x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം

തെയ്യാര്‍ദ് ഷര്‍ദാന്‍റെ ദൃഷ്ടിയില്‍ പ്രപഞ്ചത്തിന്‍റെ ക്രിസ്തോന്മുഖത

Authored by : Mar Joseph Pamplany On 27-Jan-2021

പശ്ചാത്തലം

ആധുനിലോകത്തെവിടെയും ഈശ്വരവിശ്വാസം ക്ഷയിച്ചു വരുന്നതായി നാം കാണുന്നു. ഭൗതിക ശാസ്ത്രങ്ങളുടെ വളര്‍ച്ചയാണ്, ഈശ്വര വിശ്വാസത്തിന്‍റെ തളര്‍ച്ചക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നു. ആധുനിക ശാസ്ത്രങ്ങള്‍ അത്ഭുതാവഹമായി പുരോഗമിച്ച പാശ്ചാത്യ രാജ്യങ്ങളില്‍, ക്രിസ്തുമതം ക്ഷയോന്‍മുഖമായി വരുന്നതുപോലെ കാണപ്പെടുന്നു. പാശ്ചാത്യ ലോകത്ത് ദൃശ്യമാകുന്ന ഈ പ്രതിഭാസമാണ്, "അക്രൈസ്തവീകരണം" (dechristiazation) എന്നപേരില്‍ അറിയപ്പെടുന്നത്. ഉടനെ തന്നെ പരിഹാരം കാണേണ്ട ഒരു ഗൗരവപ്രശ്നമായി. ഈ "അക്രൈസ്തവീകരണ"ത്തെ പാശ്ചാത്യചിന്തകര്‍ പരിഗണിക്കുന്നു. പ്രസ്തുത പ്രശ്നത്തിന്‍റെ ഗൗരവം ഈ അടുത്ത കാലത്ത് ഏററവും കൂടുതല്‍ മനസ്സിലാക്കിയത് "തെയ്യാര്‍ദ് ഷര്‍ദാന്" ആയിരുന്നു. "വര്‍ധമാനവും അപ്രതിരോധ്യവുമായ അക്രൈസ്തവീകരണ ത്തെക്കുറിച്ച് 1949-ല്‍ മനത്തന്നെ തെയ്യാര്‍ എഴുതുകയുണ്ടായി. അക്രൈസ്തവീകരണത്തിന്‍റെ അലകള്‍ ഇനിയും ശമിച്ചിട്ടില്ല; അത് പൂര്‍വ്വാധികം ശക്തിയാര്‍ജിച്ച് വ്യാപിക്കുന്നതായി തോന്നുന്നു. ശൂന്യമായിക്കൊണ്ടിരിക്കുന്ന അനേകം ദൈവാലയങ്ങളും സന്യാസഭവനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ അക്രൈസ്തവീകരണത്തിന്‍റെ, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിലെ അക്രൈസ്തവീകരണത്തിന്‍റെ ദയനീയ സൂചനകളാണ്. ഇങ്ങനെ, ക്രൈസ്തവരാജ്യങ്ങളില്‍ ഒരു "നവപേഗനിസം" (neo-paganism) വേരുപാകുന്നതിന്‍റെ ഫലമായി, ക്രിസ്തുമതസൗധത്തിന്‍റെ അടിത്തറയ്ക്ക് ഇളക്കം തട്ടുന്നതായി അനുഭവപ്പെടുന്നു. മതയാഥാര്‍ഥ്യങ്ങളും മൂല്യങ്ങളും ഗ്രഹിക്കുവാനുള്ള ആധുനിക മനുഷ്യന്‍റെ കഴിവുകേടിന്‍റെ ഫലമായി ചിലര്‍ അക്രൈസ്തവീകരണത്തെ വീക്ഷിച്ചു. ക്രിസ്തുമതം കാലഹരണപ്പെടുന്നതുനിമിത്തമാണ്, അക്രൈസ്തവീകരണം സംഭവിക്കുന്നതെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എങ്കിലും ഈ രണ്ട് അഭിപ്രായങ്ങളും തെയ്യാറിന് സ്വീകാര്യമായിത്തോന്നിയില്ല. പ്രശ്നത്തിന്‍റെ യഥാര്‍ഥ കാരണം മറ്റെന്തോ ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ച. ക്രൈസ്തവരാജ്യങ്ങളിലെ ആധുനികപ്രതിസന്ധിയുടെ യഥാര്‍ഥകാരണത്തെക്കുറിച്ച് തെയ്യാറിനുണ്ടായിരുന്നവീക്ഷണം ഇപ്രകാരമായിരുന്നു: ആധുനികമനുഷ്യന്‍ സര്‍വപ്രകാരേണയും തന്‍റെ ആത്മഭാവം സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു; അതായത് ആധുനികനായിരിക്കാന്‍ വെമ്പല്‍കൊള്ളുന്നു. സാര്‍ഥകമായ മനുഷ്യത്വവും കലര്‍പ്പില്ലാത്ത ആധുനികതയും അവന്‍ കാംക്ഷിക്കുന്നു. ഇതാണവന്‍റെ മൗലികദാഹം. ഈ ദാഹത്തെ പരിഗണിക്കാത്ത ഏതു മതത്തെയും അവന്‍ ശക്തമായി എതിര്‍ക്കുകയും പാടെ തിരസ്കരിക്കുകയും ചെയ്യും. ആധുനികമനുഷ്യന്‍റെ ഈ അഭിലാഷത്തോടും പൂര്‍ണമായും നീതി പുലര്‍ത്തുന്ന വിധത്തിലായിരുന്നില്ല സഭാധികാരികള്‍ ക്രിസ്തുമതത്തെ പലപ്പോഴും വിശദീകരിച്ചിരുന്നതും പ്രായോഗികമാക്കിയിരുന്നതും. ഇതത്രേ തെയ്യാറിന്‍റെ വീക്ഷണത്തില്‍ ക്രൈസ്തവരാജ്യങ്ങളിലെ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം.

ആധുനികമനുഷ്യന് അഗാധവും ഉദാത്തവുമായ ഈശ്വര വിശ്വാസം പുലര്‍ത്തുവാന്‍ കഴിയുമെന്ന് തെയ്യാര്‍ മനസ്സിലാക്കി. ഇക്കാലത്തു അവതരിപ്പിക്കപ്പെടുന്ന ദൈവത്തിനും മനുഷ്യനും തമ്മില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത ആധുനികമനുഷ്യനില്‍ അര്‍ഥവത്തായ വിശ്വാസം ജനിപ്പിക്കുവാന്‍ അശക്തമാണെന്ന് തെയ്യാര്‍ ഒരിക്കലും കരുതിയിരുന്നില്ല.

മനുഷ്യരെ വശീകരിക്കുവാന്‍ ക്രിസ്തുമതത്തിനുള്ള അപാരമായ കഴിവിന് എന്തെങ്കിലും കോട്ടം സംഭവിച്ചതുകൊണ്ടല്ല ഇത്. മറിച്ച്, എനിക്കുപറയുവാനുള്ളതെല്ലാം അതിന്‍റെ അനന്യസാധാരണമായ അനുരൂപണസാധ്യതയേയും ശ്രേഷ്ഠതയേയും പ്രസ്പഷ്ടമാക്കുന്നതാണ്.

ക്രിസ്തുമതം ആധുനികമനുഷ്യന് പലപ്പോഴും രുചിക്കാതെ പോകുന്നത് അതിന് അതിന്‍റെ രുചി നഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ടല്ല, പ്രത്യുത, ആധുനികജീവിതത്തിന് സാര്‍ഥകമായ വിധത്തില്‍ അതിനെ വ്യാഖ്യാനിക്കാത്തതുകൊണ്ടാണ്.

എന്താണ് പ്രതിവിധി? ആധുനികമനുഷ്യന്‍റെ അര്‍ഥവത്തായ ഈ അഭിലാഷത്തിനനുയോജ്യമായ വിധത്തില്‍ ക്രിസ്തുമതം അവതരിപ്പിക്കുക, പ്രാവര്‍ത്തികമാക്കുക. ഇവരണ്ടുമായിരുന്നു തെയ്യാര്‍ ചെയ്യാനുദ്ദേശിച്ച കൃത്യങ്ങള്‍. ഈ കൃത്യങ്ങള്‍ നിര്‍വഹിക്കുകയും, അതുവഴി ആധുനികയുഗത്തില്‍ ക്രിസ്തുമതത്തിനുള്ള സാംഗത്യം സ്ഥാപിക്കുകയും ചെയ്യുക തന്‍റെ പ്രത്യേക ദൗത്യമാണെന്ന് തെയ്യാറിന് നന്നേ ബോധ്യമായിരുന്നു. അദ്ദേഹത്തിന്‍റെ ഒരെഴുത്തില്‍ നാമിപ്രകാരം വായിക്കുന്നു.

"എന്‍റെ ശ്രദ്ധയെ കൂടുതല്‍ പിടിച്ചുപറ്റുകയും, എന്‍റെ മനസ്സിനെ അലട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന കര്‍ത്തവ്യം, നിനക്ക് അറിയാവുന്നതുപോലെ, ഒരു പുതിയ മതം (അതിനെ വേണമെങ്കില്‍ പരിഷ്കൃതക്രിസ്തുമതം എന്ന് വിളിച്ചുകൊള്ളൂ) എന്നില്‍ രൂപപ്പെടുത്തുകയും, എന്‍റെ ചുറ്റുപാടും പ്രസരിപ്പിക്കുകയുമത്രേ. അതിലെ പുരുഷാത്മകനായ ദൈവം കഴിഞ്ഞുപോയ നവപ്രസ്തര (neo-lithic) യുഗത്തിലെ ഒരു വലിയ ജന്മിയെപോലെ ആയിരിക്കുകയില്ല. പിന്നെയോ നാമിപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ള സാംസ്കാരികവും മതപരവുമായ കാലഘട്ടം ആവശ്യപ്പെടുന്ന ലോകത്തിന്‍റെ ആത്മാവായിരിക്കും."

തെയ്യാര്‍ പഠിപ്പിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്ത സാര്‍ഥക ക്രിസ്തുവിജ്ഞാനിയത്തിന്‍റെ (christolgy) കാതല്‍ കാണാനുള്ളശ്രമം മാത്രമാണ് ഈ പ്രബന്ധത്തില്‍. പരിഷ്കൃത ക്രിസ്തുമതത്തിന്‍റെ വിശദാംശങ്ങള്‍ ഇതില്‍ കണ്ടെന്നുവരില്ല.

ഈ ക്രിസ്തുമതത്തില്‍ നൂതനമായ എന്തോ ഒന്നുണ്ടെന്നുള്ളത് തീര്‍ച്ച. പുതിയ നിയമപ്രബോധനത്തിന്‍റെ ഏതെങ്കിലും ഒരംശം ഉപേക്ഷിക്കുന്നുവെന്നതിലല്ല ഈ നൂതനത്വം കുടികൊള്ളുന്നത്. ആധുനികമനുഷ്യന് രുചിക്കുന്ന കൗതുകജനകമായ ഏതെങ്കിലും പുതിയ സിദ്ധാന്തം ഉള്‍ക്കൊള്ളുന്നതുമല്ല ഇതിന്‍റെ നവീനതയ്ക്കു കാരണം. തെയ്യാര്‍ തന്‍റെ ക്രിസ്തുകേന്ദ്രിതമായ പ്രപഞ്ചവീക്ഷണത്തില്‍ അന്നുവരെ അമിതപ്രാധാന്യം കല്പിച്ചിരുന്ന ചിലവശങ്ങളെ പിന്നിലേക്ക് തള്ളുകയും, അന്നുവരെ അവഗണിക്കപ്പെട്ടിരുന്ന ഒരു വശത്തിലേക്ക് ശ്രദ്ധ കേന്ദീകരിക്കുകയും ചെയ്തു. തെയ്യാറിന്‍റെ ക്രിസ്തുകേന്ദ്രിതവീക്ഷണം, ക്രിസ്തുവും പ്രപഞ്ചവുമായുള്ള ബന്ധം സംബന്ധിച്ച ഒരു പുതിയ ഉള്‍ക്കാഴ്ചയുടെ ഫലമാണെന്ന് പറയാം. കുറേ പുതിയ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ ലക്ഷ്യം ക്രിസ്തുമതസത്യങ്ങളെ, ക്രിസ്തുവും പ്രപഞ്ചവുമായുള്ള ബന്ധത്തെ പ്രത്യേകിച്ചും, അഗാധമായും നവീനമായും വിശദീകരിക്കുക എന്നതുമാത്രമായിരുന്നു തെയ്യാറിന്‍റെ ഉന്നം.

പ്രപഞ്ചത്തെക്കുറിച്ച് നമുക്കുള്ള ധാരണയാണ് ക്രിസ്തുവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പുതിയവീക്ഷണം ആവശ്യപ്പെടുന്നത്. ധാരാളം തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചം നിശ്ചലമല്ല എന്ന സത്യം ശാസ്ത്രം സ്ഥാപിച്ചിണ്ട്. സ്ഥൈതിക പ്രപഞ്ചം ഒരു കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ഥപ്രപഞ്ചം ചലനാത്മകവും പരിണാമാത്മകവുമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയവീക്ഷണത്തില്‍ വന്ന സാരവും അര്‍ഥഗര്‍ഭവുമായ ഒരു മാറ്റമാണിത്. ഈ മാറ്റം ക്രിസ്തുവും പ്രപഞ്ചവുമായുള്ള ബന്ധത്തിന്‍റെ ഒരു പുനഃപരിശോധന ആവശ്യമാക്കിത്തീര്‍ക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഭാഷയില്‍, "വസ്തുക്കള്‍ പ്രായേണ നിശ്ചലമാണെന്ന് കരുതിയിരുന്ന ഒരു ചിന്താഗതിയിലേക്ക് മനുഷ്യവംശം പ്രവേശിച്ചുകഴിഞ്ഞിരിക്കയാണ്. തന്മൂലം ഉദ്ഗ്രഥനാപഗ്രഥനങ്ങള്‍ക്ക് നവീനയത്നങ്ങള്‍തന്നെ ആവശ്യപ്പെട്ടുകൊണ്ട് പുതിയൊരുപ്രശ്നപരമ്പര തലപൊക്കിയിരിക്കുന്നു." യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള പുതിയ വീക്ഷണം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈപുതിയ പ്രശ്നങ്ങളില്‍ ഒന്നാണ് ക്രിസ്തുശാസ്ത്രപരമായ പ്രശ്നം-ചലനാത്മകവും പരിണാമാത്മകവുമായ പ്രപഞ്ചത്തോട് ക്രിസ്തുവിനുള്ള ബന്ധം വിശദീകരിക്കുകയെന്ന പ്രശ്നം.

കുറെ ദശകങ്ങള്‍ക്കു മുമ്പു തന്നെ തെയ്യാര്‍ ഇതേപറ്റി ബോധവാനായിരുന്നു. ക്രിസ്തുവിനു പരിണാമ വിധേയമായ പ്രപഞ്ചത്തോടുള്ള ബന്ധം പുനഃപരിശോധനാവിഷയമാക്കിക്കൊണ്ട് ദീര്‍ഘദൃഷ്ടിയോടെ ഈ പ്രശ്നത്തിനു പരിഹാരം കണ്ടുപിടിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്‍റെ. "നവീനക്രിസ്തുമത"ത്തിന്‍റെ കേന്ദ്രബിന്ദുവായ ഈ ക്രിസ്തുശാസ്ത്രപ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഈ പ്രബന്ധത്തിന്‍റെ ഉദ്ദേശം.

നവീനവും സാര്‍ഥകവുമായ ക്രിസ്തുമതത്തിന്‍റെ വിശ്വാസപ്രമാണം

"പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തോട് ക്രിസ്തുവിനുള്ള സര്‍ഗാത്മകബന്ധം താഴെ ഉദ്ധരിക്കുന്ന തെയ്യാറിന്‍റെ വിശ്വാസപ്രമാണത്തിലെ നാലു പ്രമാണവാക്യങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

പ്രപഞ്ചം പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പരിണാമത്തിന്‍റെ മുന്നേറ്റം ചൈതന്യത്തി (spirit) ലേയ്ക്കാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

ചൈതന്യത്തിന്‍റെ പൂര്‍ണ സാക്ഷാത്ക്കാരം പുരുഷരൂപ (A form of Personality) മായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

പരമപുരുഷന്‍ സാര്‍വത്രിക ക്രിസ്തു (Universal Christ) വാണെന്നും ഞാന്‍ വിശ്വസിക്കുന്നു."

പ്രപഞ്ചത്തിന്‍റെ ചലനാത്മക പ്രകൃതിയുടെ പ്രഖ്യാപനമാണ് ആദ്യവാക്യം പ്രപഞ്ചം ചലനാത്മകമല്ലെങ്കില്‍ ഒന്നുമല്ല. പ്രപഞ്ചത്തിന്‍റെപരിണാമത്തിന് ഒരു നിശ്ചിതലക്ഷ്യമുണ്ട്.

രണ്ടാമത്തെ വാക്യത്തില്‍ ഈ ലക്ഷ്യത്തെ അരൂപിയിലേക്കുള്ള ആഭിമുഖ്യമായി നിര്‍ദ്ദേശിക്കുന്നു. പ്രപഞ്ചത്തിന്‍റെ പരിണാമാത്മക ചലനത്തെ പ്രപഞ്ചോപാദാന (cosmic stuff) ത്തിന്‍റെ വര്‍ദ്ധമാനമായ ചൈതന്യവത്കരണ (spiritualization) ത്തിലേയ്ക്കുള്ള പ്രയാണമെന്ന് പറയുന്നു. ചേതനപൂണ്ട പദാര്‍ഥം പിന്നീട് പുരുഷവത്ക്കരിക്കപ്പെടുകയും (personalized) ക്രിസ്തുവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു (christified). പരിണാമനാദത്തിന്‍റെ ആരോഹണമാണത്. അതിന്‍റെ പാരമ്യം സമ്പൂര്‍ണ്ണക്രിസ്തു (Total Christ) വാണ്.

അരൂപീകരണത്തിനും പുരുഷവത്ക്കരണത്തിനുമുള്ള പ്രവണത ജീവോദയത്തിലും മനുഷ്യോദയത്തിലും അനുക്രമമായും വിജയകരമായും ഫലമണിഞ്ഞു. മനുഷ്യോദയം പരിണാമത്തിന്‍റെ പാരമ്യമാണെന്ന് തെയ്യാര്‍ കരുതുന്നില്ല. മനുഷ്യോദയത്തോടെ പരിണാമത്തിന്‍റെ ഭാവി മനുഷ്യന്‍റെയും ഭാവിയായിത്തീര്‍ന്നിരിക്കുകയാണ്. മനുഷ്യന്‍റെ ഭാവിയോ, മനുഷ്യരുടെ ഏകത്ര കേന്ദ്രീകരണത്തിലും (convergence) കൂട്ടായ്മയിലും (communion) കുടികൊള്ളുന്നു. ഈ പ്രക്രിയയ്ക്ക് ഒരു ക്രിയാത്മകകേന്ദ്രം കൂടിയേ തീരൂ. ഈ കേന്ദ്രത്തെ തെയ്യാര്‍ "ഓമെഗ ബിന്ദു" (point omega) എന്നു വിളിക്കുന്നു. (ഗ്രീക്ക്അക്ഷരമാലയിലെ അവസാനാക്ഷരമാണ് ഓമെഗാ) ക്രൈസ്തവപ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ "ഓമെഗാ ബിന്ദു" ക്രിസ്തുവാണെന്ന് സ്ഥാപിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. തന്മൂലം തെയ്യാറിന്‍റെ ചിന്തയില്‍ ക്രസ്തുവിനുള്ളസ്ഥാനം ഗ്രഹിക്കുവാന്‍ ഓമെഗാ ബിന്ദുവിനെ ലക്ഷ്യമാക്കിയുള്ള പ്രപഞ്ചപരിണാമവും ഓമെഗാ ബിന്ദുവും ക്രിസ്തുവും തമ്മിലുള്ള താദാത്മ്യവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 ഓമെഗയിലേയ്ക്കുള്ള പ്രയാണം

പ്രപഞ്ചപരിണാമം അനിഷേധ്യമായ ഒരു വസ്തുതയാണെന്ന് തെയ്യാര്‍ കരുതുന്നു. എന്നിരുന്നാലും പരിണാമത്തെപ്പററിയുള്ള ഓരോസിദ്ധാന്തവും (ഉദാഹരണത്തിന് ഡാര്‍വിന്‍, ലമാര്‍ക്ക് തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍) അന്യൂനമാണെന്ന് അദ്ദേഹത്തിനഭിപ്രായമില്ല. യഥാര്‍ഥപ്രപഞ്ചം ഒരു സാധനം മാത്രമല്ലെന്നും, പ്രത്യുത അതൊരു യഥാര്‍ഥ പ്രക്രിയയാണെന്നുമത്രേ തെയ്യാറിന്‍റെ സിദ്ധാന്തം (not a mere thing but a real process). പ്രപഞ്ചമെന്ന ഒന്നില്ല. മറിച്ച് പ്രപഞ്ചോദയമാണുള്ളത്-പരിണാമപ്രക്രിയയ്ക്ക് വിധേയമാകുന്ന പ്രപഞ്ചമേയുള്ളൂ.

പ്രപഞ്ചോദയമെന്ന പ്രക്രിയ ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ഈ ലക്ഷ്യമാണ് ഓമെഗ. പ്രപഞ്ചോദയം ഒരു നിയമമനുസരിച്ചാണ് ഭവിച്ചുകൊണ്ടിരിക്കുന്നത്. "സങ്കീര്‍ണ്ണത-അവബോധം" (complexity consciousness) എന്ന് ആ നിയമത്തിന് പേരുപറയാം.

പ്രപഞ്ചോദയത്തിന് മൂന്ന് ദശകളുണ്ട്. ഈ മൂന്നു ദശകള്‍ യഥാക്രമം ജീവനിലേയ്ക്കും മാനുഷ്യകത്തിലേക്കും അതിമാനുഷ്യകത്തിലേയ്ക്കുമുള്ള പ്രയാണമത്രേ. തന്മൂലം പ്രപഞ്ചോദയമെന്ന പ്രക്രിയ മനസ്സിലാക്കണമെങ്കില്‍ സങ്കീര്‍ണതവും അവബോധവും മേല്‍പ്രസ്താവിച്ച മൂന്നുദശകളും ഗ്രഹിച്ചേ മതിയാവൂ. പ്രപഞ്ചോദയത്തെപ്പറ്റി ഈ വിധം പഠനം തുടങ്ങിയാല്‍ അതിന്‍റെ ലക്ഷ്യമായ ഓമെഗയിലേയ്ക്കും നാമെത്താതിരിക്കയില്ല.

