x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

മരിയ ഭക്തിയിലെ വിവിധ സംജ്ഞകള്‍

Authored by : Dr. George Karukapparampil On 30-Jan-2021

വിവിധ കാലങ്ങളിലും ദേശങ്ങളിലുമുള്ള വിശ്വാസികള്‍ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച സംജ്ഞകള്‍ ആണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളോടും വിവിധ സംഭവങ്ങളോടും മരിയ ഭക്തിയിലെ അനുഷ്ഠാനങ്ങളോടും ബന്ധപ്പെട്ടാണ് ഈ സംജ്ഞകള്‍ രൂപം കൊണ്ടിട്ടുള്ളത്.

തിരുസഭയുടെമാതാവ്

പരി. കന്യാമറിയത്തെ സഭയുടെ മാതാവ് എന്ന് ആദ്യമായി നാമകരണം ചെയ്തതു വി. അംബ്രോസാണ് (De inst Virg 98, PL 16, 328: QY, 876.) എന്നാല്‍ ഔദ്യോഗികമായി ഈ നാമം പ്രഖ്യാപനം ചെയ്തത് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പോള്‍ 6-ാമന്‍ മാര്‍പാപ്പയാണ്. (1964 സെപ്റ്റംബര്‍ 21, Conclusione della III Sessione delconcilio Vaticane II allocuzione del santo padre palol VI, para 30). ലോകമെമ്പാടുമുള്ള വിശ്വാസികളും സഭാധികാരികളും ആഗ്രഹിച്ചതനുസരിച്ചാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നാണു പരി. പിതാവു പ്രഖ്യാപിച്ചത്. പരി.പിതാവ് ഇങ്ങനെ തുടര്‍ന്നു:

"പരിശുദ്ധ കന്യകയുടെ മഹത്വത്തിനും നമ്മുടെ സമാശ്വാസത്തിനും വേണ്ടി മറിയത്തെ തിരുസഭയുടെ മാതാവ് എന്ന് നാം അഭിസംബോധന ചെയ്യുന്നു. മുഴുവന്‍ ക്രിസ്തീയ ജനത്തിനും ഇടയന്മാര്‍ക്കും വിശ്വാസികള്‍ക്കും അവള്‍ ഏറ്റം സ്നേഹയോഗ്യയായ മാതാവാണ്. ദൈവമാതാവായ മറിയത്തിന് ഉപരിബഹുമാനം എല്ലാവരും നല്‍കേണ്ടതാണെന്നും അവളുടെ നാമം വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടതാണെന്നും നാം പ്രഖ്യാപിക്കുന്നു".

മറിയം ക്രിസ്തുവിന്‍റെ അമ്മയാണ്. മറിയത്തിന്‍റെ ഉദരത്തില്‍ രൂപമെടുത്തപ്പോള്‍ത്തന്നെ, അവിടുത്തെ ഭൗതികശരീരമായ സഭയുടെ ശിരസ്സായും അവള്‍ അവരോധിതയായി. മറിയം ക്രിസ്തുവിന്‍റെയും വിശ്വാസികളുടെ ഗണമായ സഭയുടെയും മാതാവു തന്നെ. മറിയം തിരുസഭയുടെ മാതാവ് എന്ന പ്രഖ്യാപനം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ തര്‍ക്കം ഉളവാക്കിയിരിക്കുന്നു. 1963 ലും 1964ലും മറിയത്തെക്കുറിച്ചുള്ള രേഖ പഠനത്തിനും ചര്‍ച്ചയ്ക്കും സമര്‍പ്പിക്കപ്പെട്ടു. ഒടുവില്‍ പൗലോസ് ആറാമന്‍ മാര്‍പാപ്പ ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രഖ്യാപനം പിതാക്കന്മാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു.

ബനഡിക്ട് 14-മന്‍ മാര്‍പാപ്പയും (Bullarium, series2, t.2n.61, p.428) ലെയോ 13-ാമന്‍ മാര്‍പാപ്പയും (Acta Lenois XIII, 15,302) ക്രിസ്തുമരിക്കുമ്പോള്‍ തിരുസഭയുടെ മാതാവും ഗുരുനാഥയും ശ്ലീഹന്മാരുടെ രാജ്ഞിയുമായിരുന്ന് ആത്മീയരഹസ്യങ്ങള്‍,  അവര്‍ക്കായി മറിയം കൈമാറി എന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. മാതാവെന്ന നിലയില്‍ വിശ്വാസികള്‍ പരിശുദ്ധ മറിയത്തിന്‍റെ ഉദരത്തില്‍ വസിച്ചുകൊണ്ടാണു തിരുസഭയുടെ ശിരസ്സായ ക്രിസ്തുവിനോട് ഗാഢമായി ഐക്യപ്പെട്ടിരുന്നതെന്നു വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ പഠിപ്പിക്കുന്നു. ശിശുവായിരുന്ന യേശുവിനെ പാലൂട്ടി വാത്സല്യത്തോടെ എപ്രകാരം മറിയം പരിപാലിച്ചുവോ അപ്രകാരം തന്നെയാണു മാതൃസഹജമായ ശ്രദ്ധയും സ്നേഹവും കൊണ്ടു, തിരുസഭയെ മറിയം ധന്യമാക്കുന്നത്. തിരുസഭയുടെ മാതാവ്" എന്ന സംജ്ഞ അഞ്ചു പ്രാവശ്യം യോഹന്നാന്‍ 23-ാ മന്‍ പാപ്പ ഉപയോഗിച്ചിട്ടുണ്ട്. പോള്‍ ആറാമന്‍ പാപ്പ അനവധിതവണ പ്രസംഗങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമിടയില്‍ തിരുസ്സഭയുടെ മാതാവ് എന്ന് മറിയത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. മരിയന്‍ പാപ്പയായിരുന്ന ജോണ്‍പോള്‍ 2-ാമന്‍ മാര്‍പാപ്പയും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും മറിയത്തിന് ഈ നാമം നല്‍കി ബഹുമാനിക്കുന്നുണ്ട്.

ക്രിസ്തു കാല്‍വരിയില്‍ മരിക്കുന്ന സമയത്തു മറിയത്തെക്കുറിച്ച് "ഇതാ നിന്‍റെ അമ്മ (യോഹ 19,27) എന്നു പറഞ്ഞപ്പോള്‍, സഭയുടെ ശിരസ്സായ മിശിഹായ്ക്കു മാത്രമല്ല, സഭാഗാത്രത്തിലെ അവയവങ്ങളായ എല്ലാ വിശ്വാസികള്‍ക്കും കൂടി അവള്‍ അമ്മയായിത്തീര്‍ന്നു. വിരുന്നിന്‍റെ മുന്നോടിയായ കാനായിലെ കല്യാണ വേളയില്‍ ഈശോയോടൊത്ത് അമ്മയും സന്നിഹിതയാണ്. സുവിശേഷകന്‍റെ ദൃഷ്ടിയില്‍ വിശ്വാസികളുടെ ജീവിതത്തിലും മാതാവിനുള്ള സാന്നിദ്ധ്യത്തിന്‍റെ യഥാര്‍ത്ഥ പ്രതീകമാണിത് എന്നു വിചാരിക്കേണ്ടതല്ലേ?

മറിയം തിരുസ്സഭയുടെ മാതാവാണ് എന്ന സത്യമാണ് ഇതിലൂടെയെല്ലാം പ്രകാശിതമാവുന്നത്.  ലൂക്ക 1,2 അധ്യായങ്ങളിലെ വിവരണങ്ങള്‍ പരിശോധിക്കുമ്പോള്‍ യോശുവിന്‍റെ അമ്മയായിത്തീരുന്ന മറിയം പുതിയ ദൈവജനത്തിന്‍റെയും അമ്മയാകുന്നു എന്നു മനസ്സിലാക്കാം. ഇതിലുമുപരി അവള്‍ തിരുസ്സഭയുടെ മാതാവാണ്; ക്രിസ്ത്യാനികളുടെ അമ്മയാണ്. സഭയും മറിയവും ഒരുപോലെയാണ്. ഇപ്പോള്‍ സഭയിലൂടെയാണു യേശുവിന്‍റെ രക്ഷാപ്രവൃത്തിയുടെ കൃപകള്‍ നാം സ്വീകരിക്കുന്നത്. അതുപോലെതന്നെ, മറിയത്തിന്‍റെ സഹകരണവും മാധ്യസ്ഥ്യവും വഴിയാണു ക്രിസ്തുവിന്‍റെ കൃപകള്‍ നമ്മളിന്നു കൈക്കൊള്ളുന്നത്. മറ്റൊന്നു മറിയത്തിലുള്ള റൂഹായുടെ സാന്നിദ്ധ്യമാണ്. മംഗളവാര്‍ത്തയില്‍ മറിയത്തിന്‍റെ മേലും പന്തെക്കോസ്താനാളില്‍ ശിഷ്യന്മാരുടെമേലും ആവസിച്ച ആത്മാവ് ഒന്നുതന്നെയാണ്. ശ്ലീഹന്മാരിലൂടെ തുടര്‍ന്ന സഭയുമായി മറിയത്തിനുള്ള ബന്ധമാണ് ഇവിടെ കാണുന്നത്.

നിത്യസഹായ മാതാവ്

വി.ലൂക്കാശ്ലീഹാ വരച്ച പരി. കന്യകാമറിയത്തിന്‍റെ ചിത്രമാണ് നിത്യസഹായ മാതാവിന്‍റെ ചിത്രമെന്ന പേരില്‍ വണങ്ങി വരുന്നതെന്ന ഒരു പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്. അപ്രമാണികഗ്രന്ഥങ്ങളിലെ കഥകള്‍ പോലെയും ഒരു കഥയും ഇതിനോടു ചേര്‍ന്നുണ്ട്. ഉണ്ണീശോയ്ക്ക് ഒരു ദര്‍ശനമുണ്ടായി. ഗബ്രിയേല്‍, മിഖായേല്‍ മാലാഖമാര്‍ ഈശോയുടെ പാര്‍ശ്വം കുത്തിത്തുറന്ന കുന്തവും അവിടുന്നു വഹിച്ച കുരിശും എടുത്തുകൊണ്ടു പ്രത്യക്ഷപ്പെട്ടു. ഉണ്ണീശോ ഭയപ്പെട്ടോടി അമ്മയില്‍ അഭയം ഗമിച്ചു. ചിത്രത്തില്‍ ഒരു കാലിലെ ചെരുപ്പിന്‍റെ വള്ളിപൊട്ടിത്തൂങ്ങിക്കിടക്കുന്നതായി കാണുന്നതിന്‍റെ പശ്ചാത്തലമിതാണ്. ഇന്നു റോമിലെ ലാറ്ററന്‍, മേരിമേജര്‍ ബസിലിക്കാകളുടെ അടുത്തുള്ള വി. മത്തായിയുടെ ചാപ്പലില്‍ ഇതിന്‍റെ യഥാര്‍ത്ഥ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

1978-ല്‍ ഫ്രഞ്ചുസേന വി. മത്തായിയുടെ നാമത്തിലുള്ള ഈ ദേവാലയം നശിപ്പിച്ചു. തുടര്‍ന്ന് ആ ചിത്രം അഗസ്തീനിയന്‍ ആശ്രമത്തില്‍ സൂക്ഷിക്കുകയും  റെഡംറ്ററിസ്റ്റു സന്യാസികള്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ ഈ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ "നിത്യസഹായമാതാവ്" എന്നപേരില്‍ ഭക്തി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണു മാതാവിന്‍റെ നവനാള്‍ എന്ന പേരിലുള്ള നൊവേന രൂപംകൊണ്ടത്. കേരളസഭയില്‍ ഈ നവനാള്‍ ഇന്നു സാധാരണമായിരിക്കുന്നു.

വ്യാകുലമാതാവ്

കുരിശിന്‍റെ ചുവട്ടിലെ മറിയത്തോടും വ്യാകുല മാതാവി നോടുള്ള ഭക്തി (സെപ്റ്റംബര്‍ 15) പാശ്ചാത്യസഭയില്‍ വളരെ പ്രാധാന്യത്തോടെയാണു കാണുന്നത്. വലിയ ആഴ്ചയിലെ ശനിയാഴ്ചയിലും ഞായറാഴ്ചയിലും ഈ ദൃശ്യഭക്തി ബൈസന്‍റയിന്‍റീത്തില്‍ കാണാം. കുരിശിന്‍റെയും ദൈവമാതാവിന്‍റെയും ഓര്‍മ എന്ന പേരില്‍ എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും ബൈസന്‍റയിന്‍ സഭയില്‍ ആചരണവുമുണ്ട്.

