x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ത്രിത്വാത്മകതയും ആധ്യാത്മികതയും പൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തില്‍

Authored by : Bishop Mar Joseph Kallarangad On 10-Feb-2021

ത്രിത്വാത്മകതയും ആധ്യാത്മികതയും

പൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തില്‍

ത്രിത്വം, ആധ്യാത്മികത എന്നീ രണ്ടു യാഥാര്‍ത്ഥ്യങ്ങളും, അവ തമ്മിലുള്ള പരസ്പര ബന്ധവും ക്രൈസ്തവ ലോകത്ത് പലപ്പോഴും വളരെ വികലമായ രീതിയിലാണ് മനസ്സിലാക്കപ്പെട്ടുപോന്നിട്ടുള്ളത്, പൗരസ്ത്യ ദൈവശാസ്ത്ര ആഭിമുഖ്യങ്ങളുടെ വെളിച്ചത്തില്‍ മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം. ആദ്യമായി ദൈവം ത്രിത്വമാണ് എന്ന കാഴ്ചപ്പാട് നമുക്കെങ്ങിനെ സ്വന്തമാക്കാം എന്നു പരിശോധിക്കാം പിന്നീട് ത്രിത്വാധിഷ്ഠിതമായ ആധ്യാത്മികതയെക്കുറിച്ചും പൗരസ്ത്യ ആധ്യാത്മികതയുടെ ത്രിത്വാധിഷ്ഠിത സ്വഭാവത്തെക്കുറിച്ചും ചിന്തിക്കാം.

ത്രിത്വാത്മകത

ദൈവശാസ്ത്രത്തിന്‍റെ അടിത്തറയും അടിസ്ഥാനവുമാണ് ത്രിത്വസംഹിത. ത്രിത്വം എന്നു പറയുമ്പോള്‍ ത്രിത്വരഹസ്യം തന്നെയാണ് പ്രധാനമായും നാം അര്‍ത്ഥമാക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളുടെയും ആരാധനഗ്രന്ഥങ്ങളിലാണ് ഏറ്റവും കൂടുതലായി ത്രിത്വാത്മകചിന്തകള്‍ നാം കണ്ടുമുട്ടുന്നത്. ക്രൈസ്തവ ആരാധന തന്നെയാണ് ക്രൈസ്തവ ആധ്യാത്മികതയുടെ മാനദണ്ഡം. ദൈവശാസ്ത്രത്തിന്‍റെ ആരംഭവും അന്ത്യവും ത്രിത്വമാണെന്നു പറയുന്നതില്‍ തെറ്റില്ല. സഭാജീവിതം മുഴുവന്‍ തന്നെയും വേരൂന്നിനില്ക്കുന്ന മൗലിക ശിലയാണ് ത്രിത്വം. തന്മൂലം ദൈവശാസ്ത്രവിഷയങ്ങളോടുള്ള ഒരു സഭാത്മക സമീപനം എന്നുപറയുമ്പോള്‍ അടിസ്ഥാനപരമായും ത്രിത്വാത്മകദര്‍ശനം തന്നെയാണ് അര്‍ത്ഥമാക്കുന്നത്.

ക്രിസ്തീയതയുടെ ഏറ്റവും ആധികാരികമായ അടയാളമാണ് ത്രിത്വത്തിലുള്ള വിശ്വാസം. മറ്റു മതങ്ങളില്‍നിന്ന് മിശിഹായുടെ അനുയായികളെ വ്യതിരിക്തമാക്കുന്ന ഘടകവും ഇതുതന്നെ. തന്മൂലം ഈ ത്രിത്വാത്മക വിശ്വാസത്തിന്‍റെ വിവിധ വശങ്ങളെ ആവിഷ്ക്കരിക്കുകയും അവ തമ്മിലുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യുക എന്നതാണ് ദൈവശാസ്ത്രത്തിന്‍റെ കാതല്‍. പൗരസ്ത്യസഭാപിതാവായ മാര്‍ അത്തനേഷ്യസ് പറയുന്നു. ദൈവശാസ്ത്രം എന്നു പറയുന്നത് ത്രിത്വത്തെക്കുറിച്ചുള്ള ധ്യാനമാണ്. ത്രിത്വത്തില്‍ ദൈവശാസ്ത്രം പരിപൂര്‍ണ്ണമത്രേ.

ത്രിത്വചിന്തകള്‍ വഴിതെറ്റാതെയിരിക്കണമെങ്കില്‍ ദൈവശാസ്ത്രത്തിന്‍റെ ഉറവിടങ്ങളിലേക്കു നാം തിരിയണം. പ്രധാനമായും വി.ഗ്രന്ഥം ആരാധനാക്രമഗ്രന്ഥങ്ങള്‍, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ എന്നിവയൊക്കെയാണ് അവ. ഉറവിടങ്ങളോടു ബന്ധമില്ലാതെ ബൗദ്ധിക പ്രാധാനം മാത്രമായ ത്രിത്വചിന്തകള്‍ ജീവിതത്തോട് ബന്ധമുള്ളതായിരിക്കുകയില്ല. ഈ വിഷയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രചിന്തകളില്‍ വന്നിട്ടുള്ള പരാജയവും മറ്റൊന്നല്ല. വി. ഗ്രന്ഥത്തിലും ആരാധനാക്രമങ്ങളിലധിഷ്ഠിതമായ ഒരു ആധ്യാത്മികതയിലൂടെയാണ് ജീവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സജീവ സ്മരണ നിലനിര്‍ത്തേണ്ടത്. ഈ സ്മരണതന്നെയാണ് ക്രിസ്തീയ ആധ്യാത്മികത. ക്രൈസ്തവികതയെ അതാക്കിത്തീര്‍ക്കുന്ന സര്‍വ്വപ്രധാനമായ കാര്യവും ഈ ആധ്യാത്മികത തന്നെയാണ്.

ക്രൈസ്തവ ദൈവശാസ്ത്ര സമീപനങ്ങളിലെല്ലാം ത്രിത്വചിന്ത നിറഞ്ഞു നില്ക്കേണ്ടതാണ്. ത്രിത്വത്തിലധിഷ്ഠിതമല്ലാത്ത ഒരു ദൈവശാസ്ത്ര സമീപനം പുതിയ നിയമത്തിന് ചേര്‍ന്നതല്ല. തന്മൂലം അത് ക്രൈസ്തവികവുമല്ല. മിശിഹാവിജ്ഞാനീയ (Christology) പഠനങ്ങളിലും മറ്റും അപാകതകള്‍ കടന്നുകൂടിയത് മിശിഹായെ ത്രിത്വകേന്ദ്രീകൃതമായ രീതിയില്‍ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതുമൂലമാണ്. അതിന്‍റെ ഫലമായി പലദൈവശാസ്ത്ര വ്യതിചലനങ്ങള്‍തന്നെ ഉടലെടുത്തു. ത്രിത്വത്തെ ക്ലാസ്സുമുറികളില്‍വച്ച് പഠിച്ചു തീര്‍ക്കേണ്ട ഒരു വിഷയമായിട്ടല്ല പരിഗണിക്കേണ്ടത്. എല്ലാ ദൈവശാസ്ത്ര വിചിന്തനകള്‍ക്കും സമീപനരീതികള്‍ക്കും ഒരു ദിശാബോധം നല്കേണ്ട മൗലിക പ്രമാണമാണിത്. ഒരു ഭാഷ പഠിക്കുമ്പോള്‍ അതിന്‍റെ വ്യാകരണത്തിനുള്ള ദൗത്യമാണ് ദൈവശാസ്ത്രത്തില്‍ ത്രിത്വചിന്തയ്ക്കുള്ളത്. ദൈവശാസ്ത്രത്തിന്‍റെ ഗ്രാമറാണ് ത്രിത്വം. ദൈവത്തെക്കുറിച്ചും ദൈവിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും നമ്മള്‍ പറയുന്ന കാര്യം തെറ്റിപ്പോകാതിരിക്കണമെങ്കില്‍ ത്രിത്വാത്മകരീതി (trinitarian patten) നാം സ്വീകരിക്കണം. ഈ രീതി പുതിയ നിയമത്തിലെ വെളിപാടില്‍ അധിഷ്ഠിതമത്രേ. ഗ്രാമറിന് നിര്‍ണ്ണായകമായ ദൗത്യമാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗ്രാമറില്ലാതെ സംസാരിക്കുന്നതും, എഴുതുന്നതും ശരിയല്ല. പക്ഷേ ദൈവശാസ്ത്രലോകത്ത് ഇത് രണ്ടും നടന്നു കഴിഞ്ഞു എന്നത് വാസ്തവമാണ്. അതായത് പുതിയ നിയമത്തിലെ പുതിയ ദൈവദര്‍ശനം ഉള്‍ക്കൊള്ളാത്ത ധാരാളം ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ ക്രൈസ്തവലോകത്ത് വന്നു കഴിഞ്ഞു എന്നു സാരം. ദൈവം ത്രിത്വമാണ് (God is consubstantial Trinity) എന്ന മൗലികസത്യം പലരും വേണ്ടവിധം ഗ്രഹിക്കുന്നില്ല. ഗ്രഹിക്കാന്‍ പരിശ്രമിക്കുന്നവര്‍ തന്നെയും കേവലം തത്ത്വശാസ്ത്രാധിഷ്ഠിതമായ ചില ശൈലികളില്‍ കൂടി മാത്രമാണുതാനും. അങ്ങനെ ത്രിത്വം സാധാരണ മനുഷ്യന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഒരു കാര്യമായിട്ടു നില്ക്കുന്നു. അടിസ്ഥാനകാര്യം മാറ്റിവച്ചുകൊണ്ട് څരണ്ടാം കിട വിഷയങ്ങളെക്കുറിച്ചാണ് പലപ്പോഴും പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. 

ദൈവശാസ്ത്രലോകത്ത് അത്ഭുതകരമായവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന "Specialization" (വിശേഷീകരണം) സമ്പ്രദായവും ചിലപ്പോഴെങ്കിലും ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സമഗ്രവീക്ഷണം സ്വന്തമാക്കുന്നതില്‍നിന്നുള്ള പിന്തിരിയലിനു കാരണമാകാറുണ്ട്. അതിന്‍റെ കൂട്ടത്തില്‍ 'എനിക്ക് ഞാന്‍ പഠിച്ച വിഷയം മാത്രമേ അറിയാവൂ, മറ്റൊന്നും എന്നോട് ചോദിക്കേണ്ട' എന്നൊരു മനോഭാവവും. ദൈവശാസ്ത്രം വിശ്വാസത്തിന്‍റെ വിഷയമാണല്ലോ. തന്മൂലം മേല്പറഞ്ഞ രീതിയിലുള്ള ഒരു സമീപനം ആരോഗ്യകരമായ ഒന്നല്ല. വ്യാകരണം അറിയാന്‍  പാടില്ലാതെ നില്ക്കുന്ന അവസ്ഥ തന്നെയാണിത്. കാരണം ത്രിത്വാത്മകത്തില്‍ ഇപ്രകാരമൊരു സമീപനം ശരിയല്ല എന്നതുതന്നെ. ത്രിത്വാത്മക സമീപനം എന്നത് ദൈവശാസ്ത്രത്തില്‍ എന്നും ഒരു സര്‍ഗ്ഗാത്മക ശക്തിയായിട്ട് നില്ക്കേണ്ടതാണ്. മറ്റു ദൈവശാസ്ത്രശാഖകളെയും അതിലുളള ദൈവശാസ്ത്ര സമീപനങ്ങളെയും ഒക്കെ വിലയിരുത്തേണ്ട സമീപനരീതി കൂടിയായിട്ട് ഇത് മാറണം. ചുരുക്കിപ്പറഞ്ഞാല്‍ ദൈവശാസ്ത്രത്തിന്‍റെ സിരാകേന്ദ്രമാണിത്. കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും സമീപനരീതികളും എല്ലാം ജനിക്കേണ്ടത് ഇവിടെനിന്നാണ്.

ഇന്ന് വി.ഗ്രന്ഥവും ദൈവശാസ്ത്രവും തമ്മില്‍ ഒരു അകല്‍ച്ചയുണ്ട് എന്നതു സത്യമാണ്. എനിക്കു ബൈബിള്‍ പഠിക്കാന്‍ ഇഷ്ടമാണ്; പക്ഷേ ദൈവശാസ്ത്രം ഇഷ്ടമില്ല എന്നു പറയാന്‍ തക്ക വിധം ഇവ തമ്മില്‍ അകന്നിട്ടുണ്ട്. അതുതന്നെയാണ് ഇന്ന് ദൈവശാസ്ത്രത്തില്‍ അനുഭവപ്പെടുന്ന അരാജകത്വവും. ഉറവിടങ്ങളില്‍ അധിഷ്ഠിതമല്ലാത്ത, കേവലം താത്ത്വികസ്വഭാവം മാത്രം ഉള്‍ക്കൊള്ളുന്ന ദൈവശാസ്ത്രരീതികള്‍ പലതും ഉടലെടുത്തുകൊണ്ടും വി, ഗ്രന്ഥത്തെ സഭയുടെ വിശ്വാസപാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാതിരുന്നതുകൊണ്ടുമാണ് ഇപ്രകാരമൊരു അവസ്ഥ വന്നു ചേര്‍ന്നത്. വിശുദ്ധ ഗ്രന്ഥത്തിനുള്ള വ്യാഖ്യാനമാണ് ദൈവശാസ്ത്രം എന്ന് പലരും മനസ്സിലാക്കുന്നില്ല എന്നു സാരം.

ദൈവശാസ്ത്രവിഷയങ്ങളുടെയെല്ലാം പഠനംവഴി പുതിയ നിയമത്തിലെ ദൈവത്തെക്കുറിച്ചു നമുക്ക് കിട്ടേണ്ട ഉള്‍ക്കാഴ്ചയാണ് ത്രിത്വ സമീപനം എന്നുപറയുന്നത്. സുവിശേഷാധിഷ്ഠിതമായ ഒരു സമീപനമാണ് ത്രിത്വസമീപനം. ദൈവശാസ്ത്രത്തില്‍ എന്നും അടിസ്ഥാനപരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണിത്. ഇതു മനസ്സിലാക്കാതെ പലപ്പോഴും ദൈവശാസ്ത്രസംഭാഷണവേദികളില്‍പോലും ത്രിത്വാത്മക പ്രശ്നം എന്നു പറയാറുണ്ട്. ദൈവത്തെ ഒരു പ്രശ്നമായിട്ട് കാണുകയും ആ പ്രശ്നത്തെ പരിഹരിക്കേണ്ടത് മനുഷ്യനാണെന്നു സ്ഥാപിക്കുകയും ചെയ്യുന്ന ദൈവശാസ്ത്രം എത്രയോ വികലമായ ഒന്നാണ്! ത്രിത്വം നമ്മെ സംബന്ധിച്ചിടത്തോളം ഒരു താര്‍ക്കിക രഹസ്യമല്ല, പ്രത്യുത രക്ഷാകര രഹസ്യമാണ്. ദൈവാനുഭവത്തിന്‍റെ തലത്തിലാണ് പരി. ത്രിത്വത്തെ നമ്മള്‍ കാണേണ്ടത്. തന്‍റെ പുത്രനിലൂടെയും റൂഹായിലൂടെയും സ്വയം വെളിപ്പെടുത്തുകയും ദാനം ചെയ്യുകയും ചെയ്യുന്ന പിതാവിനെക്കുറിച്ചുള്ള ചിന്തയാണ് വാസ്തവത്തില്‍ ത്രിത്വവിജ്ഞാനീയം. മദ്ധ്യകാലഘട്ടത്തില്‍ ത്രിത്വത്തെക്കുറിച്ചുള്ള ഈ സമീപനവും, ത്രിത്വത്തിന് ദൈവശാസ്ത്രത്തിലുള്ള കേന്ദ്രസ്ഥാനവും നഷ്ടപ്പെട്ടു. ആധികാരികമായ ത്രിത്വചിന്തകളുടെ ന്യൂനതമാവസ്ഥ അനുഭവപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്.