 സങ്കീര്‍ണ്ണതാ-അവബോധം

മനുഷ്യന്‍  : ഇതരവസ്തുക്കളുടെ മാനദണ്ഡം

സ്ങ്കീര്‍ണതാ-അവബോധമെന്ന മൗലികനിയമം ഗ്രഹിക്കുവാന്‍ മനുഷ്യപ്രകൃതി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വസ്തുക്കളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അവയുടെ വികാസദശയില്‍ എളുപ്പം ഗ്രഹിക്കുവാന്‍ കഴിയും. ഓക്ക് വൃക്ഷത്തിന്‍റെ വിത്ത് വളരുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ "കരുത്തേറിയ തായ്ത്തടിയും അതിനനുസരിച്ച ശാഖകളും പൂക്കളും ഫലങ്ങളും അടങ്ങിയ" ഓക്കുമരം തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചോദയം പ്രപഞ്ചത്തിന്‍റെവികാസമാണ്. പ്രപഞ്ചത്തിന്‍റെ ഇന്നുവരെയുള്ള വളര്‍ച്ചയെ മനുഷ്യന്‍ പ്രധിനിധാനം ചെയ്യുന്നു. തന്‍മൂലം പ്രപഞ്ചവികാസം സംബന്ധിച്ച നിയമങ്ങള്‍ മനസ്സിലാക്കുവാനുള്ള സൂചന മനുഷ്യനാണെന്ന് സ്പഷ്ടമത്രേ. ബെര്‍ഡിയേവി (Berdyaev) ന്‍റെ ഭാഷയില്‍ "മനുഷ്യപ്രശ്നത്തില്‍നിന്ന് വേര്‍പെടുത്തിയാല്‍ പ്രപഞ്ചത്തിന്‍റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാന്‍ കഴിയുകയില്ല. സകലത്തിന്‍റെയും അര്‍ഥം കുടികൊള്ളുന്നത് മനുഷ്യനിലാണെന്നതുതന്നെ കാരണം."

മനുഷ്യന്‍ മാത്രമാണ് പ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള പര്യാപ്തമായ മാര്‍ഗ്ഗം. അലക്സാണ്ടര്‍ പോപ്പിന്‍റെ ഭാഷയില്‍, "മനുഷ്യന്‍റെ യഥാര്‍ഥ പഠനവിഷയം മനുഷ്യന്‍ തന്നെയത്രേ." അവബോധമാകുന്ന ആന്തരിക പ്രകാശവും തദനുസാരമുള്ള സീങ്കര്‍ണ്ണ ഘടനയുമാണ് മനുഷ്യന്‍റെ സവിശേഷതകള്‍. പ്രപഞ്ചത്തില്‍ ഒരുതരം ഐകരൂപ്യം ദൃശ്യമാകയാല്‍ മനുഷ്യനു കീഴെയുള്ള പ്രപഞ്ചതലങ്ങളിലും സങ്കീര്‍ണതയുടേയും അവബോധത്തിന്‍റെയും ഒരേ മാതൃക പ്രവര്‍ത്തിക്കുന്നുവെന്ന് തെയ്യാര്‍ കരുതുന്നു. പ്രപഞ്ചത്തെക്കുറിച്ച് ഉള്‍ച്ചേര്‍ച്ചയുള്ള (coherent) ഒരു വീക്ഷണം പുലര്‍ത്തുന്നതില്‍ മനുഷ്യപ്രകൃതിയുടെ മാതൃക പ്രപഞ്ചത്തിനു മുഴുവന്‍ ബാധകമാണെന്ന് തെയ്യാര്‍ സിദ്ധാന്തിക്കുന്നു. അങ്ങനെ അദ്ദേഹം സാര്‍വത്രികമായ സങ്കീര്‍ണത-അവബോധ നിയമത്തിലെത്തിച്ചേരുന്നു.

സങ്കീര്‍ണതയുടെ അര്‍ഥം

ഒരു വസ്തു സങ്കീര്‍ണമാണെന്നു പറയുക അന്യോന്യം സുസൂക്ഷമം ബദ്ധങ്ങളായ അനേകം മൂലകങ്ങള്‍ അതുള്‍ക്കൊള്ളുമ്പോഴാണ്. യഥാര്‍ഥത്തില്‍ സങ്കീര്‍ണത സമ്മിശ്രതയില്‍നിന്ന് വ്യത്യസ്തമത്രേ. സംഘടിതമായ ബഹുത്വ (organized multiplicity) മാണ് ഒരു വസ്തുവിനെ സങ്കീര്‍ണമാക്കുന്നത്. ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണത ഘടകമൂലകങ്ങളുടെ സംഖ്യയെ ആസ്പദമാക്കി മാത്രമല്ല നിര്‍ണയിക്കുന്നത്, പ്രത്യുത ഘടകമൂലകങ്ങളെ തമ്മില്‍ തമ്മില്‍ ബന്ധിക്കുന്ന കണ്ണികളുടെ എണ്ണത്തേയും ബലത്തേയും ദാര്‍ഢ്യത്തേയും ആസ്പദമാക്കിയാണ്. അങ്ങനെ ഒരു പരമാണു അനേകം സംഘടിതാംശങ്ങളടങ്ങിയ ഒരു വസ്തുവാണെന്നു പറയാം. മോളിക്യൂള്‍ കുറേക്കൂടി സങ്കീര്‍ണമാണ്. കാരണം, അനേകം പരമാണുക്കളടങ്ങുന്ന സംഘടിതമായ ഒരു ബഹുത്വമാണത്. ജീവനുള്ള ഒരു കോശം ഇവയിലുമുപരി സങ്കീര്‍ണമാണ്. കാരണം സുസൂക്ഷമം സംഘടിതമായ അനേകം മോളിക്യൂളുകളെ അതുള്‍ക്കൊള്ളുന്നു.

സങ്കീര്‍ണതയുടെ പ്രാധാന്യം

സങ്കീര്‍ണതയുടെ പ്രാധാന്യം, അതവഗണിച്ചാല്‍ വന്നുകൂടുന്ന അന്തമററ കുഴപ്പങ്ങളില്‍നിന്ന് ഏററവും നന്നായി മനസ്സിലാക്കാം. സങ്കീര്‍ണതയാകുന്ന മാനം വിസ്മരിച്ചുകൊണ്ട് കുറെ ശാസ്ത്രജ്ഞര്‍ പ്രപഞ്ചഘടന വലുപ്പക്രമ (axis of size) ത്തിലടിസ്ഥിതമാണെന്ന് സങ്കല്പിക്കുന്നു എന്നുവയ്ക്കുക. അവരുടെ വീക്ഷണത്തില്‍ പ്രപഞ്ച വസ്തുക്കള്‍ ഏററവും ചെറുതില്‍നിന്ന് ഏറ്റവും വലുതിലേയ്ക്ക് എന്ന ക്രമത്തില്‍ സജ്ജീകൃതമായിരിക്കുന്നു. ജീവന് വലുപ്പവുമായി ബന്ധമില്ല. തന്മൂലം വലുപ്പത്തെ ആസ്പദമാക്കി പ്രപഞ്ചക്രമം സങ്കല്‍പിക്കുന്ന പക്ഷം ജീവന് അര്‍ഹമായ പ്രാധാന്യം ലഭിക്കുകയില്ല. ആ പ്രപഞ്ചത്തില്‍ ജീവനെന്ന സുന്ദരദൃശ്യം അവഗണിക്കപ്പടും. ജീവന്‍ "വിചിത്രമായ ഒരപവാദമായും, ക്രമരഹിതമായ ഒരു ധര്‍മ്മമായും ആനുഷംഗികമായ ഒരു ലക്ഷണമായും" തരം താഴും. ജീവനെപ്പററിയുള്ള ഏതാദൃശവീക്ഷണം ജീവിതത്തെതന്നെ അപ്രധാനമാക്കും; അതോടൊപ്പം അര്‍ഥരഹിതവും സങ്കീര്‍ണതയെന്ന മാനം അവഗണിച്ചാലുണ്ടാകുന്ന ഒരനന്തരഫലമാണിത്.

മറിച്ച്, സങ്കീര്‍ണതാധിഷ്ഠിതമായ പ്രപഞ്ചക്രമത്തില്‍ സംഘടിതമായ ഒരു പൂര്‍ണതയുണ്ട്. ജീവന്‍ സങ്കീര്‍ണതയോട് ബദ്ധമായിരിക്കുന്നു. അജൈവപദാര്‍ഥങ്ങളില്‍ ഈ സ്ങ്കീര്‍ണത അതിന്‍റെ പ്രാഥമികരൂപത്തിലേ ദൃശ്യമാവുന്നുള്ളൂ. തന്മൂലം തെയ്യാര്‍ അവയെ പ്രാഥമികദശയിലുള്ള "സചേതന"ങ്ങളെന്ന് വിളിക്കുന്നു. അമ്പരപ്പിക്കുന്നവിധം സങ്കീര്‍ണമാണ് സചേതനങ്ങളുടെ ഘടന. സചേതനങ്ങളില്‍ ഏററവും സങ്കീര്‍ണമായത് മനുഷ്യന്‍റെ ഘടനയാണ്. സങ്കീര്‍ണതാധിഷ്ഠിത പ്രപഞ്ചക്രമത്തില്‍ എല്ലാറ്റിനും പ്രത്യേക സ്ഥാനങ്ങളുണ്ട്. ജീവന്‍റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. ഏറ്റവും ഉയര്‍ന്ന സ്ഥാനം മനുഷ്യന്‍റേതും. സങ്കീര്‍ണതാപ്രക്രിയയെ പിന്‍ചെല്ലുമ്പോള്‍ വ്യാപകാര്‍ഥത്തില്‍ ജീവനും നിഷ്കൃഷ്ടാര്‍ഥത്തില്‍ മനുഷ്യനും പ്രപഞ്ചോദയഗതിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാകും. ഇതാണ് സങ്കീര്‍ണതയുടെ പ്രത്യേക പ്രാധാന്യം. ജീവന് പരമപ്രാധാന്യം നല്‍കുന്നുവെന്നതാണ് സങ്കീര്‍ണതയയുടെ പ്രാധാന്യം. വലുപ്പത്തെ ആസ്പദമാക്കിയുള്ള പ്രപഞ്ചക്രമത്തില്‍ ജീവന്‍ പ്രായേണ നിഷ്പ്രഭമാകുന്നു. സങ്കീര്‍ണതാധിഷ്ഠിതമായ ക്രമത്തിലാകട്ടെ, അതിന്‍റെ പ്രാധാന്യം അന്യാദൃശംതന്നെയാണ്. എന്നിരുന്നാലും സങ്കീര്‍ണതമാത്രമാണ് ജീവനെന്ന് തെയ്യാര്‍ വിവക്ഷിക്കുന്നില്ല.

സങ്കീര്‍ണത - അവബോധനിയമത്തിന്‍റെ അര്‍ഥം

ഓരോ സചേതനത്തിനും ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടു മാനങ്ങളുണ്ട്. അസ്പൃശ്യമായ ആന്തരികത അഥവാ അവബോധമാണ് ആന്തരികമാനം. അസ്പൃശ്യമായ പദാര്‍ഥികഘടന ബാഹ്യമാനവും പദാര്‍ഥികഘടനയുടെ സങ്കീര്‍ണത വര്‍ധിക്കുന്തോറും അവബോധം ഏറിക്കൊണ്ടിരിക്കും. ഇതാണ് സങ്കീര്‍ണത - അവബോധനിയമം. ഈ നിയമമനുസരിച്ച് സങ്കീര്‍ണതയും അവബോധവും "ഒരേയൊരു പ്രതിഭാസത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രമാണ്."

സങ്കീര്‍ണത - അവബോധനിയമത്തിന്‍റെ സര്‍വാശ്ലേഷകത്വം

സങ്കീര്‍ണതയും അവബോധവും ജീവന്‍റെ തലത്തില്‍ ദൃശ്യമാണ്. പ്രപഞ്ചത്തെപ്പറ്റിയുള്ള അനുക്രമവീക്ഷണം അവയെ ജീവതലത്തില്‍ ഒതുക്കിനിര്‍ത്തുവാന്‍ നമ്മെ അനുവദിക്കുകയില്ല.അചേതനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കളിലും കുറെ സങ്കീര്‍ണതയുണ്ട്. അവയിലും ഒരു തരത്തിലുള്ള ആന്തരികത സന്നിഹിതമത്രേ. തെയ്യാര്‍ ഈ ആന്തരികതയെ ജീവന്‍ അഥവാ അബോധം എന്നു വിളിക്കുന്നു. അവയിലുള്ള ജീവന്‍ അതിനിസ്സാരവും അവഗണനീയവുമാകയാല്‍ നാമതിനെ ശ്രദ്ധിക്കാറില്ല. എന്നുവെച്ച് ഈ ജീവന്‍ നിഷേധിച്ചുകൂടാ. ഇത് അനുഭവ ഗോചരമല്ല എന്നതു കൊണ്ട് ഇതിന്‍റെ അസ്തിത്വം നിഷേധിക്കാനൊരുമ്പെടുന്നത്, കുറഞ്ഞ വേഗത്തിലുണ്ടാകുന്ന അതിനിസ്സാരമായ പിണ്ഡവര്‍ദ്ധനവ് കണ്ടെത്തുക പ്രയാസമാകയാല്‍ വര്‍ദ്ധനവുണ്ടാകുന്നില്ല എന്നു ശഠിക്കുന്നതുപോലെയാണ്. പ്രപഞ്ചത്തെപ്പറ്റിയുള്ള ഏകീകൃതവീക്ഷണം (coherent weltanschauung)-തെയ്യാറിന്‍റെ ദൃഷ്ടിയില്‍ ഇതുമാത്രമേ ശരിയായ പ്രപഞ്ചവീക്ഷണമാകൂ-ജീവന്‍ അജൈവതലത്തിലേക്ക് വ്യാപിച്ചു കിടക്കുന്നതായി കരുതുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അങ്ങനെ ജീവനെ വ്യത്യസ്തതലങ്ങളില്‍ വിഭിന്നഅളവുകളില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ച ഗുണമായി തെയ്യാര്‍ വീക്ഷിക്കുന്നു. നിര്‍ജീവമെന്നു കരുതപ്പെടുന്ന പദാര്‍ഥവും അതിപ്രാഥമികമായതരത്തില്‍ സജീവമത്രേ. ഈ പ്രാഥമികരൂപത്തിലുള്ള ജീവനെ പ്രാഗ്-ജീവന്‍ (pre-life)എന്നു വിളിക്കാം. അത് മെച്ചപ്പെട്ടതും യഥാര്‍ഥത്തിലുള്ളതുമായ ജീവരൂപം പ്രാപിക്കുക, സങ്കീര്‍ണതയും അവബോധവും വര്‍ധിക്കുന്നതിനനുസരിച്ചാണ്. പ്രപഞ്ചോപാദാനത്തിന്‍റെ ഈ പ്രവണത ക്രമാനുഗതം യാഥാര്‍ഥ്യമാകുന്ന പ്രക്രിയയാണ് പരിണാമം. പരിണാമപ്രക്രിയയുടെ അവരോഹണഗതിയിലൂടെ സഞ്ചരിച്ചാല്‍ സങ്കീര്‍ണതയും അവബോധവും കുറഞ്ഞുവരുമെന്ന് മനസ്സിലാക്കാന്‍ കഴിയും. "പരിണാമസരണിയിലൂടെ പുറകോട്ടു പോകുന്തോറും അവബോധം വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ണരാജിയെപ്പോലെ പ്രത്യക്ഷപ്പെടുന്നു. വര്‍ണരാജിയുടെ താഴത്തെ പ്രതിബിംബങ്ങള്‍ രാത്രിയില്‍ ലയിച്ച് അപ്രത്യക്ഷമാകുന്നതുപോലെ അവബോധവും ക്രമേണ തിരോഭവിക്കുന്നു." പ്രപഞ്ചോദയത്തിന്‍റെ താഴ്ന്ന ദശകളില്‍ അവബോധപ്രകാശം ഇല്ലെന്ന് തോന്നും. ഈ ദശകളെ അവബോധത്തിന്‍റെ രാത്രിയായി കരുതാം. പക്ഷേ ഈ രാത്രി തീര്‍ത്തും അന്ധകാരവൃതമല്ല. അതില്‍ വളരെ മങ്ങിയ അവബോധം പ്രകാശിക്കുന്നുണ്ട്. ചുരുക്കത്തില്‍ പ്രപഞ്ചോദയത്തിന്‍റെ ഓരോ ദശയിലും സങ്കീര്‍ണതയും ആനുപാതികമായ അവബോധവും ഉണ്ടായിരുന്നു. സങ്കീര്‍ണത-അവബോധനിയമം."ആവര്‍ത്തനത്തിന്‍റേതായ ഒരു നിയമ(law of recurrence)മാണ്". അതൊരു സാര്‍വത്രിക നിയമവുമത്രേ. തെയ്യാറിന്‍റെ പ്രപഞ്ചവീക്ഷണത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നതും ഈ നിയമമല്ലാതെ മറ്റൊന്നുമല്ല.

 പ്രപഞ്ചോദയത്തിലെ മൂന്നു ദശകള്‍

ഒമെഗയിലേയ്ക്കുള്ള പ്രപഞ്ച പ്രയാണത്തിന്‍റെ അദ്യദശ, ജീവോദയം:

സങ്കീര്‍ണത-അവബോധനിയമമനുസരിച്ച് പ്രപഞ്ചോപാദാനം സങ്കീര്‍ണതരമായിക്കൊണ്ടിരുന്നു; ആനുപാതികമായഅവബോധം അതിന് കൈവന്നുമിരുന്നു. വര്‍ദ്ധമാനമായിരുന്ന ഈ പ്രവണത ഒടുവില്‍ ഭൂമിയിലെ ജീവോദയത്തിന് വഴി തെളിച്ചുവെന്ന് തെയ്യാര്‍ കരുതുന്നു. പക്ഷേ ഈ സങ്കല്പത്തിന് വല്ല അര്‍ഥവുമുണ്ടോ? ഇത് യുക്തിയുക്തമായ വിശദീകരണം തന്നെയോ? ജീവോദ്ഭവം വിശദീകരിക്കാന്‍ ജീവസ്രോതസ്സായ സ്രഷ്ടാവിന്‍റെ ഇടപെടല്‍ ആവശ്യമല്ലേ?

തികച്ചും ശാസ്ത്രീയമായ വിശകലനത്തില്‍ സ്രഷ്ടാവിന്‍റെ ഇടപെടല്‍ ജീവോദ്ഭവത്തിന്‍റെ വിശദീകരണമല്ല. പ്രപഞ്ചത്തില്‍ നടക്കുന്ന സംഭവങ്ങളെ പ്രാപഞ്ചികകാരണങ്ങള്‍ നല്‍കി വിശദീകരിക്കുക ശാസ്ത്രത്തിന്‍റെ ധര്‍മ്മമാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന ഒരു സംഭവമാണ് ജിവോദയം. തന്മൂലം പ്രാപഞ്ചിക കാരണങ്ങള്‍ നല്‍കി അതിനെ വിശദീകരിക്കുക ശാസ്ത്രത്തിന്‍റെ കടമയാണ്.

എത്ര പരിശ്രമിച്ചാലും ജീവന്‍ ഭൂമിയിലെത്തിച്ചേരുന്നതിനുമുമ്പ് പിന്നിട്ട യഥാര്‍ഥ പാത കണ്ടുപിടിക്കുവാന്‍ ശാസ്ത്രത്തിനു കഴിയുകയില്ല. എങ്കിലും ജീവോദയത്തെക്കുറിച്ച് യുക്തമായ അഭ്യൂഹം കാഴ്ചവെയ്ക്കുക ശാസ്ത്രത്തിന്‍റെ കര്‍ത്തവ്യമാണെന്ന് തെയ്യാര്‍ കരുതുന്നു. ഈ അഭ്യൂഹം പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കപ്പെടുകയാണെങ്കില്‍ ജീവോദയം സംബന്ധിച്ച് സാധ്യതയുള്ള ഒരു വ്യാഖ്യാനം നമുക്കു ലഭിക്കും.

തെയ്യാറിന്‍റെ അഭിപ്രായത്തില്‍, പ്രപഞ്ചോപാദാനത്തിന്‍റെ വര്‍ദ്ധമാനമായ സങ്കീര്‍ണീകരണ (complexification) മെന്ന പാതയിലുടെയാണ് ജീവന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചത്. മൂലകങ്ങള്‍ ചേര്‍ന്ന് സംയുക്തങ്ങള്‍ രൂപപ്പെടുന്നു ലളിതമായ കാര്‍ബണ്‍ സംയുക്തങ്ങള്‍ അചേതനങ്ങളില്‍ നിന്ന് സ്വയം രൂപപ്പെട്ടുവെന്ന് സങ്കല്പിക്കപ്പെടുന്നു. പ്രാകൃതഭൂമിയില്‍ സമൃദ്ധമായുണ്ടായിരുന്ന ഊര്‍ജ്ജത്തിന്‍റെ പ്രവര്‍ത്തനഫലമായി ലളിതകാര്‍ബണ്‍സംയുക്തങ്ങള്‍ ഉദ്ഗ്രഥിതമാവുകയും സങ്കീര്‍ണതരപദാര്‍ഥങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. പ്രപഞ്ചോപാദാനത്തിന്‍റെ സങ്കീര്‍ണത അനുക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആന്തരികത, അഥവാ അവബോധം, ഒപ്പം വര്‍ധിച്ചുവന്നു. ഈ പ്രപഞ്ചോപാദാനം പ്രഥമത: ഒരു ഉപജീവനാല്‍ (sub-life) അല്ലെങ്കില്‍ അര്‍ദ്ധജീവനാല്‍ ( semi-life) സചേതനമാക്കപ്പെട്ടു. ഈ അര്‍ദ്ധസചേതനഘടകങ്ങളില്‍ ചിലത് പിന്നെയും സങ്കീര്‍ണതരമായി. ഒടുവില്‍ ആദ്യത്തെ സചേതനവസ്തുക്കളായി അവ വളര്‍ന്നു. വൈറസുകളുടെ കണ്ടുപിടുത്തം, അമിനോ ആസിഡുകളുടെയും പ്രോട്ടിനോയ്ഡുകളുടെയും കൃത്രിമനിര്‍മാണം, സചേതനങ്ങളെ ആശ്രയിക്കാതെയുള്ള ഹൈഡ്രോ - കാര്‍ബണുകളുടെ രൂപവല്‍ക്കരണം എന്നിവ പരിണാമസിദ്ധാന്താധിഷ്ടിതമായ ജീവോദയ വ്യാഖ്യാനത്തിന് കൂടുതല്‍ പരീക്ഷണക്ഷമമായ തെളിവു നല്‍കിയിട്ടുണ്ട്. ഈ സിദ്ധാന്തം പ്രബലമായി വരുന്നുവെന്ന് കരുതുന്നവരും ഉണ്ട്.