വ്യാകുലമാതാവിനോടുള്ള ഭക്തിയും പ്രാര്‍ത്ഥനയും ലത്തീന്‍ സഭയിലും അതിന്‍റെ സ്വാധാനത്തില്‍ സീറോ മലബാര്‍ സഭയിലും ഇന്ന് ആചരിച്ചു വരുന്നു. ജനനത്തിരുനാളിന്‍റെയും (സെപ്റ്റംബര്‍ 8) മറിയത്തിന്‍റെ നാമത്തിന്‍റെയും (സെപ്റ്റംബര്‍ 12) ആചരണത്തിനു ശേഷമാണ് സെപ്റ്റംബര്‍ 15 ന് ഈ തിരുനാള്‍ ആചരിക്കുന്നത്. മറിയം തന്‍റെ ജീവിതത്തില്‍ അനുഭവിച്ച ദുസ്സഹമായ വേദനയുടെ ഏഴു സംഭവങ്ങളാണു മറിയത്തിന്‍റെ ഏഴു വ്യാകുലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ഏഴുവ്യാകുലങ്ങള്‍ താഴെപ്പറയുന്നവയാണ്:

  1. ശെമയോന്‍റെ പ്രവചനം (ലൂക്ക 2, 35)
  2. ഈജിപ്തിലേയ്ക്കുള്ള യാത്ര (മത്താ 2, 13-18)
  3. ഈശോയെ കാണാതാകുന്നത്(ലൂക്ക 2, 41-52)
  4. കാല്‍വരിയിലേക്കു കുരിശുമായി നീങ്ങുന്ന ഈശോയെ കാണുന്നത്.
  5. ഈശോ കുരിശില്‍ മരിക്കുന്നത്. (മത്താ 27, 45-56)
  6. ഈശോയുടെ മൃതശരീരം മറിയത്തിന്‍റെ മടിയില്‍ കിടത്തുന്നത്.
  7. ഈശോയുടെ തിരുശരീരം കല്ലറയില്‍ സംസ്കരിക്കുന്നത്. (മത്താ 27, 57-61)

സ്ലീവാപാതയുടെ (കുരിശിന്‍റെ വഴി) രീതിയില്‍ ഈ ഏഴു വ്യാകുലങ്ങളും ചിത്രീകരിച്ചുകൊണ്ടുള്ള മരിയന്‍ വ്യാകുലപാത പാശ്ചാത്യ നാടുകളിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദൃശ്യമാണ്. ആ വഴിയിലൂടെ   തീര്‍ത്ഥാടനം നടത്തുന്ന ഭക്തകൃത്യം ഇന്നും നടന്നുവരുന്നു.

പൗരസ്ത്യ-പാശ്ചാത്യ സഭകളില്‍ മറിയത്തോടുള്ള ഭക്തിയില്‍ സാധര്‍മ്മ്യങ്ങളുമുണ്ട്. രണ്ടു സഭകളിലും ആഘോഷിച്ചുവന്ന ഏറ്റം പുരാതനമായ മരിയന്‍ തിരുനാള്‍ തിരുപിറവിയോടനുബന്ധിച്ചുള്ള ദൈവമാതാവിന്‍റെ തിരുനാളാണ്. ഒരുപക്ഷേ ഇതാരംഭിച്ചത് ഈജിപ്റ്റിലാവാം. 5-ാം നൂറ്റാണ്ടില്‍ ബൈസന്‍റിയിന്‍ റീത്തിലും തുടര്‍ന്ന് അന്ത്യോക്ക്യന്‍ പാശ്ചാത്യ, പൗരസ്ത്യസുറിയാനി, കോപ്റ്റിക് റീത്തുകളിലും അതു പ്രചാരത്തില്‍ വന്നു. റോമില്‍ ഇതാരംഭിച്ചത് അലക്സാഡ്രിയന്‍ സഭയുടെയോ ബൈസന്‍റയിന്‍ സഭയുടെയോ സ്വാധീനത്തിലാവാം. 7-ാം നൂറ്റാണ്ടിലാണ് റോമില്‍ മംഗള വാര്‍ത്ത, സ്വര്‍ഗ്ഗാരോപണം, മറിയത്തിന്‍റെ പിറവി, ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നത് തുടങ്ങിയ നാലു തിരുനാളുകള്‍ ആരംഭിച്ചത്. അക്കാലഘട്ടത്തില്‍ ദൈവമാതാവിന്‍റെ ബഹുമാനാര്‍ത്ഥമുള്ള ഒരു കുര്‍ബാനക്രമം റോമില്‍ (ജലേഷ്യന്‍- സാക്രിമെന്‍ററി) ഉണ്ടായിരുന്നെന്ന്, ബോട്ട്, കപ്പേല്‍, ഷവാസ് (Botte, Capelle, Chavasse)എന്നിവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 4-ാം നൂറ്റാണ്ടിന്‍റെ അവസാനം, ഈശോയുടെ ദേവാലയസമര്‍പ്പണ ത്തോടനുബന്ധിച്ചു ജറുസലേമില്‍ മറിയത്തിന്‍റെ ഒരു തിരുനാളാഘോഷിച്ചിരുന്നു എന്ന് എജേറിയ (Egeria, The Diary of a Pillgrimage) തന്‍റെ യാത്രാവിവരണത്തില്‍ പറയുന്നുണ്ട്. ഇതോടൊപ്പം പ്രദക്ഷിണവും കൂട്ടിച്ചേര്‍ത്തുബൈസന്‍റയിന്‍ റീത്തില്‍ ഈ തിരുനാള്‍ കണ്ടുമുട്ടല്‍ (Hypapinte) എന്ന പേരില്‍ നടത്തിപോന്നിരുന്നു.

ആലോചനാമാതാവ് (Mater boni consilii നല്ല ആലോചനമാതാവ്)

പോള്‍ 2-ാമന്‍ മാര്‍പാപ്പയുടെ കാലത്തു റോമില്‍നിന്നു 48കി.മീ. അകലെ ജനെസാനോ (Genezzano) എന്ന ചെറിയ പട്ടണത്തില്‍ 1467 ഏപ്രില്‍ 25-ന് മര്‍ക്കോസിന്‍റെ തിരുന്നാള്‍ ദിവസം നടന്ന അത്ഭുതവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു മരിയന്‍ സംജ്ഞയും തിരുന്നാളും ഉണ്ടായത്.

മരിയ മജോറ ബസിലിക്കയുടെ നിര്‍മ്മാണത്തിനു ജനെസാനോയിലെ വിശ്വാസികള്‍ അവിശ്വസനീയമാംവിധം ധനസഹായം നല്കി. ഇതിനു പ്രതിനന്ദിയായി ആ സ്ഥലത്ത് ഒരു ദൈവാലയം നിര്‍മ്മിച്ച് അഗസ്തീനിയന്‍ സന്ന്യാസിനികളെ ഏല്പിച്ചു. 1467 ഏപ്രില്‍ 25നു വി. മര്‍ക്കോസിന്‍റെ തിരുന്നാള്‍ദിവസം പരിശുദ്ധ കന്യകമറിയം ദിവ്യപൈതലിനോടൊപ്പം വര്‍ണ്ണ ശബളമായ ഒരു ചിത്രത്തിലെന്നതുപോലെ പ്രത്യക്ഷപ്പെടുകയും സ്വര്‍ഗ്ഗീയമാധുരിചൊരിയുന്ന സംഗീതം കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു. ഈ ചിത്രം ഇന്നും ഈ ദൈവാലയത്തില്‍ സൂക്ഷിച്ചുവരുന്നു എന്നാണു വിശ്വാസം. 1630 മുതല്‍ ഉര്‍ബന്‍ VIII, പയസ് XI, ഇന്നസെന്‍റ XI, ലെയോ XIII തുടങ്ങിയ മാര്‍പാപ്പമാരും, വിശുദ്ധരായ അലോഷ്യസ് ഗൊണ്‍സാലൊ, അല്‍ഫോന്‍സ് ലിഗോരി, ഡോണ്‍ ബോസ്കോ എന്നിവരും ഈ ചിത്രത്തിലും ദര്‍ശനത്തിലും പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് അതു പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

ബനഡിക്ട് 14-ാമന്‍ മാര്‍പാപ്പ, 'നല്ല ആലോചന മാതാവിന്‍റെ സഖ്യം' എന്നപേരില്‍ ഒരു മരിയന്‍ കൂട്ടായ്മ സ്ഥാപിച്ചു. ലെയോ 13-ാമന്‍ ഈ സഖ്യത്തിലെ അംഗമായിരുന്നു. 1893-ല്‍ ഈ ചിത്രം ആലേഖനം ചെയ്ത ഉത്തരീയം പ്രചാരത്തില്‍ വരുകയും ഇതു ധരിക്കുന്നവര്‍ക്കു ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തു. 1903 ഏപ്രില്‍ 22-ന് ഈ ദര്‍ശനത്തിന്‍റെയും ചിത്രത്തി ന്‍റെയും അടിസ്ഥാനത്തില്‍ 'നല്ല ആലോചനമാതാവ്' എന്ന സംബോധന ലൊറേറ്റന്‍ ലുത്തിനിയയില്‍ കൂട്ടിച്ചേര്‍ത്തു പ്രാര്‍ത്ഥന ആരംഭിച്ചു. 12-ാം പീയൂസ് തന്‍റെ സഭാഭരണകാലം മുഴുവനും ആലോചന മാതാവിനോടുളള പ്രാര്‍ത്ഥന ചൊല്ലി ദിവസം ആരംഭിച്ചിരുന്നു. ഏപ്രില്‍ മാസം 26-ാം തീയതി ലത്തീന്‍ സഭയില്‍ ഈ തിരുന്നാള്‍ ആഘോഷിച്ചുവരുന്നു.

കര്‍മ്മലമാതാവ്

കര്‍മ്മലഭക്തി കേരളത്തില്‍ എന്നു തുടങ്ങി എന്നു തീര്‍ത്തു പറയുക സാധ്യമല്ല; വിദേശമിഷനറിമാരുടെ സംഭാവനയാവാനാണു സാധ്യത. കര്‍മ്മലീത്താമിഷനറിമാരുടെ സവിശേഷശ്രദ്ധ ഈ കാര്യത്തിലുണ്ടായി എന്നു ന്യായമായും അനുമാനിക്കാം. അവരില്‍നിന്നും സ്വീകരിച്ച ഈ ഭക്തി ഇന്നാട്ടിലെ വിശ്വാസികള്‍ ഔദാര്യത്തോടെ ഊട്ടിവളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ദൈവമാതൃഭക്തിയില്‍ കേരളം മുന്‍പന്തിയിലെത്താന്‍ കുറച്ചൊന്നുമല്ല ഇതു സഹായിച്ചത്. "ഉത്തരീയം മറിയത്തിന്‍റെ കൂദാശ" എന്നുപറയുന്നിടം വരെ അതുവളരുകയും ചെയ്തു.

എന്നാല്‍, പാശ്ചാത്യനാടുകളില്‍ 13-ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ത്തന്നെ കര്‍മ്മലമാതൃഭക്തി അതിന്‍റെ പാരമ്യത്തിലെത്തിയതായി കാണാം. കര്‍മ്മലീത്താസഭയുടെ പ്രിയോര്‍ ജനറലായ ഫാദര്‍ സൈമണ്‍ സ്റ്റോക്കിന് പരി. മറിയം പ്രത്യക്ഷപ്പെട്ടു കര്‍മ്മലോത്തരീയം നല്‍കിയതു 1251 ജൂലായ് 16-നാണെന്നാണ് ചരിത്രം സാക്ഷിക്കുന്നത്. തങ്ങളുടെ സഭയെ കഷ്ടപ്പാടുകളില്‍ നിന്നും പ്രതിസന്ധികളില്‍നിന്നും രക്ഷിക്കണമേയെന്നു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സൈമണ്‍ സ്റ്റോക്കിനു മറിയം നല്‍കിയ സമാശ്വാസം ഇങ്ങനെയായിരുന്നു: "പ്രിയ മകനേ, കണ്ടാലും! ഇതാ നിന്‍റെ സഭയുടെ വസ്ത്രം. ഇതു നിനക്കും മറ്റെല്ലാ കര്‍മ്മലീത്താക്കാര്‍ക്കുമായി ഞാന്‍ സമ്പാദിച്ചിരിക്കുന്ന പ്രത്യേകാനുകൂല്യങ്ങളുടെ ഒരു അടയാളമാകുന്നു. ഇതു ധരിച്ചു കൊണ്ടുമരിക്കുന്ന ഒരുവനും നിത്യനാശത്തില്‍ പതിക്കുക യില്ല..." അനന്തരം മറിയം തന്‍റെ കൈയിലിരുന്ന ഉത്തരീയം സൈമണ്‍ സ്റ്റോക്കിനു നല്‍കി. ഇതാണു കര്‍മ്മലോത്തരീയത്തെപ്പറ്റിയുളള പരമ്പരാഗതവിശ്വാസം.