എന്നാല്‍ ആധുനികകാലത്ത് ഈ അവസ്ഥയ്ക്ക് കുറെയൊക്ക മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മനുഷ്യനോടുള്ള ദൈവത്തിന്‍റെ സാമീപ്യമാണ് ത്രിത്വവിജ്ഞാനീയത്തിന്‍റെ കാതല്‍ എന്നൊരു ചിന്ത വ്യാപകമായിട്ടുണ്ട്. വി.ഗ്രന്ഥത്തിലെ ദൈവത്തെക്കുറിച്ചുള്ള ചിന്ത തന്നെയാണിത്. ശരിക്കും ത്രിത്വോന്മുഖമല്ലാത്ത ദൈവശാസ്ത്രം ക്രിസ്തീയമല്ല; ശരിക്കും ക്രിസ്തീയമല്ലാത്ത ദൈവശാസ്ത്രം ആത്മീയതയ്ക്ക് ഉപകരിക്കുന്നതുമല്ല.

ത്രിത്വസംഹിത എന്നത് സ്വയം വെളിപ്പെടുത്തുന്ന ദൈവം മിശിഹായിലൂടെയും അരൂപിയിലൂടെയും മനുഷ്യനോട് ബന്ധപ്പെടുന്ന രീതിയാണല്ലോ. ഈ അര്‍ത്ഥത്തില്‍ അതില്‍തന്നെ വളരെയധികം പ്രായോഗികമായ ഒരു ദൈവവിജ്ഞാനീയമാണിത്. ത്രിത്വസംഹിത ദൈവശാസ്ത്രം മൂഴുവന്‍ ഉള്‍ക്കൊള്ളുന്നു എന്നു പറയുന്നതിലും തെറ്റില്ല. അതിനാല്‍ ദൈവത്തിന്‍റെ ആന്തരിക അവസ്ഥയെക്കുറിച്ചുള്ള മനുഷ്യമനസ്സിന്‍റെ നിഗമനങ്ങളാണ് ത്രിത്വവിജ്ഞാനീയം എന്ന പാശ്ചാത്യചിന്തയില്‍നിന്നു നാം പുറത്തുവരേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍, ക്രൈസ്തവികതയെക്കുറിച്ചു പറയുവാനുള്ള പ്രായോഗിക മാര്‍ഗമാണ് ത്രിത്വസംഹിത. സഭയെ സഭയാക്കിത്തീര്‍ക്കുന്ന ആരാധനക്രമങ്ങളിലത്രേ ഈ ത്രിത്വചിന്ത ഉറഞ്ഞുകൂടിയിരിക്കുന്നത്.

ദൈവികജീവന്‍ ദൈവത്തോടു മാത്രം ബന്ധപ്പെട്ടതല്ല. അത് നമ്മുടെയുംകൂടെ ജീവനാണ്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തന്മൂലം ത്രിത്വവിജ്ഞാനീയം എന്നുപറയുന്നത് നമ്മിലുള്ള ദൈവികജീവനും നമ്മോടൊത്തുള്ള ദൈവവും ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യര്‍ തമ്മില്‍തമ്മിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനം ഇതുതന്നെ. മനുഷ്യനെന്ന രഹസ്യവും ഈ ത്രിത്വാത്മകരഹസ്യത്തിന്‍റെ വെളിച്ചത്തിലാണ് നാം മനസ്സിലാക്കേണ്ടത്.

ക്രൈസ്തവ ദൈവശാസ്ത്രം രക്ഷാകരപദ്ധതിയില്‍ വേരൂന്നി നില്ക്കുന്ന ഒന്നാണ്. നമ്മുടെ വിശ്വാസം ഈ രക്ഷാകര പദ്ധതിയില്‍നിന്നാണ് വരുന്നത്. രക്ഷാകരപദ്ധതിക്ക് മൂന്ന് ദിശകളുണ്ട്. -ദൈവോന്മുഖം, മിശിഹോന്മുഖം, റൂഹോന്മുഖം. തന്മൂലം ക്രൈസ്തവികതയുടെ ആദ്യകാലശാസ്ത്രജ്ഞന്മാരുടെ പരിശ്രമങ്ങളെല്ലാം ഈ രക്ഷാകരപദ്ധതിയെ  വിശദീകരിക്കുക എന്നതായിരുന്നു. കപ്പദോച്ചിയന്‍ പിതാക്കന്മാരും, സുറിയാനി പിതാക്കന്മാരും ഇതിന്‍റെ സാക്ഷികളത്രേ. എന്നാല്‍ സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍തന്നെ ഇക്കോണമി (പരിത്രാണന സംവിധാനം അഥവാ രക്ഷാപദ്ധതി) കേന്ദ്രിതമായ വീക്ഷണത്തില്‍നിന്ന് ദൈവത്തിന്‍റെ സത്തയെക്കുറിച്ച് സംസാരിക്കുന്ന താത്വിക -ദാര്‍ശനികഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാറ്റം വേണ്ടിവന്നു. മിശിഹായുടെ ദൈവമനുഷ്യ സ്വഭാവങ്ങളെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുള്ളിലാണ് ഇപ്രകാരമൊരു മാറ്റം അനിവാര്യമായിത്തീര്‍ന്നത്. രക്ഷാകരപദ്ധതി കേന്ദ്രിതമായ ഒരു ത്രിത്വശാസ്ത്രത്തില്‍ ത്രിത്വത്തിലെ മൂന്നു വ്യക്തികള്‍ക്കു പ്രാധാന്യം കൊടുക്കുകയും രക്ഷാകരപദ്ധതിയില്‍ ഈ ദൈവികവ്യക്തികളുടെ പ്രവര്‍ത്തനം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ പശ്ചാത്തലത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തികളുടെ വ്യതിരിക്തയെക്കാള്‍ അവരുടെ തുല്യതയ്ക്ക് പ്രാധാന്യം നല്കേണ്ട അവസ്ഥ വന്നുചേര്‍ന്നു. അതായത്, പിതാവും, പുത്രനും, റൂഹായും സത്തയില്‍ സമന്മാരാണെന്ന കാര്യത്തെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടായി പിന്നീടുള്ള ത്രിത്വവിജ്ഞാനീയം. ഫ്ളോറന്‍സ് കൗണ്‍സില്‍ കൊണ്ടുവന്ന പെരിക്കൊറെസ്സിസ് എന്ന സിദ്ധാന്തവും ഈ രീതിയില്‍ ഉള്ളതാണ്. പിതാവ് പൂര്‍ണ്ണമായും നിത്യമായും പുത്രനിലും റൂഹായിലും, പുത്രന്‍ പൂര്‍ണ്ണമായും നിത്യമായും പിതാവിലും റൂഹായിലും, റൂഹാ പൂര്‍ണ്ണമായും നിത്യമായും പിതാവിലും പുത്രനിലും സ്ഥിതിചെയ്യുന്നു എന്നതാണ് പെരിക്കോറെസ്സിസ് എന്ന സിദ്ധാന്തം. ദൈവത്തിലെ മൂന്ന് വ്യക്തികള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ട് രക്ഷാകരപദ്ധതിയില്‍ കേന്ദ്രിതമായ സമീപനം ക്രമേണ മങ്ങിത്തുടങ്ങി. ഇക്കോണമിയലധിഷ്ഠിതമായ സമീപനമാണ് പൗരസ്ത്യര്‍ എന്നും നടത്തിയതും ഇന്നും പ്രാവര്‍ത്തികമാകാന്‍ ആഗ്രഹിക്കുന്നതും. ദൈവത്തിന്‍റെ സത്തയ്ക്ക് മുന്‍ഗണന നല്കുന്ന സമീപനരീതി വന്നപ്പോള്‍ അത് വെളിപാടിന്‍റെ ഉറവിടങ്ങളില്‍നിന്ന് അകന്നുപോവുകയും ബൗദ്ധികപ്രാധാന്യം മാത്രമുള്ളതായിത്തീരുകയും ചെയ്തു.ദൈവശാസ്ത്ര സംഹിതകള്‍ അതിന്‍റെ ഫലമായി ഉടലെടുത്തു.

വി.ആഗസ്തീനോസിന്‍റെ ദൈവശാസ്ത്രരീതികള്‍ പാശ്ചാത്യലോകത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ ആന്തരികജീവന്‍ എന്ന ആശയത്തിലാണ് അദ്ദേഹത്തിന്‍റെ ശൈലി അടങ്ങിയിരിക്കുന്നത്. അതായത് പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും പരസ്പരമുള്ള ബന്ധത്തിന്, മനുഷ്യവ്യക്തിയുടെ മനശാസ്ത്രത്തില്‍നിന്നും രൂപീകൃതമായ പ്രതീകങ്ങളെ ആധാരമാക്കിയാണ് ആഗസ്തീനോസ് തന്‍റെ ത്രിത്വവിജ്ഞാനീയം രൂപീകരിച്ചത്. അതായത് ബുദ്ധി, മനസ്സ്, ഓര്‍മ്മ എന്ന രീതിയില്‍ ത്രിത്വത്തിന്‍റെ ഒരു കണ്ണാടിയായിട്ടാണ് ഓരോ മനുഷ്യവ്യക്തിയെയും അദ്ദേഹം കണ്ടത്. ഇതില്‍നിന്ന് അദ്ദേഹം, ഒരുവനെ അവന്‍തന്നെ അറിയുമ്പോള്‍ അവന്‍ ദൈവത്തെത്തന്നെയാണ് അറിയുന്നത് എന്ന നിഗമനത്തിലെത്തി. ദൈവശാസ്ത്രത്തിന്‍റെ മനസാസ്ത്രപരവും മനുഷ്യശാസ്ത്രപരവുമായ വശങ്ങളിലേക്ക് ഒരു പരിധിവരെ ഇറങ്ങിച്ചെല്ലാന്‍ ഈ സമീപനം സഹായിക്കുകയും ചെയ്തു.

പിതാക്കന്മാരുടെ കാലഘട്ടത്തിലുണ്ടയാിരുന്ന ദൈവശാസ്ത്രത്തിന്‍റെ ആഴങ്ങള്‍ പലതും ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞു. ഏതാനും ചില ഉദാഹരണങ്ങളില്‍നിന്ന് അത് വ്യക്തമാക്കാം. ആദിമകാലത്തൊക്കെ വിശ്വാസികള്‍ക്കിടയില്‍ ഒരു ദൈവചിന്ത തന്നെ പരക്കെ ഉണ്ടായിരുന്നു. നീസ്സായിലെ ഗ്രിഗറി പറയുന്നു; ഭക്ഷണസാധനം വാങ്ങിക്കുന്നതിനോ, നാണയം മാറുന്നതിനോ, ഒക്കെ ചന്തയില്‍ പോകുമ്പോള്‍ അവിടെയുള്ള സാധാരണക്കാരായ ആളുകളുമായി വലിയ ഗഹനങ്ങളായ ദൈവശാസ്ത്ര വിഷയങ്ങളെപ്പറ്റി സംഭാഷണത്തില്‍ ഏര്‍പ്പെടാതെ തിരിച്ചുപോരാന്‍ സാധിക്കുകയില്ല എന്ന്. അതിനുശേഷം ഏകദേശം ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ ഈ വിശ്വാസത്തില്‍ പിന്നിട്ട തലമുറ - പ്രത്യേകിച്ച് ചന്തപോലെയുള്ള സ്ഥലങ്ങളില്‍ - ദൈവത്തെക്കുറിച്ച് അറിയണം എന്ന തീവ്രമായ ആഗ്രഹത്തോടെ മേല്പറഞ്ഞരീതിയിലുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടാറുണ്ടോ? ദൈവത്തെക്കുറിച്ച് സംഭാഷിക്കുന്ന ശൈലിതന്നെ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദൈവവിചാരമുള്ള ക്രൈസ്തവരുടെ എണ്ണം തന്നെ അനുദിനം കുറഞ്ഞുവരുകയല്ലേ?

കാള്‍ റാനര്‍ ഒരിക്കല്‍ പറയുകയുണ്ടായി, ക്രൈസ്തവലോകത്തെ ദൈവശാസ്ത്രഗ്രന്ഥങ്ങളെല്ലാം നശിപ്പിച്ചാലും ത്രിത്വവിജ്ഞാനീയത്തിന് കാര്യമായ കോട്ടമൊന്നും സംഭവിക്കുകയില്ല എന്ന്. ഇതിന്‍റെ കാരണം ത്രിത്വത്തെക്കുറിച്ച് ഇതുവരെയും കാര്യമായ പഠനങ്ങളൊന്നും വന്നില്ല എന്നതുതന്നെയാണ്. ധാരാളം ആളുകള്‍ ദൈവശാസ്ത്രത്തെക്കുറിച്ച് എഴുതാറുണ്ടെങ്കിലും ദൈവശാസ്ത്രത്തിലെ യഥാര്‍ത്ഥ വിഷയമായ ത്രിത്വത്തെക്കുറിച്ച് ഒന്നും തന്നെ എഴുതാറില്ല. മാര്‍ട്ടിന്‍ ഹൈഡഗര്‍ അദ്ദേഹത്തിന്‍റെ സത്തയും സമയവും എന്ന തത്വശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. തത്വശാസ്ത്രജ്ഞന്മാരെല്ലാം ധാരാളം എഴുതാറുണ്ട്. പക്ഷേ സത്തയെക്കിറിച്ച് ആരും തന്നെ ഒന്നും എഴുതാറില്ല എന്ന്, അദ്ദേഹം വീണ്ടും പറയുന്നു. ചിന്തോദ്ദീപകമായ ഈ നൂറ്റാണ്ടിലെ ഏറ്റം ചിന്തനീയമായ വിഷയം മനുഷ്യന്‍ ചിന്തിക്കുന്നില്ല എന്നതുതന്നെയാണെന്ന്. ഏതാണ്ടിതുപോലെ തന്നെയാണ് ദൈവശാസ്ത്രവിഷയങ്ങളില്‍ ത്രിത്വത്തെക്കുറിച്ച് പറയുവാനുള്ളത്. കാള്‍റാനര്‍ ഇതിനെ 'ത്രിത്വത്തെക്കുറിച്ചുള്ള ഭയ' എന്നു വിശേഷിപ്പിക്കുന്നു. 'മൂന്നു ദൈവങ്ങള്‍  എന്ന അപകടം ഇതിന്‍റെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന ഭയം കൊണ്ടാണ് ത്രിത്വവിജ്ഞാനീയത്തിലേക്ക് ആരും ആഴത്തില്‍ ഇറങ്ങാത്തത് എന്ന്.

