x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കൂദാശകൾ ക്രിസ്തു നേരിട്ട് സ്ഥാപിച്ചതാണോ?

Authored by : Fr. George Panamthottam CMI On 02-Sep-2022

തിരുസഭയുടെ കൂദാശകൾ ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടു എന്ന് പറയുന്നതാകും കൂടുതൽ ശരി. കാരണം, ക്രിസ്തുവിന്റെ ജീവിതകാലത്ത് ചെയ്ത കാര്യങ്ങളും അതിന്റെ ഫലമായി രൂപം കൊണ്ട സഭയും തമ്മിൽ തുടർച്ചയുണ്ട്. നാം കൂദാശകൾ എന്ന് വിളിക്കുന്ന പ്രവൃത്തികൾ ക്രിസ്തു തന്റെ പരസ്യജീവിത കാലത്തും ഉയർത്തെഴുന്നേല്പിനു ശേഷവും അപ്പസ്തോലന്മാരിലൂടെ സഭയ്ക്ക് സമ്മാനിച്ച ശക്തിയുടെ സവിശേഷ രൂപങ്ങളും പ്രയോഗരീതികളുമാണ്. ഇതുകൊണ്ടാണ് തിരുസഭയുടെ ഏഴു കൂദാശയും ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടത് എന്ന് നാം പറയുന്നത്.

കത്തോലിക്കാ സഭയിൽ ഏഴ് കൂദാശകളുണ്ട്. മാമോദീസ, സ്ഥൈര്യലേപനം, കുർബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം. ഈ കൂദാശകൾ ഏഴും ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എല്ലാ സുപ്രധാന നിമിഷങ്ങളെയും സ്പർശിക്കുന്നു. ജനനം മുതൽ മരണം വരെ ജനജീവിതത്തെ വിശുദ്ധീകരിക്കുക വഴി ദൈവത്തിന്റെ ഭരണവും രാജ്യവും തിന്മയെ കീഴടക്കാൻ വേണ്ടതെല്ലാം ഈ കൂദാശകളിലുണ്ട്.

“യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്നു തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയിൽ എത്ര ശ്രേഷ്ഠമാണെന്നു വിശുദ്ധർക്ക് വ്യക്തമാക്കിക്കൊടുക്കാൻ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതു തന്നെയാണ്'' (കോളോ. 1:26, 27). വിശ്വാസികൾ ക്രിസ്തുവിൽ ഒന്നിച്ചു ചേരുകയും, അതുവഴി ദൈവപ്രസാദവരവും ജീവനും സ്വീകരിക്കുകയും ചെയ്യുന്ന ഉപാധികളാണ് കൂദാശകൾ. അപ്പം, വീഞ്ഞ്, വെള്ളം, എണ്ണ തുടങ്ങിയ ദൃശ്യപദാർത്ഥങ്ങളും, മാനുഷികമായ കർമ്മങ്ങളും ഓരോ കൂദാശയിലും ഉണ്ട്. ദൃശ്യപദാർത്ഥങ്ങൾ വിശ്വാസത്തിന്റെ പ്രതീകങ്ങളും ക്രിസ്തുവിന്റെ രക്ഷാകരമായ തിരുക്കർമ്മത്തിന്റെ ഉപകരണങ്ങളുമായി കൂദാശകളിൽ നിലകൊള്ളുന്നു. ഉച്ചരിക്കപ്പെടുന്ന തിരുവചനങ്ങൾ അവയെ ദീപ്തമാക്കുകയും ചെയ്യുന്നു. ഓരോ കൂദാശയിലും ദൃശ്യമായ അടയാളങ്ങൾ, അവ വഴി ക്രിസ്തു നല്കുന്ന പ്രസാദവരത്തെ സൂചിപ്പിക്കുന്നു.