മാര്‍പാപ്പമാര്‍ ഈ ഭക്തി അംഗീകരിക്കുകയും ഉത്തരീയസഭയ്ക്കു വിവിധാനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പതിനഞ്ച് ഔദ്യോഗികരേഖകള്‍തന്നെ ഉത്തരീയഭക്തിയെയും കര്‍മ്മലമാതൃ സമര്‍പ്പണത്തെയുംകുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരീയദാനത്തിന്‍റെ 7-ാം ശതാബ്ദി പ്രമാണിച്ചു പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ കര്‍മ്മലീത്തസഭയുടെ സുപ്പീരിയര്‍ ജനറലിനയച്ച കത്തില്‍ ഇങ്ങനെ പറയുന്നു: "അംഗീകൃത ഭക്തികളുടെ കൂട്ടത്തില്‍ കര്‍മ്മലോത്തരീയത്തിനു പ്രഥമസ്ഥാനം നല്‍കേണ്ടതാണ്. ഉത്തരീയഭക്തി ആചരിക്കുമ്പോള്‍ നിത്യജീവന്‍ പ്രാപിക്കുന്ന കാര്യത്തിലാണു നാം വ്യാപൃതരായിരിക്കുന്നത്. പരിശുദ്ധ കന്യകയില്‍നിന്നു ലഭിച്ച വാഗ്ദാനത്തിന്‍റെ സാരാംശവും ഇതു തന്നെ. അമ്മയുടെ സ്ഥാനവസ്ത്രം എന്നറിയപ്പെടുന്ന തിരുവുത്തരീയം ദൈവമാതാവു കാത്തുരക്ഷിക്കും എന്നുളളതിന്‍റെ അടയാളവും ഉറപ്പുമാണ്."

ഉത്തരീയം നല്‍കിയതിന്‍റെ 7-ാം ശതാബ്ദിയാചരണാവസര ത്തില്‍ തിരുക്കൊച്ചി സംസ്ഥാനത്തെ സഭാ മേലധ്യക്ഷന്മാര്‍ പ്രസദ്ധീകരിച്ച സംയുക്ത ഇടയലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "മാതാവുമായുളള നമ്മുടെ ധാര്‍മ്മികഐക്യത്തിന്‍റെ അടയാളമാണ് ഉത്തരീയം. മറിയം നമ്മുടെ ശക്തിയേറിയ മധ്യസ്ഥയാണെന്നുളളതിന്‍റെ തെളിവാണിത്. എല്ലാ അനുഗ്രഹങ്ങളുടെയും നീര്‍ച്ചാലും നിത്യരക്ഷയുടെ അച്ചാരവുമാണ് ഉത്തരീയ ഭക്തി. യാതനകളുടെയും പ്രലോഭനങ്ങളുടെയും അവസരത്തില്‍ ഉത്തരീയം മാറോടണച്ചു സ്നേഹാശ്രയങ്ങളോടെ പ്രാര്‍ത്ഥിച്ചിരുന്ന ധന്യാത്മാക്കളെ നമുക്കനുകരിക്കാം."

1831 ല്‍ സ്ഥാപിതമായ സി.എം.ഐ സഭയും തുടര്‍ന്നുണ്ടായ സി.എം.സി സന്ന്യാസിനീസഭയും ഏതദ്ദേശിയകര്‍മ്മലീത്താ സമൂഹങ്ങളെന്ന നിലയില്‍ കര്‍മ്മലമാതൃഭക്തി വളര്‍ത്തിയെടുക്കുന്നതില്‍ പ്രശംസനീയമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ സമൂഹ ങ്ങളുടെ സ്ഥാപനത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളുടെ വിശുദ്ധിക്കായുളള നിയമക്രോഡീകരണത്തിലും വലിയൊരുപങ്കുവഹിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മരിയഭക്തനായിരുന്നു. ഉത്തരീയഭക്തി പ്രോത്സാഹിപ്പിക്കുന്നതിനും അതീവശ്രദ്ധാ ലുവായിരുന്നു അദ്ദേഹം.

പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടൊപ്പം കുട്ടികളെ മറിയത്തിനു സമര്‍പ്പിക്കുകയും ഉത്തരീയം ഔദ്യോഗികമായി ധരിപ്പിക്കുകയും ചെയ്യുന്ന പതിവ് ഇന്നും കേരളത്തില്‍ നില നില്ക്കുന്നുണ്ട്. ഉണ്ണിയീശോയെ വളര്‍ത്തിയവള്‍തന്നെ 'ഈശോയുടെ കുഞ്ഞുമക്കളെ' വളര്‍ത്തട്ടെ എന്നതിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ സൂചനയാണിത്.

പ്രവാചകനായ ഏലിയായുടെ ചൈതന്യം (1 രാജാ 18,19) കര്‍മ്മമലയില്‍ രൂപംകൊണ്ട പരിവ്രാജകസമൂഹം പില്‍കാലത്ത് "കര്‍മ്മമലയിലെ മറിയത്തിന്‍റെ സന്യാസികള്" ആയി രൂപാന്തരം പ്രാപിച്ചെന്നും അവരാണ് ആധുനിക കര്‍മ്മലീത്താസഭയുടെ പ്രാഗ്രൂപങ്ങളെന്നുമാണല്ലോ കരുതപ്പെടുന്നത്. പഴയനിയമകാലത്തുനിന്നു പുതിയനിയമകാലത്തേക്കും തുടര്‍ന്ന് ആധുനികകാലത്തേക്കുമുളള കുതിപ്പില്‍ കര്‍മ്മലമാതൃഭക്തിക്കു പലതും കൈമോശം വന്നിരിക്കാം. പുത്തന്‍ ചിന്തകളും സാമൂഹിക, മാനവിക മാനങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുമുണ്ടാകാം. എങ്കിലുമൊന്നുണ്ട്:കര്‍മ്മലമാതൃഭക്തി നിധാനം ചെയ്യുന്ന ആന്തരികത, പ്രാര്‍ത്ഥനാനുഭവം, ദൈവേഷ്ടം തേടാനുളള ഔല്‍സുക്യം, കര്‍മ്മനിരത, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ ഇന്നും പ്രസക്തവും നിരൂപാധികവുമത്രേ.

മേല്പറഞ്ഞവയുടെ പാരസ്പര്യവും പ്രയോഗവും മനുഷ്യരെ സ്നേഹത്തിന്‍റെയും വികാസത്തിന്‍റെയും ഔന്നത്യത്തിലേക്കാവും നയിക്കുക. ഇതുതന്നെയാണു കര്‍മ്മലമാതാവിനോടൊത്തു കേരളത്തില്‍(പുറത്തും)കഴിയുന്നവരുടെ ലക്ഷ്യവും ജീവിതാ ദര്‍ശവും. അനുഷ്ഠാനങ്ങളില്‍ അഭിരമിക്കുകയും മൂല്യങ്ങള്‍ പുറംതളളുകയും ചെയ്യുന്ന വികലമനസ്സ് കര്‍മ്മലനാഥയ്ക്കു ചേര്‍ന്നതല്ല. നന്മയിലേയ്ക്കും നന്മയുടെ നന്മയായ ദൈവത്തിലേക്കും നമ്മെ നയിക്കുന്നതാവട്ടെ നമ്മുടെ കര്‍മ്മലമാതൃഭക്തി.

ലൂര്‍ദ്ദ് മാതാവ്

പീയൂസ് XIമന്‍ മാര്‍പാപ്പ 1854 ഡിസംബര്‍ 8-ന് മറിയത്തിന്‍റെ അമലോദ്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്‍റെ നാലാംവര്‍ഷം 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ 18 പ്രാവശ്യമായി പരി. കന്യകാ മറിയം ഫ്രാന്‍സിലെ ചെറുഗ്രാമമായ ലൂര്‍ദ്ദില്‍ പതിനാലുവയസ്സുകാരിയായ ബര്‍ണദിത്ത എന്ന ബാലികയ്ക്കു പ്രത്യക്ഷപ്പെട്ടു. അങ്ങ് ആരെന്ന ബാലികയുടെ ചോദ്യത്തിന് ഞാന്‍ "അമലോദ്ഭവ" യാണെന്നു മാതാവ് പ്രതിവചിച്ചു.

ആടുകളെ കാട്ടിലൂടെ നടത്തി മേയിച്ചിരുന്ന ബര്‍ണദീത്ത ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. ഗാവു നദിയുടെ തീരത്തു വിറകുപെറുക്കുവാന്‍ മറ്റു രണ്ടു കുട്ടികളുമായി അവള്‍ പോയി. ചെറിയ തോടു നീന്തികടന്നപ്പോള്‍ ബര്‍ണദീത്ത പിമ്പിലായിപ്പോയി. പെട്ടൊന്നൊരു കൊടുങ്കാറ്റിന്‍റെ ഇരമ്പല്‍കേട്ട് അവള്‍ തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. അവള്‍ ഭയന്നു. അപ്പോള്‍ അടുത്തുള്ള ഒരു മലയുടെ പിളര്‍പ്പില്‍ (ഗ്രോട്ടോ) സുവര്‍ണ്ണ നിറമുള്ള മേഘവും അതിനുള്ളില്‍ സുന്ദരിയായ ഒരു യുവതിയും നില്ക്കുന്നതായി കണ്ടു. യുവതി പുഞ്ചിരിച്ചു ബാലി കയോട് അടുത്തുവരുവാന്‍ ആംഗ്യം കാണിച്ചു. അവള്‍ക്കു പരിസരപ്രജ്ഞ നഷ്ടപ്പെട്ടു. കണ്ണു തിരുമ്മി അടച്ചു തുറന്നപ്പോഴും യുവതിയെ കണ്ടു. ബര്‍ണദിത്ത പോക്കറ്റില്‍നിന്നു കൊന്തയെടു ത്തു ചൊല്ലാന്‍ തുടങ്ങി. വലതുകൈയില്‍ തൂങ്ങി കിടന്ന ജപമാല യുവതിയും എടുത്തു. അവള്‍ "പിതാവിന്‍റെയും നാമത്തില്‍" എന്നുകൂടെ ചൊല്ലി. നന്മനിറഞ്ഞമറിയം ചൊല്ലിയപ്പോള്‍ കൂടെ ചൊല്ലിയില്ല. പുത്രനു സ്തുതി എന്നതുകൂടെ ചൊല്ലി. പക്ഷേ, താനാരെന്നു പറഞ്ഞില്ല.

ബര്‍ണദിത്ത സംഭവിച്ചതെല്ലാം അമ്മയോടു പറഞ്ഞു. പക്ഷേ അമ്മ വിശ്വസിച്ചില്ല. മാത്രമല്ല വളരെ നിര്‍ബന്ധിച്ചതിന്‍റെ പേരില്‍ മാത്രമാണ് അവളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ ഗ്രോട്ടോയി ലേയ്ക്കു പോകാന്‍ അനുവദിച്ചത്. ഗ്രോട്ടോയിലെത്തിയ ബര്‍ണദീത്ത അഭൗമികാനന്ദത്തിലൂടെ കടന്നുപോയി. ഇതെല്ലാം കൂടെയുണ്ടായിരുന്ന സഹോദരി ടോയിനേറ്റ് മരിയ അമ്മയോടു പറഞ്ഞു കേള്‍പ്പിച്ചു. എങ്കിലും അമ്മ വിശ്വസിച്ചില്ല. ഈ ദര്‍ശനങ്ങള്‍ തുടര്‍ന്നു. ആറാമത്തെ ദര്‍ശനത്തില്‍ ഒരു ഭിഷഗ്വരനും കൂടെയുണ്ടായിരുന്നു. പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാതാവ് ആവശ്യപ്പെട്ടു. പോലീസ് മേധാവികള്‍ ബര്‍ണദീത്തായെ ചോദ്യം ചെയ്തു. അന്നു മറിയം മൂന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്തി. അതു പരസ്യമാക്കിയിട്ടില്ല.

എട്ടാമത്തെ ദിവസം മറിയം ഒരു ഉറവ കാണിക്കുകയും അത് അരുവിയായിത്തീരുകയും അതില്‍നിന്നും കുടിക്കാനും കുളിക്കാനും അവളോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. അവള്‍ വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്തു. അനന്തരം പാപികളുടെ മാനസാന്തരത്തിനായി നിലം ചുംബിക്കാനും മാതാവു നിര്‍ദ്ദേശിച്ചു ഫെബ്രുവരി 18 നു നടന്ന പതിനൊന്നാമത്തെ ദര്‍ശനത്തില്‍ ഗ്രോട്ടോയുടെ സമീപം ഒരു ദേവാലയം നിര്‍മ്മിക്കാന്‍ വൈദികരോടാവശ്യപ്പെടണമെന്നു നിര്‍ദ്ദേശിച്ചു. ഇതുവരെ ദര്‍ശനം നല്‍കിയ സ്ത്രീ ആരാണെന്നോ മറിയമാണെന്നോ അറിയി ക്കാത്തതിനാല്‍ അതറിയിക്കുന്നതുവരെ ദേവാലയ നിര്‍മ്മാണം സാധ്യമല്ലെന്നു വികാരി ശഠിച്ചു. 16-ാമത്തെ ദര്‍ശനം നടന്ന മംഗലവാര്‍ത്തതിരുനാളായ മെയ് 25ന് ആ സ്ത്രീ വെളിപ്പെടുത്തി: "ഞാന്‍ അമലോദ്ഭവയാണ്" (que soy era immaculada concepcioul am the Immaculate conception  ).