ജീവന്‍റെ പ്രത്യക്ഷീഭാവം പരിണാമത്തിലെ അതിശ്രദ്ധേയമായ ഒരു പരിവര്‍ത്തനഘട്ടത്തെ കുറിക്കുന്നു. സങ്കീര്‍ണതരമായിത്തീര്‍ത്ത പദാര്‍ഥം മാത്രമല്ല ജീവന്‍. അജൈവലവണങ്ങളുടെ ഉയര്‍ന്നപടിയുമല്ലത്. ഒരു രൂപാന്തരീകരണത്തിന്‍റെ, അല്ലെങ്കില്‍ സമഗ്രമായ ഒരു പരിവര്‍ത്തനത്തിന്‍റെ, അനന്തരഫലമാണ് ജീവന്‍. ഏറ്റവും ലളിതമായ സചേതനത്തിനും ഏറ്റവും സങ്കീര്‍ണമായ അചേതനത്തിനും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ജീവനിലേക്കുള്ള പ്രയാണം അനന്തതയിലേക്കുള്ള ചാട്ടമായിരുന്നു. ജീവോദയം ഒരു പുതിയ യുഗത്തിന്‍റെ തുടക്കംകുറിക്കുന്നു.

ദ്വിതീയ ദശ, ജീവവികാസം

ജീവന്‍റെ ആവിര്‍ഭാവത്തെ തുടര്‍ന്ന് അത് വികാസം പ്രാപിക്കുവാന്‍ തുടങ്ങി. ഈ വികാസത്തിന്‍റെ അനന്തരദശകള്‍ നന്നായി മനസ്സിലാക്കുവാന്‍ അതിന്‍റെ ഗതി എങ്ങോട്ടാണെന്ന് ഗ്രഹിക്കേണ്ടിയിരിക്കുന്നു. തെയ്യാറിന്‍റെ അഭിപ്രായത്തില്‍, ജീവവികാസത്തിന്‍റെ ലക്ഷ്യം കൃത്യമായി കണ്ടുപിടിക്കുവാന്‍ സാധിക്കും. ബാഹ്യമാനത്തിന്‍റെ വര്‍ധമാനമായ സങ്കീര്‍ണീകരണമായിരുന്നു ജീവവികാസത്തിന്‍റെ ദൃശ്യപഥമെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. തന്മൂലം ജീവവികാസം മനസ്സിലാക്കുവാന്‍ ജിവികളുടെ ബാഹ്യമാനത്തിന്‍റെ വര്‍ധമാനമായ സങ്കീര്‍ണീകരണം ശ്രദ്ധിച്ചാല്‍ മതി.

ജീവികളുടെ ബാഹ്യമാനത്തില്‍ വിഭിന്നഭാഗങ്ങളുണ്ട്. വ്യത്യസ്തജീവികളിലെ വിഭിന്നഭാഗങ്ങള്‍ സങ്കീര്‍ണീകൃതമായത് ഒരേ വിധത്തിലല്ല. ഒരു പ്രത്യേകഭാഗം വളരെയേറെ സങ്കീര്‍ണത പ്രാപിക്കുമ്പോള്‍ മറ്റൊരു ഭാഗത്തിനുണ്ടാവുന്ന സങ്കീര്‍ണീകരണം അതിനിസ്സാരമാവാം. തന്മൂലം ഒരു ജീവിയുടെ ബാഹ്യമാനത്തിലെ സങ്കീര്‍ണീകരണത്തെ   മറ്റൊന്നില്‍ വന്നതിനോട് താരതമ്യം ചെയ്യാവുന്നതല്ല. ഉദാഹരണത്തിന്, സങ്കീര്‍ണതയുടെ അടിസ്ഥാനത്തില്‍ മയിലിനേയും മുയലിനേയും താരതമ്യം ചെയ്യാനൊക്കുമോ? എല്ലാജീവികള്‍ക്കും ബാധകമായ സങ്കീര്‍ണതയുടെ ഒരു വസ്തുനിഷ്ഠമാനദണ്ഡമുണ്ടോ?

എല്ലാറ്റിനും ബാധകമായ, വസ്തുനിഷ്ഠവും സാര്‍വത്രികവുമായ, സങ്കീര്‍ണതാ മാനദണ്ഡമുണ്ടെന്ന് തെയ്യാര്‍ വിശ്വസിക്കുന്നു. തലച്ചോറില്‍ കേന്ദീകൃതമായ നാഡീവ്യൂഹവികാസമാണ് ആ മാനദണ്ഡം, അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍.

തലച്ചോറില്‍ കേന്ദ്രീകൃതമായ നാഡീവ്യൂഹം ജീവികളുടെ പല അംശങ്ങളില്‍ ഒന്നു മാത്രമല്ലേ എന്നൊരു ചോദ്യമുയര്‍ന്നേക്കാം. അല്ലെന്നു തന്നെയാണ് ഉത്തരം. ജീവികളിലെ കേന്ദ്രഭാഗമാണ് തലച്ചോറില്‍ കേന്ദീകൃതമായ നാഡീവ്യൂഹം. ഈ വ്യൂഹമാണ് ജീവിയിലെ ഇതര വ്യൂഹങ്ങളിലെയും ഭാഗങ്ങളിലെയും പ്രവര്‍ത്തനങ്ങളെ ക്രമവത്ക്കരിക്കുന്നത.് സ്മള്‍ഡേര്‍സി (P. Smulders) ന്‍റെ വാക്കുകളില്‍, "ജീവികളുടെ ഘടന നിര്‍ണയിക്കുകയും അവയെ ഏക സജീവ പ്രവര്‍ത്തനതത്ത്വമാക്കിത്തീര്‍ക്കുകയും ചെയ്യുന്ന എല്ലാ അവയവങ്ങളേയും ബന്ധിക്കുന്ന കേന്ദ്രസ്വിച്ച് ബോര്‍ഡാണ് വാസ്തവത്തില്‍ തലച്ചോറ്ത". ലച്ചോറിന്‍റെ ക്രമവത്കരണ പ്രവര്‍ത്തനഫലമായി ജീവികള്‍ പ്രവര്‍ത്തനത്തില്‍ ഐക്യം പുലര്‍ത്തുന്നു. പക്ഷേ ഈ ഐക്യത്തിലോ ക്രമനിബദ്ധതയിലോ ഉള്ള വികാസം ആന്തരിക മാറ്റത്തിന്‍റെ ഐക്യവികാസത്തിന്‍റെ പ്രകാശനമാവാതെ തരമില്ല. തന്മൂലം തലച്ചോറില്‍ കേന്ദ്രീകൃതമായ നാഡീവ്യൂഹത്തിന്‍റെ സങ്കീര്‍ണീഭവനം (ഇതിനെ പലപ്പോഴും "കെഫാലൈസേഷന്" എന്നു പറയാറുണ്ട്.) ജീവമണ്ഡലത്തിലെ മൗലികവ്യതിയാന (fundamendal veriable)ഘടകമത്രേ. ഈ മൗലികവ്യതിയാനഘടകം, ജീവന്‍റെ ആന്തരിക ബാഹ്യതലങ്ങളിലെ വികാസഗതിയെ സംശയലേശമെന്യേ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, ജീവവികാസം കെഫാലൈസേഷന്‍റെ വളര്‍ച്ചയാണ്. ഇതുതന്നെയാണ് ശാസ്ത്രജ്ഞന്‍റെ നോട്ടത്തില്‍ ജീവവികാസത്തിന്‍റെ യഥാര്‍ഥ ഗതിയും. മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തനങ്ങള്‍, പ്രൈമെയ്റ്റുകള്‍ എന്നിവയിലൂടെ പരിണാമത്തിന്‍റെ വളര്‍ച്ച കെഫാലൈസേഷന്‍റെ വളര്‍ച്ചയാണ്. പരിണാമത്തെക്കുറിച്ചുള്ള ശരീരശാസ്ത്രപരമായ വീക്ഷണമാണിത്. ഈ വീക്ഷണത്തില്‍ നിന്നാണ് മുഖ്യമായും മനുഷ്യോദ്ഭവത്തെ ഇവിടെ വിശദീകരിക്കുന്നത്. മനുഷ്യോദയത്തിന്‍റെ സര്‍വകാരണങ്ങളും സര്‍വവശങ്ങളും ചര്‍ച്ചാവിഷയമാക്കുവാന്‍ ശ്രമിക്കുന്നില്ല.

പ്രൈമെയ്റ്റുകളിന്‍നിന്ന് മനുഷ്യനിലേക്ക്

കെഫാലൈസേഷന്‍റെ വളര്‍ച്ച ജീവപരിണാമത്തിലെ വികാസമാണെങ്കില്, ഇതര ജീവികളെ അപേക്ഷിച്ച് സസ്തനങ്ങളില്‍ വളരെയേറെ പരിണാമം സംഭവിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തം. ഇതേ തത്വമനുസരിച്ച് സസ്തനങ്ങളില്‍ പ്രൈമെയ്റ്റുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നും പറയാം. ശരീരാവയവങ്ങളുടെ വളര്‍ച്ചയില്‍ പ്രൈമെയ്റ്റുകള്‍ ഏറ്റവും പിന്നിലാണെന്ന് തോന്നുന്നു. ഈ തലത്തില്‍ അവ നിന്നനില്‍പില്‍തന്നെ കഴിഞ്ഞുകൂടിയെന്നു ചുരുക്കം. മറ്റു സസ്തനങ്ങളില്‍ ശരീരാവയവങ്ങള്‍ വളരെയേറെ വികസിച്ചു. ഈ മുന്നേറ്റം അവയുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചു. അത് പ്രാകൃതാവസ്ഥയില്‍ നിലനിന്നു. പ്രൈമെയ്റ്റുകളിലാകട്ടെ, ശരീരാവയവങ്ങള്‍ പ്രാഥമികാവസ്ഥയില്‍ തുടര്‍ന്നപ്പോള്‍ തലച്ചോറ് വളരെയധികം വളര്‍ന്നുവന്നു. തെയ്യാര്‍ എഴുതുന്നു: ശരീരാവയവങ്ങളുടെ കാര്യത്തില്‍ ഏറ്റവും പ്രാകൃത സസ്തനങ്ങളെപ്പോലെ പ്രൈമെയ്റ്റുകള്‍ അസ്തിത്വത്തില്‍ തുടര്‍ന്നു.......(അവയില്‍) പരിണാമം നേരിട്ട് തലച്ചോറില്‍ പ്രവര്‍ത്തിച്ചു. മറ്റെല്ലാം ഇതിന്‍റെ സ്വാധീനത്തില്‍നിന്ന്അകന്നുനിന്നു. തലച്ചോറ് വ്യതിയാനക്ഷമമായി വര്‍ത്തിച്ചു. അതുകൊണ്ടാണ് അവ അവബോധത്തിലേക്കുള്ള മുന്നോട്ടും മുകളിലോട്ടുമുള്ള പ്രയാണത്തിന്‍ മുമ്പില്‍ നില്‍ക്കുന്നത്.

പ്രൈമെയ്റ്റുകളില്‍ത്തന്നെ ആന്ത്രോപ്പോയ്ഡുകളാണ് കൂടുതല്‍ വിജയം കൈവരിച്ചത്. ആന്ത്രോപ്പോയ്ഡുകളില്‍ കൂടുതല്‍ കൂടുതല്‍ നിവര്‍ന്ന രൂപം കൈവന്നവ പരിണാമവികാസത്തിന് വഴിതെളിയിച്ചു. അവ എത്ര മാത്രം നിവര്‍ന്നുവന്നുവോ, അത്രമാത്രം അവയുടെ കൈകള്‍ സ്വതന്ത്രമായിത്തീര്‍ന്നു. ഈ കരസ്വാതന്ത്ര്യം ആന്തരിക സ്വാതന്ത്ര്യോദയത്തിന്‍റെ ക്രിയാത്മക ചിഹ്നമായിരുന്നു. നിവര്‍ന്ന ശരീരനില ലഭിച്ചതോടെ ഇവയില്‍ ഗ്രഹണധര്‍മ്മം (prehensile function ) താടിയില്‍നിന്ന് കൈകള്‍ ഏറ്റടുത്തു. ഇത് മുഖം കൂടുതല്‍ പരക്കുന്നതിനും "മാക്സിലറി" മാംസപേശികള്‍ ചെറുതും ഭാരം കുറഞ്ഞതുമാകുന്നതിനു കാരണമായി. മുമ്പ് ഭീമാകാരവും ഭാരമേറിയവയുമായ മാക്സിലറി മാംസപേശികളാല്‍ ഞെരുക്കപ്പെട്ടിരുന്ന തലയോട്ടി അതു മുതല്‍ വികസിക്കുവാന്‍ തുടങ്ങി.അതുവഴി തലച്ചോറ് അത്ഭുതാവഹമാംവിധം വളര്‍ച്ച പ്രാപിച്ചു. തലച്ചോറിന്‍റെ വളര്‍ച്ചയുടെ പാരമ്യവും ചിന്തയുടെ ഉദയവും ഒരുമിച്ചായിരുന്നു. ഇപ്രകാരം ബുദ്ധിശക്തിയും സ്വതന്ത്ര്യവുമുള്ള മനുഷ്യന്‍ ഏകദേശം പത്തുലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ പ്രത്യക്ഷനായെന്ന് കരുതപ്പെടുന്നു.

തെയ്യാറന്‍റെ വീക്ഷണത്തില്‍ മനുഷ്യന്‍ ഒരുയര്‍ന്ന മൃഗം മാത്രമല്ലെന്ന കാര്യം ശ്രദ്ധേയമാണ്. മനുഷ്യനും മൃഗത്തിനുമിടയ്ക്ക് അഗാധവും വിസ്തൃതവുമായ ഒരു ഗര്‍ത്തമുണ്ട്. അദ്ദേഹം പറയുന്നു: "ഒരു വലിയ വിടവ് നമ്മെ വേര്‍തിരിക്കുന്നു. മനുഷ്യനിലേയ്ക്കുള്ള പടിവാതില്‍ തുറക്കുവാന്‍ മൃഗത്തിനെക്കൊണ്ടാവില്ല. മനനശക്തിയുള്ള നാം മൃഗത്തില്‍നിന്ന് വിഭിന്നരാണെന്ന് മാത്രമല്ല, തീര്‍ത്തും വ്യത്യസ്ത ജീവികളുമത്രേ. അളവില്‍ മാത്രമല്ല മാറ്റമുള്ളത്. പ്രത്യുത അവസ്ഥാഭേദത്താല്‍ ഉളവാകുന്ന സ്വഭാവന്തരവുമുണ്ട്." മൃഗത്തിനുമുണ്ട് അറിയാന്‍ കഴിവ്. മനുഷ്യനാകട്ടെ അറിയുവാന്‍ മാത്രമല്ല, താനറിയുന്നുവെന്ന വസ്തുത അറിയുവാനും കഴിയും. സ്വന്തം അവബോധത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. അവനില്‍ അവബോധം ദ്വിഗുണീഭവിച്ചിരിക്കുന്നു. അതിന്‍റെ മാനം ഇരട്ടിയായിരിക്കുന്നു. അങ്ങനെ മനുഷ്യനെ ഇപ്രകാരം ഒരു സമവാക്യംകൊണ്ട് നിര്‍ദേശിക്കാം: മനുഷ്യന്‍=അവബോധം. മനുഷ്യനില്‍ അവബോധം സ്വയാവബോധമായി രൂപാന്തരം പ്രാപിച്ചു. അതിപ്രധാനവും അന്യാദൃശവുമാണീ രൂപാന്തരം. മനുഷ്യ ജനനത്തോടെ "ഭൂമി അതിന്‍റെ ആത്മാവിനെ കണ്ടെത്തുന്നു." പരിണാമചരിത്രത്തില്‍ ഈ രൂപാന്തരത്തിന് പരമ പ്രാധാന്യമുണ്ട.് ഈ രൂപാന്തരീകൃത മനുഷ്യന്‍ "പരിണാമം സ്വാവബോധം നേടിയതത്രേ."

തൃതീയദശ, അതിമാനുഷ്വകത്തിലേക്കുള്ള പ്രയാണം

അനേകം ദശലക്ഷവര്‍ഷങ്ങളിലെ പ്രപഞ്ചപരിണാമ ഫലമായി മനുഷ്യന്‍ ആവിര്‍ഭവിച്ചു. പ്രപഞ്ച പരിണാമത്തിന്‍റെ കനിഷ്ഠസന്തതിയല്ല മനുഷ്യന്‍. മനുഷ്യോദയത്തോടെ പരിണാമം മാനുഷികീകൃതമായി. "മനുഷ്യവത്ക്കരണം പരിണാമത്തിന് നങ്കൂരമിടാനുള്ള തുറമുഖമായുരുന്നില്ല."പ്രകൃതിയുടെ സൃഷ്ട്യുന്മുഖമായ ഫലഭുയിഷ്ടതയില്‍നിന്ന് മനുഷ്യന്‍ ജന്മമെടുത്തു. എന്നാല്‍ മനുഷ്യനെ പ്രസവിച്ചതോടെ പ്രകൃതിമാതാവിന്‍റെ ആര്‍ത്തവം നിലയ്ക്കുന്നില്ല. മനുഷ്യന്‍ പരിണാമത്തിന്‍റെ ശ്രേഷ്ഠതമവും അന്തിമവുമായ ഫലമാണെന്ന അഭിപ്രായത്തെ ڇവിനാശകരമായ ഒരു വ്യാമോഹڈമായി തെയ്യാര്‍ തിരസ്കരിക്കുന്നു. മനുഷ്യവത്ക്കരണം അസ്തമിതപ്രായമായിരിക്കുകയാണെന്ന ആശയം യുക്തിരഹിതവും ഊഹാധിഷ്ഠിതവുമാണ്, അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍.

മനുഷ്യോദയം പരിണാമത്തിലെ ഒരു പുതിയ ദശയുടെ ആരംഭമത്രേ. പരിണാമജലയാനം മനുഷ്യവത്കരണമെന്ന തുറമുഖത്തുനിന്ന് നങ്കൂരമഴിച്ച് അതിമാനുഷ്യകമാകുന്ന സമുദ്രത്തിലേക്ക് യാത്രതിരിക്കുന്നു. അതിമാനുഷ്യകത്തിലേക്കുള്ള പ്രയാണം യഥാര്‍ഥവും പരമപ്രധാനവുമാണെന്ന് തെയ്യാര്‍ കരുതുന്നു. ഈ അനന്തരദശയുടെ അഭാവത്തില്‍ പരിണാമഫലം അലസിപ്പോകുന്നതിനു സമമായിരിക്കുമെന്നത്രേ അദ്ദേഹത്തിന്‍റെ അഭിപ്രായം. ഈ ദശയുടെ വിശദവിവരങ്ങള്‍ ഭാവിയുടെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ഈ അതിമാനുഷ്യക രൂപാന്തരീകരണത്തിന്‍റെ ഗതിയും അച്ചുതണ്ടും ചൂണ്ടികാണിക്കുവാന്‍ സാധിക്കും.

മനുഷ്യനില്‍ നിന്നുള്ള പരിണാമം മനുഷ്യനു കീഴേയുള്ള ജീവിവംശങ്ങളുടെ പരിണാമംപോലെയായിരിക്കുകയില്ല. മനുഷ്യനൊഴികെ മറ്റെല്ലാ വംശങ്ങള്‍ക്കും (species) ഭേദങ്ങളു (varieties) ണ്ട്. ഭേദങ്ങള്‍ പ്രാരംഭദശയിലുള്ള വംശങ്ങളാണ്. അതിദീര്‍ഘമായ ഒരു കാലഘട്ടംകൊണ്ട് ഈ ഭേദങ്ങള്‍ വ്യത്യസ്തവംശങ്ങളായിത്തീരുന്നു. പക്ഷേ ഈ പ്രവണതയ്ക്ക് മനുഷ്യനില്‍ പ്രാബല്യമില്ല. ശാഖോപശാഖകളായി പിരിഞ്ഞ് വ്യത്യസ്തവംശങ്ങള്‍ രൂപപ്പെടുത്തുവാന്‍ മനുഷ്യനുണ്ടാകാമായിരുന്ന പ്രവണതയെ വംശാന്തരൈക്യം പുലര്‍ത്തുവാനുള്ള പ്രയാണം മനുഷ്യര്‍ക്കിടയില്‍ത്തന്നെയുള്ള ദൃഢഗാഢബന്ധത്തിലാണ് കലാശിക്കുക. അതുതന്നെയത്രേ അതിമാനുഷ്യകത്തിലേക്കുള്ള പാത.

തെയ്യാര്‍ വിഭാവനംചെയ്യുന്ന അതിമാനുഷ്യകത്തിനും നീത്ഷേ (Nietzsche)യുടെ അതിമാനുഷനും (superman) തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ഹോമോ സാപ്പിയെന്‍സിന്‍റെ പരിണാമം അതിബുദ്ധിമാനായും മനുഷ്യനിലേക്കോ (homo sapientior) മനുഷ്യേതര ജീവിയിലേക്കോ (metanthropos) നയിക്കുമെന്ന് തെയ്യാര്‍ കരുതുന്നില്ല. മറ്റു വാക്കുകളില്‍ ഇന്നത്തേക്കാള്‍ മെച്ചപ്പെട്ടവരോ ഉയര്‍ന്നവരോ ആയ മനുഷ്യവ്യക്തികള്‍ പ്രത്യക്ഷപ്പെടുമെന്ന അഭിപ്രായം അദ്ദേഹത്തിനില്ല. ഒരു വംശമെന്ന നിലയില്‍ ഭാവിമനുഷ്യനെ അദ്ദേഹം ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നു, അതി മാനുഷ്യകപ്രശ്നം ഒരു വ്യക്തിയേയോ ഒരു ജാതി മനുഷ്യരേയോ ബാധിക്കുന്നതല്ല. മനുഷ്യരാശി മുഴുവന്‍റേയും പൊതുപ്രശ്നമാണത്. സ്മാള്‍ഡേര്‍സിന്‍റെ ഭാഷയില്‍ "മനുഷ്യനുശേഷം മാനവവംശം." മനുഷ്യനുശേഷമുള്ള പരിണാമത്തിന്‍റെ ഫലം "അര്‍ഹിക്കുന്നതിന്‍റെ അതിജീവന" മായിരിക്കയില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം നിലനില്‍പ് സാകലികമായിരിക്കും. മറിച്ചെങ്കില്‍ ആരും നിലനില്‍ക്കുകയുമില്ല. ഏറ്റവും അര്‍ഹതയുള്ള ജീവി എന്ന സ്ഥാനം സ്ഥാപിച്ച് നിലനില്‍പ് സമ്പാദിക്കുവാനുള്ള മനുഷ്യവ്യക്തികളുടെ ശ്രമം പരാജയപ്പെടുകയേ ഉള്ളൂ. അര്‍ഥവത്തായ അസ്തിത്വമുള്ള വ്യക്തികളുടെ ഒരു സമൂഹമെന്നനിലയില്‍ മാത്രമേ നാം നിലനില്‍ക്കുകയുള്ളൂ. മനുഷ്യപരിണാമത്തെ ഭരിക്കുന്ന "സാകാലികാതിജീവന" (collective survival) നിയമമാണിത്. ഈ നിയമം മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുക മാനവകുലത്തിന്‍റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.