കൂദാശകൾ തിരുസഭയുടെ സ്വകാര്യമായ കണ്ടുപിടുത്തമൊന്നുമല്ല. ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമാണവ. ഓരോ കൂദാശയെക്കുറിച്ചും ലളിതമായി പരിശോധിക്കാം. എല്ലാ കൂദാശകളും തിരുവചനാധിഷ്ഠിതവും ക്രിസ്തുവിനാൽ സ്ഥാപിക്കപ്പട്ടവയുമാണെന്ന സത്യം അപ്പോൾ നമുക്ക് ബോധ്യമാകും.

മാമോദീസ

മാമോദീസ ക്രിസ്തുവിലെ നവജീവിതത്തിലേക്കുള്ള ജനനമാണ്. കർത്താവിന്റെ ഹിതപ്രകാരം അതു രക്ഷയ്ക്ക് അത്യാവശ്യമാണ്. അവിടുന്ന് അരുളിചെയ്തു: “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ" (മത്തായി 28:19, 20). ഈ കല്പന പ്രകാരം, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അർത്ഥിയെ വെള്ളത്തിൽ മുക്കുകയോ തലയിൽ വെള്ളം ഒഴിക്കുകയോ ചെയ്യുന്നതാണ് മാമോദീസായുടെ കാതലായ അനുഷ്ഠാനകർമം.

മാമോദീസായിലൂടെ ഉത്ഭവപാപത്തിന്റെയും വ്യക്തിപരമായ സകല പാപങ്ങളുടെയും മോചനം, ഒരു പുതിയ ജീവനിലേക്കുള്ള ജനനം, എന്നിവ വഴി നമ്മൾ പിതാവായ ദൈവത്തിന്റെ ദത്തുപുത്രരും ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളും പരിശുദ്ധാമാവിന്റെ ആലയങ്ങളുമായിത്തീരുന്നു. ഇതിനാൽ, മാമോദീസ സ്വീകരിച്ച വ്യക്തി, സഭയിലേക്ക്, ക്രിസ്തുവിന്റെ ശരീരത്തിലേക്ക് ഉൾച്ചേർക്കപ്പെടുകയും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ ഭാഗഭാക്കാവുകയും ചെയ്യുന്നു. ഈ കൂദാശ ആത്മാവിൽ മായിക്കാനാവാത്ത ഒരു ആധ്യാത്മിക മുദ്ര പതിപ്പിക്കുന്നു. അതിനാൽ മാമോദീസ ആവർത്തിക്കപ്പെടാൻ പാടില്ല. മാമോദീസ എന്ന കൂദാശ സ്വീകരിച്ചവർക്ക് മാത്രമേ തിരുസഭയുടെ മറ്റു കൂദാശകൾ സ്വീകരിക്കാൻ പാടുള്ളൂ. അതിനാൽ, ഈ കൂദാശ തിരുസഭയുടെ പ്രവേശിക കൂദാശയാണ്. ഈ കാരണങ്ങളാൽ മാമോദീസ എന്ന കൂദാശ ഏറെ പ്രാധാന്യമർഹിക്കുന്നു.

സ്ഥൈര്യലേപനം

സ്ഥൈര്യലേപനം എന്ന കൂദാശയുടെ സ്വീകരണത്തിലൂടെ ഒരാൾ സഭയോടു പൂർണമായി ബന്ധപ്പെടുകയും പരിശുദ്ധാത്മാവിന്റെ സവിശേഷ ശക്തിയാൽ സമ്പന്നരാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആ വ്യക്തി ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷിയാകുകയും വിശ്വാസത്തെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാൻ കടമയുള്ളയാളാവുകയും ചെയ്യും. സ്ഥൈര്യലേപനം എന്ന കൂദാശ മാമോദീസായിലെ കൃപാവരത്തിന്റെ പൂർത്തീകരണത്തിന് അത്യാവശ്യമാണ്. ആദിമ സഭയിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകുന്ന കൈവയ്പു പ്രാർത്ഥനകൾ ഉണ്ടായിരുന്നു. മാമോദീസായെ പൂർത്തികരിക്കാനായിരുന്നു ഈ കർമങ്ങൾ നടത്തിയിരുന്നത്. “സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ, ജറുസലെമിലുള്ള അപ്പസ്തോലന്മാർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുത്തേക്കയച്ചു. അവർ ചെന്ന് അവിടെയുള്ളവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിന് അവർക്കുവേണ്ടി പ്രാർത്ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നീട് അവരുടെ മേൽ അവർ കൈകൾ വച്ചു: അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു" (അപ്പ 8:14-17).