ബര്‍ണദിത്ത മാനസികരോഗിയെല്ലെന്നു വീണ്ടും ഗവണ്‍മെന്‍റ് അധികാരികള്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പക്ഷേ ഗ്രോട്ടോ പ്രദേശം തീര്‍ത്ഥാടകര്‍ക്ക് അപ്രാപ്യമാക്കി. 1858 ല്‍ കര്‍മ്മല മാതാവിന്‍റെ തിരുനാളായ ജൂലൈ 16 ന് പതിനാറാം തവണയും റിയം പ്രത്യക്ഷപ്പെട്ടു.

ഈ ദര്‍ശനം വിവാദവിഷയമായി. അതു പിശാചിന്‍റെ തട്ടിപ്പാണെന്നും മനസ്സിന്‍റെ വിഭ്രാന്തിയാണെന്നുമൊക്കെ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. വളരെ ക്ലേശങ്ങള്‍ സഹിച്ചും നിര്‍ബന്ധം പിടിച്ചും അവള്‍ തുടര്‍ന്നുള്ള ദര്‍ശനങ്ങളില്‍ പങ്കെടുത്തു. 16-ാം  പ്രാവശ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍മറിയം പറഞ്ഞതനുസരിച്ച് ബര്‍ണദിത്ത നിലത്തുവിരല്‍ കൊണ്ടു കുഴിച്ചു. തുടര്‍ന്നു രണ്ടു പ്രാവശ്യംകൂടി മറിയം ഈ സ്ഥലത്തുതന്നെ പ്രത്യക്ഷപ്പെട്ടു. അതില്‍നിന്ന് ഉറവയില്‍ നിന്നെന്നതുപോലെ ജലം ഒഴുകി വന്നു. ഇതു കണ്ടു ജനം ബോധ്യപ്പെട്ടു. ലൂയി ബൂറിയേറ്റ് എന്നൊരാള്‍ക്കു ഖനിയിലെ സ്ഫോടനംകൊണ്ട് ഒരു കണ്ണു നഷ്ടപ്പെട്ടിരുന്നു. മുഖം ആ നീരുറവയില്‍ കഴുകിയതോടെ അയാള്‍ക്ക് അത്ഭുതകരാം വിധം കാഴ്ച തിരിച്ചുകിട്ടി, ഈ ആദ്യത്തെ അത്ഭുതത്തെ തുടര്‍ന്നു നിരവധി അത്ഭുതങ്ങള്‍ ലൂര്‍ദ്ദില്‍ നടന്നുവരുന്നു. 

ഫാത്തിമാ മാതാവ് 

ലോകത്തിലെ മരിയന്‍തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പോര്‍ച്ചുഗലിലെ ഫാത്തിമ. 1917 ല്‍ പരിസുദ്ധ കന്യാമറിയം, ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ മൂന്ന് ഇടയക്കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുന്നതുവരെ ഈ സ്ഥലം അജ്ഞാതമായ ഒരു ഗ്രാമപ്രദേശമായിരുന്നു. എന്നാല്‍, ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ മരിയന്‍ തീര്‍ത്ഥാടകര്‍ വന്നു കൂടുന്ന സ്ഥലങ്ങളില്‍ ഒന്നായി ഫാത്തിമ മാറിയിരിക്കുന്നു. പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നിന്ന് 88 കി.മീ വടക്കായി Nazare പട്ടണത്തില്‍ നിന്നു 36 കി.മീ കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണു ഫാത്തിമ. 40 ലക്ഷം തീര്‍ത്ഥാടകള്‍ ഓരോ വര്‍ഷവും ഇവിടെ വരുന്നു എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനകേന്ദ്രം പരിശുദ്ധ കന്യകാമറിയത്തിനു പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന തീര്‍ത്ഥാടന ദൈവാലയമാണ് (Shrine of Our Lady of Fatima Nossa de Rosario da Fatima)

ദൈവശാസ്ത്രജ്ഞന്മാര്‍ പ്രത്യേക താത്പര്യമെടുത്തു പഠനം നടത്തുന്ന മരിയന്‍ കേന്ദ്രങ്ങളിലൊന്നു ഫാത്തിമയാണ്. 1917 ല്‍ നടന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രത്യക്ഷപ്പെടല്‍ അധികം താമസിയാതെതന്നെ സഭ അംഗീകരിച്ചു. ഈ അദ്ഭുത സംഭവത്തിന്‍റെ രജതജൂബിലിയോടനുബന്ധിച്ച് 1942 ഒക്ടോബര്‍ 31 ന് പീയൂസ് 12-ാം മാര്‍പാപ്പ ലോകത്തെ മുഴുവനായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു.  ഈ വെളിപ്പെടുത്തലിന്‍റെ 50-ാം വാര്‍ഷികത്തില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ  ഒരു ചാക്രിക ലേഖനം വഴി മറിയത്തോടുള്ള ഭക്തി ലോകമെമ്പാടും വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു. ഫാത്തിമയെക്കുറിച്ചുള്ള ഏറ്റവും പ്രധാന പഠനം J.M Alonso C. M.F പ്രസിദ്ധീകരിച്ച 17 വാല്യങ്ങളുള്ള ഗ്രന്ഥമാണ് (Historic critica critica de Literatura sobre Fatime (Fatima 1967).

ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ, ലോകമഹായുദ്ധത്തില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ രാഷ്ട്രത്തലവന്മാരെ ഉദ്ബോധിപ്പിച്ചു. തന്‍റെ ആഹ്വാനം വിഫലമായതില്‍ അദ്ദേഹം ദു:ഖാര്‍ത്തനായി. പരിശുദ്ധ കന്യകാ മാതാവിന്‍റെ മാധ്യസ്ഥ്യമാണ് ഒരേയൊരു രക്ഷാമാര്‍ഗ്ഗമെന്ന് അദ്ദേഹം 1917 മെയ് 5-ാം തീയതി ഒരി വിശ്വലേഖനത്തിലൂടെ ലോകത്തെ അറിയിച്ചു. മെയ് 13-ാം തീയതി ജസീന്താ, ലൂസി, ഫ്രാന്‍സിസ് എന്നീ മൂന്ന് കുട്ടികള്‍ക്കു ഫാത്തിമായില്‍ വച്ചു മാതാവ് പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുന്നതിനിടയില്‍ ജപമാല ചൊല്ലിത്തീര്‍ത്തശേഷം അവര്‍ കളിവീടുകള്‍ നിര്‍മ്മിച്ച് ഉല്ലസിക്കുവാന്‍ തുടങ്ങി. മെയ് മാസത്തില്‍ പതിവില്ലാത്ത ഒരു ഇടിമിന്നല്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ഒരു ഓക്കു വൃക്ഷത്തിന്‍റെ തളിരിലകള്‍ക്കു മുകളിലായി ഒരു സൗന്ദ്യരൂപിണി പ്രകാശമധ്യേ കാണപ്പെട്ടു. ഭയചകിതരായ ഈ കുട്ടികളെ അവള്‍ അഭിസംബോധന ചെയ്തുപറഞ്ഞു: കുഞ്ഞുങ്ങളേ നിങ്ങള്‍ ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളെ ഉപദ്രവിക്കുകയില്ലڈനാഥേ അങ്ങാരാണെന്ന് ലൂസി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു; "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നു. അടുത്ത ഒക്ടോബര്‍ വരെയുള്ള എല്ലാ 13-ാം തീയതിയും കൃത്യമായി നിങ്ങള്‍ ഇവിടെ വരണം, അപ്പോള്‍ പറയാം ഞാന്‍ ആരാണെന്ന്. ജപമാല തുടര്‍ന്നുചൊല്ലാനും മറിയം കുട്ടികളോടാവശ്യപ്പെട്ടു.

മറിയം ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട ആദ്യദിനമായ 1917 മെയ് 13-നാണ് റഷ്യയില്‍ ലെനിന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം ആരംഭിച്ചത്. അന്നുതന്നെയാണു പിന്നീടു പന്ത്രണ്ടാം പീയൂസ് ആയിത്തീര്‍ന്ന എവൂജിന്‍ പച്ചെല്ലി അഭിഷിക്തനായതും. അദ്ദേഹം കമ്മ്യൂണിസത്തെപ്രതി ആഴത്തില്‍ വേദനിച്ചിരുന്ന ഒരു വ്യക്തിയാണ്.

1917 ജൂണ്‍ 13-ന് മാതാപിതാക്കളുടെ എതിര്‍പ്പ്, വികാരിയച്ചന്‍റെ ശുപാര്‍ശകൊണ്ടു തരണം ചെയ്ത കുട്ടികള്‍ തങ്ങള്‍ക്കു ദര്‍ശനം ഉണ്ടായ കോവ്ദാ എന്ന സ്ഥലത്തേയ്ക്കു പോയി. അന്നു മറ്റു പലരും വന്നിരുന്നു. മറിയം പ്രത്യക്ഷപ്പെട്ടപ്പോള്‍ തങ്ങള്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിനു ജപമാല ഭക്തിപൂര്‍വ്വം ചൊല്ലണമെന്നും ത്രിത്വസ്തുതിക്കുശേഷം 'ഓ എന്‍റെ ഈശോയെ, എന്‍റെ പാപങ്ങള്‍ ക്ഷമിക്കണമേ' എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്നും നിര്‍ദ്ദേശം ലഭിച്ചു. ജനങ്ങള്‍ക്കു ദര്‍ശനം കിട്ടിയില്ലെങ്കിലും എന്തോ അഭൗമികമായതു സംഭവിച്ചു എന്ന് അവര്‍ക്ക് മനസ്സിലായി.

നാലാം ദര്‍ശനത്തില്‍ (ആഗസ്റ്റ് 13) റഷ്യയെ തന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് ആദ്യശനിയാഴ്ച പരിഹാരത്തിനായി ദിവ്യകാരുണ്യം സ്വീകരിക്കണമെന്നും, ജനതകള്‍ മറിയത്തിന്‍റെ ആഗ്രഹം സാധിച്ചാല്‍ റഷ്യ മാനസാന്തരപ്പെടുമെന്നും അറിയിച്ചു. കുട്ടികളെ ചോദ്യം ചെയ്തു രഹസ്യം വെളിപ്പെടുത്തുവാന്‍ പട്ടണത്തിലെ പ്രീഫെക്ട് ശ്രമിച്ചു. പ്രീഫെക്ടിന്‍റെ ഈ ശ്രമം വിഫലമായി. അന്നു ദര്‍ശനസ്ഥലത്തു വന്നെത്തിയ 15000 തീര്‍ത്ഥാടകര്‍ക്ക് ആകാശത്തില്‍ മിന്നല്‍പ്പിണരും ഇടിമുഴക്കവും അനുഭവപ്പെട്ടു. 5-ാം ദര്‍ശനം നടന്ന സെപ്റ്റംബര്‍ 13-ന് ജനങ്ങള്‍ മറിയത്തിന്‍റെ പ്രഭാപൂരിതമായ പാദപീഠം കണ്ടു. അവര്‍ ജപമാല ചൊല്ലി സ്തുതിച്ചുകൊണ്ടിരുന്നു.

ഒക്ടോബര്‍ 13ലെ ദര്‍ശനത്തിന് എഴുപതിനായിരം പേര്‍ സാക്ഷികളായിരുന്നു. അന്നു ലൂസിയുടെ ചോദ്യത്തിനു ഞാന്‍ ജപമാലരാജ്ഞിയാണെന്നു മറിയം ഉത്തരം നല്‍കി. ഈ സമയത്തു തിരുക്കുടുംബത്തെ കുട്ടികള്‍ ദര്‍ശിച്ചു. അവസാനദിവസം ഒരു അഗ്നിഗോളം ആകാശത്തില്‍ മൂന്നുപ്രാവശ്യം നൃത്തം ചെയ്യുന്നതായി എല്ലാവരും ദര്‍ശിച്ചു.

നാലുവര്‍ഷം നീണ്ടുനിന്ന ഒന്നാംലോകമഹായുദ്ധം അനേകരുടെ ജീവന്‍ അപഹരിച്ചു. സാംക്രമികരോഗം പടര്‍ന്നു പിടിച്ചു. ജസിന്തായും ഫ്രാന്‍സീസും സ്പാനിഷ് പനി പിടിപെട്ട് മരിച്ചു. ഫാത്തിമായിലെ ബസിലിക്കായുടെ ഇരുവശങ്ങളില്‍ അവരുടെ ശവകുടീരങ്ങള്‍ കാണാം. എന്നാല്‍ ലൂസിയ വാര്‍ദ്ധക്യം വരെ സന്ന്യാസിനിയായി ജീവിച്ചു. 2005 ഫെബ്രുവരി 13-ന് നിര്യാതയായി. 2000 മെയ് 13 ജസീന്തായെയും ഫ്രാന്‍സിസിനെയും വാഴ്ത്തപ്പെട്ടവരായി സഭ പ്രഖ്യാപിച്ചു.

1981 മെയ് 13-ന് മുഹമ്മദലി ആലി അഗ്കായുടെ വെടിയേറ്റെങ്കിലും ജോണ്‍പോള്‍ മാര്‍പ്പാപ്പ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ വച്ചുതന്നെ ഫാത്തിമരേഖകള്‍ വരുത്തി അതൊരു പ്രവചനദര്‍ശനമാണെന്നു മനസ്സിലായി. സുഖപ്പെട്ട മാര്‍പാപ്പ ഫാത്തിമയിലേയ്ക്കു  ഒരുതീര്‍ത്ഥാടനം നടത്തി പരിശുദ്ധ അമ്മയ്ക്കു നന്ദി പറഞ്ഞു.