വൈയ്ന്‍റൈറ്റ് എന്ന ദൈവശാസ്ത്രജ്ഞന്‍ പറയുന്നു; 'ത്രിത്വസംഹിത ദൈവശാസ്ത്രജ്ഞരുടെ പ്രധാന ചിന്താവിഷയമായിട്ട് ഒരിക്കലും വന്നില്ല.  ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിന്തകളും ആവിഷ്കാരങ്ങളും, തര്‍ക്കങ്ങളുമെല്ലാം മിശിഹായെ ചുറ്റിപ്പറ്റിയായിരുന്നു. ക്രൈസ്തവികത രണ്ടു ദൈവിക ആളുകളുള്ള - അതായത് പിതാവും പുത്രനും -ഒരു മതമാണെന്നേ ക്രൈസ്തവ ദൈവശാസ്ത്ര സാഹിത്യം നോക്കിയാല്‍ മനസ്സിലാവുകയുള്ളൂ. റൂഹായെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. റൂഹായെ കൂടാതെയുള്ള ഒരു ദൈവശാസ്ത്രം രൂപീകരിച്ചിട്ട് റൂഹാ ഒരു മേന്‍പൊടിപോലെ ചേര്‍ത്തിരിക്കുകയാണ്. ഇതിനെക്കുറിച്ച് (അരൂപിയെക്കുറിച്ച്) വിശ്വാസികള്‍ക്കാര്‍ക്കും അനുകൂലമായോ പ്രതികൂലമോ ആയ നിലപാടുകള്‍ ഒന്നും തന്നെയില്ല. ശരിയായ ഒരു ത്രിത്വസംഹിത രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നു തന്നെയാണ് ഈ ദൈവശാസ്ത്രജ്ഞന്‍റെയും അഭിമതം. അങ്ങനെ പിതാക്കന്മാരുടെ കാലഘട്ടത്തിലുണ്ടായിരുന്ന സമഗ്രമായ ഒരു ദൈവദര്‍ശനം മദ്ധ്യകാലഘട്ടങ്ങളില്‍ നഷ്ടപ്പെടുകയാണുണ്ടായത്.

പൊതുവേ പറഞ്ഞാല്‍ പൗരസ്ത്യ ത്രിത്വശാസ്ത്രം ദൈവിക വ്യക്തികള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ലത്തീന്‍ ദൈവശാസ്ത്രം ദൈവത്തിന്‍റെ സ്വഭാവത്തിനും, പൗരസ്ത്യര്‍ വ്യത്യസ്തരായ മൂന്ന് വ്യക്തികളുടെ അനുഭവത്തില്‍നിന്ന് ദൈവം ഒരുവനാണെന്ന നിഗമനത്തില്‍ എത്തുന്നു. ലത്തീന്‍ രീതി ഏകദൈവത്തില്‍ മൂന്ന് വ്യക്തികള്‍ എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. രണ്ടും ഒരേകാര്യം തന്നെയാണ്. വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്നു എന്നുമാത്രം. ഒരേ വഴിയിലൂടെ രണ്ടു ദിശകളിലേക്കു യാത്ര ചെയ്യുന്നവരെപ്പോലെയാണിത്.

നിഖ്യാ വിശ്വാസപ്രമാണത്തിനുശേഷം ത്രിത്വശാസ്ത്രത്തില്‍ ഒരു മാറ്റം വന്നു. ദൈവം എന്തുചെയ്തു എന്നതിനെക്കാള്‍ ദൈവം എന്താണ് എന്നു ചിന്തിക്കുന്നതായിത്തീര്‍ന്നു ദൈവശാസ്ത്രം. തന്മൂലം രക്ഷാപദ്ധതിയില്‍നിന്നു ദൈവശാസ്ത്രം ക്രമേണ വേരറ്റുപോയി. അതായത് പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തും ത്രിത്വത്തിലെ ദൈവിക വ്യക്തികളെക്കുറിച്ചുള്ള ഊന്നല്‍ കുറഞ്ഞുപോയി. ആഗസ്തിനോസ്, ആന്‍സലം, തോമസ് അക്വീനാസ് എന്നിവരെല്ലാം ത്രിത്വശാസ്ത്രത്തില്‍ ദൈവത്തിന്‍റെ ആന്തരിക ബന്ധങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. അപ്രകാരം വളരെയധികം ശാസ്ത്രീയ- ബൗദ്ധിക സ്വഭാവമുള്ള ദൈവശാസ്ത്രചിന്തകള്‍ ഉടലെടുത്തു. അതിന്‍റെ ഫലമായി ദൈവശാസ്ത്രം സാധാരണക്കാരന് സമീപിക്കാന്‍ പറ്റാത്ത വിഷയമായിത്തീരുകയും ചെയ്തു.

തോമസ്സ് അക്വീനാസ്സിനെ അടിസ്ഥാനമാക്കിക്കൊണ്ട് പാശ്ചാത്യ ലോകത്ത് വ്യത്യസ്തങ്ങളായ രണ്ടു ത്രിത്വസംഹിതകള്‍ തന്നെ രൂപം കൊണ്ടു. ഏകദൈവത്തെക്കുറിച്ചും (de  Deo uno), ത്രിത്വത്തെക്കുറിച്ചും (de Deo Trino). ഇതിന്‍റെ ഫലമായി ത്രിത്വവിജഞാനീയം, ദൈവത്തെക്കുറിച്ചുള്ള സംഹിതകള്‍ എല്ലാം എഴുതിയതിനുശേഷം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട എന്തോ ഒന്നുപോലെയായി. ക്രിസ്തു വിജ്ഞാനീയവും റൂഹാവിജ്ഞാനീയവും രക്ഷാകരദൈവശാസ്ത്രവും സഭാശാസ്ത്രവും ഒന്നും തമ്മില്‍ ശരിയായ ബന്ധമില്ലാത്ത ഒരു അവസ്ഥാവിശേഷവും ഉടലെടുത്തു. ഇവിടെ സംഭവിച്ച പരാജയം പാശ്ചാത്യ ദൈവശാസ്ത്ര വിചിന്തനരീതികള്‍ക്ക് വേണ്ടപോലെ ത്രിത്വാത്മകമാകാന്‍ സാധിച്ചില്ല എന്നതാണ്. കാരണം ദൈവിക വ്യക്തികള്‍ക്കും, രക്ഷാകരപദ്ധതിക്കും അര്‍ഹിക്കുന്ന പ്രാധാന്യം ത്രിത്വസംഹിതയില്‍ കൊടുത്തില്ല എന്നതു തന്നെ. ത്രിത്വശാസ്ത്രം അപ്രായോഗികവും, സാങ്കേതികസ്വഭാവമുള്ളതും ആരാധനയോടും ക്രൈസ്തവജീവിതത്തോടും ബന്ധമില്ലാത്തതും സാധാരണക്കാരന് ഒട്ടുംതന്നെ മനസ്സിലാകാത്തതുമായ ഒരു സങ്കീര്‍ണ്ണതാഭാവം കൈവരിച്ചു. തത്ഫലമായി ഇക്കോണമിയില്‍ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളല്ല തിയോളജിയില്‍ സംഹിതകളായി വരുന്നത്. ദൈവം അതില്‍തന്നെയും, നമുക്കുവേണ്ടിയുള്ള ദൈവവും (immanent trinity, Economic Trinity) തമ്മില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നത് ആരോഗ്യകരമല്ല. ദൈവം അതില്‍തന്നെ എന്തായിരിക്കുന്നുവോ അതുതന്നെയാണ് ചരിത്രത്തില്‍ നമുക്കുവേണ്ടി വെളിപ്പെടുത്തപ്പെട്ട ദൈവവും, ദൈവം വ്യക്തിയാണ്, ബന്ധമാണ്; എന്തോ ഒരു സാധനം മാത്രമല്ല.

ദൈവം കൂട്ടായ്മയാണ്. കൂട്ടായ്മ ആധികാരികമായ രീതിയില്‍ ഉള്ളിടത്ത് അനീതിയില്ല, അകല്‍ച്ചയില്ല, അടിച്ചമര്‍ത്തലില്ല, ചെറുതും വലുതുമില്ല. എപ്പോഴും ബന്ധങ്ങളും സഹകരണവും മാത്രമേയുള്ളൂ.

ഇന്ന് ത്രിത്വസംഹിതകളില്‍ വീണ്ടും ~ഒരു കോപ്പര്‍നിക്കന്‍ വിപ്ലവം നടന്നിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ സനൂഹദോസ്സോടുകൂടി ദൈവശാസ്ത്ര സമീപനരീതികളില്‍ സാരമായ വ്യത്യാസങ്ങള്‍ വന്നുതുടങ്ങി. ത്രിത്വം എന്നുപറഞ്ഞാല്‍ പുത്രനും അരൂപിയും വഴി ദൈവത്താല്‍ രക്ഷിക്കപ്പെടുന്ന അവസ്ഥയാണെന്ന കേന്ദ്രാശയത്തിലേക്ക് സഭ എത്തി. മനുഷ്യന്‍റെ ചരിത്രത്തില്‍ സന്നിഹിതനായിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവമാണിതെന്ന ബോധ്യത്തിലെത്തി. അതിന്‍റെ ഫലമായി ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായി ത്രിത്വവിജ്ഞാനീയത്തിന്‍റെ കാതല്‍. മിശിഹായിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവികരഹസ്യം എന്നുപറയുന്നത് സ്നേഹത്തിന്‍റെ രഹസ്യമാണ്. ആ ദൈവികരഹസ്യത്തില്‍ നമ്മള്‍ ഭാഗഭാക്കുകളാവുകയാണ്. മനുഷ്യനോടും അവന്‍റെ ചരിത്രത്തോടും അടിസ്ഥാനപരമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യമാണ് ത്രിയേകദൈവം. സ്നേഹത്തിലൂടെ ദൈവത്തിന്‍റെ മുഖം മനുഷ്യന്‍റെ നേര്‍ക്കു തിരിഞ്ഞിരിക്കുന്നു.

ത്രിത്വാത്മകതയും ആധ്യാത്മികതയും

ആധികാരികമായ ക്രൈസ്തവ ആധ്യാത്മികത ത്രിത്വാധിഷ്ഠിതവും ത്രിത്വോന്മുഖവുമാണ്. ത്രിത്വവിജ്ഞാനീയത്തില്‍ വിശ്വാസത്തിന്‍റെ ഒട്ടുമിക്ക ഘടകങ്ങളും ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വി. കുര്‍ബാനയാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ ഉറവിടവും അത്യുച്ചിയുമെന്ന് വത്തിക്കാന്‍ സൂനഹദോസ് (ലിറ്റര്‍ജി -10) പറയുന്നതുപോലെ ത്രിത്വം എന്ന യാഥാര്‍ത്ഥ്യമാണ് ക്രൈസ്തവ ആധ്യാത്മികതയുടെ ഹൃദയവും ആത്മാവും.

ആധ്യാത്മികതയെ ത്രിത്വാധിഷ്ഠിതമായ രീതിയില്‍ കാണുക എന്നു പറഞ്ഞാല്‍ മിശിഹായിലും റൂഹായിലുമുള്ള ക്രൈസ്തവജീവിതമാണ് അര്‍ത്ഥമാക്കുന്നത്. മിശിഹായോട് അനുനിമിഷം അനുരൂപപ്പെട്ടുകൊണ്ട് ദൈവത്തോടും സഹവ്യക്തികളോടുമുള്ള കൂട്ടായ്മയില്‍ വളരുക എന്നാണിത്. മിശിഹായിലൂടെ രക്ഷിക്കപ്പെടുകയും ആത്മാവിലൂടെ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ആദ്ധ്യാത്മികത എന്ന നിലയില്‍ അത് തീര്‍ച്ചയായും ത്രിത്വാധിഷ്ഠിതമാണ്. അക്കാരണത്താല്‍ അതു പുതിയനിയമത്തിലധിഷ്ഠിതവുമാണ്. പുതിയ നിയമാധ്യാത്മികത എന്നു പറയുന്നതിതുതന്നെ. ക്രൈസ്തവികതയുടെ രത്നച്ചുരുക്കം എന്നിതിനെ വിളിക്കാം. മിശിഹായിലൂടെ നമ്മെ രക്ഷിച്ച് അരൂപിയിലൂടെ നമ്മെ മുന്നോട്ടുകൊണ്ടുപോയി ദൈവത്തിന്‍റെ സ്നേഹകൂട്ടായ്മയില്‍ നമ്മെ ഒന്നിപ്പിക്കുന്ന പ്രക്രിയയാണിത്. പൗരസ്ത്യസഭകള്‍ ക്രിസ്തീയതയെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും എന്നു കരുതിയിരുന്നത് ഇപ്രകാരമാണ്. ആധ്യാത്മികത എന്നു പറയുന്നത് ക്രൈസ്തവികതയുടെ കേവലം ഒരു വശം മാത്രമല്ല. അരൂപിയുടെ ശബ്ദത്തോടുള്ള നമ്മുടെ പ്രത്യുത്തരമാണ്. പരിശുദ്ധ റൂഹായുടെ സാന്നിദ്ധ്യത്തോടും പ്രവര്‍ത്തനത്തോടുമുള്ള വ്യത്യസ്തമായ പ്രത്യുത്തരങ്ങള്‍ വ്യത്യസ്ത രീതികളിലുള്ള ആധ്യാത്മികതയ്ക്ക് രൂപം കൊടുക്കുന്നു. ആധ്യാത്മികതയുടെ വിവിധ രൂപങ്ങളായ പ്രാര്‍ത്ഥന, ധ്യാനം, താപസജീവിതശൈലി, സന്ന്യാസാശ്രമജീവിതം (മൊണാസ്റ്റിസിസ്സം) തുടങ്ങിയവയെല്ലാം ദൈവാരൂപിയോടുള്ള പ്രത്യുത്തരങ്ങളാണ്. ദൈവത്തിലേക്ക് ഒരു വ്യക്തിയെ ഗാഢമായി ചേര്‍ക്കുന്ന ഘടകങ്ങളാണ്.

ആധ്യാത്മികതയും ത്രിത്വാത്മകതയും തമ്മിലുള്ള ബന്ധം എന്നും വ്യക്തമായിരുന്നില്ല. വേണ്ട രീതിയില്‍ അതൊരു ദൈവശാസ്ത്രപഠന വിഷയവുമാക്കിയിരുന്നില്ല. പാശ്ചാത്യലോകത്ത് ത്രിത്വവിജ്ഞാനീയത്തോടും ത്രിത്വാധിഷ്ഠിത ആധ്യാത്മികതയോടുമുള്ള മടുപ്പ് അഞ്ചാംനൂറ്റാണ്ടു മുതല്‍ പ്രകടമായിരുന്നു. ദൈവശാസ്ത്രത്തിന്‍റെ അടിത്തറയായിട്ടും മറ്റു വിഷയങ്ങളെയെല്ലാം സംയോജിപ്പിക്കുന്ന വേദിയായിട്ടും ത്രിത്വത്തെ കാണാന്‍ സാധിക്കാത്തതുമൂലം അതൊരു ആധ്യാത്മിക പാപ്പരത്വത്തിലേക്കും നയിച്ചു. അതായത് അടിസ്ഥാനമില്ലാതെയും അടിസ്ഥാനമറിയാതെയുമുള്ള ഒരുതരം ആധ്യാത്മികതയിലേക്ക്. എന്നാല്‍ ആധുനിക കാലത്ത് ഇതിന് ഏറെ മാറ്റം സംഭവിച്ചു.