ക്രൈസ്തവ വിശ്വാസസാക്ഷ്യം നൽകാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു നൽകുന്ന കൂദാശയാണു സ്ഥൈര്യലേപനം. മാമോദീസ എന്ന പോലെ സ്ഥൈര്യലേപനവും ക്രൈസ്തവന്റെ ആത്മാവിൽ ഒരു ആദ്ധ്യാത്മിക മുദ്ര അഥവാ മായാത്ത അടയാളം പതിപ്പിക്കുന്നു. ഈ കാരണങ്ങളാൽ ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഈ കൂദാശ സ്വീകരിക്കാവൂ. പൗരസ്ത്യ സഭകളിൽ ഈ കൂദാശ മാമ്മോദീസ കഴിഞ്ഞ ഉടൻതന്നെ നൽകപ്പെടുന്നു. ഇതേതുടർന്ന് വിശുദ്ധ കുർബാനയിൽ ഭാഗഭാഗിത്വം നൽകുകയും ചെയ്യുന്നു. ഈ മൂന്നു കൂദാശകളുടെയും ഐക്യത്തെ ഈ പാരമ്പര്യം എടുത്തു കാണിക്കുന്നു. ലത്തീൻ സഭയിൽ ഈ കൂദാശ തിരിച്ചറിവിന്റെ പ്രായത്തിൽ എത്തിച്ചേർന്നവർക്ക് നൽകുന്നു. ഈ കൂദാശ സഭാത്മകമായ ബന്ധത്തെ ശക്തിപ്പെടുത്തുന്നു എന്ന് സൂചിപ്പിക്കുന്നു. സ്ഥൈര്യലേപനത്തിന്റെ കാതലായ അനുഷ്ഠാന കർമം മാമോദീസ സ്വീകരിച്ച വ്യക്തിയുടെ നെറ്റിയിൽ (പൗരസ്ത്യ സഭകളിൽ മറ്റ് ഇന്ദ്രിയങ്ങളിലും) വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യുക എന്നതാണ്. ഇതോടൊപ്പം കാർമികൻ കൈവയ്പ് നടത്തുന്നു. ലത്തീൻ സഭകളിൽ ഈ കൂദാശ പരികർമം ചെയ്യുന്നത് മെത്രാനായിരിക്കും.

വിശുദ്ധ കുർബാന

വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവ വഴി പൂർത്തിയാക്കിയ രക്ഷാകർമ്മത്തിന്റെ അനുസ്മരണമാണ്. ആരാധനകർമ്മത്തിലൂടെ അത് സന്നിഹിതമാക്കപ്പെടുന്നു. വിശുദ്ധ കുർബാന സഭാജീവിതത്തിന്റെ ഹൃദയഭാഗമാണ്. കാരണം, അതിൽ ക്രിസ്തു തന്റെ പിതാവിനു കുരിശിൽ ഒരിക്കൽ എന്നേക്കുമായി സമർപ്പിച്ച സ്തുതിയുടെയും കൃതജ്ഞതയുടെയും ബലിയോടു തന്റെ സഭയെയും അവളുടെ എല്ലാ അംഗങ്ങളെയും ബന്ധപ്പെടുത്തുന്നു. ഈ ബലി വഴി അവിടുന്നു സഭയാകുന്ന തന്റെ ശരീരത്തിന്മേൽ രക്ഷയുടെ കൃപാവരങ്ങളെ വർഷിക്കുന്നു.