1984 മാര്‍ച്ച് 22-ാം തീയതി ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി റോമിലേയ്ക്കു മാര്‍ച്ചു ചെയ്തു. ഇറ്റാലിന്‍ ഗവണ്‍മെന്‍റിനെ തകിടം മറിക്കുന്ന സാഹചര്യത്തില്‍ മാര്‍പാപ്പയും അദ്ദേഹത്തോടൊപ്പം ലോകത്തിലെ എല്ലാ കത്തോലിക്ക മെത്രാന്മാരും സഭയെയും രൂപതയെയും മാതാവിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു. 1989 ഡിസംബറോടുകൂടി കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. 1991 ഓഗസ്റ്റു മാസം 19ന് റഷ്യന്‍ പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചോവ് തല്‍സ്ഥാനത്തുനിന്നു നിഷ്കാസനം ചെയ്യപ്പെട്ടു. ഇങ്ങനെ കമ്മ്യൂണിസത്തിന്മേല്‍ വിജയം നേടും എന്ന ഫാത്തിമാ പ്രവചനം പൂര്‍ത്തിയായെന്നും വിശ്വസിക്കുന്നു.

 

ഫാത്തിമ രഹസ്യം

1917 ജൂലായ് 13-ാം തീയതി ഫാത്തിമായില്‍ മറിയത്തിന്‍റെ ദര്‍ശനം ലഭിച്ച ലൂസി പില്‍ക്കാലത്ത് (പോര്‍ച്ചുഗല്ലിലെ കോയിംമ്പ്രാ കോണ്‍വെന്‍റില്‍) സിസ്റ്റര്‍ മരിയ ലൂസി ആയി. 2000-ാം മാണ്ട് ഏപ്രില്‍ 19-ാം തീയതി പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സഹോദരിക്കെഴുതിയ ഒരു കത്തു ശ്രദ്ധാര്‍ഹമാണ്. സിസ്റ്റര്‍ ലൂസിയോടൊത്തു മരിയദര്‍ശനം കിട്ടിയ ജസീന്താ, ഫ്രാന്‍സിസ് എന്നിവരെ ഭാഗ്യപ്പെട്ടവരെന്നു വിളിക്കാനിരുന്ന (2000 മെയ് 13) സംഭവവുമായി ബന്ധപ്പെട്ടാണ് ഈ കത്ത് അയച്ചത്. വിശ്വാസ സംരക്ഷണ സംഘത്തിന്‍റെ സെക്രട്ടറിയായ ആര്‍ച്ചു ബിഷപ്പിനെ ലൂസിയുടെ അടുത്തേയ്ക്കു വിടുന്നു എന്നും ഫാത്തിമാരഹസ്യത്തെപ്പറ്റി അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു തുറന്ന ഉത്തരം നല്‍കണമെന്നും പരിശുദ്ധപിതാവ് ആവശ്യപ്പെട്ടു. 2000 ഏപ്രില്‍ 27-ന് ആര്‍ച്ചുബിഷപ്പ് ലൂസിയെ കാണുകയും അവളുടെ കൈപ്പടയില്‍ എഴുതി മാര്‍പാപ്പയ്ക്ക് അയച്ചിരുന്ന ഒരു കത്തു കാണിച്ച് അവളുടേതെന്ന് ഉറപ്പാക്കുകയും ചെയ്തു.

ദര്‍ശനത്തില്‍ കണ്ടതു വെള്ളക്കുപ്പായമണിഞ്ഞ ഒരു മാര്‍പാപ്പയായിരുന്നുവെന്നും അത് ഏതു മാര്‍പാപ്പയായിരുന്നുവെന്ന് കുട്ടികള്‍ക്ക് നിശ്ചയമില്ലായിരുന്നുവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. മാര്‍പാപ്പയുടെ നേര്‍ക്ക് ഒരു വെടിയുണ്ട പായുന്നതും അദ്ദേഹം നിലത്തുവീഴുന്നതുമായിരുന്നു രഹസ്യത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ഉള്ളടക്കം. 1960 -ന് ശേഷമെ ഫാത്തിമാരഹസ്യമെഴുതിയ കവര്‍തുറക്കാവൂ എന്ന് എഴുത്തിന്‍റെ കവറിന്മേല്‍ എഴുതിയതിനു കാരണം 1960-നു ശേഷമേ ആ രഹസ്യം മനസ്സിലാകൂ എന്നുതന്നെയാണത്രേ. അതിനുശേഷം അതു വ്യാഖ്യാനിക്കാനുള്ള കഴിവു തനിക്കല്ല മാര്‍പാപ്പയ്ക്കേ ഉണ്ടാകൂ എന്നും അവള്‍ പറഞ്ഞു. ലോകത്തിന്‍റെ നാനാഭാഗത്തിനിന്നുവന്ന മരിയഭക്തുടെ അന്വേഷണങ്ങള്‍ക്കു മറുപടിയായി സിസ്റ്റര്‍ ലൂസി വേദേപദേശരൂപേണ ഒരു ഗ്രന്ഥമെഴുതി. മരിയഭക്തി വ്യക്തമാക്കുന്ന ആ ഗ്രന്ഥത്തിന്‍റെ ശീര്‍ഷകം Osaspelos da Messagem de Fatima (ഫാത്തിമ സന്ദേശത്തിന്‍റെ കാഹളം, ആഹ്വാനം) എന്നതാണ്. സഭാധികാരികള്‍ അനുവദിച്ചാല്‍ മാത്രം അതു പ്രസിദ്ധീകരിക്കാമെന്നവള്‍ പറഞ്ഞു. പരിശുദ്ധപിതാവ് സിസ്റ്റര്‍ ലൂസിക്ക് ഒരു ജപമാലയും തന്‍റെ ആശിര്‍വാദവും ആര്‍ച്ചുബിഷപ് വഴികൊടുത്തയച്ചു. 2000 മെയ് 13-ാം തീയതി വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കാര്‍ഡിനല്‍ സൊഡാനോ, പരിശുദ്ധ പിതാവു ഫാത്തിമായില്‍ ബലി അര്‍പ്പിച്ചപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ ഫാത്തിമാരഹസ്യത്തെപ്പറ്റി പരാമര്‍ശിച്ച കാര്യം ഓര്‍മ്മിപ്പിച്ചു. ദര്‍ശനത്തിന്‍റെ രഹസ്യം ഒരു പ്രവചനമാണെന്നും അത് ഒരു വിധത്തിലും സമയബന്ധിതമല്ലെന്നും വളരെ വ്യക്തമായ ഒരു സന്ദേശം അതിലുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. 20-ാം നൂറ്റാണ്ടില്‍ സഭയ്ക്കെതിരായി ഉണ്ടായ പോരാട്ടങ്ങളും വിശ്വാസ പ്രഘോഷണം നടത്തിയവര്‍ അനുഭവിച്ച സഹനങ്ങളും 20-ാം നൂറ്റാണ്ടിലെ മാര്‍പാപ്പമാരുടെ അനുസ്യൂതമായ കുരിശിന്‍റെ പാതയും സൂചിപ്പിക്കുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനത്തില്‍  കണ്ടതും വെള്ളക്കുപ്പായമണിഞ്ഞിട്ടുള്ളതും വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും പരിശുദ്ധ മാര്‍പാപ്പയാണെന്നും അദ്ദേഹം കുരിശിനെ സമീപിക്കുന്നതു രക്തസാക്ഷിത്വം വരിച്ച മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യാസിനീ സന്ന്യാസികളുടെയും അല്‍മായരുടെയും മൃതദേഹങ്ങള്‍ക്കിടയില്‍ക്കൂടെ നടന്നതാണെന്നും വ്യാഖ്യാനിച്ചുകൊടുത്തു. പരിശുദ്ധ അമ്മയുടെ കരങ്ങളാണ് 1981 മെയ് 13-ാം തീയതി തന്‍റെ നേര്‍ക്കു ചീറിവന്ന വെടിയുണ്ടയെ ഗതിമാറ്റി വിട്ടതെന്നുള്ള മാര്‍പാപ്പയുടെ പ്രസ്താവന അദ്ദേഹം അനുസ്മരിച്ചു. (മാര്‍പാപ്പ ഇറ്റാലിയന്‍ മെത്രാന്മാര്‍ക്കു നല്‍കിയ ധ്യാനം 1994) മാര്‍പാപ്പയുടെ കാറില്‍ പതിച്ച ഒരു വെടിയുണ്ട അന്നത്തെ ഫാത്തിമായിലെ ബിഷപ്പിനു കൊടുക്കുകയും അതു ഫാത്തിമാ മാതാവിന്‍റെ കിരീടത്തില്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1989 -നു ശേഷം പൂര്‍വ്വ യൂറോപ്പിലെ  റഷ്യയുള്‍പ്പെടെയുള്ള പലരാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യം തകര്‍ന്നു വീണതും ഈ ദര്‍ശനത്തിന്‍റെ വ്യാഖ്യാനത്തിലുള്‍പ്പെടുത്താം. ഇന്നു, കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയാണ് ഫാത്തിമാരഹസ്യ സൂചനയെങ്കിലും അന്നു മറിയം ആവശ്യപ്പെട്ട മാനസാന്തരവും പ്രായശ്ചിത്തവും ഇന്നും അവശ്യം ഉണ്ടാകേണ്ടതാണെന്നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1966-ല്‍ അനുസ്മരിപ്പിച്ചിട്ടുണ്ട്. രഹസ്യത്തിന്‍റെ മൂന്നാംഭാഗം യുക്തമായ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസസത്യത്തിന്‍റെ കോണ്‍ഗ്രിഗേഷന് ഏല്പിച്ചുകൊടുത്തിട്ടുമുണ്ട്.

ആത്മാക്കളെ രക്ഷിക്കുക എന്നതാണു ഫാത്തിമാ രഹസ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഉള്ളടക്കം. മൂന്നാംഭാഗത്തിന്‍റെ ആഹ്വാനം, പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം എന്നുതന്നെയാണ്. മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോ 1,15). വിശ്വാസികള്‍ വിശ്വാസത്തിലും, പ്രത്യാശയിലും ഉപവിയിലും വളരുക എന്നതാണു ദര്‍ശനങ്ങളുടെ ലക്ഷ്യമെന്നു സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ ബോധ്യമാവുകയും അത് അവള്‍ ലോകത്തോട് പറയുകയും ചെയ്തിരുന്നു (Congregation for the Doctrine of the Faith. The Message of Fatima Vatican City, 2000).

വേളാങ്കണ്ണി മാതാവ്

തമിഴ്നാട്ടിലെ വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ പരിശുദ്ധ മറിയത്തെ വിളിക്കുന്ന നാമമാണു വേളാങ്കണ്ണി മാതാവ് (ഒരു സ്ഥലത്തോടു ചേര്‍ത്തു മറിയവും പുണ്യാത്മാക്കളും അറിപ്പെടുന്ന പതിവു സഭയില്‍ നിലനില്ക്കുന്നതാണ്). ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നത് 16 ഉം-17 ഉം നൂറ്റാണ്ടുകളില്‍ സംഭവിച്ച രണ്ടു മരിയദര്‍ശനങ്ങളാണ്. ഇവയില്‍ ആദ്യത്തേത് ഒരിടയബാലനും രണ്ടാമത്തേത് ഒരു മുടന്തന്‍ കുട്ടിക്കുമുണ്ടായ മരിയദര്‍ശനമാണ്.

ഇടയബാലന്‍ പതിവുപോലെ മദ്ധ്യാഹ്നത്തില്‍ ആട്ടുടമയുടെ വീട്ടിലേക്കു പോയപ്പോള്‍ ക്ഷീണിതനായി, 'നമ്മുടെ നാഥയുടെ കുളം' എന്ന് ഇന്നറിയപ്പെടുന്ന കുളക്കരയിലുള്ള ആല്‍വൃക്ഷ ത്തിന്‍റെ ചുവട്ടില്‍ കിടന്നുറങ്ങി. ഉറക്കത്തില്‍ ശബ്ദം കേട്ടുണര്‍ന്ന അവനോടു ശിശുവിനെ കരങ്ങളില്‍ വഹിച്ചിരിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ പാല്‍ ചോദിക്കുന്നതായിട്ടാണ് അവന്‍ കണ്ടത്. യജമാനനു കൊടുക്കേണ്ട പാല്‍ ആഗ്രഹാനുസരണം അവന്‍ ആ സ്ത്രീയ്ക്കു കൊടുത്തു. ഭയവിഹ്വലനായി യജമാന്‍റെ അടുത്തു ചെന്നു പാത്രം തുറന്നപ്പോള്‍ അതില്‍ നിറയെ പാല്‍ ഉണ്ടായിരുന്നു. സംഭവിച്ചതറിഞ്ഞ ഹൈന്ദവ യജമാനന്‍ അവനോ ടൊത്തു ദര്‍ശനസ്ഥലത്തു ചെന്നപ്പോള്‍ അയാള്‍ക്കും ഇതേ ദര്‍ശനം ഉണ്ടായി. തത്ഫലമായി ഹൈന്ദവരീതിയിലുള്ള ഒരു വണക്കം അന്നുമുതല്‍ അവിടെ ആരംഭിച്ചു.