ഈ ലേഖനത്തില്‍ ത്രിത്വവിശ്വാസത്തിന്‍റെ വി.ഗ്രന്ഥാധിഷ്ഠിത സ്വഭാവമോ, അല്ലെങ്കില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ ത്രിത്വവിശ്വാസം എങ്ങനെ വളര്‍ന്നു എന്നോ അല്ല നാം ചിന്തിക്കുന്നത്. പ്രത്യുത, ആധ്യാത്മികത തികച്ചും ദൈവോന്മുഖമായിരിക്കണമെന്നും, ദൈവചിന്ത ത്രിത്വാത്മകമായിരിക്കണമെന്നുമാണ്. ത്രിത്വവിശ്വാസവും ആധ്യാത്മികതയും തമ്മില്‍ ആഴമാര്‍ന്ന ബന്ധമുണ്ട്. ആധുനിക കാലത്ത് ത്രിത്വവിജ്ഞാനീയ മേഖലയില്‍ വന്ന ശരിയായ കാഴ്ചപ്പാടുകള്‍ ആധ്യാത്മികതയുടെ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ത്രിത്വാത്മകദര്‍ശനം വലിയ ഒരു ഉള്‍ക്കാഴ്ചയും ദര്‍ശനവുമാണ്. ദൈവത്തെക്കുറിച്ച് വ്യക്തിപരമല്ലാത്തതും കൂട്ടായ്മയ്ക്കു നിരക്കാത്തതുമായ എല്ലാ ചിന്തകളും അപര്യാപ്തമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഏകവ്യക്തി കേന്ദ്രിതം മാത്രമായ (പിതാവു മാത്രമാണ് ദൈവം, പുത്രന്‍ മാത്രമാണ് ദൈവം, റൂഹാ മാത്രമാണ് ദൈവം) ചിന്താശൈലിയുടെയും പോരായ്മകള്‍ ഇത് വ്യക്തമാക്കുന്നു. നേരേമറിച്ച് ദൈവം ത്രിത്വമാണ് എന്നു പറയുമ്പോള്‍ അവിടെ ഏകദൈവത്തിനു പകരം മൂന്നുദൈവങ്ങളെ പ്രതിഷ്ഠിക്കുകയുമല്ല. ശരിയായ ത്രിത്വവിജ്ഞാനീയത്തിലൂടെ ദൈവം അനാദി മുതല്‍ മൂന്ന് വ്യക്തികളുടെ (ബന്ധങ്ങളുടെ) കൂട്ടായ്മയാണെന്നാണ് നാമിവിടെ വ്യക്തമാക്കുന്നത്. ദൈവത്തിനു മാത്രമേ രക്ഷ പ്രദാനം ചെയ്യാന്‍ കഴിയൂ. ദൈവം തന്‍റെ പുത്രനിലൂടെയും റൂഹായിലൂടെയും നമ്മെ രക്ഷിക്കുന്നു. തന്മൂലം ദൈവത്തെക്കുറിച്ചു പറയാന്‍ കൂട്ടായ്മയുടെ ഭാഷയാണ് ഏറ്റം ശ്ലാഘനീയമായിട്ടുള്ളത്. ദൈവം കൂട്ടായ്മയാണ്. ഈ കൂട്ടായ്മയുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ത്രിത്വാധിഷ്ഠിതമായ അധ്യാത്മികത വ്യക്തിപരമെന്നതിനെക്കാള്‍ സമൂഹപരമാണെന്നു പറയാന്‍ കഴിയും.  വ്യക്തിബന്ധങ്ങളിലധിഷ്ഠിതമായ ഒരു ആധ്യാത്മികതയാണ് ഇത് ഉന്നം വയ്ക്കുന്നത്. മറ്റുള്ളവരോടുള്ള ബന്ധത്തില്‍നിന്ന് നാം പലതും സ്വീകരിക്കേണ്ടതായിട്ടുണ്ട്. കേവലം ഒരു വ്യക്തിമാത്രം നടത്തുന്ന ഒരു ആന്തരിക യാത്രയല്ല ത്രിത്വാധിഷ്ഠിത ആധ്യാത്മികത. മനുഷ്യനെയോ ദൈവത്തെയോ ഒരു വ്യക്തിമാത്രമായി കാണരുത്. ദൈവത്തെ അറിയുവാനുള്ള ഒരു പ്രത്യേക വേദിയാണ് മനുഷ്യര്‍ എന്ന് ആഗസ്തീനോസ് പറഞ്ഞതു ശരിതന്നെ. ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവന്‍ എന്ന നിലയില്‍ അപ്രകാരം തന്നെയാണുതാനും. എന്നാല്‍ ഉല്പത്തിപ്പുസ്തകം പറയുന്നത് ദൈവ ഛായ സ്ത്രീ-പുരുഷ ബന്ധത്തില്‍ നിന്നുമാണു പൂര്‍ണ്ണമായും മനസ്സിലാക്കേണ്ടത് എന്നാണ്. അത് "അഹ" (Self) ത്തില്‍നിന്നുള്ള ഒരു മോചനം കൂടിയാണല്ലോ. വ്യക്തി എന്നുപറഞ്ഞാല്‍തന്നെ അവന്‍റെ അസ്തിത്വത്തിന് തന്നെ 'മറ്റുള്ളവര്" (Others) ആവശ്യമാണ്. പേഴ്സണ്‍ (Person) എന്നുപറഞ്ഞാല്‍തന്നെ ബന്ധം എന്നാണര്‍ത്ഥം. ബന്ധങ്ങള്‍ ഇല്ലാത്തവന്‍ ശരിയായ വ്യക്തി ആകുന്നില്ല.

ദൈവത്തെ കേവലം ഒരു 'സത്ത' മാത്രമായിട്ടല്ല നമ്മള്‍ മനസ്സിലാക്കേണ്ടത്. ദൈവത്തെ ബന്ധങ്ങളായും കൂട്ടായ്മയായും വ്യക്തികളായും കാണണം. തന്മൂലം വ്യക്തി എന്നത് ദൈവശാസ്ത്രത്തിലെ ഒരു മൗലിക പദമാണ്. ദൈവത്തെ സത്തയായും, സ്വഭാവമായും (essence, nature) ഒക്കെ കണ്ടിരുന്ന രീതിയില്‍നിന്ന് മാറി ആധുനിക ദൈവശാസ്ത്രം ദൈവം വ്യക്തികളുടെ കൂട്ടായ്മ എന്ന കാഴ്ചപ്പാടിനാണ് ഊന്നല്‍ നല്കുന്നത്. ജീവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടിന്‍റെ ഭാഗം കൂടിയാണിത്. ഈ സമീപനത്തിന് ക്രൈസ്തവ ആധ്യാത്മികതയില്‍ സര്‍വ്വപ്രധാനമായ സ്ഥാനമുണ്ട്. യാഥാര്‍ത്ഥ്യം ഉരുത്തിരിയുന്നത് വ്യക്തിത്വത്തില്‍ നിന്നായതുകൊണ്ട്, അസ്തിത്വം തന്നെ വ്യക്തിപരമാണ്. രണ്ടാമത്തെ ആശയം ദൈവം മൗലികമായും വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയില്‍ മറ്റുള്ളതിനോട് സ്ഥായിയായ ബന്ധമുണ്ട്. ദൈവം ഒറ്റപ്പെട്ട് മാറിനില്ക്കുന്നവനല്ല. ആരോടും ബന്ധമില്ലാതെ 'മുകളിലിരിക്കുന്ന' ദൈവമല്ല ത്രിയേകദൈവം. ദൈവത്തിന്‍റെ ഈ കൂട്ടായ്മയുടെ ഛായയാണ് ഓരോ മനുഷ്യവ്യക്തിയും. തന്മൂലം മനുഷ്യന്‍ അടിസ്ഥാനപരമായും കൂട്ടായ്മയാണ്. ഒരു മനുഷ്യന്‍ ഒരിക്കലും തനിച്ചല്ല. തനിച്ചാകാന്‍ പാടില്ലതാനും. മറ്റുള്ളവര്‍ക്കുവേണ്ടി യും മറ്റുള്ളവരാലും മറ്റുള്ളവര്‍ വഴിയും ആണ് ഒരുവന്‍ അവനായിത്തീരുന്നത്. ക്രൈസ്തവജീവിതം എന്നുപറയുന്നത് ഒരു വ്യക്തിയുടെ മാത്രം രക്ഷയുടെ ചരിത്രമല്ല (Solitary Salvation). അത് ഒരുവന്‍റെ തന്‍റെ മാത്രം ഉള്ളിലേക്കുള്ള നോട്ടമല്ല. മനുഷ്യന്‍ തമ്മിലും ദൈവവും മനുഷ്യനും തമ്മിലുമുള്ള കൂട്ടായ്മയാണത്. സ്വയം ദാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് ഒരുവന്‍ തന്‍റെ വ്യക്തിത്വം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത്. മറ്റുള്ളവരിലൂടെയാണ് ഞാന്‍ ശരിക്കും ഞാനായിത്തീരേണ്ടത്. അല്ലാതെ നിസ്സഹകരണത്തിലും തന്‍റെ തന്നെ വലുപ്പത്തെക്കുറിച്ചുമുള്ള അതിരുകടന്ന ആത്മാഭിമാനത്തിലുമല്ല. ദൈവോന്മുഖമായ ജീവിതത്തിലാണ് ഒരു മനുഷ്യന്‍ തന്‍റെ യഥാര്‍ത്ഥവ്യക്തിത്വം മനസ്സിലാക്കേണ്ടത്. അതായത് ക്രൈസ്തവ ആധ്യാത്മികതയില്‍ സ്വാര്‍ത്ഥതയ്ക്ക് ഒട്ടും തന്നെ സ്ഥാനമില്ല.

മനുഷ്യചരിത്രത്തില്‍ നിന്നും, ജീവിതത്തില്‍നിന്നും മാറിനിന്നുകൊണ്ടുള്ള ഒരു ആധ്യാത്മികത എന്നുപറയുന്നത് മനുഷ്യചരിത്രത്തില്‍ നിന്നു മാറിനില്ക്കുന്ന ഒരു ദൈവചിന്തയുടെ ഫലവും കൂടിയാണ്. വിശുദ്ധി എന്നത് നമ്മില്‍നിന്ന് നാം പുറത്തിറങ്ങി പരോന്മുഖരായി ജീവിക്കുന്നതിലാണ്. ദൈവം എന്നു പറഞ്ഞാല്‍ സ്വയം ദാനവും സ്വയംപങ്കുവെയ്ക്കലുമാണെന്നാണര്‍ത്ഥം. ഏകാകിയായ ഒരു മനുഷ്യന്‍റെ വിശുദ്ധിയുടെ വിവിധ തലങ്ങളല്ല ത്രിത്വോന്മുഖമായ ഒരു സമീപനത്തില്‍ നാം പ്രധാനമായും ചിന്തിക്കുന്നത്. വി.ആഗസ്തീനോസിന്‍റെയും മറ്റു പാശ്ചാത്യപിതാക്കന്മാരുടെയും ഒക്കെ സമീപനം വ്യക്തിപരമായ വിശുദ്ധിയെ കേന്ദ്രീകരിച്ചായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യസമയത്ത് കൃത്യമായി ചെയ്യുന്ന ഒരു ആധ്യാത്മികതയ്ക്ക് മുന്‍തൂക്കം നല്കിയിരുന്നു. ഇത് നാം മുന്‍പു പറഞ്ഞതുപോലെ രക്ഷാകരപദ്ധതിക്ക് മുന്‍ഗണന കൊടുക്കാതെ ദൈവത്തെ അതില്‍ത്തന്നെ നോക്കിക്കാണുന്ന ഒരു സമീപനത്തില്‍ നിന്നു ഉരുത്തിരിഞ്ഞതാണ്. അതിന്‍റെ ഫലമായി ക്രൈസ്തവ ആധ്യാത്മികതയെ, വ്യക്തി അതില്‍തന്നെ എന്താണ്, അവന്‍റെ ജീവിത വിശുദ്ധീകരണം എപ്രകാരം സാധ്യാമാകും എന്ന നിലയില്‍ കണ്ടിരുന്നു. ലോകത്തില്‍നിന്നും, മനുഷ്യബന്ധങ്ങളില്‍ നിന്നും, വ്യക്തിപരമായ സ്നേഹബന്ധങ്ങളില്‍ നിന്നുമെല്ലാം മാറിനില്‍ക്കുന്നത് ആധ്യത്മികതയുടെ പ്രകടനമായിട്ട് കണ്ടുപോന്നു.ലോകവും മാനവസംസ്കാരവുമൊക്കെ നമ്മള്‍ മാറ്റി നിറുത്തേണ്ടതാണെന്ന ഒരു മനോഭാവം അതു ജനിപ്പിച്ചു. എന്നാല്‍ ദൈവം വ്യക്തികളുടെ കൂട്ടായ്മയാണെന്നും രക്ഷാകരപദ്ധതിയില്‍ വെളിപ്പെടുത്തപ്പെട്ട രഹസ്യം 'ദൈവം നമ്മോടുകൂടെ' എന്ന യാഥാര്‍ത്ഥ്യമാണെന്നും നാം മനസ്സിലാക്കുമ്പോള്‍ ക്രൈസ്തവ ആധ്യാത്മികതയ്ക്ക് ഒരു പുതിയ മാനം കൈവരും. ദൈവത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ബന്ധത്തിലാണ് ആധ്യാത്മികത ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

ത്രിത്വത്തെക്കുറിച്ചുള്ള ചരിത്രപരവും ദൈവശാസ്ത്രപരവുമായ വിചിന്തനങ്ങളില്‍ ക്രൈസ്തവപ്രാര്‍ത്ഥനയ്ക്ക് നിര്‍ണ്ണായകമായ ഒരു പങ്കുണ്ട്. ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് സമൂഹപരമായ ഒരു മാനമുണ്ട്. അതേസമയം പ്രാര്‍ത്ഥന വ്യക്തിപരവും സ്വകാര്യവുമായ ഒന്നാണ്. പ്രാര്‍ത്ഥന ഒരു 'കമ്മ്യൂണിക്കേഷ'നാണ്. അതൊരു സംഭാഷണമത്രേ. ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന എന്നത് ഒരു ആധ്യാത്മിക യാത്രയാണ്. ദൈവത്തിന്‍റെ പദ്ധതി ഒരുവനില്‍ വെളിപ്പെടുത്തപ്പെടുന്ന അവസരമാണത്. പ്രാര്‍ത്ഥനയിലൂടെ ഒരു വ്യക്തി ക്രൈസ്തവനായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം കണ്ടെത്തുകയാണ്. ദൈവാനുഗ്രഹം ചോദിക്കുവാനുള്ള അവസരമാണത്. പരാജയങ്ങളും പോരായ്മകളും കണ്ടെത്തുവാനുള്ള അവസരം. പ്രാര്‍ത്ഥന ഈ വ്യക്തിപരമായ സ്വഭാവം വെളിപ്പെടുത്തുന്നതുപോലെ ത്രിത്വാധിഷ്ഠിതവും, സമൂഹപരവും പൊതുവിലുള്ളതുമായ സ്വഭാവ വിശേഷങ്ങളും വ്യക്തമാക്കുന്നു. ദൈവാരൂപിയിലുള്ള ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുന്നു. ക്രൈസ്തവ ജീവിതം എന്നു പറഞ്ഞാല്‍ തന്നെ ഒരു നിരന്തരസ്തോത്രമാണ്, മാമ്മോദീസായില്‍ സ്വന്തമാക്കിയ ക്രൈസ്തവജീവിതത്തിന് ഉചിതമായ രീതിയിലുള്ള നന്ദി പറച്ചിലാണത്. രക്ഷാകര പദ്ധതിയിലുള്ള പങ്കുചേരലാണത്.