പെസഹാ തിരുവത്താഴത്തിൽ വച്ചാണു ക്രിസ്തു പുതിയ നിയമത്തിലെ ബലി സ്ഥാപിച്ചത്. "യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ചു ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അരുൾ ചെയ്തു: “വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാകുന്നു” (മത്തായി 22:21). അവസാനം, അവിടുന്ന് അവരോട് ആജ്ഞാപിച്ചു: “എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" (1 കോറി 11:24). ക്രിസ്തു പറഞ്ഞു: “സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്... അവൻ എന്നിലും ഞാൻ അവനിലും വസിക്കുകയും ചെയ്യും" (യോഹ. 6:51, 54, 56).

ക്രിസ്തുവിന്റെ തിരുവചന പ്രകാരം അനുസ്മരിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ ദൈവവചന പ്രഘോഷണം, പിതാവായ ദൈവത്തോടു പ്രത്യേകമായി അവിടുത്തെ പുത്രനെ നൽകിയതിലുള്ള നന്ദിപ്രകാശനം, അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂദാശ ചെയ്യൽ, കർത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചു കൊണ്ട് ആരാധനാ വിരുന്നിലുള്ള പങ്കെടുക്കൽ എന്നീ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ആരാധനക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ യഥാർത്ഥത്തിൽ സന്നിഹിതനായിരിക്കുന്ന അതേ ക്രിസ്തുവാണ് ദിവ്യകാരുണ്യ ബലിയുടെ അർപ്പണ വസ്തുവും. കൂദാശകർമ്മത്തിലൂടെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായിത്തീരുന്ന സത്താഭേദം സംഭവിക്കുന്നു. ബലി എന്ന നിലയിൽ വിശുദ്ധ കുർബാന ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപങ്ങളുടെ പൊറുതിക്കുവേണ്ടിയും ദൈവത്തിൽ നിന്നുള്ള നന്മ ലഭിക്കുന്നതിനുവേണ്ടിയും അർപ്പിക്കപ്പെടുന്നു. ദിവ്യബലിയിൽ അധ്യക്ഷം വഹിക്കാനും അപ്പവും വീഞ്ഞും കർത്താവിന്റെ ശരീരരക്തങ്ങളായി കൂദാശ ചെയ്യാനും കഴിയുന്നത് സാധുവായി അഭിഷിക്തനായ വൈദികനു മാത്രമാണ്.

കുമ്പസാരം

കുമ്പസാരം എന്ന കൂദാശയെ മാനന്തരത്തിന്റെ കൂദാശ, അനുതാപ കൂദാശ ഏറ്റുപറച്ചിലിന്റെ കൂദാശ, ക്ഷമിക്കലിന്റെ കൂദാശ, അനുരഞ്ജനത്തിന്റെ കൂദാശ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കുന്നു. കാരണം, ഈ കൂദാശയിലൂടെ മാനസാന്തരത്തിനുള്ള ക്രിസ്തുവിന്റെ വിളിയെ കൗദാശികമായി യാഥാർത്ഥ്യമാക്കുന്നു. പാപിയായിത്തീർന്ന ക്രൈസ്തവന്റെ അനുതാപത്തിനും പരിഹാരം ചെയ്യലിനും തിരുസഭ മാർഗ്ഗമൊരുക്കുന്നു. വൈദികനോടു പാപം ഏറ്റുപറയുക എന്നത് ഈ കൂദാശയുടെ സത്താപരമായ ഒരു ഘടകമാണ്. വൈദികൻ നടത്തുന്ന പാപമോചനാശീർവാദത്തിലൂടെ അനുതാപികളുടെ പാപം ക്ഷമിക്കപ്പെട്ട് ദൈവം പൊറുതിയും സമാധാനവും നൽകുന്നു. ഈ കൂദാശയിലൂടെ അനുരഞ്ജിപ്പിക്കുന്ന ദൈവത്തിന്റെ ജീവൻ പാപിക്ക് പ്രദാനം ചെയ്യുന്നു. ദൈവത്തോടും ദൈവത്തിന്റെ സഭയോടും രമ്യപ്പെടുക എന്നതാണ് ഈ കൂദാശയുടെ അടിസ്ഥാനം.