രണ്ടാമത്തേത് ഇന്നത്തെ വേളാങ്കാണ്ണിക്കടുത്ത് നടുത്തിടു എന്ന സ്ഥലത്തു മോരു വില്‍പ്പന നടത്തിവന്ന മുടന്തനായ ഒരു ബാലനുണ്ടായ ദര്‍ശനമാണ്. പരി. മരിയം അവനു പ്രത്യക്ഷപ്പെട്ടു തന്‍റെ ദൈവപൈതലിനു മോരു വാങ്ങികൊടുത്തശേഷം അവന്‍റെ മുടന്തു സുഖപ്പെടുത്തി. ഈ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച നാഗപട്ടണത്തെ കത്തോലിക്കനും ഇതേ ദര്‍ശനം ഉണ്ടായി. ശിശുവോടൊത്ത് ഒരു ദിവ്യസ്ത്രീയെ തദ്ദേശവസികളായ ഹിന്ദുക്കള്‍ ഒരു ദേവതയെപോലെ ആദ്യദര്‍ശനം ഉണ്ടായ കുളക്കരയില്‍ വണങ്ങുന്നതായി അറിഞ്ഞു. വേറൊരു ദര്‍ശനത്തില്‍ ആ ദിവ്യസ്ത്രീയുടെ ബഹുമാനാര്‍ത്ഥം ഒരു ദേവാലയം പണിയണമെന്നാവശ്യപ്പെടുകയും ഓലമേഞ്ഞ ഒരു ഷെഡ് പണിത് ആ സ്ത്രീയുടെ ഒരു സ്വരൂപം സ്ഥാപിക്കുകയും ചെയ്തു. അവിടെ ധാരാളം ജനങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ വന്നിരുന്നു; എന്നുമാത്രമല്ല ധാരാളം അത്ഭുതങ്ങള്‍ ഇന്നും നടക്കുകയും ചെയ്യുന്നു. ഇതിനുതെളിവായി ക്രച്ചര്‍ ഉപയോഗിച്ചു നടന്നവരുടെ ക്രച്ചറുകള്‍, സന്താനഭാഗ്യം ലഭിച്ച മാതാക്കള്‍ സമര്‍പ്പിച്ച തൊട്ടിലുകള്‍, തുടങ്ങിയ നന്ദി സ്മാരകങ്ങള്‍ ഇന്നും ഇവിടെ കാണാം.

കപ്പല്‍ക്കാരുടെ കപ്പേള :- പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചു ഗീസുകാരുടെ കാലത്തു ചൈനയിലെ മക്കോവായില്‍ നിന്നും സിലോണിലേക്കു പോയ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട പ്പോള്‍ അവര്‍ കന്യകാമറിയത്തില്‍ അഭയംതേടി പ്രാര്‍ത്ഥിച്ചു. ആപത്തില്‍നിന്നും രക്ഷപ്പെട്ട അവര്‍ കപ്പല്‍ അടുക്കുന്ന സ്ഥലത്ത് ഒരു ദൈവാലയം പണിയാമെന്നു നേര്‍ച്ച നേര്‍ന്നു. കപ്പല്‍ക്കാര്‍ ഇന്നത്തെ വേളാങ്കണ്ണിക്കു സമീപം അടുത്തു നേരത്തെ ഉണ്ടായിരുന്ന ഓലമേഞ്ഞ ഷെഡിലേക്കാണു പോയത്. അവര്‍ അവിടെ ദൈവാലയം പണിയാന്‍ തീരുമാനിച്ചപ്പോള്‍ പരിശുദ്ധ കന്യകതന്നെ ഇന്നു ദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം കാണിച്ചുകൊടുത്തു. 24 അടി നീളവും 12 അടി വീതിയുമുണ്ടാ യിരുന്ന പഴയ ആരാധനാലയം പുതുക്കി പണിതു. പഴയഷെഡിലെ തിരുസ്വരൂപം പുതുക്കിയ പള്ളിയിലേക്ക് അത്ഭുതകരമായി  സ്വയം മാറിയെന്നും ഐതിഹ്യമുണ്ട്. ഇന്ന് അള്‍ത്താരയില്‍ കാണുന്ന ബൈബിള്‍ സംഭവങ്ങള്‍ ഉല്ലേഖനം ചെയ്ത കളിമണ്‍ പെയിന്‍റിംഗ് ചൈനയില്‍ നിന്നും കൊണ്ടുവന്നതാണ്.

നാഗപട്ടണം മിഷന്‍റെ ഭാഗമായിരുന്ന വേളാങ്കണ്ണി എ ഡി 1771-ല്‍ ഒരു സ്വതന്ത്ര ഇടവകയാവുകയും 1847 ല്‍ മൈലാപ്പൂര്‍ രൂപതയുടെ ഭാഗമാക്കുകയും ചെയ്തു. ഫ്രാന്‍സിസ്കന്‍ സന്ന്യാസികള്‍ അതുവരെ ഭരിച്ചിരുന്നതിനാലാകണം ഇന്നും പ്രധാന അള്‍ത്താര യില്‍ ഫ്രാന്‍സീസ് അസീസി, വിശുദ്ധ അന്തോണീസ് ഇവരുടെ തിരുസ്വരൂപങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

ആധുനിക ദേവാലയം 70 അടി നീളവും 22 അടി വീതിയുള്ള താണെങ്കിലും പഴയ മദ്ബഹായും അള്‍ത്താരയും ഇന്നും സൂക്ഷി ക്കുന്നു. 1920 ല്‍ ഇന്നുള്ള രണ്ടു ഗോത്തിക് രൂപങ്ങ്ഹള്‍ നിര്‍മ്മി ച്ചു.1933-ലാണ് ദൈവാലയത്തിന്‍റെ ഇന്നു കാണുന്ന താഴികക്കുടം രൂപപകല്പന ചെയ്തത്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടകരായി വന്നും പ്രര്‍ത്ഥന വഴിയും അത്ഭുതകരമായി സുഖം പ്രാപിച്ചവരുടെ നേര്‍ച്ചയുടെ സ്മാരകങ്ങള്‍ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചു വരുന്നു ണ്ട്. പതിനായിരങ്ങള്‍ അനുദിനം ഈ കേന്ദ്രം സന്ദര്‍ശിച്ചുവരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും വേളാങ്കണ്ണി മാതാവിന്‍റെ നാമത്തിലുള്ള ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്നു വേളാങ്കണ്ണി ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാട നകേന്ദ്രമാണ്. ഈ സ്ഥലത്തിന്‍റെ പ്രത്യേകതയും താര്‍ത്ഥാടകരുടെ ബാഹുല്യവും മനസ്സിലാക്കി മറിയത്തോടുള്ള പ്രത്യേകം ബഹുമാനത്തോടെ ഇവിടുത്തെ ദൈവാലയത്തിനു ബസിലിക്കാ സ്ഥാനം നല്കി. 2004-ല്‍ ഉണ്ടായ വലിയ സുനാമിത്തിരയില്‍ വേളാങ്കണ്ണി മാതാവ് അനേകരുടെ ജീവന്‍ രക്ഷിച്ചു. സുനാമി ആഞ്ഞടിച്ച സമയത്ത് (രാവിലെ 7 മണിക്ക്) സുനാമിത്തിരകള്‍ കരയിലേക്ക് അടിച്ചുകയറി അനേകായിരങ്ങളെ കടല്‍ വിഴുങ്ങിയെ ങ്കിലും ഈ സമയത്തു ദേവാലയത്തില്‍  ബലിയര്‍പ്പണത്തില്‍ പങ്കുകൊണ്ടിരുന്ന ഏതാണ്ട് ആയിരത്തോളം വിശ്വാസികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് മറിയത്തിന്‍റെ വലിയ അത്ഭുതമായി ഭാരതം മുഴുവനും വിശ്വസിക്കുന്നു.

മജ്ഗോറ (Medjugorge)

പശ്ചിമബോസ്നിയായിലെ ഹെര്‍സെഗോവിന പ്രവിശ്യയി ലാണ് മാജ്ഗോറ എന്ന ഗ്രാമം. കൊവാര്‍സിയായുടെ തെക്കുപടി ഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് 25 കി.മീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം. അറിയപ്പെടാതിരുന്ന ഈ ഗ്രാമം 1981-ല്‍ പരി.ക.മറിയം ആറുക്രിസ്തീയകുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ടതുമുതലാണ് പ്രസിദ്ധമാകുവാന്‍ തുടങ്ങിയത്. 4000-ത്തോളം മാത്രം ജനങ്ങള്‍ താമസിച്ചിരുന്ന ഈ ഗ്രാമം ഇന്നു പട്ടണമായി വളര്‍ന്നിരിക്കുന്നു. പ്രതിവര്‍ഷം 30 ലക്ഷം തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നു എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.

ലൂര്‍ദിലെയും ഫാത്തിമയിലെയും മറിയത്തിന്‍റെ വെളിപാടുകള്‍ സഭ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഈ രണ്ടു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തെക്കാള്‍ ലോകത്തെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണു മജ്ഗോറ. മേല്പറഞ്ഞ മരിയന്‍വെളിപ്പെടുത്തലുകളില്‍ നിന്നും വ്യത്യസ്തമാണ് ഇവിടെ നടന്ന വെളിപ്പെടുത്തല്‍. ഉളളടക്കത്തിലും ആശയത്തിലും മജ്ഗോറയിലെ വെളിപ്പെടുത്തല്‍ അഞ്ചു ശീര്‍ഷകങ്ങളെപ്പെടുത്താം.

  1. വിശ്വാസം:- ദൈവപിതാവിലും അവിടുന്നയച്ച ഏകപുത്ര നിലുമുളള വിശ്വാസത്തിലേയ്ക്കുളള മറിയത്തിന്‍റെ വിളി                           
  2. പ്രാര്‍ത്ഥന: - നിശബ്ദവും ആഴമേറിയതുമായ ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനയിലേയ്ക്കുളള വിളി. ഇതോടൊപ്പം അനുദിനബലിയര്‍ പ്പണത്തിനും ജപമാല ചൊല്ലുന്നതിനും വി. ഗ്രന്ഥമനനത്തിനുമുളള വിളിയാണു മറിയം നല്കി വരുന്നത്. എല്ലാവരും മറിയത്തിന്‍റെ വിമലഹൃദയത്തിനും ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിക്കണം.                                                     
  3. ഉപവാസം:- ബുധനാഴ്ചയും വെളളിയാഴ്ചയും ഉപവസിക്കുവാനുളള മറിയത്തിന്‍റെ ആഹ്വാനം.                                                        
  4. മാനസാന്തരം: - മിശിഹായിലേയ്ക്കുള്ള മാനസാന്തരത്തിനുള്ള വിളി. 1981 ജൂണ്‍ 26-നു മറിയം നല്കിയ ഉപദേശത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: "സമാധാനം, സമാധാനം,സമാധാനം, ഏറ്റവും പ്രധാനപ്പെട്ടതു സമാധാനം മാത്രം. ദൈവവുമായും അപരനുമായും അനുരഞ്ജപ്പെടുക. ഇതു സാധിക്കുന്നതിനു വിശ്വസിച്ച്, പ്രാര്‍ത്ഥിച്ച്, ഉപവസിച്ച് അനുരഞ്ജന കൂദാശ സ്വീകരിക്കുക.                                                                                                                                               
  5. സമാധാനം:- സമാധാനം എന്നതുകൊണ്ട് ആത്മീയ സമാധാനമാണു ലക്ഷ്യമാക്കുന്നത്. ഇതു വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ഫലമാണ്. ഹൃദയത്തില്‍ വിരിഞ്ഞുനിറയുന്ന ഈ ആത്മീയസ മാധാനം ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നിറഞ്ഞുവരണം.

ചുരുക്കത്തില്‍, വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച്, ഉപവാസത്തോടെ അനുതപിക്കുന്നവര്‍ അനുരഞ്ജനകൂദാശ സ്വീകരിക്കുമ്പോള്‍ സമാധാനംകൊണ്ടു നിറയും. അനുതാപത്തിന്‍റെ പാത തുടരാനാ വാത്ത അവസ്ഥയാണു പാപം. കൗദാശിക ജീവിതത്തിനും ആദ്ധ്യാത്മിക സാധനകള്‍ക്കും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുമു ളള പ്രാധാന്യവും ആവശ്യകതയും മറിയം മജ്ഗോറയില്‍ ഊന്നി പ്പറയുന്നു.

ഇവിടുത്തെ മരിയന്‍ ദര്‍ശനത്തെക്കുറിച്ച് അവസാനവാക്ക് സഭ ഇന്നുവരെ പറഞ്ഞിട്ടില്ല. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഈ സ്ഥലത്തെക്കുറിച്ചു ദൈവശാസ്ത്രപഠനം നടന്നുകൊണ്ടിരിക്കുന്നു.