ദൈവശാസ്ത്രം സ്തുതിയുടെ ഭാഷയാണ്. ആരാധനയും അപ്രകാരം തന്നെ. പ്രാര്‍ത്ഥന അര്‍ത്ഥമാക്കുന്നത് ദൈവോന്മുഖമായി യാത്ര ചെയ്യുന്ന മനുഷ്യഹൃദയത്തിന്‍റെ വളര്‍ച്ചയത്രേ. മനുഷ്യഹൃദയം കേവലം വ്യക്തിപരവും മറ്റാര്‍ക്കും പ്രവേശിക്കാന്‍ പാടില്ലാത്തതുമായ വികാരങ്ങളുടെ കൂമ്പാരമല്ല. ഒരു വ്യക്തിയുടെ ഏറ്റം ആഴമുള്ളതും ഏറ്റം പ്രധാനപ്പെട്ടതുമായ കേന്ദ്രസ്ഥാനമാണ് ഹൃദയം. പൗരസ്ത്യപാരമ്പര്യത്തിലും ക്രൈസ്തവപാരമ്പര്യത്തിലും ഹൃദയത്തിന്‍റെ അര്‍ത്ഥം ഇതുതന്നെ. വ്യക്തി തന്നെയാണ് ഹൃദയം എന്നു പറയാം. മനുഷ്യഹൃദയത്തിന്‍റെ തുറവിയെയാണ് ഇത് ഉദ്ദേശിക്കുന്നത്. പരസ്പരം തൊടുകയും തുറക്കപ്പെടുകയും ചെയ്യുന്നത് ഹൃദയമാണ്. മറ്റുള്ളവരിലേക്കുള്ള  മനുഷ്യത്വമാണ് ഹൃദയം എന്നു പറയാറുണ്ട്. ഹൃദയമുള്ളവന്‍ എന്നു പറഞ്ഞാല്‍ നല്ല ബന്ധങ്ങള്‍ ഉള്ളവന്‍ എന്നാണല്ലോ സാധാരണ ഭാഷയിലും അര്‍ത്ഥം. പ്രാര്‍ത്ഥന എന്നത് മനുഷ്യഹൃദയത്തിന്‍റെ ചലനങ്ങളാണ്. മനുഷ്യന് മറ്റു മനുഷ്യരുടെ നേര്‍ക്കും ദൈവത്തിന്‍റെ നേര്‍ക്കും അടിസ്ഥാനപരമായ ഒരു 'തുറവി (openess) ഉണ്ട്. അതുകൊണ്ടുതന്നെയാണ് അവനില്‍ സ്ഥായിയായ ഒരു ഇല്ലായ്മ (absence) അനുഭൂതമാകുന്നത്. ഓരോ മനുഷ്യനും മറ്റുള്ളവരുമായുള്ള ബന്ധം വഴിയാണ് യഥാര്‍ത്ഥ മനുഷ്യ വ്യക്തിയായിത്തീരേണ്ടത്. മനുഷ്യവ്യക്തിത്വം എന്നത് നമുക്ക് നല്കപ്പെട്ടിരിക്കുന്നതും നമ്മള്‍ നേടി എടുക്കേണ്ടതുമായ ഒരു യാഥാര്‍ത്ഥ്യമാകുന്നു.

ത്രിത്വാത്മക വീക്ഷണത്തില്‍ പ്രാര്‍ത്ഥന എന്നത് സനാതനമായ സത്യത്തിന്‍റെ നേര്‍ക്കുള്ള ഒരു വെറും നോക്കിയിരിപ്പല്ല. ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന പദ്ധതി മനസ്സിലാക്കാന്‍ വേണ്ടി ഒരുവന്‍ ശാസ്ത്രീയവും ക്രമീകൃതവുമായ രീതിയില്‍ നടത്തുന്ന ധ്യാനവുമല്ല. നേരേമറിച്ച് പ്രാര്‍ത്ഥന എന്നത് ദൈവികജീവനില്‍ പങ്കുചേരാനുള്ള ഒരു മനുഷ്യന്‍റെ ശ്രദ്ധാപൂര്‍വ്വകമായ നീക്കമാണ്. ദൈവം മിശിഹായിലൂടെയും റൂഹായിലൂടെയും സന്നിഹിതനായിരിക്കുന്ന ആയിരക്കണക്കിന് അവസരങ്ങളെയോര്‍ത്ത് നന്ദി പറയുവാനുള്ള അവസരമാണത്. അസ്തിത്വമുള്ളതെല്ലാം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ രഹസ്യമാണ് വിളിച്ചു പറയുന്നത്.

യോഗാത്മക ദൈവാനുഭവം പ്രാര്‍ത്ഥനയുടെ പാശ്ചാത്തലത്തില്‍ ഉരുത്തിരിയുന്നു. പ്രാര്‍ത്ഥനയിലാണ് മനുഷ്യനെക്കുറിച്ചുള്ള രഹസ്യവും വെളിപ്പെടുന്നത്. മനുഷ്യന്‍ ഒരു ചെറിയ ദൈവിക ഐക്കണാണ്. ഒരു മനുഷ്യ വ്യക്തി ത്രിത്വത്തിലെ മൂന്ന് വ്യക്തികളുമായി സംയോജിക്കുന്നത് പ്രാര്‍ത്ഥനയിലാണത്രേ. രൂപാന്തീകരണത്തിന്‍റെയും ദൈവീകീകരണത്തിന്‍റെയും, മഹത്ത്വീകരണത്തിന്‍റെയും രഹസ്യങ്ങളുടെ ബാഹ്യമായ അടയാളമാണ് പ്രാര്‍ത്ഥന. ദൈവവും മനുഷ്യനും തമ്മിലുള്ള കൂട്ടായ്മയുടെ അടയാളവുമാണത്.

പരമ്പരാഗത ആധ്യാത്മിക ശാസ്ത്രത്തില്‍ ദൈവവിളി എന്നത് ചില പ്രത്യേക ജീവിതാന്തസ്സുകളെക്കുറിക്കാനാണ് ഉപയോഗിക്കുന്നത്. ഉദാ: പുരോഹിതനാവുക, സന്ന്യാസിയാവുക എന്നതൊക്കെ. ഇവിടെ വേണ്ടെന്നു വയ്ക്കുന്നത് വിവാഹജീവിതമാണ്. മേല്‍പറഞ്ഞവ രണ്ടുമാണ് യഥാര്‍ത്ഥത്തിലുള്ള ദൈവവിളിയായിട്ട് കരുതിപ്പോന്നിരുന്നത്. ഒരര്‍ത്ഥത്തില്‍ കുടുംബജീവിതത്തെക്കാള്‍ അല്പംകൂടി ഉയര്‍ന്ന നിലവാരമുള്ള ഒന്നായിട്ട് മേല്പറഞ്ഞ 'ദൈവവിളി'കളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ത്രിത്വാത്മക വീക്ഷണത്തില്‍ വസ്തുത മറ്റൊന്നാണ്. മാമ്മോദീസാ സ്വീകരണംവഴി ഒരോ വിശ്വാസിയും മിശിഹായുടെ മൗതിക ശരീരത്തിലെ അംഗമാകുന്നു. ഈ ശരീരത്തിലെ ഓരോ വ്യക്തിയും ഓരോ ജീവിതാന്തസ്സുവഴി മിശാഹായുടെ വിളിക്ക് പ്രത്യുത്തരമരുളുകയാണ്. ഇത് പൂര്‍ണ്ണമായും മനസ്സിലാകുന്നത് വിശുദ്ധിയിലേക്കുള്ള സാര്‍വ്വത്രിക വിളിയുടെ പാശ്ചാത്തലത്തിലത്രേ. ഇത് മാമ്മോദീസായിലാണ് ഉള്‍ചേര്‍ന്നിരിക്കുന്നത്. ഈ അടിസ്ഥാനതത്വം നില്ക്കവേ സഭയിലെ ഒരു ജീവിതാന്തസ്സും, അല്ലെങ്കില്‍ ശുശ്രൂഷയും വേറൊന്നിനു മുകളിലോ അല്ലെങ്കില്‍ താഴെയോ ആയിട്ടു കാണേണ്ടതില്ല. 

പൗരസ്ത്യ ആദ്ധ്യാത്മികത ത്രിത്വോന്മുഖം

ത്രിത്വമാണ് എല്ലാറ്റിന്‍റെയും മൂലകാരണവും (triadoarchy), ആരംഭവും അന്ത്യവും എന്നതാണ് പൗരസ്ത്യ ആധ്യാത്മികതയുടെ കാതല്‍. പ്രപഞ്ചം മുഴുവനും പരിശുദ്ധ ത്രിത്വത്തിന്‍റെ ഒരു ഐക്കണ്‍ ആണ് എന്നതാണ് ഈ ആധ്യാത്മികതയുടെ പൊരുള്‍. പ്രപഞ്ചം ത്രിത്വത്തെ വഹിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് (triadophoric). ത്രിത്വത്തിന്‍റെ ഛായയും മുദ്രയുമാണ് പ്രപഞ്ചത്തിലുള്ളത്. പ്രപഞ്ചം അതിന്‍റെ പ്രവര്‍ത്തനത്തിലും അസ്തിത്വത്തിലും ത്രിത്വത്തില്‍ അധിഷ്ഠിതമാണ്. പ്രപഞ്ചം ത്രിത്വോന്മുഖമാണ്, ത്രിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് (triadotelogical). പ്രപഞ്ചത്തിലെ വിവിധ യാഥാര്‍ത്ഥ്യങ്ങളിലൂടെയും ദൈവം സൃഷ്ടികളുമായി ബന്ധപ്പെടുകയും, സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു.

പൗരസ്ത്യ ആധ്യാത്മികത വൈശിഷ്ട്യമാര്‍ന്ന അനേകം ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് ദൈവശാസ്ത്രത്തിന്‍റെയും ആരാധനജീവിതത്തിന്‍റെയും സംസ്കാരത്തിന്‍റെയും ലോകാചാരങ്ങളുടെയും (ethos) യോഗാത്മകതയുടെയും (mysticism) തപശ്ചര്യയുടെയും (asceticism) മിശിഹായെ ധരിക്കലിന്‍റെയും എല്ലാം ആകെത്തുകയാണ്. പൗരസ്ത്യ ക്രൈസ്തവമാര്‍ഗം എന്നു പറയുന്നത് പരി. ത്രിത്വത്തിലെ ജീവനെയും പ്രകാശത്തെയും സ്നേഹത്തെയും അനുകരിക്കുന്നതിലും മഹത്ത്വീകരിക്കുന്നിലും ഭാഗഭാക്കാകുന്നതിലാണ്. ഇതാണ് മിശിഹായുടെ മൗതികശരീരത്തിലെ ജീവന്‍; ഇതാണ് മിശിഹാനുകരണം. ഈ മിശിഹാനുകരണം നടക്കുന്നതോ ദൈവാരൂപിയിലുള്ള ജീവിതസാക്ഷ്യം വഴി മാത്രമാണ്.

പൗരസ്ത്യ ആധ്യാത്മികത സഭാത്മകം

പൗരസ്ത്യ ആധ്യാത്മികത അടിസ്ഥാനപരമായും സഭാത്മകമാണ്. സഭ കൂട്ടായ്മയാണ് എന്നുള്ളതാണ് ഏറ്റവും വലിയ കാഴ്ചപ്പാട്. അതായത് സഭ ദൈവത്തിന്‍റെ കുടുംബമാണ് (Family of God). ദൈവമേഖലയാണ് സഭ. കൂദാശകളിലൂടെ ദൈവത്തിന്‍റെ കൃപ ചൊരിയപ്പെടുന്നു. പൗരസ്ത്യസുറിയാനി ആധ്യാത്മികതയെ പൂര്‍ണ്ണമായും സഭാത്മകം എന്നു വിളിക്കാം. മിശിഹായുടെ വധുവാണു സഭ എന്ന മൗലിക സത്യത്തില്‍ അടിയുറച്ചു നില്ക്കുന്നതിനാല്‍ സഭയുടെ സൗന്ദര്യത്തില്‍ ഊന്നിനില്ക്കുന്ന ഒരു ആധ്യാത്മികതയാണിത്. സുറിയാനി ദൈവശാസ്ത്ര വീക്ഷണപ്രകാരം സഭ എന്നത് 'സകല സഹായങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ് മുടി ധരിപ്പിക്കപ്പെട്ടു നില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമത്രേ.' വിശ്വാസികള്‍ക്ക് ജീവന്‍ പ്രദാനം ചെയ്യുന്ന അമ്മയാണ് സഭ. സഭ ത്രിത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ്മയും അതേ സമയം മിശിഹായുടെ വധുവാകയാല്‍ ഏകവുമാണ്. സഭയോടുള്ള വിധേയത്വത്തിലും അനുസരണത്തിലുമാണ് വേരൂന്നി നില്‍ക്കുന്നത്.

യോഗാത്മകത (mysticism)

ക്രൈസ്തവ ആധ്യാത്മികതയുടെ ഒരു പൂര്‍ണ്ണരൂപമായിട്ട് മിസ്റ്റിസിസ്സം കണക്കാക്കപ്പെട്ടുപോരുന്നു. ദൈവവുമായിട്ടുള്ള  ശക്തമായ ഒരു ബന്ധമാണിത്. ആത്മാവ് ദൈവത്തെ കാണുകയും അവനോട് ഐക്യപ്പെടുകയും ചെയ്യുന്നു. പൗരസ്ത്യ ആധ്യാത്മികതയുടെ സര്‍വ്വപ്രധാനമായ ലക്ഷ്യം ദൈവരഹസ്യങ്ങളെക്കുറിച്ചുള്ള അനുഭവപ്രധാനമായ അറിവും ഐക്യവുമാണ്. ഒരു മിസ്റ്റിക് ഒരു സാധാരണ ക്രൈസ്തവനല്ല, യോഗാത്മക ജീവിതം (mistical life) ക്രൈസ്തവ ജീവിതത്തിന്‍റെ ഒരു സാധാരണ ആവിഷ്ക്കാരവുമല്ല. അത് തികച്ചും അസാധാരണ ജീവിതമാണ്. പ്രത്യേകമായ ദൈവികകൃപാവരത്താല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ത്രിത്വാത്മകമായ ഒരു മിസ്റ്റിക്കല്‍ അനുഭവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് മനുഷ്യാനുഭവങ്ങളുടെ ഒരു ശൃംഖലയെക്കുറിച്ചുള്ള ഒരു വലിയ ഉള്‍ക്കാഴ്ചതന്നെ നമുക്കു നല്കുന്നുണ്ട്. കപ്പദോച്ചിയായിലെ പിതാക്കന്മാര്‍, വി.ഇഗ്നേഷ്യസ് (അന്തോക്യ), ഗ്രിഗറി പാലാമസ്, പ്സ്യൂഡോ-ഡയനീഷ്യസ്, നീസ്സായിലെ ഗ്രിഗറി തുടങ്ങിയവരെല്ലാം മിസ്റ്റിക്കുകളാണ്. സുറിയാനി പാരമ്പര്യത്തില്‍പെട്ട ഇഗ്നേഷ്യസ്, അഫ്രാത്തസ്, അപ്രേം എന്നിവരിലെല്ലാം മിസ്റ്റിക്കല്‍ സമീപനം കാണാന്‍ കഴിയും. സുറിയാനി സഭാത്മക ആധ്യാത്മികതയുടെ വലിയ ആവിഷ്കാരങ്ങളാണ് ഇവരിലൂടെ നാം ദര്‍ശിക്കുക.