 സമൂഹവത്ക്കരണം

മനനശക്തിയില്ലാത്ത വംശങ്ങളെപ്പോലെ മനുഷ്യവംശവും പരിണമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അവയെപ്പോലെ മനുഷ്യവംശത്തിന് വിഭജിക്കപ്പെടാലുള്ള പ്രവണതയില്ല. മനുഷ്യവംശം സഹജമായ ഗുണവിശേഷത്താല്‍ വര്‍ദ്ധമാനമായ വംശാന്തരൈക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യവംശത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഈ ഐക്യത്തിന്‍റെ ദൃഢീകരണത്തേയും സ്ഥിരീകരണത്തേയുമാണ് സമൂഹവത്ക്കരണം (Socilization) എന്നു പറയുന്നത്.

മനുഷ്യന്‍റെ ലോകത്തില്‍ സമൂഹവത്ക്കരണം ഏറ്റവും പ്രധാനമായ പ്രക്രിയയാണ്. ഇതും സങ്കീര്‍ണത-അവബോധനിയമത്തിന്‍റെ പ്രവര്‍ത്തനഫലമാണെന്നതില്‍ സംശയമില്ല. ഈ നിയമമനുസരിച്ച് ചിന്താണുക്കള്‍ ഏകീകരണത്തിലൂടെ സങ്കീര്‍ണത പ്രാപിക്കുന്നു. ഒപ്പം അവബോധം വളരുകയും  ചെയ്യുന്നു. മനുഷ്യര്‍ക്കിടയിലുള്ളബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നതും അവബോധം വര്‍ദ്ധിപ്പിക്കുന്നതും മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നതുമായ സമൂഹവത്ക്കരണം മനുഷ്യര്‍ക്കു പ്രത്യേകമുള്ള ഒരു പ്രക്രിയയാണ്. ദ്വിഗുണീകൃതാവബോധം (consciousess) മനുഷ്യനുണ്ടെന്നതാണ് അവന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ജ്ഞാനത്തെ സംബന്ധിക്കുന്ന ജ്ഞാനം മനുഷ്യനുണ്ട്. മനുഷ്യന്‍ മനനംതന്നെയാണ്. മനുഷ്യന്‍ സ്വയം അറിയുന്നു. എന്നാല്‍ ഒറ്റപ്പെട്ടുനില്‍ക്കുകയാണെങ്കില്‍ മനുഷ്യന്‍റെ ആത്മജ്ഞാനം പരിമിതമായിരിക്കും. അന്യരില്‍കൂടി മാത്രമേ മനുഷ്യന് തന്നെപ്പറ്റി അറിയുവാന്‍ കഴിയൂ. അന്യരോടുള്ള സഹവാസത്തിലൂടെയാണ് മനുഷ്യന് പൂര്‍ണത കൈവരുക. സ്വയം കണ്ടെത്താനും സ്വന്തം വ്യക്തിത്വത്തെ പൂര്‍ണമാക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന ഈ സഹവാസത്തെയാണ് സമൂഹവത്ക്കരണമെന്നു പറയുന്നത്.

സമൂഹവത്ക്കരണം രണ്ടു ദശയിലായി സംഭവിക്കുന്നു. ആദ്യം അത് വ്യാപിക്കുന്നു; പിന്നീട് സാന്ദ്രീകൃതമാവുന്നു. ഗോളത്തിന്‍റെ ഒരു ധ്രുവത്തില്‍നിന്ന് മറ്റൊരു ധ്രുവത്തിലേക്ക് വ്യാപിക്കുന്ന സ്പന്ദനംപോലെയാണ് സമൂഹവത്ക്കരണം. ഒരു ധ്രുവത്തിലാരംഭിച്ച് മധ്യരേഖയിലെത്തുന്നതുവരെ സ്പന്ദനം വ്യാപിക്കുന്നു. മധ്യരേഖ പിന്നിട്ടാല്‍ സ്പന്ദനം സാന്ദ്രീകൃതമാവുന്നു. അവസാനം മറ്റേ ധ്രുവത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. മാനുഷികമാകുന്ന അലയുടെ ഭൂമുഖവ്യാപനവും ഇതേരീതിയിലാണ്.

മനുഷ്യവര്‍ഗത്തിന്‍റെ വ്യാപനം അതിന്‍റെ സാന്ദ്രീകരണത്തിന് വഴിതെളിയിക്കുന്നു. മനുഷ്യരാശിയുടെ പ്രചരണം അവരുടെ ഐക്യത്തിലേക്ക് നയിക്കുന്നു.

മനുഷ്യാവിര്‍ഭാവത്തോടെ ആദ്യദശ ആരംഭിച്ചു. മനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കുകയും, അവര്‍ ക്രമേണ ഭൂമി മുഴുവന്‍ അധിവസിക്കുകയും, വിവിധ സംസ്ക്കാരങ്ങളും നാഗരികതകളും ജനപദങ്ങളും രൂപപ്പെടുകയും ചെയ്തത് ആ ദശയുടെ തുടര്‍ച്ചയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഈ വ്യാപനദശ അവസാനിച്ചുവെന്ന് തെയ്യാര്‍ വിശ്വസിക്കുന്നു. മാനുഷികത്തിന്‍റെ അല മധ്യരേഖയെ അതിലംഘിച്ചുകഴിഞ്ഞു.

ദ്വിതീയ ദശയായ മനുഷ്യരാശിയുടെ സാന്ദ്രീകരണം ഒരു നൂറ്റാണ്ടുമുമ്പ് ആരംഭിച്ചു. ഭൂഗോളത്തിന്‍റെ ഗോളാകൃതി മനുഷ്യരുടെ സാന്ദ്രീകരണത്തിനും അടുത്ത ഐക്യത്തിനും ഉപോദ്ബലകമായിരുന്നിട്ടുണ്ട്. ഗോളത്തിന്‍റെ ശേഷിക്കുന്ന പരിമിതവും വക്രവുമായ ഉപരിതലത്തിലേക്ക് മുന്നേറുന്നതുവഴി മനുഷ്യര്‍ പരസ്പരം അടുക്കുന്നു. നേതാക്കള്‍ വരകള്‍ വരയ്ക്കുകയും അതിര്‍ത്തികള്‍ വരയ്ക്കുകയും മതിലുകളുയര്‍ത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ തള്ളിക്കേറിക്കൊണ്ടിരുന്ന മാനുഷികമാകുന്ന അല ആ വരകള്‍ മായ്ക്കുകയും അതിര്‍ത്തികള്‍ ലംഘിക്കുകയും മതിലുകള്‍ തകര്‍ക്കുകയും ചെയ്യുന്നു.

ആശയവിനിമയോപാധികളുടെ അത്ഭുതാവഹമായ പുരോഗതി-അച്ചടി, ടെലിവിഷന്‍, റേഡിയോ, സിനിമ ആദിയായവ-മനുഷ്യസാന്ദ്രീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ ഉപാധികളില്‍കൂടി മനുഷ്യര്‍, ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും, പരസ്പരം വളരെ അടുക്കുന്നു. സഹജീവികളുടെ സുഖവും ദുഃഖവും വിജയവും പരാജയവും നേട്ടങ്ങളും കോട്ടങ്ങളും ദുരന്തങ്ങളും പ്രതിസന്ധികളുമെല്ലാം, വിദൂരസ്ഥമായ അതിര്‍ത്തികളിലുള്ളവയോ ചരിത്രത്തില്‍ വിസ്മൃതമായിപ്പോയവയോ ആയിക്കൊള്ളട്ടെ, ഈ ഉപാധികളിലൂടെ നമ്മുടെ സജീവനുഭവങ്ങളായി മാറുന്നു. പ്രത്യാശാജനകമോ നിരാശാജനകമോ ആയ ലോകസംഭവങ്ങള്‍, ഭൂമിയില്‍ ഏതെങ്കിലും പ്രദേശത്ത് ആര്‍ക്കെങ്കിലും നേരിടേണ്ടിവരുന്ന സംഭവങ്ങള്‍, ഈ വിനിമയോപാധികളിലൂടെ ലോകം മുഴുവനിലുമുള്ള മനുഷ്യരിലേയ്ക്കെത്തുന്നു. ഗതാഗതസൗകര്യങ്ങള്‍ സമൂഹവത്ക്കരണത്തിന്‍റെ ദ്വിതീയ ദശയെ ത്വരിപ്പിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. മനുഷ്യപ്രപഞ്ചം അതിവേഗം സങ്കോചിച്ചുകൊണ്ടിരിക്കുകയാണ്.

ആധുനിക ജീവിതരീതികള്‍ ബഹുവിധബന്ധങ്ങളുള്‍കക്കൊള്ളുന്ന ഒരു വല നെയ്തെടുക്കുന്നു. പ്രാകൃതമനുഷ്യന്‍ പ്രകൃതിയെ അധികവും സഹജീവികളെകുറച്ചും ആശ്രയിച്ചിരുന്നു. നമ്മുടെ പിതാക്കന്മാര്‍ പ്രകൃതിയുടെ അടിമകളായിരുന്നു. അവര്‍ പ്രകൃതിയുടെ കാരുണ്യം യാചിച്ചു കഴിഞ്ഞു. അവര്‍ പലപ്പോഴും ക്രൂരമായി പെരുമാറി. ശാസ്ത്രീയ സാങ്കേതിക പുരോഗതിയുടെ ഫലമായി നമുക്കിന്ന് പ്രകൃതിയുടെമേല്‍ കൂടുതലാധിപത്യമുണ്ട്. പക്ഷേ ഇത് പ്രശ്നത്തിന്‍റെ ഒരു വശം മാത്രം. സ്വതന്ത്രനായ ആധുനിക മനുഷ്യന് സഹജീവികളെ അങ്ങേയറ്റം ആശ്രയിച്ചു കഴിയേണ്ടിയിരിക്കുന്ന. നാം പ്രകൃതിയില്‍നിന്ന് എത്രമാത്രം സ്വതന്ത്രരായോ, അത്രത്തോളം സഹജീവികളെ ആശ്രയിച്ചേ മതിയാവൂ. ആധുനിക മനുഷ്യന് ഇലക്ട്രീഷനേയും എന്‍ജിനീയറെയും ടെലഫോണ്‍ ഓപ്പറേറ്ററേയും പോസ്റ്റ്മാനേയും ഡോക്ടറേയും പൈലറ്റിനേയും പത്രക്കാരനേയും ആശാരിയേയും തയ്യല്‍ക്കാരനേയും ക്ഷുരകനേയും കശാപ്പുകാരനേയും തൂപ്പുകാരനേയും, എന്നുവേണ്ട മറ്റു പലരേയും ആവശ്യമുണ്ട്. നമ്മുടെ പൂര്‍വികര്‍ക്ക് ഇവരെ ആവശ്യമില്ലായിരുന്നു. ആധുനികരുടെ ഈദൃശബന്ധങ്ങളുടെ എണ്ണം വര്‍ധിക്കുകയും ഇവ കൂടുതല്‍ ദൃഢമാവുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും കാണാന്‍ വിഷമമില്ല. മനുഷ്യരാശി മുഴുവന്‍ ഇപ്രകാരം ഒരു സമൂഹമായി, ഒരു കുടുംബമായി, പരിണമിച്ചുകൊണ്ടിരിക്കുന്നു. നമുക്കിഷടമാണെങ്കിലും അല്ലെങ്കിലും ആധുനികജീവിതസമ്പ്രദായം നമ്മെ പരസ്പരം അടുപ്പിക്കുന്നു. "സാമ്പത്തികവും മാനസികവുമായ ബന്ധങ്ങളാല്‍ പ്രപഞ്ചമാകുന്ന വല ത്വരിതഗതിയില്‍ നെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. ഈ ബന്ധങ്ങള്‍ നമ്മെ വലയം ചെയ്യുന്നു. നാമോരുത്തരിലേക്കും കൂടുതല്‍  കൂടുതല്‍ ആഴ്ന്നിറങ്ങുന്നു. സാമൂഹികമായല്ലാതെ ചിന്തിക്കുവാനുള്ള കഴിവ് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു." പ്രാകൃത മനുഷ്യന് സ്വസഹോദരനില്‍നിന്ന് ഓടിയകലുവാനും ഒറ്റപ്പെട്ടു ജീവിക്കുവാനും കഴിയുമായിരുന്നു. ആധുനിക മനുഷര്‍ക്ക് ഇത് സാധ്യമല്ല. സമൂഹവത്ക്കരണം ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു.

 ആന്തരികമാനത്തില്‍നിന്നുള്ള സമൂഹവത്ക്കരണം

പരിമിതവും ഗോളാകാരവുമായ ഭൂമിയുടെ ഉപരിതലം, ജനസംഖ്യയുടെ വര്‍ദ്ധന, വിനിമയോപാധികളുടെയും ഗതാഗതസൗകര്യത്തിന്‍റേയും അത്ഭുതാവഹമായ പുരോഗതി, ആധുനിക ജീവിത മുള്‍ക്കൊള്ളുന്ന ബന്ധങ്ങളുടെ വലയം ആദിയായവയെല്ലാം മനുഷ്യരെ പരസ്പരം അടുപ്പിക്കുകയും അവരെ ഒരു സമൂഹമാക്കുകയും ചെയ്യുന്നു. പക്ഷേ ഈ ബാഹ്യഘടകങ്ങള്‍ ഒരു യഥാര്‍ഥ മനുഷ്യസമൂഹത്തിന് രൂപം കൊടുക്കുവാന്‍ പോരുന്നവയല്ല. ആന്തരിക തലത്തില്‍നിന്നേ യഥാര്‍ത്ഥ സമൂഹവത്ക്കരണം സാധ്യമാകൂ. മനുഷ്യവ്യക്തികളുടെ ഹൃദയൈക്യത്തിലാണ് അത് കുടികൊള്ളുന്നത്. തെയ്യാറിന്‍റെ അഭിപ്രായത്തില്‍ നാത്സിസവും ഫാസ്സിസവും കമ്മ്യൂണിസവും വികൃതമായ വ്യതിയാനങ്ങളാണ്. ജീവിതത്തിന്‍റെ സാമൂഹികമാനത്തിന് പ്രാധാന്യം നല്‍കുന്ന ഈ വ്യവസ്ഥിതികളാല്‍ വ്യക്തി അപ്രധാനമാകുന്നു; സമൂഹം മാത്രമേ ശ്രദ്ധയര്‍ഹിക്കുന്നുള്ളൂ. വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കാത്ത സമുദായങ്ങള്‍ മനുഷ്യര്‍ക്ക് യോജിച്ചവയല്ല. തന്മൂലം ഈദൃശമായ സര്‍വ്വാധിപത്യസംവിധാനങ്ങള്‍ യഥാര്‍ഥത്തിലുള്ള അതിമാനുഷ്യകത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ഈ വ്യവസ്ഥിതികളില്‍ സമൂഹവത്ക്കരണശക്തിക്ക് മാര്‍ഗഭ്രംശം ഭവിച്ചിരിക്കയാണ്. അവ വ്യാജസമുദായങ്ങളത്രേ.

യഥാര്‍ഥ സമൂഹവത്ക്കരണം സങ്കീര്‍ണത-അവബോധനിയമമനുസരിച്ചേ പ്രാബല്യത്തില്‍ വരു. ഐക്യാവസ്ഥയില്‍ ഐക്യവിധേയമാകുന്ന മൂലകങ്ങള്‍ക്ക് ഹാനി ഭവിക്കരുത്. പിന്നെയോ, ഐക്യംവഴി അവ ഉപര്യുദാത്തമാവണം. ഘടകമൂലകങ്ങളെ ഉദാത്തമാക്കിത്തീര്‍ക്കുന്ന ഈ ഐക്യത്തെ "വിഭേദകൈക്യം (Differentiating Union ) എന്നു തെയ്യാര്‍ നാമകരണം ചെയ്യുന്നു. ഈ വിധത്തിലുള്ള ഐക്യത്തില്‍ മൂലകങ്ങളില്‍ മെച്ചമായിട്ടുള്ളതൊന്നും നഷ്ടപ്പെടുകയില്ല. മറിച്ച് അവ കൂടുതല്‍ മെച്ചപ്പെടുകയത്രേ ചെയ്യുക. സമൂഹവത്ക്കരണം "വിഭേദകൈക്യ" ത്തിന്‍റെ ഫലമായിരിക്കും. സമൂഹവത്ക്കരണത്തില്‍ മനുഷ്യര്‍ ഒന്നിക്കുന്നു. മനുഷ്യരുടെ സവിശേഷതയാണ് വ്യക്തിത്വം. തന്മൂലം സമൂഹവത്ക്കരണത്തില്‍ മനുഷ്യര്‍ ഉത്തമവ്യക്തികളായിത്തീരണം. അവരുടെ വ്യക്തിത്വം വളരണം.

വ്യക്തിത്വത്തെ മുറുകെപ്പിടിക്കുകയും സര്‍വ്വാധിപത്യ വ്യവസ്ഥിതികളെ എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ട് തെയ്യാര്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ അനുഭാവിയാണെന്ന് ധരിക്കുക വലിയ അബദ്ധമായിരിക്കും. സാമൂഹിക മൂല്യങ്ങളെ അവഗണിക്കുന്ന, ഒറ്റപ്പെട്ട വ്യക്തികളെ പൂജിക്കുന്ന, മുതലാളിത്തവ്യവസ്ഥിതി ഒരു വൈകൃതമാണ്. സമൂഹവത്ക്കരണ പ്രക്രിയയുടെ അച്ചുതണ്ടിന് അതിലൂടെ പ്രവേശിക്കുവാന്‍ സാധ്യമല്ല. യഥാര്‍ഥ സമൂഹവത്ക്കരണംവഴി വ്യക്തികളുടെ ഒരു കൂട്ട (A Crowd of Individuals) മായിരിക്കുകയില്ല രൂപംകൊള്ളുക; പ്രത്യുത അവഗാഢം ബന്ധിതമായ നിര്‍വ്യാജവ്യക്തികളുടെ ഒരു സമൂഹമായിരിക്കും (A Community of Authentic Persons).

 ഓമെഗ

സങ്കീര്‍ണത-അവബോധക്രമമനുസരിച്ച് പ്രപഞ്ചോപാദനം യഥാക്രമം ജീവവത്ക്കരിക്കപ്പെടുകയും മനുഷ്യവത്ക്കരിക്കപ്പെടുകയും ചെയ്തു. പ്രകൃതത്തില്‍ ഈ ചോദ്യം ഉയര്‍ന്നേക്കാം: സമൂഹവത്ക്കരണത്തിന്‍റെ ഭാവിയെന്ത്? സമൂഹവത്ക്കരണത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള തെയ്യാറിന്‍റെ വ്യാഖ്യാനം നമ്മെ ഓമെഗയിലേക്കെത്തിക്കുന്നു.

സമൂഹവത്ക്കരണത്തോട് ബന്ധപ്പെടുത്തിയാണ് തെയ്യാര്‍ ഓമെഗയെ വീക്ഷിക്കുന്നത്. ഓമെഗയ്ക്കും സമൂഹവത്ക്കരണത്തിനും തമ്മിലുള്ള ബന്ധം ഗ്രഹിക്കുവാന്‍ തനിക്കു പ്രേരകമായിരുന്നത് തന്‍റെ ക്രൈസ്തവ വിശ്വാസമാണെന്ന് തെയ്യാര്‍ നിസന്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐക്യനിയമങ്ങളെ പൂര്‍ണമായും അനുസരിച്ച് കേന്ദ്രങ്ങളുടെ ഉദ്ഗ്രഥനത്തിലൂടെ പ്രപഞ്ചം സ്വയം പൂര്‍ണമാക്കുന്നു. ദൈവം കേന്ദ്രങ്ങളുടെ കേന്ദ്രമാണ്. ഈ ആത്യന്തികദര്‍ശനത്തില്‍ ക്രൈസ്തവപ്രബോധനം അതിന്‍റെ പാരമ്യത്തിലെത്തുന്നു. ഇത് എത്രയോ കൃത്യമായും എത്രയോ സൂക്ഷ്മമായും ഓമെഗയോട് താദാത്മ്യമുളളതാണ്. ഒരു വിശ്വാസിയുടെ അവബോധംവഴി ഓമെഗയുടെ മാനസികരൂപവും ജീവത്തായ ഭാവവും എനിക്കനുഭവവേദ്യമായിരുന്നില്ലെങ്കില്‍ ഓമെഗയെ വിഭാവനം ചെയ്യു വാനോ യുക്തിതലത്തില്‍ അതേപ്പറ്റി ഒരു അഭ്യുഹത്തിന് രൂപം നല്‍കു വാനോ ഞാന്‍ തുനിയുമായിരുന്നില്ല എന്നത് സംശയരഹിതമത്രേ. ഈ വരികളില്‍നിന്ന് മതാത്മകവിശ്വാസത്തിന്‍റെ പ്രേരണയില്ലായിരുന്നു വെങ്കില്‍ ഓമെഗയെക്കുറിച്ച് യുക്ത്യതിഷ്ഠിതമായ ഒരഭ്യൂഹം രൂപപ്പെടു ത്തുവാന്‍ തെയ്യാര്‍ മുതിരുകയില്ലായിരുന്നുവെന്ന് വ്യക്തമാണല്ലോ.

തെയ്യാറിന്‍റെ അഭിപ്രായത്തില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഓമെഗയെക്കുറിച്ച് സ്ഥിരവും അന്തിമവുമായ ഒരു തീരുമാനം ലഭിക്കും. അതേസമയം ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ലാത്തവരെ സംബ ന്ധിച്ചിടത്തോളം ഓമെഗയിലേക്കുളള പാത അടഞ്ഞുമല്ല കിടക്കുന്നത്. ഏതൊരാളേയും ആത്യന്തികമായി ഓമെഗയിലേക്ക് നയിക്കുന്ന പാത സമൂഹവത്കരണമാണ്. മതവിശ്വാസഭേദമേന്യേ എല്ലാവര്‍ക്കും അഭി ഗമ്യമായ ഈ പാതയാണ് ഇനിയത്തെ നമ്മുടെ പരിഗണനാവിഷയം.

സമൂഹവത്കരണ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതില്‍ സംശയമില്ല. ഓമെഗ യഥാര്‍ത്ഥത്തില്‍ സമൂഹവത്കരണത്തിന്‍റെ ഭാവിയാണ്. ഈ പ്രക്രിയ അതിന്‍റെ പരമകാഷ്ഠയിലെത്തുമെന്നതാണ് അതിന്‍റെ ഭാവി. സമൂഹവത്കരണത്തിന്‍റെ പരമകാഷ്ഠയാണ് ഓമെഗ. സമൂഹവത്ക്കരണത്തിന്‍റെ പരമകാഷ്ഠ മനുഷ്യസമൂഹത്തിന്‍റെ ഏകീകരണ പ്രക്രിയയുടെ പാരമ്യമാണ്. തന്മൂലം മാനവസമുദായത്തിന്‍റെ ആത്യന്തികവും അത്യുന്നതവുമായ ഏകീകരണദശയാണ് ഓമെഗ. തത്ഫലമായി സങ്കീര്‍ണ്ണത അവബോധത്തിന്‍റെ പരമ സാക്ഷാത്ക്കാരവും ആയിരിക്കുമത്.