ഈ മരിയന്‍തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചും മറിയത്തിന്‍റെ ദര്‍ശനത്തെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്കിയ Tomisaslav Vasil എന്ന വൈദികന്‍റെമേല്‍സഭ 2009-ല്‍ ശിക്ഷണനടപടി സ്വീകരിച്ചു. തുടര്‍ന്നു മജ്ഗോറയിലെ മരിയന്‍ദര്‍ ശനം പഠനവിഷയമാക്കുന്നതിന് 2010-ല്‍ കര്‍ദ്ദിനാള്‍ കമില്ലൊ റൂയിനി (Camillo Ruini) യുടെ നേതൃത്വത്തില്‍ വിശ്വാസതിരുസംഘം ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മഞ്ഞുമാതാവ്   

ലിബേരിയൂസ് മാര്‍പാപ്പ (352-66)യുടെ കാലത്തു, മക്കള്‍ ഇല്ലാതിരുന്ന ഒരു റോമന്‍ദമ്പതിതങ്ങളുടെ സ്വത്തു ദൈവമാതാ വിന്‍റെ ബഹുമാനാര്‍ത്ഥം സഭയ്ക്കു നല്‍കാമെന്നു പ്രതിജ്ഞ ചെയ്തു. മറിയം ഈ പ്രതിജ്ഞ സ്വീകരിച്ചു എന്നതിന് ഒരടയാള മായാണ് വേനല്‍ക്കാലത്തു റോമിലെ ഒരു കുന്നില്‍ അദ്ഭുത കരമാംവിധം മഞ്ഞുപെയ്യുകയുണ്ടായി എന്നു വിശ്വസിച്ചു വരുന്നു. ആ രാത്രിയില്‍ മറിയം ആ ദമ്പതികള്‍ക്കു പ്രത്യക്ഷപ്പെടുകയും മഞ്ഞുപെയ്ത സ്ഥലത്ത് ഒരു ദേവാലയം പണിയാന്‍ ആവശ്യപ്പെടു കയും ചെയ്തു. ലിബേരിയൂസ് പാപ്പായ്ക്കും ഇതെപ്പറ്റി ഒരു ദര്‍ശനം ലഭിച്ചു. ദേവാലയം പണിയപ്പെട്ടു. പിന്നീട് സിക്സ്റ്റസ് മൂന്നാമന്‍ പാപ്പയുടെ കാലത്ത് (432-440) അതു പുനരുദ്ധരിച്ചു. ഇന്ന് ഈ ദൈവാലയം മേരിമേജര്‍ ബസിലിക്ക എന്ന പേരില്‍ അറിയപ്പെടുന്നു.  

എത്രയും ദയയുളള മാതാവേ!

മരിയഭക്തിയുടെ സുവര്‍ണ്ണകാലമെന്നു വിശേഷിപ്പിക്കാവുന്ന പതിനഞ്ചാംനൂറ്റാണ്ടില്‍ മരിയന്‍ഭക്തിയില്‍ ഉപയോഗിച്ചുതുടങ്ങിയ ഈ പ്രാര്‍ത്ഥന ഏതോ പൗരസ്ത്യപ്രാര്‍ത്ഥനകളിലെ ഒരു ചുരുങ്ങിയ രൂപമാണെന്നു പറയുന്നവരുണ്ട്. വിശുദ്ധ ബര്‍ണ്ണാദ് (1090-1153) "നമ്മുടെ മാതാവ്".  "നക്ഷത്രത്തെ നോക്കുക",  "മാതാവിന്‍റെ അപദാനങ്ങള്‍ വര്‍ണ്ണിച്ചാല്‍ ഒട്ടും അധികമാവില്ല" എന്നിങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന മാതാവിന്‍റെ വലിയ ഭക്തനായിരുന്നതിനാല്‍ ഈ പ്രാര്‍ത്ഥന അദ്ദേഹത്തിന്‍റെ (ബര്‍ണാര്‍ദിന്‍റെ 1090-1153) പേരില്‍ തെറ്റായി ആരോപിക്കപ്പെട്ടു. ഫ്രാന്‍സില്‍ ഈ പ്രാര്‍ത്ഥന പ്രചരിപ്പിച്ചതു ക്ലോഡ് ബര്‍ണ്ണാദ്     

(+1461) എന്ന വൈദികനായിരുന്നു. ഈ യാഥാര്‍ത്ഥ്യവും വി.ബെര്‍ണ്ണാദിന്‍റേതാണ് ഈ പ്രാര്‍ത്ഥന എന്ന് ആരോപിക്കാന്‍ ഇടയായി. ഭക്തിനിര്‍ഭരവും ആവേശം നിറഞ്ഞതുമാണ് ഈ പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുന്നവരില്‍ മാതാവിന്‍റെ നേര്‍ക്കുളള സ്നേഹവും അവളുടെ മാദ്ധ്യസ്ഥ്യത്തിലുളള പ്രത്യാശയും അതുവഴി ക്ലേശങ്ങളില്‍ ലഭിക്കാവുന്ന ആദ്ധ്യാത്മികസമാധാനവും സുനിശ്ചിതമായി അനുഭവപ്പെടുമെന്നാണു ഭക്തരുടെ വിശ്വാസം. അതുകൊണ്ടു മരിയഭക്തര്‍ തീക്ഷ്ണതയോടെ ഈ പ്രാര്‍ത്ഥന ചൊല്ലി വരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ വി.ലൂയി ദി മോണ്‍ ഫോര്‍ട്ട്  ഇതിന്‍റെ സുദീര്‍ഘമായ പരിഷ്കരിച്ച ഒരു പതിപ്പ് രചിക്കുക യുണ്ടായി.

വിമലഹൃദയഭക്തി

മറിയത്തിനു തങ്ങളെതന്നെ സമര്‍പ്പിക്കുന്ന പലതരത്തിലുള്ള ഭക്താനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഒന്നാണു മറിയത്തിന്‍റെ വിമലഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയ ഭക്തിയുടെ പ്രചാരകനായിരുന്ന ജോണ്‍ യൂദ് (ഖലമി ഋൗറലെ) ആണു വിമലഹൃദയഭക്തിയുടെ തുടക്കം കുറിച്ചതും പ്രചാരകനായി വര്‍ത്തിച്ചതും. ഈശോയുടെ തിരുഹൃദയഭക്തിയെക്കുറിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച The Sacred Heart of Jesus  എന്നതിന്‍റെ ചുവടുപിടിച്ചാണ് അദ്ദേഹം തന്‍റെ മരണ വര്‍ഷത്തില്‍ മറിയത്തിന്‍റെ വിമല ഹൃദയ ഭക്തിയുടെ പ്രാധാന്യം ആവശ്യകത, അടിസ്ഥാനം എന്നിവ വിവരിച്ചുകൊണ്ടു The Admirable Heart of Mary എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

മറിയത്തിന്‍റെ വിമല ഹൃദയത്തോടുള്ള ഭക്തി വളരെ ശാസ്ത്രീയമായി വിലയിരുത്തിയാണ് അദ്ദേഹം പഠനം നടത്തിയിട്ടു ള്ളത്. മറിയത്തിന്‍റെ ഹൃദയത്തിന് മൂന്നു തലങ്ങളാണുള്ളത്.

  1. ശാരീരികഅവയവമായ ഹൃദയം. ഈ ഹൃദയമാണു ദൈവപുത്രനു രക്തവും മറ്റു പോഷണങ്ങളും നല്കി ഉദരത്തില്‍ വളര്‍ത്തിയത്.
  2. ആത്മീയഹൃദയം: വിശുദ്ധമായ അവസ്ഥയാണിത്. ഇതുവഴി അവ ള്‍ ദൈവീകസ്വഭാവവുമായി ഐക്യപ്പെട്ടിരിക്കുന്നു.
  3. ദൈവിക ഹൃദയം: ഇതുവഴിയാണു മറിയം ദൈവമാതൃ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.

ഈ അര്‍ത്ഥത്തിലാണ് ഈശോ പിതാവായ ദൈവത്തിന്‍റെയും മറിയത്തിന്‍റെയും ഹൃദയമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നത്. അവ തരിച്ച വചനം പിതാവിന്‍റെയും മറിയത്തിന്‍റെയും മാത്രമല്ല അവരുടെ ഹൃദയത്തിന്‍റെയും പുത്രനാണ്. അവന്‍ മറിയത്തിന്‍റെ ഉദരത്തില്‍ ജനിച്ചതോടെ അവളുടെ ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ഭാഗമാണ്. അതുവഴി മറിയം ത്രിത്വത്തിന്‍റെ ജീവന്‍റെ ഭാഗമായി തീര്‍ന്നു. ഇത്തരത്തില്‍ മാതൃപുത്രബന്ധം വിവരിക്കുന്നതിലൂടെ പുത്രന്‍റെ ഹൃദയവുമായി ബന്ധപ്പെടുത്തി മറിയത്തിന്‍റെ ഹൃദയം പുത്രന്‍റെ എല്ലാ സ്വഭാവഗുണങ്ങളുമുള്ള ചെറിയ പതിപ്പാണെന്നും (microcosm) ഓര്‍മിപ്പിക്കുന്നു. അതിനാല്‍ തന്നെ ദൈവപുത്രന്‍റെതുപോലെ അവളുടെ സ്നേഹ ത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും അടിസ്ഥാനത്തില്‍ ലോകത്തി ന്‍റെതന്നെ ഒരു ചെറിയ പതിപ്പാണ്.

വിമലഹൃദയഭക്തി ഈശോയുടെ തിരുഹൃദയഭക്തിയുമായി ബന്ധപ്പെടുത്തി അതു മറിയത്തോടുള്ള വ്യക്തിപരമായ ബന്ധത്തിനായുള്ള ഒരു ഭക്താനുഷ്ഠാനമാണെന്നു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 17ാം നൂറ്റാണ്ടുമുതല്‍ വളര്‍ന്നുവന്ന ഈ ഭക്താനുഷ്ഠാനം മറിയത്തിന്‍റെ അമലോദ്ഭവപ്രഖ്യാപന ത്തോടെ (1854) അമലോദ്ഭവഭക്തിയായി പ്രചരിച്ചു തുടങ്ങി. ഇതിനുമുമ്പു തന്നെ ഈ ഭക്താനുഷ്ഠാനത്തിന്‍റെ പ്രപാരണത്തിന്‍റെ ഭാഗമായി അമലോഭ്ദവഭക്തിയുടെ കാശുരൂപ (miraculous medal of the Immaculate Conception  1832) വും അമലോദ്ഭവ ഹൃദയത്തിന്‍റെ സഹോദരന്മാര്‍ എന്ന അല്മായ സംഘടന (Conferternity of the Holy and Immaculat Heart of Mary, Pope Gregory VI 1838) യും രൂപംകൊണ്ടു. തുടര്‍ന്നു ഫാത്തിമ ദര്‍ശനം ഈ ഭക്താനുഷ്ഠാനത്തിന്‍റെ വളര്‍ച്ചയ്ക്കു കാരണമായി. ഇതിനുമുമ്പുതന്നെ 1899-ല്‍ ലോകത്തെ മുഴുവനും ഈശോയുടെ തിരുഹൃദയത്തിനു 13-ാം ലെയോ മാര്‍പാപ്പാ സമര്‍പ്പിച്ചതിന്‍റെ തുടര്‍ച്ചയായി ഫാത്തിമ ദര്‍ശനം ലഭിച്ച ലൂസിയുടെ ആഗ്രഹ പ്രകാരം 1942-ല്‍ 12-ാം പിയൂസ് മാര്‍പാപ്പാ ലോകത്തെ മുഴുവനു മായി മറിയത്തിന്‍റെ അമലോദ്ഭവ ഹൃദയ ത്തിനു സമര്‍പ്പിച്ചു. 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഈ സമര്‍പ്പണം തുടര്‍ന്നു.

തിരുഹൃദയഭക്തിപോലെതന്നെ ഇന്നും സഭയില്‍ തുടരുന്ന ഒരു ഭക്താനുഷ്ഠാനമാണ് അമലോദ്ഭവ ഹൃദയഭക്തി. ഈ ഭക്താനു ഷ്ഠാനത്തിന്‍റെ ഭാഗമായി ഈശോയുടെയും മറിയത്തിന്‍റെയും ഹൃദയങ്ങള്‍ ചിത്രീകരിച്ചു വീടുകളില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. മാര്‍ഗ്രറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മുള്‍മുടി ചുറ്റപ്പെട്ടതായി ഈശോയുടെയും ശിമയോന്‍ പ്രവചനത്തിന്‍റെ  അടിസ്ഥാനത്തില്‍ (ലൂക്ക 2, 35) പുഷ്പാലംകൃതവും വാളുകൊണ്ടു കുത്തിതുറക്കുന്ന രീതിയിലുള്ള മറിയത്തിന്‍റെ ഹൃദയവുമാണ് ഈ ചിത്രീകരണത്തില്‍ കാണുന്നത്. അമലോത്ഭവ മറിയത്തിന്‍റെ ചിത്രം അടയാളപ്പെടുത്തിയിട്ടുള്ള പ്രത്യേക ഉത്തരീയം നിലനില്ക്കുന്നു. തിരുഹൃദയത്തിരുനാളിനു ശേഷം വരുന്ന ശനിയാഴ്ച വിമലഹൃദയത്തിരുനാളായി ആഘോ ഷിച്ചു വരുന്നു. എല്ലാ മാസത്തെയും ആദ്യശനിയാഴ്ച വിമലഹൃദയ ദിനമായി ആഘോഷിക്കുന്നു.