ഉത്ഥാന ദിവസം വൈകുന്നേരം കർത്താവായ യേശു അപ്പസ്തോലന്മാർക് പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു: “നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും; നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും (1 യോഹ. 20:19, 22, 23). ദൈവത്തോടുള്ള ഐക്യം പാപം വഴി നഷ്ടപ്പെടുത്തിയതിനു ശേഷം, അതിലേക്ക് തിരിച്ചുവരിക എന്നത് കരുണാസമ്പന്നനും മനുഷ്യരക്ഷയിൽ ഔത്സുക്യമുള്ളവനുമായ ദൈവത്തിന്റെ കൃപാവരത്തിൽ നിന്നാണ് ഈ കൂദാശ ഉത്ഭവിക്കുന്നത്. ഈ കൂദാശയുടെ പൂർണ്ണത കൈവരിക്കാൻ ഒരാൾ തന്റെ പാപത്തെക്കുറിച്ച് അനുതപിക്കുകയും, മേലിൽ പാപം ചെയ്യില്ലെന്ന് തീരുമാനിക്കുകയും, ചെയ്ത പാപങ്ങൾ വൈദികനോട് ഏറ്റുപറയുകയും വൈദികൻ നൽകുന്ന പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഒരാൾ പാപം ചെയ്യുമ്പോൾ ആ വ്യക്തി ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അവയവമായതിനാൽ ആ പാപം മൂലം തിരുസഭയാകുന്ന ശരീരത്തിനു വന്നിട്ടുള്ള ക്ഷതത്തിനു സഭയുമായി അനുരഞ്ജനപ്പെടുന്നതിന്റെ സൂചനയായിട്ടാണു വൈദികരോട് പാപങ്ങൾ ഏറ്റുപറയുന്നത്. വൈദികൻ ക്രിസ്തുവിന്റെ പ്രതിപുരുഷനായി പാപങ്ങൾക്കു മോചനം നൽകി രമ്യതയിലേക്കു ക്ഷണിക്കുന്നു.

സഭയുടെ അധികാരത്തിൽ നിന്നു പാപമോചനാധികാരം സ്വീകരിച്ചിട്ടുള്ള വൈദികർക്ക് മാത്രമേ ക്രിസ്തുവിന്റെ നാമത്തിൽ പാപങ്ങൾ മോചിക്കാൻ കഴിയുകയുള്ളൂ.

രോഗീലേപനം

ഗൗരവമുള്ള രോഗത്തിന്റെയോ വാർധക്യത്തിന്റെയോ അവസ്ഥയാലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന വിശ്വാസിക്ക് സവിശേഷമായ ഒരു കൃപാവരം നൽകുക എന്നതാണ് രോഗീലേപനം എന്ന കൂദാശയുടെ ലക്ഷ്യം. പരിശുദ്ധാത്മാവിന്റെ സവിശേഷമായ ദാനം, ക്രിസ്തുവിന്റെ പീഡാസഹനത്തോട് ഐക്യപ്പെട്ടു സഹനങ്ങളെ രക്ഷാകരമാക്കാനുള്ള അവസരം, സഭ രോഗിക്കുവേണ്ടി അർപ്പിക്കുന്ന പ്രാർത്ഥന, മരണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയ ഫലങ്ങളാണ് ഈ കൂദാശയുടെ പരികർമത്തിലൂടെ ലഭ്യമാകുന്നത്.

തിരുവചനത്തിൽ നാം ഇങ്ങനെ കാണുന്നു. “നിങ്ങൾ ആരെങ്കിലും രോഗിയായിട്ടുണ്ടോ? എങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. കർത്താവ് അവനെ എഴുന്നേൽപ്പിക്കും. അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അവിടുന്ന് അവന് മാപ്പു നൽകും" (യാക്കോ. 5: 14,15). രോഗീലേപനമെന്ന കൂദാശയുടെ അടിസ്ഥാന തിരുവചന ഭാഗമാണിത്. രോഗികളുടെ മേൽ കൈവച്ച് പ്രാർത്ഥിക്കാനും തൈലാടിഷേകം നൽകി സുഖപ്പെടുത്താനും പാപമോചനം നൽകാനും തിരുസഭയ്ക്കുള്ള കടമയെ വ്യക്തമാക്കുന്ന വചനഭാഗമാണിത്.