സമൂഹവത്ക്കരണത്തിന്‍റെ പരമകാഷ്ഠയിലേക്ക് നാമെത്തിയിട്ടില്ലെന്ന് വ്യക്തം. മനുഷ്യസമൂഹത്തിന്‍റെ പരമമായ ഏകീകരണം ഇനിയും നടക്കേണ്ടിയിരിക്കുന്നു. തന്മൂലം ഓമെഗാ ഒരു ഭാവി യാഥാര്‍ത്ഥ്യമാണ്. വാസ്തവത്തില്‍ അത് പരിണാമത്തിന്‍റെയും ഭാവിയത്രേ.

പരിണാമം ആത്മാവബോധം നേടിയതാണ് മനുഷ്യന്‍ എങ്കില്‍ പരിണാമത്തിന്‍റെ ഭാവി മനുഷ്യന്‍റേയും ഭാവിയാണ്. മനുഷ്യന്‍ സ്വാഭാവികമായ സവിശേഷത നിമിത്തം സ്വന്തം ഭാവിയെ മെനഞ്ഞെ ടുക്കുന്നു. മനുഷ്യന്‍റെ ഭാവിയായ ഓമെഗ മനുഷ്യപ്രയത്നത്തിലൂടെ മാത്രമേ യാഥാര്‍ഥ്യമായിത്തീരൂ. തന്മൂലം ഓമെഗ സര്‍വ്വമനുഷ്യരുടേയും പരമകര്‍ത്തവ്യമാകുന്നു.

പരിണാമത്തിലാണ് ഓമെഗ നിലകൊളളുന്നത്. പരിണാമാതീതവുമാണത്. സമൂഹവത്ക്കരണത്തിന്‍റെ പരമകാഷ്ഠയായ ഓമെഗ പരിണാമത്തിന്‍റെ ആത്യന്തികബിന്ദുവാണ്. പരിണാമത്തിന്‍റെ അന്തിമ ബിന്ദു തീര്‍ച്ചയായും  പരിണാമഭാഗമായിരിക്കും. അതേ സമയം പരിണാമത്തിന്‍റെ യഥാര്‍ത്ഥ ആത്യന്തിക ബിന്ദുവെന്ന നിലയില്‍ അത് പരിണാമാ തീതവുമായിരിക്കണം. പരിണാമത്തിന്‍റെ അന്തിമബിന്ദു അഥവാ ലക്ഷ്യം പൂര്‍ണ്ണമായും പരിണാമത്തിന് ആന്തരികമായിരിക്കുകയില്ല. അല്ലെങ്കില്‍ അതിന് അന്തിമമായിരിക്കുക വയ്യ. മറ്റു വാക്കുകളില്‍ ഓമെഗ പരിണാമത്തിന് ബാഹ്യവുമായിരുന്നേ മതിയാവൂ. പരിണാമത്തിലാണെങ്കിലും ഓമെഗയെ ഉള്‍കൊള്ളാന്‍ പരിണാമത്തിന് കഴിവില്ല.

മനുഷ്യവ്യക്തികളുടെ പൂര്‍ണ്ണതയാണ് ഓമെഗ. പുരുഷാത്മ കമല്ലാത്തത് വ്യക്തികളുടെ പൂര്‍ണ്ണതയ്ക്ക് യോജിച്ചതല്ല. എങ്കില്‍ ഓമെഗ പുരുഷാത്മകമായിരിക്കണം.

ഒറ്റപ്പെട്ടു നില്‍ക്കുന്ന വ്യക്തികള്‍ പൂര്‍ണരാവില്ല. സമൂഹത്തിലൂടെ മാത്രമേ വ്യക്തികള്‍ക്ക് പൂര്‍ണ്ണത കൈവരൂ. വ്യക്തികളെ ഒരു സമൂഹമായി ബന്ധിക്കുന്നത് സ്നേഹമത്രേ. അങ്ങനെ ഓമെഗ പരമമായ സ്നേഹത്തിന്‍റെ അവസ്ഥയാണെന്ന് വരുന്നു. പരിണാമിയായ പ്രപഞ്ചത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത് സ്നേഹമാണ്; തന്മൂലം പരിണാമത്തിന്‍റെ പാരമ്യം "സ്നേഹവത്കരണ"  (amorization) ത്തിന്‍റെ പാരമ്യവും.

ഓമെഗയ്ക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യം നല്‍കുവാന്‍ ശാസ്ത്രത്തിന് കഴിവില്ല. പരിണാമ പ്രപഞ്ചത്തിനുളളില്‍ പൂര്‍ണ്ണമായി നില്‍ക്കുന്നതു മാത്രമേ  ശാസ്ത്രത്തിനു ഗ്രഹിക്കുവാന്‍ കഴിയൂ. എന്നാല്‍ ഓമെഗ ഇത്തരത്തില്‍ പെടുന്നതല്ല. അത് പരിണാമ ത്തിന് അതീതമാണ്. ഓമെഗ, അതായത് സമൂഹവത്കരണത്തിന്‍റെ പരമകാഷ്ഠ, സംഭവ്യമാണെന്ന് സ്ഥാപിക്കുവാന്‍ ശാസ്ത്രത്തെ കൊണ്ടാവില്ല. സമൂഹവത്കരണം അതിന്‍റെ പാരമ്യത്തിലെത്തു കയില്ലെന്ന് സ്ഥാപിക്കുവാനും ശാസ്ത്രം അശക്തമാണ്.

ശാസ്ത്രത്തിന് അസാധ്യമായത് വിശ്വാസത്തിന് കഴിയും. ഓമെഗാ യാഥാര്‍ത്ഥമായിത്തീരുമെന്ന ബോധ്യത്തിലേക്ക് വിശ്വാസം സത്യാ ന്വേഷിയെ നയിക്കും. ഇവിടെ മതാത്മക വിശ്വാസമല്ല വിവക്ഷ; ഒരു തരം ദാര്‍ശനികവിശ്വാസമാണ്. ഇത് അന്ധമായ വിശ്വാസമല്ല. ജീവിതത്തിന് അര്‍ഥമുണ്ട്; അഥവാ പ്രപഞ്ചം വ്യര്‍ഥമല്ല എന്ന തത്വത്തിലധിഷ്ഠി തമാണീ വിശ്വാസം. തെയ്യാറിന്‍റെ വീക്ഷണത്തില്‍ ജീവിതത്തിനോ പ്രപഞ്ചത്തിനോ അര്‍ഥവത്തായ വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുന്ന വരെല്ലാം മൗലികമായ ഈ തത്വം - ജീവിതം അര്‍ഥപൂര്‍ണ്ണമാണ് എന്നത്  അംഗീകരിച്ചേ മതിയാവൂ. ഓമെഗയ്ക്ക് മാത്രമേ ജീവിതത്തെ അര്‍ഥവത്താക്കാന്‍ കഴിയൂ എന്നും അദ്ദേഹം കരുതുന്നു. ഓമെഗയുടെ അഭാവത്തില്‍ ജീവിതം അര്‍ഥശൂന്യമായിത്തീരും; പ്രപഞ്ചം നിരര്‍ഥകവും. പ്രപഞ്ചോദയത്തിന്‍റെ പാരമ്യമായ ഓമെഗ യാഥാര്‍ഥ്യമാവുന്നില്ലെങ്കില്‍, പ്രപഞ്ചം ആത്മവിനാശകമായ ഒരു പ്രക്രിയയാണെന്ന് വരും. ഇതിനേക്കാള്‍ വലിയ ദുരന്തമില്ല. ജീവിതത്തിന്‍റെ അന്ത്യം ഒരു കൊടും വിപത്തായിരിക്കുമെന്ന് തെയ്യാര്‍ കരുതുന്നില്ല. അതിന്‍റെ പൂര്‍ണ്ണത ഓമെഗ ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം.

പരിണാമത്തിന്‍റെ അപ്രതിഹത പാരമ്യമായ ഓമെഗയ്ക്ക് മനുഷ്യപ്രയത്നവും ആവശ്യമാണ്. ഓമെഗ നമ്മുടെ കര്‍ത്തവ്യമാണെന്ന് നാം കണ്ടുകഴിഞ്ഞു. അതിനു നമ്മുടെ ശ്രമം കൂടിയേ തീരൂ. നമുക്ക് ദീര്‍ഘവീക്ഷണവും സ്വാതന്ത്ര്യവുമുണ്ട്. അവസാനം നിഷ്ഫലമായി പ്പോകാനിരിക്കുന്ന ഒന്നിനുവേണ്ടി നാം പ്രയത്നിക്കാറില്ല. ഓമെഗയുടെ വിപര്യയ സാധ്യതയെക്കുറിച്ചുളള ചിന്ത തന്നെ "മനുഷ്യവര്‍ഗ്ഗത്തെ നിരുന്മേഷമാക്കും". ആ അവബോധം "ജീവിതത്തിന്‍റെ ഉന്മേഷം നശിപ്പിക്കും"; നമ്മെ കര്‍മ്മാനുഷ്ഠാന വിമുഖരാക്കും, ആ വിധത്തിലുള്ള ബോധമാണുള്ളതെങ്കില്‍ നമ്മുടെ കര്‍ത്തവ്യങ്ങള്‍ താല്‍പര്യത്തോടെ നാം ചെയ്തുതീര്‍ക്കുകയില്ല. ജീവിതോന്മേഷത്തിനും പ്രവര്‍ത്തന ചൈതന്യത്തിനും അപ്രതിഹത സ്വഭാവമുളള ഓമെഗ ഉണ്ടായേ തീരൂ.  "പ്രവര്‍ത്തിക്കുവാനുള്ള നമ്മുടെ മനസ്സ് നഷ്ടപ്പെടുന്നു; മനുഷ്യ ചൈതന്യം മൗലികമായി കുറയുകയും ചുരുങ്ങുകയും ചെയ്യുന്നു".

ഇതുവരെ പറഞ്ഞതില്‍ നിന്ന് തെയ്യാറിന്‍റെ വിശ്വവീക്ഷണത്തില്‍ ഓമെഗ ഒരു ദശയാണെന്ന് വ്യക്തമായല്ലോ. പ്രപഞ്ചോദയത്തിലെ അന്തിമദശയാണത്. പരമമായ സമൂഹവത്കരണത്തിന്‍റെ ദശയുമാണത്.

സമൂഹവത്കരണത്തിന്‍റെ പരമകാഷ്ഠ മനുഷ്യവ്യക്തിയുടെ അന്തിമവും അപ്രതിഹതവുമായ ഏകത്രകേന്ദ്രീകരണവും സഹവാസവും ഒരു യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാന്‍ കഴിയൂ. പക്ഷേ മനുഷ്യസ്നേഹം ദുര്‍ബലമാണ്. തന്മൂലം അതിന് സ്വയം ഈ ഏകത്രകേന്ദ്രീകരണത്തെയും സഹവാസത്തെയും ഉളവാക്കുവാനോ നിലനിര്‍ത്തുവാനോ  കഴിയുകയില്ല. ഈ അന്തിമ ദശയ്ക്ക് മാനുഷികസ്നേഹം അവശ്യാ വശ്യമാണ്. എന്നാല്‍ അതുമാത്രം പോരാ. മനുഷ്യരുടെ അന്തിമവും അപ്രതിഹതവുമായ ഏകത്രകേന്ദ്രീകരണവും സഹവാസവുമാക്കുന്ന അന്തിമദശയെ പ്രാപിക്കുവാന്‍ ഒരു അന്തിമാനുഷിക കേന്ദ്രത്തില്‍നിന്ന് നിസ്സരിക്കുന്ന അതിമാനുഷിക സ്നേഹം കൂടിയേ തീരൂ. ഈ അതിമാനുഷികകേന്ദ്രം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. ഈ പരമോന്നതകേന്ദ്രം മനുഷ്യസമൂഹത്തിന്‍റെ അന്തിമമായ ഏകീകരണം സാധിക്കണമെങ്കില്‍ സ്ഥലകാലബദ്ധമായ പ്രപഞ്ചത്തിന്നതീതമായിരിക്കണമത്. ആരംഭം മുതലേ അത് പ്രപഞ്ചത്തില്‍ പ്രവര്‍ത്തിച്ചിരുന്നിരിക്കണം. ഈ പരമോന്നതകേന്ദ്രം പരമസ്നേഹത്തിന്‍റെയും സ്നേഹയോഗ്യതകളുടെയും കേന്ദ്രവുമായിരിക്കണം. ഈ പരമോന്നതകേന്ദ്രമാണ് തെയ്യാറിന്‍റെ വിശ്വവീക്ഷണത്തില്‍ "ഓമെഗ ബിന്ദു".

പരസ്നേഹത്തിന്‍റെയും സ്നേഹയോഗ്യതയുടെയും നിലയനമായ ഈ കേന്ദ്രത്തിലെ സ്നേഹം മനുഷ്യരെയെല്ലാം പുരുഷാത്മകതയ്ക്ക് ഭംഗംവരാതെ ഒരു സമൂഹമാക്കി സംയോജിപ്പിക്കും-പൊതു സ്നേഹത്തില്‍നിന്നുയിര്‍ക്കൊള്ളുന്ന സമൂഹം.അതിമാനുഷിക സ്നേഹത്തിന്‍റെ പരമോന്നതകേന്ദ്രത്തോട് ബന്ധിതമാക്കുമ്പോള്‍ മനുഷ്യസ്നേഹത്തിന്‍റെ ദൗര്‍ബല്യവും ചാഞ്ചല്യവും അപ്രത്യക്ഷ മാക്കുന്നു; അത് മരണത്തേക്കാള്‍ കരുത്തുറ്റതായിത്തീരുന്നു.

കേന്ദ്രങ്ങളുടെ കേന്ദ്രം ഉളവാക്കുന്ന ഈ സ്നേഹൈക്യം സാരാംശ ത്തില്‍ "വിഭേദകൈക്യമാണ്". "സചേതന വ്യക്തികളുടെ ആത്മ ഭാവത്തെ പൂര്‍ത്തീകരിക്കുകയും പൂര്‍ണ്ണമാക്കുകയും ചെയ്യത്തക്കവിധം അവയെ സംയോജിപ്പിക്കുവാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ. കാരണം, അവയിലെ അഗാധതമങ്ങളായ ഭാവങ്ങളെ സ്വീകരിക്കുവാനും സംയോജിപ്പിക്കുവാനും സ്നേഹത്തിനു മാത്രമേ കഴിവുളളൂ." "വിഭേദ കൈക്യ"ത്തിന്‍റെ പരമകാഷ്ഠയാണിത്.

മുകളില്‍ നല്‍കിയ വിവരണത്തില്‍നിന്ന് തെയ്യാറിന്‍റെ ചിന്തയില്‍ ഓമെഗ ഒരു ദശയും ഒരു ബിന്ദുവുമാണെന്ന് അനുമാനിക്കാം. വിഭിന്നങ്ങളായ രണ്ട് ഓമെഗകളില്ലെന്ന് വ്യക്തം. പരിണാമത്തിന്‍റെ അന്തിമദശ പ്രപഞ്ചത്തിന്‍റെ പരമകേന്ദ്രമായ ഓമെഗ ബിന്ദുവിനു ചുറ്റുമുളള പ്രപഞ്ചകേന്ദ്രീകരണമാണ്. ഒരു കേന്ദ്രത്തിന്‍റെ അഭാവത്തില്‍ ക്രിയാത്മകമായ ഈ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുവാനേ സാധ്യമല്ല; ഇതാണ് തെയ്യാറിന്‍റെ ദൈവശാസ്ത്രേതര ചിന്തയുടെ സാരാംശം.

പരിണാമ പ്രക്രിയയെ തെയ്യാര്‍ സമഗ്രമമായി വിഭാവനം ചെയ്യുന്നത് താഴെവരുന്ന വിധമാണ്:

 ഓമെഗക്രിസ്തു

മനുഷ്യനെന്ന പ്രതിഭാസത്തിന്‍റെ ഉപസംഹാരത്തിലും ക്രൈസ്തവ ജീവിതത്തിന് ഒരാമുഖം എന്ന പ്രബന്ധത്തിലും തെയ്യാര്‍ ദൈവാവിഷ്ക്ക രണത്തിന്‍റ സാധ്യതയെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. ഓമെഗ അതിന്‍റെ ധര്‍മ്മമനുഷ്ഠിക്കുന്നതെപ്രകാരമാണെന്ന വിചിന്തനത്തില്‍നിന്ന് ദൈവാവിഷ്കരണത്തിന്‍റെ സാധ്യത വ്യക്തമാണ്. പരിണാമിയായ പ്രപഞ്ചത്തിന്‍റെ പരമമായ ആകര്‍ഷണകേന്ദ്രമായി വര്‍ത്തിക്കുക എന്നതാണ് ഓമെഗയുടെ ധര്‍മ്മം. പക്ഷേ ഓമെഗയുടെ ഈ ധര്‍മ്മാനുഷ്ഠാനം എല്ലാ വസ്തുക്കളെ സംബന്ധിച്ചും ഏകരൂപമല്ല വ്യക്തികളെ വ്യക്തികള്‍ക്കനുയോജ്യമായ വിധത്തില്‍ ഓമെഗ ആകര്‍ഷിക്കുന്നു. വ്യക്തികള്‍ തങ്ങളുടെ പ്രകൃതിക്കനുസൃതമാണ് ആകര്‍ഷിക്കപ്പെടുക. വ്യക്ത്യനുസ്യതമായ ആകര്‍ഷണം, ഉച്ചരിക്കപ്പെട്ട വാക്കിനോ സന്ദേശത്തിനോ യോജിക്കുന്നവിധത്തില്‍ സ്വതന്ത്രവും സ്നേഹപ്രേരിതവുമായ പ്രത്യുത്തരം ഉളവാക്കുന്നതില്‍ കുടികൊള്ളുന്നു. ഓമെഗ പ്രകാശിപ്പിക്കുന്ന വചനവും സന്ദേശവും ഓമെഗയുടെ ആവിഷ്കരണം ആയിരിക്കണം. അങ്ങനെ ഓമെഗയുടെ വ്യക്തിക്ക നുയോജ്യമായ വിധത്തിലുളള ആകര്‍ഷണ സ്വഭാവത്തില്‍നിന്നും ആവിഷ്കരണത്തിന്‍റെ സാധ്യതയെങ്കിലും വ്യക്തമാക്കുന്നുണ്ട്.

ആവിഷ്കരണത്തിന്‍റെ സാധ്യത മാത്രമല്ല തെയ്യാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യുത ഓമെഗയുടെ യഥാര്‍ഥാ വിഷ്കരണത്തെ വ്യാജാവിഷ്ക്കരണങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയുവാന്‍ സഹായകമായ മാനദണ്ഡവും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പ്രപഞ്ചത്തിന്‍റെ പരമമായ ഏകീകരണ കേന്ദ്രമാണ് ഓമെഗ. തന്മൂലം ഓമെഗയുടെ യഥാര്‍ത്ഥാവിഷ്ക്കരണം ഒരേകീകൃതപ്രപഞ്ചവീക്ഷണമാകാതെ തരമില്ല.

ചേതോഹരമായ ഒരേകീകൃത പ്രപഞ്ചവീക്ഷണം അവശ്യം പ്രമാദരഹിതമായിരിക്കുമെന്ന് തെയ്യാറിന് വിവക്ഷയില്ല. പ്രവര്‍ത്തനമാണ് വീക്ഷണത്തിന്‍റെ ഉരകല്ല്. ഏകീകൃതവീക്ഷണം ഏകീകൃതപ്രവര്‍ത്തനത്തിലേക്ക് നയിക്കണം. യഥാര്‍ത്ഥാവിഷ്ക്കരണത്തെപ്പറ്റിയുള്ള ഏകീകൃതവീക്ഷണം ഏകീകരിക്കപ്പെടേണ്ട പ്രപഞ്ചത്തെപ്പറ്റിയുള്ള വീക്ഷണംതന്നെയാണ്. അതുകൊണ്ട് ഏകീകൃത വീക്ഷണത്തില്‍നിന്നുയിര്‍ക്കൊള്ളുന്ന ഏകീകരണ പ്രവര്‍ത്തനം യഥാര്‍ത്ഥാവിഷ്ക്കരണത്തിന്‍റെ സുനിശ്ചിത രേഖയാണ്. ചുരുക്കത്തില്‍ യഥാര്‍ത്ഥാവിഷ്ക്കരണത്തിനും മതത്തിനും പ്രായോഗിക സൈദ്ധാന്തികതലങ്ങളില്‍ തികച്ചും പൊരുത്ത പ്പെട്ടുപോകുവാന്‍ കഴിയും.

ക്രിസ്തുവില്‍ കേന്ദ്രീകൃതവും ഏകീകൃതവുമാകേണ്ട പ്രപഞ്ചത്തെക്കുറിച്ചുള്ള ചേതോഹരമായ ഒരു ദര്‍ശനമാണ് ക്രൈസ്തവാവിഷ് ക്കരണം. തന്മൂലം ക്രൈസ്തവാവിഷ്ക്കരണം പ്രപഞ്ചവസ്തുക്കളെയെല്ലാം അവയുടെ ഏകീകരണകേന്ദ്രത്തിലേക്ക് നയിക്കുവാന്‍ പ്രേരണനല്‍കുന്ന ഒരാഹ്വാനം കൂടിയാണ്. "ക്രിസ്തുവില്‍ എല്ലാം പുനഃസ്ഥാപിക്കുക" എന്നുവെച്ചാല്‍ എല്ലാം ക്രിസ്തുവില്‍ ഏകീകരിക്കുക എന്നര്‍ത്ഥം. ഇതത്രേ ക്രൈസ്തവാവിഷ്ക്കരണത്തിന്‍റെ കാതല്‍. ക്രൈസ്തവപ്രവര്‍ത്തനത്തിന്‍റെ ഏകലക്ഷ്യവും ഇതുതന്നെയാണ്. ചുരുക്കത്തില്‍ ഏകീകൃതവീക്ഷണത്തില്‍ നിന്നുളവാക്കുന്ന ഏകീകരണപ്രവര്‍ത്തനത്തിനുള്ള ഒരാഹ്വാനമാണ് ക്രൈസ്തവാവിഷ്ക്കരണം. ഇത് യുക്തിഭദ്രമാണ്. തന്മൂലം ഇത് യഥാര്‍ത്ഥാവിഷ്ക്കരണമായിരിക്കണം.

ഓമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം വിശദീകരിക്കുക തെയ്യാറിന്‍റെ ചിന്തയുടെ രണ്ടാം ദശയില്‍പെടുന്നു. തെയ്യാറിന്‍റെ ചിന്തയില്‍ രണ്ടു ദശകള്‍ വേര്‍തിരിക്കാന്‍ കഴിയും: ദൈവശാസ്ത്രേതരം; ദൈവശാസ്ത്രപരം. ആദ്യത്തെ അവസ്ഥയില്‍ അദ്ദേഹം അനുഭവവേദ്യമായ പ്രതിഭാസങ്ങളില്‍നിന്ന് അന്വേഷണം ആരംഭിക്കുന്നു. ശാസ്ത്രീയനിരീക്ഷണം അദ്ദേഹത്തെ സങ്കീര്‍ണ്ണത അവബോധനിയമത്തിലേക്കെത്തിക്കുന്നു. ഈ സങ്കീര്‍ണ്ണത അവബോധനിയമമാകുന്ന അച്ചുതണ്ടിന്മേല്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരേകീകൃതവീക്ഷണം അദ്ദേഹം ക്രമപ്പെടുത്തുന്നു. ഈ വീക്ഷണം സര്‍വാതിരിക്തമായ ഓമെഗയുടെ അനുമാനത്തിലേക്ക് നയിക്കുന്നു. ദൈവശാസ്ത്രേതരദശ ക്രൈസ്തവപ്രതിഭാസ പരിഗണനയില്‍ അവസാനിക്കുന്നു.

ക്രൈസ്തവാവിഷ്ക്കരണത്തിന്‍റെ അംഗീകരണത്തില്‍ തെയ്യാറിന്‍റെ ചിന്തയുടെ ദൈവശാസ്ത്രപമായ ദശ ആരംഭിക്കുന്നു. ഈ അംഗീകാരം അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തീര്‍ത്തും ഒരു ബൗദ്ധിക പ്രവര്‍ത്തനമല്ല. പ്രകൃത്യാതീതവിശ്വാസമുണ്ടെങ്കിലേ ക്രൈസ്തവാവിഷ്ക്കരണം സ്വീകരിക്കുവാന്‍ കഴിയൂ. വിശ്വാസപ്രേരിതമായി ക്രൈസ്തവാവിഷ്ക്കരണം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പരിണാമത്തിന്‍റെ ഒമെഗ ക്രിസ്തുവാണെന്ന് വ്യക്തമാക്കുവാന്‍ തെയ്യാര്‍ ശ്രമിക്കുന്നു.

ഒമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം മനസ്സിലാക്കിയേതീരൂ എന്നാണ് തെയ്യാറിന്‍റെ അഭിപ്രായം. ദൈവശാസ്ത്രദശയില്‍ വിഭാവനം ചെയ്യുന്ന ഓമെഗ പ്രാപഞ്ചിക പരിണാമാന്തത്തില്‍നിന്ന് സ്വീകരിക്കുന്ന ഒരു നിരമനമാണ്.

ഓമെഗയുടെ ചിത്രം വ്യക്തമായി വരക്കുവാന്‍ തെയ്യാര്‍ ഉദ്യമിക്കുന്നുണ്ടെങ്കിലും, അത് ഏറെക്കുറെ അവ്യക്തമാണെന്ന വസ്തുത അദ്ദേഹത്തിനറിയാം. എന്നിരുന്നാലും നമ്മുടെ പ്രതീക്ഷയുടെ അച്ചാരമാണത്. വിശ്വാസവെളിച്ചത്തിന്‍റെ സഹായത്താല്‍ ഓമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം മനസ്സിലാക്കാത്തപക്ഷം ഓമെഗ നമ്മുടെ പ്രതീക്ഷയുടെ അച്ചാരമാവണമെന്നില്ല.

ഈ അഭേദത്തിന് പ്രധാനമായി നാലുവശങ്ങളുണ്ട്.

  1. ഓമെഗയുടെ ചരിത്രവ്യക്തിയായ ക്രിസ്തുവാണ്. നസ്രത്തിലെ യേശു തന്നെയാണ് പ്രപഞ്ചത്തിന്‍റെ പരമോന്നതകേന്ദ്രം.
  2. ഈ അഭേദം യഥാര്‍ത്ഥത്തിലുള്ളതാണ് അവശ്യം ഉണ്ടായിരിക്കേണ്ടതല്ല.
  3. വ്യക്ത്യനുസൃതമായ രീതിയില്‍ ക്രിസ്തു പ്രപഞ്ചത്തിന്‍റെ പരമോന്നത കേന്ദ്രമാണ്.
  4. ഭൗതികമായ അര്‍ത്ഥത്തില്‍ ക്രിസ്തു പരമോന്നതകേന്ദ്രമാണ്.

 ഓമെഗയിക്കും ചരിത്രപുരുഷനായ ക്രിസ്തുവിനും തമ്മിലുള്ള അഭേദം

"നവീന ദൈവശാസ്ത്രത്തിനു സഹായകമായ ചില നിര്‍ദ്ദേശങ്ങള്" എന്ന പ്രബന്ധത്തില്‍ ആദിമ സഭയുടെ മാതൃക അനുകരിക്കുവാന്‍ തെയ്യാര്‍ ദൈവശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്യുന്നു. ആദിമസഭ "സുവിശേഷക്രിസ്തുവിനെ അലക്സാന്‍ഡ്രിയന്‍ ലോഗോസു"മായി താദാത്മ്യപ്പെടുത്തി. "സുസ്ഥിര പ്രപഞ്ചത്തിന്‍റെ ക്രമീകരണതത്വമായിരുന്നു" അലക്സാന്‍ഡ്രിയന്‍ ലോഗോസ്. മറ്റു വാക്കുകളില്‍ അക്കാലത്തെ ജനതയ്ക്ക് പരിചിതമായ പ്രപഞ്ച ചിത്രംവരച്ച് ആദിമസഭ ക്രിസ്തുവിനെ അവതരിപ്പിച്ചു. അന്നത്തെ ജനത പ്രപഞ്ചത്തെ ഒരു സ്ഥൈതിക വസ്തുവായിട്ടാണ് കണ്ടിരുന്നത്. ഈ പ്രപഞ്ചദര്‍ശനം സാരമായി മാറിയിരിക്കുന്നുവെന്ന് തെയ്യാര്‍ കരുതുന്നു. പ്രപഞ്ചം "സുസ്ഥിരപ്രപഞ്ച"മല്ലെന്ന് ഇന്ന് നമുക്കറിയാം. പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ പ്രപഞ്ചോദയമാണ്; പരിണാമദശയിലുള്ള പ്രപഞ്ചമാണ്. ഈ പ്രാപഞ്ചിക പരിണാമത്തിന്‍റെ ആത്യന്തിക ബിന്ദു അഥവാ പരമോന്നതകേന്ദ്രമാണ് ഓമെഗ. തന്മൂലം സുസ്ഥിര പ്രപഞ്ചത്തിന്‍റെ ക്രമീകരണ തത്വത്തോട് സുവിശേഷക്രിസ്തുവിനെ താദാത്മ്യപ്പെടുത്തിയ ആദിമസഭയെ അനുകരിച്ച്, ആധുനിക ദൈവശാസ്ത്രജ്ഞര്‍ സുവിശേഷക്രിസ്തുവിനെ പരിണാമിയായ പ്രപഞ്ചത്തിന്‍റെ ആത്യന്തിക തത്വത്തോട് അഥവാ ഓമെഗയോട് താദാത്മ്യപ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് തെയ്യാര്‍ കരുതുന്നു.

അതേ പ്രബന്ധത്തില്‍, ഓമെഗയോട് താദാത്മ്യമുള്ള സുവിശേഷക്രിസ്തു ചരിത്ര പുരുഷനായ ക്രിസ്തുവാണെന്ന് തെയ്യാര്‍ തുടര്‍ന്ന് വ്യക്തമാക്കുന്നു. നസ്രത്തിലെ യേശു തന്നെയത്രേ ഓമെഗ. കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലത്തേക്ക് സഞ്ചരിച്ച യേശു പ്രപഞ്ചത്തിന്‍റെ സര്‍വാധിനാഥനാണ്, ഓമെഗയാണ്. തന്‍റെ Le Milieu Divin എന്ന കൃതിയില്‍ കുറെക്കൂടി ശക്തമായ ഭാഷയില്‍ ഇത് തെയ്യാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കുരിശിന്‍റെ അര്‍ത്ഥം ചര്‍ച്ചചെയ്യുന്നവേളയില്‍ ചരിത്രവ്യക്തിയായ ക്രിസ്തുവിന്‍റെ ഓമെഗ സ്വഭാവം അദ്ദേഹം വിശദീകരിക്കുന്നു: "ചരിത്രപുരുഷനായ ക്രിസ്തുവെന്ന ഉദ്വേഗജനകവും അഗ്രാഹ്യവുമായ യാഥാര്‍ത്ഥ്യം ക്രിസ്തുമതം നമ്മുടെ കണ്‍മുമ്പിലും ഹൃദയങ്ങളിലും അനാവരണം ചെയ്യുന്നു. അദ്ദേഹത്തിലെ മാതൃകായോഗ്യനായ വ്യക്തിയുടെ ജീവിതത്തില്‍ ഒരു നിഗൂഢനാടകം അരങ്ങേറുകയായിരുന്നു: പ്രപഞ്ചാധിനാഥന്‍ പ്രപഞ്ചത്തിലെ ഒരു മൂലകത്തെപ്പോലെ ഘടകജീവിതം മാത്രമല്ല നയിച്ചിരുന്നത്. പ്രത്യുത (അതിനുപുറമേ, അതേ കാരണത്താല്‍) പ്രപഞ്ചജീവിതം മുഴുവന്‍ നയിച്ചിരുന്നു. സ്വന്തം അനുഭവത്തിലൂടെ അതദ്ദേഹം ഏറ്റെടുത്തു; സ്വാംശീകരിച്ചു."

ചരിത്രപുരുഷനായ ക്രസ്തുവിനോട് മാത്രമല്ല ഓമേഗയ്ക്ക് താദാത്മ്യമുള്ളത്. പ്രത്യുത, "സമഗ്രക്രിസ്തു"വിനോടുമത്രേ. "ക്രിസ്തുവും അദ്ദേഹത്തില്‍ ഒരു ശരീരത്തിലെന്നവിധം കേന്ദ്രീകൃതരായ മറ്റെല്ലാവരും ചേര്‍ന്നതാണ് സമഗ്രക്രിസ്തു." തെയ്യാറിന്‍റെ വീക്ഷണത്തില്‍ രണ്ടു ക്രിസ്തുമാരില്ലെന്ന് പറയേണ്ടതില്ലല്ലോ. ചരിത്രപുരുഷനായ ക്രിസ്തുവും സമഗ്രക്രിസ്തുവും ഒന്നുതന്നെയാണ്. സര്‍വത്തിനേയും തന്നിലേക്ക് ആകര്‍ഷിക്കുന്ന പുരുഷാത്മക സ്വഭാവമുള്ള സ്വതന്ത്രകേന്ദ്രമായ ഓമെഗയ്ക്കും പരിണാമത്തിന്‍റെ പരമകാഷ്ഠയായ ഓമെഗയ്ക്കും തമ്മിലുള്ള താദാത്മ്യം എപ്രകാരമാണോ, അപ്രകാരമത്രേ ചരിത്രപുരുഷനായ ക്രിസ്തുവിനും സമഗ്രക്രിസ്തുവിനും തമ്മിലുള്ള താദാത്മ്യം.

യഥാര്‍ത്ഥത്തിലുള്ള താദാത്മ്യം

പ്രകൃതത്തില്‍ രണ്ടു കാര്യങ്ങള്‍ ഊന്നിപ്പറയേണ്ടിയിരിക്കുന്നു: ഓമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം വാസ്തവിക (de facto) മാണ്; താത്വിക (de jure) മല്ല. താത്വികതലത്തില്‍ ഓമെഗയ്ക്ക് ക്രിസ്തുവിനോട് താദാത്മ്യം  ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ആകാമെന്ന് തെയ്യാര്‍ കരുതുന്നു. പക്ഷേ വാസ്തവത്തില്‍ ഓമെഗ ക്രിസ്തുവാണ്. കാരണം അതായിരുന്നു ദൈവാഭിഷ്ടം. ഓമെഗ അവശ്യം ക്രിസ്തുവിനോട് താദാത്മ്യമുള്ളതാകണമെന്നില്ല എന്നു പറയുമ്പോള്‍, പ്രപഞ്ചം ആവശ്യമാണെന്നതത്വം സംരക്ഷിക്കുന്നുണ്ട് തെയ്യാര്‍. പ്രപഞ്ചത്തിന്‍റെ ആവശ്യതയ്ക്ക് നിദാനം ദൈവത്തിനും പ്രപഞ്ചത്തിനുമിടയിലുള്ള ഏതെങ്കിലും പരമോന്നത മധ്യവര്‍ത്തിക്ക് സാര്‍വത്രിക കേന്ദ്രസ്ഥാനം നല്‍കപ്പെട്ടിട്ടല്ല എന്നതുതന്നെയാണ്; പിന്നെയോ, ആ സ്ഥാനം ദൈവംതന്നെ ഏറ്റെടുക്കുകയാണ് ചെയ്തത്.

ഈ താദാത്മ്യം യുക്തിയുടെ സഹായത്താല്‍മാത്രം ലഭിക്കുന്ന നിഗമനമല്ല എന്ന വസ്തുതയും ശ്രദ്ധേയമാണ്. ഓമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം അംഗീകരിക്കുവാന്‍ വിശ്വാസം കൂടിയേതീരു. വിശ്വാസമില്ലാത്തവന് ക്രിസ്തു നിര്‍ഭാഗ്യനും അവഗണനാര്‍ഹനുമായ നസ്രസ്സിലെ തച്ചനായിരിക്കും. അത്യുന്നതമായ ഓമെഗയുടെ സവിശേഷതകള്‍ക്കും അദ്ദേഹത്തിനും തമ്മില്‍ ഒരു ബന്ധവും അനുഭവപ്പെടുകയില്ല.

പ്രപഞ്ചത്തിന്‍റെ പുരുഷാത്മക കേന്ദ്രം

പ്രപഞ്ചോദയം ഒരു പരമോന്നത കേന്ദ്രത്തില്‍ പര്യവസാനിക്കുവാന്‍ നൈസര്‍ഗ്ഗിക പ്രവണതയുള്ളതാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഈ പരമോന്നതകേന്ദ്രം പുരുഷാത്മകവും പുരുഷവത്ക്കരിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതില്‍നിന്ന് പ്രപഞ്ചോദയത്തിന്‍റെ പര്യവസാനം സ്വാഭാവികമായും പരമവും പുരുഷാത്മകവും പുരുഷവത്കരിക്കുന്നതുമായ ഒരു കേന്ദ്രമാണെന്ന് വരുന്നു. യുക്തിയുടെ സഹായത്താല്‍ ഇത്രയും ഗ്രഹിക്കാം.

അതേസമയം ക്രിസ്തു പ്രപഞ്ചത്തിന്‍റെ പ്രകൃത്യാതീത പര്യവസാനത്തിന്‍റെ പരമോന്നത കേന്ദ്രമാണെന്ന് ദൈവാവിഷ്ക്കരണത്തില്‍നിന്ന് നാം മനസ്സിലാക്കുന്നു. പ്രകൃത്യാതീതവും പ്രകൃത്യാനുസൃതവും പരസ്പരവിരുദ്ധമല്ല. വാസ്വകിതതലത്തില്‍ അവ ഭിന്നമല്ലതാനും. തന്മൂലം പ്രപഞ്ചത്തിന്‍റെ പ്രകോത്യാതീത പര്യവസാനം പ്രകൃത്യാനുസൃത പര്യവസാനത്തില്‍നിന്ന് വ്യത്യസ്തമല്ല. പ്രപഞ്ചത്തിന് ഇരു ശിരസ്സുകള്‍ പാടില്ലല്ലോ. അതുകൊണ്ട് പ്രപഞ്ചത്തിന്‍റെ പ്രകൃത്യാനുസൃത പര്യവസാനവും പ്രകൃത്യാതീതപര്യവസാനവും വ്യത്യസ്തമല്ലെന്ന് വ്യക്തം. പ്രകൃത്യതീതപര്യവസാനത്തിന്‍റെ കേന്ദ്രം യേശുവാണ്. പ്രകൃത്യനുസൃതപര്യവസാനത്തിന്‍റെ കേന്ദ്രമോ, പുരുഷാത്മകനും പുരുഷവത്കരിക്കുന്നവനുമായ യേശുവും. തന്മൂലം യേശുക്രിസ്തു ഈ പ്രപഞ്ചത്തിന്‍റെ പുരുഷാത്മകനും പുരുഷവത്ക്കരിക്കുന്നവനുമായ കേന്ദ്രമാണെന്ന് സിദ്ധിക്കുന്നു.

ക്രിസ്തു: ഭൗതിക കേന്ദ്രമായ ഓമെഗ

കേന്ദ്രമായ ക്രിസ്തുവിന്‍റെ പുരുഷാത്മക സ്വാധീനം ധാര്‍മ്മിക തലത്തില്‍ മാത്രമുള്ളതല്ല. അത് പ്രസാദവരത്തിന്‍റെ തലത്തേയും ബാധിക്കുന്നതാണ്. നമ്മുടെ ജീവിതത്തിനുതന്നെ ചൈതന്യം പകരുന്ന ക്രിസ്തുവിന്‍റെ വരപ്രസാദത്തിന്‍റെ ഭൗതിക സ്വഭാവത്തില്‍ ദൈവശാസ്ത്രജ്ഞര്‍ ശ്രദ്ധയൂന്നിയിരുന്നത് തെയ്യാര്‍ കൗതുകപൂര്‍വ്വം വീക്ഷിച്ചു. നമ്മുടെ അധഃപതിച്ച പ്രകൃതിയുടെ അലങ്കാരമായി വര്‍ത്തിക്കുകയോ അതിനു സുഗന്ധം ചാര്‍ത്തുകയോ മാത്രമല്ല വരപ്രസാദത്തിന്‍റെ ധര്‍മ്മം. വരപ്രസാദത്തിന്‍റെ സജീവശക്തി നമ്മുടെ പ്രകൃതിയിലേക്ക് ആഞ്ഞിറങ്ങുകയും അതിന് സമഗ്രമായ രൂപാന്തരം വരുത്തുകയും ചെയ്യുന്നു. ഈ വീക്ഷണം വരപ്രസാദത്തിന്‍റെ പ്രവര്‍ത്തനം ബാഹ്യവും ആരോപിതവുമാണെന്ന ചില ക്രൈസ്തവ കേന്ദ്രങ്ങളിലെ ധാരണയ്ക്കെതിരായിരുന്നു.

ക്രിസ്തുവിന്‍റെ മിസ്റ്റിക് ശരീരത്തെപ്പറ്റി വിശദീകരിക്കുമ്പോള്‍ ദൈവശാസ്ത്രജ്ഞരില്‍ ചിലര്‍ വരപ്രസാദത്തിന്‍റെ പ്രവര്‍ത്തനചൈതന്യത്തെ ലഘൂകരിക്കുന്നതുപോലെ തോന്നുന്നു. അവരുടെ അഭിപ്രായത്തില്‍ മിസ്റ്റിക് ശരീരം ധാര്‍മ്മികതലത്തിലുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അത് ധാര്‍മ്മികതലത്തില്‍നിന്നോ നിയമതലത്തില്‍നിന്നോ ഉയരുന്നതല്ല. അല്ലെങ്കില്‍ ക്രിസ്തുവും മിസ്റ്റിക് ശരീരാംഗങ്ങളും തമ്മിലുള്ള ബന്ധം സര്‍വ്വ ദേവതാവാദത്തിലേക്ക് വഴുതിവീഴും. ഈ അപകടം ഒഴിവാക്കുന്നതിന് മിസ്റ്റിക് ശരീരത്തെ ധാര്‍മ്മികമോ നിയമപരമോ ആയ ഒരു യാഥാര്‍ത്ഥ്യമായി മാത്രം അവര്‍ പരിഗണിച്ചുപോന്നു. മിസ്റ്റിക് ശരീരത്തെപ്പറ്റിയുള്ള വീക്ഷണം പ്രസാദവരത്തേയും ധാര്‍മ്മികവും നിയമപരവുമായ തലത്തിലേക്ക് ഒതുക്കിനിര്‍ത്തുമെന്ന് പറയേണ്ടതില്ലല്ലോ.

വരപ്രസാദത്തിലൂടെ മനുഷ്യരാശിയുടേയും പ്രപഞ്ചത്തിന്‍റേയും മേല്‍ ക്രിസ്തു ചെലുത്തുന്ന സ്വാധീനം ധാര്‍മ്മികം മാത്രമാണെന്ന് വിശദീകരിക്കുവാനുള്ള പ്രവണത അപകടകരവും പുതിയനിയമ പ്രബോധനത്തിന് വിരുദ്ധവുമാണെന്ന് തെയ്യാറിന് തോന്നി. ഈ സ്വാധീനത്തെ സജീവവും യഥാര്‍ത്ഥവുമായി മനസ്സിലാക്കിയിരുന്ന ക്രൈസ്തവചിന്തകരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു. ഉദാഹരണത്തിന് പുവതിയേഴ്സിലെ വിശുദ്ധ ഹിലരിയുടെ (St. Hilary of Poitiers) വീക്ഷണത്തില്‍, "ക്രിസ്തുവിന്‍റെ ധാര്‍മ്മിക സ്വാധീനത്തിന്‍റേയും ക്രിസ്തുവിനോടുള്ള ധാര്‍മ്മികൈക്യത്തിന്‍റേയും അടിസ്ഥാനം അവിടുത്തെ യഥാര്‍ത്ഥ സ്വാധീനവും യഥാര്‍ത്ഥ ഐക്യവുമാണ്." ഹിലരിയുടെ ഈ വീക്ഷണം പുതിയ നിയമത്തില്‍ അധിഷ്ഠിതമാണെന്നും തെയ്യാര്‍ ഗ്രഹിച്ചു. ഈ പാതയിലൂടെ മുന്നേറി പ്രപഞ്ചത്തിന്‍റെ മേല്‍ ക്രിസ്തു ചെലുത്തുന്ന സ്വാധീനം ഭൗതികമാണെന്നുവരെ തെയ്യാര്‍ അഭിപ്രായപ്പെട്ടു.