തപശ്ചര്യ (asceticism)

ക്രൈസ്തവ ആധ്യാത്മിക പാരമ്പര്യങ്ങളില്‍ കന്യാത്വവും ബ്രഹ്മചര്യവും ഉയര്‍ന്ന ജീവിതാവസ്ഥയിട്ട് രൂപപ്പെട്ടു. ബ്രഹ്മചര്യ ജീവിതവും ഏകാന്തത ആവശ്യപ്പെടുന്ന ഒന്നാണ്. കുടുംബം -ഭാര്യ, വികാരപരമായ സ്നേഹം എന്നിവയെല്ലാം ഇത് പരിവര്‍ജ്ജിക്കുന്നു. ഈ ജീവിതരീതിയൂടെ ശ്രേഷ്ഠത മൂലം അല്മായരുടെ ആത്മീയത ഇതിലും ചെറുതാണെന്നു കരുതപ്പെട്ടിരുന്നു. അസ്സ്സേസ്സിസ് (Ascesis) എന്നു പറഞ്ഞാല്‍ ശാരീരിക താല്പര്യങ്ങളുടെയും വികാരങ്ങളുടെയും നിയന്ത്രണവും വര്‍ജ്ജനവുമാകുന്നു. ആദ്യകാല സുറിയാനിസഭകളെല്ലാം വലിയ താപസ ആഭിമുഖ്യമുള്ളവയായിരുന്നു. വിവാഹത്തേക്കാള്‍ സന്ന്യാസം എല്ലാംകൊണ്ടും ശ്രേഷ്ഠമാണെന്നും അവര്‍ കരുതിയിരുന്നു. ഈശോ പുനരുത്ഥാനം സംബന്ധിച്ച സദ്ദൂക്കായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു(ലൂക്കാ 20:35-36; മത്താ.20:30; മര്‍ക്കോ.12:15-20). ഈ  മറുപടിയില്‍ മത്തായിയുടെയും മര്‍ക്കോസിന്‍റെയും സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു; "പുനരുത്ഥാനത്തില്‍ സ്ത്രീപുരുഷന്മാര്‍ വിവാഹം ചെയ്യുന്നില്ല; അവര്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരാകുന്നു".എന്നാല്‍ ലൂക്കായില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. "വരും ലേകത്തിനും മരണാനന്തരമുള്ള ഉത്ഥാനത്തിനും അര്‍ഹരായവര്‍ വിവാഹം ചെയ്യുകയോ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഭാര്യമാരായിരിക്കുകയോചെയ്യുന്നില്ല. അവര്‍ മരണത്തിന് അധീനരല്ല. മാലാഖമാരെപ്പോലെയാണ്. പുനരുത്ഥാനത്തില്‍ ഭാഗഭാക്കുകളായ അവര്‍ ദൈവപുത്രരാകുന്നു". മറ്റു വാക്കില്‍ പറഞ്ഞാല്‍ അര്‍ഹരായവര്‍ ഈ ലോകത്തില്‍ വച്ചുതന്നെ മാലാഖമാരെപ്പോലെ വിവാഹരഹിതമായ ജീവിതം മുന്‍കൂട്ടി അനുഭവിക്കുന്നു. ഇതിന്‍റെ സുറിയാനി വിവര്‍ത്തനത്തില്‍ കൂടുതല്‍ വ്യക്തമാണ്. "ആ ലോകം അതായത് ദൈവരാജ്യം സ്വന്തമാക്കാന്‍ യോഗ്യത നേടിയവര്‍ മരിച്ചവരില്‍നിന്നുള്ള ഉത്ഥാനത്തിന് യോഗ്യത നേടിയവര്‍ വിവാഹം ചെയ്യുന്നില്ല. അവര്‍ക്കു മരിക്കുവാനും സാധ്യമല്ല. അവര്‍ മാലാഖമാര്‍ക്ക് തുല്യരാക്കപ്പെട്ടിരിക്കുന്നു. പുനരുത്ഥാനത്തിന്‍റെ മക്കള്‍ ആയതുകൊണ്ട് അവര്‍ ദൈവപുത്രര്‍ക്ക് തുല്യരാണ്". ബ്രഹ്മചാരികളായ സന്ന്യാസികള്‍ യഥാര്‍ത്ഥത്തില്‍ കന്യകകളും പുനരുത്ഥാനത്തിന്‍റെ മക്കളുമാണ്. ഈ ചിന്തയുടെ വെളിച്ചത്തിലാണ് സുറിയാനി സഭയിലെ താപസ ജീവിതശൈലികളെല്ലാം ഉരുത്തിരിഞ്ഞത്.

പക്ഷേ ഈ വിഷയം വളരെ സങ്കുചിതമായ രീതിയിലാണ് മനസ്സിലാക്കിപോന്നിരുന്നത്. അതായത് കുടുംബജീവിതം നയിക്കുന്നവര്‍ക്ക്  ഇതിന്‍റെയൊന്നും ആവശ്യമില്ല എന്നുതോന്നുന്നതുപോലെ. ത്രിത്വാധിഷ്ഠിതവും സഭാധിഷ്ഠിതവുമായ ആധ്യാത്മികത ഒരു ജീവിതാന്തസ്സിനെയും മോശമായിട്ടു കാണുന്നില്ല. അല്മായ ജീവിതശൈലിയെ സന്ന്യാസിയുടേതിനെക്കാള്‍ താഴെക്കിടയിലുള്ള ഒന്നായിട്ടു കാണുന്നത് ത്രിത്വാധിഷ്ഠിത സമീപനമല്ല. പൗരസ്ത്യസഭകള്‍ക്കെല്ലാം അവരുടേതായ സഭാപാരമ്പര്യങ്ങളും ആരാധനാക്രമങ്ങളും വ്യത്യസ്തമായ സംസ്കാരങ്ങളും, താപസ ആഭിമുഖ്യമുള്ള ജീവിതശൈലിയും എല്ലാം സ്വന്തമായിട്ടുണ്ട്. ശ്ലീഹന്മാരില്‍ നിന്നും പൗരസ്ത്യപിതാക്കന്മാരില്‍ നിന്നും കിട്ടിയതാണിവയെല്ലാം. പൗരാണികവും ആദരണീയവുമായ പാരമ്പര്യവും, റോമാസിംഹാസനത്തോടുള്ള കൂട്ടായ്മയുമാണ് പൗരസ്ത്യ കത്തോലിക്കാ സഭയുടെ പ്രത്യേക സമ്പത്ത്.

ആശ്രമജീവിതം (monasticism)

പൗരസ്ത്യ മൊണാസ്റ്റിസിസ്സം ഇവിടുത്തെ ആധ്യാത്മികതയുടെ ഉരകല്ലാണ്. ജീവിതത്തിന്‍റെയും സഭയുടെയും സംസ്കാര ത്തിന്‍റെയും അര്‍ത്ഥം അസറ്റിക്കല്‍ (താപസ) രീതിവഴി നേടാനുള്ള പരിശ്രമമാണിത്. പാശ്ചാത്യ മൊണാസ്റ്റിസിസ്സം എന്നു പറഞ്ഞാല്‍ കേവലം ചില നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ഞെരിഞ്ഞു കഴിയുക എന്നല്ല, അതൊരു ജീവിതശൈലിയാണ്;ദര്‍ശനമാണ്; സഭാവിഷ്കാമാണ്. അത് ത്രിത്വത്തോടുള്ള അനന്യമായ തുറവിയാണ്. ത്രിത്വത്തെ അന്വേഷിക്കുകയും സ്തുതിക്കുകയുമാണ് അതിന്‍റെ ആത്യന്തികലക്ഷ്യം. തന്മൂലം ആശ്രമപ്രസ്ഥാനം ആദിമസഭയുടെ കേന്ദ്രസ്ഥാനത്തു തന്നെ നില്ക്കുന്നു.

അഫ്രാത്തസ്, പാശ്ചാത്യ സ്വാധീനത്താല്‍ അല്പംപോലും സ്പര്‍ശിക്കപ്പെടാത്ത സുറിയാനി ക്രൈസ്തവികതയെ പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ സന്ന്യാസികളെക്കുറിച്ച് അറിഞ്ഞിരുന്നു. പിന്നീട് വന്ന സന്ന്യാസികള്‍ പലരും ആദിമ പരിശുദ്ധിയില്‍ നിന്നും മാറിപ്പോയി എന്നതാണു സത്യം. തനിച്ചോ, ചെറിയ സംഘങ്ങളിലോ ജീവിച്ചിരുന്ന യതികളായിരുന്നു അവര്‍. മാര്‍ അപ്രേമും സുറിയാനി പാരമ്പര്യത്തിന്‍റെ കലര്‍പ്പറ്റ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യന്നുണ്ട്. അപ്രേമിന്‍റെ കൃതികളില്‍ നിന്ന് നമുക്കു ലഭിക്കുന്ന സന്ന്യാസികളുടെ ചരിത്രം അസാധാരണമായ ഒന്നാണ്.

സന്ന്യാസി മരുഭൂമിയിലോ പര്‍വ്വതങ്ങളിലോ ഒരു കാട്ടുമൃഗത്തെപ്പോലെ ജീവിക്കുന്നു. പരിഷ്കാരത്തിന്‍റേതായ അനുസാരികള്‍ ഒന്നും അയാളെ സ്പര്‍ശിച്ചിട്ടേയില്ല. അയാള്‍ തുറസ്സായ സ്ഥലത്ത് സകലപ്രകൃതിശക്തികളുടെയും ആക്രമണത്തിന് വിധേയനായി, ഉഗ്രമായ ചൂടും തണുപ്പും സഹിച്ച് ജീവിക്കുന്നു. അയാള്‍ കാട്ടുകിഴങ്ങുകളും ഫലങ്ങളും മാത്രമാണ് ഭക്ഷിക്കുന്നത്. പലരും വസ്ത്രമൊന്നും ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കില്‍ തന്നെ ഇലകളോ വൈക്കോലോ മാത്രം. തലമുടി ജടാമയം. നഖങ്ങള്‍ നീട്ടിവളര്‍ത്തിയ അയാള്‍ക്ക് മനുഷ്യനോടെന്നതിലധികം ഇരപിടിക്കുന്ന ഏതെങ്കിലും പക്ഷിയോടായിരുന്നു സാദ്യശ്യം. ദൈവവുമായി നിരന്തമായ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന  വ്യക്തിയാണു സന്ന്യാസി. തെയാഡോറെറ്റിന്‍റെ Histoia Religiosa- ല്‍ പറയുന്നു. അവര്‍ തങ്ങളെത്തന്നെ പാറകളോടു ചേര്‍ത്ത് ചങ്ങലക്കിടുന്നത് സുറിയാനി സന്ന്യാസികളുടെയിടയില്‍ പതിവായിരുന്നു. കഴുത്തില്‍ വലിയ ഭാരങ്ങള്‍ അവര്‍ ബന്ധിച്ചിരുന്നു. ഗുഹകളിലോ അറകളിലോ ഇഷ്ടികകള്‍ കെട്ടി ഇവര്‍ സ്വയം അതിനുള്ളിലാക്കിയിരുന്നു. ചിലര്‍ സ്വയം കൂടുകളില്‍ ബന്ധിച്ചിരുന്നു. ചില സന്ന്യാസിമാര്‍ തീയിലോ, ദുഷ്ടമൃഗങ്ങളുടെ വായിലേക്കോ ചെന്നു ചാടിയിരുന്നു. തങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന രക്തസാക്ഷികളുടെ അവസ്ഥ അതേപടി ഏറ്റുവാങ്ങുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തിരുന്നത്. ഇപ്രകാരം സുറിയാനി സഭയുടെ മൊണാസ്റ്റിക് പാരമ്പര്യം മറ്റു സഭകളില്‍ നിന്നെല്ലാം വ്യത്യസ്തവും കഠിനതരവുമായിരുന്നു. മാര്‍പാപ്പയുടെ വാക്കുകള്‍ ഇവിടെ തികച്ചും പ്രസ്താവയോഗ്യമത്രേ. "സന്യാസം എക്കാലവും പൗരസ്ത്യസഭകളുടെ ആത്മാവുതന്നെയായിരുന്നു. ആദ്യത്തെ ക്രിസ്തീയ സന്യാസികള്‍ പൗരസ്ത്യദേശത്താണുണ്ടായത്. അവിഭക്ത സഭയിലെ മഹാന്മാരായ പിതാക്കന്മാര്‍ പാശ്ചാത്യദേശത്തിനു കൈമാറിയ പൗരസ്ത്യവെളിച്ചത്തിന്‍റെ അവിഭാജ്യഘടകമായിരുന്നു സന്യാസം."

സഭാത്മക ആധ്യാത്മികതയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്.