രോഗീലേപനം മരണത്തിനു തൊട്ടുമുൻപ് സീകരിക്കുന്ന അന്ത്യകൂദാശയല്ല. അന്ത്യകൂദാശ എന്ന ചിന്ത വിശ്വാസികളെ ഈ കൂദാശ സ്വീകരിക്കുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാൽ ഗൗരവതരമായ രോഗാവസ്ഥയിലായിരിക്കുന്ന മാമോദീസ സ്വീകരിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ കൂദാശ സ്വീകരിക്കാം. ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീടു ഗൗരവമുള്ള മറ്റൊരു രോഗം അയാൾക്കുണ്ടാവുകയും ചെയ്താൽ, ഈ കൂദാശ വീണ്ടും സ്വീകരിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്ക് തൊട്ടുമുൻപ് രോഗീലേപനം സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് തിരുസഭ നിർദ്ദേശിക്കുന്നുണ്ട്. മെത്രാന്മാർക്കും വൈദികർക്കും മാത്രമേ ഈ കൂദാശ പരികർമ്മം ചെയ്യാൻ പാടുള്ളൂ. രോഗീലേപനാഘോഷത്തിൽ സത്താപരമായിട്ടുള്ളത് രോഗിയുടെ നെറ്റിയിലും കൈകളിലും (ലത്തീൻ ക്രമത്തിൽ) അല്ലെങ്കിൽ മറ്റ് ശരീരഭാഗങ്ങളിലും (പൗരസ്ത്യ ക്രമത്തിൽ) തൈലം പൂശുന്നതാണ്. ഈ തൈലം പൂശലിലൂടെ പരിശുദ്ധാത്മാവിന്റെ കൃപാവരം രോഗിയിൽ സന്നിഹിതമാകുന്നു.

പൗരോഹിത്യം

വിശുദ്ധ ഗ്രന്ഥത്തെ ആധാരമാക്കി (ഹെബ്ര. 5:6; 7:11; സങ്കീ. 110:4) ആരാധനക്രമത്തിൽ മെത്രാന്മാരുടെ പദവി, പുരോഹിതന്മാരുടെ പദവി, ഡീക്കന്മാരുടെ പദവി എന്നിവയിലേക്ക് ആളുകളെ ചേർക്കുന്നതിന് “പട്ടം കൊടുക്കൽ” എന്നാണ് പുരാതനകാലം മുതൽക്കേ പറയപ്പെടുന്നത്.

സഭ മുഴുവനും ഒരു പുരോഹിത ജനമാണ്. മാമോദീസയിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. ഈ പങ്കാളിത്തത്തെ “വിശ്വാസികളുടെ പൊതു പൗരോഹിത്യം" എന്നു വിളിക്കുന്നു. ഈ പൊതു പൗരോഹിത്യത്തെ അടിസ്ഥാനമാക്കിയും അതിന്റെ ശുശ്രുഷയ്ക്കായും ക്രിസ്തുവിന്റെ ദൗത്യത്തിലുള്ള വേറൊരു പങ്കാളിത്തമുണ്ട്. തിരുപ്പട്ട കൂദാശയിലൂടെ ലഭിക്കുന്നതു ശിരസ്സായ ക്രിസ്തുവിന്റെ നാമത്തിലും വ്യക്തിത്വത്തിലും സഭയിൽ സേവനം ചെയ്യുന്നതിനുള്ള അധികാരവും കടമയുമാണ്. ശുശ്രൂഷാ പൗരോഹിത്യം വിശ്വാസികളുടെ പൊതു പൗരോഹിത്യത്തിൽ നിന്നും സാരാംശത്തിൽ വിഭിന്നമാകുന്നതിന്റെ കാരണം വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അത് വിശുദ്ധമായൊരു അധികാരം പ്രദാനം ചെയ്യുന്നുണ്ട് എന്നതിലാണ്. പട്ടം ലഭിച്ച ശുശ്രൂഷകർ ദൈവ ജനത്തിനുവേണ്ടി സേവനം ചെയ്യുന്നതു പ്രബോധനത്തിലൂടെയും ദൈവാരാധനയിലൂടെയും അജപാലനത്തിലൂടെയുമാണ്.