"എന്‍റെ പ്രപഞ്ചം" എന്ന പ്രബന്ധത്തില്‍ ഓമെഗയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദം തെയ്യാര്‍ സ്ഥാപിക്കുന്നു. അതിനുശേഷം ഓമെഗയായ ക്രിസ്തുവിന്‍റെ സ്വാധീനം നിയമപരം മാത്രമല്ലെന്ന് വ്യക്തമാക്കുന്നു. അവിടുന്ന് പ്രപഞ്ചത്തിലെ പ്രഭു മാത്രമല്ല. പ്രപഞ്ചത്തിന്മേലുള്ള അവിടുത്തെ പരമസ്വാധീനം യഥാര്‍ത്ഥത്തില്‍ ഭൗതികമാണ്. ഇത് വളരെ ശക്തമായി അദ്ദേഹം പ്രഖ്യാപിക്കുന്നു; എത്ര പ്രാവശ്യം ആവര്‍ത്തിച്ചിട്ടും മതിവരുന്നുമില്ല. പ്രപഞ്ചത്തിലെ പ്രകൃത്യാനുസൃതവും പ്രകൃത്യാതീതവുമായ എല്ലാ വികാസവും ആത്യന്തികമായി ക്രിസ്തുവിനെ "ഭൗതികമായ രീതിയില്‍ ആശ്രയിച്ചുള്ളതാണ്." "നമുക്ക് അവിടത്തെക്കുറിച്ച് കീര്‍ത്തിക്കാവുന്ന മഹത്തും അത്യന്താപേക്ഷിതവുമായ അപദാനം, അവിടന്ന് ഒന്നൊഴിയാതെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും പരമവും യഥാര്‍ത്ഥവുമായ ജീവത്സ്വാധീനം ചെലുത്തുന്നുവെന്നതാണ്." ഇതേ പ്രബന്ധത്തില്‍ത്തന്നെ പ്രപഞ്ചത്തിന്‍റെ അന്തരാളം വരെ അവിടുത്തെ (ഓമെഗയായ ക്രിസ്തുവിന്‍റെ) മനുഷ്യാതീത പ്രകൃതിയുടെ സ്വാധീനം ഭൗതികമായ രീതിയില്‍ പൂരിതമായിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. "നമുക്കു ചുറ്റും എല്ലാറ്റിനേയും നിയന്ത്രിക്കുവാന്‍വേണ്ടി ഭൗതികമായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുവിനെപ്പറ്റിയും" അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. നമുക്കു ചുറ്റുമുള്ള വസ്തുക്കളുടെ "ഭൗതിക ക്രിസ്തുവത്ക്കരണ"ത്തിന്‍റെ പുരോഗതിയെക്കുറിച്ചും അദ്ദേഹം പറയുന്നു. ഈ ഉദ്ധൃതവരികളില്‍നിന്ന് തെയ്യാറിന്‍റെ വീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ പ്രാപഞ്ചിക സ്വാധീനം ഭൗതികമാണെന്ന് സുനിശ്ചിതമത്രേ.

ക്രിസ്തുവിന്‍റെ ഭൗതികമായ പ്രാപഞ്ചിക സ്വാധീനമെന്ന വസ്തുത സ്പഷ്ടമാണ്, തെയ്യാറിന്‍റെ അഭിപ്രായത്തില്‍. പക്ഷേ ഇതിന്‍റെ അര്‍ത്ഥം എല്ലാവര്‍ക്കും വ്യക്തമാകുമോ എന്നൊരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അസ്ഥാനത്തായിരുന്നില്ല. ഈ ഭൗതിക സ്വാധീനത്തിന്‍റെ വിധായക പ്രാധാന്യം പൂര്‍ണ്ണമായും വ്യക്തമായിട്ടില്ല. "യുക്തിയുടെ സഹായത്താലല്ല, ഉള്‍ക്കാഴ്ചയാല്‍ പ്രേരിതമായാണ്" താനീ ഭൗതിക സ്വാധീനതത്വം അംഗീകരിക്കുന്നതെന്ന് പ്രസ്താവിക്കുമ്പോള്‍ തെയ്യാര്‍ ഇതിന്‍റെ അവ്യക്തത ഏറ്റുപറയുകയാണെന്ന് തോന്നുന്നു.

പ്രപഞ്ചത്തിന്‍റെ ജീവവത്ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ക്രിസ്തുവിനെ പദാര്‍ത്ഥത്തിലേക്ക് "കുത്തിവെയ്ക്കുന്നതിനെപ്പറ്റി" തെയ്യാര്‍ പരാമര്‍ശിക്കുന്നു. വെറും ആലങ്കാരികമല്ല ഈ പ്രയോഗം. ക്രിസ്തുവിന് പ്രപഞ്ചത്തിന്മേലുള്ള സ്വാധീനം നിയമാനുസൃതം മാത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു വസ്തുവിലേക്ക് എന്തെങ്കിലും കുത്തിവെച്ചാലുണ്ടാകുന്നഫലം നിയമപരം മാത്രമല്ലല്ലോ. ശക്തവും സജീവവുമായ സ്വാധീനം ചെലുതതുവാന്‍ കഴിയും കുത്തിവെയ്ക്കപ്പെടുന്ന പദാര്‍ത്ഥത്തിന്. ക്രിസ്തുവിന് പ്രപഞ്ചത്തിന്മേലുള്ള ഭൗതിക സ്വാധീനം മുഴുവനായും വ്യക്തമാക്കുവാന്‍ ഈ രൂപകം അപര്യാത്മാണ്. ആ സ്വാധീനം വാസ്തവമാണെന്ന് ഇത് ഉറപ്പുതരുന്നു. എങ്കിലും ആ സ്വാധീനത്തിന്‍റെ സ്വഭാവം സ്പഷ്ടമാവുന്നില്ല.

"എന്‍റെ പ്രപഞ്ചം" എന്ന പ്രബന്ധത്തില്‍ ഓമെഗ ആയ ക്രിസ്തുവിന്‍റെ ഈ ഭൗതിക സ്വാധീനത്തിന്‍റെ സ്വഭാവം കൂടുതല്‍ വ്യക്തമാണ്. നമ്മിലും നമ്മിലൂടെ പ്രപഞ്ചം മുഴുവനിലും ക്രിസ്തു ചെലുത്തുന്ന വരപ്രസാദമാകുന്ന സജീവ സ്വാധീനമാണ് ഓമെഗായായ ക്രിസ്തുവിന്‍റെ ഭൗതികസ്വാധീനമെന്ന് തെയ്യാര്‍ ഈ പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. വരപ്രസാദം അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ആഗന്തുകമല്ല. നമ്മുടെ പ്രകൃതിയിലേക്ക് ഊറിയിറങ്ങി അതില്‍ ജീവദായകമായ സ്വാധീനം ചെലുത്തുകയും അതിനെ പൂര്‍ണ്ണമാക്കുകയും ചെയ്യുന്ന ഒരു ശക്തിയാണത്. അതിന് ആഗുന്തുകമെന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രകൃതിയോട് ബന്ധമുണ്ട്. "മാനവികത നമ്മോട് എന്തുമാത്രം സ്പര്‍ശിക്കുന്നുവോ, അതുപോലെതന്നെയാണ് വരപ്രസാദവും; വാസ്തവത്തില്‍ അതിലധികവുമാണ്". വരപ്രസാദത്തിലൂടെ മാത്രമേ മനുഷ്യര്‍ക്ക് അവരുടെ ആത്മഭാവം പൂര്‍ണ്ണമായും കൈവരൂ എന്ന് തെയ്യാര്‍ തുടര്‍ന്ന് സ്ഥാപിക്കുന്നു. വരപ്രസാദത്തിനു മാത്രമേ നമ്മുടെ പ്രകൃതിയെ പൂര്‍ണ്ണമാക്കുവാന്‍ കവിയൂ. വരപ്രസാദമാണ് ക്രിസ്തുവിന് നമ്മുടെ മേലുള്ള സ്വാധീനം. അത് നമ്മുടെ പ്രകൃതിക്ക് രൂപാന്തരം വരുത്തുന്നു; അതിനെ പൂര്‍ത്തിയാക്കുന്നു. വരപ്രസാദത്തിന്‍റെ ഈ വിധത്തിലുള്ള സ്വാധീനത്തെ ന്യായമായും ഭൗതികമെന്ന് വിളിച്ചേക്കാമെന്നാണ് തെയ്യാറിന്‍റെ അഭിപ്രായം.

ക്രിസ്തുവിന്‍റെ ഭൗതിക സ്വാധീനം മനുഷ്യവംശത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. മനുഷ്യനു കീഴേയുള്ള അസ്തിത്വ തലങ്ങളിലേക്കും ജീവത്തായ ഈ ശക്തി അരിച്ചിറങ്ങുന്നുണ്ട്. വരപ്രസാദത്തിന്‍റെയും തദ്വാര ക്രിസ്തുവിന്‍റെയും പ്രവര്‍ത്തനം ഇപ്രകാരം പ്രപഞ്ചത്തില്‍ മുഴുവന്‍ ആരോപിക്കുക തെയ്യാറിന്‍റെ വീക്ഷണ ഗതിയില്‍ യുക്തിയുക്തമാണ്. മനുഷ്യന്‍ മറ്റെല്ലാ വസ്തുക്കളുടേയും മാനദണ്ഡമാണെങ്കില്‍ പ്രപഞ്ചോദയമെന്ന മഹാപ്രക്രിയയുടെ വികസിതദശയെ മനുഷ്യന്‍ സൂചിപ്പിക്കുന്നുവെങ്കില്‍ അവനില്‍ നടന്നുകൊണ്ടിരിക്കുന്ന മൗലികമായ ഒരു രൂപാന്തര ശക്തിക്ക് അവനു പുറമേയും സ്വാധൂനമുണ്ടായേ തീരൂ. ക്രിസ്തുവിന്‍റെ ഭൗതിക സ്വാധീനം മനുഷ്യനെ മാത്രമല്ല അഖില പ്രപഞ്ചത്തേയും ബാധിക്കുന്നു.

ചുരുക്കത്തില്‍ പ്രപഞ്ചത്തിന്‍മേല്‍ പുരുഷാത്മകവും ഭൗതീകവുമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ചരിത്ര വ്യക്തിയായ ക്രിസ്തു തന്നെയാണ് പരിണാമ പ്രപഞ്ചത്തിന്‍റെ ഓമെഗ. ഇതുവരെ വിശദ്ദീകരിച്ച ഇവയ്ക്കു തമ്മിലുള്ള ഈ അഭേദം തെയ്യാറിന്‍റെ വീക്ഷണത്തില്‍ വെറും സങ്കല്പമല്ല. ബൈബിളിലും ശാസ്ത്രത്തിലും ഇതിന് കരുത്തുറ്റ അടിസ്ഥാനമുണ്ട്. ഓമെഗയുടെ സ്വഭാവവും വിശുദ്ധ യോഹന്നാന്‍റെയും അതിലുപരി വിശുദ്ധ പൗലോസിന്‍റെയും വീക്ഷണത്തില്‍ ക്രസ്തുവിന്‍റെ പ്രാപഞ്ചിക സ്വഭാവവും ഗ്രഹിക്കുന്ന ഒരാള്‍   ഈ അഭേദം കണ്ടെത്താതിരിക്കുകയില്ല. ഒമെഗെയ്ക്കും ക്രിസ്തുവിനും തമ്മിലുള്ള അഭേദത്തെ സൂചിപ്പിക്കുന്ന ധാരാളം പരാമര്‍ങ്ങള്‍ വിശുദ്ധ പൗലോസിന്‍റെ ലേഖനങ്ങളില്‍ ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. "ക്രിസ്തുവില്‍ എല്ലാം നിലകൊള്ളുന്നു" ക്രിസ്തു "എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു" "ക്രിസ്തു എല്ലാറ്റിലും എല്ലാമാണ്" ആദിയായവ ഉദാഹരണങ്ങള്‍. ഇവതന്നെയാണ് "ഓമെഗ ആയ ക്രിസ്തുവിന്‍റെ നിര്‍വ്വചനം".

പൗലോസിന്‍റെ വീക്ഷണത്തിലുള്ള ക്രിസ്തു പരിണാമത്തിന്‍റെ ഓമെഗ ആണെന്ന് തെയ്യാര്‍ പറയുന്നു. പൗലോസ്  ഒരു പരിണാമ വാദിയായിരുന്നെന്ന് ഇതുകൊണ്ടദ്ദേഹം അര്‍ത്ഥമാക്കുന്നുണ്ടോ? ഒരിക്കലുമില്ല.  മുക്തി ഭാഷ്യത്തിലായിരുന്നു പൗലോസിന്‍റെ പ്രഥമ ശ്രദ്ധ; പ്രപഞ്ചഭാഷ്യത്തിലായിരുന്നില്ല. ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തെ ഒരു പ്രാപഞ്ചിക ധര്‍മ്മമായി അദ്ദേഹം വീക്ഷിച്ചു. ഇതേപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ പ്രപഞ്ചം മുഴുവനിലുമുള്ള ക്രിസ്തുവിന്‍റെ ഭൗതികമായ പരമാധികാരത്തിന് പ്രാധാന്യം  നല്‍കുന്നു. പരിണാമാശയത്തെ  ഈ പ്രബോധനം ഉള്‍ക്കൊള്ളുന്നില്ല; പുറന്തള്ളുന്നുമില്ല. തെയ്യാറിന്‍റെ അഭിപ്രായമിതാണ്: പരിണാമിയായ പ്രപഞ്ചത്തെക്കുറിച്ചുള്ള വീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ പ്രാപഞ്ചിക  ധര്‍മ്മത്തെപ്പറ്റിയുള്ള  വിശുദ്ധ പൗലോസിന്‍റെ പ്രബോധനം കൂടുതല്‍ അര്‍ത്ഥവത്തും വ്യക്തവുമാകുന്നു. ആര്‍. എല്‍. ഫരിസി പറയുന്നു: "തെയ്യാറിന്‍റെ പ്രപഞ്ചഭാഷ്യം വിശുദ്ധ പൗലോസിന്‍റെ ലേഖനത്തിലുണ്ടെന്ന് തെയ്യാര്‍ അവകാശപ്പെടുന്നില്ല. ആധുനീക ശാസ്ത്രീയ പദങ്ങള്‍ വിശുദ്ധ പൗലോസ് പ്രയോഗിക്കുന്നുണ്ടെന്നോ പരിണാമത്തെക്കുറിച്ചുള്ള ധാരണയില്‍ അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രം  അധിഷ്ഠിതമാണെന്നോ തെയ്യാര്‍ ഒരിക്കലും അവകാശപ്പെടുമായിരുന്നില്ല. പരിണാമത്തെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണഫലങ്ങള്‍  വിശുദ്ധ പൗലോസിന്‍റെ പ്രബോധനത്തൊടൊത്ത് പ്രയോഗിക്കുകയായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രമാണങ്ങളേയും ആധാരമാക്കി യേശുവെന്ന ചരിത്ര വ്യക്തി.. സുവിശേഷങ്ങളിലെ ക്രിസ്തു പുരുഷാത്മകവും മിസ്റ്റിക്കുമായ പ്രപഞ്ചകേന്ദ്രവും പ്രപഞ്ചപരിണാമത്തിന്‍റെ കേന്ദ്രബിന്ദുവും ആണെന്ന് അദ്ദേഹം വാദിക്കുന്നു.

 ഉപസംഹാരം

അക്രൈസ്തവീകരണത്തിന്‍റെ കാരണങ്ങളും അതിന് തെയ്യാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധികളും "La vie intellectuelle" ഫ്രഞ്ചുപ്രസിദ്ധീകരണത്തില്‍ കാണുന്നു: "എന്‍റെ അഭിപ്രായത്തില്‍ ആധുനികയുഗത്തിലെ അവിശ്വാസത്തിനു കാരണം (ഈ അവിശ്വാസം വളരെ വ്യാപകമത്രേ. ബുദ്ധിജീവികളില്‍ വിശ്വാസികളെ അപവാദങ്ങളായി മാത്രമേ ഇപ്പോള്‍ കാണുന്നുള്ളൂ), നവോത്ഥാനത്തിനുശേഷം ക്രിസ്തുമതത്തെ ക്രമേണ കീറിമുറിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ ഒരു ശീശ്മയാണ്. ഇതിനെ സ്വാഭാവിക-മാനുഷിക-മതാത്മക-പ്രവണത (natural human religious current) എന്നു വിളിക്കാം. ആധുനികലോകം മൗലികമായും വിശ്വാസരഹിതമോ മതരഹിതമോ ആണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അതിന്‍റെ ആരാധനാപാത്രം പ്രപഞ്ചമായിത്തീര്‍ന്നിരിക്കുന്നു. പ്രസ്തുത പ്രപഞ്ചമോ, ക്രിസ്തുമതത്തിലെ ദൈവത്തിന് വിരുദ്ധമായി പ്രത്യക്ഷപ്പെടുന്നു. അവിടെയാണ് പ്രശ്നം; പരിഹാരവും."

ആധുനികമനുഷ്യന്‍ ക്രിസ്തുമതത്തില്‍നിന്ന് ഒരുതരം പ്രപഞ്ചമതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് തെയ്യാര്‍ കരുതുന്നു. ഈ മതത്തില്‍ ആരാധനയും വിശ്വാസവും ഭക്തിയുമൊക്കെ ഇല്ലെന്നില്ല. ആരാധിക്കുവാനുള്ള കഴിവ് ആധുനികരിലുണ്ടുതാനും. പക്ഷേ അവര്‍ ആരാധിക്കുന്നത് പ്രപഞ്ചത്തെത്തന്നെയാണെന്ന് മാത്രം. ആധുനികമനുഷ്യന് വിശ്വസിക്കുവാനുള്ള കഴിവുമുണ്ട്. പക്ഷേ പ്രപഞ്ചത്തില്‍ത്തന്നെയാണ് അവന്‍ വിശ്വസിക്കുന്നത്. സ്വയം മറക്കുന്ന സമഗ്രമായ ഭക്തിയും ആധുനികരിലുണ്ട്. പക്ഷേ പ്രപഞ്ചത്തെ പണിതുയര്‍ത്തുന്നതിലാണ് ഈ ഭക്തി പ്രകടമാക്കുന്നത്. പ്രപഞ്ചത്തെ കേന്ദ്രമാക്കിയുള്ള ആരാധനയും വിശ്വാസവും ഭക്തിയും പുലര്‍ത്തുന്ന ആധുനിക മനുഷ്യന്‍റെ നിലപാടിനെയാണ് തെയ്യാര്‍ പ്രപഞ്ചമതമെന്ന് വിളിക്കുന്നത്.

പ്രപഞ്ചമതം ആധുനികമനുഷ്യന് വളരെ രുചികരമായിത്തോന്നുന്നു. ആധുനിക സമുദായത്തിലെ പ്രഗത്ഭരായ പലരും ഈ മതത്താല്‍ ആകൃഷ്ടരാവുന്നു എന്ന വസ്തുതയും ശ്രദ്ധേയമാണ്. ഈ മതത്തിന് നിയതമായ വിശ്വാസപ്രമാണമില്ല. അതിന്‍റെ പേരിലല്ല ഈ മതത്തിന്‍റെ ആകര്‍ഷകത്വം, വ്യക്തവും യുക്തിയുക്തവുമായ പ്രബോധനമെന്നതിനേക്കാള്‍ "വ്യക്തമായ ഒരു ധാര്‍മ്മികാഭിമുഖ്യം അതിനുണ്ടെന്നുളളതാണ് അതിന്‍റെ ആകര്‍ഷകതയ്ക്കു നിദാനം.സാകല്യത്തിന് വ്യക്തികളെ കവിഞ്ഞുളള പ്രാധാന്യം; മനുഷ്യപ്രയത്നങ്ങളുടെ മൂല്യത്തിലും സാധുതകളിലുമുളള ദൃഢവിശ്വാസം; എല്ലാ രംഗങ്ങളിലും നടത്തുന്ന ഗവേഷണങ്ങളുടെ സംപൂജ്യതയെക്കുറിച്ചുളള അതിയായ മതിപ്പ് - ഇവയെല്ലാം ആ ധാര്‍മ്മികാഭിമുഖ്യത്തിന്‍റെ സവിശേഷതകളത്രേ." പ്രപഞ്ചത്തെ പണിതുയര്‍ത്തുവാന്‍ അനന്യസാധാരണമായ ആവേശവും കറകളഞ്ഞ ഭക്തിയും ഈ മതവിശ്വാസികള്‍ക്ക് ലഭിക്കുന്നു. ഇവരില്‍ക്കാണുന്ന പ്രയത്നശീലവും അപകടങ്ങള്‍ പതിയിരിക്കുന്ന രംഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുവാനുളള ദൃഢചിത്തതയും  സമ്പൂര്‍ണ്ണമായ അര്‍പ്പണബോധവും മതവിശ്വാസികളെന്ന പേരില്‍ അറിയപ്പെടുന്ന പലരേയും ലജ്ജിപ്പിക്കുവാന്‍ പോരുന്നവയാണ്. തന്മൂലം ആധുനിക മനുഷ്യന് ഈ മതം വളരെ ആകര്‍ഷകമായി തോന്നുന്നു. തന്‍റെ അഭിനിവേശങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ഈ മതത്തിന് കഴിയുമെന്ന് അവന്‍ വിശ്വസിക്കുന്നു. ഇതിനു കടകവിരുദ്ധമായാണ് ക്രിസ്തുമതത്തെ അവന്‍ കാണുന്നത്. അതുകൊണ്ടത്രേ ക്രിസ്തുമതത്തില്‍ ഒരു പ്രതിസന്ധി ഉളവായിരിക്കുന്നത്.

 ഈ പുതിയ പ്രപഞ്ചമതം അപ്പാടെ തെറ്റാണെന്ന് തെയ്യാറിന് അഭിപ്രായമില്ല. ഇതില്‍ അര്‍ഥവത്തായ അനേകം മാനുഷിക മൂല്യ ങ്ങളുണ്ട്. അവയെ ക്രിസ്തുമതത്തിന് നിരാകരിക്കുവാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ ആത്മവിശ്വസ്തത പുലര്‍ത്തുവാന്‍ ക്രിസ്തുമതത്തിന് സാധ്യമല്ല. ഈ മൂല്യങ്ങളെ ക്രിസ്തുമതത്തോട് സമരപ്പെടുത്തിയേ മതിയാവൂ.പ്രപഞ്ചത്തിലുളള വിശ്വാസം ന്യായീകരിക്കത്തക്കതാണെന്ന് തെയ്യാര്‍ കരുതുന്നു. അതേ സമയം ഒരു കേന്ദ്രമില്ലാത്ത ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനേ സാധ്യമല്ല. പ്രപഞ്ചത്തിന്‍റെ യഥാര്‍ഥ കേന്ദ്രം ദൈവ മനുഷ്യനായ ക്രിസ്തുവത്രേ. അങ്ങനെ പ്രപഞ്ചവിശ്വാസം ദൈവവിശ്വാസത്തിന് വിരുദ്ധമല്ലെന്ന് വരുന്നു. പ്രപഞ്ചത്തിലുളള ആത്മാര്‍ഥമായ വിശ്വാസം  ദൈവിശ്വാസത്തില്‍ പൂര്‍ണ്ണമാവുന്നു. പ്രപഞ്ചത്തിന്  ഒരു കേന്ദ്രമുണ്ടെന്നും, ആ കേന്ദ്രം ഉത്ഥിതനായ ക്രിസ്തു വാണെന്നും ബോധ്യമുളളതുകൊണ്ടാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ പ്രപഞ്ചത്തില്‍ വിശ്വസിക്കുക.