  1. സഭാത്മകവും ആരാധനാധിഷ്ഠിതവുമായ ആധ്യാത്മികത ആധികാരികവും സാര്‍വ്വത്രികവും ജീവിക്കുന്നതുമാണ്. കാരണം സഭയുടെ ജീവിതത്തിലെ എല്ലാ ഘടകങ്ങളെയും അത് ഗൗരവമായി പരിഗണിക്കുന്നു. തന്മൂലം ഒരു സഭയുടെ മിഷന്‍പ്രവര്‍ത്തനം, തപശ്ചര്യ, ആശ്രമ ജീവിതം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ പെടും. ഒരുവന്‍ മിശിഹായുടെ സ്നേഹത്തിലേക്കു വരുകയും അതില്‍ ആഴപ്പെടുകയും ചെയ്യുമ്പോള്‍ അവന് അത് പ്രഘോഷിക്കാതിരിക്കാന്‍ സാധ്യമല്ലാതെ വരുന്നു. ക്രൈസ്തവ ആധ്യാത്മികതയില്‍ താപസ ആഭിമുഖ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സുറിയാനി സഭയിലാണ് കഠിനമായ താപസ ആഭിമുഖ്യമുള്ള ഭക്തന്മാര്‍ ഉണ്ടായിരുന്നത്.
  2. പൗരസ്ത്യസഭാത്മക ആധ്യാത്മികത അടിസ്ഥാനപരമായും സുവിശേഷാധിഷ്ഠിതമാണ്. ദൈവജനത്തിന്‍റെ മുമ്പില്‍ വി.ഗ്രന്ഥമാണ് ദൈവം ത്രിത്വമാണ് എന്ന ബോധ്യം ജനിപ്പിക്കുന്നത്. അപ്രകാരം മിശിഹാ കേന്ദ്രിതമായ ഒരു ആധ്യാത്മികതയെ അതു ലക്ഷ്യം വയ്ക്കുന്നു. ആധ്യാത്മികഗ്രന്ഥകാരന്മാര്‍ വി.ഗ്രന്ഥത്തെക്കുറിച്ചുള്ള ചിന്തകള്‍ കുറിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സുറിയാനി പാരമ്പര്യത്തില്‍പെട്ട ദൈവശാസ്ത്രവും ആധ്യാത്മികചിന്തകളും തിരുവചനത്തില്‍ കുതിര്‍ന്നതാണെന്നു പറയുന്നതില്‍ തെറ്റില്ല. ഈ ആധ്യാത്മികതയുടെ സാര്‍വ്വത്രിക ഭാവത്തിന്‍റെ അടിസ്ഥാനവും ഇതുതന്നെയത്രേ. സുവിശേഷം സ്വന്തം ജീവതത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചവരില്‍ ഒന്നാം സഥാനത്താണ് സുറിയാനി ക്രൈസ്തവര്‍ നില്‍ക്കുന്നത്.
  3. പൗരസ്ത്യ ആധ്യാത്മികത പാരമ്പര്യത്തില്‍ ഊന്നിയതാണ്. മാര്‍പാപ്പ പറയുന്നു. തങ്ങള്‍ സംരക്ഷിക്കുന്ന പാരമ്പര്യമാകുന്ന നിധിയുടെ ജീവിക്കുന്ന സാക്ഷികളാണ് കിഴക്കന്‍ സഭകള്‍. ക്രൈസ്തവികത എന്നു പറഞ്ഞാല്‍ നമ്മള്‍ സ്വീകരിക്കുകയും സ്വന്തമാക്കുകയും ചെയ്യേണ്ട ഒരു യാഥാര്‍ത്ഥ്യമാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. വിശ്വാസത്തിലും അനുസരണത്തിലുമാണ് നമ്മള്‍ ഒരു സഭാപാരമ്പര്യത്തെയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടത്. പാരമ്പര്യത്തെക്കുറിച്ചുള്ള ശരിയായ സമീപനം നല്ല ഒരു ഭാവിദര്‍ശനം നല്കുകയും വേണം. പാരമ്പര്യം എന്നത് സഭയുടെ മാര്‍ഗമാണ്. സഭയുടെ പൗരാണികത്വത്തിനും, ഭാവിയിലേക്കുള്ള വളര്‍ച്ചക്കും അടിസ്ഥാനം പാരമ്പര്യമത്രേ.
  4. ശാസ്ത്രീയവും ക്രമീകൃതവുമായ അടിത്തറയിന്മേലാണ് ഈ ആധ്യാത്മികത ഉറപ്പിച്ചിരുന്നത്. ക്രൈസ്തവികതയെ സംബന്ധിക്കുന്ന കേവലം ഉപരിവിപ്ലവമായ കാര്യങ്ങള്‍ അല്ല ഈ ആധ്യാത്മികത. ക്രൈസ്തവികതയുടെ ശരിക്കും ഉള്‍ക്കാമ്പുതന്നെയാണിത്. ഉപരിപ്ലവമായ നവീകരണശൈലികളൊന്നും ആ ആധ്യാത്മികത പ്രോത്സാഹിപ്പിക്കുന്നില്ല. ആഴങ്ങളിലേക്കു പോകാതെയുള്ള നവീകരണങ്ങളെല്ലാം അപകടകാരികളാകുന്നു. ശരിയായ സുവിശേഷവല്‍ക്കരണവും അജപാലനശുശ്രൂഷയും സഭാത്മകമായിരിക്കണം. ആധ്യാത്മിക രൂപീകരണമാണ് അജപാലനരൂപീകരണത്തിന്‍റെ അടിത്തറ.
  5. പൗരസ്ത്യ ക്രിസ്തീയ ആധ്യാത്മികത എന്നുപറയുന്നത് വികാരപരമായ ഏതെങ്കിലും ഒരു വശത്തിനുമാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒന്നല്ല. ഇത് സുവിശേഷമൂല്യങ്ങളുടെയെല്ലാം ഒരു സംയോജിതരൂപമാണ്. അപ്രകാരമാകാന്‍ കാരണം ഈ ആധ്യാത്മികത സഭാത്മകവും ആരാധനാധിഷ്ഠിതവുമാണെന്നതുതന്നെ. പരിശുദ്ധ ത്രിത്വവും മിശിഹായും റൂഹായും ഈ ആധ്യാത്മികതയുടെ കേന്ദ്രസ്ഥാനത്തുതന്നെ നില്ക്കുന്നു. അതോടൊപ്പംതന്നെ അത് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും ധാര്‍മ്മികപ്രബോധനങ്ങളുമെല്ലാം കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. പാശ്ചാത്യലോകത്തിലേതുപോലെ ഇവ ഓരോന്നും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുകയാണ്. തപോനിഷ്ഠയും യോഗാത്മകതയും ഇതിന്‍റെ നെടുംതൂണുകളാണ്. ഇത് യുഗാന്ത്യോന്മുഖത നിറഞ്ഞ ഒരു ആധ്യാത്മികശൈലിയും കൂടിയാണ്.
  6. സഭയുടെ പാരമ്പര്യങ്ങളും ആരാധനാക്രമങ്ങളും വളരെ വിലപിടിച്ച നിക്ഷേപങ്ങളാണെന്ന ബോധ്യമാണ് ആ ആധ്യാത്മികത നമുക്കു തരുന്ന സന്ദേശം. പൈതൃകമായി നമുക്കു കിട്ടിയത് പൂര്‍ണ്ണമായും നമ്മള്‍ ഉള്‍ക്കൊള്ളുകയും ജീവിക്കുകയും അനുഭവിക്കുകയും ചെയ്യണം. ഈ വലിയ പൈതൃകത്തില്‍നിന്ന് അഭിന്നമായ ഒരു യാഥാര്‍ത്ഥ്യമായിട്ടാണ് ആധ്യാത്മികതയെ നാം കാണേണ്ടത്. നമ്മള്‍ വഴിമാറിപ്പോയിട്ടുണ്ടെങ്കില്‍ വീണ്ടും അതിലേക്കു തിരിച്ചു പോകണം. തിരിച്ചുപോകാനുള്ള പാലം പണിയണം. ചരിത്രാവബോധം ഉണ്ടായിരിക്കുകയും ചരിത്രം നമുക്കു തരുന്ന ഗുണപാഠങ്ങള്‍ നാം ഉള്‍ക്കൊള്ളുകയും ചെയ്യണം. നഷ്ടപ്പെട്ട ഓര്‍മ്മകള്‍ പുതുക്കിയാല്‍ മാത്രമേ പല പൗരസ്ത്യസഭകള്‍ക്കും അതിന്‍റെ തനിമയാര്‍ന്ന ആധ്യാത്മിക വീക്ഷണങ്ങളിലേയ്ക്ക് പോകാന്‍ കഴിയൂ.

സ്വാംശീകരണത്തിന് (re-appropriation) ആഴമാര്‍ന്ന പഠനങ്ങളും അതിന്‍റെ വെളിച്ചത്തിലുള്ള ചര്‍ച്ചകളും ആവശ്യകമാണ്. ഒരു സഭയുടെ ആരാധനക്രമവും അതിന്‍റെ ആധ്യാത്മികതയുമെന്ന് പറയുന്നത് ആ സഭയെ സംബന്ധിച്ചിടത്തോളം 'മായാത്ത മുദ്രകളാണ്'. ഇവയിലൂടെയാണ് ആ സഭയുടെ കത്തോലിക്കാസ്വഭാവം ഉപരിവ്യക്തമാകുന്നത്. ഒരു സഭാത്മക വിശ്വാസ പരിശീലനം നല്കുവാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ മേല്പറഞ്ഞ വിവിധ മേഖലകള്‍ നാം എത്തിപ്പിടിക്കുക തന്നെ വേണം. വിശ്വാസ പരിശീലനത്തിന്‍റെയും ദൈവികീകരണത്തിന്‍റെയും പ്രധാനഭാഗം നമ്മുടെ ആധ്യാത്മികതയും ആരാധനയും ആയിരിക്കണം.

പൗരസ്ത്യ ആധ്യാത്മികത ആരാധനാധിഷ്ഠിതം

വി.കുര്‍ബാന, യാമപ്രാര്‍ത്ഥനകള്‍, കൂദാശകള്‍ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടതും സ്വാഭാവികവുമായ വിശുദ്ധീകരണ മാര്‍ഗങ്ങള്‍. സഭയുടെ ഔദ്യോഗികവും പൊതുവുമായ വിശുദ്ധീകരണ പദ്ധതി ഇതാണ്. ഒരു ക്രൈസ്തവസമൂഹം സഭയാകുന്നതും ഈ ആരാധനാനുഷ്ഠാനങ്ങള്‍ വഴിതന്നെ. സഭയുടെ ആധ്യാത്മിക സ്രോതസ്സ് ലിറ്റര്‍ജിയാണ്. ലിറ്റര്‍ജിയില്‍തന്നെയാണ് ദൈവത്തിന്‍റെ ത്രിത്വാത്മകതയെക്കുറിച്ചുള്ള ചിന്തകള്‍ ആഴത്തില്‍ വേരോടിയിരിക്കുന്നതും. പൗരസ്ത്യ ആധ്യാത്മിക പദ്ധതിപ്രകാരം ലിറ്റര്‍ജി ഒരു ശുശ്രൂഷയാണ് (teshmeshta). ആരാധന അടിസ്ഥാനപരമായും ഒരു സഭാത്മകപ്രവൃത്തി (ecclesial act) യാണല്ലോ. ലിറ്റര്‍ജിയിലൂടെ നാം ദൈവത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. സഭയിലെ ഹയരാര്‍ക്കിയാണ് വിശ്വാസികള്‍ക്കായി അത് നിശ്ചയിച്ചുറപ്പിച്ചു തരുന്നത്. സമൂഹം അത് ജീവിക്കുകയാണ് ചെയ്യുന്നത്. ലിറ്റര്‍ജി ക്രമീകരിക്കുവാനും പരിഷ്കരിക്കുവാനും സ്വകാര്യാധികാരം ആര്‍ക്കുമില്ല. സ്വകാര്യമായ ലിറ്റര്‍ജിയുമില്ല. സ്വകാര്യ കുര്‍ബാന എന്നുപറയുന്നത് ഒരു അപസംജ്ഞ ആണ്. ഒരു വ്യക്തിക്ക് പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും ആരാധനാഗ്രന്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നല്ല അങ്ങനെ ചെയ്യുമ്പോഴും ഈ വ്യക്തി സഭയുടെ ഔദ്യോഗിക ഗ്രന്ഥമാണ് ഉപയോഗിക്കുന്നതാണ് എന്നതാണ് പ്രധാനകാര്യം. ആരാധന സാധാരണഗതിയില്‍ പള്ളിയില്‍ വിശുദ്ധ സ്ഥലത്താണ് നടത്തുക. പള്ളി സംസാരിക്കുവാനും, സ്നേഹബന്ധങ്ങള്‍ പുതുക്കുവാനും സ്നേഹിതരെ കാണാനുമുള്ള കേവലം ഒരു 'ഹാള്'  അല്ല. ദൈവത്തിന്‍റെ ഭവനമാണത്; വിശ്വാസികള്‍ ദൈവത്തെ കണ്ടുമുട്ടുന്ന സ്ഥലം. പള്ളിയുടെ ഘടനയും അതുപോലെതന്നെയാണ്.

ഒരു സഭയുടെ ആധ്യാത്മികതയില്‍ ലിറ്റര്‍ജിക്കല്‍ പ്രാര്‍ത്ഥനകള്‍ക്കു നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. വി.കുര്‍ബാനയോടു മാത്രം ചുറ്റിപ്പറ്റിയുള്ള ഒരു ആധ്യാത്മികതയല്ല പൗരസ്ത്യരുടേത്. യാമപ്രാര്‍ത്ഥനകള്‍ക്ക് അവിടെ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. പൗരസ്ത്യക്രൈസ്തവികതയുടെ വിശ്വാസപരിശീലനക്കളരി തന്നെയാണ് യാമങ്ങള്‍ തോറുമുള്ള പ്രാര്‍ത്ഥനകള്‍. മിശിഹായുടെ രക്ഷാകരപദ്ധതിയിലേക്ക് ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ച്ചേര്‍ക്കുന്നതിനുള്ള പ്രായോഗികമാര്‍ഗമാണത്. പൗരസ്ത്യരെ സംബന്ധിച്ചു ലിറ്റര്‍ജി, പ്രാര്‍ത്ഥനയുടെയും സഭ ഔദ്യോഗികമായി വിശ്വസിച്ച് ഏറ്റു പറയുന്ന വിശ്വാസഘടകങ്ങളുടെയും ക്രൈസ്തവരൂപീകരണത്തിന്‍റെയും കലവറയാണ്. പ്രാര്‍ത്ഥിക്കുന്ന സഭയാണ് യഥാര്‍ത്ഥ സഭ. അതുകൊണ്ടാണ് ഒരു സഭ എന്താണന്ന് മനസ്സിലാക്കണമെങ്കില്‍ അതിന്‍റെ ആരാധനാക്രമത്തിലേക്കു നോക്കിയാല്‍ മതി എന്നുപറയുന്നത്. പ്രാര്‍ത്ഥിക്കുന്ന സഭയുടെ മുഖമാണ് ലിറ്റര്‍ജിയില്‍ നാം കാണുന്നത്. പൗരസ്ത്യ ആരാധന വി.ഗ്രന്ഥത്തിലും സഭാപ്രബോധനങ്ങളിലും അധിഷ്ഠിതമാണ്. പരി. റൂഹായില്‍ ഒന്നിപ്പിക്കപ്പെട്ടും പ്രചോദിതരായുമാണ് എല്ലാ ആരാധനാ കര്‍മ്മങ്ങളും നാം നടത്തുക. കേവലം വ്യക്തിപരമായ ഭക്താഭ്യാസങ്ങള്‍ക്ക് ഇവിടെ വലിയ പ്രസക്തിയില്ല., പൗരസ്ത്യ ആധ്യാത്മികത സഭാത്മകവും, സഭയിലും സഭയോടൊത്തും മറ്റു സഭകളോടൊന്നിച്ചുമാണ്. ലോകം മുഴുവനിലുമുള്ള എല്ലാ സഭകളോടും ഒന്നു ചേര്‍ന്നുകൊണ്ടാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ഈ ആധ്യാത്മികത കൂട്ടായ്മയുടെ ദൈവശാസ്ത്രം തന്നെ. ദൈവാരാധനയക്കും മനുഷ്യന്‍റെ വിശുദ്ധീകരണത്തിനും പൗരസ്ത്യ ആരാധന തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. പരിശുദ്ധ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ പറയുന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ ജീവിതത്തില്‍ ഒരാള്‍ ഭാഗഭാക്കാകുന്നത് ആരാധനാക്രമത്തിലൂടെയാണ്; പ്രത്യേകിച്ച് വി.കുര്‍ബാനയിലൂടെ. അത് അമര്‍ത്യതയുടെ വിത്താണ്; മിശിഹായുടെ മഹത്ത്വീകൃത ശരീരവുമായുള്ള ഒന്നു ചേരലിന്‍റെ രഹസ്യമാണ്. ദൈവികീകരണത്തില്‍ പ്രത്യേകിച്ച് കൂദാശകളില്‍ പൗരസ്ത്യ ദൈവശാസ്ത്രം പരിശുദ്ധ റൂഹായ്ക്ക് വളരെ സവിശേഷമായ ഒരു സ്ഥാനം നല്‍കുന്നുണ്ട്. മാര്‍പാപ്പ വീണ്ടും പറയുന്നു പൗരസ്ത്യസഭകളില്‍ ആരാധനക്രമപരമായ പ്രാര്‍ത്ഥനയും ആധ്യാത്മിക പാരമ്പര്യവും തമ്മില്‍ സഹജമായ ഒരു ബന്ധമുണ്ട്.

