന്ന ആദരവ് മാത്രമാണെന്നും കത്തോലിക്കാൻ പഠിപ്പിക്കുന്നു. തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ കത്തോലിക്കാസഭയിലെ ദൈവാലയങ്ങളിൽ തിരുസ്വരൂപം സ്ഥാപിച്ചിരിക്കുന്നതും തിരുസ്വരൂപവണക്കം നടത്തുന്നതും വിഗ്രഹാരാധനയല്ലെന്ന് ഇതിനാൽ വ്യക്തമാകുന്നു.  

Living faith series : 10 (ചോദ്യം:3)

Living faith series : 10 (ചോദ്യം:3) Fr. George Panamthottam CMI വിഗ്രഹാരാധന വിഗ്രഹാരാധന എന്താണെന്നാണ് ബൈബിൾ പറയുന്നത് മത്തായി 22:39 മർക്കോ. 12: 29 ഏശയ്യ 57: 7-9 എസെ. 16:35 പുറ. 31: 1-4 സങ്കീ. 106: 19 1 രാജാ. 11 :5-7 മത്തായി 6:24 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message