ഉള്‍ചേര്‍ച്ച (Principle of Coherence) എന്ന തത്വത്തിന്‍റെ വെളിച്ച ത്തില്‍ വേണം തെയ്യാറിന്‍റെ ചിന്തയെ വിലയിരുത്തുവാന്‍. ഉള്‍ചേര്‍ച്ച അദ്ദേഹത്തെ സംബന്ധിച്ചിടത്തോളംസര്‍വപ്രധാനമാണ്. അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ അതുതന്നെയാണ് സത്യം. തികച്ചും ഉള്‍ച്ചേര്‍ച്ചയുള്ള ഒരു പ്രപഞ്ചവീക്ഷണവും യുക്തിഭദ്രമായ ജീവിതത്തിന് പ്രേരണ നല്‍കുന്നുവെങ്കില്‍ അത് നിര്‍വ്യാജമാകാതിരിക്കാന്‍ ഇടയില്ല. പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തെയ്യാര്‍ ഇപ്രകാരമുള്ള യുക്തിഭദ്രമായ ഒരു വീക്ഷണം കാഴ്ചവെച്ചിട്ടുണ്ടോ? ഇല്ലെന്ന് തോന്നുന്നു. തെയ്യാറിന്‍റെ പ്രപഞ്ചവീക്ഷണത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരാള്‍ക്ക് അതു തികച്ചും യുക്തിഭദ്രമാണെന്ന് പറയുവാന്‍ കഴിയുകയില്ല.

തെയ്യാറിന്‍റെ വീക്ഷണങ്ങള്‍ക്കുനേരെ ഉയര്‍ന്നിട്ടുള്ള പ്രതികരണങ്ങള്‍ വിഭിന്നങ്ങളത്രേ. സി. എഫ്. മുനി എഴുതുന്നു: തെയ്യാറിന്‍റെ മരണശേഷം ഒരു ദശാബ്ദം കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന് വലിയ പ്രസിദ്ധിയും കുപ്രസിദ്ധിയും ഒന്നിച്ചുളവായി. അദ്ദേഹമിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇവ കണ്ട് അമ്പരന്നേനേ. ശാസ്ത്രജ്ഞരേയും തത്വജ്ഞരേയും  ദൈവവിജ്ഞാനികളേയും അദ്ദേഹം അസ്വസ്ഥരാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ശക്തമായി പിന്‍താങ്ങുകയും പുറന്തള്ളുകയും ചെയ്യുന്നവരെ ക്രൈസ്തവരുടെയും അക്രൈസ്തവരുടെയുമിടയില്‍ കാണാം. പ്രതിഭാശാലി, നവീനവും അര്‍ത്ഥവത്തുമായ ക്രിസ്തുമതത്തിന്‍റെ പ്രണേതാവ് എന്നെല്ലാം അദ്ദേഹം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം അപകടകാരിയായ ഒരു നവീകരണക്കാരനായി അദ്ദേഹത്തെ മറ്റുചിലര്‍ വീക്ഷിക്കുന്നു; ഇവരുടെ അഭിപ്രായത്തില്‍, സഭയ്ക്ക് അസ്വീകാര്യമായ പല പ്രസ്താവനകളും തെയ്യാര്‍ കൃതികളിലുണ്ട്; എങ്കിലും തെയ്യാര്‍ ആത്മാര്‍ത്ഥതതികഞ്ഞ ഒരു ചിന്തകനാണെന്ന കാരണത്താല്‍ സഭാധികാരികള്‍ കര്‍ശനമായി ശിക്ഷണനടപടികള്‍ അദ്ദേഹത്തിനെതിരായി സ്വീകരിച്ചില്ല. ചിലരെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിഭാശാലിയായ ഒരു അഗാധചിന്തകനാണ്. മറ്റുചിലരുടെ ദൃഷ്ടിയിലോ, ഒരു ശാസ്ത്രജ്ഞന്‍റെ കര്‍ക്കശമായ ജീവിതചര്യയില്‍നിന്ന് വ്യതിചലിച്ച് വ്യക്തിപരമായ മതാത്മകാനുഭവത്തിന്‍റെ കാവ്യഭാഷയില്‍ സംസാരിക്കുവാന്‍ തുനിഞ്ഞ ശാസ്ത്രജ്ഞനും. സ്കൊളാസ്റ്റിക് ചിന്തയോട് തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ ഈ യുഗത്തിലെ ഏറ്റവും സുധീരനായ ആധ്യാത്മിക ചിന്തകരിലൊരുവനെന്ന് ഒരു പ്രസിദ്ധനായ സ്കൊളാസ്റ്റിക് ചിന്തകന്‍ (Josef Pieper) പ്രശംസിക്കുകയുണ്ടായി.

തെയ്യാര്‍ കടുത്ത വിമര്‍ശനത്തിനിരയായിട്ടുണ്ട്. പലരും അദ്ദേഹത്തിനെതിരെ ദണ്ഡുകള്‍ ചുഴറ്റി. ഡിയട്രിക്ക് ഫോണ്‍ ഹില്‍ഡെ ബ്രാന്‍ഡ് (Dietrich von Holdebrand) എന്ന ഗ്രന്ഥകാരന്‍ അതിനിശിതമായ ഒരു വിമര്‍ശനത്തിലൂടെ തെയ്യാറിനെ പിച്ചിച്ചീന്തുവാന്‍ ശ്രമിക്കുകയുണ്ടായി. തെയ്യാറിന്‍റെ പ്രയത്നം മുഴുവന്‍ വൃഥാവിലായിരുന്നുവെന്നാണ് ഹില്‍ഡെ ബ്രാന്‍ഡിന്‍റെ അഭിപ്രായം. ശാസ്ത്രത്തിനും ക്രൈസ്തവവിശ്വാസത്തിനും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇല്ലാതാക്കാന്‍ തെയ്യാര്‍ ശ്രമിച്ചു. ഇങ്ങനെ ഒരു പൊരുത്തക്കേട് ഉണ്ടെന്ന ധാരണ മിഥ്യയാണ്, ഹില്‍ഡെ ബ്രാന്‍ഡിന്‍റെ അഭിപ്രായത്തില്‍ അനവധാനരായ ചിന്തകരുടെ ഹൃദയങ്ങളാണ് ഈ പൊരുത്തക്കേടിന്നാസ്ഥാനം. തന്മൂലം തെയ്യാര്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്നവും അതിനു നല്‍കുന്ന ഉത്തരവും ഒരുപോലെ അര്‍ത്ഥശൂനമായ ജല്പനങ്ങളാണ്. ഈ ജല്പനങ്ങളില്‍ നിരവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളതായും അദ്ദേഹം കാണുന്നു. "തികഞ്ഞ ചിന്താക്കുഴപ്പവു" "ദൈവശാസ്ത്രാപാകത"യുമാണ് ഹില്‍ഡെ ബ്രാന്‍ഡ് തെയ്യാറില്‍ ദര്‍ശിച്ചത്. പ്രകൃത്യനുസൃതവും പ്രകൃത്യതീതവുമായവയെ തെയ്യാര്‍ കൂട്ടികുഴച്ചു. പദാര്‍ത്ഥവും അരൂപിയും തമ്മിലുള്ള മൗലികമായ വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവുകേട് തെയ്യാറിന്‍റെ മറ്റൊരു വലിയ പോരായ്മയാണ്. ഈ കഴിവുകേടുകള്‍ മറച്ചുവെക്കുവാനായി അദ്ദേഹം പകിട്ടേറിയ ചില പുതിയ പദങ്ങളുടെ സഹായം തേടുന്നു (ഈ പദങ്ങളെ അദ്ദേഹത്തിന്‍റെ ആരാധകര്‍ വലിയ കാര്യമാക്കുന്നുണ്ട്!). വ്യക്തിയെപ്പറ്റിയുള്ള തെയ്യാറിന്‍റെ ധാരണ പരമാബദ്ധമാണ്. സ്വാതന്ത്ര്യം പരോക്ഷമായി അദ്ദേഹം നിഷേധിച്ചു. ഇവയ്ക്ക് സദ്യശ്യമായ അനേകം കാരണങ്ങളാല്‍ ഹില്‍ഡെ ബ്രാന്‍ഡ് തെയ്യാറിനെ "ഒരു വ്യാജപ്രവചക"നായി പരിഗണിക്കുന്നു. വേഷം മാറി നടക്കുന്ന ഒരു സര്‍വദേവതാവാദികൂടിയാണ് തെയ്യാര്‍. "ക്രൈസ്തവ ക്കുപ്പായമണിഞ്ഞ നോസ്റ്റിക്ക് (Gnostic) അദ്വൈതവാദ"മാണ് തെയ്യാറിന്‍റെ ചിന്ത. ഹില്‍ഡെബ്രാര്‍ഡിന്‍റെ വീക്ഷണത്തില്‍, "വോള്‍ട്ടയര്‍, റെനന്‍, നീത്ഷേ തുടങ്ങിയവരേക്കാള്‍ അപകടകാരിയാണ്" തെയ്യാര്‍.

ഷാക്ക് മാരിത്തേന്‍റെ തെയ്യാര്‍വിമര്‍ശനങ്ങളും നിശിതങ്ങളത്രേ. അദ്ദേഹത്തിന്‍റെ വിമര്‍ശനത്തില്‍ തെയ്യാറിന്‍റെ ചിന്തക്കെതിരെ വാക്കുകളുടെ ഒരു കൂബാരംതന്നെ  കാണുന്നുണ്ട്. താന്‍ ചെയ്യുന്നത് ന്യായീകരിക്കത്തക്കതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്കൊളാസ്റ്റിസിസത്തിന്‍റെ ആവനാഴിയില്‍ നിന്ന് അനേകം കൂര്‍ത്ത ശരങ്ങള്‍ അദ്ദേഹം തെയ്യാറിന്‍റെ ചിന്തയ്ക്കുനേരെ തൊടുത്തുവിടുന്നു. തെയ്യാറിന്‍റെ ചിന്ത അവസരാരാധന (chronolatry) മാത്രമാണ്, മാരിത്തേന്‍റെ വീക്ഷണത്തില്‍. സത്യത്തെ കാലത്തിന്‍റെ ദാസിയാക്കുകയെന്നതാണ് അതിന്‍റെ പ്രത്യേകത. ആധുനികയുഗത്തിലെ മാര്‍സിയന്നായി തെയ്യാറിനെ അദ്ദേഹം ചിത്രീകരിക്കുന്നു. തെയ്യാറിന്‍റെ ചിന്തയെ ശക്കമായി എതിര്‍ക്കുന്നതോടൊപ്പം വിശിഷ്ടമായ പല ഗുണങ്ങളുടേയും ഉടമയായി തെയ്യാറിനെ മാരിത്തേന്‍ ആദരിക്കുന്നു.

അടുത്തകാലത്ത് തെയ്യാറിനെക്കുറിച്ച് സന്തുലിതവും സമചിത്തതയുമുള്ളതുമായ കുറെ പഠനങ്ങള്‍  പ്രസിദ്ധീക്യതമായിട്ടുണ്ടെന്നുള്ള വസ്തുത ചാരിതാര്‍ഥ്യജനകമാണ്. ഹെന്‍റി ഡിലുബാക്ക് , ക്രിസ്റ്റൊഫര്‍ എഫ്. മൂനി . പിയേസ്മള്‍ഡേഴ്സ്, റോബര്‍ട്ട് എല്‍. ഫാരിസി എന്നിവരുടെ ക്യതികള്‍ ഉദാഹരണങ്ങള്‍. ഇവരും ഇവരെപ്പോലെയുള്ള മറ്റു പലരും അഭിപ്രായപ്പെടുന്നത്, തെയ്യാറിനെപ്പറ്റിയുള്ള ചില വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യവും സമീപനരീതിയും ഗ്രഹിക്കാതെയുള്ളവയാണെത്രേ. അദ്ദേഹത്തിന്‍റെ നവീനപദങ്ങളെക്കുറിച്ചു പറഞ്ഞാല്‍, അപൂര്‍വ്വകല്പനവിഭവനായ ഒരു ചിന്തകന് തന്‍റെ ഉള്‍ക്കാഴ്ചകള്‍ ആവിഷ്കരിക്കുവാന്‍ പുതിയ വാക്കുകള്‍ കണ്ടുപിടിക്കാതെ തരമില്ല; അഥവാ പഴയ വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കല്പിക്കാതിരിക്കുക വയ്യ. അദ്ദേഹത്തിന്‍റെ ചിന്തയെ അര്‍ത്ഥശൂന്യമായ പദങ്ങളുടെ കൂമ്പാരമായോ കവികളുടെ സങ്കല്പമായോ തരംതാഴ്ത്തിക്കാണിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രമത്തെ വേണ്ടത്ര ഗ്രഹിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതിന് തുല്യമായിരിക്കും. അദ്ദേഹത്തിന്‍റെ ചിന്തയെ ആഴമായി പഠിക്കുന്തോറും അതിനെ കൂടുതല്‍ കൂടുതല്‍ ആഴമായി പഠിക്കേണ്ടതിന്‍റെ ആവശ്യകത പലര്‍ക്കും ബോധ്യപ്പെട്ടു വരികയാണ്. ആഴത്തിലേക്കിറങ്ങുമ്പോള്‍ വ്യക്തമായി കാണാനും വിവേചിക്കുവാനും കഴിയുന്നു. ബെര്‍നാര്‍ഡ് ഡെല്‍ഫ്ഗാവിന്‍റെ അഭിപ്രായം ബുദ്ധിപൂര്‍വകവും കുറിക്കു കൊളളുന്നതാണ്: "ഈ വിധത്തിലുളള ചിന്ത പല ഭാഗത്തുനിന്നും ആക്രമണ വിധേയമായേക്കും. പക്ഷേ അതിപ്രധാനമായ പ്രശ്നം ഇതാണ്. അതിന്‍റെ പ്രകടലക്ഷണങ്ങള്‍ സ്വീകാര്യമാണോ? അവയെ അടിസ്ഥാനമാക്കി ശാസ്ത്രീയവും ദാര്‍ശനികവും ദൈവഭാഷ്യപരവുമായ അന്വേഷണങ്ങളെ സമരസപ്പെടുത്തുവാന്‍ കഴിയുമോ? വിമര്‍ശനബുദ്ധ്യാ വിലയിരുത്താതെ തെയ്യാറിന്‍റെ സിദ്ധാന്തത്തെ ഉന്മാദത്തളളലില്‍ അംഗീകരിച്ചുകളയുന്നത് അതിനെ അപ്പാടെ നിരസിക്കുന്നതുപോലെതന്നെ ബുദ്ധിശൂന്യമാണ്. അഭികാമ്യമായ ഏകകര്‍ത്തവ്യം അതിനെ മതശാസ്ത്രചിന്താതലങ്ങളില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും അതിന്‍റെ അനന്തരഫലങ്ങളെ വിശകലനം ചെയ്യുകയുമത്രേ."

അവസാനമായി, തെയ്യാറിന് സ്വന്തം ചിന്തയെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായം ആരായുക ഉചിതമാണ്. "ദൈവശാസ്ത്രം ചിന്തയുടെ ഉണക്കിയെടുത്ത ജഡമല്ല" എന്ന് തെയ്യാര്‍ കരുതുന്നു. ജീവനുളള മറ്റെന്തിനേയും പോലെ ജീവിക്കുന്ന ദൈവശാസ്ത്രം നിരന്തരം നവീകരണപ്രക്രിയയ്ക്ക്  വിധേയമായിക്കൊണ്ടിരിക്കണം. സത്യം ആവിഷിക്യതസത്യങ്ങളുടെ വിശിദീകരണമനുസരിച്ചാണത്. കൂടുതല്‍ ഉദ്ഗ്രഥിതമായ  ഒരാശയത്തിലേക്ക് അഥവാ നിലപാടിലേക്ക് ഈ പ്രക്രിയ എപ്പോഴും വഴിതെളിക്കുന്നു. ദൈവശാസ്ത്രനവീകരണം കൂടിയേതീരു. അതേ സമയം നവീകരണം അപകടകാരിയാണ.് നവീകരണത്തിനുവേണ്ടി യത്നിക്കുന്ന ദൈവശാസ്ത്രജഞന്മാര്‍ അവ്യക്തത ഉളവാക്കുകയെന്ന അപകടത്തില്‍ ചാടാനിടയുണ്ട്. ചില തെറ്റുകള്‍ പറ്റിയെന്നു വരാം. നവീകരണത്തിന് ഇവ കൂടിയേ തീരൂ. ധീരമായ മുന്നേറ്റവും ബുദ്ധിപൂര്‍വ്വകമായ പരീക്ഷണങ്ങളുമില്ലെങ്കില്‍ ദൈവശാസ്ത്രപുരോഗതി അസാധ്യം. അബദ്ധങ്ങള്‍ പിണയാമെന്ന ധാരണ  ഇവര്‍ക്കെപ്പോഴുമുണ്ടായിരിക്കണം. തന്മൂലം അധികാരികളില്‍നിന്ന് ന്യായമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത അവര്‍ അംഗീകരിക്കണം. ദൈവശാസ്ത്രനവീകരണത്തെക്കുറിച്ച് തെയ്യാറിനുണ്ടായിരുന്ന അഭിപ്രായം ഇതുതന്നെ ആയിരുന്നുവെന്ന് തോന്നുന്നു, തന്‍റെ സമീപനത്തില്‍ അപാകതകള്‍ ഉണ്ടായിരിക്കാമെന്ന അവബോധം അദ്ദേഹം സദാ പുലര്‍ത്തിയിരുന്നു .തിരുത്തലുകള്‍ സ്വീകരിക്കുവാന്‍ വിസമ്മതിച്ചുരുന്നില്ല. അദ്ദേഹത്തിന്‍റെ ഒരെഴുത്തില്‍ നിന്ന് ഇക്കര്യം വ്യക്തമാണ്. 1916 ല്‍ അദ്ദേഹം ഇപ്രകാരം എഴുതി: "എന്‍റെ ആശയങ്ങള്‍ വളരെ അവ്യക്തമാണ്. അവ ഒരേ സമയം വളരെ വിശുദ്ധരും വളരെ മാനുഷിക ഭാവമുള്ളവരുമായുടെ പരിശോദനക്ക് വിധേയമാകേണ്ടിയിരിക്കുന്നു." ജീവിതാവസാനമായപ്പോള്‍ തന്‍റെ വീക്ഷണം ഒരു മാനസികഭ്രമം മാത്രമാണോ എന്ന ഭീതിപോലും അദ്ദേഹത്തിനുണ്ടായി. 1955-ല്‍ അദ്ദേഹം എഴുതിയതിപ്രകാരമായിരുന്നു. എന്‍റെ വീക്ഷണം എത്രമാത്രം ആകര്‍ഷകമാണെങ്കലും, ഞാന്‍ ഒട്ടും മെച്ചപ്പെടാത്തതും എനിക്ക് തോന്നുന്ന അത്ഭുതാവഹമായ ഐക്യം എന്‍റെ പ്രവര്‍ത്തനങ്ങളിലേക്കും മറ്റുള്ളവരിലേക്കും വ്യാപിക്കുവാന്‍ കഴിയാത്തതും എന്തുകൊണ്ടാണ്? സാര്‍വത്രിക ക്രിസ്തു? ദൈവികമായ പരിസരം? ഒരു മാനസിക വിഭ്രാന്തിയുടെ ഇരയാണെന്നു വരുമോ ഞാന്‍? ഇതാണ് എനിക്കു  പലപ്പോഴും തോന്നുന്നത്." തനിക്ക് തെറ്റു പറ്റുവാനിടയുണ്ടെന്ന് തെയ്യാറിന് നന്നേ ബോധ്യമായിരുന്നു.

.ചുരുക്കത്തില്‍, അന്തിമതീരുമാനങ്ങളെന്നതിനേക്കാള്‍ നിര്‍ദ്ധേശങ്ങളെന്ന നിലക്കാണ് തെയ്യാര്‍ തന്‍റെ അഭിപ്രായങ്ങള്‍,വിശിഷ്യാ ദൈവശാസ്ത്രപരമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നത്. തന്‍റെ അഭിപ്രായങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്: "ഞാന്‍ അവതരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും അവയുടെ ശൈശവാവസ്ഥയിലാണ്. അവയെ സര്‍വ്വസ്വീകാര്യമായോ അന്തിമമായോ നോക്കികാണരുത് . ഞാന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ്; വിധിത്തീര്‍പ്പുകളല്ല. അനിയതരൂപത്തിലുള്ള എന്‍റെ ആശയങ്ങളിലേക്ക് മറ്റുള്ളവരെ തിരിക്കുകയല്ല എന്‍റെ ലക്ഷ്യം. പ്രത്യുത, അവരുടെ ചിന്തയ്ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയത്രേ."

ബൗദ്ധിക നവീകരണത്തിന്‍റെ ഓമെഗയില്‍ താനെത്തിച്ചേര്‍ന്നുവെന്ന് തെയ്യാര്‍ ഒരിക്കലും അവകാശപ്പെടുന്നല്ല. തികച്ചും യുക്തിയുക്തവും പരസ്പരബദ്ധവുമായ ചിന്താസംഹിതയ്ക്ക് അന്തിമരൂപം കൊടുത്തുവെന്നും അദ്ദേഹം അഭിമാനിക്കുന്നില്ല. (വാസ്തവത്തില്‍ അദ്ദേഹത്തിന് ന്യായമായി ഇത്തരം ഒരവകാശവാദം നടത്താന്‍ അര്‍ഹതയില്ലായിരുന്നുതാനും.) യാതെരു കുറവുമില്ലാത്ത ഒരു പരിപൂര്‍ണ്ണ ചിന്താപദ്ധതി രൂപപ്പെടുത്തുവാന്‍ ആര്‍ക്കെങ്കെലും കഴിയുമോ? എന്നെങ്കിലും അതൊരു യാഥാര്‍ഥ്യമായിത്തീരുമോ? മനുഷ്യജീവിതംതന്നെ പൂര്‍ണ്ണസത്തയിലേയ്ക്കുള്ള ആരോഹണമാണല്ലോ. സത്യം തന്നെ മോക്ഷദായകം (യോഹ 8:32)  ജീവിതം തന്നെ സത്യത്തിലേയ്ക്കുള്ള തീര്‍ഥാടനമല്ലേ? "സത്യേന മുച്യതേ." 

 

 കടപ്പാട്

ഡോ. ജോര്‍ജ്ജ് പുഞ്ചക്കുന്നേല്‍ എഡി.  ക്രിസ്തുദര്‍ശനം (കോട്ടയം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1975)

The Christian face of the universe Theyyard Shardan the church theology Mar Joseph Pamplany catholic malayalam catholic apologetics Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message