താപസ ആഭിമുഖ്യങ്ങളും പ്രായശ്ചിത്താരൂപിയും ഏറെ സംരക്ഷിക്കപ്പെട്ടു പോന്നിരുന്ന ഒരു ക്രൈസ്തവ സമൂഹമാണ് സുറിയാനിസഭ. പ്രത്യേകിച്ച് ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍. ആദിമകാലം മുതല്‍ സുറിയാനിസഭയില്‍ തപശ്ചര്യയുടെ ഭാഗമായി നോമ്പിനും ഉപവാസത്തിനും വലിയ സ്ഥാനമുണ്ടായിരുന്നു. ഇവയെല്ലാം ദൈവാരാധനയില്‍ കേന്ദ്രിതവുമായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപവാസത്തെ സ്നേഹിച്ചിരുന്ന ഒരു സമൂഹമത്രേ. പാശ്ചാത്യമിഷനറിമാര്‍ പലരും ഇതിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചിട്ടുണ്ട്. പിറവിത്തിരുനാളിനു മുമ്പുള്ള 25നോമ്പ,് അമ്പതുനോമ്പിനു 18 ദിവസം മുമ്പുള്ള 3നോമ്പ്, അമ്പതുനോമ്പ്, പന്തക്കുസ്തായ്ക്ക് ഉള്ള 49 ദിവസത്തെ നോമ്പ്, മാതാവിന്‍റെ സ്വര്‍ഗാരോപണത്തിന് ഒരുക്കമായ 15നോമ്പ്, പിറവി കഴിഞ്ഞുള്ള 12 വെള്ളിയാഴ്ച നോമ്പ്, രൂപാന്തീകരണത്തിന് ഒരുക്കമായ ഏകദിന നോമ്പ് എന്നിവയാണ് പ്രധാനപ്പെട്ട നോമ്പുകള്‍. മാര്‍ത്തോമ്മാ നസ്രാണികളുടെയിടയില്‍ മൂന്ന് നോമ്പിനും, എട്ടുനോമ്പിനും (മാതാവിന്‍റെ പിറവിത്തിരുനാളിനു മുമ്പുള്ള എട്ടു ദിവസത്തെ നോമ്പാണിത്) വലിയ പ്രാധ്യാന്യമുണ്ട്.

പൗരസ്ത്യകത്തോലിക്കാ സഭകള്‍ പലതും ഇന്ന് വളരെയധികം ലത്തീനീകരിക്കപ്പെട്ടു കഴിഞ്ഞു. വളരെ വ്യത്യസ്തമായ രണ്ട് സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു അത് ഇതിന്‍റെ ഫലമായി ജീവനാത്മകമല്ലാത്ത ഒരു സംസ്ക്കാരം ഉടലെടുത്തു എന്നതാണ് വസ്തുത. അവിടെ ശരിയായ സംയോജനവും വളര്‍ച്ചയുമില്ല. തന്നെയുമല്ല പലപ്പോഴും ലത്തീന്‍ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഒരു മേല്‍ക്കോയ്മയില്‍ അതെല്ലാം വന്നവസാനിക്കുകയും ചെയ്തു. അങ്ങനെ ദൈവശാസ്ത്ര വിചിന്തനങ്ങളിലും ആധ്യാത്മിക ശൈലിയിലും ഒരുതരം അരാജകത്വം ഉടലെടുത്തു. ആധ്യാത്മികതയുടെ ഭാഗമായി ലത്തീന്‍സഭയില്‍ ഉദയം ചെയ്ത പലകാര്യങ്ങളും പൗരസ്ത്യസഭകളിലും പ്രചരിച്ചു. ഉദാ: ലത്തീന്‍രീതിയിലുള്ള തിരുവസ്ത്രങ്ങള്‍, തിരുപ്പാത്രങ്ങള്‍, (ഉദാ:അരുളിക്കാ), കൊന്ത ഭക്തി, മാസവണക്കങ്ങള്‍, നൊവേനകള്‍, ദണ്ഡവിമോചനങ്ങള്‍ തുടങ്ങിയവ. അതിന്‍റെ ഫലമായി പൗരസ്ത്യ ആധ്യാത്മികതയുടെ അവശ്യഘടകങ്ങളായ യാമം തോറുമുള്ള ഈശ്വരപ്രാര്‍ത്ഥനകള്‍, മിശിഹാകേന്ദ്രിത ധ്യാനം, വി. ഗ്രന്ഥപാരായണം, പൗരസ്ത്യ ആധ്യാത്മികഗുരുക്കന്മാരുടെ ഗ്രന്ഥപാരായണം, തപസ്സ്, പ്രായശ്ചിത്തം, ഉപവാസം, നോമ്പ് തുടങ്ങിയവയെല്ലാം ഒരു പരിധിവരെയെങ്കിലും അപ്രത്യക്ഷമാവുകയും ചെയ്തു. പാശ്ചാത്യവല്‍ക്കരണത്തിന്‍റെ ഈ കാറ്റ് മറ്റെല്ലാ മേഖലകളിലും ആഞ്ഞുവീശി. ഉദാഹരണമായി പൗരസ്ത്യര്‍ പരമ്പരാഗതമായി കാത്തിസൂക്ഷിച്ചിരുന്ന പൗരസ്ത്യപള്ളി കലകള്‍ അപ്രത്യക്ഷമാവുകയും പകരം പാശ്ചാത്യമോഡലുകള്‍ പ്രചരിക്കുകയും ചെയ്തു. ഇപ്രകാരം ആരാധനയിലും പള്ളിഘടനയിലും ആധ്യാത്മികതയിലും ദൈവശാസ്ത്രവീക്ഷണങ്ങളിലും ജീവിതരീതികളിലുമെല്ലാം മാറ്റം വന്നുതുടങ്ങി. പൗരസ്ത്യ കലകളില്‍ അന്തര്‍ലീനമായിരുന്ന സ്വാഭാവികവും അതിസ്വാഭാവികവും സ്വര്‍ഗീയവും ഭൗതികവും, നിത്യവും സമയാധിഷ്ഠിതവും, ദൈവികവും മാനുഷികവുമായ ഐക്യം നഷ്ടപ്പെട്ടു തുടങ്ങി. അതിന്‍റെ ഫലമായി ഒരു സങ്കരരൂപം ജന്മമെടുത്തു.

ആധ്യാത്മികജീവിതം ഔദ്യോഗികവും പാരമ്പര്യവുമായ ദൈവാരാധനയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ക്രൈസ്തവ ആധ്യാത്മികതയില്‍ ഭക്താനുഷ്ഠാനങ്ങള്‍ക്കു നിര്‍ണ്ണായകമായ ഒരു സ്ഥാനമുണ്ട്. എന്നാല്‍ അവയെല്ലാം സഭയുടെ പൊതുപാരമ്പര്യത്തോടും ആരാധനാ ക്രമവത്സരത്തിന്‍റെ ചൈതന്യത്തോടും ചേര്‍ന്നതാവണം എന്നതാണ് സഭയുടെ നിലപാട്. പൗരസ്ത്യ ആധ്യാത്മികതയുടെ കാതല്‍ രക്ഷാകരപദ്ധതിയിലാണ് അടങ്ങിയിരിക്കുന്നത്. ആരാധനാവത്സരത്തിലെ കാലങ്ങളിലാണ് ഇതിന്‍റെ പ്രാധാന്യം നാം കാണുന്നത്. വിവിധ ഭക്താനുഷ്ഠാനങ്ങളെക്കുറിച്ചുള്ള സഭയുടെ നിലപാടും ഇതുതന്നെ. "അവയ്ക്ക് ആണ്ടുവട്ടത്തിലെ വിവിധ കാലഘട്ടങ്ങളോട് പൊരുത്തമുണ്ടായിരിക്കണം, ദൈവാരാധനയ്ക്ക് അനുസൃതമാകണം. അവ ദൈവാരാധനയില്‍ നിന്നു തന്നെ ഒരു വിധത്തില്‍ മുളയെടുക്കുന്നവയും ജനങ്ങളെ അതിലേയ്ക്കടുപ്പിക്കുന്നവയുമാകണം."

സമാപനം

പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ത്രിത്വാധിഷ്ഠിതമായ ഒരു ആധ്യാത്മികതയുടെ ചില പ്രത്യേക വശങ്ങള്‍ നാം അന്വേഷിക്കുകയായിരുന്നു. രക്ഷാകരപദ്ധതിയിലൂടെയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നതും മനുഷ്യരാല്‍ സ്നേഹിക്കപ്പെടുന്നതും. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ദൈവത്തിന് സൃഷ്ടികളോടുള്ള  ബന്ധം തന്നെയാണ്. അതായത് ക്രൈസ്തവ ആധ്യാത്മികത രക്ഷാകരപദ്ധതിയില്‍ അധിഷ്ഠിതമത്രേ. ഈ ആധ്യാത്മികതയുടെ മറ്റു പാരമ്പര്യ കാര്യങ്ങളെല്ലാം നാം സഭയില്‍ നിന്നു സ്വീകരിക്കുകയാണ് ചെയ്യുന്നത്. സ്നേഹമായ റൂഹാവഴി വചനമായ മിശിഹായിലൂടെ പിതാവായ ദൈവവുമായുള്ള കൂട്ടായ്മയില്‍ വസിക്കാനുള്ള ഒരു ക്ഷണമാണ് ക്രൈസ്തവ ആധ്യാത്മികതയിലുള്ളത്. ഇപ്രകാരമുള്ള ഒരു ഭാഗഭാഗിത്വമാണ് ഒരു വിശ്വാസിയെ ദൈവികരഹസ്യങ്ങളുടെ ഹൃദയമായ ത്രിത്വൈകരഹസ്യത്തിലേക്കു നയിക്കുന്നത്. ദൈവത്തിലേക്കുള്ള ആഴമാര്‍ന്ന ഇറങ്ങിച്ചെല്ലല്‍, മറ്റുള്ളവരിലേക്കുള്ള ഇറക്കംതന്നെയാണ് എന്നതാണ് ഈ ആധ്യാത്മികതയുടെ വെശിഷ്ട്യം.

ക്രൈസ്തവ ആധ്യാത്മികത രൂപീകൃതമാകുന്നത് പ്രാര്‍ത്ഥനാ ജീവിതം വഴിയാകുന്നു. ദൈവവുമായുള്ള നിരന്തരമായ ബന്ധമാണിത്. ക്രൈസ്തവ വിശുദ്ധി എന്നു പറയുന്നത് ത്രിയേകദൈവത്തോട് അതിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയില്‍ മനുഷ്യനു തോന്നുന്ന അടുപ്പമാണ്. നമ്മുടെ സൃഷ്ടിയില്‍ തന്നെ ഈ അടുപ്പത്തിനായുള്ള ആഭിമുഖ്യമുണ്ട്. പൗരസ്ത്യപിതാക്കന്മാര്‍ പറയുന്ന "ദൈവികീകരണം" ഇതില്‍ നിന്നു വരുന്നതാണ്. ത്രിത്വാധിഷ്ഠിത ആധ്യാത്മികത ദൈവവും ഒരു മനുഷ്യനും തമ്മിലുള്ള ബന്ധം മാത്രമല്ല. അത് അനേകം ബന്ധങ്ങളുടെ സംഘാതമാകുന്നു. ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍പെടുന്നുണ്ട്. എല്ലാ മാനുഷിക ബന്ധങ്ങളുടെയും യഥാര്‍ത്ഥത്തിലുള്ള മാതൃക ത്രിയേകദൈവമാണല്ലോ. ദൈവിക വ്യക്തികളില്‍ അനന്യത, വ്യതിരിക്തത, തുല്യത, പൂര്‍ണ്ണമായ കൂട്ടായ്മ എന്നിവ അവയുടെ തനിമയില്‍ കാണാം. വലുതും ചെറുതും എന്നൊരു ശൈലിതന്നെ ത്രിയേക ആധ്യാത്മികത നിരസിക്കുന്നു. മറ്റു വ്യക്തികളുടെ പ്രത്യേകതകള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നത് ത്രിത്വാത്മകമാണ്. മറ്റുള്ളവരെ സഹായിക്കുന്നതും, ആദരിക്കുന്നതും ബഹുമാനിക്കുന്നതും ത്രിത്വാത്മക ബന്ധത്തിന്‍റെ ഭാഗമാണ്. വ്യക്തികള്‍ തമ്മില്‍ തമ്മിലുള്ള ദൃഢതയുടെയും ഒരുമിപ്പിന്‍റെയും ബന്ധമാണ് ത്രിത്വൈക ആധ്യാത്മികത. ശരിയായ രീതിയില്‍ വ്യക്തിബന്ധങ്ങള്‍ രൂപീകരിക്കുന്നതിലുള്ള പരാജയമാണ് തിന്മ അല്ലെങ്കില്‍ പാപം. മനുഷ്യബന്ധങ്ങള്‍ മോശമാകുന്നതുവഴി ദൈവ-മനുഷ്യബന്ധവും താറുമാറാകുന്നു. തന്നോടുതന്നെയും മറ്റുള്ളവരോടും, ദൈവത്തോടും ശരിയായ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനശൈലിയാണ് ത്രിത്വാധിഷ്ഠിത ആധ്യാത്മികത. ദൈവിക രഹസ്യത്തെ ക്രൈസ്തവ ദൈവശാസ്ത്രം വഴി നിയന്ത്രിക്കാനോ ഏതെങ്കിലും ഒരു പ്രത്യേക ആധ്യാത്മികശൈലിയില്‍ പൂര്‍ണ്ണമായി  ആവിഷ്കരിക്കാനോ സാധ്യമല്ല. ദൈവിക രഹസ്യം ഒരു കാന്തം ആണ്. അതു വിശകലനത്തിനും വിചിന്തനത്തിനും നിര്‍വ്വചനത്തിനും വേണ്ടിയല്ല, അത്ഭുതകരമായ ധ്യാനത്തിനും ശാന്തമായ പ്രത്യുത്തരത്തിനും വേണ്ടിയാണ്.

 

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

(കിഴക്കിന്‍റെ ദൈവശാസ്ത്ര-ആദ്ധ്യാത്മിക പാരമ്പര്യങ്ങള്‍)

Trinity and spirituality From an Eastern theological point of view catholic malayalam mananthavady diocese Bishop Mar Joseph Kallarangad പരിശുദ്ധ ത്രിത്വം B no: 05 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message