വിമലഹൃദയത്തിരുനാള്‍

മറിയത്തിന്‍റെ നിര്‍മ്മലഹൃദയത്തോടുള്ള ഭക്തിയുടെ പിതാവും ഗുരുവും പ്രഥമ അപ്പസ്തോലനും വി.ജോണ്‍ യൂദ്‌ (ഖീവി ഋൗറലെ 1606-1680) ആണെന്നാണു ലിയോ 13-ാമന്‍, പീയൂസ് 10-ാമന്‍ എന്നീ മാര്‍പാപ്പമാര്‍ പ്രസ്താവിച്ചിട്ടുള്ളത്. ഈശോയുടെ തിരു ഹൃദയത്തിരുനാള്‍ ആചരിക്കുന്നതിന് (1765) ഇരുപതു വര്‍ഷം മുമ്പുതന്നെ വി. യൂഡ്സ് തന്‍റെ സമൂഹത്തില്‍ മറിയത്തിന്‍റെ വിമലഹൃദയത്തിരുനാള്‍ ആചരിച്ചിരുന്നു. പീയുസ് 6-ാമന്‍ മാര്‍പാപ്പ പലേര്‍മോയിലും (Palermo) പീയുസ് 7-ാം മാര്‍പാപ്പ, ആവശ്യ പ്പെടുന്ന രൂപതകള്‍ക്കും സമൂഹങ്ങള്‍ക്കും ഈ തിരുനാള്‍ ആഘോഷം അനുവദിക്കാമെന്നു തീരുമാനമെടുത്തു. അതിനായി ഓഗസ്റ്റ് 5-ലെ മഞ്ഞുമാതാവിന്‍റെ തിരുനാളിന്‍റെ പ്രാര്‍ത്ഥനകള്‍ ചെറിയ വ്യത്യാസങ്ങളോടെ ഉപയോഗിക്കണമെന്നും നിഷ്കര്‍ ഷിച്ചു. 1914-ല്‍ ലത്തീന്‍ കുര്‍ബാനക്രമത്തില്‍ ഈ തിരുന്നാളിന്‍റെ പ്രാര്‍ത്ഥനകള്‍ അനുബന്ധത്തില്‍ അച്ചടിച്ചു.

12-ാം പീയൂസ് മാര്‍പാപ്പ 1942 -ല്‍ മറിയത്തിന്‍റെ വിമലഹൃദ യത്തിനു ലോകത്തെ സമര്‍പ്പിച്ചതുമുതല്‍ സ്വര്‍ഗ്ഗാരോപണത്തിന്‍റെ 8-ാം ദിവസമായ ആഗസ്റ്റ് 22-ന് ആഘോഷപൂര്‍വ്വം ഇതു ലത്തീന്‍ സഭയില്‍ ആചരിക്കണമെന്നു നിഷ്കര്‍ഷിച്ചു.

1969-ലെ ആരാധനക്രമനവോത്ഥാനത്തിനുശേഷം ഈശോയുടെ തിരുഹൃദയത്തിരുനാളിന്‍റെ അടുത്തദിവസം ഈ തിരുനാള്‍ ആഘോഷിക്കുവാന്‍ നിശ്ചയിച്ചു. പെന്തക്കുസ്തായെ തുടര്‍ന്നുള്ള രണ്ടാം ഞായറിനു ശേഷം വരുന്ന ശനിയാഴ്ചയാണിത്. മറിയത്തിനു മനുഷ്യരോടുള്ള സഹതാപം അവളുടെ ഹൃദയവുമായി ബന്ധപ്പെടുത്തി പൗരസ്ത്യനായ ശിമയോന്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ഈശോയുടെയും മറിയത്തിന്‍റെയും ഹൃദയങ്ങള്‍ കുത്തി തുറക്കപ്പെട്ടു. 1144-ല്‍ എഗ്ബര്‍ട്ട് ഷ്യേണാബ് (Ekbert of Sehoenabu) ആണു വിമലഹൃദയത്തോടുള്ള പ്രാര്‍ത്ഥന ആദ്യമായി രചിച്ചത്.

മറിയമേ, നിന്‍റെ ഹൃദയത്തോടു ഞാന്‍ സംസാരിക്കും. ഞാന്‍ നിന്‍റെ വിമലഹൃദയത്തോടു സംഭാഷിക്കും. ലോകനാഥേ, എന്‍റെ ആത്മാവില്‍ നിന്നു നിന്നെ ഞാന്‍ വണങ്ങും. പിതാവിന്‍റെ മടിയില്‍ നിന്നു വന്ന പുത്രനെ സ്വീകരിക്കാന്‍ സൂര്യനു താഴെ അര്‍ഹയായിത്തീര്‍ന്ന നിന്‍റെ വിമലഹൃദയത്തെ ഞാന്‍ അഭിവാദനം ചെയ്യും.

"മാധുര്യമുള്ള അമ്മേ, എല്ലാ ഭക്തരും നിന്‍റെ ഹൃദയത്തിന്‍റെ ആനന്ദം പ്രകീര്‍ത്തിക്കട്ടെ. അതില്‍ നിന്നാണല്ലോ ഞങ്ങളുടെ രക്ഷ നിര്‍ദേശിച്ചത്."

മധ്യശതകങ്ങളില്‍ കപ്പൂച്ചിന്‍ സന്യാസികളും പിന്നീട് ഈശോസഭക്കാരും ഈ ഭക്തിയിലേക്കു വന്നു. വി.ഫ്രാന്‍സീസ് സാലസ് ദൈവസ്നേഹത്തെക്കുറിച്ചുള്ള തന്‍റെ പ്രബന്ധം പ്രതിഷ്ഠിച്ചത് "ഈശോയുടെ ഏറ്റം ഇഷ്ടമുള്ള സ്നേഹാര്‍ഹമായ മറിയത്തന്‍റെ ഹൃദയത്തിനാണ്."

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിച്ചുതുടങ്ങി. മറിയം തന്‍റെ ഹൃദയത്തില്‍ എല്ലാം സംഗ്രഹിച്ചു ധ്യാനിച്ചു (ലൂക്ക 2, 19-51)വെന്നതു ദൈവാനുഭവത്തിന്‍റെ അടയാളമായി ദൈവശാസ്ത്രജ്ഞമാര്‍ കരുതി. ദൈവവിളിക്കുള്ള പ്രത്യുത്തരവും രക്ഷാകര പദ്ധതിക്കുള്ള സഹകരണവും അതു വ്യക്തമാക്കി. മറിയത്തിന്‍റെ ഹൃദയത്തില്‍നിന്നും വിശ്വാസവും സമ്മതവും നിര്‍ഗ്ഗളിച്ചു. അതുവഴി ലോകരക്ഷ ആരംഭിച്ചു എന്നാണു വി.ലോറന്‍സ് വിശ്വസിക്കുന്നത്.

വി.ജോണ്‍  യൂഡിന്‍റെ ശ്രമഫലമായി വിമലഹൃദയത്തിന്‍റെ ബഹുമാനാര്‍ത്ഥമുള്ള പ്രാര്‍ത്ഥനകള്‍ 1648 മെയ് 8 ന് ആദ്യമായി ലത്തീന്‍ കുര്‍ബാനക്രമത്തില്‍ ഉപയോഗിച്ചു തുടങ്ങി. വിമല ഹൃദയത്തിന്‍റെ നാമത്തിലുള്ള ആദ്യദേവാലയം 1655 ല്‍ പണിയപ്പെട്ടു. ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചുള്ള പഠനങ്ങളോടൊപ്പം വിമലഹൃദയവും പ്രതിപാദനവിഷയമായി. അതിന്‍റെ ഫലമായി നാല്പതോളം സന്യാസസമൂഹങ്ങള്‍ വിമല ഹൃദയത്തിന്‍റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു. അതില്‍ ആദ്യത്തേത് ഫ്രഞ്ചു വിപ്ലവകാലത്തു ഫാ. പിയര്‍ ജോസഫ് ക്ലോറിവിയേര്‍ (1735 - 1820) സ്ഥാപിച്ച Daughter of the Heart of Mary ആണ്.

ഫാത്തിമമാതാവ് ലോകത്തെ വിമലഹൃദയത്തിനു പ്രതിഷ്ഠി ക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണു 12-ാം പീയൂസ് മാര്‍പാപ്പ ഫാത്തിമ ദര്‍ശനത്തിന്‍റെ 25-ാം വാര്‍ഷികത്തില്‍ പോര്‍ച്ചുഗലിലേക്ക് അയച്ച റേഡിയോ സന്ദേശത്തില്‍ 1942-ല്‍ ഇപ്രകാരം ലോകത്തെ സമര്‍പ്പിച്ചു. മനുഷ്യചരിത്രത്തിന്‍റെ ഭയാജനകമായ ഈ മണിക്കൂറില്‍ നിനക്കും നിന്‍റെ വിമലഹൃദയത്തിനുമായി സമര്‍പ്പിക്കുകയും ഏല്പിച്ചു തരികയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നതു നിരവധി ഭാഗത്തും വിധത്തിലും ക്ഷതപ്പെട്ടു രക്തം ചിന്തുന്ന നിന്‍റെ പുത്രന്‍റെ മൗതിക ശരീരമാകുന്ന സഭയെ മാത്രമല്ല ലോകത്തെ മുഴുവനു മായാണ് 1952-ല്‍ റഷ്യയെയും ഇപ്രകാരംതന്നെ മാര്‍പാപ്പ സമര്‍പ്പിച്ചു.

അഭിഭാഷക

പരി.കന്യാമറിയത്തിനു നല്കിയിരിക്കുന്ന അഭിധാനങ്ങളില്‍ പലപ്പോഴും സംശയാസ്പദമായി ചിന്തിക്കുകയും ദൈവശാസ്ത്ര ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയും ചെയ്തിട്ടുളളതാണു മറിയം 'അഭിഭാഷക' എന്നത്. കന്യകയായ പരി.മറിയം കന്യകയായ ഹവ്വയുടെ അഭിഭാഷക (Paracleto) യായി എന്നുളള ഇരണേവൂ സിന്‍റെ പരാമര്‍ശം (Adversus Haereses) മുതല്‍ പല സഭാപിതാക്ക ന്മാരുടെ പഠനങ്ങളിലും പുരാതനരേഖകളിലും ഈ പഠനം കാണാവുന്നതാണ് (ദമാസ്ക്കസിലെ യോഹന്നാന്‍ 96,733; ഗായകനായ റൊമാനോസ് Hymns on Nativity II, SC 110, 110 ). 12-ാം നൂറ്റാണ്ടിലെ ടമഹ്ല ഞലഴശിമ എന്ന ഗീതകത്തിലും (ജഘ 183,43) മാര്‍പാപ്പാമാരുടെ ഔദ്യോഗികരേഖകളിലും (Leo X, Pastoris Aeterni, 1520; Gloriosae 1587; Clement IX , Sincera 1667; Clement XI, Commissi Nobis, 1708; Pius X, XI, XII) ഈ സംജ്ഞ ഉപയോഗിച്ചിട്ടുണ്ട്. അവസാനമായി രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകളിലും ഈ പദം ഉപയോഗിച്ചിരിക്കുന്നതു കാണാം (LG 62).

കൃത്യമായ അര്‍ത്ഥത്തില്‍ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യമാണ് ഇതിലെ ഉളളടക്കം. ദൈവശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഈ പദം ഉപയോഗിക്കുന്നതുവഴി ഉണ്ടാകാവുന്നതു കൊണ്ടു വ്യക്തതയോടെ ഇതു ഉപയോഗിക്കണമെന്നാണു സഭയുടെ പഠനം. മറിയം മാദ്ധ്യസ്ഥയാണ്; എന്നാല്‍, അതു കര്‍ത്താവിന്‍റെ ഏകമാദ്ധ്യസ്ഥ്യ ത്തില്‍ നിന്നുളളതും ക്രിസ്തുവിലേയ്ക്കു നയിക്കുന്നതും എന്നാല്‍ ക്രിസ്തുവിന്‍റെ ഏകമാദ്ധ്യസ്ഥ്യത്തെ ഒരു വിധത്തിലും ഹനിക്കാത്തതുമാണ്  LG 60,61,62;വി.അംബ്രോസ് Epistle 63,PL 16,1218). ഈ ആശയത്തില്‍തന്നെയാണ് അഭിഭാഷക എന്നതു മനസ്സിലാകേണ്ടതും.

 

                                                                           ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍

Dr. George Karukapparampil mariology mary catholic malayalam catholic rosary various-terms-in-mariyan-devotion mary in church history importance of rosary Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message