വിശുദ്ധ പൗലോസ് തന്റെ ശിഷ്യനായ തിമോത്തയോസിനോട് പറഞ്ഞു: “എന്റെ കൈവയ്പിലൂടെ നിനക്ക് ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്ന് ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു" (2 തിമോ. 1:6). “ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്” (റോമാ 10:17). കൈവയ്പ് ലഭിച്ച പുരോഹിതന്റെ പ്രബോധന ധർമ്മത്തെ പ്രതിപാദിക്കുന്ന തിരുവചന ഭാഗമാണിത്. ദൈവാരാധന ധർമ്മത്തെയും അജപാലന ധർമ്മത്തെയും തിരുവചനം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. "പിന്നെ അവർ അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത് മുറിച്ച് അവർക്ക് കൊടുത്തുകൊണ്ട് അരുളിചെയ്തു. ഇത് നിങ്ങൾക്കു വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ” (ലൂക്കാ 22:19). "തങ്ങൾ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേൾക്കും?” (റോമാ. 10: 14,15). നല്ലയിടയനായ ക്രിസ്തുവിന്റെ അജപാലന ദൗത്യത്തിലേക്കുള്ള ഒരു ക്ഷണം കൂടിയാണിത്.

തിരുപ്പട്ട ശുശ്രൂഷ മൂന്നു പദവികളിലാണു നൽകപ്പെടുന്നതും നിർവഹിക്കപ്പെടുന്നതും. മെത്രാന്മാരുടെയും വൈദികരുടെയും ഡീക്കന്മാരുടെയും പദവികൾ. സഭയുടെ സജീവമായ ഘടനയ്ക്ക് തിരുപ്പട്ടം വഴി ലഭിക്കുന്ന ഈ പദവികൾ അത്യന്താപേക്ഷിതമാണ്. മെത്രാന് തിരുപ്പട്ട കൂദാശയുടെ പൂർണത കൈവരുന്നു. വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടെ അധികാരത്തിൻ കീഴിൽ സഭ മുഴുവന്റെയും അപ്പസ്തോലിക ദൗത്യത്തിലും ഉത്തവാദിത്വത്തിലും പങ്കു ചേരുന്നു. പൗരോഹിത്യ പദവിയിൽ വൈദികർ മെത്രാനോടു യോജിച്ചിരിക്കുന്നു. സഭയിലെ സേവന പ്രവർത്തനങ്ങൾക്കായി നിയുക്തരാകുന്ന ശുശ്രൂഷകരാണ് ഡീക്കന്മാർ. കൈവയ്പ്പും തുടർന്നുള്ള ആഘോഷപൂർവ്വമായ കൂദാശപ്രാർത്ഥനയും വഴിയാണ് തിരുപ്പട്ട കൂദാശ നൽകുന്നത്. തിരുപ്പട്ടം മായിക്കാനാവാത്ത പരിശുദ്ധാത്മാവിന്റെ മുദ്ര പതിപ്പിക്കുന്ന കൂദാശയാണ്.

മാമോദീസ സ്വീകരിച്ചിട്ടുള്ളവർക്കും ശുശ്രൂഷാ നിർവഹണത്തിനു യോഗ്യതയുണ്ടെന്ന് വേണ്ടവിധം തെളിയിച്ചവരുമായ പുരുഷന്മാർക്ക് മാത്രമാണ് തിരുസഭ തിരുപ്പട്ടം എന്ന കൂദാശ നൽകുന്നത്.

