x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

“ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയാണ്” (യോഹ. 15:1). “ഞാനാണ് ആടുകളുടെ വാതിൽ” (യോഹ.10:7) എന്നതുപോലെ, “ഇത് എന്റെ ശരീരം ആണ്. ഇത് എന്റെ രക്തമാണ്.

Authored by : Fr. George Panamthottam CMI On 28-Oct-2022

“ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയാണെന്നും ഞാനാണ് ആടുകളുടെ വാതിൽ” എന്നും ക്രിസ്തു പറഞ്ഞു. ഈ തിരുവചനത്തിൽ നിന്നു തന്നെ ഇതു ഉപമയാണെന്ന് മനസിലാക്കാം. എന്താണിതിന്റെ അർത്ഥം? തായ്ത്തണ്ടിനോട് ചേർന്നിരുന്ന് ശക്തി പ്രാപിക്കുന്ന ശിഖരങ്ങളെപ്പോലെ ക്രിസ്തുവിനോടു ചേർന്നുനിന്നു നാമും ശക്തി നേടണം. “ഞാനാണ് വാതിൽ” എന്നു പറഞ്ഞാൽ അവിടുന്നാണു നമ്മെ സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന വഴി എന്നാണ് അർത്ഥം. ഇതേ അർത്ഥമാണോ അപ്പം കൈകളിലെടുത്ത ആശീർവദിച്ച് മുറിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് വാങ്ങി ഭക്ഷിക്കുവിൻ ഇത് എന്റെ ശരീരമാണെന്നും പാനപാത്രം കൈയിലെടുത്ത് വാഴ്ത്തി, വാങ്ങി പാനം ചെയ്യുവിൻ ഇത് എന്റെ രക്തമാകുന്നു, ഇത് എന്റെ നാമത്തിൽ ഒരുമിച്ച് കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന വാക്യങ്ങൾക്കുള്ളത്? അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി ശിഷ്യന്മാർ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തില്ലേ. ഇതിനെ എങ്ങനെ ഉപമയായി കാണാൻ കഴിയും? ഇതിനുശേഷം കാൽവരിയിൽ ശരീരക്തങ്ങൾ നമുക്കായി അവിടുന്ന് ബലിയർപ്പിച്ചില്ലേ?

തന്റെ ശരീരരക്തങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ക്രിസ്തുതന്നെ വിവരിക്കുന്നുണ്ട്. "യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു" (യോഹ 6: 53-56). ക്രിസ്തു നമ്മിൽ ചിരകാലം വസിക്കാൻ അവിടുന്നു തിരഞ്ഞെടുത്ത വഴിയാണു വിശുദ്ധ കുർബാന. ഇതൊരു ഉപായമല്ല യാഥാർതഥ്യമാണ്. അവിടുത്തെ വചനം അക്ഷരാർത്ഥത്തിൽ ഇന്നും തിരുസഭയുടെ ബലിവേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.

വിശുദ്ധ കുർബാനയിൽ സംഭവിക്കുന്ന അത്ഭുതം ക്രിസ്തുവിന്റെ കാലത്തുതന്നെ പലർക്കും മനസിലാക്കാൻ കഴിയാത്തതായിരുന്നു. പലരും അവിടുത്തെ ഉപേക്ഷിച്ചു പോയതിന്റെ കാരണം വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തെ സംശയിച്ചതുകൊണ്ടാണ്. “സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നല്കുന്ന അപ്പം എന്റെ ശരീരമാണ്. ഇതേപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി. “തന്റെ ശരീരം നമുക്ക് ഭക്ഷണമായി തരാൻ ഇവന് എങ്ങനെ കഴിയും എന്ന് അവർ ചോദിച്ചു" (യോഹ 6 : 51,52). അവിടുന്ന് ഉപമയായിട്ടാണ് ഇതു പറഞ്ഞതെങ്കിൽ അപ്പോൾത്തന്നെ ആ ആശങ്ക അവിടെ പരിഹരിക്കാമായിരുന്നു. എന്നാൽ, വളരെ ശക്തമായി അവിടുന്ന് തുടർന്നു. “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53). “ഇതുകേട്ട് അവന്റെ ശിഷ്യരിൽ പലരും പറഞ്ഞു. ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാൻ ആർക്കു കഴിയും? (യോഹ. 6:60).

വിശുദ്ധ കുർബാനയിലെ ക്രിസ്തുസാന്നിധ്യം ഗ്രഹിക്കാൻ കഴിയാത്ത പലരും അവിടുത്തെ ഉപേക്ഷിച്ചുപോയി. "ഇതിനുശേഷം അവന്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി; അവർ പിന്നിടൊരിക്കലും അവന്റെ കൂടെ നടന്നില്ല'' (യോഹ. 6:66). ശിഷ്യന്മാർ പലരും തന്നെ ഉപേക്ഷിച്ചുപോയെങ്കിലും വചനത്തിന് മാറ്റം വരുത്തുവാൻ ക്രിസ്തു തയ്യാറായില്ല. “യേശു പന്ത്രണ്ടുപേരാെടുമായി ചോദിച്ചു: നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (യോഹ. 6: 67-69).

വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വചനങ്ങൾ സ്വീകരിക്കാത്തവർ അവിടത്തെ ഉപേക്ഷിച്ചു പോയി. ആരാണ് അവിടുത്തോടു ചേർന്നു നിന്നത്? ശിമയോൻ പത്രോസിന്റെ നേതൃത്വത്തിലുള്ള ശിഷ്യഗണം. വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുസാന്നിധ്യം ഒരു വിശ്വാസസത്യമായി പരിശുദ്ധ കത്തോലിക്കാസഭ ഇന്നും വിശ്വസിക്കുന്നു. ഓരോ ദിവസവും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.   

Living faith series : 8 (ചോദ്യം:3)

“ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയാണ്” യോഹ. 15:1 “ഞാനാണ് ആടുകളുടെ വാതിൽ” (യോഹ.10:7) ഇത് എന്റെ ശരീരം ആണ്. ഇത് എന്റെ രക്തമാണ് ക്രിസ്തു Fr. George Panamthottam CMI Living faith series : 8 (ചോദ്യം:3) യോഹ 6: 53-56 യോഹ. 6: 67-69 നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ യോഹ. 6:60 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message