വിവാഹം

സ്ത്രീയും പുരുഷനും തമ്മിൽ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഗാഢമായ ഐക്യം ഉളവാക്കുന്ന വിവാഹ ഉടമ്പടി സ്രഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതും പ്രത്യേക നിയമങ്ങളാൽ ഉറപ്പിച്ചിട്ടുള്ളതുമാകുന്നു. ദമ്പതികളുടെ നന്മയും സന്താനോത്പാദനവും വിദ്യാഭ്യാസവുമാണ് അതിന്റെ സഹജവും സ്ഥാപിതവുമായ ലക്ഷ്യങ്ങൾ. മാമോദീസ സ്വീകരിച്ചവർ തമ്മിലുള്ള വിവാഹത്തെ ക്രിസ്തു ഒരു കൂദാശയുടെ പദവിയിലേക്ക് ഉയർത്തി. വിവാഹകൂദാശ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ക്രിസ്തു തന്റെ സഭയെ സ്നേഹിച്ച ആ സ്നേഹം കൊണ്ടു പരസ്പരം സ്നേഹിക്കുവാൻ അത് ദമ്പതികൾക്ക് കൃപാവരം നൽകുന്നു. ഇങ്ങനെ, കൂദാശയുടെ കൃപാവരം ദമ്പതികളുടെ മാനുഷിക സ്നേഹത്തെ പൂർണ്ണമാക്കുകയും അവർ തമ്മിലുള്ള അവിഭാജ്യമായ ഐക്യത്തെ ശക്തിപ്പെടുത്തുകയും നിത്യജീവിതത്തിലേക്കുള്ള വഴിയിൽ അവരെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.

ക്രിസ്തു പറഞ്ഞു: “പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാൽ, ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ" (മത്തായി 19:6). വിശുദ്ധ പൗലോസ് പറയുന്നു: “ഭർത്താക്കന്മാരെ, മിശിഹാ തന്റെ സഭയെ സ്നേഹിച്ചതു പോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ. ഇതൊരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാനിതു പറയുന്നത്" (എഫേ. 5: 25,32). വിവാഹത്തെ ദൈവികമാക്കി ഉയർത്തിയ തിരുവചന ഭാഗങ്ങളാണിത്. ഈ തിരുവചന ഭാഗത്തിന്റെ അടിസ്ഥാനത്തിലാണു വിവാഹം ഒരു കൂദാശയായി ക്രിസ്തവിനാൽ സ്ഥാപിക്കപ്പെട്ടു എന്നു നാം വിശ്വസിക്കുന്നത്.

വിവാഹ പങ്കാളികളുടെ സമ്മതമാണു വിവാഹത്തിന്റെ അടിസ്ഥാനം, വിശ്വസ്തവും ഫലദായകവുമായ സ്നേഹത്തിന്റെ ഉടമ്പടിയനുസരിച്ച് മരണംവരെ ജീവിച്ചുകൊള്ളാമെന്നു വിവാഹ പങ്കാളികൾ പരസ്പരം വാഗ്ദാനം ചെയ്യുകയും ഈ കൂദാശയിൽ നിന്നുലഭിക്കുന്ന കൃപാവരത്തിൽ പരസ്പര ആത്മദാനം ചെയ്തു ജീവിക്കുകയും ചെയ്യുന്നു. ഏകത, അവിഭാജ്യത, തുറന്ന മനസ് എന്നിവ വിവാഹത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. വിവാഹത്തിന്റെ ആഘോഷം സഭയിൽ പരസ്യമായി നടക്കേണ്ടതാണ്. അതിനാൽ പുരോഹിതന്റേയും സാക്ഷികളുടെയും വിശ്വാസികളുടെ സമൂഹത്തിന്റെയും മുൻപാകെ വിവാഹം നടത്തേണ്ടതാണ്.

മാമോദീസ സ്ഥൈര്യലേപനം വിശുദ്ധ കുർബാന കുമ്പസാരം രോഗീലേപനം പൗരോഹിത്യം വിവാഹം കൂദാശകൾ ക്രിസ്തു നേരിട്ട് സ്ഥാപിച്ചതാണോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message